Thursday, September 25, 2008

നസ്രാണികളുടെ അക്കപ്പോര്‌ തുടങ്ങി...


മാധ്യമം വാരികയില്‍ പ്രസിദ്ധീകരിച്ച ‘അക്കപ്പോരിന്റെ ഇരുപത്‌ നസ്രാണിവര്‍ഷങ്ങള്‍’ എന്ന നോവല്‍ ഇപ്പോള്‍ ഡി.സി. ബുക്‌സ്‌ - പുസ്‌തകരൂപത്തില്‍ പുറത്തിറക്കിയിരിക്കുന്നു.

ഈ നോവലിനെക്കുറിച്ച്‌ കറന്റ്‌ ബുക്‌സ്‌ ബുള്ളറ്റിനില്‍ വന്ന പരിചയപ്പെടുത്തല്‍:

സഭാതര്‍ക്കങ്ങള്‍ ഇന്നൊരു വാര്‍ത്തയല്ല. കഥ അറിയാതെ ആട്ടം കാണുന്നവരെപ്പോലെ സഭാവിശ്വാസികളല്ലാത്തവരും ചാനലുകളിലൂടെയും പത്രങ്ങളിലൂടെയും ഈ പോര്‌ കണ്ട്‌ അന്തം വിട്ടിരിക്കുന്നുണ്ട്‌. ആദരണീയരായ സഭാമേധാവികള്‍ - ചാനല്‍ വാര്‍ത്തകളില്‍ പ്രത്യക്ഷപ്പെട്ട്‌ സഭാതര്‍ക്കങ്ങള്‍ ടെലിവിഷനിലിട്ടലയ്‌ക്കുമ്പോഴും എല്ലാപേരും ഞെട്ടുകയാണ്‌. ദശാബ്ദങ്ങളായി തുടര്‍ന്നുവരുന്ന ഈ സഭാതര്‍ക്കത്തിന്റെ കുന്നായ്‌മകളിലേക്കാണ്‌ ബെന്യാമിന്‍ അക്കപ്പോരിന്റെ ഇരുപത്‌ നസ്രാണി വര്‍ഷങ്ങള്‍ എന്ന നോവലിന്റെ ജാലകം തുറന്നുവയ്ക്കുന്നത്‌.

അക്കപ്പോരെന്നത്‌ തെക്കന്‍ തിരുവിതാംകൂറില്‍ നാത്തൂന്‍ പോരെന്നറിയപ്പെടുന്ന ഗാര്‍ഹിക സംഘര്‍ഷമാണെന്ന് കരുതുന്നു. ഇതൊരു ആഭ്യന്തര ലഹളയാണ്‌. നാത്തൂനും നാത്തൂനും ചേര്‍ന്നുള്ള ഒരു അടുക്കളപ്പോര്‌. അതില്‍ വീടിനു പുറത്തുള്ളവര്‍ക്ക്‌ റോളില്ല. എന്നാല്‍ അതിന്റെ അപശബ്‌ദങ്ങള്‍ വീട്ടിനുള്ളില്‍ ഒതുങ്ങിനില്‌ക്കുന്നില്ല. ഇതുതന്നെയാണ്‌ സഭാതര്‍ക്കത്തിന്റെയും കാര്യം. സഭയ്ക്കു പുറത്തുള്ളവര്‍ക്ക്‌ അതില്‍ കാര്യമൊന്നുമില്ല. എന്നാല്‍ അവര്‍ മൂക്കത്ത്‌ വിരല്‍ വച്ച്‌ അതിലേക്ക്‌ ചുഴിഞ്ഞുനോക്കുന്നുണ്ട്‌. ഒരേ സഭയ്ക്കുള്ളിലെ മലങ്കരവിഭാഗവും പാത്രിയാര്‍ക്കീസ്‌ വിഭാഗവും തമ്മില്‍ മാന്തളിര്‍ ഇടവക കേന്ദ്രമാക്കി നടത്തുന്ന അക്കപ്പോരിന്റെ രണ്ടു ദശാബ്ദത്തെ ചരിത്രമാണ്‌ ആക്ഷേപഹാസ്യത്തിന്റെ ഒരാന്തരക്കുന്തിരിക്കമണത്തോടെ ബെന്യാമിന്‍ ആവിഷ്കരിക്കുന്നത്‌.

മാന്തളിര്‍ കുഞ്ഞൂഞ്ഞും മാന്തളിര്‍ മത്തായിയും മറ്റനേകം വേഷങ്ങളും ഇതിലെ അക്കപ്പോരുകാരായി അണിനിരക്കുന്നു. അവര്‍ മപ്പടിച്ച്‌ താളം ചവിട്ടി പള്ളിമുറ്റത്ത്‌ അണിനിരക്കുമ്പോള്‍ അതൊരു കൗതുകക്കാഴ്ചയാവുന്നു. എല്ലാ ഞായറാഴ്ചകളിലും അത്‌ ആവര്‍ത്തിക്കുമ്പോള്‍ ആ കൗതൂകക്കാഴ്ച ഒരനുഷ്ഠാനവിശേഷമാകുന്നു. പിന്നെ അതില്ലാത്ത ഒരു ഞായറാഴ്ച ചിന്തിക്കാന്‍ തന്നെ പ്രയാസമാകുന്നു. മലങ്കര പാത്രിക്കീസ്‌ സഭകള്‍ തമ്മിലുള്ള സുദീര്‍ഘമായ അവകാശത്തര്‍ക്കത്തിന്റെ ഒരു കാരിക്കേച്ചര്‍ ആവുകയാണ്‌ ഈ നോവല്‍.

നോവലിന്‌ എന്തും വിഷയമാണ്‌ എന്ന സിദ്ധാന്തമനുസരിച്ച്‌ ഇതിന്റെ പ്രമേയത്തെയും അവതരണത്തെയും വിശകലനം ചെയ്യുമ്പോള്‍ ഒട്ടേറെ നവീനതകള്‍ ദര്‍ശിക്കാനാവുന്നു. ചരിത്രവും സങ്കല്‌പവും ഒളിച്ചേ കണ്ടേ കളിക്കുന്ന ഈ നോവല്‍ എന്തായാലും വ്യത്യസ്‌തമായ ഒന്നാണ്‌. എന്നാല്‍ ഏതൊരക്കപ്പോരിനും നാത്തൂന്‍ പോരിനും അറുതിയുണ്ടാകുന്ന ഒരവസ്ഥയുണ്ട്‌. അത് ബാഹ്യ ഇടപെടലിന്റെ സാഹചര്യമാണ്‌. ഞങ്ങള്‍ അസഭ്യം പറയും തല്ലും തലമാറിത്തകരും അതില്‍ നിങ്ങള്‍ക്കെന്തുകാര്യമെന്ന് നാത്തൂന്മാര്‍ ഒരേ സ്വരത്തില്‍ ഒരേ താളത്തില്‍ വരത്തനോട്‌ ചോദിക്കും. ഇതിലും അതുതന്നെ സംഭവിക്കുന്നു. പള്ളി പൂട്ടാന്‍ വന്ന അന്യനോട്‌ അവര്‍ നാത്തൂന്മാരുടെ മട്ടില്‍ തന്നെ പ്രതികരിക്കുന്നു. സഭാതര്‍ക്കങ്ങളെ ഇങ്ങനെ ഒരു തലത്തിലും നോക്കിക്കാണാമെന്ന് വ്യക്‌തമാക്കിയ ബെന്യാമിന്‌ അഭിമാനിക്കാം.

സഭയ്ക്കകത്തുള്ളവര്‍ക്കും പുറത്തുള്ളവര്‍ക്കും ഒരുപോലെ ഈ നോവല്‍ പുസ്‌തകം വായിച്ചു രസിക്കാം. സുനന്ദന്‍

കറന്റ്‌ ബുക്‌സ്‌ ബുള്ളറ്റിന്

‍ആഗസ്ത്‌ 2008

Sunday, September 14, 2008

സുബ്രമണ്യപുരം - ധാരണകളെ അട്ടിമറിക്കുന്ന സിനിമ

തമിഴ്‌ സിനിമയെക്കുറിച്ച്‌ നമ്മുടെ സാമാന്യധാരണ എന്താണ്‌, ആട്ടം പാട്ട്‌ ഡപ്പാംകൂത്ത്‌ സ്റ്റൈൽ മന്നൻ.. അല്ലേ..? തൊണ്ണൂറ്റൊൻപത്‌ ശതമാനം തമിഴ്‌ സിനിമകളും ആ വിഭാഗത്തിൽ പെടുന്നവയുമാണ്‌. സംശയമൊന്നുമില്ല. തമിഴരുടെ സിനിമാവബോധത്തെക്കുറിച്ചും നമുക്ക്‌ വലിയ വിശ്വാസമൊന്നുമില്ല. സാംസ്‌കാരിക ബുദ്ധിജീവികളായ മലയാളികളുടെ പുച്‌ഛം ഏറ്റുവാങ്ങാൻ വിധിക്കപ്പെട്ടവർ. സത്യത്തിൽ നമ്മുടെ വിധികൾ അസ്ഥാനത്താണെന്നതാണ്‌ പരമാർത്ഥം. ഇന്ന് ഇന്ത്യൻ സിനിമയിൽ ധൈര്യപൂർവ്വം പരീക്ഷണസിനിമകൾ എടുക്കുന്ന ഒരു ഭാഷയായി തമിഴ്‌ മാറിയിരിക്കുന്നു. വെറുതെ എടുക്കുന്നു എന്നതു മാത്രമല്ല അതിന്റെ പ്രത്യേകത അത്തരം പരീക്ഷണ സിനിമകളെ തമിഴ്‌ ജനത ഇരു കൈയ്യും നീട്ടി സ്വീകരിക്കുന്നു എന്നൊരു പ്രത്യേകത കൂടി നാം കാണേണ്ടതുണ്ട്‌. തമിഴ്‌ ജനതയുടെ ഇന്നേവരെയുള്ള സിനിമ സങ്കല്‌പങ്ങളെ അട്ടിമറിക്കുന്ന ഒരു സിനിമയായിരുന്നു പരുത്തിവീരൻ. ഒരുപക്ഷേ പ്രേം നസീറിന്റെ കാലത്ത്‌ മലയാളത്തിനുണ്ടായിരുന്ന നായകസങ്കല്‌പമാണ്‌ ഇന്നുവരെ തമിഴ്‌ സിനിമ പുലർത്തിപ്പോന്നത്‌. എന്നാൽ പരുത്തിവീരൻ അത്‌ അട്ടിമറിച്ചു. എല്ലാ ഹീറോയിസവും ആ സിനിമയിലൂടെ അട്ടിമറിക്കാൻ അതിന്റെ സംവിധായകൻ ധൈര്യം കാണിച്ചു. അത്‌ ജനം ഇരുകൈയ്യും നീട്ടി സ്വീകരിക്കുകയും ചെയ്‌തു. തമിഴിലിറങ്ങിയിട്ടുള്ള ഏറ്റവും വലിയ 'ഫോക്‌ലോർ' സിനിമകളിലൊന്നായാണ്‌ പരുത്തിവീരനെ നീരുപകർ കാണുന്നത്‌. അങ്ങനെ ഒരു സാംസ്‌കാരിക മേന്മയും അതിന്‌ അവകാശപ്പെടാനുണ്ട്‌.
ആ സിനിമയെക്കാളും ഒരുപടി മുന്നോട്‌ കടന്നുചെന്ന സിനിമ എന്ന രീതിയിലാണ്‌ ഞാൻ 'സുബ്രമണ്യപുരം' എന്ന സിനിമയെ കാണുന്നത്‌. ഇന്നേവരെ മലയാള സിനിമയിൽപ്പോലും പരീക്ഷിക്കപ്പെടാത്ത അവതരണ രീതിയാണ്‌ ആ സിനിമയിൽ പരിക്ഷിക്കപ്പെട്ടത്‌. നായകൻ എന്നൊരു സങ്കല്‌പം ഈ സിനിമയിൽ ഇല്ലതന്നെ. സിനിമ കണ്ടുകൊണ്ടിരിക്കുമ്പോൾ, സിനിമ അവസാനിക്കുമ്പോൾ നമുക്കൊരു വല്ലാത്ത ദഹിക്കായ്‌മായാണ്‌ ആദ്യം ഉണ്ടാവുക. പിന്നെ ആഴത്തിൽ ചിന്തിക്കുമ്പോഴാണ്‌ നമ്മളിന്നേവരെ കൊണ്ടുനടന്ന ഒരു സിനിമ അല്ലെങ്കിൽ കഥാ സങ്കല്‌പത്തിൽ നിന്നുള്ള വേറിട്ടു പോരലിന്റെ ദഹിക്കായ്മയാണ്‌ നമ്മെ അലട്ടുന്നതെന്ന് നമുക്ക്‌ മനസിലാവുക. വിജയിക്കുന്നവനായാലും പരാജയപ്പെടുന്നവനായാലും നമുക്ക്‌ ഒരു നായകൻ വേണം. അവനെ ചുറ്റിപ്പറ്റിയാവണം കഥ സഞ്ചരിക്കുന്നത്‌. വിജയിക്കുന്നതായാലും പരാജയപ്പെടുന്നതായലും നമുക്ക്‌ പ്രണയത്തിന്‌ ഒരു പരിസമാപ്‌തിവേണം. അതിന്റെ സങ്കടമോ സന്തോഷമോ കഥയുടെ ഗതി നിർണ്ണയിക്കണം. "സുബ്രമണ്യപുരം' ആ സങ്കല്‌പങ്ങളെ ഒക്കെ പിഴുതെറിഞ്ഞുകളയുന്നു. എത്ര നിസാരമായി ഇതിൽ പ്രണയം അതിന്റെ സ്വാഭാവിക അന്ത്യത്തിലെത്തുന്നു. എത്ര നിസാരമായി ഇതിൽ നായകൻ എന്നു നാം ധരിക്കുന്ന കഥാപാത്രം അതിന്റെ അന്ത്യം വരിക്കുന്നു. കഥാന്ത്യത്തിൽ അതുവരെ അപ്രസക്‌തമായിരുന്ന ഒരു കഥാപാത്രം മുന്നോട്ട്‌ വന്ന് കഥയെ വേറൊരു തലത്തിലെത്തിക്കുന്നു. ഇതൊക്കെ കണ്ട്‌ നമ്മളിലെ സിനിമായാഥാസ്ഥിതീകൻ ഇരുന്ന് ഞെരിപിളി കൊള്ളുന്നു.
ഇതുമാത്രമല്ല, വർണ്ണങ്ങളുടെ അതിപ്രസരമില്ലാത്ത, എക്‌ട്രാ നടികളുടെ പിന്നിലാട്ടം ഇല്ലാത്ത, കാതടപ്പിക്കുന്ന ശബ്ദഘോഷമില്ലാത്ത ഒരു തമിഴ്‌ സിനിമ എന്നീ പ്രത്യേകതകൾകൂടി ഈ സിനിമയ്ക്കുണ്ട്‌. പരുത്തിവീരന്റെ ഭാഷ നമുക്കല്പം ക്ലിഷ്ടമായിരുന്നെങ്കില്‍ ഇതിന് ആ ദോഷവുമില്ല. 1980 - ല്‍ സുബ്രമണ്യപുരം എന്ന ഗ്രാ‍മത്തില്‍ നടക്കുന്ന ഒരു കഥ അതിന്റെ എല്ലാ തനിമയോടും കൂടി ഇവിടെ അവതരിപ്പിക്കപ്പെടുന്നു.
ഹീറോ സങ്കല്‌പം ഏറ്റവും രൂഢമൂലമായിരിക്കുന്ന ഒരു സമൂഹത്തിൽ നിന്നു വന്ന സിനിമയാണിതെന്ന് ഓർക്കണം. അവിടെയാണ്‌ തമിഴിലെ സംവിധായകരുടെ പരീക്ഷണ സിനിമകളെ നാം ആരാധനയോടെ നോക്കിക്കാണേണ്ടത്‌. സുബ്രമണ്യപുരം തമിഴിലെ ഒരു സൂപ്പർ ഹിറ്റായിരുന്നു എന്നറിയുമ്പോൾ തമിഴ്‌ ജനതയുടെ മാറിയ സാംസ്‌കാരിക വിചാരത്തെയും നാം ആരാധിക്കേണ്ടതുണ്ട്‌. പ്രത്യേകിച്ച്‌ മമ്മൂട്ടി അന്തിമവിജയം വരിക്കാത്ത മോഹലാലിന് അന്തിമവിജയം കൊയ്യാനാവാത്ത ഒരു സിനിമ എടുക്കാൻ, ശുഭപര്യവസായി അല്ലാത്ത ഒരു സിനിമ കേരളത്തിൽ വിജയിക്കില്ല എന്നൊരു വിചരം സംവിധായകർക്കിടയിൽ രൂഢമൂലമാകും വിധം നമ്മുടെ ഒക്കെ സിനിമാസങ്കല്‌പം ചെറുതായിപ്പോയ ഈ കാലത്തിൽ പ്രത്യേകിച്ചും.
നിങ്ങള്‍ സിനിമ പ്രേമിയാണെങ്കില്‍ സുബ്രമണ്യപുരം കാണാതെ പോകരുത്‌ എന്നു ഞാൻ നിങ്ങളോട്‌ അഭ്യർത്ഥിക്കുന്നു.

Monday, September 01, 2008

ആടുജീവിതം - ആമുഖം


ആടുജീവിതം

മുന്‍‌കഥ

ഒരു ദിവസം സുനില്‍ എന്ന സുഹൃത്താണ് വളരെ യാദൃശ്ചികമായി നജീബ് എന്നൊരാളെക്കുറിച്ച് എന്നോടാദ്യമായി പറയുന്നത്. നമ്മള്‍ എവിടെയൊക്കെയോ വിവിധ ഭാഷ്യങ്ങളോടെ കേട്ടിട്ടുള്ള ഒരു ഗള്‍ഫുകഥയുടെ തനിയാവര്‍ത്തനം എന്നേ എനിക്കന്നേരം തോന്നിയുള്ളൂ. ഞാനതത്ര ഗൌരവമായി എടുത്തില്ല. എന്നാല്‍ സുനില്‍ എന്നെ നിര്‍ബന്ധിച്ചുകൊണ്ടിരുന്നു. നീ പോയി നജീബിനെ കാണണം. അയാളോട് സംസാരിക്കണം. അയാള്‍ പറയുന്നത് കേള്‍ക്കണം. കഴിയുന്നെങ്കില്‍ എഴുതണം. ഒരു ചെറിയ പ്രശ്നം പോലും നേരിടാനാവാതെ കൂമ്പിപ്പോകുന്ന നമുക്കൊക്കെ അയാളൊരു അനുഭവമാണ്.

ഞാന്‍ പോയി. നജീബിനെക്കണ്ടു. വളരെ നിര്‍മ്മമനായ ഒരു മനുഷ്യന്‍ ‘അതൊക്കെ ഒത്തിരി പണ്ടു നടന്നതല്ലേ, ഞാനതൊക്കെ മറന്നുപോയി’ എന്നായിരുന്നു അതെപ്പറ്റി അന്വേഷിച്ചപ്പോള്‍ വളരെ സങ്കോചത്തോടെ ആദ്യം നജീബ് പറഞ്ഞത്.

എന്നാല്‍ ഏറെ നിര്‍ബന്ധിച്ചപ്പോള്‍ നജീബ് പതിയെ ആ ജീവിതം പറയാന്‍ തുടങ്ങി. അതുവരെ മറന്നെന്നു വിചാരിച്ചു കിടന്ന സംഭവങ്ങള്‍ ‍ ഓരോന്നായി നജീബിന്റെ കണ്ണില്‍ നിന്നും പുറത്തുവരാന്‍ തുടങ്ങി. അതിന്റെ തീക്ഷ്ണത എന്നെ ശരിക്കും അമ്പരപ്പിച്ചുകളഞ്ഞു.

പിന്നെ ഒരുപാടുതവണ ഞാന്‍ നജീബിനെക്കണ്ടു. അയാളെ മണിക്കൂറുകളോളം സംസാരിപ്പിച്ചു. ആ ജീവിതത്തിന്റെ ഓരോ സൂക്ഷ്മാംശങ്ങളും ചോദിച്ചറിഞ്ഞു. നമ്മള്‍ കേട്ടിട്ടുള്ള കഥകള്‍ പലതും എത്രയധികം അവ്യക്‌തവും ഉപരിപ്ലവവും അനുഭവരഹിതവുമാണെന്ന് എനിക്കന്നേരം മനസിലായി.

കേള്‍ക്കാന്‍ പോകുന്ന ജീവിതം ഒരു കഥയാക്കിയേക്കാം എന്ന ഉദ്ദേശ്യമൊന്നും നജീബിനെ ആദ്യം കാണാന്‍ പോകുമ്പോള്‍ എനിക്കില്ലായിരുന്നു. ജീവിതത്തില്‍ ഇങ്ങനെയും ചില അധ്യായങ്ങളിലൂടെ കടന്നുപോയിട്ടുള്ള ഒരാളെ പരിചയപ്പെട്ടിരിക്കുക എന്ന കൌതുകം മാത്രം.

എന്നാല്‍ കൂടുതല്‍ അറിഞ്ഞപ്പോള്‍ എനിക്കതേപ്പറ്റി എഴുതാതിരിക്കാ‍ന്‍ ആവില്ലായിരുന്നു. എത്രലക്ഷം മലയാളികള്‍ ഈ ഗള്‍ഫില്‍ ജീവിച്ചുകൊണ്ടിരിക്കുന്നു. എത്രലക്ഷം പേര്‍ ജീവിച്ച് തിരിച്ചുപോയിരിക്കുന്നു. അവരില്‍ എത്രപേര്‍ സത്യമായും മരുഭൂമിയുടെ തീക്ഷ്ണത അനുഭവിച്ചിട്ടുണ്ട്..?

നജീബിന്റെ ജീവിതത്തിനുമേല്‍ വായനക്കാരന്റെ രസത്തിനുവേണ്ടി കഥയുടെ അടുക്കുകളും തൊങ്ങലുകളും ഏറെയൊന്നും വച്ചുകെട്ടുവാന്‍ എനിക്കു തോന്നിയില്ല. അതില്ലാതെ തന്നെ നജീബിന്റെ ജീവിതം വായന അര്‍ഹിക്കുന്നുണ്ട്. ഇത് നജീബിന്റെ കഥയല്ല, ജീവിതമാണ് , ആടുജീവിതം!
(നോവലിന് എഴുതിയ ആമുഖം)

പ്രിയപ്പെട്ടവരെ, എന്റെ ആടുജീവിതം എന്ന നോവല്‍ - ഗ്രീന്‍ ബുക്‌സ് തൃശൂര്‍ പ്രസിദ്ധീകരിച്ചു. ഏവരുടെയും വായന ആഗ്രഹിക്കുന്നു.

Sunday, August 24, 2008

പെന്തിക്കോസ്‌തുകാർ മദ്ധ്യതിരുവിതാംകൂറിന്‌ നല്‌കിയ സംഭാവനകൾ

1925-ൽ റോബർട്ട്‌ കുക്ക്‌ എന്നൊരു സായിപ്പ്‌ ഇവിടെയെത്തി 63 പേരെ സ്‌നാനം കഴിപ്പിച്ചതോടെയാണ്‌ കേരളത്തിൽ പെന്തിക്കോസ്‌തുസഭകളുടെ ആരംഭം കുറിക്കുന്നത്‌. അന്നുമുതൽ ഇന്നോളം നൂറുകണക്കിന്‌ സംഘങ്ങളാണ്‌ കേരളത്തിൽ പെന്തിക്കോസ്‌തുസഭ എന്ന പേരിൽ ഉണ്ടായിക്കൊണ്ടിരിക്കുന്നത്‌. (ഒരുപക്ഷേ ഇതുപോലെ പൊട്ടിമുളയ്ക്കുൻ കഴിവുള്ള കേരളത്തിലെ മറ്റൊരു വിഭാഗം കേരളാകോൺഗ്രസ്‌ മാത്രമായിരിക്കും) കേരളത്തിൽ പെന്തിക്കോസ്‌തു വിശ്വാസത്തിലേക്ക്‌ ചേക്കേറിയവരിൽ നല്ലൊരു പങ്കും സഭാനേതൃത്വങ്ങളുടെ ഭിന്നിപ്പിൽ മനം മടുത്ത ഇതരസഭാവിശ്വാസികളാണ്‌. അതുതന്നെയാവട്ടെ, ഒരു കാലത്ത്‌ കത്തോലിക്ക സഭയും മലങ്കര കത്തോലിക്ക സഭയും സ്‌കൂളുകളിലേക്ക്‌ ജോലി വാഗ്ദാനം ചെയ്‌ത്‌ സഭ മാറ്റിയതുപോലെ ഗൾഫിലേക്കും അമേരിക്കയിലേക്കും വിസയും ജോലിയും സമ്മാനിച്ച്‌ കൊണ്ടുപോയതുമാണ്‌. പിന്നെ പോയ കുറച്ചുപേർ അവരുടെ സുവിശേഷയോഗങ്ങളിലെ മാസ്‌ ഹിസ്റ്റീരിയ നല്‌കുന്ന ഉന്മാദങ്ങളിൽ വീണുപോയ പാവങ്ങളാണ്‌. അത്തരക്കാരുടെ കുത്തൊഴുക്ക്‌ തടയാനാണ്‌ കത്തോലിക്കസഭ മൗനസമ്മതത്തോടെ പോട്ട പോലുള്ള ആത്മീയവ്യാപാരസ്ഥാപനങ്ങൾ ആരംഭിക്കുന്നത്‌.
കേരളത്തിലെ മതസൗഹാർദ്ദാന്തരീക്ഷത്തിന്‌ പെന്തിക്കോസ്‌തു സഭ സമ്മാനിച്ച സംഭാവന എന്തെന്ന് ഇത്തരുണത്തിൽ ആലോചിക്കുന്നത്‌ നന്നായിരിക്കും. കഴിഞ്ഞ രണ്ടായിരം വർഷത്തെ പാരമ്പര്യമാണ്‌ കേരളത്തിലെ പാരമ്പര്യസഭകൾ അവകാശപ്പെടുന്നത്‌. ഈ ചരിത്രത്തിൽ എവിടെയും കേരളത്തിലെ ക്രിസ്‌തീയസഭ ഹൈന്ദവമതവുമായിട്ടോ ഇസ്ലാം മതവുമായിട്ടോ സംഘർഷത്തിൽ ഏർപ്പെടേണ്ടി വന്നിട്ടില്ല. പരസ്പരമുള്ള കൊടുക്കുവാങ്ങലുകളിലൂടെയാണ്‌ ഈ മതങ്ങൾ ഇവിടെ കഴിഞ്ഞത്‌. എന്നാൽ കഴിഞ്ഞ അരനൂറ്റാണ്ടിനകത്ത്‌ കേരളത്തിലെ, പ്രത്യേകിച്ച്‌ മദ്ധ്യതിരുവിതാംകൂറിലെ സാമുദായിക സൗഹാർദ്ദം തകർക്കുന്നതിൽ പെന്തിക്കോസ്‌തു സഭ വഹിച്ച പങ്ക്‌ ആർക്കും തള്ളിക്കളയാനാവില്ല. ഇവരുടെ ലഘുലേഖകളും പ്രസംഗങ്ങളും മനുഷ്യന്റെ സാധാരണ ചെയ്‌തികളെപ്പോലും പാപങ്ങളായി വ്യാഖ്യാനിക്കുകയും രക്ഷ എന്നത്‌ ഞങ്ങളിലൂടെ മാത്രം - പെന്തിക്കോസ്‌തിൽ തന്നെ ഏതുവിഭാഗമാണോ അവരിക്കൂടി മാത്രം - ലഭ്യമാകുന്ന ഒന്നാണെന്ന് പ്രകരിപ്പിക്കുകയും ചെയ്യുന്നു. ഗാന്ധിജിയും മദർത്തെരേസയും പെന്തിക്കോസ്‌തുകാർ അല്ലായിരുന്നു എന്നതുകൊണ്ട്‌ അവർക്ക്‌ ഒരിക്കലും സ്വർഗ്ഗത്തിൽ പോകാൻ (?) കഴിയില്ലെന്നു വരെ പറയാൻ ഇവർക്ക്‌ ധൈര്യമുണ്ടായി. ഭാരതത്തിലെ രണ്ടായിരം വർഷത്തെ ക്രിസ്‌തീയ പാരമ്പര്യത്തെ തമസ്‌കരിക്കുകയും പെന്തിക്കോസ്‌തുകാരുടെ ആവിർഭാവത്തിനുശേഷമാണ്‌ കേരളത്തിൽ യഥാർത്ഥ ക്രിസ്‌ത്യാനികൾ ഉണ്ടായത്‌ എന്നൊരു വ്യാജ ചരിത്രം സൃഷ്ടിക്കുകയുമാണ്‌ ഇതിലൂടെ അവർ ചെയ്യുന്നത്‌. ഇവർ പടച്ചുവിടുന്ന ലഘുലേഖകളും വഴിയോരപ്രസംഗങ്ങളും കേരളത്തിൽ എത്രപേരെ ക്രിസ്‌തീയ വിശ്വാസത്തിലേക്ക്‌ ആകർഷിക്കാൻ കഴിഞ്ഞു..? കഴിഞ്ഞില്ല എന്നു മാത്രമല്ല, ക്രിസ്‌തുമതത്തെ തെറ്റായ മനസിലാക്കാനും അവരെ സ്വന്തം മതത്തിലെ മൗലികവാദികളാക്കി തീർക്കാനുമാണ്‌ ഇത്‌ ഉപകരിച്ചത്‌.
മദ്ധ്യതിരുവിതാം കൂറിലെ ആർ.എസ്‌.എസിന്റെ വളർച്ചയ്ക്ക്‌ പെന്തിക്കോസ്തുകാർ നല്‌കിയ സംഭാവന എടുത്തുപറയേണ്ടതാണ്‌. ഇവരുടെ പ്രസംഗങ്ങളിൽ അന്യമതസ്ഥരെ കളിയാക്കുന്നതും ദുഷിക്കുന്നതും ഒരു പതിവായിത്തീർന്നിട്ടുണ്ട്‌. ജനാധിപത്യസംവിധാനത്തിൽ സ്വന്തം മതം പ്രചരിപ്പിക്കുവാൻ ആർക്കും അവകാശമുണ്ട്‌. എന്നാൽ അത്‌ ഇതര വിശ്വാസികളെ ഇക്ഴ്ത്തിക്കൊണ്ടാവരുത്ത്‌ എന്ന സാമാന്യ മര്യാദ 'ആത്മീയാവേശം' കയറിയ ഇവർ പലപ്പോഴും മറന്നുപോകുന്നു. കാലങ്ങളായി ഈ ആക്ഷേപം സഹിച്ച്‌ ക്ഷമയുടെ നെല്ലിപ്പലക കണ്ട ചിലരാണ്‌ വിദേശ മിഷണറിയായ ഹൂപ്പറുടെ കൈ വെട്ടിയതും പത്തനംതിട്ട ജില്ലയിൽ നടത്തിയ ഒരു സുവിശേഷ യോഗത്തിൽ ലൈറ്റ്‌ ഓഫ്‌ ചെയ്‌ത്‌ അടി കൊടുത്തതും. കൊടുത്തുപോകും അല്ലെങ്കിൽ അടുത്തിടെ ഇറങ്ങിയ ഇന്ത്യൻ പതാകയ്ക്ക്‌ പുതിയ വ്യാഖ്യനം കൊടുത്ത ആ കുപ്രസിദ്ധ പ്രസംഗം ഒരുതവണ ഒന്ന് കേട്ടാൽ മതി.
കേരളത്തിലെ പെന്തിക്കോസ്‌തുകാരുടെ 'വത്തിക്കാൻ' പത്തനംതിട്ടയിലെ കുമ്പനാടും തിരുവല്ലയുമാണ്‌. ഇവിടുത്തെ സഭാകേന്ദ്രങ്ങളുടെ മുഖ്യവരുമാനം വിദേശഫണ്ടുകളാണെന്ന് തിരിച്ചറിയപ്പെട്ടുകഴിഞ്ഞു. ഈ വിദേശഫണ്ടുകൾ ഉപയോഗിച്ചാണ്‌ അവർ അന്യമതസ്ഥരെ പരിഹസിക്കുന്നത്‌. എന്നുതന്നെയല്ല, ഇന്ത്യ ഒരു ഹിന്ദു ഭീകരരാഷ്ട്രമാണെന്നും കടുത്ത ഭീഷണിയും പീഡനവും സഹിച്ചാണ്‌ ഞങ്ങളിടെ ജീവിക്കുന്നതും 'രക്ഷ' ഘോഷിക്കുന്നതെന്നും അമേരിക്ക പോലുള്ള രാജ്യങ്ങളിൽ പ്രചരിപ്പിച്ചാണ്‌ ഇവർ വിദേശഫണ്ടുകൾ സ്വരൂപിക്കുന്നത്‌. ആ ഫണ്ടുകളുടെ വലുപ്പം ഊഹാതീതമാണ്‌ . അത്‌ മനസിലാക്കണമെങ്കിൽ കൊച്ചുകേരളത്തിൽ മാത്രം 140-ൽ അധികം വ്യത്യസ്‌ത പെന്തിക്കോസ്‌തുസഭകൾ ഉണ്ടായതിന്റെ കാരണം അന്വേഷിച്ചു ചെന്നാൽ മതി. വാളെടുക്കുന്നവനെല്ലാം വെളിച്ചപ്പാടെന്ന് മട്ടിൽ ഇവിടെ ഓരോ ഉപദേശിയും (അതിന്‌ പ്രത്യേകിച്ച്‌ യോഗ്യത ഒന്നും ആവശ്യമില്ല, നന്നായി വാചകമടിക്കാനുള്ള കഴിവ്‌ മാത്രം മതി) സ്വന്തമായി സഭ രൂപീകരിച്ച്‌ അനുയായികളെ കൂട്ടാൻ മത്സരമാണ്‌. ആളില്ലെങ്കിലും സാരമില്ല ഫണ്ടുമതി. 'ഭീകരരായ' ഹിന്ദുക്കൾ മതി.
എല്ലാ മതമൗലികവാദികളും തങ്ങളുടെ വിശ്വാസങ്ങൾ മാത്രമാണ്‌ ശരി എന്നു പറയുമെങ്കിലും പെന്തിക്കോസ്‌തുകാരുടെയത്ര മൗലിക വാദം മറ്റാർക്കെങ്കിലുമുണ്ടോ എന്ന് സംശയമാണ്‌. ബൈബിൾ ഒഴികെ ഏതു ഗ്രന്ഥവും (സാഹിത്യഗ്രന്ഥങ്ങൾ പോലും!) വായിക്കുന്നതും സിനിമ കാണുന്നതും എന്തിന്‌ ഒരു പാട്ട്‌ കേൾക്കുന്നതുപോലും തികഞ്ഞ ദൈവനിഷേധവും കൊടിയ പാപവുമാണെന്ന് ഇവർ പഠിപ്പിക്കുകയും പ്രചരിപ്പിക്കുകയും സെയ്യുന്നു. സമൂഹത്തിലും മനസിലും വെളിച്ചം കടക്കാനനുവദിക്കാത്ത ഇവരെ കേരളത്തിലെ താലിബാനിസ്‌റ്റുകൾ എന്ന് വിശേഷിപ്പിക്കുവാൻ ഞാൻ ആഗ്രഹിക്കുന്നു.
കേരളത്തിലെ പെന്തിക്കോസ്‌തുകാരെപ്പോലെ ഇത്രയും അടഞ്ഞ സമൂഹം ക്രിസ്‌തീയ വിഭാഗങ്ങളിൽ ലോകത്തെവിടെയെങ്കിലുമുണ്ടോ എന്ന് സംശയമാണ്‌. ഇന്നേവരെയുള്ള കേരളത്തിന്റെ സാംസ്കാരിക സാമൂഹിക രാഷ്ട്രീയ കലാചരിത്രത്തിൽ എടുത്തുപറയത്തക്ക ഒരു വ്യക്‌തിത്വത്തെപ്പോലും സംഭാവന ചെയ്യാൻ പെന്തിക്കോസ്‌തുസഭകൾക്ക്‌ കഴിഞ്ഞിട്ടില്ല എന്ന വസ്‌തുത പ്രത്യേക പഠനാർഹമാണ്‌. ഒരു അടഞ്ഞ സമൂഹം എങ്ങനെയാണ്‌ മനുഷ്യന്റെ കഴിവുകളെയും പ്രതിഭയെയും വറ്റിച്ചു കളയുന്നത്‌ എന്നറിയാൻ പ്രത്യേകിച്ച്‌...
ഈ കാപട്യത്തിനും വിപത്തിനും എതിരെനില്‌ക്കുകയും തുറന്നുകാട്ടുകയും ചെയ്യേണ്ടത്‌ ഇതര ക്രിസ്‌ത്യാനികൾ തന്നെയാണ്‌. അല്ലെങ്കിൽ ഇവരുടെ മതാന്ധപ്രചരണങ്ങൾക്ക്‌ വില കൊടുക്കേണ്ടി വരുന്നത്‌ രണ്ടായിരം വർഷക്കാലം പോറലേല്‌ക്കാതെ കേരളത്തിലെ ക്രിസ്‌ത്യാനികൾ കാത്തുസൂക്ഷിച്ച മതസൗഹാർദ്ദത്തിനായിരിക്കും.

Saturday, August 16, 2008

ദേഷാവോ - ഓർമ്മയുടെ പ്രഹേളിക.

ഖസാക്കിന്റെ ഇതിഹാസം തുടങ്ങുന്ന വരികൾ നിങ്ങൾക്കോർമ്മയുണ്ടോ..?
കൂമന്‍ കാവില്‍ ബസ്സു ചെന്നുനിന്നപ്പോൾ ആ സ്ഥലം രവിയ്ക്ക്‌ അപരിതമായി തോന്നിയില്ല. അങ്ങനെ പടർന്നു പന്തലിച്ച മാവുകൾക്കിടയിൽ നാലഞ്ച്‌ ഏറുമാടങ്ങൾക്കു നടുവിൽ താൻ ചെന്നെത്തുമെന്ന് പണ്ടേ കരുതിക്കാണണം... വരും വരായ്കകളുടെ ഓര്‍മ്മകളിലെവിടെയോ ആ മാവുകളുടെ ജരയും ദീനതയും കണ്ടുകണ്ടു ഹൃസിസ്ഥമായി തീര്‍ന്നതാണ്. കനിവു നിറഞ്ഞ വാര്‍ദ്ധക്യം, കുഷ്ഠം പറ്റിയ വേരുകള്‍. എല്ലാമതുതന്നെ...
ഇതാണാ വരികൾ...
രവിയ്ക്ക്‌ അപ്പോൾ അങ്ങനെ തോന്നാൻ എന്തായിരിക്കും കാരണം? ആദ്യമായി എത്തിയതാണെങ്കിലും രവിയ്ക്ക്‌ എന്തുകൊണ്ട്‌ ആ സ്ഥലം അപരിതമായി തോന്നിയില്ല. എന്തുതരം ഓർമ്മയുടെ ചുഴികളിൽ പെട്ടാണ്‌ രവി അന്നേരം അങ്ങനെയൊക്കെ ചിന്തിച്ചിരിക്കുക..? ഒരു കടുത്ത മതവിശ്വാസി ഒരു പക്ഷേ അതിനെ വ്യാഖ്യാനിക്കുക ഇത്‌ രവിയുടെ രണ്ടാം ജന്മമാകാം, കഴിഞ്ഞ ജന്മത്തിലെ ഓർമ്മകൾ രവിയിൽ ഉണർന്നതാകാം എന്നായിരിക്കും.
ഒരു കേവലവിശ്വാസി പറയുന്നത്‌ ഒരുപക്ഷേ രവി തന്റെ ഓർമ്മയുറയ്ക്കാത്ത ചെറുപ്പകാലത്തെപ്പോഴോ അതുവഴി വന്നിരിക്കാം. അതിന്റെ തികട്ടിവരവാണിത്‌ എന്നാവാം. ശരി. രവി എന്തുകാരണത്താലെങ്കിലും വരട്ടെ. നോവലിൽ പറയുന്നതുപോലെ അത്‌ രവിയുടെ നിയോഗമായിരുന്നു. രവി വന്നു.
സത്യത്തിൽ രവിയ്ക്കു മാത്രമുണ്ടായ ഒരനുഭവമാണോ അത്‌..? രവിയുടേതു മാതിരിയുള്ള പ്രഹേളിക നിറഞ്ഞ ചില ഓർമ്മകൾ നമ്മളെയും ചില നിമിഷങ്ങളിൽ വന്നുതൊടാറില്ലേ..? ഒരു പ്രത്യേക സ്ഥലത്തെത്തുമ്പോൾ പണ്ടെങ്ങോ ഒരു ദിവസം ഞാൻ ഈ വഴി ഇതേ സ്ഥലത്ത്‌ വന്നിട്ടുണ്ട്‌ എന്ന് പെട്ടെന്നൊരു തോന്നൽ.
ചില കാഴ്ചകൾ കാണുമ്പോൾ ഇതേ കാഴ്ക ഞാൻ കുറേദിവസങ്ങൾക്കു മുൻപ്‌ ഇതേപോലെ കണ്ടിട്ടുണ്ട്‌ എന്ന് മനസിലൊരു മിന്നൽ.
ചില പ്രവർത്തികൾ ചെയ്യുമ്പോൾ ഇതേ പ്രവർത്തി ഇതേ പോലെ തന്നെ ഞാൻ ഇന്നലെയും ചെയ്‌തത്താണല്ലോ, ഇതെന്താണൊരു തനിയാവർത്തനം എന്നൊരു തോന്നൽ.
ഉണ്ടാവാറില്ലേ..?
എവിടെനിന്നാണ്‌ ആ ഓർമ്മ നമ്മെ വന്നുതൊടുന്നത്‌..? എപ്പോഴാണ്‌ നമ്മൾ ആ അനുഭവത്തിലൂടെ കടന്നുപോയത്‌. ഓർമ്മ രഹിതമായ ഒരു കാലം നമുക്കുമുണ്ടായിരുന്നോ..? ആ കാലം വന്ന് നമ്മുടെ ഓർമ്മകളെ വീണ്ടും ഉണർത്തിയതാണോ..? എന്തുമാകട്ടെ. ആ അനുഭവത്തിന്‌ വല്ലാത്തൊരു ദുരൂഹതയുടെ മനോഹാരിതയുണ്ടെന്ന് പറയാതെ വയ്യ. കെ.പി. അപ്പന്റെ ഭാഷയിൽ പറഞ്ഞാൽ ഒരു ഭ്രമിപ്പിക്കുന്ന ദുർഗ്രഹത അതിലുണ്ട്‌.
ഇതേപ്പറ്റി ഞാൻ നടത്തിയ ചില സൗഹൃദാന്വേഷണങ്ങളിൽ ഈ അവസ്ഥവിശേഷത്തിനെ ദേഷാവോ(?) എന്നാണ്‌ വിശേഷിപ്പിക്കുന്നത്‌ എന്നറിഞ്ഞു. ഇത്‌ മനസിന്റെ ഒരു തോന്നൽ മാത്രമാണത്രെ. എന്നാലും നമ്മൾ ഒരു രണ്ടാം അനുഭവത്തിലൂടെ കടന്നുപോകുന്നതായി നമുക്ക്‌ തോന്നുന്നുവത്രെ!
എങ്കിൽ രവിയ്ക്കുണ്ടായ ദേഷാവോയാണോ ഖസാക്കിന്റെ ഇതിഹാസത്തിന്റെ ആദ്യവരികൾ..? ഇതേപ്പറ്റി കൂടുതൽ ആധികാരികമായി വിവരിക്കാൻ അറിയാവുന്നവർ ദയവായി ഇതിനോട്‌ പ്രതികരിക്കും എന്ന് പ്രതീക്ഷിക്കുന്നു.

Friday, July 18, 2008

യൂസഫലിയും കുഞ്ഞഹമ്മദ്‌ കാക്കയും.

ഞാൻ താമസിക്കുന്ന തെരുവിൽ കഴിഞ്ഞ ഇരുപത്തഞ്ചു വർഷത്തിലധികമായി ഒരു ചെറിയ കോൾഡ്‌ സ്റ്റോറേജ്‌ നടത്തുകയാണ്‌ ഇക്കഥയിലെ രണ്ടാമത്തെ കഥാപാത്രമായ കുഞ്ഞഹമ്മദ്‌ കാക്ക. കോൾഡ്‌ സ്റ്റോർ എന്തെന്ന് മനസിലായല്ലോ. മറ്റ്‌ ഗൾഫുകാരുടെ ഭാഷയിൽ ഗ്രോസറി. നാടൻ ഭാഷയിൽ പലചരക്കുകട! ഞങ്ങളുടെ ചുറ്റുവട്ടത്തെ ഏക കോൾഡ്‌ സ്റ്റോർ എന്ന നിലയിൽ സർവ്വ മലയാളികളുടെയും ആശ്രയകേന്ദ്രമാണ്‌ കുഞ്ഞഹദ്‌ കാക്കയുടെ കട. പ്രത്യേകിച്ചും സ്വന്തമായി വണ്ടിവാഹന സൗകര്യമൊന്നുമില്ലാത്ത, കമ്പിനി അക്കോമഡേഷനുകളിൽ താമസിക്കുന്ന ബാച്ചിലേഴ്സിന്റെ. ഓരോ ദിവസത്തെയും പച്ചക്കറിയും ചിക്കനും ബീഫും ഒക്കെ അതാതുദിവസം വൈകുന്നേരം പോയി വാങ്ങിക്കൊണ്ടുവന്ന് ഭക്ഷണം വയ്‌ക്കുന്നവരുടെ. ഫാമിലിക്കാരും വണ്ടിയുള്ളവരും ആഴ്ചയിലൊരിക്കലോ മാസത്തിലൊരിക്കലോ മാർക്കറ്റിലോ സൂപ്പർ മാർക്കറ്റിലോ മേഗാ മാർക്കറ്റിലോ പോയി സാധനങ്ങൾ കുന്നുകൂട്ടി വാങ്ങിക്കൊണ്ടുപോരും. അക്കോമഡേഷൻ വാസികളായ മിക്ക ബാച്ചിലേഴ്സിനും അതിനു സാധ്യതയില്ല. കുന്നുകൂട്ടി വയ്ക്കാൻ ഫ്രിഡ്ജിൽ ഇടം കാണില്ല. അന്നന്ന് വച്ച്‌ അന്നന്ന് തീർത്ത്‌ കഴിഞ്ഞുകൊള്ളണം.
എന്നുകരുതി ഫാമിലിക്കാരന്‌ കുഞ്ഞഹമ്മദ്‌ കാക്കയുടെ കട അന്യമാണെന്നല്ല. അത്യാവശ്യം മോരും ബ്രഡും ഉള്ളിയും കറിവേപ്പിലയും പാചകത്തിന്റെ പാതി വഴിയിൽ മാത്രം ഓർമ്മവരുന്ന മറ്റനവധി സാധനങ്ങളും വാങ്ങാൻ ഓടിച്ചെല്ലാവുന്ന ഒരേയൊരിടമാണ്‌ ആ കട. കുഞ്ഞഹമ്മദ്‌ കാക്കയുടെ കടകൊണ്ട്‌ പിന്നെയുമുണ്ട്‌ ഗുണങ്ങൾ. അവിടെ സർവ്വതും പറ്റാണ്‌. മാസം കൂടുമ്പോൾ കാക്ക ചോദിക്കും. കൊടുത്തില്ലെങ്കിൽ വഴക്കൊന്നുമില്ല. പല ബാച്ചിലേഴ്സും വന്ന് വീട്ടിലെ പയ്യാരം പറയും. ഭാര്യയുടെ ബന്ധുവീട്ടിലെ കല്യാണവും മകളുടെ കരപ്പനും മകന്റെ സ്കൂളിലെ ഫീസും.
കാക്ക അലിയും. സാരമില്ല മോനെ. നിന്നെ എത്ര കാലമായി എനിക്കറിയാം. നിന്റെ കാര്യം നടക്കട്ട്‌. ന്റെ കാശ്‌ അടുത്ത മാസം തന്നാ മതി എന്ന് സമാധാനിപ്പിക്കും. അങ്ങനെ മാസങ്ങൾ നാലും അഞ്ചും നീളും. പകുതി കൊടുക്കും. പകുതി പിന്നെയും പറ്റും. പിന്നെയും ഇത്തിരി വല്ലതും കൊടുക്കും. അതിങ്ങനെ നീളും. ചില കമ്പിനിയിലെ പാവങ്ങളുണ്ട്‌. ശമ്പളം കിട്ടുന്നത്‌ നാലോ അഞ്ചോ മാസം കൂടുമ്പോഴാണ്‌. പണി പക്ഷേ എന്നും ചെയ്‌തേ പറ്റു. ആഹാരം പക്ഷേ എന്നും കഴിച്ചേ പറ്റൂ. രണ്ടുമൂന്നു മാസം കഴിയുമ്പോൾ പിന്നെ പറ്റു ചോദിക്കാൻ അവർക്കൊരു നാണക്കേടാണ്‌. കാക്ക കോടീശ്വരനൊന്നുമല്ലല്ലോ. അന്നന്ന് മാർക്കറ്റിൽ പോയി. ഇത്തിരി വല്ലതും വാങ്ങിപ്പറക്കി വന്ന് ചില്ലറക്കണക്കിന്‌ വില്‌ക്കുന്ന ഒരു പാവം. കാക്കയ്ക്ക്‌ മാർക്കറ്റിൽ മൂന്നു മാസത്തെ ക്രഡിറ്റ്‌ ഒന്നുമില്ല. അന്നന്ന് കൈക്കാശ്‌ കൊടുത്ത്‌ വാങ്ങിക്കൊണ്ടു വരുന്നതാണ്‌. അങ്ങനെയുള്ള കാക്കയോട്‌ ഇത്ര പറ്റു കിടക്കുമ്പോൾ ഇനിയെങ്ങനെ വീണ്ടും ചോദിക്കും. രണ്ടു നാൾ കടയിലേക്ക്‌ കാണാതാവുമ്പോൾ കാക്ക അങ്ങോട്ട്‌ ചെല്ലും. മോനെ നിന്റെ കമ്പിനിക്കാര്യം എനിക്കു മനസിലാവും. പട്ടിണി കിടക്കാണ്ട്‌. വേണ്ട സാധനം വാങ്ങിക്കൊണ്ടുപോയി വല്ലതും വച്ച്‌ തിന്ന്. കാശ്‌ കിട്ടുമ്പോ തന്നാ മതിയെടാ. ചിലരെ കമ്പിനികളിൽ നിന്ന് ഒരു സുപ്രഭാതത്തിൽ കയറ്റി വിടും. കാക്കയുടെ കടയിൽ നല്ലോരു തുക പറ്റുകാണും പഹയന്റെ പേരിൽ. കാക്കയുടെ മുന്നിൽ വന്ന് നിന്ന് കൈമലർത്തും കരയും. എനിക്കൊള്ളത്‌ പോട്ട്‌. പടച്ചോൻ തരും. നീ വേറെ എവിടെയെങ്കിലും പോയി രക്ഷപെട്‌. എന്ന് കാക്ക സമാധാനിപ്പിക്കും. ഒരു വാക്ക്‌ മിണ്ടാതെ കമ്പിനിയും താമസവും മാറിപ്പോകുന്നവരുണ്ട്‌. അപ്പോഴും നഷ്ടം കാക്കയ്ക്ക്‌. അവന്റെ പറ്റിൽ നല്ലോരു തുക ബാക്കി കിടപ്പുണ്ടാവും. സാരമില്ലെന്ന് കാക്ക സ്വയം സമാധാനിക്കും.
അതൊരു പാരസ്പര്യമായിരുന്നു. അന്യനാട്ടിൽ ഒരേ തെരുവിൽ കഴിയുന്ന കുറേ ആളുകൾ തമ്മിലുണ്ടായിരുന്ന ഒരു പാരസ്പര്യം. കക്കയുടെ കട ഒരു ബിസിനസ്‌ സ്ഥാപനം ആയിരുന്നില്ല. പല ദിക്കിൽ നിന്ന് ജീവിക്കാൻ അന്നം തേടി വന്നവരുടെ ഒരു അഭയ കേന്ദ്രം. അവിടെ ലാഭനഷ്ടത്തെക്കാൾ മാനുഷിക പരിഗണനയാണ്‌ മുന്നിട്ട്‌ നിന്നിരുന്നത്‌.
പതിനാറ്‌ വർഷമാകുന്നു ഞാൻ ഗൾഫിൽ വന്നിട്ട്‌. ഇക്കാലത്തിനിടയിൽ കഥയെത്ര മാറിയിരിക്കുന്നു. അടുത്തിടെ ഒരു ദിവസം കാക്കയുടെ കടയിലേക്ക്‌ കയറിച്ചെന്നപ്പോൾ അവിടെ ഒരാൾ ഭയങ്കര വഴക്ക്‌. അയാൾ പോയിക്കഴിഞ്ഞപ്പോൾ കാക്കയോട്‌ കാര്യം തിരക്കി. മറ്റ്‌ പല മേഗാ കടകളെക്കാളും കാക്കയുടെ കടയിൽ പഞ്ചസാരയ്ക്ക്‌ അൻപത്‌ ഫിൽസ്‌ കൂടുതലാണെന്നുള്ളതാണ്‌ വഴക്കിന്റെ ഹേതു.
മറ്റുള്ളവർക്ക്‌ മൂന്നൂം ആറും മാസത്തെ ക്രെഡിറ്റിനു കിട്ടുന്നതുപോലെ അല്ല എനിക്ക്‌. ഞാൻ റെഡി ക്യാഷ്‌ കൊടുത്ത്‌ മാർക്കറ്റിലെ ഹോൾസെയിൽ സെന്ററിൽ നിന്ന് വാങ്ങിക്കൊണ്ടു വച്ചിരിക്കുന്നതാണിത്‌.- കാക്കയുടെ വിശദീകരണം - എന്നിട്ടും ആ എനിക്ക്‌ നിങ്ങൾ പൈസ തരുന്നത്‌ രണ്ടും മൂന്നും മാസം കഴിഞ്ഞ്‌. അൻപതു പൈസ കൂട്ടിവില്‌ക്കുന്നതിലാണോ കുഴപ്പം. നിങ്ങൾ പറയുന്ന സൂപ്പർ കടയിൽ വാങ്ങുന്ന സാധനത്തിന്റെ വില കൊടുക്കാതെ പുറത്തേക്കിറങ്ങാൻ പറ്റുമോ..? ഇക്കാലത്തിനിടയിൽ ഇങ്ങനെ പറ്റിക്കൊണ്ടു പോയതിൽ എത്രയെണ്ണം ഒരു നയാപൈസ താരാതെ പോയിരിക്കുന്നു. എത്ര പൈസ കുറച്ചുകൊടുത്തിരിക്കുന്നു. ഞാൻ വല്ലതും പറഞ്ഞിട്ടുണ്ടോ..? ചോദിച്ചിട്ടുണ്ടോ..? ഞാൻ വയ്ക്കാൻ പോകുവാ വാതില്‌ക്കൽ ഒരു ബർഗളർ അലാറാം. അപ്പോ അറിയാം കാക്കയുടെ കടയുടെ വില.
അതെ അതൊരു വില തന്നെയാണ്‌. നന്മയുടെ വില. പാരസ്‌പര്യത്തിന്റെ വില. സഹാനുഭൂതിയുടെ വില. മനുഷ്യൻ മനുഷ്യനെ അറിയുന്നതിന്റെ വില. അതുപക്ഷേ ഇന്ന് അറിയേണ്ടാത്തവരാണ്‌ ഇന്ന് ഞങ്ങളുടെ തെരുവിൽ കൂടുതലും. അതിലൊരാളാണ്‌ കാക്കയോട്‌ അൻപതു ഫിൽസിനു വഴക്കുണ്ടാക്കിയത്‌. അവരാണ്‌ സൂപ്പർ മാർക്കറ്റിലെ വിലക്കിഴിവിനെക്കുറിച്ച്‌ വാ തോരാതെ സംസാരിക്കുന്നത്‌. കണ്ണെത്താദൂരം പരന്നുകിടക്കുന്ന മേഗാ മാർക്കറ്റുകളുടെ കൗണ്ടറിൽ റെഡി ക്യാഷ്‌ കൊടുത്ത്‌ സാധാനം വാങ്ങിക്കൊണ്ടുവന്നിട്ട്‌ കാക്കമാരുടെ പാവം പറ്റുകടകളെ പുച്ഛത്തോടെ നോക്കുന്നത്‌.
അടുത്തിടെ ഒരു ദിവസം ചില പുതുമോടിക്കാരായ ചെറുപ്പക്കാർ കാക്കയുടെ കടയിൽ കയറി പെപ്സി എടുക്കുന്നതിനിടെ തമാശയ്ക്ക്‌ പറയുന്നു: കാക്ക .. ഞങ്ങളുടെ അറിവിൽ കാക്ക ഈ തെരുവിലുള്ള ഒത്തിരിപ്പേരെ പല വിധത്തിൽ സഹായിച്ചിട്ടുണ്ട്‌. അതിന്റെ പേരിൽ കാക്കയ്ക്ക്‌ ഒരു സ്വീകരണം തരാൻ ഞങ്ങൾ തീരുമാനിച്ചിരിക്കുന്നു.
അതിനെന്താ മോനെ, ഞാനെപ്പം വരണമെന്നു പറഞ്ഞാ മതി. പൊന്നാടയുണ്ടാവുമോ..? - കാക്കയും കളി മട്ടിൽത്തന്നെ.
പൊന്നാട എത്ര വേണമെങ്കിലും തരാം. ഈ തെരുവിലെ എല്ലാ സംഘടനകളുടെയും പേരിൽ ഓരോ പൊന്നാട പോരേ..
അതുമതി ധാരാളം.
പക്ഷേ ഒരു ചെറിയകാര്യം കാക്ക ചെയ്യണം...
അറിയാം മോനെ, ആ ചടങ്ങിനുള്ള എല്ലാ ചെലവും ഞാൻ വഹിക്കണം അല്ലേ..?
അതുമാത്രം പോരാ കാക്ക..
അറിയാം. അതിൽ വന്നുചേരുന്നവർക്കെല്ലാം എന്റെ സ്വന്തം ചെലവിൽ ഭക്ഷണപൊതിയും കൊടുക്കണം അല്ലേ..?
കാക്ക ആളൊരു പുള്ളി തന്നെ. ഒന്നും പറയണ്ട കാര്യമില്ല. എല്ലാം സ്വയം മനസിലാക്കി ചെയ്‌തോളും.
അപ്പോ ഞങ്ങള്‌ ഹാള്‌ ബുക്ക്‌ ചെയ്യട്ടെ.
ആയിക്കോട്ടെ.
എന്നാ അഡ്വാൻസായിട്ട്‌ വല്ലതും...
തരാം. മക്കളിപ്പം ചെല്ല്.
അവന്മാര്‌ പോയിക്കഴിഞ്ഞപ്പോൾ കാക്ക ആരോടെന്നില്ലാതെ പറയുകയാണ്‌: എന്റെ സ്വന്തം ചെലവിൽ എനിക്ക്‌ അവന്മാരുടെ പൊന്നാട. അക്കാശുണ്ടെങ്കിൽ ഞാൻ നാട്ടിലെ നാല്‌ പുള്ളകൾക്ക്‌ ആഹാരം വാങ്ങിക്കൊടുക്കും. ഞാൻ ചെയ്യുന്ന സഹായം ആരെങ്കിലും അറിയണമെന്ന് എനിക്കാഗ്രഹവുമില്ല. അത്‌ പടച്ചോൻ അറിയുന്നുണ്ടാവും. എനിക്കതുമതി.
പടച്ചോൻ അറിഞ്ഞാൽ പൊന്നാട കിട്ടില്ല കാക്ക. നാല്‌ മനുഷ്യരുകൂടി അറിയണം. ഞാൻ പറഞ്ഞു.
പണ്ടൊക്കെ പാട്ടുകാരെയും എഴുത്തുകാരെയും കളിക്കാരെയും സിനിമക്കാരെയും ഒക്കെയായിരുന്നു നമ്മൾ പൊന്നാടയിട്ട്‌ ആദരിച്ചിരുന്നത്‌. ഇപ്പോ അത്‌ പണക്കാരെയാണ്‌. ഏത്‌ പണക്കാരനെക്കണ്ടാലും ഒടനെ നമുക്ക്‌ ആദരിക്കണം. പറഞ്ഞിട്ട്‌ കാര്യമില്ല മോനെ; ലോകത്തിന്റെ ഇപ്പോഴത്തെ ഗതി അങ്ങനാ.. പണക്കാര്‍ വാഴും ലോകം. പൊന്നാട വേണ്ടവര്‌ ധാരാളമായി വാങ്ങിച്ചിട്ടോട്ടെ. അങ്ങനെയൊന്ന് ഇരന്നു വാങ്ങാന്‍ മനസുവരും മുന്‍പ്‌ നാടു പിടിക്കണം.
കുഞ്ഞഹമ്മദ് കാക്ക എന്തൊക്കെയോ ഓര്‍ത്ത് നെടുവീര്‍പ്പിട്ടു.
ആദരിക്കപ്പെടേണ്ട മൂല്യങ്ങള്‍ മാറുമ്പോള്‍ കാലത്തിന്റെ മൂലയിലേക്ക്‌ ഒതുങ്ങിപ്പോയ ഒരുകൂട്ടം ആൾക്കാരുടെ പ്രതിനിധിയാണ്‌ കുഞ്ഞഹമ്മദ്‌ കാക്ക. കണ്ണെത്താദൂരത്തോളം പടന്നുകിടക്കുന്ന മേഗാ മാർട്ടുകളുടെ മഹാപ്രളയകാലത്തിൽ സ്വയം കൊഴിഞ്ഞില്ലാതായിക്കൊണ്ടിരിക്കുന്ന നൂറുകണക്കിന്‌ പാവം കോൾഡ്‌ സ്റ്റോറേജുകാരന്റെ ഒരു പാവം പ്രതിനിധി.

Tuesday, June 24, 2008

കേരളത്തില്‍ നിന്നും കൊണ്ടുവന്ന പേന - 3

8. ഇവിടെ കേരളങ്ങളെ നിര്‍മ്മിക്കാന്‍ കഴിയുമെന്ന് തോന്നിയിട്ടുണ്ടോ..? ഗള്‍ഫിലെ പല തെരുവുകളിലും സൈന്‍ ബോര്‍ഡായും മറ്റും മലയാളം സ്ഥാനം പിടിച്ചിട്ടുണ്ടല്ലോ. ഇവിടുത്തെ ജീവിതം എഴുതാന്‍ അനുവദിക്കാത്ത ഘടകങ്ങള്‍ എന്തെങ്കിലും ഉണ്ടോ..?
അങ്ങനെയൊരു കേരളനിര്‍മ്മിതി തികഞ്ഞ മിഥ്യാധാരണയാണ്‌. ഭാഷ മാത്രമായാല്‍ കേരളമാവില്ലല്ലോ. നമ്മുടെ ഭൂപ്രകൃതി, കാലാവസ്ഥ, ജൈവവൈവിധ്യം, ഉത്സവങ്ങള്‍ ആഘോഷങ്ങള്‍, കലകള്‍, മതങ്ങള്‍ രാഷ്‌ട്രീയങ്ങള്‍ ചിന്താധാരകള്‍ ഇവയെല്ലാം ചേര്‍ന്നൊരു പുനര്‍നിര്‍മ്മിതി ചിന്തിക്കാനാവുന്നുണ്ടോ..?
ഇവിടുത്തെ ജീവിതത്തെ എഴുതാന്‍ ഭയപ്പെടുത്തുന്ന ഘടകമൊന്നും എനിക്കനുഭവപ്പെട്ടിട്ടില്ല. ജീവിതങ്ങള്‍ കണ്ടെത്തപ്പെടാതെ പോകുന്നതിന്റെ പരാധീനത മാത്രമേയുള്ളൂ.
9. പച്ചപ്പില്‍ നിന്ന് മരുഭൂമിയുടെ വരണ്ട നിറത്തിലേക്ക്‌ മാറിയത്‌ താങ്കളുടെ എഴുത്തിനെ ബാധിച്ചിട്ടുണ്ടോ..? പി. കുഞ്ഞിരാമന്‍ നായരെപ്പോലെ ഒരു കവിയ്ക്ക്‌ ഗള്‍ഫില്‍ വന്ന് എന്തെങ്കിലും എഴുതാന്‍ കഴിയുമോ എന്ന് ശങ്കിച്ചിട്ടുള്ളവരുണ്ട്‌..?
!മരുഭൂമിയുടെ വരള്‍ച്ച എഴുത്തിനെ കൂടുതല്‍ ഊര്‍ജ്ജസ്വലമാക്കുന്നു എന്നതാണ്‌ എന്റെ വ്യക്‌തിപരമായ അനുഭവം. എഴുത്തിനു പറ്റിയ സ്വാസ്ഥ്യം കൂടുതല്‍ ലഭിക്കുക ഈ അകന്നജീവിതത്തിലാണ്‌. പി. കുഞ്ഞിരാമന്‍ നായര്‍ ജീവിച്ച കാലഘട്ടത്തിലല്ലല്ലോ നാം ജീവിക്കുന്നത്‌.
10. ഗള്‍ഫിലേക്ക്‌ പ്രവാസിയുടെ ഒഴുക്ക്‌ ആരംഭിച്ചിട്ട്‌ അര നൂറ്റാണ്ടോളമായി ബാബു ഭരദ്വാജിന്റെ 'പ്രവാസിയുടെ കുറിപ്പുകള്‍' അല്ലാതെ ഗള്‍ഫിനെ അടയാളപ്പെടുത്തുന്ന കൃതികള്‍ അധികമൊന്നും വന്നിട്ടില്ല. ഹൃസ്വമായിരുന്നെങ്കിലും വൈലോപ്പിള്ളി ആസാം പണിക്കാരെക്കുറിച്ച്‌ എഴുതിയിരുന്നു..?
നേരത്തെ പറഞ്ഞ പല ഉത്തരങ്ങളിലായി ഇതിന്റെ ഉത്തരം ചിതറിക്കിടപ്പുണ്ട്‌. അങ്ങനെ അനുഭവവൈവിധ്യം നേടാനുള്ള തൊഴില്‍ പരിസരമല്ല ഇവിടെ പലര്‍ക്കും ഉള്ളത്‌. അനുഭവങ്ങള്‍ ഉള്ളവര്‍ക്ക്‌ എഴുതാനുള്ള പ്രാവീണ്യവും കാണില്ല. ഇതും രണ്ടും സംഗമിക്കുന്നിടത്താണ്‌ നല്ല കൃതികള്‍ ഉണ്ടാകുന്നത്‌. ഒരു ബാബു ഭരദ്വാജെങ്കിലും ഉണ്ടായത്‌ മഹാഭാഗ്യം. വൈലോപ്പിള്ളി ആസാം പണിക്കാരെക്കുറിച്ചെഴുതിയെങ്കില്‍ എത്രയോ ഇതര കുടിയേറ്റങ്ങളെക്കുറിച്ച്‌ ആരും എഴുതിയില്ല. ഗള്‍ഫ്‌ ചേക്കേറലിന്‌ അംഗബലം കൂടുതലുണ്ടെന്ന് ഒരു പ്രത്യേകതയെയുള്ളൂ. അതിന്‌ അനുഭവവൈവിധ്യം ഉണ്ടാകണമെന്നില്ല. ഒറ്റപ്പെട്ട അനുഭവപരമ്പരകളിലൂടെ കടന്നുപോയിട്ടുണ്ടായവര്‍ ഉണ്ട്‌. എഴുതാന്‍ പ്രാപ്‌തിയുള്ളവര്‍ അത്‌ കണ്ടെത്തി എഴുതട്ടെ. അത്തരത്തില്‍ ഒരു അന്വേഷണമനോഭാവമാണ്‌ ഗള്‍ഫ്‌ എഴുത്തുകര്‍ക്ക്‌ ഉണ്ടാകേണ്ടത്‌.

11. പ്രവാസസാഹിത്യമാണോ ഡയസ്‌പോറ സാഹിത്യമാണോ അതോ കുടിയേറ്റക്കാരന്റെ സാഹിത്യമാണോ ഗള്‍ഫുകാരന്‍ എഴുതിക്കൊണ്ടിരിക്കുന്നത്‌..?
സ്വന്തം ജീവിതം പ്രവാസമാണോ കുടിയേറ്റമാണോ എന്ന് നിര്‍ണ്ണയിക്കാന്‍ കഴിയാത്തവന്‍ എഴുതുന്ന സാഹിത്യത്തെ എങ്ങനെ നിര്‍വ്വചിക്കാന്‍ കഴിയും..? എന്തെങ്കിലുമൊക്കെ പേരുകളില്‍ എഴുതട്ടെ, അതില്‍ സ്പന്ദിക്കുന്ന ജീവിതമുണ്ടായാല്‍ മതി. അത്‌ വായിക്കാന്‍ കൊള്ളാവുന്നതായാല്‍ മതി.

Thursday, June 19, 2008

കേരളത്തില്‍ നിന്നും കൊണ്ടുവന്ന പേന - 2

കേളി- ത്രൈമാസികയുടെ ചര്‍ച്ചയുടെ രണ്ടാം ഭാഗം

5. യഥാര്‍ത്ഥ ഗള്‍ഫിനെ രേഖപ്പെടുത്തിയ രചനകള്‍ ഉണ്ടായിട്ടുണ്ടോ..? ഇല്ലെങ്കില്‍ എന്തുകൊണ്ട്‌..?
ഒരു കരാര്‍ തൊഴിലാളി എന്നതിനപ്പുറം അറബ്‌ സാംസ്കാരിക സമൂഹത്തില്‍ ഇടപെട്ടു ജീവിക്കുവാന്‍ ഒരുവിധത്തിലും നാം അനുവദിക്കപ്പെടുന്നില്ല. പഴയ അടിമവര്‍ഗ്ഗത്തിനു തുല്യമായെ നല്ലൊരു ശതമാനം അറബികളും നമ്മെ കാണുന്നുള്ളൂ. ഒരു അദൃശ്യമതിലിന്‌ അപ്പുറത്തും ഇപ്പുറത്തുമായാണ്‌ നമ്മുടെ ജീവിതങ്ങള്‍. മറ്റേതൊരു ആധുനിക കുടിയേറ്റ പ്രവാസത്തിലും കാണാത്ത പ്രത്യേകതയാണിത്‌. ഈ മതില്‍ മുറിച്ചുകടന്നു ചെന്ന് സാംസ്കാരിക വിനിമയം നടത്താനും കഥ എഴുതാനും നാം വിമുഖരാണ്‌ എന്നതുതന്നെ ഗള്‍ഫിനെ രേഖപ്പെടുത്തുന്ന കഥകള്‍ ഇല്ലാതെ പോകുന്നതിന്റെ കാരണം. അങ്ങനെയൊരു കഥയുണ്ടെങ്കില്‍ തന്നെ അതിലെ മുഖ്യകഥാപാത്രം മലയാളി ആയിരിക്കും എന്നതാണ്‌ തമാശ.
6.ലോകസാഹിത്യവായനയില്‍ മലയാളി പലപ്പോഴും മുന്നിലാണ്‌ എന്നാല്‍ അറബി സാഹിത്യം വായിക്കാന്‍ ഗള്‍ഫില്‍ കഴിയുന്ന മലയാളികള്‍ ഒട്ടും താത്‌പര്യം കാണിക്കുന്നില്ല. അറബി ഭാഷ നിര്‍ണ്ണയിക്കുന്ന ഒരിടത്ത്‌ ജീവിച്ചിട്ടും ഈ സാഹിത്യത്തിലേക്ക്‌ മലയാളി എത്താത്തതിന്റെ കാരണം എന്തായിരിക്കും..?
ഇതിനു പലകാരണങ്ങളുണ്ട്‌. ഒന്ന്, നാം അനുഭവിക്കുന്നതിന്റെ നേര്‍ചിത്രങ്ങള്‍ പ്രതീക്ഷിച്ച്‌ നമ്മെ പെട്ടെന്ന് ആകര്‍ഷിക്കാന്‍ ഇടയുള്ളത്‌ നമ്മള്‍ കുടിയേറിയിരിക്കുന്ന ജി.സി.സി. രാജ്യങ്ങളില്‍ നിന്നുള്ള സാഹിത്യമാണ്‌. എന്നാല്‍ അതിന്‌ അത്ര പുഷ്‌കല കാലമല്ല ഉള്ളത്‌. ഇറങ്ങുന്നവയുടെ തന്നെ ഇംഗ്ലീഷ്‌ തര്‍ജ്ജിമകള്‍ ഉണ്ടാവുന്നുണ്ടോ എന്ന് സംശയമാണ്‌. രണ്ട്‌, അറബി എന്ന ഭാഷയില്‍ എഴുതപ്പെടുന്നു എന്നതുകൊണ്ട്‌ നമ്മെ ഒരു കൃതി ആകര്‍ഷിക്കണം എന്നില്ല. സുഡാന്‍, ലിബിയ, അള്‍ജീരിയ എന്നിവിടങ്ങളില്‍ നിന്ന് ഇറങ്ങുന്ന സാഹിത്യകൃതികളെ അറബി സാഹിത്യം എന്ന നിലയില്‍ നാം കാണുന്നില്ല അത്‌ ആഫ്രിക്കന്‍ സാഹിത്യം എന്ന നിലയിലാണ്‌ അതില്‍ താത്പര്യമുള്ളവര്‍ വായിക്കുന്നത്‌. മൂന്ന്, പുസ്‌തകങ്ങളുടെ ലഭ്യത. ഗള്‍ഫിലെ മികച്ച പുസ്‌തകമേളകളില്‍പ്പോലും അറബ്‌ സാഹിത്യകൃതികളുടെ ഇംഗ്ലീഷ്‌ തര്‍ജ്ജിമകള്‍ കിട്ടാന്‍ പ്രയാസമാണ്‌. നാല്‌, ആഗോള വിതരണ ശൃംഖലയുള്ള പ്രസാധകരാല്‍ പ്രസിദ്ധീകരിക്കപ്പെട്ടു എന്നതാണ്‌ ഗബ്രിയേല്‍ മാര്‍ക്കേസ്‌ ഉള്‍പ്പെടെയുള്ള ലാറ്റിന്‍ അമേരിക്കന്‍ എഴുത്തുകാരുടെ ഭാഗ്യം അതുകൊണ്ടാണ്‌ അത്‌ നമ്മള്‍ വിവര്‍ത്തനം ചെയ്‌തത്‌. വായിച്ചത്‌. പല അറബ്‌ എഴുത്തുകാര്‍ക്കും ആ ഭാഗ്യമില്ല.
7. മലയാളം അന്നം തരാന്‍ കഴിവില്ലാത്ത ഭാഷയാണെന്ന് പലരും പറയാറുണ്ട്‌. ദിനേന മൈഗ്രന്റായി മാറുന്ന ഒരു സമൂഹമായി കേരളം മാറവെ നമ്മുടെ മാതൃഭാഷയുടെയും സാഹിത്യത്തിന്റെയും അതിജീവനം എങ്ങനെയായിരിക്കും..?
ഭാഷയുടെ അതിജീവനമൊക്കെ കാലം നിര്‍ണ്ണയിക്കേണ്ട കാര്യങ്ങളാണ്‌, അതേപ്പറ്റി നമ്മള്‍ ഇവിടെയിരുന്ന് പ്രവചനം നടത്തിയിട്ട്‌ കാര്യമൊന്നുമില്ല. പെട്ടെന്നുണ്ടാകുന്ന മാറ്റങ്ങള്‍, സാഹചര്യങ്ങള്‍, രാഷ്ട്രീയദിശാവ്യതിയാനങ്ങള്‍, സാങ്കേതിക മുന്നേറ്റങ്ങള്‍ ഒക്കെ ഭാഷയുടെ ഭാവിയെ നിര്‍ണ്ണയിച്ചേക്കാം. ഇന്റര്‍നെറ്റിന്റെ വരവോടെ ഭൂമിയില്‍ ഇംഗ്ലീഷ്‌ ഒഴികെ എല്ലാ ഭാഷകളും അപ്രത്യക്ഷമാകാന്‍ പോകുന്നു എന്ന് നമ്മള്‍ ഭയന്നിരുന്നു. എന്നാല്‍ ലോകത്തെമ്പാടുമുള്ള പ്രാദേശിക ഭാഷകള്‍ അതിന്റെ അതിജീവനത്തിനായി പോരാടുകയും സങ്കേതികത കൈവശപ്പെടുത്തി ഇന്റര്‍നെറ്റില്‍ കയറിക്കുടുകയും ചെയ്‌തു. അക്കൂട്ടത്തില്‍ മലയാളവും ഉണ്ടായിരുന്നു. ഇന്ന് നാം ആശങ്കപ്പെടാനില്ലാത്തവിധത്തില്‍ ഇന്റര്‍നെറ്റില്‍ മലയാളം ഉപയോഗിക്കുന്നു. ലോകത്താകമാനമുള്ള മലയാളികള്‍ പണ്ടില്ലാത്തവിധം മലയാളം ഉപയോഗിക്കുന്ന കാലമാണിത്‌. ഇതൊരു ഉദാഹരണം മാത്രമാണ്‌. അപ്പപ്പോഴുണ്ടാകുന്ന മാറ്റങ്ങള്‍ക്കനുസരിച്ച്‌ ഭാഷ അതിന്റെ വഴി കണ്ടെത്തിക്കൊള്ളും. പിന്നെ സിംഹവാലന്‍ കുരങ്ങനെപ്പോലെ സംരക്ഷിക്കേണ്ട ഒന്നല്ല നമ്മുടെ ഭാഷ. വെറും അഞ്ഞൂറുവര്‍ഷത്തെ പഴക്കമേ അതിനുള്ളൂ. അതുതന്നെ എത്രയധികം മാറ്റങ്ങളിലൂടെയാണ്‌ ഇവിടെ വരെയെത്തിയത്‌. പിന്നെങ്ങനെ ഇപ്പോഴത്തെ നിലയില്‍ അത്‌ തുടരണമെന്ന് നമുക്ക്‌ വാദിക്കാന്‍ കഴിയും..
പിന്നെ നമ്മുടെ സാഹിത്യം. ലോകത്തിലെ മികച്ച കൃതികള്‍ അപ്പപ്പോള്‍ വിവര്‍ത്തനം കെയ്‌തിറങ്ങുന്ന ഒരു ഭാഷയാണ്‌ നമ്മുടേത്‌. നമ്മുടെ വായനക്കാര്‍ക്ക്‌ അത്തരം കൃതികളോടുള്ള പരിചയം ഏറെയാണ്‌. അപ്പോള്‍ ലോകസാഹിത്യത്തിനോടാണ്‌ നമ്മുടെ ഓരോ എഴുത്തുകാരനും മത്സരിക്കാനുള്ളത്‌. അതിനുമാത്രം പ്രതിഭകൊണ്ടും കഠിനാധ്വാനംകൊണ്ടുമല്ലാതെ മലയാളസാഹിത്യത്തിന്‌ ഇനി പിടിച്ചുനില്‌ക്കാനാവില്ല.

Thursday, June 12, 2008

കേരളത്തില്‍ നിന്നും കൊണ്ടുവന്ന പേന - ചര്‍ച്ച 1

സൗദി അറേബ്യയിലെ റിയാദില്‍ നിന്നും പ്രസിദ്ധീകരിക്കുന്ന കേളി ത്രൈമാസികയുടെ ഈ വര്‍ഷത്തെ വാര്‍ഷികപ്പതിപ്പ്‌ ഗള്‍ഫ്‌ സാഹിത്യത്തെ സംബന്ധിച്ച്‌ ഒരു ചര്‍ച്ച സംഘടിപ്പിക്കുകയുണ്ടായി. 'കേരളത്തില്‍ നിന്നും കൊണ്ടുവന്ന പേന' എന്നാണ്‌ അതിന്‌ പേരു കൊടുത്തിരുന്നത്‌.
ഗള്‍ഫില്‍ നിന്ന് മുഖ്യധാരാ മാധ്യമങ്ങളില്‍ എഴുതിക്കൊണ്ടിരിക്കുന്ന സിതാര എസ്‌, സുറാബ്‌, കരുണാകരന്‍, ബെന്യാമിന്‍, ടി.പി, അനില്‍കുമാര്‍, പി.ജെ.ജെ. ആന്റണി, സഹീറ തങ്ങള്‍ എന്നിവരാണ്‌ ആ ചര്‍ച്ചയില്‍ പങ്കെടുത്തത്‌. ചര്‍ച്ചയുടെ ഭാഗമായി 11 ചോദ്യങ്ങളാണ്‌ ഉന്നയിക്കപ്പെട്ടത്‌. ആ ചോദ്യങ്ങളും അവയ്ക്കുള്ള എന്റെ മറുപടികളുമാണ്‌ താഴെ കൊടുക്കുന്നത്‌.
ഈ ചര്‍ച്ചയില്‍ പങ്കെടുത്ത മറ്റുള്ളവരുടെ ഉത്തരങ്ങള്‍ കൂടി ചേരുമ്പോഴേ ഇത് പൂര്‍ണ്ണമാകു എന്നിരുന്നാലും ചോദ്യങ്ങളോടും എന്റെ ഉത്തരങ്ങളോടും ബൂലോകത്തിന്റെ പ്രതികരണമാണ്‌ ഈ പോസ്റ്റിലൂടെ ലക്ഷ്യം വയ്ക്കുന്നത്. അങ്ങനെ ഈ ചോദ്യങ്ങള്‍ ബൂലോകത്തിലും ഒരു ചര്‍ച്ചയാവട്ടെ എന്നാഗ്രഹിക്കുന്നു.
ആദ്യത്തെ നാല് ചോദ്യങ്ങളും അതിനുള്ള ഉത്തരങ്ങളും ഇവിടെ, തുടര്‍ന്നുള്ളവ അടുത്ത പോസ്റ്റുകളില്‍:
1. ഗള്‍ഫ്‌ ജീവിതത്തെ പ്രവാസമായാണോ കുടിയേറ്റമായാണോ താങ്കള്‍ വിലയിരുത്തുന്നത്‌. വിശദീകരിക്കുമല്ലോ..
ഒരര്‍ത്ഥത്തില്‍ നമ്മുടേത്‌ പ്രവാസമാണ്‌ മറ്റൊരര്‍ത്ഥത്തില്‍ അത്‌ കുടിയേറ്റവുമാണ്‌. എന്നാല്‍ പൂര്‍ണ്ണമായും ഇതുരണ്ടുമല്ലതാനും. ഇത്‌ ഗള്‍ഫ്‌ രാജ്യങ്ങളിലേക്കുള്ള ചേക്കേറലിന്റെ സന്നിഗ്ദ്ധാവസ്ഥയും ഐറണിയുമാണ്‌. ഇന്ത്യയില്‍ നിലനില്‌ക്കുന്ന പ്രത്യേക രാഷ്ട്രീയ സാമൂഹിക സാമ്പത്തിക കാരണങ്ങള്‍കൊണ്ടാണ്‌ നാമിവിടെ എത്തപ്പെട്ടത്‌ എന്നതുകൊണ്ടാണ്‌ ഒരര്‍ത്ഥത്തില്‍ നമ്മുടേത്‌ പ്രവാസമാണെന്ന് പറയേണ്ടിവരുന്നത്‌. അതേസമയം നമ്മള്‍ നിര്‍ബന്ധിതമായി രാഷ്ട്രീയ ഭ്രഷ്ടിനാലോ പലായനത്തിനാലോ ഇവിടെ എത്തപ്പെട്ടവരല്ല എന്നതിനാല്‍, സ്വമനസ്സോടെ ഇവിടേക്ക്‌ വന്നവരാണ്‌ എന്ന അര്‍ത്ഥത്തില്‍ നമ്മുടേത്‌ കുടിയേറ്റവുമാണ്‌. പ്രവാസത്തിനും കുടിയേറ്റത്തിനും സ്ഥിരമായി സ്വന്തം രാജ്യമുപേക്ഷിക്കുക എന്നൊരു അര്‍ത്ഥമുണ്ട്‌. എന്നാല്‍ നമുക്കങ്ങനെയൊന്നില്ല. അതാണ്‌ ഗള്‍ഫ്‌ ജീവിതത്തിന്റെ പേരിടിനാവാത്ത ഐറണി.
2. എഴുത്തില്‍ ഗള്‍ഫ്‌ ജീവിതം, ഇവിടെ നിന്നുള്ള രൂപകങ്ങള്‍ എന്നിവ സ്വാധീനിച്ചിട്ടുണ്ടോ..? സ്വാധീനിക്കുന്നുവെങ്കില്‍ അത്‌ ഏതു രീതിയിലാണ്‌..?
തീര്‍ച്ചയായും. കഴിഞ്ഞ 15 വര്‍ഷമായി ഗള്‍ഫില്‍ താമസിക്കുന്ന ഒരാള്‍ എന്ന നിലയില്‍ ഇവിടുത്തെ സാമൂഹിക ജീവിതം എന്റെ എഴുത്തിനെ നല്ലപോലെ സ്വാധീനിക്കുന്നുണ്ട്‌. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള ജനങ്ങള്‍ വന്നുപാര്‍ക്കുന്നിടം എന്ന നിലയില്‍ ഗള്‍ഫ്‌ എഴുത്തുകാരനെ സംബന്ധിച്ചിടത്തോളം ഒരു നല്ല 'വിഭവകേന്ദ്ര'മാണ്‌. കേരളത്തില്‍ ജീവിക്കുന്ന ഒരെഴുത്തുകാരന്‌ ഇത്രയും വലിയ സാംസ്കാരിക വൈവിധ്യങ്ങളോട്‌ ഇടപഴകാന്‍ സാഹചര്യം ലഭിക്കുന്നില്ല. ഈ വൈവിധ്യം കണ്ടുപഠിച്ച്‌ അതിനെ കഥയും കവിതയുമാക്കി മാറ്റാന്‍ കഴിയുന്നോ എന്നത്‌ എഴുത്തുകാരന്റെ കഴിവിനെ ആശ്രയിച്ചിരിക്കുന്നു. എന്നെ സംബന്ധിച്ചിടത്തോളം എന്റെ മികച്ച കഥകള്‍ ഈ പശ്ചാത്തലത്തില്‍ നിന്ന് ഉണ്ടായതാണെന്ന് ഞാന്‍ കരുതുന്നു. 'മരീചിക, രണ്ടു പട്ടാളക്കാര്‍ മറ്റൊരു അറബിക്കഥയില്‍, ഗസാന്റെ കല്ലുകള്‍, ആഡിസ്‌ അബാബ എന്നീ കഥകളൊക്കെ ഉദാഹരണങ്ങളായുണ്ട്‌. ഇനി വരുന്ന 'ആടുജീവിതം' എന്ന നോവലും.
3. ഗള്‍ഫിലേക്കു വന്ന ആദ്യ കുടിയേറ്റക്കരുടെ തലമുറകളില്‍ നിന്നെഴുത്തുകാര്‍ ഉണ്ടായില്ലെന്നു തന്നെ പറയാം. തീക്ഷ്‌ണാനുഭവങ്ങള്‍ ഉണ്ടായിരുന്ന ആ തലമുറ നമ്മുടെ സാഹിത്യത്തില്‍ അടയാളപ്പെടുക പോലുമുണ്ടായില്ല. ഇന്ന് ഗള്‍ഫില്‍ നിന്ന് ധാരാളം മുഖ്യധാരാ എഴുത്തുകാരുണ്ട്‌. ഈ മാറ്റത്തിനു പിന്നില്‍ പ്രവര്‍ത്തിച്ച സാമൂഹിക ലാവണ്യ പ്രശ്നങ്ങള്‍ എന്തായിരിക്കും..?
ഗള്‍ഫിലെ മാത്രമല്ല, ശ്രീലങ്ക, മലേഷ്യ, സിംഗപ്പൂര്‍, നൈജീരിയ തുടങ്ങിയ രാജ്യങ്ങളിലേക്ക്‌ കുടിയേറിയവരില്‍ നിന്നും കഥകളൊന്നും വന്നില്ല എന്നു നാം ഓര്‍ക്കണം. എഴുത്തിനുവേണ്ട 'സ്വാസ്ഥ്യം' കൊടുക്കുന്ന തൊഴില്‍ സാഹചര്യങ്ങളായിരുന്നില്ല ഇവിടെയെങ്ങും ഉണ്ടായിരുന്നത്‌ എന്നതാവാം അതിനു കാരണം. എന്നുമാത്രമല്ല അക്കാലത്തെ എഴുത്തിന്റെ വരേണ്യസംഘത്തിലേക്ക്‌ ഒന്ന് എത്തിനോക്കാന്‍ പോലും ഈ പാവങ്ങള്‍ക്കൊന്നും കഴിയുമായിരുന്നില്ല. തൊണ്ണൂറുകളോടെ സാഹചര്യം മാറി. വളരെ കുറച്ചുപേര്‍ക്കെങ്കിലും എഴുത്തിലേക്ക്‌ ഒതുങ്ങുവാനുള്ള തൊഴില്‍ സാഹചര്യങ്ങള്‍ ഒത്തുകിട്ടി. അതേപോലെ തന്നെ നാട്ടില്‍, എഴുത്തിനും എഴുത്തുകാര്‍ക്കുമുള്ള അപ്രമാദിത്യം നഷ്ടപ്പെട്ടു. പ്രമാണ്യവര്‍ഗ്ഗത്തിന്റെ നോട്ടം എഴുത്തുവിട്ട്‌ സിനിമയായി. അതിനിടെ പ്രസിദ്ധീകരണങ്ങള്‍ വര്‍ദ്ധിച്ചു. സാധാരണക്കാരനും ചെന്നുകയറാവുന്ന ഇടമായി എഴുത്തിന്റെ മേഖല തുറന്നുകിട്ടി. അക്കൂട്ടത്തില്‍ ഗള്‍ഫില്‍ നിന്നുള്ള കുറച്ചുപേരും എഴുതുന്നു എന്നേയുള്ളൂ.
4. വലിയ മലയാളി സമൂഹത്തിന്റെ നടുക്ക്‌ അന്യനാട്ടില്‍ കഴിയാന്‍ പറ്റുന്നത്‌ എഴുത്തിനെ കൂടുതല്‍ സഹായിക്കുന്നുണ്ടോ..? ഗള്‍ഫിലെ എഴുത്തുകാര്‍ നേരിടുന്ന സവിശേഷ പ്രശ്നങ്ങള്‍ എന്തൊക്കെയാണ്‌..? അല്ലെങ്കില്‍ അങ്ങനെ ഒന്നില്ലെന്നുണ്ടോ..?
മലയാളിത്വം അതിന്റെ പൂര്‍ണ്ണതയില്‍ അനുഭവിക്കാന്‍ കഴിയും എന്നൊരു പ്രത്യേകത ഈ ജീവിതത്തിനുണ്ട്‌. അതിന്റെ ആഘോഷങ്ങളും അല്‌പത്തരങ്ങളും വഷളത്തരങ്ങളും നന്മയും ഒക്കെ നമുക്കിവിടെ ആസ്വദിക്കാനാവുന്നുണ്ട്‌. അതുകൊണ്ടുതന്നെയാവും ഇവിടെ നിന്ന് എഴുതുന്നവരുടെ കഥകളില്‍ കേരളത്തിന്റെ സാമൂഹികസാഹചര്യങ്ങള്‍ നിറഞ്ഞുനില്‌ക്കുന്നതും. പക്ഷേ വ്യത്യസ്‌തമായ കഥകള്‍ എഴുതാന്‍ മോഹിക്കുന്ന ഒരെഴുത്തുകാരനെ സംബന്ധിച്ചിടത്തോളം ഈ ജീവിതം ഒരു നഷ്ടമാണ്‌. തൊട്ടുമുന്നിലുള്ള നിരവധി ബാഹ്യസംസ്കാരങ്ങളുമായി ഇടപഴകാന്‍ കിട്ടുന്ന അപൂര്‍വ്വ അവസരങ്ങളും അതില്‍ നിന്ന് സൃഷ്ടിച്ചെടുക്കാവുന്ന രചനകളുമാണ്‌ അവന്‌ ഈ സമൂഹത്തില്‍ മുഴുകി കഴിയുന്നതുകൊണ്ട്‌ നഷ്ടമാവുന്നത്‌.

Monday, April 21, 2008

സ്റ്റാര്‍ സിംഗറിലെ ആ അഞ്ചു മിനിറ്റ്‌

ഐഡിയ സ്റ്റാര്‍ സിംഗറിന്റെ ഫൈനല്‍ തത്സമയം കാണാനായി ഓഫീസില്‍ നിന്ന് പലകാരണങ്ങള്‍ പറഞ്ഞ്‌ മുങ്ങിയവരില്‍ നിങ്ങളില്‍ പലരോടൊപ്പം ഞാനുമുണ്ടായിരുന്നു. എന്തെങ്കിലും അട്ടിമറിയോ അദ്ഭുതമോ പ്രതീക്ഷിച്ചായിരുന്നില്ല 20-20പോലും ഉപേക്ഷിച്ച്‌ ടിവിയ്ക്കു മുന്നില്‍ അത്രയും നീണ്ടനേരം കുത്തിയിരുന്നത്‌. സ്റ്റാര്‍ - നജിം തന്നെ എന്ന് ഏതാണ്ട്‌ ഉറപ്പിച്ചുതന്നെയാണ്‌ ഫൈനല്‍ കാണാന്‍ ഇരുന്നതും. സത്യത്തില്‍ വാര്‍ത്തകളിലും പരസ്യങ്ങളിലും ഏഷ്യാനെറ്റ്‌ ആവര്‍ത്തിച്ചാവര്‍ത്തിച്ചു പറഞ്ഞ ഒരു കാര്യം സംബന്ധിച്ച ആകാംക്ഷയും കൗതുകവുമായിരുന്നു എന്നെ സംബന്ധിച്ചിടത്തോളം ആ ഫൈനല്‍ ലൈവ്‌.
'ഏഷ്യാനെറ്റിന്റെ നൂതനമായ മുഴുവന്‍ സാങ്കേതിക മികവും ഒന്നിക്കുന്ന ലൈവ്‌ ഷോ' എന്നതായിരുന്നു ആ അവകാശവാദം. എന്തൊക്കെ നൂതനമായ സംരംഭങ്ങളാണ്‌ ഏഷ്യാനെറ്റ്‌ ഈ സാങ്കേതിക യുഗത്തില്‍ ഒരുക്കിയിരിക്കുന്നത്‌ എന്നു കാണാന്‍/ അറിയാനുള്ള സ്വഭാവികമായ ഒരു ആകാംക്ഷ. പക്ഷേ കാത്തിരിപ്പിനെ തീര്‍ത്തും നിരാശപ്പെടുത്തിക്കൊണ്ടാണ്‌ പരിപാടി തുടങ്ങിയതുതന്നെ. എഡിറ്റിംഗ്‌ പിഴച്ചുപോയ ഒരു സിനിമാപോലെ ആ പരിപാടിയില്‍ ഒരിക്കലും ചിത്രവും ശബ്ദവും ഒന്നു ചേര്‍ന്നുവന്നില്ല. മിക്കപ്പോഴും ശബ്‌ദമാദ്യവും ചിത്രം പിന്നീടും ആയിരുന്നു. ഒരു സംഗീതപരിപാടിയുടെ ആസ്വാദ്യത മുഴുവന്‍ നഷ്‌ടപ്പെടുത്താന്‍ മറ്റൊന്നും വേണ്ടല്ലോ. ആ അഞ്ചുമണിക്കൂറിനിടയില്‍ ഒരിക്കല്‍പ്പോലും അത്‌ ശരിയാക്കിയെടുക്കാന്‍ അവര്‍ക്ക്‌ കഴിഞ്ഞില്ല എന്നത്‌ ദുരന്തം തന്നെയായിരുന്നു. ഇതായിരുന്നോ നിരവധി തവണ ആവര്‍ത്തിക്കപ്പെട്ട സാങ്കേതിക മികവ്‌. പോട്ടെ, നിര്‍ണ്ണായകമായ മത്സരത്തിന്റെ ഭാഗമെത്തുന്നു. ഏറെപ്പേരുടെ പ്രിയപ്പെട്ടവനായ നജീബ്‌ പാടാനെത്തിയതും ട്രാന്‍സ്‌മിഷനെ നിന്നുപോകുന്നു. നമ്മള്‍ കാണുന്നത്‌ കലാഭവന്‍ മണിയുടെ ഡാന്‍സ്‌. നിര്‍ണ്ണായകമായ ആ അഞ്ചുനിമിഷം കരുതിവച്ചിരുന്നതെല്ലാം വ്യര്‍ത്ഥമായിപ്പോയ അവസ്ഥ. കൊട്ടിഘോഷിക്കപ്പെട്ടതെല്ലാം പാഴായിപ്പോയ നിമിഷങ്ങള്‍.
ഞാനപ്പോള്‍ ആലോചിച്ചതത്രയും അവിടെയുണ്ടായിരുന്ന ടെക്കനിക്കല്‍ സ്റ്റാഫിന്റെ ടെന്‍ഷനും നെഞ്ചിടിപ്പും നിസ്സഹയതാവസ്ഥയുമാണ്‌. എത്ര മുന്നൊരുക്കങ്ങളാവും അവര്‍ അത്രയും നേരത്തിനുവേണ്ടി നടത്തിയിട്ടുണ്ടാവുക. എത്ര തവണ ഓരോ മിഷ്യന്റെയും സാങ്കേതിക അവര്‍ പരീക്ഷിച്ചിട്ടുണ്ടാവും. പക്ഷേ ആ നിര്‍ണ്ണായക നിമിഷത്തില്‍ എല്ലാം പിഴച്ചുപോവുക. ആരാണതിനു ഉത്തരവാദി. ആര്‍ക്ക്‌ ആരെ പഴി ചാരാനാവും. അതിനുവേണ്ടി മേലധികാരികളുടെ എത്ര ചീത്തവിളി അവര്‍ പിന്നീട്‌ കേട്ടിട്ടുണ്ടാവും. നജീബ്‌ വിജയമാഘോഷിക്കുമ്പോള്‍ അതിനൊപ്പം ചിരിക്കാന്‍ അവര്‍ക്ക്‌ കഴിഞ്ഞിരിക്കുമോ..? സംശയമാണ്‌. അപ്പോഴും അവര്‍ അവരുടെ പല പ്രശ്നങ്ങളും പരിഹരിച്ചിട്ടുണ്ടായിരുന്നില്ലല്ലോ. ആരെയും പഴിക്കാനാവത്ത നിമിഷമാണത്‌. എത്രയധികം തയ്യാറെടുപ്പുകള്‍ നടത്തി ആകാശത്തേക്ക്‌ ഉയര്‍ത്തിവിടുന്ന റോക്കറ്റുകള്‍ നിലത്തേക്ക്‌ കൂപ്പുകുത്തുന്നത്‌ കണ്ടിട്ടില്ലേ. ഇതാണ്‌ യന്ത്രങ്ങളുടെ ഒരു അവസ്ഥ. അനശ്ചിതാവസ്ഥ. എല്ലാം തികവായിരുന്നാലും നിന്നുപോകാന്‍ ഒരു നിമിഷം മതി. മനുഷ്യജീവനുപോലും ഇതിനെക്കാള്‍ ഉറപ്പുണ്ടെന്ന് ചിലനേരത്ത്‌ തോന്നിപ്പോകും.
ടെക്‌നിക്കല്‍ വിഭാഗത്തില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കേ അതിന്റെ ബുദ്ധി മുട്ടറിയൂ. എന്റെ ജീവിതത്തില്‍ സംഭവിച്ച ഒരുദാഹരണം ഓര്‍മ്മവരുന്നു.അമേരിക്കന്‍ നേവിയില്‍ നിര്‍ണ്ണായകമായ ഒരു യോഗം നടക്കാന്‍ പോകുന്നു. അറിയിപ്പ്‌ രണ്ടുമാസം മുന്‍പേ കിട്ടിയതാണ്‌. വളരെ ഉന്നതരായ ഉദ്യോഗസ്ഥര്‍ പങ്കെടുക്കുന്ന യോഗം. എല്ലാം കൃത്യവും സുരക്ഷിതവും ആണെന്ന് ഒരുനൂറൂവട്ടം പരിശോധിച്ചതാണ്‌. പക്ഷേ ആ പന്ത്രണ്ടാം മണിക്കൂറില്‍ എ.സി യുടെ കംബ്രസര്‍ കത്തിപ്പോകുന്നു. എന്തു ചെയ്യാനാകും. കംബ്രസര്‍ മാറ്റി വയ്ക്കാനുള്ള സമയമില്ല. ഒടുവില്‍ യന്ത്രത്തോട്‌ പരാജയപ്പെട്ട്‌ യോഗം അവര്‍ മറ്റൊരു സ്ഥലത്തേക്ക്‌ മാറ്റി. അതാണ്‌ യന്ത്രങ്ങളുടെ കുഴപ്പം.
നജീബ്‌ വിജയിച്ചു. നമ്മള്‍ ആഹ്ലാദിച്ചു. അഹ്ലാദിക്കാനാവാതെ ഒരുകൂട്ടം പേര്‍. അവരെ ഓര്‍മ്മിക്കാനായിരുന്നു ഈ കുറിപ്പ്‌, അല്ലാതെ ഏഷ്യാനെറ്റിന്റെ സാങ്കേതികതയെ കുറ്റം പറയാനായിരുന്നില്ല. അത്‌ മറ്റു പലരും പറഞ്ഞു കഴിഞ്ഞല്ലോ.

Tuesday, April 15, 2008

സിനിമാറ്റിക് ഡാന്‍സ് - നൃത്തങ്ങളുടെ ഉത്തരാധുനികത

സാംസ്‌കാരിക നായകരെന്നും ബുദ്ധിജീവികളെന്നും വിശേഷിപ്പിക്കുന്ന ഒരു വിഭാഗം യാഥാസ്‌ഥിതിക വര്‍ഗ്ഗത്തിനൊപ്പം കൂടി നിരന്തരമായ ആക്രമിച്ചുകൊണ്ടിരിക്കുന്ന ഒരു നൃത്തമാണല്ലോ സിനിമാറ്റിക് ഡാന്‍സ്. നമ്മുടെ റിയാലിറ്റി ഷോകളില്‍ വരുന്നവയില്‍ മുക്കാല്‍പ്പങ്കും അത്തരം നൃത്തങ്ങള്‍ തന്നെ. അതിന്റെ ജനസ്വീകാര്യത കൂടുതല്‍ എതിര്‍പ്പുകള്‍ക്ക് കാരണമായിട്ടുണ്ട്. സ്‌കൂളുകളിലും കോളേജുകളിലും നിരോധിച്ചതുകൊണ്ടൊന്നും ജനമനസ്സില്‍ സ്ഥാനം കിട്ടിയ ഒരു നൃത്തത്തെ നിരോധിച്ചു നിര്‍ത്താനാവില്ലെന്ന് ഈ ഷോകള്‍ തെളിയിക്കുന്നു.
സത്യത്തില്‍ അത്രയങ്ങ് എതിര്‍ക്കപ്പെടേണ്ട ഒരു നൃത്തരൂപമാണോ ഈ സിനിമാറ്റിക് ഡാന്‍സ്..? എന്താണ് അതിനെതിരെ ഉന്നയിക്കുന്ന പരാതികള്‍..? അതിന്റെ ചടുലാമായ ചലനങ്ങളും ശരീരഭാഷയും പ്രകോപനപരവും ലൈംഗീകോദ്ദീപകങ്ങളും ആണെന്നാണ് ഒരാരോപണം. എങ്കില്‍ എന്തിന് അതിനെ മാത്രം കുറ്റം പറയുന്നു... നമ്മുടെ ഭരതനാട്യത്തിന്റെയും മോഹിനിയാട്ടത്തിന്റെയും തിരുവാതിരയുടെയും ലാസ്യഭാവങ്ങള്‍ കാമോദ്ദീപകങ്ങളും പ്രകോപനപരവുമല്ലേ..? അങ്ങനെ വരുമ്പോള്‍ താളത്തിലും വേഗത്തിലും മാത്രമേ ഇവയൊക്കെ തന്നില്‍ വ്യത്യാസമുള്ളൂ എന്നുവരുന്നു. പിന്നെന്തേ സിനിമാറ്റിക് ഡാന്‍സിനു മാത്രം ഒരു വിവേചനം..?
നിങ്ങള്‍ അത്രയങ്ങ് പ്രകോപിതരാ‍വില്ലെങ്കില്‍ സിനിമാറ്റിക് ഡാന്‍സിനെ നൃത്തരൂപങ്ങളുടെ ആധുനികതയെന്നോ ഉത്തരാധുനികതയെന്നോ നമ്മുക്ക് വിശേഷിപ്പിക്കാം. ഒരു കാലത്ത് കവിതയില്‍ ബാലചന്ദ്രന്‍ ചുള്ളിക്കാ‍ടോ സച്ചിദാനന്ദനോ കൊണ്ടുവന്നതുപോലെ ഒരു അശാസ്‌ത്രീയതയുടെ സൌന്ദര്യമാണ് സിനിമാറ്റിക് ഡാന്‍സ്. വൃത്തവും ഛന്ദസുമില്ലാതെ കവിതകള്‍ രചിക്കപ്പെട്ടപ്പോള്‍ അന്നത്തെ മൌലികവാദികള്‍ അതിനെ നഖശിഖാന്തം എതിര്‍ക്കുകയും ഇതാ ഭൂമിയില്‍ സര്‍വ്വതും തകര്‍ന്നടിയാന്‍ പോകുന്നു എന്ന് വിലപിക്കുകയും ചെയ്‌തു. എന്നാല്‍ പുത്തന്‍ സൌന്ദര്യനിര്‍മ്മാണത്തിലൂടെ അവര്‍ കവിതയെ ജനപക്ഷത്ത് ആക്കിത്തീര്‍ക്കുകയാണ് ചെയ്‌തത്. അതുപോലെ നിയതമായ ചുവടുവയ്പ്പുകളും ശാസ്‌ത്രീയ വിധികളുമുള്ള നൃത്തരൂപങ്ങളുടെ പാരമ്പര്യചട്ടങ്ങളില്‍ നിന്നുള്ള വിട്ടുപോരലാണ് സിനിമാറ്റിക് ഡാന്‍സിന്റെ ഉത്തരാധുനികത! അതിന്റെ ചുവടുകള്‍ സ്വയം തീര്‍ക്കപ്പെടുന്നവയാണ്. പാരമ്പര്യവാദികള്‍ക്ക് അളന്നു തിട്ടപ്പെടുത്താവുന്നവയല്ല അതിന്റെ ചലനങ്ങള്‍. നര്‍ത്തകന്റെ ഭാവനയില്‍ വിരിയുന്ന ഏതു ചുവടുവയ്പ്പുകളും അവിടെ സ്വയം സൌന്ദര്യമായിത്തീരുകയാണ് ചെയ്യുന്നത്. അത് സ്വഭാവികമായും ജനങ്ങളെ തങ്ങളുടെ പക്ഷത്താക്കുന്നു. പാരമ്പര്യ നൃത്തശാസ്‌ത്ര വിധികളുടെ തടവില്‍ കഴിയുന്നവര്‍ എത്രയൊക്കെ എതിര്‍ത്താലും അത് സ്വയം അതിന്റെ ആസ്വാദകരെ കണ്ടെത്തുക തന്നെ ചെയ്യും. കാരണം അതിന്‌ വൈവിധ്യമുണ്ട്, ആവിഷ്കാരത്തിന്റെ വിശാലമായ സ്വാതന്ത്ര്യമുണ്ട്. ചട്ടക്കൂട്ടില്‍ നിന്നുള്ള വിടുതലുണ്ട്, സ്വയം പ്രകാശനത്തിനുള്ള അവകാശവുമുണ്ട്. ഗുരുമുഖത്തു നിന്നും കണ്ടുപഠിച്ച ചുവടുകളല്ല ഒരു സിനിമാറ്റ്ക് നര്‍ത്തകന്‍ തന്റെ കാഴ്ചക്കാരുടെ മുന്നില്‍ അവതരിപ്പിക്കുന്നത്. ഏതൊരാളുടെയും ചുവടുവയ്പ്പുകള്‍ മറ്റൊരാള്‍ക്ക് അനുകരിക്കാനുള്ള നിര്‍ബന്ധം സിനിമാറ്റിക് ഡാന്‍സിനില്ല, ആരുടെയും കണ്ടുപിടുത്തങ്ങളെ അത് ശാസ്‌ത്രമെന്ന പേരില്‍ അനന്തകാലത്തേക്കും അനുകരിക്കാന്‍ നിഷ്കര്‍ഷിക്കുന്നില്ല. താളബോധമുള്ള നൃത്തബോധമുള്ള ഓരോ മനസ്സിലും രൂപപ്പെടുന്ന ചുവടുകള്‍ സ്വയം പ്രകാശിപ്പിക്കുകയും അത് പുത്തന്‍ സൌന്ദര്യ നിര്‍മ്മിതിയ്ക്ക് കാരണമാവുകയും ചെയ്യുന്നു. എന്തെല്ലാം പോരായ്മ പറഞ്ഞാലും അനന്താമായ ആ സ്വാതന്ത്ര്യത്തിന്റെ അവകാശമാണ് എന്നെ സിനിമാറ്റിക് ഡാന്‍സിന്റെ പക്ഷക്കാരനാക്കുന്നത്.

Tuesday, February 19, 2008

അന്ന, മൃഗശാല, ജെമിനി സര്‍ക്കസ്‌

അന്ന
കോഴിക്കോട്ട്‌ നില്‌ക്കുമ്പോഴാണ്‌ ആ വാര്‍ത്ത അറിയുന്നത്‌. ഒരു പഴയ സൗഹൃദമായിരുന്നു അന്ന. ഒന്നുമുതല്‍ പ്രീഡിഗ്രി വരെ ഒന്നിച്ചുപഠിച്ചതിന്റെ വെറും പരിചയമല്ല അതിനപ്പുറവും ഉണ്ടായിരുന്ന നല്ലൊരു കൂട്ട്‌. അവളുടെ സഹോദരന്‍ സുനില്‍ എന്റെ ഏറ്റവും അടുത്ത സുഹൃത്തുക്കളില്‍ ഒരാളാണ്‌. അന്നയുടെ ഊര്‍ജ്ജസ്വലതയും തീക്ഷ്ണതയും മനസ്സിലിട്ട്‌ പണ്ടൊരു കഥ എഴുതിയിട്ടുണ്ട്‌ ഞാന്‍. 'ഒരു വിവാഹ ക്ഷണക്കത്തിനുള്ള മറുപടി' യുത്തനേസിയ എന്ന കഥാസമാഹാരത്തില്‍ അത്‌ ഉള്‍പ്പെടുത്തിയിട്ടുമുണ്ട്‌. തീക്ഷ്ണവും ക്ഷുഭിതവുമായിരുന്നു അന്നയുടെ കോളേജ്‌ ദിനങ്ങള്‍. അനന്യമായ ചിന്താപദ്ധതികള്‍ അവള്‍ക്കുണ്ടായിരുന്നു. പക്ഷേ എല്ലാം പതിയെ കൊഴിഞ്ഞില്ലാതാവുന്നു എന്ന എന്റെ തോന്നലില്‍ നിന്നാണ്‌ പണ്ട്‌ അങ്ങനെയൊരു കഥ എഴുതിയത്‌. ആ തോന്നല്‍ പിന്നത്തെ ജീവിതത്തിനിടയിലെപ്പഴോ അന്നയെയും പിടികൂടി എന്നാണ്‌ ഇപ്പോഴെനിക്ക്‌ തോന്നുന്നത്‌.
ആ വാര്‍ത്ത അറിഞ്ഞതോടെ, മുന്നാലുദിവസത്തെ പദ്ധതിയുമായി കോഴിക്കോടിനു പോയ എനിക്ക്‌ പിന്നവിടെ നില്‌പ്പുറച്ചില്ല. മാധ്യമത്തിലും മാതൃഭൂമിയിലും ഒന്ന് ഓടിക്കയറി എന്‍.പി. സജീഷിനെയും എം. ആര്‍ രാജേഷിനെയും ഒന്നു കണ്ട്‌ നേരെ നാട്ടിലേക്ക്‌ തിരികെപ്പോന്നു. അന്നയുടെ അന്ത്യയാത്രയ്ക്ക്‌ സാക്ഷിയാവാന്‍. ശവസംസ്കാര ചടങ്ങിനിടെ മറ്റൊരു സുഹൃത്ത്‌ കരഞ്ഞതുപോലെ കോളേജ്‌ കാലത്തിനുശേഷം എത്രയോവട്ടം അവളുടെ വീടിനടുത്തുകൂടി പോയിരിക്കുന്നു, ഒരിക്കല്‍പ്പോലും അവിടൊന്നു കയറി എന്തുണ്ടെടീ വിശേഷം എന്നൊന്നു ചോദിക്കാന്‍ നമുക്കൊന്നും തോന്നിയില്ലല്ലോ. സന്തോഷരായിരിക്കുന്നു എന്ന് നമ്മള്‍ കരുതുന്നവരൊക്കെ അത്ര സന്തോഷത്തിലല്ല ജീവിക്കുന്നതെന്ന് അന്ന എന്നെ ഓര്‍മ്മിപ്പിക്കുന്നു. നാളേക്ക്‌ എന്നു മാറ്റി വയ്ക്കുന്നതൊക്കെ ഒരിക്കലും സംഭവിക്കാതെ കടന്നുപോകാനാണ്‌ സാധ്യതയെന്നും.

തിരുവനന്തപുരം മൃഗശാല
വളരെ ചെറുതായിരുന്നപ്പോള്‍ ഒന്നുരണ്ടുവട്ടം മൃഗശാല സന്ദര്‍ശിച്ചതിന്റെയും ആദ്യമായ പല മൃഗങ്ങളെയും കണ്ടതിന്റെയും അദ്ഭുതം ഇന്നും മനസ്സില്‍ നിന്ന് മാഞ്ഞിട്ടില്ല. അത്തരം ഇടങ്ങളിലേക്ക്‌ ഇപ്രായത്തില്‍ വീണ്ടും ചെല്ലുമ്പോള്‍ നാം നമ്മുടെ ബാല്യത്തിലേക്കാണ്‌ ചെല്ലുന്നത്‌. ആ ബാല്യം അത്രയൊന്നും ദൂരെയല്ലാത്തപോലെ ഒരു കൗതുകം ഇപ്പോഴും മനസ്സില്‍ അവശേഷിക്കുന്നുണ്ട്‌. ഇത്തവണ പോയത്‌ എന്റെ കുട്ടികള്‍ക്കുവേണ്ടിയായിരുന്നു. അവരും ഭാവിയിലേക്ക്‌ ആ ദിവസം മനസ്സില്‍ സൂക്ഷിക്കുന്നുണ്ടാവാം.
മൃഗശാല ആകെയൊന്ന് മാറിയിട്ടുണ്ട്‌. പണ്ട്‌ കൂട്ടില്‍ക്കിടന്ന മൃഗങ്ങളില്‍ പലവയും ഇന്ന് അതിനുവേണ്ടി വേര്‍തിരിച്ചിരിക്കുന്ന തുറസ്സിടങ്ങളിലേക്ക്‌ മാറിയിരിക്കുന്നു. കുരങ്ങന്മാര്‍ക്ക്‌ മരങ്ങളും സിംഹത്തിന്‌ വനാന്തരവും മാനുകള്‍ക്കായി മൈതാനങ്ങളും സൃഷ്ടിക്കപ്പെട്ടിരിക്കുന്നു. കൂടുകളില്‍ അടയ്ക്കപ്പെട്ട വന്യജീവികള്‍ എന്ന സങ്കല്‌പം മാറ്റി അതാത്‌ ജീവികളുടെ ജീവിതപരിസരവുമായി ഇണങ്ങുന്ന ഇടങ്ങള്‍ എന്ന പാശ്ചാത്യസങ്കല്‌പത്തിലേക്ക്‌ ഏറെ വൈകിയാണെങ്കിലും നമ്മുടെ മൃഗശാലയും മാറിയിരിക്കുന്നു. അവിടുത്തെ ഒട്ടകപ്പക്ഷിയുടെ താമസസ്ഥലം ഉദ്ഘാടനം ചെയ്യാന്‍ നമ്മുടെ വിദ്യാഭ്യാസമന്ത്രി എം.എ. ബേബിയാണെത്തിയത്‌ എന്നത്‌ കൗതുകകരമായ സംഗതിയാണ്‌. തിരുവനന്തപുരം സിറ്റിയുടെ ഹൃദയഭാഗത്താണ്‌ ഈ മൃഗശാല സ്ഥിതിചെയ്യുന്നത്‌. കേരളത്തെ ഇന്ന് ഭരിക്കുന്ന ഭൂമാഫിയ വളരെ കൊതിയോടെ നോക്കിക്കൊണ്ടിരിക്കുന്ന സ്ഥലങ്ങളിലൊന്നാണിത്‌. മൃഗശാല ഏതെങ്കിലും കിഴക്കന്‍ ഭാഗത്തേക്കു മാറ്റി അവൈടെ ഷോപ്പിംഗ്‌ കോപ്ലക്സുകള്‍ പണിയണമെന്ന് അവരുടെ ദീര്‍ഘനാളത്തെ ആവശ്യമാണ്‌. എന്നാല്‍ രാഷ്ട്രീയകക്ഷികളുടെ ഇച്ഛാശക്‌തിയോടെയുള്ള പ്രതിഷേധങ്ങളാണ്‌ ഇപ്പോഴും തിരുവനന്തപുരം മൃഗശാലയെ അവിടെ നിലനിര്‍ത്തുന്നത്‌. പക്ഷേ കേരളത്തെ എമ്പാടും വിഴുങ്ങിക്കഴിഞ്ഞ ഈ ഭൂമാഫിയയുടെ വലിയ പ്രലോഭനങ്ങള്‍ക്കു മുന്നില്‍ രാഷ്ട്രീയ കക്ഷികള്‍ക്ക്‌ എത്രകാലം പിടിച്ചു നില്‌ക്കാനാവും എന്ന് സംശയമുണ്ട്‌. ഒരുപക്ഷേ നാളെയൊരിക്കല്‍ എന്റെ കുട്ടികള്‍ തിരുവനന്തപുരത്തെ ഒരു ഭക്ഷണശാലയിലിരുന്ന് കെന്റൂക്കി ചിക്കനടിക്കുമ്പോള്‍ പണ്ടിവിടെ ഒരു മൃഗശാലയുണ്ടായിരുന്നു, ഞങ്ങളവിടെ വന്നിട്ടുണ്ട്‌ എന്ന് പറയേണ്ടി വരുമോ..? അങ്ങനെ വരാതിരിക്കട്ടെ. ഈ മൃഗശാലയുടെ ഇടവഴികളിലൂടെ നടക്കുമ്പോള്‍ അവര്‍ അവരുടെ കുട്ടികളുടെ കണ്ണുകളില്‍ നിറയുന്ന ആദ്യകൗതുകം കാണാന്‍ ഇടയാവട്ടെ.

ജെമിനി സര്‍ക്കസ്‌
സര്‍ക്കസ്‌ എന്നുകേള്‍ക്കുമ്പോള്‍ രാത്രികാലങ്ങളില്‍ ആകാശത്ത്‌ കറങ്ങിത്തിരിന്‍ഞ്ഞെത്തുന്ന ഒരു നീളന്‍ പ്രകാശമാണ്‌ ആദ്യം ഓര്‍മ്മയില്‍ എത്തുന്നത്‌. പണ്ടൊക്കെ എത്ര ആകാംക്ഷയായിരുന്നെന്നോ ഈ ആകാശവെളിച്ചം കാണാന്‍. ഇരുപതു വര്‍ഷത്തിനുശേഷം വീണ്ടും ജെമിനി സര്‍ക്കസ്‌ പത്തനംതിട്ടയില്‍ പ്രദര്‍ശനത്തിനെത്തിയെന്നറിഞ്ഞപ്പോള്‍ ആ വെളിച്ചം തിരഞ്ഞ്‌ ഏറെ രാത്രികളില്‍ പുറത്ത്‌ കാത്തുനിന്നു. പക്ഷേ ഇത്തവണ സര്‍ക്കസിനൊപ്പം ആ വെളിച്ചമെത്തിയില്ല. കാലം മാറുമ്പോള്‍ പല വെളിച്ചങ്ങളും ഇതുപോലെ ഇല്ലാതാവുന്നു. ഞാന്‍ കാതോലിക്കേറ്റില്‍ പ്രിഡിഗ്രിക്ക്‌ പഠിക്കുന്ന കാലത്താണ്‌ ഇതിനുമുന്‍പ്‌ ജെമിനി സര്‍ക്കസ്‌ അതിന്റെ ലോകംചുറ്റി സഞ്ചാരത്തിനിടയില്‍ പത്തനംതിട്ടയില്‍ എത്തുന്നത്‌. ധൂമകേതുവിന്റെ പോലെയുള്ള ആ വരവ്‌ ഇത്തവണത്തെ എന്റെ അവധിയുമായി ഒത്തുവന്നു. പ്രീഡിഗ്രിക്കാലത്ത്‌ ഒന്നും രണ്ടും തവണയല്ല ഏഴുതവണയാണ്‌ ഞാന്‍ ജെമിനി സര്‍ക്കസ്‌ കണ്ടത്‌. സര്‍ക്കസിനോടുള്ള അമിത താത്‌പര്യമായിരുന്നില്ല, അതിലെ സുന്ദരിയായ ഒരു ആര്‍ട്ടിസ്റ്റിനെ വീണ്ടുംവീണ്ടും കാണാനുള്ള ഒരു കൗമാരക്കാരന്റെ ആഗ്രഹമായിരുന്നു അത്‌. ഇരുപതുവര്‍ഷം മുന്‍പുണ്ടായിരുന്ന ഒരു കഥാപാത്രം ഇപ്പോഴും നിശ്ചലമായി നില്‌ക്കുന്നു എന്ന മിഥ്യാവിചാരമാണോ എന്നെ ജെമിനി സര്‍ക്കസിന്റെ ടെന്റിലേക്ക്‌ നയിച്ചതെന്നു തോന്നുന്നു. സമാനമായ ഒരു സംഭവം എം. കൃഷ്ണന്‍ നായര്‍ സാഹിത്യവാരഫലത്തില്‍ ഒരിക്കല്‍ പറഞ്ഞത്‌ ഓര്‍ക്കുന്നു. അദ്ദേഹം ഒരു കാറില്‍ യാത്ര ചെയ്യുകയാണ്‌. പെട്ടെന്ന് ഒരു വളവനുവച്ച്‌ അതിസുന്ദരിയായ ഒരു സ്‌ത്രീ പ്രത്യക്ഷപ്പെട്ടു. ഒരുനിമിഷം മാത്രം ആ സൗന്ദര്യം കണ്ടാസ്വദിച്ച്‌ അദ്ദേഹം യാത്ര തുടര്‍ന്നു. പിന്നീട്‌ എപ്പോള്‍ ആ വഴി വന്നാലും ആ വളവിനെത്തുമ്പോള്‍ ആ സുന്ദരിയായ സ്‌ത്രീ പ്രത്യക്ഷപ്പെടുമെന്ന് അദ്ദേഹം ആശിക്കുന്നു. തനിക്കിഷ്ടപ്പെട്ട കാലത്തെ നിശ്ചലമാക്കി നിര്‍ത്താനുള്ള മനസ്സിന്റെ ഒരു പാഴ്‌ശ്രമം. ജെമിനി സര്‍ക്കസിന്റെ ടെന്റുകള്‍ക്ക്‌ ഇപ്പോള്‍ പണ്ടുകണ്ട നിറമില്ല, ആകര്‍ഷണീയതയില്ല. സ്വപ്നത്തിലെ ടെന്റ്‌ സൗന്ദര്യത്തിന്റെ കൂടാരമായിരുന്നു ഇന്നത്‌ റാര്‍പാളിന്റെയും തകരപ്പാട്ടയുടെയും താത്‌കാലിക നിര്‍മ്മതി. സര്‍ക്കസില്‍ ഇപ്പോള്‍ പഴയതുപോലെ മൃഗങ്ങളില്ല. ആന, കുതിര ഒട്ടകം, നായ തീര്‍ന്നു. പണ്ട്‌ സിംഹത്തിന്റെയും കരടിയുടെയും പുലിയുടെയും രൂക്ഷഗന്ധം സര്‍ക്കസിന്റെ സന്തതസഹചാരിയായിരുന്നു. പ്രതാപം അസ്‌തമിക്കുന്നതുപോലെ തോന്നിച്ച ആ കൂടാരത്തില്‍ തീര്‍ച്ചയായും പണ്ടുകണ്ട ആ പെണ്‍കുട്ടിയുമില്ല. അഥവാ ഉണ്ടെങ്കില്‍ത്തന്നെ എന്റെ സങ്കല്‌പങ്ങള്‍ക്ക്‌ തിരിച്ചറിയാനാവാത്തവണ്ണം അവള്‍ മാറിപ്പോയിരിക്കും. പകരം പുതിയ പെണ്‍കുട്ടികള്‍ വന്നിരിക്കുന്നു. പുതിയ ഐറ്റങ്ങള്‍ അവതരിപ്പിച്ചുകൊണ്ട്‌ ടെന്റില്‍ നിറഞ്ഞു നിന്ന അവരാരും എന്റെ സൗന്ദര്യബോധത്തെ വന്നുതൊട്ടതേയില്ല. എന്റെ കണ്ണില്‍ നിറഞ്ഞതത്രയും അവരുടെ കവിളില്‍ തേച്ച ചായങ്ങളാണ്‌. പ്രായം ചെന്ന മനസ്സ്‌ ചില സൗന്ദര്യങ്ങള്‍ക്കു മേല്‍ ഉറച്ചുപോയിരിക്കുന്നു. അതിനെ ഇനി ഇളക്കണമെങ്കില്‍ അതിനെ കവച്ചുവയ്ക്കുന്ന സൗന്ദര്യങ്ങള്‍ അവതരിക്കേണ്ടിയിരിക്കുന്നു. ഇനി ഒരിക്കല്‍ അവരെ നേരില്‍ക്കണ്ടാല്‍ ഇവരെയാണോ ഞാനിത്ര ആരാധിച്ചിരുന്നത്‌ എന്നു തോന്നിയേക്കാം. അതുവേണ്ട ഞാനെന്റെ സൗന്ദര്യസങ്കല്‌പങ്ങളുടെ പഴയ കൂടാരത്തിലേക്ക്‌ മടങ്ങിപ്പോകുന്നു.

Thursday, February 14, 2008

യാത്രകള്‍ ഓര്‍മ്മകള്‍ ആത്മാനുഭവങ്ങള്‍

യാത്രകള്‍

കഴിഞ്ഞ നീണ്ട പ്രവാസവര്‍ഷങ്ങളിലൊക്കെ അവധിയ്ക്കു ചെല്ലുമ്പോള്‍ കാറുമായി എയര്‍പോര്‍ട്ടില്‍ വരാറുണ്ടായിരുന്നത്‌ അച്ചാച്ചനായിരുന്നു. ഇത്തവണ ചെല്ലുന്നു എന്നു പറഞ്ഞപ്പോള്‍ എനിക്കു വയ്യ എന്നു പറഞ്ഞു. നീണ്ടയാത്രകള്‍ ചെയ്യാനാവാത്തവിധം പ്രിയപ്പെട്ടവര്‍ക്ക്‌ പ്രായമാകുന്നു എന്ന് ആ വയ്യാഴ്‌കപറച്ചില്‍ എന്നെ ഓര്‍മ്മിപ്പിച്ചു. പ്രിയപ്പെട്ടവര്‍ക്കു മാത്രമല്ല എനിക്കും. നീണ്ട പതിനഞ്ചു വര്‍ഷങ്ങളാണ്‌ പ്രവാസഭൂമിയില്‍ പിന്നിട്ടുകഴിഞ്ഞത്‌. ഇന്നലത്തെപ്പോലെ അത്ര അടുത്ത്‌. മറ്റുപലരെയും പോലെ ഈ പ്രവാസം എന്നെ അത്രയ്ക്കൊന്നും മടുപ്പിച്ചിട്ടില്ല എന്നത്‌ ഒരു സമസ്യയാവാം. വായന, എഴുത്ത്‌, സാഹിത്യപ്രവര്‍ത്തനങ്ങള്‍, നല്ല സൗഹൃദങ്ങള്‍ - നാട്ടില്‍ ആയിരുന്നെങ്കില്‍ ഉണ്ടാകുമായിരുന്നതിനേക്കാള്‍ കൂടുതല്‍ ഊര്‍ജ്ജം ഇക്കാര്യങ്ങളിലൂടെ എനിക്ക്‌ നേടാനായിട്ടുണ്ടെന്ന് തോന്നുന്നു.
നമ്മള്‍ നിരന്തരം നമ്മളെത്തന്നെ കണ്ടിരിക്കുന്നതിനാല്‍ പ്രായമേറുന്നത്‌ അറിയുന്നതേയില്ല. മറ്റുള്ളവരുടെ മുഖത്തെ ചുളിവും കറുപ്പും കഷണ്ടിയും കിതപ്പുകളുമാണ്‌ നമ്മെ നമ്മുടെ പ്രായം ഓര്‍മ്മിപ്പിക്കുന്നത്‌. പോരുമ്പോള്‍ നിക്കറിടാതെ നടന്ന കുട്ടികളൊക്കെ തലപൊക്കി നോക്കേണ്ട പരുവത്തിലേക്ക്‌ നീണ്ടുവളര്‍ന്നിരിക്കുന്നു. കഴിഞ്ഞതവണ ചെന്നപ്പോള്‍ കൈപിടിച്ചിരുത്തി സ്നേഹാന്വേഷണങ്ങള്‍ ആരാഞ്ഞവരില്‍ പലരും ഇനിയൊരിക്കലും മടങ്ങി വരാത്ത ലോകത്തിലേക്ക്‌ അപ്രത്യക്ഷരായിരിക്കുന്നു. ഒരു തലമുറ കൊഴിഞ്ഞുപോകുന്നത്‌ നാം നമ്മുടെ കണ്‍മുന്നില്‍ കാണുന്നു. അടുത്ത ഊഴം നമുക്കാണല്ലോ എന്ന് ഉള്ളിലൊരു കൊള്ളിയാന്‍ മിന്നുന്നു.
വിമാനമിറങ്ങി വീട്ടിലേക്കുള്ള നൂറു കിലോമീറ്റര്‍ യാത്രയില്‍ നാടിന്റെ അവസ്ഥ ഏതാണ്ട്‌ നമുക്ക്‌ പ്രത്യക്ഷപ്പെടുന്നു. പാതിവഴിക്ക്‌ മലേഷ്യയിലെ പതിബെല്‍ കമ്പനി ഉപേക്ഷിച്ചുപോയ എം.സി. റോഡിലൂടെയുള്ള ആ യാത്ര സ്വര്‍ഗ്ഗത്തിലൂടെയും നരകത്തിലൂടെയും മാറിമാറിയുള്ള ഒരു യാത്രയായിരുന്നു. പിന്നെ നാട്ടില്‍ അങ്ങോളമിങ്ങോളം പല യാത്രകള്‍ നടത്തിയതില്‍ നിന്ന് മനസ്സിലായത്‌, പത്രങ്ങളും രാഷ്ട്രീയക്കാരും പറയുന്നതുപോലെ കേരളത്തിലെ എല്ലാ റോഡുകളും അത്ര മോശമല്ല എന്നാണ്‌. ചിലറോഡുകള്‍ ഇന്നും നശിക്കാതെ കിടക്കുന്നുണ്ട്‌. അവയെല്ലാംതന്നെ മേല്‍പ്പറഞ്ഞ പതിബെല്‍ പണിഞ്ഞതാണെന്ന് അറിയുമ്പോള്‍ ആഗോളവത്‌കരണ വിരുദ്ധനായ എനിക്കൊരു വൈക്ലബ്യം. എന്നാലും സത്യത്തിന്റെ നേര്‍ക്ക്‌ കണ്ണടയ്‌ക്കാനാവില്ലല്ലോ.കോടതിയുടെ ഇടപെടല്‍ മൂലം റോഡുകള്‍ അടിയന്തരമായി റിപ്പയര്‍ ചെയ്യുന്ന കാലംകൂടിയായിരുന്നു അത്‌. ഈയം പൂശുന്നത്ര കനത്തിലാണ്‌ കുഴികള്‍ മാത്രം അവശേഷിച്ച റോഡുകളില്‍ നമ്മുടെ നാട്ടുപണിക്കാര്‍ ടാറൊഴിക്കുന്നത്‌. അതൊക്കെ ഞാന്‍ തിരികെ പോരുന്നതിനു മുന്‍പേ ഇളകിത്തുടങ്ങിയിരുന്നു. നാടിന്റെ പണം ഒഴുകിപ്പോകുന്ന വഴികള്‍...
മതവും രാഷ്ട്രീയവും തമ്മില്‍ വലിയ സംവാദങ്ങള്‍ നടക്കുന്ന ഒരു കാലം കൂടിയായിരുന്നു അത്‌. പക്ഷേ അതിന്‌ മുന്‍കാലങ്ങളില്‍ എഴുപതുകളിലോ എണ്‍പതുകളിലോ ഉണ്ടായിരുന്ന പ്രസക്‌തി ഉണ്ടെന്ന് എനിക്ക്‌ തോന്നിയില്ല. മതവും രാഷ്ട്രീയവും അത്രയ്ക്ക്‌ ഇഴപിരിഞ്ഞു കിടക്കുന്ന ഒരു സമൂഹമാണ്‌ നമ്മുടേത്‌. രണ്ടും പ്രാമാണിക സ്ഥാനം ആവശ്യപ്പെടുന്നു എന്നു മാത്രം. മതത്തെ വളര്‍ത്താനും പരിപോഷിപ്പിക്കാനും എല്ലാ സര്‍ക്കാര്‍ സംവിധാനങ്ങളും ഒരുക്കിക്കൊടുത്തുകൊണ്ട്‌ സ്യൂഡോസംവാദങ്ങള്‍ ഒരുക്കുന്നതിന്റെ കാപട്യമാണ്‌ നാം കാണുന്നത്‌. രാവിലെ കേരളത്തിലെ നല്ലൊരു ശതമാനം സര്‍ക്കാര്‍ ബസ്സുകളും ഓടുന്നത്‌ ഏതെങ്കിലും പള്ളിയുടെയോ അമ്പലത്തിന്റെയോ മുറ്റത്തേക്കാവും. തിരുവല്ല വരെ ഉണ്ടായിരുന്ന എല്ലാ ബസ്സുകളും ഇന്ന് ചക്കുളത്തുകാവ്‌ വരെ പോകും. മാന്നാര്‍ വരെയുണ്ടായിരുന്നവ പരുമലപ്പള്ളി വരേക്കും. കൊട്ടാരക്കയില്‍ ഒരു ബസ്‌ അതിന്റെ യാത്ര അവസാനിപ്പിക്കുന്നില്ല അത്‌ ഭഗവതി ക്ഷേത്രം വരെപ്പോകും. ചാലക്കുടി വരെയല്ല പോട്ടവരെ. അങ്ങനെ കേരളത്തിലുടനീളം. അതിലൊക്കെ യാത്രക്കാരുണ്ടായിട്ടാണ്‌ അവ പോകുന്നത്‌. മതത്തിനെ ആവശ്യമുള്ളവര്‍ ഇന്ന് വല്ലാതെ വര്‍ദ്ധിച്ചിരിക്കുന്നു. അതുകൊണ്ടുതന്നെ അതിന്റെ മേധാവികള്‍ പ്രാമാണികവും ആവശ്യപ്പെടുന്നു. മറ്റൊരു രസകരമായ ചിന്ത ഈ യാത്രകള്‍ക്കിടയില്‍ എനിക്കുണ്ടായി. ഗള്‍ഫുനാടുകളിലെ റോഡുകളില്‍ ഏറ്റവും അധികം പരിഗണന കൊടുക്കുന്നത്‌ ഏതുതരം വാഹനങ്ങള്‍ക്കാണ്‌..? ആംബുലന്‍സ്‌, ഫയര്‍ സര്‍വ്വീസ്‌, പോലീസ്‌. ഇവ മൂന്നിന്റെയും കാര്യം കഴിഞ്ഞിട്ടേയുള്ളു ബാക്കി എന്തും. എന്നാല്‍ കേരളത്തിലെ കാര്യം എന്താണ്‌..? അവിടെ ഏറ്റവും പ്രാമുഖ്യം ആംബുലന്‍സിനും ഫയറിനും ഒന്നുമല്ല ജാഥകള്‍ക്കാണെന്നാണ്‌ എനിക്കു തോന്നിയ കാര്യം. ഗതാഗതം മുഴുവന്‍ മണിക്കൂറുകളോളം സ്‌തംഭിപ്പിച്ച്‌ പോലീസിന്റെ അകമ്പടിയോടെ ഏറ്റവും സുരക്ഷിതമായി ഏറ്റവും സംരക്ഷിക്കപ്പെട്ട്‌ നടത്തുന്ന ജാഥകള്‍! അതു മുറിച്ചു കടക്കാന്‍ ഇന്ന് കേരളക്കരയില്‍ ഒരു ജീവിക്കും ധൈര്യമില്ല. അങ്ങനെ ശ്രമിക്കുന്നവന്റെ നടു ചവുട്ടിയൊടിക്കുന്ന കാഴ്ച നാം കണ്ടതാണല്ലോ. ജാഥകള്‍ നീണാള്‍ വാഴട്ടെ, മതരാഷ്ട്രീയ സംവാദം അന്യൂന്യം തുടരട്ടെ...

പുസ്‌തകപ്രദര്‍ശനം... പ്രകാശനം...
ഡി.സി. ബുക്സ്‌ തിരുവനന്തപുരത്തും ദര്‍ശന കോട്ടയത്തും നടത്തിയ പുസ്‌തകമേളകളില്‍ പങ്കെടുക്കാന്‍ ഇത്തവണ കഴിഞ്ഞു. തിരക്കുകാരണം രണ്ടിടത്തും നേരേചൊവ്വേ പുസ്‌തകങ്ങള്‍ കാണാനോ തിരഞ്ഞെടുക്കാനോ കഴിഞ്ഞില്ല. കോടിക്കണക്കിന്‌ രൂപയുടെ പുസ്‌തകങ്ങളാണ്‌ ഓരോ പുസ്‌തകമേളകളിലും വിറ്റുപോകുന്നത്‌ എന്നാണറിഞ്ഞത്‌. എന്നിട്ടും നമ്മുടെ വായനമാത്രം പുരോഗമിക്കുന്നില്ല. വായനയെ സംബന്ധിച്ച എന്റെ ഒരു പരികല്‌പന പുസ്‌തകങ്ങളുടെ ഒറ്റവായനകള്‍ നിരവധി നടക്കുന്നുണ്ട്‌ എന്നാല്‍ പുസ്‌തകത്തെ വിവിധ തലങ്ങളില്‍ നിന്ന് വായിക്കാനും നോക്കിക്കാണാനും നിരീക്ഷിക്കാനുമുള്ള നമ്മുടെ കൗതുകം അസ്‌തമിച്ചിരിക്കുന്നു എന്നാണ്‌. അങ്ങനെ ഒരു പുസ്‌തകത്തിന്റെ പല വായനകള്‍ ഉണ്ടാകുമ്പോഴാണ്‌ ആ പുസ്‌തകം നന്നായി വായിക്കപ്പെട്ടു എന്ന് വിലയിരുത്തേണ്ടത്‌. അങ്ങനെയാണ്‌ നമ്മുടെ വായനകള്‍ അസ്‌തമിച്ചുകൊണ്ടിരിക്കുന്നു എന്ന് വിലയിരുത്തേണ്ടത്‌.
മൂന്ന് പുസ്‌തകപ്രകാശനച്ചടങ്ങുകളില്‍ പങ്കെടുക്കാനും ഇത്തവണ അവസരം ഉണ്ടായി. ചെങ്ങന്നൂരില്‍ നടന്ന ഒരു ചടങ്ങില്‍ വച്ച്‌ യുവ എഴുത്തുകാരന്‍ റെജിയുടെ 'കോള്‍മീ' എന്ന പുസ്‌തകം പ്രകാശനം ചെയ്‌തത്‌ പ്രിയപ്പെട്ട കവി കടമ്മനിട്ട രാമകൃഷ്ണനാണ്‌. തന്റെ ആദ്യപുസ്‌തകം സ്വീകരിക്കുവാനായി റെജി കണ്ടെത്തിയത്‌ തനിക്ക്‌ ആദ്യാക്ഷരം പഠിപ്പിച്ചുകൊടുത്ത 'ആശാട്ടി' യെ ആയിരുന്നു എന്നത്‌ ഏറ്റവും വലിയ ഗുരുപ്രണാമമായി മാറി. സാഹിത്യത്തിന്റെ വിവിധ തുറകളിലുള്ളവരെ പരിചയപ്പെടാം എന്നതാണ്‌ ഇത്തരം ചടങ്ങുകളുടെ പ്രത്യേകത. ഏറെക്കാലമായി പരിചയമുണ്ടായിരുന്ന കവി കെ. രാജഗോപാലിനെയും കഥാകൃത്ത്‌ സുരേഷ്‌ ഐക്കരയെയും ഇവിടെവച്ച്‌ ആദ്യമായി കാണാന്‍ കഴിഞ്ഞു.
അടുത്തത്‌ കൊടുങ്ങല്ലൂരില്‍ വച്ച്‌ നടന്ന വിപുലമായ ഒരു ചടങ്ങായിരുന്നു. പി. സുരേന്ദ്രന്റെ 'ചെ' എന്ന രാഷ്ട്രീയ കഥാസമാഹാരത്തിന്റെ പ്രകാശനം. സാറാ ജോസഫ്‌, കമല്‍, സി. ആര്‍. നീലകണ്ഠന്‍, വി.പി. നമ്പൂതിരി, ആസാദ്‌, എന്‍.എം. പിയേഴ്‌സണ്‍, അങ്ങനെ നിരവധി പേര്‍. ഗൗരവമേറിയ ചര്‍ച്ചകള്‍. സംവാദങ്ങള്‍. വിശകലനങ്ങള്‍.
അതിലും വിപുലമായ ഒരു വേദിയായിരുന്നു കോട്ടയത്ത്‌ ഉണ്ടായിരുന്നത്‌. റെയ്‌ന്‍ബോ ബുക്സ്‌ പ്രസിദ്ധീകരിച്ച 11 പുസ്‌തകങ്ങളുടെ പ്രകാശനമാണ്‌ അവിടെ നടന്നത്‌. പ്രമുഖ തമിഴ്‌ നോവലിസ്റ്റ്‌ തോപ്പില്‍ മുഹമ്മദ്‌ ബീരാനായിരുന്നുമുഖ്യാതിഥി. സി. ആര്‍. ഓമനക്കുട്ടന്‍, വി.സി. ഹാരിസ്‌, പി.കെ. രാജശേഖരന്‍, രാധിക നായര്‍, ശാരദക്കുട്ടി അങ്ങനെ നിരവധിപേര്‍. ഇച്ചടങ്ങില്‍ വച്ച്‌ നമ്മുടെ ബൂലോകത്തിന്‌ പ്രിയപ്പെട്ട കുറുമാന്റെ 'എന്റെ യൂറോപ്പ്‌ സ്വപ്നങ്ങള്‍' എന്ന പുസ്‌തകം ഒരിക്കല്‍ക്കൂടി പ്രകാശനം ചെയ്യുകയുണ്ടായി.(അത്തരമൊരു ചടങ്ങ്‌ മുന്‍പ്‌ നടന്നു എന്നാണെന്റെ ഓര്‍മ്മ) എന്നുമാത്രമല്ല അവിടെ പി.കെ. രാജശേഖരന്‍ ഈ പുസ്‌തകത്തെക്കുറിച്ചും ബൂലോക എഴുത്തിനെക്കുറിച്ചും വിശദമായി സംസാരിക്കുകയുണ്ടായി. ബുലോക എഴുത്തുകാര്‍ക്ക്‌ അഭിമാനിക്കാവുന്ന ഒരു നിമിഷം.
ഈ ചടങ്ങുകളിലെല്ലാം വൃദ്ധന്മാരുടെയും തലനരച്ചവരുടെയും നിറഞ്ഞ സാന്നിദ്ധ്യമാണ്‌ എന്നെ ആശങ്കപ്പെടുത്തിയത്‌. അല്ലെങ്കില്‍ യുവജനതയുടെ അഭാവമാണ്‌ ആകുലപ്പെടുത്തിയത്‌. ഒരുകാലത്ത്‌ സാഹിത്യത്തെ നെഞ്ചോടു ചേര്‍ത്തുപിടിച്ചുനടന്നിരുന്നത്‌ കാമ്പസ്‌ തലമുറയായിരുന്നു. അവരായിരുന്നു സാഹിത്യത്തിന്റെ ഊര്‍ജ്ജം. സംവാദങ്ങളിലെ ശക്‌തി. വിവാദങ്ങളിലെ ഉഷ്ണം. യുവജനങ്ങളെ ഇന്ന് സാഹിത്യസംബന്ധിയായ ചടുങ്ങുകളില്‍ ഇന്ന് കാണാന്‍ കിട്ടുക ഗള്‍ഫിലാണെന്ന് ഞാനൊരു വേദിയില്‍ പറയുക കൂടി ചെയ്‌തു. ആ കൊഴിഞ്ഞുപോക്കിന്‌ രണ്ടു കാരണങ്ങള്‍ ഉണ്ടാകാം. ഒന്ന് നമ്മുടെ കാമ്പസുകളെ റിയാലിറ്റി ഷോകള്‍ തട്ടിക്കൊണ്ടുപോയത്‌ രണ്ട്‌, ഇരുപതു കടന്ന യുവാക്കളൊന്നും നാട്ടിലില്ല അവര്‍ അന്യദേശങ്ങളിലാണുള്ളത്‌ എന്ന സത്യം. റിയാലിറ്റിഷോകള്‍ അപഹരിച്ച നമ്മുടെ കാമ്പസിനെ സാഹിത്യം തിരിച്ചുപിടിക്കുന്ന ഒരു കാലത്തിനായി ആശിക്കാം.

എഴുത്തിന്റെ നാട്ടിലൂടെ ഒരു ത്രികോണയാത്ര
ത്രിശൂര്‍ - ഇടപ്പാള്‍ - കൊടുങ്ങല്ലൂര്‍ - ത്രിശൂര്‍ - ഇടപ്പാള്‍ ഇങ്ങനെയൊരു വിചിത്രമായ യാത്ര നടത്തേണ്ടിവന്നു അതിനിടെ. ബസ്‌യാത്രയിലെ ഏറ്റവും വലിയ കൗതുകം സ്ഥലപ്പേരുകള്‍ വായിക്കുകയാണ്‌. ഈ യാത്രയില്‍ ഞാന്‍ കണ്ട മിക്ക സ്ഥലപ്പേരുകളും എന്നെ ഓരോ സാഹിത്യകാരന്മാരെയും ഓര്‍മ്മിപ്പിച്ചു. അല്ലെങ്കില്‍ സാഹിത്യത്തിന്റെ ആ പുഷ്‌കലഭൂമിയിലെ ഓരോ ഗ്രാമത്തിലും ഓരോ എഴുത്തുകാരന്‍ ഉണ്ടെന്നാതാണ്‌ സത്യം. മേച്ചേരി, പെരുമ്പിലാവ്‌, കുണ്ടംകുളം, തൃപ്രയാര്‍, ഗുരുവായൂര്‍, വലപ്പാട്‌, മമ്മീയൂര്‍, ഒരുമനയൂര്‍ ഓര്‍ക്കുന്ന വളരെക്കുറച്ച്‌ പേരുകളാണത്‌. ആ സ്ഥലങ്ങള്‍ പരിചയമുള്ളവര്‍ക്ക്‌ കൂടുതല്‍ ഗ്രാമങ്ങളുടെ അവിടുത്തെ എഴുത്തുകാരുടെ പേരുകള്‍ ഓര്‍ക്കാന്‍ കഴിഞ്ഞേക്കാം. ആ ഗ്രാമങ്ങളിലൂടെ കടന്നുപോകുമ്പോള്‍ അപരിചിതത്വമല്ല സ്വന്തം ദേശത്തുകൂടി കടന്നുപോകുന്ന ഒരു പരിചയവും അടുപ്പവുമാണ്‌ തോന്നിയത്‌. അതാണ്‌ സാഹിത്യബന്ധങ്ങളുടെ തീവ്രത.

(തുടരും..)

Saturday, January 19, 2008

ബഷീര്‍ - അന്ധന്മാര്‍ കണ്ട ആന

‍അന്ധന്മാര്‍ ആനയെ കണ്ടതുപോലെയാണ്‌ മലയാളികള്‍ ബഷീറിനെ വായിച്ചത്‌. ചിലര്‍ക്കതിന്റെ തുമ്പിക്കൈ മാത്രമാണ്‌ കാണാന്‍ കഴിഞ്ഞത്‌ ചിലര്‍ക്ക്‌ കാലുമാത്രം ചിലര്‍ക്ക്‌ ശരീരം മാത്രം. ചിലര്‍ കൊമ്പുകണ്ട്‌ പേടിച്ചു. ചിലര്‍ ലിംഗം കണ്ട്‌ അശ്ലീലജന്തു എന്ന് കുറ്റപ്പെടുത്തി. നമ്മുടെ കാഴ്ചയുടെ മാത്രം പ്രശ്നമായിരുന്നില്ല അത്‌. ബഷീര്‍ എന്ന ആനയുടെ വലുപ്പത്തിന്റെ ഒരുപ്രശ്നംകൂടി അതില്‍ അടങ്ങിയിട്ടുണ്ട്‌. ആ ആനയെ മൊത്തത്തില്‍ തൊട്ടുപരിശോധിക്കാന്‍ നമുക്ക്‌ ആവുമായിരുന്നില്ല. അത്‌ നമ്മുടെ എക്കാലത്തെയും പരിമിതി ആയിരുന്നു. ബഷീറിന്റെ രചനകളിലൂടെ കടന്നുപോയിട്ടുള്ള ഏതൊരാളും അദ്ഭുതപ്പെടുക എങ്ങനെ ഈ കൃതിയില്‍ ഇത്രയും ആഴം നിറഞ്ഞ ലാളിത്യം കൈവന്നു എന്നാവാം..? ജീവിതത്തെ എങ്ങനെ ഒരു മനുഷ്യന്‌ ഇത്ര നിസ്സാരമായി കാണാന്‍ കഴിഞ്ഞു എന്നാവാം..? ജീവിതത്തെ അതിന്റെ പൊങ്ങച്ചങ്ങളെ അതിന്റെ അല്‌പത്തരങ്ങളെ അതിന്റെ കാപട്യത്തെ ഇത്ര തുറന്ന് വിമര്‍ശിക്കുവാന്‍ കഴിഞ്ഞു എന്നാവാം..? അതിന്റെ പിന്നിലെ ഊര്‍ജ്ജസ്രോതസ്‌ കടുത്ത ജീവിതാനുഭവങ്ങള്‍ നേടിക്കൊടുത്ത നിര്‍മ്മമതയും പ്രാപഞ്ചിക വീക്ഷണവും തന്നെയായിരുന്നു എന്നു തോന്നുന്നു. സൂഫിസത്തിലൂടെ കടന്നുപോയതിന്റെ ഒരു വലിയ അനുഭവം ബഷീറിനുണ്ട്‌. മിസ്റ്റിസത്തിന്റെ ആ തലങ്ങളില്‍ ചെന്നെത്തിനോക്കിയിട്ടുള്ള എഴുത്തുകാര്‍ മലയളത്തില്‍ വേറെയില്ലതന്നെ. ഹിമാലയന്‍ സാനുക്കളിലെ ഏറ്റവും ഉള്‍മടക്കുകളില്‍പ്പോലും കടന്നുചെന്ന് ബഷീര്‍ സൂഫിവര്യന്മാരുടെ നിര്‍മ്മമത കണ്ടുശീലിച്ചിട്ടുണ്ട്‌. ബഷീറിന്റെ പലവഴികളില്‍ ഒന്നുമാത്രമായിരുന്നു സൂഫിസം. സ്വാതന്ത്ര്യസമരത്തിലൊക്കെ പങ്കെടുത്തിട്ടുള്ള ഒരാള്‍ എങ്ങനെയാവും പില്‌ക്കാലജിവിതം പിന്നിടുക എന്ന് നമുക്ക്‌ ചില സങ്കല്‌പങ്ങള്‍ ഒക്കെ കാണും. എന്നാല്‍ അതിനെ കൃത്യമായി അട്ടിമറിച്ച വ്യക്‌തിയണ്‌ ബഷീര്‍. ബഷീര്‍ ഗുസ്‌തിക്കാരനായിരുന്നു, ഹോട്ടല്‍ ജോലിക്കാരനായിരുന്നു, കൈനോട്ടക്കാരനായിരുന്നു. പുസ്തകകച്ചവടക്കാരനായിരുന്നു. സൂഫിയായിരുന്നു. ഒരു മുഴുത്ത ഭ്രാന്തനായിരുന്നു. പിന്നെയും ആരൊക്കെയോ ആയിരുന്നു. ഇത്രയും വലിയ അനുഭവ പശ്ചാത്തലത്തിലൂടെ കടന്നുപോയിട്ടുള്ള എത്ര എഴുത്തുകാര്‍ നമുക്കുണ്ട്‌..? ഈ അനുഭവങ്ങളില്‍ വളരെക്കുറച്ചു മാത്രമാണ്‌ ബഷീര്‍ തന്റെ കഥകളിലൂടെ പ്രകാശിപ്പിച്ചിട്ടൊള്ളൂ. രചനകളിലൂടെ അറിയപ്പെട്ട ബഷീര്‍ ആനയാണെങ്കില്‍ അറിയപ്പെടാത്ത ബഷീര്‍ ഹിമാലയമാണെന്ന് പറയേണ്ടിവരും. വാന്‍ഗോഗിനെപ്പോലെ തന്റെ ഭ്രാന്തിനെ സര്‍ഗ്ഗാത്മകതയായി പരിവര്‍ത്തനം ചെയ്‌ത അല്ലെങ്കില്‍ അങ്ങനെ ചെയ്യാന്‍ കഴിഞ്ഞ അപൂര്‍വ്വം വ്യക്‌തികളില്‍ ഒരാള്‍. ബഷീറിനെ പലരും ചിത്രീകരിച്ചിരിക്കുന്നത്‌ മാവിന്‍ ചുവട്ടിലിരിന്ന് സോജാരാജകുമാരി കേള്‍ക്കുന്ന ഒരു വൃദ്ധനായിട്ടാണ്‌. പക്ഷേ ബഷീറിന്‌ വായനയുടെ ഒരു വലിയ പശ്ചത്തലമുണ്ടായിരുന്നു എന്ന് പലര്‍ക്കും അറിഞ്ഞുകൂടാ. 'മക്കയിലേക്കുള്ള പാത' എന്ന വിശ്വവിഖ്യാതമായ കൃതി എഴുതിയ മുഹമ്മദ്‌ അസദിനെ മലയാളിക്ക്‌ ആദ്യമായി പരിചയപ്പെടുത്തിയത്‌ ബഷീറാണ്‌. പേര്‍ഷ്യന്‍ മിസ്റ്റിക്‌ കവി അത്തറിനെപ്പറ്റിയും മലയാളിക്ക്‌ പറഞ്ഞുകൊടുത്തത്‌ ബഷീര്‍ തന്നെ. 1915- ല്‍ നോബല്‍ സമ്മാനം നേടിയ റൊമേയ്‌ന്‍ റോളണ്ടിന്റെ 'ജീന്‍ ക്രിസ്‌റ്റോഫ്‌' എന്ന കൃതി എത്രയോ വര്‍ഷം മുന്‍പ്‌ ബഷീര്‍ വായിക്കുകയും ജീവിതത്തില്‍ ഏതൊരാളും വായിച്ചിരിക്കേണ്ട കൃതി എന്ന് നിര്‍ദ്ദേശിക്കുകയും ചെയ്‌തിരിക്കുന്നു. മലയളിയുടെ വായന ഇത്രയൊക്കെ വളന്നിട്ടും ഇന്നും എത്ര പേര്‍ക്ക്‌ ആ കൃതിയെപ്പറ്റി അറിയാം എന്നിടത്താണ്‌ നാം അന്നത്തെ ബഷീറിന്റ വായനയെ തിരിച്ചറിയേണ്ടത്‌. അനുഭവങ്ങളുടെയും വായനയുടെയും രണ്ട്‌ മുഖ്യധാരകളാണ്‌ ബഷീറിന്റെ രചനകളെയും പ്രാപഞ്ചിക വീക്ഷണത്തെയും പരുവപ്പെടുത്തിയത്‌ എന്നാണ്‌ എന്റെ വിശ്വാസം. അങ്ങനെയൊരാള്‍ക്ക്‌ ഇത്ര പരിഹാസിയായിരിക്കാന്‍ കഴിയൂ. അങ്ങനെയൊരാള്‍ക്കേ ഈ പ്രപഞ്ചം എന്റെ മാത്രം മനുഷ്യന്റെ മാത്രം സ്വന്തമല്ല അത്‌ പാമ്പിന്റെയും പല്ലിയുടെയും കീരിയുടെയും പുഴുവിന്റെയും കൂടി സ്വന്തമാണെന്ന് ഒരു കഥയെഴുതി പ്രഖ്യാപിക്കാന്‍ കഴിയൂ. ഒന്നും ഒന്നും ചെര്‍ന്നാല്‍ രണ്ടല്ല ഇമ്മിണി വലിയ ഒന്നാണ്‌ കിട്ടുക എന്നൊരു തത്വജ്ഞാനം പ്രകടിപ്പിക്കാനാകൂ.വിവര്‍ത്തനത്തില്‍ നഷ്ടപ്പെടുന്നതെന്തോ അതാണ്‌ കവിത എന്നുപറഞ്ഞതുപോലെ വിവര്‍ത്തനത്തില്‍ നഷ്ടപ്പെടുന്നതായിരുന്നു ബഷീറിന്റെ ഭാഷയും. അതായിരുന്നു ആ ഭാഷയുടെ കരുത്ത്‌. മുസ്ലീം എഴുത്തുകാരനായും മലബാറിന്റെ എഴുത്തുകാരനായും ബഷീറിനെ ചിത്രീകരിച്ചവര്‍ ആ ഭാഷയുടെ കരുത്ത്‌ കാണാതിരുന്നവര്‍ ആയിരുന്നിരിക്കില്ല.കാണാന്‍ മടിച്ചവരായിരിക്കണം. അങ്ങനെ ബഷീറിനെ എതിര്‍ത്തവര്‍ ഒക്കെ ചരിത്രത്തിന്റെ ഇരുളില്‍ ചെന്നുപതിക്കുമ്പോള്‍ ബഷീര്‍ എന്ന കഥയുടെ സൂഫി വര്യന്‍ പുതിയപുതിയ വായനാജന്മങ്ങള്‍ പിന്നിടുന്നത്‌ നാം കാണുന്നു. ഇങ്ങനെയല്ലാതെ പിന്നെങ്ങനെയാണ്‌ ഒരെഴുത്തുകാരന്‍ ജീവിച്ചിരിക്കേണ്ടത്‌. വൈക്കം മുഹമ്മദ്‌ ബഷീര്‍ എന്ന അനന്യനായ എഴുത്തുകാരന്റെ ജന്മശതാബ്ദി ആഘോഷിക്കുന്ന ഈ വേളയില്‍ ബഷീറിനെക്കുറിച്ചുള്ള എന്റെ കാഴ്ചകള്‍ പല അന്ധന്മാരില്‍ ഒരാളുടെ കാഴ്ച മാത്രമേ ആകുന്നൊള്ളൂ. നിങ്ങള്‍കൂടി കാണുകയും അതേപ്പറ്റി വിവരിക്കുകയും ചെയ്‌തു കഴിയുമ്പോഴേ ആ ആനയെക്കുറിച്ചുള്ള കാഴ്ച പൂര്‍ണ്ണമാവുകയൊള്ളൂ. അതിനായി കാത്തിരിക്കുന്നു.