Sunday, September 14, 2008

സുബ്രമണ്യപുരം - ധാരണകളെ അട്ടിമറിക്കുന്ന സിനിമ

തമിഴ്‌ സിനിമയെക്കുറിച്ച്‌ നമ്മുടെ സാമാന്യധാരണ എന്താണ്‌, ആട്ടം പാട്ട്‌ ഡപ്പാംകൂത്ത്‌ സ്റ്റൈൽ മന്നൻ.. അല്ലേ..? തൊണ്ണൂറ്റൊൻപത്‌ ശതമാനം തമിഴ്‌ സിനിമകളും ആ വിഭാഗത്തിൽ പെടുന്നവയുമാണ്‌. സംശയമൊന്നുമില്ല. തമിഴരുടെ സിനിമാവബോധത്തെക്കുറിച്ചും നമുക്ക്‌ വലിയ വിശ്വാസമൊന്നുമില്ല. സാംസ്‌കാരിക ബുദ്ധിജീവികളായ മലയാളികളുടെ പുച്‌ഛം ഏറ്റുവാങ്ങാൻ വിധിക്കപ്പെട്ടവർ. സത്യത്തിൽ നമ്മുടെ വിധികൾ അസ്ഥാനത്താണെന്നതാണ്‌ പരമാർത്ഥം. ഇന്ന് ഇന്ത്യൻ സിനിമയിൽ ധൈര്യപൂർവ്വം പരീക്ഷണസിനിമകൾ എടുക്കുന്ന ഒരു ഭാഷയായി തമിഴ്‌ മാറിയിരിക്കുന്നു. വെറുതെ എടുക്കുന്നു എന്നതു മാത്രമല്ല അതിന്റെ പ്രത്യേകത അത്തരം പരീക്ഷണ സിനിമകളെ തമിഴ്‌ ജനത ഇരു കൈയ്യും നീട്ടി സ്വീകരിക്കുന്നു എന്നൊരു പ്രത്യേകത കൂടി നാം കാണേണ്ടതുണ്ട്‌. തമിഴ്‌ ജനതയുടെ ഇന്നേവരെയുള്ള സിനിമ സങ്കല്‌പങ്ങളെ അട്ടിമറിക്കുന്ന ഒരു സിനിമയായിരുന്നു പരുത്തിവീരൻ. ഒരുപക്ഷേ പ്രേം നസീറിന്റെ കാലത്ത്‌ മലയാളത്തിനുണ്ടായിരുന്ന നായകസങ്കല്‌പമാണ്‌ ഇന്നുവരെ തമിഴ്‌ സിനിമ പുലർത്തിപ്പോന്നത്‌. എന്നാൽ പരുത്തിവീരൻ അത്‌ അട്ടിമറിച്ചു. എല്ലാ ഹീറോയിസവും ആ സിനിമയിലൂടെ അട്ടിമറിക്കാൻ അതിന്റെ സംവിധായകൻ ധൈര്യം കാണിച്ചു. അത്‌ ജനം ഇരുകൈയ്യും നീട്ടി സ്വീകരിക്കുകയും ചെയ്‌തു. തമിഴിലിറങ്ങിയിട്ടുള്ള ഏറ്റവും വലിയ 'ഫോക്‌ലോർ' സിനിമകളിലൊന്നായാണ്‌ പരുത്തിവീരനെ നീരുപകർ കാണുന്നത്‌. അങ്ങനെ ഒരു സാംസ്‌കാരിക മേന്മയും അതിന്‌ അവകാശപ്പെടാനുണ്ട്‌.
ആ സിനിമയെക്കാളും ഒരുപടി മുന്നോട്‌ കടന്നുചെന്ന സിനിമ എന്ന രീതിയിലാണ്‌ ഞാൻ 'സുബ്രമണ്യപുരം' എന്ന സിനിമയെ കാണുന്നത്‌. ഇന്നേവരെ മലയാള സിനിമയിൽപ്പോലും പരീക്ഷിക്കപ്പെടാത്ത അവതരണ രീതിയാണ്‌ ആ സിനിമയിൽ പരിക്ഷിക്കപ്പെട്ടത്‌. നായകൻ എന്നൊരു സങ്കല്‌പം ഈ സിനിമയിൽ ഇല്ലതന്നെ. സിനിമ കണ്ടുകൊണ്ടിരിക്കുമ്പോൾ, സിനിമ അവസാനിക്കുമ്പോൾ നമുക്കൊരു വല്ലാത്ത ദഹിക്കായ്‌മായാണ്‌ ആദ്യം ഉണ്ടാവുക. പിന്നെ ആഴത്തിൽ ചിന്തിക്കുമ്പോഴാണ്‌ നമ്മളിന്നേവരെ കൊണ്ടുനടന്ന ഒരു സിനിമ അല്ലെങ്കിൽ കഥാ സങ്കല്‌പത്തിൽ നിന്നുള്ള വേറിട്ടു പോരലിന്റെ ദഹിക്കായ്മയാണ്‌ നമ്മെ അലട്ടുന്നതെന്ന് നമുക്ക്‌ മനസിലാവുക. വിജയിക്കുന്നവനായാലും പരാജയപ്പെടുന്നവനായാലും നമുക്ക്‌ ഒരു നായകൻ വേണം. അവനെ ചുറ്റിപ്പറ്റിയാവണം കഥ സഞ്ചരിക്കുന്നത്‌. വിജയിക്കുന്നതായാലും പരാജയപ്പെടുന്നതായലും നമുക്ക്‌ പ്രണയത്തിന്‌ ഒരു പരിസമാപ്‌തിവേണം. അതിന്റെ സങ്കടമോ സന്തോഷമോ കഥയുടെ ഗതി നിർണ്ണയിക്കണം. "സുബ്രമണ്യപുരം' ആ സങ്കല്‌പങ്ങളെ ഒക്കെ പിഴുതെറിഞ്ഞുകളയുന്നു. എത്ര നിസാരമായി ഇതിൽ പ്രണയം അതിന്റെ സ്വാഭാവിക അന്ത്യത്തിലെത്തുന്നു. എത്ര നിസാരമായി ഇതിൽ നായകൻ എന്നു നാം ധരിക്കുന്ന കഥാപാത്രം അതിന്റെ അന്ത്യം വരിക്കുന്നു. കഥാന്ത്യത്തിൽ അതുവരെ അപ്രസക്‌തമായിരുന്ന ഒരു കഥാപാത്രം മുന്നോട്ട്‌ വന്ന് കഥയെ വേറൊരു തലത്തിലെത്തിക്കുന്നു. ഇതൊക്കെ കണ്ട്‌ നമ്മളിലെ സിനിമായാഥാസ്ഥിതീകൻ ഇരുന്ന് ഞെരിപിളി കൊള്ളുന്നു.
ഇതുമാത്രമല്ല, വർണ്ണങ്ങളുടെ അതിപ്രസരമില്ലാത്ത, എക്‌ട്രാ നടികളുടെ പിന്നിലാട്ടം ഇല്ലാത്ത, കാതടപ്പിക്കുന്ന ശബ്ദഘോഷമില്ലാത്ത ഒരു തമിഴ്‌ സിനിമ എന്നീ പ്രത്യേകതകൾകൂടി ഈ സിനിമയ്ക്കുണ്ട്‌. പരുത്തിവീരന്റെ ഭാഷ നമുക്കല്പം ക്ലിഷ്ടമായിരുന്നെങ്കില്‍ ഇതിന് ആ ദോഷവുമില്ല. 1980 - ല്‍ സുബ്രമണ്യപുരം എന്ന ഗ്രാ‍മത്തില്‍ നടക്കുന്ന ഒരു കഥ അതിന്റെ എല്ലാ തനിമയോടും കൂടി ഇവിടെ അവതരിപ്പിക്കപ്പെടുന്നു.
ഹീറോ സങ്കല്‌പം ഏറ്റവും രൂഢമൂലമായിരിക്കുന്ന ഒരു സമൂഹത്തിൽ നിന്നു വന്ന സിനിമയാണിതെന്ന് ഓർക്കണം. അവിടെയാണ്‌ തമിഴിലെ സംവിധായകരുടെ പരീക്ഷണ സിനിമകളെ നാം ആരാധനയോടെ നോക്കിക്കാണേണ്ടത്‌. സുബ്രമണ്യപുരം തമിഴിലെ ഒരു സൂപ്പർ ഹിറ്റായിരുന്നു എന്നറിയുമ്പോൾ തമിഴ്‌ ജനതയുടെ മാറിയ സാംസ്‌കാരിക വിചാരത്തെയും നാം ആരാധിക്കേണ്ടതുണ്ട്‌. പ്രത്യേകിച്ച്‌ മമ്മൂട്ടി അന്തിമവിജയം വരിക്കാത്ത മോഹലാലിന് അന്തിമവിജയം കൊയ്യാനാവാത്ത ഒരു സിനിമ എടുക്കാൻ, ശുഭപര്യവസായി അല്ലാത്ത ഒരു സിനിമ കേരളത്തിൽ വിജയിക്കില്ല എന്നൊരു വിചരം സംവിധായകർക്കിടയിൽ രൂഢമൂലമാകും വിധം നമ്മുടെ ഒക്കെ സിനിമാസങ്കല്‌പം ചെറുതായിപ്പോയ ഈ കാലത്തിൽ പ്രത്യേകിച്ചും.
നിങ്ങള്‍ സിനിമ പ്രേമിയാണെങ്കില്‍ സുബ്രമണ്യപുരം കാണാതെ പോകരുത്‌ എന്നു ഞാൻ നിങ്ങളോട്‌ അഭ്യർത്ഥിക്കുന്നു.

12 comments:

ബെന്യാമിന്‍ said...

സുബ്രമണ്യപുരം -
സിനിമ കണ്ടുകൊണ്ടിരിക്കുമ്പോൾ, സിനിമ അവസാനിക്കുമ്പോൾ നമുക്കൊരു വല്ലാത്ത ദഹിക്കായ്‌മായാണ്‌ ആദ്യം ഉണ്ടാവുക. പിന്നെ ആഴത്തിൽ ചിന്തിക്കുമ്പോഴാണ്‌ നമ്മളിന്നേവരെ കൊണ്ടുനടന്ന ഒരു സിനിമ അല്ലെങ്കിൽ കഥാ സങ്കല്‌പത്തിൽ നിന്നുള്ള വേറിട്ടു പോരലിന്റെ ദഹിക്കായ്മയാണ്‌ നമ്മെ അലട്ടുന്നതെന്ന് നമുക്ക്‌ മനസിലാവുക.

Kiranz..!! said...

തമിഴ് നാട്ടിൽ പണമുള്ളവനും ഇല്ലാത്തവനും, പഠിച്ചവനും പഠിച്ചിട്ടില്ലാത്തവനും തമ്മിലുള്ള എക്സ്ട്രീം അന്തരം പോലെ തന്നെ അവരുടെ സിനിമകളും..തമിഴന്റെ സ്വഭാവിക സിനിമാകാഴ്ച്ചകൾക്ക് രജനിയുടേയും വിജയിന്റേയും ലോജിക്കുകൾ ഇല്ലാത്ത ഫാൻസി സിനിമ,പിന്നെ ഒരു കൂട്ടം ചെറുപ്പക്കാരുടെ ജീവിതഗന്ധിയായ കഥകളും അത്യുജ്ജലമായ പരീക്ഷണങ്ങളുമുൾപ്പെടുന്ന പുതിയ തരം റിയാലിറ്റി+ഫാൻസി സിനിമകളും..തമിഴന്റെ കാഴ്ച്ചയെയും താരാരാധനയേയും കുറ്റം പറഞ്ഞിരുന്ന മലയാളി ഇതു രണ്ടും കൂടി അഴകൊഴമ്പൻ ആക്കിയ അലുക്കുലുത്ത് പടങ്ങൾ തന്നെ ഇപ്പോഴും പടച്ചു വിട്ട് കണ്ടു കൊണ്ടിരിക്കുന്നു.പുതിയ പരീക്ഷണം എന്നത് അമ്പത് വയസ്സ് കഴിഞ്ഞ നായകന്മാർക്ക് പതിനഞ്ച് വയസ്സുള്ള നായികമാർ എന്ന മേഖലയിൽ മാത്രമാക്കി ചുരുക്കിയിരിക്കുന്നു.അടുത്ത ഒരു ഭീകര പരീക്ഷണമാണു ആചാരങ്ങളെ /അനുഷ്ഠാനങ്ങളെ ബ്രാൻ‌ഡ്/താരവൽക്കരിക്കുന്നത്.പൊന്നോണം വിത്ത് ലാലേട്ടൻ 2008,ഓണസദ്യ വിത്ത് എന്നുതുടങ്ങുന്ന ഉദാഹരണങ്ങൾ പ്രസവം വിത്ത് ,ശവസംസ്ക്കാരം വിത്ത് എന്നൊക്കെ കേൾക്കുന്ന രീതിയിലേക്ക് പോകാതിരുന്നാൽ മതിയാരുന്നു :)

നല്ല ലേഖനം ബന്യാമീൻസ്..!

അനൂപ് തിരുവല്ല said...

:)

ശരത്‌ എം ചന്ദ്രന്‍ said...

ഈ ലേഖനത്തില്‍ പറഞിരികുന്നതുപൊലെ സുബ്രഹ്മണ്യപുരം തികചും വ്യത്യസ്തമായ ഒരു സിനിമയാണ്.. ഇതിലെ നായകനായികാ സങ്കല്പം
വേറിട്ടു നില്‍ക്കുന്നു... ഒട്ടും പ്രതീക്ഷിക്കാത്ത ഒരു അവസാനമണീ സിനിമയ്ക്കു ഉള്ളത് ..
ഭാരതീയ സിനിമകളില്‍ തമിഴ് സിനിമയുടെ സാനിധ്യമറിയിക്കുന്നു സുബ്രമണ്യപുരം ,കല്ലുരി പൊലെയുള്ള സിനിമകള്‍..
ലേഖകന് അഭിനന്ദങള്‍......

Visala Manaskan said...

സുബ്രമണ്യപുരം കണ്ടിട്ടില്ല. അതിലെ ഒരു പാട്ട് സീന്‍ കണ്ടു, കലക്കീണ്ടത്. പടം ഇവിടെ വരുമ്പോള്‍ കാണണം.

മലയാളത്തില്‍ എന്തുകൊണ്ട് ഇത്തരം സിനിമകള്‍ ഇറങ്ങുന്നില്ല എന്നതിന് ഉത്തരം സിമ്പിളാണ്. ഇവിടെയുള്ളവരുടെ കത്തിക്കല്‍ ഏറെക്കുറെ കഴിഞ്ഞു. പ്രതിഭയുള്ളവര്‍ മുന്‍പോട്ട് വരുന്നുമില്ല.

കമല്‍, സത്യന്‍, ലോഹിതദാസ്, സിബി, എന്നീ മലയാളിക്ക് പ്രിയപ്പെട്ട സിനിമാക്കാരുടെ അടുത്തിടെ ഇറങ്ങിയ സിനിമകള്‍ ശ്രദ്ധിക്കുക. നമുക്ക് എത്രത്തോളം ഇനിയും അവരില്‍ നിന്ന് പ്രതീക്ഷിക്കാനാവും?

മോഹന്‍ലാലും മമ്മുട്ടിയും കടുംവെട്ട് പ്രായം ആയിട്ടും മലയാളസിനിമയില്‍ കിളുന്ത് പെണ്ണുങ്ങള്‍ക്ക് നായകരാകുന്നതില്‍ വിഷമിച്ചിട്ടെന്തിന്? അവരും കൂടെയില്ലെങ്കില്‍, ഇപ്പോള്‍ മലയാളിയുടെ സിനിമാ ആഘോഷം എന്തായേനേ?

പിന്നെ, പുതിയ കഥാകാരന്മാര്‍ക്കും സംവിധായകര്‍ക്കും അവസരമില്ല എന്നത് എനിക്ക് വിശ്വസിക്കാന്‍ കുറച്ച് ബുദ്ധിമുട്ടുണ്ട്.

ഒരു നേരമ്പോക്ക് എന്നതിലപ്പുറം എഴുത്തിനെ കാണാത്ത; അതിലപ്പുറമൊന്നും എഴുതാനറിയാത്ത; എഴുത്തിന്റെ ലോകത്തെ ഉടുപ്പും ഉപ്പുമാവും ഒരിക്കല്‍ പോലും സീരിയസായി ആഗ്രഹിക്കാത്ത എന്നെപ്പോലുള്ളവരെ വായിച്ച് , “സിനിമക്ക് പറ്റിയ ഒരു ത്രെഡ് ഉണ്ടാകുമ്പോള്‍ അറിയിക്കുക“ എന്ന് മലയാളത്തിലെ പ്രമുഖരായ ചില സംവിധായക/തിരക്കഥാകൃത്തുക്കള്‍ക്കും പറയാമെങ്കില്‍, വളരെ കഴിവുള്ള ഈ ഫീല്‍ഡില്‍ ആഗ്രഹങ്ങളുള്ള കഥാകാരന്മാര്‍ക്ക് അവസരമില്ല എന്നത് എപ്പടി യാഥാര്‍ത്ഥ്യമാകും?

തമിഴില്‍ ഒരുപാട് നല്ല നല്ല പടങ്ങള്‍ ഇറങ്ങുന്നുണ്ട്. കൊതിപ്പിക്കുന്ന റേയ്ഞ്ചിലുള്ള സിനിമകള്‍. അതിന്റെ കാരണം‍ ഈ ഫീല്‍ഡിലിറങ്ങുന്ന പുതിയ തലകള്‍ തന്നെയാണ്.

അപ്പോള്‍, മലയാളസിനിമയില്‍ പുതിയ പ്രതിഭകള്‍ക്കായി നമുക്ക് കാത്തിരിക്കാം.

സാമാന്യജനത്തിന് മനസിലാവുന്ന, രസിക്കുന്ന, ‘നല്ല സിനിമകള്‍‘ എന്നും ഓടും.

നല്ല ലേഖനം, ബെന്യാമിന്‍ ജീ!

തോന്ന്യാസി said...

തികച്ചും മനോഹരമായ ഒരു സിനിമയാണ് സുബ്രമണ്യപുരം, ചുമ്മാ കണ്ടു കളയാം എന്നു കരുതി കയറിയതായിരുന്നു, പക്ഷേ അദ്ഭുതപ്പെടുത്തിക്കളഞ്ഞു.

സമീപകാലത്ത് ഒരു പിടി നല്ല സംവിധായകര്‍ തമിഴില്‍ എത്തിയിട്ടുണ്ട്, അമീര്‍(പരുത്തിവീരന്‍)ബാലാജി ശക്തിവേല്‍(കാതല്‍)വസന്തബാലന്‍(വെയില്‍)തുടങ്ങിയവര്‍ തമിഴ് സിനിമയെക്കുറിച്ചുള്ള, തമിഴന്റെ സിനിമാസ്വാദനത്തെ ക്കുറിച്ചുള്ള മുന്‍‌വിധികള്‍ അപ്പാടെ മാറ്റി മറിക്കുകയാണ്. അക്കൂട്ടത്തിലേക്കാണ് സുബ്രമണ്യപുരവുമായി ശശികുമാറിന്റെ വരവ്.

ബെന്യാമിന്‍‌ജി, നന്നായിരിയ്ക്കുന്നു ഈ ലേഖനം

ഞാന്‍ ഇരിങ്ങല്‍ said...

ബന്യാമിന്‍,

സുബ്രമണ്യ പുരം എന്ന സിനിമ കണ്ടു.

താങ്കള്‍ പറഞ്ഞതു പോലെ തമിഴ് സിനിമാ രീതികളില്‍ നിന്നും തീര്‍ത്തുംവ്യത്യസ്തമായ ഒന്നു തന്നെ ഈ സിനിമ
എന്നാല്‍ എണ്‍പതുകളിലെയോ എഴുപതുകളിലേയൊ സിനിമാ സങ്കല്പത്തിലുള്ള ഒരു സിനിമ ആകുന്നില്ല
സുബ്രമണ്യപുരം.

ഒരു സിനിമ അത് ഏത് നൂറ്റാണ്ടിലെ കഥ പറയുമ്പോഴും സിനിമ കാണുന്ന പ്രേക്ഷകന്‍റെ
കാലഘട്ടത്തെ മറക്കുന്ന ഒന്നാകരുത് എന്നാണ് എന്‍റെ പക്ഷം. കുറച്ച് കൂടി വ്യക്തമായി പറഞ്ഞാല്‍
2008 ല്‍ നില്‍ക്കുന്ന പ്രേക്ഷനെ പത്താം നൂറ്റാണ്ടിലെ കഥ പറയുമ്പോള്‍ അത്രയും ടെക്നിക്കല്‍ പെര്‍ഫ്ക്ഷനോടു കൂടി പത്താം നൂറ്റാണ്ട് കാണിക്കേണ്ടിയിരിക്കുന്നു. അവിടെ സംവിധായകന്‍റെ പരീക്ഷണം പാടേ തെറ്റിപ്പോകുന്നു എന്നു തന്നെ പറയാം.

എണ്‍പതുകളിലെ കഥയും കഥാപാത്രാവിഷ്കരണ രീതിയും ഈ സിനിമയെ നന്നാക്കുന്നുവെങ്കിലും
സിനിമ ഒരു സാങ്കേതിക മീഡിയ എന്ന നിലയില്‍ തികഞ്ഞ പരാജയം എന്ന് സമ്മതിക്കേണ്ടി വരും.

ഈ സിനിമയിലും നായിക നായക സങ്കല്പം വളരെ ശക്തമായി പറഞ്ഞിട്ടുണ്ട്. ഇവിടെ നായകന്‍ എന്ന് പ്രേക്ഷകന്‍ സമ്മതിക്കുന്ന കഥാപാത്രത്തിന്റെ ഇഷ്ടം, ഹീറോയിസം തന്നെയാണ് കഥയിലെ ടേര്‍ണിങ്ങ് പോയന്‍റായ കൊലപാതകം ചെയ്യാന്‍
പ്രേരിപ്പിക്കുന്നത്.

അതായത് നായികയുടെ ചിറ്റപ്പനെ തഴഞ്ഞ് മറ്റൊരു നേതാവിന് പാര്‍ട്ടി ടിക്കറ്റ് കൊടുക്കുമ്പോള്‍
അവിടെ തമിഴ് രാഷ്ട്രീയ ത്തില്‍ അല്ലെങ്കില്‍ ഇന്നത്തെ ഇന്ത്യന്‍ രാഷ്ട്രീയ ത്തില്‍ സംഭവിക്കുന്ന അധികാര ക്കൊതിയും പകയും സംവിധായകന്‍
വരച്ചു വയ്ക്കുന്നു. ചിറ്റപ്പന്‍റെ ആഗ്രഹ സഫലീകരണത്തിനായി തിരഞ്ഞെടുക്കപ്പെട്ട നേതാവിനെ ഇല്ലായ്മ ചെയ്യുക എന്ന ക്രൂര കൃത്യം
നായികയ്ക്ക് വേണ്ടി നായകന്‍ ഏറ്റെടുക്കുന്നു. ഇതിന് കൂട്ട് നില്‍ക്കുന്നത് നായകന്റെ കൂട്ടുകാരും.

എന്തെങ്കിലും കാരണവശാല്‍ പിടിക്കപ്പെട്ടാല്‍ കേസ്സില്‍ നിന്ന് എന്തു വിലകൊടുത്തും രക്ഷിച്ച് കൊള്ളാമെന്ന വാക്കും. ഇവിടെയാണ് ഹീറോ-വില്ലന്‍ രേഖകള്‍ തെളിയുന്നത്. അത് പ്രേക്ഷകന് ശരിക്കും കാണാവുന്നതാണ്.

സംവിധായകന്‍ അവകാശപ്പെടുന്നതു പോലെ ഇതൊരു പരീക്ഷണ ചിത്രമായി കാണുവാന്‍ ബുദ്ധിമുട്ട് തന്നെ. എന്നിരുന്നാലും
എണ്‍പതുകളിലെ സാധാരണ ജനങ്ങളെ അവതരിപ്പിക്കുവാന്‍ പല സ്ഥലങ്ങളിലും സ്റ്റഡി കാമറകള്‍ ഉപയോഗിക്കുന്നുണ്ട് ഈ ചിത്രത്തില്‍. ചിലപ്പോഴെങ്കിലും അത് ചിത്രത്തിന് മാറ്റു കൂട്ടുന്നുമുണ്ട്.

ഈ സിനിമ കാണുമ്പോള്‍ പ്രേക്ഷകന് തോന്നുന്നത് തമിഴ് നാട്ടില്‍ ക്ഷുരകന്‍ മാരില്ലേ എന്ന ചോദ്യമായിരിക്കും.
എല്ലാ കഥാപാത്രങ്ങളും താടിയും മുടിയും നീട്ടി വളര്‍ത്തിയവരാണ്. എന്നാല്‍ വില്ലന്‍ കഥാപാത്രമാകുന്നയാള്‍ ദിവസവും ഷേവ് ചെയ്യുന്നയാളും.
ഇങ്ങനെ ചില പരീക്ഷണങ്ങള്‍
നടത്തുമ്പോഴും കാലത്തോട് സംവദിക്കുന്ന ചിത്രമായി സുബ്രമണ്യപുരം മാറുന്നില്ല.

ശ്രീ ബന്യാമിന്‍ പറഞ്ഞതു പോലെ ദുരന്ത പര്യവസായിയായ ഒരു മലയാള ചിത്രം ഇന്നത്തെ മലയാളി പ്രേക്ഷകന് സങ്കല്പിക്കാന്‍ കഴിയുന്നില്ല എന്നുള്ളത് ഒരു കുറ്റമായി കാണേണ്ട കാര്യമുണ്ടോ ?

അല്ലെങ്കിലും ദുരന്തം ആരാണിഷ്ടപ്പെടുന്നത്?

ബന്യാമിന്‍ പറഞ്ഞതു പോലെ ചില നല്ല മുന്നേറ്റങ്ങള്‍ ഇന്നത്തെ തമിഴ് സിനിമാ പ്രവര്‍ത്തകര്‍ക്കിടയില്‍ തെളിഞ്ഞു കാണാനുണ്ട്.
മലയാള സിനിമയാണ് ഇന്ത്യന്‍ സിനിമ എന്ന് പറഞ്ഞു നടന്ന മലയാളികള്‍ ഇന്ന് ലജ്ജിക്കേണ്ട അവസ്ഥ തന്നെയാണ്. കമേഴ് സ്യല്‍ വിജയത്തെ
മാത്രം മുന്നില്‍ കണ്ട് കൊണ്ട് സിനിമ പിടിക്കാന്‍ എന്ത് കോപ്രായവും കാട്ടുവാന്‍ നമ്മുടെ മലയാളി സംവിധായകര്‍ മുന്നിട്ടിറങ്ങിക്കഴിഞ്ഞു.
അവര്‍ക്കെന്ത് നല്ല സിനിമ, എന്ത് ജീവിത ഗന്ധിയായ ചിത്രം.

സ്നേഹപൂര്‍വ്വം
ഇരിങ്ങല്‍

ബെന്യാമിന്‍ said...

ഇരിങ്ങല്‍ അഭിപ്രായം വായിച്ചു.
1. ഈ സിനിമ എഴുപതുകളിലെയോ എണ്‍പതുകളിലെയോ സിനിമ സങ്കല്പത്തില്‍ എത്തുന്നില്ല എന്നത് പ്രധാനപ്പെട്ട കാര്യമല്ല, 2008-ല്‍ നിന്നുകൊണ്ട് ഇപ്പോഴത്തെ സിനിമ സാഹചര്യങ്ങളില്‍ നിന്നുകൊണ്ട് ഇങ്ങനെ ഒരു സിനിമ ചെയ്‌തു എന്നതാണ് ഇതിന്റെ പ്രസക്‌തി. അതും സിനിമ ഒരു മതമായി കൊണ്ടുനടക്കുന്ന തമിഴില്‍.
2. ടെക്‌നില പെര്‍ഫെക്‌ഷന്‍ എന്തിലാണ് താങ്കള്‍ ഉദ്ദേശിക്കുന്നതെന്ന് വ്യക്‌തമല്ല. കൂടുതല്‍ സാങ്കേതിക വിദ്യകള്‍ ഉപയോഗിക്കുന്നത് സിനിമയുടെ ഗുണംകൂട്ടുമെന്ന് ധാരണ എനിക്കില്ല. മറ്റു ചിത്രീകരണ തെറ്റുകള്‍, ഒരാളുടെ ആദ്യസിനിമ എന്ന നിലയില്‍ പ്രതീക്ഷിക്കാവുന്നതാണ്, പക്ഷേ അതൊന്നും ഈ സിനിമയെ അപ്രസക്‌തമാക്കുന്നില്ല.
3. നായകന്‍ എന്നു പ്രതീക്ഷിക്കുന്ന കഥാപാത്രം - അതുതന്നെയാണ് ഈ സിനിമയുടെ ഒരേയൊരു പ്രസക്‌തി - സത്യത്തില്‍ നായകന്‍ എന്നു പ്രേക്ഷകര്‍ വിചാരിക്കുന്ന കഥാപാത്രം സിനിമയുടെ നായകനാവുന്നില്ല, ഈ ഉടച്ചുവാര്‍പ്പാണ് പരീക്ഷണം എന്നു പറയുന്നത് മറ്റൊന്നുമല്ല, പരുത്തിവീരനു പോലും അത് സാധിച്ചിരുന്നില്ല.
4. ഹീറോയും വില്ലനും ഉണ്ടാവാം - പക്ഷേ അവര്‍ കഥയുടെ അന്തിമ ഫലത്തില്‍ ഭാഗവാക്കാകുന്നില്ല എന്നതാണ് ഇതിന്റെ മറ്റൊരു പ്രത്യേകത. അങ്ങനെയല്ലാത്ത ഒരു കഥാന്ത്യം പ്രതീക്ഷിക്കാത്ത പ്രേക്ഷകസമൂഹത്തില്‍ പ്രത്യേകിച്ചും
5. എല്ലാവരും ഇതില്‍ താടി നീട്ടിവളര്‍ത്തുന്നവരല്ല, അതില്‍ രണ്ടേ രണ്ടുപേരെയുള്ളു താടി നീട്ടിവളര്‍ത്തിയതായി. അവര്‍ പ്രധാന കഥാപാത്രങ്ങള്‍ ആയിപ്പോയെന്നെയുള്ളൂ. അത് 80 കളുടെ ഒരു പ്രത്യേകതയും ആയിരുന്നു, ഹിപ്പിസത്തിന്റെ വേരുകള്‍ അന്നും നമ്മുടെ നാട്ടില്‍ നിന്ന് അന്യം നിന്നുപോയിട്ടില്ലായിരുന്നു എന്ന് ഓര്‍ക്കുക
6. ക്രാഫ്റ്റില്‍ തന്നെയാണ് അതിന്റെ പരീക്ഷണം ഇരിക്കുന്നത്, അത് എല്ലാവര്‍ക്കും ഇഷ്ടപ്പെടണമെന്നില്ല

7. ദുരന്ത പര്യവസായി - എല്ലാ സിനിമയും അങ്ങനെയാവണമെന്ന് ആര്‍ക്കും ആഗ്രഹമില്ല പക്ഷേ അങ്ങനെ ഒന്ന് കഥയില്‍ അനിവാര്യമാണെങ്കില്‍പ്പോലും ഇന്ന് സാധ്യമല്ല എന്നാണ് അര്‍ത്ഥമാക്കേണ്ടത്, ആകാശദൂതും ചിത്രവും കിരീടവും എടുത്തതുപോലെ ഇന്ന് മലയാളത്തില്‍ ചിത്രങ്ങള് എടുക്കാന്‍ കഴിയില്ലെന്ന് പറയുന്നത് സംവിധായകര്‍ തന്നെയാണ്. ആ സിനിമകളുടെ അന്ത്യം അതിന്റെ അനിവാര്യതയായിരുന്നു.

malayalam said...

parauthiveeran kandu athu poley allenkil athinekkal nalla oru padam ippol adutha kalthonnum undvaillenu vicharichhu namakku kazhivulla parekshnagakku thyaraya oru puthiya tamil cinima lokam undyirikkunnu ippol malayalam veruthey oru cinima padchhu vidunnuvar theerchyayum kanenda padam anu malyala cinima sankadankal kanendathum membersnu kanichhu kodukendathumaya oru padam avar kandu padikettey malayalathilum ithu poley nalla padangal undavan kothichu kondu
njan nirthunnu

യാമിനി said...

മലയാളസിനിമയെ കുറിച്ച് ഒരു പോസ്റ്റ് എഴുതിക്കൊണ്ടിരിക്കുന്നതിനിടയിലാണ് നിങ്ങളുടെ ഈ പോസ്റ്റുകണ്ടത്..നന്നായിരിക്കുന്നു. മലയാളസിനിമ എന്നത് അധികം താമസിയാതെ ഇല്ലാതാകും.തമിഴ് സിനിമ നല്‍കുന്ന പുതുമകള്‍ ഒന്നു വേറെ തന്നെയാണ്.മലയാളിയുടെ പരിഹാസം ഏറ്റുവാങ്ങിയവര്‍ ഇന്നു മലയാളിക്കുനേരെ നോക്കി പല്ലിളിക്കുന്നത് ഇത്തരം ചിത്രങ്ങളിലൂറ്റെ ആണ്.അല്ലാതെ വാക്കുകള്‍ കൊണ്ടള്ല്ല അവര്‍ മറുപടിപറയുന്നത്. അറുബോറന്‍ സിനിമകള്‍ ആണിന്ന് നമ്മുടെ സൂപ്പറുകള്‍ പ്രേക്ഷകര്‍ക്കായി നല്‍കിക്കൊണ്ടിരിക്കുന്നത്...പരാജയങ്ങളില്‍ നിന്നും പഠിക്കാതെ മലയാളസിനിമ കൂടുതല്‍ കൂടുതല്‍ പറ്റുകുഴികളിലേക്ക് അതിവേഗം സഞ്ചരിച്ചുകൊണ്ടിരിക്കുന്ന ദയനീയകാഴ്ചയാണിന്ന് നാം കണ്ടുകൊണ്ടിരിക്കുനന്ത്.

അപര്‍ണ..... said...

ഈ സിനിമ കണ്ടിട്ടില്ലെന്കിലും ഇതിലെ പാട്ടുകള്‍ കേട്ടിട്ടുണ്ട്...വളരെ ഇഷ്ടമായി...ചിത്രത്തെക്കുറിച്ച് നല്ല അഭിപ്രായങ്ങളും കേട്ടു. ഇനിയെന്തായാലും കാണണം

വളരെ നല്ല ലേഖനം..........
:)

kaithamullu : കൈതമുള്ള് said...

സുബ്രമണ്യപുരം കണ്ടില്ല.
ഈ കുറിപ്പും ഇപ്പോഴാ കണ്ടത്.
ഇന്ന് തന്നെ, കിട്ടുമെങ്കില്‍, എടുത്ത് കാണും.
(പണ്ട് വെയില്‍ എന്ന സിനിമയിറങ്ങിയപ്പോള്‍ ഞാനൊരു കുറിപ്പ് പോസ്റ്റിയിരുന്നു.)
ജയ് തമിഴ് തിരൈയുലഗം!