Tuesday, February 19, 2008

അന്ന, മൃഗശാല, ജെമിനി സര്‍ക്കസ്‌

അന്ന
കോഴിക്കോട്ട്‌ നില്‌ക്കുമ്പോഴാണ്‌ ആ വാര്‍ത്ത അറിയുന്നത്‌. ഒരു പഴയ സൗഹൃദമായിരുന്നു അന്ന. ഒന്നുമുതല്‍ പ്രീഡിഗ്രി വരെ ഒന്നിച്ചുപഠിച്ചതിന്റെ വെറും പരിചയമല്ല അതിനപ്പുറവും ഉണ്ടായിരുന്ന നല്ലൊരു കൂട്ട്‌. അവളുടെ സഹോദരന്‍ സുനില്‍ എന്റെ ഏറ്റവും അടുത്ത സുഹൃത്തുക്കളില്‍ ഒരാളാണ്‌. അന്നയുടെ ഊര്‍ജ്ജസ്വലതയും തീക്ഷ്ണതയും മനസ്സിലിട്ട്‌ പണ്ടൊരു കഥ എഴുതിയിട്ടുണ്ട്‌ ഞാന്‍. 'ഒരു വിവാഹ ക്ഷണക്കത്തിനുള്ള മറുപടി' യുത്തനേസിയ എന്ന കഥാസമാഹാരത്തില്‍ അത്‌ ഉള്‍പ്പെടുത്തിയിട്ടുമുണ്ട്‌. തീക്ഷ്ണവും ക്ഷുഭിതവുമായിരുന്നു അന്നയുടെ കോളേജ്‌ ദിനങ്ങള്‍. അനന്യമായ ചിന്താപദ്ധതികള്‍ അവള്‍ക്കുണ്ടായിരുന്നു. പക്ഷേ എല്ലാം പതിയെ കൊഴിഞ്ഞില്ലാതാവുന്നു എന്ന എന്റെ തോന്നലില്‍ നിന്നാണ്‌ പണ്ട്‌ അങ്ങനെയൊരു കഥ എഴുതിയത്‌. ആ തോന്നല്‍ പിന്നത്തെ ജീവിതത്തിനിടയിലെപ്പഴോ അന്നയെയും പിടികൂടി എന്നാണ്‌ ഇപ്പോഴെനിക്ക്‌ തോന്നുന്നത്‌.
ആ വാര്‍ത്ത അറിഞ്ഞതോടെ, മുന്നാലുദിവസത്തെ പദ്ധതിയുമായി കോഴിക്കോടിനു പോയ എനിക്ക്‌ പിന്നവിടെ നില്‌പ്പുറച്ചില്ല. മാധ്യമത്തിലും മാതൃഭൂമിയിലും ഒന്ന് ഓടിക്കയറി എന്‍.പി. സജീഷിനെയും എം. ആര്‍ രാജേഷിനെയും ഒന്നു കണ്ട്‌ നേരെ നാട്ടിലേക്ക്‌ തിരികെപ്പോന്നു. അന്നയുടെ അന്ത്യയാത്രയ്ക്ക്‌ സാക്ഷിയാവാന്‍. ശവസംസ്കാര ചടങ്ങിനിടെ മറ്റൊരു സുഹൃത്ത്‌ കരഞ്ഞതുപോലെ കോളേജ്‌ കാലത്തിനുശേഷം എത്രയോവട്ടം അവളുടെ വീടിനടുത്തുകൂടി പോയിരിക്കുന്നു, ഒരിക്കല്‍പ്പോലും അവിടൊന്നു കയറി എന്തുണ്ടെടീ വിശേഷം എന്നൊന്നു ചോദിക്കാന്‍ നമുക്കൊന്നും തോന്നിയില്ലല്ലോ. സന്തോഷരായിരിക്കുന്നു എന്ന് നമ്മള്‍ കരുതുന്നവരൊക്കെ അത്ര സന്തോഷത്തിലല്ല ജീവിക്കുന്നതെന്ന് അന്ന എന്നെ ഓര്‍മ്മിപ്പിക്കുന്നു. നാളേക്ക്‌ എന്നു മാറ്റി വയ്ക്കുന്നതൊക്കെ ഒരിക്കലും സംഭവിക്കാതെ കടന്നുപോകാനാണ്‌ സാധ്യതയെന്നും.

തിരുവനന്തപുരം മൃഗശാല
വളരെ ചെറുതായിരുന്നപ്പോള്‍ ഒന്നുരണ്ടുവട്ടം മൃഗശാല സന്ദര്‍ശിച്ചതിന്റെയും ആദ്യമായ പല മൃഗങ്ങളെയും കണ്ടതിന്റെയും അദ്ഭുതം ഇന്നും മനസ്സില്‍ നിന്ന് മാഞ്ഞിട്ടില്ല. അത്തരം ഇടങ്ങളിലേക്ക്‌ ഇപ്രായത്തില്‍ വീണ്ടും ചെല്ലുമ്പോള്‍ നാം നമ്മുടെ ബാല്യത്തിലേക്കാണ്‌ ചെല്ലുന്നത്‌. ആ ബാല്യം അത്രയൊന്നും ദൂരെയല്ലാത്തപോലെ ഒരു കൗതുകം ഇപ്പോഴും മനസ്സില്‍ അവശേഷിക്കുന്നുണ്ട്‌. ഇത്തവണ പോയത്‌ എന്റെ കുട്ടികള്‍ക്കുവേണ്ടിയായിരുന്നു. അവരും ഭാവിയിലേക്ക്‌ ആ ദിവസം മനസ്സില്‍ സൂക്ഷിക്കുന്നുണ്ടാവാം.
മൃഗശാല ആകെയൊന്ന് മാറിയിട്ടുണ്ട്‌. പണ്ട്‌ കൂട്ടില്‍ക്കിടന്ന മൃഗങ്ങളില്‍ പലവയും ഇന്ന് അതിനുവേണ്ടി വേര്‍തിരിച്ചിരിക്കുന്ന തുറസ്സിടങ്ങളിലേക്ക്‌ മാറിയിരിക്കുന്നു. കുരങ്ങന്മാര്‍ക്ക്‌ മരങ്ങളും സിംഹത്തിന്‌ വനാന്തരവും മാനുകള്‍ക്കായി മൈതാനങ്ങളും സൃഷ്ടിക്കപ്പെട്ടിരിക്കുന്നു. കൂടുകളില്‍ അടയ്ക്കപ്പെട്ട വന്യജീവികള്‍ എന്ന സങ്കല്‌പം മാറ്റി അതാത്‌ ജീവികളുടെ ജീവിതപരിസരവുമായി ഇണങ്ങുന്ന ഇടങ്ങള്‍ എന്ന പാശ്ചാത്യസങ്കല്‌പത്തിലേക്ക്‌ ഏറെ വൈകിയാണെങ്കിലും നമ്മുടെ മൃഗശാലയും മാറിയിരിക്കുന്നു. അവിടുത്തെ ഒട്ടകപ്പക്ഷിയുടെ താമസസ്ഥലം ഉദ്ഘാടനം ചെയ്യാന്‍ നമ്മുടെ വിദ്യാഭ്യാസമന്ത്രി എം.എ. ബേബിയാണെത്തിയത്‌ എന്നത്‌ കൗതുകകരമായ സംഗതിയാണ്‌. തിരുവനന്തപുരം സിറ്റിയുടെ ഹൃദയഭാഗത്താണ്‌ ഈ മൃഗശാല സ്ഥിതിചെയ്യുന്നത്‌. കേരളത്തെ ഇന്ന് ഭരിക്കുന്ന ഭൂമാഫിയ വളരെ കൊതിയോടെ നോക്കിക്കൊണ്ടിരിക്കുന്ന സ്ഥലങ്ങളിലൊന്നാണിത്‌. മൃഗശാല ഏതെങ്കിലും കിഴക്കന്‍ ഭാഗത്തേക്കു മാറ്റി അവൈടെ ഷോപ്പിംഗ്‌ കോപ്ലക്സുകള്‍ പണിയണമെന്ന് അവരുടെ ദീര്‍ഘനാളത്തെ ആവശ്യമാണ്‌. എന്നാല്‍ രാഷ്ട്രീയകക്ഷികളുടെ ഇച്ഛാശക്‌തിയോടെയുള്ള പ്രതിഷേധങ്ങളാണ്‌ ഇപ്പോഴും തിരുവനന്തപുരം മൃഗശാലയെ അവിടെ നിലനിര്‍ത്തുന്നത്‌. പക്ഷേ കേരളത്തെ എമ്പാടും വിഴുങ്ങിക്കഴിഞ്ഞ ഈ ഭൂമാഫിയയുടെ വലിയ പ്രലോഭനങ്ങള്‍ക്കു മുന്നില്‍ രാഷ്ട്രീയ കക്ഷികള്‍ക്ക്‌ എത്രകാലം പിടിച്ചു നില്‌ക്കാനാവും എന്ന് സംശയമുണ്ട്‌. ഒരുപക്ഷേ നാളെയൊരിക്കല്‍ എന്റെ കുട്ടികള്‍ തിരുവനന്തപുരത്തെ ഒരു ഭക്ഷണശാലയിലിരുന്ന് കെന്റൂക്കി ചിക്കനടിക്കുമ്പോള്‍ പണ്ടിവിടെ ഒരു മൃഗശാലയുണ്ടായിരുന്നു, ഞങ്ങളവിടെ വന്നിട്ടുണ്ട്‌ എന്ന് പറയേണ്ടി വരുമോ..? അങ്ങനെ വരാതിരിക്കട്ടെ. ഈ മൃഗശാലയുടെ ഇടവഴികളിലൂടെ നടക്കുമ്പോള്‍ അവര്‍ അവരുടെ കുട്ടികളുടെ കണ്ണുകളില്‍ നിറയുന്ന ആദ്യകൗതുകം കാണാന്‍ ഇടയാവട്ടെ.

ജെമിനി സര്‍ക്കസ്‌
സര്‍ക്കസ്‌ എന്നുകേള്‍ക്കുമ്പോള്‍ രാത്രികാലങ്ങളില്‍ ആകാശത്ത്‌ കറങ്ങിത്തിരിന്‍ഞ്ഞെത്തുന്ന ഒരു നീളന്‍ പ്രകാശമാണ്‌ ആദ്യം ഓര്‍മ്മയില്‍ എത്തുന്നത്‌. പണ്ടൊക്കെ എത്ര ആകാംക്ഷയായിരുന്നെന്നോ ഈ ആകാശവെളിച്ചം കാണാന്‍. ഇരുപതു വര്‍ഷത്തിനുശേഷം വീണ്ടും ജെമിനി സര്‍ക്കസ്‌ പത്തനംതിട്ടയില്‍ പ്രദര്‍ശനത്തിനെത്തിയെന്നറിഞ്ഞപ്പോള്‍ ആ വെളിച്ചം തിരഞ്ഞ്‌ ഏറെ രാത്രികളില്‍ പുറത്ത്‌ കാത്തുനിന്നു. പക്ഷേ ഇത്തവണ സര്‍ക്കസിനൊപ്പം ആ വെളിച്ചമെത്തിയില്ല. കാലം മാറുമ്പോള്‍ പല വെളിച്ചങ്ങളും ഇതുപോലെ ഇല്ലാതാവുന്നു. ഞാന്‍ കാതോലിക്കേറ്റില്‍ പ്രിഡിഗ്രിക്ക്‌ പഠിക്കുന്ന കാലത്താണ്‌ ഇതിനുമുന്‍പ്‌ ജെമിനി സര്‍ക്കസ്‌ അതിന്റെ ലോകംചുറ്റി സഞ്ചാരത്തിനിടയില്‍ പത്തനംതിട്ടയില്‍ എത്തുന്നത്‌. ധൂമകേതുവിന്റെ പോലെയുള്ള ആ വരവ്‌ ഇത്തവണത്തെ എന്റെ അവധിയുമായി ഒത്തുവന്നു. പ്രീഡിഗ്രിക്കാലത്ത്‌ ഒന്നും രണ്ടും തവണയല്ല ഏഴുതവണയാണ്‌ ഞാന്‍ ജെമിനി സര്‍ക്കസ്‌ കണ്ടത്‌. സര്‍ക്കസിനോടുള്ള അമിത താത്‌പര്യമായിരുന്നില്ല, അതിലെ സുന്ദരിയായ ഒരു ആര്‍ട്ടിസ്റ്റിനെ വീണ്ടുംവീണ്ടും കാണാനുള്ള ഒരു കൗമാരക്കാരന്റെ ആഗ്രഹമായിരുന്നു അത്‌. ഇരുപതുവര്‍ഷം മുന്‍പുണ്ടായിരുന്ന ഒരു കഥാപാത്രം ഇപ്പോഴും നിശ്ചലമായി നില്‌ക്കുന്നു എന്ന മിഥ്യാവിചാരമാണോ എന്നെ ജെമിനി സര്‍ക്കസിന്റെ ടെന്റിലേക്ക്‌ നയിച്ചതെന്നു തോന്നുന്നു. സമാനമായ ഒരു സംഭവം എം. കൃഷ്ണന്‍ നായര്‍ സാഹിത്യവാരഫലത്തില്‍ ഒരിക്കല്‍ പറഞ്ഞത്‌ ഓര്‍ക്കുന്നു. അദ്ദേഹം ഒരു കാറില്‍ യാത്ര ചെയ്യുകയാണ്‌. പെട്ടെന്ന് ഒരു വളവനുവച്ച്‌ അതിസുന്ദരിയായ ഒരു സ്‌ത്രീ പ്രത്യക്ഷപ്പെട്ടു. ഒരുനിമിഷം മാത്രം ആ സൗന്ദര്യം കണ്ടാസ്വദിച്ച്‌ അദ്ദേഹം യാത്ര തുടര്‍ന്നു. പിന്നീട്‌ എപ്പോള്‍ ആ വഴി വന്നാലും ആ വളവിനെത്തുമ്പോള്‍ ആ സുന്ദരിയായ സ്‌ത്രീ പ്രത്യക്ഷപ്പെടുമെന്ന് അദ്ദേഹം ആശിക്കുന്നു. തനിക്കിഷ്ടപ്പെട്ട കാലത്തെ നിശ്ചലമാക്കി നിര്‍ത്താനുള്ള മനസ്സിന്റെ ഒരു പാഴ്‌ശ്രമം. ജെമിനി സര്‍ക്കസിന്റെ ടെന്റുകള്‍ക്ക്‌ ഇപ്പോള്‍ പണ്ടുകണ്ട നിറമില്ല, ആകര്‍ഷണീയതയില്ല. സ്വപ്നത്തിലെ ടെന്റ്‌ സൗന്ദര്യത്തിന്റെ കൂടാരമായിരുന്നു ഇന്നത്‌ റാര്‍പാളിന്റെയും തകരപ്പാട്ടയുടെയും താത്‌കാലിക നിര്‍മ്മതി. സര്‍ക്കസില്‍ ഇപ്പോള്‍ പഴയതുപോലെ മൃഗങ്ങളില്ല. ആന, കുതിര ഒട്ടകം, നായ തീര്‍ന്നു. പണ്ട്‌ സിംഹത്തിന്റെയും കരടിയുടെയും പുലിയുടെയും രൂക്ഷഗന്ധം സര്‍ക്കസിന്റെ സന്തതസഹചാരിയായിരുന്നു. പ്രതാപം അസ്‌തമിക്കുന്നതുപോലെ തോന്നിച്ച ആ കൂടാരത്തില്‍ തീര്‍ച്ചയായും പണ്ടുകണ്ട ആ പെണ്‍കുട്ടിയുമില്ല. അഥവാ ഉണ്ടെങ്കില്‍ത്തന്നെ എന്റെ സങ്കല്‌പങ്ങള്‍ക്ക്‌ തിരിച്ചറിയാനാവാത്തവണ്ണം അവള്‍ മാറിപ്പോയിരിക്കും. പകരം പുതിയ പെണ്‍കുട്ടികള്‍ വന്നിരിക്കുന്നു. പുതിയ ഐറ്റങ്ങള്‍ അവതരിപ്പിച്ചുകൊണ്ട്‌ ടെന്റില്‍ നിറഞ്ഞു നിന്ന അവരാരും എന്റെ സൗന്ദര്യബോധത്തെ വന്നുതൊട്ടതേയില്ല. എന്റെ കണ്ണില്‍ നിറഞ്ഞതത്രയും അവരുടെ കവിളില്‍ തേച്ച ചായങ്ങളാണ്‌. പ്രായം ചെന്ന മനസ്സ്‌ ചില സൗന്ദര്യങ്ങള്‍ക്കു മേല്‍ ഉറച്ചുപോയിരിക്കുന്നു. അതിനെ ഇനി ഇളക്കണമെങ്കില്‍ അതിനെ കവച്ചുവയ്ക്കുന്ന സൗന്ദര്യങ്ങള്‍ അവതരിക്കേണ്ടിയിരിക്കുന്നു. ഇനി ഒരിക്കല്‍ അവരെ നേരില്‍ക്കണ്ടാല്‍ ഇവരെയാണോ ഞാനിത്ര ആരാധിച്ചിരുന്നത്‌ എന്നു തോന്നിയേക്കാം. അതുവേണ്ട ഞാനെന്റെ സൗന്ദര്യസങ്കല്‌പങ്ങളുടെ പഴയ കൂടാരത്തിലേക്ക്‌ മടങ്ങിപ്പോകുന്നു.

Thursday, February 14, 2008

യാത്രകള്‍ ഓര്‍മ്മകള്‍ ആത്മാനുഭവങ്ങള്‍

യാത്രകള്‍

കഴിഞ്ഞ നീണ്ട പ്രവാസവര്‍ഷങ്ങളിലൊക്കെ അവധിയ്ക്കു ചെല്ലുമ്പോള്‍ കാറുമായി എയര്‍പോര്‍ട്ടില്‍ വരാറുണ്ടായിരുന്നത്‌ അച്ചാച്ചനായിരുന്നു. ഇത്തവണ ചെല്ലുന്നു എന്നു പറഞ്ഞപ്പോള്‍ എനിക്കു വയ്യ എന്നു പറഞ്ഞു. നീണ്ടയാത്രകള്‍ ചെയ്യാനാവാത്തവിധം പ്രിയപ്പെട്ടവര്‍ക്ക്‌ പ്രായമാകുന്നു എന്ന് ആ വയ്യാഴ്‌കപറച്ചില്‍ എന്നെ ഓര്‍മ്മിപ്പിച്ചു. പ്രിയപ്പെട്ടവര്‍ക്കു മാത്രമല്ല എനിക്കും. നീണ്ട പതിനഞ്ചു വര്‍ഷങ്ങളാണ്‌ പ്രവാസഭൂമിയില്‍ പിന്നിട്ടുകഴിഞ്ഞത്‌. ഇന്നലത്തെപ്പോലെ അത്ര അടുത്ത്‌. മറ്റുപലരെയും പോലെ ഈ പ്രവാസം എന്നെ അത്രയ്ക്കൊന്നും മടുപ്പിച്ചിട്ടില്ല എന്നത്‌ ഒരു സമസ്യയാവാം. വായന, എഴുത്ത്‌, സാഹിത്യപ്രവര്‍ത്തനങ്ങള്‍, നല്ല സൗഹൃദങ്ങള്‍ - നാട്ടില്‍ ആയിരുന്നെങ്കില്‍ ഉണ്ടാകുമായിരുന്നതിനേക്കാള്‍ കൂടുതല്‍ ഊര്‍ജ്ജം ഇക്കാര്യങ്ങളിലൂടെ എനിക്ക്‌ നേടാനായിട്ടുണ്ടെന്ന് തോന്നുന്നു.
നമ്മള്‍ നിരന്തരം നമ്മളെത്തന്നെ കണ്ടിരിക്കുന്നതിനാല്‍ പ്രായമേറുന്നത്‌ അറിയുന്നതേയില്ല. മറ്റുള്ളവരുടെ മുഖത്തെ ചുളിവും കറുപ്പും കഷണ്ടിയും കിതപ്പുകളുമാണ്‌ നമ്മെ നമ്മുടെ പ്രായം ഓര്‍മ്മിപ്പിക്കുന്നത്‌. പോരുമ്പോള്‍ നിക്കറിടാതെ നടന്ന കുട്ടികളൊക്കെ തലപൊക്കി നോക്കേണ്ട പരുവത്തിലേക്ക്‌ നീണ്ടുവളര്‍ന്നിരിക്കുന്നു. കഴിഞ്ഞതവണ ചെന്നപ്പോള്‍ കൈപിടിച്ചിരുത്തി സ്നേഹാന്വേഷണങ്ങള്‍ ആരാഞ്ഞവരില്‍ പലരും ഇനിയൊരിക്കലും മടങ്ങി വരാത്ത ലോകത്തിലേക്ക്‌ അപ്രത്യക്ഷരായിരിക്കുന്നു. ഒരു തലമുറ കൊഴിഞ്ഞുപോകുന്നത്‌ നാം നമ്മുടെ കണ്‍മുന്നില്‍ കാണുന്നു. അടുത്ത ഊഴം നമുക്കാണല്ലോ എന്ന് ഉള്ളിലൊരു കൊള്ളിയാന്‍ മിന്നുന്നു.
വിമാനമിറങ്ങി വീട്ടിലേക്കുള്ള നൂറു കിലോമീറ്റര്‍ യാത്രയില്‍ നാടിന്റെ അവസ്ഥ ഏതാണ്ട്‌ നമുക്ക്‌ പ്രത്യക്ഷപ്പെടുന്നു. പാതിവഴിക്ക്‌ മലേഷ്യയിലെ പതിബെല്‍ കമ്പനി ഉപേക്ഷിച്ചുപോയ എം.സി. റോഡിലൂടെയുള്ള ആ യാത്ര സ്വര്‍ഗ്ഗത്തിലൂടെയും നരകത്തിലൂടെയും മാറിമാറിയുള്ള ഒരു യാത്രയായിരുന്നു. പിന്നെ നാട്ടില്‍ അങ്ങോളമിങ്ങോളം പല യാത്രകള്‍ നടത്തിയതില്‍ നിന്ന് മനസ്സിലായത്‌, പത്രങ്ങളും രാഷ്ട്രീയക്കാരും പറയുന്നതുപോലെ കേരളത്തിലെ എല്ലാ റോഡുകളും അത്ര മോശമല്ല എന്നാണ്‌. ചിലറോഡുകള്‍ ഇന്നും നശിക്കാതെ കിടക്കുന്നുണ്ട്‌. അവയെല്ലാംതന്നെ മേല്‍പ്പറഞ്ഞ പതിബെല്‍ പണിഞ്ഞതാണെന്ന് അറിയുമ്പോള്‍ ആഗോളവത്‌കരണ വിരുദ്ധനായ എനിക്കൊരു വൈക്ലബ്യം. എന്നാലും സത്യത്തിന്റെ നേര്‍ക്ക്‌ കണ്ണടയ്‌ക്കാനാവില്ലല്ലോ.കോടതിയുടെ ഇടപെടല്‍ മൂലം റോഡുകള്‍ അടിയന്തരമായി റിപ്പയര്‍ ചെയ്യുന്ന കാലംകൂടിയായിരുന്നു അത്‌. ഈയം പൂശുന്നത്ര കനത്തിലാണ്‌ കുഴികള്‍ മാത്രം അവശേഷിച്ച റോഡുകളില്‍ നമ്മുടെ നാട്ടുപണിക്കാര്‍ ടാറൊഴിക്കുന്നത്‌. അതൊക്കെ ഞാന്‍ തിരികെ പോരുന്നതിനു മുന്‍പേ ഇളകിത്തുടങ്ങിയിരുന്നു. നാടിന്റെ പണം ഒഴുകിപ്പോകുന്ന വഴികള്‍...
മതവും രാഷ്ട്രീയവും തമ്മില്‍ വലിയ സംവാദങ്ങള്‍ നടക്കുന്ന ഒരു കാലം കൂടിയായിരുന്നു അത്‌. പക്ഷേ അതിന്‌ മുന്‍കാലങ്ങളില്‍ എഴുപതുകളിലോ എണ്‍പതുകളിലോ ഉണ്ടായിരുന്ന പ്രസക്‌തി ഉണ്ടെന്ന് എനിക്ക്‌ തോന്നിയില്ല. മതവും രാഷ്ട്രീയവും അത്രയ്ക്ക്‌ ഇഴപിരിഞ്ഞു കിടക്കുന്ന ഒരു സമൂഹമാണ്‌ നമ്മുടേത്‌. രണ്ടും പ്രാമാണിക സ്ഥാനം ആവശ്യപ്പെടുന്നു എന്നു മാത്രം. മതത്തെ വളര്‍ത്താനും പരിപോഷിപ്പിക്കാനും എല്ലാ സര്‍ക്കാര്‍ സംവിധാനങ്ങളും ഒരുക്കിക്കൊടുത്തുകൊണ്ട്‌ സ്യൂഡോസംവാദങ്ങള്‍ ഒരുക്കുന്നതിന്റെ കാപട്യമാണ്‌ നാം കാണുന്നത്‌. രാവിലെ കേരളത്തിലെ നല്ലൊരു ശതമാനം സര്‍ക്കാര്‍ ബസ്സുകളും ഓടുന്നത്‌ ഏതെങ്കിലും പള്ളിയുടെയോ അമ്പലത്തിന്റെയോ മുറ്റത്തേക്കാവും. തിരുവല്ല വരെ ഉണ്ടായിരുന്ന എല്ലാ ബസ്സുകളും ഇന്ന് ചക്കുളത്തുകാവ്‌ വരെ പോകും. മാന്നാര്‍ വരെയുണ്ടായിരുന്നവ പരുമലപ്പള്ളി വരേക്കും. കൊട്ടാരക്കയില്‍ ഒരു ബസ്‌ അതിന്റെ യാത്ര അവസാനിപ്പിക്കുന്നില്ല അത്‌ ഭഗവതി ക്ഷേത്രം വരെപ്പോകും. ചാലക്കുടി വരെയല്ല പോട്ടവരെ. അങ്ങനെ കേരളത്തിലുടനീളം. അതിലൊക്കെ യാത്രക്കാരുണ്ടായിട്ടാണ്‌ അവ പോകുന്നത്‌. മതത്തിനെ ആവശ്യമുള്ളവര്‍ ഇന്ന് വല്ലാതെ വര്‍ദ്ധിച്ചിരിക്കുന്നു. അതുകൊണ്ടുതന്നെ അതിന്റെ മേധാവികള്‍ പ്രാമാണികവും ആവശ്യപ്പെടുന്നു. മറ്റൊരു രസകരമായ ചിന്ത ഈ യാത്രകള്‍ക്കിടയില്‍ എനിക്കുണ്ടായി. ഗള്‍ഫുനാടുകളിലെ റോഡുകളില്‍ ഏറ്റവും അധികം പരിഗണന കൊടുക്കുന്നത്‌ ഏതുതരം വാഹനങ്ങള്‍ക്കാണ്‌..? ആംബുലന്‍സ്‌, ഫയര്‍ സര്‍വ്വീസ്‌, പോലീസ്‌. ഇവ മൂന്നിന്റെയും കാര്യം കഴിഞ്ഞിട്ടേയുള്ളു ബാക്കി എന്തും. എന്നാല്‍ കേരളത്തിലെ കാര്യം എന്താണ്‌..? അവിടെ ഏറ്റവും പ്രാമുഖ്യം ആംബുലന്‍സിനും ഫയറിനും ഒന്നുമല്ല ജാഥകള്‍ക്കാണെന്നാണ്‌ എനിക്കു തോന്നിയ കാര്യം. ഗതാഗതം മുഴുവന്‍ മണിക്കൂറുകളോളം സ്‌തംഭിപ്പിച്ച്‌ പോലീസിന്റെ അകമ്പടിയോടെ ഏറ്റവും സുരക്ഷിതമായി ഏറ്റവും സംരക്ഷിക്കപ്പെട്ട്‌ നടത്തുന്ന ജാഥകള്‍! അതു മുറിച്ചു കടക്കാന്‍ ഇന്ന് കേരളക്കരയില്‍ ഒരു ജീവിക്കും ധൈര്യമില്ല. അങ്ങനെ ശ്രമിക്കുന്നവന്റെ നടു ചവുട്ടിയൊടിക്കുന്ന കാഴ്ച നാം കണ്ടതാണല്ലോ. ജാഥകള്‍ നീണാള്‍ വാഴട്ടെ, മതരാഷ്ട്രീയ സംവാദം അന്യൂന്യം തുടരട്ടെ...

പുസ്‌തകപ്രദര്‍ശനം... പ്രകാശനം...
ഡി.സി. ബുക്സ്‌ തിരുവനന്തപുരത്തും ദര്‍ശന കോട്ടയത്തും നടത്തിയ പുസ്‌തകമേളകളില്‍ പങ്കെടുക്കാന്‍ ഇത്തവണ കഴിഞ്ഞു. തിരക്കുകാരണം രണ്ടിടത്തും നേരേചൊവ്വേ പുസ്‌തകങ്ങള്‍ കാണാനോ തിരഞ്ഞെടുക്കാനോ കഴിഞ്ഞില്ല. കോടിക്കണക്കിന്‌ രൂപയുടെ പുസ്‌തകങ്ങളാണ്‌ ഓരോ പുസ്‌തകമേളകളിലും വിറ്റുപോകുന്നത്‌ എന്നാണറിഞ്ഞത്‌. എന്നിട്ടും നമ്മുടെ വായനമാത്രം പുരോഗമിക്കുന്നില്ല. വായനയെ സംബന്ധിച്ച എന്റെ ഒരു പരികല്‌പന പുസ്‌തകങ്ങളുടെ ഒറ്റവായനകള്‍ നിരവധി നടക്കുന്നുണ്ട്‌ എന്നാല്‍ പുസ്‌തകത്തെ വിവിധ തലങ്ങളില്‍ നിന്ന് വായിക്കാനും നോക്കിക്കാണാനും നിരീക്ഷിക്കാനുമുള്ള നമ്മുടെ കൗതുകം അസ്‌തമിച്ചിരിക്കുന്നു എന്നാണ്‌. അങ്ങനെ ഒരു പുസ്‌തകത്തിന്റെ പല വായനകള്‍ ഉണ്ടാകുമ്പോഴാണ്‌ ആ പുസ്‌തകം നന്നായി വായിക്കപ്പെട്ടു എന്ന് വിലയിരുത്തേണ്ടത്‌. അങ്ങനെയാണ്‌ നമ്മുടെ വായനകള്‍ അസ്‌തമിച്ചുകൊണ്ടിരിക്കുന്നു എന്ന് വിലയിരുത്തേണ്ടത്‌.
മൂന്ന് പുസ്‌തകപ്രകാശനച്ചടങ്ങുകളില്‍ പങ്കെടുക്കാനും ഇത്തവണ അവസരം ഉണ്ടായി. ചെങ്ങന്നൂരില്‍ നടന്ന ഒരു ചടങ്ങില്‍ വച്ച്‌ യുവ എഴുത്തുകാരന്‍ റെജിയുടെ 'കോള്‍മീ' എന്ന പുസ്‌തകം പ്രകാശനം ചെയ്‌തത്‌ പ്രിയപ്പെട്ട കവി കടമ്മനിട്ട രാമകൃഷ്ണനാണ്‌. തന്റെ ആദ്യപുസ്‌തകം സ്വീകരിക്കുവാനായി റെജി കണ്ടെത്തിയത്‌ തനിക്ക്‌ ആദ്യാക്ഷരം പഠിപ്പിച്ചുകൊടുത്ത 'ആശാട്ടി' യെ ആയിരുന്നു എന്നത്‌ ഏറ്റവും വലിയ ഗുരുപ്രണാമമായി മാറി. സാഹിത്യത്തിന്റെ വിവിധ തുറകളിലുള്ളവരെ പരിചയപ്പെടാം എന്നതാണ്‌ ഇത്തരം ചടങ്ങുകളുടെ പ്രത്യേകത. ഏറെക്കാലമായി പരിചയമുണ്ടായിരുന്ന കവി കെ. രാജഗോപാലിനെയും കഥാകൃത്ത്‌ സുരേഷ്‌ ഐക്കരയെയും ഇവിടെവച്ച്‌ ആദ്യമായി കാണാന്‍ കഴിഞ്ഞു.
അടുത്തത്‌ കൊടുങ്ങല്ലൂരില്‍ വച്ച്‌ നടന്ന വിപുലമായ ഒരു ചടങ്ങായിരുന്നു. പി. സുരേന്ദ്രന്റെ 'ചെ' എന്ന രാഷ്ട്രീയ കഥാസമാഹാരത്തിന്റെ പ്രകാശനം. സാറാ ജോസഫ്‌, കമല്‍, സി. ആര്‍. നീലകണ്ഠന്‍, വി.പി. നമ്പൂതിരി, ആസാദ്‌, എന്‍.എം. പിയേഴ്‌സണ്‍, അങ്ങനെ നിരവധി പേര്‍. ഗൗരവമേറിയ ചര്‍ച്ചകള്‍. സംവാദങ്ങള്‍. വിശകലനങ്ങള്‍.
അതിലും വിപുലമായ ഒരു വേദിയായിരുന്നു കോട്ടയത്ത്‌ ഉണ്ടായിരുന്നത്‌. റെയ്‌ന്‍ബോ ബുക്സ്‌ പ്രസിദ്ധീകരിച്ച 11 പുസ്‌തകങ്ങളുടെ പ്രകാശനമാണ്‌ അവിടെ നടന്നത്‌. പ്രമുഖ തമിഴ്‌ നോവലിസ്റ്റ്‌ തോപ്പില്‍ മുഹമ്മദ്‌ ബീരാനായിരുന്നുമുഖ്യാതിഥി. സി. ആര്‍. ഓമനക്കുട്ടന്‍, വി.സി. ഹാരിസ്‌, പി.കെ. രാജശേഖരന്‍, രാധിക നായര്‍, ശാരദക്കുട്ടി അങ്ങനെ നിരവധിപേര്‍. ഇച്ചടങ്ങില്‍ വച്ച്‌ നമ്മുടെ ബൂലോകത്തിന്‌ പ്രിയപ്പെട്ട കുറുമാന്റെ 'എന്റെ യൂറോപ്പ്‌ സ്വപ്നങ്ങള്‍' എന്ന പുസ്‌തകം ഒരിക്കല്‍ക്കൂടി പ്രകാശനം ചെയ്യുകയുണ്ടായി.(അത്തരമൊരു ചടങ്ങ്‌ മുന്‍പ്‌ നടന്നു എന്നാണെന്റെ ഓര്‍മ്മ) എന്നുമാത്രമല്ല അവിടെ പി.കെ. രാജശേഖരന്‍ ഈ പുസ്‌തകത്തെക്കുറിച്ചും ബൂലോക എഴുത്തിനെക്കുറിച്ചും വിശദമായി സംസാരിക്കുകയുണ്ടായി. ബുലോക എഴുത്തുകാര്‍ക്ക്‌ അഭിമാനിക്കാവുന്ന ഒരു നിമിഷം.
ഈ ചടങ്ങുകളിലെല്ലാം വൃദ്ധന്മാരുടെയും തലനരച്ചവരുടെയും നിറഞ്ഞ സാന്നിദ്ധ്യമാണ്‌ എന്നെ ആശങ്കപ്പെടുത്തിയത്‌. അല്ലെങ്കില്‍ യുവജനതയുടെ അഭാവമാണ്‌ ആകുലപ്പെടുത്തിയത്‌. ഒരുകാലത്ത്‌ സാഹിത്യത്തെ നെഞ്ചോടു ചേര്‍ത്തുപിടിച്ചുനടന്നിരുന്നത്‌ കാമ്പസ്‌ തലമുറയായിരുന്നു. അവരായിരുന്നു സാഹിത്യത്തിന്റെ ഊര്‍ജ്ജം. സംവാദങ്ങളിലെ ശക്‌തി. വിവാദങ്ങളിലെ ഉഷ്ണം. യുവജനങ്ങളെ ഇന്ന് സാഹിത്യസംബന്ധിയായ ചടുങ്ങുകളില്‍ ഇന്ന് കാണാന്‍ കിട്ടുക ഗള്‍ഫിലാണെന്ന് ഞാനൊരു വേദിയില്‍ പറയുക കൂടി ചെയ്‌തു. ആ കൊഴിഞ്ഞുപോക്കിന്‌ രണ്ടു കാരണങ്ങള്‍ ഉണ്ടാകാം. ഒന്ന് നമ്മുടെ കാമ്പസുകളെ റിയാലിറ്റി ഷോകള്‍ തട്ടിക്കൊണ്ടുപോയത്‌ രണ്ട്‌, ഇരുപതു കടന്ന യുവാക്കളൊന്നും നാട്ടിലില്ല അവര്‍ അന്യദേശങ്ങളിലാണുള്ളത്‌ എന്ന സത്യം. റിയാലിറ്റിഷോകള്‍ അപഹരിച്ച നമ്മുടെ കാമ്പസിനെ സാഹിത്യം തിരിച്ചുപിടിക്കുന്ന ഒരു കാലത്തിനായി ആശിക്കാം.

എഴുത്തിന്റെ നാട്ടിലൂടെ ഒരു ത്രികോണയാത്ര
ത്രിശൂര്‍ - ഇടപ്പാള്‍ - കൊടുങ്ങല്ലൂര്‍ - ത്രിശൂര്‍ - ഇടപ്പാള്‍ ഇങ്ങനെയൊരു വിചിത്രമായ യാത്ര നടത്തേണ്ടിവന്നു അതിനിടെ. ബസ്‌യാത്രയിലെ ഏറ്റവും വലിയ കൗതുകം സ്ഥലപ്പേരുകള്‍ വായിക്കുകയാണ്‌. ഈ യാത്രയില്‍ ഞാന്‍ കണ്ട മിക്ക സ്ഥലപ്പേരുകളും എന്നെ ഓരോ സാഹിത്യകാരന്മാരെയും ഓര്‍മ്മിപ്പിച്ചു. അല്ലെങ്കില്‍ സാഹിത്യത്തിന്റെ ആ പുഷ്‌കലഭൂമിയിലെ ഓരോ ഗ്രാമത്തിലും ഓരോ എഴുത്തുകാരന്‍ ഉണ്ടെന്നാതാണ്‌ സത്യം. മേച്ചേരി, പെരുമ്പിലാവ്‌, കുണ്ടംകുളം, തൃപ്രയാര്‍, ഗുരുവായൂര്‍, വലപ്പാട്‌, മമ്മീയൂര്‍, ഒരുമനയൂര്‍ ഓര്‍ക്കുന്ന വളരെക്കുറച്ച്‌ പേരുകളാണത്‌. ആ സ്ഥലങ്ങള്‍ പരിചയമുള്ളവര്‍ക്ക്‌ കൂടുതല്‍ ഗ്രാമങ്ങളുടെ അവിടുത്തെ എഴുത്തുകാരുടെ പേരുകള്‍ ഓര്‍ക്കാന്‍ കഴിഞ്ഞേക്കാം. ആ ഗ്രാമങ്ങളിലൂടെ കടന്നുപോകുമ്പോള്‍ അപരിചിതത്വമല്ല സ്വന്തം ദേശത്തുകൂടി കടന്നുപോകുന്ന ഒരു പരിചയവും അടുപ്പവുമാണ്‌ തോന്നിയത്‌. അതാണ്‌ സാഹിത്യബന്ധങ്ങളുടെ തീവ്രത.

(തുടരും..)