Wednesday, February 21, 2007

ക്രിക്കറ്റ്‌: ഒറ്റുകാരുടെയും വഞ്ചകരുടെയും കളി...?

അടുത്തിടെ ഒരു കഥ വായിച്ചു. പി.എന്‍. കിഷോര്‍ കുമാറിന്റെ 'ഒരു ഫുട്ബോളറുടെ ദുരന്തങ്ങള്‍'. ക്രിക്കറ്റിനെയും ഫുട്ട്ബോളിനെയും താരതമ്യം ചെയ്‌തുകൊണ്ട്‌ വികസിക്കുന്ന ഒരു കഥയാണത്‌. അതില്‍ ഫുട്ട്ബോളിനെ പുകഴ്‌ത്താനും ക്രിക്കറ്റിനെ ഇകഴ്‌ത്താനുമായി നടത്തുന്ന ചില പ്രസ്ഥാവനകളാണ്‌ എന്നെ ഈ കുറിപ്പിന്‌ പ്രേരിപ്പിക്കുന്നത്‌.

ആ കഥയില്‍ നാം ഇങ്ങനെ ചിലത്‌ വായിക്കുന്നു: (ബ്രാക്കറ്റില്‍ എന്റെ ചോദ്യങ്ങള്‍..)
1. റണ്ണുകള്‍ക്കുവേണ്ടി ഓടുമ്പോള്‍ കൂട്ടുകാരനെ അവശ്വസിക്കേണ്ടി വരുന്നത്‌ ഒരു ക്രിക്കറ്ററുടെ ദുര്‍വിധിയാകുന്നു. റണ്ണൗട്ടാകും എന്ന അവസരത്തില്‍ പലപ്പോഴും അയാള്‍ തന്റെ സഹകളികാരനാല്‍ ഒറ്റുകൊടുക്കപ്പെട്ടേക്കാം. തിരിച്ചും. ക്രിക്കറ്റില്‍ ധാര്‍മ്മിതയ്ക്ക്‌ ഒരു പരിധിയില്‍ കവിഞ്ഞ്‌ സ്ഥാനമൊന്നുമില്ല.
(സ്വാര്‍ത്ഥത മാത്രമാണോ ക്രിക്കറ്റിലെ ധാര്‍മ്മികത..? ചിലപ്പോഴെങ്കിലും കൂട്ടുകാരനെ രക്ഷിക്കാനായി നാം സ്വയം റണ്ണൗട്ടായ ചരിത്രങ്ങളില്ലേ..? സ്വയം ബലിയാടാവുക എന്നൊരു നീതികൂടി ക്രിക്കറ്റിനുണ്ട്‌ എന്നല്ല്ലേ അതിനര്‍ത്ഥം..?!)

2. സ്വന്തം വിക്കറ്റ്‌ നമ്മുടെ പ്രാണനാണെന്നിരിക്കെ നാം എപ്പോഴും കരുതിയിരിക്കുക, കൂട്ടുകാരനെ അവിശ്വസിക്കുക
(അതിനപ്പുറം, കൂട്ടുകാരന്റെ കയ്യില്‍ സ്വന്തം 'ജീവന്‍' ഏല്‌പിക്കുന്ന വിശ്വാസത്തിന്റെ ഒരു പാഠം കൂടി ക്രിക്കറ്റ്‌ തരുന്നില്ലേ..?)

3. ഒറ്റപ്പെട്ടുപോയ ബാറ്റ്‌സ്‌മാന്‍ ഒരു മാന്‍കിടാവാണെന്നും എതിര്‍ ടീമിലെ കളിക്കാര്‍ ചെന്നായ്‌ക്കൂട്ടമാണെന്നും അയാള്‍ വിലയിരുത്തി. പദ്‌മവ്യൂഹത്തില്‍ അകപ്പെട്ടുപോയ അഭിമന്യുവിനെക്കൊന്ന കൗരവസൈന്യത്തിന്റെ ക്രൗര്യം മാത്രം അയാള്‍ അതില്‍ ദര്‍ശിച്ചു
(അതിലുപരി ഒരാള്‍ ഒറ്റയ്ക്ക്‌ ഒരു പടയോട്‌ ഏറ്റുമുട്ടുന്നതിന്റെ ധീരതയും സൗന്ദര്യവും ക്രിക്കറ്റ്‌ നമുക്ക്‌ കൊണ്ടുത്തരുന്നില്ലേ..?)

4. ഏകദിന ക്രിക്കറ്റില്‍ ഓവറുകള്‍ തീര്‍ന്നുകൊണ്ടിരിക്കുന്നതിനിടയില്‍ നമ്മുടെ വിക്കറ്റ്‌ വീണാല്‍ മാത്രം ബാറ്റു ചെയ്യാം എന്ന് കാത്തിരിക്കുന്ന നമ്മുടെ സ്വന്തം ടീമംഗങ്ങള്‍ നമ്മുടെ സുഹൃത്ത്‌ ആവുന്നതെങ്ങനെ..?
(അങ്ങനെ ഒരു സ്വാര്‍ത്ഥത ഉണ്ടാവാറുണ്ടോ..? ഉണ്ട്‌. ഒരാള്‍ തട്ടിമുട്ടി നിന്ന് ബോളുകള്‍ നഷ്ടപ്പെടുത്തുമ്പോള്‍ നമ്മളിറങ്ങിയിരുന്നെങ്കില്‍ നാലടി അടിക്കാമായിരുന്നു എന്ന് തോന്നാറുണ്ട്‌. അതുപക്ഷേ ടീമിന്റെ മൊത്തം ഗുണത്തിനുവേണ്ടിയല്ലേ..? അല്ലാതെ അത്‌ സ്വാര്‍ത്ഥതയാണോ..?)

5. ക്രിക്കറ്റ്‌ ഗ്രൗണ്ട്‌ കാട്ടുനീതികള്‍ മാത്രം നടപ്പിലാവുന്ന ഒരു വന്യഭൂമിയാണെന്ന് അയാള്‍ തിരിച്ചറിഞ്ഞു.
(എതിര്‍ ടീമിലെ അംഗത്തിനെ ഇടിച്ചും തൊഴിച്ചും താഴയിടുന്ന ഫുട്ബോളിനോളം വന്യത ക്രിക്കറ്റിനുണ്ടോ..?)

6. താന്‍ നേടുന്ന സെഞ്ച്വറികളും അര്‍ദ്ധസ്വഞ്ച്വറികളും വിക്കറ്റുകളും മാത്രം അയാള്‍ സ്വപ്നം കണ്ടു.. ഞാന്‍... ഞാന്‍.. ഞാന്‍.. (അങ്ങനെയൊരു 'അവനവനിസം' ക്രിക്കറ്റിന്റെ മുഖമുദ്രയാണോ..? ഒരാള്‍ സെഞ്ച്വറി നേടുന്നെങ്കില്‍ അത്‌ ടീമിനുവേണ്ടിയുള്ള പ്രയ്ത്നത്തിനിടയില്‍ കിട്ടുന്ന വ്യക്‌തിഗത നേട്ടമല്ലേ..? ഒരാളുടെ സെഞ്ച്വറിയില്‍ പിന്തുണകൊടുത്ത സഹകളിക്കാരനും പങ്കില്ലേ..? ഒരാള്‍ നേടുന്ന വിക്കറ്റില്‍ ക്യാച്ചെടുന്ന സഹകളിക്കാരന്റെ പങ്ക്‌ വിസ്‌മരിക്കാറില്ലല്ലോ..!)

7. ഒരാള്‍ എല്ലാവര്‍ക്കും വേണ്ടി എല്ലാവരും ഒരാള്‍ക്കുവേണ്ടി. അങ്ങനെയൊരു സോഷ്യലിസം ഫുട്ട്ബോളില്‍ കാണുന്നു.
(ക്രിക്കറ്റില്‍ കാണുന്നില്ലന്നാണോ..? ബാറ്റു ചെയ്യുന്ന ഒരാള്‍ എല്ലാവര്‍ക്കും വേണ്ടിയല്ലേ വിയര്‍പ്പൊഴുക്കുന്നത്‌..? ഫീല്‍ഡില്‍ നില്‌ക്കുന്ന പത്തുപേരും ബൗളറുടെ പ്രയത്നം സാഫല്യത്തിലെത്താന്‍ സഹകരിക്കുന്നവരല്ലേ..? അങ്ങനെയെങ്കില്‍ ക്രിക്കറ്റിലുമുണ്ട്‌ ഒരു സോഷ്യലിസം.)

8. സ്വന്തം റിക്കോഡിനുവേണ്ടി ടീമിന്റെ വിജയം നഷ്ടപ്പെടുത്തി കളയുന്ന കളിക്കാരനെ അയാള്‍ ക്രിക്കറ്റില്‍ കാണുന്നു
(സ്വന്തം റിക്കോഡ്‌ മറന്നുകൊണ്ട്‌ ടീമിനുവേണ്ടി 'ആത്മഹത്യ' ചെയ്‌ത എത്രയോ സംഭവങ്ങള്‍ നമുക്ക്‌ ക്രിക്കറ്റില്‍ ചൂണ്ടിക്കാണിക്കാനുണ്ട്‌..)

ഇനി കേള്‍ക്കട്ടെ കൂട്ടരേ... നിങ്ങളുടെ അഭിപ്രായം. ഫുട്ട്ബോള്‍ മാത്രമാണോ പാരസ്പര്യത്തിന്റെയും സോഷ്യലിസത്തിന്റെയും കൂട്ടായ്‌മയുടെയും കളി..? മറ്റൊരു തലത്തിലൂടെ ക്രിക്കറ്റും അതു പ്രകടിപ്പിക്കുന്നില്ലേ..? ക്രിക്കറ്റ്‌ കളിക്കുന്നവരും ആസ്വദിക്കുന്നവരും എല്ലാം സ്വാര്‍ത്ഥതയുടെയും അവനവനിസത്തിന്റെയും പ്രവാചകന്മാരാണോ..?

കുറിപ്പ്‌: പി.എന്‍. കിഷോര്‍ കുമാറിന്റെ ഈ കഥ 'സഖാവ്‌ കുഞ്ഞനന്തന്റെ കുടുംബ ചരിത്രത്തില്‍ ലോക കമ്യൂണിസത്തിന്റെ പങ്ക്‌' എന്ന പുസ്‌തകത്തില്‍. (പ്രസിദ്ധീകരണം : കറന്റ്‌ ബുക്‌സ്‌)

8 comments:

ബെന്യാമിന്‍ said...

ഫുട്ട്ബോള്‍ മാത്രമാണോ പാരസ്പര്യത്തിന്റെയും സോഷ്യലിസത്തിന്റെയും കൂട്ടായ്‌മയുടെയും കളി..? മറ്റൊരു തലത്തിലൂടെ ക്രിക്കറ്റും അതു പ്രകടിപ്പിക്കുന്നില്ലേ..? ക്രിക്കറ്റ്‌ കളിക്കുന്നവരും ആസ്വദിക്കുന്നവരും എല്ലാം സ്വാര്‍ത്ഥതയുടെയും അവനവനിസത്തിന്റെയും പ്രവാചകന്മാരാണോ..?

കാട്ടാളന്‍ said...

കളിക്കളത്തില്‍ സഹോദരിയെയും അമ്മയേയും അപമാനിക്കലും, അങ്ങനെ ചെയ്യുന്നവനെ മുട്ടനാടിനേപ്പോലെ ഇടിച്ചുവീഴ്തുകയും, സെല്‍ഫ് ഗോളടിച്ചതിന് ജീവിതം തന്നെ കൊടുക്കേണ്ടിവരികയും ചെയ്യുന്ന കളിയേക്കാളും മാന്യത ഏതായാലും ഇതുവരെയുള്ള ചരിത്രത്തില്‍ ക്രിക്കറ്റിനുണ്ട്.ഗോളടിക്കുന്നവന്‍ മാത്രമേ കളിയാസ്വദിക്കുകയുള്ളൂ എന്നൊക്കെ പറയുന്നതുപോലെ വെറും ബാലിശമാണ് ഈ ആരോപണങ്ങള്‍. ഇതൊന്നും മറുപടി അര്‍ഹിക്കുന്നില്ല സുഹൃത്തേ. അയാള്‍ ഫുട്ബോള്‍ ആസ്വദിക്കട്ടെ, ക്രിക്കറ്റ് അറിയുന്നവന്‍ അതും!

സന്തോഷ് said...

പി. എന്‍. കിഷോര്‍ കുമാര്‍ ക്രിക്കറ്റ് കളിച്ചിരിക്കാനുള്ള ഒരു സാധ്യതയും ഞാന്‍ കാണുന്നില്ല. കാണുന്നവനും കളിക്കുന്നവനും രണ്ടു രീതിയിലാണ് കളിയെക്കുറിച്ചറിയുന്നത്.

പി. ശിവപ്രസാദ് said...

അതിരിക്കട്ടെ ബെന്യാമിന്‍,

അപ്പോ... എഴുത്തുകാരന്റെ കഴുത്ത്‌ ഒരു പ്രശ്നമാണ്‌. അല്ലേ? കിഷോറിന്റെ പല വാദങ്ങളും ഭാഗികമായ ശരി മാത്രമാണെങ്കിലും, അതിനുള്ള സ്വാതന്ത്ര്യം അങ്ങോര്‍ക്ക്‌ കൊടുക്കുന്നതില്‍ തെറ്റുണ്ടോ? അങ്ങനെ കൃതികളിലെ വിഷയവും അതിലൂടെ എഴുത്തുകാരന്റെ നിലപാടും ഇത്തരത്തില്‍ വലിച്ചിഴയ്ക്കുന്നതും പക്ഷപാതത്തോടെ ചര്‍ച്ച ചെയ്യപ്പെടുന്നതും സൃഷ്ടിപരമായി ശരിയാണെന്ന്‌ എനിക്ക്‌ തോന്നുന്നില്ല. ഓരോ കൃതികളെയും ഇങ്ങനെ വിലയിരുത്തിയാല്‍... അത്‌ ആസ്വാദകനോ സമൂഹത്തിനോ ഒന്നും തരുമെന്നും തോന്നുന്നില്ല.

ബെന്യാമിന്റെ 'പെണ്‍മാറാട്ടം' എന്ന കഥയെ ഇതേ നിലപാടൊടുകൂടി വിലയിരുത്താന്‍ കഴിയുമോ? എങ്കില്‍ ഉണ്ടായേക്കവുന്ന ചര്‍ച്ച സങ്കല്‍പ്പിച്ച്‌ ഞാനിതാ ഒന്ന്‌ ഊറിച്ചിരിക്കുന്നു. ക്ഷമാപണം.

ഏറനാടന്‍ said...

ബെന്യാമിന്‍, ഇത്‌ നല്ല ലേഖനം.

ക്രിക്കറ്റ്‌ കിറുക്കന്‍സിന്‍ കളിയാണെന്ന് പറയാറുണ്ട്‌. ലോകപോലീസ്‌ അമേരിക്കയിലിന്നും ഇത്‌ അന്യം നില്‍ക്കുന്നു.

(ദില്‍ബന്‍ ചൂടാവരുതേ, അടപ്പിളകുമോ!)

Siju | സിജു said...

ഉദാഹരണങ്ങള്‍ നിരത്തി രണ്ടു ഭാഗവും ന്യായീകരിക്കാന്‍ പറ്റിയേക്കും. എങ്കിലും എനിക്ക് തോന്നുന്നത് ക്രിക്കറ്റിനേക്കാളും കൂടുതല്‍ കൂട്ടായ്മ പ്രകടമാക്കുന്നത് ഫുട്ബോള്‍ തന്നെയാണ്.
ഒരൊറ്റയാളിന്റെ മികവിലൂടെ ക്രിക്കറ്റില്‍ വിജയം നേടാന്‍ സാധിച്ചേക്കും; പക്ഷേ, ഫുട്ബോള്‍ മുഴുവനായും ടീം ഗെയിം ആണ്.
അതു പോലെ പലപ്പോഴും വ്യക്തിഗത നേട്ടങ്ങള്‍ക്ക് ടീം വിജയത്തേക്കാള്‍ പ്രാധാന്യം നല്‍കാറുമുണ്ട്. സച്ചിന്‍ റിക്കോര്‍ഡ് തകര്‍ത്ത സെഞ്ച്വറി നേടിയത് ആര്‍ക്കെതിരെയെന്ന് എല്ലാവര്‍ക്കും ഓര്‍മ്മ കാണും, പക്ഷേ, അത് ഇന്ത്യ ജയിച്ചോയെന്നതു എത്ര പേരോര്‍ക്കും. വ്യക്തിഗത നേട്ടങ്ങള്‍ ടീം വിജയത്തിനു കിട്ടുന്ന ബോണസ് ആണെന്നത് പറച്ചില്‍ മാത്രമേയൊള്ളൂ. സച്ചിന്‍ ഡബിള്‍ സെഞ്ച്വറി തികക്കുന്നതിനു മുമ്പ് ദ്രാവിഡ് ഡിക്ലയര്‍ ചെയ്തപ്പോള്‍ ഉണ്ടായ പ്രശ്നങ്ങള്‍ ഓര്‍മ്മയില്ലേ...

ഓടോ : ഉദാഹരണങ്ങള്‍ തികച്ചും യാദൃശ്ചികം മാത്രം. സച്ചിന്‍ നമ്മുടെ ആളു തന്നെ, ക്രിക്കറ്റുമതെ..

കൈപ്പള്ളി said...

football ഉം ക്രികറ്റും തമ്മില്‍ ഒരു താരതമ്യ പഠനം തന്നെ ആവശ്യമില്ല. രണ്ടും രണ്ടു വിധത്തിലുള്ള കളിയാണു. ഒരു രാജ്യത്തിനു് രണ്ടു കളി കളിച്ചുകൂടെ?

വെറും 10 രാജ്യങ്ങള്‍ മാത്രം കളിക്കുന്ന ഈ കളി ഒരിക്കലും ഒരു international sport ആവില്ല. മറിച്ച് football ലോകത്തിന്റെ ഏതു കോണിലും കളിക്കുന്ന കളിയാണു്. ആ കാരണത്താല്‍ തന്നെ ക്രിക്കറ്റിനു് ഒരിക്കലും footballന്റെ sociability statusലേക്‍
എത്താന്‍ കഴിയില്ല. പിന്നെ പാകിസ്ഥാന്‍ ഈ കളി കളിച്ചിലെങ്കില്‍ ഇന്ത്യയ ഇതു ഇങ്ങനെ കളിക്കുകയുമില്ല. ബാകി എല്ലാം പ്രബുദ്ധരായ marketing ഗുരുക്കന്മാരുടെ വിജയം. 100 കോടി ജനത്തിനെ കഴുതയാക്കുന്ന marketing വിജയം. രണ്ടു രാജ്യങ്ങള്‍ തമ്മിലുള്ള ശത്രുത മുതലെടുത്തുകൊണ്ടുള്ള marketingന്റെ വിജയം.

എല്ലാ കളിയിലും തട്ടിപ്പുണ്ട്, footballലും ഉണ്ട്. പക്ഷെ ക്രികറ്റല്‍ ഉള്ള പോലെ തട്ടിപ്പുള്ള വേറൊരു കളിയിലും കാണുകയില്ല കാരണം footballല്‍ തട്ടിപ്പ് നടത്തിയാല്‍ അതിന്റെ ഭവിഷത്ത് രൂക്ഷമായിരിക്കും, ചിലപ്പോള്‍ മാരകമായിരിക്കും, അതു ആണുങ്ങള്‍ കളിക്കുന്ന കളിയാണു. കിരികറ്റില്‍ ഒന്നും സംഭവിക്കില്ല. വിക്കറ്റ് കീപ്പര്‍ batsmanന്റെ അമ്മയേയും പെങ്ങമാരെയും പറ്റി തെറി പറഞ്ഞാല്‍, umpireനോടു complaint ചെയ്യാം. footballല്‍ അങ്ങനയല്ല. കൊടുക്കാനുള്ളത് അപ്പോള്‍ തന്നെ കൊടുക്കും. അതും കളിയുടെ ഒരു ഭാഗം തന്നെ.

ഭാരതം footballനെ പിന്തള്ളികളഞ്ഞതു ഇന്നും എനിക്ക് വിശ്വസിക്കാനാവാത്ത് ഒരു സത്യമാണു. ഏന്ത് കൊണ്ടും നമുക്ക അന്യോജ്യമായ കളി football തന്നെയാണു. കേരളത്തില്‍ ഒരുകാലത്ത് ഏറ്റവും കൂടുതല്‍ കളിച്ചിരുന്ന കളിയും football തന്നെയായിരുന്നു. ഇന്ന് ആ സ്ഥാനം ക്രികറ്റ് കളിക്കായി മാറി കൊടുക്കുന്ന അവസ്ഥയാണു.

മുട്ടനാട് എന്നു വിശേഷിപ്പിച്ച ലോകത്തിലെ തന്നെ 10 വന്‍ കളിക്കാരുടെ പട്ടികയില്‍ പെട്ട zinedine zidaneന്റെ നാല്‍ അയലത്ത് ഇന്നത്തെ ഒറ്റ ഇന്ത്യന്‍ കിരികറ്റ് താരവും എത്തില്ല എന്നും പറയാന്‍ ഈ അവസരം ഉപയോഗിക്കാതിരിക്കാന്‍ വയ്യ. :)

Radheyan said...

ഞാന്‍ 8 വയസ്സുള്ളപ്പോള്‍ പാഡ് കെട്ടി.കഴിഞ്ഞാഴ്ച്ച ഡാര്‍ജിലിംഗ് ക്ലബില്‍ വച്ച് 6 കൊല്ലത്തിനു ശേഷം പിന്നെയും കെട്ടി.
മഴക്കാലങ്ങളില്‍ ഞങ്ങള്‍ ഫുട്ബോള്‍ കളിച്ചു.അതിലുപരി വളരെ പണിപ്പെട്ട് തെണ്ടി പിരിച്ച് സെവെന്‍സ് മത്സരങ്ങള്‍ നടത്തി.രണ്ടിനെക്കുറിച്ചും സാമാന്യമായി ചിലത് പറയാനുള്ള അവകാശവാദമാണ് മുകളില്‍ ഉന്നയിച്ചത്.

സന്തോഷ് പറഞ്ഞ ഒരു കാര്യം ശരിയാണ്.കാണുന്നവനും കളിക്കുന്നവനും 2 രീതിയിലാണ് ക്രിക്കറ്റ് ആസ്വദിക്കുന്നത്.അതിനു കാരണം അതിന്റെ സാങ്കേതികതയാണ്.(പണ്ട് ഞാന്‍ പറഞ്ഞു പിച്ചില്‍ പുല്ലു കൂടുതലാണ് എന്ന്.കളിയെക്കുറിച്ച് കൂടുതല്‍ അറിയാത്ത ഒരു ചങ്ങാതി പറഞ്ഞു:എന്നാല്‍ പശുവിനെ അങ്ങോട്ട് മാറ്റികെട്ട് )പക്ഷെ ഫുട്ബോളിന് ഈ പ്രശ്നമില്ല.അത് മനസ്സിലാക്കാന്‍ 4:3:3 ന്റെയോ 4:4:2 ന്റെയോ സാങ്കേതികത അറിയേണ്ട.എന്തിന് ഓഫ് സൈഡ് നിയമം പോലും അറിയേണ്ട.ആര്‍ക്കും ആസ്വദിക്കാവുന്നത്ര ലളിതം;അത് തന്നെയാണ് ക്രിക്കറ്റ് കളിക്കാരന് സ്വപ്നം കാണാനാവത്ത ജനകീയത ഫുട്ബോളര്‍ക്ക് നേടി കൊടുത്തത്.
ഫുട്ബോള്‍ യുദ്ധം പോലെയാണ്.തന്ത്രങ്ങള്‍ക്കൂം കേളീമികവിനും മാത്രമേ അവിടെ പ്രസക്തിയുള്ളൂ.കാറ്റിന്റെ ഗതിയോ പിച്ചിന്റെ ബൌണ്‍സോ പന്തിന്റെ ഷൈനോ ഒക്കെ ക്രിക്കറ്റില്‍ പ്രധാനമാണ്.
പിന്നെ പങ്കാളിത്തം :കളിക്കാര്‍ മുഴുവനും ആക്ടീവണ് ഫുട്ബോളില്‍.ക്രിക്കറ്റില്‍ പലപ്പോഴും ഫോക്കസ് കുറച്ച് പേരില്‍ ഒതുങ്ങുന്നു.ബാറ്റ്സ്മാന്‍,ബൌളര്‍ എന്നിങ്ങനെ.കളിയുടെ കൂട്ടായ്മയെ വ്യക്തി താല്‍പ്പര്യങ്ങള്‍ വിഴുങ്ങാനുള്ള ഒരു കാരണവും ഇത് തന്നെ.
ക്രിക്കറ്റില്‍ ബാറ്റ്സ്മാന്‍ ഉന്നതകുലജാതനും ബൌളര്‍ രണ്ടാം കുടിയിലെയും ഫീല്‍ഡര്‍ ശൂദ്രനുമാണ്.ഫുട്ബാളില്‍ ഗോളടിക്കുന്ന സ്കിലാച്ചിമാരെക്കാള്‍ പോപ്പിലാരിറ്റി ഗോളടിപ്പിക്കുന്ന മറഡോണക്കും സിദാനുമുണ്ട്.
കാട്ടാളന്‍ പറയുന്ന അപഭ്രംശങ്ങള്‍ ക്രിക്കറ്റിലുമുണ്ട്.സ്ലേഡ്ജിംഗ് എന്ന് ഓസീസ് ഓമനപേരിട്ട് വിളിക്കുന്ന ഈ ഭരണിപാട്ടിനെതിരെ പറഞ്ഞതിന് സുനില്‍ ഗവാസ്കറെ ഇന്ന് പോണ്ടിംഗ് തെറി കൊണ്ട് മൂടിയിട്ടുണ്ട്.

താരതമ്യം ചെയ്യാവുന്ന കളികളല്ല ഇത് 2ഉം.