Sunday, October 07, 2007

മോഹന്‍ലാലിന്റെ ഓഷ്യാനസ്‌ ഗുരു മമ്മൂട്ടിക്കൊരു ചെക്കുലീഫ്‌.

നമ്മുടെ ദൈനംദിന ജീവിതത്തില്‍ നാമറിയാതെ നമ്മുടെ സമയം അപഹരിക്കുന്നതും നമ്മെ സ്വാധീനിക്കുന്നതുമായ ഒരു കലാസൃഷ്ടിയാണല്ലോ പരസ്യങ്ങള്‍. പണ്ടത്തെ പരസ്യങ്ങള്‍ വെറും അറിയിപ്പുകള്‍ ആയിരുന്നെങ്കില്‍ ഇന്നത്‌ ക്യാപ്‌സൂള്‍സിനിമകളായി മാറിയിട്ടുണ്ട്‌. പണ്ടൊക്കെ പരസ്യവേളകള്‍ ഓടിച്ചുവിടാനും (വി.സി.ആറില്‍) അടുത്ത ചാനലിലേക്ക്‌ ചാടാനും അടുക്കളപ്പണിയിലേക്ക്‌ ഓടാനുമുള്ള വേളകളായിരുന്നെങ്കില്‍ ഇന്ന് പരസ്യങ്ങള്‍ കാണാന്‍ വേണ്ടിമാത്രം പരിപാടികള്‍ കാണുന്ന ഒരു പ്രേക്ഷകസമൂഹം ഉണ്ടായിവന്നിട്ടുണ്ട്‌. അത്‌ പരസ്യത്തിന്റെ സ്വീകാര്യതയാണ്‌ വെളിപ്പെടുത്തുന്നത്‌.
പ്രേക്ഷകനുമായി വെറുതെ സംവേദിക്കുക മാത്രമല്ല ഓരോ പരസ്യവും അവന്റെ മനസ്സില്‍ ആഴത്തില്‍ പതിഞ്ഞു കിടക്കുകയും ചെയ്യുന്നു. ഒരു ഉദാഹരണം തരാം. ഒരു മിനിറ്റു ദൈര്‍ഘ്യത്തില്‍ നിര്‍മ്മിക്കപ്പെടുന്ന ഒരു ഫുള്‍എപ്പിസോഡ്‌ പരസ്യം. ആദ്യത്തെ ഒരാഴ്ചക്കാലത്തേക്കു മാത്രമാവും അത്‌ പൂര്‍ണ്ണമായും പ്രദര്‍ശിപ്പിക്കുക. അടുത്ത ആഴ്ച മുതല്‍ പരസ്യം പകുതിയാകുന്നു. വിട്ടുപോയ പകുതി പൂരിപ്പിക്കുന്നത്‌ പ്രേക്ഷകന്റെ മനസ്സാണ്‌. രണ്ടാഴ്ച കഴിഞ്ഞാല്‍ ക്യാപ്½ഷന്‍ മാത്രം മതി. അതൊരു ഫുള്‍ പരസ്യത്തിന്റെ ഗുണം ചെയ്യും. അപ്പോഴേക്കും പരസ്യം പൂര്‍ണ്ണമായും നമ്മുടെ മനസ്സില്‍ പതിഞ്ഞു കഴിഞ്ഞു. അതുകൊണ്ടാണ്‌ 'ദീദി ഉഗ്രന്‍ നാലു ചേച്ചിമാര്‍ കൂടുതലാ' എന്ന ഒറ്റവാചകം ഒരു മുഴുനീള പരസ്യത്തിന്‌ പകരം വയ്ക്കാന്‍ കഴിയുന്നത്‌. അത്ര ആഴത്തിലാണ്‌ ഓരോ പരസ്യവും നമ്മുടെ മനസ്സില്‍ പതിഞ്ഞുപോകുന്നത്‌.
ഇങ്ങനെ ജനങ്ങളുടെ ഇടയില്‍ വല്ലാത്ത സ്വാധീനമുള്ള ഒരിടത്തേക്കാണ്‌ നമ്മുടെ രണ്ട്‌ സൂപ്പര്‍ താരങ്ങള്‍ അവരുടെ മത്സരം ദീര്‍ഘിപ്പിച്ചുകൊണ്ട്‌ ഇറങ്ങി വന്നിരിക്കുന്നത്‌. ബോളിവുഡിലെ പല താരങ്ങളും പരസ്യത്തിനിറങ്ങിയിട്ടും പരസ്യത്തിന്റെ മേഖല മുന്‍പ്‌ ഇരുവര്‍ക്കും വര്‍ജ്യമായിരുന്നു. അത്‌ മലയാളിയുടെ സ്വതസിദ്ധമായ മൂല്യബോധം എന്ന ഈഗോ. എന്നാല്‍ അവര്‍ വളരെ വേഗം അതിന്റെ സാധ്യത കണ്ടെത്തി. അധികകാലം പണത്തിന്റെ വ്യാമോഹങ്ങള്‍ക്കു മുന്നില്‍ പിടിച്ചുനില്‌ക്കാന്‍ ഇവര്‍ക്കായില്ല. മോഹന്‍ലാലാണ്‌ തുടങ്ങിയത്‌. അദ്ദേഹം തുടങ്ങിയത്‌ മമ്മൂട്ടി തുടരാതെ നിര്‍വ്വഹമില്ലല്ലോ. പിന്നെ ഒരു തവണ വ്യഭിചാരത്തിനിറങ്ങിയ ചാരിത്ര്യവതിയുടെ അവസ്ഥയിലായി രണ്ടുപേരും. ഏപ്പംതോപ്പം പരസ്യാഭിനയമായി. അത്‌ അവര്‍ തമ്മിലുള്ള മത്സരത്തിന്റെ ഭാഗം. അതിന്റെ അവസാന എപ്പിസോഡാണ്‌ നാമിപ്പോള്‍ കണ്ടുകൊണ്ടിരിക്കുന്നത്‌.
സെലിബ്രിറ്റികള്‍ പരസ്യത്തില്‍ അഭിനയിക്കുന്നതില്‍ ആര്‍ക്കെങ്കിലും വിരോധം കാണും എന്ന് തോന്നുന്നില്ല. അമിതാബച്ചന്‍ മുതല്‍ ശ്രീനിവാസനും മമ്മൂക്കോയയും വരെ ഓരോ പരസ്യങ്ങളില്‍ വന്നുപോകുന്നു. അമിതാബച്ചന്റെ മിസ്‌ പാലംപൂരും റാണിമുഖര്‍ജിയുടെ 'താങ്കൂ' വും നല്ല രീതിയില്‍ നിര്‍മ്മിച്ചിട്ടുള്ള പരസ്യങ്ങളാണ്‌. മീസാന്‍ സ്വര്‍ണ്ണത്തിന്റെ പരസ്യത്തിന്‌ ശ്രീനിവാസനായാലും മതി എന്നു പറയുന്ന ശ്രീനിവാസന്‍ പരസ്യത്തിലുമുണ്ട്‌ ഒരു ധൈഷണീകത.
മോഹന്‍ലാലിന്റെ പങ്കജകസ്‌തൂരിയും മമ്മൂട്ടിയുടെ കല്യാണും ആര്‍ക്കും പരാതിയില്ലാതെ കാണാവുന്ന പരസ്യങ്ങളാണ്‌. അതേ സമയം അടുത്തിടെ ഇറങ്ങിയ രണ്ടു പരസ്യങ്ങളുണ്ട്‌. രണ്ട്‌ താരങ്ങളുടെ സ്യൂഡോ ഇമേജ്‌ സൃഷ്ടിക്കാനായി നിര്‍മ്മിച്ചതെന്ന് സംശയിക്കാവുന്ന രണ്ട്‌ പരസ്യങ്ങള്‍. മോഹന്‍ലാലിന്റെ ഓഷ്യാനസ്‌. മമ്മൂട്ടിയുടെ സൗത്ത്‌ ഇന്ത്യന്‍ ബാങ്ക്‌. സിനിമയില്‍ ഇവര്‍ തമ്മില്‍ ഒരു മത്സരമുള്ളതുപോലെ പരസ്യത്തിലും ഇവര്‍ മത്സരം തുടങ്ങിയോ എന്നുതോന്നിപ്പോകും ഈ പരസ്യങ്ങള്‍ കണ്ടാല്‍.
പരസ്യത്തിന്റെ നിര്‍മ്മാണത്തില്‍ ഇവര്‍ക്ക്‌ പങ്കാളിത്തമൊന്നുമില്ലല്ലോ, പിന്നെങ്ങനെയാണ്‌ ഈ പരസ്യങ്ങളുടെ പേരില്‍ ഈ നടന്മാര്‍ വിമര്‍ശനം അര്‍ഹിക്കുന്നത്‌ എന്നൊരു ചോദ്യം ഉയര്‍ന്നുവരാന്‍ സാധ്യതയുണ്ട്‌. അങ്ങനെയാണെങ്കില്‍ സിനിമകളെക്കുറിച്ചും അതുതന്നെ പറയാം. പക്ഷേ സത്യത്തില്‍ സംഗതികളുടെ കിടപ്പ്‌ അങ്ങനെയാവാന്‍ തരമില്ല. പ്രത്യേകിച്ച്‌ ഈ രണ്ടു പരസ്യങ്ങള്‍ കൃത്യമായി പഠിക്കുന്നവര്‍ക്ക്‌. ഈ പരസ്യത്തിന്റെ നിര്‍മ്മാണത്തില്‍ ഈ നടന്മാരുടെ ഈഗോ കൈയ്യൊപ്പു പതിച്ചിരിക്കുന്നതായി നമുക്ക്‌ കൃത്യമായി കണ്ടെത്താന്‍ കഴിയും, ഇവരുടെ പല സിനിമകളിലും എങ്ങനെ ഇവരുടെ വികൃതമായ കൈയ്യൊപ്പു പതിയുന്നുവോ അതുപോലെ (അഭിനയത്തെയോ കഴിവിനെയോ അല്ല ഇവിടെ പരാമര്‍ശിക്കുന്നത്‌ എന്നു പറഞ്ഞുകൊള്ളട്ടെ - അതിനു പുറത്തുള്ള ഈഗോകളി, താരകളി. സൂപ്പര്‍ താരകളി)
മോഹന്‍ലാല്‍ തന്റെ അഭിനയത്തിലെ ആദ്യഗുരുവിന്‌ സമര്‍പ്പിക്കുന്ന ഫ്ലാറ്റാണ്‌ ഓഷ്യാനസ്‌ പരസ്യത്തിന്റെ വിഷയം. ഇതിനോടകം എല്ലാ വായനക്കാരുടെയും ഉള്ളില്‍ അത്‌ നന്നായി പതിഞ്ഞുകാണും എന്നതുകൊണ്ട്‌ അധികം വിശദീകരണം ആവശ്യമില്ലല്ലോ. ജീവിതത്തിലെ മോഹന്‍ലാല്‍ തന്നെയാണ്‌ പരസ്യത്തിലെ മോഹന്‍ലാല്‍ എന്നതിന്‌ സൂചനയൊന്നുമില്ല. എന്നാല്‍ ഓര്‍മ്മകള്‍, അഭിനയത്തിന്റെ ആദ്യാക്ഷരങ്ങള്‍, എന്റെ ഗുരു നാഥന്‍ എന്നൊക്കെയുള്ള വാക്കുകളിലൂടെ അതിന്റെ പ്രതീതി സൃഷ്ടിക്കുന്നുമുണ്ട്‌. സ്വന്തം ഗുരുവിനെ പഴഞ്ചന്‍ വീട്ടില്‍ നിന്നും നഗരത്തിലെ പുത്തന്‍ ഫ്ലാറ്റിലെത്തിക്കുന്നതിലൂടെ മോഹന്‍ലാല്‍ സ്വയം മഹാനും മഹാനുഭാവനുമാണെന്ന് ജനങ്ങളുടെ മുന്നില്‍ ഒരു തെറ്റായ സന്ദേശമെത്തിക്കുന്നു. ചില സിനിമകളില്‍ ധീരനും ശൂരനും പരാക്രമിയുമായ ഒരു മോഹന്‍ലാലിനെ സൃഷ്ടിക്കുന്നതുപോലെയുള്ള ഒരു സ്യൂഡോ ഇമേജ്‌ സൃഷ്ടിക്കാനാണ്‌ ഈ പരസ്യത്തിലൂടെ മോഹന്‍ലാല്‍ ശ്രമിക്കുന്നത്‌. ഒരു ഫ്ലാറ്റിന്റെ പരസ്യത്തിന്‌ മറ്റ്‌ സര്‍ഗ്ഗാത്മകമായ വഴികള്‍ ഒന്നും കിട്ടിയില്ലേ എന്നാലോചിക്കുന്നിടത്താണ്‌ മനപൂര്‍വ്വം സൃഷ്ടിച്ച ഒരു പരസ്യമാണിതെന്ന വിചാരം ഉണ്ടാകുന്നത്‌.
ഉടനെ വന്നു മമ്മൂട്ടിയുടെ പരസ്യം. മോഹന്‍ലാലിന്റെ ഒരു പടം വന്നാല്‍ ഉടനെ അതേ ഗണത്തിലുള്ള ഒരു മമ്മൂട്ടിപ്പടം വരുന്നതുപോലെ, മോഹലാലിന്റെ രാവണന്‍ വന്നാല്‍ മമ്മൂട്ടിയുടെ രാക്ഷസന്‍ വരുന്നതുപോലെ, ബദലുക്കു ബദല്‍ ഒരു പരസ്യം. നമ്മുടെ സംശയം ബലപ്പെടാന്‍ മറ്റൊരു കാരണം.
മോഹന്‍ലാലിന്റെ ഗുരുവിനോടുള്ള മഹാനുഭാവത്തിന്‌ ബദലായി ഇവിടെ മമ്മൂട്ടി പാവങ്ങള്‍ക്കുവേണ്ടി രണ്ടുലക്ഷം രൂപയുടെ ചെക്കു കൊടുക്കുന്നതാണ്‌ കാണിക്കുന്നത്‌. ഈ പരസ്യത്തിലാവട്ടെ, മമ്മൂട്ടി വെറും പരസ്യനടനല്ല, പകരം യഥാര്‍ത്ഥ മമ്മൂട്ടി തന്നെയാണ്‌. പരസ്യത്തിലെ പെണ്‍കുട്ടി അത്‌ പറയുന്നുമുണ്ട്‌.
മോഹന്‍ലാല്‍ ഗുരുവിന്‌ ഫ്ലാറ്റുകൊടുക്കുന്നതായി കാണിച്ച്‌ മഹാനാവുന്നെങ്കില്‍ ഞാനിതാ രണ്ടുലക്ഷം പാവങ്ങള്‍ക്ക്‌ വിതരണം ചെയ്‌തുകൊണ്ട്‌ മഹാനാവുന്നു എന്നാണ്‌ മമ്മൂട്ടിയുടെ ഭാവം.
ഇങ്ങനെയൊന്നും പൊങ്ങച്ചം കാണിച്ച്‌ മഹാന്മാരാവേണ്ട രണ്ടു നടന്മാരല്ല ഇവര്‍ രണ്ടുപേരും. അവര്‍ക്ക്‌ നമ്മുടെ ഒക്കെ ജീവിതത്തില്‍ ഒരു സ്ഥാനം തന്നെ നാം പതിച്ചുകൊടുത്തിട്ടുണ്ട്‌. നമ്മുടെ അഭിമാനമാണവര്‍. പക്ഷേ അവരുടെ ഈഗോകള്‍ തൃപ്‌തിപ്പെടുന്നില്ലെന്നുവേണം ഇതൊക്കെ കാണുമ്പോള്‍ കരുതാന്‍.
സ്വന്തം കരുത്തും ബലവും തിരിച്ചറിയാതെ ഊതിവീര്‍പ്പിച്ച ഈഗോയുമായി നടക്കുന്ന രണ്ടു നടന്മാര്‍ മലയാളത്തിലേ കാണൂ. അവരെ പൊക്കിനടക്കാന്‍ നമ്മള്‍ മലയാളികളേ കാണൂ.

Tuesday, October 02, 2007

ഒരു നോവലിനൊപ്പം നിങ്ങള്‍ എത്രനാള്‍ ജീവിക്കും..? മൂന്നു കുറിപ്പുകള്‍

1. ഒരു നോവലിനൊപ്പം നിങ്ങള്‍ എത്രനാള്‍ ജീവിക്കും..?
ഒരു നോവല്‍ വായിക്കാന്‍ തുടങ്ങുന്നതോടെ നമ്മള്‍ ഒരു പുതിയ ലോകത്തിലേക്ക്‌ പ്രവേശിക്കുകയാണ്‌. ഒരു പക്ഷേ നമുക്ക്‌ കുറച്ചൊക്കെ പരിചിതമായ ഒരിടമാകാം അത്‌ അല്ലെങ്കില്‍ തീരെ പരിചിതമല്ലാത്ത ഒരിടം. യൂറോപ്പിലെ ഒരു പ്രാന്തപ്രദേശമാകാം അത്‌, ലാറ്റിനമേരിക്കയിലെ വാഴത്തോട്ടങ്ങള്‍ നിറഞ്ഞ ഒരു ഗ്രാമമാകാം, ഹൈറേഞ്ചിലെ ഒരു മഴക്കാലമാകാം, ആഫ്രിക്കയിലെ ഒരു മരുപ്രദേശമാകാം, റഷ്യയിലെ ഒരു മഞ്ഞുകാലമാകാം തിരുവിതാംകൂറിലെ ഒരു ഗ്രാമവുമാകാം. എന്തായാലും നമ്മുടെ ഇന്നുകളില്‍ നിന്നും വായനയിലൂടെ നാമൊരു യാത്രപോകുന്നുണ്ട്‌. അങ്ങനെ കൊണ്ടുപോകാന്‍ ഒരു നോവലിന്‌ കഴിയുക തന്നെവേണം. പിന്നെ നമ്മള്‍ ആ കാലാവസ്ഥയില്‍ അതിലെ കഥാപാത്രങ്ങള്‍ക്കൊപ്പം അവരുടെ വേദനകള്‍ പങ്കുവച്ച്‌, അവരുടെ ആവലാതികള്‍ തിന്ന്, അവരുടെ സന്തോഷങ്ങളില്‍ പങ്കുചേര്‍ന്ന്, അവരുടെ ഒളിഭോഗങ്ങള്‍ ആസ്വദിച്ച്‌ ആ കഥാപാത്രങ്ങളോടൊപ്പം ജീവിക്കുകയാണ്‌. ചിലപ്പോള്‍ ആ കഥാപാത്രങ്ങളായിത്തന്നെ ജീവിക്കുകയാണ്‌. നോവല്‍ വായിച്ചു കഴിയുന്നതോടെ മാത്രമേ പിന്നെ നാം ആ ജീവിതങ്ങളില്‍ നിന്ന് പുറത്തു കടക്കുന്നുള്ളൂ. പതിയെ വായിക്കുക ആസ്വദിച്ചു വായിക്കുക വളരെക്കാലമെടുത്തു വായിക്കുക എന്നത്‌ എന്റെ ശീലമാവുന്നത്‌, കുറേ ഏറെക്കാലം സ്വന്തം ജീവിതത്തിന്റെ വെളിയില്‍ സ്വന്തം സാധാരണകളുടെ വെളിയില്‍ ജീവിക്കാമല്ലോ എന്ന ആര്‍ത്തികൊണ്ടാണ്‌. ഒരു നല്ല നോവലിന്റെ വായന ഒരു ദീര്‍ഘയാത്രപോലെ ഒത്തിരി അനുഭവങ്ങള്‍ തരുന്ന ഒന്നാണ്‌. പല ഇടങ്ങളിലേക്കു മാത്രമല്ല. പല കാലങ്ങളിലേക്കുകൂടിയാണ്‌ ഒരു നോവല്‍ നമ്മെ കൂടിക്കൊണ്ടു പോകുന്നത്‌. ഒന്നാം നൂറ്റാണ്ടിലെ ക്രിസ്‌തുവിലേക്കും പതിനാറാം നൂറ്റാണ്ടിലെ ഇസ്‌താംബൂളിലേക്കും പതിനെട്ടാം നൂറ്റാണ്ടിലെ സൈബീരയിലേക്കും നാം നോവലുകളിലൂടെ ചെന്നെത്തുന്നുണ്ട്‌. നോവല്‍ വായനയ്ക്കൊടുവില്‍ നാം തിരിച്ച്‌ നമ്മുടെ സ്വന്തം വാസസ്ഥലത്ത്‌ എത്തിക്കഴിഞ്ഞാല്‍ അവശേഷിക്കുന്ന ചോദ്യം ഇതാണ്‌ - ആ നോവല്‍ എത്രനാള്‍ നമുക്കൊപ്പം ജീവിക്കും? ഒരു ദിവസം? ഒരാഴ്‌ച? ഒരു മാസം..? മക്കൊണ്ടയും ഖസാക്കും ഒന്നും ഒരുകാലത്തും നമ്മുടെ ജീവിതത്തില്‍ നിന്ന് ഒഴിഞ്ഞുപോകാത്തത്‌ എന്തുകൊണ്ടാകും..?!!

2. പന്തില്ലാതെ ഒരു ഫുട്ട്ബോള്‍ കളി
കേരളത്തിലെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടെയും പോഷകസംഘടനകള്‍ വിവിധ ഗള്‍ഫ്‌ രാജ്യങ്ങളിലുണ്ട്‌. മാതൃദേശത്താവട്ടെ അധിവസിക്കുന്ന മേഖലയിലാവട്ടെ യാതൊരു സ്വാധീനവും ചെലുത്താനാവാത്ത യാതൊരു ചലനവും രേഖപ്പെടുത്താത്ത ഈ സംഘടനകളുടെ രാഷ്ട്രീയ പ്രവര്‍ത്തനത്തെ പന്തില്ലാത്ത ഫുട്ട്ബോളുകളിയോട്‌ ഉപമിക്കാനാണ്‌ എനിക്കു തോന്നുന്നത്‌. ജനങ്ങളില്‍ പ്രത്യക്ഷമായോ പരോക്ഷമായോ ഏതെങ്കിലും വിധത്തിലുള്ള പ്രയോജനങ്ങള്‍ എത്തിക്കാന്‍ കഴിയാത്ത ഈ രാഷ്ട്രീയ പ്രവര്‍ത്തനത്തെ മറ്റ്‌ എന്തു കളിയോടാണ്‌ ഉപമിക്കാന്‍ കഴിയുക? ഓര്‍ക്കാന്‍ വല്ലാത്ത കൗതുകകരമായ ഒരു കളിയാണത്‌. ഇടതുപോസ്റ്റില്‍ നിന്ന് ഗോളി പന്ത്‌ നീട്ടിയടിച്ചു കൊടുക്കുന്നു. ഒരുത്തന്‍ അത്‌ ഹെഡ്‌ ചെയ്‌ത്‌ കൂട്ടാളിക്ക്‌ കൈമാറുന്നു. അവന്‍ പന്തുമായി എതിര്‍ പോസ്റ്റിലേക്ക്‌ പായുന്നു. എതിര്‍ ടീമിലൊരുത്തന്‍ അവനെ ബ്ലോക്കു ചെയ്യുന്നു. മറ്റൊരുത്തന്‍ കുതികാല്‍ വച്ച്‌ അവനെ വീഴ്‌ത്താന്‍ ശ്രമിക്കുന്നു. എല്ലാവരെയും വെട്ടിച്ച്‌ ഒടുവില്‍ ഗോളടിക്കുന്നു. ഗോളടിച്ചവന്‍ ആര്‍ത്തട്ടഹസിക്കുന്നു. സംഘാംഗങ്ങള്‍ കെട്ടിപ്പിടിച്ച്‌ ആഹ്ലാദം പങ്കുവയ്ക്കുന്നു. മേല്‍വിവരിച്ച എല്ലാ കായിക പ്രവര്‍ത്തനങ്ങളും ഇവിടുത്തെ രാഷ്ട്രീയത്തിനുമുണ്ട്‌. പക്ഷേ യഥാര്‍ത്ഥത്തില്‍ ഉണ്ടാവേണ്ട പന്തു മാത്രം കാലിലില്ലെന്നു മാത്രം. പിന്നെ ഈ നീട്ടിടയിയ്ക്കും ഹെഡു ചെയ്‌ത്തിനും ഓട്ടത്തിനും ബ്ലോക്കിനും കുതികാല്‍ വയ്പ്പിനും എന്തു പ്രസക്‌തി എന്നു മാത്രം ചോദിക്കരുത്‌. സങ്കല്‌പത്തില്‍ പന്തുകളിക്കാനും അതിന്റെ പേരില്‍ വീമ്പുപറയാനുമാണ്‌ ഗള്‍ഫ്‌ രാഷ്ട്രീയത്തിന്‌ ഇഷ്ടം. ഇതാണ്‌ ശരിയായ ഉത്തരാധുനിക രാഷ്ട്രീയം. കുറേക്കൂടി സമകാലികമായി പറഞ്ഞാല്‍ വെര്‍ച്വല്‍ രാഷ്ട്രീയം.

3. എഴുതാന്‍ കഴിയാത്ത ഉപമകള്‍
ഒഴിഞ്ഞ ബക്കറ്റില്‍ വെള്ളം വീഴുമ്പോള്‍ എന്തൊരു മുഴക്കമാണതിന്‌ എന്നു തുടങ്ങുന്ന ഒരു കഥ എഴുതണമെന്ന് ഞാന്‍ എപ്പോഴും വിചാരിക്കാറുണ്ട്‌. പക്ഷേ ഒരിക്കലും കഴിഞ്ഞിട്ടില്ല തന്നെ. ഇനിയെന്നെങ്കിലും കഴിയുമോ എന്നും സംശയം. കാരണം അങ്ങനെയൊരു വാചകത്തെ കഥയോടു കൂട്ടിയിണക്കാന്‍ പാകത്തില്‍ ഒരു കഥാസന്ദര്‍ഭം എനിക്കൊരിക്കലും ഒരുക്കിയെടുക്കാന്‍ സാധിച്ചിട്ടില്ല. അങ്ങനെ എത്രയെത്ര ഉപമകള്‍ മിന്നല്‍പോലെ ജ്വലിക്കുന്ന കഥാസന്ദര്‍ഭങ്ങള്‍ മഴയത്ത്‌ ഒറ്റയടിപാത താണ്ടിപ്പോകുന്ന കഥാപാത്രങ്ങള്‍. ഒരിക്കലും വാചകങ്ങളായി തര്‍ജ്ജിമ ചെയ്യപ്പെടാത്ത എത്രയധികം സങ്കല്‌പങ്ങള്‍ ഓരോ കഥാകാരന്റെയും ഉള്ളില്‍ തളംകെട്ടിക്കിടപ്പുണ്ടാവും. ചിന്തകളെയും സ്വപ്നങ്ങളെയും വാക്കുകളായി പരിവര്‍ത്തനം ചെയ്യാന്‍ സൗഭാഗ്യം ലഭിച്ച എഴുത്തുകാരെ നമുക്ക്‌ മറക്കാം. തങ്ങളുടെ ഉള്ളില്‍ തളം കെട്ടിക്കിടക്കുന്ന ചിന്തകള്‍ സ്വപ്നങ്ങള്‍ ലോകങ്ങള്‍ എങ്ങനെ ലോകത്തിനെ അറിയിക്കും എന്നറിയാതെ ആകുലപ്പെടുന്ന മനുഷ്യരുടെ കാര്യമാണ്‌ സങ്കടകരം. ഏതൊരു എഴുത്തുകാരനെക്കാളും തീക്ഷ്‌ണമായ ചിന്തകളും കഥകളും ഓരോ സാധാരണക്കാരെയും ഉള്ളില്‍ ഉറങ്ങുന്നുണ്ടാവാം. കൃത്യമായ വാക്കുകളും വരികളും വര്‍ണ്ണങ്ങളും വീണുകിട്ടിയിരുന്നെങ്കില്‍ എത്രയൊക്കെ വിചിത്രവും മനോഹരവുമായ ലോകം നമുക്ക്‌ തുറുന്നു കിട്ടുമായിരുന്നു. എഴുതാന്‍ കഴിയാതെ പോയതിനെ ഓര്‍ത്ത്‌ ഖേദിക്കുന്നതിനെക്കള്‍ എഴുതാന്‍ കഴിഞ്ഞ ഇത്തിരിയോര്‍ത്ത്‌ സന്തോഷിക്കുന്നതാണ്‌ നല്ലതെന്നും എഴുത്ത്‌ വിണുകിട്ടിയ ഒരു പുണ്യമാണെന്നും ആലോചിക്കുന്നത്‌ അപ്പോഴാണ്‌.