ആദിദ്രാവിഡ പൈതൃകത്തില്‍പ്പെട്ട ഒരു ഭാഷയാണ് മലയാളം. മലയും അളവും (സമുദ്രം) കൂടിച്ചേരുന്ന ദേശത്തെ ഭാഷ എന്നനിലയിലാണത്രേ നമ്മുടെ ഭാഷയ്ക്ക് മലയാളം എന്നു പേരുവന്നത്. തമിഴില്‍ നിന്ന് ഉരുത്തിരിഞ്ഞുവന്നതാണ് മലയാളം എന്നും അതല്ല തമിഴിണ്റ്റെയും സംസ്കൃതത്തിണ്റ്റെയും കൂടിച്ചേരലിലൂടെ ഉണ്ടായതാണെന്നും അതുമല്ല തുടക്കത്തില്‍ ഒരു മൂല ദ്രാവിഡഭാഷ ഉണ്ടായിരുന്നെന്നും അതില്‍ നിന്ന് ഉരുത്തിരിഞ്ഞുവന്ന വിവിധ ഭാഷകളാണ് തമിഴ്, മലയാളം, തെലുങ്ക്, കന്നട എന്നും മലയാള ഭാഷയുടെ ഉല്പത്തിയെപ്പറ്റി വിവിധങ്ങളായ വാദങ്ങളുണ്ട്. ഏതായാലും അഞ്ഞൂറുവര്‍ഷത്തിലധികം പ്രായം നമ്മുടെ മലയാളത്തിനില്ല. എഴുത്തച്ഛന്റെ കാലം മുതല്ക്കാണ് മലയാളം ഒരു സ്വതന്ത്രഭാഷയായി നില്ക്കാന് തുടങ്ങിയത്. അതില്‍ത്തന്നെ കഴിഞ്ഞ നൂറ്റാണ്ടിണ്റ്റെ ആദ്യകാലം വരെയും തമിഴിന്റെ സ്വാധീനം ശക്തമായിരുന്നു. മലയാളത്തില്‍ ഇന്നു നാം ഉപയോഗിക്കുന്ന മുക്കാല്‍പ്പങ്ക് വാക്കുകളും ഒന്നുകില്‍ തമിഴോ അല്ലേങ്കില് സംസ്കൃതമോ ആണ്.
വിദേശികള്‍ നമ്മുടെ മണ്ണിലേക്ക് കടന്നുവന്നതോടെ ധാരാളം വൈദേശിക വാക്കുകളും നമ്മുടെ ഭാഷ കടം കൊള്ളുകയുണ്ടായി. എല്ലാ ഭാഷകളും അങ്ങനെ കടംകൊണ്ടുതന്നെയാണ് വളരുന്നത്. കുറേക്കഴിയുമ്പോള്‍ അതൊരു വൈദേശിക വാക്കാണെന്നു പോലും അറിയാതെവണ്ണം അത് നമ്മുടെ സ്വന്തമായി തീരുന്നത് കാണാം. ഉദാഹരണത്തിന് മേശ എന്ന വാക്ക്. അതുപോലെ വരാന്ത. ഇതുരണ്ടും മലയാളമാണെന്നാണ് നമ്മുടെ ധാരണ. എന്നാല്‍ ഇത് പോര്‍ച്ചുഗീസ് ഭാഷയില്‍ നിന്ന് നാം കടം കൊണ്ടിട്ടുള്ള രണ്ട് വാക്കുകളാണ്. അതുപോലെ 'ജനാല'യും 'നാരങ്ങ'യും 'പേര'യും അസ്സല് പോര്‍ച്ചുഗീസ് വാക്കുകളാണെന്നു കേട്ടാല്‍ നമ്മളിന്ന് ശരിക്കും ഞെട്ടിയേക്കും. കക്കൂസ് എന്ന വാക്ക് ഡെച്ചാണെന്ന് അറിയുന്നതും കൌതുകം തന്നെ.
മലയാളികള്‍ ഗള്‍ഫില്‍ വരുന്നതിനു എത്രയോ കാലം മുന്‍പേ തുടങ്ങിയതാണ് നമുക്ക് അറബി ഭാഷയുമായുള്ള ബന്ധം. നമ്മുടെ ഭരണതലത്തില്‍ ഉപയോഗിക്കുന്ന നക്കൊരു ശതമാനം വാക്കുകളും അറബിയാണ് ചില ഉദാഹരണങ്ങള്‍ നോക്കുക : ജില്ല, താലൂക്ക്, ജപ്തി, വക്കീല്‍, ഹജൂറ്, നികുതി, വസൂല്‍, മാമൂല്, നിക്കാഹ്, കീശ, അത്തര്‍, ഉറുമാല്, സുറുമ, മരാമത്ത്, ഖജാന്‍ജി, കവാത്ത്, ജുബ്ബ, കുപ്പി, പിഞ്ഞാണം, ഭരണി തുടങ്ങി കറി, കള്ള്, കാപ്പി, ചായ, ശര്‍ക്കര വരെ! അങ്ങനെ നമ്മുടെ സ്വന്തം മലയാളം എന്നു കരുതുന്ന എത്രയോ വാക്കുകള്‍. സ്വഭാവികമായും ഇംഗ്ളീഷില്‍ നിന്ന് നാം കടംകൊണ്ട വാക്കുകള്‍ക്ക് കണക്കില്ല. ബഞ്ചിലും ഡസ്കിലും തുടങ്ങി അത് സ്വിച്ചിലും ടിവിയിലും കമ്പ്യൂട്ടറിലും വരെ എത്തിനില്‍ക്കുന്നു. ഇത്തരം സാങ്കേതിക പദങ്ങള്‍ക്ക് തത്തുല്യമായ മലയാളം കണ്ടെത്താനുള്ള പ്രയാസമായിരിക്കണം അതുതന്നെ ഉപയോഗിക്കാന്‍ കാരണം. സ്വിച്ചിനെ 'വൈദ്യുത ഗമനാഗമന നിയന്ത്രണയന്ത്രം' എന്നു പറയുന്നതിന്റെ ബുദ്ധിമുട്ട് ആലോചിച്ചു നോക്കൂ. അതുപോലെ സൈക്കിള്‍ - 'ഇരുന്ന് ചവിട്ടും ഇരുചക്രശകടം' എന്ന് പറഞ്ഞാലോ. പരിഭാഷയ്ക്കു ശ്രമിക്കാതെ ഇന്ന് നമ്മള് ഇംഗ്ളീഷ് വാക്കുകള്‍ അതേപോലെ ഉപയോഗിക്കുന്നത് ശീലമാക്കിയിട്ടുണ്ട്. എന്നാല്‍ ഇംഗ്ളീഷ് വാക്കുകളെ മനോഹരമായി നമ്മള് തര്‍ജ്ജിമ ചെയ്തിട്ടുമുണ്ട്. ട്രെയിന്‍ എന്ന പദമെടുക്കുക. നമ്മളതിനെ തീവണ്ടി എന്നാണ് വിളിക്കുക. യഥാര്‍ത്ഥത്തില്‍ ട്രെയിന്‍ എന്ന പദത്തിന് ഇംഗ്ളീഷില്‍ ഒന്നിനുപുറകെ ഒന്നായി പോകുന്നത് എന്നാണ് അര്‍ത്ഥം, പക്ഷേ നമ്മളതിനെ തീകൊണ്ട് ഓടുന്ന വണ്ടിയാക്കി. ഓഫീസിനെ 'ആപ്പീസും' ഷോപ്പിനെ 'ഷാപ്പും' അണ്ടര്‍ വെയറിനെ 'അണ്ട്രയാറും' ആക്കിയ വിദ്വാന്മാരാണ് നമ്മള്. അതും മൊഴിമാറ്റത്തിണ്റ്റെ ഒരു സുഖം.
പുതിയകാലത്തിനൊത്ത് ഭാഷ പുതിയ വാക്കുകള്‍ കടംകൊള്ളുന്നതിനൊപ്പം തന്നെ പഴയവാക്കുകള്‍ പലതും മരിച്ചുകൊണ്ടും ഇരിക്കുന്നു. പാക്കുവെട്ടിയും അടച്ചൂറ്റിയും മത്തും തുടുപ്പും ഉറിയും ഒക്കെ മലയാളത്തില്‍ നിന്ന് അസ്തമിച്ചുകഴിഞ്ഞു. വാക്കുകളുടെ ജനനവും മരണവും ഭാഷയില്‍ സ്വാഭാവികമാണ്. അങ്ങനെയാണ് ഭാഷ കാലത്തിനൊപ്പം വളരുന്നത്. അന്യഭാഷയിലെ വാക്കുകള്‍ സ്വീകരിക്കുന്നതിലൂടെ നമ്മുടെ മലയാളവും വളരുകയാണ്.
(ബഹ്റൈനിലെ ഒരു മാസികയ്ക്കുവേണ്ടി എഴുതിയത്)
Tuesday, November 03, 2009
Subscribe to:
Post Comments (Atom)
6 comments:
The best translated words in Malayalam must be Madhuvidhu and mazhavillu. You cant even say these are translated
sorry to write in English for a post like this :-)
മാര്‍ഗം കൂടിയോ എന്നറിയാന്‍ വന്നതാണ്. എനിക്കു തോന്നിയ 1-2 കാര്യം: എഴുത്തച്ഛനുമുന്പും മലയാളം ഉണ്ടായിരുന്നു. കൃഷ്ണഗാഥ എഴുതപ്പെടുന്നത് എഴുത്തച്ഛനു മുന്‍പാണു്. അതുപോലെ, നിരണം കവികള്‍ 14ആം നൂറ്റാണ്ടില്‍ എഴുതിയ കവിതകള്‍ തമിഴില്‍ നിന്നും വ്യത്യസ്തമാണു്. അതുപോലെ ലീലാതിലകം പോലുള്ള വ്യാകരണഗ്രന്ഥങ്ങള്‍ പണ്ടേയുണ്ടായിരുന്നല്ലൊ.
ഒരു കാര്യം കൂടി. എന്റെ അറിവില്‍, മലയാളത്തിന്റെ അര്‍ത്ഥം, മല മുതല്‍ ആഴി വരെ (മലയാഴി, മലയാളി) എന്നാണു്. പക്ഷഭേദങ്ങളുണ്ടാവാം.
അതുപോലെ ഞാന്‍ കരുതിയത്, ജില്ല മുതലായവാക്കുകള് ഉറുദുവില്‍ നിന്നു വന്നുവെന്നാണു്. അറബിയില്‍ നിന്നാണോ അവ വന്നതു്? അറിയില്ല.
ഇതൊരു നല്ല പോസ്റ്റ് ആയി. സര്‍വഭാവുകങ്ങളും നേരുന്നു. ഇനിയും എഴുതൂ.
സിജു,
മധുവിധു, മഴവില്ല്.. ഉഗ്രന്‍ ഓര്‍ത്തതേയില്ല.
ചിതല്,
എഴുത്തച്ഛനു മുന്‍പും മലയാളം ഉണ്ടായിരുന്നു. ഒരു പൂര്ണ്ണഭാഷയാകുന്ന അക്കാലത്താണെന്നാണ് വയ്പ്.
ടി വി ഭാഷയുമായി ബന്ധപ്പെട്ടു വന്ന ചില നല്ല പരിഭാഷകളെക്കുറിച്ച് ഒരിക്കല്‍ സുകുമാര്‍ അഴീക്കോട് പറഞ്ഞിരുന്നു. ഏതാണാ വാക്കുകള്‍ എന്നോര്‍മ്മയില്ല. ആര്‍ക്കെങ്കിലും ഓര്‍മ്മയുണ്ടെങ്കില്‍ എഴുതുമല്ലോ.
നല്ല ലേഖനം.
കൊള്ളാം. നല്ല ലേഖനം :)
Post a Comment