Monday, September 10, 2007

ഓണം മുതല്‍ ഓണം വരെ മണലെഴുത്തിന്റെ ഒരു ബൂലോകവര്‍ഷം

ഇന്ന് ഞാന്‍ ബൂലോകത്ത് എത്തപ്പെട്ടിട്ട് ഒരു വര്‍ഷം തികയുകയാണ്. കഴിഞ്ഞവര്‍ഷം ഇതേദിവസം ഓണത്തെപ്പറ്റി ഒരു ലേഖനം എഴുതിക്കൊണ്ടായിരുന്നു എന്റെ രചനയുടെ തിരമൊഴിരൂപത്തിലേക്കുള്ള രംഗപ്രവേശം. തികച്ചും യാദൃശ്ചികാമായി ഓണത്തെപ്പറ്റി മറ്റു ചിലത് എഴുതിയതോടെ മണലെഴുത്തിന്റെ ഒന്നാം വാര്‍ഷികം വന്നെത്തുകയും ചെയ്തു. അങ്ങനെയുള്ള വാര്‍ഷികാഘോഷങ്ങളിലൊന്നും അത്ര തത്പരനല്ല ഞാന്‍ . എന്നാല്‍ ബ്ലോഗെഴുത്തില്‍ എത്തപ്പെടുക എന്നത് എന്റെ സാഹിത്യജീവിതത്തിലെ ഒരു സുപ്രധാന ഏടായി ഞാന്‍ കരുതുന്നു. അതാണ് ഇങ്ങനെയൊരു സ്വയം ഓര്‍മ്മപ്പെടുത്തലിന്റെ കാരണം..
എഴുത്ത് എന്നത് എന്നെ സംബന്ധിച്ചിടത്തോളം ആത്മാവിഷ്കാരത്തിനുള്ള ഒരു മാര്‍ഗ്ഗം എന്നതിനപ്പുറം പുതിയ സൌഹൃദങ്ങള്‍ കണ്ടെത്തുന്നതിനുള്ള വഴി കൂടിയാണ് . ഒരുപക്ഷേ ഒരോ എഴുത്തുകാരനും തന്റെ എഴുത്തിലൂടെ തേടുന്നത് സമാനമനസ്കരുമായുള്ള ഹൃദയസംവാദങ്ങളാവാം. സമാനമനസ്കര്‍ എന്നിവിടെ പറയുന്നത് എന്റെ ചിന്തകളോടും ആശയങ്ങളോടും യോജിക്കുന്നവര്‍ എന്ന ആശയത്തിലല്ല. പിന്നെയോ എന്റെ ആശയങ്ങളോട് അതെ തലത്തില്‍ നിന്ന് സംവേദിക്കുന്നവര്‍ എന്ന അര്‍ത്ഥത്തിലാണ് അങ്ങനെ ഒരുകൂട്ടം ആളുകളില്‍ എത്തപ്പെട്ട ഒരു വര്‍ഷമാണ് ഞാന്‍ പിന്നിട്ടു വന്നത്.
ഒരു വര്‍ഷം ഇതുള്‍പ്പെടെ 28 പോസ്റ്റുകള്‍ മാത്രം. മറ്റു പലരുടെയും എഴുത്തുമായി തട്ടിച്ചുനോക്കുമ്പോള്‍ വളരെ കുറച്ചു മാ‍ത്രം. പക്ഷേ എഴുതിയവയിലെല്ലാം സജീവമായ ചര്‍ച്ച ഞാന്‍ കണ്ടു. എന്നോട് വിയോജിച്ചവര്‍ ഏറെയുണ്ടായിരുന്നു എന്നോട് യോജിച്ചവരും. എന്റെ ബ്ലോഗ് പിന്‍ വലിക്കണമെന്ന് പറഞ്ഞ ഇരിങ്ങല്‍ മുതല്‍ എന്നെ ക്രിസ്ത്യന്‍ ലോബിയുടെ കേരളഘടകം പ്രസിഡന്റ് എന്നുവിശേഷിപ്പിച്ച റിച്ചാര്‍ഡ് വരെ. എന്റെ ബ്ലോഗു പ്രവേശനം ബൂലോഗത്തിനോടു വിളിച്ചുപറഞ്ഞ പെരിങ്ങോടന്‍ മുതല്‍ എന്നെ ജേഷ്ഠസഹോദരനായി കാണുന്ന അജി വരെ.. എന്നെ നഖശിഖാന്തം എതിര്‍ത്തവര്‍: എന്നോട് സമൂ‍ലം യോജിച്ചവര്‍. എന്റെ ബ്ലോഗെഴുത്ത് ഒട്ടും വിരസമായിരുന്നില്ല. സജീവമായ ഒരു ചര്‍ച്ചയില്‍ പങ്കെടുക്കുന്ന ഒരു ഉന്മേഷം ഈ ഒരു വര്‍ഷക്കാലം മുഴുവന്‍ എനിക്കു കിട്ടി. പ്രിന്റെഴുത്തിനേക്കള്‍ സജീവത തോന്നിയത് ഇവിടെയാണ്
അതെല്ലാം എന്നെ സന്തോഷചിത്തനാക്കുന്നു. എന്റെ എഴുത്ത് : ഞാന്‍ മുന്നോ‍ട്ടു വച്ച ആശയങ്ങള്‍ നിങ്ങള്‍ തള്ളിക്കളഞ്ഞില്ലല്ലോ. അവയില്‍ എന്തൊക്കെയോ പ്രതികരിക്കാന്‍ ഉണ്ടെന്ന് തോന്നിയതുകൊണ്ടാവണമല്ലോ നിങ്ങളുടെ വിലപ്പെട്ട സമയം ചിലവഴിച്ച് എന്റെ എഴുത്തില്‍ എത്തപ്പെട്ടതും എന്നോട് അഭിപ്രായം അറിയിച്ചതും. എന്നോട് വിയോജിച്ച് നിങ്ങളെന്റെ യഥാര്‍ത്ഥ സുഹൃത്താണെന്ന് തെളിയിക്കൂ എന്ന് പറയുന്ന ഒരു മഹത്തായ വാചകമാണ് ഞാനിപ്പോള്‍ ഓര്‍ക്കുന്നത്. ഏവര്‍ക്കും നന്ദി.
വെറുതെ അജ്ഞാത ഇടങ്ങളില്‍ ഇരുന്ന് സംവേദിക്കുക എന്നതിനപ്പുറം നിങ്ങളില്‍ ചിലരെയെങ്കിലും നേരിട്ട് കാണാനും അല്പസമയമെങ്കിലും നിങ്ങളോടൊപ്പം ചിലവിടാനും എനിക്കു സാധിച്ചു എന്നത് ഈ ബ്ലോഗുവര്‍ഷത്തിലെ മറ്റൊരു സുകൃതം. അബുദാബിയിലും ബഹ് റൈനിലുമായി പങ്കെടുത്ത രണ്ട് ബൂലോകസംഗമത്തിലൂടെയാണ് എനിക്കത് സാധ്യമായത്. ഒരുകൂട്ടം നല്ല മനസുകളെ കണ്ടുമുട്ടിയ ആശ്വാസമായിരുന്നു എനിക്കപ്പോള്‍. സര്‍വ്വം ശിഥിലമാകുന്നു എന്ന എഴുത്തുകാരന്റെ പെസിമിസത്തിനെതിരെ ഇവിടെ ഇനിയും ലോകത്ത് നന്മ പുലരാന്‍ ആഗ്രഹമുള്ള വര്‍ ഉണ്ടെന്ന അറിവാണ് ഈ സൌഹൃദങ്ങള്‍ സമ്മാനിച്ചത്.
എന്റെ ആകെ എഴുത്തിനെയും ഉണര്‍ത്തിവിടുവാന്‍ ഈ ഒരു വര്‍ഷത്തെ ഈ സംവാദങ്ങള്‍ സഹായിച്ചു എന്നതാണ് സത്യം. രണ്ട് പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചു. ഒരു നോവല്‍ വാരികയില്‍ ഖണ്ഡശ്ശയായി വന്നു മറ്റു ചില സുപ്രധാന രചനകള്‍ പൂ‍ര്‍ത്തിയാക്കാന്‍ കഴിഞ്ഞു. എഴുത്തില്‍ ചെറുതല്ലാത്ത സന്തോഷം എനിക്കുണ്ട്. അതിന്റെ പിന്നിലെ ഊര്‍ജ്ജം നിങ്ങളുടെ വരികളായിരുന്നു. ഈ ബഹളമയമായ ലോകത്തില്‍ ദൃശ്യമാധ്യമങ്ങളുടെ പ്രളയകാലത്ത് എഴുത്തുകാരനും എഴുത്തിനെ സ് നേഹിക്കുന്നവരും മുങ്ങിപ്പോകുന്നില്ല എന്നും അവര്‍ സജീവമായിത്തന്നെ ഇവിടെ ഉണ്ട് എന്നും അവര്‍ ഒരു മനസ്സായി അതിനെ വിവിധമാര്‍ഗ്ഗങ്ങളിലൂടെ നേരിട്ടുകൊണ്ടിരിക്കുകയാണ് എന്നും എന്നെ ബോധ്യപ്പെടുത്തിയതും നിങ്ങള്‍ തന്നെ.
വരും വര്‍ഷങ്ങളിലും നിങ്ങളോട് ഇതുപോലെ ഇതിനെക്കാള്‍ സജീവമായി സംവേദിക്കുവാന്‍ കഴിയട്ടെ എന്ന ആഗ്രഹത്തോടെ ഏവര്‍ക്കും ഒരിക്കല്‍ക്കൂടി നന്ദി പറഞ്ഞുകൊണ്ട് സ് നേഹപൂര്‍വ്വം ബെന്യാമിന്‍

11 comments:

ബെന്യാമിന്‍ said...

ഈയുള്ളവന്‍ ബൂലോഗത്തില്‍ എത്തപ്പെട്ടിട്ട് ഇന്നേക്ക് ഒരു വര്‍ഷം പൂര്‍ത്തിയാക്കുന്നു.

വിഷ്ണു പ്രസാദ് said...

താങ്കളുടെ മനോഹരങ്ങളായ കഥകള്‍ ആനുകാലികങ്ങളില്‍ നിന്നും സമാഹാരത്തില്‍ നിന്നും വായിക്കുകയുണ്ടായി.അത്തരം രചനകളൊന്നും താങ്കള്‍ ബൂലോകത്തിന് നല്‍കിയില്ല എന്നത് എന്നെ അത്ഭുതപ്പെടുത്തിയിരുന്നു.ചര്‍ച്ചകള്‍ ഉണ്ടാക്കിയെടുക്കാന്‍ താങ്കള്‍ പോസ്റ്റുകളില്‍ ബുദ്ധിപൂര്‍വം ഒളിച്ചു വെക്കുന്ന ചില സംഗതികള്‍ ബെന്യാമിന്‍ എന്ന എഴുത്തുകാരനെ ക്കുറിച്ച് ചില തെറ്റിദ്ധാരണകള്‍ ഉണ്ടാക്കിയിട്ടുണ്ട് എന്നത് നേരാവാം.

താങ്കളുടെ നല്ല കഥകള്‍ ബൂലോകര്‍ക്കും വായിക്കാന്‍ അവസരമുണ്ടാക്കണമെന്ന ഒരാവശ്യം മാത്രം ഈ അവസരത്തില്‍ മുന്നോട്ടു വെക്കുന്നു.

വാര്‍ഷികാശംസകള്‍...
എല്ലാ നന്മകളും...

--------------------------
വേഡ് വെറി ഒഴിവാക്കണേ...

MOHAN PUTHENCHIRA മോഹന്‍ പുത്തന്‍‌ചിറ / THOONEERAM said...

ബ്ലോഗ്ഗെഴുത്തിന്റെ ഒന്നാം വാര്‍ഷികം പിന്നിടുന്ന ബെന്യാമിന് എല്ലാ വിധ ആശംസകളും നേരുന്നു. ബ്ലോഗ്ഗെഴുത്തിനെ സമയം കൊല്ലാനുള്ള വെറുമൊരുപാധി എന്നതിലുപരി സര്‍ഗ്ഗാത്മകമായ രചനകള്‍‌ക്കും, ആരോഗ്യപരമായ സംവാദങ്ങള്‍ക്കുമുള്ള ഒരു വേദിയാക്കി ഉയര്‍ത്തുവാന്‍ തിരക്കുള്ള ജീവിതത്തിനിടയിലും താങ്കള്‍ക്കു കഴിഞ്ഞു എന്നത് അഭിനന്ദനാര്‍ഹം തന്നെ.

മൂര്‍ത്തി said...

ആശംസകള്‍..

G.MANU said...

aaSamsakaL benny

Murali K Menon said...

ഊര്‍ജ്ജസ്വലമായി രണ്ടാംവര്‍ഷം മുന്നോട്ടു പോകട്ടെ എന്നാശംസിച്ചുകൊണ്ട്

സജീവ് കടവനാട് said...

പ്രിന്റുമാധ്യമങ്ങളുടെ അതേ പ്രാധാന്യത്തില്‍ ബൂലോകത്തിലും വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന ബെന്യാമിന്‍ ചേട്ടന് ആശംസകള്‍!

രാജ് said...

ബെന്നീ, ഇന്ന് അബുദാബിയെ ഓര്‍മ്മിപ്പിച്ചതിലൊന്ന് ഈ പോസ്റ്റായിരുന്നു, മറ്റൊന്ന് അന്ന് നമ്മുടെ ഒപ്പം ഉണ്ടായിരുന്നു സാക്ഷിയുടെ വിവാഹവാര്‍ത്തകളും. ഇരുവരെയും ആദ്യം കാണുമ്പോള്‍ തോന്നിയിരുന്ന ഹര്‍ഷം ഇപ്പോഴും തോന്നുന്നു.

ബെന്യാമിന്‍ said...

വിഷ്ണു മാഷേ: വല്ലപ്പോഴുമാണ്‍ ഒരു കഥയെഴുതുന്നത് അത് പ്രിന്റ് മീഡിയയ്ക്ക് കൊടുക്കുന്നത് സ്വാര്‍ത്ഥത. പിന്നെ. കണ്ടുപിടിച്ചു അല്ലേ ആ സംഗതി. ഇനി പരമാവധി ഒഴിവാക്കാം. എന്നാലും അതൊക്കെയില്ലെങ്കില്‍ പിന്നെന്തു ബ്ലോഗ്..
മോഹന്‍: മൂര്‍ത്തി: മനു:മുരളി കിനാവ്ö നന്ദി. സജീവമായി തുടരാന്‍ ശ്രമിക്കാം.
പെരിങ്ങ്സേ: അതൊരു ദിവസമായിരുന്നു. ജീവിതത്തിലെ അപൂര്‍വ്വ ദിവസം. ആവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്ന ദിവസം.

വിശാഖ് ശങ്കര്‍ said...

വാക്കുകളുടെ കനത്തിനപ്പുറം കാതലുള്ള ചില വിനിമയങ്ങളുടെ ഭൂമികയാണി ബൂലോകം എന്ന ബോദ്ധ്യം ചില എഴുത്തുകള്‍ മുന്നോട്ടുവയ്ക്കുന്നുണ്ട്.താങ്കളുടെ കഥകളുമായ് പരിചിതനല്ലെങ്കിലും പ്രേരണയില്‍ വന്ന ലേഖനം എന്നോട് പറഞ്ഞത് ഇതു തന്നെ.ഇയാളെ എനിക്കറിയാം..അഥവാ അറിയാതിരിക്കാന്‍ നിവര്‍ത്തിയില്ല..!

കുട്ടനാടന്‍ said...

വിജയകരമായ ഏറെ വരും വര്‍ഷങ്ങളിലേക്ക് നീളട്ടെ ബെന്നിയുടെ ഈ സര്‍ഗ്ഗക്രിയ. എങ്കിലും കഴിഞ്ഞ ഒരു വര്‍ഷക്കാലത്തിനിടക്കുള്ള ഒമാനെ തഴഞ്ഞത് അത്ര ശരിയായില്ല