Friday, November 19, 2010

പത്താംക്ലാസ് പുതിയപുസ്തകങ്ങള്ക്ക് കരട് തയ്യാര്; കേരളപ്പുതുമയും 'ആടുജീവിത'വും പഠിക്കാം

മാതൃഭൂമിയില്‍ നിന്നുള്ള വാര്‍ത്ത:
Posted on: 17 Nov 2010
തിരുവനന്തപുരം: പത്താംക്ലാസ് പാഠപുസ്തകങ്ങള്‍ പരിഷ്‌കരിക്കുന്നതിനുള്ള കരടിന് രൂപമായി. എല്ലാ വിഷയങ്ങളുടെയും പരിഷ്‌കരിച്ച പതിപ്പിന്റെ കരടിന് കരിക്കുലം സബ് കമ്മിറ്റികള്‍ അംഗീകാരം നല്‍കി. സംസ്ഥാന കരിക്കുലം കമ്മിറ്റിയും പാഠപുസ്തകകമ്മീഷനും പരിഷ്‌കരിച്ച പതിപ്പിന് അംഗീകാരം നല്‍കേണ്ടതുണ്ട്. അടുത്ത അധ്യയനവര്‍ഷം പുതിയ പുസ്തകങ്ങള്‍ നല്‍കാനാണ് ഉദ്ദേശിക്കുന്നത്.
സാധാരണ ഏറെ വിവാദങ്ങള്‍ക്ക് ഇടനല്‍കുന്ന സാമൂഹ്യപാഠപുസ്തകം അതീവ ശ്രദ്ധയോടെയാണ് കരിക്കുലം കമ്മിറ്റി പരിഷ്‌കരിക്കുന്നത്. പ്രത്യേകിച്ച് തിരഞ്ഞെടുപ്പുവര്‍ഷമായതിനാല്‍ വിവാദങ്ങള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കുന്നുണ്ട്. എങ്കിലും പ്രതിപക്ഷ അധ്യാപക സംഘടനയിലെ പ്രതിനിധികള്‍ ചില ഭാഗങ്ങള്‍ സംബന്ധിച്ച് എതിര്‍പ്പ് ഉയര്‍ത്തിയിട്ടുണ്ട്. രേഖാമൂലം നിര്‍ദേശിച്ച മാറ്റങ്ങള്‍ കൂടി ഉള്‍പ്പെടുത്തി പുസ്തകങ്ങള്‍ പരിഷ്‌കരിക്കാനാണ് തീരുമാനം.
സാമൂഹ്യപാഠത്തില്‍ 'ആധുനികകാലത്തിന്റെ ഉദയം', 'വിപ്ലവങ്ങളുടെ കാലം', 'സാമ്രാജ്യത്വത്തിന്റെ വളര്‍ച്ച', 'ലോകയുദ്ധവും തുടര്‍ച്ചയും', 'രണ്ടാംലോകയുദ്ധവും സാമ്രാജ്യത്വത്തിന്റെ തകര്‍ച്ചയും' എന്നിവയാണ് ആദ്യ ഭാഗത്തിലെ അധ്യായങ്ങള്‍. രണ്ടാംഭാഗത്ത് '19, 20 നൂറ്റാണ്ടുകളിലെ ധൈഷണിക പ്രവണതകള്‍', 'ഇന്നത്തെ ഇന്ത്യ', 'കേരളപ്പുതുമ', 'ദേശീയോദ്ഗ്രഥനം', 'ജനാധിപത്യം', 'മനുഷ്യാവകാശങ്ങള്‍', 'അന്തര്‍ദേശീയ സംഘടനകള്‍' എന്നിവയുണ്ട്.
കാര്‍ഷിക, വ്യാവസായിക, വിപ്ലവങ്ങളാണ് ആധുനിക ലോകത്തിന്റെ ഉദയത്തിലെ പ്രധാന ഉള്ളടക്കം. വിപ്ലവങ്ങളുടെ കാലം എന്നതില്‍ ഫ്രഞ്ച് വിപ്ലവത്തില്‍നിന്നാണ് തുടക്കം. തൊഴിലവകാശങ്ങള്‍ നിഷേധിക്കപ്പെട്ടതിനെത്തുടര്‍ന്ന് വിപ്ലവം മറ്റ് രാജ്യങ്ങളിലേക്ക് പടര്‍ന്നതും പ്രതിപാദിച്ചിട്ടുണ്ട്. മതങ്ങള്‍ മനുഷ്യനെ നവീകരിച്ച പാഠങ്ങള്‍ക്കൊപ്പം പിന്നീട് മതനേതാക്കളുടെ നിലപാടുകള്‍ക്കെതിരെ വിശ്വാസികള്‍ സംഘടിച്ചതും വിപ്ലവത്തിന്റെ ഭാഗം തന്നെ. ഡാന്റെയുടെയും മറ്റും കൃതികളില്‍നിന്നുള്ള ഉദ്ധരണികളിലൂടെയാണ് കത്തോലിക്കാസഭയിലും മറ്റും ഉടലെടുത്ത ഉരുള്‍പൊട്ടലുകള്‍ പ്രതിപാദിച്ചുപോരുന്നത്.
കഴിഞ്ഞ നൂറ്റാണ്ടുകളിലെ ധൈഷണിക പ്രവണതകളിലെത്തുമ്പോള്‍ മാര്‍ക്‌സിന്റെ സിദ്ധാന്തവും മറ്റും കടന്നുവരുന്നു. ഇന്നത്തെ ഇന്ത്യയില്‍ സ്വാതന്ത്ര്യത്തോടനുബന്ധിച്ച് നെഹ്‌റു നടത്തിയ പ്രസംഗത്തില്‍നിന്നാണ് തുടക്കം. ഗാന്ധിജിയുടെ കൊലപാതകം, ഇന്ത്യാ വിഭജനം എന്നിവയ്‌ക്കൊപ്പം ബാങ്ക് ദേശസാല്‍ക്കരണമടക്കമുള്ള ഇന്ദിരാഗാന്ധിയുടെ പുരോഗമനപരമായ ഭരണപരിഷ്‌കാരങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ചേരീചേരാനയവും ആഗോളീകരണവും പാഠപുസ്തകത്തില്‍ കടന്നുവരുന്നു. എന്നാല്‍, ഇവയ്‌ക്കെല്ലാമെതിരെ വിമര്‍ശനപരമായ കാഴ്ചപ്പാടല്ല ഉള്ളടക്കത്തിന്റെ പൊതുസ്വഭാവം. നിലപാടുകള്‍ സ്വീകരിക്കുന്നതിനുള്ള അവകാശംവിദ്യാര്‍ഥികള്‍ക്ക് നല്‍കുകയാണ്.കേരളപുതുമയില്‍ ഭൂപരിഷ്‌കരണം, വിദ്യാഭ്യാസമേഖലയിലെ പരിഷ്‌കാരം, സാക്ഷരത, ജനകീയാസൂത്രണം എന്നിവയുണ്ട്. ദേശീയോദ്ഗ്രഥനത്തില്‍ ഇന്ത്യയില്‍ നാമ്പെടുക്കുന്ന പ്രാദേശികവാദത്തിന്റെ അപകടം വരച്ചുകാട്ടുന്നു.
മലയാള പാഠപുസ്തകവും രണ്ട് ഭാഗമായാണ് എത്തുക. ആദ്യഭാഗത്ത് ലോകസമാധാനം ലക്ഷ്യമാക്കിയുള്ള 'അശാന്തിപര്‍വങ്ങള്‍ക്കപ്പുറം' എന്നതാണ് ഒന്നാം ഭാഗം. തകഴി, എഴുത്തച്ഛന്‍, കുട്ടികൃഷ്ണമാരാര്‍ എന്നിവരുടെ സൃഷ്ടികള്‍ ഇതിലുണ്ട്.
സ്ത്രീപുരുഷസമത്വം, ലക്ഷ്യമിടുന്ന 'ഇരുചിറകുകള്‍ ഒരുമയിലങ്ങനെ' എന്ന പാഠത്തില്‍ കുമാരനാശാന്‍, സുഗതകുമാരി, ഗീതാ ഹിരണ്യന്‍ എന്നിവരുടെ രചനകളുണ്ട്. പ്രാചീനകലകളെ പ്രതിപാദിക്കുന്ന 'കാലിലാലോലം ചിലമ്പുമായി' എന്ന ഭാഗത്ത് ഉണ്ണായിവാര്യര്‍, അയ്യപ്പപ്പണിക്കര്‍ എന്നിവരുടെ കൃതികളാണുള്ളത്. മനുഷ്യമഹത്വം വിഷയമാക്കിയ നാലാം യൂണിറ്റില്‍ ഉള്ളൂര്‍, പി.ഭാസ്‌കരന്‍, കാരൂര്‍, അക്കിത്തം, മാധവിക്കുട്ടി എന്നിവരുടെ സൃഷ്ടികള്‍ ഉള്‍പ്പെടുത്തി.
'ദേശപ്പെരുമ'യില്‍ ആര്‍ട്ടിസ്റ്റ് നമ്പൂതിരി പൊന്നാനിയെ രേഖാചിത്രത്തിലൂടെ അവതരിപ്പിച്ചതുണ്ട്. കോവിലന്‍, കടമ്മനിട്ട, സക്കറിയ എന്നിവരുടെ കൃതികള്‍ ഇതില്‍ വരും.
'വാക്കാം വര്‍ണക്കുടചൂടി' എന്ന പാഠത്തോടെയാണ് രണ്ടാംഭാഗത്തിന് തുടക്കം. വള്ളത്തോള്‍, കെനിയന്‍ എഴുത്തുകാരന്‍ ഗൂഗി വാപി ഓംഗൊ, പി.കുഞ്ഞിരാമന്‍നായര്‍ എന്നിവരുടെ രചനകള്‍ ഇതില്‍ ഉള്‍പ്പെടും.
'വേണമീ സ്‌നേഹബന്ധങ്ങളൂഴിയില്‍' എന്ന പാഠത്തില്‍ ഒ.എന്‍.വി., വി.ടി.ഭട്ടതിരിപ്പാട്, റഫീഖ് അഹമ്മദ്, ഇ.ഹരികുമാര്‍ എന്നിവരുടെ സൃഷ്ടികളുണ്ട്.
'അലയും മലയും കടന്നവര്‍' എന്ന അവസാനപാഠത്തില്‍ ബെന്യാമിന്റെ 'ആടുജീവിതം', വൈലോപ്പിള്ളിയുടെ 'ആസാം പണിക്കര്‍', ബാബു ഭരദ്വാജിന്റെ 'ഡിസംബറിലെ നക്ഷത്രങ്ങള്‍ അനുഭവക്കുറിപ്പ്' എന്ന കൃതികളില്‍നിന്നുള്ള ഭാഗങ്ങളുണ്ട്.
മലയാളത്തിലെ എണ്ണംപറഞ്ഞ എഴുത്തുകാരെ പാഠപുസ്തകങ്ങളില്‍ നിന്നൊഴിവാക്കിയെന്ന മുന്‍വര്‍ഷങ്ങളിലെ പരാതി ഇക്കുറി ഉയരാതിരിക്കാനും കരിക്കുലം കമ്മിറ്റി ശ്രദ്ധിച്ചിട്ടുണ്ട്.

http://www.mathrubhumi.com/online/malayalam/news/story/623186/2010-11-17/kerala

Saturday, November 13, 2010

First Proof 6


I am delighted to inform that Penguin India Included me also in their new Anthology named First Proof 6.
It is a collection of new writings including poems, fiction, essays from various indian languages.
Details are here:


Friday, January 22, 2010

അവതാറിലെ അപ്പൂപ്പന്‍ താടികള്‍

ലോകത്തില്‍ ഇതേവരെ ഇറങ്ങിയിട്ടുള്ളതില്‍ വച്ച് ഏറ്റവും ചിലവുകൂടിയ സിനിമ ആയതുകൊണ്ടല്ല അവതാറിനെക്കുറിച്ച് ഒരു പോസ്റ്റ് ഇടണമെന്ന് ആഗ്രഹിച്ചത്. അതിലെ ചില ഇടങ്ങള്‍ വല്ലാതെ ആകര്‍ഷിച്ചതുകൊണ്ടാണ്. മനുഷ്യമനസ്സിന് സങ്കല്പിക്കാവുന്നതിനും അപ്പുറത്തെ പ്രകൃതിയുടെ ഗിരിമ ഈ ചിത്രം നമുക്ക് കാണിച്ചുതരുന്നു. സൌരയൂഥത്തിനും വെളിയിലുള്ള പാന്‍‌ഡോര എന്ന എന്ന (സങ്കല്പ)ഗ്രഹത്തിന്റെ സൌന്ദര്യമാണ് ജെയിംസ് കാമറൂണ്‍ നമുക്ക് മുന്നില്‍ വരച്ചിടുന്നത്. മനുഷ്യന്റെ ഇടപെടല്‍ മൂലം ഭൂമിയില്‍ നിന്ന് അന്യം നിന്നുകൊണ്ടിരിക്കുന്ന ജൈവബന്ധങ്ങളുടെ സൂക്ഷ്മാവസ്ഥ ഈ ഗ്രഹത്തിലുണ്ടെന്ന് കാമറൂണ്‍ നമ്മോടു പറയുന്നു. ജീവജാലങ്ങള്‍ തമ്മിലുള്ള ആത്മബന്ധം, അവിടുത്തെ മണ്ണും മനുഷ്യരും തമ്മിലുള്ള ജൈവബന്ധം, പ്രകൃതിയുടെ ഏറ്റവും പൌരാണികമായ താളം, പ്രകൃതിയില്‍ നിന്നു തന്നെ മനുഷ്യന്‍ നേരിട്ട് സ്വീകരിക്കുന്ന ഊര്‍ജ്ജം എന്നിവയൊക്കെ സങ്കല്പമാണെങ്കില്‍പ്പോലും ഭൂമിയില്‍ മനുഷ്യന്‍ ആയിരിക്കേണ്ട അവസ്ഥകളെക്കുറിച്ച് നമ്മെ ഓര്‍മ്മിപ്പിക്കുന്നുണ്ട്. ഭൂമിയിലെ മനുഷ്യനായ ജാക്കി സള്ളി അവിടെ ആദ്യമായി എത്തുമ്പോള്‍ അവനെ പ്രണയപൂര്‍വ്വം സ്വീകരിക്കുന്നത് അപ്പൂപ്പന്‍ താടികളാണ്. അവനെ പ്രകൃതി സ്വീകരിക്കുന്നു എന്നതുകൊണ്ടാണ് അവിടുത്തെ മനുഷ്യന്‍ അവനെ സ്വീകരിക്കാന്‍ തയ്യാറാവുന്നത്. അവിടുന്ന് അവന്‍ പാന്‍‌ഡോരയിലെ ജൈവീകതയും പ്രകൃതിയും ഓരോന്നായി അനുഭവിക്കുകയും പഠിക്കുകയുമാണ്. പ്രകൃതിയുമായിം ബന്ധം സ്ഥാപിക്കാതെയും ഇഴകിച്ചേരാതെയും അവിടെ തുടരാനാവില്ല എന്ന പാഠമാണ് അവന്‍ അവിടെ ആദ്യം പഠിക്കുന്നത്. ഓരോ ജീവജാലങ്ങളും പക്ഷിമൃഗാദികള്‍ക്കും അതിന്റേതായ ഭൂമികയുണ്ടെന്നും അതിലേക്കുള്ള കടന്നുകയറ്റങ്ങളെ അവ ചെറുക്കുമെന്ന, മനുഷ്യന്‍ പലപ്പോഴും മറന്നുപോകുന്ന പാഠമാണ് അവന്‍ പിന്നീട് പഠിക്കുന്നത് (സിനിമ നമ്മെ ഓര്‍മ്മിപ്പിക്കുന്നത്) ആദ്യം സൂചിപ്പിച്ചതുപോലെ മനുഷ്യസങ്കല്പത്തിനപ്പുറത്തുള്ള പ്രകൃതി ദൃശ്യങ്ങളാണ് പാന്‍‌ഡോരയില്‍ അവന്‍ കാണുന്നത്. അപാരമായ വടവൃക്ഷങ്ങള്‍, കിലോമീറ്ററുകളോളം നീളമുള്ള വൃക്ഷശാഖകള്‍, പേടിപ്പിക്കുന്ന കിഴുക്കാം തൂക്കുകള്‍, തൂങ്ങിക്കിടക്കുന്ന ദ്വീപുകള്‍, മഹാവെള്ളച്ചാട്ടങ്ങള്‍, അതിനിബിഡവനങ്ങള്‍, ഭീമാകാരങ്ങളായ ഡ്രാഗണ്‍ പക്ഷികള്‍, മൃഗങ്ങള്‍, ഉരഗങ്ങള്‍, പ്രകാശിക്കുന്ന ചെടികള്‍, ചേമ്പിലയോളം വലുപ്പമുള്ള തൊട്ടാവാടികള്‍ ചവിട്ടുമ്പോള്‍ പ്രകാശിക്കുന്ന ഭൂതലം, വൃക്ഷത്തിന്റെ ശിഖിരത്തില്‍ ഉറങ്ങുന്ന മനുഷ്യര്‍ (അങ്ങനെ വിളിക്കാമെങ്കില്‍ - ബ്ലൂ മങ്കീസ് എന്നാണ് സിനിമയില്‍ വിളിക്കുന്നത്) അങ്ങനെ ദൃശ്യത്തിലെ ഒരു പെരുമതന്നെ പാന്‍‌ഡോരയില്‍ നമുക്കായി കാത്തിരിക്കുന്നു. ഈ ജീവജാലങ്ങളുമായി അവിടുത്തെ മനുഷ്യര്‍ സൂക്ഷിക്കുന്ന ആത്മബന്ധമാണ് ഈ സിനിമയുടെ പരാമര്‍ശത്തിന് അര്‍ഹമായ ജൈവീകത. ഓരോ ജീവികളോടും ഒരു പ്രത്യേകതരത്തില്‍ ബന്ധം സ്ഥാപിച്ചുകൊണ്ട് ഒരേ മാനസിക വികാരമുള്ളവരായി മാറാം എന്നു ജെയിംസ് കാമറൂണ്‍ പറയുമ്പോള്‍ മനുഷ്യന്‍ പ്രകൃതിയോട് കൂടുതല്‍ ഇണങ്ങേണ്ടുന്നതിന്റെയും ഇഴകിച്ചേരേണ്ടതിന്റെയും പ്രകൃതിയെ തന്റെ തന്നെ ഭാഗമായി കാണേണ്ടതിന്റെയും ആവശ്യകതയാണ് തെളിഞ്ഞുവരുന്നത്. അധിനിവേശം ഈ ചിത്രത്തില്‍ ഒരു പ്രധാന ചര്‍ച്ചാവിഷയമാണ്. അധിനിവേശത്തില്‍ മനുഷ്യന്‍ പ്രകൃതിയോടും ആദിമമനുഷ്യരോടും കാണിക്കുന്ന ക്രൂരതയും ദയാരാഹിത്യവും ഈ ചിത്രം നമ്മെ കൃത്യമായി ഓര്‍മ്മിപ്പിക്കുന്നു. മനുഷ്യന്റെ എല്ലാ അധിനിവേശങ്ങളും കുടിയേറ്റങ്ങളും ഇതുപോലെ സര്‍വ്വജീവജാലങ്ങളെയും ആ ഭൂമിയുടെ യഥാര്‍ത്ഥ അവകാശികളെയും നശിപ്പിച്ചുകൊണ്ടായിരുന്നു എന്ന ഓറ്മ്മപ്പെടുത്തല്‍ പലരെയും അസ്വസ്ഥപ്പെടുത്തുന്നതുതന്നെ. അതുകൊണ്ടുതന്നെയാ‍വാം, ഇത് യൂറോപ്പിനെതിരെയുള്ള ചിത്രം എന്ന വിമര്‍ശനം ഇതിനോടകം തന്നെ ഉയര്‍ന്നുകഴിഞ്ഞിരിക്കുന്നത്. അധിനിവേശത്തിനു ശ്രമിക്കുന്ന മനുഷ്യന്‍ അവസാനം തോല്ക്കുന്ന ചിത്രം എന്ന നിലയിലും അവതാര്‍ ഒരു പുതിയ വീക്ഷണം നമുക്ക് മുന്നില്‍ വയ്ക്കുന്നുണ്ട്. പാന്‍ഡോരയിലേക്ക് കടന്നുകയറാന്‍ ശ്രമിച്ചവരില്‍, അവരില്‍ ഒരാളായി മാറുകയും അവരെ ഇഷ്ടപ്പെടുകയും ചെയ്‌ത നായകനു മാത്രമേ അവിടെ തുടരാന്‍ കഴിയുന്നൂള്ളു. ഇത് കുടിയേറ്റത്തിന് ഒരു പുതിയ വീക്ഷണം നല്കുന്നുണ്ട്. ഒരു സയന്‍സ് ഫിക്‌ഷന്റെ എല്ലാ മസാല ചേരുവകളും കൃത്യം പാകത്തില്‍ ചാലിച്ച ചിത്രമാണെങ്കിലും ഇങ്ങനെയൊക്കെ ചില പ്രത്യേകതകളാണ് ഇതിനെ പരമര്‍ശത്തിന് അര്‍ഹമാക്കുന്നത്. അതേപോലെതന്നെ ഇതിന്റെ ചിത്രീകരണത്തിന്റെ സമ്പന്നത, സൂക്ഷ്മത, ശബ്ദസന്നിവേശം, ഡിജിറ്റല്‍ ഇഫക്സ് എന്നിവയൊക്കെ സമാന്യചിന്തകള്‍ക്കപ്പുറത്തെ കൃത്യതയാണ് പ്രകടിപ്പിക്കുന്നത്. ഒരു സിനിമ എന്ന നിലയില്‍ തന്നെ അത് കണ്ടറിയേണ്ടതാണ്. അതുകൊണ്ടുതന്നെയാണ്‍് ഇത് ടൈറ്റാനിക്കിനോട് കിടപിടിക്കുന്ന, അല്ലെങ്കില്‍ അതിനേക്കാള്‍ മികച്ച ചിത്രമായി മാറുന്നത്. ജെയിംസ് കാമറൂണിന്റെ പതിനഞ്ചുവര്‍ഷത്തെ അധ്വാനം വെറുതെ ആയില്ല എന്നാശ്വസിക്കാം. ഈ ചിത്രം അതിന്റെ സമ്പൂര്‍ണ്ണതില്‍ ആസ്വദിക്കണമെങ്കില്‍ ത്രീഡിയില്‍ തന്നെ കാണണം എന്നുകൂടി പറയുവാനുണ്ട്.