മാതൃഭൂമിയില്‍ നിന്നുള്ള വാര്‍ത്ത:
Posted on: 17 Nov 2010
തിരുവനന്തപുരം: പത്താംക്ലാസ് പാഠപുസ്തകങ്ങള്‍ പരിഷ്കരിക്കുന്നതിനുള്ള കരടിന് രൂപമായി. എല്ലാ വിഷയങ്ങളുടെയും പരിഷ്കരിച്ച പതിപ്പിന്റെ കരടിന് കരിക്കുലം സബ് കമ്മിറ്റികള്‍ അംഗീകാരം നല്കി. സംസ്ഥാന കരിക്കുലം കമ്മിറ്റിയും പാഠപുസ്തകകമ്മീഷനും പരിഷ്കരിച്ച പതിപ്പിന് അംഗീകാരം നല്‍കേണ്ടതുണ്ട്. അടുത്ത അധ്യയനവര്‍ഷം പുതിയ പുസ്തകങ്ങള്‍ നല്‍കാനാണ് ഉദ്ദേശിക്കുന്നത്.
സാധാരണ ഏറെ വിവാദങ്ങള്‍ക്ക് ഇടനല്കുന്ന സാമൂഹ്യപാഠപുസ്തകം അതീവ ശ്രദ്ധയോടെയാണ് കരിക്കുലം കമ്മിറ്റി പരിഷ്കരിക്കുന്നത്. പ്രത്യേകിച്ച് തിരഞ്ഞെടുപ്പുവര്‍ഷമായതിനാല്‍ വിവാദങ്ങള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കുന്നുണ്ട്. എങ്കിലും പ്രതിപക്ഷ അധ്യാപക സംഘടനയിലെ പ്രതിനിധികള്‍ ചില ഭാഗങ്ങള്‍ സംബന്ധിച്ച് എതിര്‍പ്പ് ഉയര്‍ത്തിയിട്ടുണ്ട്. രേഖാമൂലം നിര്‍ദേശിച്ച മാറ്റങ്ങള്‍ കൂടി ഉള്‍പ്പെടുത്തി പുസ്തകങ്ങള്‍ പരിഷ്കരിക്കാനാണ് തീരുമാനം.
സാമൂഹ്യപാഠത്തില്‍ 'ആധുനികകാലത്തിന്റെ ഉദയം', 'വിപ്ലവങ്ങളുടെ കാലം', 'സാമ്രാജ്യത്വത്തിന്റെ വളര്‍ച്ച', 'ലോകയുദ്ധവും തുടര്‍ച്ചയും', 'രണ്ടാംലോകയുദ്ധവും സാമ്രാജ്യത്വത്തിന്റെ തകര്‍ച്ചയും' എന്നിവയാണ് ആദ്യ ഭാഗത്തിലെ അധ്യായങ്ങള്‍. രണ്ടാംഭാഗത്ത് '19, 20 നൂറ്റാണ്ടുകളിലെ ധൈഷണിക പ്രവണതകള്‍', 'ഇന്നത്തെ ഇന്ത്യ', 'കേരളപ്പുതുമ', 'ദേശീയോദ്ഗ്രഥനം', 'ജനാധിപത്യം', 'മനുഷ്യാവകാശങ്ങള്‍', 'അന്തര്‍ദേശീയ സംഘടനകള്‍' എന്നിവയുണ്ട്.
കാര്‍ഷിക, വ്യാവസായിക, വിപ്ലവങ്ങളാണ് ആധുനിക ലോകത്തിന്റെ ഉദയത്തിലെ പ്രധാന ഉള്ളടക്കം. വിപ്ലവങ്ങളുടെ കാലം എന്നതില്‍ ഫ്രഞ്ച് വിപ്ലവത്തില്‍നിന്നാണ് തുടക്കം. തൊഴിലവകാശങ്ങള്‍ നിഷേധിക്കപ്പെട്ടതിനെത്തുടര്‍ന്ന് വിപ്ലവം മറ്റ് രാജ്യങ്ങളിലേക്ക് പടര്‍ന്നതും പ്രതിപാദിച്ചിട്ടുണ്ട്. മതങ്ങള്‍ മനുഷ്യനെ നവീകരിച്ച പാഠങ്ങള്‍ക്കൊപ്പം പിന്നീട് മതനേതാക്കളുടെ നിലപാടുകള്‍ക്കെതിരെ വിശ്വാസികള്‍ സംഘടിച്ചതും വിപ്ലവത്തിന്റെ ഭാഗം തന്നെ. ഡാന്റെയുടെയും മറ്റും കൃതികളില്‍നിന്നുള്ള ഉദ്ധരണികളിലൂടെയാണ് കത്തോലിക്കാസഭയിലും മറ്റും ഉടലെടുത്ത ഉരുള്‍പൊട്ടലുകള്‍ പ്രതിപാദിച്ചുപോരുന്നത്.
കഴിഞ്ഞ നൂറ്റാണ്ടുകളിലെ ധൈഷണിക പ്രവണതകളിലെത്തുമ്പോള്‍ മാര്‍ക്സിന്റെ സിദ്ധാന്തവും മറ്റും കടന്നുവരുന്നു. ഇന്നത്തെ ഇന്ത്യയില്‍ സ്വാതന്ത്ര്യത്തോടനുബന്ധിച്ച് നെഹ്റു നടത്തിയ പ്രസംഗത്തില്‍നിന്നാണ് തുടക്കം. ഗാന്ധിജിയുടെ കൊലപാതകം, ഇന്ത്യാ വിഭജനം എന്നിവയ്ക്കൊപ്പം ബാങ്ക് ദേശസാല്‍ക്കരണമടക്കമുള്ള ഇന്ദിരാഗാന്ധിയുടെ പുരോഗമനപരമായ ഭരണപരിഷ്കാരങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ചേരീചേരാനയവും ആഗോളീകരണവും പാഠപുസ്തകത്തില്‍ കടന്നുവരുന്നു. എന്നാല്‍, ഇവയ്ക്കെല്ലാമെതിരെ വിമര്‍ശനപരമായ കാഴ്ചപ്പാടല്ല ഉള്ളടക്കത്തിന്റെ പൊതുസ്വഭാവം. നിലപാടുകള്‍ സ്വീകരിക്കുന്നതിനുള്ള അവകാശംവിദ്യാര്‍ഥികള്‍ക്ക് നല്‍കുകയാണ്.കേരളപുതുമയില്‍ ഭൂപരിഷ്കരണം, വിദ്യാഭ്യാസമേഖലയിലെ പരിഷ്കാരം, സാക്ഷരത, ജനകീയാസൂത്രണം എന്നിവയുണ്ട്. ദേശീയോദ്ഗ്രഥനത്തില്‍ ഇന്ത്യയില്‍ നാമ്പെടുക്കുന്ന പ്രാദേശികവാദത്തിന്റെ അപകടം വരച്ചുകാട്ടുന്നു.
മലയാള പാഠപുസ്തകവും രണ്ട് ഭാഗമായാണ് എത്തുക. ആദ്യഭാഗത്ത് ലോകസമാധാനം ലക്ഷ്യമാക്കിയുള്ള 'അശാന്തിപര്‍വങ്ങള്‍ക്കപ്പുറം' എന്നതാണ് ഒന്നാം ഭാഗം. തകഴി, എഴുത്തച്ഛന്, കുട്ടികൃഷ്ണമാരാര് എന്നിവരുടെ സൃഷ്ടികള്‍ ഇതിലുണ്ട്.
സ്ത്രീപുരുഷസമത്വം, ലക്ഷ്യമിടുന്ന 'ഇരുചിറകുകള്‍ ഒരുമയിലങ്ങനെ' എന്ന പാഠത്തില്‍ കുമാരനാശാന്, സുഗതകുമാരി, ഗീതാ ഹിരണ്യന് എന്നിവരുടെ രചനകളുണ്ട്. പ്രാചീനകലകളെ പ്രതിപാദിക്കുന്ന 'കാലിലാലോലം ചിലമ്പുമായി' എന്ന ഭാഗത്ത് ഉണ്ണായിവാര്യര്‍, അയ്യപ്പപ്പണിക്കര്‍ എന്നിവരുടെ കൃതികളാണുള്ളത്. മനുഷ്യമഹത്വം വിഷയമാക്കിയ നാലാം യൂണിറ്റില്‍ ഉള്ളൂര്‍, പി.ഭാസ്കരന്, കാരൂര്‍, അക്കിത്തം, മാധവിക്കുട്ടി എന്നിവരുടെ സൃഷ്ടികള്‍ ഉള്‍പ്പെടുത്തി.
'ദേശപ്പെരുമ'യില്‍ ആര്‍ട്ടിസ്റ്റ് നമ്പൂതിരി പൊന്നാനിയെ രേഖാചിത്രത്തിലൂടെ അവതരിപ്പിച്ചതുണ്ട്. കോവിലന്, കടമ്മനിട്ട, സക്കറിയ എന്നിവരുടെ കൃതികള്‍ ഇതില്‍ വരും.
'വാക്കാം വര്‍ണക്കുടചൂടി' എന്ന പാഠത്തോടെയാണ് രണ്ടാംഭാഗത്തിന് തുടക്കം. വള്ളത്തോള്‍, കെനിയന്‍ എഴുത്തുകാരന് ഗൂഗി വാപി ഓംഗൊ, പി.കുഞ്ഞിരാമന്‍നായര്‍ എന്നിവരുടെ രചനകള്‍ ഇതില്‍ ഉള്‍പ്പെടും.
'വേണമീ സ്നേഹബന്ധങ്ങളൂഴിയില്‍' എന്ന പാഠത്തില്‍ ഒ.എന്‍.വി., വി.ടി.ഭട്ടതിരിപ്പാട്, റഫീഖ് അഹമ്മദ്, ഇ.ഹരികുമാര്‍ എന്നിവരുടെ സൃഷ്ടികളുണ്ട്.
'അലയും മലയും കടന്നവര്‍' എന്ന അവസാനപാഠത്തില്‍ ബെന്യാമിന്റെ 'ആടുജീവിതം', വൈലോപ്പിള്ളിയുടെ 'ആസാം പണിക്കര്‍', ബാബു ഭരദ്വാജിന്റെ 'ഡിസംബറിലെ നക്ഷത്രങ്ങള്‍ അനുഭവക്കുറിപ്പ്' എന്ന കൃതികളില്‍നിന്നുള്ള ഭാഗങ്ങളുണ്ട്.
മലയാളത്തിലെ എണ്ണംപറഞ്ഞ എഴുത്തുകാരെ പാഠപുസ്തകങ്ങളില്‍ നിന്നൊഴിവാക്കിയെന്ന മുന്‍വര്‍ഷങ്ങളിലെ പരാതി ഇക്കുറി ഉയരാതിരിക്കാനും കരിക്കുലം കമ്മിറ്റി ശ്രദ്ധിച്ചിട്ടുണ്ട്.
http://www.mathrubhumi.com/online/malayalam/news/story/623186/2010-11-17/kerala