Tuesday, May 29, 2007

ദാ, കുഴൂര്‍ പറഞ്ഞ ആ കറുത്ത ക്രിസ്‌തു ഇവിടെ.


കുഴൂര്‍ വില്‍സന്റെ 'വിവര്‍ത്തനത്തിന്‌ ഒരു വിഫല ശ്രമം' എന്ന പുസ്‌തകത്തിലെ 'വെളുപ്പിക്കുകയെന്നാല്‍ എന്താണ്‌ ശരിയായ അര്‍ത്ഥം' എന്ന ലേഖനത്തിന്റെ പൂരണംപോലെയാണ്‌ ഈ ലേഖനം. ആ ലേഖനത്തില്‍ അദ്ദേഹം പരാമര്‍ശിക്കുന്ന ഒരു ക്രിസ്‌തു ചിത്രമുണ്ട്‌.

കുഴൂരിന്റെ ലേഖനത്തില്‍ നിന്നും : അമേരിക്കയില്‍ ഏകദേശം അഞ്ചുവര്‍ഷങ്ങള്‍ക്കു മുന്‍പ്‌ ഒരു ചിത്രത്തിന്‌ നിരോധനം ഏര്‍പ്പെടുത്തി. ആ ചിത്രകാരിയുടെ പേരു മറന്നുപോയി. ക്രിസ്‌തുവിന്റെ അവസാന അത്താഴമാണ്‌ ആ ചിത്രത്തിലെ പ്രമേയം. അമേരിക്കയിലെ കറുത്ത വര്‍ഗ്ഗക്കാരിയായ ഒരു ചിത്രകാരിയാണ്‌ അതിന്റെ ഉടമ. അവര്‍ ക്രിസ്‌തുവിന്റെ അവസാന അത്താഴം ചിത്രീകരിച്ചപ്പോള്‍ ചെയ്‌ത കാര്യം വളരെ ശ്രദ്ധേയമാണ്‌. ക്രിസ്‌തുവിനെയും പതിനൊന്ന് ശിഷ്യന്മാരെയും വരയ്ക്കാന്‍ ഉപയോഗിച്ചത്‌ കറുപ്പു നിറമാണ്‌. ക്രിസ്‌തുവിന്‌ പകരം നഗ്നയായി നില്‌ക്കുന്ന തന്റെ ഫോട്ടോയാണ്‌ അവര്‍ പതിച്ചത്‌. ചിത്രത്തില്‍ യൂദാസ്‌ മാത്രം വെളുത്ത നിറക്കാരനായി. (കറുത്ത വര്‍ഗ്ഗക്കാരും സ്‌ത്രീകളും ക്രൂശിക്കപ്പെടുന്ന വലിയൊരു തലത്തിലേക്ക്‌ ആ ചിത്രം നമ്മെ കൊണ്ടുപോകും.) അമേരിക്കന്‍ ഭരണകൂടത്തെ ആ ചിത്രം ഏറെ ചൊടിപ്പിച്ചു. വെളുത്തവനുനേരെ ശബ്ദമുയര്‍ത്തിയ ആ ചിത്രകാരിക്കുനേരെ അവര്‍ തിരിഞ്ഞു. ചിത്രം നിരോധിച്ചു.

കുഴൂരിന്റെ ലേഖനത്തിലെ ഈ ഭാഗം വായിച്ചപ്പോള്‍ ആ ചിത്രത്തെപ്പറ്റി ഞാന്‍ വായിച്ച്‌ അറിഞ്ഞിട്ടുള്ള കുടുതല്‍ വിവരങ്ങള്‍ ബൂലോഗവുമായി പങ്കുവയ്ക്കണമെന്ന് ആഗ്രഹം തോന്നി. കുഴൂര്‍ പറഞ്ഞ കറുത്ത വര്‍ഗ്ഗക്കാരിയായ ചിത്രകാരിയുടെ പേര്‌: റെനി കോക്‌സ്‌ എന്നാണ്‌. വിവാദമായ ആ പ്രശസ്‌ത ക്രിസ്‌തു ചിത്രത്തിന്റെ പേര്‌ 'യോ മാമസ്‌ ലാസ്‌റ്റ്‌ സപ്പര്‍' എന്നും.

1994 രചിച്ച ഈ ഫോട്ടോഗ്രാഫിന്‌ പതിനഞ്ച്‌ അടി നീളമുണ്ട്‌. ഡാവിഞ്ചിയുടെ മാസ്റ്റര്‍ പീസായ ലാസ്റ്റ്‌ സപ്പറിന്‌ ഒരു ആഫ്രിക്കന്‍ പാരഡി രചിക്കാനാണ്‌ റെനി കോക്‌സ്‌ ഈ ചിത്രത്തിലൂടെ ശ്രമിക്കുന്നത്‌. ഒരു കലാസൃഷ്ടി എന്ന നിലയില്‍ ഇത്‌ നല്ല നിലവാരം പുലര്‍ത്തുന്നു എന്ന് പല നിരൂപകരും വാഴ്ത്തിയിട്ടുണ്ട്‌. വളരെ ശക്‌തമായ ഇമേജുകള്‍കൊണ്ട്‌ അമേരിക്കയിലെ പാര്‍ശ്വവത്‌കരുടെ ജീവിതം ആവിഷ്‌കരിക്കുന്ന റെനി കോക്‌സിന്‌ ഭരണാധികാരികളില്‍ നിന്നും ശക്‌തമായ എതിര്‍പ്പാണ്‌ നേരിടേണ്ടി വന്നിട്ടുള്ളത്‌. ന്യൂയോര്‍ക്കിലെ ബ്രൂക്ലിന്‍ മ്യൂസിയത്തില്‍ 2001-ല്‍ ഈ ചിത്രം പ്രദര്‍ശനത്തിനു വച്ചപ്പോള്‍ ഭരണാധികാരികള്‍ അതിനെതിരെ തിരിഞ്ഞു. ചിത്രം എടുത്തുമറ്റിയില്ലെങ്കില്‍ മ്യൂസിയത്തിനുള്ള സബ്‌സീഡിയായ 7.2 മില്യണ്‍ ഡോളര്‍ മരവിപ്പിക്കുമെന്ന് അന്നത്തെ ന്യൂയോര്‍ക്ക്‌ മേയര്‍ ഭഷണിപ്പെടുത്തി. റെനി ചോദിക്കുന്നത്‌ ഇതാണ്‌ : എന്തുകൊണ്ട്‌ ക്രിസ്‌തുവിന്‌ ഒരു സ്‌ത്രീയായിക്കൂടാ..? ദൈവത്തിന്റെ ഛായയില്‍ മനുഷ്യരെ സൃഷ്ടിച്ചുവെന്ന് ബൈബിള്‍ പറയുന്നു. ഞങ്ങള്‍ സ്‌ത്രീകള്‍ ജീവദാതാക്കളാണ്‌. എന്റെ ദൈവം എന്റെ ഛയയുള്ളതുതന്നെ. റെനി കോക്‌സിന്റെ യോ മാമാസ്‌ ലാസ്റ്റ്‌ സപ്പര്‍ കാണുക.

( ഈ ചിത്രത്തിനും ഇതിനെപ്പറ്റിയുള്ള വിവരങ്ങള്‍ക്കും കടപ്പാട്‌ : ജയന്‍ കെ.സി. എന്ന കവിയും അദ്ദേഹത്തിന്റെ പോളിമോര്‍സിസം എന്ന കവിതാസമാഹാരവും)

അടി-ക്കുറിപ്പ്‌ : എന്റെ 'കാനാവില്‍ ഒരു കല്യാണ സദ്യ' എന്ന പോസ്‌റ്റിന്‌ അനോനി കമന്റയച്ച സുഹൃത്തിനോട്‌ ഒരു ചോദ്യം : ചിന്തയില്‍ മറ്റൊന്നും തെളിയാതെ വന്നപ്പോഴാകുമോ ഈ ചിത്രകാരി ക്രിസ്‌തുവിനെ ചിത്രീകരിക്കാന്‍ തുനി‍ഞ്ഞിറങ്ങിയിരിക്കുക? അതേത്‌ സമ്മാനം നേടാനാണ്‌? ജ്ഞാനപീഠമോ നോബലോ..? അവര്‍ക്ക്‌ ഭരണാധികാരികള്‍ കൊടുത്ത സമ്മാനം കണ്ടില്ലേ..? ബിംബങ്ങള്‍ക്കുനേരെ കൈചുണ്ടിയവരെയൊന്നും ഒരുകാലത്തും ആരും അവാര്‍ഡ്‌ കൊടുത്ത്‌ ആദരിച്ചിട്ടില്ല, (താങ്കളെപ്പോലെ) കല്ലെറിഞ്ഞിട്ടേയുള്ളു എന്ന് ആര്‍ക്കാണ്‌ അറിയാത്തത്‌? പരക്കെ അറിയപ്പെടുന്ന ഒരു ബിംബത്തിലൂടെ നമ്മുടെ ആശയങ്ങള്‍ അവതരിപ്പിക്കുന്നതും ആ ബിംബത്തിന്റെ മേല്‍ ചാര്‍ത്തപ്പെട്ടിരിക്കുന്ന ചില മുഖംമൂടികള്‍ അഴിച്ചുകളയുന്നതും ആശയ ദാരിദ്ര്യംകൊണ്ടല്ലെന്ന് അദൃശ്യനായ സുഹൃത്തെ താങ്കളെന്നാണാവോ തിരിച്ചറിയുക..?!!

7 comments:

ബെന്യാമിന്‍ said...

1994 രചിച്ച ഈ ഫോട്ടോഗ്രാഫിന്‌ പതിനഞ്ച്‌ അടി നീളമുണ്ട്‌. ഡാവിഞ്ചിയുടെ മാസ്റ്റര്‍ പീസായ ലാസ്റ്റ്‌ സപ്പറിന്‌ ഒരു ആഫ്രിക്കന്‍ പാരഡി രചിക്കാനാണ്‌ റെനി കോക്‌സ്‌ ഈ ചിത്രത്തിലൂടെ ശ്രമിക്കുന്നത്‌.

മൂര്‍ത്തി said...

Thanks for the write up. Now let me try to read Kuzhoor.

Anonymous said...

Better pic here: http://www.reneecox.net/series04/series04_1.html

And her site:
http://www.reneecox.net

Siju | സിജു said...

നന്ദി

qw_er_ty

ഗന്ധര്‍വ്വന്‍ said...

ബെന്യാമിന്‍ =
ആവിഷ്കാര സ്വാതന്ത്ര്യം എഴുത്തിന്റേയും മണലെഴുത്തിന്റേയും പ്രാണവായുവാണ്‌.
അത്‌ നിഷേധിക്കാന്‍ ഒരു കല്‍ത്തുറുങ്കിനും കല്ലേറിനുമാകില്ല.

അനോണികള്‍ (വ്യക്തിഹത്യ ചെയ്യുമ്പോള്‍) മറുപടി അര്‍ഹിക്കുന്നില്ല.

ബെന്യാമിനെ അറിയുന്ന നല്ല വായനക്കാരുടെ കൂട്ടം ഇവിടേയുണ്ട്‌.
എഴുതുക.

ഞാന്‍ ഇരിങ്ങല്‍ said...

ഏറെ വായനക്കാരുള്ള ഒരു എഴുത്തുകാരനാണ് ബന്യാമിന്‍ എന്ന് ഞാന്‍ വിശ്വസിക്കുന്നു. അതു കൊണ്ടു തന്നെ ഒരു അനോണി കമന്‍ റ് കൊണ്ട് തകര്‍ക്കാവുന്നതല്ല ആ വിശ്വാസം. അത് ബന്യാമിന്‍ എന്ന എഴുത്തു കാരന്‍ റെ ആത്മവിശ്വാസം കൂട്ടുകയേ ഉള്ളൂ എന്നും ഞാന്‍ വിശ്വസിക്കുന്നു.

എന്തായാലും ജയന്‍ കെ.സിയെ കുറിച്ചും അതോടൊപ്പം റെനി കോക്സ് എന്ന ചിത്രകാരിയുടെ വിപ്ലവ വീര്യത്തെ കുറിച്ചും ബൂലോകര്‍ക്കായ് പങ്കുവച്ച ബന്യാമിനോട് നന്ദിയുണ്ട്.

അനോണി കമന്‍റുകള്‍ ഏത് ഗണത്തില്‍ പെടുത്തണമെന്ന് ബന്യാമിനെ പോലെയുള്ള ഒരാള്‍ക്ക് പറഞ്ഞു തരേണ്ടുന്ന കാര്യവുമില്ലെന്നും ഞാന്‍ കരുതുന്നു.

ബെന്യാമിന്‍ said...

മൂര്‍ത്തി, സിജു,അനോനി, ഗന്ധര്‍വ്വന്‍, ഇരിങ്ങല്‍... നന്ദി.
എന്നെ വിമര്‍ശിക്കുന്നവര്‍ എന്നും എന്റെ നല്ല കൂട്ടുകാര്‍ ആയിരുന്നിട്ടേയുള്ളൂ, അതില്‍ കഴമ്പുണ്ടെങ്കില്‍.
ഇരിങ്ങല്‍: താങ്കള്‍ എന്നെ തെറ്റിദ്ധരിച്ചു പലപ്പോഴും. ഞാന്‍ താങ്കളുടെ ശത്രുവായെന്നുപോലും താങ്കള്‍ ധരിച്ചു. അങ്ങനെയല്ല താങ്കളുടെ പല പോസ്‌റ്റുകളും ഞാന്‍ സമയത്തിന്‌ കാണാതെപോയതാണ്‌ എന്റെ പ്രതികരണമില്ലായ്‌മയ്‌ക്കു കാരണം. താങ്കളുടെ എല്ലാ വിമര്‍ശനങ്ങളെയും ഞാന്‍ അതിന്റെ ഗൗരവത്തോടെയേ കണ്ടിട്ടുള്ളൂ. ഇനിയും എഴുതുക, പ്രതികരിക്കുക.