Sunday, March 25, 2007

അക്കപ്പോരിന്റെ ഇരുപത് നസ്രാണിവര്‍ഷങ്ങള്‍


പ്രീയപ്പെട്ട ബൂലോകം സുഹൃത്തുക്കളെ ഒരു സന്തോഷ വാര്‍ത്ത നിങ്ങളുമായി പങ്കുവയ്ക്കുന്നു. എന്റെ പുതിയ നോവല്‍ ‘അക്കപ്പോരിന്റെ ഇരുപത് നസ്രാണിവര്‍ഷങ്ങള്‍’ അടുത്ത ലക്കം (ലക്കം 476- ഏപ്രില്‍ 6) മുതല്‍ മാധ്യമം വാരികയില്‍ ഖണ്ഡശ്ശയായി പ്രസിദ്ധീകരിച്ചു തുടങ്ങുന്നു. എല്ലാവരും വായിച്ച് അഭിപ്രായം അറിയിക്കുമല്ലോ.
സ്‌നേഹപൂര്‍വ്വം നിങ്ങളുടെ
ബെന്യാമിന്‍.
മാധ്യമം വാരികയുടെ കഴിഞ്ഞ ലക്കത്തില്‍ വന്ന അറിയിപ്പു കാണുക.

Saturday, March 17, 2007

ഗള്‍ഫ്‌ മലയാളിയും ഡയസ്‌പോറ സാഹിത്യവും.

മലയാളിയുടെ ഗള്‍ഫ്‌ കുടിയേറ്റ ചരിത്രത്തിന്‌ കേരളത്തോളം അല്ലെങ്കില്‍ അതിനെക്കാള്‍ പ്രായമുണ്ട്‌. ചിതറിയതും ഒറ്റപ്പെട്ടതുമായ കുടിയേറ്റങ്ങളായിരുന്നില്ല അത്‌. എഴുപതുകളുടെ തുടക്കത്തിലാണ്‌ അത്‌ ഏറ്റവും ശക്‌തി പ്രാപിച്ചതെങ്കിലും അന്‍പതുകളില്‍ തന്നെ ശക്‌തമായ സാമുഹിക സംഘടനാബോധമുള്ള മലയാളി സമൂഹം ഗള്‍ഫ്‌ മേഖലയില്‍ രൂപപ്പെട്ടുകഴിഞ്ഞിരുന്നു എന്നതിന്‌ തെളിവുകള്‍ ഉണ്ട്‌.
ആധുനിക കാലത്ത്‌ മൂലധനത്തിന്റെ സഞ്ചാരത്തിന്‌ അനസൃതമായി തൊഴില്‍ തേടി ലോകത്തെല്ലായിടത്തുമുള്ള ജനത വിവിധ ഭൂപ്രദേശങ്ങളിലേക്ക്‌ നീങ്ങിയതിന്റെ തുടര്‍ച്ചയായിട്ടാണ്‌ മലയാളിയും ഗള്‍ഫിലേക്ക്‌ കുടിയേറുന്നത്‌. ഇങ്ങനെ വിവിധ ദേശങ്ങളില്‍ രൂപപ്പെട്ട പുതിയ 'വംശീയ ഭൂപ്രദേശങ്ങളെ' ഡയസ്‌പോറ എന്ന വാക്കുകൊണ്ടാണ്‌ വിശേഷിപ്പിക്കപ്പെടുന്നത്‌. ഒരു പക്ഷേ ലോകത്തിലെ തന്നെ ഏറ്റവും വലിയ ഡയസ്‌പോറകളില്‍ ഒന്നാവാം ഇരുപതുലക്ഷത്തോളം അംഗസംഖ്യയുള്ള ഗള്‍ഫ്‌ മലയാളി സമൂഹം എന്നു തോന്നുന്നു. മുന്‍കാലങ്ങളില്‍ രാഷ്ട്രീയ പ്രവാസവുമായി ബന്ധപ്പെട്ടാണ്‌ ഡയസ്‌പോറ പരാമര്‍ശിക്കപ്പെടാറുണ്ടായിരുന്നതെങ്കില്‍ ഇന്നത്‌ എല്ലാത്തരം പ്രവാസത്തെയും കുറിക്കാനുപയോഗിക്കുന്ന പദമായിക്കഴിഞ്ഞു. ഏതര്‍ത്ഥത്തിലും മലയാളിയുടേത്‌, പ്രവാസത്തിനു തുല്യമായ കുടിയേറ്റമാണെന്ന വിവക്ഷയില്‍ ഗള്‍ഫ്‌ മലയാളി സമൂഹത്തെയും ഒരു ഡയസ്‌പോറയായി എണ്ണാം. (കേരളത്തിലെയും ഇന്ത്യയിലെയും സവിശേഷമായ രാഷ്ട്രീയ കാലവസ്ഥയാണ്‌ ഗള്‍ഫ്‌ മലയാളികളെ അവിടേക്ക്‌ ആട്ടിത്തെളിച്ചത്‌ എന്നതുകൊണ്ടുകൂടി)
സ്വഭാവികമായും ലോകത്തെമ്പാടുമുള്ള എല്ലാ ഡയസ്‌പോറകള്‍ക്കും അവരുടെ സ്വന്തം സംസ്കാരവും കലയും സാഹിത്യവും ഉണ്ടായി. അതില്‍ ഡയസ്‌പോറ സാഹിത്യം ഇന്ന് പഠനാര്‍ഹമായ ഒരു സാഹിത്യശാഖയായി വളര്‍ന്നു കഴിഞ്ഞിരിക്കുന്നു. അങ്ങനെ ഡയസ്‌പോറ സാഹിത്യത്തില്‍ ഗള്‍ഫ്‌ മലയാളിക്കുള്ള പങ്കും പ്രാധാന്യവും അന്വേഷിക്കുകയാണ്‌ ഈ ലേഖനത്തിന്റെ ഉദ്ദേശ്യം.
എന്താണ്‌ ഡയസ്‌പോറ സാഹിത്യം..? അതെങ്ങനെ പ്രവാസ സാഹിത്യത്തില്‍ നിന്നും വേറിട്ടു നില്‌ക്കുന്നു..?
രണ്ടു സംസ്‌കാരങ്ങള്‍ക്കിടയില്‍ പെട്ട്‌ സ്വന്തം അസ്ഥിത്വം നഷ്ടപ്പെട്ടുപോകുന്നവന്റെ ആകുലതകളും വേദനകളും ആവാം ഡയസ്‌പോറ സാഹിത്യത്തിന്റെ ചാലകശക്‌തി. അതുകൊണ്ടുതന്നെ കുടിയേറ്റത്തിലോ പ്രവാസത്തിലോ നേരിട്ട്‌ പങ്കാളികളാകുന്ന ഒന്നാംതലമുറയില്‍ നിന്നാണ്‌ ശക്‌തമായ ഡയസ്‌പോറ സാഹിത്യം ഉരുത്തിരിഞ്ഞുവരേണ്ടത്‌. കാരണം ഒന്നാം തലമുറ അവരുടെ ബാല്യവും കൗമാരവും പിന്നിട്ടത്‌ മാതൃദേശത്തായതിനാല്‍ അവരുടെ ഓര്‍മ്മകള്‍, സ്വപ്‌നങ്ങള്‍ അറിവുകള്‍ ജീവിതരീതി എന്നിവയെല്ല്ലാം സ്വദേശവുമായി ബന്ധപ്പെട്ടു കിടക്കും. പിന്നിലാക്കിപ്പോന്ന സ്വന്തം നാടിന്റെയും ജീവിതം നല്‌കുന്ന ആതിഥേയദേശത്തിന്റെയും ഇടയില്‍പെട്ട്‌ അവര്‍ ദ്വന്ദമനസ്സുള്ളവരായി തീരുന്നു. അങ്ങനെ സ്വന്തം ഭൂമിയെവിടെ എന്ന്, താന്‍ ഏതു ദേശത്തിനുള്ളവനാണ്‌ എന്ന്, തന്റെ രാഷ്ട്രീയം എന്ത്‌ എന്ന്, തന്റെ സംസ്കാരം ഏത്‌ എന്ന്, എന്നിങ്ങനെയുള്ള നിരവധി സംശയങ്ങളില്‍ നിന്നാണ്‌ ഡയസ്‌പോറ സാഹിത്യം ഉണ്ടാവുന്നത്‌.
മേല്‍പ്പറഞ്ഞ കാരണങ്ങള്‍ കൊണ്ടുതന്നെ കുടിയേറ്റത്തിന്റെ ഒന്നാം തലമുറ എഴുത്തുകാരില്‍ നിന്ന് ശുദ്ധമായ പ്രവാസ സാഹിത്യം ഉണ്ടാവുക സാധ്യമല്ല. തായ്‌വേരുകള്‍ പൂര്‍ണ്ണമായും അറുക്കപ്പെട്ടു കഴിഞ്ഞവന്റെയും മടങ്ങിച്ചെല്ലാന്‍ ഒരിടമില്ലാത്തെ നിസ്സഹായകനായിപ്പോയവന്റെയും സാഹിത്യത്തെയാണ്‌ പ്രവാസ സാഹിത്യം എന്നു വിളിക്കേണ്ടത്‌. അതുണ്ടാവുന്നത്‌ രണ്ടാം തലമുറയില്‍ നിന്നും അനന്തര തലമുറകളില്‍ നിന്നുമാണ്‌. അവര്‍ക്ക്‌ മാതൃദേശമെന്നത്‌ ഒരു സ്വപ്നം മാത്രമാണ്‌. ഒരുപക്ഷേ ജീവിതത്തില്‍ വല്ലപ്പോഴുമൊരിക്കല്‍ വിരുന്നിനു പോയിട്ടുള്ള ഒരിടം, ചിലപ്പോള്‍ ഒരിക്കലും കണ്ടിട്ടേയില്ലാത്ത ഒരിടം. അവന്‍ ആ മാതൃദേശത്തെ സൃഷ്ടിക്കുന്നത്‌ സാങ്കല്‌പിക കഥകളില്‍ നിന്നുമാത്രമാണ്‌. അത്‌ ഒന്നാം തലമുറയില്‍പ്പെട്ട ഒരെഴുത്തുകാരന്‍ സൃഷ്ടിക്കുന്ന ദേശത്തില്‍ നിന്നും തീര്‍ത്തും വ്യത്യസ്‌തമായിരിക്കും. അതുകൊണ്ടാണ്‌ ഇന്ത്യയില്‍ നിന്ന് കുടിയേറി യൂറോപ്പിലും അമേരിക്കയിലും എത്തപ്പെട്ടവരുടെ രണ്ടാംതലമുറയില്‍പെട്ട ആഭാ ദാവേസര്‍, ത്ധും പ ലാഹിരി, ചിത്രാ ദിവാകരി, ശശി ദേശ്‌പാണ്‌ഡേ, മീന അലക്‌സാണ്ടര്‍, കാവ്യാ വിശ്വനാഥാന്‍ എന്നിവരുടെയൊന്നും രചനകളെ ഡയസ്‌പോറ സാഹിത്യമായി വിലയിരുത്താനാവാത്തത്‌. എന്നാല്‍ അത്‌ ഒന്നാന്തരം പ്രവാസ സാഹിത്യമായി മാറുന്നത്‌ നാം കാണുകയും കെയ്യുന്നു. ഇവ തമ്മില്‍ വലിയ വ്യത്യാസങ്ങളുണ്ട്‌. ഈ വ്യത്യാസം തിരിച്ചറിയുന്നതില്‍ നമ്മുടെ വായനക്കാരും നിരൂപകരും എന്തിന്‌ ഗള്‍ഫിലെ എഴുത്തുകാര്‍ തന്നെയും പരജായപ്പെട്ടു പോവുകയാണ്‌ ഉണ്ടായത്‌. ഡയസ്‌പോറ സാഹിത്യത്തെയും പ്രവാസസാഹിത്യത്തെയും കൃത്യമായി വേര്‍തിരിച്ചു കാണേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.
മറ്റേതൊരു ഭൂമികയെക്കാളും ഡയസ്‌പോറ സാഹിത്യത്തിന്‌ ഏറ്റവും വളക്കൂറുള്ള മണ്ണായിരുന്നു ഗള്‍ഫിന്റേത്‌. കാരണം മറ്റുരാജ്യങ്ങളിലെ ഡയസ്‌പോറ സമൂഹങ്ങളുടെ ഒന്നാം തലമുറ മാത്രമാണ്‌ യഥാര്‍ത്ഥ ഡയസ്‌പോറകളായി നിലകൊള്ളുന്നത്‌ രണ്ടാംതലമുറയും അനന്തര തലമുറകളും എത്തപ്പെട്ട ദേശത്തിന്റെ സത്വത്തോട്‌ രാഷ്ട്രീയമായും സാമൂഹികമായും ലയിച്ചുചേരുകയും ഡയസ്‌പോറ എന്ന യഥാര്‍ത്ഥ്യം പതിയെ അപ്രത്യക്ഷമാവുകയും ചെയ്യുന്നു. എന്നാല്‍ ഗള്‍ഫില്‍ അങ്ങനെ ഒരു സാധ്യതയില്ല. തലമുറ എത്ര കഴിഞ്ഞാലും ഗള്‍ഫ്‌ മലയാളിയുടേത്‌ യഥാര്‍ത്ഥ മലയാളിസത്വം വഹിക്കുന്ന ഒരു ശുദ്ധഡയസ്‌പോറ തന്നെയായിരിക്കും. അതുകൊണ്ടുതന്നെ ലോകത്തെവിടെയുമുള്ള ഡയസ്‌പോറകളില്‍ നിന്നും വ്യത്യസ്‌തമായി ഡയസ്‌പോറ സാഹിത്യത്തിന്റെ സൂക്ഷ്മാംശങ്ങള്‍ ഏറ്റവും നന്നായി വായിച്ചെടുക്കാനാവുക ഗള്‍ഫിലുള്ള ഡയസ്‌പോറകളില്‍ നിന്നു തന്നെയാണ്‌. അതുതന്നെയാണ്‌ ഡയസ്‌പോറ സാഹിത്യത്തില്‍ ഗള്‍ഫ്‌ മലയാളിക്കുള്ള പങ്കും പ്രാധാന്യവും.
എങ്കില്‍ എന്തുകൊണ്ട്‌ അന്‍പതുവര്‍ഷം നീണ്ട കുടിയേറ്റ ചരിത്രത്തില്‍ ഒരിക്കലും ഗള്‍ഫില്‍ നിന്ന് ശക്‌തമായ ഒരു ഡയസ്‌പോറ സാഹിത്യം ഉണ്ടായില്ല...?
നേരത്തെ സൂചിപ്പിച്ചതുപോലെ കുടിയേറ്റക്കാരന്റെ സത്വപ്രതിസന്ധികളാണ്‌ പൊതുവേ ഡയസ്‌പോറ സാഹിത്യത്തിന്‌ ഹേതു. എങ്കില്‍ ഗള്‍ഫ്‌ കുടിയേറ്റം ആരംഭിച്ച അതേ കാലഘട്ടത്തില്‍ തന്നെ ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളിലേക്ക്‌ പ്രത്യേകിച്ച്‌ ഡല്‍ഹിയിലേക്കും ബോംബയിലേക്കും കുടിയേറിയ മലയാളികള്‍ സൃഷ്ടിച്ച തദ്ദേശീയ ഡയസ്‌പോറകളില്‍ നിന്നും ധീഷണാശാലികളായ എഴുത്തുകാര്‍ ഉണ്ടാവുകയും ശക്‌തമായ സാഹിത്യം സൃഷ്ടിക്കപ്പെടുകയും ചെയ്‌തു. ആനന്ദിന്റെയും മുകുന്ദന്റെയും വിജയന്റെയും ഉജ്ജ്വല കൃതികള്‍ക്കു മുന്നില്‍ പകച്ചുപോയ ആദ്യകാല ഗള്‍ഫ്‌ കുടിയേറ്റക്കാര്‍ തങ്ങളുടെ ജീവിതം എഴുതാതെ മാറ്റിവച്ചു. അവരെ കവച്ചുവയ്ക്കാന്‍ പറ്റിയ എഴുത്തുകാര്‍ നിര്‍ഭാഗ്യവശാല്‍ ഇവിടെ നിന്നും ഉണ്ടായതുമില്ല. അങ്ങനെ ഗള്‍ഫ്‌ മലയാളിയുടെ ഡയസ്‌പോറ സാഹിത്യം എഴുതപ്പെടാതെ റദ്ദു ചെയ്യപ്പെട്ടു പോവുകയാണുണ്ടായാത്‌.
തുടര്‍ന്നു വന്നവരാകട്ടെ, ഡയസ്‌പോറ സാഹിത്യത്തിന്റെ സാധ്യതകളും പ്രത്യേകതകളും മനസ്സിലാക്കി അതിലേക്ക്‌ നീങ്ങുന്നതിനു പകരം സ്വദേശരചനകളോ പ്രവാസരചനകളോ ആയിരിക്കും തങ്ങളുടെ രചനാഭൂമിക എന്നു ധരിച്ച്‌ അത്തരത്തിലുള്ള രചനകള്‍ക്ക്‌ മുതിര്‍ന്നു. കുടിയേറ്റത്തിന്റെ ഒന്നാം തലമുറയുടെ മുന്‍പു പറഞ്ഞ സവിശേഷതകള്‍കൊണ്ട്‌ ഇവര്‍ക്ക്‌ ഇതുരണ്ടും അപ്രാപ്യമാണെന്നിരിക്കെ നല്ലൊരു ശതമാനം രചനകളും സ്വഭാവികമായും പരാജയപ്പെട്ടുപോവുകയും ചെയ്‌തു.
നമുക്ക്‌ ഗള്‍ഫ്‌ മലയാളികള്‍ക്കിടയിലെ രണ്ടാം തലമുറയിലേക്ക്‌ വരാം. ഗള്‍ഫില്‍ ജനിച്ചു വളര്‍ന്ന രണ്ടാം തലമുറ, ഗള്‍ഫിന്റെ കാറ്റേറ്റ്‌, ഗള്‍ഫിന്റെ ഭൂപ്രകൃതികണ്ട്‌, ഗള്‍ഫിന്റെ കാലാവസ്ഥ അനുഭവിച്ചു ഗള്‍ഫിന്റെ സംസ്‌കാരം ഉള്‍ക്കൊണ്ട്‌, വളര്‍ന്ന ഒരു രണ്ടാം തലമുറ എന്നേ പാകപ്പെട്ടു കഴിഞ്ഞു. അവന്‍ വിദ്യാഭ്യാസകാലം കഴിഞ്ഞ്‌ പല ഉന്നതമായ ജോലിയിലും കയറിപ്പറ്റിയിരിക്കുന്നു. അവന്‍ സ്വന്തമായ ജീവിതം ആരംഭിച്ചു കഴിഞ്ഞിരിക്കുന്നു. അവരില്‍ ആരെങ്കിലും ഒരാളില്‍ ഒരു എഴുത്തുകാരന്‍ ഒളിച്ചിരിക്കുന്നുവെങ്കില്‍ അത്‌ കൂടുപൊളിച്ചു പുറത്തുവരേണ്ട കാലം എന്നേ കടന്നുപോയി.
പിന്നെ എന്തുകൊണ്ട്‌ രണ്ടാം തലമുറയില്‍പ്പെട്ട ഒരെഴുത്തുകാരന്‍ ഗള്‍ഫില്‍ സംഭവിച്ചില്ല? എന്തുകൊണ്ട്‌ അവരില്‍ നിന്ന് ശക്‌തമായ ഒരു പ്രവാസരചന ഉണ്ടായില്ല..? അമേരിക്കയിലെയും യൂറോപ്പിലെയും രണ്ടാം തലമുറയില്‍ നിന്നും ലോകപ്രശസ്‌തരായ എഴുത്തുകാര്‍ ഉണ്ടായിക്കൊണ്ടിരിക്കുന്നു എന്നതും നാം ഇതേസമയം ശ്രദ്ധിക്കേണ്ടതുണ്ട്‌. ഒരു വലിയ തലമുറ അപ്പാടെ കലാപ്രവീണ്യമില്ലാത്തവരായി ആയിരിക്കില്ലല്ലോ ജനിച്ചിരിക്കുക. തന്നെയുമല്ല എഴുത്തിലല്ലാതെ, പാട്ടില്‍, അഭിനയത്തില്‍ നൃത്തത്തില്‍ ഒക്കെ ഈ രണ്ടാം തലമുറയില്‍ നിന്ന് ശക്‌തരായ പ്രതിഭകള്‍ ഇരുത്തിരിഞ്ഞു വരുകയും ചെയ്‌തു. പിന്നെന്താണ്‌ സംഭവിച്ചത്‌..? നമ്മുടെ രണ്ടാംതലമുറയ്ക്ക്‌ ഭാഷയുടേതായ ഒരു വലിയ അപ്രാപ്യതയുണ്ടായി എന്നതാണ്‌ അതിനുകാരണമായി ഞാന്‍ കരുതുന്നത്‌.
ഇതര ലോകരാജ്യങ്ങളില്‍ നിന്നും വ്യത്യസ്‌തമായി രണ്ടാം തലമുറ വന്നിട്ടും ഗള്‍ഫ്‌ മലയാളികള്‍ക്ക്‌ ശുദ്ധ ഡയപോറയായിത്തന്നെ നിലനില്‌ക്കേണ്ടിവരുന്നതിന്റെ സങ്കീര്‍ണ്ണതകളില്‍ നിന്നാണ്‌ ഇങ്ങനെയൊരു അപ്രാപ്യത ഉണ്ടായത്‌. എപ്പോള്‍ വേണമെങ്കിലും പ്രവാസം അവസാനിപ്പിച്ച്‌ തിരിച്ചയക്കപ്പെടാം എന്ന അവസ്ഥയും പൗരത്വവും വിദ്യാഭ്യാസവും ഉള്‍പ്പെടെ നിരവധി വിഷയങ്ങളില്‍ സ്വദേശവുമായുള്ള പിരിയാത്ത ബന്ധവും രണ്ടാംതലമുറയെ മാതൃഭാഷയുടെ കണ്ണികള്‍ വലിച്ചെറിയുന്നതില്‍ നിന്നും പിന്തിരിപ്പിച്ചു. യൂറോപ്പിലും മറ്റും കുടിയേറിവര്‍ക്ക്‌ ആ പ്രശ്നം ഇല്ലായിരുന്നു. ജര്‍മ്മനിയിലും ഫ്രാന്‍സിലും ഒക്കെ എത്തപ്പെട്ടവര്‍ മാതൃഭാഷയെ അപ്പാടെ ഉപേക്ഷിച്ച്‌ രണ്ടാംതലമുറയെ ആതിഥേയരാജ്യത്തിലെ ഭാഷ പഠിപ്പിക്കുന്നതാണ്‌ നാം കാണുന്നത്‌. എന്തിന്‌ ഇതര സംസ്ഥാനങ്ങളിലേക്ക്‌ ചേക്കേറിയവരില്‍പ്പോലും ആ പ്രതിഭാസം കണ്ടു.
എന്നാല്‍ ഒരു സാധാരണ ഗള്‍ഫ്‌ മലയാളിയുടെ രണ്ടാം തലമുറ ചിന്തിക്കുന്നതും സ്വപ്‌നം കാണുന്നതും ഇടപഴകുന്നതും മലയാളത്തിലാണ്‌ എന്നാല്‍ അവന്‍ പഠിക്കുന്നതോ ഇംഗ്ലീഷും. അവന്‍ മലയാളത്തില്‍ സംസാരിച്ചു ശീലിച്ചെങ്കിലും കൈയ്യടക്കത്തോടെ ഭാഷ കൈകാര്യം ചെയ്യാന്‍ അവന്‍ പഠിച്ചില്ല. അതുകൊണ്ടുതന്നെ അവനില്‍ ഉയര്‍ന്നുവന്ന ചിന്തകളും വിചാരങ്ങളും വാചകങ്ങളിലേക്ക്‌ തര്‍ജ്ജിമ ചെയ്യാനാവാതെ അവന്റെയുള്ളില്‍ വച്ചുതന്നെ കൊലചെയ്യപ്പെട്ടിട്ടുണ്ടാകാം. അവന്റെ ചിന്തകളെയും വിചാരങ്ങളെയും അവനെഴുതാനറിയാവുന്ന ഒരു ഭാഷയിലേക്ക്‌ - ഇംഗ്ലീഷിലേക്ക്‌ - വിവര്‍ത്തനം ചെയ്‌തെടുക്കുവാന്‍ തക്കവണ്ണം അവനെ ഭാഷാപരമായി പാകപ്പെടുത്തുന്നതില്‍ ഗള്‍ഫിലെ ഒന്നാം തലമുറ കുറ്റകരമായ അശ്രദ്ധ കാണിക്കുകയും കെയ്‌തു. ഈ സങ്കീര്‍ണ്ണാവസ്ഥകള്‍ അത്രപെട്ടെന്നൊന്നും പരിഹരിക്കാന്‍ ഇടയില്ലാത്തതുകൊണ്ട്‌ രണ്ടാംതലമുറയില്‍ നിന്ന് ഒരു പ്രവാസസാഹിത്യം ഉണ്ടായിവരാനുള്ള സാധ്യത വിരളമാണ്‌. എന്നാല്‍ ശുദ്ധഡയസ്‌പോറ അതുപോലെ നിലനില്‌ക്കുന്നതിന്റെ സാധ്യതകളില്‍ നിന്ന് ശക്‌തമായ ഒരു ഡയസ്‌പോറ സാഹിത്യം സൃഷ്ടിക്കാനുള്ള വലിയ അവസരമാണ്‌ ഗള്‍ഫിലെ മലയാള സാഹിത്യകാരന്മാരെ കാത്തിരിക്കുന്നത്‌.
ഡയസ്‌പോറ സാഹിത്യത്തിന്റെ സാധ്യതകള്‍ കണ്ടെത്തി അത്തരത്തിലുള്ള രചനകള്‍ നിര്‍വ്വഹിച്ച്‌ ലോകവായനയില്‍ തന്നെ ഇടം നേടുകയാണ്‌ ഗള്‍ഫിലെ ഒന്നാം തലമുറയില്‍ പെട്ട എഴുത്തുകാരുടെ ഇനിയുള്ള ദൗത്യം. അതുകൂടാതെ ഇവിടെനിന്നും പ്രവാസസാഹിത്യത്തിന്റെ അടരുകള്‍ കണ്ടെത്തി അത്‌ ഉത്തമരചനകളാക്കാന്‍ രണ്ടാം തലമുറയെ പ്രാപ്‌തരാക്കുക എന്നൊരു വലിയ ഉത്തരവാദിത്വംകൂടി ഗള്‍ഫ്‌ മലയാളികളില്‍ അവശേഷിക്കുന്നുണ്ട്‌.

Monday, March 12, 2007

'ആഡീസ്‌ അബാബ' മാതൃഭൂമി വാരികയില്‍

പ്രിയ സുഹൃത്തുക്കളെ,
എന്റെ പുതിയ കഥ 'ആഡീസ്‌ അബാബ' മാതൃഭൂമി വാരികയുടെ പുതിയ ലക്കത്തില്‍. (2007 മാര്‍ച്ച്‌ 11 ലക്കം -2. മുഖചിത്രം - മാധവിക്കുട്ടി) വായിച്ച്‌ അഭിപ്രായം അറിയുക്കുവാന്‍ താത്‌പര്യപ്പെടുന്നു.