Thursday, September 25, 2008

നസ്രാണികളുടെ അക്കപ്പോര്‌ തുടങ്ങി...


മാധ്യമം വാരികയില്‍ പ്രസിദ്ധീകരിച്ച ‘അക്കപ്പോരിന്റെ ഇരുപത്‌ നസ്രാണിവര്‍ഷങ്ങള്‍’ എന്ന നോവല്‍ ഇപ്പോള്‍ ഡി.സി. ബുക്‌സ്‌ - പുസ്‌തകരൂപത്തില്‍ പുറത്തിറക്കിയിരിക്കുന്നു.

ഈ നോവലിനെക്കുറിച്ച്‌ കറന്റ്‌ ബുക്‌സ്‌ ബുള്ളറ്റിനില്‍ വന്ന പരിചയപ്പെടുത്തല്‍:

സഭാതര്‍ക്കങ്ങള്‍ ഇന്നൊരു വാര്‍ത്തയല്ല. കഥ അറിയാതെ ആട്ടം കാണുന്നവരെപ്പോലെ സഭാവിശ്വാസികളല്ലാത്തവരും ചാനലുകളിലൂടെയും പത്രങ്ങളിലൂടെയും ഈ പോര്‌ കണ്ട്‌ അന്തം വിട്ടിരിക്കുന്നുണ്ട്‌. ആദരണീയരായ സഭാമേധാവികള്‍ - ചാനല്‍ വാര്‍ത്തകളില്‍ പ്രത്യക്ഷപ്പെട്ട്‌ സഭാതര്‍ക്കങ്ങള്‍ ടെലിവിഷനിലിട്ടലയ്‌ക്കുമ്പോഴും എല്ലാപേരും ഞെട്ടുകയാണ്‌. ദശാബ്ദങ്ങളായി തുടര്‍ന്നുവരുന്ന ഈ സഭാതര്‍ക്കത്തിന്റെ കുന്നായ്‌മകളിലേക്കാണ്‌ ബെന്യാമിന്‍ അക്കപ്പോരിന്റെ ഇരുപത്‌ നസ്രാണി വര്‍ഷങ്ങള്‍ എന്ന നോവലിന്റെ ജാലകം തുറന്നുവയ്ക്കുന്നത്‌.

അക്കപ്പോരെന്നത്‌ തെക്കന്‍ തിരുവിതാംകൂറില്‍ നാത്തൂന്‍ പോരെന്നറിയപ്പെടുന്ന ഗാര്‍ഹിക സംഘര്‍ഷമാണെന്ന് കരുതുന്നു. ഇതൊരു ആഭ്യന്തര ലഹളയാണ്‌. നാത്തൂനും നാത്തൂനും ചേര്‍ന്നുള്ള ഒരു അടുക്കളപ്പോര്‌. അതില്‍ വീടിനു പുറത്തുള്ളവര്‍ക്ക്‌ റോളില്ല. എന്നാല്‍ അതിന്റെ അപശബ്‌ദങ്ങള്‍ വീട്ടിനുള്ളില്‍ ഒതുങ്ങിനില്‌ക്കുന്നില്ല. ഇതുതന്നെയാണ്‌ സഭാതര്‍ക്കത്തിന്റെയും കാര്യം. സഭയ്ക്കു പുറത്തുള്ളവര്‍ക്ക്‌ അതില്‍ കാര്യമൊന്നുമില്ല. എന്നാല്‍ അവര്‍ മൂക്കത്ത്‌ വിരല്‍ വച്ച്‌ അതിലേക്ക്‌ ചുഴിഞ്ഞുനോക്കുന്നുണ്ട്‌. ഒരേ സഭയ്ക്കുള്ളിലെ മലങ്കരവിഭാഗവും പാത്രിയാര്‍ക്കീസ്‌ വിഭാഗവും തമ്മില്‍ മാന്തളിര്‍ ഇടവക കേന്ദ്രമാക്കി നടത്തുന്ന അക്കപ്പോരിന്റെ രണ്ടു ദശാബ്ദത്തെ ചരിത്രമാണ്‌ ആക്ഷേപഹാസ്യത്തിന്റെ ഒരാന്തരക്കുന്തിരിക്കമണത്തോടെ ബെന്യാമിന്‍ ആവിഷ്കരിക്കുന്നത്‌.

മാന്തളിര്‍ കുഞ്ഞൂഞ്ഞും മാന്തളിര്‍ മത്തായിയും മറ്റനേകം വേഷങ്ങളും ഇതിലെ അക്കപ്പോരുകാരായി അണിനിരക്കുന്നു. അവര്‍ മപ്പടിച്ച്‌ താളം ചവിട്ടി പള്ളിമുറ്റത്ത്‌ അണിനിരക്കുമ്പോള്‍ അതൊരു കൗതുകക്കാഴ്ചയാവുന്നു. എല്ലാ ഞായറാഴ്ചകളിലും അത്‌ ആവര്‍ത്തിക്കുമ്പോള്‍ ആ കൗതൂകക്കാഴ്ച ഒരനുഷ്ഠാനവിശേഷമാകുന്നു. പിന്നെ അതില്ലാത്ത ഒരു ഞായറാഴ്ച ചിന്തിക്കാന്‍ തന്നെ പ്രയാസമാകുന്നു. മലങ്കര പാത്രിക്കീസ്‌ സഭകള്‍ തമ്മിലുള്ള സുദീര്‍ഘമായ അവകാശത്തര്‍ക്കത്തിന്റെ ഒരു കാരിക്കേച്ചര്‍ ആവുകയാണ്‌ ഈ നോവല്‍.

നോവലിന്‌ എന്തും വിഷയമാണ്‌ എന്ന സിദ്ധാന്തമനുസരിച്ച്‌ ഇതിന്റെ പ്രമേയത്തെയും അവതരണത്തെയും വിശകലനം ചെയ്യുമ്പോള്‍ ഒട്ടേറെ നവീനതകള്‍ ദര്‍ശിക്കാനാവുന്നു. ചരിത്രവും സങ്കല്‌പവും ഒളിച്ചേ കണ്ടേ കളിക്കുന്ന ഈ നോവല്‍ എന്തായാലും വ്യത്യസ്‌തമായ ഒന്നാണ്‌. എന്നാല്‍ ഏതൊരക്കപ്പോരിനും നാത്തൂന്‍ പോരിനും അറുതിയുണ്ടാകുന്ന ഒരവസ്ഥയുണ്ട്‌. അത് ബാഹ്യ ഇടപെടലിന്റെ സാഹചര്യമാണ്‌. ഞങ്ങള്‍ അസഭ്യം പറയും തല്ലും തലമാറിത്തകരും അതില്‍ നിങ്ങള്‍ക്കെന്തുകാര്യമെന്ന് നാത്തൂന്മാര്‍ ഒരേ സ്വരത്തില്‍ ഒരേ താളത്തില്‍ വരത്തനോട്‌ ചോദിക്കും. ഇതിലും അതുതന്നെ സംഭവിക്കുന്നു. പള്ളി പൂട്ടാന്‍ വന്ന അന്യനോട്‌ അവര്‍ നാത്തൂന്മാരുടെ മട്ടില്‍ തന്നെ പ്രതികരിക്കുന്നു. സഭാതര്‍ക്കങ്ങളെ ഇങ്ങനെ ഒരു തലത്തിലും നോക്കിക്കാണാമെന്ന് വ്യക്‌തമാക്കിയ ബെന്യാമിന്‌ അഭിമാനിക്കാം.

സഭയ്ക്കകത്തുള്ളവര്‍ക്കും പുറത്തുള്ളവര്‍ക്കും ഒരുപോലെ ഈ നോവല്‍ പുസ്‌തകം വായിച്ചു രസിക്കാം. സുനന്ദന്‍

കറന്റ്‌ ബുക്‌സ്‌ ബുള്ളറ്റിന്

‍ആഗസ്ത്‌ 2008

Sunday, September 14, 2008

സുബ്രമണ്യപുരം - ധാരണകളെ അട്ടിമറിക്കുന്ന സിനിമ

തമിഴ്‌ സിനിമയെക്കുറിച്ച്‌ നമ്മുടെ സാമാന്യധാരണ എന്താണ്‌, ആട്ടം പാട്ട്‌ ഡപ്പാംകൂത്ത്‌ സ്റ്റൈൽ മന്നൻ.. അല്ലേ..? തൊണ്ണൂറ്റൊൻപത്‌ ശതമാനം തമിഴ്‌ സിനിമകളും ആ വിഭാഗത്തിൽ പെടുന്നവയുമാണ്‌. സംശയമൊന്നുമില്ല. തമിഴരുടെ സിനിമാവബോധത്തെക്കുറിച്ചും നമുക്ക്‌ വലിയ വിശ്വാസമൊന്നുമില്ല. സാംസ്‌കാരിക ബുദ്ധിജീവികളായ മലയാളികളുടെ പുച്‌ഛം ഏറ്റുവാങ്ങാൻ വിധിക്കപ്പെട്ടവർ. സത്യത്തിൽ നമ്മുടെ വിധികൾ അസ്ഥാനത്താണെന്നതാണ്‌ പരമാർത്ഥം. ഇന്ന് ഇന്ത്യൻ സിനിമയിൽ ധൈര്യപൂർവ്വം പരീക്ഷണസിനിമകൾ എടുക്കുന്ന ഒരു ഭാഷയായി തമിഴ്‌ മാറിയിരിക്കുന്നു. വെറുതെ എടുക്കുന്നു എന്നതു മാത്രമല്ല അതിന്റെ പ്രത്യേകത അത്തരം പരീക്ഷണ സിനിമകളെ തമിഴ്‌ ജനത ഇരു കൈയ്യും നീട്ടി സ്വീകരിക്കുന്നു എന്നൊരു പ്രത്യേകത കൂടി നാം കാണേണ്ടതുണ്ട്‌. തമിഴ്‌ ജനതയുടെ ഇന്നേവരെയുള്ള സിനിമ സങ്കല്‌പങ്ങളെ അട്ടിമറിക്കുന്ന ഒരു സിനിമയായിരുന്നു പരുത്തിവീരൻ. ഒരുപക്ഷേ പ്രേം നസീറിന്റെ കാലത്ത്‌ മലയാളത്തിനുണ്ടായിരുന്ന നായകസങ്കല്‌പമാണ്‌ ഇന്നുവരെ തമിഴ്‌ സിനിമ പുലർത്തിപ്പോന്നത്‌. എന്നാൽ പരുത്തിവീരൻ അത്‌ അട്ടിമറിച്ചു. എല്ലാ ഹീറോയിസവും ആ സിനിമയിലൂടെ അട്ടിമറിക്കാൻ അതിന്റെ സംവിധായകൻ ധൈര്യം കാണിച്ചു. അത്‌ ജനം ഇരുകൈയ്യും നീട്ടി സ്വീകരിക്കുകയും ചെയ്‌തു. തമിഴിലിറങ്ങിയിട്ടുള്ള ഏറ്റവും വലിയ 'ഫോക്‌ലോർ' സിനിമകളിലൊന്നായാണ്‌ പരുത്തിവീരനെ നീരുപകർ കാണുന്നത്‌. അങ്ങനെ ഒരു സാംസ്‌കാരിക മേന്മയും അതിന്‌ അവകാശപ്പെടാനുണ്ട്‌.
ആ സിനിമയെക്കാളും ഒരുപടി മുന്നോട്‌ കടന്നുചെന്ന സിനിമ എന്ന രീതിയിലാണ്‌ ഞാൻ 'സുബ്രമണ്യപുരം' എന്ന സിനിമയെ കാണുന്നത്‌. ഇന്നേവരെ മലയാള സിനിമയിൽപ്പോലും പരീക്ഷിക്കപ്പെടാത്ത അവതരണ രീതിയാണ്‌ ആ സിനിമയിൽ പരിക്ഷിക്കപ്പെട്ടത്‌. നായകൻ എന്നൊരു സങ്കല്‌പം ഈ സിനിമയിൽ ഇല്ലതന്നെ. സിനിമ കണ്ടുകൊണ്ടിരിക്കുമ്പോൾ, സിനിമ അവസാനിക്കുമ്പോൾ നമുക്കൊരു വല്ലാത്ത ദഹിക്കായ്‌മായാണ്‌ ആദ്യം ഉണ്ടാവുക. പിന്നെ ആഴത്തിൽ ചിന്തിക്കുമ്പോഴാണ്‌ നമ്മളിന്നേവരെ കൊണ്ടുനടന്ന ഒരു സിനിമ അല്ലെങ്കിൽ കഥാ സങ്കല്‌പത്തിൽ നിന്നുള്ള വേറിട്ടു പോരലിന്റെ ദഹിക്കായ്മയാണ്‌ നമ്മെ അലട്ടുന്നതെന്ന് നമുക്ക്‌ മനസിലാവുക. വിജയിക്കുന്നവനായാലും പരാജയപ്പെടുന്നവനായാലും നമുക്ക്‌ ഒരു നായകൻ വേണം. അവനെ ചുറ്റിപ്പറ്റിയാവണം കഥ സഞ്ചരിക്കുന്നത്‌. വിജയിക്കുന്നതായാലും പരാജയപ്പെടുന്നതായലും നമുക്ക്‌ പ്രണയത്തിന്‌ ഒരു പരിസമാപ്‌തിവേണം. അതിന്റെ സങ്കടമോ സന്തോഷമോ കഥയുടെ ഗതി നിർണ്ണയിക്കണം. "സുബ്രമണ്യപുരം' ആ സങ്കല്‌പങ്ങളെ ഒക്കെ പിഴുതെറിഞ്ഞുകളയുന്നു. എത്ര നിസാരമായി ഇതിൽ പ്രണയം അതിന്റെ സ്വാഭാവിക അന്ത്യത്തിലെത്തുന്നു. എത്ര നിസാരമായി ഇതിൽ നായകൻ എന്നു നാം ധരിക്കുന്ന കഥാപാത്രം അതിന്റെ അന്ത്യം വരിക്കുന്നു. കഥാന്ത്യത്തിൽ അതുവരെ അപ്രസക്‌തമായിരുന്ന ഒരു കഥാപാത്രം മുന്നോട്ട്‌ വന്ന് കഥയെ വേറൊരു തലത്തിലെത്തിക്കുന്നു. ഇതൊക്കെ കണ്ട്‌ നമ്മളിലെ സിനിമായാഥാസ്ഥിതീകൻ ഇരുന്ന് ഞെരിപിളി കൊള്ളുന്നു.
ഇതുമാത്രമല്ല, വർണ്ണങ്ങളുടെ അതിപ്രസരമില്ലാത്ത, എക്‌ട്രാ നടികളുടെ പിന്നിലാട്ടം ഇല്ലാത്ത, കാതടപ്പിക്കുന്ന ശബ്ദഘോഷമില്ലാത്ത ഒരു തമിഴ്‌ സിനിമ എന്നീ പ്രത്യേകതകൾകൂടി ഈ സിനിമയ്ക്കുണ്ട്‌. പരുത്തിവീരന്റെ ഭാഷ നമുക്കല്പം ക്ലിഷ്ടമായിരുന്നെങ്കില്‍ ഇതിന് ആ ദോഷവുമില്ല. 1980 - ല്‍ സുബ്രമണ്യപുരം എന്ന ഗ്രാ‍മത്തില്‍ നടക്കുന്ന ഒരു കഥ അതിന്റെ എല്ലാ തനിമയോടും കൂടി ഇവിടെ അവതരിപ്പിക്കപ്പെടുന്നു.
ഹീറോ സങ്കല്‌പം ഏറ്റവും രൂഢമൂലമായിരിക്കുന്ന ഒരു സമൂഹത്തിൽ നിന്നു വന്ന സിനിമയാണിതെന്ന് ഓർക്കണം. അവിടെയാണ്‌ തമിഴിലെ സംവിധായകരുടെ പരീക്ഷണ സിനിമകളെ നാം ആരാധനയോടെ നോക്കിക്കാണേണ്ടത്‌. സുബ്രമണ്യപുരം തമിഴിലെ ഒരു സൂപ്പർ ഹിറ്റായിരുന്നു എന്നറിയുമ്പോൾ തമിഴ്‌ ജനതയുടെ മാറിയ സാംസ്‌കാരിക വിചാരത്തെയും നാം ആരാധിക്കേണ്ടതുണ്ട്‌. പ്രത്യേകിച്ച്‌ മമ്മൂട്ടി അന്തിമവിജയം വരിക്കാത്ത മോഹലാലിന് അന്തിമവിജയം കൊയ്യാനാവാത്ത ഒരു സിനിമ എടുക്കാൻ, ശുഭപര്യവസായി അല്ലാത്ത ഒരു സിനിമ കേരളത്തിൽ വിജയിക്കില്ല എന്നൊരു വിചരം സംവിധായകർക്കിടയിൽ രൂഢമൂലമാകും വിധം നമ്മുടെ ഒക്കെ സിനിമാസങ്കല്‌പം ചെറുതായിപ്പോയ ഈ കാലത്തിൽ പ്രത്യേകിച്ചും.
നിങ്ങള്‍ സിനിമ പ്രേമിയാണെങ്കില്‍ സുബ്രമണ്യപുരം കാണാതെ പോകരുത്‌ എന്നു ഞാൻ നിങ്ങളോട്‌ അഭ്യർത്ഥിക്കുന്നു.

Monday, September 01, 2008

ആടുജീവിതം - ആമുഖം


ആടുജീവിതം

മുന്‍‌കഥ

ഒരു ദിവസം സുനില്‍ എന്ന സുഹൃത്താണ് വളരെ യാദൃശ്ചികമായി നജീബ് എന്നൊരാളെക്കുറിച്ച് എന്നോടാദ്യമായി പറയുന്നത്. നമ്മള്‍ എവിടെയൊക്കെയോ വിവിധ ഭാഷ്യങ്ങളോടെ കേട്ടിട്ടുള്ള ഒരു ഗള്‍ഫുകഥയുടെ തനിയാവര്‍ത്തനം എന്നേ എനിക്കന്നേരം തോന്നിയുള്ളൂ. ഞാനതത്ര ഗൌരവമായി എടുത്തില്ല. എന്നാല്‍ സുനില്‍ എന്നെ നിര്‍ബന്ധിച്ചുകൊണ്ടിരുന്നു. നീ പോയി നജീബിനെ കാണണം. അയാളോട് സംസാരിക്കണം. അയാള്‍ പറയുന്നത് കേള്‍ക്കണം. കഴിയുന്നെങ്കില്‍ എഴുതണം. ഒരു ചെറിയ പ്രശ്നം പോലും നേരിടാനാവാതെ കൂമ്പിപ്പോകുന്ന നമുക്കൊക്കെ അയാളൊരു അനുഭവമാണ്.

ഞാന്‍ പോയി. നജീബിനെക്കണ്ടു. വളരെ നിര്‍മ്മമനായ ഒരു മനുഷ്യന്‍ ‘അതൊക്കെ ഒത്തിരി പണ്ടു നടന്നതല്ലേ, ഞാനതൊക്കെ മറന്നുപോയി’ എന്നായിരുന്നു അതെപ്പറ്റി അന്വേഷിച്ചപ്പോള്‍ വളരെ സങ്കോചത്തോടെ ആദ്യം നജീബ് പറഞ്ഞത്.

എന്നാല്‍ ഏറെ നിര്‍ബന്ധിച്ചപ്പോള്‍ നജീബ് പതിയെ ആ ജീവിതം പറയാന്‍ തുടങ്ങി. അതുവരെ മറന്നെന്നു വിചാരിച്ചു കിടന്ന സംഭവങ്ങള്‍ ‍ ഓരോന്നായി നജീബിന്റെ കണ്ണില്‍ നിന്നും പുറത്തുവരാന്‍ തുടങ്ങി. അതിന്റെ തീക്ഷ്ണത എന്നെ ശരിക്കും അമ്പരപ്പിച്ചുകളഞ്ഞു.

പിന്നെ ഒരുപാടുതവണ ഞാന്‍ നജീബിനെക്കണ്ടു. അയാളെ മണിക്കൂറുകളോളം സംസാരിപ്പിച്ചു. ആ ജീവിതത്തിന്റെ ഓരോ സൂക്ഷ്മാംശങ്ങളും ചോദിച്ചറിഞ്ഞു. നമ്മള്‍ കേട്ടിട്ടുള്ള കഥകള്‍ പലതും എത്രയധികം അവ്യക്‌തവും ഉപരിപ്ലവവും അനുഭവരഹിതവുമാണെന്ന് എനിക്കന്നേരം മനസിലായി.

കേള്‍ക്കാന്‍ പോകുന്ന ജീവിതം ഒരു കഥയാക്കിയേക്കാം എന്ന ഉദ്ദേശ്യമൊന്നും നജീബിനെ ആദ്യം കാണാന്‍ പോകുമ്പോള്‍ എനിക്കില്ലായിരുന്നു. ജീവിതത്തില്‍ ഇങ്ങനെയും ചില അധ്യായങ്ങളിലൂടെ കടന്നുപോയിട്ടുള്ള ഒരാളെ പരിചയപ്പെട്ടിരിക്കുക എന്ന കൌതുകം മാത്രം.

എന്നാല്‍ കൂടുതല്‍ അറിഞ്ഞപ്പോള്‍ എനിക്കതേപ്പറ്റി എഴുതാതിരിക്കാ‍ന്‍ ആവില്ലായിരുന്നു. എത്രലക്ഷം മലയാളികള്‍ ഈ ഗള്‍ഫില്‍ ജീവിച്ചുകൊണ്ടിരിക്കുന്നു. എത്രലക്ഷം പേര്‍ ജീവിച്ച് തിരിച്ചുപോയിരിക്കുന്നു. അവരില്‍ എത്രപേര്‍ സത്യമായും മരുഭൂമിയുടെ തീക്ഷ്ണത അനുഭവിച്ചിട്ടുണ്ട്..?

നജീബിന്റെ ജീവിതത്തിനുമേല്‍ വായനക്കാരന്റെ രസത്തിനുവേണ്ടി കഥയുടെ അടുക്കുകളും തൊങ്ങലുകളും ഏറെയൊന്നും വച്ചുകെട്ടുവാന്‍ എനിക്കു തോന്നിയില്ല. അതില്ലാതെ തന്നെ നജീബിന്റെ ജീവിതം വായന അര്‍ഹിക്കുന്നുണ്ട്. ഇത് നജീബിന്റെ കഥയല്ല, ജീവിതമാണ് , ആടുജീവിതം!
(നോവലിന് എഴുതിയ ആമുഖം)

പ്രിയപ്പെട്ടവരെ, എന്റെ ആടുജീവിതം എന്ന നോവല്‍ - ഗ്രീന്‍ ബുക്‌സ് തൃശൂര്‍ പ്രസിദ്ധീകരിച്ചു. ഏവരുടെയും വായന ആഗ്രഹിക്കുന്നു.