Wednesday, January 24, 2007

യു.എ.ഇ. യിലെ ബൂലോഗര്‍ക്ക്‌ സ്‌നേഹപൂര്‍വ്വം

ഇതൊരു നല്ല രാത്രിയുടെ നനുത്ത ഓര്‍മ്മകളാണ്‌. ഇന്തോ- അറബ്‌ സാംസ്കാരിക സമ്മേളനത്തില്‍ സംബന്ധിക്കാനായി അബുദാബിയില്‍ എത്തിയതായിരുന്നു ഞാന്‍. അത്തരമൊരു വലിയ പരിപാടിയില്‍ സംബന്ധിക്കുക എന്നതിലുപരിയായി ബ്ലോഗിലൂടെയും ഓര്‍ക്കുട്ടിലൂടെയും എന്റെ ഹൃദയത്തിന്റെയും വിചാരങ്ങളുടെയും സ്വന്തമായിക്കഴിഞ്ഞ ഒട്ടനവധിപേരെ നേരില്‍ കാണാമല്ലോ എന്ന സന്തോഷമായിരുന്നു എനിക്കുണ്ടായിരുന്നത്‌. അത്തരം ഹൃദയസംവാദങ്ങളാണ്‌ ഒരു പക്ഷേ മറ്റേത്‌ സാംസ്കാരിക- ബൗദ്ധിക സംവാദങ്ങളെക്കാളും അര്‍ത്ഥപൂര്‍ണ്ണമായത്‌ എന്ന് ഞാന്‍ വിചാരിക്കുന്നു. ഷാര്‍ജ എയര്‍പോര്‍ട്ടില്‍ വച്ച്‌ സുനില്‍ സലാം എന്ന ബ്ലോഗര്‍ സുഹൃത്തിനെ പരിചയപ്പെട്ടുകൊണ്ടാണ്‌ എന്റെ ആ യാത്രയ്ക്ക്‌ തുടക്കം കുറിക്കുന്നത്‌. പിന്നെ ഒരാഴ്കക്കാലം നീണ്ട യു.എ.ഇ. വാസത്തിലെപ്പോഴും നിരവധി ബ്ലോഗ്‌ സുഹൃത്തുക്കളുടെ നിര്‍ലോഭമായ സ്‌നേഹത്തിനു പാത്രീഭവിക്കുവാന്‍ എനിക്ക്‌ അവസരമുണ്ടായി. സാംസ്കാരിക സമ്മേളത്തിന്റെ ഉദ്ഘാടനത്തിനൊടുവില്‍ നേരിട്ട്‌ പരിചയമില്ലാത്ത - ബ്ലോഗ്‌ നാമങ്ങളിലൂടെ മാത്രം അറിയപ്പെട്ടുന്ന എത്രയധികം സുഹൃത്തുക്കള്‍ എന്റെ അടുത്തേക്ക്‌ ഓടി വന്ന് സൗഹൃദം സ്ഥാപിക്കുന്നതും ചിരപരിചിതരപ്പോലെ ഇടപഴകുന്നതും കണ്ടപ്പോള്‍ ബ്ലോഗ്‌ എന്നത്‌ അയഥാര്‍ത്ഥ്യതയുടെ ഒരു സാങ്കല്‌പികലോകമല്ലെന്നും ലോകത്തിന്റെ വിവിധകോണുകളില്‍ മോണിറ്ററിന്റെ മുന്നിലിരിക്കുന്ന നമ്മെതമ്മില്‍ സ്‌നേഹത്തിന്റെ ഒരു അദൃശ്യമായ ചരട്‌ ബന്ധിപ്പിക്കുന്നുണ്ടെന്നും എനിക്ക്‌ ബോധ്യപ്പെടുകയായിരുന്നു. പെരിങ്ങോടന്‍, വിശാലന്‍, കൈപ്പള്ളി, ദില്‍ബു, സാക്ഷി, സങ്കുചിതന്‍, കുറുമാന്‍, ദേവരാഗം.... പേരുകള്‍ക്കു പിന്നില്‍ മറഞ്ഞിരുന്ന ഓരോരുത്തരായി എന്റെ മുന്നില്‍ മുഖങ്ങളായി വെളിപ്പെടുകയായിരുന്നു.
ഒരാള്‍ തന്റെ പേരിനേക്കാളുപരി രചനയാല്‍ അറിയപ്പെടുന്നതിന്റെ സുഖമായിരുന്നു അതുല്യചേച്ചി എന്റെ അടുക്കലേക്ക്‌ പരുങ്ങി വന്ന് 'ശ്രീവിദ്യയെക്കുറിച്ചെഴുതിയ...' എന്ന് സന്ദേഹപ്പെട്ടപ്പോള്‍ എനിക്കുണ്ടായത്‌.
യു.എ.ഇ. ബോലോകര്‍ എനിക്കായി കരുതി വച്ചിരുന്ന സ്‌നേഹത്തിന്റെയും അദ്ഭുതത്തിന്റെയും നിമിഷങ്ങള്‍ അവിടെ അവസാനിക്കുന്നില്ല. അവരെന്നെ പിന്നൊരു സ്‌നേഹവിരുന്നിലേക്കാണ്‌ ആ രാത്രി കൂട്ടിക്കൊണ്ടുപോയത്‌. പ്രശാന്ത സുന്ദരമായ ഇടം. അടുത്ത്‌ ജലപ്പരപ്പിന്റെ നിശബ്ദസാന്നിദ്ധ്യം, അകലെ കൂറ്റന്‍ കെട്ടിടങ്ങളില്‍ നിന്ന് പാറിവീഴുന്ന മങ്ങിയ വെളിച്ചം, വിസ്‌തൃതമായ പുല്‍ത്തകിടി, കത്തിച്ചുവെച്ച മെഴുകുതിരി നാളം, വട്ടമിട്ടിരിക്കാന്‍ പുല്‍പ്പായ.... തിരക്കുകളുടെ നഗരത്തില്‍ ഞങ്ങള്‍ക്കു ഒത്തുകൂടാന്‍ അങ്ങനെയൊരു ഇടം ഞാന്‍ പ്രതീക്ഷിച്ചതേയല്ല. സമൃദ്ധവും സുഭിക്ഷവും രുചിയൂറുന്നതുമായ ആഹാരത്തിന്റെ നീണ്ട നിമിഷങ്ങള്‍. മേമ്പൊടിയായി വിശാലന്റെ പാരടി, കുറുമാന്റെ ഹാസ്യം എല്ലാവരുടെയും പാട്ട്‌, ചിരി... നിമിഷങ്ങള്‍ മുയല്‍വേഗത്തിലാണ്‌ ഞങ്ങളെ കടന്നുപോയത്‌.
ഓരോ കാഴ്ചയും എത്ര വേഗത്തിലാണ്‌ വിശലന്റെ മനസ്സില്‍ ഹാസ്യത്തിന്റെ ചിത്രങ്ങളാവുന്നത്‌ എന്നതിന്‌ ഒരു നേര്‍സാക്ഷ്യം വഹിക്കാനും എനിക്കു ഭാഗ്യമുണ്ടായി. കുറുമാന്റെ, ചില്ലുമേടയിലിരുന്നെന്നെ... കുഷ്ഠരോഗാഭിനയം കണ്ട്‌ 'ഇതെന്ത്‌ തീയില്‍ വീണ പ്ലാസ്റ്റിക്കുപാത്രംപോലെ' എന്ന ഒറ്റക്കമന്റു മതിയായിരുന്നു വിശാലന്റെ പ്രതിഭ രുചിച്ചറിയാന്‍.
കൈപ്പള്ളിയുടെ തീക്ഷ്‌ണതവിങ്ങിയ നിരീക്ഷണങ്ങളും കുറിക്കുകൊള്ളുന്ന കമന്റുകളും നേരിട്ടനുഭവിക്കാനും ഈ യാത്രയില്‍ എനിക്ക്‌ നിരവധി അവസരങ്ങളുണ്ടായി.
കൈപ്പള്ളി, സാമി, ഇവിടെ ജനിച്ചുവളര്‍ന്നിട്ടും നിങ്ങള്‍ മലയാളത്തോടു കാണിക്കുന്ന ആഭിമുഖ്യം എന്നില്‍ ആദരവുണ്ടാക്കുന്നു. രാജിന്റെയും മറ്റ്‌ നിരവധിപേരുടെയും ഭാഷാപ്രവര്‍ത്തനങ്ങളും.
ആഹാരത്തിനുശേഷം സ്വന്തം കൂടാരങ്ങളിലേക്ക്‌ മടങ്ങാം എന്ന് വിചാരിച്ചു വന്നവര്‍ക്കാര്‍ക്കും അത്രയുംനേരം പിന്നിട്ടപ്പോഴേക്കും പിന്നെ പോകണമെന്നേ ഇല്ലെന്നായി. അതായിരുന്നു ആ രാത്രിയുടെ രുചി. ഒരു അറബിക്കഥയിലെ ജിന്നിനെപോലെ ആ രാത്രി ഞങ്ങളെ വശീകരിച്ചും മോഹിപ്പിച്ചും അതിന്റെ നിഗൂഢതകളിലേക്കു കൂട്ടിക്കൊണ്ടുപോയി. ഇന്തോ- അറബ്‌ ഫെസ്റ്റിവല്‍ ഭാരവാഹികള്‍ ഞങ്ങള്‍ക്കായി അനുവദിച്ച ഫ്ലാറ്റിലേക്ക്‌ രാജിന്റെ കാറിന്റെ ഒരു തീപിടിച്ച യാത്ര. വഴി തെറ്റിയും തിരഞ്ഞും വിളിച്ചും പറഞ്ഞും ഞങ്ങള്‍ അവിടെ വീണ്ടും ഒത്തുകൂടി. പിന്നെ ഒരു മുഴുരാത്രി മുഴുവന്‍ ചര്‍ച്ചയും കവിതയും പാട്ടും ബഹളവും. പെരിങ്ങോടന്റെ സ്‌ത്രീപര്‍വ്വം മുതല്‍ സദ്ദാമിന്റെ ഹീറോയിസം വരെ. 'ഒഴിഞ്ഞ താള്‍' എന്ന കവിത മറക്കില്ല. (അങ്ങനെയായിരുന്നുവോ ആ കവിതയുടെ പേര്‌- അല്ലെങ്കിലും സാരമില്ല. ആ കവിതയുടെ മണമെന്റെ മനസ്സിലുണ്ട്‌) എല്ലാത്തിനും ഉത്സാഹം പകരാന്‍ കത്തുന്ന ലഹരിയും.
'ഇത്ര ധീഷണാശീലരും ഊര്‍ജ്ജസ്വലരുമായ ഒരുകൂട്ടം ചെറുപ്പക്കാരെ ഒത്തിരിക്കലത്തിനുശേഷമാണ്‌ ഒന്നിച്ചുകാണുന്നത്‌' എന്ന മേതിലിന്റെ പിന്നത്തെ ഒരു കമന്റ്‌ അക്ഷരാര്‍ത്ഥത്തില്‍ സത്യമായിരുന്നു. ഈ കൂട്ടായ്‌മ അദ്ദേഹത്തെ പഴയ ഏതോ കാലത്തിലേക്കു കൂട്ടിക്കൊണ്ടുപോയെങ്കില്‍ അതില്‍ അതിശയിക്കാനൊന്നുമില്ല. നാട്ടിലെ ചെറുപ്പക്കാരുടെ ഇടയില്‍ നിന്നും ഇത്തരം സൗഹൃദക്കൂട്ടായ്‌മകളും മനസുതുറന്ന ചര്‍ച്ചകളും അന്യമായിട്ട്‌ എത്രയോ കാലമായി. നിങ്ങളെങ്കിലും ഈ കൂടിച്ചേരല്‍ തുടരണം അതിന്റെ വ്യാപ്‌തിയും ആഴവും വര്‍ദ്ധിപ്പിക്കണം എന്നുമാത്രം ഈ അതിഥിയുടെ അപേക്ഷ. ജീവിതത്തിന്റെ പില്‌ക്കാലങ്ങളില്‍ ഓര്‍ത്തുരുചിക്കാന്‍ അതുമാത്രമാവും ഈ വേനല്‍ക്കാലത്തിന്റെ ബാക്കിപത്രമായി നമുക്കുണ്ടാവുക.
ദുബായിലെ പ്രോഗ്രാമിനുശേഷം എല്ലാവരോടും യാത്രപറഞ്ഞു പിരിയാന്‍ കഴിയാഞ്ഞതില്‍ ഖേദമുണ്ട്‌. അല്ലെങ്കില്‍ സ്‌നേഹിതരേ, നമുക്കിടയില്‍ എന്തിനൊരു യാത്ര പറച്ചില്‍ നാം സ്‌നേഹത്തിന്റെ മറ്റൊരിടത്തില്‍ എന്നും കണ്ടുമുട്ടുന്നവരല്ലേ. വീണ്ടും കണ്ടുമുട്ടേണ്ടവരല്ലേ... എല്ലാവര്‍ക്കും നന്ദി. എല്ലാത്തിനും. കൈപ്പള്ളിയ്‌ക്ക്‌ പ്രത്യേകിച്ച്‌... നിങ്ങളുടെ തീക്ഷ്ണതയുള്ള കണ്ണുകള്‍ക്ക്‌. ചിരിയൂറുന്ന ചിത്രത്തിനും!!