Monday, April 21, 2008

സ്റ്റാര്‍ സിംഗറിലെ ആ അഞ്ചു മിനിറ്റ്‌

ഐഡിയ സ്റ്റാര്‍ സിംഗറിന്റെ ഫൈനല്‍ തത്സമയം കാണാനായി ഓഫീസില്‍ നിന്ന് പലകാരണങ്ങള്‍ പറഞ്ഞ്‌ മുങ്ങിയവരില്‍ നിങ്ങളില്‍ പലരോടൊപ്പം ഞാനുമുണ്ടായിരുന്നു. എന്തെങ്കിലും അട്ടിമറിയോ അദ്ഭുതമോ പ്രതീക്ഷിച്ചായിരുന്നില്ല 20-20പോലും ഉപേക്ഷിച്ച്‌ ടിവിയ്ക്കു മുന്നില്‍ അത്രയും നീണ്ടനേരം കുത്തിയിരുന്നത്‌. സ്റ്റാര്‍ - നജിം തന്നെ എന്ന് ഏതാണ്ട്‌ ഉറപ്പിച്ചുതന്നെയാണ്‌ ഫൈനല്‍ കാണാന്‍ ഇരുന്നതും. സത്യത്തില്‍ വാര്‍ത്തകളിലും പരസ്യങ്ങളിലും ഏഷ്യാനെറ്റ്‌ ആവര്‍ത്തിച്ചാവര്‍ത്തിച്ചു പറഞ്ഞ ഒരു കാര്യം സംബന്ധിച്ച ആകാംക്ഷയും കൗതുകവുമായിരുന്നു എന്നെ സംബന്ധിച്ചിടത്തോളം ആ ഫൈനല്‍ ലൈവ്‌.
'ഏഷ്യാനെറ്റിന്റെ നൂതനമായ മുഴുവന്‍ സാങ്കേതിക മികവും ഒന്നിക്കുന്ന ലൈവ്‌ ഷോ' എന്നതായിരുന്നു ആ അവകാശവാദം. എന്തൊക്കെ നൂതനമായ സംരംഭങ്ങളാണ്‌ ഏഷ്യാനെറ്റ്‌ ഈ സാങ്കേതിക യുഗത്തില്‍ ഒരുക്കിയിരിക്കുന്നത്‌ എന്നു കാണാന്‍/ അറിയാനുള്ള സ്വഭാവികമായ ഒരു ആകാംക്ഷ. പക്ഷേ കാത്തിരിപ്പിനെ തീര്‍ത്തും നിരാശപ്പെടുത്തിക്കൊണ്ടാണ്‌ പരിപാടി തുടങ്ങിയതുതന്നെ. എഡിറ്റിംഗ്‌ പിഴച്ചുപോയ ഒരു സിനിമാപോലെ ആ പരിപാടിയില്‍ ഒരിക്കലും ചിത്രവും ശബ്ദവും ഒന്നു ചേര്‍ന്നുവന്നില്ല. മിക്കപ്പോഴും ശബ്‌ദമാദ്യവും ചിത്രം പിന്നീടും ആയിരുന്നു. ഒരു സംഗീതപരിപാടിയുടെ ആസ്വാദ്യത മുഴുവന്‍ നഷ്‌ടപ്പെടുത്താന്‍ മറ്റൊന്നും വേണ്ടല്ലോ. ആ അഞ്ചുമണിക്കൂറിനിടയില്‍ ഒരിക്കല്‍പ്പോലും അത്‌ ശരിയാക്കിയെടുക്കാന്‍ അവര്‍ക്ക്‌ കഴിഞ്ഞില്ല എന്നത്‌ ദുരന്തം തന്നെയായിരുന്നു. ഇതായിരുന്നോ നിരവധി തവണ ആവര്‍ത്തിക്കപ്പെട്ട സാങ്കേതിക മികവ്‌. പോട്ടെ, നിര്‍ണ്ണായകമായ മത്സരത്തിന്റെ ഭാഗമെത്തുന്നു. ഏറെപ്പേരുടെ പ്രിയപ്പെട്ടവനായ നജീബ്‌ പാടാനെത്തിയതും ട്രാന്‍സ്‌മിഷനെ നിന്നുപോകുന്നു. നമ്മള്‍ കാണുന്നത്‌ കലാഭവന്‍ മണിയുടെ ഡാന്‍സ്‌. നിര്‍ണ്ണായകമായ ആ അഞ്ചുനിമിഷം കരുതിവച്ചിരുന്നതെല്ലാം വ്യര്‍ത്ഥമായിപ്പോയ അവസ്ഥ. കൊട്ടിഘോഷിക്കപ്പെട്ടതെല്ലാം പാഴായിപ്പോയ നിമിഷങ്ങള്‍.
ഞാനപ്പോള്‍ ആലോചിച്ചതത്രയും അവിടെയുണ്ടായിരുന്ന ടെക്കനിക്കല്‍ സ്റ്റാഫിന്റെ ടെന്‍ഷനും നെഞ്ചിടിപ്പും നിസ്സഹയതാവസ്ഥയുമാണ്‌. എത്ര മുന്നൊരുക്കങ്ങളാവും അവര്‍ അത്രയും നേരത്തിനുവേണ്ടി നടത്തിയിട്ടുണ്ടാവുക. എത്ര തവണ ഓരോ മിഷ്യന്റെയും സാങ്കേതിക അവര്‍ പരീക്ഷിച്ചിട്ടുണ്ടാവും. പക്ഷേ ആ നിര്‍ണ്ണായക നിമിഷത്തില്‍ എല്ലാം പിഴച്ചുപോവുക. ആരാണതിനു ഉത്തരവാദി. ആര്‍ക്ക്‌ ആരെ പഴി ചാരാനാവും. അതിനുവേണ്ടി മേലധികാരികളുടെ എത്ര ചീത്തവിളി അവര്‍ പിന്നീട്‌ കേട്ടിട്ടുണ്ടാവും. നജീബ്‌ വിജയമാഘോഷിക്കുമ്പോള്‍ അതിനൊപ്പം ചിരിക്കാന്‍ അവര്‍ക്ക്‌ കഴിഞ്ഞിരിക്കുമോ..? സംശയമാണ്‌. അപ്പോഴും അവര്‍ അവരുടെ പല പ്രശ്നങ്ങളും പരിഹരിച്ചിട്ടുണ്ടായിരുന്നില്ലല്ലോ. ആരെയും പഴിക്കാനാവത്ത നിമിഷമാണത്‌. എത്രയധികം തയ്യാറെടുപ്പുകള്‍ നടത്തി ആകാശത്തേക്ക്‌ ഉയര്‍ത്തിവിടുന്ന റോക്കറ്റുകള്‍ നിലത്തേക്ക്‌ കൂപ്പുകുത്തുന്നത്‌ കണ്ടിട്ടില്ലേ. ഇതാണ്‌ യന്ത്രങ്ങളുടെ ഒരു അവസ്ഥ. അനശ്ചിതാവസ്ഥ. എല്ലാം തികവായിരുന്നാലും നിന്നുപോകാന്‍ ഒരു നിമിഷം മതി. മനുഷ്യജീവനുപോലും ഇതിനെക്കാള്‍ ഉറപ്പുണ്ടെന്ന് ചിലനേരത്ത്‌ തോന്നിപ്പോകും.
ടെക്‌നിക്കല്‍ വിഭാഗത്തില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കേ അതിന്റെ ബുദ്ധി മുട്ടറിയൂ. എന്റെ ജീവിതത്തില്‍ സംഭവിച്ച ഒരുദാഹരണം ഓര്‍മ്മവരുന്നു.അമേരിക്കന്‍ നേവിയില്‍ നിര്‍ണ്ണായകമായ ഒരു യോഗം നടക്കാന്‍ പോകുന്നു. അറിയിപ്പ്‌ രണ്ടുമാസം മുന്‍പേ കിട്ടിയതാണ്‌. വളരെ ഉന്നതരായ ഉദ്യോഗസ്ഥര്‍ പങ്കെടുക്കുന്ന യോഗം. എല്ലാം കൃത്യവും സുരക്ഷിതവും ആണെന്ന് ഒരുനൂറൂവട്ടം പരിശോധിച്ചതാണ്‌. പക്ഷേ ആ പന്ത്രണ്ടാം മണിക്കൂറില്‍ എ.സി യുടെ കംബ്രസര്‍ കത്തിപ്പോകുന്നു. എന്തു ചെയ്യാനാകും. കംബ്രസര്‍ മാറ്റി വയ്ക്കാനുള്ള സമയമില്ല. ഒടുവില്‍ യന്ത്രത്തോട്‌ പരാജയപ്പെട്ട്‌ യോഗം അവര്‍ മറ്റൊരു സ്ഥലത്തേക്ക്‌ മാറ്റി. അതാണ്‌ യന്ത്രങ്ങളുടെ കുഴപ്പം.
നജീബ്‌ വിജയിച്ചു. നമ്മള്‍ ആഹ്ലാദിച്ചു. അഹ്ലാദിക്കാനാവാതെ ഒരുകൂട്ടം പേര്‍. അവരെ ഓര്‍മ്മിക്കാനായിരുന്നു ഈ കുറിപ്പ്‌, അല്ലാതെ ഏഷ്യാനെറ്റിന്റെ സാങ്കേതികതയെ കുറ്റം പറയാനായിരുന്നില്ല. അത്‌ മറ്റു പലരും പറഞ്ഞു കഴിഞ്ഞല്ലോ.

11 comments:

ബെന്യാമിന്‍ said...

എത്ര മുന്നൊരുക്കങ്ങളാവും അവര്‍ അത്രയും നേരത്തിനുവേണ്ടി നടത്തിയിട്ടുണ്ടാവുക. എത്ര തവണ ഓരോ മിഷ്യന്റെയും സാങ്കേതിക അവര്‍ പരീക്ഷിച്ചിട്ടുണ്ടാവും. പക്ഷേ ആ നിര്‍ണ്ണായക നിമിഷത്തില്‍ എല്ലാം പിഴച്ചുപോവുക. ആരാണതിനു ഉത്തരവാദി. ആര്‍ക്ക്‌ ആരെ പഴി ചാരാനാവും. അതിനുവേണ്ടി മേലധികാരികളുടെ എത്ര ചീത്തവിളി അവര്‍ പിന്നീട്‌ കേട്ടിട്ടുണ്ടാവും. നജീബ്‌ വിജയമാഘോഷിക്കുമ്പോള്‍ അതിനൊപ്പം ചിരിക്കാന്‍ അവര്‍ക്ക്‌ കഴിഞ്ഞിരിക്കുമോ..? സംശയമാണ്‌. അപ്പോഴും അവര്‍ അവരുടെ പല പ്രശ്നങ്ങളും പരിഹരിച്ചിട്ടുണ്ടായിരുന്നില്ലല്ലോ.

Eccentric said...

Am first time reaching here..super aayittund mashinte perspective :)

ഭൂമിപുത്രി said...

ഈ ഓറ്മ്മപ്പെടുത്തലിനു നന്ദി.
എനിയ്ക്കേറ്റവും ഇഷ്ട്ടമുള്ള ആ പാട്ട്-‘നാ‍ദബ്രഹ്മത്തിന്‍ സാ‍ഗരം..’കേള്‍ക്കാന്‍ പറ്റാഥെപോയതിനു ഞാനും അവരെ കുറ്റപ്പെടുത്തിയതായിരുന്നു..ഇപ്പോളൊരു വിഷമം!

അപ്പു ആദ്യാക്ഷരി said...

ഏഷ്യാനെറ്റ് ഇതിനുമുമ്പ് പല ലൈവ് ഷോകളും നടത്തിയിട്ടുണ്ടെങ്കിലും അതിന്റെയൊന്നും അത്ര സാങ്കേതികമികവോ പെര്‍ഫെക്ഷനോ ഈ പ്രൊഗ്രാമിനില്ലായിരുന്നു എന്നതാണു സത്യം. ഒരു മെഷീന്റെ സാങ്കേതിക തകരാറ് മനസ്സിലാക്കാം. പക്ഷേ മെയിന്‍ ക്യാമറയുടെ ഫീല്‍ഡ് ഓഫ് വ്യൂവില്‍ തലങ്ങും വിലങ്ങും പോകുന്ന രണ്ട് ജിമിചിപ്പുകള്‍ (ക്രെയിനില്‍ ഉറപ്പിച്ച ക്യാമറ). ക്രിക്കറ്റ് സ്റ്റേഡിയത്തിലെ മാതിരിയുള്ള ലൈറ്റിംഗ് ഇതൊക്കെ ആദ്യമേ തിരുത്താവുന്നതേയുള്ളായിരുന്നല്ലോ.

നിരക്ഷരൻ said...

ആ പാവപ്പെട്ട ടെക്‍നീഷ്യന്മാരുടെ അവസ്ഥയെപ്പറ്റിയുള്ള താങ്കളുടെ ചിന്ത..., അതാണ് എനിക്കീ പോസ്റ്റില്‍ കൂടുതല്‍ ഇഷ്ടപ്പെട്ടത്. ‘എം‌പതൈസ്’ ചെയ്യാന്‍ കഴിയുക എന്നുള്ളത് ഒരു ചെറിയ കാര്യമല്ല മാഷേ. Hats off to you.

സ്നേഹതീരം said...

മനസ്സിനെ വല്ലാതെ സ്പര്‍ശിച്ചു, ബെന്യാന്മിന്റെ ഈ പോസ്റ്റ്. വളരെ വലിയ ആശയങ്ങളാണ് ഈ കൊച്ചു പോസ്റ്റിലൂടെ പറഞ്ഞത്. അഭിനന്ദനങ്ങള്‍.

Jayasree Lakshmy Kumar said...

ആരും സാധാരണ ചിന്തിക്കാന്‍ മിനക്കെടാത്ത കാര്യങ്ങള്‍ ചിന്തിച്ചിരിക്കുന്നു. നന്നായി

ബൈജു (Baiju) said...

മാഷേ, നന്നായി. തികച്ചും വ്യത്യസ്ഥമായ കാഴ്ചപ്പാട്. അവരെക്കുറിച്ചെഴുതുവാനും ആരെങ്കിലും വേണമല്ലോ....

നന്ദി................

-ബൈജു

ബെന്യാമിന്‍ said...

അഭിപ്രായങ്ങള്‍ അറിയിച്ച എല്ലാ സമാനമനസ്‌കര്‍ക്കും നന്ദി.

Sathees Makkoth | Asha Revamma said...

ശരിയാണ് താങ്കള്‍ പറഞ്ഞത്. തിരക്കിനിടയില്‍ ആരും ഓര്‍ക്കാതെ പോയതോ അല്ലങ്കില്‍ ഓര്‍ത്തില്ലന്ന് നടിക്കുന്നതായ ഒരു കാര്യം താങ്കള്‍ അവസരോചിതമായി എഴുതിയിരിക്കുന്നു.

കാവാലം ജയകൃഷ്ണന്‍ said...

ഈ പോസ്റ്റില്‍ വ്യക്തമാക്കിയിരിക്കുന്ന ആശയം പലരുടേയും അനുഭവമാണ്. ഇവന്‍റുകള്‍ ഒരുകൂട്ടം ആള്‍ക്കാര്‍ക്ക് ആസ്വാദനവും, മറ്റൊരു കൂട്ടര്‍ക്ക്‌ ആഘോഷവും ഇനിയൊരു കൂട്ടര്‍ക്ക്‌ ലാഭവുമാകുമ്പോള്‍ ഇതിനിടയില്‍ കണ്മുന്‍പില്‍ നടക്കുന്ന പരിപാടി ഒരു നിമിഷാര്‍ത്ഥമെങ്കിലും ആസ്വദിക്കാന്‍ കഴിയാതെ, അര്‍ഹിക്കുന്ന പ്രതിഫലത്തിന്‍റെ പകുതി പോലും ലഭിക്കാതെ, ഭക്ഷണമോ ഉറക്കമോ പൊലും സമയത്തു ലഭിക്കാതെ സ്വയം ഹോമിക്കപ്പെടുന്ന ഒരുപിടി ജീവിതങ്ങള്‍ വിസ്മരിക്കപ്പെടുന്നു.

ഒരു പരിപാടിയുടെ വിജയത്തിനു വേണ്ടി വിശ്രമമില്ലാതെ പണിയെടുക്കുന്ന ഇവരുടെ നേരേയുള്ള മേലധികാരികളുടെ ധാര്‍ഷ്ട്യവും, അഹങ്കാരവും നിറഞ്ഞ ഭര്‍ത്സനങ്ങള്‍ ഒരു കാരണം കൊണ്ടും ന്യായീകരിക്കത്തക്കതല്ല.

ഈ സാങ്കേതിക വിദഗ്ധരേക്കാള്‍ ആറും ഏഴും ഇരട്ടി മാസശമ്പളം പറ്റി, യാതൊന്നും ചെയ്യാതെ, എന്നാല്‍ എല്ലാം ‘എന്‍റെ’ തലയില്‍ക്കൂടിയാണെന്ന ഭാവവുമായി അവസാനം പരിപാടിക്ക്‌ ‘ഇഷ്ടക്കാരുമായി’ വി വി ഐ പി കളോടൊപ്പം മുന്‍ നിരയില്‍ തന്നെ സ്ഥാനം പിടിച്ചിരുന്ന് ആസ്വദിച്ചു മടങ്ങുന്നവര്‍ ഒരു പക്ഷേ എല്ലാ ഇവന്‍റ് മാനേജിംഗ് കമ്പനികളുടേയും ഈ മേഖലയുടെ തന്നെ തീരാശാപമാണ്.

ബെന്യാമിന്‍റെ ഈ ലേഖനം ഒരുപിടി കലാകാരന്മാര്‍ക്ക്‌ സാഹോദര്യത്തിന്‍റെയും സാന്ത്വനത്തിന്‍റെയും ഒരു തൂവല് സ്പര്‍ശമാകുന്നെങ്കില്‍ അതു തന്നെ ഏറ്റവും വലിയ പുണ്യം...

ആശംസകളോടെ
ജയകൃഷ്ണന്‍ കാവാലം