Tuesday, October 02, 2007

ഒരു നോവലിനൊപ്പം നിങ്ങള്‍ എത്രനാള്‍ ജീവിക്കും..? മൂന്നു കുറിപ്പുകള്‍

1. ഒരു നോവലിനൊപ്പം നിങ്ങള്‍ എത്രനാള്‍ ജീവിക്കും..?
ഒരു നോവല്‍ വായിക്കാന്‍ തുടങ്ങുന്നതോടെ നമ്മള്‍ ഒരു പുതിയ ലോകത്തിലേക്ക്‌ പ്രവേശിക്കുകയാണ്‌. ഒരു പക്ഷേ നമുക്ക്‌ കുറച്ചൊക്കെ പരിചിതമായ ഒരിടമാകാം അത്‌ അല്ലെങ്കില്‍ തീരെ പരിചിതമല്ലാത്ത ഒരിടം. യൂറോപ്പിലെ ഒരു പ്രാന്തപ്രദേശമാകാം അത്‌, ലാറ്റിനമേരിക്കയിലെ വാഴത്തോട്ടങ്ങള്‍ നിറഞ്ഞ ഒരു ഗ്രാമമാകാം, ഹൈറേഞ്ചിലെ ഒരു മഴക്കാലമാകാം, ആഫ്രിക്കയിലെ ഒരു മരുപ്രദേശമാകാം, റഷ്യയിലെ ഒരു മഞ്ഞുകാലമാകാം തിരുവിതാംകൂറിലെ ഒരു ഗ്രാമവുമാകാം. എന്തായാലും നമ്മുടെ ഇന്നുകളില്‍ നിന്നും വായനയിലൂടെ നാമൊരു യാത്രപോകുന്നുണ്ട്‌. അങ്ങനെ കൊണ്ടുപോകാന്‍ ഒരു നോവലിന്‌ കഴിയുക തന്നെവേണം. പിന്നെ നമ്മള്‍ ആ കാലാവസ്ഥയില്‍ അതിലെ കഥാപാത്രങ്ങള്‍ക്കൊപ്പം അവരുടെ വേദനകള്‍ പങ്കുവച്ച്‌, അവരുടെ ആവലാതികള്‍ തിന്ന്, അവരുടെ സന്തോഷങ്ങളില്‍ പങ്കുചേര്‍ന്ന്, അവരുടെ ഒളിഭോഗങ്ങള്‍ ആസ്വദിച്ച്‌ ആ കഥാപാത്രങ്ങളോടൊപ്പം ജീവിക്കുകയാണ്‌. ചിലപ്പോള്‍ ആ കഥാപാത്രങ്ങളായിത്തന്നെ ജീവിക്കുകയാണ്‌. നോവല്‍ വായിച്ചു കഴിയുന്നതോടെ മാത്രമേ പിന്നെ നാം ആ ജീവിതങ്ങളില്‍ നിന്ന് പുറത്തു കടക്കുന്നുള്ളൂ. പതിയെ വായിക്കുക ആസ്വദിച്ചു വായിക്കുക വളരെക്കാലമെടുത്തു വായിക്കുക എന്നത്‌ എന്റെ ശീലമാവുന്നത്‌, കുറേ ഏറെക്കാലം സ്വന്തം ജീവിതത്തിന്റെ വെളിയില്‍ സ്വന്തം സാധാരണകളുടെ വെളിയില്‍ ജീവിക്കാമല്ലോ എന്ന ആര്‍ത്തികൊണ്ടാണ്‌. ഒരു നല്ല നോവലിന്റെ വായന ഒരു ദീര്‍ഘയാത്രപോലെ ഒത്തിരി അനുഭവങ്ങള്‍ തരുന്ന ഒന്നാണ്‌. പല ഇടങ്ങളിലേക്കു മാത്രമല്ല. പല കാലങ്ങളിലേക്കുകൂടിയാണ്‌ ഒരു നോവല്‍ നമ്മെ കൂടിക്കൊണ്ടു പോകുന്നത്‌. ഒന്നാം നൂറ്റാണ്ടിലെ ക്രിസ്‌തുവിലേക്കും പതിനാറാം നൂറ്റാണ്ടിലെ ഇസ്‌താംബൂളിലേക്കും പതിനെട്ടാം നൂറ്റാണ്ടിലെ സൈബീരയിലേക്കും നാം നോവലുകളിലൂടെ ചെന്നെത്തുന്നുണ്ട്‌. നോവല്‍ വായനയ്ക്കൊടുവില്‍ നാം തിരിച്ച്‌ നമ്മുടെ സ്വന്തം വാസസ്ഥലത്ത്‌ എത്തിക്കഴിഞ്ഞാല്‍ അവശേഷിക്കുന്ന ചോദ്യം ഇതാണ്‌ - ആ നോവല്‍ എത്രനാള്‍ നമുക്കൊപ്പം ജീവിക്കും? ഒരു ദിവസം? ഒരാഴ്‌ച? ഒരു മാസം..? മക്കൊണ്ടയും ഖസാക്കും ഒന്നും ഒരുകാലത്തും നമ്മുടെ ജീവിതത്തില്‍ നിന്ന് ഒഴിഞ്ഞുപോകാത്തത്‌ എന്തുകൊണ്ടാകും..?!!

2. പന്തില്ലാതെ ഒരു ഫുട്ട്ബോള്‍ കളി
കേരളത്തിലെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടെയും പോഷകസംഘടനകള്‍ വിവിധ ഗള്‍ഫ്‌ രാജ്യങ്ങളിലുണ്ട്‌. മാതൃദേശത്താവട്ടെ അധിവസിക്കുന്ന മേഖലയിലാവട്ടെ യാതൊരു സ്വാധീനവും ചെലുത്താനാവാത്ത യാതൊരു ചലനവും രേഖപ്പെടുത്താത്ത ഈ സംഘടനകളുടെ രാഷ്ട്രീയ പ്രവര്‍ത്തനത്തെ പന്തില്ലാത്ത ഫുട്ട്ബോളുകളിയോട്‌ ഉപമിക്കാനാണ്‌ എനിക്കു തോന്നുന്നത്‌. ജനങ്ങളില്‍ പ്രത്യക്ഷമായോ പരോക്ഷമായോ ഏതെങ്കിലും വിധത്തിലുള്ള പ്രയോജനങ്ങള്‍ എത്തിക്കാന്‍ കഴിയാത്ത ഈ രാഷ്ട്രീയ പ്രവര്‍ത്തനത്തെ മറ്റ്‌ എന്തു കളിയോടാണ്‌ ഉപമിക്കാന്‍ കഴിയുക? ഓര്‍ക്കാന്‍ വല്ലാത്ത കൗതുകകരമായ ഒരു കളിയാണത്‌. ഇടതുപോസ്റ്റില്‍ നിന്ന് ഗോളി പന്ത്‌ നീട്ടിയടിച്ചു കൊടുക്കുന്നു. ഒരുത്തന്‍ അത്‌ ഹെഡ്‌ ചെയ്‌ത്‌ കൂട്ടാളിക്ക്‌ കൈമാറുന്നു. അവന്‍ പന്തുമായി എതിര്‍ പോസ്റ്റിലേക്ക്‌ പായുന്നു. എതിര്‍ ടീമിലൊരുത്തന്‍ അവനെ ബ്ലോക്കു ചെയ്യുന്നു. മറ്റൊരുത്തന്‍ കുതികാല്‍ വച്ച്‌ അവനെ വീഴ്‌ത്താന്‍ ശ്രമിക്കുന്നു. എല്ലാവരെയും വെട്ടിച്ച്‌ ഒടുവില്‍ ഗോളടിക്കുന്നു. ഗോളടിച്ചവന്‍ ആര്‍ത്തട്ടഹസിക്കുന്നു. സംഘാംഗങ്ങള്‍ കെട്ടിപ്പിടിച്ച്‌ ആഹ്ലാദം പങ്കുവയ്ക്കുന്നു. മേല്‍വിവരിച്ച എല്ലാ കായിക പ്രവര്‍ത്തനങ്ങളും ഇവിടുത്തെ രാഷ്ട്രീയത്തിനുമുണ്ട്‌. പക്ഷേ യഥാര്‍ത്ഥത്തില്‍ ഉണ്ടാവേണ്ട പന്തു മാത്രം കാലിലില്ലെന്നു മാത്രം. പിന്നെ ഈ നീട്ടിടയിയ്ക്കും ഹെഡു ചെയ്‌ത്തിനും ഓട്ടത്തിനും ബ്ലോക്കിനും കുതികാല്‍ വയ്പ്പിനും എന്തു പ്രസക്‌തി എന്നു മാത്രം ചോദിക്കരുത്‌. സങ്കല്‌പത്തില്‍ പന്തുകളിക്കാനും അതിന്റെ പേരില്‍ വീമ്പുപറയാനുമാണ്‌ ഗള്‍ഫ്‌ രാഷ്ട്രീയത്തിന്‌ ഇഷ്ടം. ഇതാണ്‌ ശരിയായ ഉത്തരാധുനിക രാഷ്ട്രീയം. കുറേക്കൂടി സമകാലികമായി പറഞ്ഞാല്‍ വെര്‍ച്വല്‍ രാഷ്ട്രീയം.

3. എഴുതാന്‍ കഴിയാത്ത ഉപമകള്‍
ഒഴിഞ്ഞ ബക്കറ്റില്‍ വെള്ളം വീഴുമ്പോള്‍ എന്തൊരു മുഴക്കമാണതിന്‌ എന്നു തുടങ്ങുന്ന ഒരു കഥ എഴുതണമെന്ന് ഞാന്‍ എപ്പോഴും വിചാരിക്കാറുണ്ട്‌. പക്ഷേ ഒരിക്കലും കഴിഞ്ഞിട്ടില്ല തന്നെ. ഇനിയെന്നെങ്കിലും കഴിയുമോ എന്നും സംശയം. കാരണം അങ്ങനെയൊരു വാചകത്തെ കഥയോടു കൂട്ടിയിണക്കാന്‍ പാകത്തില്‍ ഒരു കഥാസന്ദര്‍ഭം എനിക്കൊരിക്കലും ഒരുക്കിയെടുക്കാന്‍ സാധിച്ചിട്ടില്ല. അങ്ങനെ എത്രയെത്ര ഉപമകള്‍ മിന്നല്‍പോലെ ജ്വലിക്കുന്ന കഥാസന്ദര്‍ഭങ്ങള്‍ മഴയത്ത്‌ ഒറ്റയടിപാത താണ്ടിപ്പോകുന്ന കഥാപാത്രങ്ങള്‍. ഒരിക്കലും വാചകങ്ങളായി തര്‍ജ്ജിമ ചെയ്യപ്പെടാത്ത എത്രയധികം സങ്കല്‌പങ്ങള്‍ ഓരോ കഥാകാരന്റെയും ഉള്ളില്‍ തളംകെട്ടിക്കിടപ്പുണ്ടാവും. ചിന്തകളെയും സ്വപ്നങ്ങളെയും വാക്കുകളായി പരിവര്‍ത്തനം ചെയ്യാന്‍ സൗഭാഗ്യം ലഭിച്ച എഴുത്തുകാരെ നമുക്ക്‌ മറക്കാം. തങ്ങളുടെ ഉള്ളില്‍ തളം കെട്ടിക്കിടക്കുന്ന ചിന്തകള്‍ സ്വപ്നങ്ങള്‍ ലോകങ്ങള്‍ എങ്ങനെ ലോകത്തിനെ അറിയിക്കും എന്നറിയാതെ ആകുലപ്പെടുന്ന മനുഷ്യരുടെ കാര്യമാണ്‌ സങ്കടകരം. ഏതൊരു എഴുത്തുകാരനെക്കാളും തീക്ഷ്‌ണമായ ചിന്തകളും കഥകളും ഓരോ സാധാരണക്കാരെയും ഉള്ളില്‍ ഉറങ്ങുന്നുണ്ടാവാം. കൃത്യമായ വാക്കുകളും വരികളും വര്‍ണ്ണങ്ങളും വീണുകിട്ടിയിരുന്നെങ്കില്‍ എത്രയൊക്കെ വിചിത്രവും മനോഹരവുമായ ലോകം നമുക്ക്‌ തുറുന്നു കിട്ടുമായിരുന്നു. എഴുതാന്‍ കഴിയാതെ പോയതിനെ ഓര്‍ത്ത്‌ ഖേദിക്കുന്നതിനെക്കള്‍ എഴുതാന്‍ കഴിഞ്ഞ ഇത്തിരിയോര്‍ത്ത്‌ സന്തോഷിക്കുന്നതാണ്‌ നല്ലതെന്നും എഴുത്ത്‌ വിണുകിട്ടിയ ഒരു പുണ്യമാണെന്നും ആലോചിക്കുന്നത്‌ അപ്പോഴാണ്‌.

8 comments:

Anonymous said...

ആസ്വദിച്ചുതന്നെ വായിച്ചു.

കരീം മാഷ്‌ said...

വായിച്ചപ്പോള്‍ എനിക്കൊരു “കഥ വന്ന വഴി” എഴുതാന്‍ ഊര്‍ജ്ജം കിട്ടി.
നന്ദി ബെന്ന്യാമിന്‍.
എഴുത്തിന്റെ പിന്നിലെ അധ്വാനത്തെപറ്റിയും ആശയത്തെ പറ്റിയും പറയുന്നതു കേള്‍ക്കാനും ഒരു രസം.

സു | Su said...

ചില കഥകളെ മറക്കില്ല. ചിലതിനെ ശ്രമിച്ചാലും മറക്കാന്‍ പറ്റില്ല. ജീവിതത്തിലെ അനുഭവങ്ങള്‍ പോലെത്തന്നെ കഥകളും നമ്മോടൊപ്പം ഓര്‍മ്മയായി സഞ്ചരിക്കുന്നു.

എഴുതാന്‍ കഴിഞ്ഞതിനേക്കാളും എഴുതാന്‍ ഉള്ളിലുണ്ടെങ്കിലും, എഴുതി പ്രകടിപ്പിക്കാന്‍ കഴിഞ്ഞതിനെക്കുറിച്ച് ഞാനും സന്തോഷിക്കുന്നു.

ചിന്തിക്കാനുള്ളത് മുന്നിലേക്കിട്ടു തന്ന ഈ പോസ്റ്റിന് നന്ദി.

Abdu said...

ഞാനേറ്റവും കൂടുതല്‍‌ ജീവിച്ചത് 'ലന്തന്‍‌ ബത്തേരി'യിലോ 'ഖസാക്കിലോ' ആയിരിക്കണം, പക്ഷേ ആരും അറിയാതെ മരിക്കും വരെ ജീവിക്കണം എന്നാഗ്രഹിച്ചത് ബേപ്പൂര്‍‌ സുല്‍‌ത്താന്റെ കൂടെ ജയിലിലാണ്. എറ്റവും പ്രതീക്ഷയോടെ 'അമ്മ'യോടെപ്പം കാത്തിരിന്നിട്ടുണ്ട്, ഒരു പ്രതീക്ഷയുമില്ലാതെ 'ഗോദോ'യേയും കാത്തിരിന്നിട്ടുണ്ട്. പക്ഷേ എന്റെ കാമുകിയായിരുന്നവളോട് ഞാന്‍ പറയുക എം ടിയുടെ 'മഞ്ഞി'ല്‍‌ ജീവിക്കാനാണ്.....

Visala Manaskan said...

പ്രിയ ബെന്യാമിന്‍,

ആദ്യത്തെ കുറിപ്പെനിക്ക് വളരെയിഷ്ടമായി. ഒരു നോവല്‍ ഒരു മാസമെടുത്ത് വായിക്കുന്നുവെന്നറിഞ്ഞതില്‍ സന്തോഷം. എനിക്കൊരു കൂട്ടായല്ലോ!

തസ്രാക്ക് തന്നെ വായനയില്‍ ഏറ്റവും കൂടുതല്‍ ജീവിച്ച സ്ഥലം. അവസാനമായി വായിച്ചത് ആലേഹയുടെ പെണ്‍‌മക്കളാണ്.

അയിലെ ആ അമ്മാമ്മേരെ വര്‍ത്താനം ഇമ്മറോടെ പറയണ അതേ പോലെന്ന്യായോണ്ട് നമ്മളും ഒരു ചുട്ട കോക്കാഞ്ചിറക്കാരനായി മാറ്യാരുന്നു. ഒരു രണ്ടാഴ്ച. അയിലെ ‘മതീരി ക്ടാവേ..’ എന്ന ഒറ്റ വരീല് ഞാന്‍ വീണു.

ബെന്യാമിനെ വായിക്കണൊക്ക്യുണ്ട് ട്ടാ. കമന്റാന്‍ ഒരു ധൈര്യക്കുറവ് ഇണ്ടാര്‍ന്നു. ഇപ്പോ കൊറച്ചേശ്ശേ മാറി വരണ്ട്!!

:) ഇനിയും എഴുതണം ട്ടാ.

രാജ് said...

എഴുതാന്‍ കഴിയാത്ത ഉപമകളോ ;) അതിനു ബെന്നീ ഹാസ്യസാഹിത്യമാണോ എഴുതുന്നത് ഈയിടെ? ‘ഒഴിഞ്ഞ ബക്കറ്റില്‍ വെള്ളം വീഴുമ്പോള്‍ എന്തൊരു മുഴക്കമാണതിന്’ എന്നെഴുതുന്നത് ഉപയമൊന്നുമില്ലെന്ന് തോന്നുന്നു. ചെന്ന് അങ്ങനെയൊരു കഥയെഴുതി വരൂ, അല്ലെങ്കില്‍ ഞാനെടുത്ത് കാച്ചിക്കളയും.

രാജ് said...

പറയാന്‍ മറന്നു ‘സപ്പര്‍ സര്‍ക്കീട്ട്’ എസ്.കെയുടെ അതിന്റൊപ്പാവും ഞാന്‍ ഏറ്റവും കൂടുതല്‍ ജീവിച്ചിരിക്കുന്നത്.

Anonymous said...

ഓര്‍മയുണ്ടോ സുഹൃത്തേ ദേശാഭിമാനിയിലൂടെ പരിചയപ്പെട്ട ഈ കൂട്ടുകാരനെ?
.....സുരേഷ് ഐക്കര