Friday, July 18, 2008

യൂസഫലിയും കുഞ്ഞഹമ്മദ്‌ കാക്കയും.

ഞാൻ താമസിക്കുന്ന തെരുവിൽ കഴിഞ്ഞ ഇരുപത്തഞ്ചു വർഷത്തിലധികമായി ഒരു ചെറിയ കോൾഡ്‌ സ്റ്റോറേജ്‌ നടത്തുകയാണ്‌ ഇക്കഥയിലെ രണ്ടാമത്തെ കഥാപാത്രമായ കുഞ്ഞഹമ്മദ്‌ കാക്ക. കോൾഡ്‌ സ്റ്റോർ എന്തെന്ന് മനസിലായല്ലോ. മറ്റ്‌ ഗൾഫുകാരുടെ ഭാഷയിൽ ഗ്രോസറി. നാടൻ ഭാഷയിൽ പലചരക്കുകട! ഞങ്ങളുടെ ചുറ്റുവട്ടത്തെ ഏക കോൾഡ്‌ സ്റ്റോർ എന്ന നിലയിൽ സർവ്വ മലയാളികളുടെയും ആശ്രയകേന്ദ്രമാണ്‌ കുഞ്ഞഹദ്‌ കാക്കയുടെ കട. പ്രത്യേകിച്ചും സ്വന്തമായി വണ്ടിവാഹന സൗകര്യമൊന്നുമില്ലാത്ത, കമ്പിനി അക്കോമഡേഷനുകളിൽ താമസിക്കുന്ന ബാച്ചിലേഴ്സിന്റെ. ഓരോ ദിവസത്തെയും പച്ചക്കറിയും ചിക്കനും ബീഫും ഒക്കെ അതാതുദിവസം വൈകുന്നേരം പോയി വാങ്ങിക്കൊണ്ടുവന്ന് ഭക്ഷണം വയ്‌ക്കുന്നവരുടെ. ഫാമിലിക്കാരും വണ്ടിയുള്ളവരും ആഴ്ചയിലൊരിക്കലോ മാസത്തിലൊരിക്കലോ മാർക്കറ്റിലോ സൂപ്പർ മാർക്കറ്റിലോ മേഗാ മാർക്കറ്റിലോ പോയി സാധനങ്ങൾ കുന്നുകൂട്ടി വാങ്ങിക്കൊണ്ടുപോരും. അക്കോമഡേഷൻ വാസികളായ മിക്ക ബാച്ചിലേഴ്സിനും അതിനു സാധ്യതയില്ല. കുന്നുകൂട്ടി വയ്ക്കാൻ ഫ്രിഡ്ജിൽ ഇടം കാണില്ല. അന്നന്ന് വച്ച്‌ അന്നന്ന് തീർത്ത്‌ കഴിഞ്ഞുകൊള്ളണം.
എന്നുകരുതി ഫാമിലിക്കാരന്‌ കുഞ്ഞഹമ്മദ്‌ കാക്കയുടെ കട അന്യമാണെന്നല്ല. അത്യാവശ്യം മോരും ബ്രഡും ഉള്ളിയും കറിവേപ്പിലയും പാചകത്തിന്റെ പാതി വഴിയിൽ മാത്രം ഓർമ്മവരുന്ന മറ്റനവധി സാധനങ്ങളും വാങ്ങാൻ ഓടിച്ചെല്ലാവുന്ന ഒരേയൊരിടമാണ്‌ ആ കട. കുഞ്ഞഹമ്മദ്‌ കാക്കയുടെ കടകൊണ്ട്‌ പിന്നെയുമുണ്ട്‌ ഗുണങ്ങൾ. അവിടെ സർവ്വതും പറ്റാണ്‌. മാസം കൂടുമ്പോൾ കാക്ക ചോദിക്കും. കൊടുത്തില്ലെങ്കിൽ വഴക്കൊന്നുമില്ല. പല ബാച്ചിലേഴ്സും വന്ന് വീട്ടിലെ പയ്യാരം പറയും. ഭാര്യയുടെ ബന്ധുവീട്ടിലെ കല്യാണവും മകളുടെ കരപ്പനും മകന്റെ സ്കൂളിലെ ഫീസും.
കാക്ക അലിയും. സാരമില്ല മോനെ. നിന്നെ എത്ര കാലമായി എനിക്കറിയാം. നിന്റെ കാര്യം നടക്കട്ട്‌. ന്റെ കാശ്‌ അടുത്ത മാസം തന്നാ മതി എന്ന് സമാധാനിപ്പിക്കും. അങ്ങനെ മാസങ്ങൾ നാലും അഞ്ചും നീളും. പകുതി കൊടുക്കും. പകുതി പിന്നെയും പറ്റും. പിന്നെയും ഇത്തിരി വല്ലതും കൊടുക്കും. അതിങ്ങനെ നീളും. ചില കമ്പിനിയിലെ പാവങ്ങളുണ്ട്‌. ശമ്പളം കിട്ടുന്നത്‌ നാലോ അഞ്ചോ മാസം കൂടുമ്പോഴാണ്‌. പണി പക്ഷേ എന്നും ചെയ്‌തേ പറ്റു. ആഹാരം പക്ഷേ എന്നും കഴിച്ചേ പറ്റൂ. രണ്ടുമൂന്നു മാസം കഴിയുമ്പോൾ പിന്നെ പറ്റു ചോദിക്കാൻ അവർക്കൊരു നാണക്കേടാണ്‌. കാക്ക കോടീശ്വരനൊന്നുമല്ലല്ലോ. അന്നന്ന് മാർക്കറ്റിൽ പോയി. ഇത്തിരി വല്ലതും വാങ്ങിപ്പറക്കി വന്ന് ചില്ലറക്കണക്കിന്‌ വില്‌ക്കുന്ന ഒരു പാവം. കാക്കയ്ക്ക്‌ മാർക്കറ്റിൽ മൂന്നു മാസത്തെ ക്രഡിറ്റ്‌ ഒന്നുമില്ല. അന്നന്ന് കൈക്കാശ്‌ കൊടുത്ത്‌ വാങ്ങിക്കൊണ്ടു വരുന്നതാണ്‌. അങ്ങനെയുള്ള കാക്കയോട്‌ ഇത്ര പറ്റു കിടക്കുമ്പോൾ ഇനിയെങ്ങനെ വീണ്ടും ചോദിക്കും. രണ്ടു നാൾ കടയിലേക്ക്‌ കാണാതാവുമ്പോൾ കാക്ക അങ്ങോട്ട്‌ ചെല്ലും. മോനെ നിന്റെ കമ്പിനിക്കാര്യം എനിക്കു മനസിലാവും. പട്ടിണി കിടക്കാണ്ട്‌. വേണ്ട സാധനം വാങ്ങിക്കൊണ്ടുപോയി വല്ലതും വച്ച്‌ തിന്ന്. കാശ്‌ കിട്ടുമ്പോ തന്നാ മതിയെടാ. ചിലരെ കമ്പിനികളിൽ നിന്ന് ഒരു സുപ്രഭാതത്തിൽ കയറ്റി വിടും. കാക്കയുടെ കടയിൽ നല്ലോരു തുക പറ്റുകാണും പഹയന്റെ പേരിൽ. കാക്കയുടെ മുന്നിൽ വന്ന് നിന്ന് കൈമലർത്തും കരയും. എനിക്കൊള്ളത്‌ പോട്ട്‌. പടച്ചോൻ തരും. നീ വേറെ എവിടെയെങ്കിലും പോയി രക്ഷപെട്‌. എന്ന് കാക്ക സമാധാനിപ്പിക്കും. ഒരു വാക്ക്‌ മിണ്ടാതെ കമ്പിനിയും താമസവും മാറിപ്പോകുന്നവരുണ്ട്‌. അപ്പോഴും നഷ്ടം കാക്കയ്ക്ക്‌. അവന്റെ പറ്റിൽ നല്ലോരു തുക ബാക്കി കിടപ്പുണ്ടാവും. സാരമില്ലെന്ന് കാക്ക സ്വയം സമാധാനിക്കും.
അതൊരു പാരസ്പര്യമായിരുന്നു. അന്യനാട്ടിൽ ഒരേ തെരുവിൽ കഴിയുന്ന കുറേ ആളുകൾ തമ്മിലുണ്ടായിരുന്ന ഒരു പാരസ്പര്യം. കക്കയുടെ കട ഒരു ബിസിനസ്‌ സ്ഥാപനം ആയിരുന്നില്ല. പല ദിക്കിൽ നിന്ന് ജീവിക്കാൻ അന്നം തേടി വന്നവരുടെ ഒരു അഭയ കേന്ദ്രം. അവിടെ ലാഭനഷ്ടത്തെക്കാൾ മാനുഷിക പരിഗണനയാണ്‌ മുന്നിട്ട്‌ നിന്നിരുന്നത്‌.
പതിനാറ്‌ വർഷമാകുന്നു ഞാൻ ഗൾഫിൽ വന്നിട്ട്‌. ഇക്കാലത്തിനിടയിൽ കഥയെത്ര മാറിയിരിക്കുന്നു. അടുത്തിടെ ഒരു ദിവസം കാക്കയുടെ കടയിലേക്ക്‌ കയറിച്ചെന്നപ്പോൾ അവിടെ ഒരാൾ ഭയങ്കര വഴക്ക്‌. അയാൾ പോയിക്കഴിഞ്ഞപ്പോൾ കാക്കയോട്‌ കാര്യം തിരക്കി. മറ്റ്‌ പല മേഗാ കടകളെക്കാളും കാക്കയുടെ കടയിൽ പഞ്ചസാരയ്ക്ക്‌ അൻപത്‌ ഫിൽസ്‌ കൂടുതലാണെന്നുള്ളതാണ്‌ വഴക്കിന്റെ ഹേതു.
മറ്റുള്ളവർക്ക്‌ മൂന്നൂം ആറും മാസത്തെ ക്രെഡിറ്റിനു കിട്ടുന്നതുപോലെ അല്ല എനിക്ക്‌. ഞാൻ റെഡി ക്യാഷ്‌ കൊടുത്ത്‌ മാർക്കറ്റിലെ ഹോൾസെയിൽ സെന്ററിൽ നിന്ന് വാങ്ങിക്കൊണ്ടു വച്ചിരിക്കുന്നതാണിത്‌.- കാക്കയുടെ വിശദീകരണം - എന്നിട്ടും ആ എനിക്ക്‌ നിങ്ങൾ പൈസ തരുന്നത്‌ രണ്ടും മൂന്നും മാസം കഴിഞ്ഞ്‌. അൻപതു പൈസ കൂട്ടിവില്‌ക്കുന്നതിലാണോ കുഴപ്പം. നിങ്ങൾ പറയുന്ന സൂപ്പർ കടയിൽ വാങ്ങുന്ന സാധനത്തിന്റെ വില കൊടുക്കാതെ പുറത്തേക്കിറങ്ങാൻ പറ്റുമോ..? ഇക്കാലത്തിനിടയിൽ ഇങ്ങനെ പറ്റിക്കൊണ്ടു പോയതിൽ എത്രയെണ്ണം ഒരു നയാപൈസ താരാതെ പോയിരിക്കുന്നു. എത്ര പൈസ കുറച്ചുകൊടുത്തിരിക്കുന്നു. ഞാൻ വല്ലതും പറഞ്ഞിട്ടുണ്ടോ..? ചോദിച്ചിട്ടുണ്ടോ..? ഞാൻ വയ്ക്കാൻ പോകുവാ വാതില്‌ക്കൽ ഒരു ബർഗളർ അലാറാം. അപ്പോ അറിയാം കാക്കയുടെ കടയുടെ വില.
അതെ അതൊരു വില തന്നെയാണ്‌. നന്മയുടെ വില. പാരസ്‌പര്യത്തിന്റെ വില. സഹാനുഭൂതിയുടെ വില. മനുഷ്യൻ മനുഷ്യനെ അറിയുന്നതിന്റെ വില. അതുപക്ഷേ ഇന്ന് അറിയേണ്ടാത്തവരാണ്‌ ഇന്ന് ഞങ്ങളുടെ തെരുവിൽ കൂടുതലും. അതിലൊരാളാണ്‌ കാക്കയോട്‌ അൻപതു ഫിൽസിനു വഴക്കുണ്ടാക്കിയത്‌. അവരാണ്‌ സൂപ്പർ മാർക്കറ്റിലെ വിലക്കിഴിവിനെക്കുറിച്ച്‌ വാ തോരാതെ സംസാരിക്കുന്നത്‌. കണ്ണെത്താദൂരം പരന്നുകിടക്കുന്ന മേഗാ മാർക്കറ്റുകളുടെ കൗണ്ടറിൽ റെഡി ക്യാഷ്‌ കൊടുത്ത്‌ സാധാനം വാങ്ങിക്കൊണ്ടുവന്നിട്ട്‌ കാക്കമാരുടെ പാവം പറ്റുകടകളെ പുച്ഛത്തോടെ നോക്കുന്നത്‌.
അടുത്തിടെ ഒരു ദിവസം ചില പുതുമോടിക്കാരായ ചെറുപ്പക്കാർ കാക്കയുടെ കടയിൽ കയറി പെപ്സി എടുക്കുന്നതിനിടെ തമാശയ്ക്ക്‌ പറയുന്നു: കാക്ക .. ഞങ്ങളുടെ അറിവിൽ കാക്ക ഈ തെരുവിലുള്ള ഒത്തിരിപ്പേരെ പല വിധത്തിൽ സഹായിച്ചിട്ടുണ്ട്‌. അതിന്റെ പേരിൽ കാക്കയ്ക്ക്‌ ഒരു സ്വീകരണം തരാൻ ഞങ്ങൾ തീരുമാനിച്ചിരിക്കുന്നു.
അതിനെന്താ മോനെ, ഞാനെപ്പം വരണമെന്നു പറഞ്ഞാ മതി. പൊന്നാടയുണ്ടാവുമോ..? - കാക്കയും കളി മട്ടിൽത്തന്നെ.
പൊന്നാട എത്ര വേണമെങ്കിലും തരാം. ഈ തെരുവിലെ എല്ലാ സംഘടനകളുടെയും പേരിൽ ഓരോ പൊന്നാട പോരേ..
അതുമതി ധാരാളം.
പക്ഷേ ഒരു ചെറിയകാര്യം കാക്ക ചെയ്യണം...
അറിയാം മോനെ, ആ ചടങ്ങിനുള്ള എല്ലാ ചെലവും ഞാൻ വഹിക്കണം അല്ലേ..?
അതുമാത്രം പോരാ കാക്ക..
അറിയാം. അതിൽ വന്നുചേരുന്നവർക്കെല്ലാം എന്റെ സ്വന്തം ചെലവിൽ ഭക്ഷണപൊതിയും കൊടുക്കണം അല്ലേ..?
കാക്ക ആളൊരു പുള്ളി തന്നെ. ഒന്നും പറയണ്ട കാര്യമില്ല. എല്ലാം സ്വയം മനസിലാക്കി ചെയ്‌തോളും.
അപ്പോ ഞങ്ങള്‌ ഹാള്‌ ബുക്ക്‌ ചെയ്യട്ടെ.
ആയിക്കോട്ടെ.
എന്നാ അഡ്വാൻസായിട്ട്‌ വല്ലതും...
തരാം. മക്കളിപ്പം ചെല്ല്.
അവന്മാര്‌ പോയിക്കഴിഞ്ഞപ്പോൾ കാക്ക ആരോടെന്നില്ലാതെ പറയുകയാണ്‌: എന്റെ സ്വന്തം ചെലവിൽ എനിക്ക്‌ അവന്മാരുടെ പൊന്നാട. അക്കാശുണ്ടെങ്കിൽ ഞാൻ നാട്ടിലെ നാല്‌ പുള്ളകൾക്ക്‌ ആഹാരം വാങ്ങിക്കൊടുക്കും. ഞാൻ ചെയ്യുന്ന സഹായം ആരെങ്കിലും അറിയണമെന്ന് എനിക്കാഗ്രഹവുമില്ല. അത്‌ പടച്ചോൻ അറിയുന്നുണ്ടാവും. എനിക്കതുമതി.
പടച്ചോൻ അറിഞ്ഞാൽ പൊന്നാട കിട്ടില്ല കാക്ക. നാല്‌ മനുഷ്യരുകൂടി അറിയണം. ഞാൻ പറഞ്ഞു.
പണ്ടൊക്കെ പാട്ടുകാരെയും എഴുത്തുകാരെയും കളിക്കാരെയും സിനിമക്കാരെയും ഒക്കെയായിരുന്നു നമ്മൾ പൊന്നാടയിട്ട്‌ ആദരിച്ചിരുന്നത്‌. ഇപ്പോ അത്‌ പണക്കാരെയാണ്‌. ഏത്‌ പണക്കാരനെക്കണ്ടാലും ഒടനെ നമുക്ക്‌ ആദരിക്കണം. പറഞ്ഞിട്ട്‌ കാര്യമില്ല മോനെ; ലോകത്തിന്റെ ഇപ്പോഴത്തെ ഗതി അങ്ങനാ.. പണക്കാര്‍ വാഴും ലോകം. പൊന്നാട വേണ്ടവര്‌ ധാരാളമായി വാങ്ങിച്ചിട്ടോട്ടെ. അങ്ങനെയൊന്ന് ഇരന്നു വാങ്ങാന്‍ മനസുവരും മുന്‍പ്‌ നാടു പിടിക്കണം.
കുഞ്ഞഹമ്മദ് കാക്ക എന്തൊക്കെയോ ഓര്‍ത്ത് നെടുവീര്‍പ്പിട്ടു.
ആദരിക്കപ്പെടേണ്ട മൂല്യങ്ങള്‍ മാറുമ്പോള്‍ കാലത്തിന്റെ മൂലയിലേക്ക്‌ ഒതുങ്ങിപ്പോയ ഒരുകൂട്ടം ആൾക്കാരുടെ പ്രതിനിധിയാണ്‌ കുഞ്ഞഹമ്മദ്‌ കാക്ക. കണ്ണെത്താദൂരത്തോളം പടന്നുകിടക്കുന്ന മേഗാ മാർട്ടുകളുടെ മഹാപ്രളയകാലത്തിൽ സ്വയം കൊഴിഞ്ഞില്ലാതായിക്കൊണ്ടിരിക്കുന്ന നൂറുകണക്കിന്‌ പാവം കോൾഡ്‌ സ്റ്റോറേജുകാരന്റെ ഒരു പാവം പ്രതിനിധി.

10 comments:

ബെന്യാമിന്‍ said...

അതൊരു പാരസ്പര്യമായിരുന്നു. അന്യനാട്ടിൽ ഒരേ തെരുവിൽ കഴിയുന്ന കുറേ ആളുകൾ തമ്മിലുണ്ടായിരുന്ന ഒരു പാരസ്പര്യം. കക്കയുടെ കട ഒരു ബിസിനസ്‌ സ്ഥാപനം ആയിരുന്നില്ല. പല ദിക്കിൽ നിന്ന് ജീവിക്കാൻ അന്നം തേടി വന്നവരുടെ ഒരു അഭയ കേന്ദ്രം. അവിടെ ലാഭനഷ്ടത്തെക്കാൾ മാനുഷിക പരിഗണനയാണ്‌ മുന്നിട്ട്‌ നിന്നിരുന്നത്‌.

jyothirmayi said...

കണ്ണിരിയ്ക്കുമ്പോള്‍ കണ്ണിന്റെ വില ആരും അറിയുകയില്ല...നന്നായിട്ടുണ്ടു.ഭാവുകങ്ങള്‍!

കുട്ടനാടന്‍ said...

ബെന്നീ
ഇവിടെ ഇപ്പറഞ്ഞ നൂറോളം കുഞ്ഞഹമ്മദ് കാക്കമാരുണ്ട്, പലരും പൂട്ടിക്കെട്ടി തീ-വണ്ടി (ട്ട)യോടിക്കലും അല്ലറ ചിട്ടി പ്രസ്ഥാനങ്ങളുമായി കഴിയുന്നു, ചിലർ നാട്ടിലേക്കു മടങ്ങി. ബെന്നിയുടെ തലക്കെട്ടിലല്ലാതെ എങ്ങും പ്രത്യക്ഷപ്പെടാതിരുന്ന മലയാളി ഹൈപ്പർ തന്നെ കാരണം. പാവപ്പെട്ട മലയാളികളെയെല്ലാം പൂട്ടിച്ച് ഒരു മുതലാളി മലയാളി.
ലോകത്തെവിടെയായാലുമുള്ള ആ മലയാളി ഗുണം.

നിരീക്ഷണം ഏറെ നന്നായി

അനൂപ് അമ്പലപ്പുഴ said...

ആവറേജ് . അതിനപ്പുറം ഒന്നും പറയാനില്ല.

Anonymous said...

nannayittundu.....

mehaboob said...

അക്കാശുണ്ടെങ്കിൽ ഞാൻ നാട്ടിലെ നാല്‌ പുള്ളകൾക്ക്‌ ആഹാരം വാങ്ങിക്കൊടുക്കും. ഞാൻ ചെയ്യുന്ന സഹായം ആരെങ്കിലും അറിയണമെന്ന് എനിക്കാഗ്രഹവുമില്ല.


പണ്ടൊക്കെ പാട്ടുകാരെയും എഴുത്തുകാരെയും കളിക്കാരെയും സിനിമക്കാരെയും ഒക്കെയായിരുന്നു നമ്മൾ പൊന്നാടയിട്ട്‌ ആദരിച്ചിരുന്നത്‌. ഇപ്പോ അത്‌ പണക്കാരെയാണ്‌. ഏത്‌ പണക്കാരനെക്കണ്ടാലും ഒടനെ നമുക്ക്‌ ആദരിക്കണം. പറഞ്ഞിട്ട്‌ കാര്യമില്ല മോനെ; ലോകത്തിന്റെ ഇപ്പോഴത്തെ ഗതി അങ്ങനാ.. പണക്കാര്‍ വാഴും ലോകം. പൊന്നാട വേണ്ടവര്‌ ധാരാളമായി വാങ്ങിച്ചിട്ടോട്ടെ. അങ്ങനെയൊന്ന് ഇരന്നു വാങ്ങാന്‍ മനസുവരും മുന്‍പ്‌ നാടു പിടിക്കണം.

നെല്‍കൃഷി നഷ്ടക്കച്ചവടമായ കാലത്ത്‌ സ്വന്തം പാടത്ത്‌ വാഴയെങ്കില്‍ വാഴ വെക്കാം എന്നു കരുതിയവന്റെ നെഞ്ചത്തു വെട്ടിയവര്‍ ഏക്കറു കണക്കിനു കോള്‍പാടങ്ങള്‍ നികത്തിയുണ്ടാക്കിയ കണ്‍വെന്‍ഷന്‍ സെന്റര്‍ ഉദ്ഘാടിച്ചതിന്റെ പൊരുള്‍ ? എല്ലാ 'ശ്രീ' കള്‍ക്കും ശ്രീ നഷ്ടപ്പെടുന്നുവൊ ?

കുഞ്ഞന്‍ said...

ബെന്യാമന്‍ മാഷെ..

കാക്കയുടെ കഥയിലൂടെ മനുഷ്യാവസ്ഥകള്‍ എത്ര നന്നായിട്ടാണ് അവതരിപ്പിച്ചത്..!

ഓ.ടോ.. കുട്ടനാടന്‍ മാഷെ.. ആ ഹൈപ്പര്‍ മുയലാലി വരുന്നതിനുമുമ്പ് ഈപ്പറയുന്ന പലചരക്കുകടക്കാര്‍ കഴുത്തറക്കുന്നത് കണ്ടിട്ടില്ലേ..ഇപ്പോഴും ബെന്യാമന്‍ പറയുന്ന ഈ ബാച്ചികളെ (താഴ്നവരുമാനക്കാര്‍)ഞെക്കി പിഴിയുന്നില്ലെ..? ഒരു രണ്ടു പ്രാവിശ്യം വാങ്ങിയ സാധനങ്ങളുടെ വില ഒന്നുകൂട്ടി നോക്കിയാല്‍ രണ്ടു വിലയാണ് കിട്ടുന്നത്/പറയുന്നത്..പ്രത്യേക മാനദണ്ഡമൊന്നുമില്ല ഈ വില കൂട്ടുന്നതില്‍(ഇടുന്നതില്‍)
പിന്നെ ആ മുയലാലി കാരണം എത്രയൊ മലയാളികള്‍ക്ക് ജോലി ലഭിക്കുന്നു..സാധനങ്ങള്‍ മാര്‍ക്കറ്റ് വിലയേക്കാള്‍ കുറഞ്ഞ് ലഭിക്കുന്നു..അല്ല ഞാനൊരു മണ്ടനാ..കാരണം ലോകത്തെവിടെയായാലും മലയാളി നന്നാകുന്നത് മലയാളിക്കിഷ്ടമില്ലാന്നു പറയുന്ന കുട്ടനാടനെ ഖണ്ഡിക്കാന്‍ നോക്കിയല്ലൊ

നട്ടപിരാന്തന്‍ said...

ഇത്തരം കുഞ്ഞഹമ്മദ് കാക്കകള്‍ ഇന്നലെകളില്‍ ഉണ്ടായിരുന്നു...

ഇന്നും ഉണ്ട്...

നാളെയും ഉണ്ടാവും,

കാരണം..അങ്ങിനെയാണു ലോകത്തിന്റെ കിടപ്പ്

വല്യമ്മായി said...

ഈ കാക്കയെ ഗള്‍ഫില്‍ പലയിടെത്തും കണ്ടിട്ടുണ്ട്.

ഇവിടെ ഒരാള്‍ മീന്‍ മാര്‍ക്കറ്റില്‍ പോയി,അവര്‍ പറയുന്ന വിലയ്ക്ക് മീന്‍ വാങ്ങി വരും.വില പേശാത്തതെന്തേ എന്നു ചോദിച്ചാല്‍ പറയും:സൂപ്പര്‍മാര്‍ക്കറ്റില്‍ പറയുന്ന വിലക്ക് ചീഞ്ഞ മീന്‍ വാങ്ങുന്നവര്‍ ഈ പാവങ്ങളോട് ഒരു ദിര്‍ഹത്തിനും അമ്പതു ഫില്‍സും പിശകി ഫ്രെഷ് മീന്‍ വാങ്ങുന്നു,നമ്മളു കൊടുത്ത വില അധികമാണെങ്കില്‍ തന്നെ അവര്‍ക്കതൊരു സഹായമായിക്കോട്ടെ എന്ന് :)

അനൂപ്‌ കോതനല്ലൂര്‍ said...

കുഞ്ഞഹമ്മദ് കാക്കയുടെ കോള്‍ഡ് സ്റ്റോര്‍ജ്
വായനയുടെ ഒരോ ഘട്ടത്തിലും ചിന്തകളെ
പിടിച്ചു ഉലച്ചു.
സാധാരണ രീതിയില്‍ പറഞ്ഞു പോയ കഥ
ബെന്യാമിന്റെ അവതരണ ശൈലി കൊണ്ടു തന്നെ
ശ്രദ്ധിക്കപെടുന്നു.