Sunday, October 07, 2007

മോഹന്‍ലാലിന്റെ ഓഷ്യാനസ്‌ ഗുരു മമ്മൂട്ടിക്കൊരു ചെക്കുലീഫ്‌.

നമ്മുടെ ദൈനംദിന ജീവിതത്തില്‍ നാമറിയാതെ നമ്മുടെ സമയം അപഹരിക്കുന്നതും നമ്മെ സ്വാധീനിക്കുന്നതുമായ ഒരു കലാസൃഷ്ടിയാണല്ലോ പരസ്യങ്ങള്‍. പണ്ടത്തെ പരസ്യങ്ങള്‍ വെറും അറിയിപ്പുകള്‍ ആയിരുന്നെങ്കില്‍ ഇന്നത്‌ ക്യാപ്‌സൂള്‍സിനിമകളായി മാറിയിട്ടുണ്ട്‌. പണ്ടൊക്കെ പരസ്യവേളകള്‍ ഓടിച്ചുവിടാനും (വി.സി.ആറില്‍) അടുത്ത ചാനലിലേക്ക്‌ ചാടാനും അടുക്കളപ്പണിയിലേക്ക്‌ ഓടാനുമുള്ള വേളകളായിരുന്നെങ്കില്‍ ഇന്ന് പരസ്യങ്ങള്‍ കാണാന്‍ വേണ്ടിമാത്രം പരിപാടികള്‍ കാണുന്ന ഒരു പ്രേക്ഷകസമൂഹം ഉണ്ടായിവന്നിട്ടുണ്ട്‌. അത്‌ പരസ്യത്തിന്റെ സ്വീകാര്യതയാണ്‌ വെളിപ്പെടുത്തുന്നത്‌.
പ്രേക്ഷകനുമായി വെറുതെ സംവേദിക്കുക മാത്രമല്ല ഓരോ പരസ്യവും അവന്റെ മനസ്സില്‍ ആഴത്തില്‍ പതിഞ്ഞു കിടക്കുകയും ചെയ്യുന്നു. ഒരു ഉദാഹരണം തരാം. ഒരു മിനിറ്റു ദൈര്‍ഘ്യത്തില്‍ നിര്‍മ്മിക്കപ്പെടുന്ന ഒരു ഫുള്‍എപ്പിസോഡ്‌ പരസ്യം. ആദ്യത്തെ ഒരാഴ്ചക്കാലത്തേക്കു മാത്രമാവും അത്‌ പൂര്‍ണ്ണമായും പ്രദര്‍ശിപ്പിക്കുക. അടുത്ത ആഴ്ച മുതല്‍ പരസ്യം പകുതിയാകുന്നു. വിട്ടുപോയ പകുതി പൂരിപ്പിക്കുന്നത്‌ പ്രേക്ഷകന്റെ മനസ്സാണ്‌. രണ്ടാഴ്ച കഴിഞ്ഞാല്‍ ക്യാപ്½ഷന്‍ മാത്രം മതി. അതൊരു ഫുള്‍ പരസ്യത്തിന്റെ ഗുണം ചെയ്യും. അപ്പോഴേക്കും പരസ്യം പൂര്‍ണ്ണമായും നമ്മുടെ മനസ്സില്‍ പതിഞ്ഞു കഴിഞ്ഞു. അതുകൊണ്ടാണ്‌ 'ദീദി ഉഗ്രന്‍ നാലു ചേച്ചിമാര്‍ കൂടുതലാ' എന്ന ഒറ്റവാചകം ഒരു മുഴുനീള പരസ്യത്തിന്‌ പകരം വയ്ക്കാന്‍ കഴിയുന്നത്‌. അത്ര ആഴത്തിലാണ്‌ ഓരോ പരസ്യവും നമ്മുടെ മനസ്സില്‍ പതിഞ്ഞുപോകുന്നത്‌.
ഇങ്ങനെ ജനങ്ങളുടെ ഇടയില്‍ വല്ലാത്ത സ്വാധീനമുള്ള ഒരിടത്തേക്കാണ്‌ നമ്മുടെ രണ്ട്‌ സൂപ്പര്‍ താരങ്ങള്‍ അവരുടെ മത്സരം ദീര്‍ഘിപ്പിച്ചുകൊണ്ട്‌ ഇറങ്ങി വന്നിരിക്കുന്നത്‌. ബോളിവുഡിലെ പല താരങ്ങളും പരസ്യത്തിനിറങ്ങിയിട്ടും പരസ്യത്തിന്റെ മേഖല മുന്‍പ്‌ ഇരുവര്‍ക്കും വര്‍ജ്യമായിരുന്നു. അത്‌ മലയാളിയുടെ സ്വതസിദ്ധമായ മൂല്യബോധം എന്ന ഈഗോ. എന്നാല്‍ അവര്‍ വളരെ വേഗം അതിന്റെ സാധ്യത കണ്ടെത്തി. അധികകാലം പണത്തിന്റെ വ്യാമോഹങ്ങള്‍ക്കു മുന്നില്‍ പിടിച്ചുനില്‌ക്കാന്‍ ഇവര്‍ക്കായില്ല. മോഹന്‍ലാലാണ്‌ തുടങ്ങിയത്‌. അദ്ദേഹം തുടങ്ങിയത്‌ മമ്മൂട്ടി തുടരാതെ നിര്‍വ്വഹമില്ലല്ലോ. പിന്നെ ഒരു തവണ വ്യഭിചാരത്തിനിറങ്ങിയ ചാരിത്ര്യവതിയുടെ അവസ്ഥയിലായി രണ്ടുപേരും. ഏപ്പംതോപ്പം പരസ്യാഭിനയമായി. അത്‌ അവര്‍ തമ്മിലുള്ള മത്സരത്തിന്റെ ഭാഗം. അതിന്റെ അവസാന എപ്പിസോഡാണ്‌ നാമിപ്പോള്‍ കണ്ടുകൊണ്ടിരിക്കുന്നത്‌.
സെലിബ്രിറ്റികള്‍ പരസ്യത്തില്‍ അഭിനയിക്കുന്നതില്‍ ആര്‍ക്കെങ്കിലും വിരോധം കാണും എന്ന് തോന്നുന്നില്ല. അമിതാബച്ചന്‍ മുതല്‍ ശ്രീനിവാസനും മമ്മൂക്കോയയും വരെ ഓരോ പരസ്യങ്ങളില്‍ വന്നുപോകുന്നു. അമിതാബച്ചന്റെ മിസ്‌ പാലംപൂരും റാണിമുഖര്‍ജിയുടെ 'താങ്കൂ' വും നല്ല രീതിയില്‍ നിര്‍മ്മിച്ചിട്ടുള്ള പരസ്യങ്ങളാണ്‌. മീസാന്‍ സ്വര്‍ണ്ണത്തിന്റെ പരസ്യത്തിന്‌ ശ്രീനിവാസനായാലും മതി എന്നു പറയുന്ന ശ്രീനിവാസന്‍ പരസ്യത്തിലുമുണ്ട്‌ ഒരു ധൈഷണീകത.
മോഹന്‍ലാലിന്റെ പങ്കജകസ്‌തൂരിയും മമ്മൂട്ടിയുടെ കല്യാണും ആര്‍ക്കും പരാതിയില്ലാതെ കാണാവുന്ന പരസ്യങ്ങളാണ്‌. അതേ സമയം അടുത്തിടെ ഇറങ്ങിയ രണ്ടു പരസ്യങ്ങളുണ്ട്‌. രണ്ട്‌ താരങ്ങളുടെ സ്യൂഡോ ഇമേജ്‌ സൃഷ്ടിക്കാനായി നിര്‍മ്മിച്ചതെന്ന് സംശയിക്കാവുന്ന രണ്ട്‌ പരസ്യങ്ങള്‍. മോഹന്‍ലാലിന്റെ ഓഷ്യാനസ്‌. മമ്മൂട്ടിയുടെ സൗത്ത്‌ ഇന്ത്യന്‍ ബാങ്ക്‌. സിനിമയില്‍ ഇവര്‍ തമ്മില്‍ ഒരു മത്സരമുള്ളതുപോലെ പരസ്യത്തിലും ഇവര്‍ മത്സരം തുടങ്ങിയോ എന്നുതോന്നിപ്പോകും ഈ പരസ്യങ്ങള്‍ കണ്ടാല്‍.
പരസ്യത്തിന്റെ നിര്‍മ്മാണത്തില്‍ ഇവര്‍ക്ക്‌ പങ്കാളിത്തമൊന്നുമില്ലല്ലോ, പിന്നെങ്ങനെയാണ്‌ ഈ പരസ്യങ്ങളുടെ പേരില്‍ ഈ നടന്മാര്‍ വിമര്‍ശനം അര്‍ഹിക്കുന്നത്‌ എന്നൊരു ചോദ്യം ഉയര്‍ന്നുവരാന്‍ സാധ്യതയുണ്ട്‌. അങ്ങനെയാണെങ്കില്‍ സിനിമകളെക്കുറിച്ചും അതുതന്നെ പറയാം. പക്ഷേ സത്യത്തില്‍ സംഗതികളുടെ കിടപ്പ്‌ അങ്ങനെയാവാന്‍ തരമില്ല. പ്രത്യേകിച്ച്‌ ഈ രണ്ടു പരസ്യങ്ങള്‍ കൃത്യമായി പഠിക്കുന്നവര്‍ക്ക്‌. ഈ പരസ്യത്തിന്റെ നിര്‍മ്മാണത്തില്‍ ഈ നടന്മാരുടെ ഈഗോ കൈയ്യൊപ്പു പതിച്ചിരിക്കുന്നതായി നമുക്ക്‌ കൃത്യമായി കണ്ടെത്താന്‍ കഴിയും, ഇവരുടെ പല സിനിമകളിലും എങ്ങനെ ഇവരുടെ വികൃതമായ കൈയ്യൊപ്പു പതിയുന്നുവോ അതുപോലെ (അഭിനയത്തെയോ കഴിവിനെയോ അല്ല ഇവിടെ പരാമര്‍ശിക്കുന്നത്‌ എന്നു പറഞ്ഞുകൊള്ളട്ടെ - അതിനു പുറത്തുള്ള ഈഗോകളി, താരകളി. സൂപ്പര്‍ താരകളി)
മോഹന്‍ലാല്‍ തന്റെ അഭിനയത്തിലെ ആദ്യഗുരുവിന്‌ സമര്‍പ്പിക്കുന്ന ഫ്ലാറ്റാണ്‌ ഓഷ്യാനസ്‌ പരസ്യത്തിന്റെ വിഷയം. ഇതിനോടകം എല്ലാ വായനക്കാരുടെയും ഉള്ളില്‍ അത്‌ നന്നായി പതിഞ്ഞുകാണും എന്നതുകൊണ്ട്‌ അധികം വിശദീകരണം ആവശ്യമില്ലല്ലോ. ജീവിതത്തിലെ മോഹന്‍ലാല്‍ തന്നെയാണ്‌ പരസ്യത്തിലെ മോഹന്‍ലാല്‍ എന്നതിന്‌ സൂചനയൊന്നുമില്ല. എന്നാല്‍ ഓര്‍മ്മകള്‍, അഭിനയത്തിന്റെ ആദ്യാക്ഷരങ്ങള്‍, എന്റെ ഗുരു നാഥന്‍ എന്നൊക്കെയുള്ള വാക്കുകളിലൂടെ അതിന്റെ പ്രതീതി സൃഷ്ടിക്കുന്നുമുണ്ട്‌. സ്വന്തം ഗുരുവിനെ പഴഞ്ചന്‍ വീട്ടില്‍ നിന്നും നഗരത്തിലെ പുത്തന്‍ ഫ്ലാറ്റിലെത്തിക്കുന്നതിലൂടെ മോഹന്‍ലാല്‍ സ്വയം മഹാനും മഹാനുഭാവനുമാണെന്ന് ജനങ്ങളുടെ മുന്നില്‍ ഒരു തെറ്റായ സന്ദേശമെത്തിക്കുന്നു. ചില സിനിമകളില്‍ ധീരനും ശൂരനും പരാക്രമിയുമായ ഒരു മോഹന്‍ലാലിനെ സൃഷ്ടിക്കുന്നതുപോലെയുള്ള ഒരു സ്യൂഡോ ഇമേജ്‌ സൃഷ്ടിക്കാനാണ്‌ ഈ പരസ്യത്തിലൂടെ മോഹന്‍ലാല്‍ ശ്രമിക്കുന്നത്‌. ഒരു ഫ്ലാറ്റിന്റെ പരസ്യത്തിന്‌ മറ്റ്‌ സര്‍ഗ്ഗാത്മകമായ വഴികള്‍ ഒന്നും കിട്ടിയില്ലേ എന്നാലോചിക്കുന്നിടത്താണ്‌ മനപൂര്‍വ്വം സൃഷ്ടിച്ച ഒരു പരസ്യമാണിതെന്ന വിചാരം ഉണ്ടാകുന്നത്‌.
ഉടനെ വന്നു മമ്മൂട്ടിയുടെ പരസ്യം. മോഹന്‍ലാലിന്റെ ഒരു പടം വന്നാല്‍ ഉടനെ അതേ ഗണത്തിലുള്ള ഒരു മമ്മൂട്ടിപ്പടം വരുന്നതുപോലെ, മോഹലാലിന്റെ രാവണന്‍ വന്നാല്‍ മമ്മൂട്ടിയുടെ രാക്ഷസന്‍ വരുന്നതുപോലെ, ബദലുക്കു ബദല്‍ ഒരു പരസ്യം. നമ്മുടെ സംശയം ബലപ്പെടാന്‍ മറ്റൊരു കാരണം.
മോഹന്‍ലാലിന്റെ ഗുരുവിനോടുള്ള മഹാനുഭാവത്തിന്‌ ബദലായി ഇവിടെ മമ്മൂട്ടി പാവങ്ങള്‍ക്കുവേണ്ടി രണ്ടുലക്ഷം രൂപയുടെ ചെക്കു കൊടുക്കുന്നതാണ്‌ കാണിക്കുന്നത്‌. ഈ പരസ്യത്തിലാവട്ടെ, മമ്മൂട്ടി വെറും പരസ്യനടനല്ല, പകരം യഥാര്‍ത്ഥ മമ്മൂട്ടി തന്നെയാണ്‌. പരസ്യത്തിലെ പെണ്‍കുട്ടി അത്‌ പറയുന്നുമുണ്ട്‌.
മോഹന്‍ലാല്‍ ഗുരുവിന്‌ ഫ്ലാറ്റുകൊടുക്കുന്നതായി കാണിച്ച്‌ മഹാനാവുന്നെങ്കില്‍ ഞാനിതാ രണ്ടുലക്ഷം പാവങ്ങള്‍ക്ക്‌ വിതരണം ചെയ്‌തുകൊണ്ട്‌ മഹാനാവുന്നു എന്നാണ്‌ മമ്മൂട്ടിയുടെ ഭാവം.
ഇങ്ങനെയൊന്നും പൊങ്ങച്ചം കാണിച്ച്‌ മഹാന്മാരാവേണ്ട രണ്ടു നടന്മാരല്ല ഇവര്‍ രണ്ടുപേരും. അവര്‍ക്ക്‌ നമ്മുടെ ഒക്കെ ജീവിതത്തില്‍ ഒരു സ്ഥാനം തന്നെ നാം പതിച്ചുകൊടുത്തിട്ടുണ്ട്‌. നമ്മുടെ അഭിമാനമാണവര്‍. പക്ഷേ അവരുടെ ഈഗോകള്‍ തൃപ്‌തിപ്പെടുന്നില്ലെന്നുവേണം ഇതൊക്കെ കാണുമ്പോള്‍ കരുതാന്‍.
സ്വന്തം കരുത്തും ബലവും തിരിച്ചറിയാതെ ഊതിവീര്‍പ്പിച്ച ഈഗോയുമായി നടക്കുന്ന രണ്ടു നടന്മാര്‍ മലയാളത്തിലേ കാണൂ. അവരെ പൊക്കിനടക്കാന്‍ നമ്മള്‍ മലയാളികളേ കാണൂ.

Tuesday, October 02, 2007

ഒരു നോവലിനൊപ്പം നിങ്ങള്‍ എത്രനാള്‍ ജീവിക്കും..? മൂന്നു കുറിപ്പുകള്‍

1. ഒരു നോവലിനൊപ്പം നിങ്ങള്‍ എത്രനാള്‍ ജീവിക്കും..?
ഒരു നോവല്‍ വായിക്കാന്‍ തുടങ്ങുന്നതോടെ നമ്മള്‍ ഒരു പുതിയ ലോകത്തിലേക്ക്‌ പ്രവേശിക്കുകയാണ്‌. ഒരു പക്ഷേ നമുക്ക്‌ കുറച്ചൊക്കെ പരിചിതമായ ഒരിടമാകാം അത്‌ അല്ലെങ്കില്‍ തീരെ പരിചിതമല്ലാത്ത ഒരിടം. യൂറോപ്പിലെ ഒരു പ്രാന്തപ്രദേശമാകാം അത്‌, ലാറ്റിനമേരിക്കയിലെ വാഴത്തോട്ടങ്ങള്‍ നിറഞ്ഞ ഒരു ഗ്രാമമാകാം, ഹൈറേഞ്ചിലെ ഒരു മഴക്കാലമാകാം, ആഫ്രിക്കയിലെ ഒരു മരുപ്രദേശമാകാം, റഷ്യയിലെ ഒരു മഞ്ഞുകാലമാകാം തിരുവിതാംകൂറിലെ ഒരു ഗ്രാമവുമാകാം. എന്തായാലും നമ്മുടെ ഇന്നുകളില്‍ നിന്നും വായനയിലൂടെ നാമൊരു യാത്രപോകുന്നുണ്ട്‌. അങ്ങനെ കൊണ്ടുപോകാന്‍ ഒരു നോവലിന്‌ കഴിയുക തന്നെവേണം. പിന്നെ നമ്മള്‍ ആ കാലാവസ്ഥയില്‍ അതിലെ കഥാപാത്രങ്ങള്‍ക്കൊപ്പം അവരുടെ വേദനകള്‍ പങ്കുവച്ച്‌, അവരുടെ ആവലാതികള്‍ തിന്ന്, അവരുടെ സന്തോഷങ്ങളില്‍ പങ്കുചേര്‍ന്ന്, അവരുടെ ഒളിഭോഗങ്ങള്‍ ആസ്വദിച്ച്‌ ആ കഥാപാത്രങ്ങളോടൊപ്പം ജീവിക്കുകയാണ്‌. ചിലപ്പോള്‍ ആ കഥാപാത്രങ്ങളായിത്തന്നെ ജീവിക്കുകയാണ്‌. നോവല്‍ വായിച്ചു കഴിയുന്നതോടെ മാത്രമേ പിന്നെ നാം ആ ജീവിതങ്ങളില്‍ നിന്ന് പുറത്തു കടക്കുന്നുള്ളൂ. പതിയെ വായിക്കുക ആസ്വദിച്ചു വായിക്കുക വളരെക്കാലമെടുത്തു വായിക്കുക എന്നത്‌ എന്റെ ശീലമാവുന്നത്‌, കുറേ ഏറെക്കാലം സ്വന്തം ജീവിതത്തിന്റെ വെളിയില്‍ സ്വന്തം സാധാരണകളുടെ വെളിയില്‍ ജീവിക്കാമല്ലോ എന്ന ആര്‍ത്തികൊണ്ടാണ്‌. ഒരു നല്ല നോവലിന്റെ വായന ഒരു ദീര്‍ഘയാത്രപോലെ ഒത്തിരി അനുഭവങ്ങള്‍ തരുന്ന ഒന്നാണ്‌. പല ഇടങ്ങളിലേക്കു മാത്രമല്ല. പല കാലങ്ങളിലേക്കുകൂടിയാണ്‌ ഒരു നോവല്‍ നമ്മെ കൂടിക്കൊണ്ടു പോകുന്നത്‌. ഒന്നാം നൂറ്റാണ്ടിലെ ക്രിസ്‌തുവിലേക്കും പതിനാറാം നൂറ്റാണ്ടിലെ ഇസ്‌താംബൂളിലേക്കും പതിനെട്ടാം നൂറ്റാണ്ടിലെ സൈബീരയിലേക്കും നാം നോവലുകളിലൂടെ ചെന്നെത്തുന്നുണ്ട്‌. നോവല്‍ വായനയ്ക്കൊടുവില്‍ നാം തിരിച്ച്‌ നമ്മുടെ സ്വന്തം വാസസ്ഥലത്ത്‌ എത്തിക്കഴിഞ്ഞാല്‍ അവശേഷിക്കുന്ന ചോദ്യം ഇതാണ്‌ - ആ നോവല്‍ എത്രനാള്‍ നമുക്കൊപ്പം ജീവിക്കും? ഒരു ദിവസം? ഒരാഴ്‌ച? ഒരു മാസം..? മക്കൊണ്ടയും ഖസാക്കും ഒന്നും ഒരുകാലത്തും നമ്മുടെ ജീവിതത്തില്‍ നിന്ന് ഒഴിഞ്ഞുപോകാത്തത്‌ എന്തുകൊണ്ടാകും..?!!

2. പന്തില്ലാതെ ഒരു ഫുട്ട്ബോള്‍ കളി
കേരളത്തിലെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടെയും പോഷകസംഘടനകള്‍ വിവിധ ഗള്‍ഫ്‌ രാജ്യങ്ങളിലുണ്ട്‌. മാതൃദേശത്താവട്ടെ അധിവസിക്കുന്ന മേഖലയിലാവട്ടെ യാതൊരു സ്വാധീനവും ചെലുത്താനാവാത്ത യാതൊരു ചലനവും രേഖപ്പെടുത്താത്ത ഈ സംഘടനകളുടെ രാഷ്ട്രീയ പ്രവര്‍ത്തനത്തെ പന്തില്ലാത്ത ഫുട്ട്ബോളുകളിയോട്‌ ഉപമിക്കാനാണ്‌ എനിക്കു തോന്നുന്നത്‌. ജനങ്ങളില്‍ പ്രത്യക്ഷമായോ പരോക്ഷമായോ ഏതെങ്കിലും വിധത്തിലുള്ള പ്രയോജനങ്ങള്‍ എത്തിക്കാന്‍ കഴിയാത്ത ഈ രാഷ്ട്രീയ പ്രവര്‍ത്തനത്തെ മറ്റ്‌ എന്തു കളിയോടാണ്‌ ഉപമിക്കാന്‍ കഴിയുക? ഓര്‍ക്കാന്‍ വല്ലാത്ത കൗതുകകരമായ ഒരു കളിയാണത്‌. ഇടതുപോസ്റ്റില്‍ നിന്ന് ഗോളി പന്ത്‌ നീട്ടിയടിച്ചു കൊടുക്കുന്നു. ഒരുത്തന്‍ അത്‌ ഹെഡ്‌ ചെയ്‌ത്‌ കൂട്ടാളിക്ക്‌ കൈമാറുന്നു. അവന്‍ പന്തുമായി എതിര്‍ പോസ്റ്റിലേക്ക്‌ പായുന്നു. എതിര്‍ ടീമിലൊരുത്തന്‍ അവനെ ബ്ലോക്കു ചെയ്യുന്നു. മറ്റൊരുത്തന്‍ കുതികാല്‍ വച്ച്‌ അവനെ വീഴ്‌ത്താന്‍ ശ്രമിക്കുന്നു. എല്ലാവരെയും വെട്ടിച്ച്‌ ഒടുവില്‍ ഗോളടിക്കുന്നു. ഗോളടിച്ചവന്‍ ആര്‍ത്തട്ടഹസിക്കുന്നു. സംഘാംഗങ്ങള്‍ കെട്ടിപ്പിടിച്ച്‌ ആഹ്ലാദം പങ്കുവയ്ക്കുന്നു. മേല്‍വിവരിച്ച എല്ലാ കായിക പ്രവര്‍ത്തനങ്ങളും ഇവിടുത്തെ രാഷ്ട്രീയത്തിനുമുണ്ട്‌. പക്ഷേ യഥാര്‍ത്ഥത്തില്‍ ഉണ്ടാവേണ്ട പന്തു മാത്രം കാലിലില്ലെന്നു മാത്രം. പിന്നെ ഈ നീട്ടിടയിയ്ക്കും ഹെഡു ചെയ്‌ത്തിനും ഓട്ടത്തിനും ബ്ലോക്കിനും കുതികാല്‍ വയ്പ്പിനും എന്തു പ്രസക്‌തി എന്നു മാത്രം ചോദിക്കരുത്‌. സങ്കല്‌പത്തില്‍ പന്തുകളിക്കാനും അതിന്റെ പേരില്‍ വീമ്പുപറയാനുമാണ്‌ ഗള്‍ഫ്‌ രാഷ്ട്രീയത്തിന്‌ ഇഷ്ടം. ഇതാണ്‌ ശരിയായ ഉത്തരാധുനിക രാഷ്ട്രീയം. കുറേക്കൂടി സമകാലികമായി പറഞ്ഞാല്‍ വെര്‍ച്വല്‍ രാഷ്ട്രീയം.

3. എഴുതാന്‍ കഴിയാത്ത ഉപമകള്‍
ഒഴിഞ്ഞ ബക്കറ്റില്‍ വെള്ളം വീഴുമ്പോള്‍ എന്തൊരു മുഴക്കമാണതിന്‌ എന്നു തുടങ്ങുന്ന ഒരു കഥ എഴുതണമെന്ന് ഞാന്‍ എപ്പോഴും വിചാരിക്കാറുണ്ട്‌. പക്ഷേ ഒരിക്കലും കഴിഞ്ഞിട്ടില്ല തന്നെ. ഇനിയെന്നെങ്കിലും കഴിയുമോ എന്നും സംശയം. കാരണം അങ്ങനെയൊരു വാചകത്തെ കഥയോടു കൂട്ടിയിണക്കാന്‍ പാകത്തില്‍ ഒരു കഥാസന്ദര്‍ഭം എനിക്കൊരിക്കലും ഒരുക്കിയെടുക്കാന്‍ സാധിച്ചിട്ടില്ല. അങ്ങനെ എത്രയെത്ര ഉപമകള്‍ മിന്നല്‍പോലെ ജ്വലിക്കുന്ന കഥാസന്ദര്‍ഭങ്ങള്‍ മഴയത്ത്‌ ഒറ്റയടിപാത താണ്ടിപ്പോകുന്ന കഥാപാത്രങ്ങള്‍. ഒരിക്കലും വാചകങ്ങളായി തര്‍ജ്ജിമ ചെയ്യപ്പെടാത്ത എത്രയധികം സങ്കല്‌പങ്ങള്‍ ഓരോ കഥാകാരന്റെയും ഉള്ളില്‍ തളംകെട്ടിക്കിടപ്പുണ്ടാവും. ചിന്തകളെയും സ്വപ്നങ്ങളെയും വാക്കുകളായി പരിവര്‍ത്തനം ചെയ്യാന്‍ സൗഭാഗ്യം ലഭിച്ച എഴുത്തുകാരെ നമുക്ക്‌ മറക്കാം. തങ്ങളുടെ ഉള്ളില്‍ തളം കെട്ടിക്കിടക്കുന്ന ചിന്തകള്‍ സ്വപ്നങ്ങള്‍ ലോകങ്ങള്‍ എങ്ങനെ ലോകത്തിനെ അറിയിക്കും എന്നറിയാതെ ആകുലപ്പെടുന്ന മനുഷ്യരുടെ കാര്യമാണ്‌ സങ്കടകരം. ഏതൊരു എഴുത്തുകാരനെക്കാളും തീക്ഷ്‌ണമായ ചിന്തകളും കഥകളും ഓരോ സാധാരണക്കാരെയും ഉള്ളില്‍ ഉറങ്ങുന്നുണ്ടാവാം. കൃത്യമായ വാക്കുകളും വരികളും വര്‍ണ്ണങ്ങളും വീണുകിട്ടിയിരുന്നെങ്കില്‍ എത്രയൊക്കെ വിചിത്രവും മനോഹരവുമായ ലോകം നമുക്ക്‌ തുറുന്നു കിട്ടുമായിരുന്നു. എഴുതാന്‍ കഴിയാതെ പോയതിനെ ഓര്‍ത്ത്‌ ഖേദിക്കുന്നതിനെക്കള്‍ എഴുതാന്‍ കഴിഞ്ഞ ഇത്തിരിയോര്‍ത്ത്‌ സന്തോഷിക്കുന്നതാണ്‌ നല്ലതെന്നും എഴുത്ത്‌ വിണുകിട്ടിയ ഒരു പുണ്യമാണെന്നും ആലോചിക്കുന്നത്‌ അപ്പോഴാണ്‌.

Monday, September 10, 2007

ഓണം മുതല്‍ ഓണം വരെ മണലെഴുത്തിന്റെ ഒരു ബൂലോകവര്‍ഷം

ഇന്ന് ഞാന്‍ ബൂലോകത്ത് എത്തപ്പെട്ടിട്ട് ഒരു വര്‍ഷം തികയുകയാണ്. കഴിഞ്ഞവര്‍ഷം ഇതേദിവസം ഓണത്തെപ്പറ്റി ഒരു ലേഖനം എഴുതിക്കൊണ്ടായിരുന്നു എന്റെ രചനയുടെ തിരമൊഴിരൂപത്തിലേക്കുള്ള രംഗപ്രവേശം. തികച്ചും യാദൃശ്ചികാമായി ഓണത്തെപ്പറ്റി മറ്റു ചിലത് എഴുതിയതോടെ മണലെഴുത്തിന്റെ ഒന്നാം വാര്‍ഷികം വന്നെത്തുകയും ചെയ്തു. അങ്ങനെയുള്ള വാര്‍ഷികാഘോഷങ്ങളിലൊന്നും അത്ര തത്പരനല്ല ഞാന്‍ . എന്നാല്‍ ബ്ലോഗെഴുത്തില്‍ എത്തപ്പെടുക എന്നത് എന്റെ സാഹിത്യജീവിതത്തിലെ ഒരു സുപ്രധാന ഏടായി ഞാന്‍ കരുതുന്നു. അതാണ് ഇങ്ങനെയൊരു സ്വയം ഓര്‍മ്മപ്പെടുത്തലിന്റെ കാരണം..
എഴുത്ത് എന്നത് എന്നെ സംബന്ധിച്ചിടത്തോളം ആത്മാവിഷ്കാരത്തിനുള്ള ഒരു മാര്‍ഗ്ഗം എന്നതിനപ്പുറം പുതിയ സൌഹൃദങ്ങള്‍ കണ്ടെത്തുന്നതിനുള്ള വഴി കൂടിയാണ് . ഒരുപക്ഷേ ഒരോ എഴുത്തുകാരനും തന്റെ എഴുത്തിലൂടെ തേടുന്നത് സമാനമനസ്കരുമായുള്ള ഹൃദയസംവാദങ്ങളാവാം. സമാനമനസ്കര്‍ എന്നിവിടെ പറയുന്നത് എന്റെ ചിന്തകളോടും ആശയങ്ങളോടും യോജിക്കുന്നവര്‍ എന്ന ആശയത്തിലല്ല. പിന്നെയോ എന്റെ ആശയങ്ങളോട് അതെ തലത്തില്‍ നിന്ന് സംവേദിക്കുന്നവര്‍ എന്ന അര്‍ത്ഥത്തിലാണ് അങ്ങനെ ഒരുകൂട്ടം ആളുകളില്‍ എത്തപ്പെട്ട ഒരു വര്‍ഷമാണ് ഞാന്‍ പിന്നിട്ടു വന്നത്.
ഒരു വര്‍ഷം ഇതുള്‍പ്പെടെ 28 പോസ്റ്റുകള്‍ മാത്രം. മറ്റു പലരുടെയും എഴുത്തുമായി തട്ടിച്ചുനോക്കുമ്പോള്‍ വളരെ കുറച്ചു മാ‍ത്രം. പക്ഷേ എഴുതിയവയിലെല്ലാം സജീവമായ ചര്‍ച്ച ഞാന്‍ കണ്ടു. എന്നോട് വിയോജിച്ചവര്‍ ഏറെയുണ്ടായിരുന്നു എന്നോട് യോജിച്ചവരും. എന്റെ ബ്ലോഗ് പിന്‍ വലിക്കണമെന്ന് പറഞ്ഞ ഇരിങ്ങല്‍ മുതല്‍ എന്നെ ക്രിസ്ത്യന്‍ ലോബിയുടെ കേരളഘടകം പ്രസിഡന്റ് എന്നുവിശേഷിപ്പിച്ച റിച്ചാര്‍ഡ് വരെ. എന്റെ ബ്ലോഗു പ്രവേശനം ബൂലോഗത്തിനോടു വിളിച്ചുപറഞ്ഞ പെരിങ്ങോടന്‍ മുതല്‍ എന്നെ ജേഷ്ഠസഹോദരനായി കാണുന്ന അജി വരെ.. എന്നെ നഖശിഖാന്തം എതിര്‍ത്തവര്‍: എന്നോട് സമൂ‍ലം യോജിച്ചവര്‍. എന്റെ ബ്ലോഗെഴുത്ത് ഒട്ടും വിരസമായിരുന്നില്ല. സജീവമായ ഒരു ചര്‍ച്ചയില്‍ പങ്കെടുക്കുന്ന ഒരു ഉന്മേഷം ഈ ഒരു വര്‍ഷക്കാലം മുഴുവന്‍ എനിക്കു കിട്ടി. പ്രിന്റെഴുത്തിനേക്കള്‍ സജീവത തോന്നിയത് ഇവിടെയാണ്
അതെല്ലാം എന്നെ സന്തോഷചിത്തനാക്കുന്നു. എന്റെ എഴുത്ത് : ഞാന്‍ മുന്നോ‍ട്ടു വച്ച ആശയങ്ങള്‍ നിങ്ങള്‍ തള്ളിക്കളഞ്ഞില്ലല്ലോ. അവയില്‍ എന്തൊക്കെയോ പ്രതികരിക്കാന്‍ ഉണ്ടെന്ന് തോന്നിയതുകൊണ്ടാവണമല്ലോ നിങ്ങളുടെ വിലപ്പെട്ട സമയം ചിലവഴിച്ച് എന്റെ എഴുത്തില്‍ എത്തപ്പെട്ടതും എന്നോട് അഭിപ്രായം അറിയിച്ചതും. എന്നോട് വിയോജിച്ച് നിങ്ങളെന്റെ യഥാര്‍ത്ഥ സുഹൃത്താണെന്ന് തെളിയിക്കൂ എന്ന് പറയുന്ന ഒരു മഹത്തായ വാചകമാണ് ഞാനിപ്പോള്‍ ഓര്‍ക്കുന്നത്. ഏവര്‍ക്കും നന്ദി.
വെറുതെ അജ്ഞാത ഇടങ്ങളില്‍ ഇരുന്ന് സംവേദിക്കുക എന്നതിനപ്പുറം നിങ്ങളില്‍ ചിലരെയെങ്കിലും നേരിട്ട് കാണാനും അല്പസമയമെങ്കിലും നിങ്ങളോടൊപ്പം ചിലവിടാനും എനിക്കു സാധിച്ചു എന്നത് ഈ ബ്ലോഗുവര്‍ഷത്തിലെ മറ്റൊരു സുകൃതം. അബുദാബിയിലും ബഹ് റൈനിലുമായി പങ്കെടുത്ത രണ്ട് ബൂലോകസംഗമത്തിലൂടെയാണ് എനിക്കത് സാധ്യമായത്. ഒരുകൂട്ടം നല്ല മനസുകളെ കണ്ടുമുട്ടിയ ആശ്വാസമായിരുന്നു എനിക്കപ്പോള്‍. സര്‍വ്വം ശിഥിലമാകുന്നു എന്ന എഴുത്തുകാരന്റെ പെസിമിസത്തിനെതിരെ ഇവിടെ ഇനിയും ലോകത്ത് നന്മ പുലരാന്‍ ആഗ്രഹമുള്ള വര്‍ ഉണ്ടെന്ന അറിവാണ് ഈ സൌഹൃദങ്ങള്‍ സമ്മാനിച്ചത്.
എന്റെ ആകെ എഴുത്തിനെയും ഉണര്‍ത്തിവിടുവാന്‍ ഈ ഒരു വര്‍ഷത്തെ ഈ സംവാദങ്ങള്‍ സഹായിച്ചു എന്നതാണ് സത്യം. രണ്ട് പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചു. ഒരു നോവല്‍ വാരികയില്‍ ഖണ്ഡശ്ശയായി വന്നു മറ്റു ചില സുപ്രധാന രചനകള്‍ പൂ‍ര്‍ത്തിയാക്കാന്‍ കഴിഞ്ഞു. എഴുത്തില്‍ ചെറുതല്ലാത്ത സന്തോഷം എനിക്കുണ്ട്. അതിന്റെ പിന്നിലെ ഊര്‍ജ്ജം നിങ്ങളുടെ വരികളായിരുന്നു. ഈ ബഹളമയമായ ലോകത്തില്‍ ദൃശ്യമാധ്യമങ്ങളുടെ പ്രളയകാലത്ത് എഴുത്തുകാരനും എഴുത്തിനെ സ് നേഹിക്കുന്നവരും മുങ്ങിപ്പോകുന്നില്ല എന്നും അവര്‍ സജീവമായിത്തന്നെ ഇവിടെ ഉണ്ട് എന്നും അവര്‍ ഒരു മനസ്സായി അതിനെ വിവിധമാര്‍ഗ്ഗങ്ങളിലൂടെ നേരിട്ടുകൊണ്ടിരിക്കുകയാണ് എന്നും എന്നെ ബോധ്യപ്പെടുത്തിയതും നിങ്ങള്‍ തന്നെ.
വരും വര്‍ഷങ്ങളിലും നിങ്ങളോട് ഇതുപോലെ ഇതിനെക്കാള്‍ സജീവമായി സംവേദിക്കുവാന്‍ കഴിയട്ടെ എന്ന ആഗ്രഹത്തോടെ ഏവര്‍ക്കും ഒരിക്കല്‍ക്കൂടി നന്ദി പറഞ്ഞുകൊണ്ട് സ് നേഹപൂര്‍വ്വം ബെന്യാമിന്‍

Monday, September 03, 2007

ഗള്‍ഫില്‍ ഓണം ഒരു ഹൈന്ദവാഘോഷമോ?

ഓണത്തിന്റെ പിന്നിലെ മിത്തുകള്‍ക്ക്‌ ഹൈന്ദവവിശ്വാസങ്ങളുമായി അഭേദ്യമായ ബന്ധമുണ്ട്‌. അത്തരത്തില്‍ അതൊരു ഹൈന്ദവാഘോഷം തന്നെയായിരുന്നു. എന്നാല്‍ മതജാതീയ ചിന്തകള്‍ക്കപ്പുറത്തേക്ക്‌ ഓണത്തിന്റെ ഐതീഹത്തെ വളര്‍ത്തിയെടുക്കാനും അത്‌ മൊത്തം കേരളീയരുടെ മതാതീത ആഘോഷമാക്കി മാറ്റാനും നമുക്ക്‌ കഴിഞ്ഞിരുന്നു. എന്നാല്‍ കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ഓണാഘോഷപരിപാടികള്‍ക്കിടയില്‍ ഹൈന്ദവബിംബങ്ങള്‍ തിരുകിക്കേറ്റി ഓണത്തെ ഹൈന്ദവവത്‌കരിക്കാനുള്ള ഒരു ശ്രമം നടക്കുന്നതിനെപ്പറ്റി പറഞ്ഞുകൊണ്ടാണ്‌ ഞാന്‍ ഈ ബൂലോകത്തേക്ക്‌ കടന്നു വന്നതുതന്നെ. അതിന്‌ അനുകൂലവും പ്രതികൂലവുമായ നിരവധി പ്രതികരണങ്ങള്‍ ലഭിക്കുകയും ചെയ്‌തു.
അപ്പറഞ്ഞത്‌ നാട്ടില്‍ മനപ്പൂര്‍വ്വമായി നടക്കുന്ന ഹൈന്ദവവത്‌കരണത്തെക്കുറിച്ചാണ്‌. എന്നാല്‍ ഈ വര്‍ഷത്തെ ഓണാഘോഷങ്ങള്‍ എല്ലാം കണ്ടാസ്വദിച്ചു കഴിഞ്ഞപ്പോള്‍ ഒരോ സാധാരണ മലയാളിയും അവന്റെ മനസ്സുകൊണ്ട്‌ ഓണത്തെ ഹിന്ദുക്കള്‍ക്കായി വിട്ടുകൊടുത്തെന്നൊരു തോന്നലാണ്‌ എനിക്കുണ്ടായത്‌. പ്രത്യേകിച്ച്‌ ഗള്‍ഫില്‍. കമ്പിനികളുടെ അക്കോമഡേഷനുകളിലും സുഹൃത്‌വലയങ്ങളിലും ഒരു പതിവുണ്ട്‌. ബക്രീദിന്‌ എല്ലാവരും ഒരു മുസ്ലീം സുഹൃത്തിന്റെ ഭവനത്തില്‍ ഒത്തുകൂടുന്നു. അന്നവന്റെ പാര്‍ട്ടി. അക്കോമഡേഷനാണെങ്കില്‍ മുസ്ലീം സുഹൃത്തുക്കള്‍ എല്ലാവരും ചേര്‍ന്ന് ബാക്കിയുള്ളവര്‍ക്ക്‌ പാര്‍ട്ടി. അതുപോലെ തന്നെ ക്രിസ്‌ത്യന്‍ സുഹൃത്തുക്കള്‍ ക്രിസ്‌തുമസിന്‌. അതിനൊക്കെ ബദലായി ഹിന്ദുക്കള്‍ക്ക്‌ പാര്‍ട്ടി നടത്താന്‍ അവസരമായി വിട്ടുകൊടുക്കുന്നത്‌ ഓണമാണ്‌. മിക്ക നാനാജാതി സൗഹൃദവലയങ്ങളിലും ഇന്ന് ഓണം ആഘോഷിപ്പിക്കേണ്ട ചുമതല ഹിന്ദു സുഹൃത്തിന്റേതയിരിക്കുന്നു. ഓഫീസുകളില്‍ ഓണസദ്യ വരുത്തേണ്ടത്‌ ഹിന്ദു സഹപ്രവര്‍ത്തകന്റേതാകുന്നു. രാത്രിപ്പാര്‍ട്ടികള്‍ ഹിന്ദുതൊഴിലാളികളുടെ ഉത്തരവാദിത്വമായിരിക്കുന്നു.
വിഷുവും ദീപാവലിയും ശ്രീകൃഷ്ണജയന്തിയും അങ്ങനെ നൂറായിരത്തിയെട്ട്‌ ആഘോഷങ്ങളും ബാക്കിയുള്ളപ്പോള്‍ എന്തിനാണ്‌ നമ്മള്‍ ഒരു ഹിന്ദുവിനെക്കൊണ്ട്‌ അവന്‍ ഹിന്ദുവാണന്നതിന്റെ പേരില്‍ ഓണത്തില്‍ സദ്യ ഒരുക്കിപ്പിക്കുന്നത്‌..? മറ്റ്‌ മതസ്ഥരെല്ലാം അവരവരുടെ വീടുകള്‍ ഇന്നും ഓണമൊരുങ്ങാറുണ്ടെങ്കിലും ഓണമൊരുക്കേണ്ട പൊതു ചുമതല ഒരു ഹിന്ദുവിന്റേതാണെന്ന ബോധം എങ്ങനെ വന്നുഭവിച്ചു. നമ്മുടെ സമൂഹത്തിന്റെ അടിത്തട്ടില്‍ നടക്കുന്ന ഒരു രാസമാറ്റം നാം അറിയാതെ പോകുന്നതാണോ? നമ്മളോരോരുത്തരും ഹിന്ദുവാണെന്നതിന്റെ പേരില്‍ ഓണം ഒരുങ്ങിയും ഹിന്ദുവല്ലന്നതിന്റെ പേരില്‍ ഓണത്തില്‍ നിന്ന് വിട്ടുനിന്നും അതിന്റെ ഭാഗവാക്കാകുകയാണോ? ഇങ്ങനെപോയാല്‍ വര്‍ഷങ്ങള്‍ കഴിയുമ്പോള്‍ ഓണം ഒരു പൊതു ആഘോഷമല്ലാതായി മാറുമോ?

Thursday, August 23, 2007

സ് നേഹത്തിന്റെയും സൌഹൃദത്തിന്റെയും ഒരു ബൂലോക സന്ധ്യ

പവിഴദ്വീപിന്റെ വിവിധ കോണുകളില്‍ അജ്ഞാതരായിക്കഴിഞ്ഞിരുന്ന പതിനേഴ് മലയാളം ബ്ലോഗേഴ്സ്: പിന്നെ കുറച്ച് ബ്ലോഗു വായനക്കാര്‍ അവരുടെ കുടുംബം: യാതൊരു മുന്‍പരിചയവുമില്ലാതിരുന്നവരുടെ തികച്ചും ഔപചാരികമായ ഒരു ഒത്തുകൂടല്‍ . അങ്ങനെയായിരുന്നു ഇന്നലെ നടന്ന (22.08.07 ബുധനാഴ്ച) ബഹ്½റൈന്‍ ബൂലോകകൂട്ടായ്മയുടെ തുടക്കം.
ബാജിയുടെ പോസ്റ്റിന്റെ ബലത്തില്‍ എന്താവാം ഇത്രയും അപരിചിതര്‍ ഒരു ഹോട്ടല്‍ മുറിയില്‍ വന്നുചേരാനുള്ള കാരണം. അത് അക്ഷരങ്ങളുടെ സത്യം അതിന്റെ മാസ്½മരികത അതിന്റെ ഊര്‍ജ്ജം എന്നല്ലാതെ എന്തു പറയാന്‍. ഇന്റ്റര്‍ നെറ്റ്: വെബ് ബ്ലോഗ് എന്നിവയൊക്കെ വെര്‍ച്വല്‍ റിയാലിറ്റിയുടെ അഥവാ മിഥ്യായാഥാര്‍ത്ഥ്യത്തിന്റെ ഇടമാണ്‍½ എന്ന പരികല്‍½പനയെ പൊളിക്കുന്ന നിമിഷങ്ങളായിരുന്നു അത്. ഒത്തുകൂടിയവര്‍ എത്രപെട്ടെന്നാണ്‍½ ഔപചാരിക നാട്യങ്ങള്‍ വെടിഞ്ഞ് പരിചയത്തിലേക്കും സൌഹൃദത്തിലേക്കും വളര്‍ന്നത്.
ബാജി: ബെന്യാമിന്‍ രാജു ഇരിങ്ങല്‍ നജികേതസ് കുഞ്ഞന്‍ യാത്രികന്‍ പ്രേരണ ബഹ്റൈനുവേണ്ടി സുധീശ് കുമാര്‍ മോഹന്‍ പുത്തന്‍ ചിറ എം. കെ നമ്പ്യാര്‍ .... ഓരോരുത്തരായി സ്വയം പരിചയപ്പെടുത്തിക്കൊണ്ടാണ്‍½ പരിപാടികള്‍ ആരംഭിച്ചത്. സ്വന്തം പേര് ബ്ലോഗിന്റെ പേര് നാട് ബഹ് റിനില്‍ എത്രകാലമായി ഭാര്യമാര്‍ എത്ര ഔദ്യോഗിക അനൌദ്യോഗിക കുട്ടികളുടെ എണ്ണം എന്നിങ്ങനെയായിരുന്നു അതിന്റെ രീതി
തുടര്‍ന്ന് രാജു ഇരിങ്ങല്‍ മയലാള ബ്ലോഗിന്റെ ചരിത്രവും വളര്‍ച്ചയും വിവരിച്ചുകൊണ്ട് മനോഹരമായ ഒരു പ്രസംഗം നടത്തി. ക്രൂരനായ ഒരു വിമര്‍ശകന്‍ മാത്രമല്ല സുകുമാര്‍ അഴീക്കോടിനെ വെല്ലുന്ന (അധിക) പ്രാസംഗികന്‍ കൂടിയാണ് താനെന്ന് ഇരിങ്ങല്‍ ഇന്നലെ തെളിയിച്ചു: തുടര്‍ന്ന് ഈയുള്ളന്റെ ഒരു സദാചാരപ്രസംഗമായിരുന്നു (വിഷയം ബ്ലോഗെഴുത്തും ബ്ലോഗ് സദാചാരങ്ങളും) പിന്നെ ഗ്രൂപ്പ് ഗുസ്½തിയായിരുന്നു. ബ്ലോഗെഴുത്തിലെ ശ്ലീലമെന്ത് അശ്ലീലമെന്ത് മുതിര്‍ന്ന എഴുത്തുകാര്‍ ബ്ലോഗിലേക്ക് കടന്നുവരുവാന്‍ മടിക്കുന്നതിന്റെ കാരണമെന്ത് ബ്ലോഗില്‍ കമന്റുകള്‍ക്ക് അമിതപ്രാധാന്യം കല്‍½പിക്കേണ്ടതുണ്ടോ ബ്ലോഗിലെ ശാസ്ത്രസംബന്ധിയായ ലേഖനങ്ങള്‍‍ക്ക് വേണ്ടത്ര വായന ലഭിക്കുന്നുണ്ടോ മുതിര്‍ന്നവര്‍ തുടക്കക്കാരെ അവഗണിക്കുന്നുണ്ടോ സംഘടനകള്‍ ബ്ലോഗു തുടങ്ങുമ്പോഴുള്ള പ്രശ്നങ്ങള്‍ എന്നിവയൊക്കെയാണ്‍½ പരക്കെ ചര്‍ച്ച ചെയ്യപ്പെട്ടത്.
പ്രതിഭയുടെ സ്പര്‍ശമുള്ള യാതൊന്നില്ലും അശ്ലീലം ചുവയ്ക്കില്ല: കമന്റുകള്‍ക്ക് പ്രാധാന്യമുണ്ട് സംഘടനകളുടെ ബ്ലോഗുകളില്‍ തുടര്‍ചര്‍ച്ചകള്‍ക്ക് സമയമെടുക്കുന്നു : ബ്ലോഗ് വായിക്കുവാന്‍ തിരഞ്ഞെടുക്കുന്ന സമയം (ഓഫീസ് സമയം) ആവാം ശാസ്ത്രവിഷയങ്ങള്‍ക്ക് പ്രാധാന്യം കല്പിക്കാത്തതിന്റെ കാരണം എന്നിവയാണ് അവയില്‍ ഉരുത്തിരിഞ്ഞത്.
തുടര്‍ന്ന് ബഹ് റൈന്‍ ബൂലോക കൂട്ടായ്മ എന്നപേരില്‍ ഒരു ബ്ലോഗ് ആരംഭിക്കാന്‍ തീരുമാനിച്ചു
പിന്നെ പതിവുപോലെ സമൃദ്ധമായ ആഹാരം (മെനു നേരത്തെ കണ്ടിരുന്നല്ലോ)
രാത്രി പത്തുമണിയോടുകൂടി വന്നുചേര്‍ന്ന 30 അപരിചിതരല്ല അവിടെ നിന്ന് പിരിഞ്ഞുപോയത് 30 സുഹൃത്തുക്കള്‍ ആയിരുന്നു. അതായിരുന്നു ബഹ്റൈന്‍ ബൂലോക സന്ധ്യയുടെ പുണ്യം. ഇങ്ങനെ ഒരു ഒത്തുകൂടലിന് അവസരം ഒരുക്കിയ ബാജിയെയും രാജുവിനെയും എത്ര അഭിനന്ദിച്ചാലാണ് മതിയാവുക.
ഇനി ഒരു വെര്‍ച്വല്‍ റിയാലിറ്റി : ബാജിയും പ്രേരണയുടെ സുധീശ് കുമാര്‍ പരസ്പരം ബ്ലോഗ് സ്ഥിരമായി വായിക്കുന്നവര്‍: എന്നാല്‍ താമസം ഒരേ ബില്‍ഡിംഗില്‍ തൊട്ടടുത്തടുത്ത ഫ്ലാറ്റുകളില്‍ എന്നറിയുന്നത് ഇന്നലെ മാത്രം.

Saturday, July 28, 2007

പനിക്കാലത്തെ അച്ചന്മാരും അമ്മമാരും

കേരളത്തില്‍ ഇത് പനിക്കാലമാണല്ലോ. മുന്‍പ് ഒരു പോസ്റ്റില്‍ പറഞ്ഞതുപോലെ അതോര്‍ത്ത് ഏറെ ദുഖിക്കാനൊന്നുമില്ല. കേരളത്തിന്റെ വൃത്തിയില്ലായ്മ ഏറ്റുവാങ്ങിയ സ്വയം ശിക്ഷയാണത്. അനുഭവിക്കാതെ തരമില്ല. ഇപ്പോ എന്റെ സംശയം മറ്റൊന്നാണ്‍½. കേരളത്തെ സര്‍വ്വരോഗങ്ങളില്‍ നിന്നും രക്ഷിക്കാന്‍ കച്ചകെട്ടിയിറങ്ങിയിരുന്ന രോഗശാന്തി ശിശ്രൂഷക്കാരൊക്കെ എങ്ങോട്ടു പോയി. ജന്മനാ മുടന്തന്മാരെയും അന്ധരെയും സൌഖ്യമാക്കിയ ഈ പാതിരി+ പാസ്റ്റര്‍ കൂട്ടങ്ങള്‍ക്ക് നാല്‍½ സര്‍ക്കാര്‍ ആശുപത്രിയില്‍ കയറി പത്തു പനിക്കാരെ സൌഖ്യപ്പെടുത്തിയിരുന്നെങ്കില്‍ പാവങ്ങള്‍ ആശ്വാസവും ആയേനേ എന്നെപ്പോലെയുള്ള അവിശ്വാസികളുടെയും സംശയരോഗികളുടെയും സന്ദേഹങ്ങള്‍ മാ‍റീക്കീട്ടുകയും ചെയ്യുമായിരുന്നു. എന്നാല്‍ നാടൊട്ടുക്ക് പനി വന്നപ്പോള്‍ ടീ വിദ്വാന്മാര്‍ കേരളത്തിലെ സുഖപ്പെടുത്തലൊക്കെ നിറുത്തി വടക്കെ ഇന്ത്യയ്ക്കു കടന്നോ. അതൊ കര്‍ത്താവു പറഞ്ഞോ മക്കളെ എനിക്കാവശ്യത്തിന്‍½ കുഞ്ഞാടുകളെ കേരളത്തില്‍ നിന്നു കിട്ടിക്കഴിഞ്ഞു: ഇനി മറ്റുദേശങ്ങളിലെ കുഞ്ഞാടുകളെ അന്വേഷിപ്പിന്‍ എന്ന്... ആര്‍ക്കറിയാം കര്‍ത്താവ് ഈ അച്ചന്മരോട് എന്താ പറയുനതെന്ന്.
ഇനി നമ്മുടെ അമ്മയുടെ കാര്യം. സ്വന്തം അമ്മയെ അമ്മേ എന്നു വിളിക്കാനാവാത്ത കാലമാണ്‍½. അമ്മേ എന്നു വിളിച്ചുപോയാല്‍ നാട്ടുകാരുടെ അമ്മ ആ വിളി ഏറ്റെടുത്തുകഴിയും. ശരി ഏറ്റെറ്റുക്കുന്നെങ്കില്‍ നല്ലെതെന്നു കരുതുക. കേരളത്തിലെ പാവങ്ങളാകെ പനിപിടിച്ച് പണിയില്ലാതെ വട്ടം കറങ്ങിനിന്ന് അമ്മേ എന്ന് നീട്ടിയും അലറിയും വിളിച്ചിട്ടും ഒരമ്മയും വിളികേള്‍ക്കാനില്ലാതെ വന്നിരിക്കുന്നു. മാതാവേ എന്നങ്ങാനും വിളിച്ചാലേ സ്വന്തം അമ്മപോലും വിളികേള്‍ക്കൂ. ഭൂകമ്പകാലത്ത് ലത്തൂരില്‍ സുനമികാലത്ത് കേരളത്തില്‍ കോടികള്‍ ഒഴുക്കിയ അമ്മ എന്തേ ഈ പനിക്കാലം കണ്ടില്ല. പാവങ്ങളും കൂലിപ്പണിക്കാരും വല്ലാതെ വലഞ്ഞുപോകുന്നത് കണ്ടില്ല. അമ്മയുടെ പണസഞ്ചി വറ്റിയോ‌ അതോ അമ്മ പനി പേടിച്ച് അമേരിക്കക്കാര്‍ക്ക് സ്½നേഹം കൊടുക്കാന്‍ പോയോ. അറിയില്ല. അറിയില്ലെ അറിയാം:
കാര്യമതൊന്നുമല്ല ഈ അച്ചന്മാരും അമ്മമാരും സ്വന്തം മുതല്‍ (അങ്ങനെ പറയാമോ എന്തൊ) മുടക്കിയിരിക്കുന്നത് മറ്റെങ്ങുമല്ല: ആതുരശിശ്രൂഷാ രംഗത്താണ്‍½. ഇന്‍സ്റ്റന്റായി പനി പോക്കിയാല്‍ ഈച്ചയെ ആട്ടാനാണോ സൂപ്പര്‍ സ്പെഷ്യാലിറ്റി കെട്ടിപ്പൊക്കി വച്ചിരിക്കുന്നത്.
പാവങ്ങള്‍ സര്‍ക്കാര്‍ ആശുപത്രിയുടെ തിണ്ണ നിരങ്ങുകയേയുള്ളു എന്നാല്‍ പുതൂപണക്കാരുടെ ഒരു നിരയുണ്ടല്ലോ കേരളത്തില്‍. അവര്‍ സൂപ്പറുകളിലേക്ക് ഓടണമെങ്കില്‍ ഈശ്വരാ കേരളത്തില്‍ നിന്ന് പനി പോകുകയേ അരുത്. ചെന്നു കയറിയാപ്പിന്നെ അവരു നോക്കിക്കോളും ഇവന്റെ പണം സൂപ്പര്‍ സ്½പെഷ്യല്‍ പോക്കറ്റിലേക്ക് തട്ടിയിടാന്‍.
അമ്മമാരും അച്ചന്മാരും ത്രികാല ജ്ഞാനികളല്ലെന്ന് ആരുപറഞ്ഞു. കേരളം ഇങ്ങനെ രോഗങ്ങളാല്‍ വലയുമെന്ന് അവര്‍ എന്നേ അകക്കണ്ണാല്‍ കണ്ടു. മുന്നമേ എറിഞ്ഞു. എങ്ങനെയുണ്ട് പനിക്കാലത്തെ അച്ചന്മാരും അമ്മമാരും.
വാല്‍ക്കഷണം കേരളത്തിലെ പനി അമേരിക്കന്‍ ചാ‍രന്മാരായ സി ഐ എയുടെ പണിയാണോ എന്നാണ്‍½ ഒരു സുഹൃത്ത് ക്യൂബാ മുകുന്ദന്‍½ സംശയം. കേരളത്തില്‍ ആശുപത്രി വിതച്ച് കൊയ്യാനിരുന്നവരുടെയോ എന്ന് ഈയുള്ളവന്‍½ നേരിയ സംശയം. ചിക്കുന്‍ ഗുനിയായുടെ ആക്രമണമാകാം....

Monday, June 11, 2007

(ബാലചന്ദ്രന്‍)ചുള്ളിക്കാട്ടു നിന്നും കൊടകര(പുരാണം)യിലേക്കുള്ള ദൂരം.

എപ്പോഴും എനിക്കെതിരെ ഉയര്‍ന്നുവരറുള്ള ഒരാക്ഷേപം ഞാന്‍ വ്യക്‌തികളുടെ പേരുപയോഗിച്ച്‌ കാര്യങ്ങള്‍ പറയാന്‍ ശ്രമിക്കുന്നു എന്നുള്ളതാണ്‌. ഇത്തവണയും ഞാനത്‌ ഉപയോഗിക്കുന്നു. അക്കാര്യത്തിന്റെ എന്റെ ഗുരു സക്കറിയ ആണെന്ന് പറയാം. അദ്ദേഹം ഒരിക്കല്‍ പറയുകയുണ്ടായി നിങ്ങള്‍ക്ക്‌ ഒരാളെപ്പറ്റി എന്തെങ്കിലും ആക്ഷേപം പറയാനുണ്ടെങ്കില്‍ പേരെടുത്ത്‌ പറഞ്ഞ്‌ വിമര്‍ശിക്കണം. അതെ. അല്ലാതെ ചില സിനിമാവാരികകളിലെപ്പോലെ പാപ്പരാസിത്തരം പാടില്ല എന്നാണ്‌ എന്റെയും നിലപാട്‌. വായിച്ചിട്ടില്ലേ അത്തരം ചില ഗോസിപ്പുകള്‍. സ്വര്‍ഗ്ഗത്തിന്റെ പേരുവരുന്ന സിനിമയില്‍ മഴയില്‍ കുളിച്ചുനിന്ന് നൃത്തമാടിയ നടിയും ഓട്ടക്കാരുടെ കഥപറയുന്ന സിനിമയില്‍ നായകന്റെ അനുജനായി അഭിനയിച്ച നടനും തമ്മില്‍ ഹോട്ടല്‍മുറിയില്‍ ഒന്നിച്ചു കഴിഞ്ഞതായി വാര്‍ത്ത!. പത്രങ്ങള്‍ക്കുമുണ്ട്‌ ഈ സ്വഭാവം. അവരുടെ ഭാഷ ഇങ്ങനെയാണ്‌. ചനല്‍ പ്രമുഖന്‍, കോട്ടയത്ത്‌ കണ്ണാടിക്കടയുള്ള റിസോര്‍ട്ടുടമ, ഏറെക്കലം വിട്ട്‌ നിന്ന് വീണ്ടും സിനിമയില്‍ സജീവമായ യുവനടന്‍. നിങ്ങള്‍ക്കെന്തെങ്കിലും പറയാനുണ്ടെങ്കില്‍, പറയുന്നതില്‍ കഴമ്പുണ്ടെന്ന് സ്വയം ബോധ്യമുണ്ടെങ്കില്‍ കുഴൂര്‍ വില്‍സണ്‍ ജോമോന്‍ പുത്തന്‍പുരയ്ക്കലിന്റെ പേരെടുത്ത്‌ പറഞ്ഞ്‌ ആക്ഷേപം ഉന്നയിക്കുന്നതുപോലെ വേണം എന്നതാണ്‌ എന്റെ അതേ സംബന്ധിച്ച വിശദീകരണവും നിലപാടും.
ശരി. ഇനി നമുക്ക്‌ ഇന്നത്തെ നമ്മുടെ വിഷയത്തിലേക്കു വരാം. രണ്ടു പ്രമുഖരാണ്‌ ഇന്ന് നമ്മോടൊപ്പമുള്ളത്‌. ബാലചന്ദ്രന്‍ ചുള്ളിക്കാടും സജീവ്‌ എടത്താടനും. എന്താണ്‌ ഇവരിവിടെ പരാമര്‍ശിക്കപ്പെടാന്‍ കാരണം എന്നു പറയുന്നതിന്‌ മുന്‍പ്‌ ബ്ലോഗുകളില്‍ നടന്ന ഒരു ചര്‍ച്ചയിലേക്ക്‌ നിങ്ങളുടെ ശ്രദ്ധ ആകര്‍ഷിക്കാം.
സക്കറിയ, മേതില്‍, ബാലചന്ദ്രന്‍ ചുള്ളിക്കാട്‌ അങ്ങനെ പല തല മുതിര്‍ന്ന എഴുത്തുകാരും ബ്ലോഗുകള്‍ ആരംഭിച്ചത്‌ നമുക്കൊക്കെ ആഹ്ലാദവും പ്രചോദനവും ആയിരുന്നു. എന്നാല്‍ ആദ്യത്തെ കുറച്ച്‌ പോസ്റ്റുകള്‍ക്കുശേഷം ഇവരൊക്കെ പിന്‍വലിയുന്നതാണ്‌ നാം കണ്ടത്‌. അപ്പോഴാണ്‌ ചര്‍ച്ചയുണ്ടാവുന്നത്‌. എന്താവാം ആ പിന്‍വലിയലിനു കാരണം. ബ്ലോഗേഴ്‌സിന്റെ പ്രതികരണത്തിലെ നിലവാരമില്ലായ്‌മയാണ്‌ അതിനു പ്രധാന കാരണമായി എടുത്തുകാട്ടപ്പെട്ടത്‌. അവരുന്നയിക്കുന്ന വിഷയങ്ങളോട്‌ അതേ നിലവാരത്തില്‍ പ്രതികരിക്കുവാന്‍ നമ്മള്‍ക്കാവുന്നില്ല എന്നും. കേള്‍ക്കുമ്പോള്‍ ശരിയായി തോന്നാം. അവരുടെയത്രയൊന്നും വായനാപാരമ്പര്യവും ബൗദ്ധിക നിലവാരവും നല്ലൊരു ശതമാനം ബ്ലോഗേഴ്‌സിനും ഇല്ല എന്നതും സത്യം. പക്ഷേ അതുമാത്രമാണോ ഈ കൊഴിഞ്ഞുപോകലിന്റെ യഥാര്‍ത്ഥ കാരണം..?
ഇവിടെയാണ്‌ ഇവര്‍ എഴുതിവന്ന പശ്ചാത്തലം പരിശോധിക്കുവന്‍ നാം നിര്‍ബന്ധിതരാവുന്നത്‌. ഇവരൊക്കെയും പ്രിന്റ്‌ മീഡിയകളിലൂടെ എഴുതിത്തെളിഞ്ഞു വന്നവരാണ്‌. ആ മീഡിയയ്ക്ക്‌ ഒരു ഗുണമുണ്ട്‌ (ദോഷം..?!!) നമ്മള്‍ പറയുന്നത്‌ വായനാക്കാര്‍ കേള്‍ക്കുന്നു എന്നല്ലാതെ വായനക്കാര്‍ക്ക്‌ തിരിച്ചൊന്നും ചോദിക്കാന്‍ അവിടെ അവകാശമില്ല. അഥവാ ചോദിച്ചാല്‍ തന്നെ ഇവരുടെ പ്രിയരായ പത്രാധിപന്മാരുടെ കാരുണ്യത്തില്‍ അത്‌ പലപ്പോഴും ചവറ്റുകുട്ടയിലേക്ക്‌ വീഴപ്പെടുന്നു. അച്ചടിച്ചു വരുന്നതോ ചില മൃദുവിമര്‍ശനങ്ങളും. അതിന്‌ മറുപടി പറയാതെ ഒഴിയാനുള്ള സൗകര്യം ആ മാധ്യമത്തിന്‌ ഉണ്ടുതാനും. ഈ ഒരു സൗകര്യം (ഞാനടക്കമുള്ള) പ്രിന്റ്‌ മീഡിയ എഴുത്തുകാരെ ധിക്കാരികളും ഏകാധിപതികളും വിമര്‍ശനങ്ങളെ സഹുഷ്‌ണുതയോടെ നോക്കിക്കാണന്‍ അറിയാത്തവരും ആക്കിത്തീര്‍ത്തിട്ടുണ്ട്‌ എന്നതാണ്‌ സത്യം.
വിമര്‍ശനങ്ങള്‍ മാത്രമല്ല, അഭിനന്ദനങ്ങളും അവിടെ അപൂര്‍വ്വമാണ്‌. ഞാന്‍ ഇന്റോ- അറബ്‌ കള്‍ച്ചറല്‍ ഫെസ്റ്റില്‍ പറഞ്ഞതുപോലെ നാലുവര്‍ഷം വേണ്ടി വരുന്നു അവിടെ നമുക്കൊരു പ്രതികരണം അറിയാന്‍. ആലോചിച്ചും ചിന്തിച്ചും ഉറപ്പിച്ചും എഴുതിയും വെട്ടിയും തിരുത്തിയും വളരെപ്പതിക്കെയാണ്‌ അതിന്റെ ചക്രം തിരിയുന്നത്‌. അത്‌ ആ സിസ്റ്റത്തിന്റെ സ്വഭാവമാണ്‌. അവിടെ എഴുത്തിന്റെ ബാല്യകൗമാരയൗവനങ്ങള്‍ പിന്നിട്ട എഴുത്തുകാരാണ്‌ വാര്‍ദ്ധക്യത്തില്‍ അവര്‍ക്ക്‌ തീരെ പരിചയമില്ലാത്ത പുതിയൊരു മീഡിയയില്‍ പൊടുന്നനേ വന്നുപെട്ടത്‌. എല്ലാ പുതിയ രീതികളോടും സംവേദിക്കുവാന്‍ ഞങ്ങള്‍ പ്രാപ്‌തരാണ്‌ എന്ന ആത്മവിശ്വാസമായിരിക്കണം മറ്റു പല എഴുത്തുകാരും മടിച്ചുനിന്നിടത്തേക്ക്‌ ഇറങ്ങിവരാന്‍ അവരെ പ്രേരിപിച്ചത്‌. അതിനവരെ അഭിനന്ദിക്കണം. എന്നാല്‍....
നമുക്കേവര്‍ക്കും അറിയാവുന്നതുപോലെ ബ്ലോഗിന്റെ സ്വഭാവം തികച്ചും വ്യത്യസ്‌തമാണ്‌. ഉടനടിയാണ്‌ ഇവിടെ പ്രതികരണം. ഉരുളയ്ക്ക്‌ ഉപ്പേരി പോലെ അടിയ്ക്കു തിരിച്ചടിപോലെ. വൊട്ടൊന്ന് മുറി രണ്ടാണ്‌ ഇതിന്റെ സ്വഭാവം. ഒഴുകിവരുന്ന ഈ പ്രതികരണങ്ങളെ പ്രതിരോധിച്ചു നിര്‍ത്താന്‍ ഒരു പത്രാധിപന്റെ പരിച നമുക്കില്ല. ആരും എന്തഭിപ്രായവും കേറി പറഞ്ഞുകളയും. എന്തു ചോദ്യവും ചോദിച്ചുകളയും. തലമുതിര്‍ന്ന എന്ന 'തലക്കനത്തെ' ആരും ഇവിടെ വകവയ്ക്കുന്നില്ല. ഒഴിഞ്ഞു മാറാന്‍ സാധിക്കുന്നതിനു മുന്‍പേ ഈ അഭിപ്രായങ്ങള്‍ നാട്ടുകാര്‍ വായിച്ചുകഴിയും. സത്യത്തില്‍ മീഡയയുടെ ഈ സ്വഭാവവ്യത്യാസത്തില്‍ പകച്ചുപോയിട്ടല്ലേ അവര്‍ ഈ പിന്‍മാറ്റം നടത്തിയിട്ടുള്ളത്‌..? വിമര്‍ശനങ്ങളുടെ തീച്ചൂളയിലൂടെ നടന്നുവന്നിട്ടുള്ളവരാണ്‌ ഞങ്ങള്‍. പീക്കിരിപ്പിളേരുടെ അലമ്പു ചോദ്യങ്ങള്‍ക്കു മുന്നില്‍ ഞങ്ങളുടെ മുട്ടുവിറയ്ക്കില്ല എന്ന് അവര്‍ പറഞ്ഞേക്കാം. ശരിയാണ്‌ ഇതിനേക്കള്‍ വലിയ ഗജപോക്കിരികളെ നേരിട്ടിട്ടുള്ളവരാണ്‌ അവര്‍. പക്ഷേ നമ്മില്‍ പലരും ഉന്നയിച്ച സന്ദേഹങ്ങള്‍ക്കു മുന്നില്‍ ഉന്നയിച്ച ചോദ്യങ്ങള്‍ക്കു മുന്നില്‍ അവര്‍ പ്രത്യേകിച്ച്‌ ബാലചന്ദ്രന്‍ ചുള്ളിക്കാട്‌ പകച്ചുപോയി എന്നതാണ്‌ പരമമായ സത്യം. പലപ്പോഴും അസഹ്‌ഷ്‌ണുത അദ്ദേഹത്തിന്റെ വാക്കുകളില്‍ നിറയുന്നത്‌ നാം കണ്ടു. കോപാവിഷ്‌ടനാവുന്നത്‌ നാം കണ്ടു. അദ്ദേഹത്തിന്‌ വേദികളില്‍ കയറിനിന്ന് ആവശ്യത്തിന്‌ കയര്‍ക്കാം. സ്വന്തം വാദങ്ങള്‍ ഉന്നയിക്കാം വിമര്‍ശിക്കാം. ആരും മറുചോദ്യമെറിയില്ല. (സുകുമാര്‍ അഴിക്കോട്‌ മാഷിന്റെ ഒരു ഭാഗ്യം അദ്ദേഹം ഒരു ബ്ലോഗറെങ്ങാനും ആയിരുന്നിരിക്കണം..!!) ബ്ലോഗില്‍ വന്നുപെട്ട ചുള്ളിക്കാട്‌ ഇത്രകാലം പ്രിന്റ്‌ മീഡിയയും പ്രസംഗവേദികളും അദ്ദേഹത്തോടു കാണിച്ച സഹിഷ്ണുത ഇവിടെയും പ്രതീക്ഷിച്ചു. പക്ഷേ ഫലം വ്യത്യസ്‌തമായിരുന്നു. വേദിയില്‍ വിദ്യ പരാജയപ്പെട്ട്‌ ജാള്യനായിപ്പോയ മാന്ത്രികനെപ്പോലെ അതാ അദ്ദേഹം പിന്‍കര്‍ട്ടന്‍ മാറ്റി ഒളിച്ചോടിയിരിക്കുന്നു.
ഇനി വിശാലനിലേക്കു വരുക. എഴുതിത്തുടങ്ങിയ കാലം മുതല്‍ പ്രതികരണങ്ങളുടെ ലാളനയേറ്റു വളരാന്‍ വിധിയ്ക്കപ്പെട്ടവനാണ്‌ വിശാലന്‍. 'നിങ്ങളുടെ ലേഖനം വിജയകരമായി ജനങ്ങളിലെത്തിച്ചിരിക്കുന്നു' എന്ന് സ്വന്തം മോണിറ്ററില്‍ തെളിയും മുന്‍പേ സ്‌നേഹിതവത്‌സിതരാല്‍ 'തേങ്ങയുടയ്ക്കപ്പെട്ടു' വളര്‍ന്നവന്‍. അടുത്ത ഒരു മണിക്കൂറില്‍ പ്രശംസയുടെ നൂറുലധികം പ്രവാഹങ്ങളില്‍ ഒലിച്ചുപോയിട്ടുള്ളവന്‍. (അപൂര്‍വ്വമായി വിയോജിപ്പികളുടെയും) അടുത്ത ഒരു ദിവസത്തിനകം ആയിരക്കണക്കിനു വായനക്കാര്‍ തന്റെ വാക്കുകളിലൂടെ കടന്നുപോയിട്ടുണ്ട്‌ എന്ന് കൗണ്ടര്‍ നോക്കി ഉറപ്പിച്ചു തൃപ്‌തിയടയാന്‍ സാധ്യതയുണ്ടായിരുന്നവന്‍. അങ്ങനെയൊരാള്‍ നേരത്തെ പറഞ്ഞ പ്രിന്റ്‌ മീഡയയിലേക്ക്‌ തിരിഞ്ഞു കയറിയപ്പോള്‍ ഉണ്ടായ അനുഭവങ്ങളെ എങ്ങനെയാവും നേരിട്ടിരിക്കുക..? അതിന്റെ മന്ദതയും മ്ലാനതയും വിശാലനെ മടിപ്പിച്ചിട്ടുണ്ടാകുമോ..? നമ്മള്‍ ബുലോകരും ചില ടിവി ചാനലുകളും കൊടകരപുരാണത്തെ ഒരു മാഹോത്സവമാക്കാനുള്ള ശ്രമം ഒക്കെ നടത്തിയെങ്കിലും പ്രിന്റ്‌ മീഡിയ അതിന്റെ സ്വാഭാവികമായ തണുപ്പോടെയാണ്‌ അതൊക്കെ സ്വീകരിച്ചതെന്ന് നിങ്ങള്‍ ശ്രദ്ധിച്ചിരിക്കുമല്ലോ. എന്നുതന്നെയല്ല. ഒരു വാരിക അതിനെ അല്‌പം പരിഹാസത്തോടെയാണ്‌ നിരീക്ഷിച്ചതും. അദ്ദേഹത്തിന്റെ പുസ്‌തകത്തിന്റെ നീക്കം ഏതുതരത്തില്‍ ഇഴയുന്നു എന്ന് ഇനിയും അറിയാനിരിക്കുന്നതേയുള്ളു. എത്രയായാലും അതിന്‌ ഒരിക്കലും ബ്ലോഗ്‌ വായനയുടെ ശീഘ്രതയുണ്ടാവില്ലെന്ന് ആര്‍ക്കും ഊഹിക്കാവുന്നതല്ലേയുള്ളൂ. അതുതന്നെയാണ്‌ പ്രതികരണങ്ങളുടെ കാര്യവും. വിമര്‍ശനമാകട്ടെ പ്രശംസയാകട്ടെ (ബ്ലോഗിതര) യാഥാസ്‌ഥിതിക വായനക്കാരില്‍ നിന്നും ലഭിക്കുവാനും അതിന്റേതായസമയം എടുക്കും. അതിനൊക്കെയുള്ള വിശാലന്റെ പ്രതികരണം അറിയാനിരിക്കുന്നതേയുള്ളൂ. പക്ഷേ ഈ സ്വഭാവവ്യതിയാനത്തില്‍ മനംമടുത്ത്‌ അദ്ദേഹം പ്രിന്റ്‌ മീഡിയയില്‍ നിന്ന് പിന്തിരിയരുത്‌ (ചുള്ളിക്കാട്‌ ബ്ലോഗില്‍ നിന്ന് പിന്‍മാറിയതുപോലെ) എന്നുമാത്രമാണ്‌ എനിക്കഭ്യര്‍ത്ഥിക്കാനുള്ളത്‌.
രണ്ട്‌ സംവേദന മാധ്യമങ്ങള്‍ തമ്മിലുള്ള പ്രകടമായ വ്യത്യാസമാണ്‌ നാം ഇവിടെ കാണുന്നത്‌. വായിക്കുന്നത്‌. അതില്‍ ഒരു മാധ്യമത്തില്‍ നിന്നും മറ്റൊരു മാധ്യമത്തില്‍ എത്തിയ രണ്ടുപേരെയാണ്‌ നാം നിരീക്ഷിച്ചത്‌. ബാലചന്ദ്രന്‍ ചുള്ളിക്കാട്‌ പ്രിന്റില്‍ നിന്ന് ബ്ലോഗിലേക്ക്‌ വന്ന ആളാണെങ്കില്‍ വിശാലന്‍ ബ്ലോഗില്‍ നിന്ന് പ്രിന്റിലേക്ക്‌ കയറിപ്പോയ ആളാണ്‌. രണ്ടുപേരും അവരവര്‍ ചെന്നുപെട്ട പുതിയ മീഡയയുടെ സ്വഭാവം മനസ്സിലാക്കി അവിടെ നില്‌ക്കണമെന്നും അതിനുയോജിച്ചവിധത്തില്‍ തങ്ങളുടെ സംവേദനക്ഷമത പുതുക്കണമെന്നും ഈ പോസ്‌റ്റ്‌ നിരീക്ഷിക്കുന്നു.
രണ്ടു വ്യത്യസ്‌ത മീഡിയകളുടെ വ്യത്യസ്‌തതരം ലാളനയേറ്റു വളര്‍ന്നവര്‍ എന്ന നിലയിലാണ്‌ ബാലചന്ദ്രന്‍ ചുള്ളിക്കാടും വിശാലമനസ്‌കനും ഈ പോസ്റ്റിനു വിഷയമാകുന്നത്‌. ഇനി ആ പേരുകള്‍ മറന്നേക്കുക. വിഷയത്തിന്റെ കാമ്പിലേക്കു മാത്രം നോക്കുക. അതിന്റെ ആധികാരിതയില്‍ മാത്രം ചര്‍ച്ചകളാകുക.

Tuesday, May 29, 2007

ദാ, കുഴൂര്‍ പറഞ്ഞ ആ കറുത്ത ക്രിസ്‌തു ഇവിടെ.


കുഴൂര്‍ വില്‍സന്റെ 'വിവര്‍ത്തനത്തിന്‌ ഒരു വിഫല ശ്രമം' എന്ന പുസ്‌തകത്തിലെ 'വെളുപ്പിക്കുകയെന്നാല്‍ എന്താണ്‌ ശരിയായ അര്‍ത്ഥം' എന്ന ലേഖനത്തിന്റെ പൂരണംപോലെയാണ്‌ ഈ ലേഖനം. ആ ലേഖനത്തില്‍ അദ്ദേഹം പരാമര്‍ശിക്കുന്ന ഒരു ക്രിസ്‌തു ചിത്രമുണ്ട്‌.

കുഴൂരിന്റെ ലേഖനത്തില്‍ നിന്നും : അമേരിക്കയില്‍ ഏകദേശം അഞ്ചുവര്‍ഷങ്ങള്‍ക്കു മുന്‍പ്‌ ഒരു ചിത്രത്തിന്‌ നിരോധനം ഏര്‍പ്പെടുത്തി. ആ ചിത്രകാരിയുടെ പേരു മറന്നുപോയി. ക്രിസ്‌തുവിന്റെ അവസാന അത്താഴമാണ്‌ ആ ചിത്രത്തിലെ പ്രമേയം. അമേരിക്കയിലെ കറുത്ത വര്‍ഗ്ഗക്കാരിയായ ഒരു ചിത്രകാരിയാണ്‌ അതിന്റെ ഉടമ. അവര്‍ ക്രിസ്‌തുവിന്റെ അവസാന അത്താഴം ചിത്രീകരിച്ചപ്പോള്‍ ചെയ്‌ത കാര്യം വളരെ ശ്രദ്ധേയമാണ്‌. ക്രിസ്‌തുവിനെയും പതിനൊന്ന് ശിഷ്യന്മാരെയും വരയ്ക്കാന്‍ ഉപയോഗിച്ചത്‌ കറുപ്പു നിറമാണ്‌. ക്രിസ്‌തുവിന്‌ പകരം നഗ്നയായി നില്‌ക്കുന്ന തന്റെ ഫോട്ടോയാണ്‌ അവര്‍ പതിച്ചത്‌. ചിത്രത്തില്‍ യൂദാസ്‌ മാത്രം വെളുത്ത നിറക്കാരനായി. (കറുത്ത വര്‍ഗ്ഗക്കാരും സ്‌ത്രീകളും ക്രൂശിക്കപ്പെടുന്ന വലിയൊരു തലത്തിലേക്ക്‌ ആ ചിത്രം നമ്മെ കൊണ്ടുപോകും.) അമേരിക്കന്‍ ഭരണകൂടത്തെ ആ ചിത്രം ഏറെ ചൊടിപ്പിച്ചു. വെളുത്തവനുനേരെ ശബ്ദമുയര്‍ത്തിയ ആ ചിത്രകാരിക്കുനേരെ അവര്‍ തിരിഞ്ഞു. ചിത്രം നിരോധിച്ചു.

കുഴൂരിന്റെ ലേഖനത്തിലെ ഈ ഭാഗം വായിച്ചപ്പോള്‍ ആ ചിത്രത്തെപ്പറ്റി ഞാന്‍ വായിച്ച്‌ അറിഞ്ഞിട്ടുള്ള കുടുതല്‍ വിവരങ്ങള്‍ ബൂലോഗവുമായി പങ്കുവയ്ക്കണമെന്ന് ആഗ്രഹം തോന്നി. കുഴൂര്‍ പറഞ്ഞ കറുത്ത വര്‍ഗ്ഗക്കാരിയായ ചിത്രകാരിയുടെ പേര്‌: റെനി കോക്‌സ്‌ എന്നാണ്‌. വിവാദമായ ആ പ്രശസ്‌ത ക്രിസ്‌തു ചിത്രത്തിന്റെ പേര്‌ 'യോ മാമസ്‌ ലാസ്‌റ്റ്‌ സപ്പര്‍' എന്നും.

1994 രചിച്ച ഈ ഫോട്ടോഗ്രാഫിന്‌ പതിനഞ്ച്‌ അടി നീളമുണ്ട്‌. ഡാവിഞ്ചിയുടെ മാസ്റ്റര്‍ പീസായ ലാസ്റ്റ്‌ സപ്പറിന്‌ ഒരു ആഫ്രിക്കന്‍ പാരഡി രചിക്കാനാണ്‌ റെനി കോക്‌സ്‌ ഈ ചിത്രത്തിലൂടെ ശ്രമിക്കുന്നത്‌. ഒരു കലാസൃഷ്ടി എന്ന നിലയില്‍ ഇത്‌ നല്ല നിലവാരം പുലര്‍ത്തുന്നു എന്ന് പല നിരൂപകരും വാഴ്ത്തിയിട്ടുണ്ട്‌. വളരെ ശക്‌തമായ ഇമേജുകള്‍കൊണ്ട്‌ അമേരിക്കയിലെ പാര്‍ശ്വവത്‌കരുടെ ജീവിതം ആവിഷ്‌കരിക്കുന്ന റെനി കോക്‌സിന്‌ ഭരണാധികാരികളില്‍ നിന്നും ശക്‌തമായ എതിര്‍പ്പാണ്‌ നേരിടേണ്ടി വന്നിട്ടുള്ളത്‌. ന്യൂയോര്‍ക്കിലെ ബ്രൂക്ലിന്‍ മ്യൂസിയത്തില്‍ 2001-ല്‍ ഈ ചിത്രം പ്രദര്‍ശനത്തിനു വച്ചപ്പോള്‍ ഭരണാധികാരികള്‍ അതിനെതിരെ തിരിഞ്ഞു. ചിത്രം എടുത്തുമറ്റിയില്ലെങ്കില്‍ മ്യൂസിയത്തിനുള്ള സബ്‌സീഡിയായ 7.2 മില്യണ്‍ ഡോളര്‍ മരവിപ്പിക്കുമെന്ന് അന്നത്തെ ന്യൂയോര്‍ക്ക്‌ മേയര്‍ ഭഷണിപ്പെടുത്തി. റെനി ചോദിക്കുന്നത്‌ ഇതാണ്‌ : എന്തുകൊണ്ട്‌ ക്രിസ്‌തുവിന്‌ ഒരു സ്‌ത്രീയായിക്കൂടാ..? ദൈവത്തിന്റെ ഛായയില്‍ മനുഷ്യരെ സൃഷ്ടിച്ചുവെന്ന് ബൈബിള്‍ പറയുന്നു. ഞങ്ങള്‍ സ്‌ത്രീകള്‍ ജീവദാതാക്കളാണ്‌. എന്റെ ദൈവം എന്റെ ഛയയുള്ളതുതന്നെ. റെനി കോക്‌സിന്റെ യോ മാമാസ്‌ ലാസ്റ്റ്‌ സപ്പര്‍ കാണുക.

( ഈ ചിത്രത്തിനും ഇതിനെപ്പറ്റിയുള്ള വിവരങ്ങള്‍ക്കും കടപ്പാട്‌ : ജയന്‍ കെ.സി. എന്ന കവിയും അദ്ദേഹത്തിന്റെ പോളിമോര്‍സിസം എന്ന കവിതാസമാഹാരവും)

അടി-ക്കുറിപ്പ്‌ : എന്റെ 'കാനാവില്‍ ഒരു കല്യാണ സദ്യ' എന്ന പോസ്‌റ്റിന്‌ അനോനി കമന്റയച്ച സുഹൃത്തിനോട്‌ ഒരു ചോദ്യം : ചിന്തയില്‍ മറ്റൊന്നും തെളിയാതെ വന്നപ്പോഴാകുമോ ഈ ചിത്രകാരി ക്രിസ്‌തുവിനെ ചിത്രീകരിക്കാന്‍ തുനി‍ഞ്ഞിറങ്ങിയിരിക്കുക? അതേത്‌ സമ്മാനം നേടാനാണ്‌? ജ്ഞാനപീഠമോ നോബലോ..? അവര്‍ക്ക്‌ ഭരണാധികാരികള്‍ കൊടുത്ത സമ്മാനം കണ്ടില്ലേ..? ബിംബങ്ങള്‍ക്കുനേരെ കൈചുണ്ടിയവരെയൊന്നും ഒരുകാലത്തും ആരും അവാര്‍ഡ്‌ കൊടുത്ത്‌ ആദരിച്ചിട്ടില്ല, (താങ്കളെപ്പോലെ) കല്ലെറിഞ്ഞിട്ടേയുള്ളു എന്ന് ആര്‍ക്കാണ്‌ അറിയാത്തത്‌? പരക്കെ അറിയപ്പെടുന്ന ഒരു ബിംബത്തിലൂടെ നമ്മുടെ ആശയങ്ങള്‍ അവതരിപ്പിക്കുന്നതും ആ ബിംബത്തിന്റെ മേല്‍ ചാര്‍ത്തപ്പെട്ടിരിക്കുന്ന ചില മുഖംമൂടികള്‍ അഴിച്ചുകളയുന്നതും ആശയ ദാരിദ്ര്യംകൊണ്ടല്ലെന്ന് അദൃശ്യനായ സുഹൃത്തെ താങ്കളെന്നാണാവോ തിരിച്ചറിയുക..?!!

Saturday, May 26, 2007

കാനാവില്‍ ഒരു കല്യാണസദ്യ

(പ്രവാചകന്മാരുടെ രണ്ടാം പുസ്‌തകം എന്ന നോവലില്‍ നിന്ന് ഒരധ്യായം)
ഒലിവുമരങ്ങളുടെ പച്ചത്തഴപ്പുകള്‍ ആകാശച്ചരുവുകളില്‍ തിരിയിളക്കത്തിന്റെ രേഖാചിത്രം വരക്കുന്ന കാനാവിന്റെ അതിര്‍ത്തിയിലെത്തിയപ്പോഴേ അവര്‍ തപ്പുമേളങ്ങളുടെ മാറ്റൊലി കേട്ടുതുടങ്ങിയിരുന്നു. ദൂരങ്ങള്‍ പിന്നിടുന്തോറും അത്‌ മുറുകി വന്നു. ഗ്രാമത്തിലെ പ്രധാന നിരത്തുകളെല്ലാം കുരുത്തോലകളുടെ തളരസൗന്ദര്യങ്ങളാല്‍ അലങ്കരിക്കപ്പെട്ടിരുന്നു. ഒരു ഉത്സവസന്ധ്യയുടെ മായികതയിലേക്കാണ്‌ ജനം ആ വഴികളിലൂടെ ഒരു പുഴപോലെ ഒഴുകിവന്നത്‌. കഴിഞ്ഞ ഒരാഴ്ചയായി തുടര്‍ന്നുവരുന്ന ആഘോഷങ്ങളാല്‍ അനന്യാസ്‌ തന്റെ മകളുടെ വിവാഹം ആ ഗ്രാമത്തിന്റെ ഉത്സവമാക്കി തീര്‍ക്കുകയായിരുന്നു. ആ നിറവില്‍ അഭിമാനിതനായി അതിഥികളെ സ്വീകരിച്ചാനയിച്ച്‌ അയാള്‍ പടിവാതില്‍ക്കല്‍ത്തന്നെയുണ്ടായിരുന്നു.
യേശുവിനെ ദൂരെനിന്ന് കണ്ടതും അനന്യാസ്‌ ബാക്കിയെല്ലാവരെയും വേഗത്തില്‍ പറഞ്ഞുപേക്ഷിച്ച്‌ അവന്റെയരുകിലേക്ക്‌ ഓടിവന്നു."എന്നാലും എന്റെ സ്നേഹിതാ... ഈ മുഹൂര്‍ത്തസമയത്തെങ്കിലും നിനക്കൊന്ന് വരാന്‍ തോന്നിയല്ലോ..." അയാള്‍ സ്നേഹാതിഥ്യങ്ങളിലെ പതിവു പരിഭവമാവര്‍ത്തിച്ചു. "തന്റെ പിതാവുണ്ടായിരുന്നെങ്കില്‍ ഒരാഴ്ച മുന്‍പേ ഇവിടെയെത്തി ഈ വിവാഹം നടത്തിക്കൊടുത്തേനേം.."
യേശു ചിരിച്ചതേയുള്ളൂ. അവര്‍ ആശ്ലേഷത്തിലമര്‍ന്നു. അതില്‍നിന്ന് വിടര്‍ന്ന് അവന്‍ തന്റെ മൂന്നു ശിഷ്യരെയും അയാള്‍ക്കു പരിചയപ്പെടുത്തിക്കൊടുത്തു. അവരേയും അനന്യാസ്‌ ആശ്ലേഷങ്ങള്‍ കൊണ്ടുതന്നെ സ്വീകരിച്ചു.
"കേട്ടോ.. ഞാനും ഈ യേശുവിന്റെ അപ്പനും പഴയ സ്നേഹിതരാ.. ആ നല്ല മനുഷ്യന്‍ പോയതിനുശേഷവും എനിക്കാ കുടുംബവുമായുള്ള ബന്ധം നഷ്ടപ്പെട്ടിട്ടില്ല. ങാ.. അമ്മയും പെങ്ങന്മാരും അകത്തുണ്ട്‌. അവരിന്നലെയെങ്കിലും എത്തി. നിന്നെപ്പോലെ സ്നേഹമില്ലാത്തവരല്ല അവര്‍.."അനന്യാസ്‌ യേശുവിന്റെ കൈപിടിച്ച്‌ അകത്തേക്കു നടന്നു. ആ കൈ വിടുവിക്കാന്‍ അയാള്‍ കൂട്ടാക്കിയതേയില്ല. "അല്ല... ഞാനെന്തൊക്കെയാ കേള്‍ക്കുന്നത്‌ എന്റെ യേശൂ..? എന്തിനുള്ള പുറപ്പാടാ ഇത്‌..? അപ്പന്‍ കഷ്ടപ്പെട്ട്‌ സമ്പാദിച്ചതൊക്കെ ഇങ്ങനെ വഴിയാധാരമാക്കണോ..?"
"ഒന്നുമാവില്ല. എല്ലാം ഞാന്‍ യാക്കോബിനെ ഏല്‌പിച്ചിട്ടാണ്‌ പോയത്‌.."
"ങാ... അതുമതിയല്ലോ. അവനെക്കൊണ്ട്‌ അതെല്ലാം ഒറ്റയ്ക്ക്‌ നോക്കി നടത്താനാവുമോ..? ആ മരപ്പണിശാലയില്‍ത്തന്നെ രണ്ടു പേരുടെ കണ്ണെത്തണം. ഇളയവന്മാരുടെ കാര്യം ഞാനായിട്ട്‌ ഓര്‍മ്മിപ്പിക്കണോ.? കഴിഞ്ഞമാസം ഇത്തിരി മരസാമാനങ്ങളുടെ പണിയേല്‌പിക്കാന്‍ ചെന്നപ്പോഴല്ലേ യാക്കോബ്‌ കാര്യങ്ങളൊക്കെ പറയുന്നത്‌. നിന്റെ തലയില്‍ ഇപ്പോ പെട്ടെന്ന് ഏതു ചെകുത്താനാണ്‌ കുടിയേറിയിരിക്കുന്നത്‌..?!"
"ദൈവമെന്ന ചെകുത്താന്‍..!" യേശു ചിരിച്ചുകൊണ്ട്‌ പറഞ്ഞു.
"കേട്ടോ സ്നേഹിതന്മാരെ... ഒന്ന് സമ്മതം മൂളിയിരുന്നെങ്കില്‍ ഇന്നു വരനായി നില്‌ക്കേണ്ട ചെറുപ്പക്കാരനാണിവന്‍. ങാ.. പോകട്ടെ ഇനി അതൊക്കെ പറഞ്ഞിട്ടെന്താ കാര്യം. എന്റെ മകളുടെ വിധി മറ്റൊന്നായിപ്പോയി.."
"എന്റെ സ്വപ്നങ്ങള്‍ മറ്റു ചിലതാണ്‌.." യേശു പറ‍ഞ്ഞു
"ഒക്കെ ഞാനറിയുന്നുണ്ട്‌. ആരെങ്കിലുമൊക്കെ പറയുന്നതുകേട്ട്‌ ചാടിപ്പുറപ്പെട്ട്‌ ജീവിതം വെറുതേ തുലച്ചുകളയല്ലേ സ്നേഹിതാ... ഒരപ്പന്റെ സ്ഥാനത്തു നിന്നാ ഞാനിതൊക്കെ പറഞ്ഞുതരുന്നത്‌. ങാ- ഈ തിരക്കൊക്കെ ഒന്നു കഴിയട്ടെ നമുക്കൊന്ന് വിശദമായിട്ട്‌ സംസാരിക്കണം. പിന്നേ എത്ര തിരക്കായാലും കല്യാണം കഴിഞ്ഞ്‌ സഫീറയെ ഒന്നു കണ്ടിട്ടേ പോകാവേ... അവളെന്നും നിന്നെപ്പറ്റി തിരക്കും.."
പുഷ്പാലങ്കാരങ്ങള്‍ നടത്തിയ വിശാലമായ പന്തലിനുള്ളിലേക്ക്‌ അവര്‍ പ്രവേശിച്ചു. പരിചാരകര്‍ കാലുകഴുകിയും മുടിയും താടിയും എണ്ണകൊണ്ട്‌ അഭിഷേകം ചെയ്‌തും അവരെ സ്വീകരിച്ചാനയിച്ചു. അവര്‍ മുന്‍പന്തിയില്‍ തന്നെയിരുന്നു എന്ന് ഉറപ്പാക്കിയ ശേഷം അനന്യാസ്‌ പടിപ്പുര വാതിലിലേക്കു മടങ്ങി. പന്തലിന്റെ നടുഭാഗത്ത്‌ വിരിച്ചൊരുക്കിയ പരവതാനിയില്‍ അപ്പോള്‍ താളമേളങ്ങള്‍ കൂടുതല്‍ കൊഴുത്തിരുന്നു. അണിഞ്ഞൊരുങ്ങിയ നാടന്‍ പെണ്‍കൊടികള്‍ അവയ്ക്കൊപ്പം ചുവടുവയ്ക്കുന്നു. ആ നൃത്തം നിലച്ചപ്പോള്‍ അതിഥികള്‍ക്കിടയില്‍ ഉടുപ്പ്‌ വിതരണം ചെയ്‌തുതുടങ്ങി. പ്രഭുക്കന്മാരുടെ ഓരോരോ ആഢംബരങ്ങള്‍ എന്ന് യേശു മനസിലോര്‍ത്തു. അതുകഴിഞ്ഞ്‌ സ്‌ത്രീകളുടെ സംഘം ഗാനമാലപിച്ചു. ഏറ്റവും മുന്‍ നിരയിലിരിക്കുന്ന മൂപ്പന്മാര്‍ ആ നാടന്‍ശീലുകള്‍ തലയാട്ടി രസിക്കുന്നുണ്ട്‌.
പന്തല്‍ നിറഞ്ഞുകൊണ്ടിരുന്നു. ഒരു ഗ്രാമം മുഴുവന്‍ അതിലേക്ക്‌ പ്രവഹിച്ചെത്തി. അവരെ ഒക്കേയും സ്വീകരിച്ച്‌ യഥാസ്ഥാനത്ത്‌ ഇരുത്തുന്ന തിരക്കിനിടയിലും അനന്യാസ്‌ യേശുവിന്റെ അടുത്തെത്തി ക്ഷേമാന്വേഷണങ്ങള്‍ നടത്തിപ്പോകന്‍ മറന്നില്ല. അയാള്‍ക്ക്‌ അവിവാഹിതയായ ഒരു മകള്‍കൂടി ബാക്കിയുണ്ടായിരുന്നു!അകത്ത്‌ അപ്പോള്‍ വധുവിന്റെ ഒരുക്കങ്ങള്‍ നടക്കുകയായിരുന്നു. അവളെ വാല്യക്കാരത്തികളും മുതിര്‍ന്ന സ്‌ത്രീകളും ചേര്‍ന്ന് കുളിപ്പിച്ച്‌ എണ്ണപൂശി. പിന്നെ മഹോഹരങ്ങളായ വിവാഹവസ്‌ത്രം ധരിപ്പിച്ചു. തഹശുതോലുകൊണ്ടുള്ള ചെരുപ്പിടുവിച്ചു. ശണപടംകൊണ്ടു ചുറ്റി പട്ടു പുതപ്പിച്ചു. പിന്നെ അവളുടെ കയ്യില്‍ വളകളും കഴുത്തില്‍ വിലകൂടിയ രത്‌നമാലകളും അണിയിച്ചു. മൂക്കുത്തിയും കാതില്‍ കുണുക്കുകളും ഇടുവിച്ചു. തലയില്‍ ഭംഗിയുള്ള ഒരു കിരീടം വെച്ചു. അരക്കച്ച കെട്ടി...
ഒരുക്കങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ വധുവിനെ അതിഥികളുടെ ഇടയിലേക്ക്‌ ആനയിച്ചു. അപ്പോള്‍ അതുവരേയും പുറത്ത്‌ കാത്തുനിന്ന വരന്റെ ആള്‍ക്കാര്‍ അകത്തേക്ക്‌ പ്രവേശിച്ചു. 'ഇനിയും ആരെങ്കിലും അകത്ത്‌ കടക്കാനുണ്ടോ..?' എന്ന അചാരപരമായ ചോദ്യത്തിനുശേഷം അനന്യാസ്‌ പടിപ്പുരവതിലടച്ച്‌ കൊളുത്തിട്ടു!
അവിടെ സന്നിഹിതനായിരുന്ന മുഖ്യപുരോഹിതന്‍ എഴുനേറ്റ്‌ വരനെയും വധുവിനെയും അടുത്തുനിറുത്തി, യെഹോവയുടെ നാമത്തില്‍ തങ്ങള്‍ ജീവിതകാലം മുഴുവന്‍ വിശ്വസ്‌തതയുള്ള ഭാര്യാഭര്‍ത്താക്കന്മാരായി, മോശയുടെ ന്യായപ്രമാണങ്ങള്‍ പാലിച്ച്‌ ജിവിച്ചുകൊള്ളാമെന്ന് പ്രതിജ്ഞയെടുപ്പിച്ചു. പിന്നെ വരന്റെ പിതാവ്‌ സമൂഹമദ്ധ്യത്തില്‍ വെച്ച്‌ ഏല്ലാവരുടെയും അനുവാദത്തോടെ വധുവിന്റെ പിതാവിന്‌ ഒരു പണക്കിഴി കൈമാറി. അവര്‍ പരസ്പരം ആലിംഗനം ചെയ്‌തു.
വീണ്ടും ആഘോഷങ്ങള്‍ തുടങ്ങുകയായി. സ്‌ത്രീകള്‍ പാട്ടും നൃത്തവും ആരംഭിച്ചു. വിരുന്നുവാഴി എഴുന്നേറ്റ്‌ ഓരോരുത്തരെയും ഭക്ഷണത്തിനു ക്ഷണിച്ചു. ഉന്നതന്മാരുടെയും ബഹുമാനിതരുടെയും ആയിരുന്നു ആദ്യപന്തി. അതിനിരിക്കാതെ യേശു ശിഷ്യന്മാരെയും കൂട്ടി ഒഴിഞ്ഞുനിന്നു. അനന്യാസ്‌ അതറിഞ്ഞ്‌ തിരക്കിട്ടുവന്ന് അവരെ പന്തിയിലിരിക്കാന്‍ നിര്‍ബന്ധിച്ചു. "ഞാന്‍ അടുത്ത പന്തിക്കിരുന്നോളാം.." അവന്‍ പറഞ്ഞൊഴിഞ്ഞു."പറ്റില്ല. ഒരു ദാവീദന്‍ എന്റെ മകളുടെ വിവാഹത്തിന്‌ രണ്ടാം പന്തിക്കിരിക്കാനോ..? എനിക്കാണതിന്റെ മോശക്കേട്‌.."
"സാരമില്ല അനന്യാസ്‌. ഞാനതെപ്പറ്റി യാതൊന്നും വിചാരിക്കില്ല. പിന്നെന്താ.." അനന്യാസ്‌ വൈഷമ്യത്തോടെ പിന്‍വാങ്ങി. യേശുവിന്റെ ചില പരിചയക്കാര്‍ അവനു ചുറ്റുംകൂടി അവന്റെ പുതിയ സംഘത്തെപ്പറ്റി ചോദ്യങ്ങള്‍ ചോദിച്ചുകൊണ്ടിരുന്നു.ആദ്യ പന്തികഴിഞ്ഞിരുന്നു. രണ്ടാമത്തേതിന്‌ ജനം ഇരുന്നു തുടങ്ങി.
"യേശൂ- എന്റെ സ്നേഹിതാ... ഇതിലെങ്കിലും ഒന്നു വന്നിരിക്കൂ..." അനന്യാസ്‌ പിന്നെയും അവനെ വന്നുക്ഷണിച്ചു."സാരമില്ല. ഞാന്‍ പിന്നിരുന്നോളാം.."
"ശരിക്കും ഇവന്റെ തലയിലെന്തോ കൂടിയിട്ടുണ്ട്‌.." അയാള്‍ പരിതപിച്ചുകൊണ്ട്‌ നടന്നകന്നു. നീണ്ട ഏമ്പക്കങ്ങളുടെ അകമ്പടിയില്‍ ചില മൂപ്പന്മാരും യേശുവിനോടു ചോദ്യങ്ങള്‍ ചോദിക്കുന്നവര്‍ക്കൊപ്പം കൂടി.അവന്‍ അവര്‍ക്ക്‌ തക്കതായ മറുപടി കൊടുത്തു.
രണ്ടും മുന്നും നാലും പന്തികള്‍ അവസാനിച്ചിരുന്നു. അടുത്തത്‌ സമൂഹത്തിലെ താഴ്‌ന്നപടിക്കാര്‍ക്കുള്ള പന്തിയായിരുന്നു. "വരൂ സ്നേഹിതരേ.. നമുക്കും ഇവരോടൊപ്പമിരിക്കാം." യേശു ശിഷ്യന്മാരെ ക്ഷണിച്ചു. കണ്ടുനിന്നവര്‍ക്ക്‌ അതും ഒരത്ഭുതമായിരുന്നു. ഒരു ദാവീദന്‍ - ഒരു പക്ഷേ ആദ്യമായി- താഴ്‌ന്നപടിക്കാര്‍ക്കൊപ്പം പന്തിപങ്കിടുന്നു! അവര്‍ സ്വപ്നത്തില്‍പ്പോലും അങ്ങനെയൊന്ന് സങ്കല്‍പിച്ചിട്ടില്ല. പക്ഷേ ഇതാ തങ്ങളുടെ കണ്‍ മുന്നില്‍... ചിലര്‍ മൂക്കത്ത്‌ വിരല്‍ വെച്ചു. ഇവന്‌ ശരിക്കും ഭ്രാന്തായിപ്പോയോ..?!
അനന്യാസ്‌ എവിടുന്നോ ഓടിക്കിതച്ചെത്തി. "എന്റെ സ്നേഹിതാ- നീ എന്താ ഈ കാട്ടുന്നത്‌..? നിനക്കും കുടുംബത്തിനും സമൂഹത്തില്‍ ഒരു വിലയും നിലയുമില്ലേ..? നീ ഇവര്‍ക്കൊപ്പമാണോ പന്തിക്കിരിക്കുന്നത്‌..? വരൂ... നിനക്കു ഞാന്‍ അകത്ത്‌ പ്രത്യേകം വെച്ചുവിരിക്കാം.."
യേശു ഒന്നു ചിരിച്ചു. "പരിഭ്രമിക്കാതെ അനന്യാസ്‌. ഈ സാധാരണക്കാര്‍ക്കൊപ്പം ഒരു ദാവീദന്‍ പന്തിപങ്കിട്ടാല്‍ ലോകത്തിന്‌ എന്തെങ്കിലും മാറിപ്പോകുമോ എന്നൊന്ന് നോക്കാം.."
"നിന്റിഷ്ടം പോലെ..." അവനുകൊടുക്കാന്‍ മറുപടിയില്ലാതെ അനന്യാസ്‌ അകത്തേക്കുപോയി.
ആഹാരം വിളമ്പിത്തുടങ്ങി. വിരുന്നുവാഴി യേശുവിന്റെ അരുകിലെത്തി കുശലാന്വേഷണം നടത്തി. അയാള്‍ പരിചാരകരെ വിളിച്ച്‌ യേശുവിനും ശിഷ്യന്മാര്‍ക്കും മാത്രമായി വീഞ്ഞ്‌ എടുപ്പിച്ചു.
"ഇതെന്താണ്‌ ഞങ്ങള്‍ക്കുമാത്രം വീഞ്ഞ്‌..? !" അവന്‍ കഴിക്കുന്നത്‌ നിറുത്തി "ഇവര്‍ക്കെല്ലാവര്‍ക്കും വീഞ്ഞ്‌ വിളമ്പൂ.."
വിരുന്നുവാഴി ആശ്ചര്യപ്പെട്ടു "അങ്ങെന്താണീ പറയുന്നത്‌..? ഈ സാധാരണക്കാര്‍ക്ക്‌ വീഞ്ഞു വിളമ്പാനോ..?! അത്‌ വീഞ്ഞിനര്‍ഹതപ്പെട്ട ഉന്നതരെ അപമാനിക്കലാണെന്ന് അറിയില്ലേ..?!"
"അതെങ്ങനെ അപമാനിക്കലാവും..?! ഇവര്‍ വീഞ്ഞുകുടിച്ചാല്‍ അവര്‍ കുടിച്ചതില്‍ വല്ലതും കുറഞ്ഞുപോകുമോ..?" യേശുവിന്റെ ശബ്ദം വല്ലാതെ ഉയര്‍ന്നിരുന്നു.
"ദയവായി അങ്ങ്‌ ശബ്ദം താഴ്ത്തി സംസാരിക്കൂ.. അപ്പുറത്ത്‌ വിശിഷ്ടാതിഥികള്‍ ഇരുപ്പുണ്ട്‌."
"അതിനെനിക്കെന്താണ്‌..? താങ്കള്‍ ഇവര്‍ക്കുകൂടി വീഞ്ഞ്‌ വിളമ്പുന്നില്ലായെങ്കില്‍ എനിക്ക്‌ ഈ പന്തിയുപേക്ഷിച്ച്‌ പോകേണ്ടിവരും.."യേശു കൈകുടഞ്ഞ്‌ എഴുന്നേറ്റു കഴിഞ്ഞു.
പെട്ടെന്ന് പാട്ടും മേളവും നൃത്തവും എല്ലാം നിലച്ചു. സര്‍വ്വം നിശബ്ദമായി. അനന്യാസ്‌ പിന്നെയും ഏതോ തിരക്കില്‍ നിന്നും ഓടിപ്പാഞ്ഞെത്തി. "എന്താണ്‌..? എന്താ പ്രശ്‌നം..?!"
"യജമാനന്‍.. സാധാരണക്കാര്‍ക്കുകൂടി വീഞ്ഞു വിളമ്പണമെന്ന്.." വിരുന്നുവാഴി തലചൊറിഞ്ഞുകൊണ്ട്‌ അറിയിച്ചു. അനന്യാസ്‌ കുറേ നേരത്തേക്ക്‌ മറുപടിയില്ലാതെ അന്തിച്ചു നിന്നു. ചില മൂപ്പന്മാര്‍ കൂടി കാര്യംതിരക്കി അവിടേക്കു വന്നു. "എന്താ നമ്മുടെ ആചാരങ്ങളും കീഴ്‌വഴക്കങ്ങളും ഒരു ദാവീദന്‌ ഇനിയും അറിയില്ലെന്നുണ്ടോ..? " അവരില്‍ ഒരാള്‍ ചോദിച്ചു.
"അതു തിരുത്താന്‍ തന്നെയാണ്‌ ഞാന്‍ വന്നിരിക്കുന്നത്‌. സമൂഹത്തില്‍ ആരും വലിയവനും ചെറിയവനുമല്ല. ഇവര്‍ താഴ്‌ന്നഗോത്രങ്ങളില്‍ ജനിച്ചുപോയത്‌ ഇവരുടെ കുറ്റമാണോ.? അതുകൊണ്ടു മാത്രം ഇവര്‍ ഒരു വിവാഹസദ്യയില്‍ വെള്ളം കൊണ്ടു തൃപ്‌തിപ്പെടണോ..? ഇവര്‍ക്ക്‌ കുടിക്കാന്‍ എവിടുന്നെങ്കിലും അല്‌പം വീഞ്ഞ്‌ കിട്ടാതെയല്ല. പക്ഷേ ഒരു വിവാഹസദ്യയില്‍ അതു വിളമ്പുമ്പോള്‍ അവരും മറ്റുള്ളവര്‍ക്കൊപ്പം ആദരിക്കപ്പെടുകയാണ്‌. അതേ ഞാനാവശ്യപ്പെടുന്നൊള്ളൂ..."
"നിന്റെ വാദമൊന്നും കാനയുടെ മുറ്റത്ത്‌ വിലപ്പോവില്ല. ആതിഥേയനെ ബുദ്ധിമുട്ടിക്കാതെ കഴിച്ചിട്ട്‌ പോകുന്നതാണ്‌ നിനക്ക്‌ നല്ലത്‌.." മറ്റൊരു മൂപ്പന്റെ സ്വരം വല്ലാതെ കയര്‍ത്തിരുന്നു."ഞാനെന്താണ്‌ വേണ്ടത്‌..?" വിരുന്നുവാഴി ആശങ്കപ്പട്ടു.
"അനന്യാസ്‌.. താങ്കളിതിനു മുതിരുന്നില്ലായെങ്കില്‍ എനിക്ക്‌ നിശ്ചയമായും ഈ പന്തിയുപേക്ഷിച്ചുപോകേണ്ടിവരും.." യേശുവിന്റെ സ്വരത്തിലും നല്ല നിശ്ചയദൃഢതയുണ്ടായിരുന്നു.
"യേശു എന്റെ സ്നേഹിതാ... ഒരുവന്‍ എന്റെ പന്തിയുപേക്ഷിച്ചുപോകുന്നതില്‍പരം എന്ത്‌ അപമാനമാണ്‌ എനിക്കും എന്റെ മകള്‍ക്കും വരാനുള്ളത്‌..? വിരുന്നുവാഴി... ഇവന്‍ പറയുന്നതുപോലെ ചെയ്യൂ... എല്ലാവര്‍ക്കും വീഞ്ഞ്‌ വിളമ്പട്ടെ.."
അതുവരെ അന്തിച്ചുനിന്ന ജനത്തിന്റെ തൊണ്ടയില്‍ നിന്നും ഒരാരവം അറിയാതെ പൊന്തിവന്നു! തപ്പും മേളവും പാട്ടും നൃത്തവും പുനരാരംഭിച്ചു. കല്‍ഭരണികളില്‍ സൂക്ഷിച്ചിരുന്ന വീഞ്ഞുമായി പരിചാരകര്‍ പന്തികള്‍ക്കിടയിലൂടെ തിടുക്കപ്പെട്ട്‌ നടന്നു. മൂപ്പന്മാരും നാട്ടുപ്രമാണികളും അനന്യാസിനെ കരുതി മുറുമുറുപ്പിലൊടുങ്ങി. സാധാരണക്കാര്‍ സന്തോഷത്തിലും ചിരിയിലും നിറഞ്ഞ്‌ സദ്യയില്‍ പങ്കുകൊണ്ടു. ഇതാ ഞങ്ങളുടെ മുറ്റത്ത്‌ ഒരു മഹാത്ഭുതം നടന്നിരിക്കുന്നു! യെഹൂദചരിത്രത്തിലാദ്യമായി വെള്ളത്തിന്റെ ഈ തഴ്‌ന്നവര്‍ഗ്ഗം വീഞ്ഞിനാല്‍ ആദരിക്കപ്പെട്ടിരിക്കുന്നു!
അവര്‍ യേശുവിനെ വാഴ്ത്തി. അവന്റെ ധീരതയെ വാഴ്ത്തി. അവന്റെ അമ്മയെയും സഹോദരിമാരെയും കണ്ടവര്‍ അവനെപ്പറ്റി പുകഴ്‌ത്തി സംസാരിച്ചു. ഇതാ ഞങ്ങള്‍ക്കൊരു ധീരനായ രാജാവിനെ കിട്ടിയിരിക്കുന്നു എന്ന് തമ്മില്‍തമ്മില്‍ പറഞ്ഞാഹ്ലാദിച്ചു.
യെഹൂദജാതിക്കുമേലെ നസറേനിയ സംഘം വിതച്ചുപോയ കൊടുങ്കാറ്റുകളുടെ തുടക്കമായിരുന്നു അത്‌!
ആ രാത്രി അവര്‍ മടങ്ങുമ്പോള്‍ ഒരുവന്‍ യേശുവിനെ പിന്‍പറ്റിച്ചെന്നു. "ഗുരോ - ഞാന്‍ നിന്നെ കാത്തുനില്‌ക്കുകയായിരുന്നു.."
"സന്തോഷം സ്നേഹിതാ... നിന്റെ പേര്‌..?"
"മത്തായി!"
"നാട്‌..?"
"കഫര്‍ന്നഹോം.."
"പിന്നെ ഇവിടെ..? വരന്റെ ബന്ധുവോ വധുവിന്റെയോ..?"
"രണ്ടുമല്ല. ഞാന്‍ ഈ പ്രവിശ്യയുടെ ചുങ്കത്തലവനാണ്‌. വിവാഹത്തിന്‌ ആളെണ്ണി ചുങ്കം കണക്കാക്കാന്‍ വന്നതാണ്‌..."
"എന്തിനാണ്‌ നീ എനിക്കുവേണ്ടി കാത്തുനിന്നത്‌..?"
"ഗുരോ ഈപണിയുപേക്ഷിച്ച്‌ ഞാന്‍ നിന്നെ അനുഗമിച്ചോട്ടെ..?"
"എവിടേക്ക്‌..?"
"നീ നയിക്കുന്നത്‌ എവിടേക്കായാലും അവിടേക്ക്‌..!"
"വരൂ... ഇനിമുതല്‍ നീ ഞങ്ങളിലൊരുവനാണ്‌..!"

Thursday, May 24, 2007

പ്രവാചകന്മാരുടെ രണ്ടാം പുസ്‌തകം - പുതിയ നോവല്‍


പ്രിയ സുഹൃത്തുക്കളെ

എന്റെ പുതിയ നോവല്‍ 'പ്രവാചകന്മാരുടെ രണ്ടാം പുസ്‌തകം' കറന്റ്‌ ബുക്‌സ്‌ പ്രസിദ്ധീകരിച്ചു. ക്രിസ്‌തുവിന്റെ ജീവിതത്തെ ആസ്‌പദമാക്കി എഴുതിയിരിക്കുന്ന ഒരു നോവലാണിത്‌.

പുസ്‌തകത്തിന്റെ പിന്‍പുറത്തില്‍ (back cover caption) നാം ഇങ്ങനെ വായിക്കുന്നു:

എത്രയൊക്കെ വിധത്തില്‍ മാറ്റിയും മറിച്ചും എഴുതിയാലും വ്യാഖ്യാനിച്ചാലും പിന്നെയും നിറയെ വായനാസാധ്യതകള്‍ ഒഴിഞ്ഞുകിടക്കുന്നൊരു മഹാചരിതമാണ്‌ ക്രിസ്‌തുവിന്റെ ജീവിതം. ഖുമ്‌റാന്‍ ചാവുകടല്‍ ചുരുളുകളില്‍ നിന്നും ലഭ്യമായ പുതിയ അറിവുകളുടെ പശ്ചാത്തലത്തില്‍ യേശുക്രിസ്‌തുവിന്റെ ജീവിതവും ചരിത്രവും അദ്ഭുതകരമാംവിധം മാറ്റിവായിക്കുന്ന മലയാളത്തിലെ ആദ്യനോവല്‍.ക്രിസ്‌തു മാത്രമല്ല; പത്രോസ്‌, ലാസര്‍, മറിയ ബാറാബാസ്‌, യൂദാസ്‌ എന്നിവരെല്ലാം ഇവിടെ തിരുത്തിയെഴുതപ്പെടുന്നു. ക്രിസ്‌ത്യന്‍ വിശ്വാസങ്ങളെയും പാരമ്പര്യങ്ങളെയും സമൂലം ഉടച്ചു പണിയുന്ന നോവല്‍.

എല്ലാ കറന്റ്ബുക്‌സ്‌/ ഡി.സി. ബുക്‌സ്‌ ശാഖകളിലും പുസ്‌തകം ലഭ്യമാണ്‌ വില: 100 രൂപ

(പിന്നാലെ ബൂലോക സുഹൃത്തുക്കള്‍ക്കായി ഒരദ്ധ്യായം ഞാന്‍ പ്രസിദ്ധീകരിക്കാം)

എല്ലാവരും പുസ്‌തകം വാങ്ങി വായിച്ച്‌ അഭിപ്രായം അറിയിക്കുമല്ലോ.

Wednesday, May 16, 2007

കേരളത്തിലേക്ക്‌ ഒരു തുമ്പിക്കൈ നീളുമ്പോള്‍...

ജെസിബി എന്ന ഓമനപ്പേരിലറിയപ്പെടുന്ന മണ്ണുമാന്തിയന്ത്രമാണ്‌ കേരളത്തിന്റെ ഇപ്പോഴത്തെ സാംസ്‌കാരികചിഹ്നം എന്നു പറഞ്ഞത്‌ നമ്മുടെ കവയത്രി സുഗതകുമാരിയാണ്‌. നേരത്തെ അത്‌ തെങ്ങ് ആയിരുന്നു. പിന്നീടത്‌ ആനയായി. ഇപ്പോള്‍ അത്‌ മണ്ണുമാന്തിയന്ത്രവും. ടീച്ചറിന്റെ നല്ലൊരു നിരീക്ഷണവും സറ്റയറുമായിട്ടാണ്‌ ഞാനതിനെ കാണുന്നത്‌.
ഒരു ദേശത്തിന്റെ തനിമയോട്‌ അടുത്തു നില്‌ക്കുന്നതായിരിക്കണമല്ലോ അതിന്റെ ചിഹ്നം. ആ അര്‍ത്ഥത്തില്‍ നമ്മുടെ സമകാലിക ജീവിതത്തോടെ ഇന്ന് ഏറ്റവും ഒട്ടി നില്‌ക്കുന്നതും നമ്മുടെ ദേശത്തിന്റെ വര്‍ത്തമാനകാലത്തിന്റെ ശരിയായ പ്രതിബിംബവുമാകുന്നു അത്‌. കഴിഞ്ഞ കാലങ്ങളില്‍ കേരളത്തില്‍ തെങ്ങുണ്ടായിരുന്നതുപോലെ ആനയുണ്ടായിരുന്നതുപോലെ ഇന്ന് നമ്മുടെ റോഡുകളില്‍ പറമ്പുകളില്‍ ഈ ഒരു യന്ത്രം നിത്യക്കാഴ്ചയായി മാറിയിരിക്കുന്നു.
കഴിഞ്ഞ ഒരു ദശാബ്ദക്കാലംകൊണ്ട്‌ ഈയൊരു യന്ത്രം നമ്മുടെ ദേശത്തിനുവരുത്തിയ മാറ്റങ്ങള്‍ വിവരിക്കാവുന്നതല്ല. നമ്മുടെ എത്ര മനോഹരകാഴ്ചകളെയാണ്‌, നമ്മുടെ എത്ര ലാന്റ്‌സ്കേപ്പുകളെയാണ്‌ നമ്മുടെ എത്ര കുന്നുകളെയാണ്‌ നമ്മുടെ എത്രയെത്ര സ്വപ്‌നങ്ങളെയാണ്‌ അത്‌ ഒരു ദിവസംകൊണ്ട്‌ കോരി മാറ്റിക്കളഞ്ഞത്‌. നമ്മുടെ എത്ര കുളങ്ങളെയാണ്‌ നീര്‍ത്തടങ്ങളെയാണ്‌ തോടുകളെയാണ്‌ കുന്നിന്‍ ചരുവുകളെയാണ്‌ അത്‌ ഒരു രാത്രികൊണ്ട്‌ മൂടിക്കളഞ്ഞത്‌. കഴിഞ്ഞ പത്തുവര്‍ഷംകൊണ്ട്‌ നമ്മുടെ ഭൂപ്രകൃതിയ്ക്കുണ്ടായ മാറ്റം പഠിക്കുക ഭീകരമാവും.
കവി പി.പി, രാമചന്ദ്രന്‍ പറഞ്ഞതാണ്‌ ഓര്‍ക്കുന്നത്‌ ' ഇന്ന് കുന്നുകളെക്കുറിച്ചും മലകളെക്കുറിച്ചും എങ്ങനെ കവിതയെഴുതും. നമ്മള്‍ തലേന്നുവരെ കണ്ടുകൊണ്ടിരുന്ന ഒരു കുന്ന് പിറ്റേന്ന് നേരംവെളുക്കുമ്പോള്‍ നമ്മുടെ കാഴ്ചയില്‍ ഉണ്ടാകുമെന്നതിന്‌ ഇന്ന് എന്താണുറപ്പുള്ളത്‌' ശരിയായിരുന്നില്ലേ ആ ചോദ്യം. നമ്മുടെ ഒക്കെ സ്വപ്‌നത്തിലേക്ക്‌ ഒരു ഭീകരജീവിയുടെ നിഴല്‍പ്പാടോടെയാണ്‌ ആ യന്ത്രം കടന്നുവന്നുകൊണ്ടിരുന്നത്‌. എപ്പോഴാണ്‌ നമ്മുടെ സ്വപ്‌നങ്ങളെ തോണ്ടിയെടുക്കാന്‍ അതിന്റെ നീളന്‍ കൈകള്‍ നീണ്ടുവരുന്നതെന്ന ഭയത്തോടെ...
എന്നാല്‍ കേരളത്തിന്റെ ചരിത്രത്തിലാദ്യമായി, നമ്മുടെ പ്രകൃതിയെ നശിപ്പിക്കാനല്ലാതെ നമ്മുടെ പ്രകൃതിയെ സംരക്ഷിക്കാന്‍ നമ്മുടെ ദേശത്തിന്റെ അവശേഷിക്കുന്ന മനോഹാരിത അത്രയെങ്കിലും നിലനിര്‍ത്താനായി ആ യന്ത്രം തന്റെ കൈ നീട്ടുന്നത്‌ നാം കഴിഞ്ഞ ദിവസങ്ങളില്‍ - അത്ഭുതത്തോടെ കുറേയൊക്കെ അതിശയത്തോടെ അതിലധികം അവിശ്വസനീയതയോടെ കണ്ടു. യന്ത്രത്തിന്റെ അങ്ങനെയൊരു രൂപമാറ്റം നാമാരും പ്രതീക്ഷിച്ചില്ല എന്നതാണ്‌ ശരി. ഇന്നലെവരെ പ്രകൃതിക്കെതിരെ പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന യന്ത്രം പെട്ടെന്ന് കടകം തിരിഞ്ഞ്‌ പ്രകൃതിയ്ക്കുവേണ്ടി പ്രവര്‍ത്തിക്കാന്‍ തുടങ്ങിയിരിക്കുന്നു. ആ മോണ്‍സ്‌ടറുടെ മനംമാറ്റം അപ്രതീക്ഷിതമായിരുന്നു. മനംമാറിയത്‌ യന്ത്രത്തിന്‌ അല്ല മനുഷ്യര്‍ക്കാണെന്ന് നമുക്കറിയാം. മനുഷ്യര്‍ക്ക്‌ മനംമാറിയപ്പോള്‍ ഒരു യന്ത്രത്തിനുണ്ടായ രുപമാറ്റം അത്ഭുതാവഹമാണ്‌. ഇത്രകാലം ഭീതിയോടെ കണ്ടിരുന്ന ആ യന്ത്രത്തിനെ നാമിന്നെ സ്നേഹത്തോടെ നോക്കിക്കാണുന്നു. അതിന്റെ നീളന്‍തുമ്പിക്കൈയ്യിനെ നാം അഹ്ലാദപൂര്‍വ്വം സ്വപ്‌നം കാണുന്നു.
നമ്മുടെ അവശേഷിക്കുന്ന പ്രകൃതിയെയും ജൈവസമ്പത്തിനെയും സംരക്ഷിക്കാന്‍ മാത്രമാണ്‌ ആ തുമ്പികൈ ഇനിമേലില്‍ നീളുന്നതെങ്കില്‍ അതിനെ നമ്മുടെ ദേശീയ ചിഹ്നമാക്കുന്നതില്‍ ഒരു തെറ്റുമില്ല എന്നാണ്‌ എന്റെ പക്ഷം. അതേസമയം ഇനി ഒരിക്കലും ആ തുമ്പിക്കൈ പ്രകൃതി നാശത്തിനായി ഉയരില്ലെന്ന് ഉറപ്പാക്കേണ്ടത്‌ നമ്മള്‍ ഓരോ മലയാളിയുടെയും കടമയാണ്‌.

Saturday, May 05, 2007

എങ്ങോട്ടാ..? പോട്ട വരെ...

എണുപതുകളുടെ ഒടുക്കത്തിലും തൊണ്ണൂറുകളുടെ തുടക്കത്തിലും കേരളത്തിലെ ഏത്‌ ക്രിസ്‌ത്യന്‍ യുവാവിനോടു ചോദിച്ചാലും കിട്ടുന്ന ഉത്തരമായിരുന്നു ഇത്‌. എന്തായിരുന്നു അന്നത്തെ ഒരു പുകില്‍. തലേന്നുവരെ ഒന്നിച്ചിരുന്ന് മദ്യപിച്ചവനെ പിറ്റേന്നു തൊട്ട്‌ കാണാനില്ല. ഒളിച്ചോട്ടത്തിന്‌ പത്രത്തില്‍ പരസ്യം കൊടുക്കണമോ എന്നാലോചിക്കുമ്പോള്‍ ടി വിദ്വാന്‍ നമ്മുടെ മുന്നില്‍ പ്രത്യക്ഷപ്പെടുന്നു. പോട്ടയുടെ മുരുങ്ങൂരിന്റെ രോഗശാന്തിശിശ്രൂഷയുടെ ഒടുങ്ങത്ത വാക്‌ധോരണിയുമായി. എത്ര പറഞ്ഞാലും അവന്‌ മതിയാവുന്നില്ല. വാചകമടിയില്‍ വീണുപോയ പലരും അവനെ അനുഗമിച്ച്‌ പോട്ടയുടെ ആരാധകരാകുന്നു. പിന്നെ വൈകിട്ടൊരു കൂടലിന്‌ ക്ഷണിച്ചാല്‍ ഞാനില്ലേ - പ്രാര്‍ത്ഥിക്കാനുണ്ട്‌ എന്നൊരു ആന്തലോടെ ടീ വിദ്വാന്‍ വീട്ടിലേക്കോടുന്നു.
ആരെന്തുപറഞ്ഞാലും - പ്രത്യേകിച്ച്‌ സുഹൃത്തുക്കള്‍ - വിശ്വസിക്കുന്ന പ്രായം - കൗമാരകാലത്തിലായിരുന്നിട്ടും എന്തോ എന്റെ ആന്തരിക ചോദന ഈ ആഘോഷപ്രാര്‍ത്ഥനകളില്‍ ഒരിക്കലും വിശ്വാസമര്‍പ്പിച്ചുമില്ല, വീണുപോയതുമില്ല.
പിന്നീട്‌ ഒരു പ്രലോഭനം വന്നത്‌ ഭാര്യയുടെ ഭാഗത്തുനിന്നാണ്‌. അക്കാലത്ത്‌ മിക്കവരും മധുവിധു ആഘോഷിക്കാന്‍ പോകുന്നതുവരെ പോട്ടയിലേക്കായിരുന്നു. ആദ്യനാളിലെ ആ പ്രലോഭനത്തിനും ഞാനേതായാലും വീണില്ല. പോട്ടയിലെ അച്ചന്മാര്‍ അലറിക്കൂവിത്തരുന്ന ആത്മീയത എനിക്കാവശ്യമില്ലെന്ന് പറയാന്‍ എനിക്കന്നും സാധിച്ചു. ഇത് വെറും ‘മാസ്‌ഹിസ്റ്റീരിയ’മാത്രമാണെന്ന് ഭാര്യയെ പറഞ്ഞുധരിപ്പിക്കാനും കഴിഞ്ഞു. അതുകൊണ്ട് ഞങ്ങളുടെ മധുവിധു പോട്ടയ്ക്കു പകരം കോവളത്തായിരുന്നു.
ദൈവം ഉണ്ടെങ്കിലും ഇല്ലെങ്കിലും രോഗികള്‍ സുഖം പ്രാപിക്കുന്നെങ്കിലും ഇല്ലെങ്കിലും പ്രാര്‍ത്ഥിക്കേണ്ടേതും ആത്മീയതയില്‍ നിറയേണ്ടതും ഇങ്ങനെയൊന്നുമല്ലെന്ന് ഒരു 'കോമണ്‍ സെന്‍സ്‌' അത്രമാത്രം. ഒരു ദിവസം പ്രാര്‍ത്ഥിച്ചതുകൊണ്ടോ കൈകൊട്ടിപാടിയതുകൊണ്ടോ മനസ്സില്‍ നിറയുന്നതാണോ ഈ ആത്മീയത എന്നൊരു തോന്നല്‍.
സംശയം സത്യമായിരുന്നു എന്ന് കാലം തെളിയിച്ചു. പോട്ടയുടെയും ദൈവീകതയുടെയും വചന ശിശ്രൂഷയുടെയും പ്രചാരകരായിരുന്നവരൊക്കെ പതിയെ തലയില്‍ മുണ്ടിട്ടുകൊണ്ട്‌ നാണത്തോടെ ഞങ്ങളുടെ മുന്നിലൂടെ ബാറിലേക്ക്‌ മടങ്ങി വരാന്‍ കാലം അധികം എടുത്തില്ല. ബാറ്‌ നല്ലതാണെന്നും പ്രാര്‍ത്ഥന മോശമാണെന്നുമല്ല പറഞ്ഞത്‌. ഒരാഴ്‌ചത്തെ പ്രാര്‍ത്ഥനകൊണ്ടും അനുഗ്രഹംകൊണ്ടുമൊന്നും ആരും അങ്ങനെയൊന്നും മാറില്ലെന്നു തന്നെ. അതിന്‌ മനസ്സുറച്ച കഠിനപ്രയത്നം തന്നെ വേണം. ധാരളം മനനങ്ങള്‍ വേണം. ആഴത്തില്‍ ഇറങ്ങിച്ചെന്നുള്ള പഠനങ്ങള്‍ വേണം. അങ്ങനെ ആ അനുഭവം സ്വയം ബോധ്യമാകണം. അല്ലാതെ ഇന്‍സ്‌റ്റന്റ്‌ പ്രാര്‍ത്ഥനകള്‍കൊണ്ട്‌ ലഭിക്കുന്നതല്ല ആ ആത്മീയത എന്നുതന്നെ.
ഇതുന്നുമല്ലാതെ ഇതിന്റെയൊക്കെ പിന്നില്‍ എന്തോ ഒരു നിഗൂഢത അന്നേ സംശയിച്ചിരുന്നു. വിദേശസഹായം തീര്‍ച്ചയായും ഉറപ്പായിരുന്നു. പക്ഷേ പറഞ്ഞപ്പോഴൊക്കെ ഇന്‍സ്‌റ്റന്റ്‌ വിശ്വാസികള്‍ എന്നെ പുച്‌ഛത്തോടെ തള്ളിക്കളന്നു. എല്ലാവര്‍ക്കും എല്ലാവരെയും എല്ലാ കാലത്തേക്കും പറ്റിക്കാന്‍ കഴിയില്ലെന്ന ആപ്‌തവാക്യം ഇതാ ശരിയായിവന്നിരിക്കുന്നു. ഈ റെയ്ഡുകള്‍ നേരത്തെ നടത്തേണ്ടതായിരുന്നു. ഈ കള്ളത്തരങ്ങള്‍ നേരത്തെ കണ്ടത്തേണ്ടതായിരുന്നു. പക്ഷേ ആര്‍ജ്ജവമില്ലാത്ത രാഷ്‌ട്രീയ പാര്‍ട്ടികള്‍ നാല്‌ വോട്ടിനു മുന്നില്‍ കഴ്‌ന്നു കിടന്നു നക്കുന്ന നേതാക്കള്‍ ഇതിനെയൊക്കെ മൂടിവയ്ക്കാനാണ്‌ ശ്രമിച്ചത്‌. ഒടുവില്‍ കോടതി വേണ്ടിവന്നു പൂച്ചയ്ക്ക്‌ മണികെട്ടാന്‍. പോട്ടപോലുള്ള ധ്യാനകേന്ദ്രങ്ങള്‍ അടച്ചുപൂട്ടണമെന്ന ഹിന്ദുസംഘടനകളുട ആവശ്യത്തിനോട്‌ ഞാനും യോജിക്കുന്നു, പക്ഷേ അതാവശ്യപ്പെടാന്‍ അവര്‍ക്കെന്തു യോഗ്യതയാണുള്ളത്‌..? ഇതിനേക്കള്‍ മാരകമായി വിഷം വമിക്കുന്ന അമൃതാന്ദമയീമഠത്തിന്റെ അരുമസന്താനങ്ങളല്ലേ അവര്‍. സ്വന്തംകണ്ണിലെ കോലെടുത്തിട്ട്‌ അന്യന്റെ കണ്ണിലെ കരടെടുക്കാന്‍ പറഞ്ഞത്‌ എത്ര സത്യം. അമൃതാന്ദമയി മഠത്തിലും ഇതുപോലെ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെടാന്‍ ധൈര്യമുള്ള എത്ര ഹിന്ദുക്കളുണ്ട്‌..? എത്ര രാഷ്ട്രീയ പാര്‍ട്ടികളുണ്ട്‌.

Sunday, March 25, 2007

അക്കപ്പോരിന്റെ ഇരുപത് നസ്രാണിവര്‍ഷങ്ങള്‍


പ്രീയപ്പെട്ട ബൂലോകം സുഹൃത്തുക്കളെ ഒരു സന്തോഷ വാര്‍ത്ത നിങ്ങളുമായി പങ്കുവയ്ക്കുന്നു. എന്റെ പുതിയ നോവല്‍ ‘അക്കപ്പോരിന്റെ ഇരുപത് നസ്രാണിവര്‍ഷങ്ങള്‍’ അടുത്ത ലക്കം (ലക്കം 476- ഏപ്രില്‍ 6) മുതല്‍ മാധ്യമം വാരികയില്‍ ഖണ്ഡശ്ശയായി പ്രസിദ്ധീകരിച്ചു തുടങ്ങുന്നു. എല്ലാവരും വായിച്ച് അഭിപ്രായം അറിയിക്കുമല്ലോ.
സ്‌നേഹപൂര്‍വ്വം നിങ്ങളുടെ
ബെന്യാമിന്‍.
മാധ്യമം വാരികയുടെ കഴിഞ്ഞ ലക്കത്തില്‍ വന്ന അറിയിപ്പു കാണുക.

Saturday, March 17, 2007

ഗള്‍ഫ്‌ മലയാളിയും ഡയസ്‌പോറ സാഹിത്യവും.

മലയാളിയുടെ ഗള്‍ഫ്‌ കുടിയേറ്റ ചരിത്രത്തിന്‌ കേരളത്തോളം അല്ലെങ്കില്‍ അതിനെക്കാള്‍ പ്രായമുണ്ട്‌. ചിതറിയതും ഒറ്റപ്പെട്ടതുമായ കുടിയേറ്റങ്ങളായിരുന്നില്ല അത്‌. എഴുപതുകളുടെ തുടക്കത്തിലാണ്‌ അത്‌ ഏറ്റവും ശക്‌തി പ്രാപിച്ചതെങ്കിലും അന്‍പതുകളില്‍ തന്നെ ശക്‌തമായ സാമുഹിക സംഘടനാബോധമുള്ള മലയാളി സമൂഹം ഗള്‍ഫ്‌ മേഖലയില്‍ രൂപപ്പെട്ടുകഴിഞ്ഞിരുന്നു എന്നതിന്‌ തെളിവുകള്‍ ഉണ്ട്‌.
ആധുനിക കാലത്ത്‌ മൂലധനത്തിന്റെ സഞ്ചാരത്തിന്‌ അനസൃതമായി തൊഴില്‍ തേടി ലോകത്തെല്ലായിടത്തുമുള്ള ജനത വിവിധ ഭൂപ്രദേശങ്ങളിലേക്ക്‌ നീങ്ങിയതിന്റെ തുടര്‍ച്ചയായിട്ടാണ്‌ മലയാളിയും ഗള്‍ഫിലേക്ക്‌ കുടിയേറുന്നത്‌. ഇങ്ങനെ വിവിധ ദേശങ്ങളില്‍ രൂപപ്പെട്ട പുതിയ 'വംശീയ ഭൂപ്രദേശങ്ങളെ' ഡയസ്‌പോറ എന്ന വാക്കുകൊണ്ടാണ്‌ വിശേഷിപ്പിക്കപ്പെടുന്നത്‌. ഒരു പക്ഷേ ലോകത്തിലെ തന്നെ ഏറ്റവും വലിയ ഡയസ്‌പോറകളില്‍ ഒന്നാവാം ഇരുപതുലക്ഷത്തോളം അംഗസംഖ്യയുള്ള ഗള്‍ഫ്‌ മലയാളി സമൂഹം എന്നു തോന്നുന്നു. മുന്‍കാലങ്ങളില്‍ രാഷ്ട്രീയ പ്രവാസവുമായി ബന്ധപ്പെട്ടാണ്‌ ഡയസ്‌പോറ പരാമര്‍ശിക്കപ്പെടാറുണ്ടായിരുന്നതെങ്കില്‍ ഇന്നത്‌ എല്ലാത്തരം പ്രവാസത്തെയും കുറിക്കാനുപയോഗിക്കുന്ന പദമായിക്കഴിഞ്ഞു. ഏതര്‍ത്ഥത്തിലും മലയാളിയുടേത്‌, പ്രവാസത്തിനു തുല്യമായ കുടിയേറ്റമാണെന്ന വിവക്ഷയില്‍ ഗള്‍ഫ്‌ മലയാളി സമൂഹത്തെയും ഒരു ഡയസ്‌പോറയായി എണ്ണാം. (കേരളത്തിലെയും ഇന്ത്യയിലെയും സവിശേഷമായ രാഷ്ട്രീയ കാലവസ്ഥയാണ്‌ ഗള്‍ഫ്‌ മലയാളികളെ അവിടേക്ക്‌ ആട്ടിത്തെളിച്ചത്‌ എന്നതുകൊണ്ടുകൂടി)
സ്വഭാവികമായും ലോകത്തെമ്പാടുമുള്ള എല്ലാ ഡയസ്‌പോറകള്‍ക്കും അവരുടെ സ്വന്തം സംസ്കാരവും കലയും സാഹിത്യവും ഉണ്ടായി. അതില്‍ ഡയസ്‌പോറ സാഹിത്യം ഇന്ന് പഠനാര്‍ഹമായ ഒരു സാഹിത്യശാഖയായി വളര്‍ന്നു കഴിഞ്ഞിരിക്കുന്നു. അങ്ങനെ ഡയസ്‌പോറ സാഹിത്യത്തില്‍ ഗള്‍ഫ്‌ മലയാളിക്കുള്ള പങ്കും പ്രാധാന്യവും അന്വേഷിക്കുകയാണ്‌ ഈ ലേഖനത്തിന്റെ ഉദ്ദേശ്യം.
എന്താണ്‌ ഡയസ്‌പോറ സാഹിത്യം..? അതെങ്ങനെ പ്രവാസ സാഹിത്യത്തില്‍ നിന്നും വേറിട്ടു നില്‌ക്കുന്നു..?
രണ്ടു സംസ്‌കാരങ്ങള്‍ക്കിടയില്‍ പെട്ട്‌ സ്വന്തം അസ്ഥിത്വം നഷ്ടപ്പെട്ടുപോകുന്നവന്റെ ആകുലതകളും വേദനകളും ആവാം ഡയസ്‌പോറ സാഹിത്യത്തിന്റെ ചാലകശക്‌തി. അതുകൊണ്ടുതന്നെ കുടിയേറ്റത്തിലോ പ്രവാസത്തിലോ നേരിട്ട്‌ പങ്കാളികളാകുന്ന ഒന്നാംതലമുറയില്‍ നിന്നാണ്‌ ശക്‌തമായ ഡയസ്‌പോറ സാഹിത്യം ഉരുത്തിരിഞ്ഞുവരേണ്ടത്‌. കാരണം ഒന്നാം തലമുറ അവരുടെ ബാല്യവും കൗമാരവും പിന്നിട്ടത്‌ മാതൃദേശത്തായതിനാല്‍ അവരുടെ ഓര്‍മ്മകള്‍, സ്വപ്‌നങ്ങള്‍ അറിവുകള്‍ ജീവിതരീതി എന്നിവയെല്ല്ലാം സ്വദേശവുമായി ബന്ധപ്പെട്ടു കിടക്കും. പിന്നിലാക്കിപ്പോന്ന സ്വന്തം നാടിന്റെയും ജീവിതം നല്‌കുന്ന ആതിഥേയദേശത്തിന്റെയും ഇടയില്‍പെട്ട്‌ അവര്‍ ദ്വന്ദമനസ്സുള്ളവരായി തീരുന്നു. അങ്ങനെ സ്വന്തം ഭൂമിയെവിടെ എന്ന്, താന്‍ ഏതു ദേശത്തിനുള്ളവനാണ്‌ എന്ന്, തന്റെ രാഷ്ട്രീയം എന്ത്‌ എന്ന്, തന്റെ സംസ്കാരം ഏത്‌ എന്ന്, എന്നിങ്ങനെയുള്ള നിരവധി സംശയങ്ങളില്‍ നിന്നാണ്‌ ഡയസ്‌പോറ സാഹിത്യം ഉണ്ടാവുന്നത്‌.
മേല്‍പ്പറഞ്ഞ കാരണങ്ങള്‍ കൊണ്ടുതന്നെ കുടിയേറ്റത്തിന്റെ ഒന്നാം തലമുറ എഴുത്തുകാരില്‍ നിന്ന് ശുദ്ധമായ പ്രവാസ സാഹിത്യം ഉണ്ടാവുക സാധ്യമല്ല. തായ്‌വേരുകള്‍ പൂര്‍ണ്ണമായും അറുക്കപ്പെട്ടു കഴിഞ്ഞവന്റെയും മടങ്ങിച്ചെല്ലാന്‍ ഒരിടമില്ലാത്തെ നിസ്സഹായകനായിപ്പോയവന്റെയും സാഹിത്യത്തെയാണ്‌ പ്രവാസ സാഹിത്യം എന്നു വിളിക്കേണ്ടത്‌. അതുണ്ടാവുന്നത്‌ രണ്ടാം തലമുറയില്‍ നിന്നും അനന്തര തലമുറകളില്‍ നിന്നുമാണ്‌. അവര്‍ക്ക്‌ മാതൃദേശമെന്നത്‌ ഒരു സ്വപ്നം മാത്രമാണ്‌. ഒരുപക്ഷേ ജീവിതത്തില്‍ വല്ലപ്പോഴുമൊരിക്കല്‍ വിരുന്നിനു പോയിട്ടുള്ള ഒരിടം, ചിലപ്പോള്‍ ഒരിക്കലും കണ്ടിട്ടേയില്ലാത്ത ഒരിടം. അവന്‍ ആ മാതൃദേശത്തെ സൃഷ്ടിക്കുന്നത്‌ സാങ്കല്‌പിക കഥകളില്‍ നിന്നുമാത്രമാണ്‌. അത്‌ ഒന്നാം തലമുറയില്‍പ്പെട്ട ഒരെഴുത്തുകാരന്‍ സൃഷ്ടിക്കുന്ന ദേശത്തില്‍ നിന്നും തീര്‍ത്തും വ്യത്യസ്‌തമായിരിക്കും. അതുകൊണ്ടാണ്‌ ഇന്ത്യയില്‍ നിന്ന് കുടിയേറി യൂറോപ്പിലും അമേരിക്കയിലും എത്തപ്പെട്ടവരുടെ രണ്ടാംതലമുറയില്‍പെട്ട ആഭാ ദാവേസര്‍, ത്ധും പ ലാഹിരി, ചിത്രാ ദിവാകരി, ശശി ദേശ്‌പാണ്‌ഡേ, മീന അലക്‌സാണ്ടര്‍, കാവ്യാ വിശ്വനാഥാന്‍ എന്നിവരുടെയൊന്നും രചനകളെ ഡയസ്‌പോറ സാഹിത്യമായി വിലയിരുത്താനാവാത്തത്‌. എന്നാല്‍ അത്‌ ഒന്നാന്തരം പ്രവാസ സാഹിത്യമായി മാറുന്നത്‌ നാം കാണുകയും കെയ്യുന്നു. ഇവ തമ്മില്‍ വലിയ വ്യത്യാസങ്ങളുണ്ട്‌. ഈ വ്യത്യാസം തിരിച്ചറിയുന്നതില്‍ നമ്മുടെ വായനക്കാരും നിരൂപകരും എന്തിന്‌ ഗള്‍ഫിലെ എഴുത്തുകാര്‍ തന്നെയും പരജായപ്പെട്ടു പോവുകയാണ്‌ ഉണ്ടായത്‌. ഡയസ്‌പോറ സാഹിത്യത്തെയും പ്രവാസസാഹിത്യത്തെയും കൃത്യമായി വേര്‍തിരിച്ചു കാണേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.
മറ്റേതൊരു ഭൂമികയെക്കാളും ഡയസ്‌പോറ സാഹിത്യത്തിന്‌ ഏറ്റവും വളക്കൂറുള്ള മണ്ണായിരുന്നു ഗള്‍ഫിന്റേത്‌. കാരണം മറ്റുരാജ്യങ്ങളിലെ ഡയസ്‌പോറ സമൂഹങ്ങളുടെ ഒന്നാം തലമുറ മാത്രമാണ്‌ യഥാര്‍ത്ഥ ഡയസ്‌പോറകളായി നിലകൊള്ളുന്നത്‌ രണ്ടാംതലമുറയും അനന്തര തലമുറകളും എത്തപ്പെട്ട ദേശത്തിന്റെ സത്വത്തോട്‌ രാഷ്ട്രീയമായും സാമൂഹികമായും ലയിച്ചുചേരുകയും ഡയസ്‌പോറ എന്ന യഥാര്‍ത്ഥ്യം പതിയെ അപ്രത്യക്ഷമാവുകയും ചെയ്യുന്നു. എന്നാല്‍ ഗള്‍ഫില്‍ അങ്ങനെ ഒരു സാധ്യതയില്ല. തലമുറ എത്ര കഴിഞ്ഞാലും ഗള്‍ഫ്‌ മലയാളിയുടേത്‌ യഥാര്‍ത്ഥ മലയാളിസത്വം വഹിക്കുന്ന ഒരു ശുദ്ധഡയസ്‌പോറ തന്നെയായിരിക്കും. അതുകൊണ്ടുതന്നെ ലോകത്തെവിടെയുമുള്ള ഡയസ്‌പോറകളില്‍ നിന്നും വ്യത്യസ്‌തമായി ഡയസ്‌പോറ സാഹിത്യത്തിന്റെ സൂക്ഷ്മാംശങ്ങള്‍ ഏറ്റവും നന്നായി വായിച്ചെടുക്കാനാവുക ഗള്‍ഫിലുള്ള ഡയസ്‌പോറകളില്‍ നിന്നു തന്നെയാണ്‌. അതുതന്നെയാണ്‌ ഡയസ്‌പോറ സാഹിത്യത്തില്‍ ഗള്‍ഫ്‌ മലയാളിക്കുള്ള പങ്കും പ്രാധാന്യവും.
എങ്കില്‍ എന്തുകൊണ്ട്‌ അന്‍പതുവര്‍ഷം നീണ്ട കുടിയേറ്റ ചരിത്രത്തില്‍ ഒരിക്കലും ഗള്‍ഫില്‍ നിന്ന് ശക്‌തമായ ഒരു ഡയസ്‌പോറ സാഹിത്യം ഉണ്ടായില്ല...?
നേരത്തെ സൂചിപ്പിച്ചതുപോലെ കുടിയേറ്റക്കാരന്റെ സത്വപ്രതിസന്ധികളാണ്‌ പൊതുവേ ഡയസ്‌പോറ സാഹിത്യത്തിന്‌ ഹേതു. എങ്കില്‍ ഗള്‍ഫ്‌ കുടിയേറ്റം ആരംഭിച്ച അതേ കാലഘട്ടത്തില്‍ തന്നെ ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളിലേക്ക്‌ പ്രത്യേകിച്ച്‌ ഡല്‍ഹിയിലേക്കും ബോംബയിലേക്കും കുടിയേറിയ മലയാളികള്‍ സൃഷ്ടിച്ച തദ്ദേശീയ ഡയസ്‌പോറകളില്‍ നിന്നും ധീഷണാശാലികളായ എഴുത്തുകാര്‍ ഉണ്ടാവുകയും ശക്‌തമായ സാഹിത്യം സൃഷ്ടിക്കപ്പെടുകയും ചെയ്‌തു. ആനന്ദിന്റെയും മുകുന്ദന്റെയും വിജയന്റെയും ഉജ്ജ്വല കൃതികള്‍ക്കു മുന്നില്‍ പകച്ചുപോയ ആദ്യകാല ഗള്‍ഫ്‌ കുടിയേറ്റക്കാര്‍ തങ്ങളുടെ ജീവിതം എഴുതാതെ മാറ്റിവച്ചു. അവരെ കവച്ചുവയ്ക്കാന്‍ പറ്റിയ എഴുത്തുകാര്‍ നിര്‍ഭാഗ്യവശാല്‍ ഇവിടെ നിന്നും ഉണ്ടായതുമില്ല. അങ്ങനെ ഗള്‍ഫ്‌ മലയാളിയുടെ ഡയസ്‌പോറ സാഹിത്യം എഴുതപ്പെടാതെ റദ്ദു ചെയ്യപ്പെട്ടു പോവുകയാണുണ്ടായാത്‌.
തുടര്‍ന്നു വന്നവരാകട്ടെ, ഡയസ്‌പോറ സാഹിത്യത്തിന്റെ സാധ്യതകളും പ്രത്യേകതകളും മനസ്സിലാക്കി അതിലേക്ക്‌ നീങ്ങുന്നതിനു പകരം സ്വദേശരചനകളോ പ്രവാസരചനകളോ ആയിരിക്കും തങ്ങളുടെ രചനാഭൂമിക എന്നു ധരിച്ച്‌ അത്തരത്തിലുള്ള രചനകള്‍ക്ക്‌ മുതിര്‍ന്നു. കുടിയേറ്റത്തിന്റെ ഒന്നാം തലമുറയുടെ മുന്‍പു പറഞ്ഞ സവിശേഷതകള്‍കൊണ്ട്‌ ഇവര്‍ക്ക്‌ ഇതുരണ്ടും അപ്രാപ്യമാണെന്നിരിക്കെ നല്ലൊരു ശതമാനം രചനകളും സ്വഭാവികമായും പരാജയപ്പെട്ടുപോവുകയും ചെയ്‌തു.
നമുക്ക്‌ ഗള്‍ഫ്‌ മലയാളികള്‍ക്കിടയിലെ രണ്ടാം തലമുറയിലേക്ക്‌ വരാം. ഗള്‍ഫില്‍ ജനിച്ചു വളര്‍ന്ന രണ്ടാം തലമുറ, ഗള്‍ഫിന്റെ കാറ്റേറ്റ്‌, ഗള്‍ഫിന്റെ ഭൂപ്രകൃതികണ്ട്‌, ഗള്‍ഫിന്റെ കാലാവസ്ഥ അനുഭവിച്ചു ഗള്‍ഫിന്റെ സംസ്‌കാരം ഉള്‍ക്കൊണ്ട്‌, വളര്‍ന്ന ഒരു രണ്ടാം തലമുറ എന്നേ പാകപ്പെട്ടു കഴിഞ്ഞു. അവന്‍ വിദ്യാഭ്യാസകാലം കഴിഞ്ഞ്‌ പല ഉന്നതമായ ജോലിയിലും കയറിപ്പറ്റിയിരിക്കുന്നു. അവന്‍ സ്വന്തമായ ജീവിതം ആരംഭിച്ചു കഴിഞ്ഞിരിക്കുന്നു. അവരില്‍ ആരെങ്കിലും ഒരാളില്‍ ഒരു എഴുത്തുകാരന്‍ ഒളിച്ചിരിക്കുന്നുവെങ്കില്‍ അത്‌ കൂടുപൊളിച്ചു പുറത്തുവരേണ്ട കാലം എന്നേ കടന്നുപോയി.
പിന്നെ എന്തുകൊണ്ട്‌ രണ്ടാം തലമുറയില്‍പ്പെട്ട ഒരെഴുത്തുകാരന്‍ ഗള്‍ഫില്‍ സംഭവിച്ചില്ല? എന്തുകൊണ്ട്‌ അവരില്‍ നിന്ന് ശക്‌തമായ ഒരു പ്രവാസരചന ഉണ്ടായില്ല..? അമേരിക്കയിലെയും യൂറോപ്പിലെയും രണ്ടാം തലമുറയില്‍ നിന്നും ലോകപ്രശസ്‌തരായ എഴുത്തുകാര്‍ ഉണ്ടായിക്കൊണ്ടിരിക്കുന്നു എന്നതും നാം ഇതേസമയം ശ്രദ്ധിക്കേണ്ടതുണ്ട്‌. ഒരു വലിയ തലമുറ അപ്പാടെ കലാപ്രവീണ്യമില്ലാത്തവരായി ആയിരിക്കില്ലല്ലോ ജനിച്ചിരിക്കുക. തന്നെയുമല്ല എഴുത്തിലല്ലാതെ, പാട്ടില്‍, അഭിനയത്തില്‍ നൃത്തത്തില്‍ ഒക്കെ ഈ രണ്ടാം തലമുറയില്‍ നിന്ന് ശക്‌തരായ പ്രതിഭകള്‍ ഇരുത്തിരിഞ്ഞു വരുകയും ചെയ്‌തു. പിന്നെന്താണ്‌ സംഭവിച്ചത്‌..? നമ്മുടെ രണ്ടാംതലമുറയ്ക്ക്‌ ഭാഷയുടേതായ ഒരു വലിയ അപ്രാപ്യതയുണ്ടായി എന്നതാണ്‌ അതിനുകാരണമായി ഞാന്‍ കരുതുന്നത്‌.
ഇതര ലോകരാജ്യങ്ങളില്‍ നിന്നും വ്യത്യസ്‌തമായി രണ്ടാം തലമുറ വന്നിട്ടും ഗള്‍ഫ്‌ മലയാളികള്‍ക്ക്‌ ശുദ്ധ ഡയപോറയായിത്തന്നെ നിലനില്‌ക്കേണ്ടിവരുന്നതിന്റെ സങ്കീര്‍ണ്ണതകളില്‍ നിന്നാണ്‌ ഇങ്ങനെയൊരു അപ്രാപ്യത ഉണ്ടായത്‌. എപ്പോള്‍ വേണമെങ്കിലും പ്രവാസം അവസാനിപ്പിച്ച്‌ തിരിച്ചയക്കപ്പെടാം എന്ന അവസ്ഥയും പൗരത്വവും വിദ്യാഭ്യാസവും ഉള്‍പ്പെടെ നിരവധി വിഷയങ്ങളില്‍ സ്വദേശവുമായുള്ള പിരിയാത്ത ബന്ധവും രണ്ടാംതലമുറയെ മാതൃഭാഷയുടെ കണ്ണികള്‍ വലിച്ചെറിയുന്നതില്‍ നിന്നും പിന്തിരിപ്പിച്ചു. യൂറോപ്പിലും മറ്റും കുടിയേറിവര്‍ക്ക്‌ ആ പ്രശ്നം ഇല്ലായിരുന്നു. ജര്‍മ്മനിയിലും ഫ്രാന്‍സിലും ഒക്കെ എത്തപ്പെട്ടവര്‍ മാതൃഭാഷയെ അപ്പാടെ ഉപേക്ഷിച്ച്‌ രണ്ടാംതലമുറയെ ആതിഥേയരാജ്യത്തിലെ ഭാഷ പഠിപ്പിക്കുന്നതാണ്‌ നാം കാണുന്നത്‌. എന്തിന്‌ ഇതര സംസ്ഥാനങ്ങളിലേക്ക്‌ ചേക്കേറിയവരില്‍പ്പോലും ആ പ്രതിഭാസം കണ്ടു.
എന്നാല്‍ ഒരു സാധാരണ ഗള്‍ഫ്‌ മലയാളിയുടെ രണ്ടാം തലമുറ ചിന്തിക്കുന്നതും സ്വപ്‌നം കാണുന്നതും ഇടപഴകുന്നതും മലയാളത്തിലാണ്‌ എന്നാല്‍ അവന്‍ പഠിക്കുന്നതോ ഇംഗ്ലീഷും. അവന്‍ മലയാളത്തില്‍ സംസാരിച്ചു ശീലിച്ചെങ്കിലും കൈയ്യടക്കത്തോടെ ഭാഷ കൈകാര്യം ചെയ്യാന്‍ അവന്‍ പഠിച്ചില്ല. അതുകൊണ്ടുതന്നെ അവനില്‍ ഉയര്‍ന്നുവന്ന ചിന്തകളും വിചാരങ്ങളും വാചകങ്ങളിലേക്ക്‌ തര്‍ജ്ജിമ ചെയ്യാനാവാതെ അവന്റെയുള്ളില്‍ വച്ചുതന്നെ കൊലചെയ്യപ്പെട്ടിട്ടുണ്ടാകാം. അവന്റെ ചിന്തകളെയും വിചാരങ്ങളെയും അവനെഴുതാനറിയാവുന്ന ഒരു ഭാഷയിലേക്ക്‌ - ഇംഗ്ലീഷിലേക്ക്‌ - വിവര്‍ത്തനം ചെയ്‌തെടുക്കുവാന്‍ തക്കവണ്ണം അവനെ ഭാഷാപരമായി പാകപ്പെടുത്തുന്നതില്‍ ഗള്‍ഫിലെ ഒന്നാം തലമുറ കുറ്റകരമായ അശ്രദ്ധ കാണിക്കുകയും കെയ്‌തു. ഈ സങ്കീര്‍ണ്ണാവസ്ഥകള്‍ അത്രപെട്ടെന്നൊന്നും പരിഹരിക്കാന്‍ ഇടയില്ലാത്തതുകൊണ്ട്‌ രണ്ടാംതലമുറയില്‍ നിന്ന് ഒരു പ്രവാസസാഹിത്യം ഉണ്ടായിവരാനുള്ള സാധ്യത വിരളമാണ്‌. എന്നാല്‍ ശുദ്ധഡയസ്‌പോറ അതുപോലെ നിലനില്‌ക്കുന്നതിന്റെ സാധ്യതകളില്‍ നിന്ന് ശക്‌തമായ ഒരു ഡയസ്‌പോറ സാഹിത്യം സൃഷ്ടിക്കാനുള്ള വലിയ അവസരമാണ്‌ ഗള്‍ഫിലെ മലയാള സാഹിത്യകാരന്മാരെ കാത്തിരിക്കുന്നത്‌.
ഡയസ്‌പോറ സാഹിത്യത്തിന്റെ സാധ്യതകള്‍ കണ്ടെത്തി അത്തരത്തിലുള്ള രചനകള്‍ നിര്‍വ്വഹിച്ച്‌ ലോകവായനയില്‍ തന്നെ ഇടം നേടുകയാണ്‌ ഗള്‍ഫിലെ ഒന്നാം തലമുറയില്‍ പെട്ട എഴുത്തുകാരുടെ ഇനിയുള്ള ദൗത്യം. അതുകൂടാതെ ഇവിടെനിന്നും പ്രവാസസാഹിത്യത്തിന്റെ അടരുകള്‍ കണ്ടെത്തി അത്‌ ഉത്തമരചനകളാക്കാന്‍ രണ്ടാം തലമുറയെ പ്രാപ്‌തരാക്കുക എന്നൊരു വലിയ ഉത്തരവാദിത്വംകൂടി ഗള്‍ഫ്‌ മലയാളികളില്‍ അവശേഷിക്കുന്നുണ്ട്‌.

Monday, March 12, 2007

'ആഡീസ്‌ അബാബ' മാതൃഭൂമി വാരികയില്‍

പ്രിയ സുഹൃത്തുക്കളെ,
എന്റെ പുതിയ കഥ 'ആഡീസ്‌ അബാബ' മാതൃഭൂമി വാരികയുടെ പുതിയ ലക്കത്തില്‍. (2007 മാര്‍ച്ച്‌ 11 ലക്കം -2. മുഖചിത്രം - മാധവിക്കുട്ടി) വായിച്ച്‌ അഭിപ്രായം അറിയുക്കുവാന്‍ താത്‌പര്യപ്പെടുന്നു.

Wednesday, February 21, 2007

ക്രിക്കറ്റ്‌: ഒറ്റുകാരുടെയും വഞ്ചകരുടെയും കളി...?

അടുത്തിടെ ഒരു കഥ വായിച്ചു. പി.എന്‍. കിഷോര്‍ കുമാറിന്റെ 'ഒരു ഫുട്ബോളറുടെ ദുരന്തങ്ങള്‍'. ക്രിക്കറ്റിനെയും ഫുട്ട്ബോളിനെയും താരതമ്യം ചെയ്‌തുകൊണ്ട്‌ വികസിക്കുന്ന ഒരു കഥയാണത്‌. അതില്‍ ഫുട്ട്ബോളിനെ പുകഴ്‌ത്താനും ക്രിക്കറ്റിനെ ഇകഴ്‌ത്താനുമായി നടത്തുന്ന ചില പ്രസ്ഥാവനകളാണ്‌ എന്നെ ഈ കുറിപ്പിന്‌ പ്രേരിപ്പിക്കുന്നത്‌.

ആ കഥയില്‍ നാം ഇങ്ങനെ ചിലത്‌ വായിക്കുന്നു: (ബ്രാക്കറ്റില്‍ എന്റെ ചോദ്യങ്ങള്‍..)
1. റണ്ണുകള്‍ക്കുവേണ്ടി ഓടുമ്പോള്‍ കൂട്ടുകാരനെ അവശ്വസിക്കേണ്ടി വരുന്നത്‌ ഒരു ക്രിക്കറ്ററുടെ ദുര്‍വിധിയാകുന്നു. റണ്ണൗട്ടാകും എന്ന അവസരത്തില്‍ പലപ്പോഴും അയാള്‍ തന്റെ സഹകളികാരനാല്‍ ഒറ്റുകൊടുക്കപ്പെട്ടേക്കാം. തിരിച്ചും. ക്രിക്കറ്റില്‍ ധാര്‍മ്മിതയ്ക്ക്‌ ഒരു പരിധിയില്‍ കവിഞ്ഞ്‌ സ്ഥാനമൊന്നുമില്ല.
(സ്വാര്‍ത്ഥത മാത്രമാണോ ക്രിക്കറ്റിലെ ധാര്‍മ്മികത..? ചിലപ്പോഴെങ്കിലും കൂട്ടുകാരനെ രക്ഷിക്കാനായി നാം സ്വയം റണ്ണൗട്ടായ ചരിത്രങ്ങളില്ലേ..? സ്വയം ബലിയാടാവുക എന്നൊരു നീതികൂടി ക്രിക്കറ്റിനുണ്ട്‌ എന്നല്ല്ലേ അതിനര്‍ത്ഥം..?!)

2. സ്വന്തം വിക്കറ്റ്‌ നമ്മുടെ പ്രാണനാണെന്നിരിക്കെ നാം എപ്പോഴും കരുതിയിരിക്കുക, കൂട്ടുകാരനെ അവിശ്വസിക്കുക
(അതിനപ്പുറം, കൂട്ടുകാരന്റെ കയ്യില്‍ സ്വന്തം 'ജീവന്‍' ഏല്‌പിക്കുന്ന വിശ്വാസത്തിന്റെ ഒരു പാഠം കൂടി ക്രിക്കറ്റ്‌ തരുന്നില്ലേ..?)

3. ഒറ്റപ്പെട്ടുപോയ ബാറ്റ്‌സ്‌മാന്‍ ഒരു മാന്‍കിടാവാണെന്നും എതിര്‍ ടീമിലെ കളിക്കാര്‍ ചെന്നായ്‌ക്കൂട്ടമാണെന്നും അയാള്‍ വിലയിരുത്തി. പദ്‌മവ്യൂഹത്തില്‍ അകപ്പെട്ടുപോയ അഭിമന്യുവിനെക്കൊന്ന കൗരവസൈന്യത്തിന്റെ ക്രൗര്യം മാത്രം അയാള്‍ അതില്‍ ദര്‍ശിച്ചു
(അതിലുപരി ഒരാള്‍ ഒറ്റയ്ക്ക്‌ ഒരു പടയോട്‌ ഏറ്റുമുട്ടുന്നതിന്റെ ധീരതയും സൗന്ദര്യവും ക്രിക്കറ്റ്‌ നമുക്ക്‌ കൊണ്ടുത്തരുന്നില്ലേ..?)

4. ഏകദിന ക്രിക്കറ്റില്‍ ഓവറുകള്‍ തീര്‍ന്നുകൊണ്ടിരിക്കുന്നതിനിടയില്‍ നമ്മുടെ വിക്കറ്റ്‌ വീണാല്‍ മാത്രം ബാറ്റു ചെയ്യാം എന്ന് കാത്തിരിക്കുന്ന നമ്മുടെ സ്വന്തം ടീമംഗങ്ങള്‍ നമ്മുടെ സുഹൃത്ത്‌ ആവുന്നതെങ്ങനെ..?
(അങ്ങനെ ഒരു സ്വാര്‍ത്ഥത ഉണ്ടാവാറുണ്ടോ..? ഉണ്ട്‌. ഒരാള്‍ തട്ടിമുട്ടി നിന്ന് ബോളുകള്‍ നഷ്ടപ്പെടുത്തുമ്പോള്‍ നമ്മളിറങ്ങിയിരുന്നെങ്കില്‍ നാലടി അടിക്കാമായിരുന്നു എന്ന് തോന്നാറുണ്ട്‌. അതുപക്ഷേ ടീമിന്റെ മൊത്തം ഗുണത്തിനുവേണ്ടിയല്ലേ..? അല്ലാതെ അത്‌ സ്വാര്‍ത്ഥതയാണോ..?)

5. ക്രിക്കറ്റ്‌ ഗ്രൗണ്ട്‌ കാട്ടുനീതികള്‍ മാത്രം നടപ്പിലാവുന്ന ഒരു വന്യഭൂമിയാണെന്ന് അയാള്‍ തിരിച്ചറിഞ്ഞു.
(എതിര്‍ ടീമിലെ അംഗത്തിനെ ഇടിച്ചും തൊഴിച്ചും താഴയിടുന്ന ഫുട്ബോളിനോളം വന്യത ക്രിക്കറ്റിനുണ്ടോ..?)

6. താന്‍ നേടുന്ന സെഞ്ച്വറികളും അര്‍ദ്ധസ്വഞ്ച്വറികളും വിക്കറ്റുകളും മാത്രം അയാള്‍ സ്വപ്നം കണ്ടു.. ഞാന്‍... ഞാന്‍.. ഞാന്‍.. (അങ്ങനെയൊരു 'അവനവനിസം' ക്രിക്കറ്റിന്റെ മുഖമുദ്രയാണോ..? ഒരാള്‍ സെഞ്ച്വറി നേടുന്നെങ്കില്‍ അത്‌ ടീമിനുവേണ്ടിയുള്ള പ്രയ്ത്നത്തിനിടയില്‍ കിട്ടുന്ന വ്യക്‌തിഗത നേട്ടമല്ലേ..? ഒരാളുടെ സെഞ്ച്വറിയില്‍ പിന്തുണകൊടുത്ത സഹകളിക്കാരനും പങ്കില്ലേ..? ഒരാള്‍ നേടുന്ന വിക്കറ്റില്‍ ക്യാച്ചെടുന്ന സഹകളിക്കാരന്റെ പങ്ക്‌ വിസ്‌മരിക്കാറില്ലല്ലോ..!)

7. ഒരാള്‍ എല്ലാവര്‍ക്കും വേണ്ടി എല്ലാവരും ഒരാള്‍ക്കുവേണ്ടി. അങ്ങനെയൊരു സോഷ്യലിസം ഫുട്ട്ബോളില്‍ കാണുന്നു.
(ക്രിക്കറ്റില്‍ കാണുന്നില്ലന്നാണോ..? ബാറ്റു ചെയ്യുന്ന ഒരാള്‍ എല്ലാവര്‍ക്കും വേണ്ടിയല്ലേ വിയര്‍പ്പൊഴുക്കുന്നത്‌..? ഫീല്‍ഡില്‍ നില്‌ക്കുന്ന പത്തുപേരും ബൗളറുടെ പ്രയത്നം സാഫല്യത്തിലെത്താന്‍ സഹകരിക്കുന്നവരല്ലേ..? അങ്ങനെയെങ്കില്‍ ക്രിക്കറ്റിലുമുണ്ട്‌ ഒരു സോഷ്യലിസം.)

8. സ്വന്തം റിക്കോഡിനുവേണ്ടി ടീമിന്റെ വിജയം നഷ്ടപ്പെടുത്തി കളയുന്ന കളിക്കാരനെ അയാള്‍ ക്രിക്കറ്റില്‍ കാണുന്നു
(സ്വന്തം റിക്കോഡ്‌ മറന്നുകൊണ്ട്‌ ടീമിനുവേണ്ടി 'ആത്മഹത്യ' ചെയ്‌ത എത്രയോ സംഭവങ്ങള്‍ നമുക്ക്‌ ക്രിക്കറ്റില്‍ ചൂണ്ടിക്കാണിക്കാനുണ്ട്‌..)

ഇനി കേള്‍ക്കട്ടെ കൂട്ടരേ... നിങ്ങളുടെ അഭിപ്രായം. ഫുട്ട്ബോള്‍ മാത്രമാണോ പാരസ്പര്യത്തിന്റെയും സോഷ്യലിസത്തിന്റെയും കൂട്ടായ്‌മയുടെയും കളി..? മറ്റൊരു തലത്തിലൂടെ ക്രിക്കറ്റും അതു പ്രകടിപ്പിക്കുന്നില്ലേ..? ക്രിക്കറ്റ്‌ കളിക്കുന്നവരും ആസ്വദിക്കുന്നവരും എല്ലാം സ്വാര്‍ത്ഥതയുടെയും അവനവനിസത്തിന്റെയും പ്രവാചകന്മാരാണോ..?

കുറിപ്പ്‌: പി.എന്‍. കിഷോര്‍ കുമാറിന്റെ ഈ കഥ 'സഖാവ്‌ കുഞ്ഞനന്തന്റെ കുടുംബ ചരിത്രത്തില്‍ ലോക കമ്യൂണിസത്തിന്റെ പങ്ക്‌' എന്ന പുസ്‌തകത്തില്‍. (പ്രസിദ്ധീകരണം : കറന്റ്‌ ബുക്‌സ്‌)

Wednesday, January 24, 2007

യു.എ.ഇ. യിലെ ബൂലോഗര്‍ക്ക്‌ സ്‌നേഹപൂര്‍വ്വം

ഇതൊരു നല്ല രാത്രിയുടെ നനുത്ത ഓര്‍മ്മകളാണ്‌. ഇന്തോ- അറബ്‌ സാംസ്കാരിക സമ്മേളനത്തില്‍ സംബന്ധിക്കാനായി അബുദാബിയില്‍ എത്തിയതായിരുന്നു ഞാന്‍. അത്തരമൊരു വലിയ പരിപാടിയില്‍ സംബന്ധിക്കുക എന്നതിലുപരിയായി ബ്ലോഗിലൂടെയും ഓര്‍ക്കുട്ടിലൂടെയും എന്റെ ഹൃദയത്തിന്റെയും വിചാരങ്ങളുടെയും സ്വന്തമായിക്കഴിഞ്ഞ ഒട്ടനവധിപേരെ നേരില്‍ കാണാമല്ലോ എന്ന സന്തോഷമായിരുന്നു എനിക്കുണ്ടായിരുന്നത്‌. അത്തരം ഹൃദയസംവാദങ്ങളാണ്‌ ഒരു പക്ഷേ മറ്റേത്‌ സാംസ്കാരിക- ബൗദ്ധിക സംവാദങ്ങളെക്കാളും അര്‍ത്ഥപൂര്‍ണ്ണമായത്‌ എന്ന് ഞാന്‍ വിചാരിക്കുന്നു. ഷാര്‍ജ എയര്‍പോര്‍ട്ടില്‍ വച്ച്‌ സുനില്‍ സലാം എന്ന ബ്ലോഗര്‍ സുഹൃത്തിനെ പരിചയപ്പെട്ടുകൊണ്ടാണ്‌ എന്റെ ആ യാത്രയ്ക്ക്‌ തുടക്കം കുറിക്കുന്നത്‌. പിന്നെ ഒരാഴ്കക്കാലം നീണ്ട യു.എ.ഇ. വാസത്തിലെപ്പോഴും നിരവധി ബ്ലോഗ്‌ സുഹൃത്തുക്കളുടെ നിര്‍ലോഭമായ സ്‌നേഹത്തിനു പാത്രീഭവിക്കുവാന്‍ എനിക്ക്‌ അവസരമുണ്ടായി. സാംസ്കാരിക സമ്മേളത്തിന്റെ ഉദ്ഘാടനത്തിനൊടുവില്‍ നേരിട്ട്‌ പരിചയമില്ലാത്ത - ബ്ലോഗ്‌ നാമങ്ങളിലൂടെ മാത്രം അറിയപ്പെട്ടുന്ന എത്രയധികം സുഹൃത്തുക്കള്‍ എന്റെ അടുത്തേക്ക്‌ ഓടി വന്ന് സൗഹൃദം സ്ഥാപിക്കുന്നതും ചിരപരിചിതരപ്പോലെ ഇടപഴകുന്നതും കണ്ടപ്പോള്‍ ബ്ലോഗ്‌ എന്നത്‌ അയഥാര്‍ത്ഥ്യതയുടെ ഒരു സാങ്കല്‌പികലോകമല്ലെന്നും ലോകത്തിന്റെ വിവിധകോണുകളില്‍ മോണിറ്ററിന്റെ മുന്നിലിരിക്കുന്ന നമ്മെതമ്മില്‍ സ്‌നേഹത്തിന്റെ ഒരു അദൃശ്യമായ ചരട്‌ ബന്ധിപ്പിക്കുന്നുണ്ടെന്നും എനിക്ക്‌ ബോധ്യപ്പെടുകയായിരുന്നു. പെരിങ്ങോടന്‍, വിശാലന്‍, കൈപ്പള്ളി, ദില്‍ബു, സാക്ഷി, സങ്കുചിതന്‍, കുറുമാന്‍, ദേവരാഗം.... പേരുകള്‍ക്കു പിന്നില്‍ മറഞ്ഞിരുന്ന ഓരോരുത്തരായി എന്റെ മുന്നില്‍ മുഖങ്ങളായി വെളിപ്പെടുകയായിരുന്നു.
ഒരാള്‍ തന്റെ പേരിനേക്കാളുപരി രചനയാല്‍ അറിയപ്പെടുന്നതിന്റെ സുഖമായിരുന്നു അതുല്യചേച്ചി എന്റെ അടുക്കലേക്ക്‌ പരുങ്ങി വന്ന് 'ശ്രീവിദ്യയെക്കുറിച്ചെഴുതിയ...' എന്ന് സന്ദേഹപ്പെട്ടപ്പോള്‍ എനിക്കുണ്ടായത്‌.
യു.എ.ഇ. ബോലോകര്‍ എനിക്കായി കരുതി വച്ചിരുന്ന സ്‌നേഹത്തിന്റെയും അദ്ഭുതത്തിന്റെയും നിമിഷങ്ങള്‍ അവിടെ അവസാനിക്കുന്നില്ല. അവരെന്നെ പിന്നൊരു സ്‌നേഹവിരുന്നിലേക്കാണ്‌ ആ രാത്രി കൂട്ടിക്കൊണ്ടുപോയത്‌. പ്രശാന്ത സുന്ദരമായ ഇടം. അടുത്ത്‌ ജലപ്പരപ്പിന്റെ നിശബ്ദസാന്നിദ്ധ്യം, അകലെ കൂറ്റന്‍ കെട്ടിടങ്ങളില്‍ നിന്ന് പാറിവീഴുന്ന മങ്ങിയ വെളിച്ചം, വിസ്‌തൃതമായ പുല്‍ത്തകിടി, കത്തിച്ചുവെച്ച മെഴുകുതിരി നാളം, വട്ടമിട്ടിരിക്കാന്‍ പുല്‍പ്പായ.... തിരക്കുകളുടെ നഗരത്തില്‍ ഞങ്ങള്‍ക്കു ഒത്തുകൂടാന്‍ അങ്ങനെയൊരു ഇടം ഞാന്‍ പ്രതീക്ഷിച്ചതേയല്ല. സമൃദ്ധവും സുഭിക്ഷവും രുചിയൂറുന്നതുമായ ആഹാരത്തിന്റെ നീണ്ട നിമിഷങ്ങള്‍. മേമ്പൊടിയായി വിശാലന്റെ പാരടി, കുറുമാന്റെ ഹാസ്യം എല്ലാവരുടെയും പാട്ട്‌, ചിരി... നിമിഷങ്ങള്‍ മുയല്‍വേഗത്തിലാണ്‌ ഞങ്ങളെ കടന്നുപോയത്‌.
ഓരോ കാഴ്ചയും എത്ര വേഗത്തിലാണ്‌ വിശലന്റെ മനസ്സില്‍ ഹാസ്യത്തിന്റെ ചിത്രങ്ങളാവുന്നത്‌ എന്നതിന്‌ ഒരു നേര്‍സാക്ഷ്യം വഹിക്കാനും എനിക്കു ഭാഗ്യമുണ്ടായി. കുറുമാന്റെ, ചില്ലുമേടയിലിരുന്നെന്നെ... കുഷ്ഠരോഗാഭിനയം കണ്ട്‌ 'ഇതെന്ത്‌ തീയില്‍ വീണ പ്ലാസ്റ്റിക്കുപാത്രംപോലെ' എന്ന ഒറ്റക്കമന്റു മതിയായിരുന്നു വിശാലന്റെ പ്രതിഭ രുചിച്ചറിയാന്‍.
കൈപ്പള്ളിയുടെ തീക്ഷ്‌ണതവിങ്ങിയ നിരീക്ഷണങ്ങളും കുറിക്കുകൊള്ളുന്ന കമന്റുകളും നേരിട്ടനുഭവിക്കാനും ഈ യാത്രയില്‍ എനിക്ക്‌ നിരവധി അവസരങ്ങളുണ്ടായി.
കൈപ്പള്ളി, സാമി, ഇവിടെ ജനിച്ചുവളര്‍ന്നിട്ടും നിങ്ങള്‍ മലയാളത്തോടു കാണിക്കുന്ന ആഭിമുഖ്യം എന്നില്‍ ആദരവുണ്ടാക്കുന്നു. രാജിന്റെയും മറ്റ്‌ നിരവധിപേരുടെയും ഭാഷാപ്രവര്‍ത്തനങ്ങളും.
ആഹാരത്തിനുശേഷം സ്വന്തം കൂടാരങ്ങളിലേക്ക്‌ മടങ്ങാം എന്ന് വിചാരിച്ചു വന്നവര്‍ക്കാര്‍ക്കും അത്രയുംനേരം പിന്നിട്ടപ്പോഴേക്കും പിന്നെ പോകണമെന്നേ ഇല്ലെന്നായി. അതായിരുന്നു ആ രാത്രിയുടെ രുചി. ഒരു അറബിക്കഥയിലെ ജിന്നിനെപോലെ ആ രാത്രി ഞങ്ങളെ വശീകരിച്ചും മോഹിപ്പിച്ചും അതിന്റെ നിഗൂഢതകളിലേക്കു കൂട്ടിക്കൊണ്ടുപോയി. ഇന്തോ- അറബ്‌ ഫെസ്റ്റിവല്‍ ഭാരവാഹികള്‍ ഞങ്ങള്‍ക്കായി അനുവദിച്ച ഫ്ലാറ്റിലേക്ക്‌ രാജിന്റെ കാറിന്റെ ഒരു തീപിടിച്ച യാത്ര. വഴി തെറ്റിയും തിരഞ്ഞും വിളിച്ചും പറഞ്ഞും ഞങ്ങള്‍ അവിടെ വീണ്ടും ഒത്തുകൂടി. പിന്നെ ഒരു മുഴുരാത്രി മുഴുവന്‍ ചര്‍ച്ചയും കവിതയും പാട്ടും ബഹളവും. പെരിങ്ങോടന്റെ സ്‌ത്രീപര്‍വ്വം മുതല്‍ സദ്ദാമിന്റെ ഹീറോയിസം വരെ. 'ഒഴിഞ്ഞ താള്‍' എന്ന കവിത മറക്കില്ല. (അങ്ങനെയായിരുന്നുവോ ആ കവിതയുടെ പേര്‌- അല്ലെങ്കിലും സാരമില്ല. ആ കവിതയുടെ മണമെന്റെ മനസ്സിലുണ്ട്‌) എല്ലാത്തിനും ഉത്സാഹം പകരാന്‍ കത്തുന്ന ലഹരിയും.
'ഇത്ര ധീഷണാശീലരും ഊര്‍ജ്ജസ്വലരുമായ ഒരുകൂട്ടം ചെറുപ്പക്കാരെ ഒത്തിരിക്കലത്തിനുശേഷമാണ്‌ ഒന്നിച്ചുകാണുന്നത്‌' എന്ന മേതിലിന്റെ പിന്നത്തെ ഒരു കമന്റ്‌ അക്ഷരാര്‍ത്ഥത്തില്‍ സത്യമായിരുന്നു. ഈ കൂട്ടായ്‌മ അദ്ദേഹത്തെ പഴയ ഏതോ കാലത്തിലേക്കു കൂട്ടിക്കൊണ്ടുപോയെങ്കില്‍ അതില്‍ അതിശയിക്കാനൊന്നുമില്ല. നാട്ടിലെ ചെറുപ്പക്കാരുടെ ഇടയില്‍ നിന്നും ഇത്തരം സൗഹൃദക്കൂട്ടായ്‌മകളും മനസുതുറന്ന ചര്‍ച്ചകളും അന്യമായിട്ട്‌ എത്രയോ കാലമായി. നിങ്ങളെങ്കിലും ഈ കൂടിച്ചേരല്‍ തുടരണം അതിന്റെ വ്യാപ്‌തിയും ആഴവും വര്‍ദ്ധിപ്പിക്കണം എന്നുമാത്രം ഈ അതിഥിയുടെ അപേക്ഷ. ജീവിതത്തിന്റെ പില്‌ക്കാലങ്ങളില്‍ ഓര്‍ത്തുരുചിക്കാന്‍ അതുമാത്രമാവും ഈ വേനല്‍ക്കാലത്തിന്റെ ബാക്കിപത്രമായി നമുക്കുണ്ടാവുക.
ദുബായിലെ പ്രോഗ്രാമിനുശേഷം എല്ലാവരോടും യാത്രപറഞ്ഞു പിരിയാന്‍ കഴിയാഞ്ഞതില്‍ ഖേദമുണ്ട്‌. അല്ലെങ്കില്‍ സ്‌നേഹിതരേ, നമുക്കിടയില്‍ എന്തിനൊരു യാത്ര പറച്ചില്‍ നാം സ്‌നേഹത്തിന്റെ മറ്റൊരിടത്തില്‍ എന്നും കണ്ടുമുട്ടുന്നവരല്ലേ. വീണ്ടും കണ്ടുമുട്ടേണ്ടവരല്ലേ... എല്ലാവര്‍ക്കും നന്ദി. എല്ലാത്തിനും. കൈപ്പള്ളിയ്‌ക്ക്‌ പ്രത്യേകിച്ച്‌... നിങ്ങളുടെ തീക്ഷ്ണതയുള്ള കണ്ണുകള്‍ക്ക്‌. ചിരിയൂറുന്ന ചിത്രത്തിനും!!