Sunday, October 07, 2007

മോഹന്‍ലാലിന്റെ ഓഷ്യാനസ്‌ ഗുരു മമ്മൂട്ടിക്കൊരു ചെക്കുലീഫ്‌.

നമ്മുടെ ദൈനംദിന ജീവിതത്തില്‍ നാമറിയാതെ നമ്മുടെ സമയം അപഹരിക്കുന്നതും നമ്മെ സ്വാധീനിക്കുന്നതുമായ ഒരു കലാസൃഷ്ടിയാണല്ലോ പരസ്യങ്ങള്‍. പണ്ടത്തെ പരസ്യങ്ങള്‍ വെറും അറിയിപ്പുകള്‍ ആയിരുന്നെങ്കില്‍ ഇന്നത്‌ ക്യാപ്‌സൂള്‍സിനിമകളായി മാറിയിട്ടുണ്ട്‌. പണ്ടൊക്കെ പരസ്യവേളകള്‍ ഓടിച്ചുവിടാനും (വി.സി.ആറില്‍) അടുത്ത ചാനലിലേക്ക്‌ ചാടാനും അടുക്കളപ്പണിയിലേക്ക്‌ ഓടാനുമുള്ള വേളകളായിരുന്നെങ്കില്‍ ഇന്ന് പരസ്യങ്ങള്‍ കാണാന്‍ വേണ്ടിമാത്രം പരിപാടികള്‍ കാണുന്ന ഒരു പ്രേക്ഷകസമൂഹം ഉണ്ടായിവന്നിട്ടുണ്ട്‌. അത്‌ പരസ്യത്തിന്റെ സ്വീകാര്യതയാണ്‌ വെളിപ്പെടുത്തുന്നത്‌.
പ്രേക്ഷകനുമായി വെറുതെ സംവേദിക്കുക മാത്രമല്ല ഓരോ പരസ്യവും അവന്റെ മനസ്സില്‍ ആഴത്തില്‍ പതിഞ്ഞു കിടക്കുകയും ചെയ്യുന്നു. ഒരു ഉദാഹരണം തരാം. ഒരു മിനിറ്റു ദൈര്‍ഘ്യത്തില്‍ നിര്‍മ്മിക്കപ്പെടുന്ന ഒരു ഫുള്‍എപ്പിസോഡ്‌ പരസ്യം. ആദ്യത്തെ ഒരാഴ്ചക്കാലത്തേക്കു മാത്രമാവും അത്‌ പൂര്‍ണ്ണമായും പ്രദര്‍ശിപ്പിക്കുക. അടുത്ത ആഴ്ച മുതല്‍ പരസ്യം പകുതിയാകുന്നു. വിട്ടുപോയ പകുതി പൂരിപ്പിക്കുന്നത്‌ പ്രേക്ഷകന്റെ മനസ്സാണ്‌. രണ്ടാഴ്ച കഴിഞ്ഞാല്‍ ക്യാപ്½ഷന്‍ മാത്രം മതി. അതൊരു ഫുള്‍ പരസ്യത്തിന്റെ ഗുണം ചെയ്യും. അപ്പോഴേക്കും പരസ്യം പൂര്‍ണ്ണമായും നമ്മുടെ മനസ്സില്‍ പതിഞ്ഞു കഴിഞ്ഞു. അതുകൊണ്ടാണ്‌ 'ദീദി ഉഗ്രന്‍ നാലു ചേച്ചിമാര്‍ കൂടുതലാ' എന്ന ഒറ്റവാചകം ഒരു മുഴുനീള പരസ്യത്തിന്‌ പകരം വയ്ക്കാന്‍ കഴിയുന്നത്‌. അത്ര ആഴത്തിലാണ്‌ ഓരോ പരസ്യവും നമ്മുടെ മനസ്സില്‍ പതിഞ്ഞുപോകുന്നത്‌.
ഇങ്ങനെ ജനങ്ങളുടെ ഇടയില്‍ വല്ലാത്ത സ്വാധീനമുള്ള ഒരിടത്തേക്കാണ്‌ നമ്മുടെ രണ്ട്‌ സൂപ്പര്‍ താരങ്ങള്‍ അവരുടെ മത്സരം ദീര്‍ഘിപ്പിച്ചുകൊണ്ട്‌ ഇറങ്ങി വന്നിരിക്കുന്നത്‌. ബോളിവുഡിലെ പല താരങ്ങളും പരസ്യത്തിനിറങ്ങിയിട്ടും പരസ്യത്തിന്റെ മേഖല മുന്‍പ്‌ ഇരുവര്‍ക്കും വര്‍ജ്യമായിരുന്നു. അത്‌ മലയാളിയുടെ സ്വതസിദ്ധമായ മൂല്യബോധം എന്ന ഈഗോ. എന്നാല്‍ അവര്‍ വളരെ വേഗം അതിന്റെ സാധ്യത കണ്ടെത്തി. അധികകാലം പണത്തിന്റെ വ്യാമോഹങ്ങള്‍ക്കു മുന്നില്‍ പിടിച്ചുനില്‌ക്കാന്‍ ഇവര്‍ക്കായില്ല. മോഹന്‍ലാലാണ്‌ തുടങ്ങിയത്‌. അദ്ദേഹം തുടങ്ങിയത്‌ മമ്മൂട്ടി തുടരാതെ നിര്‍വ്വഹമില്ലല്ലോ. പിന്നെ ഒരു തവണ വ്യഭിചാരത്തിനിറങ്ങിയ ചാരിത്ര്യവതിയുടെ അവസ്ഥയിലായി രണ്ടുപേരും. ഏപ്പംതോപ്പം പരസ്യാഭിനയമായി. അത്‌ അവര്‍ തമ്മിലുള്ള മത്സരത്തിന്റെ ഭാഗം. അതിന്റെ അവസാന എപ്പിസോഡാണ്‌ നാമിപ്പോള്‍ കണ്ടുകൊണ്ടിരിക്കുന്നത്‌.
സെലിബ്രിറ്റികള്‍ പരസ്യത്തില്‍ അഭിനയിക്കുന്നതില്‍ ആര്‍ക്കെങ്കിലും വിരോധം കാണും എന്ന് തോന്നുന്നില്ല. അമിതാബച്ചന്‍ മുതല്‍ ശ്രീനിവാസനും മമ്മൂക്കോയയും വരെ ഓരോ പരസ്യങ്ങളില്‍ വന്നുപോകുന്നു. അമിതാബച്ചന്റെ മിസ്‌ പാലംപൂരും റാണിമുഖര്‍ജിയുടെ 'താങ്കൂ' വും നല്ല രീതിയില്‍ നിര്‍മ്മിച്ചിട്ടുള്ള പരസ്യങ്ങളാണ്‌. മീസാന്‍ സ്വര്‍ണ്ണത്തിന്റെ പരസ്യത്തിന്‌ ശ്രീനിവാസനായാലും മതി എന്നു പറയുന്ന ശ്രീനിവാസന്‍ പരസ്യത്തിലുമുണ്ട്‌ ഒരു ധൈഷണീകത.
മോഹന്‍ലാലിന്റെ പങ്കജകസ്‌തൂരിയും മമ്മൂട്ടിയുടെ കല്യാണും ആര്‍ക്കും പരാതിയില്ലാതെ കാണാവുന്ന പരസ്യങ്ങളാണ്‌. അതേ സമയം അടുത്തിടെ ഇറങ്ങിയ രണ്ടു പരസ്യങ്ങളുണ്ട്‌. രണ്ട്‌ താരങ്ങളുടെ സ്യൂഡോ ഇമേജ്‌ സൃഷ്ടിക്കാനായി നിര്‍മ്മിച്ചതെന്ന് സംശയിക്കാവുന്ന രണ്ട്‌ പരസ്യങ്ങള്‍. മോഹന്‍ലാലിന്റെ ഓഷ്യാനസ്‌. മമ്മൂട്ടിയുടെ സൗത്ത്‌ ഇന്ത്യന്‍ ബാങ്ക്‌. സിനിമയില്‍ ഇവര്‍ തമ്മില്‍ ഒരു മത്സരമുള്ളതുപോലെ പരസ്യത്തിലും ഇവര്‍ മത്സരം തുടങ്ങിയോ എന്നുതോന്നിപ്പോകും ഈ പരസ്യങ്ങള്‍ കണ്ടാല്‍.
പരസ്യത്തിന്റെ നിര്‍മ്മാണത്തില്‍ ഇവര്‍ക്ക്‌ പങ്കാളിത്തമൊന്നുമില്ലല്ലോ, പിന്നെങ്ങനെയാണ്‌ ഈ പരസ്യങ്ങളുടെ പേരില്‍ ഈ നടന്മാര്‍ വിമര്‍ശനം അര്‍ഹിക്കുന്നത്‌ എന്നൊരു ചോദ്യം ഉയര്‍ന്നുവരാന്‍ സാധ്യതയുണ്ട്‌. അങ്ങനെയാണെങ്കില്‍ സിനിമകളെക്കുറിച്ചും അതുതന്നെ പറയാം. പക്ഷേ സത്യത്തില്‍ സംഗതികളുടെ കിടപ്പ്‌ അങ്ങനെയാവാന്‍ തരമില്ല. പ്രത്യേകിച്ച്‌ ഈ രണ്ടു പരസ്യങ്ങള്‍ കൃത്യമായി പഠിക്കുന്നവര്‍ക്ക്‌. ഈ പരസ്യത്തിന്റെ നിര്‍മ്മാണത്തില്‍ ഈ നടന്മാരുടെ ഈഗോ കൈയ്യൊപ്പു പതിച്ചിരിക്കുന്നതായി നമുക്ക്‌ കൃത്യമായി കണ്ടെത്താന്‍ കഴിയും, ഇവരുടെ പല സിനിമകളിലും എങ്ങനെ ഇവരുടെ വികൃതമായ കൈയ്യൊപ്പു പതിയുന്നുവോ അതുപോലെ (അഭിനയത്തെയോ കഴിവിനെയോ അല്ല ഇവിടെ പരാമര്‍ശിക്കുന്നത്‌ എന്നു പറഞ്ഞുകൊള്ളട്ടെ - അതിനു പുറത്തുള്ള ഈഗോകളി, താരകളി. സൂപ്പര്‍ താരകളി)
മോഹന്‍ലാല്‍ തന്റെ അഭിനയത്തിലെ ആദ്യഗുരുവിന്‌ സമര്‍പ്പിക്കുന്ന ഫ്ലാറ്റാണ്‌ ഓഷ്യാനസ്‌ പരസ്യത്തിന്റെ വിഷയം. ഇതിനോടകം എല്ലാ വായനക്കാരുടെയും ഉള്ളില്‍ അത്‌ നന്നായി പതിഞ്ഞുകാണും എന്നതുകൊണ്ട്‌ അധികം വിശദീകരണം ആവശ്യമില്ലല്ലോ. ജീവിതത്തിലെ മോഹന്‍ലാല്‍ തന്നെയാണ്‌ പരസ്യത്തിലെ മോഹന്‍ലാല്‍ എന്നതിന്‌ സൂചനയൊന്നുമില്ല. എന്നാല്‍ ഓര്‍മ്മകള്‍, അഭിനയത്തിന്റെ ആദ്യാക്ഷരങ്ങള്‍, എന്റെ ഗുരു നാഥന്‍ എന്നൊക്കെയുള്ള വാക്കുകളിലൂടെ അതിന്റെ പ്രതീതി സൃഷ്ടിക്കുന്നുമുണ്ട്‌. സ്വന്തം ഗുരുവിനെ പഴഞ്ചന്‍ വീട്ടില്‍ നിന്നും നഗരത്തിലെ പുത്തന്‍ ഫ്ലാറ്റിലെത്തിക്കുന്നതിലൂടെ മോഹന്‍ലാല്‍ സ്വയം മഹാനും മഹാനുഭാവനുമാണെന്ന് ജനങ്ങളുടെ മുന്നില്‍ ഒരു തെറ്റായ സന്ദേശമെത്തിക്കുന്നു. ചില സിനിമകളില്‍ ധീരനും ശൂരനും പരാക്രമിയുമായ ഒരു മോഹന്‍ലാലിനെ സൃഷ്ടിക്കുന്നതുപോലെയുള്ള ഒരു സ്യൂഡോ ഇമേജ്‌ സൃഷ്ടിക്കാനാണ്‌ ഈ പരസ്യത്തിലൂടെ മോഹന്‍ലാല്‍ ശ്രമിക്കുന്നത്‌. ഒരു ഫ്ലാറ്റിന്റെ പരസ്യത്തിന്‌ മറ്റ്‌ സര്‍ഗ്ഗാത്മകമായ വഴികള്‍ ഒന്നും കിട്ടിയില്ലേ എന്നാലോചിക്കുന്നിടത്താണ്‌ മനപൂര്‍വ്വം സൃഷ്ടിച്ച ഒരു പരസ്യമാണിതെന്ന വിചാരം ഉണ്ടാകുന്നത്‌.
ഉടനെ വന്നു മമ്മൂട്ടിയുടെ പരസ്യം. മോഹന്‍ലാലിന്റെ ഒരു പടം വന്നാല്‍ ഉടനെ അതേ ഗണത്തിലുള്ള ഒരു മമ്മൂട്ടിപ്പടം വരുന്നതുപോലെ, മോഹലാലിന്റെ രാവണന്‍ വന്നാല്‍ മമ്മൂട്ടിയുടെ രാക്ഷസന്‍ വരുന്നതുപോലെ, ബദലുക്കു ബദല്‍ ഒരു പരസ്യം. നമ്മുടെ സംശയം ബലപ്പെടാന്‍ മറ്റൊരു കാരണം.
മോഹന്‍ലാലിന്റെ ഗുരുവിനോടുള്ള മഹാനുഭാവത്തിന്‌ ബദലായി ഇവിടെ മമ്മൂട്ടി പാവങ്ങള്‍ക്കുവേണ്ടി രണ്ടുലക്ഷം രൂപയുടെ ചെക്കു കൊടുക്കുന്നതാണ്‌ കാണിക്കുന്നത്‌. ഈ പരസ്യത്തിലാവട്ടെ, മമ്മൂട്ടി വെറും പരസ്യനടനല്ല, പകരം യഥാര്‍ത്ഥ മമ്മൂട്ടി തന്നെയാണ്‌. പരസ്യത്തിലെ പെണ്‍കുട്ടി അത്‌ പറയുന്നുമുണ്ട്‌.
മോഹന്‍ലാല്‍ ഗുരുവിന്‌ ഫ്ലാറ്റുകൊടുക്കുന്നതായി കാണിച്ച്‌ മഹാനാവുന്നെങ്കില്‍ ഞാനിതാ രണ്ടുലക്ഷം പാവങ്ങള്‍ക്ക്‌ വിതരണം ചെയ്‌തുകൊണ്ട്‌ മഹാനാവുന്നു എന്നാണ്‌ മമ്മൂട്ടിയുടെ ഭാവം.
ഇങ്ങനെയൊന്നും പൊങ്ങച്ചം കാണിച്ച്‌ മഹാന്മാരാവേണ്ട രണ്ടു നടന്മാരല്ല ഇവര്‍ രണ്ടുപേരും. അവര്‍ക്ക്‌ നമ്മുടെ ഒക്കെ ജീവിതത്തില്‍ ഒരു സ്ഥാനം തന്നെ നാം പതിച്ചുകൊടുത്തിട്ടുണ്ട്‌. നമ്മുടെ അഭിമാനമാണവര്‍. പക്ഷേ അവരുടെ ഈഗോകള്‍ തൃപ്‌തിപ്പെടുന്നില്ലെന്നുവേണം ഇതൊക്കെ കാണുമ്പോള്‍ കരുതാന്‍.
സ്വന്തം കരുത്തും ബലവും തിരിച്ചറിയാതെ ഊതിവീര്‍പ്പിച്ച ഈഗോയുമായി നടക്കുന്ന രണ്ടു നടന്മാര്‍ മലയാളത്തിലേ കാണൂ. അവരെ പൊക്കിനടക്കാന്‍ നമ്മള്‍ മലയാളികളേ കാണൂ.

9 comments:

വിന്‍സ് said...

ഹോ.... താങ്കളെ സമ്മതിച്ചിരിക്കുന്നു. ഒരു പരസ്യത്തില്‍ ഇത്രയും കാര്യങ്ങള്‍ ഉണ്ടല്ലെ?

Visala Manaskan said...

:) നൈസ്.

പുതുമയുള്ള, സ്റ്റാന്റേഡുള്ള, രസകരമായ ആഡ് എന്നും എന്നും പരക്കേ ആക്സപ്റ്റ് ചെയ്യപ്പെടുകയും ആളുകള്‍ ആസ്വദിക്കുകയും ചെയ്തിട്ടുണ്ട്.

പണ്ട് സോളിഡര്‍ ടീ.വി.യുടെ പരസ്യങ്ങള്‍. ഫൈവ് സ്റ്റാറിന്റെ പരസ്യം കെല്‍‌വിനേറ്ററിന്റെ പരസ്യങ്ങള്‍ ഫെവിക്കോളിന്റെ പരസ്യങ്ങള്‍ അങ്ങിനെയങ്ങിനെ..

‘എന്നാലും നാല് ചേച്ചിമാര്‍ കൂടുതലാ...’ അതൊരു ചെമ്പ് ഡയലോഗാണ്.

നമ്മുടെ ബ്ലോഗര്‍ കുമാറിനു കൂടി പങ്കാളിത്തമുള്ള മനോരമ ക്ലാസിഫൈഡ്സിന്റെ ആഡുകളും വെരി ഇന്ററസ്റ്റിങ്ങാണ്.

പിന്നെ മോഹന്‍ലാല്‍ മമ്മുട്ടി ആഡ്സ്.. അതില്‍ ഇങ്ങിനെയൊക്കെയുള്ള ഗുട്ടന്‍സ് കള്‍ ശ്രദ്ധിച്ചിട്ടേയില്ലാരുന്നു. :)

ഞാന്‍ ഇരിങ്ങല്‍ said...

ബന്യാമിന്‍റെ നിരീക്ഷണം തീര്‍ത്തും സത്യസന്ധമായവ തന്നെ. പരസ്യങ്ങള്‍ ഇന്ന് സിനിമയാവുകയും സിനിമ ആസ്വദിക്കുന്നതിനൊപ്പം അതിലെ പ്രോഡക്ട് നമ്മളറിയാതെ നുണഞ്ഞ് ഒരു വലീയ ലാഭം പ്രസ്തുത കമ്പനിക്ക് നമ്മള്‍ ഉണ്ടാക്കിക്കൊടുക്കുകയാണ് ചെയ്യുന്നത്.

സിനിമകള്‍ സാധാരണ ജനങ്ങളില്‍ നിന്ന് അകന്നു തുടങ്ങുമ്പോള്‍ കുശുമ്പും കുന്നായ്മയും നാടകവും നാട്യവുമായി വരുന്ന ഹീറോമാരുടെ കഥ വര്‍ഷങ്ങളായി തുടങ്ങിയതാണ്.

മമ്മൂട്ടി ഒരു മീറ്റര്‍ മുള്ളീയാല്‍ മോഹന്‍ലാല്‍ ഒന്നര മീറ്റര്‍ എങ്കിലും മുള്ളണമെന്നാണ് കാണികളുടേയും മനശ്ശാസ്ത്രം എന്നെനിക്ക് തോന്നുന്നു.

മമ്മൂട്ടി വടക്കന്‍ വീരഗാഥ ചെയ്യുമ്പോള്‍ കടത്തനാടന്‍ അമ്പാടി യായി മോഹന്‍ലാല്‍
ഇത് പരസ്യത്തിലും മന:പൂര്‍വ്വം കൊണ്ടുവരുന്നതു തന്നെയാണ്.

നിരീക്ഷണത്തിന് അഭിനന്ദനങ്ങള്‍
സ്നേഹപൂര്‍വ്വം
ഇരിങ്ങല്‍

Unknown said...

ഇത് പരസ്യം സിനിമയാകുന്നത്. ഇനി സിനിമ പരസ്യമാകുന്നത് നോക്കാം.

ആ കാര്യത്തില്‍ എന്റെ ഓര്‍മ്മയിലുള്ള രണ്ടും റ്റാറ്റാ ഇന്‍ഡിക്കോം തന്നെ. ഒന്ന് മ്മടെ മമ്മൂട്ടിയുടെ നേരറിയാന്‍ സി ബി ഐ. മമ്മൂട്ടി പറയുന്നു: "I am also a Tata Indicom Mobile phone user".

പിന്നെ ചന്ദ്രമുഖി എന്ന സിനിമയില്‍, എവിടെയൊക്കെ രജിനികാന്തും പ്രഭുവും നില്‍ക്കുന്നോ (ഔട്ട് ഡോര്‍) അവിടെ എല്ലാം ഒന്നുകില്‍ സൌരവ് ഗാംഗുലീടെ "V" പരസ്യം ഉണ്ട് അല്ലെങ്കില്‍ തൃഷ ഉണ്ട്. അതും ഒരു തരത്തില്‍ ബോറ് പരിപാടി തന്നെ.

ബെന്യാമിന്‍ said...

വിന്സ്: വിശാലന്‍ ഇരിങ്ങല്‍: പൊന്നമ്പലം എന്റെ അഭിപ്രായങ്ങളോട് പ്രതികരിച്ച എല്ലാവര്‍ക്കും നന്ദി.

Kalesh Kumar said...

nalla chintha benny!
nannayi lekhanam!

കാവാലം ജയകൃഷ്ണന്‍ said...

സത്യം സത്യമായി തുറന്നു പറയുമ്പോള്‍ പലര്‍ക്കും പിടിക്കത്തില്ലെങ്കിലും നിഷ്കളങ്കന് അതിഷ്ടമാണ്...

നന്നായിരിക്കുന്നു

ആശംസകള്‍

Anonymous said...

kazhchakkaar illenkil super stars engine undaakum.... kuttam avarude alla nammude aanu.

poor-me/പാവം-ഞാന്‍ said...

How long the comparisons will remain?