ഇതൊരു നല്ല രാത്രിയുടെ നനുത്ത ഓര്‍മ്മകളാണ്. ഇന്തോ- അറബ് സാംസ്കാരിക സമ്മേളനത്തില്‍ സംബന്ധിക്കാനായി അബുദാബിയില്‍ എത്തിയതായിരുന്നു ഞാന്‍. അത്തരമൊരു വലിയ പരിപാടിയില്‍ സംബന്ധിക്കുക എന്നതിലുപരിയായി ബ്ലോഗിലൂടെയും ഓര്‍ക്കുട്ടിലൂടെയും എന്റെ ഹൃദയത്തിന്റെയും വിചാരങ്ങളുടെയും സ്വന്തമായിക്കഴിഞ്ഞ ഒട്ടനവധിപേരെ നേരില്‍ കാണാമല്ലോ എന്ന സന്തോഷമായിരുന്നു എനിക്കുണ്ടായിരുന്നത്. അത്തരം ഹൃദയസംവാദങ്ങളാണ് ഒരു പക്ഷേ മറ്റേത് സാംസ്കാരിക- ബൗദ്ധിക സംവാദങ്ങളെക്കാളും അര്‍ത്ഥപൂര്‍ണ്ണമായത് എന്ന് ഞാന്‍ വിചാരിക്കുന്നു. ഷാര്‍ജ എയര്‍പോര്‍ട്ടില്‍ വച്ച് സുനില്‍ സലാം എന്ന ബ്ലോഗര്‍ സുഹൃത്തിനെ പരിചയപ്പെട്ടുകൊണ്ടാണ് എന്റെ ആ യാത്രയ്ക്ക് തുടക്കം കുറിക്കുന്നത്. പിന്നെ ഒരാഴ്കക്കാലം നീണ്ട യു.എ.ഇ. വാസത്തിലെപ്പോഴും നിരവധി ബ്ലോഗ് സുഹൃത്തുക്കളുടെ നിര്‍ലോഭമായ സ്‌നേഹത്തിനു പാത്രീഭവിക്കുവാന്‍ എനിക്ക് അവസരമുണ്ടായി. സാംസ്കാരിക സമ്മേളത്തിന്റെ ഉദ്ഘാടനത്തിനൊടുവില്‍ നേരിട്ട് പരിചയമില്ലാത്ത - ബ്ലോഗ് നാമങ്ങളിലൂടെ മാത്രം അറിയപ്പെട്ടുന്ന എത്രയധികം സുഹൃത്തുക്കള്‍ എന്റെ അടുത്തേക്ക് ഓടി വന്ന് സൗഹൃദം സ്ഥാപിക്കുന്നതും ചിരപരിചിതരപ്പോലെ ഇടപഴകുന്നതും കണ്ടപ്പോള്‍ ബ്ലോഗ് എന്നത് അയഥാര്‍ത്ഥ്യതയുടെ ഒരു സാങ്കല്‌പികലോകമല്ലെന്നും ലോകത്തിന്റെ വിവിധകോണുകളില്‍ മോണിറ്ററിന്റെ മുന്നിലിരിക്കുന്ന നമ്മെതമ്മില്‍ സ്‌നേഹത്തിന്റെ ഒരു അദൃശ്യമായ ചരട് ബന്ധിപ്പിക്കുന്നുണ്ടെന്നും എനിക്ക് ബോധ്യപ്പെടുകയായിരുന്നു. പെരിങ്ങോടന്‍, വിശാലന്‍, കൈപ്പള്ളി, ദില്‍ബു, സാക്ഷി, സങ്കുചിതന്‍, കുറുമാന്‍, ദേവരാഗം.... പേരുകള്‍ക്കു പിന്നില്‍ മറഞ്ഞിരുന്ന ഓരോരുത്തരായി എന്റെ മുന്നില്‍ മുഖങ്ങളായി വെളിപ്പെടുകയായിരുന്നു.
ഒരാള്‍ തന്റെ പേരിനേക്കാളുപരി രചനയാല്‍ അറിയപ്പെടുന്നതിന്റെ സുഖമായിരുന്നു അതുല്യചേച്ചി എന്റെ അടുക്കലേക്ക് പരുങ്ങി വന്ന് 'ശ്രീവിദ്യയെക്കുറിച്ചെഴുതിയ...' എന്ന് സന്ദേഹപ്പെട്ടപ്പോള്‍ എനിക്കുണ്ടായത്.
യു.എ.ഇ. ബോലോകര്‍ എനിക്കായി കരുതി വച്ചിരുന്ന സ്‌നേഹത്തിന്റെയും അദ്ഭുതത്തിന്റെയും നിമിഷങ്ങള്‍ അവിടെ അവസാനിക്കുന്നില്ല. അവരെന്നെ പിന്നൊരു സ്‌നേഹവിരുന്നിലേക്കാണ് ആ രാത്രി കൂട്ടിക്കൊണ്ടുപോയത്. പ്രശാന്ത സുന്ദരമായ ഇടം. അടുത്ത് ജലപ്പരപ്പിന്റെ നിശബ്ദസാന്നിദ്ധ്യം, അകലെ കൂറ്റന്‍ കെട്ടിടങ്ങളില്‍ നിന്ന് പാറിവീഴുന്ന മങ്ങിയ വെളിച്ചം, വിസ്‌തൃതമായ പുല്‍ത്തകിടി, കത്തിച്ചുവെച്ച മെഴുകുതിരി നാളം, വട്ടമിട്ടിരിക്കാന്‍ പുല്‍പ്പായ.... തിരക്കുകളുടെ നഗരത്തില്‍ ഞങ്ങള്‍ക്കു ഒത്തുകൂടാന്‍ അങ്ങനെയൊരു ഇടം ഞാന്‍ പ്രതീക്ഷിച്ചതേയല്ല. സമൃദ്ധവും സുഭിക്ഷവും രുചിയൂറുന്നതുമായ ആഹാരത്തിന്റെ നീണ്ട നിമിഷങ്ങള്‍. മേമ്പൊടിയായി വിശാലന്റെ പാരടി, കുറുമാന്റെ ഹാസ്യം എല്ലാവരുടെയും പാട്ട്, ചിരി... നിമിഷങ്ങള്‍ മുയല്‍വേഗത്തിലാണ് ഞങ്ങളെ കടന്നുപോയത്.
ഓരോ കാഴ്ചയും എത്ര വേഗത്തിലാണ് വിശലന്റെ മനസ്സില്‍ ഹാസ്യത്തിന്റെ ചിത്രങ്ങളാവുന്നത് എന്നതിന് ഒരു നേര്‍സാക്ഷ്യം വഹിക്കാനും എനിക്കു ഭാഗ്യമുണ്ടായി. കുറുമാന്റെ, ചില്ലുമേടയിലിരുന്നെന്നെ... കുഷ്ഠരോഗാഭിനയം കണ്ട് 'ഇതെന്ത് തീയില്‍ വീണ പ്ലാസ്റ്റിക്കുപാത്രംപോലെ' എന്ന ഒറ്റക്കമന്റു മതിയായിരുന്നു വിശാലന്റെ പ്രതിഭ രുചിച്ചറിയാന്‍.
കൈപ്പള്ളിയുടെ തീക്ഷ്‌ണതവിങ്ങിയ നിരീക്ഷണങ്ങളും കുറിക്കുകൊള്ളുന്ന കമന്റുകളും നേരിട്ടനുഭവിക്കാനും ഈ യാത്രയില്‍ എനിക്ക് നിരവധി അവസരങ്ങളുണ്ടായി.
കൈപ്പള്ളി, സാമി, ഇവിടെ ജനിച്ചുവളര്‍ന്നിട്ടും നിങ്ങള്‍ മലയാളത്തോടു കാണിക്കുന്ന ആഭിമുഖ്യം എന്നില്‍ ആദരവുണ്ടാക്കുന്നു. രാജിന്റെയും മറ്റ് നിരവധിപേരുടെയും ഭാഷാപ്രവര്‍ത്തനങ്ങളും.
ആഹാരത്തിനുശേഷം സ്വന്തം കൂടാരങ്ങളിലേക്ക് മടങ്ങാം എന്ന് വിചാരിച്ചു വന്നവര്‍ക്കാര്‍ക്കും അത്രയുംനേരം പിന്നിട്ടപ്പോഴേക്കും പിന്നെ പോകണമെന്നേ ഇല്ലെന്നായി. അതായിരുന്നു ആ രാത്രിയുടെ രുചി. ഒരു അറബിക്കഥയിലെ ജിന്നിനെപോലെ ആ രാത്രി ഞങ്ങളെ വശീകരിച്ചും മോഹിപ്പിച്ചും അതിന്റെ നിഗൂഢതകളിലേക്കു കൂട്ടിക്കൊണ്ടുപോയി. ഇന്തോ- അറബ് ഫെസ്റ്റിവല്‍ ഭാരവാഹികള്‍ ഞങ്ങള്‍ക്കായി അനുവദിച്ച ഫ്ലാറ്റിലേക്ക് രാജിന്റെ കാറിന്റെ ഒരു തീപിടിച്ച യാത്ര. വഴി തെറ്റിയും തിരഞ്ഞും വിളിച്ചും പറഞ്ഞും ഞങ്ങള്‍ അവിടെ വീണ്ടും ഒത്തുകൂടി. പിന്നെ ഒരു മുഴുരാത്രി മുഴുവന്‍ ചര്‍ച്ചയും കവിതയും പാട്ടും ബഹളവും. പെരിങ്ങോടന്റെ സ്‌ത്രീപര്‍വ്വം മുതല്‍ സദ്ദാമിന്റെ ഹീറോയിസം വരെ. 'ഒഴിഞ്ഞ താള്‍' എന്ന കവിത മറക്കില്ല. (അങ്ങനെയായിരുന്നുവോ ആ കവിതയുടെ പേര്- അല്ലെങ്കിലും സാരമില്ല. ആ കവിതയുടെ മണമെന്റെ മനസ്സിലുണ്ട്) എല്ലാത്തിനും ഉത്സാഹം പകരാന്‍ കത്തുന്ന ലഹരിയും.
'ഇത്ര ധീഷണാശീലരും ഊര്‍ജ്ജസ്വലരുമായ ഒരുകൂട്ടം ചെറുപ്പക്കാരെ ഒത്തിരിക്കലത്തിനുശേഷമാണ് ഒന്നിച്ചുകാണുന്നത്' എന്ന മേതിലിന്റെ പിന്നത്തെ ഒരു കമന്റ് അക്ഷരാര്‍ത്ഥത്തില്‍ സത്യമായിരുന്നു. ഈ കൂട്ടായ്‌മ അദ്ദേഹത്തെ പഴയ ഏതോ കാലത്തിലേക്കു കൂട്ടിക്കൊണ്ടുപോയെങ്കില്‍ അതില്‍ അതിശയിക്കാനൊന്നുമില്ല. നാട്ടിലെ ചെറുപ്പക്കാരുടെ ഇടയില്‍ നിന്നും ഇത്തരം സൗഹൃദക്കൂട്ടായ്‌മകളും മനസുതുറന്ന ചര്‍ച്ചകളും അന്യമായിട്ട് എത്രയോ കാലമായി. നിങ്ങളെങ്കിലും ഈ കൂടിച്ചേരല്‍ തുടരണം അതിന്റെ വ്യാപ്‌തിയും ആഴവും വര്‍ദ്ധിപ്പിക്കണം എന്നുമാത്രം ഈ അതിഥിയുടെ അപേക്ഷ. ജീവിതത്തിന്റെ പില്‌ക്കാലങ്ങളില്‍ ഓര്‍ത്തുരുചിക്കാന്‍ അതുമാത്രമാവും ഈ വേനല്‍ക്കാലത്തിന്റെ ബാക്കിപത്രമായി നമുക്കുണ്ടാവുക.
ദുബായിലെ പ്രോഗ്രാമിനുശേഷം എല്ലാവരോടും യാത്രപറഞ്ഞു പിരിയാന്‍ കഴിയാഞ്ഞതില്‍ ഖേദമുണ്ട്. അല്ലെങ്കില്‍ സ്‌നേഹിതരേ, നമുക്കിടയില്‍ എന്തിനൊരു യാത്ര പറച്ചില്‍ നാം സ്‌നേഹത്തിന്റെ മറ്റൊരിടത്തില്‍ എന്നും കണ്ടുമുട്ടുന്നവരല്ലേ. വീണ്ടും കണ്ടുമുട്ടേണ്ടവരല്ലേ... എല്ലാവര്‍ക്കും നന്ദി. എല്ലാത്തിനും. കൈപ്പള്ളിയ്‌ക്ക് പ്രത്യേകിച്ച്... നിങ്ങളുടെ തീക്ഷ്ണതയുള്ള കണ്ണുകള്‍ക്ക്. ചിരിയൂറുന്ന ചിത്രത്തിനും!!
Wednesday, January 24, 2007
Subscribe to:
Post Comments (Atom)
17 comments:
അല്ലെങ്കില്‍ സ്‌നേഹിതരേ, നമുക്കിടയില്‍ എന്തിനൊരു യാത്ര പറച്ചില്‍ നാം സ്‌നേഹത്തിന്റെ മറ്റൊരിടത്തില്‍ എന്നും കണ്ടുമുട്ടുന്നവരല്ലേ. വീണ്ടും കണ്ടുമുട്ടേണ്ടവരല്ലേ...
താങ്കളെ നേരില്‍ കാണാനും പരിചയപ്പെടാനും സാധിച്ചതില്‍ സന്തോഷിക്കുന്നുവെപ്പോഴും.
ആ ദിനങ്ങളും രസങ്ങളും തീവ്രചര്‍ച്ചകളുമൊന്നും ഒന്നും വിസ്‌മരിക്കാനാവില്ല.
രാജ്യങ്ങളുടെ അതിര്‍ത്തിക്കും ദൂരങ്ങള്‍ക്കും ഒരിക്കലും സൗഹൃദത്തെ ഇല്ലാതാക്കാനും അകറ്റുവാനും കഴിയില്ല. അങ്ങിനെയല്ലേ?
ബെന്നീ,
ആ ഒരു രാത്രിയുടെ അനുഭവം മാത്രം മതി എത്രകാലം വേണമെങ്കിലും എന്തിന് ബ്ലോഗറാവുന്നു എന്ന ചോദ്യത്തിന് സങ്കോചമൊന്നും കൂടാതെ മറുപടി കൊടുക്കാന്‍. അതിശയിപ്പിച്ചവന്‍ ശരിക്കും മേതിലായിരുന്നു,
പിന്നെ ബെന്നിയുടെ എന്തോ പ്രത്യേകത തോന്നിച്ച ആ വേഷവും ശരീരവും (കൈപ്പള്ളി അതിനെ ശരിക്കും ആ ചിത്രത്തില്‍ ഉപയോഗിച്ചിട്ടുണ്ട്). പിന്നെ കുറുമാന്റെ സ്നേഹം (ഒരു പക്ഷെ അത് പലരും ശ്രദ്ധിച്ചിട്ടില്ല, അന്നവിടെ അതൊക്കെ ശ്രദ്ധിക്കാന്‍ തക്കത്തില്‍ ബോധമുണ്ടായിരുന്നത് എനിക്കും ഗന്ധവര്‍ക്കും മാത്രമായിരുന്നു, ദില്‍ബന്‍ അവിടെയുണ്ടായിരുന്നില്ല, അവന്റെ നഷ്ടം, പാവം :) )സിദ്ധാര്‍ഥേട്ടണ്ടെ പാട്ടുകള്‍ അത് പാടിയ രീതികൊണ്ടാണ് എന്നെ അതിശയിപ്പിച്ചത്,കണ്ണൂസും വിശാലേട്ടനും പലപ്പോഴും സിദ്ധാര്‍ഥേട്ടന് കൂട്ട് കൊടുത്തു. നേരം വെളുക്കുവോളം തുടര്‍ന്ന പാട്ടിനും കവിതക്കും ചാവികൊണ്ട് മേശമേല്‍ താളമിട്ടത് കുറുമാനും അനിലനും. അനിലന്റെ കവിതാലാപനം ശരിക്കും ടച്ചിങ്ങ് ആയി. എല്ലാ ചര്‍ച്ചകളുടേയും ശ്രദ്ധാകേന്ദ്രമായി മാറിയ കൈപ്പള്ളി, അതികം സംസാരിക്കാതെ എല്ലാം കേട്ടുകൊണ്ടിരുന്ന ഗന്ധര്‍വര്‍, പിന്നെ പെരിങ്ങോടന്‍, സങ്കുചിതേട്ടന്‍, ഇത്രവലിയ ബഹളത്തിനിടയിലും സുഖമായുറങ്ങിയ ഏറനാടന്‍, പാടിയും കൊട്ടിയും കവിത ചൊല്ലിയും തര്‍ക്കിച്ചും യോജിച്ചും ഒരു രാത്രിമുഴുവന്‍ ഇത്ര സജീവമായും ഹൃദ്യമായും അനുഭവിച്ച വേറൊരു ദിവസം എന്റെ ജീവിതത്തിലുണ്ടായിട്ടില്ല, സത്യം.
നന്ദി എല്ലാവര്‍ക്കും, പ്രത്യേകിച്ചും ഞങ്ങളുടെ അതിഥിയായിരുന്ന സാക്ഷി, ഒരുപാട് വൈകിയിട്ടും എന്നെ സ്നേഹത്തോടെ സ്വീകരിച്ച് അബൂദബിയില്‍ എത്തിച്ച സിദ്ധുവേട്ടന്‍, എനിക്ക് വേണ്ടി മാത്രം ദുബൈയിലേക്ക് വന്ന ദില്‍ബന്‍, എല്ലാവര്‍ക്കും.
പിന്നെ ബെന്നീ, ഏതാണ് ആ കവിത, എനിക്ക് മനസ്സിലായില്ല.
അറുപതു-എഴുപതുകളില്‍ സാംസ്ക്കാരികരംഗത്ത് ചലനങ്ങള്‍ സൃഷ്ടിച്ച വലിയ കൂട്ടായ്മകളെക്കുറിച്ച് കേട്ടിട്ടുണ്ട്. ഒരുപക്ഷേ അതിലും മികച്ചതായേക്കവുന്ന പുതിയ കാലത്തിന്റെ കൂട്ടുകെട്ടുകള്‍ തുന്നിക്കൂട്ടുന്ന ഒച്ച ബെന്യാമിന്റെ വാക്കുകളില്‍ നിറഞ്ഞു നില്‍ക്കുന്നു.
എത്ര സന്തോഷകരമാണ് ഇങ്ങനെയൊക്കെ വായിക്കാനാവുന്നത്.
കൊള്ളാം .. "എല്ലാത്തിനും ഉത്സാഹം പകരാന്‍ കത്തുന്ന ലഹരിയും.." ഇതൊഴിച്ച്...
വെറുതെ പറഞ്ഞതാ.. ഞാന്‍ ഈ നാട്ടുകാരി അല്ല.. അല്ലെങ്കിലും ഈ പെണ്ണൂങ്ങള്‍ക്കെന്ത് കൂട്ടായ്മ...
അവിടത്തെ കൂട്ടയമയെക്കുറിച്ച് പറഞ്ഞപ്പോള്‍ അതിശയമായി. ആകെ അടിപൊളിയായിരുന്നു (ആവാക്കിനു പകരം വിശാലേട്ടന്‍ ഒരു പുതിയവാക്ക് കണ്ടെത്തണമെന്ന് അപേക്ഷ) എന്ന് അറിഞ്ഞതില്‍ സന്തോഷം. അപ്പോ ഇനിയെന്നാ ഇങ്ങോട് ഈ പറയുന്നകൂട്ടരൊക്കെ വരുന്നെ?
ബ്ലോഗ്ഗിങ്ങിന്റെ ഒരു തലം വേറെയെന്ന് ബെന്നിയുടെ അനുഭവം സാക്ഷ്യമാകുന്നു. രാജ്യങ്ങള്‍കടന്നുള്ള സൗഹൃതങ്ങള്‍.ഊഷ്മളമായ ഒരു തലത്തിലേക്ക് മലയാളം ബ്ലോഗ്ഗിങ്ങ് എത്തിയിരിക്കുന്നു.
ബെന്യാമിന്‍, താങ്കളെ കാണുവാനും, പരിചയപെടുവാനും, കുറച്ചു മണിക്കൂറുകള്‍ ഒരുമിച്ച് ചിലവഴിക്കാന്‍ സാധിച്ചതിലും അതിയായ സന്തോഷം.
കൊള്ളാം .. "എല്ലാത്തിനും ഉത്സാഹം പകരാന്‍ കത്തുന്ന ലഹരിയും.." ഇതൊഴിച്ച്...
ഇട്ടിമാളൂ, കത്തുന്ന ലഹരിയില്ലെങ്കില്‍ എന്തുത്സാഹം? (നിങ്ങളില്ലാതെ എന്താഘോഷം സ്റ്റൈലില്‍)
ഇടങ്ങള്‍ തന്ന് മയക്കത്തിനൊരിടം കിട്ടിയതും വാരിവലിച്ച് കിട്ടിയതൊക്കെ വയറ്റിലാക്കിയതും വിശാലമായ മുറിയില്‍ കുറുകിയിരിക്കുന്നവരുടേയും ഗന്ധര്‍വനാദബ്രഹ്മത്തിന്റെ നിഷാദാത്മക സിദ്ധിവര്യന്മാരും എല്ലാമെല്ലാം നഷ്‌ടപ്പെടുത്തി നിദ്രയുടെ കയലയത്തില്‍ പെട്ടുപോയി.
അത് ഇടങ്ങള്‍ ഇവിടെ എഴുതിയപ്പോഴാണ് ഓര്‍ത്തെടുത്തതും...
അബ്ദു, നിങ്ങള്‍ തന്നെയല്ലേ ആ കവിത ചൊല്ലിയത്..?
ഹ ഹ, ബെന്നീ, ഞാന്‍ ചൊല്ലിയ കവിതയാണോ ഉദ്ദേശിച്ചത്, അത് ‘എഴുതാനാവാത്ത പേജുകള്‍’ ആണ്. ഈ കണ്ണി (ലിങ്ക്) നോക്കൂ, http://idangal.blogspot.com/2006/12/blog-post_25.html#links
ഉല്‍ഘാടനച്ചടങ്ങുകള്‍ക്കിടയില്‍ സ്റ്റേജില്‍ മേതിലിനും സക്കറിയയ്ക്കുമൊക്കെ ഗൌരവത്തിലിരിക്കുന്ന ബെന്നിച്ചേട്ടനെ കണ്ടപ്പോള്‍ ഈ പുലിയോടെങ്ങനെയാ ഒന്ന് സംസാരിക്കുക എന്ന ടെന്‍ഷനായിരുന്നു. പിന്നെ ഫങ്ഷന്‍ കഴിഞ്ഞയുടന്‍ രണ്ടും കല്‍പ്പിച്ച് സ്റ്റേജിന്റെ മുന്നിലേയ്ക്ക് ഓടിച്ചെന്നു. അങ്ങട് മാറി നില്‍ക്കെടാ ചെക്കാ എന്നാരെങ്കിലും പറയുമോ എന്ന് ശങ്കിച്ചെങ്കിലും നാണവും മാനവും പണ്ടേ കുറച്ച് കുറവായതോണ്ട് ചീത്ത കേട്ടാലും പ്രശ്നമുണ്ടായിരുന്നില്ല. മേതിലിനോട് സംസാരിക്കുന്നതിനിടയില്‍ ഒരു “എക്സ്ക്യൂസ് മീ..ബെന്ന്യാമിനല്ലേ? ഞാന്‍ ദില്‍ബാസുരന്‍” എന്ന് പറഞ്ഞപ്പോള്‍ ബെന്യാമിന്റെ മുഖത്ത് വിടര്‍ന്ന ആ പുഞ്ചിരിയും മേതിലിന്റെ മുഖത്തെ കണ്‍ഫ്യൂഷനും കണ്ടതോടെ ആശ്വാസമായി.വര്‍ഷങ്ങളായി പരിചയമുള്ളവര്‍ തമ്മില്‍ കണ്ടത് പോലെ.
നമ്മള്‍ വീണ്ടും കാണേണ്ടവര്‍ തന്നെ ബെന്യാമിന്‍ ചേട്ടാ. അദൃശ്യമായ സ്നേഹത്തിന്റെ നൂലിഴകളാല്‍ ബന്ധിയ്ക്കപ്പെട്ടവരും. :-)
ഭീഷ്മര്‍ യുധിഷ്ഠിരനോടു പറയുന്നതു പോലെ, നീ ഈ പോസ്റ്റിട്ടില്ലായിരുന്നെങ്കില്‍ നിന്നെ ഞാന്‍ ശപിച്ചേന്നല്ലോ ഉണ്ണീ ;)
സംഘാടകരില്‍ ഒരാളായ സര്‍ജ്ജുവിനോടുള്ള ഒരു സംഭാഷണം.
അല്ലാ ബെന്നിക്ക് റൂമില്ലേ, അതില് ഞങ്ങള്‍ ബ്ലോഗേഴ്സിനെത്രാള്‍ക്ക് കെടക്കാം?
സര്‍ജ്ജു: ങാ ഒരു രണ്ടു മൂന്നാള്‍ക്ക് അക്കോമഡേഷന്‍ അവിടെയാവാം.
പിന്നെ തിരുത്തിപ്പറഞ്ഞുകൊണ്ട്. അഞ്ചാള് വരെയാവാം.
അശരീരി: എത്രയാളെ ‘അക്കോഡൊമേറ്റ്‘ ചെയ്തെന്ന് അവിടുത്തെ ആ ഒരു തടിച്ച കട്ടിലിനോടെങ്കിലും ചോദിക്കണം ഹേ!
രസമായിരുന്നു, ഒന്നും ആവര്‍ത്തിക്കുന്നില്ല. ബെന്യാമിന്റെ വരവിലും പങ്കാളിത്തത്തിലും നന്ദിയോടെ,
പെരിങ്ങ്സ്:
അവിടത്തെ സീന്‍ എല്ലാം ഞാന്‍ പടം എടുത്ത് വെച്ചിട്ടുണ്ട്. ഇതെല്ലാം ഞാന്‍ ആരെ കാണിക്കും എന്നു കരുതി ഇരിക്കുകയാണു. "പറഞ്ഞാല്‍ ഉമ്മ അടിക്കും പറഞ്ഞില്ലെ വാപ്പ പട്ടി ഇറച്ചി തിന്നും" കേട്ടിട്ടില്ലെ? അതുപോലെയുള്ള അവസ്ഥയിലാ ഞാന്‍. കുറുമാന്റെം, കട്ടിലിന്റേം, ആ മേശപ്പുറത്തിന്റേം പടം എടുത്ത് വെച്ചിട്ടുണ്ട്. ഇതില്‍ ഏത് കാണിക്കും എന്നെ എനിക്ക് തന്നെ അറിയില്ല. :)
ബെന്യമീന്‍:
താങ്കളെ പോലൊരു എഴുത്തുകാരനെ പരിചയപെടാന്‍ കിട്ടിയ അവസരം തന്നെ ഒരു ഭാഗ്യമായി ഞാന്‍ കരുതുന്നു. താങ്കളുമായി പങ്കുവെച്ച ഓരെ നിമിഷത്തിനു അവതരിപ്പിച്ച പ്രബന്ധത്തിനും നന്ദി.
പ്രിയ ബെന്നീ,
നേരത്തേ എഴുതി പൊസ്റ്റ് ചെയ്തത് ബ്ലൊഗിലെത്തിയില്ല ! ( പരിചയക്കുറവ് )
ഈ ഭൂലൊഗ സുഹൃത്തുക്കളുടെ കൂട്ടത്തില്‍ അവിചാരിതമായി വന്നുപെട്ട ഒര്‍ല്‍ഭുത പരതന്ത്രന്‍. മരിക്കുന്നെന്നു പറഞ്ഞ് സാംസ്കാരിക നായ(ക)ന്മാര്‍ മുറവിളികൂട്ടുന്ന നമ്മുടെ മലയാളത്തിനു നവ ചൈതന്യമേകുന്ന ഒരു കൂട്ടം ഇളം തലമുറക്കാരുടെ സ്നേഹ സൌഹൃദങ്ങള്‍ക്കൊപ്പം :
അനുഭവം - 1 ( ബാക്കി പിന്നലെ എഴുതാം )
ഇന്തോ അറബ് സാംസ്കാരിക സമ്മേളനത്തിയപ്പോള്‍:
ഞങ്ങളെ സ്വീകരിക്കാന്‍ ഷാര്‍ജ വിമാനത്തവളത്തിലെത്തിയ ഷാഹിദ് (?) എന്ന സുഹൃത്ത്. വാഹനത്തില്‍ ഞാനും ബന്യാമീനും. വഴിയിലൊരു ഹോട്ടലില്‍ നിന്നും ചിക്കന്‍ ബിരിയാണി വെട്ടിയ ആലസ്യത്തില്‍ ഞാനൊന്നു മയങ്ങി. മയക്കത്തില്‍ കേട്ട കഥ - സത്യം.
ബന്യാമീനിലെ കഥാ കുതുകി ഉണര്‍ന്നതായിരിക്കാം. ഷാഹിദുമായി ഒരു ഹൃസ്വ സല്ലാപം- വിഷയം ഷാഹിദിന്റെ ചരിത്രം, ഒരു ഉപ്പാ, ഒരു ഉമ്മാ, പതിനെട്ടുമക്കള്‍, ഷാഹിദ് പതിനാറാമന്‍,ബാല്യത്തില്‍ നഷ്ടപ്പെട്ട രണ്ടുപേരൊഴിച്ച് എല്ലാവരും പരിപൂര്‍ണ്ണ സംതൃപ്തര്‍. പതിനെട്ടാം തവണ മാത്രം ആശുപത്രിയില്‍ ഉപ്പയുടെ ഉറ്റ സുഹൃത്തിന്റെ നിര്‍ബ്ബണ്ധപ്രകാരം. അങ്ങനെ പത്തൊന്‍പതാമന് വിലക്ക്. ഒരു വീട്ടില്‍ ഒരു കൊച്ചു സമൂഹമായി വളരുന്നതിന്റെ സുഖം ! ഇനിയുള്ള ഒരു തലമുറക്കും അനുഭവിക്കാന്‍ കഴിയാത്ത ആ സൌഭാഗ്യം- കഥാകൃത്തായ ബന്യാമിന്‍ പറയുമായിരിക്കും.
മധു
മസ്കറ്റ്
ബെന്യാമിന്‍,
അബുദാബിക്കു പോകുന്നതിനു മുപും അതിനു ശേഷവും താങ്കളുടെ സ്വരത്തിലെ വ്യത്യാസം ശ്രദ്ധിച്ചിരുന്നു.വളരെ അര്‍ഥവത്തായി എന്നു പറയുമ്പോഴും ഇത്രയും പ്രതീക്ഷിച്ചില്ല.
ബൂലോകരെ..ഈ സുഹൃത്ത് വളരെ സന്തോഷത്തിലായിരുന്നു.ആത്മാര്‍ഥതയുള്ള ആ മനസ്സുകള്‍ സൂക്ഷിച്ചു വക്കുക.
ബെന്യാമിന്‍,
അബുദാബിക്കു പോകുന്നതിനു മുപും അതിനു ശേഷവും താങ്കളുടെ സ്വരത്തിലെ വ്യത്യാസം ശ്രദ്ധിച്ചിരുന്നു.വളരെ അര്‍ഥവത്തായി എന്നു പറയുമ്പോഴും ഇത്രയും പ്രതീക്ഷിച്ചില്ല.
ബൂലോകരെ..ഈ സുഹൃത്ത് വളരെ സന്തോഷത്തിലായിരുന്നു.ആത്മാര്‍ഥതയുള്ള ആ മനസ്സുകള്‍ സൂക്ഷിച്ചു വക്കുക.
ദോഹയില്‍ നിന്നുള്ള ബ്ലൊഗറുടെ സ്വാഗതം
Post a Comment