Sunday, December 17, 2006

സുരേഷ്‌ഗോപിയ്‌ക്കുണ്ട്‌ അഞ്ചുമക്കള്‍!!

സുരേഷ്‌ ഗോപി ഇവിടെ ഒരു പ്രതീകം മാത്രമാണ്‌. പക്ഷേ ഇവിടെ സുരേഷ്‌ ഗോപിയെത്തന്നെ ഈ വിഷയത്തിന്‌ തിരഞ്ഞെടുത്തതിന്‌ കാരണം ,അദ്ദേഹം ഇതര സിനിമാനടന്മാരില്‍ നിന്നും വ്യത്യസ്‌തനായി സാമൂഹിക പ്രശ്‌നങ്ങളില്‍ നേരിട്ട്‌ ഇടപെടുവാന്‍ താത്‌പര്യം കാണിക്കുന്നവനും രാഷ്ട്രീയത്തില്‍ ഇറങ്ങിയാല്‍ കൊള്ളാമെന്ന് അതിയായ മോഹമുള്ളവനും ആയതുകൊണ്ടു കൂടിയാണ്‌.
കേരളം അതിന്റെ അന്‍പതാം രൂപീകരണവര്‍ഷം ആഘോഷിക്കുന്ന അല്ലെങ്കില്‍ ആഘോഷിച്ചുകഴിഞ്ഞ ഈ വേളയില്‍ നാം കേരളത്തിന്റെ വളര്‍ച്ചയും വിളര്‍ച്ചയും പലതലങ്ങളില്‍ നിന്ന് ചര്‍ച്ച ചെയ്യുകയുണ്ടായല്ലോ. എന്നാല്‍ ആ ചര്‍ച്ചകളില്‍ ഒന്നും മനഃപൂര്‍വ്വമായോ അല്ലാതെയോ നാം ആരും ശ്രദ്ധിക്കതെപോയ ഒരു വിഷയമാണ്‌, കുടുംബാസൂത്രണവിഷയത്തില്‍ നമുക്കുള്ള പിന്നോട്ടു പോക്ക്‌!!.
കേരളം രൂപംകൊള്ളുന്ന കാലത്തെ തലമുറ ഒരു ആദര്‍ശം പോലെ കൊണ്ടാടിയ ഒരു വിഷയമായിരുന്നു കുടുംബാസൂത്രണം. അന്ന് സര്‍ക്കാര്‍ ഏറ്റെടുത്തു നടത്തിയ 'നാം രണ്ട്‌ നമുക്കു രണ്ട്‌' എന്ന കാമ്പയിന്‍ കേരളത്തിലെ വിദ്യാഭ്യാസമുള്ള എല്ലാ ജനങ്ങള്‍ക്കും ഒരാവേശമായിരുന്നു. പിന്നീട്‌ അത്‌ കൂറേക്കൂടി പരിഷ്കരിച്ച്‌ 'നാം ഒന്ന് നമുക്കൊന്ന്' എന്നായി മാറി. അപ്പോഴും കേരളത്തിലെ ജനങ്ങള്‍ അതിനെ ഇരു കൈയ്യും നീട്ടി സ്വീകരിച്ചു. അതിന്റെ ഫലമാണ്‌ ഇന്നത്തെ കേരളത്തിന്റെ കുറഞ്ഞ ജനസംഖ്യാവര്‍ദ്ധനവ്‌.
പക്ഷേ ഇടയ്ക്ക്‌ എവിടെവച്ചോ മറ്റു പലതും എന്നപോലെ നാം ഇതും വഴിയിലെവിടെയോ ഉപേക്ഷിച്ചപോലെ. സത്യം ആദ്യം ഉപേക്ഷിച്ചത്‌ സര്‍ക്കാര്‍ തന്നെയാണ്‌. അല്ലെങ്കില്‍ രാഷ്ട്രീയപാര്‍ട്ടികള്‍. (അവര്‍ക്കത്‌ പല ന്യൂനപക്ഷതാത്‌പര്യങ്ങളും സംരക്ഷിക്കുക എന്നൊരു സ്ഥാപിത താത്‌പര്യത്തിന്റെ ഭാഗമായിരുന്നു എന്നു കാണാം) അതിന്റെ പിന്നാലെ ഓരോ ജനവിഭാഗങ്ങളായി അത്‌ ഉപേക്ഷിക്കുന്ന കാഴ്ചയാണ്‌ നാം സൂക്ഷ്മമായി വീക്ഷിച്ചാല്‍ കാണാനാവുന്നത്‌. ഇന്ന് ട്രാന്‍സ്‌പോര്‍ട്ട്‌ ബസ്‌സ്റ്റാന്റിലെ പഴഞ്ചന്‍ ബോര്‍ഡില്‍ മാത്രമാവും അങ്ങനെയൊരു ആഹ്വാനമുള്ളത്‌.
പുതിയ തലമുറയിലെ ദമ്പതികളില്‍ രണ്ടലധികം കുട്ടികള്‍ എന്നത്‌ സര്‍വ്വസാധാരണമായി വരുകയാണ്‌. പ്രത്യേകിച്ചും പ്രവാസികളുടെ ഇടയില്‍. അതിനവര്‍ നിരത്തുന്ന കാരണങ്ങള്‍ പലതാണ്‌. 1. പണ്ടത്തെ പട്ടിണി കാരണമാണ്‌ ജനങ്ങള്‍ രണ്ടു കുട്ടികളിലേക്ക്‌ തിരിഞ്ഞത്‌ എന്ന് അവരില്‍ ഒരു കൂട്ടര്‍ വിശ്വസിക്കുന്നു( ഇന്ത്യയിലെ ജനസംഖ്യാവര്‍ദ്ധനവ്‌ ഒന്നും അവര്‍ക്ക്‌ ബാധകമല്ല) ഇന്ന് പട്ടിണിയൊക്കെ ഒഴിഞ്ഞപ്പോള്‍ കുട്ടികള്‍ കൂടുതലാവാം എന്ന് അവര്‍ വിചാരിക്കുന്നു. 2. അണു കുടുംബത്തിലുള്ള വിശ്വാസത്തകര്‍ച്ച ( പക്ഷേ പുതിയ വലിയ 'ഫാമിലി'യും പ്രായമായ അച്ഛനെയും അമ്മയെയും സഹോദരങ്ങളെയും ഒഴിവാക്കി വലിയ അണുക്കളായിത്തന്നെയാണ്‌ ജീവിക്കുന്നത്‌ എന്ന് കാണാം) 3. അബദ്ധത്തില്‍ സംഭവിക്കുന്നത്‌ (പിന്നതിനെ കളയാന്‍ ഗള്‍ഫിലും മറ്റും മാര്‍ഗ്ഗങ്ങളില്ലാത്തതിന്റെ അഭാവം.)
എന്നാല്‍ ഞാനിതിനെ സമൂഹത്തിലേക്ക്‌ മതത്തിന്റെ മടങ്ങിവരവിന്റെ ഭാഗമായാണ്‌ കാണുന്നത്‌. മിക്ക മുസ്ലീം തീക്ഷ്‌ണവാദികളും കത്തോലിക്ക പോലുള്ള ക്രിസ്‌ത്യന്‍ സഭകളും ഗര്‍ഭഛിദ്രത്തെയും ഗര്‍ഭനിരോധന ഉപാധികളെയും അംഗീകരിക്കുന്നില്ല എന്നുമാത്രമല്ല അത്‌ ദൈവവിരുദ്ധവുമാണെന്ന് പ്രചരിപ്പിക്കുന്നു. അതിലൂടെ തങ്ങളുടെ മതവിഭാഗങ്ങള്‍ക്ക്‌ കൂടുതല്‍ സന്തതികളെ സമ്മാനിക്കാന്‍ പ്രേരിപ്പിക്കുന്നു. സമൂഹത്തെയും സാമൂഹിക വിപത്തിനെയും ഒന്നായി കാണാതെ തങ്ങളുടെ മാത്രം ഇംഗിതത്തിന്‌ അനുസരിച്ച്‌ ജീവിതം ക്രമീകരിക്കാന്‍ പ്രേരിപ്പിക്കുന്ന മത വിഭാഗങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്ക്‌ ഒരു മകുടോദാഹരണമാണിത്‌.
സത്യത്തില്‍ ഇന്ന് ഇന്ത്യനേരിടുന്ന വലിയ വിപത്തുകളില്‍ ഒന്നുതന്നെയാണ്‌ ജനസംഖ്യാവര്‍ദ്ധനവ്‌. മതപ്രീണനത്തിന്റെ ഭാഗമായി രാഷ്ട്രീയപാര്‍ട്ടികള്‍ക്ക്‌ വടക്കേ ഇന്ത്യയില്‍ അത്‌ ഫലപ്രദമായി നടപ്പിലാക്കാന്‍ കഴിഞ്ഞില്ല (അടിയന്താരാവസ്ഥകാലത്തെ പ്രവര്‍ത്തികള്‍ കൂനിന്മേല്‍ കുരു ആവുകയും ചെയ്‌തു) ഇടതുപക്ഷത്തിന്‌ ശക്‌തമായ വേരോട്ടമുണ്ടായിരുന്ന കേരളത്തില്‍ അത്‌ ശക്‌തമായി നടപ്പിലാക്കുകയും ജനങ്ങള്‍ അതിനെ ഒരു കരുത്തായി അംഗീകരിക്കുകയും ചെയ്‌തിരുന്നു. മറ്റുപലതും പോലെ ഇതും കേരളത്തില്‍ നിന്ന് ഒഴിഞ്ഞുപോകുന്നത്‌ ഇടതുപക്ഷത്തിന്റെ അപചയത്തിന്റെ ഭാഗമായി വേണം കാണാന്‍. അവരുടെ വോട്ടുബാങ്ക്‌ ലക്ഷ്യം വച്ചുള്ള പല 'അയവു' നയങ്ങളും കേരളത്തിലെ പല സാമൂഹിക പരിഷ്‌കരണങ്ങളെയും പിന്നോട്ടടിച്ചിട്ടുണ്ട്‌. അതില്‍ ഏറ്റവും ഒടുവിലിതാ കുടുംബാസൂത്രണവും..! സമുഹത്തില്‍ ഒരു മാതൃകാപുരുഷനാവാന്‍ യത്‌നിക്കുന്ന സുരേഷ്‌ ഗോപിയ്ക്ക്‌ അഞ്ചു മക്കളാണുള്ളത്‌. അതില്‍ നമുക്കാര്‍ക്കും ഒരു വൈക്ലബ്യവും തോന്നുന്നില്ല എന്നിടത്താണ്‌ നാം പിന്നോട്ടുപോയ പോക്ക്‌ മനസ്സിലാവുന്നത്‌. നിങ്ങള്‍ക്കെത്ര മക്കള്‍ വേണെമെന്നാണാഗ്രഹം..?!!

52 comments:

  1. നിങ്ങള്‍ക്കെത്ര മക്കള്‍ വേണെമെന്നാണാഗ്രഹം..?!!

    ReplyDelete
  2. ഒരേയൊരു മകള്‍ അപകടത്തില്‍ മരണപ്പെട്ടതിന്നു് ശേഷമാണു് സുരേഷു്ഗോപിക്കു് അഞ്ചു് മക്കളുണ്ടായതു് എന്നു് കൂടി കൂട്ടിവായിക്കുമ്പോഴേ ചിത്രം പൂര്‍ണ്ണമാകൂ..

    ReplyDelete
  3. അല്ല സ്നേഹിതാ, സുരേഷ്‌ ഗോപി പല അഭിമുഖങ്ങളിലും അഭിമാനത്തോടെ പറയുന്ന ഒരു കാര്യം രാധികയെ പെണ്ണുകാണാന്‍ പോയ സംഭവമാണ്‌. എനിക്കുവേണ്ടി ഒത്തിരി കുട്ടികളെ പ്രസവിക്കാമോ എന്നായിരുന്നു അത്രേ സുരേഷ്‌ ഗോപി ആദ്യമായി രാധികയോട്‌ ചോദിച്ചത്‌. അപ്പോള്‍ ഈ കുട്ടികളാധിക്യത്തെ ആദ്യത്തെ കുട്ടിയുടെ മരണവുമായി ചേര്‍ത്തുവായിക്കേണ്ടതില്ല.

    ReplyDelete
  4. പക്ഷേ സുരേഷ് ഗോപി ഇവിടെയൊരു പ്രതീകം മാത്രമല്ലേ?

    ReplyDelete
  5. ഒരാളെപ്പറ്റി, അയാള്‍ എന്തു സാമൂഹ്യപ്രശ്നത്തിലിടപെട്ടാലും, ഇത്തരം പോസ്റ്റുകള്‍ ഇറക്കുന്നത്‌ വ്യക്തിഹത്യയല്ലേ, ബെന്യാമിന്‍ ?

    ശ്രീവിദ്യയെപ്പറ്റിയുള്ള പൊസ്റ്റില്‍ ബെന്യാമിന് ഉദ്ദേശശുദ്ധിയുണ്ടെന്ന് കരുതി. ഈ പോസ്റ്റ്‌ ആ ധാരണ തിരുത്താന്‍ മനപൂര്‍വം ഇറക്കിയതാണോ ?

    ReplyDelete
  6. ഇതു വളരെ പ്രസക്തിയുള്ള വിഷയം തന്നെ.സാധാരണക്കാരന്ന് ഇതു സംഭവിച്ചല്‍ ചിലവിന്നു കഷ്ടത്തിലായതു തന്നെ.

    ReplyDelete
  7. സമൂഹത്തിന് മാതൃകയാവാന്‍ സ്വന്തമായി അനൌപചാരിക വിദ്യാലയമായ സാരംഗ് ആരംഭിച്ച ഗോപാലകൃഷ്ണന്മാഷ്ക്കും അഞ്ചോ അതിലധികമോ മക്കളുണ്ടെന്ന് തോന്നുന്നു.എല്ലാവരും ഒരേ പോലെ ചിന്തിക്കണമെന്നില്ല.പിന്നെ, കുടുമ്പാസൂത്രണം നിര്‍ബന്ധിത പരിപാടിയൊന്നുമല്ലല്ലോ.അതുകൊണ്ട് ബെന്യാമിന്‍,സുരേഷ് ഗോപിയെ വിട്.അയാള്‍ ഒരു പാവം സിനിമാ നടന്‍ .

    ReplyDelete
  8. ബെന്യാമിന്‍, കുടുംബാസൂത്രണത്തെ കുറിച്ചുള്ള കാഴ്ചപാട് നല്ലത് തന്നെ. പക്ഷെ അതിനെ ഇടതു പക്ഷത്തിന്റെ അടവു നയത്തിലുണ്ടായ തകരാറോ, അല്ലെങ്കില്‍ മറ്റു രാഷ്ട്രീയസംഘടനകളുടെ അയവുനയത്തിന്റെ ഭാഗമായോ കാണുന്ന രീതിയോട് എനിക്ക് യോജിപ്പില്ല.കുടുംബാസൂത്രണം ഭംഗിയായി നടത്തുന്നതിനും മറ്റുമായി നമുക്ക് ഒരു വിഭാഗവും അതിന് ഉദ്യോഗസ്ഥരും ഉണ്ട്. അവരാണ് ശരിയായ വിധത്തില്‍ നടത്തിയിട്ടില്ലെങ്കില്‍ ഉത്തരവാദികള്‍.രാഷ്ടീയ സംഘടനകളുടെ ന്യൂനപക്ഷ പ്രീണനം എന്ന ആരോപണം ഈ ഏര്‍പ്പാടില്‍ ഉണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. അതു ചില വര്‍ഗ്ഗീയ പാര്‍ട്ടികളുടെ ആഹ്വാനം ബെന്യാമിന്‍ ഏറ്റെടുത്തിന് തുല്യമാണ്.എന്നാല്‍ മതങ്ങള്‍ക്ക് പങ്കുണ്ട് താനും. ഈയടുത്ത് ക്രിസ്ത്യന്‍സഭയുടെ ഒരു മേധാവി പറഞ്ഞതുമായി കൂട്ടി വായിക്കുക.ഉന്നത വിദ്യാഭ്യാസ പുരോഗതി കൈവരിച്ചിട്ടും മതങ്ങളെ പിന്നോക്കം നടത്തിക്കുന്ന മത പുരോഹിതന്‍‌മാര്‍ ആണ് ഇതിന് ഉത്തരവാദികള്‍.
    പിന്നെ എന്തെഴുതിമ്പോഴും ആരെയെങ്കിലും ഉദാ‍ഹരണമായി ചൂണ്ടികാണിച്ച് വ്യക്തി ഹത്യ ചെയ്യുന്ന ഏര്‍പ്പാട് നല്ലതായി തോന്നുന്നില്ല.കാരണം കുടുംബാസൂത്രണം ഒരു നിര്‍ബന്ധിത ഏര്‍പ്പാടല്ല. ബെന്യാമിന് എത്ര സഹോദരങ്ങളുണ്ട് എന്ന് ഞാന്‍ പറയുന്നത് പോലെ തന്നെ പരിഹാസ്യമാണത്.പൊതുജന സേവകരായ പലര്‍ക്കും ഒന്നില്‍ കൂടുതല്‍ മക്കളുണ്ട്.അതു കൊണ്ട് അവര്‍ക്കാര്‍ക്കും പൊതുജന സേവനത്തിനിറങ്ങാന്‍ യോഗ്യത ഇല്ലെന്ന് പറയുന്നത് തികച്ചും അംസബന്ധമാണ്.(കൃതിയില്‍ സുരേഷ് ഗോപി ഒരു ഉദാഹരണം മാത്രമാണെങ്കിലും അത് കൃത്യം തറക്കുന്നത് സുരേഷ് ഗോപിയില്‍ തന്നെയാണ്.സുരേഷ് ഗോപി ഒരു പ്രതീകം മാത്രമല്ല എന്ന് ബെന്യാമിന്റെ രാല്‍മിനോവിനുള്ള മറുപടിയില്‍ തെളിയുന്ന സ്ഥിതിക്ക്....)ഇവിടെ ബൂലോഗത്ത് തന്നെ വിദ്യാഭ്യാസവും വിവരവുമുള്ളവര്‍ക്കെല്ലാം ഒന്നില്‍ കൂടുതല്‍ മക്കളുണ്ട്. അതുകൊണ്ട് അവരൊക്കെ ബെന്യാമിന്‍ ഉദാഹരിക്കപ്പെട്ട സുരേഷ് ഗോപിയുടെ വിഭാഗത്തില്‍ വരുന്നു എന്ന അപഹാസ്യതയും ബെന്യാമിന്‍ കാണണം.

    ഉദാഹരണങ്ങള്‍ ഒഴിവാക്കിയിരുന്നെങ്കില്‍ ഈ കൃതി നന്നാകുമായിരുന്നു.

    ഓ:ടോ:എന്തെഴുതിയാലും വിവാദമുണ്ടാക്കണമെന്ന് ഒരു നിര്‍ബന്ധം ബെന്യാമിന് ഉണ്ടെന്ന് തോന്നുന്നു.

    ReplyDelete
  9. പുതിയ തലമുറയില്‍ കുട്ടികളേ വേണ്ട എന്നാഗ്രഹമുള്ള വരും ഉണ്ട്.തങ്ങള്‍ക്ക് എത്ര മക്കള്‍ വേണം എന്നുള്ളത് തീരുമാനിക്കാനുള്ള അവകാശം അവര്‍ക്കു തന്നെയാണ്.

    ReplyDelete
  10. സുരേഷ് ഗോപി ഒരു പ്രതീകം മാത്രമാണെന്ന് ബെന്യാമിന്‍ ആദ്യവരിയില്‍ പറഞ്ഞിട്ടുണ്ടല്ലോ ദിവൂ....

    ഇന്നത്തെ പുരഷന്മാരില്‍ 50% ഈ ടൈപ്പ് ആയാല്‍ 10 കൊല്ലം കൊണ്ട് ശ്വാസം വിടാനാകുമോ കേരളത്തില്‍? ഇതെല്ലാം നിയമം മൂലം നിരോധിക്കേണ്ട കാലം അതിക്രമിച്ചു:

    പ്രതീകം ആണെങ്കിലും; സുരേഷ് ഗോപിയുടെ പെണ്ണുകാണല്‍ ചടങ്ങിലെ ചോദ്യം ഞാന്‍ കേട്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും സ്ത്രീവിരുദ്ധമായ ഒന്നാണ്.

    ReplyDelete
  11. തുലാവര്‍ഷം ഒന്നു കനത്തു പെയ്താല്‍, അതു മത പ്രീണനവും, ന്യൂനപക്ഷ വിരുദ്ധവും ആണെന്നുള്ള തരത്തിലുള്ള വിവാദങ്ങളാണല്ലോ ഇക്കാലത്ത് നടക്കുന്നത്. ഈ പോസ്റ്റ് എനിക്ക് ഒട്ടും ഇഷ്ടപ്പെട്ടില്ല. ( നല്ലതല്ല എന്നതിനര്‍ത്ഥമില്ല, എന്റെ കാര്യം മാത്രമാണു ഞാന്‍ പറഞ്ഞത്)

    എനിക്കു രണ്ടു മക്കളുണ്ട്, അത്ര മതി, ഇത്ര വേണമെന്നും കരുതിയിരുന്നു. കല്യാണം കഴിഞ്ഞ് രണ്ടര വര്‍ഷത്തില്‍ 2 മക്കളായി;) (ഗ്യാപുകുറച്ചു കുറഞ്ഞുവെന്ന് എനിക്കും തോന്നിയിട്ടുണ്ട്)

    2 കുട്ടികള്‍ വേണമെന്നു ഞാനാലോചിച്ചത്, അന്യം നിന്നു പോകുന്ന നായര്‍ സമുദായത്തിലേക്കോ, എന്‍.എസ്.എസ് ലേക്കോ രണ്ടു മെമ്പറെ ചേര്‍ക്കാനല്ല, എനിക്കു താലോലിക്കാന്‍, വളര്‍ത്താന്‍, വലുതായാല്‍ എന്നെയും ഭാര്യയേയും സംരക്ഷിക്കാന്‍ രണ്ടു കുട്ടികള്‍ വേണം, അത്രതന്നെ.

    രണ്ടു കുട്ടികള്‍ ആയ ശേഷം ഉടനെ തന്നെ പെര്‍മനെന്റ് കുടുംബാസൂത്രണ സാധ്യതകളെപ്പറ്റി ഡോക്ടറോട് ചോദിച്ച് നോക്കൂ.. അവര്‍ പോലും നിരുത്സാഹപ്പെടുത്തും. ആദ്യത്തെ കുട്ടിക്കെ 5 വയസ്സാവാതെ അതു വേണ്ടെന്ന്‍ അവരുപദേശിക്കും.

    അപ്പോ, ഇതൊക്കെ ഓരോ വ്യക്തിയുടേയും ഫണ്ടമെന്റല്‍ റൈറ്റ്സ് ആയിട്ടെടുത്തുകൂടെ.

    മുള്ളിയതിലും മുക്കിയതിലും വര്‍ഗീയതയും, വിഭാഗീയതയും, വിവാദങ്ങളും സൃഷ്ടിക്കാനുള്ള കാണുന്ന നമ്മുടെ ത്വരയാണു , മനോഭാവമാണു മാറേണ്ടത്.

    ആശംസകള്‍

    ReplyDelete
  12. എന്റെ പൊന്നു സങ്കുചിതന്‍ മാഷേ, കേരളത്തില്‍ ബര്‍ത്ത് റേറ്റ് വളരെ പെട്ടെന്ന് താഴോട്ട് പോയ്ക്കൊണ്ടിരിക്കുവാണ്. കേരളാ ഗവണമെന്റി‍ന്റെ പോപ്പുലേഷന്‍ സ്റ്റാറ്റിസ്റ്റിക്സ് ദയവായി വായിച്ചു നോക്കൂ..കുറച്ചു കാലം കഴിഞ്ഞാല്‍ കൂടുതല്‍ കുഞ്ഞുങ്ങള്‍ വേണമെന്ന് വല്ലോം നിയമനിര്‍മ്മാണം നടത്തേണ്ടി വരും കേരളത്തില്‍.

    അതിലെന്തു സ്തീവിരുദ്ധം എന്റെ മാഷേ? കുഞ്ഞുങ്ങളെ പ്രസവിക്കുന്നതിനെക്കുറിച്ച് ചോദിക്കുന്നത് സ്തീവിരുദ്ധമാണൊ? ചുമ്മാ ഒരു ഫാഷന് സ്ത്രീവിരുദ്ധം എന്ന് എല്ലാരും കൂടി പറഞ്ഞ് പറഞ്ഞ് ഇപ്പൊ ശരിക്കും ഏതാ സ്ത്രീവിരുദ്ധം എന്നുപോലും ആളൊള്‍ക്ക് മനസ്സിലാവണില്ലല്ലൊ...എന്നാല്‍ ഒരു പെണ്ണിന്റെ സൌന്ദര്യം നോക്കി കല്ല്യാണം കഴിക്കുന്നതും ഒക്കെ സ്ത്രീ വിരുദ്ധം ആണ്. എല്ലാരും വളരെ കറുത്ത തടിച്ച മുഖം നിറയേ രോമമുള്ള സ്തീകളെ നോക്കിയാണല്ലൊ കല്ല്യാണം കഴിക്കുന്നത്. മിക്കവരുടേയും ഏറ്റവും പൊള്ളയായ വാ‍ദങ്ങളില്‍ ഒന്നാണ് അവരവരുടെ സ്തീപക്ഷ വാദം എന്ന് എനിക്കെപ്പോഴും തോന്നിയിട്ടുണ്ട്.

    സുരേഷ് ഗോപിക്ക് കുഞ്ഞുങ്ങളെ പഠിപ്പിക്കാനും ആഹാരം കൊടുക്കാനും ത്രാണിയുണ്ടെങ്കില്‍ അത് അദ്ദേഹത്തിന്റെ ഇഷ്ടം.. പിന്നേ, പിന്നേ, കൂടുതല്‍ കുഞ്ഞുങ്ങളെ പ്രസവിക്കുന്നതുകൊണ്ടാണല്ലൊ നമ്മുടെ നാട് കുട്ടിചോറാകുന്നത്. അല്ലാണ്ട്, കൊടുക്കണ റ്റാക്സ് ഒക്കെ വെട്ടിക്കുന്നതുകൊണ്ടല്ലല്ലോ.

    കുടുമ്പാസൂത്രണത്തെക്കുറിച്ച് അറിവില്ലാത്തവരെ തീര്‍ച്ചയായും ബോധവല്‍ക്കരിക്കണം എന്ന് തന്നെയാണ് എന്റെ പക്ഷം. കാരണം പാവപ്പെട്ടാ വിദ്യാഭ്യാസമില്ലാത്തവരാണ് സ്റ്റാറ്റിക്കിലി നോക്കിയാല്‍ ഇതൊന്നും ചെയ്യാത്തത്.

    പക്ഷെ അതു പറഞ്ഞ് നിയമ നിര്‍മ്മാണം നടത്താന്‍... ഞാന്‍ ദേ പത്ത് സെകണ്ട് മുന്‍പ് കൂടി നോക്കിയപ്പൊ നമ്മുടെ രാജ്യം ഒരു ജനാധിപത്യമാണ്!

    ReplyDelete
  13. ബെന്യാമിന്‍ സുരേഷ് ഗോപിയെപ്പറ്റി മോശം വിചാരിച്ചെഴുതിയതാവില്ല. പക്ഷേ, സുരേഷ് ഗോപി കാരണം ചര്‍ച്ച മുന്നോട്ടു പോകുന്നുണ്ട്. :-))

    പോസ്റ്റിന്റെ വിഷയം നല്ലതാണ്. പക്ഷേ, “പ്രവാസികളുടെ ഇടയില്‍, രണ്ടില്‍ കൂടുതല്‍ കുട്ടികള്‍ ഉണ്ടാകുന്ന പ്രവണത തുടങ്ങിയിരിക്കുന്നു“ എന്നു പറയുന്നിടത്ത് പ്രവാസിയല്ലാത്ത സുരേഷ് ഗോപിയെ വലിച്ചിട്ടത് ശരിയായില്ലെന്നാണെന്റെ തോന്നല്‍.

    അദ്ദേഹവുമായി ബന്ധപ്പെട്ട ആളുകള്‍ ഇത്തരം പോസ്റ്റുകളൊക്കെ വായിക്കുകയോ അദ്ദേഹത്തിന്റെ ശ്രദ്ധയില്‍ ഇതൊക്കെ പെടുകയോ ചെയ്താല്‍... (അദ്ദേഹം എന്നു പറയുന്നതു കൊണ്ട്, ഞാന്‍ സുരേഷ് ഗോപിയുടെ ഫാനാണെന്നൊന്നും തെറ്റിദ്ധരിക്കല്ലേ)

    ഇനി, പ്രവാസികളുടെ ഇടയില്‍ അങ്ങനെയൊരു പുതിയ പ്രവണത ഉണ്ടെന്ന് പറയുന്നത് ശരിയാണോ ? ഡെല്‍ഹിയിലും അമേരിക്കയിലുമുള്ള മലയാളികളുടെ ഇടയില്‍ അത്തരമൊരു trend കണ്ടിട്ടില്ല.

    സങ്കു പറഞ്ഞത് ശരിയാണ്. ആവശ്യത്തിന് റിസോഴ്സ് ഇല്ലാതെ ധാരാളം മനുഷ്യര്‍ ‘പട്ടിണി’ കിടക്കുന്നിടത്ത് അഞ്ചുകുട്ടികളെയും കൊണ്ട് ഓരോരുത്തര്‍ വരാന്‍ തുടങ്ങിയാല്‍... ചുറ്റിപ്പോകുകയേ ഉള്ളൂ. എന്റെ അറിവില്‍, പല പ്രവാസികള്‍ക്കും ഒന്നോ രണ്ടോ കുട്ടികളെത്തന്നെ ആവശ്യത്തിന് ശ്രദ്ധ കൊടുത്ത് നോക്കിവളര്‍ത്താന്‍ കഴിയുന്നില്ല. ബേബി സിറ്റിംഗ് പ്രശ്നം കാരണം രണ്ടാമതൊരു കുട്ടി വേണ്ടെന്ന് വച്ച ഒരു ഫാമിലി എന്റെ അകന്ന ബന്ധുക്കളാണ്.

    ബെന്യാമിന്‍ - ഞാനായിട്ട് കണ്‍ഫ്യൂഷന്‍ ഉണ്ടാക്കിയെങ്കില്‍, അത് ക്ലിയര്‍ ചെയ്തുവെന്ന് സമാധാനിക്കുന്നു.

    :)

    ReplyDelete
  14. This comment has been removed by a blog administrator.

    ReplyDelete
  15. സുരേഷ് ഗോപി രാധികയോട് ചോദിച്ച ആ ചോദ്യം എനിക്കിഷ്ടമായി. എല്ലാ വാരികകളിലും, മാസികകളിലും ആ ചോദ്യം, അവരുടെ കുടുംബവിശേഷത്തിന്റെ കൂടെ വരാറുണ്ടായിരുന്നു. അതില്‍ ഒരു തെറ്റും ഞാന്‍ കണ്ടില്ല. നിന്റെ വീട്ടുകാര്‍ എനിക്കെന്ത് തരും എന്ന് ഒരു കാമുകന്‍ കാമുകിയോട് ചോദിക്കുന്നതാണ് തെറ്റായിട്ട് എനിക്ക് തോന്നുന്നത്. പലരും, പെണ്ണിന്റെ സൌന്ദര്യവും, വീട്ടുകാരുടെ സ്വത്തും, കിട്ടാന്‍ പോകുന്ന വസ്തുക്കളും ഒക്കെ കണ്ടിട്ട് തന്നെയാണ് കല്യാണത്തിനു പുറപ്പെടുന്നത്. അല്ലെങ്കില്‍, പല കാര്യങ്ങളും മുന്‍‌കൂട്ടി തീരുമാനിക്കും.

    പിന്നെ, കുട്ടികള്‍ എത്ര വേണം എന്ന് തീരുമാനിക്കേണ്ടത് ദമ്പതികള്‍ ആണ്. സര്‍ക്കാരല്ല. സുരേഷ് ഗോപിയ്ക്ക് അഞ്ച് മക്കള്‍ ഉണ്ടെങ്കില്‍ അത് അയാളുടെ കാര്യം. അയാളും അയാളെപ്പോലുള്ള മറ്റുള്ളവരും‍, കുട്ടികള്‍‍ക്ക് വിദ്യാഭ്യാസത്തിനും, ജീവിതത്തിനും ഉള്ളത് സ്വയം കണ്ടുവെച്ചിട്ടുണ്ടാകും. പട്ടിണിയും, ജോലിയില്ലാതെ നടക്കേണ്ടിവരുന്നതും ഒക്കെ ഓര്‍ത്താണ് സര്‍ക്കാര്‍, ജനങ്ങളോട് സന്താനനിയന്ത്രണം ഏര്‍പ്പെടുത്താന്‍ പറയുന്നത്. കുട്ടികള്‍ക്ക് നല്ല വിദ്യാഭ്യാസവും, ജീവിതവും കൊടുക്കാന്‍ കഴിയുന്നവര്‍ക്ക് എത്ര കുട്ടികള്‍ ആയാലും കുഴപ്പമില്ല. കുട്ടികള്‍ കുറേ ആവുകയും, ജീവിക്കാന്‍ വകയില്ലാതെ ആവുകയും ചെയ്യുന്നതാവും സര്‍ക്കാരിന് തലവേദന.

    സുരേഷ്‌ഗോപി, ജനനന്മയ്ക്ക് വേണ്ടി സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന്, അയാളുടെ കഴിവിനൊത്തവണ്ണം പ്രവര്‍ത്തിക്കുന്നുണ്ടാകും. അതിനര്‍ത്ഥം അയാള്‍ക്കെത്ര കുട്ടികള്‍ വേണം, അവരെയെങ്ങനെ പോറ്റണം എന്ന് സര്‍ക്കാരും അന്യന്മാരും തീരുമാനിക്കേണ്ടതില്ല. സുരേഷ്ഗോപിയുടെ കാര്യം മാത്രമല്ല. ഓരോ ജനങ്ങളുടേയും കാര്യം ഇതു തന്നെ. പട്ടിണിപ്പാവങ്ങള്‍ ആയി തെക്കും വടക്കും നടന്ന്, അന്യരെ ദ്രോഹിച്ച്, അക്രമവാസനയുമായി നടക്കുന്നവരെക്കണ്ടാവും, സര്‍ക്കാരിന് നിയന്ത്രണം വേണമെന്ന് തോന്നുന്നത്. അല്ലാതെ, കുടുംബാസൂത്രണത്തില്‍ സര്‍ക്കാരിന് വേറെ താല്പര്യം ഒന്നുമില്ല. നിങ്ങള്‍ക്ക് പോറ്റാന്‍ കഴിയുമെങ്കില്‍, എത്രയും ആവാം എന്നാവും നിലപാട്. അക്കാര്യത്തില്‍ മതവും ജാതിയും ഒന്നും ഇല്ല. സുരേഷ് ഗോപിയും, അതുപോലുള്ളവരും രാഷ്ട്രീയത്തില്‍ ഇറങ്ങുമ്പോള്‍ വോട്ട് കിട്ടാന്‍ വേണ്ടിയാണോ, കുട്ടികള്‍ കൂടുതല്‍ ആയേക്കാം എന്ന് വെച്ചത്?

    എന്താ ഇതൊക്കെ?

    “നാം രണ്ട്. നമുക്ക് വേണ്ടേ പന്ത്രണ്ട്?” എന്നായാല്‍ ഇപ്പോ എന്താ കുഴപ്പം?

    അല്ല പിന്നെ.

    ReplyDelete
  16. ബെന്യാമിനേ.. പണ്ട്‌ പറയുമായിരുന്നു, തീവണ്ടി പാതയുടെ ഇരുവശവുമുള്ള ചേരികളിലേ ദമ്പതികള്‍ക്ക്‌ കുട്ടികള്‍ അനിയന്ത്രിതമായ രീതിയില്‍ പെരുകുന്നു എന്നു. ഇതിന്റെ ഗുട്ടന്‍സിനെ കുറിച്ച്‌ ചിലര്‍ പഠനം വരെ നടത്തി.

    സുരേഷ്‌ ഗോപിയേ ചാരിയതിലും ഭേദം ഈ ചേരിയില്‍ ചാരി ഇതെഴുതുകയായിരുന്നു.

    അല്ല പിന്നെ..

    ReplyDelete
  17. ബെന്യാമീന്‍ പറയുന്നതല്ല ഇപ്പോഴത്തെ ട്രെന്റ് . കുട്ടികളേ വേണ്ട എന്നാണ് ഇപ്പോഴത്തെ പുതു ദമ്പദികളുടെ ലൈന്‍ .

    കുട്ടികള്‍ എത്ര വേണം എന്നതൊക്കെ തിരുമാനിക്കുന്നത് ഒരോരുത്തരുടേയും മൌലീക അവകാശമാണ്. അതില്‍ ഗവര്‍ണ്മെന്റ് ഒന്നും ഇടപെടേണ്ട ആവശ്യമില്ല. മുന്‍പ് ഇന്‍ഡ്യയുടെ manpower-നെ ശാപം ആയി കണ്ടിരുന്ന ഗവര്‍ണ്മെന്റ് ഇന്നു അത് ഒരു അനുഗ്രഹം ആയാണ് കരുതുന്നത്. മക്കള്‍ എത്രയായാലും വളര്‍ത്താന്‍ കഴിവുള്ളവര്‍ അത് ചെയ്യട്ടെ. അതിലെന്താണ് തെറ്റ്.

    അതിനേക്കാള്‍ പ്രാധാന്യം ഉള്ളത് “സ്ത്രീധനം“ പോലുള്ള വിഷയങ്ങളാണ്. മറ്റുള്ള എല്ല വിഷയങ്ങളിലും ആദര്‍ശം പറയുന്ന പലരും സ്വന്തം കല്യാണത്തിന്റെ കാര്യം വരുമ്പോള്‍ 25,ഉം 50ഉം, 75ഉം ലക്ഷം ഒക്കെ ഒരു മടിയും കൂടാതെ വാങ്ങിക്കും. ബെന്യാമിന്‍ പറയുന്ന സഭയും/ ജാതി സംഘടനകളും അതിനു ചൂട്ടു പിടിച്ചു കൊടുക്കുകയാണ്. അതിനെതിരെയാണ് എല്ലാവരും ശബ്ദിക്കേണ്ടത്.

    ഞാന്‍ എന്റെ വീട്ടില്‍ ഒരു അഞ്ചാറു പേര്‍ മക്കളായി ഉണ്ടായി ഇരുന്നാല്‍ എത്ര നന്നായിരുന്നു എന്നാഗ്രഹിച്ചിട്ടുണ്ട്. എന്നാല്‍ എന്തു രസമായിരുന്നു. ഒന്നുമില്ലെങ്കില്‍ അടിയെങ്കിലും കൂടാമായിരുന്നു:) എന്റെ മനസ്സില്‍ ഉള്ളതും വലിയ ഒരു സംഖ്യയാ. പക്ഷെ ഇപ്പോള്‍ പറയില്ല. :).

    ReplyDelete
  18. സുരേഷ്‌ ഗോപി ജനനായകനോ റോള്‍ മോഡലോ ആണെന്ന് അദ്ദേഹത്തിന്റെ സിനിമ കണ്ട്‌ കയ്യടിക്കുന്നവര്‍ പോലും കരുതുമെന്ന് തോന്നുന്നില്ല.

    എത്ര കുട്ടികള്‍ എന്നത്‌ കുടുംബത്തിനെപ്പോലെ രാഷ്ട്രത്തിന്റെയും ലോകത്തിന്റെയും തീരാ തലവേദനയാണ്‌ എന്നതിനാല്‍ അവനവന്‍ തീരുമാനിക്കും സര്‍ക്കാരാരാ ചോദിക്കാന്‍ എന്ന നിലപാട്‌ ആശാസ്യവുമല്ല.വിശദീകരിക്കാം (ഡെമോഗ്രഫിക്ക്‌ ബാലന്‍സിന്റെ സങ്കീര്‍ണ്ണ വശങ്ങളിലേക്ക്‌ കടന്ന് ആളുകളെ ബോറടിപ്പിക്കാതെ പ്രത്യേകം ശ്രദ്ധിക്കാം)

    1. ഇന്ത്യ സ്വാതന്ത്ര്യം നേടിയതിനു ശേഷം ഫൂഡ്‌ പ്രൊഡക്ഷന്‍ മൂന്നിരട്ടിയാക്കി വര്‍ദ്ധിപ്പിക്കാന്‍ കഴിഞ്ഞു. എന്നാല്‍ ജന സംഖ്യയും മൂന്നിരട്ടി ആയതിനാല്‍ പട്ടിണി, പരിവട്ടം ഒക്കെ കളഞ്ഞ്‌ സുന്ദരക്കുട്ടന്മാരായി എക്സ്പോര്‍ട്ട്‌ നടത്തേന്റിയിരുന്ന നമ്മല്‍ ഇന്നും തെങ്ങില്‍ തന്നെ. ലോകത്തിന്റെ മൊത്തം ജനസംഖ്യയും ഉയരുകയാണ്‌, ക്ഷാമം, ചികിസ്ലയില്ലായ്മ എന്നിവയിലേക്ക്‌ ഇവ ലോകത്തെ നയിക്കുന്നു.

    2. വനം കയ്യേറ്റം, പരിസ്ഥിതി, മലിനീകരണം, കാര്‍ഷികയിടങ്ങള്‍ വാസസ്ഥലങ്ങളായി മാറല്‍ ഇവയെല്ലാം ജനപ്പെരുപ്പത്തിന്റെ കൂടി ഫലങ്ങളാണ്‌.

    3. വികസിത രാജ്യങ്ങളിലും സാമ്പത്തികമായി മുന്നോക്കം നില്‍ക്കുന്ന കുടുംബങ്ങളിലും ജനപ്പെരുപ്പം ഇല്ലാതെയോ ജനസംഖ്യ കുറഞ്ഞോ ആണ്‌ വരുന്നത്‌. എന്നാല്‍ ഇന്ത്യയില്‍ മുഴുവന്‍ ജനസംഖ്യയുടെ 35 ശതമാനം കുട്ടികളാണ്‌! ഇവര്‍
    വര്‍ദ്ധിച്ച്‌, ശരിയായ സംരക്ഷണമോ ആവശ്യത്തിനു വിദ്യാഭ്യാസമോ ചെയ്യാന്‍ തൊഴിലോ ഇല്ലാതെ വീണ്ടും വര്‍ദ്ധിച്ച്‌ class difference കൂടിക്കൊണ്ടേയിരിക്കുന്നു. [പത്തു സെന്റ്‌ കൃഷിയിടമുള്ള ഒരുത്തന്‍ കെട്ടി അഞ്ചു പിള്ളേരെ ഉണ്ടാക്കുന്നു, നടക്കാന്‍ പ്രായമാകുമ്പോഴേക്ക്‌ കാളകള്‍ക്കൊപ്പം വയലില്‍ ഇറക്കുന്നു. അയാള്‍ മരിക്കുമ്പോള്‍ കുട്ടികള്‍ക്കെല്ലാം ഈരണ്ട്‌ സെന്റ്‌ കൃഷി സ്ഥലം പിതൃസ്വത്ത്‌, അവര്‍ വിവാഹം ചെയ്ത്‌ ഉണ്ടാകുന്ന അയ്യഞ്ചിനു അര സെന്റ്‌. ശേഷമുള്ള തലമുറ ഗോവിന്ദ ബോല്‍ വിളിച്ച്‌ പാത്രമെടുത്ത്‌ ഇറങ്ങാം. ഇതിനെ വിഷ്യസ്‌ സര്‍ക്കിള്‍ ഓഫ്‌ പോവര്‍ട്ടി എന്നു പറയുന്നു. ദാരിദ്ര്യം ജനപ്പെരുപ്പം ഉണ്ടാക്കി ദാരിദ്ര്യത്തെ പരിപോഷിപ്പിക്കുന്ന ജാലം]

    4. ഷിജു പറഞ്ഞ മാന്‍ പവര്‍ പ്രശ്നത്തിന്റെ ശരിയായ വശം ഇതാ. ഇന്ത്യന്‍ ജനസംഖ്യയില്‍ പകുതിക്കും [44%]എഴുത്തും വായനയും അറിയില്ല. എറ്റവും വലിയ വര്‍ദ്ധനവും അവര്‍ക്കിടയില്‍. 3 ശതമാനം ആളുകളേ ഡിഗ്രീ വരെ പഠിചിട്ടുള്ളു. 4 ശതമാനം ആളുകളേ തൊഴില്‍ പരിശീലനങ്ങള്‍ പാര്യമ്പര്യമായി കിട്ടുന്നതല്ലാതെ പഠിചിട്ടുള്ളു. ഇവര്‍ വര്‍ദ്ധിക്കേണം, അതിനു മിച്ചമുള്ള 95 ശതമാനത്തില്‍ എത്രയോ കോടി ആളുകളുണ്ട്‌.

    ReplyDelete
  19. ഇവിടെ പലരും സൂചിപ്പിച്ചതുപോലെ ഒരു കുഞ്ഞുങ്ങള്‍ എത്ര വേണമെന്നത് ഓരൊ വ്യക്തിയുടെയും തീരുമാനവും അവകാശവും ആണെന്നിരിക്കെ സൂ വിന്റെ കമന്റിലെ ഒരു വരിയോട് എന്റെ വിയോജിപ്പ് കൂടെ കുറിക്കുന്നു. വ്യക്തികള്‍ക്കു സ്വതന്ത്ര്യം ഉണ്ടെങ്കിലും ഒരു സമൂഹമെന്ന നിലയ്ക്കു അതില്‍ കൈ കടത്താനുള്ള സ്വതന്ത്ര്യം സര്‍ക്കാരിനുമില്ലേ?. സമൂഹത്തില്‍ അനിയന്ത്രിതമായി ജനസംഖ്യ വറ്ദ്ധിച്ചാല്‍ അതില്‍ സര്‍ക്കാര്‍ ഇടപെടല്‍ അനിവാര്യം തന്നെ. പക്ഷെ ഭാരതം പോലെ ഒരു ജനധിപത്യരാജ്യത്തില്‍ ഇക്കാര്യം അടിച്ചെല്‍പ്പിക്കന്‍ കഴിയില്ല പക്ഷെ സമൂഹം അതു തിരിച്ചറിയുകയും അതനുസരിച്ച് പെരുമാറുകയുമാണ്‍ വേണ്ടതു.
    ഇഞ്ചിപ്പെണ്ണ് പറഞ്ഞ സ്റ്ററ്ററ്റിക്സ്, കേരളത്തില്‍ ജില്ലാടിസ്ഥാനത്തില്‍ ഒന്നു നോക്കുക അപ്പോള്‍ ശ്രീ ബെന്യമിന്‍ പറഞ്ഞ ഈ വരികളുടെ സത്യ സ്ഥിതി ബോധ്യമാകും :-
    “ആദ്യം ഉപേക്ഷിച്ചത്‌ സര്‍ക്കാര്‍ തന്നെയാണ്‌. അല്ലെങ്കില്‍ രാഷ്ട്രീയപാര്‍ട്ടികള്‍. (അവര്‍ക്കത്‌ പല ന്യൂനപക്ഷതാത്‌പര്യങ്ങളും സംരക്ഷിക്കുക എന്നൊരു സ്ഥാപിത താത്‌പര്യത്തിന്റെ ഭാഗമായിരുന്നു എന്നു കാണാം).
    ഇവിടെ ഒരു വിഭാഗത്തെ മാത്രം മനപ്പൂര്‍വം കുറ്റം പറയുകയാണെന്നു കരുതരുത്. കേരളത്തിലെ ചില ജില്ലകളിലെ ജനസംഖ്യാ വര്‍ധനവിനെ പറ്റി സംസാരിക്കവെ എന്റെ ഒരു സുഹൃത്തിനോട് പറഞ്ഞത് ദൈവം തരുന്നതു വേണ്ടന്നു വയ്ക്കാന്‍ നമുക്കവകാശമില്ല എന്നാണ്‍. പണ്ട് നമ്മുടെ അപ്പൂപ്പന്മാര്‍ക്ക് 9 ഉം 10 മക്കളില്ലായിരുന്നൊ അവര്‍ ജീവിച്ചില്ലെ നിങങള്‍ക്ക് 5 മക്കല്‍ ഉണ്ടെങ്കില്‍ നിങ്ങള്‍ എങിനെയും അവരെ വളര്‍ത്തില്ലെ എന്നൊക്കെ യാണ്‍. 2 കുട്ടികളെ വളര്‍ത്റ്റാനുള്ള സമ്പത്തെ എനിക്കുള്ളു എങ്കില്‍ ആ സമ്പത്ത് കൊണ്ടെ 5 മക്കളെ വളര്‍ത്തുമ്പോള്‍ ഞാ‍ന്‍ ആശിച്ച തരത്തില്‍ അവരെ വളര്‍ത്താന്‍ കഴിയില്ല എന്ന കാര്യം അവര്‍ അംഗീകരിക്കുന്നതെയില്ല.
    ഉള്ള കുട്ടികളെ നേരാം വണ്ണം വളര്‍ത്തുകയാണ്‍ നല്ലതു. അല്ലാതെ മറ്റു ചില “സ്വാര്ത്ഥ് താല്‍പ്പര്യങ്ങ്ല്ക്കു“ വേണ്ടി മാത്രം പിള്ള്ലാരെ ഉല്‍പ്പാദിപ്പിക്കുകയല്ല വേണ്ടതു.

    ഇനി സുരേഷ് ഗോപിയുടെ കാര്യം :- വിവാഹാ‍ലോചനാ വേളയില്‍ അദ്ദേഹം അങ്ങിനെ ചോദിച്ചിരിക്കാം. പക്ഷെ അതിന്‍ ശേഷം ലക്ഷ്മി മോളുടെ മരണം തന്നെയാണ്‍ സുരേഷ് ഗോപിയുടെ പിന്നീടുള്ള തീരുമാനങങള്‍ക്ക് കാരണം എന്നാണ്‍ എനിക്കറിയാന്‍ കഴിഞ്ഞത്. ‍

    ReplyDelete
  20. ബെന്യാമിന്റെ ലേഖനത്തിന്റെ പ്രാധാന്യം ഇവിടെ വന്ന ചില കമന്റുകളിലൂടെ തന്നെ വ്യക്തമാകുന്നു.
    പോറ്റാന്‍ വകുപ്പുള്ളതു കൊണ്ട് എനീക്കു ഒരു പത്തു പതിനഞ്ചെണ്ണം ആകാമെന്നും അതു കൊണ്ടു സമൂഹത്തിനു കുഴപ്പമൊന്നും വരില്ലെന്നു വിവരവും വിദ്യാഭ്യാസവുമുള്ളവര്‍ കരുതുകയാണെങ്കില്‍ ...
    പണ്ടെന്നോ വായിച്ച ഒരു കഥ ഓര്‍മ്മ വന്നു. ചുരുക്കമെത്രയേ ഒള്ളൂ. ഒരു സമ്പന്നനും അയാളുടെ ഭാര്യക്കും തമ്മിലുള്ള സ്വരചേര്‍ച്ച കൊണ്ട് മക്കളൊന്നുമുണ്ടാകുന്നില്ല, അയല്‍വാസിക്ക് ദിനം ഭക്ഷണത്തിനു വകുപ്പില്ലെങ്കിലും അയാളുടെ ഭാര്യം കൊല്ലം കൊല്ലം പ്രസവിക്കുന്നു.
    കുടുംബാസൂത്രണ വകുപ്പിലെ ഉദ്യോഗസ്ഥരെ കുറ്റം പറഞ്ഞിട്ടു കാര്യമില്ല. സര്‍ക്കാരിനു താല്പര്യമുണ്ടെന്കിലേ അവര്‍ക്കു ചൂടുണ്ടാകൂ.

    സുരേഷ് ഗോപി ഒരു ജനനായകനോ മോഡലോ എന്തു കുന്തമായാലും അങ്ങേരുടെ ഇന്റര്‍വ്യൂവില്‍ അഞ്ചും ആറും പിള്ളേരുള്ളതു പൊക്കി പറയുന്നതു കാണുമ്പോള്‍ അതു കണ്ടുകൊണ്ടിരിക്കുന്ന സീരിയല്‍ ജനതക്ക് അതൊരു നല്ല കാര്യമായല്ലേ തോന്നുക. പിന്നെ പണ്ട് വീട്ടില്‍ നിറയെ പിള്ളേരുണ്ടായിരുന്നതിന്റെ നൊസ്റ്റാള്‍ജിക് കഥകളും.

    പണ്ട് കാലത്ത് കുടുംബാസൂത്രണത്തിന്റെ പരസ്യത്തിലായിരുന്നു നിരോധ്, ഇന്നത് എയിഡ്സ് വരാതിരിക്കാനല്ലേ ഉപയോഗിക്കുന്നത്

    ReplyDelete
  21. മനോരമയെപ്പോലെ ഒരു വാര്‍ത്ത അല്ലെങ്കില്‍ ഒരു പോസ്റ്റിലേക്ക് എങ്ങനെ ആളുകളെ എത്തിക്കണം എന്ന് ബന്യാമിന്‍ നമ്മോട് പറയുന്നു.
    വിഷയം ജനപ്പെരുപ്പമാണോ ന്യൂനപക്ഷപ്രീണനമാണോ അതോ സുരേഷ്ഗോപിയുടെ സന്താനോല്‍പ്പാദനശേഷിയാണോ എന്ന് വായിക്കുന്നയാള്‍ക്ക് സംശയം തോന്നിക്കുന്ന സൂത്രപ്പണി.

    ജനപ്പെരുപ്പം ഒരു വിഷയമല്ലാതയിരിക്കുന്നു എന്ന് എനിക്ക് തോന്നുന്നു.മനുഷ്യവിഭവം കൊണ്ട് ഇന്ത്യയും ചൈനയും ലോകത്തിന്റെ നിയന്ത്രണം പിടിക്കാന്‍ ശ്രമിക്കുന്നതല്ലേ പുത്തന്‍ കാഴ്ച്ച.പക്ഷെ വിഭവങ്ങളുടെ വിതരണം അല്ലെങ്കില്‍ സമ്പത്തിന്റെ വിതരണത്തിന്റെ കാര്യം വരുമ്പോള്‍ ഉയര്‍ന്ന ജനസംഖ്യ ഒരു പ്രശ്നം തന്നെയാണ്.

    മതം എന്നും ഇത്തരം സ്വകാര്യങ്ങളിലേക്ക് ഇടീച്ച് കയറാന്‍ ശ്രമിച്ചിട്ടുണ്ട്.തികച്ചും അനാവശ്യമായ ഒന്ന്.(വൈദികവൃത്തിക്കു ആളേ കിട്ടാത്തതുകൊണ്ട് കത്തോലിക്കാ സഭാ പ്രാദേശികമായി സൊ കോള്‍ഡ് ബ്രമ്ഹചര്യത്തിനു പ്രാദേശികമായി ഇളവുകള്‍ അനുവദിക്കുന്ന രസകരമായ കാഴ്ച്ചയും ഇയ്യിടെ കാണുകയുണ്ടായി.)വോട്ട് ബാങ്കായത് കൊണ്ട് ഭരണകൂടം കുടുംബാസൂത്രണം അടിച്ചേല്‍പ്പിക്കാന്‍ തുനിയില്ല.വോട്ട് ബാങ്കുണ്ടാക്കാന്‍ സന്താനോല്‍പ്പാദനം അനുസ്യൂതം തുടരുകയും വേണം.ചുരുക്കത്തില്‍ ഇതൊരു രാഷ്ട്രീയ-മത കൂട്ടുകൃഷിയാണ്.

    അവനവന്റെ പാങ്ങനുസരിച്ചുള്ള എണ്ണം സന്താനമാകാന്‍ ഏവര്‍ക്കും കഴിയണം.അതേ സമയം തന്നെ എല്ലാ മേഖലയിലുമുള്ള സൌജന്യങ്ങള്‍ ആദ്യത്തെ 2 കുട്ടികള്‍ക്കായി ചുരുക്കുകയും വേണം.ചുരുക്കം പറഞ്ഞാല്‍ മൂന്നാമത്തെ കുട്ടി മുതലുള്ള കുട്ടികള്‍ക്ക് റേഷനില്ല,മെഡിക്കല്‍ കോളേജില്‍ സര്‍ക്കാര്‍ സീറ്റില്ല അങ്ങനെ ഒരു സബ്സിഡിയുമില്ല എന്ന അവസ്ഥ വരണം.(ആ കുട്ടികള്‍ എന്തു പിഴച്ചു എന്ന ചോദ്യമുണ്ട്.പക്ഷേ...).ഒരു സാഹചര്യത്തിലും തന്റെ മതത്തിന് ആളെ കൂട്ടുന്ന പരിപാടിയാവരുത് സന്താനോല്‍പ്പാദനം.വോട്ട് ബാങ്കാവാന്‍ ആളുള്ള കാലം അത് മുതലെടുക്കാനും ആളുണ്ടാവും.

    ഇനി സുരേഷ്ഗോപി.സന്താനകൂടുതല്‍ പൌരുഷ പ്രതീകമാണെന്ന് അദ്ദേഹം ധരിച്ച് വെച്ചിരിക്കുന്നു എന്ന് പലപ്പോഴും തോന്നുന്നു.അദ്ദേഹത്തിന്റെ മാല്‍ബ്രോമാന്‍ മീശ പോലെ.നമ്മുടെ സമൂഹത്തില്‍ infertlity യെ impotency യുമായി ആളുകള്‍ തെറ്റിദ്ധരിക്കറുണ്ട് എന്ന് തോന്നുന്നു.സുരേഷ് ഗോപിയുടെ വാക്കുകള്‍ സ്ത്രീ വിരുദ്ധമായിരിക്കാം.പക്ഷെ അത് അദ്ദേഹം ഭാര്യ ആകുന്നതിന് മുന്‍പ് പറഞ്ഞതോടെ ഭാവി വധുവിന് ചോയിസ് നല്‍കുകയാണ്.സുകരപ്രസവത്തിന് തല്‍പ്പരയല്ലെങ്കില്‍ അവര്‍ക്ക് അന്നേ ഒഴിയാമയിരുന്നല്ലോ.2 കൊല്ലം മുന്‍പ് സിനിമായില്‍ നിന്ന് ഏതാണ്ട് പുറത്തായ കാലത്ത് അദ്ദേഹം പറഞ്ഞു.കൂട്ടികളുടെ ബേസിക്ക് നീഡ്സ് പോലും സാധിക്കാന്‍ അദ്ദേഹം ബുദ്ധിമുട്ടി എന്ന്.അത്തരം സാഹചരയങ്ങളിലാണ് അദ്ദേഹത്തിന്റെ അവിരാമ സന്തനോല്‍പ്പാദന യജ്ഞം ആ കുട്ടികളോടും സമൂഹത്തോടും ഉള്ള പാതകമവുന്നത്.

    പിന്നെ കലാകാരന്‍ സമൂഹത്തിന്റെ റോള്‍ മോഡലൊന്നുമല്ല.അത് പേടിച്ച് ഒരു കലാകരനും മൃഗീയവാസനകളെ curb ചെയ്യണമെന്നില്ല.പക്ഷേ തച്ചങ്കരി വ്യാജ സീഡിക്കെതിരെയുള്ള പരസ്യത്തില്‍ വന്ന പോലെ നാളെ സുരേഷ് ഗോപിയെ കുടുംബാസൂത്രണത്തിന്റെ പരസ്യത്തില്‍ കാണുമോ എന്ന് മാത്രം പേടിച്ചാല്‍ മതി

    ReplyDelete
  22. ഇവിടെ പ്രതിപാദിച്ചിരിക്കുന്ന വിഷയത്തെക്കാള്‍ അതില്‍ അടങ്ങിയിട്ടുള്ള അസഹിഷ്ണുതയാണ്‍ എന്നെ അസ്വസ്ഥനാക്കുന്നത്. കുടുംബാസൂത്രണത്തില്‍ മാത്രമല്ല മനുഷ്യവിഭവശേഷി വികസനം അടക്കമുള്ള പല കാര്യങ്ങളിലും ആസൂത്രണം ആവശ്യം തന്നെ. ഓരോ രാജ്യവും അവരുടെ മനുഷ്യശേഷി ഉപയോഗിക്കാന്‍ പഠിച്ചാല്‍ , എത്രയാണ്‍ കമ്മി/മിച്ചം എന്ന് അളക്കാന്‍ സാധിച്ചേക്കും. എല്ലാ കുടുംബാസൂത്രണപ്രവര്‍ത്തനങ്ങളും ഈ വിവരത്തിന്റെ അടിസ്ഥാനത്തിലാണ്‍ നടത്തേണ്ടത്. അതാകട്ടെ ജനാധിപത്യപരമായ സമന്വയം വഴി നടപ്പാക്കേണ്ടതാണ്‍. അല്ലാതെ‍ പണ്ട് സഞ്ജയ് ഗാന്ധി ചെയ്തത് പോലെ വഴിയേ പോകുന്നവരെ ഓടിച്ചിട്ട് പിടിച്ച് വരിയുടക്കാന്‍ തുടങ്ങിയാല്‍ എടങ്ങേറാവും ഇഷ്ടാ :)

    ഇനിയിപ്പോള്‍ സുരേഷ് ഗോപിയോട് പോയി താങ്കള്‍ എന്തിനാ ഇത്രയും പിള്ളേരെ ഉത്പാദിപ്പിച്ചത് എന്നൊക്കെ ചോദിക്കാന്‍ തുടങ്ങിയാല്‍ ഇതെവിടെച്ചെന്നു നില്‍ക്കും?

    ReplyDelete
  23. കുഞ്ചിയമ്മക്കഞ്ചു മക്കളാണേ
    അഞ്ചാമനോമനക്കുഞ്ചുവാണേ...

    എന്നല്ലേ പഠിച്ചത്? ഇനിയിപ്പോള്‍ കുഞ്ചിയമ്മയെക്കൊണ്ട് അഞ്ചു പെറീപ്പിച്ചില്ലായിരുന്നേ ഒന്നാം പാഠത്തിലെ കുഞ്ചു പുറത്ത്!

    ReplyDelete
  24. നിങ്ങള്‍ക്കെത്ര മക്കള്‍ വേണെമെന്നാണാഗ്രഹം..?!!

    എനിയ്ക്ക് 10 മക്കള്‍ വേണമെന്നാണ് ആഗ്രഹം. ഞാനും കൂടി ചേര്‍ന്നാല്‍ ഒരു ക്രിക്കറ്റ് ടീമായി. (ഞാന്‍ സ്ലിപ്പില്‍ ഫീല്‍ഡ് ചെയ്യും). പേര് ‘ദില്‍ബാസ് XI'എന്നോ മറ്റോ. ദുലീപ് ട്രോഫിയാണെന്റെ ലക്ഷ്യം. :-)

    ഓടോ: കുമാറേട്ടന്‍ ഈ പോസ്റ്റ് വായിക്കാന്‍ ‘മറക്കല്ലേ..’ :-)

    ReplyDelete
  25. ദില്‍ബൂ നിനക്ക് ക്രിക്കറ്റ് ടീമാണോ ലക്ഷ്യം? എനിക്കു വള്ളം കളി ടീമാ ലക്ഷ്യം. ദേവേട്ടനൊക്കെ പല തിയറിയും പറയും. ധീരാ വീരാ ദില്‍ബൂ ധീരതയോടെ നയിച്ചോളൂ. ലക്ഷം ലക്ഷം പിന്നാലെ.

    ReplyDelete
  26. ഭാഗ്യം! ആര്‍ക്കും മനുഷ്യച്ചങ്ങല തീര്‍ക്കണമെന്ന് തോന്നിയില്ലല്ലോ.

    എന്റെ കൂടെ ഒരു അലീഫ്‌ പഠിച്ചിരുന്നു. ഒരിക്കല്‍ കൊല്ലം ബീച്ചില്‍ മഞ്ഞക്കാജ മലര്‍ന്ന് വലിച്ച്‌ (കട ബഹു) ഞങ്ങളെല്ലാം കിടക്കുമ്പോള്‍ ഉറുമ്പുകള്‍ ബ്രെഡിന്റെ പീസ്‌ എടുത്തോണ്ടു പോകുമ്പോലെ ഒരു സ്ത്രീയെ നാലഞ്ചു ചെറിയ കുട്ടികള്‍ സാരിയില്‍ പിടിച്ച്‌ ഉന്തിയും വലിച്ചും വെള്ളത്തിലേക്ക്‌ നടത്താന്‍ നോക്കുന്നു. അവരങ്ങനെ എടുപ്പുകുതിരയെ എടുത്തുകൊണ്ടു വരുന്നതുപോലെ അടുത്തെത്തിയതും അലീഫ്‌ ഒറ്റ പാട്ട്‌
    "പന്ത്രണ്ടു മക്കളെ പെറ്റൊരമ്മേ..."
    ആ സ്ത്രീ സാധുവായിരുന്നതുകൊണ്ട്‌ വീക്കിയില്ല.

    ReplyDelete
  27. വാ കീറിയ ദൈവം ഇരയും കൊടുക്കും എന്നേ എനിക്കു് പറയാനുള്ളൂ. ദൈവവിശ്വാസിയല്ലാത്തവര്‍ക്കു് മാത്രമേ പേടിക്കേണ്ടതുള്ളൂ !!!

    ReplyDelete
  28. ++++
    എന്റെ പൊന്നു സങ്കുചിതന്‍ മാഷേ, കേരളത്തില്‍ ബര്‍ത്ത് റേറ്റ് വളരെ പെട്ടെന്ന് താഴോട്ട് പോയ്ക്കൊണ്ടിരിക്കുവാണ്. കേരളാ ഗവണമെന്റി‍ന്റെ പോപ്പുലേഷന്‍ സ്റ്റാറ്റിസ്റ്റിക്സ് ദയവായി വായിച്ചു നോക്കൂ..കുറച്ചു കാലം കഴിഞ്ഞാല്‍ കൂടുതല്‍ കുഞ്ഞുങ്ങള്‍ വേണമെന്ന് വല്ലോം നിയമനിര്‍മ്മാണം നടത്തേണ്ടി വരും കേരളത്തില്‍.
    ++++++

    ബത് താഴോട്ട് പോകുന്തോറും സമൂഹം പുരോഗമിക്കുകയാണ് ഇഞ്ചീ. പണ്ട് പത്ത് പെറ്റിടത്ത് ഇപ്പോള്‍ 2.
    ++++++++++++

    പെണ്ണ് കാണാന്‍ വരുന്ന ആള്‍ -എന്റെ ഒത്തിരി കുട്ടികളെ പ്രസിവിക്കാമോ എന്ന് ചോദിക്കുന്നത് സ്ത്രീവിരുദ്ധമല്ല അല്ലെ?....

    രാധികയുടെ സ്ഥാനത്ത് സ്വയം സങ്കല്‍പ്പിച്ചുനോക്കൂ....

    ReplyDelete
  29. ലോകത്തിന്റെ മൂന്നിലൊന്ന് ജനങ്ങള്‍ക്കും ഇര കിട്ടുന്നില്ല റാല്‍മിനോവ്‌. അതല്ലേ ദൈവം നമ്മളെ ഇക്കാര്യം ചിന്തിക്കാന്‍ പ്രേരിപ്പിച്ചത്‌.

    മൊത്തം ലോകത്തിന്റെ പകുതിയിലധികം ആളുകള്‍ ഒരു ദിവസം രണ്ടു ഡോളറില്‍ താഴെ വരുമാനമുള്ളവര്‍ (നീയര്‍ പൂവര്‍)ലോകത്ത്‌ 101 കോടി ജനങ്ങള്‍ക്ക്‌ ഇര പോയിട്ട്‌ കുടിക്കാന്‍ വെള്ളവുമില്ല. വര്‍ഷാവര്‍ഷം 18 ലക്ഷം പുതുതായി കീറിയ വായകള്‍ ഇരയില്ലാതെ എന്നെന്നേക്കുമായി അടഞ്ഞു പോകുന്നു. ഈ ലോകത്ത്‌ വില്‍ക്കപ്പെടുന്ന ഭക്ഷണത്തിന്റെ 85 ശതമാനവും വാങ്ങുന്നത്‌ ജനസംഖ്യയുടെ 20 ശതമാനമാണ്‌ .



    ഇന്ത്യയില്‍ മൂന്നു വായ കീറുമ്പോള്‍ ദൈവം രണ്ടുപേര്‍ക്കുള്ള ഇരയേ കരുതി വയ്ക്കുന്നുള്ളെന്ന് കണക്ക്‌.

    [സങ്കൂ, മറ്റേ കമന്റ്‌ ആരിട്ടതാണെന്ന് കണ്ടില്ല, എന്നാലും അതില്‍ തിരുത്തു വേണം. കേരളത്തിലെ ജനസംഖ്യ 9 ശതമാനം വച്ച്‌ കൂടിക്കൊണ്ടിരിക്കുന്നു 2004 സെന്‍സസ്‌ കണക്കിന്റെ അടിസ്ഥാനത്തില്‍. കുറയുന്നു എന്നു പറയുന്നത്‌ ആക്സിലറേഷന്‍ ആണ്‌ ജനസംഖ്യ അല്ല, വര്‍ദ്ധിക്കുന്നതിന്റെ ശതമാനം കുറയുന്നു. എന്നാല്‍ ജനസംഖ്യ കുറയുന്ന ട്രെന്‍ഡ്‌ ഇല്ല]

    ReplyDelete
  30. കാരണങ്ങളോ ഗുണദോഷങ്ങളോ, അതൊക്കെ എന്തുമാവട്ടെ, മക്കളുടെ എണ്ണം ഒന്നിലോ രണ്ടിലോ ഒതുക്കാന്‍ യുവതലമുറ നിര്‍ബ്ബന്ധം കാണിക്കുന്നില്ല.

    ReplyDelete
  31. നമുക്ക് ഒരു വോട്ടെടുപ്പ് നടത്തി നോക്കാം. എന്താ പുതു തലമുറയുടെ ട്രെന്റ് എന്ന് അറിയാമല്ലോ?

    ReplyDelete
  32. ബെന്യാമീന്‍ സുരേഷ്ഗോപിയെതന്നെ ഉദാഹരണമായി എടുത്തത്‌ വളരെ ഉചിതമായി.ഒരു സാമൂഹികപ്രവര്‍ത്തകനാകാന്‍ തയ്യാറെടുത്ത്‌ ഇറങ്ങിയ ആള്‍ സ്വന്തം ജീവിതത്തില്‍ അതിനു മാതൃക കാണിക്കുവാന്‍ തീര്‍ച്ചയായും ബാധ്യസ്തനാണ്‍ അനംഗാരിയുടെ കമന്റിനൊട്‌ ശക്തമായ വിയോജിപ്പ്‌ രേഖപ്പെടുത്തുന്നു.വിശദമായി പിന്നീട്‌ എഴുതാം.


    ജനസംഖ്യാ സംബന്ധിയായി ഒരുപോസ്റ്റ്‌ ഞാന്‍ എന്റെ ദര്‍പ്പണം എന്ന ബ്ലോഗ്ഗില്‍ ഇട്ടിരുന്നു. കേരളത്തില്‍ ജനസംഖ്യ വര്‍ദ്ധിക്കുന്നത്‌ ഇന്ന് വിദ്യാഭ്യാസം കൂടിയവരുടെ ഇടയില്‍ തന്നെയല്ലെ?അതിനു പിന്നില്‍ വ്യക്ത്മായ ലക്ഷ്യങ്ങളും ഇല്ലെ?

    ചൈനയില്‍ ഒന്നിലധികം കുട്ടികള്‍ ഉണ്ടായാല്‍ മാതാപിതാക്കള്‍ക്ക്‌ പല ആനുകൂല്യങ്ങളും നിഷേധിക്കപ്പെടുന്നു എന്നു കേട്ടപ്പോ ഇതുമായി ബന്ധപ്പെട്ട്‌ കൂടുതല്‍ വിവരങ്ങള്‍ അറിയാവുന്നവരോട്‌ അതേപറ്റി എഴുതുവാനും അഭ്യര്‍ത്ഥിച്ചിരുന്നു.


    രണ്ടിലധികം കുട്ടികള്‍ ഉള്ളവര്‍ക്ക്‌ സംവരണത്തിന്റെ എല്ലാ ആനുകൂല്യങ്ങളും നിഷേധിക്കേണ്ടതു തന്നെയാണ്‌.
    www.darppanam.blogspot.com

    ReplyDelete
  33. കമന്റിയ എല്ലാ സുഹൃത്തുക്കള്‍ക്കും നന്ദി. ചര്‍ച്ച ഗൗരവമായ തലത്തില്‍ തന്നെ മുന്നേറുന്നു എന്നാണ്‌ വിചാരിക്കുന്നത്‌. പലരും നല്ല വിലയിരുത്തല്‍ നടത്തിക്കഴിഞ്ഞു. എന്നാലും ചിലതുകൂടി
    1. പലരും ഈ വിഷയത്തെ വളരെ നിസ്സാരമായും കുട്ടികള്‍ എന്നത്‌ സ്വന്തം കാര്യം അതില്‍ സര്‍ക്കാരിന്‌ എന്തു കാര്യം എന്ന മട്ടിലുമാണ്‌ പ്രതികരിച്ചത്‌. ഒരു കാലത്ത്‌ ഒരു ജനത ആവേശമായി ഏറ്റെടുത്ത ഒരു വിഷയം നമ്മള്‍ എത്ര നിസ്സാരമായി തള്ളിക്കളയുന്നു എന്നതിന്‌ ഉത്തമ ഉദാഹരണം! ഈ ഭൂമിയും അതിലെ വിഭവങ്ങളും മനുഷ്യര്‍ക്ക്‌, പ്രത്യേകിച്ച്‌ പണക്കാരായ ഒരു ശതമാനം മനുഷ്യര്‍ക്ക്‌ ഭോഗിക്കാനുള്ളതാണ്‌ എന്ന ചിന്തയില്‍ നിന്നാണ്‌ ഈ വിചാരം ഉണ്ടാവുന്നത്‌. ലോകത്തിലെ സമ്പന്നര്‍ വേസ്റ്റ്‌ ആയി തള്ളുന്നതിന്റെ നാലിലൊന്നു മതി ലോകത്തിലെ മൊത്തം ജനതയ്ക്കും പട്ടിണിയില്ലാതെ കഴിയാന്‍. നമ്മുടെ കാഴ്‌ചപ്പാട്‌ കുറേക്കൂടി വിപുലപ്പെടുത്തേണ്ടതുണ്ട്‌.
    2. നിങ്ങളുടെ ഒരു കുട്ടിയെ വളര്‍ത്തുന്നതില്‍ സര്‍ക്കാരിന്‌ ധാരാളം പണച്ചിലവുണ്ട്‌. അതുകൊണ്ട്‌ ഇതില്‍ ചില അഭിപ്രായങ്ങള്‍ സര്‍ക്കാരിനും പറയാം. ചില നിര്‍ദ്ദേശങ്ങളും വയ്ക്കാം. ഇന്ത്യ ജനാധിപത്യരാജ്യമായതുകൊണ്ട്‌ നിങ്ങള്‍ സര്‍ക്കാരിനെ ഇങ്ങനെ മുഖമടിച്ച്‌ അധിക്ഷേപിക്കുന്നു, നിങ്ങള്‍ ജനാധിപത്യ ചൈനയില്‍ ആയിരിക്കണമായിരുന്നു!
    3. ഇടതുപക്ഷത്തിന്‌ അപചയം സംഭവിച്ചിടത്തുതന്നെയാണ്‌ മതങ്ങള്‍ കയറിക്കൂടിയിട്ടുള്ളത്‌. അല്ലാതെ അവരെ കുറ്റം പറയുക ഫഷനായിട്ടല്ല ഞാനങ്ങനെ പറഞ്ഞത്‌. ഇടതുപക്ഷത്തിന്റെ പ്രത്യേകിച്ച്‌ ശാസ്‌ത്രസാഹിത്യപരിഷത്തിന്റെയും മറ്റും അവബോധനക്ലാസുകള്‍ താഴ്‌ന്ന വരുമാനക്കാരുടെ ഇടയില്‍ ഇക്കാര്യത്തില്‍ നല്ല ചലനങ്ങള്‍ ഉണ്ടാക്കിയിരുന്നു. ഇന്ന് അതൊക്കെ നഷ്ടപ്പെട്ടു, മതം അവിടെക്കയറി വിളവെടുപ്പു നടത്തുന്നു അത്രതന്നെ.
    4. രാധേയാ, താങ്കള്‍ പറഞ്ഞതുപോലെ ഇത്തിരി സൂത്രപ്പണിയൊക്കെ ഇല്ലെങ്കില്‍പ്പിന്നെ ആരുവായിക്കാനാണ്‌ ഈ പോസ്റ്റൊക്കെ. പക്ഷേ നമ്മള്‍ വിഷയത്തില്‍ കൃത്യമായി എത്തുന്നുണ്ടോ അത്‌ കൃത്യമായി ചര്‍ച്ച ചെയ്യപ്പെടുന്നുണ്ടോ എന്നതാണ്‌ പ്രസക്‌തം.
    തുടര്‍ന്നും അഭിപ്രായങ്ങള്‍ പ്രതീക്ഷിക്കുന്നു...

    ReplyDelete
  34. പെണ്ണു കാണാന്‍ വരുന്നവന്‍ എന്നെ അല്ലാണ്ട് എന്റെ കുടുംബത്തില്‍ നിന്ന് എന്ത് കിട്ടും എന്ന് ചോദിച്ചാല്‍ ഞാനാവും ആദ്യം അവനെ വീക്കുന്നത്, എന്നെ ഇഷ്ടമായി എന്ന് പറഞ്ഞതിന് ശേഷം എത്ര കുട്ടികള്‍ വേണമെന്നോ, എന്റെ 6 കുട്ടികളെ പ്രസവിക്കാന്‍ നിനക്കിഷ്ടമാണൊ എന്നോ എന്നോട് ചൊദിച്ചാല്‍ ഞാന്‍ അതേന്ന് പറയും..

    കഷ്ടം, ജനസംഖ്യയും മാനവവിഭവശേഷിയും സുരേഷ്ഗോപിയും എന്തൊരു ചേര്‍ച്ച??

    ഇന്നലെ കണ്ട ഒരു കാഴ്ച: ഡെല്‍ഹിയില്‍ തണുപ്പ് തുടങ്ങിയിരിക്കുന്നു,സി.പി യിലെ സബ് വേയില്‍ തല്‍ മുഴുവന്‍ പൊള്ളി പൊളിഞ്ഞ് ഒരു കീറത്തുണിയില്‍ നഗ്നനായി കിടത്തിയിരിക്കുന്ന ഒരു കുഞ്ഞും അതിനെ തറയിലിട്ട് പിച്ചയ്ക്ക് കൈനീട്ടുന്ന പ്രായം കുറഞ്ഞ അമ്മയും...എന്റെ മനസ്സില്‍ വന്ന ചിന്തകള്‍ ഇവിടെ എഴുതുന്നില്ല, എന്നാലും ആ കുഞ്ഞ് ഈയാഴ്ച കടക്കില്ല എന്ന് മനസ്സ് പറയുന്നു.

    ഒന്നോ ഒമ്പതോ ആവട്ടെ, ഈ ലോകത്തിന്റെ നാശത്തിലേയ്ക്ക് ഉള്ള പോക്ക് തടുക്കാന്‍ ശേഷിയും വിവേചനബുദ്ധിയും ഉള്ള കുഞ്ഞുങ്ങളെ സൃഷ്ടിക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍.

    -പാര്‍വതി.

    ReplyDelete
  35. ഒരു കാലത്ത്‌ ഒരു ജനത ആവേശമായി ഏറ്റെടുത്ത ഒരു വിഷയം നമ്മള്‍ എത്ര നിസ്സാരമായി തള്ളിക്കളയുന്നു എന്നതിന്‌ ഉത്തമ ഉദാഹരണം!

    ഇതു നല്ല തമാശ. കുട്ടികളെ ഉണ്ടാക്കാതിരിക്കുന്നതും ഒരാവേശമാണോ. ഈ പോക്ക് പോയാല്‍ ആളുങ്ങളുടെ മൊത്തം വരിയുടക്കുമല്ലോ. മക്കള്‍ എത്ര വേണം എന്നു തിരുമാനിക്കുന്നത് ഓരോ ദമ്പദികളുടേയും മൌകീക അവകാശമാണ്. അതില്‍ സഭയ്ക്കും ഗവര്‍മെന്റിനും ഒക്കെ എന്തു കാര്യം.

    കഴിഞ്ഞ തലമുറ അങ്ങനെ പല അനാവശ്യ ആവേശങ്ങളും കാണിച്ചിട്ടുണ്ട്.

    ഉദാ:
    1. മക്കളെ ഇംഗ്ലീഷ് മീഡിയം സ്കൂളുകളിലും ബോര്‍ഡിങ്ങ് സ്കൂളുകളിലും മറ്റും പഠിപ്പിച്ച് കുറച്ച് മണ്ണുണ്ണികളെ വളര്‍ത്തി കൊണ്ടു വന്നു. സമൂഹത്തില്‍ എങ്ങനെ ഇടപെടണം എന്നു പോലും അറിയാത്ത ചില സ്‌നോബുകളെ.
    2. മക്കള്‍ക്ക് അര്‍ത്ഥശൂന്യമായ പേരുകള്‍ കൊടുത്ത് (കട: നിഷാദ്‌) അവരെ സമൂഹത്തിന്റെ മുന്‍പില്‍ അപഹാസ്യരാക്കി.
    അങ്ങനെ പലതും. അതൊക്കെ റിപ്പീറ്റ് ചെയ്യണോ പുതുതലമുറയും.

    നിങ്ങളുടെ ഒരു കുട്ടിയെ വളര്‍ത്തുന്നതില്‍ സര്‍ക്കാരിന്‌ ധാരാളം പണച്ചിലവുണ്ട്‌. അതുകൊണ്ട്‌ ഇതില്‍ ചില അഭിപ്രായങ്ങള്‍ സര്‍ക്കാരിനും പറയാം. ചില നിര്‍ദ്ദേശങ്ങളും വയ്ക്കാം.

    നിര്‍ദ്ദേശങ്ങള്‍ വെക്കാം. പക്ഷെ അടിച്ചേല്‍പ്പിക്കരുത്.

    ഇന്ത്യ ജനാധിപത്യരാജ്യമായതുകൊണ്ട്‌ നിങ്ങള്‍ സര്‍ക്കാരിനെ ഇങ്ങനെ മുഖമടിച്ച്‌ അധിക്ഷേപിക്കുന്നു, നിങ്ങള്‍ ജനാധിപത്യ ചൈനയില്‍ ആയിരിക്കണമായിരുന്നു!

    ചൈന ജനാധിപത്യ രാജ്യമോ. നല്ല തമാശ. ഇത്രയും ഏകാധിപത്യവും അരാജകത്വവും വാഴുന്ന നാട് വേറെ ഏതുണ്ട് ലോകത്തില്‍ . ലോകപ്പോലീസ് മിണ്ടാതിരിക്കുന്നത് അവരുടെ ആയുധ ശേഷി കണ്ടു ഭയന്നിട്ട് മാത്രമല്ലേ.

    ഇടതുപക്ഷത്തിന്‌ അപചയം സംഭവിച്ചിടത്തുതന്നെയാണ്‌ മതങ്ങള്‍ കയറിക്കൂടിയിട്ടുള്ളത്‌. അല്ലാതെ അവരെ കുറ്റം പറയുക ഫഷനായിട്ടല്ല ഞാനങ്ങനെ പറഞ്ഞത്‌. ഇടതുപക്ഷത്തിന്റെ പ്രത്യേകിച്ച്‌ ശാസ്‌ത്രസാഹിത്യപരിഷത്തിന്റെയും മറ്റും അവബോധനക്ലാസുകള്‍ താഴ്‌ന്ന വരുമാനക്കാരുടെ ഇടയില്‍ ഇക്കാര്യത്തില്‍ നല്ല ചലനങ്ങള്‍ ഉണ്ടാക്കിയിരുന്നു. ഇന്ന് അതൊക്കെ നഷ്ടപ്പെട്ടു, മതം അവിടെക്കയറി വിളവെടുപ്പു നടത്തുന്നു അത്രതന്നെ.

    ഇപ്പറഞ്ഞത് കാര്യം. പക്ഷെ അതിനു മക്കളെ എണ്ണവുമായി എന്തു ബന്ധം.

    ReplyDelete
  36. ഒരു കാലത്ത്‌ ഒരു ജനത ആവേശമായി ഏറ്റെടുത്ത ഒരു വിഷയം നമ്മള്‍ എത്ര നിസ്സാരമായി തള്ളിക്കളയുന്നു എന്നതിന്‌ ഉത്തമ ഉദാഹരണം!

    ഇതു നല്ല തമാശ. കുട്ടികളെ ഉണ്ടാക്കാതിരിക്കുന്നതും ഒരാവേശമാണോ. ഈ പോക്ക് പോയാല്‍ ആളുങ്ങളുടെ മൊത്തം വരിയുടക്കുമല്ലോ. മക്കള്‍ എത്ര വേണം എന്നു തിരുമാനിക്കുന്നത് ഓരോ ദമ്പദികളുടേയും മൌകീക അവകാശമാണ്. അതില്‍ സഭയ്ക്കും ഗവര്‍മെന്റിനും ഒക്കെ എന്തു കാര്യം.

    കഴിഞ്ഞ തലമുറ അങ്ങനെ പല അനാവശ്യ ആവേശങ്ങളും കാണിച്ചിട്ടുണ്ട്.

    ഉദാ:
    1. മക്കളെ ഇംഗ്ലീഷ് മീഡിയം സ്കൂളുകളിലും ബോര്‍ഡിങ്ങ് സ്കൂളുകളിലും മറ്റും പഠിപ്പിച്ച് കുറച്ച് മണ്ണുണ്ണികളെ വളര്‍ത്തി കൊണ്ടു വന്നു. സമൂഹത്തില്‍ എങ്ങനെ ഇടപെടണം എന്നു പോലും അറിയാത്ത ചില സ്‌നോബുകളെ.
    2. മക്കള്‍ക്ക് അര്‍ത്ഥശൂന്യമായ പേരുകള്‍ കൊടുത്ത് (കട: നിഷാദ്‌) അവരെ സമൂഹത്തിന്റെ മുന്‍പില്‍ അപഹാസ്യരാക്കി.
    അങ്ങനെ പലതും. അതൊക്കെ റിപ്പീറ്റ് ചെയ്യണോ പുതുതലമുറയും.

    നിങ്ങളുടെ ഒരു കുട്ടിയെ വളര്‍ത്തുന്നതില്‍ സര്‍ക്കാരിന്‌ ധാരാളം പണച്ചിലവുണ്ട്‌. അതുകൊണ്ട്‌ ഇതില്‍ ചില അഭിപ്രായങ്ങള്‍ സര്‍ക്കാരിനും പറയാം. ചില നിര്‍ദ്ദേശങ്ങളും വയ്ക്കാം.

    നിര്‍ദ്ദേശങ്ങള്‍ വെക്കാം. പക്ഷെ അടിച്ചേല്‍പ്പിക്കരുത്.

    ഇന്ത്യ ജനാധിപത്യരാജ്യമായതുകൊണ്ട്‌ നിങ്ങള്‍ സര്‍ക്കാരിനെ ഇങ്ങനെ മുഖമടിച്ച്‌ അധിക്ഷേപിക്കുന്നു, നിങ്ങള്‍ ജനാധിപത്യ ചൈനയില്‍ ആയിരിക്കണമായിരുന്നു!

    ചൈന ജനാധിപത്യ രാജ്യമോ. നല്ല തമാശ. ഇത്രയും ഏകാധിപത്യവും അരാജകത്വവും വാഴുന്ന നാട് വേറെ ഏതുണ്ട് ലോകത്തില്‍ . ലോകപ്പോലീസ് മിണ്ടാതിരിക്കുന്നത് അവരുടെ ആയുധ ശേഷി കണ്ടു ഭയന്നിട്ട് മാത്രമല്ലേ.

    ഇടതുപക്ഷത്തിന്‌ അപചയം സംഭവിച്ചിടത്തുതന്നെയാണ്‌ മതങ്ങള്‍ കയറിക്കൂടിയിട്ടുള്ളത്‌. അല്ലാതെ അവരെ കുറ്റം പറയുക ഫഷനായിട്ടല്ല ഞാനങ്ങനെ പറഞ്ഞത്‌. ഇടതുപക്ഷത്തിന്റെ പ്രത്യേകിച്ച്‌ ശാസ്‌ത്രസാഹിത്യപരിഷത്തിന്റെയും മറ്റും അവബോധനക്ലാസുകള്‍ താഴ്‌ന്ന വരുമാനക്കാരുടെ ഇടയില്‍ ഇക്കാര്യത്തില്‍ നല്ല ചലനങ്ങള്‍ ഉണ്ടാക്കിയിരുന്നു. ഇന്ന് അതൊക്കെ നഷ്ടപ്പെട്ടു, മതം അവിടെക്കയറി വിളവെടുപ്പു നടത്തുന്നു അത്രതന്നെ.

    ഇപ്പറഞ്ഞത് കാര്യം. പക്ഷെ അതിനു മക്കളെ എണ്ണവുമായി എന്തു ബന്ധം.

    ReplyDelete
  37. benyamin
    pushtakam irangi
    i didnt get a copy yet
    send ur address, will post ur copy once i rcv them
    merry xmas

    cheers

    ReplyDelete
  38. hi benyamin
    Nature will take care of the people in it. You need not worry as long as you get enough food to live. Your biological duty in life is to reproduce and multiply. If you cannot do it, don't do it. You have no moral right to speak in this matter.

    ReplyDelete
  39. നിരീക്ഷകന്റെ അഭിപ്രായത്തോട് പൂര്‍‌ണ്ണമായി യോജിക്കുന്നു.
    [മുകളില്‍ ഉള്ള anonymous നൊട് ഇല്ല.]
    http://neolim.livejournal.com/

    ReplyDelete
  40. അനോണി,
    പന്നിപ്പേറു നടത്തുകയാണ്‌ മനുഷ്യന്റെ കര്‍ത്തവ്യം എന്നറിയിച്ചതില്‍ സന്തോഷം. സ്വയം നോക്കികളായ നിങ്ങളെപ്പോലുള്ളവര്‍ തന്നെയാണ്‌ ഈ ലോകത്തിന്റെ ശാപം.

    ReplyDelete
  41. ഒരിക്കല്‍ കമന്റാന്‍ ശ്രമിച്ചിട്ട് പറ്റീല്ല, പക്ഷേ കമന്റാതിരിക്കാനും വയ്യ. നമ്മളൊക്കെ വല്ലാതെ വ്യക്ത്യധിഷ്ഠിതമായി മാത്രം ചിന്തിക്കുന്നോ എന്ന് സംശയം തോന്നി ബെന്യാമിനോട് നമ്മളില്‍ പലര്‍ക്കുമുള്ള കമന്റുകള്‍ കണ്ടപ്പോള്‍. സുരേഷ് ഗോപിക്ക് അഞ്ച് മക്കളെ പോറ്റാനുള്ള ശേഷിയുള്ളതു കൊണ്ട് അയാള്‍ അതു ചെയ്തോട്ടെ എന്ന് പറയുമ്പോള്‍ നമ്മള്‍ ഈ സമൂഹത്തില്‍ നിന്നും അത്രക്ക് അകന്നു നില്‍ക്കുകയാണോ? അവര്‍ ഉപയോഗിക്കുന്ന വിഭവങ്ങള്‍ ഈ സമൂ‍ഹത്തില്‍ അത്രക്ക് ശേഷിയില്ലാത്തവര്‍‌ക്ക് കൂടി ഉപയോഗിക്കാനുള്ളതല്ലേ? അപ്പോള്‍ അതിനുള്ള അര്‍‌ഹതയല്ലേ ഈ വര്‍ദ്ധിക്കുന്ന ശേഷി കൂടിയവരുടെ എണ്ണം നിഷേധീക്കുന്നത്? അതുപോലെതന്നെ മറ്റൊന്നുകൂടിയുണ്ട്. പ്രകൃതി വിഭവങളുടെ അമിതമായ ഉപഭോഗമോ ചൂഷണമോ ഉണ്ടാകാന്‍ ഈ ജനസംഖ്യാ വര്‍ദ്ധനവ് കാരണമാകുന്നില്ലേ? അതായത്, നൂറു വര്‍ഷം കൂടി അധികം ഉപയോഗിക്കാവുന്ന ഒരു വിഭവത്തിന്റെ പ്രകൃതിയിലെ ആയുസ്സ് അത്രകൂടി കുറയുന്നു എന്നല്ലേ അര്‍ഥം.. നമ്മള്‍ ബൂലോഗത്തുള്ളവരെങ്കിലും കാര്യങ്ങളെ വ്യക്ത്യധിഷ്ഠിതമായി കാണാതെ സാമൂഹികമായി കാണാന്‍ ശ്രമിക്കണം എന്നാണ് എന്റെ ആഗ്രഹം.
    സ്ത്രീ പുരുഷന്റെ കുട്ടികളെ പ്രസവിക്കാന്‍ മാത്രം ചുമതലപ്പെട്ടവളാണെന്ന് വിശ്വസിക്കുന്നവര്‍ ഈ ലോകത്തും ഉണ്ട് എന്ന് അറിഞ്ഞതില്‍ സന്തോഷമല്ല, സഹതാപമാണുള്ളത്..

    ReplyDelete
  42. ഈവിഷയത്തില്‍ ഞാനൊന്നും മിണ്ടാതെ പോകുന്നത് ശരിയല്ല .. എന്‍റെ അനുഭവം പറയുന്നതില്‍ വലിയ തെറ്റില്ലാന്ന് കരൂതുന്നു
    എന്‍റെ ഉമ്മൂമക്ക് ഒന്‍പത് മക്കള്‍ അതിലൊരാളൊഴികെ എല്ലാവര്‍ക്കും 9+12+7+3+3+2+5+3 = 44 ഇതില്‍4 പേര്‍ ജീവിച്ചിരിപ്പില്ല .. ഇവരില്‍ 21 പേരുടെ വിവാഹം കഴിഞ്ഞു ഇവര്‍ക്ക് .. മൊത്തം 43 മക്കള്‍ അതായത്39 വയസ്സിന് താഴെ ഞങ്ങളുടെ തറവാട്ടില്‍ 83 പേര്‍ (പല പോസ്റ്റിലും ഞാനി കമന്‍റിട്ടിട്ടുണ്ട് വളരെ അഭിമാനത്തോടെ തന്നെ) ... എന്‍റെ മതാപിതാക്കളുടെ 9 മക്കളില്‍ മൂത്ത ആളായ എനിക്ക് ഒത്തിരി പ്രശ്നങ്ങള്‍ ഇത്രയും സഹോദരങ്ങള്‍ ഉണ്ടായതുകൊണ്ടുണ്ടായിട്ടുണ്ട് എങ്കിലും ഞാന്‍ മാത്രമല്ല ഞങ്ങളെല്ലാവരും വലിയ സന്തുഷ്ട്രാണ് ഒരു വലിയ കൂട്ടുകുടുംബത്തിന്‍റെ അംഗമെന്ന് പറയുന്നത് തന്നെ ഒരു അഭിമാനമാണ് .. ഈ 83 പേരില്‍ കമ്യൂണിസ്റ്റുക്കാരുണ്ട്, മാര്‍സിസിറ്റ്ക്കാരുണ്ട് ലീഗുക്കാരുണ്ട് കോണ്‍ഗ്രസ്സുക്കാരുണ്ട് പി.ഡിപി. കാരനുണ്ട് , നക്സലൈറ്റുക്കാരനും കൊടിയ വര്‍ഗ്ഗീയവാദികളായ എന്‍.ഡി.എഫുക്കാരുമുണ്ട് . എന്നിരുന്നാലും ഞങ്ങള്‍ ഒന്നാ. (മാളിയേക്കല്‍) .

    ഇനി ഈ പോസ്റ്റിലെ കാര്യത്തിലേക്ക് എന്‍റെ പ്രിയ ചങ്ങാതി വിഷയം നല്ലത് തന്നെ അതില്‍ ആ പാവം സുരേഷ് ഗോപിയെ എന്തിനാ വലിച്ചിഴച്ചത് അതൊരു വ്യക്തിഹത്യയായില്ലേ ആ പാവത്തിന് വേണ്ടി ഒരു ക്ഷമാപണം നടത്തികൂടെ.

    പുത്തന്‍ സാമ്പത്തികാടിസ്ഥാനത്തില്‍ ഉയര്‍ന്ന ജനസംഖ്യാ ക്കൈവരിച്ച രാഷ്ട്രങ്ങളാണ് അടുത്ത നൂറ്റാണ്ടിന്‍റെ അധിപര്‍ (ചൈന, ഇന്ത്യ ) ഇന്ന് എല്ലാ രാഷ്ട്രങ്ങളും വിപണി തുറന്നിട്ടിരിക്കുന്നു എന്തിനാ.. കച്ചവടത്തിന് വെറുതെ വിപണി തുറന്നാല്‍ മതിയോ അവിടെ ബിസിനസ്സ് നടക്കേണ്ടേ അതിന് ആളുകളില്ലെങ്കില്‍ ബിസിനസ്സ് വളരുമോ ?
    ഗള്‍ഫില്‍ ഉദാഹരണത്തിന് ഞാന്‍ വസിക്കുന്ന കുവൈത്തില്‍ കെന്‍റഗി ചിക്കന്‍റെ ഒരു റസ്റ്റോറന്‍റ് സര്‍ക്കാറുമായി ഒപ്പുവെച്ച് വലിയ തുകമുടക്കി തുടങ്ങുകയാണെങ്കില്‍ കേവലം 50 റസ്റ്റോറന്‍റ് തുടങ്ങാം എന്നാല്‍ ഇന്ത്യയിലും ചൈനയിലും തുടങ്ങുകയാണെങ്കില്‍ ഒരു ലക്ഷം റസ്റ്റോറെങ്കിലും തുടങ്ങാം , ഭാവിയില്‍ (ഇപ്പോഴും) ജനസംഖ്യ ഒരു അനുഗ്രഹമാണ് ആയിരിക്കും ഇത് സാമ്പത്തിക കാഴച്ചപാടാണെങ്കില്‍ സമൂഹികമായ ഒത്തിരി കഴച്ചപ്പാടുകള്‍ ഉണ്ട് .. സ്നേഹം സഹായം അങ്ങനെ ഒത്തിരി ഘടകങ്ങള്‍ .

    താങ്കളുടെ ഈ (എന്നാല്‍ ഞാനിതിനെ സമൂഹത്തിലേക്ക്‌ മതത്തിന്റെ മടങ്ങിവരവിന്റെ ഭാഗമായാണ്‌ കാണുന്നത്‌. മിക്ക മുസ്ലീം തീക്ഷ്‌ണവാദികളും കത്തോലിക്ക പോലുള്ള ക്രിസ്‌ത്യന്‍ സഭകളും ഗര്‍ഭഛിദ്രത്തെയും ഗര്‍ഭനിരോധന ഉപാധികളെയും അംഗീകരിക്കുന്നില്ല എന്നുമാത്രമല്ല അത്‌ ദൈവവിരുദ്ധവുമാണെന്ന് പ്രചരിപ്പിക്കുന്നു. അതിലൂടെ തങ്ങളുടെ മതവിഭാഗങ്ങള്‍ക്ക്‌ കൂടുതല്‍ സന്തതികളെ സമ്മാനിക്കാന്‍ പ്രേരിപ്പിക്കുന്നു. സമൂഹത്തെയും സാമൂഹിക വിപത്തിനെയും ഒന്നായി കാണാതെ തങ്ങളുടെ മാത്രം ഇംഗിതത്തിന്‌ അനുസരിച്ച്‌ ജീവിതം ക്രമീകരിക്കാന്‍ പ്രേരിപ്പിക്കുന്ന മത വിഭാഗങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്ക്‌ ഒരു മകുടോദാഹരണമാണിത്‌. )
    വീക്ഷണത്തെ ഞാനിവിടെ ഖണ്ഡിക്കുന്നു .. നമ്മുടെ നാട്ടിലെ നിരീശ്വരവദികളും യുക്തിവാദികളും, കമ്മ്യൂണിസ്റ്റുക്കാരും മതേതര കാഴച്ചപ്പാടുള്ളവരും മതത്തെ പൂര്‍ണ്ണമായും എതിര്‍ക്കുന്നവരുമെല്ലാം താങ്കള്‍ പറഞ്ഞ വിശ്വാസികളുടെ സന്താനങ്ങളായാണ് പിറന്നത് അല്ലാതെ അവരെല്ലാം ദൈവം പ്രത്യേകമായി പടച്ചതല്ല
    .. വലിയ കുടുംബം സന്തുഷ്ട കുടുംബം .. വേണെമെങ്കില്‍ പരീക്ഷിക്കാം
    എല്ലാവര്‍ക്കും എന്‍റെ ഹൃദയം നിറഞ്ഞ പുതുവത്സരാശംസകള്‍ നേരുന്നു

    ReplyDelete
  43. കേരളീയര്‍ക്കു പെട്ടെന്നു മനസ്സിലാക്കാന്‍ ബുദ്ധിമുട്ടുള്ള കാര്യമാണു് ഭക്ഷ്യക്ഷാമം, കാരണം രണ്ടോമൂന്നോ തലമുറ മുന്‍പാണു് കേരളത്തില്‍ അവസാനമായി ഒരു ഭക്ഷ്യക്ഷാമമുണ്ടായിട്ടുള്ളതു്. ഭക്ഷണം കഴിക്കാനില്ലാത്ത ദരിദ്രാവസ്ഥയെക്കുറിച്ചല്ല പറയുന്നതു്. ഭക്ഷണമേ ലഭ്യമല്ലാത്ത അവസ്ഥ മറ്റൊന്നാണു്. മൂന്നോ നാലോ ദിവസം കൂടുമ്പോള്‍ മാത്രം ഒരു പിടി സൂചിഗോതമ്പു് കഞ്ഞിവെച്ചു കുടിച്ചിരുന്ന ഒരു ക്ഷാമകാലമുണ്ടായിരുന്നു. ക്ഷാമം എല്ലാവരേയും, (പോറ്റാന്‍ പാങ്ങുള്ള സുരേഷ് ഗോപിയെയും പാങ്ങില്ലാത്ത ചേരിക്കാരേയും(രണ്ടും വെറും പ്രതീകം മാത്രം)) ഒരേ പോലെയാണു് പിടികൂടുക. ഇക്കാലത്തു് ഭക്ഷ്യക്ഷാമത്തിലൊതുങ്ങുന്നില്ല കാര്യങ്ങള്‍. കുടിവെള്ളക്ഷാമം, ഇന്ധനക്ഷാമം, അനിയന്ത്രിതമായ മലിനീകരണം, വനനശീകരണം, പാര്‍പ്പിടത്തിനു വേണ്ടിയുള്ള കൃഷിസ്ഥലനശീകരണം, വനനശീകരണം മൂലമുള്ള മറ്റു ജന്തുജാലങ്ങളുടെ നശീകരണം, തൊഴിലില്ലായ്മ, വമ്പിച്ച തൊഴിലില്ലായ്മ മൂലമുള്ള അക്രമങ്ങള്‍ എന്നിവ ജനസംഖ്യാവര്‍ദ്ധനവിന്റെ പരിണിതഫലങ്ങളാണു്. പണക്കാരന്റെ മാത്രം ജനസംഖ്യവര്‍ദ്ധിക്കട്ടെ, പോറ്റാന്‍ നിവൃത്തിയില്ലാത്തവള്‍ പെറ്റിടണ്ട എന്ന ചില സുഹൃത്തുക്കളുടെ കാഴ്ചപ്പാടു് അടിപൊളി തന്നെ, എനിക്കിഷ്ടായി. വാ കീറിയ ദൈവം ഇരയും കൊടുക്കും എന്നു പറഞ്ഞതു് പന്ത്രണ്ടു മക്കളെ പെറ്റൊരമ്മയുടെ ഭര്‍ത്താവല്ലേ? ആ പന്ത്രണ്ടുമക്കളിലൊരുത്തനായ നാറാണത്തു ഭ്രാന്തന്റെ വകതിരിവിന്റെ ആയിരത്തിലൊരംശമെങ്കിലും ആധുനികര്‍ കാണിച്ചിരുന്നെങ്കിലെന്നു് തോന്നിപ്പോകുന്നു.

    ഈ ലോകത്തിന്റെ പോക്കിലെനിക്കൊരു സംശയവുമില്ല. അതിവിദൂരമല്ലാത്ത ഭാവിയില്‍ ഭൂമിയില്‍ പുഴുക്കളെപ്പോലെ നുരക്കും മനുഷ്യര്‍. ഒരു നേരത്തെ ആഹാരത്തിനുവേണ്ടി, ഒരു കുമ്പിള്‍ വെള്ളത്തിനു വേണ്ടി ആരെയും കൊല്ലും, അനിയന്ത്രിതമായി പകര്‍ച്ചവ്യാധികള്‍ പടര്‍ന്നു പിടിക്കുമ്പോള്‍ സര്‍ക്കാരുകള്‍ പ്രദേശങ്ങളൊന്നടങ്കം തീയിട്ടു നശിപ്പിക്കും, ലോകം മുഴുവനുമുള്ള കൃഷിയിടങ്ങളില്‍ നിന്നും മാടുകളില്‍ നിന്നും ജനിതകബൂസ്റ്റിങ് നടത്തി അമിതവിളവുണ്ടാക്കിയാലും തികയാത്ത മനുഷ്യജന്തുക്കളുടെ വിശപ്പു് അന്യോന്യം കൊന്നുതിന്നുന്നതിലേക്കു് എത്തിക്കും ജനസംഖ്യാപെരുപ്പത്തിന്റെ അനന്തരഫലങ്ങള്‍. കൃഷിചെയ്യാനോ മാടുവളര്‍ത്താനോ ഇടങ്ങളില്ലാതെ, ലോകത്തിലെ ഓരോ അടിമണ്ണും മനുഷ്യന്റെ വാസസ്ഥലമായി മാറും. സമ്പന്നരാഷ്ട്രങ്ങള്‍ ചന്ദ്രനില്‍ കൃഷിചെയ്യുന്നതിനെക്കുറിച്ചു ഗവേഷണങ്ങള്‍ നടത്തുന്നു, ദരിദ്രരാഷ്ട്രങ്ങള്‍ മനുഷ്യരെ വിറ്റുകാശാക്കുന്നതെങ്ങിനെയെന്നു ആലോചിക്കുന്നു. വെറുതെമുളച്ചതെങ്കിലും തിന കൊയ്തും കഞ്ഞിവെയ്ക്കാം, എതിരില്ല.

    പിന്നെ മാല്തൂസിന്റെ തിയറിയിലാണെന്റെ പ്രതീക്ഷ മുഴുവനും. മനുഷ്യവംശം എത്രതന്നെ അനിയന്ത്രിതമായി ജനസംഖ്യവര്‍ദ്ധിപ്പിച്ചാലും ഒരു പരിധി വിട്ടു് വര്‍ദ്ധിക്കില്ലത്രേ. കാരണം ഭൂമിയില്‍ ഉല്പാദിപ്പിക്കാന്‍ കഴിയുന്ന ഭക്ഷണത്തിനു് ഒരു പരിധിയുണ്ടു്. അപ്പോള്‍ കാലാകാലങ്ങളില്‍ ക്ഷമംനേരിട്ടു് ജനപഥങ്ങള്‍ ചത്തൊടുങ്ങിക്കൊള്ളും. ആ പരിധിയെക്കുറിച്ചു് 1798-ല്‍ മാല്തൂസ് സങ്കല്പിച്ചതിനേക്കാള്‍ കുറച്ചുകൂടി ഉയര്‍ത്തി നമുക്കു ചിന്തിക്കാം, കാരണം ജനിതകവിദ്യയിലൂടെ ഒരു മൂടുകപ്പയില്‍ പണ്ടുണ്ടാക്കിയിരുന്നതിനേക്കാള്‍ കൂടുതല്‍ ഇപ്പോള്‍ ഉണ്ടാക്കാമല്ലോ, പക്ഷേ മാല്തൂസ് പറഞ്ഞ ആ പരിധി എത്ര അകലത്താക്കിയാലും അതു് അടുത്തുകൊണ്ടിരിക്കുകയാണു്, വളരെ വേഗത്തില്‍ അടുത്തുകൊണ്ടിരിക്കുകയാണു്. അതുകൊണ്ടു് ആരും ജനസംഖ്യാവര്‍ദ്ധനവിനെക്കുറിച്ചോര്‍ത്തു വിഷമിക്കേണ്ട കാര്യമില്ല. അതു സ്വയം നിയന്ത്രിതമാണു്. പക്ഷേ കാണാന്‍ ബാക്കിയുണ്ടാവല്ലേ എന്നു മാത്രമാണെന്റെ പ്രാര്‍ത്ഥന.

    ReplyDelete
  44. അപ്പോള്‍ പറഞ്ഞു നിര്‍ത്തിയതെവിടെയാണു്? ഹാ, ബെന്യാമിന്‍ അങ്ങിനെ പലതും പറയും, നമ്മള്‍ ബൂലോഗരതൊന്നും വായിച്ചു് വാളെടുക്കേണ്ട കാര്യമില്ല. സുരേഷ് ഗോപി വൈകീട്ടു് തലയില്‍ മുണ്ടിട്ടുകൊണ്ടു് ഷക്കീലയുടെ വാതിലിനു മുട്ടിയെന്നൊന്നും പറഞ്ഞില്ലല്ലോ, അതുകൊണ്ടു് ക്ഷമിച്ചു കള. ഞാനും പറയും സുരേഷ് ഗോപി ചെയ്തതു് ശരിയായില്ല. ഒരു പത്തുകുട്ടികളെങ്കിലും വേണ്ടതാണു് മിനിമം, സാരമില്ല, ഇനിയും സമയം കിടക്കുന്നല്ലേ ഉള്ളൂ.

    അപ്പോള്‍ ഞാന്‍ പറയാന്‍ വന്നതിതാണു്, മാളിയേക്കലൊരാളു വീമ്പടിച്ചതിനെക്കാള്‍ കൂടുതല്‍ നമ്മളോരോരുത്തരും ഉണ്ടാക്കണം. എല്ലാരും പത്തു പിള്ളാരെ വീതം ഉണ്ടാക്കണം, പതിനഞ്ചു പതിനാറാകുമ്പോഴേയ്ക്കും ഒക്കേത്തിനേം പിടിച്ചു കെട്ടിക്കണം, പിന്നെ അവരും പത്തുവീതം ഉണ്ടാക്കട്ടെ, അപ്പനമ്മമാരു തന്നെ മാതൃകയുണ്ടല്ലോ. അങ്ങിനെ ചുരുങ്ങിയതു് ഒരു 45-50 കൊല്ലമെത്തുമ്പോഴേക്കും മാളിയേക്കല്‍ക്കാരെ വെട്ടിച്ചു്, മക്കളും മരുമക്കളും കൂടി 110 തികച്ചും വേണം. അങ്ങിനെ 1:10 എന്ന അനുപാതത്തില്‍ ഓരോ തലമുറകഴിയുമ്പോഴും നമ്മള്‍ പത്തിരട്ടിയായി വികസിച്ചുകൊണ്ടിരിക്കണം (ബുദ്ധിവികസിക്കുന്ന കാര്യമല്ലാട്ടോ). എന്നാലേ മാല്തൂസിന്റെ പരിധി എത്രയാന്നു ഈ ജന്മത്തില്‍ തന്നെ അറിയാന്‍ പറ്റൂ. നമ്മുടെ കഴിവിന്റെ പരമാവധി ശ്രമിക്കാനല്ലേ നമുക്കു പറ്റൂ?

    ReplyDelete
  45. കെവീ‍ :) ഹി ഹി . ആദ്യം പറഞ്ഞതൊക്കെയാണ് നല്ലത്. പക്ഷെ അതങ്ങോട്ട് എടുക്കാനൊരു വിഷമം. ശരിയാ. ഇക്കണക്കിനുപോയാല്‍ ഒന്നും ഉണ്ടാവില്ല കഴിക്കാനും, ജീവിക്കാനും.

    ReplyDelete
  46. ചിത്രങ്ങള്‍ പൊട്ടി കുറച്ചുകാലം വീട്ടിലിരുന്നതും അതിനുശേഷം ഭരത്ചന്ദ്രന്‍ IPS റിലീസിനു മുമ്പ്‌ നടത്തിയ പത്രസമ്മേളനത്തില്‍ പൊട്ടിക്കരഞ്ഞതും മറന്നോ? ഓര്‍മ്മയുണ്ടോ ആ കരച്ചില്‍. ഓര്‍മ്മകാണത്തില്ല വീണ്ടും ചിത്രങ്ങള്‍ വന്നുകൊണ്ടിരിക്കല്ലെ.


    അങ്ങേരു പഴയ സിനിമയിലെ ആവേശം ജീവിതത്തില്‍ കാണിച്ചതാവാം മാഷേ ഈ ബെന്യാമീന്‍ അതൊക്കെ കുത്തിപ്പൊക്കി,മറ്റുള്ളവര്‍ അതില്‍ കയറിപ്പിടിച്ച്‌....

    കെവിനേ, കൂടുതല്‍ കുട്ടികളെ സൃഷ്ടിക്കുന്നവരെ രാജ്യദ്രോഹികളായിമാത്രം കണക്കക്കണം.അവര്‍ക്കുള്ള ആനുകൂല്യങ്ങള്‍ ഒക്കെ നിര്‍ത്തലാക്കുകയും വേണം.ചൈനാമോഡല്‍...അതൊക്കെ മുന്‍പു കമന്റായി ഇട്ടിട്ടുണ്ട്‌.

    ReplyDelete
  47. This comment has been removed by a blog administrator.

    ReplyDelete
  48. കെവിനെ,
    ചില വിദ്വാന്മാര്‍ക്ക്‌ ഞാന്‍ കൊടുക്കേണ്ട മറുപടി താങ്കള്‍ കൊടുത്തുകഴിഞ്ഞു. അതിലപ്പുറം എന്തു പറയാന്‍. കഷ്‌ടം നമ്മുടെ സാമൂഹിക ബോധവും വിചാരവും. ബൂലോകം കേരളത്തിന്റെ പരിച്ചേദം എന്നു പറയുന്നത്‌ എത്ര ശരി..!!

    ReplyDelete
  49. ബെന്യാമിന്‍,
    അവധിക്കു നാട്ടിലായതിനാല്‍ ഇതിനു മറൂപടി എഴുതാന്‍ കഴിഞ്ഞില്ല.എന്തായാലും BLOG നു പറ്റിയ വിഷയം തന്നെ തിരഞ്ഞെടുക്കുന്നുണ്ട്.‍‍ ഇനിയും നോക്കട്ടെ. ആശംസകള്‍.‍

    ReplyDelete
  50. നാടിന്റെ നന്മ കണക്കാക്കിയാണു് പോലും ആളുകള്‍ കുട്ടികളെ വേണ്ടെന്നു് വെക്കുന്നതു് ! കുഞ്ഞുങ്ങള്‍ക്കു് വാ മാത്രമല്ല, കൈകാലുകളും ബുദ്ധിയും കഴിവുമുണ്ടാവും. "ഞങ്ങള്‍" കഷ്ടപ്പെട്ടു് പരിപാലിക്കുന്നതു് കൊണ്ടാണു് "ഞങ്ങളുടെ" കുട്ടികള്‍ വളരുന്നതു് എന്ന അഹന്ത ഞങ്ങള്‍ക്കെങ്കിലും ഇല്ല.
    ഞാന്‍ ഈ പ്രപഞ്ചത്തില്‍ നിന്നും എന്തെങ്കിലും ഉപയോഗിക്കുന്നുണ്ടെങ്കില്‍ എന്നാല്‍ കഴിയുന്ന സേവനവും ഞാന്‍ നല്‍കുന്നുണ്ടു്.
    "മനുഷ്യവിഭവശേഷി" എന്നു് പറയുമ്പോള്‍ മനുഷ്യനും ഒരു വിഭവമല്ലേ !

    ReplyDelete
  51. പ്രിയ ബെന്യാമിന്‍ താങ്കളുടെ ബ്ലോഗ്ഗില്‍ വലിയ പ്രതീക്ഷയോടെ ഓരോദിവസവുംകയറിനോക്കും. നിരാശയാണു ഫലം
    പുതിയ പോസ്റ്റു ഉടന്‍ പ്രതീക്ഷിക്കുന്നു.

    ReplyDelete