Tuesday, April 15, 2008

സിനിമാറ്റിക് ഡാന്‍സ് - നൃത്തങ്ങളുടെ ഉത്തരാധുനികത

സാംസ്‌കാരിക നായകരെന്നും ബുദ്ധിജീവികളെന്നും വിശേഷിപ്പിക്കുന്ന ഒരു വിഭാഗം യാഥാസ്‌ഥിതിക വര്‍ഗ്ഗത്തിനൊപ്പം കൂടി നിരന്തരമായ ആക്രമിച്ചുകൊണ്ടിരിക്കുന്ന ഒരു നൃത്തമാണല്ലോ സിനിമാറ്റിക് ഡാന്‍സ്. നമ്മുടെ റിയാലിറ്റി ഷോകളില്‍ വരുന്നവയില്‍ മുക്കാല്‍പ്പങ്കും അത്തരം നൃത്തങ്ങള്‍ തന്നെ. അതിന്റെ ജനസ്വീകാര്യത കൂടുതല്‍ എതിര്‍പ്പുകള്‍ക്ക് കാരണമായിട്ടുണ്ട്. സ്‌കൂളുകളിലും കോളേജുകളിലും നിരോധിച്ചതുകൊണ്ടൊന്നും ജനമനസ്സില്‍ സ്ഥാനം കിട്ടിയ ഒരു നൃത്തത്തെ നിരോധിച്ചു നിര്‍ത്താനാവില്ലെന്ന് ഈ ഷോകള്‍ തെളിയിക്കുന്നു.
സത്യത്തില്‍ അത്രയങ്ങ് എതിര്‍ക്കപ്പെടേണ്ട ഒരു നൃത്തരൂപമാണോ ഈ സിനിമാറ്റിക് ഡാന്‍സ്..? എന്താണ് അതിനെതിരെ ഉന്നയിക്കുന്ന പരാതികള്‍..? അതിന്റെ ചടുലാമായ ചലനങ്ങളും ശരീരഭാഷയും പ്രകോപനപരവും ലൈംഗീകോദ്ദീപകങ്ങളും ആണെന്നാണ് ഒരാരോപണം. എങ്കില്‍ എന്തിന് അതിനെ മാത്രം കുറ്റം പറയുന്നു... നമ്മുടെ ഭരതനാട്യത്തിന്റെയും മോഹിനിയാട്ടത്തിന്റെയും തിരുവാതിരയുടെയും ലാസ്യഭാവങ്ങള്‍ കാമോദ്ദീപകങ്ങളും പ്രകോപനപരവുമല്ലേ..? അങ്ങനെ വരുമ്പോള്‍ താളത്തിലും വേഗത്തിലും മാത്രമേ ഇവയൊക്കെ തന്നില്‍ വ്യത്യാസമുള്ളൂ എന്നുവരുന്നു. പിന്നെന്തേ സിനിമാറ്റിക് ഡാന്‍സിനു മാത്രം ഒരു വിവേചനം..?
നിങ്ങള്‍ അത്രയങ്ങ് പ്രകോപിതരാ‍വില്ലെങ്കില്‍ സിനിമാറ്റിക് ഡാന്‍സിനെ നൃത്തരൂപങ്ങളുടെ ആധുനികതയെന്നോ ഉത്തരാധുനികതയെന്നോ നമ്മുക്ക് വിശേഷിപ്പിക്കാം. ഒരു കാലത്ത് കവിതയില്‍ ബാലചന്ദ്രന്‍ ചുള്ളിക്കാ‍ടോ സച്ചിദാനന്ദനോ കൊണ്ടുവന്നതുപോലെ ഒരു അശാസ്‌ത്രീയതയുടെ സൌന്ദര്യമാണ് സിനിമാറ്റിക് ഡാന്‍സ്. വൃത്തവും ഛന്ദസുമില്ലാതെ കവിതകള്‍ രചിക്കപ്പെട്ടപ്പോള്‍ അന്നത്തെ മൌലികവാദികള്‍ അതിനെ നഖശിഖാന്തം എതിര്‍ക്കുകയും ഇതാ ഭൂമിയില്‍ സര്‍വ്വതും തകര്‍ന്നടിയാന്‍ പോകുന്നു എന്ന് വിലപിക്കുകയും ചെയ്‌തു. എന്നാല്‍ പുത്തന്‍ സൌന്ദര്യനിര്‍മ്മാണത്തിലൂടെ അവര്‍ കവിതയെ ജനപക്ഷത്ത് ആക്കിത്തീര്‍ക്കുകയാണ് ചെയ്‌തത്. അതുപോലെ നിയതമായ ചുവടുവയ്പ്പുകളും ശാസ്‌ത്രീയ വിധികളുമുള്ള നൃത്തരൂപങ്ങളുടെ പാരമ്പര്യചട്ടങ്ങളില്‍ നിന്നുള്ള വിട്ടുപോരലാണ് സിനിമാറ്റിക് ഡാന്‍സിന്റെ ഉത്തരാധുനികത! അതിന്റെ ചുവടുകള്‍ സ്വയം തീര്‍ക്കപ്പെടുന്നവയാണ്. പാരമ്പര്യവാദികള്‍ക്ക് അളന്നു തിട്ടപ്പെടുത്താവുന്നവയല്ല അതിന്റെ ചലനങ്ങള്‍. നര്‍ത്തകന്റെ ഭാവനയില്‍ വിരിയുന്ന ഏതു ചുവടുവയ്പ്പുകളും അവിടെ സ്വയം സൌന്ദര്യമായിത്തീരുകയാണ് ചെയ്യുന്നത്. അത് സ്വഭാവികമായും ജനങ്ങളെ തങ്ങളുടെ പക്ഷത്താക്കുന്നു. പാരമ്പര്യ നൃത്തശാസ്‌ത്ര വിധികളുടെ തടവില്‍ കഴിയുന്നവര്‍ എത്രയൊക്കെ എതിര്‍ത്താലും അത് സ്വയം അതിന്റെ ആസ്വാദകരെ കണ്ടെത്തുക തന്നെ ചെയ്യും. കാരണം അതിന്‌ വൈവിധ്യമുണ്ട്, ആവിഷ്കാരത്തിന്റെ വിശാലമായ സ്വാതന്ത്ര്യമുണ്ട്. ചട്ടക്കൂട്ടില്‍ നിന്നുള്ള വിടുതലുണ്ട്, സ്വയം പ്രകാശനത്തിനുള്ള അവകാശവുമുണ്ട്. ഗുരുമുഖത്തു നിന്നും കണ്ടുപഠിച്ച ചുവടുകളല്ല ഒരു സിനിമാറ്റ്ക് നര്‍ത്തകന്‍ തന്റെ കാഴ്ചക്കാരുടെ മുന്നില്‍ അവതരിപ്പിക്കുന്നത്. ഏതൊരാളുടെയും ചുവടുവയ്പ്പുകള്‍ മറ്റൊരാള്‍ക്ക് അനുകരിക്കാനുള്ള നിര്‍ബന്ധം സിനിമാറ്റിക് ഡാന്‍സിനില്ല, ആരുടെയും കണ്ടുപിടുത്തങ്ങളെ അത് ശാസ്‌ത്രമെന്ന പേരില്‍ അനന്തകാലത്തേക്കും അനുകരിക്കാന്‍ നിഷ്കര്‍ഷിക്കുന്നില്ല. താളബോധമുള്ള നൃത്തബോധമുള്ള ഓരോ മനസ്സിലും രൂപപ്പെടുന്ന ചുവടുകള്‍ സ്വയം പ്രകാശിപ്പിക്കുകയും അത് പുത്തന്‍ സൌന്ദര്യ നിര്‍മ്മിതിയ്ക്ക് കാരണമാവുകയും ചെയ്യുന്നു. എന്തെല്ലാം പോരായ്മ പറഞ്ഞാലും അനന്താമായ ആ സ്വാതന്ത്ര്യത്തിന്റെ അവകാശമാണ് എന്നെ സിനിമാറ്റിക് ഡാന്‍സിന്റെ പക്ഷക്കാരനാക്കുന്നത്.

11 comments:

Inji Pennu said...

ഹഹ!:) ഇതൊരു പുതിയ തിയറിയാണല്ലോ! ചില സിനാമറ്റിക്ക് ഡാന്‍സൊക്കെ വെറും കോപ്രായമാണ്, എങ്കിലും എനിക്കിഷ്ടമാണിതും.

Joker said...

യുക്തമായ നിരീക്ഷണം,

പാര്‍മ്പര്യ മേലാള ആഡ്യ ന്യത്ത രൂപങ്ങളായ ക്ലാസിക്കല്‍ ന്യത്തങ്ങളുടേ മൊത്തവിലപനക്കാര്‍ ആണ് യഥാര്‍ത്തത്തില്‍ ഇതിനിറ്റെ ഏറ്റവും വലിയ വിമര്‍ശകര്‍.കൊട്ടാരം നര്‍ത്തകികള്‍ എന്ന വിഭാഗം തന്നെ രാജാക്കന്മാരെ ലൈംഗിക മായി ഉത്തേജിപ്പിക്കാനും സ്ത്രീ‍ ശരീരം ആസ്വദിക്കാനും അല്ലെങ്കില്‍ പിന്നെന്തിനായിരുന്നു ഇത്ത്രം കൊട്ടാരം നര്‍ത്തകികള്‍.പാരമ്പര്യന്യത്ത രൂപങ്ങളില്‍ നിന്നും വ്യത്യസ്ഥമായ ശ്രീ.ബെന്‍ പറഞ്ഞ പോലെ വ്യക്തമായ ഒരു സ്വാതന്ത്ര്യം സിനിമാറ്റിക് ഡാന്‍സുകളില്‍ ഉണ്ട് എന്ന് സമ്മതിക്കാതെ വയ്യ.നായര്‍ സ്ത്രീകളുടെ സൌന്ദര്യം ആസ്വദിക്കാനായി മെടഞ്ഞുണ്ടാക്കിയ ന്യത്ത കൊട്ടകള്‍ ഇന്ന് മറ്റൊരു രൂപത്തില്‍ സ്ഥാ‍നം പിടിച്ചു എന്നു വേണമെങ്കിലും പറയാം.പക്ഷെ ഇന്ന് റിയാലിറ്റി ഷോകളില്‍ നടക്കുന്ന പണക്കൂത്തുകളില്‍ രാജാവും നര്‍ത്തകിയും ഒന്നു തന്നെയാകുന്നു.

(ഇതെല്ലാം എന്റെ നോട്ടം കുറഞ്ഞ അഭിപ്രായങ്ങള്‍)

Unknown said...

ചുള്ളിക്കാടിനേയും സച്ചിദാനന്ദനേയും ആക്കിയതാണോ അതോ ബെന്യാമിന്‍ കാര്യമായിട്ട്‌ പറഞ്ഞതാണോ?

ഓരോരുത്തരും അവരവര്‍ക്ക്‌ ഇഷ്ടമുള്ളത്‌ ആസ്വദിക്കട്ടെ. എല്ലാവര്‍ക്കും എല്ലാം ആസ്വദിക്കാന്‍ പറ്റില്ലല്ലോ..

ബെന്യാമിന്‍ said...

അഭിപ്രായങ്ങള്‍ എഴുതിയ മൂന്നുപേര്‍ക്കും നന്ദി.
1. ഒരു നൃത്തരൂപം അതിന്റെ തനിമ കണ്ടെത്താന്‍ ശ്രമിക്കുന്നതേയുള്ളു അതില്‍ പ്രതിഭാരഹിതരുടെ തള്ളിക്കയറ്റം പ്രതീക്ഷിക്കാം, അവരില്‍ നിന്നുണ്ടാകുന്നതാണ് ഈ കോപ്രായങ്ങള്‍.
2. തീര്‍ച്ചയായും ഇന്നത്തെ നൃത്തങ്ങള്‍ പഴയ കൊട്ടാരം നൃത്തങ്ങളുടെ തുടര്‍ച്ചതന്നെ. എല്ലാ നൃത്തരൂപങ്ങളും ആത്മാവിഷ്‌കാരങ്ങള്‍ക്കപ്പുറം സ്‌ത്രീമേനികള്‍ ആസ്വദിപ്പിക്കുന്നതിനുവേണ്ടി ചിട്ടപ്പെടുത്തിയിട്ടുള്ളതാണ്. സത്യത്തില്‍ ഒരാളുടെ യഥാര്‍ത്ഥമായ ആത്മാവിഷ്കാരമായിരുന്നു നൃത്തത്തിന്റെ ലക്ഷ്യമെങ്കില്‍ അതിന് മുന്‍‌കൂട്ടി നിശ്ചയിച്ച ചുവടുകള്‍ ഉണ്ടാകുമായിരുന്നില്ല. ഏത് ആത്മാവിഷ്കാരമാണ് നാലുകോളത്തിനുള്ളില്‍ ഒതുക്കാനാവുക..?!

3. സച്ചിദാനന്ദനെപ്പറ്റിയും ചുള്ളിക്കാടിനെപ്പറ്റിയും പറഞ്ഞത് ഗൌരവമായിത്തന്നെ. അവര്‍ കവിതയില്‍ പുതിയ സങ്കേതങ്ങളുമായി വരുന്ന കാലത്ത് കവിതയിലെ വരേണ്യവര്‍ഗ്ഗം, ഇന്ന് നൃത്തത്തിലെ വരേണ്യവര്‍ഗ്ഗം സിനിമാറ്റിക് ഡാന്‍സിനു കൊടുക്കുന്നത്ര അംഗീകാരം പോലും അവര്‍ക്ക് കൊടുത്തില്ലെന്ന് നാം ഓര്‍ക്കണം. ജനമനസ്സ് മാത്രമാണ് അവര്‍ക്കൊപ്പമുണ്ടായിരുന്നത്. അതാണ് സിനിമാറ്റിക് ഡാന്‍സിന്റെയും സ്ഥിതി.

ബാജി ഓടംവേലി said...

പോസ്‌റ്റും കമന്റും വായിച്ചു.....

Jayesh/ജയേഷ് said...

സിനിമാറ്റിക് ഡാന്സിന്റെ ചടുലതയും മേനിവഴക്കവും ആസ്വദിക്കുന്ന ഒരാളാണ്‌ ഞാനും ... എതിര്‍ ക്കപ്പെടേണ്ടതായ കാര്യമായ ഒന്നും തന്നെ അതിലില്ല. ഈ ലേഖനത്തില്‍ തന്നെ പറഞ്ഞത് പോലെ ലാസ്യവും ശൃം ഗാരവും കുത്തി നിറച്ച മോഹിനിയട്ടവും തിരുവാതിരയുമൊക്കെ വിലപ്പെട്ട കലാരൂപങ്ങളാണെങ്കില്‍ സിനിമാറ്റിക് ഡാന്സും അങ്ങിനെ തന്നെ. നല്ല ലേഖനം .. നന്ദി

ബാബുരാജ് ഭഗവതി said...

ബെന്യാമിന്‍...
സത്യം.
സിനിമാറ്റിക്ക് ഡന്‍സിനെയും റിയാലിറ്റി ഷോ യെയും കുറിച്ച് ഉയര്‍ന്നു വരുന്ന ആരോപണങ്ങള്‍ പലതും പഴഞ്ചന്മാരില്‍ നിന്നും ഉയരുന്നതു തന്നെ.
ഇക്കാര്യത്തില്‍ ഒരു ഇരട്ടത്താപ്പും കാണാം.

പിന്നെ വേഡ് വെരിഫിക്കേഷന്‍ ഒഴിവാക്കുന്നത് നന്നായിരിക്കും.

Jayasree Lakshmy Kumar said...

ഏത് ന്രുത്തരൂപവും കാഴ്ചക്കാരനെ എങ്ങിനെ സ്വാധീനിക്കുന്നു എന്നത് തന്നെയാണ് കാര്യം. കാഴ്ചക്കാരന് ഇഷ്ടമില്ലാത്തത് അവ ന്‍ സ്വീകരിക്കുകയില്ല.സിനാമറ്റിക്ക് ഡാന്‍സൊക്കെ കുടുംബസമേതം ആസ്വദിക്കപ്പെടുന്ന ഒന്നാണ്. എനിക്കും ഒത്തിരി ഇഷ്ടമാണ്. എങ്കില്ലും ചില വിയോചിപ്പൂ‍ൂ‍കള്‍.
‘വ്രുത്തവും ഛന്ദസുമില്ലാതെ കവിത രചിക്കപ്പെട്ടപ്പോള്‍‘ എന്ന് പറഞ്ഞു. വ്രുത്തവും ഛന്ദസുമില്ലാത്തവയെ ഇപ്പോഴും നമ്മള്‍ ‘കവിത’ എന്ന് തന്നെയാണ് വിളിക്കുന്നത്. ഉത്തരാധുനീക ന്രുത്തരൂപങ്ങളെ ‘ശാസ്ത്രീയ ന്രുത്തങ്ങള്‍’ എന്നു വിളിക്കാതെ അതിനു മറ്റൊരു പേര്‍ വിളിച്ചു എന്നതൊരു പുരോഗതി അല്ലെ?

‘കൊട്ടാരം നര്‍ത്തകികള്‍ എന്ന വിഭാഗം തന്നെ രാജാക്കന്മാരെ ലൈംഗിക മായി ഉത്തേജിപ്പിക്കാനും സ്ത്രീ‍ ശരീരം ആസ്വദിക്കാനും അല്ലെങ്കില്‍ പിന്നെന്തിനായിരുന്നു ഇത്ത്രം കൊട്ടാരം നര്‍ത്തകികള്‍.‘ ഇത് ജോക്കറിന്റെ അഭിപ്രായം. ഇതിനും മുന്‍പ് ഒരു കാലമുന്ണ്ടായിരുന്നു. അന്ന് ന്രുത്തം ഭഗവല്പ്രീതിക്കുള്ള മാര്‍ഗമായാണ് കണ്ടിരുനത്. നര്‍ത്തകികള്‍ ‘തേവന്റെ’ [ദൈവത്തിന്റെ] ‘അടി പണിയുന്ന അച്ചികളോ‘
‘കൂത്ത്’ ആടുന്ന ‘അച്ചികളോ’ ആയിരുന്നു. ഇവയുടെ രണ്ടിന്റെയും ഒറ്റപ്പദം ഞാന്‍ പറയുന്നില്ല. ഒരു സമയത്ത് ദൈവതുല്യം കാണപ്പെട്ടിരുന്ന ആ പദങ്ങള്‍ ഇപ്പോള്‍ ഏറ്റവും മോശമായ meaning ല്‍ പ്രയോഗിക്കുന്നത് പില്‍ക്കാലത്ത് ഈ ന്രുത്തത്തിനു നേരിട്ട അപച്യുതിയുടെ ഫലമായിട്ടാണ്. അക്കാലത്ത് ക്ഷേത്രനര്‍ത്തകികള്‍ ക്ഷേത്രത്തോട് ചേര്‍ത്തു നിര്‍മ്മിച്ചിരുന്ന ഗ്രിഹങ്ങളിലാണ് താമസിച്ചിരുന്നത്. ദൈവതുല്യരായിട്ടാണ് അന്ന് ഇവരെ കണ്ടിരുനത്. ദേവദാസികള്‍ എന്നുപറഞ്ഞാല്‍ അക്ഷരാര്‍ഥാത്തില്‍ അവര്‍ ഈശ്വരനു മാത്രം ഉഴിഞ്ഞു വച്ച ജീവിതമുള്ളവരായിരുന്നു. ചേരചോള യുദ്ധത്തിനു ശേഷം ക്ഷേത്രഭരണം മാറിവന്നപ്പോള്‍ ക്ഷേത്രാധികാരം കയ്യാളിയിരുന്ന നമ്പൂരിമാര്‍ സ്വയം ദൈവങ്ങളായി ഭാവിക്കുകയും ദേവദാസികളെ തങ്ങളുടെ ദാസികളാക്കുകയും ചെയ്തൂ. മാത്രമല്ല, യുദ്ധക്കെടുതിയില്‍ ക്ഷേത്രവരുമാനം കുറഞ്ഞപ്പോള്‍ കാലാന്തരത്തില്‍ ഈ ക്ഷേത്രനര്‍ത്തകികള്‍ക്ക് രാജകൊട്ടാരങ്ങളില്‍ ന്രുത്തം ചെയ്ത് ഉപജീവനമാര്‍ഗ്ഗം കണ്ടെത്തേണ്ടതായും വന്നു. അങ്ങിനെ അവര്‍ കൊട്ടാരം നര്‍ത്തകികളായി. കാലം ചെന്നപ്പോള്‍ അതൊരു കുലത്തൊഴിലുമായി. ദേവസ്തൂതികള്‍ മാത്രമുണ്ടായിരുന്ന്ന ശുദ്ധ ന്രിത്തരൂപങ്ങളില്‍ ലൈംഗീകോത്തേചനചേഷ്ടകള്‍ കടന്നു കൂടിയതങ്ങിനെയാണ്. ബ്രിട്ടീഷുകാരുടെ കാലത്ത് നിരോധിക്കപ്പെട്ട ഈ കലാരൂപങ്ങള്‍ പിന്നീട്, അതില്‍ ഇടക്കാലത്ത് കടന്നു കയറിയ അനാവശ്യചേഷ്ടകള്‍ ഒഴിവാക്കി ഇന്നത്തെ രൂപത്തിലാക്കിയത് വള്ളത്തോളിന്റെ കാലത്താണ്. [മുന്‍പെങ്ങോ വായിച്ച കലാമണ്ഡലം കല്യാണിക്കുട്ടിയമ്മയുടെ ഒരു പുസ്തകത്തില്‍ നിന്നിള്ള വിവരങ്ങള്‍ ഓര്‍ത്തെഴുതിയതാണ്] അധപ്പതിക്കപ്പെട്ടൂപോയ ഒരു കലാരൂപം അതിന്റെ പഴയ ഭംഗി ആര്‍ജ്ജിക്കാന്‍ ശ്രമിക്കുകയാണ്. ശാസ്ത്രീയസംഗീതത്തിന്നും ന്രുത്തത്തിനും അതിന്റേതായ identity ഉണ്ട്. അതിന്റെ പേരില്‍ മാത്രം സിനിമാറ്റിക് ഡാന്‍സിനെ താഴ്ത്തിക്കാണുന്നതിനോട് വിയോചിപ്പുണ്ടെങ്കിലും പാരമ്പര്യത്തിന്റെ നന്മകള്‍ എന്നും നന്മകള്‍ തന്നെയല്ലെ.

Joker said...

പ്രിയപ്പെട്ട ലക്ഷ്മി

എന്റെ കമന്റുമായി ബന്ധപ്പെട്ട് ചില പരാമര്‍ശങ്ങള്‍ ഉള്ളതിനാല്‍ ചിലകാര്യങ്ങള്‍ കുറിക്കാന്‍ താല്പര്യപ്പെടുന്നു.

താങ്കള്‍ സൂച്പ്പിച്ചു കണ്ടു.ദേവന്മാര്‍ക്ക് വേണ്ടി ആടുകയും പാടുകയും ചെയ്ത കാലത്ത് അത് ഉല്‍ക്യഷ്ടമായ ഒന്നായിരുന്നു എന്ന്.പക്ഷെ ഈ കാലഘട്ടം ഏതാണേന്ന് ഒന്ന് വ്യക്തമാക്കാമോ.പുരാണങ്ങള്‍ മുതല്‍ക്കിങ്ങോട്ട് സ്ത്രീയുടെ ശരീരം ആസ്വദിക്കാന്‍ വേണ്ടിയുള്ള മേല്‍ജാതിക്കാരന്റെയോ വരേണ്യന്റെയോ കുറുക്കു വഴികള്‍ ആയിരുന്നു ഇത്തരം ന്യത്തങ്ങാള്‍.കാര്യങ്ങള്‍ നേടിയെടുക്കാന്‍ ദൈവികത പറ്റിച്ചു ചേറ്ക്കുന്ന ഞൊണുക്ക് വിദ്യ മതങ്ങള്‍ ഉണ്ടാ‍ായ കാലം മുതലുള്ളതാണ്.ദേവദാസീ സംഭ്രദായത്തിന്റെയൊക്കെ ചുരുളഴിക്കുമ്പോള്‍ നമുക്ക് കിട്ടുന്ന വ്യക്തമായ ചിത്രം അതായിരിക്കും.അംഗലാവണ്യമുള്ള സ്ത്രീകള്‍ മനം മറന്ന് ആടുമ്പോള്‍ ആര്‍ക്കാണ് നിര്‍വ്യതി ലഭിക്കാത്തത് അത് ദൈവത്തിന് വേണ്ടിയാണേങ്കില്‍ ദൈവവും സ്ത്രീ മേനി ആസ്വദിക്കുന്നവനായിരിക്കണം.ചുരുക്കത്തില്‍ കൊട്ടാ‍രത്തിന് അകത്തോ പുറത്തോ ആകട്ടെ കാലകാലങ്ങളിലുള്ള ആസ്വാദനത്തിന്റെ മാര്‍ഗമായി ഇതു സ്വീകരിക്കുന്നു.ശാസ്ത്രീയത എല്ലാം നമ്മള്‍ പിന്നീട് രൂപപ്പെടുത്തിയെടുക്കുനതാണ്.ചിര പുരാതന ശാസ്ത്രീയ ന്യത്ത രൂപങ്ങള്‍ ആയാലും അതല്ല ആധുനിക ബെല്ലി ഡാന്‍സുകളോ സിനിമാറ്റിക് ഡാന്‍സുകളോ ഏതുമാവട്ടേ അതില്‍ ആവിശ്കാരത്തിന്റെതായ സ്വാത്ന്ത്യവും ഭംഗിയുമുണ്ട്.പക്ഷെ അതിന് അതിപരിപാവനത്വവും മറ്റും കല്പിക്കുമ്പോഴാണ് പ്രശ്നങ്ങള്‍.

മഹാനായ താപസനായ വിശ്വാമിത്രന്റെ തപമിളക്കാന്‍ മാത്രം പോന്ന നര്‍ത്തകികളേ കുറിച്ച് പുരാണം തന്നെ പറയുമ്പോള്‍ പിന്നെ എന്തിനിങ്ങനെ നമമള്‍ അതു ഇതും പറഞ്ഞ് സമയം കൊല്ലണം.നമുക്ക് സ്ത്രീ മേനികളെ കണ്ണുകള്‍ കൊണ്ട് കൊത്തിപ്പറിക്കാം.അതില്‍ കാമം കത്തുന്ന കണ്ണുകള്‍ക്ക് എവിടെയാണ് ക്ലാസിക്കുകളെയും സിനിമാറ്റിക്കുമെല്ലാം തിരിച്ചറിയാന്‍ കഴിയുക.

Unknown said...

cheer girls vivadavum ithodu cherthu vayikkavunnathanu.

കാവാലം ജയകൃഷ്ണന്‍ said...

ഈ ലേഖനത്തോട്‌ അത്ര കണ്ട് പൊരുത്തപ്പെടാന്‍ സാധിക്കുന്നില്ല. ശാസ്ത്രീയ നൃ്ത്തങ്ങള്‍ക്ക്‌ നിയതമായ ഒരു ചിട്ടയും ക്രമവും ഉണ്ടെന്നതും, അതു പഠിച്ചെടുക്കുക ക്ലേശകരവുമാണെന്നത്‌ സത്യം തന്നെ. എന്നാല്‍ അതിനൊരു ഭാഷയുണ്ട്‌. ഓരോ ചുവടുകള്‍ക്കും, ശാരീരിക ചലനങ്ങള്‍ക്കു പോലും അര്‍ത്ഥമുണ്ട്‌. അത്തരത്തിലൊരു ആശയവിനിമയം സാധ്യമാവുന്നില്ലെങ്കില്‍ (അഥവാ ആ ശ്രമത്തില്‍ നര്‍ത്തകന്‍/നര്‍ത്തകി പരാജയപ്പെടുന്നുവെങ്കില്‍) അതും കോപ്രായം തന്നെ.

കഥകളി എന്ന കലാരൂപത്തെ ആധുനികവത്കരിച്ചു കൊണ്ട്‌ ചുരിദാറും, മുഖത്ത് പുലികളിയുടെ ചായവും തേച്ച്‌ വന്ന്‌ തോന്നുന്ന പോലെ കുറേ ആംഗ്യങ്ങള്‍ കാണിച്ചാല്‍ അതിനെ ‘ഉത്തരാധുനിക കഥകളി’ എന്നു വിളിക്കാന്‍ കഴിയുമോ?.

ശാസ്ത്രീയ നൃ്ത്തം വഴങ്ങാത്തവര്‍ക്കും സിനിമാറ്റിക് ഡാന്‍സ് ച്വെയ്യാം എന്നത് ഒരു വലിയ നേട്ടം തന്നെയാണ്. ഇന്ന് ഈ ഇടപാടു പഠിപ്പിക്കുന്ന സ്ഥാപനങ്ങളും സുലഭമാണത്രേ!. എന്തായാലും ശാസ്ത്രീയനൃ്ത്തങ്ങളോടൊപ്പം ഇതിനെ തുലനം ചെയ്യാന്‍ സാധിക്കുമെന്ന് ഈയുള്ളവനു തോന്നുന്നില്ല.

നൃ്ത്തങ്ങളിലെല്ലാം മേനിയഴകിന്‍റെ പ്രദര്‍ശനം ഉണ്ടായിരിക്കാം. എന്നാല്‍ ശാസ്ത്രീയ നൃ്ത്തത്തിന്‍റെ വേഷവിധാനത്തിലും, അംഗവിക്ഷേപങ്ങളിലും ഒരു സംസ്കാരത്തിന്‍റെ സദാചാരങ്ങളെ മുറിവേൽപ്പിക്കാത്ത സഭ്യതയുണ്ട്‌. കാമസംബന്ധിയായ വിഷയങ്ങളിൽപ്പോലും കലയുടെ ഒരു ക്ലാസ്സിക് ടച്ചോടു കൂടിയുള്ള ചിട്ടപ്പെടുത്തല്‍ നമുക്കു ദര്‍ശിക്കാനും കഴിയും. രതിയെ വര്‍ണ്ണിക്കുമ്പോഴും ഒരു കുലീനത്വം നിലനിര്‍ത്താന്‍ അതിനു കഴിയുന്നുമുണ്ട്‌. (രണ്ടും കൂടി വിലയിരുത്തിയാല്‍ ധര്‍മ്മപത്നിയോടുള്ള രാഗത്തിന്‍റെ പരിപാവനതയും, പരസ്ത്രീയോടുള്ള കാമത്തിന്‍റെ അശ്ലീലതയും പോലെയുള്ള വ്യത്യാസമാണ് ഈയുള്ളവനു തോന്നിയത്‌.)

ശങ്കരാചാര്യരുടെ ഭജഗോവിന്ദം പിന്നണിയില്‍ കേള്‍പ്പിച്ചുകൊണ്ടും കാമോദ്ദീപകങ്ങളായ ചലനങ്ങളോടും, അംഗവിക്ഷേപങ്ങളോടും, വസ്ത്രത്തോടെയും (അതെങ്കിലും നേരേ ചൊവ്വേ ഉണ്ടായിരുന്നെങ്കില്‍ വേണ്ടില്ല)അഴിഞ്ഞാട്ടം നടത്താന്‍ ഇക്കൂട്ടര്‍ വിരുതന്മാരാണെന്നാണ് ഈയുള്ളവന്‍ ഇതുവരെ കണ്ടിട്ടുള്ള വളരെക്കുറച്ചു സിനിമാറ്റിക് ഡാന്‍സുകള്‍ എന്നെ പഠിപ്പിച്ചത്‌.

എന്തായാലും ബെന്യാമിന്‍റെ വേറിട്ട വീക്ഷണം ശ്രദ്ധേയമാണ്.

ജയകൃഷ്ണന്‍ കാവാലം