Sunday, November 05, 2006

നിങ്ങള്‍ കണ്ടുവോ ആ ഏകാധിപതിയുടെ വീഴ്‌ച..?

കണ്ടിരിക്കും. അറിഞ്ഞിരിക്കും. എന്നാല്‍ ചിലര്‍ അത്ര ശ്രദ്ധിച്ചിരിക്കില്ല. പ്രധാനമന്ത്രി വന്നപ്പോള്‍ നടന്ന പുകിലൊക്കെ അറിഞ്ഞല്ലോ. അതിനിടെയാണ്‌ ഇതു സംഭവിച്ചത്‌. ടി വിദ്വാന്‍ കേരളപ്പിറവിയുടെ അന്‍പതാം വാര്‍ഷികാഘോഷത്തിനു വന്നതായിരുന്നു. പക്ഷേ പതിവുപോലെ അല്‌പം വൈകിപ്പോയി എത്തിച്ചേരാന്‍. എല്ലയിടത്തുമെന്നപോലെ താന്‍ വരാതെ പരിപാടികളൊന്നും തുടങ്ങില്ലെന്നു വിചാരിച്ചു കാണും. എത്തിയപ്പോഴല്ലേ അറിയുന്നത്‌. പരിപാടി തുടങ്ങിക്കഴിഞ്ഞിരുന്നു. അപ്പോഴാണ്‌ ആ അനിവര്യമായ വീഴ്‌ച സംഭവിക്കുന്നത്‌. പറഞ്ഞുവരുന്നത്‌ ആരെപ്പറ്റിയാണെന്ന് നിങ്ങള്‍ക്ക്‌ മനസ്സിലായിക്കാണുമല്ലോ. അതേ സാക്ഷാല്‍ കെ. കരുണാകരന്‍ എന്ന രാഷ്ട്രീയ ഭീഷ്‌മാചാര്യനെക്കുറിച്ചു തന്നെ. പരിപാടി നടന്നുകൊണ്ടിരിക്കുന്ന സ്ഥലത്തേക്ക്‌ ടി ആചാര്യനെ കടത്തിവിട്ടില്ല എന്നു മാത്രമല്ല, നിഷ്‌കരുണം ഗേറ്റ്‌ വലിച്ചടച്ചു കളയുകയും ചെയ്‌തു. അതുചെയ്‌ത പോലീസുകാരന്‍ അപ്പോള്‍ ഓര്‍ത്തിരിക്കില്ല, താന്‍ ഒരു ചരിത്രസംഭവത്തിനാണ്‌ മുഹൂര്‍ത്തം കുറിക്കുന്നതെന്ന്!!
കഴിഞ്ഞ 30 വര്‍ഷത്തിനിടയില്‍ ഒരിക്കല്‍പ്പോലും ഒരു പോലീസുകാരനും ചെയ്യാന്‍ അറയ്‌ക്കുന്ന ഒരു കാര്യമാണ്‌ ആ പോലീസുകാരന്‍ അന്നേരം നിര്‍വ്വഹിച്ചത്‌. കാരണം കേരളത്തിലെ ഏതൊരു പോലീസിനും എക്കാലത്തും കരുണാകരനെ ഭയമായിരുന്നു എന്നതാണ്‌ സത്യം. ഭരിക്കുന്നത്‌ ഏതു മുന്നണി ആയിരുന്നാലും അതായിരുന്നു സ്ഥിതി. സ്വന്തം മുന്നണി ഭരിക്കുന്ന ഏതുകാലത്തും കരുണാകരന്‌ പോലീസില്‍ മറ്റാര്‍ക്കുമില്ലാത്തത്ര ആജ്ഞാശക്‌തിയുണ്ടായിരുന്നു. അത്‌ ലംഘിക്കുന്നവന്റെ സ്ഥിതി കേരളത്തിലെ ഏതൊരു പോലീസിനും അറിയാം. ഇനി അഥവാ ഇടതു മുന്നണിയാണ്‌ ഭരിക്കുന്നതെങ്കിലും ഒരു പോലീസുകാരനും കരുണാകരനെതിരെ ചൂണ്ടുവിരല്‍ പൊക്കാന്‍ ധൈര്യപ്പെടില്ലായിരുന്നു. നാളെ ഒരിക്കല്‍ ഇയാള്‍ ഭരണത്തിലെത്തും എന്ന ഭീതിയായിരുന്നു അതിനു കാരണം. അങ്ങനെയെങ്കില്‍ കരുണാകരന്‍ ആദ്യം 'പൊക്കുന്നത്‌' ആ ചൂണ്ടുവിരല്‍ പൊക്കിയവനെയാവും. അതുതന്നെയാണ്‌ കഴിഞ്ഞ 30 വര്‍ഷക്കാലം കരുണാകരനു കിട്ടിയ അപ്രമാദിത്യസ്ഥാനത്തിനു കാരണവും. അക്കാലത്തിനിടെയില്‍ ഒരിക്കലും കരുണാകരന്‍ എവിടെയും തിരസ്‌കരിക്കപ്പെട്ടിട്ടില്ല. പ്രത്യേകിച്ച്‌ പോലിസിനാല്‍.
ഇന്നൊരാള്‍ അതിനു മുതിര്‍ന്നിരിക്കുന്നു. ആ രാഷ്‌ട്രീയ കുലപതിയ്ക്കുമുന്നില്‍ വാതില്‍ നിഷ്‌കരുണം കൊട്ടിയടച്ചിരിക്കുന്നു. 'നീ ആരാണ്‌ നിന്നെ ഞാന്‍ അറിയുന്നില്ല' എന്നു പറഞ്ഞിരിക്കുന്നു.
തികഞ്ഞ ആത്മവിശ്വാസത്തിലാവും അന്നേരം അയാളത്‌ ചെയ്‌തിരിക്കുക. ഒരു സാധാരണ കേരളീയന്റെ സര്‍വ്വ ആത്മാഭിമാനത്തോടെയും. ഇനി ഒരിക്കലും തങ്ങളുടെ മേല്‍ അധികാരത്തിന്റെ ചിറകുവിരിക്കാന്‍ ഈ വൃദ്ധനുണ്ടാവില്ല എന്ന ഉത്തമ ബോധ്യമായിരിക്കണം അയാളെക്കൊണ്ട്‌ അത്‌ ചെയ്യിച്ചത്‌. ഒരു ജനത അതിന്റെ വെറുക്കപ്പെട്ട നേതാവിനുകൊടുക്കാവുന്ന ഏറ്റവും വലിയ തിരസ്‌കാരമാണത്‌. താന്‍ ഏറ്റവും അധികം അടക്കിഭരിച്ച പോലീസിനാല്‍ തന്നെയാണ്‌ ആ തിരസ്‌കാരമുണ്ടായത്‌ എന്നത്‌ ആ പടിയടയ്ക്കലിന്‌ വല്ലാതെ മൂര്‍ച്ചകൂട്ടുന്നുണ്ട്‌.
എല്ലാ ഏകാധിപതികള്‍ക്കുമുണ്ട്‌ ഒരു പതനം. പരിഹാസ്യജന്യമായ ഒരു പതനം!!

18 comments:

അത്തിക്കുര്‍ശി said...
This comment has been removed by a blog administrator.
അത്തിക്കുര്‍ശി said...

റ്റൈറ്റില്‍ കണ്ടപ്പോള്‍ സദ്ദാമിനെ ക്കുറിച്ചായിരിക്കും എന്നു കരുതി.

ശരിയാണ്‌. ഒരു എകാതിപതിയും, ആശ്രിതവല്‍സലനും കലാകാലലങ്ങളായ്‌ ആരു ഭരിക്കുമ്പൊഴും പോലിസ്‌ സേനയെ നിയന്ത്രിച്ചവനും തന്നെ.
'നീ ആരാണ്‌ നിന്നെ ഞാന്‍ അറിയുന്നില്ല'
എന്നു പോലിസുകാരന്‍ പറഞ്ഞുവൊ, ഈച്ചര വാരിയര്‍ മരിച്ചപ്പ്പ്പോള്‍ പത്രക്കാരൊട്‌ 'ഏത്‌ ഈച്ചരവാരിയര്‍?" എന്ന് പറഞ്ഞതാണെന്റെ മനസ്സില്‍ ഓടിയെത്തിയത്‌!

ചരിത്രത്തിന്റെ ചവറ്റുകൊട്ടയിലെക്കുള്ള യാത്ര പണ്ടേ തുടങ്ങിയിട്ടുണ്ട്‌ കരുണാകരന്‍!!

എന്നിരിക്കലും, കേരളത്തിന്റെ 50ആം പിറന്നാള്‍ ആഘൊഷ സ്ഥലത്തേക്ക്‌ പ്രവേശനം നിഷേധിക്കരുതായിരുന്നു.. പഴയ മുഖ്യമന്ത്രി എന്ന പരിഗണനയില്‍.

മൈനാഗന്‍ said...

മനസ്സിലുള്ള പുച്‌ഛവും ശകാരവും അമിതബഹുമാനത്തിന്റെ സാഷ്ടാംഗപ്രണാമമാക്കി, തന്‍കാര്യംനോക്കികളായിമാറുന്ന അനുചരവൃന്ദമാണ്‌ കരുണാകരന്റെ 'ആയകാലത്തെ' സമ്പത്തും 'പോയകാലത്തെ' വേദനയും.പദവിയും പണവും വെച്ചുകെട്ടിയ മാന്യതയും ഇനി ലഭിക്കില്ലെന്നറിയുമ്പോള്‍ എല്ലാ 'ചങ്കരന്മാരും' ഇത്തരം അധികാരഭ്രാന്തന്മാരെ കൈയൊഴിയും. സദ്ദാമിനെ പിടികൂടാന്‍ സഹായിച്ചതും സ്വന്തം അനുചരര്‍ തന്നെയാണെന്നത്‌ ഒരു പൊതുവായ സത്യമാണ്‌. പിന്നെ, ജനാധിപത്യത്തിന്റെ ഇന്നത്തെ 'പോക്ക്‌' കാണുമ്പോള്‍, അധികാരമൂഡതയില്‍ കരുണാകരനെ വെല്ലുന്ന പഴയ വിപ്ലവകാരികളുടെ ഇപ്പോഴത്തെ പ്രേതാവതാരം കാണുമ്പോള്‍... കരുണാകരനെ മാത്രം ഒഴിച്ചുനിറുത്തുന്നതില്‍ കാര്യമുണ്ടെന്ന്‌ തോന്നുന്നില്ല. എന്നാലും, ഒരു പോലീസുകരന്‍ സാധാരണ നിലയില്‍ കണിക്കാന്‍ തായ്യറാകാത്ത ധീരതയാണ്‌ അയാള്‍ കാണിച്ചത്‌. പക്ഷേ, പ്രത്യക്ഷജീവിതത്തില്‍ പുണ്യവാന്മാരും, പരോക്ഷജീവിതത്തില്‍ ദുരാത്മാക്കളുമായ എത്രയോ 'ഗിരിപ്രഭാഷകരെ' നാം ഒഴിച്ചുനിര്‍ത്തേണ്ടതുണ്ട്‌? ഇതും ആലോചിക്കേണ്ടുന്നതല്ലേ?

കലേഷ്‌ കുമാര്‍ said...

ബെന്യാമീന്‍, നന്നായിട്ടുണ്ട്!

കരുണാകരന്‍ ഗുരുവായൂര് തൊഴാന്‍ ചെല്ലുമ്പം അവിടുത്തെ വിഗ്രഹത്തിലെ പ്രഭ (ശക്തി) അതില്‍ നിന്ന് മാറി നില്‍ക്കുമെന്ന് ആരോ പറഞ്ഞു കേട്ടിട്ടുള്ളത്.

മുസാഫിര്‍ said...

ബെന്യാമിന്‍,
സദ്ദാമിനെക്കുറിച്ചുള്ള പൊസ്റ്റാണെന്നു കരുതിയിട്ടാണു വായനക്കാര്‍ ഇതു വിട്ടു കളയുന്നതെന്നു തോന്നുന്നു.
പിന്നെ കരുണാകരന്റെ അവരോഹണം നേരത്തെ തുടങ്ങിയതാണല്ലോ.
ഈ സംഭവത്തോടെ ജനങ്ങള്‍ക്കു ഇരുളടഞ്ഞ ഭാവിയിലേക്കു ഉറ്റു നോക്കുന്ന ഒരു വൃദ്ധനോട് ഉള്ള ഒരു സഹതാപം ഉണര്‍ന്നൊ എന്നു ഒരു സംശയം.

Peelikkutty!!!!! said...

പ്രസ്തുത ഗേറ്റിലൂടെ പ്രധാനമന്ത്രിയും കൂടെയുണ്ടായ ഗവറ്‌ണറും മാത്രമാണു പോയതെന്നാണെനിക്കു മനസ്സിലായത്.കേന്ദ്രമന്ത്രി ആന്റണിയും മറ്റുമന്ത്രിമാരും ആ ഗേറ്റിലൂടെയല്ല പോയത്..പിന്നെ ശ്രീ.ലീഡര്‍ മാത്രം വാശിപിടിച്ചാലെങ്ങനെയാ.

ശ്രീജിത്ത്‌ കെ said...

ഭേഷ്. നല്ല ലേഖനം. കേരള രാഷ്ട്രീയത്തിനെ ഇത്രയും പരിഹാസപാത്രമാക്കിയ ഈ ലീഡറിന് ഇത്രയൊന്നും കളിയാക്കിയാല്‍പ്പോര.

ഇടയ്ക്കിടയ്ക്ക് ഒരു തട്ട് കിട്ടുന്നത് ഏത് അഹങ്കാരിക്കും നല്ലതാണ്. ഇനി സൂക്ഷിച്ചോളും. തങ്ങലുടെ പാര്‍ട്ടി ലയിക്കാന്‍ ആഗ്രഹിച്ചിരുന്ന, അഥവാ ഇപ്പോഴും ആഗ്രഹിക്കുന്ന ഒരു പാര്‍ട്ടി ഭരിക്കുമ്പോള്‍ തന്നെ ഇത് സംഭവിച്ചത് അദ്ദേഹത്തിന് ഒരു വീണ്ടു വിചാരത്തിന് കാരണമാകുമോ? എവിടുന്ന്, അല്ലേ.

chithrakaranചിത്രകാരന്‍ said...

വളരെ..വളരെ നല്ല നിരീക്ഷണം. മനോഹരമായ അവതരണം...കെരള രാഷ്ട്രീയത്തിലെ കോമാളികളായിമാറിയ കുടിലബുദ്ധീയുടെ സ്വയംക്രുത പരിണാമം !!!! അരും മനപ്പൂര്‍വമല്ലെങ്കിലും ഇതൊക്കെ അനുഭവിക്കാന്‍ ഒരു ഭാഗ്യം വേണം !! ആയുഷ്മാന്‍ ഭവ !!!! മോനും മോളും സെപ്റ്റിക്‌ ടങ്കില്‍ മുങ്ങിത്തപ്പിയാണെങ്കിലും കോടികളുണ്ടക്കുന്നത്‌ കണ്ടിരിക്കാനെങ്കിലും ഒരു കാര്‍ന്നോരു വേണ്ടെ ??!!

ഇടിവാള്‍ said...

ബെന്യമിന്‍, നല്ല ലേഖനം.

ഒരു ഏകാധിപതിയും സ്വേച്ഛാധിപതിയും എക്കാലവും നിലനില്‍ക്കില്ലെന്ന ലോകതത്വമാണ്‌ അന്നു കരുണാകരന്റെ മുന്നില്‍ അടഞ്ഞ ഗേറ്റായി നിന്നത്‌.

ദാ സദ്ദാമും ഇപ്പോഴിതനുഭവിക്കുന്നു...

നെപ്പോളിയന്‍, ഹിറ്റ്‌ലര്‍, മുസ്സോളിനി....................

അമേരിക്ക? എന്ന്.. ആ ആര്‍ക്കറിയാം?

Siju | സിജു said...

രാഷ്ട്രീയക്കാരന്‍ എന്ന വാക്കിനു മോശം അര്‍ത്ഥം വന്നതിനു ഒരു പ്രധാനകാരണക്കാരന്‍ കരുണാകരനാണ്. ഇനിയൊരു തിരിച്ചുവരവില്ലാത്ത വിധം താഴേക്കുവീണതിനും ഉത്തരവാദി കരുണാകരന്‍ തന്നെ. പക്ഷേ ഇന്നു ജീവിച്ചിരിക്കുന്നവരില്‍ ഏറ്റവും കൂടുതല്‍ നാള്‍ കേരളം ഭരിച്ച ഭരണാധികാരിയെയാണു കേരളത്തിന്റെ അമ്പതാം വാര്‍ഷികത്തീല്‍ പുറത്ത് നിറുത്തിയത്. അത് ഒരു ജനാധിപത്യ സംസ്കാരത്തിനു ചേര്‍ന്നതല്ല. കരുണാകരന്‍ ശിക്ഷ അര്‍ഹിക്കുന്നുണ്ടെങ്കില്‍ അതു നല്‍കേണ്ടതു ജനങ്ങളാണ് (അതു ആവശ്യത്തിനു കൊടുക്കുന്നുമുണ്ട്), അല്ലാതെ കാവല്‍ നില്‍ക്കുന്ന പോലീസുകാരനല്ല. വാതില്‍ കൊട്ടിയടക്കുന്നതു നാടകത്തിലോ സിനിമായിലോ പ്രതീകമായി കാണിക്കാന്‍ കൊള്ളാം; പക്ഷേ ഇവിടെ ചെയ്തത് തെറ്റ് തന്നെയാണ്. കരുണാകരന്‍ അവിടെ പങ്കെടുക്കാനുള്ള സാഹചര്യം അതിന്റെ ഭാരവാഹികള്‍ ഉണ്ടാക്കണമായിരുന്നു; ഇപ്പോള്‍ നടന്നതു പോലെയുള്ള സംഭവങ്ങള്‍ അര്‍ഹതയില്ലാത്ത സിമ്പതി കരുണാകരനു ലഭിക്കാനെ ഉപകരിക്കൂ

ശിശു said...

"എല്ലാ ഏകാധിപതികള്‍ക്കുമുണ്ട്‌ പരിഹാസ്യജന്യമായ ഒരു പതനം."

കേരളം പണ്ടേ തിരസ്കരിക്കേണ്ടിയിരുന്ന ഒരു വ്യക്തിയായിരുന്നു കരുണാകരന്‍. കേരള രാഷ്ട്രീയത്തെ ഇത്രമാത്രം മാലിന്യവത്‌കരിച്ച ഒരു വ്യക്തി കരുണാകരനോളം വേറൊരാള്‍ ഇല്ലെന്നു വേണമെങ്കില്‍ പറയാം. അടിയന്തിരാവസ്ഥയിലെ കരുണാകരന്റെ ചെയ്തികള്‍ കുപ്രസിദ്ധമാണല്ലോ? പക്ഷെ അതിനു ശേഷവും നമ്മള്‍ കേരളീയര്‍ കരുണാകരനെ വാരിപ്പുണര്ന്നു. ഈ സംഭവം കരുണാകരനെ കൂടുതല്‍ ഏകാധിപതിയാക്കുകയേ ചെയ്തുള്ളൂ.

പക്ഷെ സിജു പറഞ്ഞതുപോലെ, കരുണാകരനു മുന്നില്‍ ഗേറ്റ്‌ വലിച്ചടയ്കേണ്ടിയിരുന്നത്‌ ഒരു പോലീസുകാരനായിരുന്നില്ല, മറിച്ചു ജനങ്ങളായിരുന്നു. കച്ചിത്തുരുമ്പു നോക്കിയിരിക്കുന്ന വൃദ്ധകൌടില്യന്‌ ഇത്തരം സംഭവങ്ങള്‍ പിറകില്‍കിളിച്ച ആല്‍മരം പോലെ അതും തണലേകുകമാത്രമേ ഉള്ളൂ.

s.kumar said...
This comment has been removed by a blog administrator.
s.kumar said...

ആശ്വസിക്കാന്‍ വരട്ടെ ബെന്യാമീനെ അതിയാന്‍ ആരാമോന്‍. ദാ കേരളത്തില്‍ എല്‍.ഡി.എഫ്‌ മീറ്റിങ്ങില്‍ മുരളിമോന്‍ സഖാക്കളോടൊപ്പം കേരളത്തിന്റെ ഭരണകാര്യങ്ങളെകുറിച്ച്‌ ചര്‍ച്ചചെയ്യും കേന്ദ്രത്തില്‍ പുള്ളി സോണിയാമേഡത്തോടൊപ്പം ഇന്ധ്യയെകുറിച്ചും യുപിയെയുടെ ഭാവിപരിപാടികളെകുറിച്ചും ചര്‍ച്ചചെയ്യും. ഇല്ലേല്‍ നോക്കിക്കോ. പാവം പോലീസുകാരാ ഞങ്ങള്‍ കേരളീയര്‍ താങ്കളെപ്പോലെ ഇതെല്ലാം കണ്ട്‌ അന്തം വിട്ട്‌ വാ പൊളിക്കും.

രാജന്റെ പിതാവ്‌ ഈച്ചര വാര്യരെ അപമാനിച്ച ഇദ്ദേഹത്തെ കാലം പുറംകാലുകൊണ്ട്‌ അടിച്ചു എന്നേകരുതാനുള്ളൂ. പിന്നെ മാധ്യമ ശ്രദ്ധക്കായി ഒരുപക്ഷെ ഇങ്ങേര്‍ തന്നെ ഒപ്പിച്ച വേലയാണെങ്കിലോ?

ഇങ്ങേര്‍ ഭരിക്കാന്‍ സമ്മതിക്കാതെ ഒടുവില്‍ രാജിവെക്കേണ്ടിവന്ന ആന്റണിയേക്കാള്‍ നഷ്ട്ടം കേരളജനതക്കാണ്‌. എന്തുമാത്രം വികസനം ഇതുമൂലം നഷ്ട്ടപ്പെട്ടു.

അങ്ങേരെയും മക്കളേയും പണ്ടേ ജനങ്ങള്‍ തള്ളിക്കളയേണ്ടതായിരുന്നു. എന്തായാലും ചാലക്കുടീല്‍ തോറ്റതില്‍പിന്നെ മോള്‍ടെ പൊടിപോലുമില്ല്യാകണ്ടുപിടിക്കാന്‍. നമ്മള്‍ എന്തിനീ കുടുമ്പത്തെചുമക്കണം എന്ന് ചിന്തിക്കാന്‍ കഴിയാത്തവര്‍ എന്തിനു സമ്പൂര്‍ണ്ണസാക്ഷരര്‍ എന്നു പറഞ്ഞ്‌ ഞെളിയണം? സിനിമാകാര്‍ക്ക്‌ അമ്പലം പണിയുന്ന അണ്ണാച്ചിമാര്‍ അല്ലെ ഭേധം?

ബെന്യാമീന്‍ സഖാവ്‌ അച്യുതാനന്ദന്റെ എതിര്‍പ്പിലാണ്‌ അന്ന് കരുണാകരന്റെ ഡി.ഐ.സി എല്‍ .ഡി.എഫില്‍ എത്താതിരുന്നത്‌. രണ്‍ജിപണിക്കരുടെ അടുത്തിറങ്ങിയ സിനിമയില്‍ സിദ്ദിഖ്‌ പറയുന്നപോലെ അങ്ങ്‌ തലശ്ശേരീന്ന് ഉറപ്പ്‌ വാങ്ങിയിട്ടുണ്ടേ എന്ന മട്ടില്‍ ചില പ്രസ്താവനകള്‍ കരുണാകരന്‍ പുറപ്പെടുവിച്ചത്‌ മറന്നോ? പോലീസു ഭരണത്തെകുറിച്ചും ചിലപരാമര്‍ശങ്ങല്‍ ഉണ്ടായിരുന്നു.


കരുണാകരന്‍ കൂടിയതുകൊണ്ട്‌ എല്‍.ഡി.എഫ്‌ പവാറിന്റെ കേരളത്തിലെ പാര്‍ട്ടിയെ ncp യെ പുറത്താക്കുകയൊന്നും ഇല്യ. cpiയും അച്യുതാനന്ദനും മാത്രം എതിര്‍ത്താല്‍ നടക്കുന്ന കാര്യങ്ങള്‍ അല്ല എല്‍.ഡി.എഫിലെന്ന് മനോരമയല്ലാത്ത പത്രങ്ങളില്‍ നിന്നും ഏഷ്യാനെറ്റിതര ചാനലുകളില്‍ നിന്നും മനസ്സിലാക്കാവുന്നതേയുള്ളൂ.

മാമ്മന്മാരോടും മാര്‍ക്കി...കാരോടും തര്‍ക്കിക്കരുതെന്നാ. കൂടുതല്‍ എഴുതുന്നില്ല എനിക്കിനിയും പുറത്തിറങ്ങി നടക്കേണ്ടതാ.കൊക്കോക്കോളായും കുടിച്ച്‌ മെക്ഡൊണാള്‍ഡിന്റെ കോഴിയും കടിച്ചുപറിച്ച്‌ നാട്ടില്‍ "പിതാശ്രയ കോളേജില്‍" പഠിക്കുന്ന മക്കളുള്ള വല്ല അനുഭാവികളും പിടിച്ച്‌ കടിക്കും!

കല്ലേച്ചി|kallechi said...

vaLetutthavan vaaLaal

Anonymous said...

നമ്മള്‍ എന്തിനീ കുടുമ്പത്തെചുമക്കണം എന്ന് ചിന്തിക്കാന്‍ കഴിയാത്തവര്‍ എന്തിനു സമ്പൂര്‍ണ്ണസാക്ഷരര്‍ എന്നു പറഞ്ഞ്‌ ഞെളിയണം? സിനിമാകാര്‍ക്ക്‌ അമ്പലം പണിയുന്ന അണ്ണാച്ചിമാര്‍ അല്ലെ ഭേധം?.....

കൊള്ളാം നല്ല പ്രയോഗം. നമ്മളല്ല നാട്ടിള്ളവര്‍ അല്ലെ ചിന്തിക്കേണ്ടത്‌.എത്രപേര്‍ ഇത്തരത്തില്‍ ചിന്തിക്കും? പ്രിയ സുഹൃത്തെ ഇപ്പോഴും രാഷ്ട്രീയ സാക്ഷരത നേടാത്തവര്‍ ആണ്‌ മലയാളികള്‍. സൂക്ഷിക്കുക താങ്കളെ ഒരുപക്ഷെ അരാഷ്ട്രീയവാധിയായി മുദ്രകുത്തിക്കളയും.

chithrakaranചിത്രകാരന്‍ said...

നാണമില്ലാത്ത അച്ചനും മക്കളും ഇനിയും എതു പിംബിനെ കൂട്ടുപിടിച്ചാണെങ്കിലും അദികാരത്തിന്റെ കൊത്തളങ്ങളില്‍ കയറിപ്പറ്റും. ഭരണത്തില്‍ ജനിച്ചു... ജീവിച്ച്പോയി... ഇനി മരിക്കാന്‍ അവരെവിടെപ്പോകും ?? കോമാളികളുടെ സ്വന്തം നാട്ടിലെ അധികാരം നഷ്ടപ്പെട്ട ഒരു കോമാളി രാജകുടുംബത്തിന്റെ കഷ്ടപ്പാടുകള്‍ !!!! ഏതെങ്കിലും പത്രക്കാര്‍ പിരിവെടുത്തു സഹായിക്കാതിരിക്കില്ല.

s.kumar said...

എവിടെയെത്തി ബെന്യാമീനെ കാര്യങ്ങള്‍. കൃത്യസമയത്ത്‌ തിരുവമ്പാടി തിരഞ്ഞെടുപ്പുകൂടെ ഒത്തുവന്നതോടെ ലീഡരും മകനും വീണ്ടു കേരളരാഷ്ട്രീയത്തില്‍( അതോ രാഷ്ട്രീയ മാക്കറ്റോ) സജീവമാകുന്നു. കൂടെയ്ണ്ടായിരുന്നവര്‍ തിരികെ മാതൃസംഘടനയില്‍ പോയതില്‍ ഒരു പക്ഷെ കുണ്ടിതപ്പെടുന്നുണ്ടാകാം! കേന്ദ്രത്തില്‍ പിതാവും കേരളത്തില്‍ ചുരുങ്ങിയപക്ഷം തിരഞ്ഞെടുപ്പുകഴിയുന്നതുവരെയെങ്കിലും മകനും ഷൈന്‍ ചെയ്യും.

അണികള്‍ പതിവുപോലെ നേതാക്കന്മാര്‍ ഇന്നാര്‍ക്ക്‌ വേണ്ടി കീജെയ്‌ വിളിക്കാനും പോസ്റ്ററെഴുതാനും പറയുന്നോ അതുപോലെ ചെയ്താളും! തിരുവമ്പാടിക്കുശേഷം എന്ത്‌ എന്ന് കൂലങ്കുഷമായി ചിന്തിക്കേണ്ടതില്ല അത്‌ തിരുവനന്ദപുരത്തു കണ്ടതാണല്ലോ?

കെവിന്‍ & സിജി said...

യഥാ പ്രജാ, തഥാ രാജാ.