Friday, September 22, 2006

ലോംഗ്‌ മാര്‍ച്ച്‌

ടോര്‍ച്ചെടുക്കാനോ മറന്നു. ടൗണില്‍ നിന്ന് ഒരു മെഴുകുതിരിയെങ്കിലും വാങ്ങേണ്ടതായിരുന്നു. ഈ രാത്രിക്ക്‌ ഇത്ര ഇരുട്ടുണ്ടാവുമെന്നൂഹിച്ചതേയില്ല. മനസ്സില്‍ സ്വയം ശപിച്ചുകൊണ്ട്‌ വേഗം നടന്നു.
നീലനീള്‍ക്കരിമ്പെന്മകന്‍ താലോ...
ഏഴവാര്‍ക്കുഴലെന്മകന്‍ താലോ...
താമരമലര്‍ക്കണ്ണനെ താലോ...
നീലനെ കടല്‍ വര്‍ണ്ണനെ താലോ...
അമ്മ പണ്ട്‌ തോളത്തിട്ട്‌ ചന്തിയില്‍ തട്ടി ഉറങ്ങും വരെ പാടിത്തരുന്ന പാട്ടാണ്‌. വെറുതെ അതിങ്ങനെ മൂളിനടക്കുമ്പോള്‍ വഴിയറിയുന്നില്ല. കുലശേഖര ആഴ്‌വാര്‍ വിരചിച്ച പെരുമാള്‍ തിരുമൊഴിയെന്ന് പിന്നീടാരോ എഴുതിക്കണ്ടു. അമ്മയ്ക്ക്‌ ഈ പാട്ടുകളൊക്കെ പണ്ടേ ഹൃദിസ്ഥമാണ്‌.
പാലക്കാട്ട്‌ പാര്‍ട്ടിയുടെ സംസ്ഥാനസമ്മേളനം കഴിഞ്ഞു വരുന്ന വഴിയാണ്‌. രൂക്ഷമായിരുന്നു വാദപ്രതിവാദങ്ങള്‍. ചില നേതാക്കളോടൊക്കെ ഒന്നിടയേണ്ടി പോലും വന്നു. മറ്റു ചിലരോട്‌ മുഖം കറുത്തുസംസാരിക്കുക തന്നെ ചെയ്‌തു. ഇത്രകാലം പാര്‍ട്ടിക്കു വേണ്ടി ജീവിച്ച എന്നെയാണ്‌ ഇനി പുറത്താക്കുമെന്നു ഭീഷണിപ്പെടുത്തുന്നത്‌...
കൂടെ വന്ന സഖാക്കളെല്ലാം കവലയില്‍ വണ്ടിയിറങ്ങി പലവഴിക്കു പിരിഞ്ഞു. ഒരൊന്നര നാഴിക ദൂരമുണ്ടാവും വീട്ടിലേക്ക്‌... പണ്ടൊക്കെ വെളിച്ചം കാട്ടി, സംശയങ്ങളുന്നയിച്ച്‌, അഭിപ്രായങ്ങളാരാഞ്ഞ്‌ വീടുവരെ അനുഗമിക്കുമായിരുന്ന സഖാക്കള്‍... ഇന്നെന്തോ എല്ലാവര്‍ക്കും ധാരാളം ധൃതികള്‍, വല്ലാത്ത ഉറക്കക്ഷീണം, വഴിയിലൊരാളെ അത്യാവശ്യമായി കാണാനുണ്ട്‌... ഒഴികഴിവുകള്‍. ഇനി എന്നോടൊപ്പം നടക്കുന്നത്‌ പാര്‍ട്ടിക്കുള്ളില്‍ അത്ര സെയ്ഫല്ലെന്ന് അവര്‍ക്കറിയാം.
താന്‍ ഇനി എവിടെയും ഒറ്റയ്ക്കാണെന്നു മനസ്സിലാക്കിത്തന്നെയാണ്‌ എല്ലാം തുറന്നെതിര്‍ത്തതും. അല്ലെങ്കില്‍ത്തന്നെ തനിക്കെന്തിനാണു കൂട്ട്‌..? രാഷ്ട്രീയക്കാരനാണെങ്കിലും തന്റെ തലയെടുക്കാന്‍ തനിക്കീ നാട്ടില്‍ ശത്രുക്കളില്ലല്ലൊ. പിന്നെ കൈരേഖകള്‍ പോലെ സുപരിചിതമായ വഴികള്‍, കണ്ണടച്ചു നടക്കാം. പേടിക്കാനൊന്നുമില്ല.
എന്നിട്ടും ചങ്കിനകത്തെന്തേ ഒരു പടപടപ്പ്‌..?
അസ്വാസ്ഥ്യജനകമായ ഒരു പൊറുതികേട്‌..! ഭീതിയുടെ കൂടുവെയ്പ്പ്‌..!!
രാത്രിയുടെ കൂരാകൂരിരുട്ടിന്റെ മറവില്‍ ഞങ്ങളുടെ സംഘം ആ കാട്ടില്‍ നിന്ന് വരിവരിയായി യാതൊരു ഒച്ചയും അനക്കവും ഉണ്ടാക്കാതെ നടന്നു നീങ്ങി. അങ്ങനെ രണ്ടുമൂന്നു മെയിലുകള്‍ നടന്നപ്പോള്‍ പുല്‍പ്പള്ളി സീതാദേവി ക്ഷേത്രത്തിന്റെ പരിസരത്തുള്ള ഒരു പറമ്പിലെത്തി. - അജിത പിന്നീട്‌, ജീവിതം സുരക്ഷിതമാണെന്നു തോന്നിത്തുടങ്ങിയപ്പോള്‍ എഴുതിയതാണ്‌...
അവരോടൊപ്പം അന്നു ഞാനും ഉണ്ടാവേണ്ടതായിരുന്നു. അമ്മയ്ക്ക്‌ രോഗം കലശലായി എന്നറിയിച്ചപ്പോള്‍ സംഘം വിട്ടു പോന്നതാണ്‌. പിന്നെ മടങ്ങാന്‍ കഴിഞ്ഞില്ല.
ഈ ഇടവഴിയുടെ ഒരുവശം മുഴുവന്‍ മുളങ്കാടുകളാണ്‌. കാറ്റത്ത്‌ തമ്മിലുരഞ്ഞ്‌ അവ നേര്‍ത്ത ചൂളം മുഴക്കുന്നു. പണ്ടെന്നോ വസൂരി വന്നു മരിച്ചവരെ കൂട്ടത്തോടെ കുഴിച്ചിട്ട സ്ഥലമാണെന്നു കേട്ടിട്ടുണ്ട്‌. തനിക്കോര്‍മ്മയില്ല. അന്നു മൃതപ്രായരായിക്കിടന്ന ഒത്തിരിപ്പേരെ ചത്തെന്നു കരുതി ജീവനോടെ കുഴിച്ചിട്ടത്രെ..! അവരുടെ മേലെയാണ്‌ ഈ മുളങ്കാടുകള്‍ വളരുന്നത്‌. നട്ടുച്ചയ്ക്കുപോലും, ഇവിടെ നിന്ന്, ദാഹിച്ച്‌ തൊണ്ടപൊട്ടിയ ചില ആത്മാക്കളുടെ ഞരക്കങ്ങള്‍ കേള്‍ക്കാറുണ്ടെന്നാണ്‌ നാട്ടിലെ പഴമക്കാരുടെ പറച്ചില്‍. അമാവാസി രാത്രികളില്‍ വായ്ക്കുരവകളും മണിക്കിലുക്കങ്ങളും നീലവെളിച്ചങ്ങളുമായി പ്രേതസഞ്ചാരങ്ങളുണ്ടാവാറുണ്ടത്രെ!
പ്രേതസഞ്ചാരമെ- ചിരിക്കാന്‍ തോന്നുന്നു! വെറുതെ നാട്ടുകാരെ പറ്റിക്കാന്‍ ആരോ പടച്ചു വിടുന്ന കള്ളക്കഥകള്‍. അച്ഛമുത്തച്ഛന്മാര്‍ അമ്മന്നൂരിന്റെ സുഭദ്രാധനഞ്ജയത്തിലെ അര്‍ജ്ജുനനെയും രാമന്‍ കുട്ടിയാശാന്റെ ധര്‍മ്മപുത്രരെയും ആസ്വദിച്ചിരിക്കുമ്പോള്‍ ഈ കാടിന്റെ മറവുപട്ടി ഞാന്‍ പാര്‍ട്ടിയോഗങ്ങള്‍ കഴിഞ്ഞു വരികയാവും. അന്നൊന്നും ഒരു പ്രേതത്തിന്റെ വായ്ക്കുരവകളും ഞാന്‍ കേട്ടിട്ടില്ല. ചില നാട്ടു പ്രേതങ്ങളുടെ രാക്കേളികള്‍ കാണാനിടവന്നിട്ടുണ്ടെന്നല്ലാതെ.. ഇവിടെയും ഒരു പുല്‍പ്പള്ളി ആവര്‍ത്തിക്കേണ്ടിയിരുന്നു.
വര്‍ഗ്ഗശത്രുവായ വയര്‍ലെസ്സ്‌ ഓപ്പറേറ്ററെ കൊന്നശേഷം സ്റ്റേഷന്‍ മുറ്റത്തു കൂടിനിന്ന് അവര്‍ നക്സല്‍ബാരി ലാല്‍ സലാം, സായുധകര്‍ഷകവിപ്ലവം സിന്ദാബാദ്‌, ചെയര്‍മാന്‍ മാവോ നീണാള്‍ വാഴട്ടെ... എന്നിങ്ങനെ മുദ്രാവാക്യങ്ങള്‍ മുഴക്കുമ്പോള്‍ ഞാന്‍ അമ്മയുടെ ചിതയ്ക്കു മുന്നില്‍ നിന്ന് അവര്‍ക്കു വിപ്ലവാഭിവാദനങ്ങള്‍ അര്‍പ്പിക്കുകയായിരുന്നു. പിന്നെ അടിയന്തരാവസ്ഥക്കാലത്താണ്‌ ഞാന്‍ എല്‍.സി യില്‍ കയറിക്കൂടുന്നത്‌. അന്ന് അതായിരുന്നു കിട്ടാവുന്നതില്‍ വെച്ച്‌ ഏറ്റവും നല്ല സെയ്‌ഫ്‌പ്ലേസ്‌!
വല്ലാത്തൊരു നിശ്ശബ്ദത. വല്ലപ്പോഴുമൊരു കൂമന്‍ കരച്ചില്‍! തമിഴ്‌നാട്ടുനാട്യപ്പെരുമയിന്‍ ഭാവാഭിനയ ചക്രവര്‍ത്തി നടികര്‍തിലകം ശിവാജി ഗണേശന്‍ നടിക്കും - ഈസ്റ്റുമാന്‍ വര്‍ണ്ണചിത്രം...
തര്‍ക്കോവ്‌സ്കിയുടെ സാക്രിഫൈസും കിസലോവ്‌സ്കിയുടെ ത്രീ കളേഴ്സും കാണാന്‍ കഴിഞ്ഞിട്ടില്ല പഴയൊരു സിനിമാപ്പരസ്യം ഓര്‍മ്മ വന്നു. ഒരു നെടുങ്കന്‍ ഡയലോഗും- 'നീങ്കള്‍ കരിപ്പുടിത്തായാ..? കാളൈ കുളിത്തായാ..? കഞ്ചിക്കലം ചുമന്തായാ..? അഞ്ചിക്കൊഞ്ചി വിളയാടും എങ്കനാട്ടും പൊണ്‍കളുക്കു മഞ്ചള്‍ അരൈത്തു കൊടുത്തായാ..? നീ മാമനാ മച്ചാനാ മാനംകെട്ടവനെ..?!'
അതിങ്ങനെ ആവര്‍ത്തിച്ചാവര്‍ത്തിച്ചു പറഞ്ഞു നടക്കുമ്പോള്‍ മനസ്സിനെന്തൊരയവ്‌! 'നീങ്കള്‍ കരിപ്പുടിത്തായാ...കാളൈ...'
പെട്ടെന്നു പിന്നിലെന്തോ ശബ്ദം! ഒന്നു നടുങ്ങി !!
ഒരു കടവാവല്‍ ചില്ലവിട്ടു പറന്നതാണ്‌.
ഇപ്പോള്‍ വഴിയുടെ തെക്കുവശം മുഴുവന്‍ കാവാണ്‌. കാടും പടലവും ഇലഞ്ഞിയും പാലയും പേരാലും പുന്നാഗവും പിന്നെയും പേരറിയാത്ത ഒത്തിരിയൊത്തിരി മരങ്ങളും. പണ്ടേ തോന്നിയതാണ്‌ എല്ലാം വെട്ടിത്തെളിച്ച്‌ കൃഷിയിറക്കണമെന്ന്. കഴിഞ്ഞില്ല. ഇനി ഇതിനെ വല്ല ഇക്കോ ടൂറിസ്റ്റ്‌ കേന്ദ്രവുമാക്കി വികസിപ്പിക്കാന്‍ വല്ല സാധ്യതയുമുണ്ടോയെന്ന് ഒന്നാരായണം.
കാടിനുള്ളില്‍ പവിഴക്കൂണുകള്‍ പൊതിഞ്ഞ ചിത്രകൂടകല്ലുകള്‍! അവയ്ക്കടിയിലെ ഗുഹാലോകങ്ങളില്‍ നൂറും പാലും പുള്ളോര്‍ക്കുടത്തിന്റെ ആദിനാദവും കാത്തു കഴിയുന്ന നാഗത്താന്മാര്‍!
വന്മരങ്ങള്‍ തലകീഴായിക്കിടക്കുന്ന വാവലുകളുടെ സങ്കേതമാണ്‌. കരച്ചിലും ചിറകടിയും കൂര്‍ത്തനോട്ടവും കൊണ്ട്‌ പകല്‍പോലും ഭീകരമായ അന്തരീക്ഷം സൃഷ്ടിക്കും ആ ഗതിയറ്റ ജീവികള്‍! പിതൃശാപമേറ്റ്‌ മോക്ഷം കിട്ടാതലയുന്ന പ്രേതങ്ങളാണത്രെ ആ കിടക്കുന്നത്‌, നിശ്ശബ്ദതയെ ഭേദിച്ചുകൊണ്ട്‌ പറന്നു നടക്കുന്നത്‌...

പിന്നെ കരിമ്പനകള്‍. അത്‌ യക്ഷികളുടെ ആവാസകേന്ദ്രമാണ്‌. കാളി, നീലി... പാതിരാത്രിയില്‍ അവകളുടെ രക്‌തദാഹം പൂണ്ട ചടുലനൃത്തങ്ങള്‍... നാവു നീട്ടി, അലറിക്കൂവി, മുടിയഴിച്ചിട്ട്‌...
ഈ അറിവുകളും വിശേഷങ്ങളുമൊക്കെ ഇത്രയും കാലം ഓര്‍മ്മയുടെ ഏതു ഗഹ്വരങ്ങളില്‍ ഒളിച്ചിരിക്കുകയായിരുന്നു..? ഇവ ഇപ്പോഴെന്തിനാണ്‌ പുനര്‍ജ്ജനിച്ച്‌ മനസ്സിലേക്കു നീന്തിയെത്തുന്നത്‌..? എന്നെ ഭീതിയുടെ ആവരണമണിയിക്കാനോ..?
യക്ഷികളെ എന്നെ പിടിക്കാന്‍ നോക്കണ്ട. ഞാനൊരു യുക്‌തിവാദിയാണ്‌. മാവോയുടെ ലോംഗ്‌ മാര്‍ച്ച്‌ സ്വപ്‌നം കണ്ടു വളര്‍ന്നവന്‍. നക്സല്‍ബാരികളും പുല്‍പ്പള്ളികളും നാട്ടില്‍ ഇനിയുമാവര്‍ത്തിക്കണേ എന്നു മാത്രം പ്രാര്‍ത്ഥിച്ചു ശീലിച്ചവന്‍. മാര്‍ക്സിനെയും ചെഗുവേരയെയും ഇടമറുകിനെയും പവനനെയും വായിച്ചു പഠിച്ചവന്‍. കോവൂരിന്റെ ശിഷ്യന്‍!
എന്നിട്ടും പനമുകളിലേക്കൊന്നു നോക്കാതിരിക്കാന്‍ കഴിഞ്ഞില്ല.
ഒരാദിമ ഭീതി!
അവിടെ എന്തൊക്കെയോ തിളങ്ങുന്നു!
കണ്ണുകളാവും - ആര്‍ത്തിയോടെ നോക്കുന്നുണ്ടാവും . എത്രയോ പേരെ കൊന്നു ചോരകുടിച്ച കഥകള്‍! രാവിലെ നോക്കുമ്പോള്‍ കുറെ എല്ലിന്‍ കൂമ്പാരം മാത്രം!
പഴമയിലെ നീണ്ട തലമുറകള്‍ മുഴുവന്‍ പാഴ്ക്കഥകള്‍ വെറുതെ വിശ്വസിച്ചതായിരിക്കുമോ..? അതിലൊരു കഥയെങ്കിലും ശരിയാണെന്നു വന്നാല്‍...
കൈ ചുരുട്ടിപ്പിടിച്ചു നടന്നു. ലെഫ്റ്റ്‌, റൈറ്റ്‌, ലെഫ്റ്റ്‌, റൈറ്റ്‌... ഞാന്‍ മാവോയുടെ ലോംഗ്‌ മാര്‍ച്ചിലാണ്‌. ലെഫ്റ്റ്‌, റൈറ്റ്‌....
തെക്കന്‍ കിയാങ്ങ്‌സിയിലെ യുതുവില്‍ കേന്ദ്രീകരിച്ച്‌ ഞങ്ങളിരിക്കുമ്പോഴാണ്‌ ലോംഗ്‌ മാര്‍ച്ചിനുള്ള ആജ്ഞ കിട്ടുന്നത്‌. വിപ്ലവസേന പെട്ടെന്ന് രണ്ടു വ്യൂഹങ്ങളായി അണിനിരന്ന് പടിഞ്ഞാറോട്ടും തെക്കോട്ടും നീങ്ങിത്തുടങ്ങി. ഹുനാനിയിലെയും ക്വങ്ങ്‌തൂവിലെയും ശത്രുദുര്‍ഗങ്ങള്‍ ഞങ്ങള്‍ കീഴടക്കി. ശത്രു മുന്നേറുമ്പോള്‍ ഞങ്ങള്‍ പിന്മാറി. ശത്രു വിശ്രമിക്കുമ്പോള്‍ ഞങ്ങളവരെ ശല്യപ്പെടുത്തി. ശത്രു പിന്മാറുമ്പോള്‍ ഞങ്ങളവരെ ആക്രമിച്ചു. ഗ്രാമങ്ങളില്‍ ഞങ്ങള്‍ സോവിയറ്റുകള്‍ സ്ഥാപിച്ചു. അയ്യായിരത്തില്‍പ്പരം മെയിലുകള്‍ ഞങ്ങള്‍ യാത്ര ചെയ്‌തു. പതിനെട്ടു പര്‍വ്വത നിരകള്‍ ഞങ്ങള്‍ മറികടന്നു. പന്ത്രണ്ടു വ്യത്യസ്‌ത പ്രവിശ്യകളിലൂടെ ഞങ്ങള്‍ സഞ്ചരിച്ചു. ഒടുവില്‍ ഗ്രാമങ്ങള്‍ നഗരങ്ങളെ വളഞ്ഞു കീഴ്പ്പെടുത്തി... ലെഫ്റ്റ്‌, റൈറ്റ്‌, ലെഫ്റ്റ്‌, റൈറ്റ്‌.....
പിന്നില്‍ പിന്നെയും എന്തൊക്കെയോ അനക്കങ്ങള്‍... ഇതവള്‍ തന്നെ !
യക്ഷികളെ ഞാന്‍ പിന്നെയും നിങ്ങളോടു പറയുന്നു, എന്നോടു കളിക്കരുത്‌. മുപ്പതിനായിരം നായര്‍ യോദ്ധാക്കള്‍ക്ക്‌ പടത്തലവനായി നാടുവാണ ഏറനാട്ടുടയവര്‍ നെടിയിരുപ്പ്‌ സ്വരൂപം എന്റെ പൂര്‍വ്വികര്‍! നിങ്ങള്‍ ചത്തും കൊന്നും നാടടക്കിക്കൊള്‍ക എന്ന ഉപദേശത്തോടെ ചേരമാന്‍ പെരുമാള്‍ കല്‌പിച്ചു നല്‌കിയ ഉടവാള്‍ ഇപ്പോഴും മച്ചിലിരുപ്പുണ്ട്‌. അരയില്‍ പൊന്നുരുക്കും കയ്യില്‍ മാന്ത്രികക്കോലുമായി കളത്തട്ടിലിരുന്ന് ആഭിചാരക്രിയകള്‍ നടത്തി യക്ഷികളെ ആവാഹിച്ചു വരുത്തി കാഞ്ഞിരപ്പലകമേല്‍ ആണിയടിച്ചു തളയ്ക്കുന്ന മഹാമാന്ത്രികര്‍ ജീവിച്ച തറവാട്‌! അതിലൊരു പിന്മുറക്കാരനോടാണോ നിങ്ങളുടെ കളി...?! ആവാഹിച്ചിരുത്തും ഞാന്‍ !
വിടുന്ന മട്ടില്ലല്ലൊ.
ഇത്‌ കള്ളിയങ്കാട്ട്‌ നീലി തന്നെ. മറ്റൊരുത്തിക്കും ഏറനാട്ടുടയവരോടു കളിക്കാന്‍ ഇത്ര ധൈര്യം വരില്ല. ഒത്തിരിക്കാലമായിക്കാണും ഇത്തിരി ചോര കുടിച്ചിട്ട്‌. എടീ കള്ളിക്കരിനീലി എന്നാലും നിനക്കീ വയസന്‍ യുക്‌തിവാദിയുടെ ചോര തന്നെ വേണമല്ലേ..?
ഒറ്റ ഓട്ടമായിരുന്നു!
എത്തിയത്‌ കുടുംബവക ക്ഷേത്രനടയില്‍... വീണ്‌ സാഷ്‌ടാഗം നമസ്കരിച്ചു.
വിദേശത്തു കിടന്ന മാര്‍ക്സിനോ ഡല്‍ ഹിയില്‍ ജീവിച്ച ഇടമറുകിനോ നമ്മുടെ നാട്ടിലെ കള്ളിയങ്കാട്ട്‌ നീലിയുടെ ശക്‌തിയെപ്പറ്റി എന്തറിയാം..?! കല്ലേക്കാവിലമ്മേ കാത്തോണേ...!!

(അടുത്തിടെ റെയ്‌ന്‍ബോ ബുക്സ്‌ പ്രസിദ്ധീകരിച്ച 'പെണ്‍ മാറാട്ടം' എന്ന കഥാസമാഹാരത്തില്‍ നിന്നും ഒരു കഥ)

17 comments:

paarppidam said...

പെണ്മാറാട്ടം എന്ന കഥാ സമാഹാരത്തില്‍ താങ്കള്‍ കഥകളുടെ ആശയങ്ങള്‍ തിരഞ്ഞെടുക്കുമ്പോള്‍ സമകാലീന വിഷയങ്ങള്‍ക്ക്‌ നല്‍കിയ പ്രാധാന്യത്തെ അഭിനന്ദിക്കുന്നു. കടബാധ്യതകൊണ്ട്‌ മുടിഞ്ഞ്‌ ആതമഹത്യചെയ്യുന്നവരിലേക്കും, സ്വവര്‍ഗ്ഗാനുരാഗത്തില്‍ സ്വന്തം സത്വം കണ്ടെത്താന ശ്രമിക്കുന്ന പെന്മനസ്സുകളെയും ബാഗ്ദാദിലെ പട്ടാളക്കാരുടെ മനസ്സുകളിലേക്കും മാധ്യമങ്ങള്‍ നല്‍കുന്ന പബ്ലിസിറ്റിയില്‍ അഭിരമിക്കുന്ന ശരാശരി മലയാളിയുടെ ജീവിതത്തിലേക്കും താങ്കളുടെ നിരീക്ഷണവും ഭാവനയും കടന്നുചെന്നിരിക്കുന്നു.


പ്രസ്താനത്തിനുവേണ്ടി വ്യക്തി എങ്ങിനെ സ്വയം ബലിയാടാകുന്നു എന്നത്‌ ലോഗ്മാര്‍ച്ച്‌ വ്യക്തമാക്കുന്നു.
പാര്‍ട്ടിയില്‍ വ്യക്തി വെറും ഒരു ഉപകരണം മാത്രം.വ്യക്തിക്ക്‌ പ്രസ്താനം നല്‍കുന്ന ജോലികള്‍ ചെയ്യുക എന്നതിലപ്പുറം കാര്യമായ കര്‍മ്മങ്ങല്‍ ഇല്ല. വിമര്‍ശനങ്ങള്‍ കേവലം ചര്‍ച്ചകളില്‍ ഒതുങ്ങുന്നു. പിന്നീട്‌ മേല്‍കമ്മറ്റിയുടെ തീരുമാനം അക്ഷരം പ്രതി അങ്ങീകരിക്കുന്നു. ഇതു തന്നെയല്ലെ ഏകാധിപത്യം എന്ന് പറയുന്നതെന്നൊരു സംശയം. ഓ ഏകാധിപത്യത്തില്‍ ചര്‍ച്ചകള്‍ ഉണ്ടാവില്ലല്ലോ അല്ലെ? മാര്‍ക്കിസം മനുഷ്യനെ മയക്കുന്ന കറുപ്പാണെന്ന് ഒരുപക്ഷെ മാര്‍ക്സ്‌ കേരളത്തിലെ ഇന്നത്തെ രാഷ്ട്രീയ അവസ്ത കണ്ടാല്‍ പറഞ്ഞേനെ.

ഒതുക്കത്തോടെ കഥപറയുന്ന താങ്കളുടെ ശൈലിയെ അഭിനന്ദിക്കുന്നു. എല്ലാവിധ ഭാവുകങ്ങളും നേരുന്നു.

പെരിങ്ങോടന്‍ said...

പെണ്മാറാട്ടം ഇതുവരെ വായിക്കുവാന്‍ കഴിഞ്ഞില്ല. ലോംഗ് മാര്‍ച്ച് നല്ലൊരു അനുഭവമായി. സാറ്റയറുകള്‍ പൊതുവെ ധാരാളിത്തം കൊണ്ടാണു ശ്രദ്ധനേടാറു്, ബെന്യമിന്‍ ഇക്കഥ വളരെ ഒതുക്കത്തോടെ പറഞ്ഞുപോയിരിക്കുന്നു.

കലേഷ്‌ കുമാര്‍ said...

നന്നായിട്ടുണ്ട് ബെന്യാമീന്‍...
സുഖകരമായ വായന!

മുസാഫിര്‍ said...

നല്ല ഒരു ചെറുകഥയുടെ ഘടകങ്ങള്‍ എല്ലാം ഒത്തു ചേര്‍ന്നിരിക്കുന്നു ഈ കഥയില്‍.

വേണു venu said...

നന്നായിരിക്കുന്നു ബെന്യമന്‍.
വേണു.

അരവിശിവ. said...

ബ്ലോഗ് രചനകള്‍ നാളത്തെ സാഹിത്യം എന്ന മട്ടില്‍ ഒരു വാചകം (മാത്രുഭൂമിയിലാണെന്നു തോന്നുന്നു)വായിച്ചതോര്‍ക്കുന്നു.അതു താങ്കളെപ്പോലുള്ളവരെയാണ്‍ ഉദ്ദേശിച്ചതെന്ന് ലോംഗ് മാര്‍ച്ച് വായിച്ചപ്പോള്‍ മനസ്സിലായി.ബ്ലോഗിങ്ങിന്റെ നിലവാരം ഇനിയുമുയരട്ടെ..അഭിപ്രായം പറയാനാളല്ല..എങ്കിലും തീര്‍ത്തും മനോഹരം.

ദിവ (diva) said...

നന്നായിരിക്കുന്നു...

ബെന്യാമിന്‍ said...

പാര്‍പ്പിടം, പെരിങ്ങോടന്‍, കലേഷ്‌, മുസാഫിര്‍, വേണു, അരവിശിവ, ദിവാ.. കഥ വായിച്ച്‌ അഭിപ്രായം പറഞ്ഞ എല്ലാവര്‍ക്കും നന്ദി.
പെരിങ്ങോടാ - പെണ്‍ മാറാട്ടം എന്ന കഥ - രമേഷ്‌ പെരുമ്പിലാവ്‌ എഡിറ്റു ചെയ്‌തു പ്രസിദ്ധീകരിച്ച മണല്‍ ജലം കാലം എന്ന പുസ്‌തകത്തിലുണ്ട്‌. അതുകിട്ടിയില്ലെങ്കില്‍ എനിക്ക്‌ വിലാസം അയച്ചു തരൂ സമാഹാരത്തിന്റെ ഒരു കോപ്പി തന്നെ അയച്ചു തന്നേക്കാം.
അരവിശിവാ - താങ്കള്‍ പറഞ്ഞതുപോലെ ഗൗരവസാഹിത്യം ബ്ലോഗിലേക്ക്‌ കൂടുതല്‍ കടന്നുവരേണ്ടതുണ്ട്‌. അതുവരും. ആദ്യത്തെ ഒരു ഉത്സാഹമൊന്ന് അടങ്ങട്ടെ, നല്ല ബ്ലോഗുകളിലേക്ക്‌ മാത്രമായി വായന ചുരുക്കേണ്ടി വരും. അപ്പോള്‍ സ്വന്തം ബ്ലോഗുകളുടെ നിലവാരം ഉയര്‍ത്തുക ഓരോരുത്തരുടെയും ഉത്തരവാദിത്വമായി മാറും. (ഇപ്പോള്‍ അതില്ല എന്നല്ല കൂടുതല്‍ നിലവാരം!)അതിനുവേണ്ടി നമുക്ക്‌ എല്ലാവര്‍ക്കും കൂടി ഒന്നിച്ച്‌ പരിശ്രമിക്കാം.
കഥ ഇഷ്ടപ്പെടാത്തവര്‍ അവരുടെ അഭിപ്രായങ്ങള്‍കൂടി അറിയിക്കാന്‍ അപേക്ഷ!
എല്ലാവര്‍ക്കും ഒരിക്കല്‍ക്കൂടി നന്ദി

ലാപുട said...

വളരെ നല്ല ഒരു വായനാനുഭവം തരുന്നു മാഷേ ഈ കഥ.. ..
ഭീതികളും അവയെ Address ചെയ്യുന്നതിലേക്കു പലരൂപങ്ങളിലായെത്തുന്ന വിശ്വാസത്തിന്റെ ഇടപെടലുകളും ഒരു പാടു സൂചനകള്‍ തരുന്നു...
നന്ദി...അഭിനന്ദനങ്ങള്‍....

സു | Su said...

കഥ ഇഷ്ടമായി. യുക്തിവാദി, യക്ഷിയെപ്പേടിച്ചത് നന്നായി. ബാക്കി കഥകളും കൂടെ വായിക്കണമെന്ന് കരുതുന്നു.

കുട്ടന്മേനൊന്‍::KM said...

നല്ല കഥ. നല്ല ഒതുക്കത്തൊടെ അവതരിപ്പിച്ചിരിക്കുന്നു. പിന്നെ, ഗൌരവമായ വായനാനുഭവവും ആവിഷ്കാരവും ഇന്ന് തേഞ്ഞില്ലാതായിക്കൊണ്ടിരിക്കുന്നു.

ദില്‍ബാസുരന്‍ said...

ലോംഗ് മാര്‍ച്ച് അസ്സലായി!

ആസ്വദിച്ച് വായിച്ചു.താങ്കള്‍ പറഞ്ഞത് പോലെ ബ്ലോഗുകളുടെ നിലവാരമുയര്‍ത്തുന്ന കൃതികള്‍ ഇനിയുമുണ്ടാവട്ടെ.

ആശംസകള്‍. അഭിനന്ദനങ്ങള്‍.

വിശാല മനസ്കന്‍ said...

കിണുക്കന്‍ കഥ.

ഒരു കഷണം പോലും കളയാനില്ല. എന്തെല്ലാം കാര്യങ്ങള്‍ പറഞ്ഞിരിക്കുന്നു. ഇഷ്ടമായി വളരെ ഇഷ്ടമായി.

ആശംസകള്‍. ഇവിടെ വന്ന് എഴുതുന്നതിന് നന്ദി.

പാര്‍വതി said...

നന്നായിരിക്കുന്നു ബന്യാമീനെ..

അല്ലെങ്കിലും അങ്ങനെ തന്നെ..എല്ലാ പിടിവള്ളികളും വിട്ട് കഴിയുമ്പോളാണ് മനുഷ്യന് ഈശ്വരെന്ന ചിന്ത തന്നെ ഉണ്ടാവുന്നത്,അതോടപ്പം തന്നെ അദൃശ്യമായ ഭീതികളും.

അറിയാത്തതിനെ പറ്റിയുള്ള ഭയമാണ് ദൈവമെന്ന് ഇടമറുകിന്റെ പുസ്തകത്തില്‍ എഴുതി വച്ചിരിക്കുന്നു.

-പാര്‍വതി.

ഞാന്‍ ഇരിങ്ങല്‍ said...

പ്രീയപ്പെട്ട ബന്യാം,
എന്‍റെ കയ്യകലത്തിലായിട്ടും ഞാന്‍ ഇന്നുവരെ താങ്കളെ തൊട്ടില്ലല്ലൊ. ഒരു രാവില്‍ പാകിസ്താന്‍ ക്ലബ്ബിന്‍റെ മുറ്റത്ത് ഒരു നിഴലുപോലെയൊ കൂട്ടങ്ങള്‍ക്കിടയില്‍ ഒരു പൊട്ടുപോലെയൊ കണ്‍ടിരുന്നു. അപ്പോഴൊന്നും താങ്കളെ കുറിച്ച് കൂടുതല്‍ ഒന്നും അറിയില്ലായിരുന്നു. (ഇപ്പോഴും). കഥ എനിക്ക് ഇഷടമായി. പക്ഷെ ചില കമന്‍റ് പറയാന്‍ ഉണ്ട് താനും. കഥയെയാണ് ഞാന്‍ വിമര്‍ശനത്തിന് തെരഞ്ഞെടുക്കുന്നത്. താങ്കള്‍ എന്ന വ്യക്തിയെ അല്ല.
1.“മനസ്സില്‍ സ്വയം ശപിച്ചുകൊണ്ട്‌ വേഗം നടന്നു“ ഒരു മാര്‍ക്സിസ്റ്റ് സഹയാത്രികന്‍ ഒരിക്കലും ടോര്‍ച്ചെടുക്കാത്തതിനെ കുറിച്ച് ശപിക്കാന്‍ സാധ്യത കുറവാണ്. സഖവ് പി യുടെ മരണം നമുക്കു മുമ്പില്‍ ഉണ്ട്.
2. “നട്ടുച്ചയ്ക്കുപോലും, ഇവിടെ നിന്ന്, ദാഹിച്ച്‌ തൊണ്ടപൊട്ടിയ ചില ആത്മാക്കളുടെ ഞരക്കങ്ങള്‍ കേള്‍ക്കാറുണ്ടെന്നാണ്‌ നാട്ടിലെ പഴമക്കാരുടെ പറച്ചില്‍. അമാവാസി രാത്രികളില്‍ വായ്ക്കുരവകളും മണിക്കിലുക്കങ്ങളും നീലവെളിച്ചങ്ങളുമായി പ്രേതസഞ്ചാരങ്ങളുണ്ടാവാറുണ്ടത്രെ!“ പഴയ സഖാക്കള്‍ മാത്രമല്ല ഇന്നത്തെ കുട്ടി സഖക്കള്‍ പോലും ഇങ്ങനെ ചിന്തിക്കുമെന്ന് തോന്നുന്നില്ല. ലളിതമനസ്കരായ, ലോലഹ്രുദയമുള്ള ആളുകള്‍ വിപ്ലവകാരികള്‍ ആകുന്നതെങ്ങിനെ?
3. “പിതൃശാപമേറ്റ്‌ മോക്ഷം കിട്ടാതലയുന്ന പ്രേതങ്ങളാണത്രെ ആ കിടക്കുന്നത്‌, നിശ്ശബ്ദതയെ ഭേദിച്ചുകൊണ്ട്‌ പറന്നു നടക്കുന്നത്‌...“ ഇത്തരം കഥസന്ദഭങ്ങളില്‍ എവിടെയെഒക്കെയോ താങ്കളുടെ ‘സഖാവ്’ കഥപാത്രം സഖാവല്ലാതെ വെറുമൊരു പൈങ്കിളി കഥപാത്രമാകുന്നുവൊ?..അല്ലെങ്കില്‍ സഖാവിന് വ്യക്തിത്വം നഷ്ടപ്പെടുന്നുവൊ??
എവിടെയൊക്കെയൊ ‘സഖാവല്ലാതവുന്ന; കഥപാത്രം. എന്നിട്ടും തുടക്കത്തില്‍ ആദര്‍ശവനാണ് എന്നു കാണിക്കുന്നു. അതില്‍ ഒരു പൊരുത്തമില്ലയ്മ. അല്ലെങ്കില്‍ ശ്രീനിവാ‍സന്‍റെ കഥാപാത്രം പോലെ ഭീരു വായിര്‍ക്കണം നമ്മുടെ സഖാവ്. പക്ഷെ ഇവിടെ അങ്ങിനെ അല്ല. “അന്ന് അതായിരുന്നു കിട്ടാവുന്നതില്‍ വെച്ച്‌ ഏറ്റവും നല്ല സെയ്‌ഫ്‌പ്ലേസ്‌!“
സെയ്ഫ്പ്ലേസ്ന് ശ്രമിക്കുന്ന ഭീരുവായ ഒരാള്‍ക്ക് എങ്ങിനെ ആദര്‍ശവാനായ ഒരു സഖാവ് ആവാ‍ന്‍ കഴിയും? ഒടുക്കം അനിവാര്യമായത് സംഭവിച്ചു. ‘വേണു’വിനെ പോലെ‘ കല്ലേക്കാവിലമ്മേ കാത്തോണേ...!! എന്ന്
(വിമര്‍ശനം ഒരു വായനക്കാരന്‍ എന്നുള്ള നിലയിലാണ്. പരിഭവം തോന്നരുത് - എന്‍റെ ഫോണ്‍ നമ്പര്‍: 36360845)

ബെന്യാമിന്‍ said...

പ്രിയ ഇരിങ്ങല്‍,
കഥാവിമര്‍ശനത്തിന്‌ നന്ദി. താങ്കളെപ്പോലെ നിരവധി ഇടതുപക്ഷ സഹയാത്രികരുടെ വിമര്‍ശനത്തിന്‌ (വേദിയിലും അല്ലാതെയും) വിധേയമായ കഥയാണ്‌ ഇത്‌. വിമര്‍ശനങ്ങളെ തുറന്ന മനസ്സോടെയാണ്‌ ഞാന്‍ സ്വീകരിക്കാറും.
ചില മറുപടികള്‍ പറയാനുണ്ട്‌ -
1. ആദര്‍ശവാനായ ഒരു സഖാവിനെയാണ്‌ ഈ കഥയില്‍ പരിചയപ്പെടുത്തുന്നതെന്ന് കഥയില്‍ എവിടെയും സൂചനയില്ല. കഥാപാത്രം സ്വയം അങ്ങനെ കരുതുന്നുണ്ടെങ്കിലും.
2. തന്നെയുമല്ല, അദ്ദേഹം ഒരു ഒന്നാന്തരം അവസരവാദിയാണെന്ന് സൂചനയുമുണ്ട്‌ - 'അന്നതായിരുന്നു കിട്ടാവുന്നതില്‍ വച്ച്‌ ഏറ്റവും നല്ല സെഫ്‌സ്‌ പ്ലേസ്‌'
3. അത്തരം ധാരളം അവസരവാദികള്‍ ഇന്നും പാര്‍ട്ടിസ്ഥനങ്ങളില്‍ അടിഞ്ഞുകൂടിയിട്ടുണ്ടെന്ന് സമ്മതിക്കുമല്ലോ. അവര്‍ക്കെതിരെ കൂടിയാണ്‌ ഈ കഥ വിരല്‍ ചൂണ്ടുന്നത്‌
4. നമ്മുടെ വിശ്വാസങ്ങളും ആദര്‍ശങ്ങളും എന്തൊക്കെയായാലും നമ്മുടെ അറിവുകളും ഓര്‍മ്മകളും ഭീതികളും നമ്മുടെ മനസ്സില്‍ അടിഞ്ഞുകിടക്കുന്നു എന്നും അവസരമുണ്ടാകുമ്പോള്‍ അത്‌ പിടഞ്ഞെണീക്കുന്നു എന്നും ഈ കഥയില്‍ പറയാന്‍ ശ്രമിക്കുന്നുണ്ട്‌.
5. ടോര്‍ച്ചെടുക്കാന്‍ മറന്നതിനെപ്പറ്റിയുള്ള ആദ്യവാചകം തന്നെ അതിലേക്കാണ്‌ വിരല്‍ ചൂണ്ടാന്‍ ശ്രമിക്കുന്നത്‌.
6. താങ്കള്‍ക്കു മുന്‍പ്‌ കമന്റ്‌ എഴുതിയ പാര്‍വ്വതി പറഞ്ഞതുപോലെ എല്ലാ പിടിവള്ളികളും വിട്ടുകഴിയുമ്പോഴാണ്‌ വിശ്വാസങ്ങളും ഭീതികളും മനുഷ്യന്റെ മനസിലേക്ക്‌ ഓടിയെത്തുന്നത്‌. ഈ അറിവുകളും ഭീതികളും ഇത്രനാളും എന്റെയുള്ളില്‍ എവിടെ ഒളിച്ചിരിക്കുകയായിരുന്നു എന്ന് കഥാപാത്രം തന്നെ സംശയിക്കുന്നുണ്ട്‌.
വിസ്‌താരഭയത്താല്‍ നീട്ടുന്നില്ല. തന്നെയുമല്ല, കഥയെ കഥാകാരന്‍ ഇങ്ങനെ വിവരിക്കുന്നതില്‍ ഒരു അപാകതയുമുണ്ട്‌. വായനക്കാരന്‌ യഥാര്‍ത്ഥത്തില്‍ തോന്നുന്നതെന്തോ അതാണ്‌ കഥ. പലര്‍ക്ക്‌ പലവിധത്തില്‍ വായിക്കാം. പക്ഷേ സഖാവ്‌ എന്നു കേട്ടപ്പോള്‍ തന്നെ ഇതൊരു പാര്‍ട്ടി വിരുദ്ധ കഥ എന്ന മുന്‍ വിധിയോടെ കഥയെ സമീപിച്ച എല്ലാ സഖാക്കള്‍ക്കും പറ്റിയ അബദ്ധം താങ്കള്‍ക്കും പറ്റി എന്നു സൂചിപ്പിക്കാതെ വയ്യ. (വിമര്‍ശനം താങ്കള്‍ക്കെതിരെയല്ല, ചിന്തകള്‍ക്കെതിരെ!)

ഓ.ടോ: കഠിനമായി വിമര്‍ശിച്ചവര്‍ എന്റെ നിലപാടുകള്‍ അംഗീകരിക്കുകയും 'പ്രതിഭ'യുടെ (ബഹ്‌റൈനിലെ ഇടതുപക്ഷ സംഘടന) സാഹിത്യവിഭാഗം ഉത്ഘാടനം ചെയ്യാന്‍ ഈയുള്ളവനെ ക്ഷണിക്കുകയും ചെയ്‌തു എന്നത്‌ ഈ കഥയുടെ ബാക്കിപത്രം!
വിളിക്കാം. പരിചയപ്പെടാം!!

Unknown said...

ദയവായി... അങ്ങയുടെ അഡ്രസ്സ് ഒന്ന് തരാമോ