(പ്രവാചകന്മാരുടെ രണ്ടാം പുസ്തകം എന്ന നോവലില്‍ നിന്ന് ഒരധ്യായം)
ഒലിവുമരങ്ങളുടെ പച്ചത്തഴപ്പുകള്‍ ആകാശച്ചരുവുകളില്‍ തിരിയിളക്കത്തിന്റെ രേഖാചിത്രം വരക്കുന്ന കാനാവിന്റെ അതിര്‍ത്തിയിലെത്തിയപ്പോഴേ അവര്‍ തപ്പുമേളങ്ങളുടെ മാറ്റൊലി കേട്ടുതുടങ്ങിയിരുന്നു. ദൂരങ്ങള്‍ പിന്നിടുന്തോറും അത് മുറുകി വന്നു. ഗ്രാമത്തിലെ പ്രധാന നിരത്തുകളെല്ലാം കുരുത്തോലകളുടെ തളരസൗന്ദര്യങ്ങളാല്‍ അലങ്കരിക്കപ്പെട്ടിരുന്നു. ഒരു ഉത്സവസന്ധ്യയുടെ മായികതയിലേക്കാണ് ജനം ആ വഴികളിലൂടെ ഒരു പുഴപോലെ ഒഴുകിവന്നത്. കഴിഞ്ഞ ഒരാഴ്ചയായി തുടര്‍ന്നുവരുന്ന ആഘോഷങ്ങളാല്‍ അനന്യാസ് തന്റെ മകളുടെ വിവാഹം ആ ഗ്രാമത്തിന്റെ ഉത്സവമാക്കി തീര്‍ക്കുകയായിരുന്നു. ആ നിറവില്‍ അഭിമാനിതനായി അതിഥികളെ സ്വീകരിച്ചാനയിച്ച് അയാള്‍ പടിവാതില്‍ക്കല്‍ത്തന്നെയുണ്ടായിരുന്നു.
യേശുവിനെ ദൂരെനിന്ന് കണ്ടതും അനന്യാസ് ബാക്കിയെല്ലാവരെയും വേഗത്തില്‍ പറഞ്ഞുപേക്ഷിച്ച് അവന്റെയരുകിലേക്ക് ഓടിവന്നു."എന്നാലും എന്റെ സ്നേഹിതാ... ഈ മുഹൂര്‍ത്തസമയത്തെങ്കിലും നിനക്കൊന്ന് വരാന്‍ തോന്നിയല്ലോ..." അയാള്‍ സ്നേഹാതിഥ്യങ്ങളിലെ പതിവു പരിഭവമാവര്‍ത്തിച്ചു. "തന്റെ പിതാവുണ്ടായിരുന്നെങ്കില്‍ ഒരാഴ്ച മുന്‍പേ ഇവിടെയെത്തി ഈ വിവാഹം നടത്തിക്കൊടുത്തേനേം.."
യേശു ചിരിച്ചതേയുള്ളൂ. അവര്‍ ആശ്ലേഷത്തിലമര്‍ന്നു. അതില്‍നിന്ന് വിടര്‍ന്ന് അവന് തന്റെ മൂന്നു ശിഷ്യരെയും അയാള്‍ക്കു പരിചയപ്പെടുത്തിക്കൊടുത്തു. അവരേയും അനന്യാസ് ആശ്ലേഷങ്ങള്‍ കൊണ്ടുതന്നെ സ്വീകരിച്ചു.
"കേട്ടോ.. ഞാനും ഈ യേശുവിന്റെ അപ്പനും പഴയ സ്നേഹിതരാ.. ആ നല്ല മനുഷ്യന് പോയതിനുശേഷവും എനിക്കാ കുടുംബവുമായുള്ള ബന്ധം നഷ്ടപ്പെട്ടിട്ടില്ല. ങാ.. അമ്മയും പെങ്ങന്മാരും അകത്തുണ്ട്. അവരിന്നലെയെങ്കിലും എത്തി. നിന്നെപ്പോലെ സ്നേഹമില്ലാത്തവരല്ല അവര്‍.."അനന്യാസ് യേശുവിന്റെ കൈപിടിച്ച് അകത്തേക്കു നടന്നു. ആ കൈ വിടുവിക്കാന്‍ അയാള്‍ കൂട്ടാക്കിയതേയില്ല. "അല്ല... ഞാനെന്തൊക്കെയാ കേള്‍ക്കുന്നത് എന്റെ യേശൂ..? എന്തിനുള്ള പുറപ്പാടാ ഇത്..? അപ്പന് കഷ്ടപ്പെട്ട് സമ്പാദിച്ചതൊക്കെ ഇങ്ങനെ വഴിയാധാരമാക്കണോ..?"
"ഒന്നുമാവില്ല. എല്ലാം ഞാന്‍ യാക്കോബിനെ ഏല്പിച്ചിട്ടാണ് പോയത്.."
"ങാ... അതുമതിയല്ലോ. അവനെക്കൊണ്ട് അതെല്ലാം ഒറ്റയ്ക്ക് നോക്കി നടത്താനാവുമോ..? ആ മരപ്പണിശാലയില്‍ത്തന്നെ രണ്ടു പേരുടെ കണ്ണെത്തണം. ഇളയവന്മാരുടെ കാര്യം ഞാനായിട്ട് ഓര്‍മ്മിപ്പിക്കണോ.? കഴിഞ്ഞമാസം ഇത്തിരി മരസാമാനങ്ങളുടെ പണിയേല്പിക്കാന്‍ ചെന്നപ്പോഴല്ലേ യാക്കോബ് കാര്യങ്ങളൊക്കെ പറയുന്നത്. നിന്റെ തലയില്‍ ഇപ്പോ പെട്ടെന്ന് ഏതു ചെകുത്താനാണ് കുടിയേറിയിരിക്കുന്നത്..?!"
"ദൈവമെന്ന ചെകുത്താന്..!" യേശു ചിരിച്ചുകൊണ്ട് പറഞ്ഞു.
"കേട്ടോ സ്നേഹിതന്മാരെ... ഒന്ന് സമ്മതം മൂളിയിരുന്നെങ്കില്‍ ഇന്നു വരനായി നില്‍ക്കേണ്ട ചെറുപ്പക്കാരനാണിവന്‍. ങാ.. പോകട്ടെ ഇനി അതൊക്കെ പറഞ്ഞിട്ടെന്താ കാര്യം. എന്റെ മകളുടെ വിധി മറ്റൊന്നായിപ്പോയി.."
"എന്റെ സ്വപ്നങ്ങള്‍ മറ്റു ചിലതാണ്.." യേശു പറഞ്ഞു
"ഒക്കെ ഞാനറിയുന്നുണ്ട്. ആരെങ്കിലുമൊക്കെ പറയുന്നതുകേട്ട് ചാടിപ്പുറപ്പെട്ട് ജീവിതം വെറുതേ തുലച്ചുകളയല്ലേ സ്നേഹിതാ... ഒരപ്പന്റെ സ്ഥാനത്തു നിന്നാ ഞാനിതൊക്കെ പറഞ്ഞുതരുന്നത്. ങാ- ഈ തിരക്കൊക്കെ ഒന്നു കഴിയട്ടെ നമുക്കൊന്ന് വിശദമായിട്ട് സംസാരിക്കണം. പിന്നേ എത്ര തിരക്കായാലും കല്യാണം കഴിഞ്ഞ് സഫീറയെ ഒന്നു കണ്ടിട്ടേ പോകാവേ... അവളെന്നും നിന്നെപ്പറ്റി തിരക്കും.."
പുഷ്പാലങ്കാരങ്ങള്‍ നടത്തിയ വിശാലമായ പന്തലിനുള്ളിലേക്ക് അവര്‍ പ്രവേശിച്ചു. പരിചാരകര്‍ കാലുകഴുകിയും മുടിയും താടിയും എണ്ണകൊണ്ട് അഭിഷേകം ചെയ്തും അവരെ സ്വീകരിച്ചാനയിച്ചു. അവര്‍ മുന്‍പന്തിയില്‍ തന്നെയിരുന്നു എന്ന് ഉറപ്പാക്കിയ ശേഷം അനന്യാസ് പടിപ്പുര വാതിലിലേക്കു മടങ്ങി. പന്തലിന്റെ നടുഭാഗത്ത് വിരിച്ചൊരുക്കിയ പരവതാനിയില്‍ അപ്പോള്‍ താളമേളങ്ങള്‍ കൂടുതല്‍ കൊഴുത്തിരുന്നു. അണിഞ്ഞൊരുങ്ങിയ നാടന്‍ പെണ്‍കൊടികള്‍ അവയ്ക്കൊപ്പം ചുവടുവയ്ക്കുന്നു. ആ നൃത്തം നിലച്ചപ്പോള്‍ അതിഥികള്‍ക്കിടയില്‍ ഉടുപ്പ് വിതരണം ചെയ്തുതുടങ്ങി. പ്രഭുക്കന്മാരുടെ ഓരോരോ ആഢംബരങ്ങള്‍ എന്ന് യേശു മനസിലോര്‍ത്തു. അതുകഴിഞ്ഞ് സ്ത്രീകളുടെ സംഘം ഗാനമാലപിച്ചു. ഏറ്റവും മുന്‍ നിരയിലിരിക്കുന്ന മൂപ്പന്മാര് ആ നാടന്‍ശീലുകള്‍ തലയാട്ടി രസിക്കുന്നുണ്ട്.
പന്തല്‍ നിറഞ്ഞുകൊണ്ടിരുന്നു. ഒരു ഗ്രാമം മുഴുവന്‍ അതിലേക്ക് പ്രവഹിച്ചെത്തി. അവരെ ഒക്കേയും സ്വീകരിച്ച് യഥാസ്ഥാനത്ത് ഇരുത്തുന്ന തിരക്കിനിടയിലും അനന്യാസ് യേശുവിന്റെ അടുത്തെത്തി ക്ഷേമാന്വേഷണങ്ങള്‍ നടത്തിപ്പോകന്‍ മറന്നില്ല. അയാള്‍ക്ക് അവിവാഹിതയായ ഒരു മകള്‍കൂടി ബാക്കിയുണ്ടായിരുന്നു!അകത്ത് അപ്പോള്‍ വധുവിന്റെ ഒരുക്കങ്ങള്‍ നടക്കുകയായിരുന്നു. അവളെ വാല്യക്കാരത്തികളും മുതിര്‍ന്ന സ്ത്രീകളും ചേര്‍ന്ന് കുളിപ്പിച്ച് എണ്ണപൂശി. പിന്നെ മഹോഹരങ്ങളായ വിവാഹവസ്ത്രം ധരിപ്പിച്ചു. തഹശുതോലുകൊണ്ടുള്ള ചെരുപ്പിടുവിച്ചു. ശണപടംകൊണ്ടു ചുറ്റി പട്ടു പുതപ്പിച്ചു. പിന്നെ അവളുടെ കയ്യില്‍ വളകളും കഴുത്തില്‍ വിലകൂടിയ രത്നമാലകളും അണിയിച്ചു. മൂക്കുത്തിയും കാതില്‍ കുണുക്കുകളും ഇടുവിച്ചു. തലയില്‍ ഭംഗിയുള്ള ഒരു കിരീടം വെച്ചു. അരക്കച്ച കെട്ടി...
ഒരുക്കങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ വധുവിനെ അതിഥികളുടെ ഇടയിലേക്ക് ആനയിച്ചു. അപ്പോള്‍ അതുവരേയും പുറത്ത് കാത്തുനിന്ന വരന്റെ ആള്ക്കാര് അകത്തേക്ക് പ്രവേശിച്ചു. 'ഇനിയും ആരെങ്കിലും അകത്ത് കടക്കാനുണ്ടോ..?' എന്ന അചാരപരമായ ചോദ്യത്തിനുശേഷം അനന്യാസ് പടിപ്പുരവതിലടച്ച് കൊളുത്തിട്ടു!
അവിടെ സന്നിഹിതനായിരുന്ന മുഖ്യപുരോഹിതന്‍ എഴുനേറ്റ് വരനെയും വധുവിനെയും അടുത്തുനിറുത്തി, യെഹോവയുടെ നാമത്തില്‍ തങ്ങള്‍ ജീവിതകാലം മുഴുവന്‍ വിശ്വസ്തതയുള്ള ഭാര്യാഭര്ത്താക്കന്മാരായി, മോശയുടെ ന്യായപ്രമാണങ്ങള്‍ പാലിച്ച് ജിവിച്ചുകൊള്ളാമെന്ന് പ്രതിജ്ഞയെടുപ്പിച്ചു. പിന്നെ വരന്റെ പിതാവ് സമൂഹമദ്ധ്യത്തില്‍ വെച്ച് ഏല്ലാവരുടെയും അനുവാദത്തോടെ വധുവിന്റെ പിതാവിന് ഒരു പണക്കിഴി കൈമാറി. അവര്‍ പരസ്പരം ആലിംഗനം ചെയ്തു.
വീണ്ടും ആഘോഷങ്ങള്‍ തുടങ്ങുകയായി. സ്ത്രീകള്‍ പാട്ടും നൃത്തവും ആരംഭിച്ചു. വിരുന്നുവാഴി എഴുന്നേറ്റ് ഓരോരുത്തരെയും ഭക്ഷണത്തിനു ക്ഷണിച്ചു. ഉന്നതന്മാരുടെയും ബഹുമാനിതരുടെയും ആയിരുന്നു ആദ്യപന്തി. അതിനിരിക്കാതെ യേശു ശിഷ്യന്മാരെയും കൂട്ടി ഒഴിഞ്ഞുനിന്നു. അനന്യാസ് അതറിഞ്ഞ് തിരക്കിട്ടുവന്ന് അവരെ പന്തിയിലിരിക്കാന്‍ നിര്‍ബന്ധിച്ചു. "ഞാന്‍ അടുത്ത പന്തിക്കിരുന്നോളാം.." അവന് പറഞ്ഞൊഴിഞ്ഞു."പറ്റില്ല. ഒരു ദാവീദന് എന്റെ മകളുടെ വിവാഹത്തിന് രണ്ടാം പന്തിക്കിരിക്കാനോ..? എനിക്കാണതിന്റെ മോശക്കേട്.."
"സാരമില്ല അനന്യാസ്. ഞാനതെപ്പറ്റി യാതൊന്നും വിചാരിക്കില്ല. പിന്നെന്താ.." അനന്യാസ് വൈഷമ്യത്തോടെ പിന്‍വാങ്ങി. യേശുവിന്റെ ചില പരിചയക്കാര് അവനു ചുറ്റുംകൂടി അവന്റെ പുതിയ സംഘത്തെപ്പറ്റി ചോദ്യങ്ങള്‍ ചോദിച്ചുകൊണ്ടിരുന്നു.ആദ്യ പന്തികഴിഞ്ഞിരുന്നു. രണ്ടാമത്തേതിന് ജനം ഇരുന്നു തുടങ്ങി.
"യേശൂ- എന്റെ സ്നേഹിതാ... ഇതിലെങ്കിലും ഒന്നു വന്നിരിക്കൂ..." അനന്യാസ് പിന്നെയും അവനെ വന്നുക്ഷണിച്ചു."സാരമില്ല. ഞാന്‍ പിന്നിരുന്നോളാം.."
"ശരിക്കും ഇവന്റെ തലയിലെന്തോ കൂടിയിട്ടുണ്ട്.." അയാള്‍ പരിതപിച്ചുകൊണ്ട് നടന്നകന്നു. നീണ്ട ഏമ്പക്കങ്ങളുടെ അകമ്പടിയില്‍ ചില മൂപ്പന്മാരും യേശുവിനോടു ചോദ്യങ്ങള്‍ ചോദിക്കുന്നവര്‍ക്കൊപ്പം കൂടി.അവന് അവര്‍ക്ക് തക്കതായ മറുപടി കൊടുത്തു.
രണ്ടും മുന്നും നാലും പന്തികള് അവസാനിച്ചിരുന്നു. അടുത്തത് സമൂഹത്തിലെ താഴ്ന്നപടിക്കാര്‍ക്കുള്ള പന്തിയായിരുന്നു. "വരൂ സ്നേഹിതരേ.. നമുക്കും ഇവരോടൊപ്പമിരിക്കാം." യേശു ശിഷ്യന്മാരെ ക്ഷണിച്ചു. കണ്ടുനിന്നവര്‍ക്ക് അതും ഒരത്ഭുതമായിരുന്നു. ഒരു ദാവീദന് - ഒരു പക്ഷേ ആദ്യമായി- താഴ്ന്നപടിക്കാര്‍ക്കൊപ്പം പന്തിപങ്കിടുന്നു! അവര്‍ സ്വപ്നത്തില്‍പ്പോലും അങ്ങനെയൊന്ന് സങ്കല്പിച്ചിട്ടില്ല. പക്ഷേ ഇതാ തങ്ങളുടെ കണ് മുന്നില്‍... ചിലര്‍ മൂക്കത്ത് വിരല്‍ വെച്ചു. ഇവന് ശരിക്കും ഭ്രാന്തായിപ്പോയോ..?!
അനന്യാസ് എവിടുന്നോ ഓടിക്കിതച്ചെത്തി. "എന്റെ സ്നേഹിതാ- നീ എന്താ ഈ കാട്ടുന്നത്..? നിനക്കും കുടുംബത്തിനും സമൂഹത്തില്‍ ഒരു വിലയും നിലയുമില്ലേ..? നീ ഇവര്‍ക്കൊപ്പമാണോ പന്തിക്കിരിക്കുന്നത്..? വരൂ... നിനക്കു ഞാന്‍ അകത്ത് പ്രത്യേകം വെച്ചുവിരിക്കാം.."
യേശു ഒന്നു ചിരിച്ചു. "പരിഭ്രമിക്കാതെ അനന്യാസ്. ഈ സാധാരണക്കാര്‍ക്കൊപ്പം ഒരു ദാവീദന് പന്തിപങ്കിട്ടാല്‍ ലോകത്തിന് എന്തെങ്കിലും മാറിപ്പോകുമോ എന്നൊന്ന് നോക്കാം.."
"നിന്റിഷ്ടം പോലെ..." അവനുകൊടുക്കാന്‍ മറുപടിയില്ലാതെ അനന്യാസ് അകത്തേക്കുപോയി.
ആഹാരം വിളമ്പിത്തുടങ്ങി. വിരുന്നുവാഴി യേശുവിന്റെ അരുകിലെത്തി കുശലാന്വേഷണം നടത്തി. അയാള്‍ പരിചാരകരെ വിളിച്ച് യേശുവിനും ശിഷ്യന്മാര്ക്കും മാത്രമായി വീഞ്ഞ് എടുപ്പിച്ചു.
"ഇതെന്താണ് ഞങ്ങള്‍ക്കുമാത്രം വീഞ്ഞ്..? !" അവന് കഴിക്കുന്നത് നിറുത്തി "ഇവര്‍ക്കെല്ലാവര്‍ക്കും വീഞ്ഞ് വിളമ്പൂ.."
വിരുന്നുവാഴി ആശ്ചര്യപ്പെട്ടു "അങ്ങെന്താണീ പറയുന്നത്..? ഈ സാധാരണക്കാര്‍ക്ക് വീഞ്ഞു വിളമ്പാനോ..?! അത് വീഞ്ഞിനര്‍ഹതപ്പെട്ട ഉന്നതരെ അപമാനിക്കലാണെന്ന് അറിയില്ലേ..?!"
"അതെങ്ങനെ അപമാനിക്കലാവും..?! ഇവര്‍ വീഞ്ഞുകുടിച്ചാല്‍ അവര്‍ കുടിച്ചതില്‍ വല്ലതും കുറഞ്ഞുപോകുമോ..?" യേശുവിന്റെ ശബ്ദം വല്ലാതെ ഉയര്‍ന്നിരുന്നു.
"ദയവായി അങ്ങ് ശബ്ദം താഴ്ത്തി സംസാരിക്കൂ.. അപ്പുറത്ത് വിശിഷ്ടാതിഥികള്‍ ഇരുപ്പുണ്ട്."
"അതിനെനിക്കെന്താണ്..? താങ്കള്‍ ഇവര്‍ക്കുകൂടി വീഞ്ഞ് വിളമ്പുന്നില്ലായെങ്കില്‍ എനിക്ക് ഈ പന്തിയുപേക്ഷിച്ച് പോകേണ്ടിവരും.."യേശു കൈകുടഞ്ഞ് എഴുന്നേറ്റു കഴിഞ്ഞു.
പെട്ടെന്ന് പാട്ടും മേളവും നൃത്തവും എല്ലാം നിലച്ചു. സര്‍വ്വം നിശബ്ദമായി. അനന്യാസ് പിന്നെയും ഏതോ തിരക്കില്‍ നിന്നും ഓടിപ്പാഞ്ഞെത്തി. "എന്താണ്..? എന്താ പ്രശ്നം..?!"
"യജമാനന്.. സാധാരണക്കാര്‍ക്കുകൂടി വീഞ്ഞു വിളമ്പണമെന്ന്.." വിരുന്നുവാഴി തലചൊറിഞ്ഞുകൊണ്ട് അറിയിച്ചു. അനന്യാസ് കുറേ നേരത്തേക്ക് മറുപടിയില്ലാതെ അന്തിച്ചു നിന്നു. ചില മൂപ്പന്മാര് കൂടി കാര്യംതിരക്കി അവിടേക്കു വന്നു. "എന്താ നമ്മുടെ ആചാരങ്ങളും കീഴ്വഴക്കങ്ങളും ഒരു ദാവീദന് ഇനിയും അറിയില്ലെന്നുണ്ടോ..? " അവരില്‍ ഒരാള്‍ ചോദിച്ചു.
"അതു തിരുത്താന്‍ തന്നെയാണ് ഞാന്‍ വന്നിരിക്കുന്നത്. സമൂഹത്തില്‍ ആരും വലിയവനും ചെറിയവനുമല്ല. ഇവര്‍ താഴ്ന്നഗോത്രങ്ങളില്‍ ജനിച്ചുപോയത് ഇവരുടെ കുറ്റമാണോ.? അതുകൊണ്ടു മാത്രം ഇവര്‍ ഒരു വിവാഹസദ്യയില്‍ വെള്ളം കൊണ്ടു തൃപ്തിപ്പെടണോ..? ഇവര്‍ക്ക് കുടിക്കാന്‍ എവിടുന്നെങ്കിലും അല്പം വീഞ്ഞ് കിട്ടാതെയല്ല. പക്ഷേ ഒരു വിവാഹസദ്യയില്‍ അതു വിളമ്പുമ്പോള്‍ അവരും മറ്റുള്ളവര്‍ക്കൊപ്പം ആദരിക്കപ്പെടുകയാണ്. അതേ ഞാനാവശ്യപ്പെടുന്നൊള്ളൂ..."
"നിന്റെ വാദമൊന്നും കാനയുടെ മുറ്റത്ത് വിലപ്പോവില്ല. ആതിഥേയനെ ബുദ്ധിമുട്ടിക്കാതെ കഴിച്ചിട്ട് പോകുന്നതാണ് നിനക്ക് നല്ലത്.." മറ്റൊരു മൂപ്പന്റെ സ്വരം വല്ലാതെ കയര്‍ത്തിരുന്നു."ഞാനെന്താണ് വേണ്ടത്..?" വിരുന്നുവാഴി ആശങ്കപ്പട്ടു.
"അനന്യാസ്.. താങ്കളിതിനു മുതിരുന്നില്ലായെങ്കില്‍ എനിക്ക് നിശ്ചയമായും ഈ പന്തിയുപേക്ഷിച്ചുപോകേണ്ടിവരും.." യേശുവിന്റെ സ്വരത്തിലും നല്ല നിശ്ചയദൃഢതയുണ്ടായിരുന്നു.
"യേശു എന്റെ സ്നേഹിതാ... ഒരുവന് എന്റെ പന്തിയുപേക്ഷിച്ചുപോകുന്നതില്‍പരം എന്ത് അപമാനമാണ് എനിക്കും എന്റെ മകള്‍ക്കും വരാനുള്ളത്..? വിരുന്നുവാഴി... ഇവന് പറയുന്നതുപോലെ ചെയ്യൂ... എല്ലാവര്ക്കും വീഞ്ഞ് വിളമ്പട്ടെ.."
അതുവരെ അന്തിച്ചുനിന്ന ജനത്തിന്റെ തൊണ്ടയില്‍ നിന്നും ഒരാരവം അറിയാതെ പൊന്തിവന്നു! തപ്പും മേളവും പാട്ടും നൃത്തവും പുനരാരംഭിച്ചു. കല്ഭരണികളില് സൂക്ഷിച്ചിരുന്ന വീഞ്ഞുമായി പരിചാരകര്‍ പന്തികള്‍ക്കിടയിലൂടെ തിടുക്കപ്പെട്ട് നടന്നു. മൂപ്പന്മാരും നാട്ടുപ്രമാണികളും അനന്യാസിനെ കരുതി മുറുമുറുപ്പിലൊടുങ്ങി. സാധാരണക്കാര്‍ സന്തോഷത്തിലും ചിരിയിലും നിറഞ്ഞ് സദ്യയില്‍ പങ്കുകൊണ്ടു. ഇതാ ഞങ്ങളുടെ മുറ്റത്ത് ഒരു മഹാത്ഭുതം നടന്നിരിക്കുന്നു! യെഹൂദചരിത്രത്തിലാദ്യമായി വെള്ളത്തിന്റെ ഈ തഴ്ന്നവര്‍ഗ്ഗം വീഞ്ഞിനാല്‍ ആദരിക്കപ്പെട്ടിരിക്കുന്നു!
അവര്‍ യേശുവിനെ വാഴ്ത്തി. അവന്റെ ധീരതയെ വാഴ്ത്തി. അവന്റെ അമ്മയെയും സഹോദരിമാരെയും കണ്ടവര്‍ അവനെപ്പറ്റി പുകഴ്ത്തി സംസാരിച്ചു. ഇതാ ഞങ്ങള്‍ക്കൊരു ധീരനായ രാജാവിനെ കിട്ടിയിരിക്കുന്നു എന്ന് തമ്മില്‍തമ്മില്‍ പറഞ്ഞാഹ്ലാദിച്ചു.
യെഹൂദജാതിക്കുമേലെ നസറേനിയ സംഘം വിതച്ചുപോയ കൊടുങ്കാറ്റുകളുടെ തുടക്കമായിരുന്നു അത്!
ആ രാത്രി അവര്‍ മടങ്ങുമ്പോള്‍ ഒരുവന് യേശുവിനെ പിന്‍പറ്റിച്ചെന്നു. "ഗുരോ - ഞാന്‍ നിന്നെ കാത്തുനില്ക്കുകയായിരുന്നു.."
"സന്തോഷം സ്നേഹിതാ... നിന്റെ പേര്..?"
"മത്തായി!"
"നാട്..?"
"കഫര്‍ന്നഹോം.."
"പിന്നെ ഇവിടെ..? വരന്റെ ബന്ധുവോ വധുവിന്റെയോ..?"
"രണ്ടുമല്ല. ഞാന്‍ ഈ പ്രവിശ്യയുടെ ചുങ്കത്തലവനാണ്. വിവാഹത്തിന് ആളെണ്ണി ചുങ്കം കണക്കാക്കാന്‍ വന്നതാണ്..."
"എന്തിനാണ് നീ എനിക്കുവേണ്ടി കാത്തുനിന്നത്..?"
"ഗുരോ ഈപണിയുപേക്ഷിച്ച് ഞാന്‍ നിന്നെ അനുഗമിച്ചോട്ടെ..?"
"എവിടേക്ക്..?"
"നീ നയിക്കുന്നത് എവിടേക്കായാലും അവിടേക്ക്..!"
"വരൂ... ഇനിമുതല്‍ നീ ഞങ്ങളിലൊരുവനാണ്..!"
Saturday, May 26, 2007
Subscribe to:
Post Comments (Atom)
10 comments:
പ്രവാചകന്മാരുടെ രണ്ടാം പുസ്തകം എന്ന നോവലില്‍ നിന്ന് ഒരധ്യായം
നന്ദി...നന്നായിട്ടുണ്ട്...
വീഞ്ഞിനര്‍ഹതപ്പെട്ട ഉന്നതര്‍....
അവര്‍ക്കായി ലോകമെമ്പാടും നിയമങ്ങള്‍ നഗ്നമായി മാറ്റിയെഴുതപ്പെട്ടുകൊണ്ടിരിക്കെ....എതിര്‍ശബ്ദങ്ങള്‍ അവശ്യം....
ചില വ്യക്തികളുണ്ട്, ഭാവനയില്‍ മറ്റൊന്നും വിരിയുന്നില്ലെങ്കില് വിശുദ്ധ ഗ്രന്ഥങ്ങളില്‍ കയറി പണിയും. എങ്കിലും ബെന്യാമിന് വളരെ വളരെ നന്നായിട്ടുണ്ട്. ഇക്കൊല്ലത്തെ ജ്ഞാനപീഡനത്തിന് താങ്കള്‍ അര്‍ഹനാണ്. അല്ലെങ്കില്‍ പത്മശ്രീ എങ്കിലും പ്രതീക്ഷിക്കാം.
ഒരു ജെ സി ബി കിട്ടിയിരുന്നെങ്കില്‍!!!!!
പ്രതികരണങ്ങള്‍ക്ക് നന്ദി.
അനോനീ... സ്വന്തം അഭിപ്രായങ്ങള്‍ പറയാന്‍ എന്തിനാണീ മറ. നേരെ നിന്നു പറഞ്ഞുകൂടെ. അതിന് വേണ്ടത് ആണത്വമാണ്.
പിന്നെ അങ്ങനെ ആര്‍ക്കും പറ്റുന്ന പണിയല്ല ഈ വിശുദ്ധ ഗ്രന്ഥങ്ങള്‍ കയറി പണിയല്‍. അതിനിത്തിരി മിനക്കെടണം. ചരിത്രം അറിയുകയും വായിക്കുകയും വേണം. ഇതുവരെയുണ്ടായിരുന്ന ധാരണകളെ പൊളിച്ചെഴുതാന്‍ കെല്പുണ്ടാകണം. അല്ലാത്തവര്‍ക്ക് ഇതാണ് നല്ലത് കൊഞ്ഞനം കുത്തികാണിക്കല്. പിന്നെ അവാര്‍ഡിനുവേണ്ടി ആയിരുന്നെങ്കില്‍ ഈ പൊളിച്ചെഴുത്ത് ആവശ്യമില്ലായിരുന്നു. നിങ്ങളുടെയൊക്കെ മൃദുലവികാരങ്ങളെ ഇക്കിളിപ്പെടുത്തുന്ന ഒരു കഥ അധികം മെനക്കേടില്ലാതെ എഴുതിയാല്‍ മതിയായിരുന്നു. എന്നാലും ജ്ഞാനപീഠവും പത്മശ്രീയും കിട്ടുമ്പോള്‍ താങ്കളെ അറിയിക്കാം.
എന്റെ കമന്റ് വായിച്ച് താങ്കള്‍ക്ക് ചൊറിഞ്ഞു അല്ലേ? അഭിപ്രായം പറയുമ്പൊള് പേരുപയൊഗിക്കുന്നത് നല്ലതാണ്. പക്ഷേ താങ്കളുടെ ഈ പൊസ്റ്റിനു അതിനുള്ള അര്‍ഹതയില്ല.
താങ്കള്‍ എന്തെങ്കിലും എഴുതിയാല്‍ അതു വായിച്ച് ഇതുവരെ ഉണ്ടായിരുന്ന ധാരണകള്‍ പൊളിച്ചെഴുതപ്പെടുമെന്ന താങ്കളുടെ സ്വപ്നത്തെയൊര്ത്ത് സഹതാപമുണ്ട്. പിന്നെ ഒരു വിവാദം ഉണ്ടാവുകയാണെങ്കില്‍ അതില്‍നിന്നും കിട്ടുന്ന പ്രശസ്തി ആണല്ലൊ എഴുത്തുകാരുടെ ഉന്നമനം.
ചരിത്രം വായിച്ച് കിട്ടിയ പാണ്ഡ്യത്തത്താല് വിശുദ്ധ ഗ്രന്ഥങ്ങളെ ഇങ്ങനെ കീറി മുറിക്കാന്‍ കെല്പൂള്ള ഒരാള്‍ മ്രുദുല വികാരങ്ങളെ ഇക്കിളിപ്പെടുത്തുന്ന ഒരു കഥ എഴുതിയാല്‍ അത് വായനക്കാരെ എത്രയധികം ‘’ആനന്ദിപ്പിക്കുമെന്ന്’‘ ഊഹിക്കാവുന്നതെ ഉള്ളൂ. ഇനിയുമെഴുതണം.
ചൊറിയും സുഹൃത്തെ. കാരണം എന്റെ 8 വര്‍ഷത്തെ പരിശ്രമത്തെയാണ് നിങ്ങള്‍ പുസ്തകം ഒന്നു വായിക്കുകപോലും ചെയ്യാതെ മലിനമായ മനസ്സുകൊണ്ട് ദുഷിച്ചത്. പുസ്½തകം വായിച്ചശേഷമുള്ള ആശയപരമായ ഏതു വിമറ്ശനത്തെയും ഞാന്‍ സ്നേഹത്തോടെ സ്വീകരിക്കും അല്ലാതെ മുന്‍ധാരണയോടും വ്യക്½തിപരവുമായ ഈ വാക്കുകളെ ഞാന്‍ തള്ളിക്കളയുന്നു.
ബെന്യാമിന്.. അഭിനന്ദനങ്ങള്‍.
അനോനി, താങ്കള്‍ ഈ പുസ്തകം വായിക്കാതെ അഭിപ്രായം പറയുന്നത് വ്യക്തിഹത്യമാത്രമാണ്. താങ്കളെപ്പോലെയുള്ളവരാണ് പ്രശസ്തരായ എഴുത്തുകാരെ ബ്ലോഗില്‍ നിന്നും അകറ്റുന്നതെന്നു പറഞ്ഞാല്‍ അത് തെറ്റാവില്ല.
ബെന്യാമിന്, പുതിയ കൃതി വായിച്ചില്ല. തീര്‍ച്ചയായും വായിക്കും.
പുസ്തകം തീര്‍ച്ചയായും വായിക്കും.
അഭിനന്ദനങ്ങള്‍.
ആത്മപ്രശംസയും സ്വജനപക്ഷപാതവും പരനിന്ദയും ബ്ലോഗര്‍മാരുടെ പൊതുസ്വ്ഭാവമാണ്.ബെന്യമിന് അതിനു നല്ല ഉദാഹരണവും.
Post a Comment