Saturday, January 19, 2008

ബഷീര്‍ - അന്ധന്മാര്‍ കണ്ട ആന

‍അന്ധന്മാര്‍ ആനയെ കണ്ടതുപോലെയാണ്‌ മലയാളികള്‍ ബഷീറിനെ വായിച്ചത്‌. ചിലര്‍ക്കതിന്റെ തുമ്പിക്കൈ മാത്രമാണ്‌ കാണാന്‍ കഴിഞ്ഞത്‌ ചിലര്‍ക്ക്‌ കാലുമാത്രം ചിലര്‍ക്ക്‌ ശരീരം മാത്രം. ചിലര്‍ കൊമ്പുകണ്ട്‌ പേടിച്ചു. ചിലര്‍ ലിംഗം കണ്ട്‌ അശ്ലീലജന്തു എന്ന് കുറ്റപ്പെടുത്തി. നമ്മുടെ കാഴ്ചയുടെ മാത്രം പ്രശ്നമായിരുന്നില്ല അത്‌. ബഷീര്‍ എന്ന ആനയുടെ വലുപ്പത്തിന്റെ ഒരുപ്രശ്നംകൂടി അതില്‍ അടങ്ങിയിട്ടുണ്ട്‌. ആ ആനയെ മൊത്തത്തില്‍ തൊട്ടുപരിശോധിക്കാന്‍ നമുക്ക്‌ ആവുമായിരുന്നില്ല. അത്‌ നമ്മുടെ എക്കാലത്തെയും പരിമിതി ആയിരുന്നു. ബഷീറിന്റെ രചനകളിലൂടെ കടന്നുപോയിട്ടുള്ള ഏതൊരാളും അദ്ഭുതപ്പെടുക എങ്ങനെ ഈ കൃതിയില്‍ ഇത്രയും ആഴം നിറഞ്ഞ ലാളിത്യം കൈവന്നു എന്നാവാം..? ജീവിതത്തെ എങ്ങനെ ഒരു മനുഷ്യന്‌ ഇത്ര നിസ്സാരമായി കാണാന്‍ കഴിഞ്ഞു എന്നാവാം..? ജീവിതത്തെ അതിന്റെ പൊങ്ങച്ചങ്ങളെ അതിന്റെ അല്‌പത്തരങ്ങളെ അതിന്റെ കാപട്യത്തെ ഇത്ര തുറന്ന് വിമര്‍ശിക്കുവാന്‍ കഴിഞ്ഞു എന്നാവാം..? അതിന്റെ പിന്നിലെ ഊര്‍ജ്ജസ്രോതസ്‌ കടുത്ത ജീവിതാനുഭവങ്ങള്‍ നേടിക്കൊടുത്ത നിര്‍മ്മമതയും പ്രാപഞ്ചിക വീക്ഷണവും തന്നെയായിരുന്നു എന്നു തോന്നുന്നു. സൂഫിസത്തിലൂടെ കടന്നുപോയതിന്റെ ഒരു വലിയ അനുഭവം ബഷീറിനുണ്ട്‌. മിസ്റ്റിസത്തിന്റെ ആ തലങ്ങളില്‍ ചെന്നെത്തിനോക്കിയിട്ടുള്ള എഴുത്തുകാര്‍ മലയളത്തില്‍ വേറെയില്ലതന്നെ. ഹിമാലയന്‍ സാനുക്കളിലെ ഏറ്റവും ഉള്‍മടക്കുകളില്‍പ്പോലും കടന്നുചെന്ന് ബഷീര്‍ സൂഫിവര്യന്മാരുടെ നിര്‍മ്മമത കണ്ടുശീലിച്ചിട്ടുണ്ട്‌. ബഷീറിന്റെ പലവഴികളില്‍ ഒന്നുമാത്രമായിരുന്നു സൂഫിസം. സ്വാതന്ത്ര്യസമരത്തിലൊക്കെ പങ്കെടുത്തിട്ടുള്ള ഒരാള്‍ എങ്ങനെയാവും പില്‌ക്കാലജിവിതം പിന്നിടുക എന്ന് നമുക്ക്‌ ചില സങ്കല്‌പങ്ങള്‍ ഒക്കെ കാണും. എന്നാല്‍ അതിനെ കൃത്യമായി അട്ടിമറിച്ച വ്യക്‌തിയണ്‌ ബഷീര്‍. ബഷീര്‍ ഗുസ്‌തിക്കാരനായിരുന്നു, ഹോട്ടല്‍ ജോലിക്കാരനായിരുന്നു, കൈനോട്ടക്കാരനായിരുന്നു. പുസ്തകകച്ചവടക്കാരനായിരുന്നു. സൂഫിയായിരുന്നു. ഒരു മുഴുത്ത ഭ്രാന്തനായിരുന്നു. പിന്നെയും ആരൊക്കെയോ ആയിരുന്നു. ഇത്രയും വലിയ അനുഭവ പശ്ചാത്തലത്തിലൂടെ കടന്നുപോയിട്ടുള്ള എത്ര എഴുത്തുകാര്‍ നമുക്കുണ്ട്‌..? ഈ അനുഭവങ്ങളില്‍ വളരെക്കുറച്ചു മാത്രമാണ്‌ ബഷീര്‍ തന്റെ കഥകളിലൂടെ പ്രകാശിപ്പിച്ചിട്ടൊള്ളൂ. രചനകളിലൂടെ അറിയപ്പെട്ട ബഷീര്‍ ആനയാണെങ്കില്‍ അറിയപ്പെടാത്ത ബഷീര്‍ ഹിമാലയമാണെന്ന് പറയേണ്ടിവരും. വാന്‍ഗോഗിനെപ്പോലെ തന്റെ ഭ്രാന്തിനെ സര്‍ഗ്ഗാത്മകതയായി പരിവര്‍ത്തനം ചെയ്‌ത അല്ലെങ്കില്‍ അങ്ങനെ ചെയ്യാന്‍ കഴിഞ്ഞ അപൂര്‍വ്വം വ്യക്‌തികളില്‍ ഒരാള്‍. ബഷീറിനെ പലരും ചിത്രീകരിച്ചിരിക്കുന്നത്‌ മാവിന്‍ ചുവട്ടിലിരിന്ന് സോജാരാജകുമാരി കേള്‍ക്കുന്ന ഒരു വൃദ്ധനായിട്ടാണ്‌. പക്ഷേ ബഷീറിന്‌ വായനയുടെ ഒരു വലിയ പശ്ചത്തലമുണ്ടായിരുന്നു എന്ന് പലര്‍ക്കും അറിഞ്ഞുകൂടാ. 'മക്കയിലേക്കുള്ള പാത' എന്ന വിശ്വവിഖ്യാതമായ കൃതി എഴുതിയ മുഹമ്മദ്‌ അസദിനെ മലയാളിക്ക്‌ ആദ്യമായി പരിചയപ്പെടുത്തിയത്‌ ബഷീറാണ്‌. പേര്‍ഷ്യന്‍ മിസ്റ്റിക്‌ കവി അത്തറിനെപ്പറ്റിയും മലയാളിക്ക്‌ പറഞ്ഞുകൊടുത്തത്‌ ബഷീര്‍ തന്നെ. 1915- ല്‍ നോബല്‍ സമ്മാനം നേടിയ റൊമേയ്‌ന്‍ റോളണ്ടിന്റെ 'ജീന്‍ ക്രിസ്‌റ്റോഫ്‌' എന്ന കൃതി എത്രയോ വര്‍ഷം മുന്‍പ്‌ ബഷീര്‍ വായിക്കുകയും ജീവിതത്തില്‍ ഏതൊരാളും വായിച്ചിരിക്കേണ്ട കൃതി എന്ന് നിര്‍ദ്ദേശിക്കുകയും ചെയ്‌തിരിക്കുന്നു. മലയളിയുടെ വായന ഇത്രയൊക്കെ വളന്നിട്ടും ഇന്നും എത്ര പേര്‍ക്ക്‌ ആ കൃതിയെപ്പറ്റി അറിയാം എന്നിടത്താണ്‌ നാം അന്നത്തെ ബഷീറിന്റ വായനയെ തിരിച്ചറിയേണ്ടത്‌. അനുഭവങ്ങളുടെയും വായനയുടെയും രണ്ട്‌ മുഖ്യധാരകളാണ്‌ ബഷീറിന്റെ രചനകളെയും പ്രാപഞ്ചിക വീക്ഷണത്തെയും പരുവപ്പെടുത്തിയത്‌ എന്നാണ്‌ എന്റെ വിശ്വാസം. അങ്ങനെയൊരാള്‍ക്ക്‌ ഇത്ര പരിഹാസിയായിരിക്കാന്‍ കഴിയൂ. അങ്ങനെയൊരാള്‍ക്കേ ഈ പ്രപഞ്ചം എന്റെ മാത്രം മനുഷ്യന്റെ മാത്രം സ്വന്തമല്ല അത്‌ പാമ്പിന്റെയും പല്ലിയുടെയും കീരിയുടെയും പുഴുവിന്റെയും കൂടി സ്വന്തമാണെന്ന് ഒരു കഥയെഴുതി പ്രഖ്യാപിക്കാന്‍ കഴിയൂ. ഒന്നും ഒന്നും ചെര്‍ന്നാല്‍ രണ്ടല്ല ഇമ്മിണി വലിയ ഒന്നാണ്‌ കിട്ടുക എന്നൊരു തത്വജ്ഞാനം പ്രകടിപ്പിക്കാനാകൂ.വിവര്‍ത്തനത്തില്‍ നഷ്ടപ്പെടുന്നതെന്തോ അതാണ്‌ കവിത എന്നുപറഞ്ഞതുപോലെ വിവര്‍ത്തനത്തില്‍ നഷ്ടപ്പെടുന്നതായിരുന്നു ബഷീറിന്റെ ഭാഷയും. അതായിരുന്നു ആ ഭാഷയുടെ കരുത്ത്‌. മുസ്ലീം എഴുത്തുകാരനായും മലബാറിന്റെ എഴുത്തുകാരനായും ബഷീറിനെ ചിത്രീകരിച്ചവര്‍ ആ ഭാഷയുടെ കരുത്ത്‌ കാണാതിരുന്നവര്‍ ആയിരുന്നിരിക്കില്ല.കാണാന്‍ മടിച്ചവരായിരിക്കണം. അങ്ങനെ ബഷീറിനെ എതിര്‍ത്തവര്‍ ഒക്കെ ചരിത്രത്തിന്റെ ഇരുളില്‍ ചെന്നുപതിക്കുമ്പോള്‍ ബഷീര്‍ എന്ന കഥയുടെ സൂഫി വര്യന്‍ പുതിയപുതിയ വായനാജന്മങ്ങള്‍ പിന്നിടുന്നത്‌ നാം കാണുന്നു. ഇങ്ങനെയല്ലാതെ പിന്നെങ്ങനെയാണ്‌ ഒരെഴുത്തുകാരന്‍ ജീവിച്ചിരിക്കേണ്ടത്‌. വൈക്കം മുഹമ്മദ്‌ ബഷീര്‍ എന്ന അനന്യനായ എഴുത്തുകാരന്റെ ജന്മശതാബ്ദി ആഘോഷിക്കുന്ന ഈ വേളയില്‍ ബഷീറിനെക്കുറിച്ചുള്ള എന്റെ കാഴ്ചകള്‍ പല അന്ധന്മാരില്‍ ഒരാളുടെ കാഴ്ച മാത്രമേ ആകുന്നൊള്ളൂ. നിങ്ങള്‍കൂടി കാണുകയും അതേപ്പറ്റി വിവരിക്കുകയും ചെയ്‌തു കഴിയുമ്പോഴേ ആ ആനയെക്കുറിച്ചുള്ള കാഴ്ച പൂര്‍ണ്ണമാവുകയൊള്ളൂ. അതിനായി കാത്തിരിക്കുന്നു.

10 comments:

കടവന്‍ said...

ഇത്രയും വലിയ അനുഭവ പശ്ചാത്തലത്തിലൂടെ കടന്നുപോയിട്ടുള്ള എത്ര എഴുത്തുകാര്‍ നമുക്കുണ്ട്‌..?

ഏറനാടന്‍ said...

അതെ ബഷീര്‍ ദി ജീനിയസ്സ് മലയാളീ..

Anonymous said...

ഉചിതം

സജീവ് കടവനാട് said...

ബെന്യാമിന്‍ കുറേകാലത്തിനുശേഷം പോസ്റ്റ് ചെയ്ത ലേഖനം നന്നായി.പക്ഷേ ബഷീറിനെകുറിച്ച് എഴുതുകയായിരുന്നു അന്ധന്മാരെ കുറിച്ചെഴുതുന്നതിനേക്കാള്‍ നന്നായിരുന്നതെന്ന് തോന്നുന്നു.

കുട്ടനാടന്‍ said...
This comment has been removed by the author.
കുട്ടനാടന്‍ said...

പ്രിയ ബെന്നീ
ഏറെ അവസരോചിതമാ‍യ ഒരിടപെടല്‍.
തനി പാത്തുമ്മയും ആ ആടും കൂടി ക്ലാസ്സില്‍ വന്ന ഒരു രംഗം ഇന്നലെ ചാനലില്‍ കാണിച്ചു. അത് കുരുന്നുകളുടെ ഭാവന. അല്ലങ്കില്‍ അത്രയുമെങ്കിലും അവരെക്കൊണ്ടു ചെയ്യിച്ച ആരാധ്യത. അതിലുമെത്രയോ ഉയരങ്ങലിലെത്തി ബെന്നിയുടെ ഈ കുറിപ്പ്. ഈ ഒരവബോധം ഏതൊരെഴുത്തുകാരനും അടിസ്ഥാനപരമായുണ്ടായിരുന്നെങ്കില്‍ നമ്മുടെ ഭാഷയ്ക്ക് (സാഹിത്യമെന്നു പറയുന്നില്ല, കാരണം ബഷീറിന്റേത് സാഹിത്യമായിരുന്നില്ല, ശുദ്ധ ഭാഷ മാത്രമായിയിരുന്നു) ഇന്നത്തെ ഗതിയുണ്ടാവുമായിരുന്നില്ല !

രാജ് said...

പാത്തുമ്മായുടെ ആടിനേയും ന്റുപ്പുപ്പായ്ക്കൊരാനേണ്ടാര്‍ന്നും കുട്ടികള്‍ക്ക് വായിക്കാന്‍ എടുത്തു കൊടുത്ത മലയാളികളെ ആദ്യം തല്ലണം. ആ കുട്ടികള്‍ വലുഥായിട്ടും ബഷീര്‍ കഥകളെ കുട്ടികളുടെ അതേ നിലവാരത്തില്‍ വായിക്കുകയാണെങ്കില്‍ വെടിവെച്ചു കൊല്ലുകയും വേണം.

എന്താ ബെന്ന്യേ സമ്മതാണോ?

ബെന്യാമിന്‍ said...

കടവന്‍, ഏറനാടന്‍, സുനില്‍, കുട്ടനാടന്‍ നന്ദി.
കിനാവ് : ഈ അന്ധന്‍ എന്ത് ബഷീറിനെക്കുറിച്ച് എഴുതാന്‍..? ബാക്കി അന്ധന്മാരെക്കുറിച്ച് എഴുതാന്‍ പോലും യോഗ്യതയില്ലാതിരിക്കെ.

രാജ്: സത്യം. സത്യം.

Meenakshi said...

അവസരോചിതമായ പോസ്റ്റ്‌.
മലയാളസാഹിത്യത്തിലെ "ഇമ്മിണി ബല്യ ഒന്ന് "
തന്നെ നമ്മുടെ ബേപ്പൂര്‍ സുല്‍ത്താന്‍!

Abey E Mathews said...

http://boolokam.ning.com/


മലയാളം ബ്ലൊഗ്ഗെര്‍സ്‌ സൊഷ്യല്‍ നെറ്റ്‌വര്‍ക്ക്‌Malayalam Bloggers Social Network
please join all malayalam bloggers
specially you