Thursday, October 12, 2006

ഖസാക്കിലേക്ക്‌ വീണ്ടും

കാലാന്തരങ്ങള്‍ക്കുശേഷം കൂനന്മാവില്‍ പിന്നെയും ഒരു ബസ്‌ വന്നുനിന്നു. അതില്‍ നിന്നും പതിയെ രവിയുടെ ഒരു ചടച്ചരൂപം!
രവി കണ്ടു - കാലം കൂനന്മാവിനു വലിയ മാറ്റം ഒന്നും വരുത്തിയിട്ടില്ല. കുറച്ചു കോണ്‍ക്രീറ്റു കെട്ടിടങ്ങളുടെ വളര്‍ച്ച മാത്രം!. നിരത്തിയിട്ടിരിക്കുന്ന കുറച്ച്‌ ഓട്ടോറിക്ഷകള്‍.. അവകള്‍ ഇന്ന് സ്ഥാനം പിടിച്ചിരിക്കുന്നിടത്താണ്‌ താന്‍ പണ്ട്‌ മരണം കാത്തുകിടന്നത്‌. അന്നത്തെ കൊടും മഴ തന്റെ വിഷത്തെ കഴുകിക്കളഞ്ഞു. പ്രകൃതിയുടെ ദാഷണ്യം. മരണത്തിന്റെ സുഖത്തില്‍ നിന്നും വീണ്ടും വ്യഥകളുടെ ജീവിതത്തിലേക്ക്‌... നിയോഗമായ പ്രയാണദിനങ്ങളിലേക്ക്‌...
പഴയ സര്‍ബത്ത്‌ കട ഇപ്പോഴും ഉണ്ട്‌. സര്‍ബത്തിനു പകരം നിരന്നിരിക്കുന്നത്‌ പെപ്‌സിയും കോളയും മറ്റ്‌ വിദേശപാനിയങ്ങളും.
കടക്കാരന്‍ രവിയെ തിരിച്ചറിഞ്ഞു 'വീണ്ടും വന്നുവല്ലേ..?'
രവി വെറുതെ ഒന്ന് പുഞ്ചിരിക്കുക മാത്രം ചെയ്‌തു.
ഖസാക്കിലേക്ക്‌ ഇപ്പോഴും ചെമ്മണ്‍ പാതതന്നെ. രവിക്ക്‌ പണ്ടത്തെപ്പോലെ നടക്കേണ്ടി വന്നില്ല. ഒരു ഓട്ടോക്കാരന്‍ അര്‍ദ്ധസമ്മതത്തോടെയാണെങ്കിലും കൊണ്ടുവിട്ടു.
രവി ഖസാക്കിലെത്തിയപ്പോള്‍ മഴ ചാറുന്നുണ്ടായിരുന്നു.
അലിയാരുടെ ചായപ്പീടികയില്‍ ആരൊക്കെയോ അപരിചിതര്‍. അവര്‍ ഓട്ടോയില്‍ വന്നിറങ്ങിയ അതിഥിയെ സാകൂതം വീക്ഷിക്കുന്നു. പിന്നെ അമേരിക്കയുടെ വിദേശനയങ്ങളെക്കുറിച്ചുള്ള ചര്‍ച്ചയുടെ ബാക്കി ഭാഗങ്ങളിലേക്ക്‌ തിരിച്ചുപോയി.
ഖസാക്കിന്‌ ഒത്തിരി മാറ്റങ്ങള്‍. മാറാതെ ചെതലിയുടെ താഴ്‌വര മാത്രം!
കരിമ്പനകളില്‍ അപ്പോഴും കിഴക്കന്‍ കാറ്റ്‌ വീശുന്നുണ്ടായിരുന്നു.
രവി ചായക്കടയിലേക്ക്‌ കയറി. അലിയാര്‍ അല്ല മറ്റാരോ ആണ്‌ കട നടത്തുന്നത്‌. ചായ കുടിച്ച്‌ ചര്‍ച്ചയില്‍ മുഴുകിയിരിക്കുന്നവരുടെ മുഖങ്ങളിലൂടെ രവി സഞ്ചരിച്ചു. പഴയ മുഖങ്ങളുടെ പ്രായം ചെന്ന രൂപത്തെ ഓര്‍ത്തെടുക്കാന്‍ ഒരു ശ്രമം നടത്തിക്കൊണ്ട്‌. പക്ഷേ കഴിഞ്ഞില്ല.
രവി ഒരു ചായയ്ക്ക്‌ പറഞ്ഞു. അത്‌ കുടിച്ചിരിക്കുമ്പോള്‍ പുറത്തുനിന്ന് ഒരു വിളി 'ഏ..ത്തോ..'
രവി തിരിഞ്ഞു നോക്കി. കിളി! തന്റെ സ്വന്തം അപ്പുക്കിളി!! അവനു മാത്രം ഒരു മാറ്റവും ഇല്ല.
ഒരു തുമ്പിയേയും പിടിച്ചുകൊണ്ട്‌...
'കിളിയേ...' രവി സ്നേഹത്തോടെ വിളിച്ചു.
'നീ പിന്നേം കത പതയാന്‍ വന്നതാ..'
രവി ചിരിച്ചതേയുള്ളൂ.
അപ്പുറത്തെ ടേബിളില്‍ ചായ കുടിച്ചിരുന്ന ഒരു ചെറുപ്പക്കാരന്‍ ചാടി എഴുനേറ്റുവന്ന് രവിയുടെ കൈ കടന്നുപിടിച്ചു.
'രവി മാഷ്‌ടരാ...?'
'അതെ.'
'നമ്മ ആരാണ്‌ന്നു മാഷ്‌ടരക്ക്‌ മന്‌ഷിലായോ..?'
രവി ഒത്തിരി നേരം സൂക്ഷിച്ചുപഠിച്ചിട്ടും ഓര്‍മ്മ വന്നില്ല.
അവസാനം തോല്‌വി സമ്മതിച്ച്‌ തല കുലുക്കി.
'ചാത്തന്‍! മാഷ്‌ടരുടെ പഴയ ഇഷ്‌കൂളില്‍ ..'
ഓര്‍മ്മ തെളിഞ്ഞു. താന്‍ സ്വന്തം പണമെടുത്ത്‌ കുപ്പായം വാങ്ങിക്കൊടുത്ത പയ്യന്‍.
'ഇപ്പോ..'
'പണിയൊന്നുമില്ല. കുറച്ചുനാള്‍ ഓബുഡ്‌സ്‌മാനായിരുന്നു. ജനകീയാസൂത്രണം പോയപ്പോ അതും പോയി..'
'ഇതെന്താ മുഖത്തൊരു പാട്‌..?' രവി ചോദിച്ചു.
'മുത്തങ്ങ!!'
രവി മുഖം കുനിച്ചു.
'മാഷ്‌ടരിന്റെ ഖസാക്കിലേക്കുള്ള പുതിയ വരവിന്റെ ഉദ്ദേശ്യം..?'
'ചരിത്രം ആവശ്യപ്പെടുന്ന പുതിയ ദൗത്യം. ഞാനിവിടെ ഒരു ഏകാധ്യാപക കമ്പ്യൂട്ടര്‍ സ്‌കൂള്‍ തുടങ്ങുന്നു..!

8 comments:

ബെന്യാമിന്‍ said...

ഖസാക്കിന്‌ ഒത്തിരി മാറ്റങ്ങള്‍. മാറാതെ ചെതലിയുടെ താഴ്‌വര മാത്രം!
കരിമ്പനകളില്‍ അപ്പോഴും കിഴക്കന്‍ കാറ്റ്‌ വീശുന്നുണ്ടായിരുന്നു.

രവി വീണ്ടും ഖസാക്കിലേക്ക്‌ ...

P Das said...

ഖസാക്ക് നല്ലോണ്ണം മാറി.. :)

ഉമേഷ്::Umesh said...

ഖസാക്ക് ഒരുപാടു പേര്‍ക്കു് ഇന്നും പ്രചോദനമാണു്. ആദിത്യന്റെ ഈ പോസ്റ്റുകള്‍ വായിച്ചിട്ടുണ്ടോ?

1

2

3

ബെന്യാമിന്‍ said...

ഉമേഷ്‌ജീ,
താങ്കള്‍ ചൂണ്ടിക്കാണിച്ചപ്പോഴേ ഞാന്‍ ആ ഖസാക്ക്‌ കഥ കണ്ടൊള്ളൂ. നന്നായി തുടങ്ങി ആരുടെയോ പ്രേരണയില്‍ വേഗം അവസാനിപ്പിച്ച ഒരു പാതിക്കഥ. അതിങ്ങനെ ചുരുക്കേണ്ടിയിരുന്നില്ല. നന്നായി എഴുതിയിരുന്നെങ്കില്‍ അത്‌ ഖസാക്കിന്‌ നല്ലൊരു രണ്ടാം ഭാഗമാകുമായിരുന്നു. ഒരു ഇതിഹാസവും എവിടെയും അവസാനിക്കുന്നില്ല. അതിന്‌ തുടര്‍കഥകള്‍ ഉണ്ടായിക്കൊണ്ടേയിരിക്കും. ഇരിക്കണം. എന്തുകൊണ്ട്‌ മഹാഭാരതത്തിലും ബൈബിളിനും ഒക്കെ പുനഃരാഖ്യാനങ്ങള്‍ ഉണ്ടാകുന്നു..? അതാണ്‌ ഇതിസാഹങ്ങളുടെ പ്രത്യേകത. കുഴിച്ച്‌ കുഴിച്ച്‌ എത്ര എടുത്താലും പിന്നെയും പറയാന്‍ പുതുകഥ അവശേഷിക്കുന്ന അക്ഷയഖനി. അക്കഥയില്‍ അല്‌പം മിനക്കെട്ട്‌ പണിയെടുത്ത്‌ അതിനെ ഒരു നോവലാക്കി വളര്‍ത്താന്‍ നമുക്ക്‌ എന്തുകൊണ്ട്‌ ആദിത്യനെ നിര്‍ബന്ധിച്ചുകൂടാ..? ആദിത്യാ വായിക്കുന്നുവോ ഈ വാചകം. ശ്രമിക്കൂ. നിങ്ങളുടെ ശ്രമത്തില്‍ ഒരു വലിയ പുതിയകഥ ഒളിഞ്ഞുകിടപ്പുണ്ട്‌. അതൊരിക്കലും വിജയന്റെ ഖസാക്ക്‌ ആയിരിക്കില്ലെന്ന് എനിക്കുറപ്പുണ്ട്‌. കാലം ഖസാക്കിനുവരുത്തിയ മാറ്റങ്ങള്‍ നല്ലപോലെ ഉള്‍ക്കൊണ്ടുവേണം ചെയ്യാന്‍ എന്നുമാത്രം.. അതിനുവേണ്ടി ഒരു തപസ്‌ ഞാന്‍ പ്രതീക്ഷിക്കട്ടയോ..?!! മറ്റ്‌ ഖസക്ക്‌ പ്രേമികളുടെ അഭിപ്രായവും വരട്ടെ.

Adithyan said...

"നന്നായി തുടങ്ങി ആരുടെയോ പ്രേരണയില്‍ വേഗം അവസാനിപ്പിച്ച..."

u said it all :D

ഞാന്‍ കുറെ മിനക്കെട്ട് ആദ്യ ഭാഗം എഴുതി, രണ്ടാമത്തേതും അത്യാവശ്യം മിനക്കെട്ടു. പക്ഷെ എനിക്ക് ഞാന്‍ ഉദ്ദേശിച്ച പോലെ എഴുതാന്‍ കഴിയുന്നില്ല എന്നും പിന്നെ ആളുകള്‍ക്ക് ഇഷ്ടപ്പെടുന്നില്ല എന്നും മനസിലായതോടേ മൂന്നാമത്തേതില്‍ കൊണ്ടു പോയി ക്രാഷ് ലാന്‍ഡ് ചെയ്തു :)

പുതിയ ഭാവങ്ങള്‍ വരട്ടേ...

ബെന്യാമിന്‍ said...

ആദിത്യാ..
ഖസാക്ക്‌ ഇവിടെ പലര്‍ക്കും വേദപുസ്‌തകം പോലെയാണ്‌. തൊടാന്‍ പാടില്ല, അതിലൊരു വാക്ക്‌ കൂട്ടാനും കുറയ്ക്കാനും പാടില്ല. അങ്ങയുള്ളവരാണ്‌ ആ ഖസാക്ക്‌ കഥയോട്‌ തൃപ്‌തിയില്ലാതെ പ്രതികരിച്ചതെന്ന് തോന്നുന്നു. ഒരു നല്ല വായനക്കാരനെന്ന നിലയിലും ചെറിയൊരു എഴുത്തുകാരനെന്ന നിലയിലും താങ്കളുടെ തുടക്കത്തില്‍ ഒരു നല്ല വിഷയം ഞാന്‍ കാണുന്നുണ്ട്‌. ഏകദേശം ഒരു വര്‍ഷം കഴിഞ്ഞില്ലേ. ഇനി അതൊന്ന് പൊടിതട്ടി എടുത്തു നോക്കൂ. മനസ്സിരുത്തി ഒന്ന് പണി ചെയ്‌തു നോക്കൂ. ഒരുപക്ഷേ അതൊരു കനപ്പെട്ട രചനയാക്കി മാറിയേക്കാം. എന്തിന്‌ മനസ്സില്‍ വന്ന ഒരാശയത്തെ ഇങ്ങനെ ക്രാഷ്‌ലാന്റ്‌ ചെയ്യിക്കുന്നു.

പി. ശിവപ്രസാദ്‌ / മൈനാഗന്‍ said...

രവിമാര്‍ ആയിരങ്ങള്‍ വ്യക്തിത്വപരിണാമങ്ങളിലൂടെ ഖസാക്കിലും പുറത്തും...! അമ്പത്‌ വര്‍ഷം മുന്‍പ്‌ അന്നത്തെ ധിഷണാശാലികള്‍ പോലും സങ്കല്‍പിക്കാതിരുന്ന ക്ലിഷ്ടതയുടെയും നഷ്ടങ്ങളുറ്റെയും ലോകം. ഇന്നത്തെ രവി ഇതിനും എത്രയോ അപ്പുറത്തെങ്ങോ സര്‍പ്പസഹവാസം നടത്തുകയല്ലേ?

Anonymous said...

ഖസാക്കിന്റെ ഇതിഹാസം പുതിയ ബ്ലോഗ്ഗേഴ്സ്‌ ഒന്ന് പുതുക്കി എഴുതിയാല്‍ കൊള്ളാം. തീര്‍ച്ചയായും ബെന്യാമീന്‍ പറഞ്ഞപോലെ പലരും അത്‌ ഒരു വേദപുസ്തകമായി കരുതുന്നു. പുതിയ യുഗത്തില്‍ വേദങ്ങള്‍ക്കും കാലഘട്ടം ആവശ്യപ്പെടുന്ന രീതിയില്‍ ഒരു "അപ്ഗ്രേഡിങ്ങ്‌" വേണ്ടതല്ലെ? അതോ മൗലികവാദികളുടെ പുറകേ ശിലായുഗത്തിലേക്ക്‌ കമ്പ്യൂട്ടറുമായി പോകുന്നവരുടെ പുറകേകൂടേണ്ടിവരുമോ?

by paarppidam