മലയാളിയുടെ ഗള്‍ഫ് കുടിയേറ്റ ചരിത്രത്തിന് കേരളത്തോളം അല്ലെങ്കില്‍ അതിനെക്കാള്‍ പ്രായമുണ്ട്. ചിതറിയതും ഒറ്റപ്പെട്ടതുമായ കുടിയേറ്റങ്ങളായിരുന്നില്ല അത്. എഴുപതുകളുടെ തുടക്കത്തിലാണ് അത് ഏറ്റവും ശക്‌തി പ്രാപിച്ചതെങ്കിലും അന്‍പതുകളില്‍ തന്നെ ശക്‌തമായ സാമുഹിക സംഘടനാബോധമുള്ള മലയാളി സമൂഹം ഗള്‍ഫ് മേഖലയില്‍ രൂപപ്പെട്ടുകഴിഞ്ഞിരുന്നു എന്നതിന് തെളിവുകള്‍ ഉണ്ട്.
ആധുനിക കാലത്ത് മൂലധനത്തിന്റെ സഞ്ചാരത്തിന് അനസൃതമായി തൊഴില്‍ തേടി ലോകത്തെല്ലായിടത്തുമുള്ള ജനത വിവിധ ഭൂപ്രദേശങ്ങളിലേക്ക് നീങ്ങിയതിന്റെ തുടര്‍ച്ചയായിട്ടാണ് മലയാളിയും ഗള്‍ഫിലേക്ക് കുടിയേറുന്നത്. ഇങ്ങനെ വിവിധ ദേശങ്ങളില്‍ രൂപപ്പെട്ട പുതിയ 'വംശീയ ഭൂപ്രദേശങ്ങളെ' ഡയസ്‌പോറ എന്ന വാക്കുകൊണ്ടാണ് വിശേഷിപ്പിക്കപ്പെടുന്നത്. ഒരു പക്ഷേ ലോകത്തിലെ തന്നെ ഏറ്റവും വലിയ ഡയസ്‌പോറകളില്‍ ഒന്നാവാം ഇരുപതുലക്ഷത്തോളം അംഗസംഖ്യയുള്ള ഗള്‍ഫ് മലയാളി സമൂഹം എന്നു തോന്നുന്നു. മുന്‍കാലങ്ങളില്‍ രാഷ്ട്രീയ പ്രവാസവുമായി ബന്ധപ്പെട്ടാണ് ഡയസ്‌പോറ പരാമര്‍ശിക്കപ്പെടാറുണ്ടായിരുന്നതെങ്കില്‍ ഇന്നത് എല്ലാത്തരം പ്രവാസത്തെയും കുറിക്കാനുപയോഗിക്കുന്ന പദമായിക്കഴിഞ്ഞു. ഏതര്‍ത്ഥത്തിലും മലയാളിയുടേത്, പ്രവാസത്തിനു തുല്യമായ കുടിയേറ്റമാണെന്ന വിവക്ഷയില്‍ ഗള്‍ഫ് മലയാളി സമൂഹത്തെയും ഒരു ഡയസ്‌പോറയായി എണ്ണാം. (കേരളത്തിലെയും ഇന്ത്യയിലെയും സവിശേഷമായ രാഷ്ട്രീയ കാലവസ്ഥയാണ് ഗള്‍ഫ് മലയാളികളെ അവിടേക്ക് ആട്ടിത്തെളിച്ചത് എന്നതുകൊണ്ടുകൂടി)
സ്വഭാവികമായും ലോകത്തെമ്പാടുമുള്ള എല്ലാ ഡയസ്‌പോറകള്‍ക്കും അവരുടെ സ്വന്തം സംസ്കാരവും കലയും സാഹിത്യവും ഉണ്ടായി. അതില്‍ ഡയസ്‌പോറ സാഹിത്യം ഇന്ന് പഠനാര്‍ഹമായ ഒരു സാഹിത്യശാഖയായി വളര്‍ന്നു കഴിഞ്ഞിരിക്കുന്നു. അങ്ങനെ ഡയസ്‌പോറ സാഹിത്യത്തില്‍ ഗള്‍ഫ് മലയാളിക്കുള്ള പങ്കും പ്രാധാന്യവും അന്വേഷിക്കുകയാണ് ഈ ലേഖനത്തിന്റെ ഉദ്ദേശ്യം.
എന്താണ് ഡയസ്‌പോറ സാഹിത്യം..? അതെങ്ങനെ പ്രവാസ സാഹിത്യത്തില്‍ നിന്നും വേറിട്ടു നില്‌ക്കുന്നു..?
രണ്ടു സംസ്‌കാരങ്ങള്‍ക്കിടയില്‍ പെട്ട് സ്വന്തം അസ്ഥിത്വം നഷ്ടപ്പെട്ടുപോകുന്നവന്റെ ആകുലതകളും വേദനകളും ആവാം ഡയസ്‌പോറ സാഹിത്യത്തിന്റെ ചാലകശക്‌തി. അതുകൊണ്ടുതന്നെ കുടിയേറ്റത്തിലോ പ്രവാസത്തിലോ നേരിട്ട് പങ്കാളികളാകുന്ന ഒന്നാംതലമുറയില്‍ നിന്നാണ് ശക്‌തമായ ഡയസ്‌പോറ സാഹിത്യം ഉരുത്തിരിഞ്ഞുവരേണ്ടത്. കാരണം ഒന്നാം തലമുറ അവരുടെ ബാല്യവും കൗമാരവും പിന്നിട്ടത് മാതൃദേശത്തായതിനാല്‍ അവരുടെ ഓര്‍മ്മകള്‍, സ്വപ്‌നങ്ങള്‍ അറിവുകള്‍ ജീവിതരീതി എന്നിവയെല്ല്ലാം സ്വദേശവുമായി ബന്ധപ്പെട്ടു കിടക്കും. പിന്നിലാക്കിപ്പോന്ന സ്വന്തം നാടിന്റെയും ജീവിതം നല്‌കുന്ന ആതിഥേയദേശത്തിന്റെയും ഇടയില്‍പെട്ട് അവര്‍ ദ്വന്ദമനസ്സുള്ളവരായി തീരുന്നു. അങ്ങനെ സ്വന്തം ഭൂമിയെവിടെ എന്ന്, താന്‍ ഏതു ദേശത്തിനുള്ളവനാണ് എന്ന്, തന്റെ രാഷ്ട്രീയം എന്ത് എന്ന്, തന്റെ സംസ്കാരം ഏത് എന്ന്, എന്നിങ്ങനെയുള്ള നിരവധി സംശയങ്ങളില്‍ നിന്നാണ് ഡയസ്‌പോറ സാഹിത്യം ഉണ്ടാവുന്നത്.
മേല്‍പ്പറഞ്ഞ കാരണങ്ങള്‍ കൊണ്ടുതന്നെ കുടിയേറ്റത്തിന്റെ ഒന്നാം തലമുറ എഴുത്തുകാരില്‍ നിന്ന് ശുദ്ധമായ പ്രവാസ സാഹിത്യം ഉണ്ടാവുക സാധ്യമല്ല. തായ്‌വേരുകള്‍ പൂര്‍ണ്ണമായും അറുക്കപ്പെട്ടു കഴിഞ്ഞവന്റെയും മടങ്ങിച്ചെല്ലാന്‍ ഒരിടമില്ലാത്തെ നിസ്സഹായകനായിപ്പോയവന്റെയും സാഹിത്യത്തെയാണ് പ്രവാസ സാഹിത്യം എന്നു വിളിക്കേണ്ടത്. അതുണ്ടാവുന്നത് രണ്ടാം തലമുറയില്‍ നിന്നും അനന്തര തലമുറകളില്‍ നിന്നുമാണ്. അവര്‍ക്ക് മാതൃദേശമെന്നത് ഒരു സ്വപ്നം മാത്രമാണ്. ഒരുപക്ഷേ ജീവിതത്തില്‍ വല്ലപ്പോഴുമൊരിക്കല്‍ വിരുന്നിനു പോയിട്ടുള്ള ഒരിടം, ചിലപ്പോള്‍ ഒരിക്കലും കണ്ടിട്ടേയില്ലാത്ത ഒരിടം. അവന്‍ ആ മാതൃദേശത്തെ സൃഷ്ടിക്കുന്നത് സാങ്കല്‌പിക കഥകളില്‍ നിന്നുമാത്രമാണ്. അത് ഒന്നാം തലമുറയില്‍പ്പെട്ട ഒരെഴുത്തുകാരന്‍ സൃഷ്ടിക്കുന്ന ദേശത്തില്‍ നിന്നും തീര്‍ത്തും വ്യത്യസ്‌തമായിരിക്കും. അതുകൊണ്ടാണ് ഇന്ത്യയില്‍ നിന്ന് കുടിയേറി യൂറോപ്പിലും അമേരിക്കയിലും എത്തപ്പെട്ടവരുടെ രണ്ടാംതലമുറയില്‍പെട്ട ആഭാ ദാവേസര്‍, ത്ധും പ ലാഹിരി, ചിത്രാ ദിവാകരി, ശശി ദേശ്‌പാണ്‌ഡേ, മീന അലക്‌സാണ്ടര്‍, കാവ്യാ വിശ്വനാഥാന്‍ എന്നിവരുടെയൊന്നും രചനകളെ ഡയസ്‌പോറ സാഹിത്യമായി വിലയിരുത്താനാവാത്തത്. എന്നാല്‍ അത് ഒന്നാന്തരം പ്രവാസ സാഹിത്യമായി മാറുന്നത് നാം കാണുകയും കെയ്യുന്നു. ഇവ തമ്മില്‍ വലിയ വ്യത്യാസങ്ങളുണ്ട്. ഈ വ്യത്യാസം തിരിച്ചറിയുന്നതില്‍ നമ്മുടെ വായനക്കാരും നിരൂപകരും എന്തിന് ഗള്‍ഫിലെ എഴുത്തുകാര്‍ തന്നെയും പരജായപ്പെട്ടു പോവുകയാണ് ഉണ്ടായത്. ഡയസ്‌പോറ സാഹിത്യത്തെയും പ്രവാസസാഹിത്യത്തെയും കൃത്യമായി വേര്‍തിരിച്ചു കാണേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.
മറ്റേതൊരു ഭൂമികയെക്കാളും ഡയസ്‌പോറ സാഹിത്യത്തിന് ഏറ്റവും വളക്കൂറുള്ള മണ്ണായിരുന്നു ഗള്‍ഫിന്റേത്. കാരണം മറ്റുരാജ്യങ്ങളിലെ ഡയസ്‌പോറ സമൂഹങ്ങളുടെ ഒന്നാം തലമുറ മാത്രമാണ് യഥാര്‍ത്ഥ ഡയസ്‌പോറകളായി നിലകൊള്ളുന്നത് രണ്ടാംതലമുറയും അനന്തര തലമുറകളും എത്തപ്പെട്ട ദേശത്തിന്റെ സത്വത്തോട് രാഷ്ട്രീയമായും സാമൂഹികമായും ലയിച്ചുചേരുകയും ഡയസ്‌പോറ എന്ന യഥാര്‍ത്ഥ്യം പതിയെ അപ്രത്യക്ഷമാവുകയും ചെയ്യുന്നു. എന്നാല്‍ ഗള്‍ഫില്‍ അങ്ങനെ ഒരു സാധ്യതയില്ല. തലമുറ എത്ര കഴിഞ്ഞാലും ഗള്‍ഫ് മലയാളിയുടേത് യഥാര്‍ത്ഥ മലയാളിസത്വം വഹിക്കുന്ന ഒരു ശുദ്ധഡയസ്‌പോറ തന്നെയായിരിക്കും. അതുകൊണ്ടുതന്നെ ലോകത്തെവിടെയുമുള്ള ഡയസ്‌പോറകളില്‍ നിന്നും വ്യത്യസ്‌തമായി ഡയസ്‌പോറ സാഹിത്യത്തിന്റെ സൂക്ഷ്മാംശങ്ങള്‍ ഏറ്റവും നന്നായി വായിച്ചെടുക്കാനാവുക ഗള്‍ഫിലുള്ള ഡയസ്‌പോറകളില്‍ നിന്നു തന്നെയാണ്. അതുതന്നെയാണ് ഡയസ്‌പോറ സാഹിത്യത്തില്‍ ഗള്‍ഫ് മലയാളിക്കുള്ള പങ്കും പ്രാധാന്യവും.
എങ്കില്‍ എന്തുകൊണ്ട് അന്‍പതുവര്‍ഷം നീണ്ട കുടിയേറ്റ ചരിത്രത്തില്‍ ഒരിക്കലും ഗള്‍ഫില്‍ നിന്ന് ശക്‌തമായ ഒരു ഡയസ്‌പോറ സാഹിത്യം ഉണ്ടായില്ല...?
നേരത്തെ സൂചിപ്പിച്ചതുപോലെ കുടിയേറ്റക്കാരന്റെ സത്വപ്രതിസന്ധികളാണ് പൊതുവേ ഡയസ്‌പോറ സാഹിത്യത്തിന് ഹേതു. എങ്കില്‍ ഗള്‍ഫ് കുടിയേറ്റം ആരംഭിച്ച അതേ കാലഘട്ടത്തില്‍ തന്നെ ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളിലേക്ക് പ്രത്യേകിച്ച് ഡല്‍ഹിയിലേക്കും ബോംബയിലേക്കും കുടിയേറിയ മലയാളികള്‍ സൃഷ്ടിച്ച തദ്ദേശീയ ഡയസ്‌പോറകളില്‍ നിന്നും ധീഷണാശാലികളായ എഴുത്തുകാര്‍ ഉണ്ടാവുകയും ശക്‌തമായ സാഹിത്യം സൃഷ്ടിക്കപ്പെടുകയും ചെയ്‌തു. ആനന്ദിന്റെയും മുകുന്ദന്റെയും വിജയന്റെയും ഉജ്ജ്വല കൃതികള്‍ക്കു മുന്നില്‍ പകച്ചുപോയ ആദ്യകാല ഗള്‍ഫ് കുടിയേറ്റക്കാര്‍ തങ്ങളുടെ ജീവിതം എഴുതാതെ മാറ്റിവച്ചു. അവരെ കവച്ചുവയ്ക്കാന്‍ പറ്റിയ എഴുത്തുകാര്‍ നിര്‍ഭാഗ്യവശാല്‍ ഇവിടെ നിന്നും ഉണ്ടായതുമില്ല. അങ്ങനെ ഗള്‍ഫ് മലയാളിയുടെ ഡയസ്‌പോറ സാഹിത്യം എഴുതപ്പെടാതെ റദ്ദു ചെയ്യപ്പെട്ടു പോവുകയാണുണ്ടായാത്.
തുടര്‍ന്നു വന്നവരാകട്ടെ, ഡയസ്‌പോറ സാഹിത്യത്തിന്റെ സാധ്യതകളും പ്രത്യേകതകളും മനസ്സിലാക്കി അതിലേക്ക് നീങ്ങുന്നതിനു പകരം സ്വദേശരചനകളോ പ്രവാസരചനകളോ ആയിരിക്കും തങ്ങളുടെ രചനാഭൂമിക എന്നു ധരിച്ച് അത്തരത്തിലുള്ള രചനകള്‍ക്ക് മുതിര്‍ന്നു. കുടിയേറ്റത്തിന്റെ ഒന്നാം തലമുറയുടെ മുന്‍പു പറഞ്ഞ സവിശേഷതകള്‍കൊണ്ട് ഇവര്‍ക്ക് ഇതുരണ്ടും അപ്രാപ്യമാണെന്നിരിക്കെ നല്ലൊരു ശതമാനം രചനകളും സ്വഭാവികമായും പരാജയപ്പെട്ടുപോവുകയും ചെയ്‌തു.
നമുക്ക് ഗള്‍ഫ് മലയാളികള്‍ക്കിടയിലെ രണ്ടാം തലമുറയിലേക്ക് വരാം. ഗള്‍ഫില്‍ ജനിച്ചു വളര്‍ന്ന രണ്ടാം തലമുറ, ഗള്‍ഫിന്റെ കാറ്റേറ്റ്, ഗള്‍ഫിന്റെ ഭൂപ്രകൃതികണ്ട്, ഗള്‍ഫിന്റെ കാലാവസ്ഥ അനുഭവിച്ചു ഗള്‍ഫിന്റെ സംസ്‌കാരം ഉള്‍ക്കൊണ്ട്, വളര്‍ന്ന ഒരു രണ്ടാം തലമുറ എന്നേ പാകപ്പെട്ടു കഴിഞ്ഞു. അവന്‍ വിദ്യാഭ്യാസകാലം കഴിഞ്ഞ് പല ഉന്നതമായ ജോലിയിലും കയറിപ്പറ്റിയിരിക്കുന്നു. അവന്‍ സ്വന്തമായ ജീവിതം ആരംഭിച്ചു കഴിഞ്ഞിരിക്കുന്നു. അവരില്‍ ആരെങ്കിലും ഒരാളില്‍ ഒരു എഴുത്തുകാരന്‍ ഒളിച്ചിരിക്കുന്നുവെങ്കില്‍ അത് കൂടുപൊളിച്ചു പുറത്തുവരേണ്ട കാലം എന്നേ കടന്നുപോയി.
പിന്നെ എന്തുകൊണ്ട് രണ്ടാം തലമുറയില്‍പ്പെട്ട ഒരെഴുത്തുകാരന്‍ ഗള്‍ഫില്‍ സംഭവിച്ചില്ല? എന്തുകൊണ്ട് അവരില്‍ നിന്ന് ശക്‌തമായ ഒരു പ്രവാസരചന ഉണ്ടായില്ല..? അമേരിക്കയിലെയും യൂറോപ്പിലെയും രണ്ടാം തലമുറയില്‍ നിന്നും ലോകപ്രശസ്‌തരായ എഴുത്തുകാര്‍ ഉണ്ടായിക്കൊണ്ടിരിക്കുന്നു എന്നതും നാം ഇതേസമയം ശ്രദ്ധിക്കേണ്ടതുണ്ട്. ഒരു വലിയ തലമുറ അപ്പാടെ കലാപ്രവീണ്യമില്ലാത്തവരായി ആയിരിക്കില്ലല്ലോ ജനിച്ചിരിക്കുക. തന്നെയുമല്ല എഴുത്തിലല്ലാതെ, പാട്ടില്‍, അഭിനയത്തില്‍ നൃത്തത്തില്‍ ഒക്കെ ഈ രണ്ടാം തലമുറയില്‍ നിന്ന് ശക്‌തരായ പ്രതിഭകള്‍ ഇരുത്തിരിഞ്ഞു വരുകയും ചെയ്‌തു. പിന്നെന്താണ് സംഭവിച്ചത്..? നമ്മുടെ രണ്ടാംതലമുറയ്ക്ക് ഭാഷയുടേതായ ഒരു വലിയ അപ്രാപ്യതയുണ്ടായി എന്നതാണ് അതിനുകാരണമായി ഞാന്‍ കരുതുന്നത്.
ഇതര ലോകരാജ്യങ്ങളില്‍ നിന്നും വ്യത്യസ്‌തമായി രണ്ടാം തലമുറ വന്നിട്ടും ഗള്‍ഫ് മലയാളികള്‍ക്ക് ശുദ്ധ ഡയപോറയായിത്തന്നെ നിലനില്‌ക്കേണ്ടിവരുന്നതിന്റെ സങ്കീര്‍ണ്ണതകളില്‍ നിന്നാണ് ഇങ്ങനെയൊരു അപ്രാപ്യത ഉണ്ടായത്. എപ്പോള്‍ വേണമെങ്കിലും പ്രവാസം അവസാനിപ്പിച്ച് തിരിച്ചയക്കപ്പെടാം എന്ന അവസ്ഥയും പൗരത്വവും വിദ്യാഭ്യാസവും ഉള്‍പ്പെടെ നിരവധി വിഷയങ്ങളില്‍ സ്വദേശവുമായുള്ള പിരിയാത്ത ബന്ധവും രണ്ടാംതലമുറയെ മാതൃഭാഷയുടെ കണ്ണികള്‍ വലിച്ചെറിയുന്നതില്‍ നിന്നും പിന്തിരിപ്പിച്ചു. യൂറോപ്പിലും മറ്റും കുടിയേറിവര്‍ക്ക് ആ പ്രശ്നം ഇല്ലായിരുന്നു. ജര്‍മ്മനിയിലും ഫ്രാന്‍സിലും ഒക്കെ എത്തപ്പെട്ടവര്‍ മാതൃഭാഷയെ അപ്പാടെ ഉപേക്ഷിച്ച് രണ്ടാംതലമുറയെ ആതിഥേയരാജ്യത്തിലെ ഭാഷ പഠിപ്പിക്കുന്നതാണ് നാം കാണുന്നത്. എന്തിന് ഇതര സംസ്ഥാനങ്ങളിലേക്ക് ചേക്കേറിയവരില്‍പ്പോലും ആ പ്രതിഭാസം കണ്ടു.
എന്നാല്‍ ഒരു സാധാരണ ഗള്‍ഫ് മലയാളിയുടെ രണ്ടാം തലമുറ ചിന്തിക്കുന്നതും സ്വപ്‌നം കാണുന്നതും ഇടപഴകുന്നതും മലയാളത്തിലാണ് എന്നാല്‍ അവന്‍ പഠിക്കുന്നതോ ഇംഗ്ലീഷും. അവന്‍ മലയാളത്തില്‍ സംസാരിച്ചു ശീലിച്ചെങ്കിലും കൈയ്യടക്കത്തോടെ ഭാഷ കൈകാര്യം ചെയ്യാന്‍ അവന്‍ പഠിച്ചില്ല. അതുകൊണ്ടുതന്നെ അവനില്‍ ഉയര്‍ന്നുവന്ന ചിന്തകളും വിചാരങ്ങളും വാചകങ്ങളിലേക്ക് തര്‍ജ്ജിമ ചെയ്യാനാവാതെ അവന്റെയുള്ളില്‍ വച്ചുതന്നെ കൊലചെയ്യപ്പെട്ടിട്ടുണ്ടാകാം. അവന്റെ ചിന്തകളെയും വിചാരങ്ങളെയും അവനെഴുതാനറിയാവുന്ന ഒരു ഭാഷയിലേക്ക് - ഇംഗ്ലീഷിലേക്ക് - വിവര്‍ത്തനം ചെയ്‌തെടുക്കുവാന്‍ തക്കവണ്ണം അവനെ ഭാഷാപരമായി പാകപ്പെടുത്തുന്നതില്‍ ഗള്‍ഫിലെ ഒന്നാം തലമുറ കുറ്റകരമായ അശ്രദ്ധ കാണിക്കുകയും കെയ്‌തു. ഈ സങ്കീര്‍ണ്ണാവസ്ഥകള്‍ അത്രപെട്ടെന്നൊന്നും പരിഹരിക്കാന്‍ ഇടയില്ലാത്തതുകൊണ്ട് രണ്ടാംതലമുറയില്‍ നിന്ന് ഒരു പ്രവാസസാഹിത്യം ഉണ്ടായിവരാനുള്ള സാധ്യത വിരളമാണ്. എന്നാല്‍ ശുദ്ധഡയസ്‌പോറ അതുപോലെ നിലനില്‌ക്കുന്നതിന്റെ സാധ്യതകളില്‍ നിന്ന് ശക്‌തമായ ഒരു ഡയസ്‌പോറ സാഹിത്യം സൃഷ്ടിക്കാനുള്ള വലിയ അവസരമാണ് ഗള്‍ഫിലെ മലയാള സാഹിത്യകാരന്മാരെ കാത്തിരിക്കുന്നത്.
ഡയസ്‌പോറ സാഹിത്യത്തിന്റെ സാധ്യതകള്‍ കണ്ടെത്തി അത്തരത്തിലുള്ള രചനകള്‍ നിര്‍വ്വഹിച്ച് ലോകവായനയില്‍ തന്നെ ഇടം നേടുകയാണ് ഗള്‍ഫിലെ ഒന്നാം തലമുറയില്‍ പെട്ട എഴുത്തുകാരുടെ ഇനിയുള്ള ദൗത്യം. അതുകൂടാതെ ഇവിടെനിന്നും പ്രവാസസാഹിത്യത്തിന്റെ അടരുകള്‍ കണ്ടെത്തി അത് ഉത്തമരചനകളാക്കാന്‍ രണ്ടാം തലമുറയെ പ്രാപ്‌തരാക്കുക എന്നൊരു വലിയ ഉത്തരവാദിത്വംകൂടി ഗള്‍ഫ് മലയാളികളില്‍ അവശേഷിക്കുന്നുണ്ട്.
Saturday, March 17, 2007
Subscribe to:
Post Comments (Atom)
8 comments:
അല്ല സുഹൃത്തേ,
പറയുന്പോ തെറ്റിധരിക്കരുത്. ശരിയായ വികാരത്തില്‍ എടുക്കുക.
ഈ ഡയസ്പോറ എന്ന വാക്ക് ഒഴിച്ചു നിര്‍ത്തിയാല്‍
ബാക്കി കാര്യങ്ങളൊക്കെ പലവട്ടം ചര്‍ച്ച ചെയ്യപ്പെട്ടതല്ലേ. ഗള്‍ഫിലെ എഴുത്തുകാര്‍ക്ക്
ഡയസ്പോറ സാഹിത്യകാരന്‍മാര്‍ എന്നൊരു വിശേഷണം കൊടുത്തു എന്നതു മാത്രമേ ഒരു വ്യത്യസ്തതയായി തോന്നുന്നുള്ളൂ.
അല്ല പതാലീ,
തൊട്ടും തൊടുവിച്ചുമേ ഈ ലേഖനത്തില്‍ പല കാര്യങ്ങളും പറഞ്ഞുവെച്ചിട്ടുള്ളൂ എങ്കിലും നമ്മുടെ സാമൂഹ്യശാസ്ത്രജ്ഞന്മാരും രാഷ്ട്രീയക്കാരും സാഹിത്യനിരൂപണശിരോമണികളും തിരിച്ചറിയാതെ പോയ പല ഘടകങ്ങളേയും മണലെഴുത്തശ്ശന്‍ ഇവിടെ കോറിവരച്ചിട്ടുണ്ട്.
നല്ലൊരു ചര്‍ച്ചയ്ക്ക് കാമ്പുള്ള വിഷയമാണിത്. സാഹിത്യം മാത്രമല്ല സാമ്പത്തികവും സാമുദായികവും കുടുംബപരവുമായ ഡയസ്പോറയുടെ എല്ലാ സങ്കടങ്ങളും ഈ ചര്‍ച്ചയുടെ ഉള്‍ക്കാമ്പിലൂടെത്തന്നെ കടന്നുപോവാം.
ഗള്‍ഫ് മലയാളിയുടെ ആസക്തികളില്‍ ഭാഷ,സംസ്കാരം, ക്രിയാത്മകത എന്നിവ എവിടെ നില്‍ക്കുന്നു എന്ന് ഈയുള്ളവന്‍ ആലോചിച്ചിരുന്നു.
ഒരു ‘പ്രവാസി’യാകുന്നതിനു മുന്‍പേ ഇതെല്ലാം നേരിട്ടു കാണാം എന്ന അതിമോഹമുണ്ടായി. ഒരു മാന്ത്രികക്കണ്ണാടിയുടെ മറുവശമെത്തുന്നതാണു ‘പ്രവാസം’ എന്ന ധാരണ തെറ്റാണെന്നറിഞ്ഞിട്ടും ഇപ്പോഴും സൂക്ഷിക്കുന്നു. ആവശ്യമുള്ളപ്പോള്‍ തുറക്കാവുന്ന ഒരു ‘ഓപണ്‍ സീസെം’!
1) ഗള്‍ഫ് മലയാളിക്ക് ദേശനഷ്ടമുണ്ടോ?
ഒരിക്കലുമിനി നാട്ടിലെത്താന്‍ കഴിയില്ലെന്ന ബോധം ഗള്‍ഫ് മലയാളിക്കില്ല. നാടു കടത്തപ്പെട്ടവനെന്ന മുദ്ര അവനില്ല. ഒരു ഡയസ്പോറയുണ്ടാവുന്നത് ദേശനഷ്ടത്തിലൂടെയാണു. അതിന്റെ ആകുലതകളും സ്വത്വപ്രതിസന്ധികളും മലയാളിയില്‍ എവിടെ? കൊച്ചുബാവയും ശിഹാബുദ്ധീന്‍ പൊയ്ത്തുംകടവും സിത്താരയും സുറാബും പങ്കു വെക്കുന്നത് പൊതു മലയാളി സോഷ്യോകള്‍ച്ചറല്‍ ബോധത്തെ തന്നെയാണു. പ്രവാസത്തെയല്ല.
2) വിദേശനാടില്‍ ചേക്കേറി അന്യഭാഷകളിലെഴുതുന്നവര്‍ (അനിതാ ദേശായ്, വിക്രം സേത്ത്, ഭാരതി മുഖര്‍ജി, ശശി തരൂര്‍, റുഷ്ദി, നെയ്പോള്‍ തുടങ്ങിയവര്‍) പ്രവാസദുരിതങ്ങളോ ദേശനഷ്ടമോ ഏറെ വിഷയമാക്കുന്നില്ല. ഇന്ത്യയില്‍ നിന്നെഴുതപ്പെട്ട ആനന്ദിന്റെ ‘ആള്‍ക്കൂട്ടങ്ങള്‍’, കോവിലന്റെ ‘ഭരതന്‍’, വിജയന്റെ ‘പ്രവാചന്റെ വഴി’, ‘ഗുരുസാഗരം’ തുടങ്ങിയവയില്‍ നാട്ടില്‍ നിന്ന് ബഹിഷ്ക്ര്തനാക്കപ്പെട്ടവനും ദേശനഷ്ടത്തിന്റെ വിഹ്വലതകളും വരുന്നുണ്ട്. എന്നാല്‍ സമകാലിക ഗള്‍ഫ് മലയാളിയുടെ ഏത് രചനയാണു ക്രിയാത്മക മൂല്യമുള്ള ഡയസ്പോറ സാഹിത്യമായി വിലയിരുത്താന്‍ കഴിയുന്നത്?
3) ഡയസ്പോറകള്‍ ഭൂപടത്തില്‍ മാത്രമല്ല, മനസ്സിലും കുറിക്കാമെന്നു കാഫ്ക, കമ്യൂ, ജയിംസ് ജോയ്സ്, ഗുന്ദര്‍ഗ്രാസ്സ്, മിലന്‍ കുന്ദേര, നബക്കോവ് എന്നിവരെ വായിക്കുമ്പോഴറിയാം. സാമ്രാജ്യത്വ ഇടപെടലുകളുടെ പരിസരങ്ങളില്‍ ദേശം നഷ്ടമായവരാണിവര്‍. എന്നാല്‍ ഗള്‍ഫ് മലയാളിയുടെ അതിഭാവുകത്വങ്ങളും മുറിഞ്ഞു പോയ സംവേദനമൂല്യങ്ങളും ഡയസ്പോറാ സാഹിത്യമെന്നു വിലയിരുത്തുമ്പോള്‍ കാപട്യമാവുന്നു. പുതിയ ആസക്തികളിലും ആഘോഷങ്ങളിലും അഭിരമിച്ച്, ഓണമായെന്നു മാര്‍ക്കറ്റും ചാനലുകളും ഓര്‍മ്മിപ്പിക്കുമ്പോള്‍ സെറ്റുമുണ്ടുടുക്കുന്ന പ്രവാസി മലയാളി സാംസ്കാരിക ബോധം കാലാതിവര്‍ത്തിയാകാവുന്ന ശക്തമായ സാംസ്കാരിക സാന്നിദ്ധ്യമല്ല, മറിച്ച് ക്ര്ത്രിമമായ പരിവേഷം മാത്രമാകുന്നു.
ദോശനഷ്ടമെന്ന് വായിച്ച് അതെനിക്കുണ്ട്, എനിക്കുണ്ട്! എന്ന് പറയാന്‍ വന്നതാണ്. വന്നു കാണുന്നത് ദേശനഷ്ടമാണ്, ഓര്‍ക്കുമ്പോള്‍ അതുമുണ്ട്, കൈയെത്തും ദൂരത്ത് ബോര്‍ഡിങ് പാസുള്ള ചുരുക്കം ചിലരെ ഇവിടെയുള്ളൂ, മറ്റുള്ളവര്‍ക്ക് ദേശം നഷ്ടത്തിന്റെ വക്കെത്തുന്ന കൈമോശപ്പെടലാണു്.
പ്രവാസി എഴുത്തുകാരെ കുറിച്ചു കൈയൊപ്പിന്റെ അഭിപ്രായത്തോടാണു ചായ്‌വ് കൂടുതല്‍. കെടുതികളുടെ കാലത്തെ നിര്‍ബന്ധിത പ്രവാസവും, ചാകരതേടിപ്പോകുന്ന നവപ്രവാസവും വ്യത്യസ്ത ഡയസ്പോറകളെയാണു സൃഷ്ടിക്കുന്നത്, ഡയസ്പോറയ്ക്കു അര്‍ഥഭേദങ്ങളുമാകാമെന്നു തോന്നുന്നു.
ഒന്നാമതായി ഡയാസ്പോരസാഹിത്യം എന്താണെന്നു വ്യക്തമായി നിര്‍വചിയ്ക്കുന്നില്ല.
ഇനി ഡയാസ്പോര എന്ന സാഹചര്യം ഗള്‍ഫു മലയാളികള്‍ക്കനുയോജ്യമാണോ എന്നൊരു സംശയമുണ്ട്. കാരണം ആവാക്കിന്റെ അര്‍ത്ഥം ചിതറിയ്ക്കല്‍ എന്നാണ്. ബാബിലോണിയന്‍ അടിമത്വത്തിനു ശേഷം ചിതറിച്ചു വിടപ്പെട്ട യഹൂദരെ ഉദ്ദേശിച്ചാണ് ആവാക്ക് ഉപയോഗിച്ചിരുന്നതു തന്നെ.
പച്ചാളം പറയുന്നതുപോലെ ചിതറിച്ചു വിട്ടവന്റെ ദുഖം ഗള്‍ഫു മലയാളിയ്ക്കില്ല.
അതുകൊണ്ടായിരിയ്ക്കാം ഒരു പക്ഷെ ദയാസ്പോര സാഹിത്യം ഗള്‍ഫു മലയാളിയില്‍ നിന്നും ഉണ്ടാകാത്തത്.
ഇനി നല്ല സാഹിത്യം നല്ല ഭാവനയില്‍ നിന്നും നല്ല ഭാഷജ്ഞാനത്തില്‍ നിന്നും കൂടിയാണ് ഉണ്ടാകുന്നത്.
ഗള്‍ഫു മലയാളിക്കുട്ടികള്‍ മലയാളത്തില്‍ ചിന്തിയ്ക്കുന്നു ഇംഗ്ലീഷില്‍ പഠിയ്ക്കുന്നു എന്നെഴുതിയിരിയ്ക്കുന്നു.ഗള്‍ഫില്‍ വരാത്ത നാട്ടുകാരും ഇതു തന്നെയാണു ചെയ്യുന്നത്.
പ്രവാസ രചനയെന്നുള്ളതുകൊണ്ട് ഇംഗ്ലീഷില്‍ ഉള്ള രചനയാണ് ഉദ്ദേശിച്ചതെങ്കില്‍, അതിനു ഇംഗ്ലീഷു ഭാഷയെ കുട്ടികളുടെ ഇടയില്‍ പ്രോത്സാഹിപ്പിയ്ക്കണം.
മറ്റു രാജ്യങ്ങളിലായവര്‍ മക്കളെ ഇംഗ്ലീഷു പഠിപിയ്ക്കാന്‍ പൊതുവെ താല്പര്യം കാണിയ്ക്കുന്നില്ല എന്നുള്ളതു ശരിയല്ല. അതിനുള്ള സൌകര്യങ്ങള്‍ ഇല്ലാത്തതു കൊണ്ട്, വേദനയോടെ ആ അവസ്ഥ അംഗീകരിയ്ക്കുകയാണ്.
മലയാളം പടിയ്ക്കാന്‍ കഴിയാഞ്ഞതുകൊണ്ട് മലയാള സംസ്കാരം അവര്‍ക്ക് ഉള്‍ക്കൊള്ളാന്‍ കഴിയില്ല എന്നുള്ളതും ഒരു മിധ്യാ ധാരണയാണ്. സംസ്കാരങ്ങളുടെ മേളക്കൊഴുപ്പുകള്‍ ഉണ്ടാകും, അതില്‍ നിന്നു ഏതാണു മേന്മയുള്ളതെന്നവര്‍ക്കു മനസ്സിലാക്കന്‍ കഴിയും.
സാസ്കാരമാണ് ഭാവനയുടെ അടിത്തറ.
ഈ മലയാളം ബ്ലോഗിലുള്ള മാതാപിതാകള്‍ക്ക് സ്വന്തം മക്കളീല്‍ ഇംഗ്ലീഷു ഭാവന വളര്‍ത്താനുള്ള ഒരവസരമായി ക്കൂടി ഈബ്ലോഗിനെ ഉപയോഗിയ്ക്കാം.
പക്ഷെ അതിനാരും തയ്യാറാകുന്നതായി അറിവില്ല.
ഞങ്ങട മക്കള്‍ക്ക് അവര്‍ വീട്ടില്‍ വരുമ്പോള്‍ ഞാന്‍ ബ്ലോഗെഴുത്തുകള്‍ വായിച്ചു കേള്‍പ്പിയ്ക്കാറുണ്ട്. പക്ഷെ സ്വന്തമായി വായിയ്കാന്‍ കുറച്ചു ബുദ്ധിമുട്ടുണ്ട്.
അവരെക്കൂടെ ഉള്‍ക്കൊള്ളിയ്കാനായി ഞാന്‍ ഇംഗ്ലീഷിലും എഴുതാറുണ്ട്.
പക്ഷെ മലയാളം ബ്ലോഗേഴ്സിന് ഇംഗ്ലീഷ് ബ്ലോഗുകളെക്കുറിച്ച് എന്താണഭിപ്രായം എന്നറിഞ്ഞുകുടാ.
ഈ കമന്റ് യഥാര്‍ത്ഥ മാവേലി കേരളത്തിന്റേതാണോ?
riz
യഥാര്‍ഥ മാവേലി കേരളത്തിന്റേതാണൊ ഈ കമന്റ് എന്നു ചോദിച്ചിരിയ്ക്കുന്നു.
അത് യത്ഥാര്‍ഥ മാവേലി കേരളം തന്നെ എഴുതിയതാണ്.
അതെന്തു കാരണത്താലാണ് അങ്ങനെ ഒരു സംശയം എന്നു മനസിലാകുന്നില്ലല്ലോ?
എന്താണ് എന്നു വ്യക്തമാക്കുമെന്നു പ്രതീക്ഷിയ്ക്കുന്നു.
യഥാര്‍ഥ മാവേലി കേരളം
ഇപ്പോഴാണ് ഈ പോസ്റ്റുകണ്ടത്. ബെന്നി നല്ല അവതരണം. വളരെ പഠന സാദ്ധ്യതയുള്ള ഒരു വിഷയമാണിത്. കേരളത്തിലും ഇതിനെപ്പറ്റി പഠനം നടക്കുന്നുണ്ടെന്ന് (ശ്രീമതി. ജയശ്രീ തുടങ്ങിയവര്‍) ഈയിടെയാണറിഞ്ഞത്.
Post a Comment