Tuesday, September 12, 2006

മടങ്ങിവരവിന്റെ സെപ്‌റ്റംബര്‍

മദ്ധ്യവേനലവധിയുടെ ആലസ്യവും ഓണാഘോഷങ്ങളുടെ ആരവവും ഒടുക്കി പ്രവാസഭൂമിയിലെ യാന്ത്രികപതിവുകളിലേക്കുള്ള മടങ്ങി വരവിന്റെ മാസമാണ്‌ സെപ്‌റ്റംബര്‍! കത്തുന്ന വേനല്‍ച്ചുടില്‍ തളര്‍ന്നുകിടന്ന പ്രവാസഭൂമി വീണ്ടും ഉണരുകയായി.
പ്രിയപ്പെട്ടവരെ പിരിഞ്ഞുപോന്നതിന്റെ ഖേദമാവും ആദ്യത്തെ കുറച്ച്‌ ദിവസത്തേക്ക്‌, മടങ്ങി വന്നവന്റെ മുഖത്താകെ നിറഞ്ഞുനില്‌ക്കുക. യാഥാര്‍ത്ഥ്യത്തിലേക്കു തിരിച്ചുകയറുന്നതിനു മുന്‍പുള്ള സ്വപ്‌നങ്ങളുടെ ഹാങ്ങോവര്‍ എന്നാണതിനെ അവന്‍ വിശേഷിപ്പിക്കുന്നത്‌. എന്നാലും നാടിനെക്കുറിച്ചന്വേഷിക്കുമ്പോള്‍ അവന്റെ മുഖത്ത്‌ അറിയാതെ തെളിയുന്ന ഒരു പ്രകാശമുണ്ട്‌. പിന്നെ എത്ര വലിയ ധൃതിയിലും നാടിന്റെ അവസ്ഥകളെക്കുറിച്ച്‌ ഒന്നുവര്‍ണ്ണിക്കാതെ അവന്‍ നമ്മെ വിട്ടുപോകില്ല. മഴ, രാഷ്‌ട്രീയം, സിനിമ, ചൂട്‌, റോഡുകള്‍, അയല്‍ക്കാരന്റെ മുറ്റത്തെ വിദേശക്കാറുകള്‍ എന്നിങ്ങനെയാണ്‌ ആ പറച്ചിലിന്റെ ഒരു പൊതുസ്വഭാവം. അന്നേരം ഇത്തവണ നാട്ടില്‍ പോകാന്‍ കഴിയാതിരുന്ന ഹതഭാഗ്യന്റെ മുഖത്ത്‌ ഗോപ്യമായി നിറയുന്നത്‌, അസൂയയോ ഖേദമോ.. അതോ ഭാവിയിലേക്കുള്ള സ്വപ്‌നങ്ങളോ?
മടങ്ങിവരുന്നവരൊക്കെ നാടിനെക്കുറിച്ച്‌ അസൂയയോടെ പറയുന്ന രണ്ടുകാര്യങ്ങളുണ്ട്‌. കാശുണ്ടെങ്കില്‍ നാട്ടിലെ ജീവിതം പരമസുഖമാണടോ. നാടാകെ മാറിപ്പോയെടോ, ഇപ്പോ നാട്ടുകാരുടെ കയ്യിലൊക്കെ എന്താ പണം?!! നമ്മള്‍ പാവം പ്രവാസികള്‍ പത്തിന്റെയും നൂറിന്റെയും താളുകള്‍ പോക്കറ്റില്‍ വച്ചിറുക്കിക്കൊടുക്കുമ്പോള്‍ അവര്‍ അഞ്ഞൂറിന്റെയും ആയിരത്തിന്റെയും താളെടുത്ത്‌ വീശിയാണ്‌ നമ്മെ അസൂയപ്പെടുത്തുക. പണ്ടൊക്കെ നാട്ടില്‍ ഓരോന്നിനു വില കൂടുന്നതിനും നമ്മള്‍ പ്രവാസികളെ ആയിരുന്നു നാട്ടുകാര്‍ പഴി പറഞ്ഞിരുന്നത്‌, ഇവന്റെയൊക്കെ അല്‌പത്തരവും ധാരാളിത്തവുമാണ്‌ എല്ലാവിലക്കയറ്റത്തിന്റെയും കാരണമെന്ന്. ഇന്നുപക്ഷേ അവര്‍ നമ്മുടെ ഈ ഇറുക്കിപ്പിടുത്തം കണ്ട്‌ പുച്‌ഛിച്ചു ചിരിക്കുകയാണ്‌.
പ്രിയപ്പെട്ട പ്രവാസാ, നമ്മളിങ്ങനെ രാപകല്‍ അര്‍ബാബിന്റെ ചീത്തവിളി കേട്ട്‌ മെടഞ്ഞിട്ടും നമുക്കെന്താണ്‌ അന്തസ്സോടെ ജീവിക്കാന്‍ ഒരു സൗഭാഗ്യമില്ലാതെ പോകുന്നത്‌..? നാട്ടുകാരനെപ്പോലെ, ആളുന്ന നെഞ്ചത്ത്‌ കൈവയ്ക്കാതെ, അഞ്ഞൂറിന്റെയും ആയിരത്തിന്റെയും താളെടുത്ത്‌ വീശാന്‍ കഴിയാത്തത്‌..?! വീടിന്റെ മുറ്റത്ത്‌ ഒരു വിദേശനിര്‍മ്മിത വാഹനം പോയിട്ട്‌ ഒരു നാടന്‍ സൈക്കിള്‍ പോലും വങ്ങിയിടാന്‍ നിവൃത്തിയില്ലാത്തവനായി പോകുന്നത്‌..? പട്ടിണിയും പരിവട്ടവും തൊഴിലില്ലായ്മയും നടമാടുന്നെന്ന് പറയുമ്പോഴും നാട്ടുകാരന്റെ പോക്കറ്റില്‍ ഈ പുത്തന്‍ താളുകള്‍ എവിടെ നിന്നു വരുന്നു..? ഈ സുഭിക്ഷിതയും ധാരാളിത്തവും എവിടെ നിന്നു വരുന്നു..? എല്ലാവരും കള്ളപ്പണക്കാരല്ലല്ലോ...
നാടിനെപ്പറ്റിയുള്ള നമ്മുടെ ഈ വമ്പുപറച്ചിലുകളെല്ലാം നമ്മുടെ ഗൃഹാതുരസ്വപ്‌നങ്ങളുടെ ബാക്കിപ്പത്രമായിക്കണ്ടാല്‍ മാത്രം മതിയോ..? അതോ, അതിവേഗത്തില്‍ മാറിക്കൊണ്ടിരിക്കുന്ന സ്വന്തം നാടിനെ മനസ്സിലാക്കാന്‍ വയ്യാതെ ഏറെ പിന്നിലായിപ്പോയ ഒരുവന്റെ ഭീതിപൂണ്ട അങ്കലാപ്പുകളോ..?!!

6 comments:

ഉമ്മര് ഇരിയ said...

അതെ സുഹുത്തെ അവരുവീശുന്ന അഞ്ഞുറിനും,ആയിര‍ത്തിനും നമ്മുടെ വിയര്‍പ്പിന്റെ ഗന്ധമുണ്ട്.

InjiPennu said...

ഈ പറഞ്ഞത് അച്ചട്ട്!
ഒരു പത്തുകൊല്ലം മുമ്പു വരെ ഒരു കോടി രൂപയുണ്ടെങ്കില്‍ നാട്ടില്‍ പോയി ശിഷ്ടകാലം അധികം അല്ലലില്ലാതെ ജീവിക്കാന്ന് പറയുമായിരുന്നു. ഇപ്പൊ മിനിമം നാലോ അഞ്ചോ കോടികള്‍ വേണമത്രെ ഒരുമാതിരിയൊക്കെ തട്ടീം മുട്ടീം പോവാന്‍..ഈ പറയുന്നത്, ജോലിയൊന്നുമില്ലാതെ ഒരു പത്ത് നാപ്പത് വയസ്സില്‍ ഏര്‍ളി റിട്ടയര്‍മെന്റ് എടുക്കാന്‍ ആണെങ്കില്‍ ആണ്. അല്ലെങ്കില്‍ നാട്ടില്‍ ഒരു നല്ല ജോലിയുണ്ടെങ്കില്‍ നോ പ്രോബ്ലെം. പിന്നെ
പ്രവാസികള്‍ക്ക് ഒരു പരിപാടിയുണ്ട്..കണ്ടശ്ശാം കടവില്‍ ചെന്നാലും അമേരിക്കയില്‍ ജീവിക്കുന്ന പോലെ ജീവിക്കാന്‍ നോക്കും. ബാങ്ക് ബാലന്‍സിന്റെ മാത്രം ബലത്തില്‍ ആകെ അടിച്ച് പൊളിച്ച്. അന്നേരം കയ്യിലിരിക്കണ ചിക്കിലി ഒക്കെ തീരും...പിന്നേം പെരുവഴിയില്‍. സീദാ സാദാ ആയിട്ട് ജീവിക്കാന്‍ ആണെങ്കില്‍ പിന്നേം കുഴപ്പമില്ല. ഇപ്പൊ പ്രവാസിയാണെന്നൊന്നും പറഞ്ഞിട്ട് യാതൊരു കാര്യവുമില്ല. പ്രവാസികള്‍ക്കാണ് ഇപ്പൊ കാശ് കുറവ്.

സങ്കുചിത മനസ്കന്‍ said...

.....മടങ്ങിവരുന്നവരൊക്കെ നാടിനെക്കുറിച്ച്‌ അസൂയയോടെ പറയുന്ന രണ്ടുകാര്യങ്ങളുണ്ട്‌. കാശുണ്ടെങ്കില്‍ നാട്ടിലെ ജീവിതം പരമസുഖമാണടോ. നാടാകെ മാറിപ്പോയെടോ, ഇപ്പോ നാട്ടുകാരുടെ കയ്യിലൊക്കെ എന്താ പണം?!!......

100% വാസ്തവം. ലീവ് കഴിഞ്ഞ് തിരിച്ചെത്തുന്ന 100ല്‍ 99 പേരും ഇക്കാര്യം പറയും.

---ദയാവധക്കാരാ...
ബൂലോഗത്തിലേക്ക് സ്വാഗതം... വൈകിയെങ്കിലും...

സന്തോഷ് said...

വാസ്തവം, വാസ്തവം!

സുനില്‍ കൃഷ്ണന്‍ said...

ഞാനെപ്പൊഴേ ജാനൂനെ സപ്പോര്‍ട്ട് ചെയ്ത് തുടങ്ങി. കുറച്ചുകൂടി കഴിഞ്ഞ് അങ്ങ് എത്തുമ്പോഴേക്കും ചേരാന്‍ പാകത്തില്‍ ഫിറ്റായിരിക്കും. (ആദിവാസത്തിലേക്കുള്ള വിവര്‍ത്തന പരിശീലനമല്ലേ പ്രവാസം. എത്രയും താമസിക്കുന്നോ അത്രയും സാദ്ധ്യത കൂടുതലാണ്‌.‍ ഒടുവില്‍ ജാനു തന്നെ അന്തം വിട്ടാല്‍ ഞാനെതും ചെയ്യും ?

ചാക്കോച്ചി said...

പ്രവാസികള്‍ക്ക്‌ എവിടെയൊക്കെയോ പിഴയ്ക്കുന്നുണ്ട്‌!
അന്യനാട്ടില്‍ അരിമണികള്‍ കൂട്ടി വെച്ച്‌ ഉറുമ്പിനെ പോലെ ജീവിക്കുന്നത്‌, തിരിച്ച്‌ നാട്ടിലെത്തിയാല്‍ റിട്ടയര്‍മന്റ്‌ ലൈഫ്‌ ആഘോഷമാക്കാം എന്ന സ്വപ്നവും കണ്ട്‌ കണ്ട്‌...
ഒടുവില്‍ തിരിച്ചെത്തുമ്പൊഴോ ഒരായുസ്സിന്റെ വിയര്‍പ്പും കണക്കുക്കൂട്ടലും എല്ലാം വെറുതെയായെന്ന തിരിച്ചറിവ്‌ മാത്രം.

സംതിങ്‌ ഈസ്‌ മിസ്സിങ്‌ !