എപ്പോഴും എനിക്കെതിരെ ഉയര്‍ന്നുവരറുള്ള ഒരാക്ഷേപം ഞാന്‍ വ്യക്തികളുടെ പേരുപയോഗിച്ച് കാര്യങ്ങള്‍ പറയാന്‍ ശ്രമിക്കുന്നു എന്നുള്ളതാണ്. ഇത്തവണയും ഞാനത് ഉപയോഗിക്കുന്നു. അക്കാര്യത്തിന്റെ എന്റെ ഗുരു സക്കറിയ ആണെന്ന് പറയാം. അദ്ദേഹം ഒരിക്കല്‍ പറയുകയുണ്ടായി നിങ്ങള്‍ക്ക് ഒരാളെപ്പറ്റി എന്തെങ്കിലും ആക്ഷേപം പറയാനുണ്ടെങ്കില്‍ പേരെടുത്ത് പറഞ്ഞ് വിമര്‍ശിക്കണം. അതെ. അല്ലാതെ ചില സിനിമാവാരികകളിലെപ്പോലെ പാപ്പരാസിത്തരം പാടില്ല എന്നാണ് എന്റെയും നിലപാട്. വായിച്ചിട്ടില്ലേ അത്തരം ചില ഗോസിപ്പുകള്‍. സ്വര്‍ഗ്ഗത്തിന്റെ പേരുവരുന്ന സിനിമയില്‍ മഴയില്‍ കുളിച്ചുനിന്ന് നൃത്തമാടിയ നടിയും ഓട്ടക്കാരുടെ കഥപറയുന്ന സിനിമയില്‍ നായകന്റെ അനുജനായി അഭിനയിച്ച നടനും തമ്മില്‍ ഹോട്ടല്‍മുറിയില്‍ ഒന്നിച്ചു കഴിഞ്ഞതായി വാര്‍ത്ത!. പത്രങ്ങള്‍ക്കുമുണ്ട് ഈ സ്വഭാവം. അവരുടെ ഭാഷ ഇങ്ങനെയാണ്. ചനല്‍ പ്രമുഖന്, കോട്ടയത്ത് കണ്ണാടിക്കടയുള്ള റിസോര്‍ട്ടുടമ, ഏറെക്കലം വിട്ട് നിന്ന് വീണ്ടും സിനിമയില്‍ സജീവമായ യുവനടന്. നിങ്ങള്‍ക്കെന്തെങ്കിലും പറയാനുണ്ടെങ്കില്‍, പറയുന്നതില്‍ കഴമ്പുണ്ടെന്ന് സ്വയം ബോധ്യമുണ്ടെങ്കില്‍ കുഴൂര്‍ വില്‍സണ്‍ ജോമോന് പുത്തന്‍പുരയ്ക്കലിന്റെ പേരെടുത്ത് പറഞ്ഞ് ആക്ഷേപം ഉന്നയിക്കുന്നതുപോലെ വേണം എന്നതാണ് എന്റെ അതേ സംബന്ധിച്ച വിശദീകരണവും നിലപാടും.
ശരി. ഇനി നമുക്ക് ഇന്നത്തെ നമ്മുടെ വിഷയത്തിലേക്കു വരാം. രണ്ടു പ്രമുഖരാണ് ഇന്ന് നമ്മോടൊപ്പമുള്ളത്. ബാലചന്ദ്രന് ചുള്ളിക്കാടും സജീവ് എടത്താടനും. എന്താണ് ഇവരിവിടെ പരാമര്‍ശിക്കപ്പെടാന്‍ കാരണം എന്നു പറയുന്നതിന് മുന്‍പ് ബ്ലോഗുകളില്‍ നടന്ന ഒരു ചര്‍ച്ചയിലേക്ക് നിങ്ങളുടെ ശ്രദ്ധ ആകര്‍ഷിക്കാം.
സക്കറിയ, മേതില്‍, ബാലചന്ദ്രന് ചുള്ളിക്കാട് അങ്ങനെ പല തല മുതിര്‍ന്ന എഴുത്തുകാരും ബ്ലോഗുകള്‍ ആരംഭിച്ചത് നമുക്കൊക്കെ ആഹ്ലാദവും പ്രചോദനവും ആയിരുന്നു. എന്നാല്‍ ആദ്യത്തെ കുറച്ച് പോസ്റ്റുകള്‍ക്കുശേഷം ഇവരൊക്കെ പിന്‍വലിയുന്നതാണ് നാം കണ്ടത്. അപ്പോഴാണ് ചര്‍ച്ചയുണ്ടാവുന്നത്. എന്താവാം ആ പിന്‍വലിയലിനു കാരണം. ബ്ലോഗേഴ്സിന്റെ പ്രതികരണത്തിലെ നിലവാരമില്ലായ്മയാണ് അതിനു പ്രധാന കാരണമായി എടുത്തുകാട്ടപ്പെട്ടത്. അവരുന്നയിക്കുന്ന വിഷയങ്ങളോട് അതേ നിലവാരത്തില്‍ പ്രതികരിക്കുവാന്‍ നമ്മള്‍ക്കാവുന്നില്ല എന്നും. കേള്‍ക്കുമ്പോള്‍ ശരിയായി തോന്നാം. അവരുടെയത്രയൊന്നും വായനാപാരമ്പര്യവും ബൗദ്ധിക നിലവാരവും നല്ലൊരു ശതമാനം ബ്ലോഗേഴ്സിനും ഇല്ല എന്നതും സത്യം. പക്ഷേ അതുമാത്രമാണോ ഈ കൊഴിഞ്ഞുപോകലിന്റെ യഥാര്‍ത്ഥ കാരണം..?
ഇവിടെയാണ് ഇവര്‍ എഴുതിവന്ന പശ്ചാത്തലം പരിശോധിക്കുവന്‍ നാം നിര്‍ബന്ധിതരാവുന്നത്. ഇവരൊക്കെയും പ്രിന്റ് മീഡിയകളിലൂടെ എഴുതിത്തെളിഞ്ഞു വന്നവരാണ്. ആ മീഡിയയ്ക്ക് ഒരു ഗുണമുണ്ട് (ദോഷം..?!!) നമ്മള് പറയുന്നത് വായനാക്കാര്‍ കേള്‍ക്കുന്നു എന്നല്ലാതെ വായനക്കാര്‍ക്ക് തിരിച്ചൊന്നും ചോദിക്കാന്‍ അവിടെ അവകാശമില്ല. അഥവാ ചോദിച്ചാല്‍ തന്നെ ഇവരുടെ പ്രിയരായ പത്രാധിപന്മാരുടെ കാരുണ്യത്തില്‍ അത് പലപ്പോഴും ചവറ്റുകുട്ടയിലേക്ക് വീഴപ്പെടുന്നു. അച്ചടിച്ചു വരുന്നതോ ചില മൃദുവിമര്‍ശനങ്ങളും. അതിന് മറുപടി പറയാതെ ഒഴിയാനുള്ള സൗകര്യം ആ മാധ്യമത്തിന് ഉണ്ടുതാനും. ഈ ഒരു സൗകര്യം (ഞാനടക്കമുള്ള) പ്രിന്റ് മീഡിയ എഴുത്തുകാരെ ധിക്കാരികളും ഏകാധിപതികളും വിമര്‍ശനങ്ങളെ സഹുഷ്ണുതയോടെ നോക്കിക്കാണന്‍ അറിയാത്തവരും ആക്കിത്തീര്‍ത്തിട്ടുണ്ട് എന്നതാണ് സത്യം.
വിമര്‍ശനങ്ങള്‍ മാത്രമല്ല, അഭിനന്ദനങ്ങളും അവിടെ അപൂര്‍വ്വമാണ്. ഞാന്‍ ഇന്റോ- അറബ് കള്‍ച്ചറല്‍ ഫെസ്റ്റില്‍ പറഞ്ഞതുപോലെ നാലുവര്‍ഷം വേണ്ടി വരുന്നു അവിടെ നമുക്കൊരു പ്രതികരണം അറിയാന്‍. ആലോചിച്ചും ചിന്തിച്ചും ഉറപ്പിച്ചും എഴുതിയും വെട്ടിയും തിരുത്തിയും വളരെപ്പതിക്കെയാണ് അതിന്റെ ചക്രം തിരിയുന്നത്. അത് ആ സിസ്റ്റത്തിന്റെ സ്വഭാവമാണ്. അവിടെ എഴുത്തിന്റെ ബാല്യകൗമാരയൗവനങ്ങള്‍ പിന്നിട്ട എഴുത്തുകാരാണ് വാര്‍ദ്ധക്യത്തില്‍ അവര്‍ക്ക് തീരെ പരിചയമില്ലാത്ത പുതിയൊരു മീഡിയയില്‍ പൊടുന്നനേ വന്നുപെട്ടത്. എല്ലാ പുതിയ രീതികളോടും സംവേദിക്കുവാന്‍ ഞങ്ങള്‍ പ്രാപ്തരാണ് എന്ന ആത്മവിശ്വാസമായിരിക്കണം മറ്റു പല എഴുത്തുകാരും മടിച്ചുനിന്നിടത്തേക്ക് ഇറങ്ങിവരാന്‍ അവരെ പ്രേരിപിച്ചത്. അതിനവരെ അഭിനന്ദിക്കണം. എന്നാല്‍....
നമുക്കേവര്‍ക്കും അറിയാവുന്നതുപോലെ ബ്ലോഗിന്റെ സ്വഭാവം തികച്ചും വ്യത്യസ്തമാണ്. ഉടനടിയാണ് ഇവിടെ പ്രതികരണം. ഉരുളയ്ക്ക് ഉപ്പേരി പോലെ അടിയ്ക്കു തിരിച്ചടിപോലെ. വൊട്ടൊന്ന് മുറി രണ്ടാണ് ഇതിന്റെ സ്വഭാവം. ഒഴുകിവരുന്ന ഈ പ്രതികരണങ്ങളെ പ്രതിരോധിച്ചു നിര്‍ത്താന്‍ ഒരു പത്രാധിപന്റെ പരിച നമുക്കില്ല. ആരും എന്തഭിപ്രായവും കേറി പറഞ്ഞുകളയും. എന്തു ചോദ്യവും ചോദിച്ചുകളയും. തലമുതിര്‍ന്ന എന്ന 'തലക്കനത്തെ' ആരും ഇവിടെ വകവയ്ക്കുന്നില്ല. ഒഴിഞ്ഞു മാറാന്‍ സാധിക്കുന്നതിനു മുന്‍പേ ഈ അഭിപ്രായങ്ങള്‍ നാട്ടുകാര്‍ വായിച്ചുകഴിയും. സത്യത്തില്‍ മീഡയയുടെ ഈ സ്വഭാവവ്യത്യാസത്തില്‍ പകച്ചുപോയിട്ടല്ലേ അവര്‍ ഈ പിന്മാറ്റം നടത്തിയിട്ടുള്ളത്..? വിമര്‍ശനങ്ങളുടെ തീച്ചൂളയിലൂടെ നടന്നുവന്നിട്ടുള്ളവരാണ് ഞങ്ങള്‍. പീക്കിരിപ്പിളേരുടെ അലമ്പു ചോദ്യങ്ങള്‍ക്കു മുന്നില്‍ ഞങ്ങളുടെ മുട്ടുവിറയ്ക്കില്ല എന്ന് അവര്‍ പറഞ്ഞേക്കാം. ശരിയാണ് ഇതിനേക്കള്‍ വലിയ ഗജപോക്കിരികളെ നേരിട്ടിട്ടുള്ളവരാണ് അവര്‍. പക്ഷേ നമ്മില്‍ പലരും ഉന്നയിച്ച സന്ദേഹങ്ങള്‍ക്കു മുന്നില്‍ ഉന്നയിച്ച ചോദ്യങ്ങള്‍ക്കു മുന്നില്‍ അവര്‍ പ്രത്യേകിച്ച് ബാലചന്ദ്രന് ചുള്ളിക്കാട് പകച്ചുപോയി എന്നതാണ് പരമമായ സത്യം. പലപ്പോഴും അസഹ്ഷ്ണുത അദ്ദേഹത്തിന്റെ വാക്കുകളില്‍ നിറയുന്നത് നാം കണ്ടു. കോപാവിഷ്ടനാവുന്നത് നാം കണ്ടു. അദ്ദേഹത്തിന് വേദികളില്‍ കയറിനിന്ന് ആവശ്യത്തിന് കയര്‍ക്കാം. സ്വന്തം വാദങ്ങള്‍ ഉന്നയിക്കാം വിമര്‍ശിക്കാം. ആരും മറുചോദ്യമെറിയില്ല. (സുകുമാര്‍ അഴിക്കോട് മാഷിന്റെ ഒരു ഭാഗ്യം അദ്ദേഹം ഒരു ബ്ലോഗറെങ്ങാനും ആയിരുന്നിരിക്കണം..!!) ബ്ലോഗില്‍ വന്നുപെട്ട ചുള്ളിക്കാട് ഇത്രകാലം പ്രിന്റ് മീഡിയയും പ്രസംഗവേദികളും അദ്ദേഹത്തോടു കാണിച്ച സഹിഷ്ണുത ഇവിടെയും പ്രതീക്ഷിച്ചു. പക്ഷേ ഫലം വ്യത്യസ്തമായിരുന്നു. വേദിയില്‍ വിദ്യ പരാജയപ്പെട്ട് ജാള്യനായിപ്പോയ മാന്ത്രികനെപ്പോലെ അതാ അദ്ദേഹം പിന്‍കര്‍ട്ടന്‍ മാറ്റി ഒളിച്ചോടിയിരിക്കുന്നു.
ഇനി വിശാലനിലേക്കു വരുക. എഴുതിത്തുടങ്ങിയ കാലം മുതല്‍ പ്രതികരണങ്ങളുടെ ലാളനയേറ്റു വളരാന്‍ വിധിയ്ക്കപ്പെട്ടവനാണ് വിശാലന്. 'നിങ്ങളുടെ ലേഖനം വിജയകരമായി ജനങ്ങളിലെത്തിച്ചിരിക്കുന്നു' എന്ന് സ്വന്തം മോണിറ്ററില്‍ തെളിയും മുന്‍പേ സ്നേഹിതവത്സിതരാല്‍ 'തേങ്ങയുടയ്ക്കപ്പെട്ടു' വളര്ന്നവന്. അടുത്ത ഒരു മണിക്കൂറില്‍ പ്രശംസയുടെ നൂറുലധികം പ്രവാഹങ്ങളില്‍ ഒലിച്ചുപോയിട്ടുള്ളവന്‍. (അപൂര്‍വ്വമായി വിയോജിപ്പികളുടെയും) അടുത്ത ഒരു ദിവസത്തിനകം ആയിരക്കണക്കിനു വായനക്കാര്‍ തന്റെ വാക്കുകളിലൂടെ കടന്നുപോയിട്ടുണ്ട് എന്ന് കൗണ്ടര്‍ നോക്കി ഉറപ്പിച്ചു തൃപ്തിയടയാന് സാധ്യതയുണ്ടായിരുന്നവന്‍. അങ്ങനെയൊരാള്‍ നേരത്തെ പറഞ്ഞ പ്രിന്റ് മീഡയയിലേക്ക് തിരിഞ്ഞു കയറിയപ്പോള്‍ ഉണ്ടായ അനുഭവങ്ങളെ എങ്ങനെയാവും നേരിട്ടിരിക്കുക..? അതിന്റെ മന്ദതയും മ്ലാനതയും വിശാലനെ മടിപ്പിച്ചിട്ടുണ്ടാകുമോ..? നമ്മള് ബുലോകരും ചില ടിവി ചാനലുകളും കൊടകരപുരാണത്തെ ഒരു മാഹോത്സവമാക്കാനുള്ള ശ്രമം ഒക്കെ നടത്തിയെങ്കിലും പ്രിന്റ് മീഡിയ അതിന്റെ സ്വാഭാവികമായ തണുപ്പോടെയാണ് അതൊക്കെ സ്വീകരിച്ചതെന്ന് നിങ്ങള്‍ ശ്രദ്ധിച്ചിരിക്കുമല്ലോ. എന്നുതന്നെയല്ല. ഒരു വാരിക അതിനെ അല്പം പരിഹാസത്തോടെയാണ് നിരീക്ഷിച്ചതും. അദ്ദേഹത്തിന്റെ പുസ്തകത്തിന്റെ നീക്കം ഏതുതരത്തില്‍ ഇഴയുന്നു എന്ന് ഇനിയും അറിയാനിരിക്കുന്നതേയുള്ളു. എത്രയായാലും അതിന് ഒരിക്കലും ബ്ലോഗ് വായനയുടെ ശീഘ്രതയുണ്ടാവില്ലെന്ന് ആര്‍ക്കും ഊഹിക്കാവുന്നതല്ലേയുള്ളൂ. അതുതന്നെയാണ് പ്രതികരണങ്ങളുടെ കാര്യവും. വിമര്‍ശനമാകട്ടെ പ്രശംസയാകട്ടെ (ബ്ലോഗിതര) യാഥാസ്ഥിതിക വായനക്കാരില്‍ നിന്നും ലഭിക്കുവാനും അതിന്റേതായസമയം എടുക്കും. അതിനൊക്കെയുള്ള വിശാലന്റെ പ്രതികരണം അറിയാനിരിക്കുന്നതേയുള്ളൂ. പക്ഷേ ഈ സ്വഭാവവ്യതിയാനത്തില്‍ മനംമടുത്ത് അദ്ദേഹം പ്രിന്റ് മീഡിയയില്‍ നിന്ന് പിന്തിരിയരുത് (ചുള്ളിക്കാട് ബ്ലോഗില്‍ നിന്ന് പിന്മാറിയതുപോലെ) എന്നുമാത്രമാണ് എനിക്കഭ്യര്‍ത്ഥിക്കാനുള്ളത്.
രണ്ട് സംവേദന മാധ്യമങ്ങള്‍ തമ്മിലുള്ള പ്രകടമായ വ്യത്യാസമാണ് നാം ഇവിടെ കാണുന്നത്. വായിക്കുന്നത്. അതില്‍ ഒരു മാധ്യമത്തില്‍ നിന്നും മറ്റൊരു മാധ്യമത്തില്‍ എത്തിയ രണ്ടുപേരെയാണ് നാം നിരീക്ഷിച്ചത്. ബാലചന്ദ്രന് ചുള്ളിക്കാട് പ്രിന്റില്‍ നിന്ന് ബ്ലോഗിലേക്ക് വന്ന ആളാണെങ്കില്‍ വിശാലന് ബ്ലോഗില്‍ നിന്ന് പ്രിന്റിലേക്ക് കയറിപ്പോയ ആളാണ്. രണ്ടുപേരും അവരവര്‍ ചെന്നുപെട്ട പുതിയ മീഡയയുടെ സ്വഭാവം മനസ്സിലാക്കി അവിടെ നില്‍ക്കണമെന്നും അതിനുയോജിച്ചവിധത്തില്‍ തങ്ങളുടെ സംവേദനക്ഷമത പുതുക്കണമെന്നും ഈ പോസ്റ്റ് നിരീക്ഷിക്കുന്നു.
രണ്ടു വ്യത്യസ്ത മീഡിയകളുടെ വ്യത്യസ്തതരം ലാളനയേറ്റു വളര്‍ന്നവര്‍ എന്ന നിലയിലാണ് ബാലചന്ദ്രന് ചുള്ളിക്കാടും വിശാലമനസ്കനും ഈ പോസ്റ്റിനു വിഷയമാകുന്നത്. ഇനി ആ പേരുകള്‍ മറന്നേക്കുക. വിഷയത്തിന്റെ കാമ്പിലേക്കു മാത്രം നോക്കുക. അതിന്റെ ആധികാരിതയില്‍ മാത്രം ചര്‍ച്ചകളാകുക.