ചിക്കുന്‍ ഗുനിയ എന്ന രോഗം കേരളത്തില്‍ പടര്‍ന്നുപിടിച്ചത് നന്നായി എന്നു വിശ്വസിക്കുന്ന ഒരാളാണ് ഞാന്‍. രണ്ടുണ്ട് കാരണങ്ങള്‍.
ഒന്ന്) കേരളീയരുടെ അലസതയ്ക്കും പരിസര ശുചിത്വമില്ലായ്മയ്ക്കും കിട്ടിയ കനത്ത ശിക്ഷയാണ് ഈ ഗുനിയമരണങ്ങള്‍. പരിസരശുചീരണത്തെപ്പറ്റി എത്ര പറഞ്ഞാലും മനസ്സിലാവാത്ത ഒരു വര്‍ഗ്ഗമായി നാം മാറിയിട്ട് കുറച്ചു നാളുകളായി.
രണ്ട്) കേരളീയചിന്തയുടെ മറ്റൊരു മ്ലേച്ഛമുഖം വെളിപ്പെടുത്താന്‍ ഈ മരണങ്ങള് കാരണമായിട്ടുണ്ട്.
ഇതില്‍ ഒന്നാമത്തെ വിഷയത്തെപ്പറ്റി നിരവധി പോസ്റ്റുകള്‍ വന്നതുകാരണം അതേപ്പറ്റി ഇനി പറയുന്നില്ല. കണ്ടാല്‍പ്പഠിക്കാത്തവന്‍ കൊണ്ടാല്‍പഠിക്കും അത്രതന്നെ!
രണ്ടാമത്തെ വിഷയം കൂടുതല്‍ ഗൗരവമാര്‍ന്നതാണ് എന്ന് വിചാരിക്കുന്നു. ചിക്കുന്‍ ഗുനിയയുടെ വ്യാപനം മൂലം കേരളത്തില്‍(മരണകാരണത്തെ സംബന്ധിച്ച തര്‍ക്കങ്ങള്‍ അവിടെ നില്ക്കട്ടെ) മരണപ്പെട്ടവരില്‍ നല്ലൊരു ശതമാനവും വൃദ്ധരാണ്. അല്ലെങ്കില്‍ അറുപത് വയസ്സുകഴിഞ്ഞവരാണ്. അതേ സംബന്ധിച്ച് രാഷ്ട്രീയ നേതാക്കന്മാരില് നിന്ന് ഭരണകര്‍ത്താക്കളില്‍ നിന്ന് എന്തിന് പൊതു സമൂഹത്തില്‍ നിന്നു തന്നെ ഉയര്‍ന്നുവന്നിട്ടുള്ള ഉദാസീനത നാം പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. മരിച്ചവരില്‍ അധികവും പ്രായമുള്ളവരാണ് അതുകൊണ്ട് സാരമില്ല എന്ന മട്ടിലായിരുന്നു ആ പ്രതികരണങ്ങള്‍ അത്രയും ഉണ്ടായത്. 'ഇന്നല്ലെങ്കില്‍ നാളെ ഇവനൊക്കെ അങ്ങ് പോകേണ്ടവനാണ്. ഇന്നായത് അത്രയും നന്ന്. ഇല്ലെങ്കില്‍ ഇവനൊക്കെ കിടന്ന് ഞങ്ങള്‍ക്ക് ഒരു ശല്യമായിത്തീര്‍ന്നേനേം.' എന്നൊരു മനസ്സ് ആ വാക്കുകള്‍ക്ക് പിന്നിലിരുന്ന് സംസാരിക്കുന്നതായി തോന്നി. അതായത് അറുപതു കഴിഞ്ഞവരെല്ലാം വേഗം മരിക്കേണ്ടവരാണ് എന്നൊരു ചിന്ത നമ്മുടെ പൊതുസമൂഹത്തില്‍ പടര്‍ന്നുപിടിച്ചോ എന്നു ഞാന്‍ ഭീതിയോടെ സംശയിക്കുന്നു.
കേരളത്തില്‍ അനുദിനം വര്‍ദ്ധിച്ചുവരുന്ന വൃദ്ധസദനങ്ങള്‍, ശരണാലയങ്ങള്‍, അഗതി മന്ദിരങ്ങള്‍ എന്നിവകൂടി പരിഗണിച്ചുവേണം നാം ഈ വിഷയത്തെ സമീപിക്കുവാന്‍. കേരളത്തില്‍ ഇത്രയും മരണങ്ങള് നടന്നിട്ടും നമ്മുടെ മനഃസാക്ഷി കുലുങ്ങാതെ നില്‍ക്കുന്നത്, ഭരണകൂടം ചലിക്കാതെ നില്‍ക്കുന്നത് മരിച്ചവരിലേറെയും പ്രായവയവര്‍ തന്നെ ആയിട്ടല്ലേ എന്ന് നമുക്കോരോരുത്തര്‍ക്കും സ്വയം ചോദിച്ചുനോക്കാം. അപ്പോള്‍ കിട്ടും കൃത്യമായ ഉത്തരം. ഇത്രയും കുട്ടികളായിരുന്നു ഇവിടെ മരിച്ചതെങ്കില്‍ എന്താകുമായിരുന്നു കേരളത്തിന്റെ ഭീതിയും അങ്കലാപ്പും അരാഷ്ട്രീയ പൊതുസമൂഹം ഉണ്ടാക്കുമായിരുന്ന ബഹളവും.
എങ്ങനെ വന്നു വൃദ്ധരോട് നമുക്കിത്ര വിദ്വേഷം..? നമ്മില്‍ അനുദിനം വ്യാപരിക്കുന്ന ഉപഭോഗസംസ്കാരത്തിന്റെ ഭാഗമാണോ ഇതും..? എല്ലാം ഉപയോഗിച്ചു കളയുന്നതിനൊപ്പം നാം നമ്മുടെ മാതാപിതാക്കളെയും ഉപയോഗിച്ചു കളയാന്‍ തക്കവണ്ണം പ്രാപ്തരായോ..? പ്രായമായവര്‍ ഒരു സമൂഹത്തിന്റെ സമ്പത്താണ് അവരെ സംരക്ഷികേണ്ടത് സമൂഹത്തിന്റെ തന്നെ ചുമതലയാണ് എന്ന സാമൂഹികബോധവും ധാര്‍മ്മികബോധവും എങ്ങനെ നമുക്ക് നഷ്ടമായി..?
പെന്‍ഷന്‍പറ്റി മക്കളെ ഒരു കരയ്ക്ക് എത്തിച്ചു കഴിഞ്ഞാല്‍ മാതാപിതാക്കള്‍ വേഗം അടുത്ത അഗതിമന്ദിരം പിടിച്ചുകൊള്ളുക അല്ലെങ്കില്‍ നിങ്ങള്‍ മരണയോഗ്യന്‍ എന്നാണോ ഈ സൂചനകളിലൂടെ കേരളത്തിന്റെ യുവമനസ്സ് മന്ത്രിക്കുന്നത്..? സത്യത്തില്‍ ഗുനിയ പിടിപെട്ടത് ആര്‍ക്ക്..? വൃദ്ധരുടെ ശരീരത്തിനോ യുവത്വത്തിന്റെ മനസ്സിനോ..?!!
Monday, October 16, 2006
Subscribe to:
Post Comments (Atom)
14 comments:
...'ഇന്നല്ലെങ്കില്‍ നാളെ ഇവനൊക്കെ അങ്ങ് പോകേണ്ടവനാണ്. ഇന്നായത് അത്രയും നന്ന്. ഇല്ലെങ്കില്‍ ഇവനൊക്കെ കിടന്ന് ഞങ്ങള്‍ക്ക് ഒരു ശല്യമായിത്തീര്‍ന്നേനേം.' എന്നൊരു മനസ്സ് ആ വാക്കുകള്‍ക്ക് പിന്നിലിരുന്ന് സംസാരിക്കുന്നതായി തോന്നി. അതായത് അറുപതു കഴിഞ്ഞവരെല്ലാം വേഗം മരിക്കേണ്ടവരാണ് എന്നൊരു ചിന്ത നമ്മുടെ പൊതുസമൂഹത്തില്‍ പടര്‍ന്നുപിടിച്ചോ എന്നു ഞാന്‍ ഭീതിയോടെ സംശയിക്കുന്നു.....
ഈ വൃദ്ധരെല്ലാം അത്രവേഗം മരിക്കേണ്ടവരോ..?
ബെന്യാമിന്,
തീര്‍ച്ചയായും ഗൌരവത്തോടെ കാണേണ്ട സംഗതിയാണ് ഇത്. ഹിറ്റ്ലര്‍ വിഭാവനം ചെയ്ത പോലെ ‘ബെസ്റ്റ് ഓഫ് ദ ബെസ്റ്റ്’ ആയ ചെറുപ്പക്കാരായ പൌരന്മാര് മാത്രമുള്ള സമൂഹം എത്ര ഭീകരമാണ്. ഈ വിഷയം ഉന്നയിച്ചതിന് അഭിനന്ദനങ്ങള്‍!
ജനസംഖ്യാനുപാതത്തില്‍ വൃദ്ധരുടെ എണ്ണം യുവാക്കളുടേതിനെക്കാള്‍ വളരെ മുകളിലാണ്. അപ്പോള്‍ ഒരു ചെര്രിയ കൂട്ടം ആളുകള്‍ക്ക് വലിയ കൂട്ടം ആളുകളെ താങ്ങാന്‍ കഴിഞ്ഞെന്നുവരില്ല. അപ്പോള്‍ നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്ന വൃദ്ധസദനങ്ങള്‍ നല്ല കാര്യം തന്നെ. ഇപ്പോഴത്തെ വൃദ്ധരും കാലത്തിന്റെ ഈ മാറ്റം ഉള്‍ക്കൊള്ളാന്‍ തയ്യാറാകണം. ഇപ്പോഴത്തെ യുവാക്കള്‍ (നാളെത്തെ വൃദ്ധര്‍) റിട്ടേഡ് ജീവിതത്തിലേക്ക് ഏതെങ്കിലും ഒരു നല്ല വൃദ്ധസദനത്തില്‍ ഒരു മുറി ഇപ്പോഴേ ബുക്കു ചെയ്തിട്ടാല്‍ നന്നായിരിക്കും.
അനോണിയുടെ ആത്മഗതം തുറന്നുപറഞ്ഞത് നന്നായി. ഇങ്ങനെയാണ് നമ്മുടെ പുതുയൗവനം ചിന്തിക്കുന്നതെങ്കില്‍, സാക്ഷാല്‍ ഈശ്വരനുപോലും അവരെ സഹായിക്കാനാവില്ല. 'നാളെയെ വൃദ്ധസദനത്തിലെ കോമ്പാക്ട് അന്തരീക്ഷത്തിലിരുന്ന് സുഖമായി ആസ്വദിച്ചുകളയാം' എന്നത് വെറും വ്യാമോഹം മാത്രമാണ്. ഒരുപക്ഷേ, മുറി നേരത്തെ ബുക് ചെയ്യാന്‍ കഴിഞ്ഞത് നന്നായി എന്നൊരു തോന്നല്‍ താങ്കള്‍ക്കുണ്ടാകാം. അതിനു കഴിയാത്ത എത്രപേര്‍ പുറത്തുണ്ടാവുമെന്ന് ചിന്തിക്കുക. വൃദ്ധരോടുള്ള ഈ സമീപനം മനുഷ്യത്വ വിരുദ്ധമാണ്.
ബെന്യാമിന് സൂചിപ്പിച്ചത് പ്രശ്നത്തിന്റെ സാമൂഹികമായ വശമാണ്. ഒരു വ്യക്തിയെ, അതിലൂടെ സമൂഹത്തെ കാലക്രമത്തില്‍ ബാധിക്കുന്ന 'മനോരോഗത്തിന്റെ' ആഴം ഗൗരവമായി വിശകലനം ചെയ്യേണ്ടതാണ്. അതിന് കഴിഞ്ഞില്ലെങ്കിലും, അപഹസിക്കരുത്!
http://charukesi-charukesi.blogspot.com
ബെന്യാമിന് മാഷേ തീര്‍ത്തും സമകാലിക പ്രസക്തിയുള്ള ഒരു കാര്യമാണ് നിങ്ങള്‍ ചൂണ്ടിക്കാണിക്കുന്നത്...ആളുകളെക്കുറിച്ചും ആദര്ശങ്ങളെക്കുറിച്ചും ആലംബങ്ങളെക്കുറിച്ചുമുള്ള കരുതലുകളും ഓര്‍മ്മകളും ഒരു അയോഗ്യത പോലുമായി ഗണിക്കപ്പെടുന്ന രീതിയില്‍ നമ്മുടെ സാമൂഹിക ജീവിതം കണ്ടീഷന്‍ ചെയ്യപ്പെടുന്നത് തികച്ചും വേദനാജനകമായ വേഗതയിലാണ്....
വൃദ്ധര്‍ മാത്രം മരിച്ചതു കൊണ്ടാണു ഈ നിസ്സംഗത എന്നെനിക്കു തോന്നുന്നില്ല...
സോഷ്യോ എക്കണോമിക് സ്റ്റ്രാറ്റയിലെ ഏറ്റവും താഴേക്കിട്ക്കുന്ന പാവങ്ങളുടെ ഉറ്റവരും ഉടയവരും മാത്രം ആണു ഈ ദുര്‍ഗതിക്ക് അടിപ്പെട്ടതു........
അപ്പോ പിന്നേ ആരു ചോദിക്കനും പറയാനും??
ബെന്യാമിന്,
തീര്‍ച്ചയായും ചര്‍ച്ച ചെയ്യപ്പെടേണ്ട വിഷയം തന്നെ.
ഇപ്പോള്‍ മക്കളെ പോറ്റുന്ന തലമുറയും അനോഹ്നി പറഞ്ഞ തരത്തിലുള്ള ഒരു പ്രതികരണം മക്കളില്‍ നിന്നും പ്രതീക്ഷിക്കുന്നുണ്ട്.അവര്‍ക്കു ചെയ്ത് കൊടുക്കാന്‍ പറ്റുന്നത് ചെയ്യുക തിരിച്ച് ഒന്നും പ്രതീക്ഷിക്കാതെ എന്ന ഒരു മനോഭാവം ഉള്ള മാതാപിതാക്കളും ധാരാളം ഉണ്ടു.
ഒന്നാം അനോനിയാണ് ഞാന്‍.
എനിക്കുനേരെ ഉതിര്‍ന്ന വിമര്‍ശങ്ങള്‍ക്ക് നന്ദി. പക്ഷേ ഒരു ചോദ്യമുണ്ട്. ഇന്നത്തെ കുടുംബപശ്ചാത്തലത്തില്‍ വിദേശത്തായിരിക്കുന്ന നിങ്ങളില്‍ എത്ര പേര്‍ക്ക് (ശിവപ്രസാദ് നിങ്ങളോടും കൂടി) സ്വന്തം മാതാപിതാക്കളെ കൂടെക്കൊണ്ടുപോയി താമസിപ്പിക്കാന്‍ കഴിയും..? അല്ലെങ്കില്‍ അവര്‍ക്കുവേണ്ടി നിങ്ങള്‍ക്ക് നാട്ടില്‍ വന്നു താമസിക്കാന്‍ കഴിയുമോ..? പിന്നെന്തിനീ വിടുവായിത്തരങ്ങള്..? അവരെ തനിച്ച് താമസിക്കാന്‍ വിട്ട് കള്ളന്മരുടെ കത്തിക്ക് ഇരയാക്കുന്നതിലും ഭേദമല്ലേ, വൃദ്ധസദനങ്ങളിലെ സമപ്രായക്കാരുടെ ഇടയില്‍ വര്‍ത്തമാനം പറഞ്ഞ് മറ്റു വിനോദങ്ങളിലും ഏര്‍പ്പെട്ട് നേരം പോക്കുന്നത്..? വീട്ടില്‍ ഒറ്റപ്പെട്ടവര്‍ ആരോരും അറിയാതെ മരിച്ചു കിടന്ന സംഭവങ്ങള്‍ എത്ര എന്ന് അറിയാമോ..? നിങ്ങളുടെ മാതാപിതാക്കള്‍ക്ക് മരിക്കാന്‍ നേരം വായിലിത്തിരി വെള്ളമിറ്റിച്ചുകൊടുക്കാനെങ്കിലും ഒരാളുണ്ടാവുമല്ലോ. നിങ്ങള്‍ക്കതിന് സാധിക്കില്ലെങ്കില്‍ ആരെങ്കിലും കൊടുത്തോട്ടെന്നു വയ്ക്കൂ.
നിങ്ങള്‍ പറയാന്‍പോകുന്നത് ഹോം നേഴ്സ് സൗകര്യത്തെക്കുറിച്ചാവും. അതൊട്ടും പറയാതിരിക്കുകയാണ് ഭേദം.
പരസ്പരം സഹകരിച്ചും സ്നേഹിച്ചും കഴിയുന്ന ഒരു വൃദ്ധ ബോര്‍ഡിംഗ് സ്കൂള്‍ എന്നു മാത്രം നാം വൃദ്ധ സദനങ്ങളെ കണ്ടാല്‍ മതിയാവും.
അവധിയ്ക്ക് ചെല്ലുമ്പോള്‍ ഭാര്യമാരോടൊപ്പം ചിലവഴിക്കാന്‍ സമയം കണ്ടെത്തുന്നതോടൊപ്പം അവരെക്കൂടി വിളിച്ച് വീട്ടില്‍ കൊണ്ടുനിറുത്താന് എന്റെ സ്നേഹിതന്മാര്ക്ക് മനസ്സുണ്ടാവണം എന്നു മാത്രം.
ബെന്യാമീന് വളരെ പ്രസക്തമായ ഒരു വിഷയത്തെയാണ് ഇവിടെ പരാമര്‍ശിച്ചിരിക്കുന്നത്.ദിലബാസുരന് പറഞ്ഞപോലെ വെറും ചെറുപ്പക്കാര്‍ മാത്രമുള്ള ഒരു കേരളംത്തേകുറിച്ച് ഒന്ന് ചിന്തിച്ചുനോക്ക്. അരാജകത്വത്തിന്റെ ഒരു കൂത്തരങ്ങായിരിക്കും കേരളം.പിന്നെ ആ വൃദ്ധരല്ലായിരുന്നു മരിക്കേണ്ടത് കേരള രാഷ്ട്രീയത്തിനു ശാപമായി ജീവിക്കുന്ന എക്സ്പയറിഡേറ്റുകഴിഞ്ഞ ചിലരായിരുന്നെങ്കില്‍ എത്ര നന്നായിരുന്നു എന്ന് ആത്മാര്‍ഥമായി ആഗ്രഹിച്ചുപോകുകയാണ്.
'അനോണി മാഷിന്റെ' അഭിപ്രായത്തെ മാനിക്കുന്നു. അര്‍ത്ഥസത്യം മാത്രമാണ് താങ്കളുടെ വാദം.
പക്ഷേ അത് പൂര്ണസത്യമാണെന്ന് വാദിക്കാനും താങ്കള്ക്കായേക്കും. മാതാപിതാക്കളെ (ഭാരയെയും മക്കളെയും ഉള്‍പ്പെടെ) ഒപ്പം താമസിക്കാന്‍ കഴിയാത്തതും, വിദേശത്ത് ഒപ്പം കൊണ്ടുവരാത്തതുമൊക്കെ ഏറെ വിശദമായി കാര്യകരണസഹിതം ചര്‍ച്ച ചെയ്യേണ്ടുന്ന പ്രശ്നമാകയാല്‍ തല്ക്കാലം ക്ഷമിക്കുക.
പിന്നെ, അത്തരം കാരണങ്ങളൊക്കെ വൃദ്ധസദനം ജനയിതാക്കള്ക്കു സമ്മാനിക്കുവാനുള്ള 'ലൈസന്‍സ്' ആക്കിമാറ്റാമെന്ന അന്തര്‍ദ്ധാര താങ്കളുടെ വാക്കുകള്ക്കടിയിലുണ്ട്. വൃദ്ധസദനം ഒരു തെറ്റാണെന്നോ, അനാവശ്യമാണെന്നൊ ഞാന്‍ പറയുകയില്ല. ആ പേരില്‍ ധാരാളം 'അശുദ്ധ വ്യാപാരങ്ങള്‍' നടത്തുന്ന ചില സദനങ്ങളെക്കുറിച്ച് അറിയുന്നതുകൊണ്ട് പറയുകയാണ്, അവസാനത്തെ മാര്‍ഗ്ഗമായി മാത്രമേ അത് തിരഞ്ഞെടുക്കപ്പെടാവൂ.
ഒന്നു ചോദിച്ചൊട്ടേ?
'വൃദ്ധസദനം നടത്തുന്നുണ്ടോ? അല്ലെങ്കില്‍ അതിനുള്ള പദ്ധതിയുണ്ടോ? - താങ്കള്‍ക്ക്?'
ബെന്യാമിന്റെ ചര്‍ച്ചയെ ഏതൊക്കെയൊ അര്‍ത്ഥത്തില്‍ കമന്റുകള്‍ വഴിതെറ്റിച്ചതായി ഞാന്‍ കരുതുന്നു. വൃദ്ധരുടെ പ്രശ്നങ്ങള്‍ക്കുള്ള ഏക പരിഹാരം വൃദ്ധസദനമാണെന്ന് നമ്മള് കണ്ടുപിടിച്ചുകളഞ്ഞില്ലേ?!
സര്‍വ്വലോക വൃദ്ധജനങ്ങളേ, നിങ്ങളുടെ ബോര്‍ഡിംഗ് സ്കൂളുകളിലേക്ക് മാര്‍ച്ചു ചെയ്യുക. നിങ്ങള്‍ക്ക് കിട്ടാനുള്ളത് പുതിയൊരു ബിരുദമാവാം!
ശിവപ്രസാദ് പറഞ്ഞതുപോലെ ഇടയ്ക്കെവിടെ വച്ചോ നമ്മുടെ ചര്‍ച്ച ഇത്തിരി വഴിമാറിയെന്നു തോന്നുന്നു. വൃദ്ധസദനങ്ങളെക്കുറിച്ചല്ല ഞാന്‍ ഉന്നയിച്ച വിഷയം. നമ്മുടെ മാറുന്ന മനസ്ഥിതിയെക്കുറിച്ചാണ്. അനുഭവസമ്പത്ത് കൈമുതലായുള്ള ഒരു തലമുറയെ നാം വേണ്ടവിധത്തില്‍ സംരക്ഷിക്കുകയോ അവരുടെ പ്രശ്നങ്ങള്‍ നമ്മുടെ പ്രശ്നങ്ങളായി ഏറ്റെടുക്കുകയോ ചെയ്യുന്നില്ല എന്നതാണ് കാതലായ വിഷയം. വൃദ്ധരെ പുച്ഛത്തോടെ കാണുന്ന മനസ്ഥിതി മാറിയേ മതിയാവൂ.
നന്നായിട്ട് വിഷയത്തെ സമീപിച്ചിരിക്കുന്നു ബെന്യാമീന്!
ബെന്യാമിന്, ചികുന്‍ ഗുനിയ സ്കൂപ്പിലെ പുതിയ ഒരു ട്വിസ്റ്റ് ആണ് ഞാന്‍ താങ്കളുടെ പോസ്റ്റില്‍ വായിച്ചത്. മരണത്തിന്റെ കണക്കുകള്‍ക്കിടയില്‍ ഇതിന് ഇങ്ങനെ ഒരു തലം ഉണ്ടെന്നറിയില്ലായിരുന്നു. എന്തായാലും, മരിച്ചത് കുട്ടികളായിരുന്നാലും, നമ്മള്‍ക്ക് വലിയ വാര്‍ത്തയൊന്നും ആവില്ല അത്. ഏഷ്യാനെറ്റില്‍, വാര്‍ത്തകള്‍ക്കിടയില്‍, വായിക്കുന്നവന് റിപ്പോര്‍ട്ടറോട്, ‘എത്ര പേര് ഇപ്പോള്‍ ഗുരുതരാവസ്ഥയില്‍ കിടക്കുന്നു ആ ആശുപത്രിയില്‍ ?” എന്ന ചോദ്യം ചോദിക്കുന്നതു കേട്ടു ഇതിനിടെ. അതറിഞ്ഞിട്ടു വേണം നാളത്തെ കണക്ക് എഴുതാന്‍. തികഞ്ഞ നിസ്സംഗതയോടെയാണ് നാമത് മുഴുവന്‍ കണ്ടത്. മരിക്കുന്നതാരെന്നോ എത്രയെന്നോ നമുക്കൊരു വിഷയമല്ലാതായിരിക്കുന്നു!
ചികുന്‍ ഗുനിയ വാര്‍ത്തകള്‍ക്കിടയില്‍ കൊടുത്ത പരസ്യത്തിന്റെ വരുമാനത്തിന്റെ പകുതി ഉണ്ടായിരുന്നെങ്കില്‍ ആലപ്പുഴയെ കൊതുകു വിമുക്ത ജില്ലയാക്കാമായിരുന്നു!
മരണത്തെ നിസംഗതയോടെ കാണുന്ന സമൂഹത്തിന് എന്തോ ഒരു കുഴപ്പമില്ലേ..? അതുതന്നെയാണ് ഞാന്‍ വിഷയമാക്കിയതും. സതീഷ് താങ്കളില്‍ നിന്ന് നല്ല അഭിപ്രായമാണ് വന്നത്.
Post a Comment