Sunday, October 29, 2006

പ്രവാസിയേ നിന്റെ പണം ഒഴുകുന്നതാര്‍ക്കുവേണ്ടി..?

ആദ്യം ഒരു ചെറിയ കണക്കു പറയാം. പത്തനംതിട്ട ജില്ലയിലെ കുളനട എന്ന എന്റെ സ്വന്തം ഗ്രാമത്തില്‍ നിന്നുള്ളതാണ്‌. ഈ ഗ്രാമത്തിലെ 60% നിവാസികളും 55 വയസ്സിനു മുകളില്‍ പ്രായമുള്ളവരാണ്‌. ഇരുപത്തഞ്ചില്‍ ഒരു വീട്‌ എന്ന കണക്കില്‍ ഏകദേശം 200 ഓളം വീടുകള്‍ ആള്‍പ്പാര്‍പ്പില്ലാതെ പൂട്ടിക്കിടക്കുന്നു. 39% കൃഷിയിടങ്ങളും ഉപയോഗ്യശൂന്യമായി കിടക്കുന്നു.
അവിടെനിന്നും വിദേശത്തേക്ക്‌ കുടിയേറിയിരിക്കുന്നത്‌ 2500 ആളുകളാണ്‌. അതിന്റെ ശതമാനക്കണക്കിങ്ങനെ. 39% അമേരിക്കയിലേക്ക്‌. 26.3% യു.എ.ഇ യിലേക്ക്‌. 11% ബഹ്‌റൈനില്‍. ബാക്കി രാജ്യങ്ങളിലേക്കെല്ലാം കൂടി ഏകദേശം 25%.
ഇവരെല്ലാം കൂടി ഈ ഗ്രമത്തിലേക്ക്‌ ഒരു വര്‍ഷം അയക്കുന്ന തുക 7കോടി രൂപ! മൂന്ന് പ്രമുഖ ബാങ്കുകളിലായി ഇവര്‍ നിക്ഷേപിച്ചിരിക്കുന്ന തുകയാകട്ടെ 158 കോടി രൂപ!!
ഇതില്‍നിന്നും ഗ്രാമത്തിലേക്ക്‌ ചിലവഴിക്കപ്പെടുന്ന തുക വെറും 7% മാത്രം. അതുതന്നെയാകട്ടെ കൈമാറ്റ വില്‌പന സാധ്യതയില്ലാത്ത കെട്ടിടനിര്‍മ്മാണം, തൊഴിലാളികള്‍ക്കുള്ള വേതനം എന്നിവയ്ക്കു വേണ്ടിയാണ്‌ ചെലവഴിക്കപ്പെടുന്നത്‌. കെട്ടിടനിര്‍മ്മാണം വളരെ ഊര്‍ജ്ജിതമായി നടക്കുന്നതിനാല്‍ ആ മേഖലയില്‍ നല്ല തൊഴില്‍ സാധ്യതയുണ്ടെങ്കിലും ആ അവസരങ്ങളെല്ലാം തമിഴ്‌നാട്ടില്‍ നിന്നുള്ള തൊഴിലാളികള്‍ പിടിച്ചെടുത്തതു കാരണം നാട്ടിലെ തൊഴിലില്ലായ്‌മ രൂക്ഷമാണ്‌!!
ഇത്‌ കുളനട എന്ന ഗ്രാമത്തിന്റെ ചിത്രം മാത്രമല്ല. ഇത്‌ കേരളത്തിലെ ഓരോ ഗ്രാമത്തിന്റെയും പരിശ്ചേതം തന്നെയാണ്‌. വിദേശത്തുള്ളവരുടെ ശതമാനക്കണക്കില്‍ ചെറിയ ഏറ്റക്കുറച്ചില്‍ വന്നേക്കാം എന്നു മാത്രം.
ഇക്കണക്കില്‍ ഇനി പറയാന്‍ പോകുന്നതാണ്‌ ഏറ്റവും പ്രാധാന്യം അര്‍ഹിക്കുന്ന വസ്‌തുത. കുളനട ഗ്രാമപഞ്ചായത്തിന്റെ ഒരു വര്‍ഷത്തെ ബജറ്റ്‌ തുക വെറും 7 ലക്ഷം രൂപ മാത്രമാണ്‌. എന്നാല്‍ കുളനടയില്‍ ഒരു ക്രിസ്‌തീയ ദേവാലയത്തിന്റെ മാത്രം ബജറ്റ്‌ 5 ലക്ഷം രൂപ. അങ്ങനെ ആറും ദേവാലയങ്ങളും മൂന്നോളം പെന്തിക്കോസ്‌തു ആരാധനാലയങ്ങളും ഈ ഗ്രാമത്തിലുണ്ട്‌. അവയ്ക്കെല്ലാം കൂടിയുള്ള ബജറ്റ്‌ കണക്കുകൂട്ടിയാല്‍ അത്‌ അന്‍പത്‌ ലക്ഷത്തോളം വരും!! കഴിഞ്ഞ വര്‍ഷം കുളനടയില്‍ ഒരു ക്രിസ്‌തീയ ദേവാലയം പണികഴിപ്പിച്ചത്‌ ഒന്നരക്കോടി രൂപ മുതല്‍ മുടക്കിയാണ്‌. (ഹൈന്ദവക്ഷേത്രങ്ങളുടെയും ഏക മുസ്ലീം പള്ളിയുടെയും ബജറ്റ്‌ കണക്ക്‌ ലഭ്യമല്ല. എന്തായാലും തീരെ മോശമാകാന്‍ വഴിയില്ല. കേട്ട്‌ നാം അമ്പരന്നില്ലങ്കിലേ അദ്ഭുതപ്പെടേണ്ടിവരൂ)
ഇനിയാണ്‌ എന്റെ പ്രസക്‌തമായ ചോദ്യത്തിലേക്ക്‌ ഞാന്‍ വരുന്നത്‌. നിവാസികളില്‍ അധികവും പെന്‍ഷന്‍ പറ്റിയവര്‍/ പ്രായമായവര്‍, കൃഷിയിടങ്ങള്‍ തരിശുകിടക്കുന്നു, വ്യവസായങ്ങള്‍ ഇല്ല. തൊഴിലില്ലായ്മ രൂക്ഷം. പിന്നെങ്ങനെ ഈ മതസ്ഥാപനങ്ങള്‍ക്ക്‌ ഇത്രയും അധികം പണം ക്രയവിക്രയം നടത്താന്‍ സാധിക്കുന്നു..? എടോ തിരുമണ്ടന്‍ പ്രവാസി, അത്‌ എന്റെയും നിന്റെയും വിയര്‍പ്പിന്റെ വിലയാണ്‌. അറേബ്യയിലെ കൊടുംചൂടിലും അമേരിക്കയിലെ അതിശൈത്യത്തിലും ബന്ദില്ലാതെ ഹര്‍ത്താലില്ലാതെ സമരങ്ങള്‍ ചെയ്യാതെ രാപകല്‍ മെടച്ചുണ്ടാക്കുന്ന തുക.
കേരളത്തിലെ ഏതു ഗ്രാമത്തിലും എന്തു പിരിവു നടന്നാലും ആദ്യ രസീതുകുറ്റി അയയ്ക്കുക ഗള്‍ഫിലേക്ക്‌ ആയിരിക്കും. അക്കാര്യത്തില്‍ യൂറോപ്പിലെയും അമേരിക്കയിലേയും പ്രവാസികള്‍ ഭാഗ്യവാന്മാരാണ്‌. നാട്ടില്‍ വരുമ്പോള്‍ നക്കാപ്പിച്ച ഡോളര്‍ സംഭാവനകൊടുത്ത്‌ ഒഴിയുന്നതല്ലാതെ മറ്റു പിരിവുകളൊന്നും അവര്‍ക്ക്‌ ബാധകമല്ലല്ലോ. നാട്ടില്‍ ഓണാഘോഷം നടത്തിയാലും, മീനഭരണി നടത്തിയാലും വെടിക്കെട്ടു നടത്തിയാലും പള്ളി പണിഞ്ഞാലും ചന്ദനക്കുടം നടത്തിയാലും നടു ഒടിയുന്നത്‌ പാവം ഗള്‍ഫ്‌ പ്രവാസികളുടേത്‌. അതൊന്നും പോരാഞ്ഞിട്ടാണ്‌ വണ്ടി കയറിവരുന്ന പിരിവുകള്‍. അതില്‍ രാഷ്ട്രീയക്കാരും സാമൂഹിക സേവകരും മതമേലാളന്മാരും എല്ലാം പെടും. ആര്‍ക്കെന്താവശ്യം വന്നാലും ഓടിച്ചെന്ന് പിഴിയാന്‍ ഒരു കറവപ്പശു ഇവിടെയുണ്ടല്ലോ. അടുത്തിടെ തന്നെ ബഹ്‌റൈനില്‍ നടന്ന രണ്ടു പിരിവുകളെപ്പറ്റി പറയം. രണ്ടും നാട്ടില്‍ മതമേലാളന്മാര്‍ക്ക്‌ വസിക്കാന്‍ മണിമാളികകള്‍ കെട്ടിപ്പൊക്കാനായിരുന്നു. ഒന്നിന്‌ 45 ലക്ഷം രൂപയും അടുത്തതിന്‌ 22 ലക്ഷം രൂപയുമാണ്‌ ഈ ചെറിയ ദ്വീപില്‍ നിന്ന് പിഴിഞ്ഞുകൊണ്ടുപോയത്‌. ഇതൊക്കെ അത്ര ചെറിയ തുകയാണോ..? അങ്ങനെ ഏതെല്ലാം ദേശത്ത്‌ ഏതെല്ലാം മതസ്ഥരുടെ പിരിവുകള്‍ നടന്നുകൊണ്ടിരിക്കുന്നു. നാടു പുരോഗമിക്കുന്നതിലല്ല, ഒരു വ്യവസായസ്ഥാപനം വരുന്നതിലല്ല, കൃഷി പ്രോത്സാഹിപ്പിക്കുന്നതിലല്ല, സാഹിത്യവും സംസ്‌കാരവും വളര്‍ത്തുന്നതിലല്ല ഇന്നത്തെ പ്രവാസി അഭിമാനിക്കുന്നത്‌. സ്വന്തം നാട്ടില്‍ സ്വന്തം മതത്തിന്റെ സ്വന്തം ജാതിയുടെ ഒരു കൂറ്റന്‍ മാളിക ഉയരുന്നതിലാണ്‌ അവന്റെ അഭിമാനമത്രയും കെട്ടിപ്പൊക്കുന്നത്‌.
ഇങ്ങനെ വല്ലതും ചോദിച്ചാല്‍ ഉടന്‍ പ്രവാസിയില്‍ നിന്നും വരുന്ന ഒരു മറുപടിയുണ്ട്‌. ദൈവത്തിന്‌ കൊടുക്കുന്നതല്ലേ. അതിന്‌ കണക്കു പറയാമോ..?
നിന്റെ വിശ്വാസ്യം നിന്നെ രക്ഷിക്കട്ടെ.
ഇതൊന്നും പിഴിയുന്നതല്ലല്ലോ മനസ്സോടെ കൊടുക്കുന്നതല്ലേ..?
അതില്‍ ഞാന്‍ വിയോജിക്കും. കാരണം ഇപ്പോള്‍ ഇവിടെ വീടുവീടാന്തരം കയറി പിഴിയുക തന്നെയാണ്‌. ദൈവത്തിന്റെ പേരു പറഞ്ഞ്‌.
സത്യം പറയട്ടെ, പാവപ്പെട്ട പ്രവാസി നീ ഈ വിശ്വാസത്തിന്റെ പേരില്‍ ഒഴുക്കിക്കൊടുക്കുന്ന പണം കൊണ്ടാണ്‌ നാട്ടിലെ മതമേലാളന്മാര്‍ ആരെയും കൂസാത്ത ധാര്‍ഷ്‌ടികളായി മാറുന്നതെന്ന്, മതതീവ്രവാദം കളിക്കുന്നതെന്ന് (മതതീവ്രവാദം പ്രോത്സാഹിപ്പിക്കുവാന്‍ വേണ്ടി ഒഴുകുന്നതില്‍ നല്ലൊരു ശതമാനം തുകയും പ്രവാസികള്‍ അവിഹിതമാര്‍ഗ്ഗത്തിലൂടെ സമ്പാദിച്ചതാണ്‌ എന്നത്‌ ഒരു സത്യം) , മതദ്വേഷം പടര്‍ത്തുന്നതെന്ന്, സ്വാശ്രയം പണിത്‌ പണക്കാരന്റെ മക്കളെ ഇഞ്ചിനിയറന്മാരും ഡോക്‌ടറുന്മാരും ആക്കുന്നതെന്ന്, നിങ്ങള്‍ അറിയുന്നില്ലേ..?
ഇനി നിന്റെ ഒരാവശ്യവുമായി നീ വരെ ഒന്നു സമീപിച്ചു നോക്കു. അപ്പോഴറിയാം വിവരം. നിന്റെ കുട്ടിയ്ക്ക്‌ ഒരഡ്‌മിഷന്‍ വേണമെങ്കില്‍ നീ എത്ര ക്യാപിറ്റേഷന്‍ കൊടുക്കേണ്ടി വരും..? നിന്റെ മകളുടെ വിവാഹം നടത്തുന്നതിന്‌ പള്ളിക്കെത്ര സംഭാവന കൊടുക്കേണ്ടി വരും..? നിന്റെ ഒരു ആത്മീയാവശ്യതിന്‌ പുരോഹിതനെ സമീപിച്ചാന്‍ കൊടുക്കേണ്ട കൈ മടക്ക്‌ എത്ര..?
അമേരിക്കയിലെയും യൂറോപ്പിലെയും പ്രവാസികള്‍ ഭാഗ്യവാന്മാര്‍ അവര്‍ക്ക്‌ തങ്ങളുടെ ശിഷ്ടകാലം അവിടെ സുഖമായി കഴിയാം. എന്നാല്‍ എന്റെ ഗള്‍ഫുകാരാ പ്രവാസം മതിയാക്കി നീ മടങ്ങിച്ചെല്ലുമ്പോള്‍ നിന്റെ ഈ സംഭാവനകൊണ്ട്‌ വളര്‍ത്തിയ മതസ്ഥാപനങ്ങള്‍ അവിടെ നിന്റെ പുനരധിവാസത്തിനായി എന്തു കുന്തമാണ്‌ ഒരുക്കി വച്ചിരിക്കുന്നത്‌..? അതിന്റെ പടി ചവുട്ടാന്‍ അവര്‍ നിന്നെ അനുവദിക്കുമോ..? അപ്പോഴും ഒന്നും സമ്പാദിക്കാതെ തിരികെച്ചെന്ന ധൂര്‍ത്തന്‍ എന്നല്ലേ വീട്ടുകാരും നാട്ടുകാരും മതവും നിന്നെ പഴിക്കുക..?!!
കണ്ണില്‍കൊള്ളുന്ന ചോദ്യങ്ങള്‍ക്ക്‌ നേരെനില്‌ക്കാന്‍ കെല്‌പുള്ളവര്‍ വരട്ടെ എനിക്കൊരുത്തരവുമായി...

Saturday, October 21, 2006

ശ്രീവിദ്യയും 'ഭാവന'യ്‌ക്ക്‌ പഠിക്കുന്ന പെണ്‍കുട്ടികളും.

അന്തരിച്ച നടി ശ്രീവിദ്യയുടെയും ചെറുപ്പക്കാരുടെ സ്വപ്‌ന നായിക ഭാവനയുടെയും അഭിനയ രീതികളെ വിലയിരുത്തുന്ന ഒരു ലേഖനമല്ല ഇത്‌. പക്ഷേ ഇവര്‍ രണ്ടുപേരും മലയാളികളുടെ സൗന്ദര്യസങ്കല്‍പത്തില്‍ എങ്ങനെയുള്ള സ്വാധീനമാണ്‌ ചെലുത്തിയിരുന്നത്‌ എന്നൊരന്വേഷണമാണ്‌ ഇവിടെ നടത്തുന്നത്‌. ശ്രീവിദ്യയുടെ മൃതശരീരം അവസാനമായി ഒരുനോക്കു കാണാന്‍ ഇടിച്ചുകയറിയ ജനക്കൂട്ടത്തെക്കണ്ടപ്പോഴാണ്‌ ഇങ്ങനെയൊരു വിചാരമുണ്ടായത്‌. നിങ്ങള്‍ ശ്രദ്ധിച്ചോ എന്നറിയില്ല, അവിടെ വന്നവരില്‍ 99.9 ശതമാനവും സ്‌ത്രീകള്‍ ആയിരുന്നു. സത്യത്തില്‍ ഒരു പെണ്‍നടി അന്തരിക്കുമ്പോള്‍ അവിടെ വരേണ്ടത്‌ സ്വഭാവികമായും അവരുടെ ആണ്‍ ആരാധകരാണ്‌. അതായത്‌ ശ്രീവിദ്യയ്ക്ക്‌ നമ്മള്‍ വിചാരിച്ചിരുന്നതിനു വിപരീതമായി ആണാരാധകരെക്കാള്‍ പെണ്ണാരാധകരായിരുന്നു കൂടുതല്‍ എന്നുതെളിയുന്നു. ചെറുപ്പക്കാരൊന്നും ആ വഴിക്ക്‌ തിരിഞ്ഞു നോക്കിയതുകൂടിയില്ല എന്നതില്‍ നിന്നും അവര്‍ക്കിടയിലെ ശ്രീവിദ്യയുടെ അസ്വീകാര്യത തെളിയുന്നു (അഭിനയത്തോടുള്ള ആരാധനയല്ല, സൗന്ദര്യത്തോടുള്ള ആരാധനയാണ്‌ ഇവിടെ പറയുന്നത്‌, പലപ്പോഴും തള്ളിക്കയറ്റം സൃഷ്ടിക്കുന്നത്‌ ഈ ആരാധന മാത്രമാണ്‌)
ശ്രീവിദ്യയുടെ ശരീരസൗന്ദര്യം മലയാളിയുടെ തനത്‌ രൂപലാവണ്യ സങ്കല്‌പത്തിന്റെ വാര്‍പ്പ്‌ രൂപമായിരുന്നു. ഉയര്‍ന്ന നിതംബവും ഉയര്‍ന്ന മാറിടവും മാംസളമേനിയും സൗന്ദര്യത്തിന്റെ ഉത്തമരൂപമായി മലയാളി കരുതിയിരുന്നു. ഇങ്ങനെയല്ലാത്തെ സ്‌ത്രീരൂപങ്ങളെ എഴുത്തുകാരി മാധവിക്കുട്ടി ഒരിക്കലും സൗന്ദര്യവതികളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല. ഇപ്പോഴും കേരളത്തിലെ ഒട്ടുമുക്കാലും എല്ലാ സ്‌ത്രീകളുടെയും സൗന്ദര്യസങ്കല്‌പവും ഇതുതന്നെയാണ്‌ എന്നാണ്‌ ശ്രീവിദ്യയോടുണ്ടായിരുന്ന ഈ ആരാധനയും ഒടുവിലത്തെ ഈ തള്ളിക്കയറ്റവും തെളിയിക്കുന്നത്‌. അതായത്‌ മിക്കവാറും എല്ലാ സ്‌ത്രീകളും ശ്രീവിദ്യയുടെ രൂപലാവണ്യം കിട്ടാന്‍ രഹസ്യത്തില്‍ കൊതിക്കുന്നവരാണ്‌ എന്നര്‍ത്ഥം. പിന്നെന്തുകൊണ്ട്‌ കേരളത്തിലെ പെണ്‍കുട്ടികളില്‍ നല്ലൊരു ശതമനവും ഇപ്പോള്‍ 'ഭാവന'യ്ക്ക്‌ പഠിക്കുന്നവരായി..?
ഇനി പുരുഷന്മാരിലേക്കു വരാം. പ്രത്യേകിച്ച്‌ ചെറുപ്പക്കാരിലേക്ക്‌. അവര്‍ക്ക്‌ ശ്രീവിദ്യയുടെ രൂപലാവണ്യം അത്ര പഥ്യമായിരുന്നില്ല എന്ന് ഈ മരണസമയം തെളിയിക്കുന്നു. അവരുടെ സങ്കല്‌പം തീര്‍ച്ചയായും ഭാവനയാണ്‌. നിതംബവും മാറിടവും ഒന്നുമില്ലാത്ത ഒരു കോലുരൂപം. ശരീരത്തില്‍ മാംസത്തിന്റെ ഒരു തുണ്ടു വളര്‍ച്ചപോലും പുരുഷസങ്കല്‌പം അനുവദിക്കുന്നില്ല. കുറച്ചുകാലം മുന്‍പ്‌ ഒരു വനിതാമസിക മലയാളത്തിലെ ഏറ്റവും സെക്‌സിയായ സ്‌ത്രീയെ തിരഞ്ഞെടുക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ - ശ്രീവിദ്യയുടെ പുതുരൂപമായ മീരജാസ്‌മിനെ പിന്തള്ളി മറ്റൊരു 'ഭാവനാ'രൂപമായ നയന്‍ താരയെയാണ്‌ കേരളത്തിലെ പുരുഷന്മാര്‍ തിരഞ്ഞെടുത്തത്‌ എന്നത്‌ എന്റെ വാദം സാധൂകരിക്കുന്നുണ്ട്‌.
അതായത്‌ കേരളത്തിലെ പെണ്‍കുട്ടികള്‍ നമ്മുടെ തനത്‌ സ്‌ത്രീ സൗന്ദര്യസങ്കല്‌പത്തെ ഇപ്പോഴും ആരാധിക്കുന്നു. അങ്ങനെയാവാന്‍ രഹസ്യത്തില്‍ മോഹിക്കുന്നു. എന്നാല്‍ പുരുഷസങ്കല്‌പം വേറെ ആയതു കാരണം അവരെ തൃപ്‌തിപ്പെടുത്താന്‍ വേണ്ടി മാത്രം തങ്ങളുടെ ഇംഗിതത്തിന്‌ വിരുദ്ധമായി പട്ടിണികിടന്ന് 'ഭാവന'യാകുന്നു. പക്ഷേ ഇതു പറഞ്ഞാല്‍ നമ്മുടെ പെണ്‍കുട്ടികള്‍ സമ്മതിക്കില്ല. അവര്‍ ഭാവനയ്ക്കുവേണ്ടി അക്ഷീണം വാദിക്കും. ശ്രീവിദ്യയെയും മീരാജാസ്‌മിനെയും അവര്‍ തള്ളിക്കളയും. കാരണം തങ്ങളുടെ സ്വപ്‌നത്തെപ്പോലും മറികടന്നുകൊണ്ട്‌ പുരുഷസൗന്ദര്യസങ്കല്‌പം തങ്ങളില്‍ ആധിപത്യം സ്ഥാപിച്ചിരിക്കുന്നു എന്ന് അവര്‍ അറിയുന്നതേയില്ല. എന്തിന്‌ മലയാളി പെണ്‍കുട്ടികളെപ്പറ്റി മാത്രം പറയുന്നു. ലോകത്തെവിടെയും ഉള്ള പെണ്‍കുട്ടികളുടെ സ്ഥിതി ഇതല്ലേ..? അല്ലെങ്കില്‍ പറയൂ, ഐശ്വര്യാ റായ്‌യെ ലോകസുന്ദരിയാക്കിയത്‌ ആരുടെ സങ്കല്‌പം..?!!

Monday, October 16, 2006

ഈ വൃദ്ധരെല്ലാം അത്രവേഗം മരിക്കേണ്ടവരോ..?

ചിക്കുന്‍ ഗുനിയ എന്ന രോഗം കേരളത്തില്‍ പടര്‍ന്നുപിടിച്ചത്‌ നന്നായി എന്നു വിശ്വസിക്കുന്ന ഒരാളാണ്‌ ഞാന്‍. രണ്ടുണ്ട്‌ കാരണങ്ങള്‍.
ഒന്ന്) കേരളീയരുടെ അലസതയ്ക്കും പരിസര ശുചിത്വമില്ലായ്‌മയ്ക്കും കിട്ടിയ കനത്ത ശിക്ഷയാണ്‌ ഈ ഗുനിയമരണങ്ങള്‍. പരിസരശുചീരണത്തെപ്പറ്റി എത്ര പറഞ്ഞാലും മനസ്സിലാവാത്ത ഒരു വര്‍ഗ്ഗമായി നാം മാറിയിട്ട്‌ കുറച്ചു നാളുകളായി.
രണ്ട്‌) കേരളീയചിന്തയുടെ മറ്റൊരു മ്ലേച്‌ഛമുഖം വെളിപ്പെടുത്താന്‍ ഈ മരണങ്ങള്‍ കാരണമായിട്ടുണ്ട്‌.
ഇതില്‍ ഒന്നാമത്തെ വിഷയത്തെപ്പറ്റി നിരവധി പോസ്‌റ്റുകള്‍ വന്നതുകാരണം അതേപ്പറ്റി ഇനി പറയുന്നില്ല. കണ്ടാല്‍പ്പഠിക്കാത്തവന്‍ കൊണ്ടാല്‍പഠിക്കും അത്രതന്നെ!
രണ്ടാമത്തെ വിഷയം കൂടുതല്‍ ഗൗരവമാര്‍ന്നതാണ്‌ എന്ന് വിചാരിക്കുന്നു. ചിക്കുന്‍ ഗുനിയയുടെ വ്യാപനം മൂലം കേരളത്തില്‍(മരണകാരണത്തെ സംബന്ധിച്ച തര്‍ക്കങ്ങള്‍ അവിടെ നില്‌ക്കട്ടെ) മരണപ്പെട്ടവരില്‍ നല്ലൊരു ശതമാനവും വൃദ്ധരാണ്‌. അല്ലെങ്കില്‍ അറുപത്‌ വയസ്സുകഴിഞ്ഞവരാണ്‌. അതേ സംബന്ധിച്ച്‌ രാഷ്‌ട്രീയ നേതാക്കന്മാരില്‍ നിന്ന് ഭരണകര്‍ത്താക്കളില്‍ നിന്ന് എന്തിന്‌ പൊതു സമൂഹത്തില്‍ നിന്നു തന്നെ ഉയര്‍ന്നുവന്നിട്ടുള്ള ഉദാസീനത നാം പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്‌. മരിച്ചവരില്‍ അധികവും പ്രായമുള്ളവരാണ്‌ അതുകൊണ്ട്‌ സാരമില്ല എന്ന മട്ടിലായിരുന്നു ആ പ്രതികരണങ്ങള്‍ അത്രയും ഉണ്ടായത്‌. 'ഇന്നല്ലെങ്കില്‍ നാളെ ഇവനൊക്കെ അങ്ങ്‌ പോകേണ്ടവനാണ്‌. ഇന്നായത്‌ അത്രയും നന്ന്. ഇല്ലെങ്കില്‍ ഇവനൊക്കെ കിടന്ന് ഞങ്ങള്‍ക്ക്‌ ഒരു ശല്യമായിത്തീര്‍ന്നേനേം.' എന്നൊരു മനസ്സ്‌ ആ വാക്കുകള്‍ക്ക്‌ പിന്നിലിരുന്ന് സംസാരിക്കുന്നതായി തോന്നി. അതായത്‌ അറുപതു കഴിഞ്ഞവരെല്ലാം വേഗം മരിക്കേണ്ടവരാണ്‌ എന്നൊരു ചിന്ത നമ്മുടെ പൊതുസമൂഹത്തില്‍ പടര്‍ന്നുപിടിച്ചോ എന്നു ഞാന്‍ ഭീതിയോടെ സംശയിക്കുന്നു.
കേരളത്തില്‍ അനുദിനം വര്‍ദ്ധിച്ചുവരുന്ന വൃദ്ധസദനങ്ങള്‍, ശരണാലയങ്ങള്‍, അഗതി മന്ദിരങ്ങള്‍ എന്നിവകൂടി പരിഗണിച്ചുവേണം നാം ഈ വിഷയത്തെ സമീപിക്കുവാന്‍. കേരളത്തില്‍ ഇത്രയും മരണങ്ങള്‍ നടന്നിട്ടും നമ്മുടെ മനഃസാക്ഷി കുലുങ്ങാതെ നില്‌ക്കുന്നത്‌, ഭരണകൂടം ചലിക്കാതെ നില്‌ക്കുന്നത്‌ മരിച്ചവരിലേറെയും പ്രായവയവര്‍ തന്നെ ആയിട്ടല്ലേ എന്ന് നമുക്കോരോരുത്തര്‍ക്കും സ്വയം ചോദിച്ചുനോക്കാം. അപ്പോള്‍ കിട്ടും കൃത്യമായ ഉത്തരം. ഇത്രയും കുട്ടികളായിരുന്നു ഇവിടെ മരിച്ചതെങ്കില്‍ എന്താകുമായിരുന്നു കേരളത്തിന്റെ ഭീതിയും അങ്കലാപ്പും അരാഷ്‌ട്രീയ പൊതുസമൂഹം ഉണ്ടാക്കുമായിരുന്ന ബഹളവും.
എങ്ങനെ വന്നു വൃദ്ധരോട്‌ നമുക്കിത്ര വിദ്വേഷം..? നമ്മില്‍ അനുദിനം വ്യാപരിക്കുന്ന ഉപഭോഗസംസ്‌കാരത്തിന്റെ ഭാഗമാണോ ഇതും..? എല്ലാം ഉപയോഗിച്ചു കളയുന്നതിനൊപ്പം നാം നമ്മുടെ മാതാപിതാക്കളെയും ഉപയോഗിച്ചു കളയാന്‍ തക്കവണ്ണം പ്രാപ്‌തരായോ..? പ്രായമായവര്‍ ഒരു സമൂഹത്തിന്റെ സമ്പത്താണ്‌ അവരെ സംരക്ഷികേണ്ടത്‌ സമൂഹത്തിന്റെ തന്നെ ചുമതലയാണ്‌ എന്ന സാമൂഹികബോധവും ധാര്‍മ്മികബോധവും എങ്ങനെ നമുക്ക്‌ നഷ്‌ടമായി..?
പെന്‍ഷന്‍പറ്റി മക്കളെ ഒരു കരയ്ക്ക്‌ എത്തിച്ചു കഴിഞ്ഞാല്‍ മാതാപിതാക്കള്‍ വേഗം അടുത്ത അഗതിമന്ദിരം പിടിച്ചുകൊള്ളുക അല്ലെങ്കില്‍ നിങ്ങള്‍ മരണയോഗ്യന്‍ എന്നാണോ ഈ സൂചനകളിലൂടെ കേരളത്തിന്റെ യുവമനസ്സ്‌ മന്ത്രിക്കുന്നത്‌..? സത്യത്തില്‍ ഗുനിയ പിടിപെട്ടത്‌ ആര്‍ക്ക്‌..? വൃദ്ധരുടെ ശരീരത്തിനോ യുവത്വത്തിന്റെ മനസ്സിനോ..?!!

Thursday, October 12, 2006

ഖസാക്കിലേക്ക്‌ വീണ്ടും

കാലാന്തരങ്ങള്‍ക്കുശേഷം കൂനന്മാവില്‍ പിന്നെയും ഒരു ബസ്‌ വന്നുനിന്നു. അതില്‍ നിന്നും പതിയെ രവിയുടെ ഒരു ചടച്ചരൂപം!
രവി കണ്ടു - കാലം കൂനന്മാവിനു വലിയ മാറ്റം ഒന്നും വരുത്തിയിട്ടില്ല. കുറച്ചു കോണ്‍ക്രീറ്റു കെട്ടിടങ്ങളുടെ വളര്‍ച്ച മാത്രം!. നിരത്തിയിട്ടിരിക്കുന്ന കുറച്ച്‌ ഓട്ടോറിക്ഷകള്‍.. അവകള്‍ ഇന്ന് സ്ഥാനം പിടിച്ചിരിക്കുന്നിടത്താണ്‌ താന്‍ പണ്ട്‌ മരണം കാത്തുകിടന്നത്‌. അന്നത്തെ കൊടും മഴ തന്റെ വിഷത്തെ കഴുകിക്കളഞ്ഞു. പ്രകൃതിയുടെ ദാഷണ്യം. മരണത്തിന്റെ സുഖത്തില്‍ നിന്നും വീണ്ടും വ്യഥകളുടെ ജീവിതത്തിലേക്ക്‌... നിയോഗമായ പ്രയാണദിനങ്ങളിലേക്ക്‌...
പഴയ സര്‍ബത്ത്‌ കട ഇപ്പോഴും ഉണ്ട്‌. സര്‍ബത്തിനു പകരം നിരന്നിരിക്കുന്നത്‌ പെപ്‌സിയും കോളയും മറ്റ്‌ വിദേശപാനിയങ്ങളും.
കടക്കാരന്‍ രവിയെ തിരിച്ചറിഞ്ഞു 'വീണ്ടും വന്നുവല്ലേ..?'
രവി വെറുതെ ഒന്ന് പുഞ്ചിരിക്കുക മാത്രം ചെയ്‌തു.
ഖസാക്കിലേക്ക്‌ ഇപ്പോഴും ചെമ്മണ്‍ പാതതന്നെ. രവിക്ക്‌ പണ്ടത്തെപ്പോലെ നടക്കേണ്ടി വന്നില്ല. ഒരു ഓട്ടോക്കാരന്‍ അര്‍ദ്ധസമ്മതത്തോടെയാണെങ്കിലും കൊണ്ടുവിട്ടു.
രവി ഖസാക്കിലെത്തിയപ്പോള്‍ മഴ ചാറുന്നുണ്ടായിരുന്നു.
അലിയാരുടെ ചായപ്പീടികയില്‍ ആരൊക്കെയോ അപരിചിതര്‍. അവര്‍ ഓട്ടോയില്‍ വന്നിറങ്ങിയ അതിഥിയെ സാകൂതം വീക്ഷിക്കുന്നു. പിന്നെ അമേരിക്കയുടെ വിദേശനയങ്ങളെക്കുറിച്ചുള്ള ചര്‍ച്ചയുടെ ബാക്കി ഭാഗങ്ങളിലേക്ക്‌ തിരിച്ചുപോയി.
ഖസാക്കിന്‌ ഒത്തിരി മാറ്റങ്ങള്‍. മാറാതെ ചെതലിയുടെ താഴ്‌വര മാത്രം!
കരിമ്പനകളില്‍ അപ്പോഴും കിഴക്കന്‍ കാറ്റ്‌ വീശുന്നുണ്ടായിരുന്നു.
രവി ചായക്കടയിലേക്ക്‌ കയറി. അലിയാര്‍ അല്ല മറ്റാരോ ആണ്‌ കട നടത്തുന്നത്‌. ചായ കുടിച്ച്‌ ചര്‍ച്ചയില്‍ മുഴുകിയിരിക്കുന്നവരുടെ മുഖങ്ങളിലൂടെ രവി സഞ്ചരിച്ചു. പഴയ മുഖങ്ങളുടെ പ്രായം ചെന്ന രൂപത്തെ ഓര്‍ത്തെടുക്കാന്‍ ഒരു ശ്രമം നടത്തിക്കൊണ്ട്‌. പക്ഷേ കഴിഞ്ഞില്ല.
രവി ഒരു ചായയ്ക്ക്‌ പറഞ്ഞു. അത്‌ കുടിച്ചിരിക്കുമ്പോള്‍ പുറത്തുനിന്ന് ഒരു വിളി 'ഏ..ത്തോ..'
രവി തിരിഞ്ഞു നോക്കി. കിളി! തന്റെ സ്വന്തം അപ്പുക്കിളി!! അവനു മാത്രം ഒരു മാറ്റവും ഇല്ല.
ഒരു തുമ്പിയേയും പിടിച്ചുകൊണ്ട്‌...
'കിളിയേ...' രവി സ്നേഹത്തോടെ വിളിച്ചു.
'നീ പിന്നേം കത പതയാന്‍ വന്നതാ..'
രവി ചിരിച്ചതേയുള്ളൂ.
അപ്പുറത്തെ ടേബിളില്‍ ചായ കുടിച്ചിരുന്ന ഒരു ചെറുപ്പക്കാരന്‍ ചാടി എഴുനേറ്റുവന്ന് രവിയുടെ കൈ കടന്നുപിടിച്ചു.
'രവി മാഷ്‌ടരാ...?'
'അതെ.'
'നമ്മ ആരാണ്‌ന്നു മാഷ്‌ടരക്ക്‌ മന്‌ഷിലായോ..?'
രവി ഒത്തിരി നേരം സൂക്ഷിച്ചുപഠിച്ചിട്ടും ഓര്‍മ്മ വന്നില്ല.
അവസാനം തോല്‌വി സമ്മതിച്ച്‌ തല കുലുക്കി.
'ചാത്തന്‍! മാഷ്‌ടരുടെ പഴയ ഇഷ്‌കൂളില്‍ ..'
ഓര്‍മ്മ തെളിഞ്ഞു. താന്‍ സ്വന്തം പണമെടുത്ത്‌ കുപ്പായം വാങ്ങിക്കൊടുത്ത പയ്യന്‍.
'ഇപ്പോ..'
'പണിയൊന്നുമില്ല. കുറച്ചുനാള്‍ ഓബുഡ്‌സ്‌മാനായിരുന്നു. ജനകീയാസൂത്രണം പോയപ്പോ അതും പോയി..'
'ഇതെന്താ മുഖത്തൊരു പാട്‌..?' രവി ചോദിച്ചു.
'മുത്തങ്ങ!!'
രവി മുഖം കുനിച്ചു.
'മാഷ്‌ടരിന്റെ ഖസാക്കിലേക്കുള്ള പുതിയ വരവിന്റെ ഉദ്ദേശ്യം..?'
'ചരിത്രം ആവശ്യപ്പെടുന്ന പുതിയ ദൗത്യം. ഞാനിവിടെ ഒരു ഏകാധ്യാപക കമ്പ്യൂട്ടര്‍ സ്‌കൂള്‍ തുടങ്ങുന്നു..!

Sunday, October 08, 2006

മോറിയോടൊപ്പമുള്ള ചൊവ്വാഴ്ചകള്‍

എനിക്ക്‌ എല്‍.പി.സ്‌കൂളില്‍ ഒരധ്യാപികയുണ്ടായിരുന്നു. അമ്മിണിയമ്മ ടീച്ചര്‍. വല്ലാത്ത സ്നേഹവതി ആയിരുന്നു ടീച്ചര്‍. പൂവിടരുന്നപോലെ മുഖം മുഴുവന്‍ നിറയുന്ന ചിരിയാണ്‌ അമ്മിണിയമ്മ ടീച്ചറെ ഓര്‍ക്കുമ്പോള്‍ മനസ്സില്‍ വന്നുനിറയുന്നത്‌. ശനിയാഴ്ചകളിലും ഞയറാഴ്ചകളിലും വീട്ടില്‍ നിന്ന് അനുവാദം വാങ്ങി അമ്മിണിയമ്മ ടീച്ചറിന്റെ വീട്ടില്‍ പോകുമായിരുന്നു. ടീച്ചറിന്റെ മുറ്റത്ത്‌ നിറയെ ചാമ്പയും പേരയും ആത്തയും ലെവലോലിയും മള്‍ബറിയും പാഷന്‍ ഫ്രൂട്ടും ഒക്കെയാണ്‌. ഞങ്ങളതിലൊക്കെ കുട്ടുക്കുരങ്ങന്മാരെപ്പോലെ ചാടിക്കയറി ഓരോന്ന് കൊതിയോടെ പറിച്ചു തിന്നും. ടീച്ചറിന്റെ ഭര്‍ത്താവ്‌ മറ്റൊരു സ്‌കൂളിലെ അധ്യാപകനാണ്‌. ഞങ്ങള്‍ ചെന്നാല്‍ അദ്ദേഹം വീടിന്റെ തിണ്ണയില്‍ വന്നിരുന്ന് ഞങ്ങളുടെ ഈ പ്രാന്തത്തരങ്ങള്‍ കണ്ടുരസിക്കും. ഒടുവില്‍ ഞങ്ങളോട്‌ ചില കുസൃതിച്ചോദ്യങ്ങള്‍ ചോദിക്കുകയും ചെയ്യും. മിക്കപ്പോഴും കടംകഥകള്‍. ഞങ്ങള്‍ക്ക്‌ ഉത്തരം അറിയില്ലെങ്കില്‍ നിങ്ങളും നിങ്ങളുടെ ടീച്ചറെപ്പോലെ മണ്ടന്മാരാണോ എന്ന് അദ്ദേഹം കളിയാക്കാറുണ്ടായിരുന്നു. മുഴുവന്‍ സന്തോഷം നിറഞ്ഞ ഒരു വീട്‌ എന്നാണ്‌ എനിക്ക്‌ ആ വീടിനെപ്പറ്റി തോന്നിയിട്ടുള്ളത്‌. പിന്നെ ഒരിക്കല്‍ വളരെ യാദൃശ്ചികമായാണ്‌ ഞാന്‍ ആ വീടിന്റെ ചിരികള്‍ക്കുമേല്‍ ഒളിപ്പിച്ചു വച്ചിരിക്കുന്ന സങ്കടത്തെപ്പറ്റി അറിയുന്നത്‌ - ടീച്ചറിന്റെ ഏകമകള്‍ തളര്‍വാതം വന്ന് പൂര്‍ണ്ണമായും കിടപ്പിലായിരുന്നു! അതറിഞ്ഞതില്‍പ്പിന്നെ ഒരിക്കലും ഞാന്‍ ആ വീട്ടില്‍ പോയിട്ടില്ല. എന്താണെന്ന് എനിക്ക്‌ ഇപ്പോഴും അറിയില്ല. പക്ഷേ അമ്മിണിയമ്മ ടീച്ചറും ആ വീടും ഒരിക്കലും എന്റെ മനസില്‍ നിന്ന് മാഞ്ഞുപോയിട്ടില്ല.
ഒരു നീണ്ട വിദ്യാഭ്യാസകാലത്തിന്റെ ചരിത്രവും ഓര്‍മ്മയും നമുക്കെല്ലാവര്‍ക്കുമുണ്ട്‌. ആ കാലത്തിനിടയില്‍ എത്രയധികം അധ്യാപകരാണ്‌ നമുക്ക്‌ വിജ്ഞാനം പകര്‍ന്നുതന്നുകൊണ്ട്‌ നമ്മെ കടന്നുപോയിട്ടുണ്ടാകുക. പക്ഷേ അതില്‍ എത്ര അധ്യാപകരെ നാം ഇന്ന് ഓര്‍മ്മിക്കുന്നു..? അതില്‍ എത്ര അധ്യാപകരുമായി നാം ഇന്നും ബന്ധപ്പെടുവാന്‍ ശ്രമിക്കുന്നു. ചിലപ്പോള്‍ ഉത്തരം ആരുമില്ല എന്നാവാം. ചിലപ്പോള്‍ ഒന്നോരണ്ടോ പേര്‍ ഉണ്ടായെന്നും വരാം. ഒരു നീണ്ട നിരയിലെ ബാക്കി അധ്യാപകര്‍ക്കൊക്കെ എന്താണ്‌ സംഭവിച്ചത്‌..? നാം എന്തുകൊണ്ട്‌ അവരെ ഓര്‍മ്മിക്കാതിരിക്കുന്നു..? ഉത്തരം ലളിതമാണ്‌. നിയതമായ പാഠ്യപദ്ധതികള്‍ക്കപ്പുറം മറ്റൊന്നും നമ്മില്‍ അവശേഷിപ്പിക്കുവാന്‍ അവര്‍ക്കായില്ല. നാം അതില്‍ ഒന്നോരണ്ടോ പേരെ ഓര്‍ക്കുന്നെങ്കില്‍ അതിനു കാരണം അവര്‍ പഠിപ്പിച്ച വിഷയമായിരിക്കില്ല, അവര്‍ നമുക്ക്‌ മറ്റേതെങ്കിലും വിധത്തില്‍ പകര്‍ന്നുതന്ന ചില ഓര്‍മ്മകളിലൂടെയോ വീക്ഷണങ്ങളിലൂടെയോ ആയിരിക്കണം അത്‌. അല്ലേ..?!
ഇപ്പോള്‍ ഈ ചിന്തകള്‍ എന്നില്‍ വന്നുനിറിയാന്‍ കാരണം അടുത്തിടെ വായിച്ചു തീര്‍ത്ത ഒരു പുസ്‌തകമാണ്‌. അതാണ്‌ - മോറിയോടൊപ്പമുള്ള ചൊവ്വാഴ്ചകള്‍ -
ഭാവിയില്‍ നിങ്ങളുടെ സുഹൃത്തുക്കളുടെ കൂട്ടത്തില്‍ എന്നെയും എണ്ണേണ്ടിവരും എന്ന് അധ്യാപനത്തിന്റെ ആദ്യദിവസം പറഞ്ഞ ഒരധ്യപകന്‍ നിങ്ങള്‍ക്കുണ്ടോ..? എല്ലാ സായംകാലത്തിലും നിങ്ങള്‍ക്കൊപ്പം കളിക്കുകയും ചിരിയ്ക്കുകയും നൃത്തംവയ്ക്കുകയും സന്തോഷങ്ങള്‍ പങ്കുവയ്ക്കുകയും ചെയ്‌തിരുന്ന ഒരധ്യാപകന്‍..? നിനക്കൊരു കാമുകിയുണ്ടായോ എന്ന് ചോദിക്കാനും മാത്രം സൗഹൃദത്തിലേക്ക്‌ വളര്‍ന്ന ഒരധ്യാപകന്‍..? ഉണ്ടായിരുന്നെങ്കില്‍ അതൊരു സൗഭാഗ്യം തന്നെ ആയിരുന്നിരിക്കണം അല്ലേ..? അത്തരത്തിലുള്ള ഒരധ്യാപകനെക്കുറിച്ചുള്ള സജീവമായ ഓര്‍മ്മകളാണ്‌ അമേരിക്കയിലെ ഒന്നാം നമ്പര്‍ സ്പോര്‍ട്‌സ്‌ ലേഖകനായി അറിയപ്പെടുന്ന മിച്ച്‌ ആല്‍ബോം 'മോറിയോടൊപ്പമുള്ള ചൊവ്വഴ്‌ചകള്‍' എന്ന പുസ്‌തകത്തില്‍ നമ്മളുമായി പങ്കുവയ്ക്കുന്നത്‌.
വെറും കളിചിരികൊണ്ടും പഴഞ്ചന്‍ തമാശകള്‍കൊണ്ടുമല്ല മോറി അദ്ദേഹത്തിന്റെ കുട്ടികളുടെ മനസ്സ്‌ കവര്‍ന്നത്‌. ജീവിതത്തെ സംബന്ധിച്ച്‌ വ്യക്‌തമായ ഉള്‍ക്കാഴ്ചകള്‍ പകര്‍ന്നുകൊടുക്കാന്‍ മോറി എന്നും ശ്രമിച്ചിരുന്നു. നിനക്ക്‌ കഴിയാവുന്നത്ര മനുഷ്യനായിരിക്കാന്‍ നീ ശ്രമിക്കുന്നുണ്ടോ..? എന്ന മോറിയുടെ ഒരു ചോദ്യം മാത്രം മതി അത്‌ സാധൂകരിക്കാന്‍.
കോളേജ്‌ ദിനങ്ങള്‍ കഴിഞ്ഞ്‌ നീണ്ട പതിനാറുവര്‍ഷങ്ങള്‍ക്കുശേഷം പഴയ അധ്യാപകനെ തേടിച്ചെല്ലുന്ന മിച്ചിനെയാണ്‌ നാം ആദ്യം ഈ പുസ്‌തകത്തില്‍ കാണുന്നത്‌. പക്ഷേ അപ്പോഴേക്കും മോറി 'അമിയോട്രോഫിക്‌ ലാറ്ററല്‍ സ്കെലോറൊസിസ്‌' എന്ന മാരകമായ ഞരമ്പുരോഗത്തിന്‌ അടിമയായി മരണത്തിലേക്ക്‌ നീങ്ങിക്കൊണ്ടിരിക്കുകയായിരുന്നു. പക്ഷേ അപ്പോഴും തന്നെ സന്ദര്‍ശിക്കാനെത്തുന്നവര്‍ക്കൊക്കെ ജീവിതത്തെ സംബന്ധിച്ച്‌ പുതിയ ഉള്‍ക്കാഴ്ചകള്‍ പകര്‍ന്നുനല്‌കാനാണ്‌ മോറി ശ്രമിക്കുന്നത്‌. അങ്ങനെയാണ്‌ മോറി ഒരു അധ്യാപകന്‍ എന്ന നിലയില്‍ നിന്നും മഹാനായ ഒരു തത്വചിന്തകന്‍ എന്ന നിലയിലേക്ക്‌ ഉയരുന്നത്‌. മോറി പറയുന്നുണ്ട്‌ ' മിച്ച്‌, എനിക്കറിയാം ഞാന്‍ മരിച്ചുകൊണ്ടിരിക്കുകയണ്‌. പക്ഷേ ഞാനിപ്പോഴും നിരവധി ആളുകളുടെ സ്നേഹത്താല്‍ വലയം ചെയ്യപ്പെട്ടിരിക്കുന്നു. ജീവിച്ചിരിക്കുന്ന എത്രപേര്‍ക്ക്‌ എന്നെപ്പോലെ അങ്ങനെ പറയാന്‍ കഴിയും..?'
ജീവിതത്തില്‍ നാം എന്തൊക്കെ നേടിയാലും സഹജീവികളുടെ സ്നേഹം നേടാനായില്ലെങ്കില്‍ പിന്നെ എന്ത്‌..? എന്നൊരു ചോദ്യമാണ്‌ മോറി ഇവിടെ ഉന്നയിക്കുന്നത്‌.
മോറി മരിക്കുംവരെയുള്ള പിന്നെത്തെ എല്ലാ ചൊവ്വാഴ്ചകളിലും മിച്ച്‌ 700 മെയില്‍ 'പറന്ന്' മോറിയെ കാണാന്‍ വരുമായിരുന്നു എന്നത്‌ ആ അധ്യാപകവിദ്യാര്‍ത്ഥി ബന്ധത്തിന്റെ ഊഷ്മളത വിളിച്ചു പറയുന്നു. എല്ലാ ചൊവ്വാഴ്ചകളിലും മോറി ജീവിതത്തെ സംബന്ധിച്ച വിവിധ ആശയങ്ങള്‍ മിച്ചുമായി പങ്കുവയ്ക്കുകയും ചെയ്യുമായിരുന്നു.
സാവധാനം മരിച്ചുകൊണ്ടിരിക്കുന്ന ഒരു സാധുമനുഷ്യന്റെ ദൈന്യതകള്‍കൊണ്ട്‌ സങ്കടം നിറയ്ക്കുന്നതാണ്‌ ഈ പുസ്‌തകത്തിലെ പലഭാഗങ്ങളും. ഒരു ദിവസം നിറയെ ആഹാരങ്ങളും വാങ്ങി മിച്ച്‌ മോറിക്കരുകിലെത്തുമ്പോള്‍ അദ്ദേഹം ആഹാരം കഴിക്കാനാവാത്തവിധം പരിക്ഷീണിതനായിപ്പോയിക്കഴിഞ്ഞിരുന്നു.
സ്വന്തം ജീവിതാവസ്ഥയെ ഓര്‍ത്ത്‌ സങ്കടം തോന്നാറില്ലേ..? മിച്ചിന്റെ ഒരു ചോദ്യം.
രാവിലെ എഴുനേല്‌കുമ്പോള്‍ ഞാന്‍ എന്റെ അവയവങ്ങള്‍ ഓരോന്നായി ചലിപ്പിക്കാന്‍ നോക്കും. എന്തിന്റെയൊക്കെ പ്രവര്‍ത്തനങ്ങള്‍ നിലച്ചുകഴിഞ്ഞു എന്നറിയാന്‍ - മോറി പറഞ്ഞതാണ്‌ - അന്നേരം മാത്രം ഞാന്‍ എനിക്കുവേണ്ടി അല്‌പം ദുഃഖിക്കും. എന്നാല്‍ ഉടന്‍ തന്നെ ഞാന്‍ എന്നില്‍ അവശേഷിക്കുന്ന നല്ല കാര്യങ്ങളെ ഓര്‍ത്ത്‌ സന്തോഷിക്കും. ഏത്‌ സമയത്തും സന്തോഷത്തോടെ ജീവിതത്തിന്‌ യാത്ര പറയാന്‍ ഞാന്‍ തയ്യാറായിരിക്കുന്നു. എല്ലാവരും എന്നെപ്പോലെ അത്ര ഭാഗ്യവാന്മാരല്ല!
ഭാഗ്യവാന്‍..?! മിച്ച്‌ അതിശയിക്കുന്നുണ്ട്‌. അതെ മോറി അങ്ങനെതന്നെയാണ്‌ പറഞ്ഞത്‌. ഇതാണ്‌ മോറി എന്ന മനുഷ്യന്റെ/ മോറി എന്ന അധ്യാപകന്റെ ജീവിതത്തിനോടുള്ള അനുകൂലഭാവം!. ഒരു ചെറിയ സങ്കടത്തില്‍ നിരാശയിലേക്കും ആത്മഹത്യയിലേക്കും നീങ്ങുന്ന മലയാളി മനസ്സ്‌ ഈ വാക്കുകള്‍ രണ്ടുവട്ടം വായിച്ചു ഗ്രഹിക്കേണ്ടതുണ്ട്‌!
ഒരു ദിവസം മിച്ച്‌ ചെല്ലുമ്പോള്‍ മോറി വളരെ സങ്കടപ്പെട്ടിരിക്കുകയാണ്‌. മുന്നില്‍ ന്യൂസ്‌പേപ്പര്‍ കിടപ്പുണ്ട്‌. കാര്യമന്വേഷിക്കുമ്പോഴാണ്‌ അറിയുന്നത്‌, ബോസ്‌നിയയിലെ ആഭ്യന്തരകലാപവും അവിടുത്തെ ജനങ്ങളുടെ അവസ്ഥയും ഓര്‍ത്താണ്‌ ഈ സങ്കടം. മിച്ചിന്‌ ആത്മനിന്ദ തോന്നുന്ന നിമിഷങ്ങളിലൊന്നാണിത്‌. മിച്ച്‌ പറയുന്നു, എന്റെ തൊഴിലിന്റെ ഭാഗമായി (പത്രപ്രവര്‍ത്തനം) എനിക്ക്‌ നിരവധി കഷ്ടപ്പെടുന്നവരുടെ അഭിമുഖങ്ങള്‍ നടത്തേണ്ടി വന്നിട്ടുണ്ട്‌. നിരവധി പ്രമുഖരുടെ ശവസംസ്കാരച്ചടങ്ങുകളില്‍ പങ്കെടുക്കേണ്ടി വന്നിട്ടുണ്ട്‌. ധാരാളം ദുഃഖകരമായ അവസ്ഥകള്‍ റിപ്പോര്‍ട്ട്‌ ചെയ്യേണ്ടി വന്നിട്ടുണ്ട്‌. ഒരിക്കലും ഞാന്‍ കരഞ്ഞിട്ടില്ല. പക്ഷേ നോക്കൂ ഈ അര്‍ദ്ധമൃതനായ ഈ മനുഷ്യന്‍ ലോകത്തിയെയോര്‍ത്ത്‌, ബോസ്‌നിയയെ ഓര്‍ത്ത്‌ സങ്കടപ്പെടുന്നു.
ഇതായിരുന്നു മോറിയുടെ സമസൃഷ്ടികളോടുള്ള നിലപാട്‌! അതാണ്‌ മോറിയെ ഒരു സാധാരണ അധ്യാപകന്‍ എന്ന നിലയില്‍ നിന്നും ഓര്‍മ്മിക്കപ്പെടേണ്ട വ്യക്‌തിയായി മാറ്റുന്ന ഘടകം!
തികച്ചും ദരിദ്രമായ ഒരു അവസ്ഥയിലൂടെയാണ്‌ മോറിയുടെ ബാല്യം കടന്നുപോയിട്ടുള്ളത്‌. ചെറുതിലേ നഷ്ടപ്പെട്ട അമ്മ, ജോലിയൊന്നുമില്ലാത്ത അച്ഛന്‍. ദുരിതം, കഷ്ടപ്പാട്‌, ദാരിദ്ര്യം.... എവിടെയെങ്കിലും തെരുവില്‍ അവസാനിക്കേണ്ടതായിരുന്നു മോറിയുടേ ജീവിതം. പക്ഷേ നമ്മള്‍ കേട്ടിട്ടുള്ള കഥകളില്‍ നിന്നു വ്യത്യസ്‌തമായി ഒരാള്‍ മോറിയുടെ ജീവിതത്തിന്‌ പ്രകാശമാകുകയായിരുന്നു, മോറിയുടെ രണ്ടാനമ്മ!! സ്നേഹത്തിന്റെയും കഠിനാധ്വാനത്തിന്റെയും ശുഭചിന്തകളുടെയും പ്രതീകമായിരുന്ന ആ സ്‌ത്രീയാണ്‌ മോറിയുടെ ജീവിതത്തെ ഉന്നതങ്ങളിലേക്ക്‌ നയിച്ചത്‌. എല്ലാ ദുരിതങ്ങള്‍ക്കിടയിലും രാത്രി പാട്ടുപാടിക്കൊടുത്തും കഥപറഞ്ഞും ഉന്നതമായി പഠിക്കേണ്ടതിനെപ്പറ്റി ഓര്‍മ്മപ്പെടുത്തിയും സ്വന്തം അമ്മയെക്കാളേറെ സ്നേഹിച്ച മറ്റൊരമ്മ!
മനുഷ്യസ്നേഹിയായ ഒരധ്യാപകന്റെ മാത്രമല്ല കഠിനാധ്വാനിയായ ഒരു വിദ്യാര്‍ത്ഥിയുടെ കഥകൂടിയാണ്‌ ഈ പുസ്‌തകം!
ഓരോ നല്ല പുസ്‌തകത്തിന്റെ വായനയും നമ്മെ ചില ഭൂതകാലസ്‌മൃതികളിലേക്ക്‌ ഉണര്‍ത്തി വിടാറുണ്ട്‌. അത്തരത്തിലൊരു പുസ്‌തകമാണ്‌ മോറിയോടൊപ്പമുള്ള ചൊവ്വാഴ്ചകള്‍!

Tuesdays with Morrie. an old man, a young man and life's greatest lesson
by Mitch Albom .
Published by DOUBLEDAY. (US $7.50)

(ബഹ്‌റൈന്‍ ഇന്റര്‍നാഷണല്‍ ബുക്ക്‌ ഫെയറിലെ പുസ്‌തകസ്റ്റാളുകള്‍ക്കിടയിലൂടെ ഏത്‌ പുസ്‌തകം തിരഞ്ഞെടുക്കണമെന്നറിയാതെ കാട്ടുപന്നിയെപ്പോലെ അലഞ്ഞുനടക്കുന്നതിനിടെ ഈ പുസ്‌തകം എന്നെക്കൊണ്ട്‌ നിര്‍ബന്ധിപ്പിച്ച്‌ വാങ്ങിപ്പിച്ച അപരിതിചയായ അറബിപ്പെണ്‍കുട്ടിയ്ക്ക്‌ നന്ദി രേഖപ്പെടുത്തിക്കൊള്ളുന്നു!)