Saturday, September 30, 2006

വര്‍ഗ്ഗീയമായി ചേരിതിരിയുന്ന 'മണലെഴുത്ത്‌'

വിജയദശമി നാളില്‍ കുട്ടികളുടെ നവില്‍ ആദ്യാക്ഷരം കുറിയ്കുക എന്നത്‌ കാലങ്ങളായി നമ്മുടെ നാട്ടില്‍ നടന്നുകൊണ്ടിരിക്കുന്ന ഒരു പുണ്യകര്‍മ്മമാണ്‌. പണ്ടൊക്കെ ആ കര്‍മ്മം നിര്‍വ്വഹിച്ചിരുന്നത്‌ കുടിപ്പള്ളിക്കുടങ്ങളില്‍ എഴുത്താശാന്മാരായിരുന്നു. ഓലപ്പള്ളിക്കുടത്തില്‍ ആശാന്റെ മുന്നില്‍ ആദ്യാക്ഷരം കുറിക്കാന്‍ ഭീതിയോടെ ചമ്രം പൂട്ടിട്ട്‌ ഇരിക്കുന്നതും ആശാന്‍ എന്റെ കൈപിടിച്ച്‌ മണലില്‍ 'ഹരിശ്രീ ഗണപതായേ നമ' എന്ന് എഴുതിക്കുന്നതും ആശാന്‌ വെറ്റിലയില്‍ പൊതിഞ്ഞ ഒരു ചെറുനാണയം കൈനീട്ടമായി കൊടുക്കുന്നതും ഇന്നലെ എന്ന പോലെ എന്റെ മനസ്സില്‍ ഇപ്പോഴും ഉണ്ട്‌. അതെ. നിങ്ങളില്‍ പലര്‍ക്കുമെന്നപോലെ എന്റെയും ആദ്യ എഴുത്ത്‌ ആശാന്‍പള്ളിക്കുടത്തിലെ 'മണലെഴുത്ത്‌' തന്നെയായിരുന്നു!
കഴിഞ്ഞ പത്തുപതിഞ്ച്‌ വര്‍ഷങ്ങളേ ആയിട്ടുള്ളു, ഈ മണലെഴുത്ത്‌ ഒരു വലിയ ആഘോഷമായിത്തീര്‍ന്നിട്ട്‌. എഴുതിനിരുത്ത്‌ ഇന്ന് വലിയൊരു ചടങ്ങാണ്‌. ചോറൂണുപോലെ, ശുന്നത്തുകല്യാണം പോലെ, വിവാഹം പോലെ ഒരാഘോഷം! ആയിക്കോട്ടെ, എന്തിലും ഏതിലും ഒരു ആഘോഷം കണ്ടെത്താനും അതിനിത്തിരി പണം പൊടിക്കാനും കാത്തിരിക്കുന്ന മലയാളിയ്ക്ക്‌ വീണുകിട്ടിയ ഒരവസരം. എഴുത്തിനിരുത്ത്‌ പതിയെ കുടിപ്പള്ളിക്കുടത്തില്‍ നിന്നും പറിച്ചുനടപ്പെട്ടു. സാംസ്‌കാരിക കേന്ദ്രങ്ങളായി അതിനുള്ള വേദി. വലിയ വലിയ എഴുത്തുകാര്‍ അതിന്‌ നേതൃത്വംകൊടുക്കാന്‍ തുടങ്ങി. തങ്ങളുടെ കുട്ടികള്‍ക്ക്‌ ആദ്യാക്ഷരം കുറിച്ചുകൊടുക്കാന്‍ ഏറ്റവും വലിയ എഴുത്തുകാരെനെ തപ്പിനടക്കുന്നതും പിന്നെ അതൊരു മേനിയായി പറഞ്ഞുനടക്കുന്നതും മലയാളിയുടെ മറ്റൊരു ശീലമായിത്തീര്‍ന്നു. മലയാളമനോരമ വലിയ എഴുത്തുകാരെ സംഘടിപ്പിച്ച്‌ എഴുത്തിനിരുത്ത്‌ തുടങ്ങിയപ്പോള്‍ വിമര്‍ശിച്ച പലര്‍ക്കും മറ്റുപത്രങ്ങള്‍കൂടി അത്‌ തുടങ്ങി വച്ചപ്പോള്‍ നാവടക്കേണ്ടി വന്നു. അതിനിടെ പാവം എഴുത്താശാന്മാരും കുടിപ്പള്ളിക്കുടങ്ങളും നാട്ടില്‍ നിന്ന് അപ്രത്യക്ഷമാകുന്നത്‌ ആരും ശ്രദ്ധിച്ചില്ല. നമ്മുടെ കുട്ടികളുടെ പഠനം നേഴ്‌സറികളിലേക്ക്‌ പറിച്ചു നട്ടപ്പോള്‍ അന്നം നഷ്‌ടപ്പെട്ട എഴുത്താശാന്മാരുടെ ഏക ആശ്രയമായിരുന്നു വര്‍ഷം തോറുമുള്ള എഴുത്തിനിരുത്ത്‌. അതും നമ്മള്‍ അവരില്‍ നിന്നും തട്ടിപ്പറിച്ചു.
അടുത്തിടെയാണ്‌ അപകടകരമായ മറ്റൊരു പ്രവണത കണ്ടുതുടങ്ങിയത്‌. മണലെഴുത്തിലെ വര്‍ഗ്ഗീയവത്‌കരണം! ജാതി തിരിഞ്ഞും വര്‍ഗ്ഗം തിരിഞ്ഞും മതം തിരിഞ്ഞുമുള്ള മണലെഴുത്തുകള്‍! ഹരിശ്രീഗണ പതായേ എന്നെഴുതിയാല്‍ നമ്മുടെ വിശ്വാസങ്ങള്‍ ആകെ തകിടം മറിഞ്ഞുപോകുമെന്നും അതിനാല്‍ ആദ്യാക്ഷരം കുറിയ്ക്കേണ്ടത്‌ ക്രിസ്‌തുദേവാ നമ എന്നു വേണമെന്നും ശഠിക്കുന്ന പുരോഹിതന്മാര്‍. അള്ളാഹു അക്‌ബര്‍ എന്നു മാത്രമേ എഴുതാവൂ എന്ന് പറയുന്ന മുല്ലാമാര്‍. എഴുത്തിനിരുത്ത്‌ ഗുരുനാരായണ സന്നിധിയില്‍ മാത്രമേ ആകാവൂ എന്ന് ആഹ്വാനം ചെയ്യുന്ന ശ്രീനാരായണ ഭക്‌തര്‍. ഇപ്പറയുന്നവര്‍ ഒക്കെ അവരുടെ ചെറുപ്പകാലത്ത്‌ എന്തെഴുതിയാണ്‌ ആദ്യാക്ഷരം കുറിച്ചതെന്ന് ഓര്‍മ്മയുണ്ടാകുമോ ആവോ..? എന്നിട്ട്‌ അവരുടെ വിശ്വാസങ്ങള്‍ വല്ലതും ആരെങ്കിലും കവര്‍ന്നെടുക്കുകയോ നഷ്‌ടപ്പെടുകയോ ചെയ്യുകയുണ്ടായോ..?
കുടിപ്പള്ളിക്കുടങ്ങളിലും സാംസ്‌കാരിക സ്ഥപനങ്ങളിലും നടന്നിരുന്ന മണലെഴുത്ത്‌ ഇന്ന് എവിടേക്കെല്ലാം പറിച്ചു നടപ്പെട്ടിരിക്കുന്നു. എങ്ങനെ ഒന്നിക്കാം എന്നല്ല എങ്ങനെ ഭിന്നിക്കാം എന്നാണ്‌ നമ്മുടെ വിചാരമെന്ന് തോന്നുന്നു. ഇപ്പോള്‍ ഓരോ മത വര്‍ഗ്ഗീയ സ്ഥാപനങ്ങളും തങ്ങളുടെ മതസ്ഥനായ/ ജാതിയില്‍ പിറന്ന ഒരു എഴുത്തുകാരനെത്തിരഞ്ഞ്‌ നെട്ടോട്ടമാണ്‌.
എഴുത്തിനിരുത്ത്‌ എന്ന പുണ്യകര്‍മ്മത്തില്‍പ്പോലും ജാതിമത ചിന്തകള്‍ കയറ്റി നമ്മുടെ സമൂഹത്തെ ദുഷിപ്പിക്കുന്ന ഈ പ്രവണത അവസാനിപ്പിക്കാന്‍. അതിരുകളും മതിലുകളും ഇല്ലാതെ അനന്തതയിലേക്ക്‌ പടര്‍ന്നുകിടക്കുന്ന ബൂലോകമേ.. നമുക്ക്‌ എന്തു ചെയ്യാനാവുമെന്ന് മറ്റൊരു മണലെഴുത്തിന്റെ ആധിപൂണ്ട ചോദ്യം...

Friday, September 22, 2006

ലോംഗ്‌ മാര്‍ച്ച്‌

ടോര്‍ച്ചെടുക്കാനോ മറന്നു. ടൗണില്‍ നിന്ന് ഒരു മെഴുകുതിരിയെങ്കിലും വാങ്ങേണ്ടതായിരുന്നു. ഈ രാത്രിക്ക്‌ ഇത്ര ഇരുട്ടുണ്ടാവുമെന്നൂഹിച്ചതേയില്ല. മനസ്സില്‍ സ്വയം ശപിച്ചുകൊണ്ട്‌ വേഗം നടന്നു.
നീലനീള്‍ക്കരിമ്പെന്മകന്‍ താലോ...
ഏഴവാര്‍ക്കുഴലെന്മകന്‍ താലോ...
താമരമലര്‍ക്കണ്ണനെ താലോ...
നീലനെ കടല്‍ വര്‍ണ്ണനെ താലോ...
അമ്മ പണ്ട്‌ തോളത്തിട്ട്‌ ചന്തിയില്‍ തട്ടി ഉറങ്ങും വരെ പാടിത്തരുന്ന പാട്ടാണ്‌. വെറുതെ അതിങ്ങനെ മൂളിനടക്കുമ്പോള്‍ വഴിയറിയുന്നില്ല. കുലശേഖര ആഴ്‌വാര്‍ വിരചിച്ച പെരുമാള്‍ തിരുമൊഴിയെന്ന് പിന്നീടാരോ എഴുതിക്കണ്ടു. അമ്മയ്ക്ക്‌ ഈ പാട്ടുകളൊക്കെ പണ്ടേ ഹൃദിസ്ഥമാണ്‌.
പാലക്കാട്ട്‌ പാര്‍ട്ടിയുടെ സംസ്ഥാനസമ്മേളനം കഴിഞ്ഞു വരുന്ന വഴിയാണ്‌. രൂക്ഷമായിരുന്നു വാദപ്രതിവാദങ്ങള്‍. ചില നേതാക്കളോടൊക്കെ ഒന്നിടയേണ്ടി പോലും വന്നു. മറ്റു ചിലരോട്‌ മുഖം കറുത്തുസംസാരിക്കുക തന്നെ ചെയ്‌തു. ഇത്രകാലം പാര്‍ട്ടിക്കു വേണ്ടി ജീവിച്ച എന്നെയാണ്‌ ഇനി പുറത്താക്കുമെന്നു ഭീഷണിപ്പെടുത്തുന്നത്‌...
കൂടെ വന്ന സഖാക്കളെല്ലാം കവലയില്‍ വണ്ടിയിറങ്ങി പലവഴിക്കു പിരിഞ്ഞു. ഒരൊന്നര നാഴിക ദൂരമുണ്ടാവും വീട്ടിലേക്ക്‌... പണ്ടൊക്കെ വെളിച്ചം കാട്ടി, സംശയങ്ങളുന്നയിച്ച്‌, അഭിപ്രായങ്ങളാരാഞ്ഞ്‌ വീടുവരെ അനുഗമിക്കുമായിരുന്ന സഖാക്കള്‍... ഇന്നെന്തോ എല്ലാവര്‍ക്കും ധാരാളം ധൃതികള്‍, വല്ലാത്ത ഉറക്കക്ഷീണം, വഴിയിലൊരാളെ അത്യാവശ്യമായി കാണാനുണ്ട്‌... ഒഴികഴിവുകള്‍. ഇനി എന്നോടൊപ്പം നടക്കുന്നത്‌ പാര്‍ട്ടിക്കുള്ളില്‍ അത്ര സെയ്ഫല്ലെന്ന് അവര്‍ക്കറിയാം.
താന്‍ ഇനി എവിടെയും ഒറ്റയ്ക്കാണെന്നു മനസ്സിലാക്കിത്തന്നെയാണ്‌ എല്ലാം തുറന്നെതിര്‍ത്തതും. അല്ലെങ്കില്‍ത്തന്നെ തനിക്കെന്തിനാണു കൂട്ട്‌..? രാഷ്ട്രീയക്കാരനാണെങ്കിലും തന്റെ തലയെടുക്കാന്‍ തനിക്കീ നാട്ടില്‍ ശത്രുക്കളില്ലല്ലൊ. പിന്നെ കൈരേഖകള്‍ പോലെ സുപരിചിതമായ വഴികള്‍, കണ്ണടച്ചു നടക്കാം. പേടിക്കാനൊന്നുമില്ല.
എന്നിട്ടും ചങ്കിനകത്തെന്തേ ഒരു പടപടപ്പ്‌..?
അസ്വാസ്ഥ്യജനകമായ ഒരു പൊറുതികേട്‌..! ഭീതിയുടെ കൂടുവെയ്പ്പ്‌..!!
രാത്രിയുടെ കൂരാകൂരിരുട്ടിന്റെ മറവില്‍ ഞങ്ങളുടെ സംഘം ആ കാട്ടില്‍ നിന്ന് വരിവരിയായി യാതൊരു ഒച്ചയും അനക്കവും ഉണ്ടാക്കാതെ നടന്നു നീങ്ങി. അങ്ങനെ രണ്ടുമൂന്നു മെയിലുകള്‍ നടന്നപ്പോള്‍ പുല്‍പ്പള്ളി സീതാദേവി ക്ഷേത്രത്തിന്റെ പരിസരത്തുള്ള ഒരു പറമ്പിലെത്തി. - അജിത പിന്നീട്‌, ജീവിതം സുരക്ഷിതമാണെന്നു തോന്നിത്തുടങ്ങിയപ്പോള്‍ എഴുതിയതാണ്‌...
അവരോടൊപ്പം അന്നു ഞാനും ഉണ്ടാവേണ്ടതായിരുന്നു. അമ്മയ്ക്ക്‌ രോഗം കലശലായി എന്നറിയിച്ചപ്പോള്‍ സംഘം വിട്ടു പോന്നതാണ്‌. പിന്നെ മടങ്ങാന്‍ കഴിഞ്ഞില്ല.
ഈ ഇടവഴിയുടെ ഒരുവശം മുഴുവന്‍ മുളങ്കാടുകളാണ്‌. കാറ്റത്ത്‌ തമ്മിലുരഞ്ഞ്‌ അവ നേര്‍ത്ത ചൂളം മുഴക്കുന്നു. പണ്ടെന്നോ വസൂരി വന്നു മരിച്ചവരെ കൂട്ടത്തോടെ കുഴിച്ചിട്ട സ്ഥലമാണെന്നു കേട്ടിട്ടുണ്ട്‌. തനിക്കോര്‍മ്മയില്ല. അന്നു മൃതപ്രായരായിക്കിടന്ന ഒത്തിരിപ്പേരെ ചത്തെന്നു കരുതി ജീവനോടെ കുഴിച്ചിട്ടത്രെ..! അവരുടെ മേലെയാണ്‌ ഈ മുളങ്കാടുകള്‍ വളരുന്നത്‌. നട്ടുച്ചയ്ക്കുപോലും, ഇവിടെ നിന്ന്, ദാഹിച്ച്‌ തൊണ്ടപൊട്ടിയ ചില ആത്മാക്കളുടെ ഞരക്കങ്ങള്‍ കേള്‍ക്കാറുണ്ടെന്നാണ്‌ നാട്ടിലെ പഴമക്കാരുടെ പറച്ചില്‍. അമാവാസി രാത്രികളില്‍ വായ്ക്കുരവകളും മണിക്കിലുക്കങ്ങളും നീലവെളിച്ചങ്ങളുമായി പ്രേതസഞ്ചാരങ്ങളുണ്ടാവാറുണ്ടത്രെ!
പ്രേതസഞ്ചാരമെ- ചിരിക്കാന്‍ തോന്നുന്നു! വെറുതെ നാട്ടുകാരെ പറ്റിക്കാന്‍ ആരോ പടച്ചു വിടുന്ന കള്ളക്കഥകള്‍. അച്ഛമുത്തച്ഛന്മാര്‍ അമ്മന്നൂരിന്റെ സുഭദ്രാധനഞ്ജയത്തിലെ അര്‍ജ്ജുനനെയും രാമന്‍ കുട്ടിയാശാന്റെ ധര്‍മ്മപുത്രരെയും ആസ്വദിച്ചിരിക്കുമ്പോള്‍ ഈ കാടിന്റെ മറവുപട്ടി ഞാന്‍ പാര്‍ട്ടിയോഗങ്ങള്‍ കഴിഞ്ഞു വരികയാവും. അന്നൊന്നും ഒരു പ്രേതത്തിന്റെ വായ്ക്കുരവകളും ഞാന്‍ കേട്ടിട്ടില്ല. ചില നാട്ടു പ്രേതങ്ങളുടെ രാക്കേളികള്‍ കാണാനിടവന്നിട്ടുണ്ടെന്നല്ലാതെ.. ഇവിടെയും ഒരു പുല്‍പ്പള്ളി ആവര്‍ത്തിക്കേണ്ടിയിരുന്നു.
വര്‍ഗ്ഗശത്രുവായ വയര്‍ലെസ്സ്‌ ഓപ്പറേറ്ററെ കൊന്നശേഷം സ്റ്റേഷന്‍ മുറ്റത്തു കൂടിനിന്ന് അവര്‍ നക്സല്‍ബാരി ലാല്‍ സലാം, സായുധകര്‍ഷകവിപ്ലവം സിന്ദാബാദ്‌, ചെയര്‍മാന്‍ മാവോ നീണാള്‍ വാഴട്ടെ... എന്നിങ്ങനെ മുദ്രാവാക്യങ്ങള്‍ മുഴക്കുമ്പോള്‍ ഞാന്‍ അമ്മയുടെ ചിതയ്ക്കു മുന്നില്‍ നിന്ന് അവര്‍ക്കു വിപ്ലവാഭിവാദനങ്ങള്‍ അര്‍പ്പിക്കുകയായിരുന്നു. പിന്നെ അടിയന്തരാവസ്ഥക്കാലത്താണ്‌ ഞാന്‍ എല്‍.സി യില്‍ കയറിക്കൂടുന്നത്‌. അന്ന് അതായിരുന്നു കിട്ടാവുന്നതില്‍ വെച്ച്‌ ഏറ്റവും നല്ല സെയ്‌ഫ്‌പ്ലേസ്‌!
വല്ലാത്തൊരു നിശ്ശബ്ദത. വല്ലപ്പോഴുമൊരു കൂമന്‍ കരച്ചില്‍! തമിഴ്‌നാട്ടുനാട്യപ്പെരുമയിന്‍ ഭാവാഭിനയ ചക്രവര്‍ത്തി നടികര്‍തിലകം ശിവാജി ഗണേശന്‍ നടിക്കും - ഈസ്റ്റുമാന്‍ വര്‍ണ്ണചിത്രം...
തര്‍ക്കോവ്‌സ്കിയുടെ സാക്രിഫൈസും കിസലോവ്‌സ്കിയുടെ ത്രീ കളേഴ്സും കാണാന്‍ കഴിഞ്ഞിട്ടില്ല പഴയൊരു സിനിമാപ്പരസ്യം ഓര്‍മ്മ വന്നു. ഒരു നെടുങ്കന്‍ ഡയലോഗും- 'നീങ്കള്‍ കരിപ്പുടിത്തായാ..? കാളൈ കുളിത്തായാ..? കഞ്ചിക്കലം ചുമന്തായാ..? അഞ്ചിക്കൊഞ്ചി വിളയാടും എങ്കനാട്ടും പൊണ്‍കളുക്കു മഞ്ചള്‍ അരൈത്തു കൊടുത്തായാ..? നീ മാമനാ മച്ചാനാ മാനംകെട്ടവനെ..?!'
അതിങ്ങനെ ആവര്‍ത്തിച്ചാവര്‍ത്തിച്ചു പറഞ്ഞു നടക്കുമ്പോള്‍ മനസ്സിനെന്തൊരയവ്‌! 'നീങ്കള്‍ കരിപ്പുടിത്തായാ...കാളൈ...'
പെട്ടെന്നു പിന്നിലെന്തോ ശബ്ദം! ഒന്നു നടുങ്ങി !!
ഒരു കടവാവല്‍ ചില്ലവിട്ടു പറന്നതാണ്‌.
ഇപ്പോള്‍ വഴിയുടെ തെക്കുവശം മുഴുവന്‍ കാവാണ്‌. കാടും പടലവും ഇലഞ്ഞിയും പാലയും പേരാലും പുന്നാഗവും പിന്നെയും പേരറിയാത്ത ഒത്തിരിയൊത്തിരി മരങ്ങളും. പണ്ടേ തോന്നിയതാണ്‌ എല്ലാം വെട്ടിത്തെളിച്ച്‌ കൃഷിയിറക്കണമെന്ന്. കഴിഞ്ഞില്ല. ഇനി ഇതിനെ വല്ല ഇക്കോ ടൂറിസ്റ്റ്‌ കേന്ദ്രവുമാക്കി വികസിപ്പിക്കാന്‍ വല്ല സാധ്യതയുമുണ്ടോയെന്ന് ഒന്നാരായണം.
കാടിനുള്ളില്‍ പവിഴക്കൂണുകള്‍ പൊതിഞ്ഞ ചിത്രകൂടകല്ലുകള്‍! അവയ്ക്കടിയിലെ ഗുഹാലോകങ്ങളില്‍ നൂറും പാലും പുള്ളോര്‍ക്കുടത്തിന്റെ ആദിനാദവും കാത്തു കഴിയുന്ന നാഗത്താന്മാര്‍!
വന്മരങ്ങള്‍ തലകീഴായിക്കിടക്കുന്ന വാവലുകളുടെ സങ്കേതമാണ്‌. കരച്ചിലും ചിറകടിയും കൂര്‍ത്തനോട്ടവും കൊണ്ട്‌ പകല്‍പോലും ഭീകരമായ അന്തരീക്ഷം സൃഷ്ടിക്കും ആ ഗതിയറ്റ ജീവികള്‍! പിതൃശാപമേറ്റ്‌ മോക്ഷം കിട്ടാതലയുന്ന പ്രേതങ്ങളാണത്രെ ആ കിടക്കുന്നത്‌, നിശ്ശബ്ദതയെ ഭേദിച്ചുകൊണ്ട്‌ പറന്നു നടക്കുന്നത്‌...

പിന്നെ കരിമ്പനകള്‍. അത്‌ യക്ഷികളുടെ ആവാസകേന്ദ്രമാണ്‌. കാളി, നീലി... പാതിരാത്രിയില്‍ അവകളുടെ രക്‌തദാഹം പൂണ്ട ചടുലനൃത്തങ്ങള്‍... നാവു നീട്ടി, അലറിക്കൂവി, മുടിയഴിച്ചിട്ട്‌...
ഈ അറിവുകളും വിശേഷങ്ങളുമൊക്കെ ഇത്രയും കാലം ഓര്‍മ്മയുടെ ഏതു ഗഹ്വരങ്ങളില്‍ ഒളിച്ചിരിക്കുകയായിരുന്നു..? ഇവ ഇപ്പോഴെന്തിനാണ്‌ പുനര്‍ജ്ജനിച്ച്‌ മനസ്സിലേക്കു നീന്തിയെത്തുന്നത്‌..? എന്നെ ഭീതിയുടെ ആവരണമണിയിക്കാനോ..?
യക്ഷികളെ എന്നെ പിടിക്കാന്‍ നോക്കണ്ട. ഞാനൊരു യുക്‌തിവാദിയാണ്‌. മാവോയുടെ ലോംഗ്‌ മാര്‍ച്ച്‌ സ്വപ്‌നം കണ്ടു വളര്‍ന്നവന്‍. നക്സല്‍ബാരികളും പുല്‍പ്പള്ളികളും നാട്ടില്‍ ഇനിയുമാവര്‍ത്തിക്കണേ എന്നു മാത്രം പ്രാര്‍ത്ഥിച്ചു ശീലിച്ചവന്‍. മാര്‍ക്സിനെയും ചെഗുവേരയെയും ഇടമറുകിനെയും പവനനെയും വായിച്ചു പഠിച്ചവന്‍. കോവൂരിന്റെ ശിഷ്യന്‍!
എന്നിട്ടും പനമുകളിലേക്കൊന്നു നോക്കാതിരിക്കാന്‍ കഴിഞ്ഞില്ല.
ഒരാദിമ ഭീതി!
അവിടെ എന്തൊക്കെയോ തിളങ്ങുന്നു!
കണ്ണുകളാവും - ആര്‍ത്തിയോടെ നോക്കുന്നുണ്ടാവും . എത്രയോ പേരെ കൊന്നു ചോരകുടിച്ച കഥകള്‍! രാവിലെ നോക്കുമ്പോള്‍ കുറെ എല്ലിന്‍ കൂമ്പാരം മാത്രം!
പഴമയിലെ നീണ്ട തലമുറകള്‍ മുഴുവന്‍ പാഴ്ക്കഥകള്‍ വെറുതെ വിശ്വസിച്ചതായിരിക്കുമോ..? അതിലൊരു കഥയെങ്കിലും ശരിയാണെന്നു വന്നാല്‍...
കൈ ചുരുട്ടിപ്പിടിച്ചു നടന്നു. ലെഫ്റ്റ്‌, റൈറ്റ്‌, ലെഫ്റ്റ്‌, റൈറ്റ്‌... ഞാന്‍ മാവോയുടെ ലോംഗ്‌ മാര്‍ച്ചിലാണ്‌. ലെഫ്റ്റ്‌, റൈറ്റ്‌....
തെക്കന്‍ കിയാങ്ങ്‌സിയിലെ യുതുവില്‍ കേന്ദ്രീകരിച്ച്‌ ഞങ്ങളിരിക്കുമ്പോഴാണ്‌ ലോംഗ്‌ മാര്‍ച്ചിനുള്ള ആജ്ഞ കിട്ടുന്നത്‌. വിപ്ലവസേന പെട്ടെന്ന് രണ്ടു വ്യൂഹങ്ങളായി അണിനിരന്ന് പടിഞ്ഞാറോട്ടും തെക്കോട്ടും നീങ്ങിത്തുടങ്ങി. ഹുനാനിയിലെയും ക്വങ്ങ്‌തൂവിലെയും ശത്രുദുര്‍ഗങ്ങള്‍ ഞങ്ങള്‍ കീഴടക്കി. ശത്രു മുന്നേറുമ്പോള്‍ ഞങ്ങള്‍ പിന്മാറി. ശത്രു വിശ്രമിക്കുമ്പോള്‍ ഞങ്ങളവരെ ശല്യപ്പെടുത്തി. ശത്രു പിന്മാറുമ്പോള്‍ ഞങ്ങളവരെ ആക്രമിച്ചു. ഗ്രാമങ്ങളില്‍ ഞങ്ങള്‍ സോവിയറ്റുകള്‍ സ്ഥാപിച്ചു. അയ്യായിരത്തില്‍പ്പരം മെയിലുകള്‍ ഞങ്ങള്‍ യാത്ര ചെയ്‌തു. പതിനെട്ടു പര്‍വ്വത നിരകള്‍ ഞങ്ങള്‍ മറികടന്നു. പന്ത്രണ്ടു വ്യത്യസ്‌ത പ്രവിശ്യകളിലൂടെ ഞങ്ങള്‍ സഞ്ചരിച്ചു. ഒടുവില്‍ ഗ്രാമങ്ങള്‍ നഗരങ്ങളെ വളഞ്ഞു കീഴ്പ്പെടുത്തി... ലെഫ്റ്റ്‌, റൈറ്റ്‌, ലെഫ്റ്റ്‌, റൈറ്റ്‌.....
പിന്നില്‍ പിന്നെയും എന്തൊക്കെയോ അനക്കങ്ങള്‍... ഇതവള്‍ തന്നെ !
യക്ഷികളെ ഞാന്‍ പിന്നെയും നിങ്ങളോടു പറയുന്നു, എന്നോടു കളിക്കരുത്‌. മുപ്പതിനായിരം നായര്‍ യോദ്ധാക്കള്‍ക്ക്‌ പടത്തലവനായി നാടുവാണ ഏറനാട്ടുടയവര്‍ നെടിയിരുപ്പ്‌ സ്വരൂപം എന്റെ പൂര്‍വ്വികര്‍! നിങ്ങള്‍ ചത്തും കൊന്നും നാടടക്കിക്കൊള്‍ക എന്ന ഉപദേശത്തോടെ ചേരമാന്‍ പെരുമാള്‍ കല്‌പിച്ചു നല്‌കിയ ഉടവാള്‍ ഇപ്പോഴും മച്ചിലിരുപ്പുണ്ട്‌. അരയില്‍ പൊന്നുരുക്കും കയ്യില്‍ മാന്ത്രികക്കോലുമായി കളത്തട്ടിലിരുന്ന് ആഭിചാരക്രിയകള്‍ നടത്തി യക്ഷികളെ ആവാഹിച്ചു വരുത്തി കാഞ്ഞിരപ്പലകമേല്‍ ആണിയടിച്ചു തളയ്ക്കുന്ന മഹാമാന്ത്രികര്‍ ജീവിച്ച തറവാട്‌! അതിലൊരു പിന്മുറക്കാരനോടാണോ നിങ്ങളുടെ കളി...?! ആവാഹിച്ചിരുത്തും ഞാന്‍ !
വിടുന്ന മട്ടില്ലല്ലൊ.
ഇത്‌ കള്ളിയങ്കാട്ട്‌ നീലി തന്നെ. മറ്റൊരുത്തിക്കും ഏറനാട്ടുടയവരോടു കളിക്കാന്‍ ഇത്ര ധൈര്യം വരില്ല. ഒത്തിരിക്കാലമായിക്കാണും ഇത്തിരി ചോര കുടിച്ചിട്ട്‌. എടീ കള്ളിക്കരിനീലി എന്നാലും നിനക്കീ വയസന്‍ യുക്‌തിവാദിയുടെ ചോര തന്നെ വേണമല്ലേ..?
ഒറ്റ ഓട്ടമായിരുന്നു!
എത്തിയത്‌ കുടുംബവക ക്ഷേത്രനടയില്‍... വീണ്‌ സാഷ്‌ടാഗം നമസ്കരിച്ചു.
വിദേശത്തു കിടന്ന മാര്‍ക്സിനോ ഡല്‍ ഹിയില്‍ ജീവിച്ച ഇടമറുകിനോ നമ്മുടെ നാട്ടിലെ കള്ളിയങ്കാട്ട്‌ നീലിയുടെ ശക്‌തിയെപ്പറ്റി എന്തറിയാം..?! കല്ലേക്കാവിലമ്മേ കാത്തോണേ...!!

(അടുത്തിടെ റെയ്‌ന്‍ബോ ബുക്സ്‌ പ്രസിദ്ധീകരിച്ച 'പെണ്‍ മാറാട്ടം' എന്ന കഥാസമാഹാരത്തില്‍ നിന്നും ഒരു കഥ)

Friday, September 15, 2006

4 മിനിക്കഥകള്‍

പൂവ്‌

നഗരത്തില്‍ പുഷ്പോത്സവം!
കണ്ണുകളെ വിരുന്നൂട്ടാന്‍ ഞാനും പോയി.
നിരത്തിവച്ച വസന്തകാലം
വര്‍ണ്ണങ്ങളുടെ മലഞ്ചരിവുകള്‍
പൂക്കളുടെ പെരുമഴ
പൂക്കള്‍ക്കിടയില്‍ മനോഹരമായ
മറ്റൊരു പൂവ്‌! - ഒരു സൂര്യകാന്തിപ്പൂവ്‌!
അതെന്നെ മിഴിച്ചുനോക്കുന്നു...
അത്‌ അവളായിരുന്നു..!!

ലിഫ്‌റ്റ്‌

അവള്‍ വഴിവക്കില്‍ ഒരു 'ലിഫ്‌റ്റിനു' കാത്തുനില്‌ക്കുകയായിരുന്നു
ഞാന്‍ ഒരു യാത്രക്കാരനും!
എന്റെ കൂടെ പോരുന്നോ..? ഞാന്‍ ചോദിച്ചു
'ഏതാണ്‌ വാഹനം? കാറോ ബൈക്കോ..?'
അവളുടെ അന്വേഷണം.
'രണ്ടുമില്ല നടക്കാന്‍ കൈകോര്‍ത്ത്‌ നടക്കാന്‍..!'
അവള്‍ വന്നു
അവള്‍ എന്റെ ഭാര്യയായി..!!

ബോധിബുദ്ധന്‍

ഈ ജീവിതം മടുത്തു.
എനിക്ക്‌ മുക്‌തി നേടണം.
ഞാന്‍ ബുദ്ധനാവാന്‍ തീരുമാനിച്ചു.
ഭാര്യ കണ്ണീരോടെ എന്നെ യാത്രയാക്കി.
ഞാന്‍ ബോധി വൃക്ഷത്തിന്റെ തണലും
ബോധോദയത്തിന്റെ പുലര്‍ച്ചയും തേടി
അലന്‍ഞ്ഞുനടന്നു.
രാത്രി- കൂരിരുട്ട്‌ - നല്ല തണുപ്പ്‌!
ബോധോദയം - ഒറ്റ നടപ്പ്‌ - തിരിച്ച്‌!!
കിടക്ക വിരിച്ച്‌ ഭാര്യ കാത്തിരിപ്പുണ്ടായിരുന്നു.
സമൃദ്ധമായ ഒരു ഭോഗത്തിനുശേഷം
ഞങ്ങള്‍ സുഖമായി കിടന്നുറങ്ങി!!


വാന്‍ ഗോഖിന്റെ ചെവി

എനിക്ക്‌ വാന്‍ ഗോഖിന്റെ ഒരു ചിത്രം വേണം
സ്വീകരണ മുറി അലങ്കരിക്കാന്‍.
ഞാന്‍ അദ്ദേഹത്തിന്റെ വീടന്വേഷിച്ച്‌ പുറപ്പെട്ടു.
പഴയ വാന്‍ ഗോഗല്ല. ഏറെ മാറിപ്പോയിരിക്കുന്നു.
ആഹാരത്തിന്‌ വകയില്ലാതെ കഴിഞ്ഞ ആളാണ്‌
ഇപ്പോള്‍ പക്ഷേ ബഹുനില മന്ദിരം.
മുറ്റത്ത്‌ വിശാലമായ പുന്തോട്ടം, ജലധാര,
നിരത്തിയിട്ടിരിക്കുന്ന കാറുകള്‍ - മെര്‍സിഡസ്‌, ലക്‌സസ്‌, റോള്‍സ്‌ റോയ്‌സ്‌....
കോളിംഗ്‌ ബല്ലടിച്ച്‌ കാത്തിരുന്നു.
അല്‌പം കഴിഞ്ഞപ്പോള്‍ ഒരു പരിചാരകന്‍ വന്ന് കാരണമന്വേഷിച്ചു പോയി.
പിന്നെയും കാത്തിരുപ്പ്‌.
ഒടുവില്‍ അദ്ദേഹം - വാന്‍ ഗോഖ്‌!
ഉടയാത്ത മുഷിയാത്ത വസ്‌ത്രങ്ങളില്‍ പൊതിഞ്ഞ്‌!
'എനിക്കൊരു ചിത്രം വേണം' ഞാന്‍ വിക്കി.
'ആര്‍ക്കും സൗജന്യമായി ചിത്രങ്ങള്‍ കൊടുക്കാറില്ല. നിങ്ങളെനിക്കെന്തു പകരം തരും?'
പണം - ലക്ഷങ്ങള്‍, മുല്ല്യണ്‍, ബില്ല്യണ്‍.. എത്രവേണം?
വാന്‍ ഗോഖ്‌ പറഞ്ഞു: 'ഞാനിപ്പോള്‍ ആവശ്യത്തിലേറെ സമ്പന്നനാണ്‌. എനിക്ക്‌ നിങ്ങളൂടെ പണം വേണ്ട.'
'പിന്നെ?'
എനിക്ക്‌ നിങ്ങളുടെ ഒരു ചെവി വേണം..!!

Tuesday, September 12, 2006

മടങ്ങിവരവിന്റെ സെപ്‌റ്റംബര്‍

മദ്ധ്യവേനലവധിയുടെ ആലസ്യവും ഓണാഘോഷങ്ങളുടെ ആരവവും ഒടുക്കി പ്രവാസഭൂമിയിലെ യാന്ത്രികപതിവുകളിലേക്കുള്ള മടങ്ങി വരവിന്റെ മാസമാണ്‌ സെപ്‌റ്റംബര്‍! കത്തുന്ന വേനല്‍ച്ചുടില്‍ തളര്‍ന്നുകിടന്ന പ്രവാസഭൂമി വീണ്ടും ഉണരുകയായി.
പ്രിയപ്പെട്ടവരെ പിരിഞ്ഞുപോന്നതിന്റെ ഖേദമാവും ആദ്യത്തെ കുറച്ച്‌ ദിവസത്തേക്ക്‌, മടങ്ങി വന്നവന്റെ മുഖത്താകെ നിറഞ്ഞുനില്‌ക്കുക. യാഥാര്‍ത്ഥ്യത്തിലേക്കു തിരിച്ചുകയറുന്നതിനു മുന്‍പുള്ള സ്വപ്‌നങ്ങളുടെ ഹാങ്ങോവര്‍ എന്നാണതിനെ അവന്‍ വിശേഷിപ്പിക്കുന്നത്‌. എന്നാലും നാടിനെക്കുറിച്ചന്വേഷിക്കുമ്പോള്‍ അവന്റെ മുഖത്ത്‌ അറിയാതെ തെളിയുന്ന ഒരു പ്രകാശമുണ്ട്‌. പിന്നെ എത്ര വലിയ ധൃതിയിലും നാടിന്റെ അവസ്ഥകളെക്കുറിച്ച്‌ ഒന്നുവര്‍ണ്ണിക്കാതെ അവന്‍ നമ്മെ വിട്ടുപോകില്ല. മഴ, രാഷ്‌ട്രീയം, സിനിമ, ചൂട്‌, റോഡുകള്‍, അയല്‍ക്കാരന്റെ മുറ്റത്തെ വിദേശക്കാറുകള്‍ എന്നിങ്ങനെയാണ്‌ ആ പറച്ചിലിന്റെ ഒരു പൊതുസ്വഭാവം. അന്നേരം ഇത്തവണ നാട്ടില്‍ പോകാന്‍ കഴിയാതിരുന്ന ഹതഭാഗ്യന്റെ മുഖത്ത്‌ ഗോപ്യമായി നിറയുന്നത്‌, അസൂയയോ ഖേദമോ.. അതോ ഭാവിയിലേക്കുള്ള സ്വപ്‌നങ്ങളോ?
മടങ്ങിവരുന്നവരൊക്കെ നാടിനെക്കുറിച്ച്‌ അസൂയയോടെ പറയുന്ന രണ്ടുകാര്യങ്ങളുണ്ട്‌. കാശുണ്ടെങ്കില്‍ നാട്ടിലെ ജീവിതം പരമസുഖമാണടോ. നാടാകെ മാറിപ്പോയെടോ, ഇപ്പോ നാട്ടുകാരുടെ കയ്യിലൊക്കെ എന്താ പണം?!! നമ്മള്‍ പാവം പ്രവാസികള്‍ പത്തിന്റെയും നൂറിന്റെയും താളുകള്‍ പോക്കറ്റില്‍ വച്ചിറുക്കിക്കൊടുക്കുമ്പോള്‍ അവര്‍ അഞ്ഞൂറിന്റെയും ആയിരത്തിന്റെയും താളെടുത്ത്‌ വീശിയാണ്‌ നമ്മെ അസൂയപ്പെടുത്തുക. പണ്ടൊക്കെ നാട്ടില്‍ ഓരോന്നിനു വില കൂടുന്നതിനും നമ്മള്‍ പ്രവാസികളെ ആയിരുന്നു നാട്ടുകാര്‍ പഴി പറഞ്ഞിരുന്നത്‌, ഇവന്റെയൊക്കെ അല്‌പത്തരവും ധാരാളിത്തവുമാണ്‌ എല്ലാവിലക്കയറ്റത്തിന്റെയും കാരണമെന്ന്. ഇന്നുപക്ഷേ അവര്‍ നമ്മുടെ ഈ ഇറുക്കിപ്പിടുത്തം കണ്ട്‌ പുച്‌ഛിച്ചു ചിരിക്കുകയാണ്‌.
പ്രിയപ്പെട്ട പ്രവാസാ, നമ്മളിങ്ങനെ രാപകല്‍ അര്‍ബാബിന്റെ ചീത്തവിളി കേട്ട്‌ മെടഞ്ഞിട്ടും നമുക്കെന്താണ്‌ അന്തസ്സോടെ ജീവിക്കാന്‍ ഒരു സൗഭാഗ്യമില്ലാതെ പോകുന്നത്‌..? നാട്ടുകാരനെപ്പോലെ, ആളുന്ന നെഞ്ചത്ത്‌ കൈവയ്ക്കാതെ, അഞ്ഞൂറിന്റെയും ആയിരത്തിന്റെയും താളെടുത്ത്‌ വീശാന്‍ കഴിയാത്തത്‌..?! വീടിന്റെ മുറ്റത്ത്‌ ഒരു വിദേശനിര്‍മ്മിത വാഹനം പോയിട്ട്‌ ഒരു നാടന്‍ സൈക്കിള്‍ പോലും വങ്ങിയിടാന്‍ നിവൃത്തിയില്ലാത്തവനായി പോകുന്നത്‌..? പട്ടിണിയും പരിവട്ടവും തൊഴിലില്ലായ്മയും നടമാടുന്നെന്ന് പറയുമ്പോഴും നാട്ടുകാരന്റെ പോക്കറ്റില്‍ ഈ പുത്തന്‍ താളുകള്‍ എവിടെ നിന്നു വരുന്നു..? ഈ സുഭിക്ഷിതയും ധാരാളിത്തവും എവിടെ നിന്നു വരുന്നു..? എല്ലാവരും കള്ളപ്പണക്കാരല്ലല്ലോ...
നാടിനെപ്പറ്റിയുള്ള നമ്മുടെ ഈ വമ്പുപറച്ചിലുകളെല്ലാം നമ്മുടെ ഗൃഹാതുരസ്വപ്‌നങ്ങളുടെ ബാക്കിപ്പത്രമായിക്കണ്ടാല്‍ മാത്രം മതിയോ..? അതോ, അതിവേഗത്തില്‍ മാറിക്കൊണ്ടിരിക്കുന്ന സ്വന്തം നാടിനെ മനസ്സിലാക്കാന്‍ വയ്യാതെ ഏറെ പിന്നിലായിപ്പോയ ഒരുവന്റെ ഭീതിപൂണ്ട അങ്കലാപ്പുകളോ..?!!

Sunday, September 10, 2006

ആരുടെ ഓണം..?

സമകാലികലോകത്തില്‍ വളരെ പ്രസക്‌തമായ ഒരു ചോദ്യമാണിതെന്ന് ഞാന്‍ വിചാരിക്കുന്നു. കാരണം കേരളത്തിന്റെ നനാജതി മതസ്ഥര്‍ വര്‍ഗ്ഗവര്‍ണ്ണ വ്യതാസങ്ങളില്ലാതെ ആഘോഷിച്ചിരുന്ന ഈ ഉത്സവത്തെ ആരൊക്കെയോ ശക്‌തികള്‍ ഹൈജാക്ക്‌ ചെയ്യാന്‍ ശ്രമിക്കുന്ന ഒരു കേരളക്കാഴ്ച നാം സൂക്ഷ്മമായി നിരീക്ഷിക്കേണ്ടതുണ്ട്‌.

ഇതുപറയാന്‍ ഇപ്പോള്‍ ഒരു പ്രധാന കാരണമുണ്ട്‌. കഴിഞ്ഞ ദിവസം കണ്ട ഒരു വാര്‍ത്ത - ഓണത്തിന്‌ അവധി നല്‌കാത്തതിനാല്‍ കോളേജ്‌ വിദ്യാര്‍ത്ഥികള്‍ സമരത്തില്‍ - അവധി നല്‌കാന്‍ഞ്ഞതിന്‌ കോളേജ്‌ പ്രിന്‍സിപ്പലിന്റെ നീതീകരണം ഇങ്ങനെ - ഞങ്ങള്‍ മതാഘോഷങ്ങള്‍ക്ക്‌ അവധി നല്‌കാറില്ല.
ചോദ്യം ഒന്ന് - ഓണം ഒരു മതാഘോഷമാണെന്ന് ആ പ്രഫസറെ പഠിപ്പിച്ചതാര്‌. അദ്ദേഹത്തിന്റെ വാക്കുകള്‍ക്ക്‌ പിന്നില്‍ കേരളത്തില്‍ നാമൊക്കെ വിചാരിക്കുന്നതിലും അപ്പുറത്തുള്ള ഒരു മതവൈരവും മതവൈരുധ്യവും വളര്‍ന്നു വരുന്നുണ്ട്‌ എന്ന സൂചനയില്ലേ..?
ഒരു ഇരുപത്‌ വര്‍ഷമുന്‍പ്‌ കേരളത്തില്‍ ആരെങ്കിലും ഇങ്ങനെ ഓണത്തെപ്പറ്റി പറയാന്‍ പോയിട്ട്‌ ചിന്തിക്കാനെങ്കിലും തയ്യാറാവുമോ..?

ചോദ്യം രണ്ട്‌ - പ്രഫസറെ മാത്രം നമുക്ക്‌ കുറ്റം പറയാനാവുമോ...? അദ്ദേഹത്തിന്റെ വാക്കുകള്‍ക്ക്‌ പിന്നില്‍ തികഞ്ഞ മതാന്ധതയ്ക്കപ്പുറം മറ്റൊരു സത്യം ഒളിഞ്ഞുകിടപ്പില്ലേ.? അതായത്‌ ഓണത്തെ ഹൈജാക്കു ചെയ്യാന്‍ ഹൈന്ദവ ഫാസ്‌സിറ്റ്‌ കക്ഷികള്‍ ശ്രമിക്കുന്നതിന്റെ അത്‌ ഫലം കാണുന്നതിന്റെ ഒരു സൂചന..?!
ആരും പരിഭവിച്ചിട്ട്‌ കാര്യമൊന്നുമില്ല. ഓണം ഇന്ന് ആരുടെയൊക്കെയോ ശ്രമഫലമായി തികഞ്ഞ ഹൈന്ദവാഘോഷമായി തീര്‍ന്നുകൊണ്ടിരിക്കുന്നു. അതില്‍ എങ്ങനെയൊക്കെയോ ഹൈന്ദവദൈവങ്ങളെ കടത്തി വിടാനും ഹൈന്ദവബിംബങ്ങളെ ആഘോഷിക്കാനും ഒരു ശ്രമം നടക്കുന്നുണ്ട്‌. ഓണത്തിനോടനുബന്ധിച്ച ഘോഷയാത്രകളില്‍ തെയ്യം വെളിച്ചപ്പാട്‌, എന്നിവരുടെ ഒക്കെ കടന്നുകയറ്റം സ്വഭാവികമെന്ന് കരുതി അവഗണിച്ചുകൂടാ. തികഞ്ഞ ഹൈന്ദവബിംബസൂചനകള്‍ തന്നെയാണത്‌. അതേസമയം ഈ അഘോഷങ്ങളില്‍ മതനിരപേക്ഷതയുടെയോ ഹൈന്ദവബാഹ്യമായതോ ആയ യാതൊരു ബിംബങ്ങളോ സൂചനകളോ ഇല്ലതാനും. അപ്പോള്‍ ഒരാാള്‍ ഓണത്തിനെ മതാഘോഷം എന്ന് വിളിച്ചെങ്കില്‍ അതിനെ തള്ളിക്കളയാന്‍ ഒക്കുമോ..?

ഓണത്തിനെ ഹൈന്ദവം എന്ന് വിശേഷിപ്പിച്ച പ്രഫസറുടെ വാക്കുകള്‍ എത്രത്തോളം നമ്മുടെ മതനിരപേക്ഷതയ്ക്ക്‌ കളങ്കം ചാര്‍ത്തുന്നുവോ അത്രതന്നെ ഗൗരവമായ ഒരു കാര്യമാണ്‌ ഓണത്തിനിടയില്‍ കയറിക്കൂടുന്ന ഹൈന്ദവബിംബങ്ങളും.
രണ്ടുതരം വിഭാഗീയ ചിന്തകളെയും വര്‍ഗ്ഗീയ ചിന്തകളെയും നാം തിരിച്ചറിയേണ്ടതുണ്ട്‌. രണ്ടിനെയും ചെറുക്കേണ്ടതുമുണ്ട്‌. ഇല്ലെങ്കില്‍ അത്‌ കേരളത്തിന്റെ ഭാവിയെ ദോഷകരമായി ബാധിക്കും. ഓണത്തിന്റെ ഭാവിയെ അത്‌ ദോഷകരമായി ബാധിക്കും. സമത്വസുന്ദരമായ ഒരു ലോകം സ്വപ്നം കാണാന്‍ അവസരം തരുന്ന ഓണം ആരെങ്കിലുമൊക്കെ തത്‌പരകക്ഷികള്‍ അവരുടെ ഇഷ്ടത്തിലേക്ക്‌ ഹൈജാക്കു ചെയ്‌തുകൊണ്ടുപോയെന്നിരിക്കും. ജാഗ്രതേ..!!