Monday, June 11, 2007

(ബാലചന്ദ്രന്‍)ചുള്ളിക്കാട്ടു നിന്നും കൊടകര(പുരാണം)യിലേക്കുള്ള ദൂരം.

എപ്പോഴും എനിക്കെതിരെ ഉയര്‍ന്നുവരറുള്ള ഒരാക്ഷേപം ഞാന്‍ വ്യക്‌തികളുടെ പേരുപയോഗിച്ച്‌ കാര്യങ്ങള്‍ പറയാന്‍ ശ്രമിക്കുന്നു എന്നുള്ളതാണ്‌. ഇത്തവണയും ഞാനത്‌ ഉപയോഗിക്കുന്നു. അക്കാര്യത്തിന്റെ എന്റെ ഗുരു സക്കറിയ ആണെന്ന് പറയാം. അദ്ദേഹം ഒരിക്കല്‍ പറയുകയുണ്ടായി നിങ്ങള്‍ക്ക്‌ ഒരാളെപ്പറ്റി എന്തെങ്കിലും ആക്ഷേപം പറയാനുണ്ടെങ്കില്‍ പേരെടുത്ത്‌ പറഞ്ഞ്‌ വിമര്‍ശിക്കണം. അതെ. അല്ലാതെ ചില സിനിമാവാരികകളിലെപ്പോലെ പാപ്പരാസിത്തരം പാടില്ല എന്നാണ്‌ എന്റെയും നിലപാട്‌. വായിച്ചിട്ടില്ലേ അത്തരം ചില ഗോസിപ്പുകള്‍. സ്വര്‍ഗ്ഗത്തിന്റെ പേരുവരുന്ന സിനിമയില്‍ മഴയില്‍ കുളിച്ചുനിന്ന് നൃത്തമാടിയ നടിയും ഓട്ടക്കാരുടെ കഥപറയുന്ന സിനിമയില്‍ നായകന്റെ അനുജനായി അഭിനയിച്ച നടനും തമ്മില്‍ ഹോട്ടല്‍മുറിയില്‍ ഒന്നിച്ചു കഴിഞ്ഞതായി വാര്‍ത്ത!. പത്രങ്ങള്‍ക്കുമുണ്ട്‌ ഈ സ്വഭാവം. അവരുടെ ഭാഷ ഇങ്ങനെയാണ്‌. ചനല്‍ പ്രമുഖന്‍, കോട്ടയത്ത്‌ കണ്ണാടിക്കടയുള്ള റിസോര്‍ട്ടുടമ, ഏറെക്കലം വിട്ട്‌ നിന്ന് വീണ്ടും സിനിമയില്‍ സജീവമായ യുവനടന്‍. നിങ്ങള്‍ക്കെന്തെങ്കിലും പറയാനുണ്ടെങ്കില്‍, പറയുന്നതില്‍ കഴമ്പുണ്ടെന്ന് സ്വയം ബോധ്യമുണ്ടെങ്കില്‍ കുഴൂര്‍ വില്‍സണ്‍ ജോമോന്‍ പുത്തന്‍പുരയ്ക്കലിന്റെ പേരെടുത്ത്‌ പറഞ്ഞ്‌ ആക്ഷേപം ഉന്നയിക്കുന്നതുപോലെ വേണം എന്നതാണ്‌ എന്റെ അതേ സംബന്ധിച്ച വിശദീകരണവും നിലപാടും.
ശരി. ഇനി നമുക്ക്‌ ഇന്നത്തെ നമ്മുടെ വിഷയത്തിലേക്കു വരാം. രണ്ടു പ്രമുഖരാണ്‌ ഇന്ന് നമ്മോടൊപ്പമുള്ളത്‌. ബാലചന്ദ്രന്‍ ചുള്ളിക്കാടും സജീവ്‌ എടത്താടനും. എന്താണ്‌ ഇവരിവിടെ പരാമര്‍ശിക്കപ്പെടാന്‍ കാരണം എന്നു പറയുന്നതിന്‌ മുന്‍പ്‌ ബ്ലോഗുകളില്‍ നടന്ന ഒരു ചര്‍ച്ചയിലേക്ക്‌ നിങ്ങളുടെ ശ്രദ്ധ ആകര്‍ഷിക്കാം.
സക്കറിയ, മേതില്‍, ബാലചന്ദ്രന്‍ ചുള്ളിക്കാട്‌ അങ്ങനെ പല തല മുതിര്‍ന്ന എഴുത്തുകാരും ബ്ലോഗുകള്‍ ആരംഭിച്ചത്‌ നമുക്കൊക്കെ ആഹ്ലാദവും പ്രചോദനവും ആയിരുന്നു. എന്നാല്‍ ആദ്യത്തെ കുറച്ച്‌ പോസ്റ്റുകള്‍ക്കുശേഷം ഇവരൊക്കെ പിന്‍വലിയുന്നതാണ്‌ നാം കണ്ടത്‌. അപ്പോഴാണ്‌ ചര്‍ച്ചയുണ്ടാവുന്നത്‌. എന്താവാം ആ പിന്‍വലിയലിനു കാരണം. ബ്ലോഗേഴ്‌സിന്റെ പ്രതികരണത്തിലെ നിലവാരമില്ലായ്‌മയാണ്‌ അതിനു പ്രധാന കാരണമായി എടുത്തുകാട്ടപ്പെട്ടത്‌. അവരുന്നയിക്കുന്ന വിഷയങ്ങളോട്‌ അതേ നിലവാരത്തില്‍ പ്രതികരിക്കുവാന്‍ നമ്മള്‍ക്കാവുന്നില്ല എന്നും. കേള്‍ക്കുമ്പോള്‍ ശരിയായി തോന്നാം. അവരുടെയത്രയൊന്നും വായനാപാരമ്പര്യവും ബൗദ്ധിക നിലവാരവും നല്ലൊരു ശതമാനം ബ്ലോഗേഴ്‌സിനും ഇല്ല എന്നതും സത്യം. പക്ഷേ അതുമാത്രമാണോ ഈ കൊഴിഞ്ഞുപോകലിന്റെ യഥാര്‍ത്ഥ കാരണം..?
ഇവിടെയാണ്‌ ഇവര്‍ എഴുതിവന്ന പശ്ചാത്തലം പരിശോധിക്കുവന്‍ നാം നിര്‍ബന്ധിതരാവുന്നത്‌. ഇവരൊക്കെയും പ്രിന്റ്‌ മീഡിയകളിലൂടെ എഴുതിത്തെളിഞ്ഞു വന്നവരാണ്‌. ആ മീഡിയയ്ക്ക്‌ ഒരു ഗുണമുണ്ട്‌ (ദോഷം..?!!) നമ്മള്‍ പറയുന്നത്‌ വായനാക്കാര്‍ കേള്‍ക്കുന്നു എന്നല്ലാതെ വായനക്കാര്‍ക്ക്‌ തിരിച്ചൊന്നും ചോദിക്കാന്‍ അവിടെ അവകാശമില്ല. അഥവാ ചോദിച്ചാല്‍ തന്നെ ഇവരുടെ പ്രിയരായ പത്രാധിപന്മാരുടെ കാരുണ്യത്തില്‍ അത്‌ പലപ്പോഴും ചവറ്റുകുട്ടയിലേക്ക്‌ വീഴപ്പെടുന്നു. അച്ചടിച്ചു വരുന്നതോ ചില മൃദുവിമര്‍ശനങ്ങളും. അതിന്‌ മറുപടി പറയാതെ ഒഴിയാനുള്ള സൗകര്യം ആ മാധ്യമത്തിന്‌ ഉണ്ടുതാനും. ഈ ഒരു സൗകര്യം (ഞാനടക്കമുള്ള) പ്രിന്റ്‌ മീഡിയ എഴുത്തുകാരെ ധിക്കാരികളും ഏകാധിപതികളും വിമര്‍ശനങ്ങളെ സഹുഷ്‌ണുതയോടെ നോക്കിക്കാണന്‍ അറിയാത്തവരും ആക്കിത്തീര്‍ത്തിട്ടുണ്ട്‌ എന്നതാണ്‌ സത്യം.
വിമര്‍ശനങ്ങള്‍ മാത്രമല്ല, അഭിനന്ദനങ്ങളും അവിടെ അപൂര്‍വ്വമാണ്‌. ഞാന്‍ ഇന്റോ- അറബ്‌ കള്‍ച്ചറല്‍ ഫെസ്റ്റില്‍ പറഞ്ഞതുപോലെ നാലുവര്‍ഷം വേണ്ടി വരുന്നു അവിടെ നമുക്കൊരു പ്രതികരണം അറിയാന്‍. ആലോചിച്ചും ചിന്തിച്ചും ഉറപ്പിച്ചും എഴുതിയും വെട്ടിയും തിരുത്തിയും വളരെപ്പതിക്കെയാണ്‌ അതിന്റെ ചക്രം തിരിയുന്നത്‌. അത്‌ ആ സിസ്റ്റത്തിന്റെ സ്വഭാവമാണ്‌. അവിടെ എഴുത്തിന്റെ ബാല്യകൗമാരയൗവനങ്ങള്‍ പിന്നിട്ട എഴുത്തുകാരാണ്‌ വാര്‍ദ്ധക്യത്തില്‍ അവര്‍ക്ക്‌ തീരെ പരിചയമില്ലാത്ത പുതിയൊരു മീഡിയയില്‍ പൊടുന്നനേ വന്നുപെട്ടത്‌. എല്ലാ പുതിയ രീതികളോടും സംവേദിക്കുവാന്‍ ഞങ്ങള്‍ പ്രാപ്‌തരാണ്‌ എന്ന ആത്മവിശ്വാസമായിരിക്കണം മറ്റു പല എഴുത്തുകാരും മടിച്ചുനിന്നിടത്തേക്ക്‌ ഇറങ്ങിവരാന്‍ അവരെ പ്രേരിപിച്ചത്‌. അതിനവരെ അഭിനന്ദിക്കണം. എന്നാല്‍....
നമുക്കേവര്‍ക്കും അറിയാവുന്നതുപോലെ ബ്ലോഗിന്റെ സ്വഭാവം തികച്ചും വ്യത്യസ്‌തമാണ്‌. ഉടനടിയാണ്‌ ഇവിടെ പ്രതികരണം. ഉരുളയ്ക്ക്‌ ഉപ്പേരി പോലെ അടിയ്ക്കു തിരിച്ചടിപോലെ. വൊട്ടൊന്ന് മുറി രണ്ടാണ്‌ ഇതിന്റെ സ്വഭാവം. ഒഴുകിവരുന്ന ഈ പ്രതികരണങ്ങളെ പ്രതിരോധിച്ചു നിര്‍ത്താന്‍ ഒരു പത്രാധിപന്റെ പരിച നമുക്കില്ല. ആരും എന്തഭിപ്രായവും കേറി പറഞ്ഞുകളയും. എന്തു ചോദ്യവും ചോദിച്ചുകളയും. തലമുതിര്‍ന്ന എന്ന 'തലക്കനത്തെ' ആരും ഇവിടെ വകവയ്ക്കുന്നില്ല. ഒഴിഞ്ഞു മാറാന്‍ സാധിക്കുന്നതിനു മുന്‍പേ ഈ അഭിപ്രായങ്ങള്‍ നാട്ടുകാര്‍ വായിച്ചുകഴിയും. സത്യത്തില്‍ മീഡയയുടെ ഈ സ്വഭാവവ്യത്യാസത്തില്‍ പകച്ചുപോയിട്ടല്ലേ അവര്‍ ഈ പിന്‍മാറ്റം നടത്തിയിട്ടുള്ളത്‌..? വിമര്‍ശനങ്ങളുടെ തീച്ചൂളയിലൂടെ നടന്നുവന്നിട്ടുള്ളവരാണ്‌ ഞങ്ങള്‍. പീക്കിരിപ്പിളേരുടെ അലമ്പു ചോദ്യങ്ങള്‍ക്കു മുന്നില്‍ ഞങ്ങളുടെ മുട്ടുവിറയ്ക്കില്ല എന്ന് അവര്‍ പറഞ്ഞേക്കാം. ശരിയാണ്‌ ഇതിനേക്കള്‍ വലിയ ഗജപോക്കിരികളെ നേരിട്ടിട്ടുള്ളവരാണ്‌ അവര്‍. പക്ഷേ നമ്മില്‍ പലരും ഉന്നയിച്ച സന്ദേഹങ്ങള്‍ക്കു മുന്നില്‍ ഉന്നയിച്ച ചോദ്യങ്ങള്‍ക്കു മുന്നില്‍ അവര്‍ പ്രത്യേകിച്ച്‌ ബാലചന്ദ്രന്‍ ചുള്ളിക്കാട്‌ പകച്ചുപോയി എന്നതാണ്‌ പരമമായ സത്യം. പലപ്പോഴും അസഹ്‌ഷ്‌ണുത അദ്ദേഹത്തിന്റെ വാക്കുകളില്‍ നിറയുന്നത്‌ നാം കണ്ടു. കോപാവിഷ്‌ടനാവുന്നത്‌ നാം കണ്ടു. അദ്ദേഹത്തിന്‌ വേദികളില്‍ കയറിനിന്ന് ആവശ്യത്തിന്‌ കയര്‍ക്കാം. സ്വന്തം വാദങ്ങള്‍ ഉന്നയിക്കാം വിമര്‍ശിക്കാം. ആരും മറുചോദ്യമെറിയില്ല. (സുകുമാര്‍ അഴിക്കോട്‌ മാഷിന്റെ ഒരു ഭാഗ്യം അദ്ദേഹം ഒരു ബ്ലോഗറെങ്ങാനും ആയിരുന്നിരിക്കണം..!!) ബ്ലോഗില്‍ വന്നുപെട്ട ചുള്ളിക്കാട്‌ ഇത്രകാലം പ്രിന്റ്‌ മീഡിയയും പ്രസംഗവേദികളും അദ്ദേഹത്തോടു കാണിച്ച സഹിഷ്ണുത ഇവിടെയും പ്രതീക്ഷിച്ചു. പക്ഷേ ഫലം വ്യത്യസ്‌തമായിരുന്നു. വേദിയില്‍ വിദ്യ പരാജയപ്പെട്ട്‌ ജാള്യനായിപ്പോയ മാന്ത്രികനെപ്പോലെ അതാ അദ്ദേഹം പിന്‍കര്‍ട്ടന്‍ മാറ്റി ഒളിച്ചോടിയിരിക്കുന്നു.
ഇനി വിശാലനിലേക്കു വരുക. എഴുതിത്തുടങ്ങിയ കാലം മുതല്‍ പ്രതികരണങ്ങളുടെ ലാളനയേറ്റു വളരാന്‍ വിധിയ്ക്കപ്പെട്ടവനാണ്‌ വിശാലന്‍. 'നിങ്ങളുടെ ലേഖനം വിജയകരമായി ജനങ്ങളിലെത്തിച്ചിരിക്കുന്നു' എന്ന് സ്വന്തം മോണിറ്ററില്‍ തെളിയും മുന്‍പേ സ്‌നേഹിതവത്‌സിതരാല്‍ 'തേങ്ങയുടയ്ക്കപ്പെട്ടു' വളര്‍ന്നവന്‍. അടുത്ത ഒരു മണിക്കൂറില്‍ പ്രശംസയുടെ നൂറുലധികം പ്രവാഹങ്ങളില്‍ ഒലിച്ചുപോയിട്ടുള്ളവന്‍. (അപൂര്‍വ്വമായി വിയോജിപ്പികളുടെയും) അടുത്ത ഒരു ദിവസത്തിനകം ആയിരക്കണക്കിനു വായനക്കാര്‍ തന്റെ വാക്കുകളിലൂടെ കടന്നുപോയിട്ടുണ്ട്‌ എന്ന് കൗണ്ടര്‍ നോക്കി ഉറപ്പിച്ചു തൃപ്‌തിയടയാന്‍ സാധ്യതയുണ്ടായിരുന്നവന്‍. അങ്ങനെയൊരാള്‍ നേരത്തെ പറഞ്ഞ പ്രിന്റ്‌ മീഡയയിലേക്ക്‌ തിരിഞ്ഞു കയറിയപ്പോള്‍ ഉണ്ടായ അനുഭവങ്ങളെ എങ്ങനെയാവും നേരിട്ടിരിക്കുക..? അതിന്റെ മന്ദതയും മ്ലാനതയും വിശാലനെ മടിപ്പിച്ചിട്ടുണ്ടാകുമോ..? നമ്മള്‍ ബുലോകരും ചില ടിവി ചാനലുകളും കൊടകരപുരാണത്തെ ഒരു മാഹോത്സവമാക്കാനുള്ള ശ്രമം ഒക്കെ നടത്തിയെങ്കിലും പ്രിന്റ്‌ മീഡിയ അതിന്റെ സ്വാഭാവികമായ തണുപ്പോടെയാണ്‌ അതൊക്കെ സ്വീകരിച്ചതെന്ന് നിങ്ങള്‍ ശ്രദ്ധിച്ചിരിക്കുമല്ലോ. എന്നുതന്നെയല്ല. ഒരു വാരിക അതിനെ അല്‌പം പരിഹാസത്തോടെയാണ്‌ നിരീക്ഷിച്ചതും. അദ്ദേഹത്തിന്റെ പുസ്‌തകത്തിന്റെ നീക്കം ഏതുതരത്തില്‍ ഇഴയുന്നു എന്ന് ഇനിയും അറിയാനിരിക്കുന്നതേയുള്ളു. എത്രയായാലും അതിന്‌ ഒരിക്കലും ബ്ലോഗ്‌ വായനയുടെ ശീഘ്രതയുണ്ടാവില്ലെന്ന് ആര്‍ക്കും ഊഹിക്കാവുന്നതല്ലേയുള്ളൂ. അതുതന്നെയാണ്‌ പ്രതികരണങ്ങളുടെ കാര്യവും. വിമര്‍ശനമാകട്ടെ പ്രശംസയാകട്ടെ (ബ്ലോഗിതര) യാഥാസ്‌ഥിതിക വായനക്കാരില്‍ നിന്നും ലഭിക്കുവാനും അതിന്റേതായസമയം എടുക്കും. അതിനൊക്കെയുള്ള വിശാലന്റെ പ്രതികരണം അറിയാനിരിക്കുന്നതേയുള്ളൂ. പക്ഷേ ഈ സ്വഭാവവ്യതിയാനത്തില്‍ മനംമടുത്ത്‌ അദ്ദേഹം പ്രിന്റ്‌ മീഡിയയില്‍ നിന്ന് പിന്തിരിയരുത്‌ (ചുള്ളിക്കാട്‌ ബ്ലോഗില്‍ നിന്ന് പിന്‍മാറിയതുപോലെ) എന്നുമാത്രമാണ്‌ എനിക്കഭ്യര്‍ത്ഥിക്കാനുള്ളത്‌.
രണ്ട്‌ സംവേദന മാധ്യമങ്ങള്‍ തമ്മിലുള്ള പ്രകടമായ വ്യത്യാസമാണ്‌ നാം ഇവിടെ കാണുന്നത്‌. വായിക്കുന്നത്‌. അതില്‍ ഒരു മാധ്യമത്തില്‍ നിന്നും മറ്റൊരു മാധ്യമത്തില്‍ എത്തിയ രണ്ടുപേരെയാണ്‌ നാം നിരീക്ഷിച്ചത്‌. ബാലചന്ദ്രന്‍ ചുള്ളിക്കാട്‌ പ്രിന്റില്‍ നിന്ന് ബ്ലോഗിലേക്ക്‌ വന്ന ആളാണെങ്കില്‍ വിശാലന്‍ ബ്ലോഗില്‍ നിന്ന് പ്രിന്റിലേക്ക്‌ കയറിപ്പോയ ആളാണ്‌. രണ്ടുപേരും അവരവര്‍ ചെന്നുപെട്ട പുതിയ മീഡയയുടെ സ്വഭാവം മനസ്സിലാക്കി അവിടെ നില്‌ക്കണമെന്നും അതിനുയോജിച്ചവിധത്തില്‍ തങ്ങളുടെ സംവേദനക്ഷമത പുതുക്കണമെന്നും ഈ പോസ്‌റ്റ്‌ നിരീക്ഷിക്കുന്നു.
രണ്ടു വ്യത്യസ്‌ത മീഡിയകളുടെ വ്യത്യസ്‌തതരം ലാളനയേറ്റു വളര്‍ന്നവര്‍ എന്ന നിലയിലാണ്‌ ബാലചന്ദ്രന്‍ ചുള്ളിക്കാടും വിശാലമനസ്‌കനും ഈ പോസ്റ്റിനു വിഷയമാകുന്നത്‌. ഇനി ആ പേരുകള്‍ മറന്നേക്കുക. വിഷയത്തിന്റെ കാമ്പിലേക്കു മാത്രം നോക്കുക. അതിന്റെ ആധികാരിതയില്‍ മാത്രം ചര്‍ച്ചകളാകുക.

30 comments:

കണ്ണൂസ്‌ said...

ബെന്യാ, കാമ്പുള്ള നിരീക്ഷണം.

പ്രതികരണത്തില്‍ മടുപ്പുണ്ടാവേണ്ടതില്ല വിശാലന്‌. പക്ഷേ, നേരത്തെ ഒരു ചര്‍ച്ചയില്‍ പലരും പറഞ്ഞ പോലെ കൊട്ടിഘോഷിക്കപ്പെടുന്ന ഒരു reachability, അച്ചടിമാധ്യമത്തിനുണ്ടോ എന്ന് എനിക്കിപ്പോഴും സംശയം. ഒരു കൊല്ലത്തില്‍ 2000 പ്രതി വിറ്റുപോയാല്‍ വായിക്കുന്നവര്‍ കൂടിവന്നാല്‍ 20000 ആയിരിക്കും. ( ഒരു പ്രതി ശരാശരി പത്ത്‌ വ്യത്യസ്ത ആള്‍ക്കാര്‍ വായിക്കുന്നു എന്ന അനുമാനത്തില്‍). പക്ഷേ വിശാലന്‌ ഈ ഒരു കൊല്ലത്തില്‍ ചുരുങ്ങിയത്‌ 40000 ഹിറ്റ്‌ കിട്ടും ബ്ലോഗില്‍, മാസത്തില്‍ ഒരു പോസ്റ്റ്‌ വെച്ച്‌ ഇട്ടാല്‍ പോലും. (ഇപ്പോ വിശാലന്റെ ഹിറ്റ്‌ കൌണ്ടര്‍ കാണിക്കുന്ന എണ്ണം 211,388).

കളഞ്ഞിട്ടു പോരണം എന്ന് വിശാലന്‌ തോന്നിയാല്‍ കാരണം മടുപ്പ്‌ മാത്രം ആക്കേണ്ടതില്ല എന്ന് പറഞ്ഞു എന്ന് മാത്രം. ബെന്യനെയോ വില്‍സനേയോ അനിലനേയോ പോലെ ഒരു niche വായനാസംഘത്തെ (ആ പ്രയോഗത്തിന്‌ മാപ്പ്‌. പക്ഷേ അതാണ്‌ സത്യം.) വിശാലനോ കുറുമാനോ അഡ്രസ്സ്‌ ചെയ്യാന്‍ പറ്റില്ല. അവര്‍ ലക്ഷ്യം വെക്കുന്നത്‌ സാധാരണക്കാരെയാണ്‌. സാധാരണക്കാര്‍ക്ക്‌ ഇതൊന്നും വാങ്ങി വായിക്കാനുള്ള സമയവുമില്ല. (ഉള്ളവര്‍ ഇന്റര്‍നെറ്റില്‍ വന്ന് വായിച്ചോളും).

വല്യമ്മായി said...

പ്രിന്റഡ് മീഡിയയില്‍ നിന്ന് ബ്ലോഗിലേക്കും തിരിച്ചും വരുന്നവര്‍ക്ക് വഴികാട്ടിയായ നല്ലൊരു ലേഖനം.

Siju | സിജു said...

ബ്ലോഗിന്റെ ഒരു പ്രധാന അഡ്വാന്റേജ് അതിനു കിട്ടുന്ന പ്രതികരണം തന്നെയാണ്. ബ്ലോഗിലേക്ക് വരുന്നവര്‍ക്ക് അതു മനസ്സിലാക്കി സഹിഷ്ണുതയോടെ തുടരാന്‍ കഴിയുകയാണെങ്കില്‍ അവര്‍ക്കിവിടെ വിജയിക്കാന്‍ കഴിയും. മറ്റു ഭാഷകളിലുള്ള ബ്ലോഗുകളിലും ഇതു പോലെ വിജയിച്ചിട്ടുള്ള ധാരാളം പ്രശസ്തരുണ്ട്..

മിടുക്കന്‍ said...

അഹ ഹ...
വല്യ പാടാണല്ലേ..?

മുസ്തഫ|musthapha said...

ബെന്യാമിന്‍
വളരെ നല്ല ലേഖനം.
വിമര്‍ശനങ്ങളും അഭിപ്രായങ്ങളും തുറന്ന് പറഞ്ഞ് എഴുത്തുകാരന്‍റെ നിലവാരം മെച്ചപ്പെടുത്താം എന്ന അഡ്വാന്‍റേജ് ഇവിടെ ശരിക്കും ഉപയോഗപ്പെടുത്തുന്നില്ല (ഞാനടക്കം പലരും)ഇപ്പോഴും.

(സുകുമാര്‍ അഴിക്കോട്‌ മാഷിന്റെ ഒരു ഭാഗ്യം അദ്ദേഹം ഒരു ബ്ലോഗറെങ്ങാനും ആയിരുന്നിരിക്കണം..!!)

:)

asdfasdf asfdasdf said...

വളരെ അര്‍ത്ഥവത്തായ നിരീക്ഷണം. ബ്ലോഗ് മീഡിയത്തില്‍ നിന്നും പ്രിന്റ് മീഡിയത്തിലേക്ക് തിരിച്ചുപോകാതെതന്നെ കഴിവുള്ളവര്‍ക്ക് രണ്ടിടത്തും എഴുതാമല്ലോ. മലയാള ഭാഷയെ പരിപോഷിപ്പിക്കുന്നതിനു ബ്ലോഗിലെ നല്ല കൃതികള്‍ പ്രിന്‍ഡ് ചെയ്യുന്നതില്‍ തെറ്റുണ്ടെന്ന് തോന്നുന്നില്ല. പ്രിന്‍ഡ് മീഡിയത്തിലുള്ളവര്‍ക്ക് ബ്ലോഗെഴുത്ത് മടുക്കുന്നത് അതിന്റെ വിമര്‍ശനസ്വഭാവം തന്നെയാണെന്നാണ് സമീപകാല സംഭവങ്ങള്‍ തെളിയിക്കുന്നത്. എങ്കിലും എഴുത്തുകാര്‍ക്ക് ബ്ലോഗ് ഒരു നല്ല കളരി തന്നെയാണ് , സ്തുതിപാഠകരില്ലെങ്കില്‍.

അതുല്യ said...

എനിക്ക് നിങ്ങളുടെ പോസ്റ്റിനു കൊടുത്ത തലക്കെട്ടിന്റെ ബ്രാക്കറ്റില്‍ കൊടുത്തിട്ടുള്ള പ്രയോഗം ക്ഷ പിടിച്ചു.

Glocalindia said...

ബെന്യാമന്‍, മേതില്‍ എപ്പോഴാണ് ബ്ലോഗ് തുടങ്ങിയത്?

Glocalindia said...

ബാലചന്ദ്രന്‍ പുരാണായീന്നാണോ അതുല്യേച്യേ?

അതുല്യ said...

ഓഫ് അടിയ്കാന്‍ പാടില്ലാന്ന് ഹെഡ് മാസ്റ്റര്‍ പറഞിട്ടുണ്ട്, എനിക്ക് വയ്യ ഗ്ലോകോളേ ഇനീം ബെഞ്ചിമ്മേ കേറാനും ചൂരലടി കൊള്ളാനും, പക്ഷെ പറഞ് വന്നത് ബാലചന്ദ്രന്‍ കൊടകരേയിലു പോയീന്ന് :)

ഏറനാടന്‍ said...

'കൂടുവിട്ടു കൂടുമാറല്‍' എന്നൊരു ജാലവിദ്യ ചെറുപ്പകാലത്ത്‌ കളം പാട്ടുത്സവത്തിലെ കാര്‍ണിവലില്‍ കണ്ടതാണോര്‍മയിലെത്തിയത്‌ ബെന്യാമിന്‍'സ്‌ ലേഖനം വായിച്ചപ്പോള്‍...

'വെയ്‌ രാജാ വെയ്‌ എനിക്കും കിട്ടണം പണം' എന്ന ഭാവേന നെഗളിച്ചു നില്‍ക്കുമാ ജാലവിദ്യക്കാരനും (പ്രസാധകന്‍) പിന്നെ ഒരു തൂണില്‍ നിന്നും മറുതൂണിലേക്ക്‌ ഞൊടിയിടയില്‍ മാറിപോവുന്ന രണ്ട്‌ കളിക്കാരും.. (ചുള്ളിക്കാടും, കൊടകരയും)..

Kaithamullu said...

“-ഉടനടിയാണ്‌ ഇവിടെ പ്രതികരണം. ഉരുളയ്ക്ക്‌ ഉപ്പേരി പോലെ അടിയ്ക്കു തിരിച്ചടിപോലെ.
വൊട്ടൊന്ന് മുറി...“
‌ബേന്യാ, ബൂലോഗത്ത് നടക്കുന്ന കോലാഹലങ്ങളെപ്പറ്റിയല്ലല്ലോ ഈ നിരീക്ഷണം? വെട്ടൊന്ന് മുറി.... എത്രയാന്നാ ഇപ്പോ സംശം!

...” സത്യത്തില്‍ മീഡിയായുടെ ഈ സ്വഭാവവ്യത്യാസത്തില്‍ പകച്ചുപോയിട്ടല്ലേ അവര്‍ ഈ പിന്‍മാറ്റം നടത്തിയിട്ടുള്ളത്‌..?“
സത്യാ അത് ന്റെ സഖറിയാ ശിഷ്യാ!
-നമോവാകം!

കരീം മാഷ്‌ said...

ഞാന്‍ നിരീക്ഷിച്ചു കണ്ടെത്തിയതും ഇതു തന്നെ.
നന്ദിയും
അഭിനന്ദനവും
ബെന്യാമിന്‌.
തുറന്നു പറയാന്‍ കാണിച്ച ആര്‍ജ്ജവത്തിന്ന്‌

തറവാടി said...

ബെന്യാമിന്‍ ,

വളരെ നല്ല നിരീക്ഷണം ,
നല്ല വായനാസുഖമുള്ള എഴുത്ത്‌ :)

Unknown said...

നല്ല നിരീക്ഷണം:)

ബെന്യാമിന്‍ said...

എന്റെ നിരീക്ഷണത്തെ അതേ ഉദ്ദേശ്യശുദ്ധിയോടെ വായിച്ച എല്ലാവര്‍ക്കും നന്ദി.
മേതിലിന്റെ ആയിരുന്നില്ലേ മൂന്നുവര എന്ന ബ്ലോഗ്‌..?

ദേവന്‍ said...

നല്ല ലേഖനം ബെന്യാമിന്‍. സക്കറിയയോട്‌ ബ്ലോഗിനെപ്പറ്റി സംസാരിക്കുമ്പോള്‍ അദ്ദേഹത്തിനു അതിന്റെ സാദ്ധ്യതകളെക്കുറിച്ച്‌ ഒരു ഓറിയന്റേഷന്‍ കൊടുക്കേണ്ടി വരും എന്നു കരുതിയിരുന്നു. അദ്ദേഹതിനതു നന്നായി അറിയാമെന്നു മാത്രമല്ല, വരമൊഴിയും മാധുരിയുമൊക്കെ ഉപയോഗിച്ചു ശീലവുമുണ്ട്‌, താന്‍ ഒരു ബ്ലോഗ്‌ എഴുതിയാല്‍ അതില്‍ എന്തു വേണം -അതായത്‌ അദ്ദേഹത്തിന്റെ പ്രിന്റ്‌ എഴുത്തില്‍ വരാതെ ബ്ലോഗെഴുത്തില്‍ ഇടാന്‍ പോകുന്ന വിഷയങ്ങള്‍ എന്താണ്‌ എന്നൊക്കെ ഇങ്ങോട്ടു പറഞ്ഞുതന്നു!

സെലിബ്രിറ്റി എഴുത്തുകാര്‍ ബ്ലോഗ്‌ എഴുതാത്തതില്‍ ഒരു പങ്കു വരെ അതിന്റെ സാദ്ധ്യതകളെയും സാങ്കേതികകാര്യങ്ങളെയും അറിയാഞ്ഞിട്ടാണെന്ന് ധാരണ അതോടെ മാറി.

പിന്നെ എന്തുകൊണ്ട്‌ അവര്‍ വരുന്നില്ല, ചിലര്‍ വന്നു രണ്ടു വരി കുറിച്ചു ഉപേക്ഷിക്കുന്നു എന്നാലോചിക്കുമ്പോള്‍ ആദ്യമോടിയെത്തുന്നത്‌ ബെന്യാമിന്‍ പറഞ്ഞതുപോലെ എഴുതുന്നത്‌ സ്ഥാപിച്ചെടുക്കാന്‍ ബ്ലോഗറിനുള്ള ബാദ്ധ്യതയാണ്‌. ഇത്തവണത്തെ ഭാഷാപോഷിണിയില്‍ സക്കറിയ എഴുതിയിരുന്ന ലേഖനം ഒരു ബ്ലോഗ്‌ പോസ്റ്റ്‌ ആയി വന്നെങ്കില്‍ അദ്ദേഹത്തിനതു സ്ഥാപിച്ചെടുക്കാന്‍ കുറഞ്ഞത്‌ അമ്പതു കമന്റുകളില്‍ വാഗ്വാദമെന്നു പറയാവുന്ന രീതിയില്‍ ചര്‍ച്ച നടത്തേണ്ടി വരുമെന്നു മാത്രമല്ല, ലേഖനത്തിന്റെ പൊട്ടന്‍ഷ്യല്‍ തീരുമ്പോഴേക്ക്‌ അത്‌ സക്കറിയയും കമന്റര്‍മാരും ചേര്‍ന്നെഴുതിയ പോസ്റ്റ്‌ എന്ന രീതിയിലേക്ക്‌ മാറുകയും
ചെയ്യും.

മറ്റൊരാംഗിള്‍ കൈപ്പള്ളി കാണുന്നത്‌ ഇങ്ങനെ " എന്റെ വല്യുപ്പയുടെ കാലത്ത്‌ ആളുകള്‍ ഷേവ്‌ ചെയ്യണമെങ്കില്‍ ബാര്‍ബര്‍ വരണമായിരുന്നു. ബാപ്പയുടെ കാലത്ത്‌ ഒരു ഫാമിലി ഫോട്ടോ എടുക്കണമെങ്കില്‍ സ്റ്റുഡിയോ വരെ പോകണമായിരുന്നു. എന്റെ കാലത്ത്‌ ഈ രണ്ടു പ്രൊഫഷനും വലിയ പ്രസക്തിയില്ല, എന്റെ താടി ഞാന്‍ ഷേവ്‌ ചെയ്യും എന്റെ ഫാമിലി ഫോട്ടോ ഞാനെടുക്കും, അല്ലെങ്കില്‍ വഴിയേ നടന്നു പോകുന്ന ആരോടും ക്യാമറ നീട്ടി "അണ്ണാ, ഒരു ഫോട്ടം പിടിച്ചു തെരാവോ? " എന്നു ചോദിച്ചാല്‍ അവര്‍ ചെയ്യും! പ്രൊഫഷണല്‍ എഴുത്ത്‌ എന്ന കാലത്തില്‍ നിന്നും "കവനത്തിനു കാശു വേണം പോല്‍ ശിവനേ സാഹിതി തേവിടിശ്ശിയെന്നോ." എന്നു പാടിയ സാഹിതീദാസന്മാരുടെ നൂറ്റാണ്ടിലേക്ക്‌ തിരിച്ചു നടന്നവരാണ്‌ ബ്ലോഗര്‍മാര്‍. പ്രൊഫഷണലിനും അവരുടെയിടയില്‍ സാധരണക്കാരനായി നില്‍ക്കേണ്ടി വരും.

മറ്റൊന്ന് പ്രിന്റ്‌ മീഡിയയില്‍ എഴുത്തുകാരന്‍ നില്‍ക്കുന്ന തലത്തില്‍ നിന്നും താഴെയാണ്‌ വായനക്കാരന്‍ എന്നതാണ്‌. ബ്ലോഗിലതു ഉള്‍ട്ടാ. ആയിരം വായനക്കാരന്റെ കളക്റ്റീവ്‌ പോസ്റ്റിട്ടയാളിനെക്കാള്‍ ഉദ്ധൃതമായൊരു തലത്തില്‍ ഇട്ട വട്ടമേശക്കു ചുറ്റുമിരുന്നാണ്‌ പോസ്റ്റിനെ വിലയിരുത്തുന്നത്‌.

രണ്ടു ദിവസം മുന്നേ ബ്ലോഗര്‍ സിദ്ധാര്‍ത്ഥന്‍ പറഞ്ഞത്‌ "മലയാളവേദിയില്‍ ആരും ആരുമായിരുന്നില്ല, ആരുമല്ലായ്മയാണു നമ്മളെ എഴുത്തുകാരാക്കിയത്‌. എഴുതി ആരെങ്കിലുമാകാം എന്നു
കരുതാതെ, ആരുമല്ലാതെ എഴുതി, ആരെങ്കിലും ആകാന്‍ വേണ്ടി അല്ലാതെ എഴുതി, അതായത്‌ എഴുത്തിനു വേണ്ടി മാത്രം എഴുത്ത്‌, എഴുത്തുകാരനുവേണ്ടിപ്പോലും അല്ലാതെ. എത്ര ശക്തമായ എഴുത്തായിരുന്നു അത്‌" .വിഷയം മുഖ്യധാരയുമായി ബന്ധമില്ലാത്ത ഒന്നായിരുന്നെങ്കിലും അപ്പറഞ്ഞ സാഹചര്യം- അഞ്ചു വയസ്സുകാരനും അമ്പതു വയസ്സുകാരനും വാഗ്മിയും എഴുതിത്തെളിഞ്ഞവനും എഴുത്ത്‌ ആദ്യമായി പഠിച്ചവനും എല്ലാവരെയും ഒരു ബെഞ്ചില്‍ ഇരുത്തി വിലയിടുന്നത്‌ പ്രിന്റ്‌ മീഡിയയില്‍ ആരോ ആയി എഴുതി എന്തോ ആയി തീര്‍ന്നവര്‍ക്ക്‌ അംഗീകാരക്കുറവു പോലെ അനുഭവപ്പെടുമെന്ന് ബെന്യാമിന്‍ നിരീക്ഷിച്ചത്‌ എത്ര ശരി.

(ഓഫ്‌ ഇല്ലാതെ കമന്റ്‌ എഴുതരുതെന്ന് എനിക്ക്‌ നിര്‍ദ്ദേശം കിട്ടിയിട്ടുണ്ട്‌. മാപ്പ്‌ ബെന്യാമിന്‍)
പണ്ടെന്നോ റീഡേര്‍സ്‌ ഡൈജസ്റ്റില്‍ ഒരു പ്രിന്‍സസിന്റെ കുറിപ്പില്‍ വായിച്ചത്‌. സ്വീഡനില്‍ വലിയവന്‍ ചെറിയവന്‍ എന്നൊക്കെ പറഞ്ഞാല്‍ ആരും അംഗീകരിക്കില്ലാത്രേ. രാജകുമാരി സ്വീഡനില്‍ തെണ്ടി നടക്കുന്ന സമയത്ത്‌ പല്ലു വേദന സഹിക്കാന്‍ വയ്യാതെ ഡെന്റല്‍ ക്ലിനിക്കില്‍ അമ്പാരിയും ആലവട്ടവുമൊക്കെയായി കേറി ചെന്നു.

"ഞാന്‍---- . ഡോക്റ്ററെ കാണണം."
"ആ കസേരയില്‍ കാത്തിരിക്കൂ"
രു ബഹുമാനമില്ലാതെ... കാത്തിരിക്കാരന്‍ - വന്നല്ലോ കുമാരിക്കു ദേഷ്യം
"ഞാന്‍... രാജ്യത്തെ ... രാജകുമാരിയാണ്‌!"
"
"അതെയോ? എന്നാല്‍ മൂന്നു കസേര പിടിച്ചിട്ട്‌
അതിന്റെ മുകളില്‍ കയറി കാത്തിരിക്കൂ..."

അക്ഷരക്കൊട്ടാരങ്ങളിലേക്ക്‌ എഴുന്നെള്ളത്തും ആചാരവെടിയുമില്ലാതെ, സ്വാഗതവും ക്ഷണപ്പത്രവുമില്ലാതെ ഓടിക്കേറുന്ന, എഴുത്തുരാജാവും എഴുത്തു പ്രഭുവും എഴുത്തു മാടമ്പിയുമൊന്നുമല്ലാത്ത സാധാരണക്കാര്‍ ഞങ്ങള്‍. കൂടെ കൂടുന്നോ തമ്പുരാക്കളേ കൊട്ടാരവും കിരീടവും ഉടവാളും ഉപേക്ഷിച്ച്‌?

[നട്ടുച്ചക്കൊരു പന്തവുമായി നില്‍പ്പൂ കബീര്‍ പെരുവഴിയില്‍. സ്വന്തം വീടിനു തീകൊളുത്തിയവരുണ്ടെങ്കില്‍ വരൂ എന്നോടൊപ്പം (കോമഡി ട്രാന്‍സ്ലേഷന്‍, സ്മൈലി സ്മൈലി)]

Dinkan-ഡിങ്കന്‍ said...

ബെന്ന്യാമില്‍ ചേട്ടാ നല്ല നിരീക്ഷണം.
ബ്ലോഗ് എന്നത് ഡ്യൂപ്ലക്സ് ആണ്. അതായത് അങ്ങോട്ടും ഇങ്ങോട്ടും. സ്വന്തം തൂലിക/ജിഹ്വാ വെറും ബ്രൊഡ്കാസ്റ്റിങ്ങ് കേന്ദ്രങ്ങള്‍ മാത്രം ആക്കുന്നവര്‍ക്ക് മറുവശത്ത് നിന്നുള്ളതൊന്നും സ്വീകരിക്കന്‍ പറ്റില്ല. കര്‍ണ്ണങ്ങള്‍ ഏകദിശാസഞ്ചാരദ്വാരം (ന്റമ്മോ വാല്‍‌വ്.. വാല്‍‌വ്) ആക്കി വെയ്ക്കുന്നവര്‍ക്ക് സംവാദം ഇഷ്ടമാകില്ല. ബ്ലോഗ് ഒരേ സമയം ഫാസ്റ്റ്/ഹെറ്ററൊജെനസ്/ബൈ-ഡയറക്ഷണല്‍(ഡ്യൂപ്ലക്സ്) ആണെന്നാണ് എന്റെ കൊച്ച് നിരീക്ഷണം.

ഓഫ്.റ്റോ
ദേവണ്ണാ അപ്പോള്‍ ഒഫ് നിര്‍ത്തിന്നൊക്കെ ജുമ്മാ പ്യാടിപ്പിക്കാന്‍ പറഞ്ഞതാല്ലേ, കൊച്ചുകള്ളന്‍.

kichu / കിച്ചു said...

ബെന്യാമിന്‍...

അടുത്തിടെ മാത്രം ബ്ലോഗിലെത്തപ്പെട്ട ഒരു പാവം വഴിപോക്കയാണു ഞാന്‍...
“കൊടകര ചരിതം” ഒരു നിമിത്തമായി എന്നു പറയുന്നതില്‍ സന്തൊഷമേ ഉള്ളൂ.
ചിലപ്പൊഴൊക്കെ ഒരു കമെന്റ് ഇടാറുണ്ട്.
പലപ്പൊഴും ഇവിടത്തെ വഴക്കും വക്കാണവും കണ്ട് പകച്ചു നിന്നിട്ടുണ്ട്. മുഖപടം നീക്കി പുറത്തു വരാന്‍ മടിയായിട്ടില്ല. “സമയമായില്ല പോലും“
എന്നോ, വേണമോ എന്നോ ഒരു ശങ്ക.ഈ ബൂലോഗം പലര്‍ക്കും പലതാണ്. ചിലര്‍ക്ക് കളിയിടം,മറ്റുചിലര്‍ക്ക് രണാങ്കണം, ഇനി വേരെ ചിലര്‍ക്കു സാന്ത്വനം... എന്നിങനെ എല്ല്ലാവര്‍ക്കുമായി എന്തെങ്കിലുമുണ്ടിവിടെ.
നമ്മള്‍ കാണുന്നതെങിനെ എടുക്കുന്നതെങിനെ എന്നതിലാണ് അനുഭവത്തിന്റെ ശക്തി എന്നാണ് എന്റെ ഒരു വിലയിരുത്തല്‍. അഭിപ്രായവ്യത്യാസമുള്ളവരുണ്ടാവം ( ക്ഷമി)
താങ്കളുടെ ലേഖനം വലരെ‍ വളരെ നന്നായി.

ആശംസകള്‍!!!!!!!!

വിന്‍സ് said...

Sukumar Azhikkodu blogil ethiyal angeer eppol vaangichu enthoorum koottum ennu maathram nookkiyal mathi.

പരാജിതന്‍ said...

ബെന്യാമിന്‍, ചര്‍ച്ച ചെയ്യപ്പെടേണ്ട സംഗതി തന്നെ. ചില വിയോജിപ്പുകള്‍ ഇവിടെ വയ്ക്കുന്നു.

1. അച്ചടി മാധ്യമങ്ങളില്‍ വരുന്ന എഴുത്തിനോടുള്ള പ്രതികരണങ്ങളെപ്പറ്റിയുള്ള ബെന്യാമിന്റെ നിരീക്ഷണങ്ങള്‍ അതിശയോക്തി കലര്‍ന്നതാണ്‌. ഔട്‌ലുക്‌ മാഗസിനിലും മറ്റും അരുന്ധതി റോയിയെപ്പോലെയുള്ള പ്രഗല്‌ഭരെഴുതുന്ന ലേഖനങ്ങള്‍ക്കു പോലും അടുത്ത ലക്കത്തില്‍ തന്നെ നഖശിഖാന്തം എതിര്‍ത്തുകൊണ്ടുള്ള കത്തുകള്‍ പതിവായി പ്രസിദ്ധീകരിക്കാറുണ്ടല്ലോ. വായനക്കാരുടെ കത്തുകള്‍ ഭൂരിഭാഗം വായനക്കാരും നോക്കാറുണ്ടെന്നതുകൊണ്ടു തന്നെ ഇത്തരം പ്രതികരണങ്ങള്‍ ശ്രദ്ധ പിടിച്ചുപറ്റാറുണ്ട്‌ താനും. രസകരമായ ഒരു സംഗതി ശ്രദ്ധയില്‍ പെട്ടിട്ടുള്ളതിതാണ്‌: പലപ്പോഴും കത്തുകളില്‍ പ്രകടിപ്പിച്ചിരിക്കുന്ന എതിര്‍പ്പിനുള്ള സ്പഷ്ടമായ മറുപടി അതേ ലേഖനത്തില്‍ തന്നെയടങ്ങിയിരിക്കും. ബ്ലോഗിലും ഇത്‌ സംഭവിക്കാറുണ്ട്‌. ഒരു പോസ്റ്റില്‍ സ്പഷ്ടമായി വെളിവാക്കപ്പെട്ടിരിക്കുന്ന ഒരു സംഗതിയെക്കുറിച്ചു തന്നെയാവും മറ്റൊരു ബ്ലോഗര്‍ സംശയമുന്നയിക്കുകയോ എതിര്‍പ്പ്‌ പ്രകടിപ്പിക്കുകയോ ഒക്കെ ചെയ്യുന്നത്‌. ബ്ലോഗില്‍ പോസ്റ്റിട്ടയാള്‍ക്ക്‌ പെട്ടെന്നു തന്നെ മറുപടി നല്‌കാനാകുമെന്നതു നേര്‌. എന്നാല്‍ അങ്ങനെ ചെയ്യാന്‍ മിനക്കെടാത്ത ബ്ലോഗര്‍മാരും കണ്ടേക്കാം. എങ്കിലും ആത്യന്തികമായി പോസ്റ്റും കമന്റും വായിക്കുന്ന മറ്റു വായനക്കാരുടെ വിവേചനബുദ്ധിയനുസരിച്ചായിരിക്കും അവര്‍ കാര്യങ്ങള്‍ ഗ്രഹിക്കുന്നതെന്നതിനാല്‍ കമന്റുകള്‍ക്കുള്ള പ്രാധാന്യം തികച്ചും ആപേക്ഷികമാണ്‌, ചില സന്ദര്‍ഭങ്ങളിലൊഴികെ. ഉദാഹരണത്തിന്‌, ബ്ലോഗിലെ സാഹിത്യരചനകളെപ്പറ്റി കമന്റിടുന്നവര്‍ എന്തു പറഞ്ഞിരിക്കുന്നുവെന്നത്‌ ഞാന്‍ (എന്ന വായനക്കാരന്‍) പൊതുവേ ശ്രദ്ധിക്കാറില്ല. എന്റെ സെന്‍സിബിലിറ്റിയ്ക്ക്‌ നിരക്കുന്ന രീതിയിലാണ്‌ ഞാന്‍ അവയെ വായിച്ചെടുക്കാറ്‌. അതുപോലെ തന്നെ ഒരു സവിശേഷരാഷ്ട്രീയവീക്ഷണം വിദഗ്ദമായി അവതരിപ്പിച്ചിരിക്കുന്ന ഒരു ലേഖനം വായിക്കുന്നയാള്‍ തന്റെ വീക്ഷണത്തോട്‌ ചേര്‍ന്നുപോകുന്ന ഒന്നാണ്‌ അതിലുള്ളതെന്നു കണ്ടെത്തിയാല്‍, ലേഖനത്തിലെ വാദത്തെ എതിര്‍ക്കുന്ന തരത്തിലുള്ള ഒരു കമന്റിന്‌ പൊതുവേ പ്രാധാന്യം കൊടുക്കാറില്ല. പ്രിന്റ്‌ മീഡിയയുടെ വായനക്കാരും (നമ്മളെല്ലാവരുമടക്കം) ഏതാണ്ടിത്തരത്തില്‍ തന്നെയാണല്ലോ വായനയെ സമീപിക്കുന്നത്‌.

വേറൊന്ന്: ബ്ലോഗില്‍ 'കഴമ്പുള്ള' ഒരു പോസ്റ്റിനു വരുന്ന പത്തുനാല്‌പത്‌ കമന്റുകളില്‍ 100 % പ്രസക്തിയുള്ളവ മൂന്നോ നാലോ മാത്രമേയുണ്ടാകാറുള്ളൂ. ബാക്കിയെല്ലാം തന്നെ കേവലം ആശംസകളോ (ഈ മാധ്യമത്തില്‍ ആശംസകള്‍ക്ക്‌ പ്രാധാന്യമുണ്ടന്നത്‌ വിസ്മരിക്കുന്നില്ല.) 'മിസ്‌റീഡിംഗി'ന്റെ ഫലമായുള്ള പ്രതികരണങ്ങളോ ആവാറാണ്‌ പതിവ്‌. അങ്ങനെ നോക്കിയാല്‍ കാലികപ്രസക്തിയുള്ള രചനകള്‍ക്ക്‌ കാമ്പുള്ള മൂന്നോ നാലോ പ്രതികരണങ്ങളെങ്കിലും ആനുകാലികങ്ങളില്‍ പ്രസിദ്ധീകരിച്ചു കാണാറുണ്ടല്ലോ. അത്‌ എഴുത്തുകാരനെ എങ്ങനെ സ്വാധീനിച്ചുവെന്നറിയാന്‍ സമാനമായ വിഷയത്തെ അധികരിച്ച്‌ അദ്ദേഹത്തിന്റെ അടുത്ത രചനയ്ക്കായി കാത്തിരിക്കുകയേ വഴിയുള്ളുവെന്നത്‌ സത്യം. (വളരെ വ്യക്തമായ തിരുത്തുകളും മറ്റും എഴുത്തുകാര്‍ തന്നെ ഒരു മറുകുറിപ്പിലൂടെ അംഗീകരിക്കാറുമുണ്ട്‌.)

2. ബാലചന്ദ്രന്റെ ബ്ലോഗില്‍ കമന്റ്‌ മോഡറേറ്റ്‌ ചെയ്തിരുന്നു. ഇത്‌ ആനുകാലികങ്ങളില്‍ വരുന്ന കത്തുകള്‍ പത്രാധിപന്മാര്‍ നിയന്ത്രിക്കുന്നതു പോലെ തന്നെ. കൊള്ളാവുന്ന പത്രാധിപന്മാര്‍ എഴുത്തുകാരന്‌ ഇഷ്ടപ്പെടുന്ന കത്തുകള്‍ മാത്രമേ പ്രസിദ്ധീകരിക്കൂ എന്ന് വിചാരിക്കുന്നത്‌ അസംബന്ധമാണെന്ന പോലെയാണ്‌ കമന്റ്‌ മോഡറേറ്റ്‌ ചെയ്യുന്നയാള്‍ തനിക്ക്‌ അനുകൂലമായ കമന്റുകള്‍ മാത്രമേ പ്രസിദ്ധീകരിക്കുകയുള്ളുവെന്നു കരുതുന്നതും. ഉദാഹരണത്തിന്‌, ബാലചന്ദ്രന്‍ തന്നെ അദ്ദേഹത്തിന്റെ വാദങ്ങളോട്‌ സ്പഷ്ടമായി വിയോജിക്കുന്ന ചില കമന്റുകള്‍ (അംബിയുടേതും ഇതെഴുതുന്നയാളിന്റെയുമടക്കം) തന്റെ ബ്ലോഗില്‍ പ്രസിദ്ധീകരിച്ചിരുന്നു. ബ്ലോഗര്‍മാരുടെ എണ്ണം ക്രമാതീതമായി കൂടുമ്പോള്‍ കമന്റ്‌ മോഡറേറ്റ്‌ ചെയ്യുന്നവരുടെ എണ്ണവും കൂടാന്‍ സാധ്യതയുണ്ട്‌. അതായത്‌, പ്രിന്റ്‌ മീഡിയയുടെ ചില സവിശേഷതകള്‍ ഈ മാധ്യമത്തിലും പ്രതിഫലിച്ചേക്കാം.

3. പ്രസംഗവേദികളിലും മറ്റും എഴുത്തുകാര്‍ക്കും മറ്റു സാംസ്കാരികപ്രവര്‍ത്തകര്‍ക്കും 'പ്രസംഗിച്ചാല്‍ മാത്രം മതി'യെങ്കിലും സംവാദത്തിന്‌ സാധ്യതയുള്ള പല വേദികളിലും അവര്‍ക്ക്‌ ചോദ്യങ്ങളെയും എതിര്‍പ്പുകളെയും നേരിടേണ്ടി വരാറുണ്ടല്ലോ. (ഫിലിം ഫെസ്റ്റിവലുകളോടനുബന്ധിച്ചു നടക്കുന്ന സംവാദങ്ങള്‍ ഉദാഹരണം.) അമ്മാതിരി അവസരങ്ങളില്‍ ബ്ലോഗെഴുതുന്നയാള്‍ക്ക്‌ കമന്റിന്‌ മറുപടിയെഴുതാന്‍ കിട്ടുന്ന സാവകാശം പോലും വേദിയിലിരിക്കുന്നയാള്‍ക്ക്‌ കിട്ടില്ലെന്നത്‌ പ്രത്യേകം പറയേണ്ടല്ലോ. അത്തരം അനുഭവസമ്പത്ത്‌ ധാരാളമുള്ള എഴുത്തുകാര്‍ (വിശേഷിച്ചും സക്കറിയയെയും ബാലചന്ദ്രനെയും പോലെയുള്ളവര്‍) ബ്ലോഗര്‍മാരുടെ കമന്റുകള്‍ കണ്ട്‌ പരിഭ്രമിച്ച്‌ ഓടിപ്പോകുമെന്നു കരുതാന്‍ വയ്യ. മറിച്ച്‌ കൂടുതല്‍ സമയം ചിലവഴിക്കേണ്ടി വരുമെന്നത്‌ അവരെ പിന്തിരിപ്പിക്കാനുള്ള സാധ്യത ഏറെയാണ്‌ താനും. "അയ്യായിരം രൂപയെങ്കിലും കിട്ടിയില്ലെങ്കില്‍ കഥയെഴുതിയിട്ടു കാര്യമില്ല, ഒരു മാസത്തെ അദ്ധ്വാനം വേണം കൊള്ളാവുന്ന ഒരെണ്ണമെഴുതുവാന്‍." എന്ന രീതിയില്‍ എം.പി. നാരായണപിള്ള എഴുതിയിട്ടുണ്ട്‌. പുതിയൊരു മാധ്യമത്തോട്‌ എത്രകണ്ട്‌ താല്‌പര്യം ജനിച്ചാലും ധനലാഭമില്ലാതെ ബ്ലോഗിങ്ങ്‌ ഡിമാന്റ്‌ ചെയ്യുന്ന തരം അദ്ധ്വാനവുമായി പൊരുത്തപ്പെടാന്‍ ഒരു പ്രൊഫഷനല്‍ എഴുത്തുകാരന്‌ ശരിക്കും പ്രയാസമുണ്ടാകും. ഭാവിയില്‍ ഇത്‌ മാറിക്കൂടെന്നില്ല. എങ്കിലും ഇപ്പോഴത്തെ നിലയില്‍, ബ്ലോഗുന്നവരില്‍ ഭൂരിപക്ഷത്തിനുമുള്ള ആവേശവും 'പാഷനും' ക്ഷമയുമൊക്കെ എസ്റ്റാബ്ലിഷ്ഡ്‌ റൈറ്റേഴ്സില്‍ നിന്നു പ്രതീക്ഷിക്കുക വയ്യ.

Unknown said...

ബ്ലോഗ് നിര്‍ത്തിപ്പോയതിന്റെ കാരണം ബാലചന്ദ്രന്‍ എവിടെയെങ്കിലും എഴുതിയതായി കണ്ടില്ല. ലേഖകന്‍ ബാലചന്ദ്രനോട് വിവരങ്ങള്‍ നേരിട്ട് ചോദിച്ചറിഞ്ഞതായും സൂചനയില്ല. ആ നിലയ്ക്ക് ഈ വിധത്തിലുള്ള ഊഹാപോഹങ്ങള്‍ "ഇതാണു പരമമായ സത്യം" എന്ന മട്ടില്‍ കുറിച്ചിടുന്നത് ശരിയാണോ?

ബാലചന്ദ്രന്‍ ബ്ലോഗേഴ്സിനുമുന്നില്‍ പരാജയപ്പെട്ട് ഒളിച്ചോടിയെന്നൊക്കെ പറയുന്നതിനോട് യോജിക്കാന്‍ ബുദ്ധിമുട്ടുണ്ട്!

പുതിയൊരു മാധ്യമത്തോട്‌ എത്രകണ്ട്‌ താല്‌പര്യം ജനിച്ചാലും ധനലാഭമില്ലാതെ ബ്ലോഗിങ്ങ്‌ ഡിമാന്റ്‌ ചെയ്യുന്ന തരം അദ്ധ്വാനവുമായി പൊരുത്തപ്പെടാന്‍ ഒരു പ്രൊഫഷനല്‍ എഴുത്തുകാരന്‌ ശരിക്കും പ്രയാസമുണ്ടാകും.

പരാജിതന്‍ ഈ പറഞ്ഞതിനോട് യോജിക്കുന്നു.

ദേവന്‍ said...

മൊഴിയേ,
ചുള്ളിക്കാടിന്റെ ബ്ലോഗ് അപ്രത്യക്ഷമായപ്പോള്‍ സിബു ഫോണ്‍ ചെയ്ത് കാര്യം ആരാഞ്ഞിരുന്നു. ബ്ലോഗ് വളരെയേറെ സമയവും എഫര്‍ട്ടും വേണ്ടിവരുന്നെന്ന് തോന്നിയപ്പോള്‍ ഇട്ടെറിഞ്ഞു പോയി എന്നാണു മറുപടി പറഞ്ഞതത്രേ (സിബു ഇതിട്ട കമന്റ് ലിങ്കാന്‍ നോക്കിയിട്ട് കാണുന്നില്ല. ഏതു ബ്ലോഗാണെന്ന് മറന്നു).

(ഇതിനെ വേണമെങ്കില്‍ അദ്ധ്വാനം മാത്രം, കൂലിയില്ല, അതുകൊണ്ട് താല്പ്പര്യമില്ല എന്നും വായിക്കാം, കുരിശ്ശെഴുത്തും കുരിശു വായനക്കാരുമാണല്ലോ ഇവിടെ ഇതിലും ഭേദം പ്രിന്റാണെന്നും വായിക്കാം.)

വിചാരം said...

ബെന്യാമിന്‍.. വളരെ നല്ല നിരീക്ഷണം.

ബ്ലോഗ് എന്നാലൊരു നാടകം പോലെയാണ് (നാടകത്തിന കാണികളുടെ പ്രതികരണങ്ങള്‍ ലൈവായി ലഭിക്കുന്നതു പോലെ ), പ്രിന്റ് എന്നത് ഒരു സിനിമ പോലെയും.ഒത്തിരി സാധ്യതകളുള്ള വലിയൊരു മേഖലയാണ് ബ്ലോഗ്, ചിലര്‍ക്കത് വളരെ നിസ്സാരമായി തോന്നാം, എന്നാല്‍ മറ്റു ചിലര്‍ക്കത് വളരെ സീരിയസ്സായ പ്രവര്‍ത്തിയാണ്,ഇന്ന് മലയാള ബ്ലോഗുകളില്‍ എഴുതുന്നവരിലധികവും പ്രവാസികളാണ്.ഇതവര്‍ക്കൊത്തിരി ആശ്വാസം നല്‍കുന്നുമുണ്ട്, തന്റെ ക്രിയാത്മകമായ സര്‍ഗ്ഗ രചനകള്‍ പ്രകടിപ്പിക്കാനൊരിടം ബ്ലോഗാണന്ന തിരിച്ചറിവ്, പ്രവാസികളുടെ ബ്ലോഗിലെ സജീവത കാണിക്കുന്നത് അതാണ്.
1980 ന് ശേഷമാണ് ടെലിവിഷന്‍ മാധ്യമം ഇന്ത്യയില്‍ വന്നു തുടങ്ങിയത്, ഈ വരവ് ഒരമ്പതു കൊല്ലം മുന്‍പായിരുന്നെങ്കില്‍ യേശുദാസ് എന്ന പടുവൃഷത്തെ പോലെ അനേകം വൃഷങ്ങളെ നമ്മുക്ക് ലഭിക്കുമായിരുന്നു. അതുപോലെ 25 വര്‍ഷം മുന്‍പെങ്കിലും ബ്ലോഗുകള്‍ വന്നിരുന്നെങ്കില്‍, നമ്മുക്കൊത്തിരി കൊടകര പുരാണങ്ങള്‍ ലഭിക്കുമായിരുന്നു അനേകം എഴുത്തുക്കാരേയും.
ബാലചന്ദ്രന്‍ ചുള്ളിക്കാട്, ബ്ലോഗര്‍മാരുടെ വിമര്‍ശനങ്ങള്‍ കൊണ്ടു മാത്രമാണോ മടങ്ങി പോയത്, അദ്ദേഹം വലിയ വ്യക്തിഹത്യ നടത്തിയതിനെ ചോദ്യം ചെയ്തിരിക്കണം നമ്മുടെ പ്രിയ ബ്ലോഗേര്‍സ്സ്. ഒത്തിരി മരിച്ചതും ജീവിച്ചിരിക്കുന്നതുമായ പ്രശസ്തരുടെ കൂടെ മദ്യപിച്ചിരുന്നു, എന്നല്ലാം തുറന്നു പറഞ്ഞാല്‍ തികച്ചും അത് വ്യക്തിഹത്യ തന്നെയാണ്.വലിയവനാണന്ന് കരുതി എന്തും പറയാമെന്നും, അതല്ലാം പ്രസംഗ പീഢത്തില്‍ നിന്നു പറഞ്ഞൊഴിയുന്നത് പോലെയാണന്ന്, കരുതുകയും ചെയ്തത് വലിയ വങ്കത്തരമായി പോയി. കമന്റ് പിടിച്ചു വെച്ചതിനാല്‍, ആരെല്ലാം എന്തല്ലാം പറഞ്ഞുവെന്നത് ബാലചന്ദ്രന്‍ ചുള്ളിക്കാടിന് മാത്രമേ അറിയൂ.
പ്രിന്റില്‍ നിന്നു വന്നൊരു കവി ഇപ്പോഴും നമ്മുക്കിടയിലുണ്ട്, എന്നാലദ്ദേഹം ബാലചന്ദ്രനെ പോലെ അത്ര പ്രസിദ്ധനല്ലായിരിക്കാം പി.പി.രാമചന്ദ്രന്‍ മാഷ്

നമ്മുക്കിടയില്‍ തന്നെ ഒത്തിരി കഴിവുള്ള എഴുത്തുക്കാരുണ്ട്, എന്നാലിവരും വിവാദങ്ങളില്‍ കുടുങ്ങി തന്റെ സര്‍ഗാത്മകതയെ സ്വയം ഇല്ലാതാക്കുന്നു, (പെരിങ്ങോടര്‍ ഉദാഹരണം). ചില അവസരങ്ങളില്‍ ഏതെങ്കിലുമൊരു ചട്നി പോസ്റ്റുകളിലോ, ഞരമ്പു പോസ്റ്റുകളുകടേയോ കമന്റു പ്രവാഹത്തില്‍ നല്ല എഴുത്തുകള്‍ ശ്രദ്ധിക്കാതെ പോകുന്നു എന്നത് പിന്മൊഴി വക്താക്കള്‍ ശ്രദ്ധിക്കണം, അങ്ങനെ കമന്റുകള്‍ അനാവശ്യമായി പിന്‍‌മൊഴികളില്‍ വരുന്നത് ആ പോസ്റ്റിന്റെ പ്രസക്തി തീരുന്നത് വരെ തല്‍ക്കാലം ബ്ലോഗ്ഗ് ചെയ്താല്‍, ഇന്നീ പിന്മൊഴികളെ കുറിച്ചുള്ള അനാവശ്യ വാഗ്വേദങ്ങള്‍ ഒഴിവാക്കാം. ( പിന്മൊഴികള്‍ അശുദ്ധമാക്കുന്നതില്‍ ഞാനും ഒരു പങ്കു വഹിച്ചിട്ടുണ്ട് മേലില്‍ അതാവര്‍ത്തിക്കാതിരിക്കാന്‍ ഞാന്‍ ശ്രദ്ധാലുവുമാണ്).

ബെന്യാമിന്‍ പറഞ്ഞതു പോലെ, പ്രിന്റില്‍ നിന്ന് ബ്ലോഗില്‍ വരുന്നവരും, ബ്ലോഗില്‍ നിന്ന് പ്രിന്റിലേക്ക് പോകുന്നവരും രണ്ടിന്റേയും വ്യത്യസ്ഥമായ കാഴ്ച്ചപ്പാടുകള്‍ ഉള്‍കൊള്ളാന്‍ ശ്രമിക്കണം.
താങ്കളുടെ ലേഖനത്തിന നന്ദി.

Haree said...

നല്ല നിരീക്ഷണങ്ങള്‍...
പക്ഷെ,
പുതിയൊരു മാധ്യമത്തോട്‌ എത്രകണ്ട്‌ താല്‌പര്യം ജനിച്ചാലും ധനലാഭമില്ലാതെ ബ്ലോഗിങ്ങ്‌ ഡിമാന്റ്‌ ചെയ്യുന്ന തരം അദ്ധ്വാനവുമായി പൊരുത്തപ്പെടാന്‍ ഒരു പ്രൊഫഷനല്‍ എഴുത്തുകാരന്‌ ശരിക്കും പ്രയാസമുണ്ടാകും.-പരാജിതന്‍
ഇതിനല്ലേ കുറച്ചു കൂടി സാധ്യത?

അവരുടെ എല്ലാവരുടേയും ബ്ലോഗുകള്‍ ഡിലീറ്റ് ചെയ്തോ? ആരെങ്കിലും ബ്ലോഗ് യു.ആര്‍.എല്‍ ഇവിടെ ഇട്ടിരുന്നെങ്കില്‍ (ചിലതെങ്കിലും ഇപ്പോളുമുണ്ടെങ്കില്‍) നന്നായിരിക്കുമെന്നു കരുതുന്നു.

പിന്നെ, ബ്ലോഗറില്‍ അവര്‍ക്കു വേണമെങ്കില്‍ ഒരു റീഡേഴ്സ് ലിസ്റ്റ് ഉണ്ടാക്കാമല്ലോ? അതായത് ക്ഷണിക്കപ്പെട്ടവര്‍ക്കു വെണ്ടി മാത്രം. വേണമെങ്കില്‍ ആ ഇന്‍‌വിറ്റേഷന്‍ കിട്ടുന്നതിന് പണം മേടിക്കട്ടെ. അങ്ങിനെയൊരു സാധ്യതയുണ്ടെന്ന് അവരെ നേരിട്ടറിയുന്നവര്‍ പറഞ്ഞുകൊടുക്കൂ. (പിന്നെ, ആരൊക്കെ പണം തന്നു, തന്നില്ല, അംഗത്വം കഴിഞ്ഞോ എന്നൊക്കെ നോക്കാന്‍ സമയമില്ലെന്നു പറയരുത്; ഒരാളെ അതിനായി നിയമിച്ചാലും കുഴപ്പൈമില്ല... :)
--

Cibu C J (സിബു) said...

ബ്ലോഗ് ഡൈജ്സ്റ്റില്‍ ഈ രചന പ്രസിദ്ധീകരിക്കണമെന്ന്‌ ആഗ്രഹമുണ്ട്. കൂടുതല്‍ വിവരങ്ങള്‍ ഇവിടെ. വായിക്കുമല്ലോ...

വിനയന്‍ said...

ചില വിയോജിപ്പുകള്‍.

അച്ചടി മാധ്യമത്തില്‍ കൂടെയുള്ള രചനകള്‍ക്കും പ്രതികരണങ്ങളും ബ്ലോഗിനേക്കാളും കുറേക്കൂടി പക്വതയും ഗൌരവമുള്ളതൌമാവാറാണ് പതിവ്.കൂടാതെ ഒരു പുസ്തകമോ ലേഖനമോ സമാഹാരങ്ങളോ പുറത്തിറങ്ങുമ്പോള്‍ അതിനെ കുറിച്ച് വ്യക്തവും കാമ്പുള്ളതുമായ പ്രതികരണങ്ങളും നിരൂപണങ്ങളും മറ്റും വരുന്നു.എന്നാല്‍ ബ്ലോഗില്‍ ശ്രി.കണ്ണൂ‍ൂസ് പറഞ്ഞതു പോലെ കമന്റുകളാണ് കാര്യങ്ങള്‍ നിയന്ത്രിക്കുന്നത്.എന്നാല്‍ കമന്റുകളാവട്ടെ 80% അധികം വരുന്നത് പ്രശംസകളും , അനുമോദനങ്ങളും മറ്റുമാണ്.വളരെ അപക്വമായ കമന്റുകളും നിലവാരം കുറഞ്ഞ അഭിപ്രായങ്ങളും പലപ്പോഴും ലേഖകന്‍ ഉദ്ദേശിച്ച തലത്തിലേക്ക് എത്തുകയില്ല എന്നു മാത്രമല്ല ചിലപ്പോള്‍ പ്രതികരിക്കാന്‍ പോലും പറ്റുന്നത് ആയികൊള്ളണമെന്നില്ല.

കൂടാതെ ബ്ലോഗ്ഗ് ലോകത്തെ വായന എത്ര പേര്‍ ഗൌരവത്തോടേ കാണുന്നു എന്നും പരിശോദിക്കേണ്ടതുണ്ട്.കാരണാം കാമ്പുള്ള ലേക്ഗനങ്ങളും ചിന്തകളും മറ്റുമുള്ള ബ്ലോഗുകളുടേ ഹിറ്റ് കൌണ്ടറുമ്ം മറ്റും പരിശോധിച്ചാല്‍ അത് മനസ്സിലാവും.ഇപ്പോള്‍ നല്ല റീഡബിലിറ്റിയുള്ള ബ്ലോഗുകള്‍ പൊതുവില്‍ കഥയും അതു പോലുള്ള നേരം പോക്ക് പോലെയുള്ള വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന ബ്ലോഗുകളാണ്.
മലയാളി ബ്ലോഗിനെ ഗൌരവമായ ഒരു വായനക്കായി കാണുന്നുണ്ടോ എന്ന് ഇനിയും ആലോചിക്കേണ്ടിയിരിക്കുന്നു.

പിന്നെ കണ്ണൂസിന്റെ ഒരു അഭിപ്രായത്തിനോട് പ്രതികരിക്കട്ടെ.ബ്ലോഗുകള്‍ ഏതു തരത്തിലുള്ള സധാരണക്കാരെയാണ് ലക്ഷ്യം വെക്കുന്നത്.ഇവിടെ ഭൂരിപക്ഷം വായനക്കാര്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നവരോ അല്ലെങ്കില്‍ ബ്ലോഗ് വായനക്കാരോ ആണോ ? അല്ലെങ്കില്‍ അതിന് സമയം ലഭിക്കുന്നവരോ ആണോ ?

കൊടകരപുരാണത്തെ പറ്റി :

ഞാന്‍ ബ്ലോഗ് വായിച്ച് തുടങ്ങുന്നത് തന്നെ കൊടകര പുരാണം മുതലാണ്.എല്ലാ ദിവസവും ഞാന്‍ വെറുതെ വിശാലന്റെ ബ്ലോഗ് തുറന്നു നോക്കും വല്ല പുതിയ പോസ്റ്റും വന്നിട്ടുണ്ടോ എന്ന്.കാരണം സ്വന്തം അനുഭവങ്ങളോഅദ്ദേഹത്തിന്റെ ചുറ്റുപാടുകളോ അദ്ദേഹം വളരെ സരസമായി ലളിതമായ ആഖ്യാന ശൈലിയോടെ അവതരിപ്പിച്ചിരിക്കുന്നു.പ്രശംസനീയം തന്നെ.പക്ഷെ മലയാളത്തില്‍ ഇന്നുള്ള പ്രഗല്‍ഭരായ എഴുത്തുകാരോട് കിടപിടിക്കാനും താരതമ്യം ചെയ്യാനും എങ്ങനെ കഴിയും.ചില സംഭവങ്ങളുടെ ഹാസ്യപരമായ അവതരണം എന്നല്ലാതെ അതി ശക്തമായ സാഹിത്യ സ്യഷ്ടി എന്ന് കൊടകര പുരാണത്തെ വിശേഷിപ്പിച്ചും മറ്റും അതിനെ നശിപ്പിക്കരുത് എന്ന് അഭ്യര്‍ഥിക്കുന്നു.
-----------------------------------
ചുരുക്കത്തില്‍ ...
ഒരു പക്ഷെ ഈ കാരണങ്ങള്‍ കൊണ്ടൊക്കെ തന്നെയാവണം പ്രധാന എഴുത്തുകാര്‍ ബ്ലോഗ് വിട്ടു പോയത് എന്നു വേണം കരുതാന്‍.

Anonymous said...

ബ്ലോഗ്ഗര്‍മാരുടെ പാണ്ഡിത്യത്തിനും പ്രതിഭയ്ക്കും മുന്നില്‍ ബലചന്ദ്രന്‍ ചുള്ളിക്കാട് പകച്ചു പോയി എന്നതു തന്നെയാണു സത്യം.ബ്ലോഗ്ഗര്‍മാരുടെ വിപ്ലവ വീര്യം കണ്ടു ആ പാവം കവി പേടിച്ചു തൂറി ഓടിപ്പോയതാണ്.നാട്ടില്‍ അങ്ങാടികളില്‍ വല്ല വിവരംകെട്ട ചുമട്ടുതൊഴിലാളികളോടും പ്രസംഗിച്ച് ആളാവാം എന്നല്ലാതെ നമ്മുടെ എന്‍.ആര്‍.ഐ. വിപ്ലവകാരികളെ നേരിടാന്‍ വെറുമൊരു സീരിയല്‍ സഹനടനായ ചുള്ളിക്കാടിനു കഴിയുമോ? അല്ലെങ്കില്‍ത്തന്നെ പൊന്നുരുക്കുന്നിടത്തു സീരിയല്‍ നടനെന്തുകാര്യം?

Anonymous said...

അതു ശരിയാ.ബ്ലോഗുസാഹിത്യകാരന്മാരുടെ ഏഴയലത്തു വരുമോ ചുള്ളിക്കാടിനെപ്പോലുള്ള പൊട്ടക്കവികള്‍? ചുള്ളിക്കാടിനെയൊന്നും വെറുതെ വിടരുത്. തരത്തിനു കയ്യില്‍ കിട്ടുമ്പോള്‍ കൂവിയോടിക്കണം.പുള്ളിക്കാരന്‍ നമ്മുടെ പേരു കേട്ടാല്‍ പേടിച്ചോടണം.ഏതു സിംഹമാ കഴുതപ്പുലികളെ പേടിക്കാത്തത്

Anonymous said...

ബ്ലോഗര്‍മാരുടെ അവകാശവാദങ്ങളും ആത്മപ്രശംസയും പുച്ഛവും അല്പത്തവും പരിഹാസ്യമാകുന്നു.