Monday, November 20, 2006

ഒരേയൊരു കൊച്ചുബാവ.

സാഹിത്യസ്‌നേഹികളായ ഗള്‍ഫുകാരെ സംബന്ധിച്ചിടത്തോളം നവംബര്‍ തീരാനഷ്ടത്തിന്റെയും സങ്കടത്തിന്റെയും വ്യര്‍ത്ഥമാസമാണ്‌. മലയാളത്തെയും മലയാള ചെറുകഥയെയും സ്നേഹിക്കുന്ന ആര്‍ക്കും പ്രിയങ്കരനായിരുന്ന കൊച്ചുബാവ നമ്മെ വിട്ടുപോയത്‌ ഇതുപോലെ ഒരു നവംബറിന്റെ ഒടുവിലാണ്‌. കൃത്യമായി പറഞ്ഞാല്‍ 1999 നവംബര്‍ 25ന്‌. കല്‌പിച്ചുകിട്ടിയ ഇത്തിരി സമയത്തിനുള്ളില്‍ ഈ മരുഭൂമിയിലെ തിരക്കുകള്‍ക്കിടയിലിരുന്ന് അദ്ദേഹം മറ്റൊരൊഴുത്തുകാരന്‍ തന്റെ ഒരു പൂര്‍ണ്ണജീവിതത്തിനിടയില്‍ എഴുതുന്നതില്‍ അധികം എഴുതി. നാലുനോവലുകളും നിരവധി കഥാസമാഹാരങ്ങളും ഒരു വിവര്‍ത്തനവും ഒരു തിരക്കഥയും അടക്കം 23 കൃതികള്‍. കാല്‍ നൂറ്റാണ്ടുകാലത്തെ സജീവമായ സാഹിത്യ ഇടപെടലുകള്‍ക്കിടയിലെ ഒട്ടും ചെറുതല്ലാത്ത ശേഖരം. കൊച്ചുബാവയുടെ കഥകളിലധികവും കാലത്തിനു മുന്‍പേ നടക്കുന്നവയായിരുന്നു. വൃദ്ധസദനം പോലെയുള്ള നെറികെട്ട സാമൂഹികസാഹചര്യം കേരളത്തില്‍ ഉരുത്തിരിഞ്ഞുവരുന്നതേയുള്ളൂ. എന്നാല്‍ അതിന്റെ വരവ്‌ ഒരു പതിറ്റാണ്ടു മുന്‍പേ തന്റെ വാക്കുകളില്‍ കോറിയിട്ട പ്രവാചകനായിരുന്നു കൊച്ചുബാവ. നമ്മുടെ കാലത്തിന്റെ ക്രൗര്യങ്ങളിലേക്കും പൊങ്ങച്ചങ്ങളിലേക്കും കറുത്തചിരിയോടെ കടന്നുവന്ന നമ്മെ നോക്കി കൊഞ്ഞനം കുത്തുന്നവയായിരുന്നു കൊച്ചുബാവയുടെ കഥകളില്‍ മിക്കവയും. അതുകൊണ്ടുതന്നെ നാം അവയില്‍ ചിലതിനെയെങ്കിലും മുഖം ചുളിച്ചുകൊണ്ടാണ്‌ സ്വീകരിച്ചത്‌. ജാരന്മാരും പാപികളും പ്രാര്‍ത്ഥനക്കാരും നിലവിളിക്കുന്നവരും പല്ലുകടിക്കുന്നവരും അദ്ദേഹത്തിന്റെ കഥകളിലൂടെ നമ്മിലേക്ക്‌ കയറിവന്നു. നന്മയെ ചാരിനിന്നുകൊണ്ട്‌ തിന്മയെ തൊട്ടുകാട്ടുന്ന വിസ്മയങ്ങളായിരുന്നു അദ്ദേഹത്തിന്റെ കഥക്കൂട്ട്‌. ഓര്‍മ്മയില്‍ നിന്ന് ഒരിക്കലും മായാത്തതും മലയാള കഥാലോകത്തിലെ മികച്ച കഥകളെ എണ്ണുമ്പോള്‍ ഒന്നാം നിരയില്‍ വരുന്നതുമായ ഒരുപിടി കഥകള്‍ കൊച്ചുബാവ എഴുതിയിട്ടുണ്ട്‌. ഇറച്ചി, നനഞ്ഞ ശിരോവസ്‌ത്രങ്ങള്‍, കൊക്കരിണി, വൃദ്ധമാതാവ്‌, പ്രാര്‍ത്ഥനകളോടെ നില്‌ക്കുന്നു അങ്ങനെ ഒരുപിടി കഥകള്‍. ഓരോ കഥയ്ക്കുമുണ്ടായിരുന്നു എടുത്തു പറയാവുന്ന ഓരോ മേന്മകള്‍, ദൗത്യങ്ങള്‍, നിറവേറലുകള്‍.
മരണത്തിന്റെ കറുത്ത തിരശ്ശീലയ്ക്ക്‌ ഒരിക്കലും മൂടിക്കളയാനാവാത്ത കഥകളുടെ ലോകത്ത്‌ അനിഷേധ്യമായ ഒരു സ്ഥാനവും കൊതിതീരാത്ത വായനകളും പുനര്‍ജന്മവും കൊച്ചുബാവയ്ക്കുണ്ട്‌ എന്നതില്‍ തര്‍ക്കമില്ല.
നന്മയുടെയും സ്നേഹത്തിന്റെയും കരച്ചിലിന്റെയും കഥ പറച്ചിലിലൂടെ നമ്മുടെ ഉള്ളില്‍ മായാത്ത ഇടം നേടിയ ആ എഴുത്തുകാരന്റെ ഓര്‍മ്മയ്ക്കു മുന്നില്‍ മലയാള കഥലോകത്തിനൊപ്പം ഈയുള്ളവനും നമിക്കുന്നു..!

Sunday, November 05, 2006

നിങ്ങള്‍ കണ്ടുവോ ആ ഏകാധിപതിയുടെ വീഴ്‌ച..?

കണ്ടിരിക്കും. അറിഞ്ഞിരിക്കും. എന്നാല്‍ ചിലര്‍ അത്ര ശ്രദ്ധിച്ചിരിക്കില്ല. പ്രധാനമന്ത്രി വന്നപ്പോള്‍ നടന്ന പുകിലൊക്കെ അറിഞ്ഞല്ലോ. അതിനിടെയാണ്‌ ഇതു സംഭവിച്ചത്‌. ടി വിദ്വാന്‍ കേരളപ്പിറവിയുടെ അന്‍പതാം വാര്‍ഷികാഘോഷത്തിനു വന്നതായിരുന്നു. പക്ഷേ പതിവുപോലെ അല്‌പം വൈകിപ്പോയി എത്തിച്ചേരാന്‍. എല്ലയിടത്തുമെന്നപോലെ താന്‍ വരാതെ പരിപാടികളൊന്നും തുടങ്ങില്ലെന്നു വിചാരിച്ചു കാണും. എത്തിയപ്പോഴല്ലേ അറിയുന്നത്‌. പരിപാടി തുടങ്ങിക്കഴിഞ്ഞിരുന്നു. അപ്പോഴാണ്‌ ആ അനിവര്യമായ വീഴ്‌ച സംഭവിക്കുന്നത്‌. പറഞ്ഞുവരുന്നത്‌ ആരെപ്പറ്റിയാണെന്ന് നിങ്ങള്‍ക്ക്‌ മനസ്സിലായിക്കാണുമല്ലോ. അതേ സാക്ഷാല്‍ കെ. കരുണാകരന്‍ എന്ന രാഷ്ട്രീയ ഭീഷ്‌മാചാര്യനെക്കുറിച്ചു തന്നെ. പരിപാടി നടന്നുകൊണ്ടിരിക്കുന്ന സ്ഥലത്തേക്ക്‌ ടി ആചാര്യനെ കടത്തിവിട്ടില്ല എന്നു മാത്രമല്ല, നിഷ്‌കരുണം ഗേറ്റ്‌ വലിച്ചടച്ചു കളയുകയും ചെയ്‌തു. അതുചെയ്‌ത പോലീസുകാരന്‍ അപ്പോള്‍ ഓര്‍ത്തിരിക്കില്ല, താന്‍ ഒരു ചരിത്രസംഭവത്തിനാണ്‌ മുഹൂര്‍ത്തം കുറിക്കുന്നതെന്ന്!!
കഴിഞ്ഞ 30 വര്‍ഷത്തിനിടയില്‍ ഒരിക്കല്‍പ്പോലും ഒരു പോലീസുകാരനും ചെയ്യാന്‍ അറയ്‌ക്കുന്ന ഒരു കാര്യമാണ്‌ ആ പോലീസുകാരന്‍ അന്നേരം നിര്‍വ്വഹിച്ചത്‌. കാരണം കേരളത്തിലെ ഏതൊരു പോലീസിനും എക്കാലത്തും കരുണാകരനെ ഭയമായിരുന്നു എന്നതാണ്‌ സത്യം. ഭരിക്കുന്നത്‌ ഏതു മുന്നണി ആയിരുന്നാലും അതായിരുന്നു സ്ഥിതി. സ്വന്തം മുന്നണി ഭരിക്കുന്ന ഏതുകാലത്തും കരുണാകരന്‌ പോലീസില്‍ മറ്റാര്‍ക്കുമില്ലാത്തത്ര ആജ്ഞാശക്‌തിയുണ്ടായിരുന്നു. അത്‌ ലംഘിക്കുന്നവന്റെ സ്ഥിതി കേരളത്തിലെ ഏതൊരു പോലീസിനും അറിയാം. ഇനി അഥവാ ഇടതു മുന്നണിയാണ്‌ ഭരിക്കുന്നതെങ്കിലും ഒരു പോലീസുകാരനും കരുണാകരനെതിരെ ചൂണ്ടുവിരല്‍ പൊക്കാന്‍ ധൈര്യപ്പെടില്ലായിരുന്നു. നാളെ ഒരിക്കല്‍ ഇയാള്‍ ഭരണത്തിലെത്തും എന്ന ഭീതിയായിരുന്നു അതിനു കാരണം. അങ്ങനെയെങ്കില്‍ കരുണാകരന്‍ ആദ്യം 'പൊക്കുന്നത്‌' ആ ചൂണ്ടുവിരല്‍ പൊക്കിയവനെയാവും. അതുതന്നെയാണ്‌ കഴിഞ്ഞ 30 വര്‍ഷക്കാലം കരുണാകരനു കിട്ടിയ അപ്രമാദിത്യസ്ഥാനത്തിനു കാരണവും. അക്കാലത്തിനിടെയില്‍ ഒരിക്കലും കരുണാകരന്‍ എവിടെയും തിരസ്‌കരിക്കപ്പെട്ടിട്ടില്ല. പ്രത്യേകിച്ച്‌ പോലിസിനാല്‍.
ഇന്നൊരാള്‍ അതിനു മുതിര്‍ന്നിരിക്കുന്നു. ആ രാഷ്‌ട്രീയ കുലപതിയ്ക്കുമുന്നില്‍ വാതില്‍ നിഷ്‌കരുണം കൊട്ടിയടച്ചിരിക്കുന്നു. 'നീ ആരാണ്‌ നിന്നെ ഞാന്‍ അറിയുന്നില്ല' എന്നു പറഞ്ഞിരിക്കുന്നു.
തികഞ്ഞ ആത്മവിശ്വാസത്തിലാവും അന്നേരം അയാളത്‌ ചെയ്‌തിരിക്കുക. ഒരു സാധാരണ കേരളീയന്റെ സര്‍വ്വ ആത്മാഭിമാനത്തോടെയും. ഇനി ഒരിക്കലും തങ്ങളുടെ മേല്‍ അധികാരത്തിന്റെ ചിറകുവിരിക്കാന്‍ ഈ വൃദ്ധനുണ്ടാവില്ല എന്ന ഉത്തമ ബോധ്യമായിരിക്കണം അയാളെക്കൊണ്ട്‌ അത്‌ ചെയ്യിച്ചത്‌. ഒരു ജനത അതിന്റെ വെറുക്കപ്പെട്ട നേതാവിനുകൊടുക്കാവുന്ന ഏറ്റവും വലിയ തിരസ്‌കാരമാണത്‌. താന്‍ ഏറ്റവും അധികം അടക്കിഭരിച്ച പോലീസിനാല്‍ തന്നെയാണ്‌ ആ തിരസ്‌കാരമുണ്ടായത്‌ എന്നത്‌ ആ പടിയടയ്ക്കലിന്‌ വല്ലാതെ മൂര്‍ച്ചകൂട്ടുന്നുണ്ട്‌.
എല്ലാ ഏകാധിപതികള്‍ക്കുമുണ്ട്‌ ഒരു പതനം. പരിഹാസ്യജന്യമായ ഒരു പതനം!!