Monday, September 10, 2007

ഓണം മുതല്‍ ഓണം വരെ മണലെഴുത്തിന്റെ ഒരു ബൂലോകവര്‍ഷം

ഇന്ന് ഞാന്‍ ബൂലോകത്ത് എത്തപ്പെട്ടിട്ട് ഒരു വര്‍ഷം തികയുകയാണ്. കഴിഞ്ഞവര്‍ഷം ഇതേദിവസം ഓണത്തെപ്പറ്റി ഒരു ലേഖനം എഴുതിക്കൊണ്ടായിരുന്നു എന്റെ രചനയുടെ തിരമൊഴിരൂപത്തിലേക്കുള്ള രംഗപ്രവേശം. തികച്ചും യാദൃശ്ചികാമായി ഓണത്തെപ്പറ്റി മറ്റു ചിലത് എഴുതിയതോടെ മണലെഴുത്തിന്റെ ഒന്നാം വാര്‍ഷികം വന്നെത്തുകയും ചെയ്തു. അങ്ങനെയുള്ള വാര്‍ഷികാഘോഷങ്ങളിലൊന്നും അത്ര തത്പരനല്ല ഞാന്‍ . എന്നാല്‍ ബ്ലോഗെഴുത്തില്‍ എത്തപ്പെടുക എന്നത് എന്റെ സാഹിത്യജീവിതത്തിലെ ഒരു സുപ്രധാന ഏടായി ഞാന്‍ കരുതുന്നു. അതാണ് ഇങ്ങനെയൊരു സ്വയം ഓര്‍മ്മപ്പെടുത്തലിന്റെ കാരണം..
എഴുത്ത് എന്നത് എന്നെ സംബന്ധിച്ചിടത്തോളം ആത്മാവിഷ്കാരത്തിനുള്ള ഒരു മാര്‍ഗ്ഗം എന്നതിനപ്പുറം പുതിയ സൌഹൃദങ്ങള്‍ കണ്ടെത്തുന്നതിനുള്ള വഴി കൂടിയാണ് . ഒരുപക്ഷേ ഒരോ എഴുത്തുകാരനും തന്റെ എഴുത്തിലൂടെ തേടുന്നത് സമാനമനസ്കരുമായുള്ള ഹൃദയസംവാദങ്ങളാവാം. സമാനമനസ്കര്‍ എന്നിവിടെ പറയുന്നത് എന്റെ ചിന്തകളോടും ആശയങ്ങളോടും യോജിക്കുന്നവര്‍ എന്ന ആശയത്തിലല്ല. പിന്നെയോ എന്റെ ആശയങ്ങളോട് അതെ തലത്തില്‍ നിന്ന് സംവേദിക്കുന്നവര്‍ എന്ന അര്‍ത്ഥത്തിലാണ് അങ്ങനെ ഒരുകൂട്ടം ആളുകളില്‍ എത്തപ്പെട്ട ഒരു വര്‍ഷമാണ് ഞാന്‍ പിന്നിട്ടു വന്നത്.
ഒരു വര്‍ഷം ഇതുള്‍പ്പെടെ 28 പോസ്റ്റുകള്‍ മാത്രം. മറ്റു പലരുടെയും എഴുത്തുമായി തട്ടിച്ചുനോക്കുമ്പോള്‍ വളരെ കുറച്ചു മാ‍ത്രം. പക്ഷേ എഴുതിയവയിലെല്ലാം സജീവമായ ചര്‍ച്ച ഞാന്‍ കണ്ടു. എന്നോട് വിയോജിച്ചവര്‍ ഏറെയുണ്ടായിരുന്നു എന്നോട് യോജിച്ചവരും. എന്റെ ബ്ലോഗ് പിന്‍ വലിക്കണമെന്ന് പറഞ്ഞ ഇരിങ്ങല്‍ മുതല്‍ എന്നെ ക്രിസ്ത്യന്‍ ലോബിയുടെ കേരളഘടകം പ്രസിഡന്റ് എന്നുവിശേഷിപ്പിച്ച റിച്ചാര്‍ഡ് വരെ. എന്റെ ബ്ലോഗു പ്രവേശനം ബൂലോഗത്തിനോടു വിളിച്ചുപറഞ്ഞ പെരിങ്ങോടന്‍ മുതല്‍ എന്നെ ജേഷ്ഠസഹോദരനായി കാണുന്ന അജി വരെ.. എന്നെ നഖശിഖാന്തം എതിര്‍ത്തവര്‍: എന്നോട് സമൂ‍ലം യോജിച്ചവര്‍. എന്റെ ബ്ലോഗെഴുത്ത് ഒട്ടും വിരസമായിരുന്നില്ല. സജീവമായ ഒരു ചര്‍ച്ചയില്‍ പങ്കെടുക്കുന്ന ഒരു ഉന്മേഷം ഈ ഒരു വര്‍ഷക്കാലം മുഴുവന്‍ എനിക്കു കിട്ടി. പ്രിന്റെഴുത്തിനേക്കള്‍ സജീവത തോന്നിയത് ഇവിടെയാണ്
അതെല്ലാം എന്നെ സന്തോഷചിത്തനാക്കുന്നു. എന്റെ എഴുത്ത് : ഞാന്‍ മുന്നോ‍ട്ടു വച്ച ആശയങ്ങള്‍ നിങ്ങള്‍ തള്ളിക്കളഞ്ഞില്ലല്ലോ. അവയില്‍ എന്തൊക്കെയോ പ്രതികരിക്കാന്‍ ഉണ്ടെന്ന് തോന്നിയതുകൊണ്ടാവണമല്ലോ നിങ്ങളുടെ വിലപ്പെട്ട സമയം ചിലവഴിച്ച് എന്റെ എഴുത്തില്‍ എത്തപ്പെട്ടതും എന്നോട് അഭിപ്രായം അറിയിച്ചതും. എന്നോട് വിയോജിച്ച് നിങ്ങളെന്റെ യഥാര്‍ത്ഥ സുഹൃത്താണെന്ന് തെളിയിക്കൂ എന്ന് പറയുന്ന ഒരു മഹത്തായ വാചകമാണ് ഞാനിപ്പോള്‍ ഓര്‍ക്കുന്നത്. ഏവര്‍ക്കും നന്ദി.
വെറുതെ അജ്ഞാത ഇടങ്ങളില്‍ ഇരുന്ന് സംവേദിക്കുക എന്നതിനപ്പുറം നിങ്ങളില്‍ ചിലരെയെങ്കിലും നേരിട്ട് കാണാനും അല്പസമയമെങ്കിലും നിങ്ങളോടൊപ്പം ചിലവിടാനും എനിക്കു സാധിച്ചു എന്നത് ഈ ബ്ലോഗുവര്‍ഷത്തിലെ മറ്റൊരു സുകൃതം. അബുദാബിയിലും ബഹ് റൈനിലുമായി പങ്കെടുത്ത രണ്ട് ബൂലോകസംഗമത്തിലൂടെയാണ് എനിക്കത് സാധ്യമായത്. ഒരുകൂട്ടം നല്ല മനസുകളെ കണ്ടുമുട്ടിയ ആശ്വാസമായിരുന്നു എനിക്കപ്പോള്‍. സര്‍വ്വം ശിഥിലമാകുന്നു എന്ന എഴുത്തുകാരന്റെ പെസിമിസത്തിനെതിരെ ഇവിടെ ഇനിയും ലോകത്ത് നന്മ പുലരാന്‍ ആഗ്രഹമുള്ള വര്‍ ഉണ്ടെന്ന അറിവാണ് ഈ സൌഹൃദങ്ങള്‍ സമ്മാനിച്ചത്.
എന്റെ ആകെ എഴുത്തിനെയും ഉണര്‍ത്തിവിടുവാന്‍ ഈ ഒരു വര്‍ഷത്തെ ഈ സംവാദങ്ങള്‍ സഹായിച്ചു എന്നതാണ് സത്യം. രണ്ട് പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചു. ഒരു നോവല്‍ വാരികയില്‍ ഖണ്ഡശ്ശയായി വന്നു മറ്റു ചില സുപ്രധാന രചനകള്‍ പൂ‍ര്‍ത്തിയാക്കാന്‍ കഴിഞ്ഞു. എഴുത്തില്‍ ചെറുതല്ലാത്ത സന്തോഷം എനിക്കുണ്ട്. അതിന്റെ പിന്നിലെ ഊര്‍ജ്ജം നിങ്ങളുടെ വരികളായിരുന്നു. ഈ ബഹളമയമായ ലോകത്തില്‍ ദൃശ്യമാധ്യമങ്ങളുടെ പ്രളയകാലത്ത് എഴുത്തുകാരനും എഴുത്തിനെ സ് നേഹിക്കുന്നവരും മുങ്ങിപ്പോകുന്നില്ല എന്നും അവര്‍ സജീവമായിത്തന്നെ ഇവിടെ ഉണ്ട് എന്നും അവര്‍ ഒരു മനസ്സായി അതിനെ വിവിധമാര്‍ഗ്ഗങ്ങളിലൂടെ നേരിട്ടുകൊണ്ടിരിക്കുകയാണ് എന്നും എന്നെ ബോധ്യപ്പെടുത്തിയതും നിങ്ങള്‍ തന്നെ.
വരും വര്‍ഷങ്ങളിലും നിങ്ങളോട് ഇതുപോലെ ഇതിനെക്കാള്‍ സജീവമായി സംവേദിക്കുവാന്‍ കഴിയട്ടെ എന്ന ആഗ്രഹത്തോടെ ഏവര്‍ക്കും ഒരിക്കല്‍ക്കൂടി നന്ദി പറഞ്ഞുകൊണ്ട് സ് നേഹപൂര്‍വ്വം ബെന്യാമിന്‍

Monday, September 03, 2007

ഗള്‍ഫില്‍ ഓണം ഒരു ഹൈന്ദവാഘോഷമോ?

ഓണത്തിന്റെ പിന്നിലെ മിത്തുകള്‍ക്ക്‌ ഹൈന്ദവവിശ്വാസങ്ങളുമായി അഭേദ്യമായ ബന്ധമുണ്ട്‌. അത്തരത്തില്‍ അതൊരു ഹൈന്ദവാഘോഷം തന്നെയായിരുന്നു. എന്നാല്‍ മതജാതീയ ചിന്തകള്‍ക്കപ്പുറത്തേക്ക്‌ ഓണത്തിന്റെ ഐതീഹത്തെ വളര്‍ത്തിയെടുക്കാനും അത്‌ മൊത്തം കേരളീയരുടെ മതാതീത ആഘോഷമാക്കി മാറ്റാനും നമുക്ക്‌ കഴിഞ്ഞിരുന്നു. എന്നാല്‍ കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ഓണാഘോഷപരിപാടികള്‍ക്കിടയില്‍ ഹൈന്ദവബിംബങ്ങള്‍ തിരുകിക്കേറ്റി ഓണത്തെ ഹൈന്ദവവത്‌കരിക്കാനുള്ള ഒരു ശ്രമം നടക്കുന്നതിനെപ്പറ്റി പറഞ്ഞുകൊണ്ടാണ്‌ ഞാന്‍ ഈ ബൂലോകത്തേക്ക്‌ കടന്നു വന്നതുതന്നെ. അതിന്‌ അനുകൂലവും പ്രതികൂലവുമായ നിരവധി പ്രതികരണങ്ങള്‍ ലഭിക്കുകയും ചെയ്‌തു.
അപ്പറഞ്ഞത്‌ നാട്ടില്‍ മനപ്പൂര്‍വ്വമായി നടക്കുന്ന ഹൈന്ദവവത്‌കരണത്തെക്കുറിച്ചാണ്‌. എന്നാല്‍ ഈ വര്‍ഷത്തെ ഓണാഘോഷങ്ങള്‍ എല്ലാം കണ്ടാസ്വദിച്ചു കഴിഞ്ഞപ്പോള്‍ ഒരോ സാധാരണ മലയാളിയും അവന്റെ മനസ്സുകൊണ്ട്‌ ഓണത്തെ ഹിന്ദുക്കള്‍ക്കായി വിട്ടുകൊടുത്തെന്നൊരു തോന്നലാണ്‌ എനിക്കുണ്ടായത്‌. പ്രത്യേകിച്ച്‌ ഗള്‍ഫില്‍. കമ്പിനികളുടെ അക്കോമഡേഷനുകളിലും സുഹൃത്‌വലയങ്ങളിലും ഒരു പതിവുണ്ട്‌. ബക്രീദിന്‌ എല്ലാവരും ഒരു മുസ്ലീം സുഹൃത്തിന്റെ ഭവനത്തില്‍ ഒത്തുകൂടുന്നു. അന്നവന്റെ പാര്‍ട്ടി. അക്കോമഡേഷനാണെങ്കില്‍ മുസ്ലീം സുഹൃത്തുക്കള്‍ എല്ലാവരും ചേര്‍ന്ന് ബാക്കിയുള്ളവര്‍ക്ക്‌ പാര്‍ട്ടി. അതുപോലെ തന്നെ ക്രിസ്‌ത്യന്‍ സുഹൃത്തുക്കള്‍ ക്രിസ്‌തുമസിന്‌. അതിനൊക്കെ ബദലായി ഹിന്ദുക്കള്‍ക്ക്‌ പാര്‍ട്ടി നടത്താന്‍ അവസരമായി വിട്ടുകൊടുക്കുന്നത്‌ ഓണമാണ്‌. മിക്ക നാനാജാതി സൗഹൃദവലയങ്ങളിലും ഇന്ന് ഓണം ആഘോഷിപ്പിക്കേണ്ട ചുമതല ഹിന്ദു സുഹൃത്തിന്റേതയിരിക്കുന്നു. ഓഫീസുകളില്‍ ഓണസദ്യ വരുത്തേണ്ടത്‌ ഹിന്ദു സഹപ്രവര്‍ത്തകന്റേതാകുന്നു. രാത്രിപ്പാര്‍ട്ടികള്‍ ഹിന്ദുതൊഴിലാളികളുടെ ഉത്തരവാദിത്വമായിരിക്കുന്നു.
വിഷുവും ദീപാവലിയും ശ്രീകൃഷ്ണജയന്തിയും അങ്ങനെ നൂറായിരത്തിയെട്ട്‌ ആഘോഷങ്ങളും ബാക്കിയുള്ളപ്പോള്‍ എന്തിനാണ്‌ നമ്മള്‍ ഒരു ഹിന്ദുവിനെക്കൊണ്ട്‌ അവന്‍ ഹിന്ദുവാണന്നതിന്റെ പേരില്‍ ഓണത്തില്‍ സദ്യ ഒരുക്കിപ്പിക്കുന്നത്‌..? മറ്റ്‌ മതസ്ഥരെല്ലാം അവരവരുടെ വീടുകള്‍ ഇന്നും ഓണമൊരുങ്ങാറുണ്ടെങ്കിലും ഓണമൊരുക്കേണ്ട പൊതു ചുമതല ഒരു ഹിന്ദുവിന്റേതാണെന്ന ബോധം എങ്ങനെ വന്നുഭവിച്ചു. നമ്മുടെ സമൂഹത്തിന്റെ അടിത്തട്ടില്‍ നടക്കുന്ന ഒരു രാസമാറ്റം നാം അറിയാതെ പോകുന്നതാണോ? നമ്മളോരോരുത്തരും ഹിന്ദുവാണെന്നതിന്റെ പേരില്‍ ഓണം ഒരുങ്ങിയും ഹിന്ദുവല്ലന്നതിന്റെ പേരില്‍ ഓണത്തില്‍ നിന്ന് വിട്ടുനിന്നും അതിന്റെ ഭാഗവാക്കാകുകയാണോ? ഇങ്ങനെപോയാല്‍ വര്‍ഷങ്ങള്‍ കഴിയുമ്പോള്‍ ഓണം ഒരു പൊതു ആഘോഷമല്ലാതായി മാറുമോ?