Tuesday, February 19, 2008

അന്ന, മൃഗശാല, ജെമിനി സര്‍ക്കസ്‌

അന്ന
കോഴിക്കോട്ട്‌ നില്‌ക്കുമ്പോഴാണ്‌ ആ വാര്‍ത്ത അറിയുന്നത്‌. ഒരു പഴയ സൗഹൃദമായിരുന്നു അന്ന. ഒന്നുമുതല്‍ പ്രീഡിഗ്രി വരെ ഒന്നിച്ചുപഠിച്ചതിന്റെ വെറും പരിചയമല്ല അതിനപ്പുറവും ഉണ്ടായിരുന്ന നല്ലൊരു കൂട്ട്‌. അവളുടെ സഹോദരന്‍ സുനില്‍ എന്റെ ഏറ്റവും അടുത്ത സുഹൃത്തുക്കളില്‍ ഒരാളാണ്‌. അന്നയുടെ ഊര്‍ജ്ജസ്വലതയും തീക്ഷ്ണതയും മനസ്സിലിട്ട്‌ പണ്ടൊരു കഥ എഴുതിയിട്ടുണ്ട്‌ ഞാന്‍. 'ഒരു വിവാഹ ക്ഷണക്കത്തിനുള്ള മറുപടി' യുത്തനേസിയ എന്ന കഥാസമാഹാരത്തില്‍ അത്‌ ഉള്‍പ്പെടുത്തിയിട്ടുമുണ്ട്‌. തീക്ഷ്ണവും ക്ഷുഭിതവുമായിരുന്നു അന്നയുടെ കോളേജ്‌ ദിനങ്ങള്‍. അനന്യമായ ചിന്താപദ്ധതികള്‍ അവള്‍ക്കുണ്ടായിരുന്നു. പക്ഷേ എല്ലാം പതിയെ കൊഴിഞ്ഞില്ലാതാവുന്നു എന്ന എന്റെ തോന്നലില്‍ നിന്നാണ്‌ പണ്ട്‌ അങ്ങനെയൊരു കഥ എഴുതിയത്‌. ആ തോന്നല്‍ പിന്നത്തെ ജീവിതത്തിനിടയിലെപ്പഴോ അന്നയെയും പിടികൂടി എന്നാണ്‌ ഇപ്പോഴെനിക്ക്‌ തോന്നുന്നത്‌.
ആ വാര്‍ത്ത അറിഞ്ഞതോടെ, മുന്നാലുദിവസത്തെ പദ്ധതിയുമായി കോഴിക്കോടിനു പോയ എനിക്ക്‌ പിന്നവിടെ നില്‌പ്പുറച്ചില്ല. മാധ്യമത്തിലും മാതൃഭൂമിയിലും ഒന്ന് ഓടിക്കയറി എന്‍.പി. സജീഷിനെയും എം. ആര്‍ രാജേഷിനെയും ഒന്നു കണ്ട്‌ നേരെ നാട്ടിലേക്ക്‌ തിരികെപ്പോന്നു. അന്നയുടെ അന്ത്യയാത്രയ്ക്ക്‌ സാക്ഷിയാവാന്‍. ശവസംസ്കാര ചടങ്ങിനിടെ മറ്റൊരു സുഹൃത്ത്‌ കരഞ്ഞതുപോലെ കോളേജ്‌ കാലത്തിനുശേഷം എത്രയോവട്ടം അവളുടെ വീടിനടുത്തുകൂടി പോയിരിക്കുന്നു, ഒരിക്കല്‍പ്പോലും അവിടൊന്നു കയറി എന്തുണ്ടെടീ വിശേഷം എന്നൊന്നു ചോദിക്കാന്‍ നമുക്കൊന്നും തോന്നിയില്ലല്ലോ. സന്തോഷരായിരിക്കുന്നു എന്ന് നമ്മള്‍ കരുതുന്നവരൊക്കെ അത്ര സന്തോഷത്തിലല്ല ജീവിക്കുന്നതെന്ന് അന്ന എന്നെ ഓര്‍മ്മിപ്പിക്കുന്നു. നാളേക്ക്‌ എന്നു മാറ്റി വയ്ക്കുന്നതൊക്കെ ഒരിക്കലും സംഭവിക്കാതെ കടന്നുപോകാനാണ്‌ സാധ്യതയെന്നും.

തിരുവനന്തപുരം മൃഗശാല
വളരെ ചെറുതായിരുന്നപ്പോള്‍ ഒന്നുരണ്ടുവട്ടം മൃഗശാല സന്ദര്‍ശിച്ചതിന്റെയും ആദ്യമായ പല മൃഗങ്ങളെയും കണ്ടതിന്റെയും അദ്ഭുതം ഇന്നും മനസ്സില്‍ നിന്ന് മാഞ്ഞിട്ടില്ല. അത്തരം ഇടങ്ങളിലേക്ക്‌ ഇപ്രായത്തില്‍ വീണ്ടും ചെല്ലുമ്പോള്‍ നാം നമ്മുടെ ബാല്യത്തിലേക്കാണ്‌ ചെല്ലുന്നത്‌. ആ ബാല്യം അത്രയൊന്നും ദൂരെയല്ലാത്തപോലെ ഒരു കൗതുകം ഇപ്പോഴും മനസ്സില്‍ അവശേഷിക്കുന്നുണ്ട്‌. ഇത്തവണ പോയത്‌ എന്റെ കുട്ടികള്‍ക്കുവേണ്ടിയായിരുന്നു. അവരും ഭാവിയിലേക്ക്‌ ആ ദിവസം മനസ്സില്‍ സൂക്ഷിക്കുന്നുണ്ടാവാം.
മൃഗശാല ആകെയൊന്ന് മാറിയിട്ടുണ്ട്‌. പണ്ട്‌ കൂട്ടില്‍ക്കിടന്ന മൃഗങ്ങളില്‍ പലവയും ഇന്ന് അതിനുവേണ്ടി വേര്‍തിരിച്ചിരിക്കുന്ന തുറസ്സിടങ്ങളിലേക്ക്‌ മാറിയിരിക്കുന്നു. കുരങ്ങന്മാര്‍ക്ക്‌ മരങ്ങളും സിംഹത്തിന്‌ വനാന്തരവും മാനുകള്‍ക്കായി മൈതാനങ്ങളും സൃഷ്ടിക്കപ്പെട്ടിരിക്കുന്നു. കൂടുകളില്‍ അടയ്ക്കപ്പെട്ട വന്യജീവികള്‍ എന്ന സങ്കല്‌പം മാറ്റി അതാത്‌ ജീവികളുടെ ജീവിതപരിസരവുമായി ഇണങ്ങുന്ന ഇടങ്ങള്‍ എന്ന പാശ്ചാത്യസങ്കല്‌പത്തിലേക്ക്‌ ഏറെ വൈകിയാണെങ്കിലും നമ്മുടെ മൃഗശാലയും മാറിയിരിക്കുന്നു. അവിടുത്തെ ഒട്ടകപ്പക്ഷിയുടെ താമസസ്ഥലം ഉദ്ഘാടനം ചെയ്യാന്‍ നമ്മുടെ വിദ്യാഭ്യാസമന്ത്രി എം.എ. ബേബിയാണെത്തിയത്‌ എന്നത്‌ കൗതുകകരമായ സംഗതിയാണ്‌. തിരുവനന്തപുരം സിറ്റിയുടെ ഹൃദയഭാഗത്താണ്‌ ഈ മൃഗശാല സ്ഥിതിചെയ്യുന്നത്‌. കേരളത്തെ ഇന്ന് ഭരിക്കുന്ന ഭൂമാഫിയ വളരെ കൊതിയോടെ നോക്കിക്കൊണ്ടിരിക്കുന്ന സ്ഥലങ്ങളിലൊന്നാണിത്‌. മൃഗശാല ഏതെങ്കിലും കിഴക്കന്‍ ഭാഗത്തേക്കു മാറ്റി അവൈടെ ഷോപ്പിംഗ്‌ കോപ്ലക്സുകള്‍ പണിയണമെന്ന് അവരുടെ ദീര്‍ഘനാളത്തെ ആവശ്യമാണ്‌. എന്നാല്‍ രാഷ്ട്രീയകക്ഷികളുടെ ഇച്ഛാശക്‌തിയോടെയുള്ള പ്രതിഷേധങ്ങളാണ്‌ ഇപ്പോഴും തിരുവനന്തപുരം മൃഗശാലയെ അവിടെ നിലനിര്‍ത്തുന്നത്‌. പക്ഷേ കേരളത്തെ എമ്പാടും വിഴുങ്ങിക്കഴിഞ്ഞ ഈ ഭൂമാഫിയയുടെ വലിയ പ്രലോഭനങ്ങള്‍ക്കു മുന്നില്‍ രാഷ്ട്രീയ കക്ഷികള്‍ക്ക്‌ എത്രകാലം പിടിച്ചു നില്‌ക്കാനാവും എന്ന് സംശയമുണ്ട്‌. ഒരുപക്ഷേ നാളെയൊരിക്കല്‍ എന്റെ കുട്ടികള്‍ തിരുവനന്തപുരത്തെ ഒരു ഭക്ഷണശാലയിലിരുന്ന് കെന്റൂക്കി ചിക്കനടിക്കുമ്പോള്‍ പണ്ടിവിടെ ഒരു മൃഗശാലയുണ്ടായിരുന്നു, ഞങ്ങളവിടെ വന്നിട്ടുണ്ട്‌ എന്ന് പറയേണ്ടി വരുമോ..? അങ്ങനെ വരാതിരിക്കട്ടെ. ഈ മൃഗശാലയുടെ ഇടവഴികളിലൂടെ നടക്കുമ്പോള്‍ അവര്‍ അവരുടെ കുട്ടികളുടെ കണ്ണുകളില്‍ നിറയുന്ന ആദ്യകൗതുകം കാണാന്‍ ഇടയാവട്ടെ.

ജെമിനി സര്‍ക്കസ്‌
സര്‍ക്കസ്‌ എന്നുകേള്‍ക്കുമ്പോള്‍ രാത്രികാലങ്ങളില്‍ ആകാശത്ത്‌ കറങ്ങിത്തിരിന്‍ഞ്ഞെത്തുന്ന ഒരു നീളന്‍ പ്രകാശമാണ്‌ ആദ്യം ഓര്‍മ്മയില്‍ എത്തുന്നത്‌. പണ്ടൊക്കെ എത്ര ആകാംക്ഷയായിരുന്നെന്നോ ഈ ആകാശവെളിച്ചം കാണാന്‍. ഇരുപതു വര്‍ഷത്തിനുശേഷം വീണ്ടും ജെമിനി സര്‍ക്കസ്‌ പത്തനംതിട്ടയില്‍ പ്രദര്‍ശനത്തിനെത്തിയെന്നറിഞ്ഞപ്പോള്‍ ആ വെളിച്ചം തിരഞ്ഞ്‌ ഏറെ രാത്രികളില്‍ പുറത്ത്‌ കാത്തുനിന്നു. പക്ഷേ ഇത്തവണ സര്‍ക്കസിനൊപ്പം ആ വെളിച്ചമെത്തിയില്ല. കാലം മാറുമ്പോള്‍ പല വെളിച്ചങ്ങളും ഇതുപോലെ ഇല്ലാതാവുന്നു. ഞാന്‍ കാതോലിക്കേറ്റില്‍ പ്രിഡിഗ്രിക്ക്‌ പഠിക്കുന്ന കാലത്താണ്‌ ഇതിനുമുന്‍പ്‌ ജെമിനി സര്‍ക്കസ്‌ അതിന്റെ ലോകംചുറ്റി സഞ്ചാരത്തിനിടയില്‍ പത്തനംതിട്ടയില്‍ എത്തുന്നത്‌. ധൂമകേതുവിന്റെ പോലെയുള്ള ആ വരവ്‌ ഇത്തവണത്തെ എന്റെ അവധിയുമായി ഒത്തുവന്നു. പ്രീഡിഗ്രിക്കാലത്ത്‌ ഒന്നും രണ്ടും തവണയല്ല ഏഴുതവണയാണ്‌ ഞാന്‍ ജെമിനി സര്‍ക്കസ്‌ കണ്ടത്‌. സര്‍ക്കസിനോടുള്ള അമിത താത്‌പര്യമായിരുന്നില്ല, അതിലെ സുന്ദരിയായ ഒരു ആര്‍ട്ടിസ്റ്റിനെ വീണ്ടുംവീണ്ടും കാണാനുള്ള ഒരു കൗമാരക്കാരന്റെ ആഗ്രഹമായിരുന്നു അത്‌. ഇരുപതുവര്‍ഷം മുന്‍പുണ്ടായിരുന്ന ഒരു കഥാപാത്രം ഇപ്പോഴും നിശ്ചലമായി നില്‌ക്കുന്നു എന്ന മിഥ്യാവിചാരമാണോ എന്നെ ജെമിനി സര്‍ക്കസിന്റെ ടെന്റിലേക്ക്‌ നയിച്ചതെന്നു തോന്നുന്നു. സമാനമായ ഒരു സംഭവം എം. കൃഷ്ണന്‍ നായര്‍ സാഹിത്യവാരഫലത്തില്‍ ഒരിക്കല്‍ പറഞ്ഞത്‌ ഓര്‍ക്കുന്നു. അദ്ദേഹം ഒരു കാറില്‍ യാത്ര ചെയ്യുകയാണ്‌. പെട്ടെന്ന് ഒരു വളവനുവച്ച്‌ അതിസുന്ദരിയായ ഒരു സ്‌ത്രീ പ്രത്യക്ഷപ്പെട്ടു. ഒരുനിമിഷം മാത്രം ആ സൗന്ദര്യം കണ്ടാസ്വദിച്ച്‌ അദ്ദേഹം യാത്ര തുടര്‍ന്നു. പിന്നീട്‌ എപ്പോള്‍ ആ വഴി വന്നാലും ആ വളവിനെത്തുമ്പോള്‍ ആ സുന്ദരിയായ സ്‌ത്രീ പ്രത്യക്ഷപ്പെടുമെന്ന് അദ്ദേഹം ആശിക്കുന്നു. തനിക്കിഷ്ടപ്പെട്ട കാലത്തെ നിശ്ചലമാക്കി നിര്‍ത്താനുള്ള മനസ്സിന്റെ ഒരു പാഴ്‌ശ്രമം. ജെമിനി സര്‍ക്കസിന്റെ ടെന്റുകള്‍ക്ക്‌ ഇപ്പോള്‍ പണ്ടുകണ്ട നിറമില്ല, ആകര്‍ഷണീയതയില്ല. സ്വപ്നത്തിലെ ടെന്റ്‌ സൗന്ദര്യത്തിന്റെ കൂടാരമായിരുന്നു ഇന്നത്‌ റാര്‍പാളിന്റെയും തകരപ്പാട്ടയുടെയും താത്‌കാലിക നിര്‍മ്മതി. സര്‍ക്കസില്‍ ഇപ്പോള്‍ പഴയതുപോലെ മൃഗങ്ങളില്ല. ആന, കുതിര ഒട്ടകം, നായ തീര്‍ന്നു. പണ്ട്‌ സിംഹത്തിന്റെയും കരടിയുടെയും പുലിയുടെയും രൂക്ഷഗന്ധം സര്‍ക്കസിന്റെ സന്തതസഹചാരിയായിരുന്നു. പ്രതാപം അസ്‌തമിക്കുന്നതുപോലെ തോന്നിച്ച ആ കൂടാരത്തില്‍ തീര്‍ച്ചയായും പണ്ടുകണ്ട ആ പെണ്‍കുട്ടിയുമില്ല. അഥവാ ഉണ്ടെങ്കില്‍ത്തന്നെ എന്റെ സങ്കല്‌പങ്ങള്‍ക്ക്‌ തിരിച്ചറിയാനാവാത്തവണ്ണം അവള്‍ മാറിപ്പോയിരിക്കും. പകരം പുതിയ പെണ്‍കുട്ടികള്‍ വന്നിരിക്കുന്നു. പുതിയ ഐറ്റങ്ങള്‍ അവതരിപ്പിച്ചുകൊണ്ട്‌ ടെന്റില്‍ നിറഞ്ഞു നിന്ന അവരാരും എന്റെ സൗന്ദര്യബോധത്തെ വന്നുതൊട്ടതേയില്ല. എന്റെ കണ്ണില്‍ നിറഞ്ഞതത്രയും അവരുടെ കവിളില്‍ തേച്ച ചായങ്ങളാണ്‌. പ്രായം ചെന്ന മനസ്സ്‌ ചില സൗന്ദര്യങ്ങള്‍ക്കു മേല്‍ ഉറച്ചുപോയിരിക്കുന്നു. അതിനെ ഇനി ഇളക്കണമെങ്കില്‍ അതിനെ കവച്ചുവയ്ക്കുന്ന സൗന്ദര്യങ്ങള്‍ അവതരിക്കേണ്ടിയിരിക്കുന്നു. ഇനി ഒരിക്കല്‍ അവരെ നേരില്‍ക്കണ്ടാല്‍ ഇവരെയാണോ ഞാനിത്ര ആരാധിച്ചിരുന്നത്‌ എന്നു തോന്നിയേക്കാം. അതുവേണ്ട ഞാനെന്റെ സൗന്ദര്യസങ്കല്‌പങ്ങളുടെ പഴയ കൂടാരത്തിലേക്ക്‌ മടങ്ങിപ്പോകുന്നു.

3 comments:

MOHAN PUTHENCHIRA മോഹന്‍ പുത്തന്‍‌ചിറ / THOONEERAM said...

ബെന്യാമിന്‍, മണലെഴുത്തില്‍ വീണ്ടും ലേഖനങ്ങള്‍ പ്രത്യക്ഷപ്പെടാന്‍ തുടങ്ങിയതില്‍ സന്തോഷം തോന്നുന്നു.

അന്നയെപ്പറ്റിയുള്ള കുറിപ്പിലെ ദു:ഖം മനസ്സിലാവുന്നു. ‘എന്തൊക്കെയുണ്ടെടോ‘എന്ന് ചോദിക്കുമ്പോള്‍
‘സുഖം തന്നെ’എന്ന ഉത്തരം കേട്ട് എത്ര ലാഘവത്തോടെ നാം സമാധാനിക്കുന്നു. ആരുടെയും ഉള്ളിലേക്കു കടക്കാനും വിഷമിക്കുന്നവര്‍ക്കിത്തിരി ആശ്വാസം പകരാനും നമ്മള്‍ മറന്നു പോയിരിക്കുന്നു. ധ്യാനകേന്ദ്രങ്ങളും, ആള്‍ദൈവസാന്നിധ്യവും നമ്മുടെ നാട്ടില്‍ പെരുകാന്‍ കാരണം മനുഷ്യര്‍ ഇത്രയധികം ഒറ്റപ്പെട്ടുപോകുന്നതു കൊണ്ടല്ലേ?

കേരളം മൊത്തത്തില്‍ ഭൂമാഫിയയുടെ കഴുകന്‍ കണ്ണുകള്‍ക്കു കീഴിലാണ്. മൃഗശാലയെന്നല്ല സാക്ഷാല്‍ പത്മനാഭപുരം ക്ഷേത്രത്തെ തന്നെ തരം കിട്ടിയാല്‍ അവര്‍ അന്തര്‍ദ്ദേശീയ നിലവാരമുള്ള കെട്ടിടസമുച്ചയമാക്കി മാറ്റും.

സര്‍ക്കസ്സിനെപ്പറ്റിയുള്ള വിവരണവും നന്നായി.

ഓ.ടൊ.
വേര്‍ഡ് വെരിഫിക്കേഷന്‍ ഇല്ലാതിരിക്കുന്നതല്ലേ സൌകര്യം.

ബെന്യാമിന്‍ said...

നന്ദി മോഹന്‍. നമ്മള്‍ ഒറ്റപ്പെട്ട തുരുത്തുകള്‍ ആയിത്തീരാതിരിക്കാന്‍ ഈ ബ്ലോഗ് സൌഹൃദം ഉപകരിക്കും എന്നാണ് എന്റെ വിശ്വാസം.

ഓ.ടോ. ഈ വേര്‍ഡ് വേരിഫിക്കേഷന്‍ എങ്ങനെയാണ് ഒഴിവാക്കുക..?

Unknown said...

Dear Benni,

Though I wanted to write in Malayalam, my system is not yet geared for that.

'Anna' touched me, cause, I also had more or less similar experience.

Zoo .... Museum .... Art Galaery ... Next to that ... Kanaka-kkunnu. Every time I go there .... just to wander .... It helps us to lose ourselves and float just like that... I stay close to this place. Just a 15 minutes drive (of course, by auto-riksha!). Please make it a point that next time you would visit me first and then we would go there together to see "other animals".

Do you know that, in those days most of the artists of Gemini Circus was in and around from my home town, Thalassery (Kannur). My uncle was then the Manager of Genmini Circus. There is a news in Mathrubhumi today that one fo the clubs in Thalassery organized a reception to those age-old Circus artists yesterday. Your 'Sundari' must be among them honoured there.

Love,
Ramesh Babu