Saturday, August 16, 2008

ദേഷാവോ - ഓർമ്മയുടെ പ്രഹേളിക.

ഖസാക്കിന്റെ ഇതിഹാസം തുടങ്ങുന്ന വരികൾ നിങ്ങൾക്കോർമ്മയുണ്ടോ..?
കൂമന്‍ കാവില്‍ ബസ്സു ചെന്നുനിന്നപ്പോൾ ആ സ്ഥലം രവിയ്ക്ക്‌ അപരിതമായി തോന്നിയില്ല. അങ്ങനെ പടർന്നു പന്തലിച്ച മാവുകൾക്കിടയിൽ നാലഞ്ച്‌ ഏറുമാടങ്ങൾക്കു നടുവിൽ താൻ ചെന്നെത്തുമെന്ന് പണ്ടേ കരുതിക്കാണണം... വരും വരായ്കകളുടെ ഓര്‍മ്മകളിലെവിടെയോ ആ മാവുകളുടെ ജരയും ദീനതയും കണ്ടുകണ്ടു ഹൃസിസ്ഥമായി തീര്‍ന്നതാണ്. കനിവു നിറഞ്ഞ വാര്‍ദ്ധക്യം, കുഷ്ഠം പറ്റിയ വേരുകള്‍. എല്ലാമതുതന്നെ...
ഇതാണാ വരികൾ...
രവിയ്ക്ക്‌ അപ്പോൾ അങ്ങനെ തോന്നാൻ എന്തായിരിക്കും കാരണം? ആദ്യമായി എത്തിയതാണെങ്കിലും രവിയ്ക്ക്‌ എന്തുകൊണ്ട്‌ ആ സ്ഥലം അപരിതമായി തോന്നിയില്ല. എന്തുതരം ഓർമ്മയുടെ ചുഴികളിൽ പെട്ടാണ്‌ രവി അന്നേരം അങ്ങനെയൊക്കെ ചിന്തിച്ചിരിക്കുക..? ഒരു കടുത്ത മതവിശ്വാസി ഒരു പക്ഷേ അതിനെ വ്യാഖ്യാനിക്കുക ഇത്‌ രവിയുടെ രണ്ടാം ജന്മമാകാം, കഴിഞ്ഞ ജന്മത്തിലെ ഓർമ്മകൾ രവിയിൽ ഉണർന്നതാകാം എന്നായിരിക്കും.
ഒരു കേവലവിശ്വാസി പറയുന്നത്‌ ഒരുപക്ഷേ രവി തന്റെ ഓർമ്മയുറയ്ക്കാത്ത ചെറുപ്പകാലത്തെപ്പോഴോ അതുവഴി വന്നിരിക്കാം. അതിന്റെ തികട്ടിവരവാണിത്‌ എന്നാവാം. ശരി. രവി എന്തുകാരണത്താലെങ്കിലും വരട്ടെ. നോവലിൽ പറയുന്നതുപോലെ അത്‌ രവിയുടെ നിയോഗമായിരുന്നു. രവി വന്നു.
സത്യത്തിൽ രവിയ്ക്കു മാത്രമുണ്ടായ ഒരനുഭവമാണോ അത്‌..? രവിയുടേതു മാതിരിയുള്ള പ്രഹേളിക നിറഞ്ഞ ചില ഓർമ്മകൾ നമ്മളെയും ചില നിമിഷങ്ങളിൽ വന്നുതൊടാറില്ലേ..? ഒരു പ്രത്യേക സ്ഥലത്തെത്തുമ്പോൾ പണ്ടെങ്ങോ ഒരു ദിവസം ഞാൻ ഈ വഴി ഇതേ സ്ഥലത്ത്‌ വന്നിട്ടുണ്ട്‌ എന്ന് പെട്ടെന്നൊരു തോന്നൽ.
ചില കാഴ്ചകൾ കാണുമ്പോൾ ഇതേ കാഴ്ക ഞാൻ കുറേദിവസങ്ങൾക്കു മുൻപ്‌ ഇതേപോലെ കണ്ടിട്ടുണ്ട്‌ എന്ന് മനസിലൊരു മിന്നൽ.
ചില പ്രവർത്തികൾ ചെയ്യുമ്പോൾ ഇതേ പ്രവർത്തി ഇതേ പോലെ തന്നെ ഞാൻ ഇന്നലെയും ചെയ്‌തത്താണല്ലോ, ഇതെന്താണൊരു തനിയാവർത്തനം എന്നൊരു തോന്നൽ.
ഉണ്ടാവാറില്ലേ..?
എവിടെനിന്നാണ്‌ ആ ഓർമ്മ നമ്മെ വന്നുതൊടുന്നത്‌..? എപ്പോഴാണ്‌ നമ്മൾ ആ അനുഭവത്തിലൂടെ കടന്നുപോയത്‌. ഓർമ്മ രഹിതമായ ഒരു കാലം നമുക്കുമുണ്ടായിരുന്നോ..? ആ കാലം വന്ന് നമ്മുടെ ഓർമ്മകളെ വീണ്ടും ഉണർത്തിയതാണോ..? എന്തുമാകട്ടെ. ആ അനുഭവത്തിന്‌ വല്ലാത്തൊരു ദുരൂഹതയുടെ മനോഹാരിതയുണ്ടെന്ന് പറയാതെ വയ്യ. കെ.പി. അപ്പന്റെ ഭാഷയിൽ പറഞ്ഞാൽ ഒരു ഭ്രമിപ്പിക്കുന്ന ദുർഗ്രഹത അതിലുണ്ട്‌.
ഇതേപ്പറ്റി ഞാൻ നടത്തിയ ചില സൗഹൃദാന്വേഷണങ്ങളിൽ ഈ അവസ്ഥവിശേഷത്തിനെ ദേഷാവോ(?) എന്നാണ്‌ വിശേഷിപ്പിക്കുന്നത്‌ എന്നറിഞ്ഞു. ഇത്‌ മനസിന്റെ ഒരു തോന്നൽ മാത്രമാണത്രെ. എന്നാലും നമ്മൾ ഒരു രണ്ടാം അനുഭവത്തിലൂടെ കടന്നുപോകുന്നതായി നമുക്ക്‌ തോന്നുന്നുവത്രെ!
എങ്കിൽ രവിയ്ക്കുണ്ടായ ദേഷാവോയാണോ ഖസാക്കിന്റെ ഇതിഹാസത്തിന്റെ ആദ്യവരികൾ..? ഇതേപ്പറ്റി കൂടുതൽ ആധികാരികമായി വിവരിക്കാൻ അറിയാവുന്നവർ ദയവായി ഇതിനോട്‌ പ്രതികരിക്കും എന്ന് പ്രതീക്ഷിക്കുന്നു.

15 comments:

ബെന്യാമിന്‍ said...

രവിയ്ക്കുണ്ടായ ദെഷാവോയാണോ ഖസാക്കിന്റെ ഇതിഹാസത്തിന്റെ ആദ്യവരികള്‍..?

Anonymous said...

ആശംസകള്‍ എന്താണീ 'പ്രഹേളിക' സര്‍.....?

അനില്‍@ബ്ലോഗ് // anil said...

സത്യം,
ചില ആള്‍ക്കാരെ കാണുമ്പോള്‍ പെട്ടന്നു തോന്നും ഇവരെ നമുക്കു പണ്ടെ പരിചയമുണ്ടല്ലോ എന്നു.

അടകോടന്‍ said...

സത്യം
ഈ അനുഭവം ഒരു പാടു തവണ ഉണ്ടായിട്ടുണ്ട്.
മുമ്പ് വല്ല സ്വപ്നത്തിലും കണ്ടിരുന്നതാകും ........

VidyadasPrabhu said...

താങ്കള്‍ സൂചിപ്പിച്ചത് പോലെ അത്യന്തം ദുര്‍ഗ്രഹമാണ് ഈ അനുഭവത്തെ അപഗ്രഥിക്കുകഎന്നത്. എന്‍റെ എളിയ അഭിപ്രായം പറയുകയാണെങ്കില്‍,
മനസ്സ് പുരാതനമാണ്. വെറുമൊരു പുനര്‍ജന്‍മം എന്ന അര്‍ത്ഥത്തിലല്ല ഞാനുദ്ദേശിക്കുന്നത്. നമ്മുടെയൊക്കെ മൊത്തം ഇന്നലെകളെ കണക്കിലെടുത്താല്‍
അതു കുറേശ്ശെ വെളിവായി വരും. പ്രവര്‍ത്തിയില്‍ നിന്നു തുടങ്ങി പിന്നാക്കം പോവുകയാണെങ്കില്‍, പ്രവര്‍ത്തി, അതിനു തൊട്ടുള്ള കാരണമായ
ചിന്തകള്‍, അതിനും കാരണമായിരിക്കുന്ന സങ്കല്‍പ്പങ്ങള്‍, അതിനു അടിസ്ഥാനമായ അനുഭവങ്ങള്‍, ആ അനുഭവങ്ങള്‍ സങ്കല്‍പ്പങ്ങളായി ഉള്ളില്‍
കുടിയേറാനായുണ്ടായ മനസ്ഥിതി(ഈഗൊ)..ഇതിനെ പിന്തുടര്‍ന്ന് പോയാല്‍ മിനിമം മനസ്സ് പുരാതനമാണ് എന്നത് തീര്‍ച്ചയാവും.
ഈ റിറ്റ്റോസ്പെക്ഷന്‍ തെളിഞു വരുമ്പോള്‍ അതില്‍ നിന്ന് പാരസ്പര്യ ബന്ധമുള്ള അനുഭവങ്ങള്‍
തിരഞ്ഞെടുക്കാനുമാവും.. പക്ഷെ അതുകൊണ്ടൊരു ഗുണവുമില്ല. പ്രാരബ്ധം പിന്നെയും ബാക്കി...

ബെന്യാമിന്‍ said...

പ്രതികരിച്ചവരെ നന്ദി. വിദ്യാദാസ് കുറേക്കൂടി ആഴത്തില്‍ കാണാന്‍ ശ്രമിച്ചിരിക്കുന്നു.. നന്ദി. ശരിക്കും ഈ ദേഷാവോയെക്കുറിച്ച് മനശാസ്‌ത്രം എന്താണ് പറയുന്നതെന്ന് ആധികാരികമായി പറയാന്‍ ആരെങ്കിലും കടന്നുവരുമെന്ന് ഇപ്പോഴും പ്രതീക്ഷിക്കുന്നു.

Jayesh/ജയേഷ് said...

ഗുസ്തവ് യുങ് ഇതിനെക്കുറിച്ച് പഠനങ്ങള്‍ നടത്തിയിട്ടുണ്ട്. ജീനുകളിലൂടെ ഓര്‍ മ്മയുടെ ശകലങ്ങള്‍ പകര്‍ ന്ന് കിട്ടപ്പെടുന്നത് കൊണ്ടാണ്` ഈ പരിചയം തോന്നുന്നതെന്നാണ്` അദ്ദേഹം പറയുന്നത്. നമ്മുടെ മുന്‍ ഗാമികള്‍ ആരെങ്കിലും വന്ന് പോയ സ്ഥലങ്ങളിലൂടെ ആദ്യമായി സന്ചരിക്കുകയാണെങ്കിലും പരിചയം തോന്നാനിടയുണ്ടെന്നാണ്` കണ്ടുപിടുത്തം . എന്റെ ഓര്‍ മ്മ ശരിയാണോയെന്നറിഞ്ഞൂട, വര്‍ ഷങ്ങള്‍ ക്ക് മുമ്പ് വായിച്ചതാണ്` .. തെറ്റാണെങ്കില്‍ തിരുത്തുക.

മനോജ് കുറൂര്‍ said...

എനിക്കും ഉണ്ടായിട്ടുണ്ട് ഒരു ദെഷാവോ. അതു പറഞ്ഞാല്‍ ദേഷ്യാവ്വോ ബെന്നീ? കോട്ടയത്തുവച്ച് ബെന്യാമീനുമായി ആദ്യം കണ്ടപ്പോള്‍ നേരത്തെ കണ്ടിട്ടുണ്ടല്ലൊ എന്നൊരു തോന്നല്‍! Jose Cuervo എന്ന Tequila ബ്രാന്‍ഡിന്റെ പേരു ലോപിച്ചാണ് ‘ദേഷാവോ’ എന്നായത് എന്നാണ് എനിക്കു തോന്നുന്നത്. കാളിദാസന്‍ ‘ഭാവസ്ഥിരാണി ജനനാന്തരസൌഹൃദാനി’ എന്ന ഒരു നീണ്ട അടിക്കുറിപ്പാണ് ഈ ബ്രാന്‍ഡിനു നല്‍കിയത്.
ഇതു കഴിച്ചു ലക്കു കെട്ട ലക്കാന്‍ സ്വന്തം പേരു ഴാക് എന്നു തിരുഥ്തിയതായും കേട്ടിട്ടുണ്ട്....
ബെന്നീ...ചുമ്മാ :)

ബെന്യാമിന്‍ said...

ഡിലൈലയുടെ വിശദീകരണം കൂടുതല്‍ സ്വീകാര്യമായി തോന്നുന്നു.
മനോജ്. അദ്ഭുതം! ഉഗ്രന്‍ വിശദീകരണം.

Jayesh/ജയേഷ് said...

ഫ്രോയ്ഡ് തുടങ്ങി വച്ച സൈക്കൊ അനലിസിസ് വിപുലീകരിച്ചത് അദ്ദേഹത്തിന്റെ ശിഷ്യനായ കാള്‍ ഗുസ്തവ് യുങ് ആണെന്നാണറിവ്. അതിനോട് ബന്ധപ്പെട്ട പഠനങ്ങളിലാണ്` അദ്ദേഹം മനസ്സില്‍ ഓര്‍ മ്മകള്‍ രേഖപ്പെടുത്തുന്നതിനെക്കുറിച്ച് പറയുന്നത്. കാലിക്കറ്റ് സര്‍ വ്വകലാശാല പ്രസിദ്ധീകരിച്ച ഈഡിപ്പസ് യന്ത്രം എന്ന പുസ്തകം മാത്രമേ ഞാന്‍ വായിച്ചിട്ടുള്ളൂ. കൂടുതല്‍ അറിവുള്ളവര്‍ ദയവായി ലിങ്കുകള്‍ തന്ന് സഹായിക്കണമെന്ന് അപേക്ഷ

വിശാഖ് ശങ്കര്‍ said...

യൂങ്ങിന്റെ റേഷ്യല്‍ മെമ്മറി എന്ന കോണ്‍സെപ്റ്റ്
വിശാലമായ ഒരു തലത്തില്‍ ഇതിനോട് ചേര്‍ത്ത് വായിക്കാവുന്നതാണെങ്കിലും പൊടുന്നനേ ഉണര്‍ത്തപ്പെടുന്ന അബോധ സ്മരണകളാണ് ദൈഷാവു നു പ്രചോദനം എന്ന് തോന്നുന്നു.ഈ വിഷയത്തില്‍ സൂരജിന്റെ ഒരു ലേഖനം ബ്ലോഗില്‍ വന്നിരുന്നു. കണ്ടുവോ?
http://medicineatboolokam.blogspot.com/2008/08/blog-post.html

അനില്‍ വേങ്കോട്‌ said...

'already seen' എന്ന് അര്‍ത്ഥം വരുന്ന ഫ്രഞ്ച് പ്രയോഗമാണ് ദേയ്ഷാവു ( deja vu)
paramnesia എന്ന് കൂടി ഇതു അറിയപെടുന്നു .ഫ്രഞ്ച് ഗവേഷകനായ Emile Boriac(1851-1917) നടത്തിയ പഠനങ്ങള്‍ തന്‍റെ The Future of Psychic Sciences എന്ന പുസ്തകത്തില്‍ എഴുതിയിട്ടുണ്ട്. 70% ആളുകളും ഒരിക്കലെങ്ങിലും ഇത്തരം ഒരു അനുഭവത്തിലൂടെ കടന്നു പോയ്ട്ടുണ്ട് . കാഴ്ച ഉണര്‍ത്തുന്ന ചില പൂര്‍വകാല സാമ്യങ്ങള്‍ കാരണം cerebral hemispheres - ല്‍ സംഭവിക്കുന്ന ചില crossings ആണ് ഇത്തരം അനുഭവം തരുന്നത് . para psychology - ല്‍ കൂടുതല്‍ പഠനങ്ങള്‍ നടന്നു കാണുന്നു .

സാല്‍ജോҐsaljo said...

ആധികാരികമായി അറിയില്ല.

ഒരേസമയത്ത് മുൻപ് കണ്ട മൂന്നിലധികം ഒബ്ജക്ടുകളെ ഒരേരീതിയിൽ വീണ്ടും കണ്ടാൽ ആ അവസ്ഥ നമ്മൾ മുൻപുണ്ടായിരുന്നതായി തോന്നാം എന്നൊരാളും, മുജ്ജന്മത്തിലെ ആവർത്തനമാണ് ഈ ജന്മമെന്നും, അതിലെ ചിലകാര്യങ്ങൾ നമുക്കോർമ്മിക്കാൻ കഴിയുമെന്ന് മറ്റൊരുമാഷും വാദിച്ചിരുന്നു. ക‌മ്യൂണിസ്റ്റ് ചിന്താഗതി കൊണ്ട് നടന്ന അയാൾ പറഞ്ഞത് വിരോധാഭാസമായേ തോന്നിയിട്ടുള്ളൂ. എന്നാൽ ഒബ്ജക്ട് അനലൈസ് അങ്ങനല്ല. മുൻപ് കണ്ടതിന് സമാനമായി മെമ്മറിയിൽ രെജിറ്ററായ കുറെ വസ്തുക്കളോ, രൂപങ്ങളോ വീണ്ടും ആവർത്തിക്കപ്പെടുന്നു. പ്രകൃതിയും സമയവും വരെ ഈ ‘ഒബ്ജക്ടു‘കളിൽ പെടും!

മാഷെ ‘കൂനന്മാവ’ല്ല കൂമൻ‌കാവല്ലേ? (എല്ലാ മാവുംകൂടി കൺഫ്യൂഷനടിപ്പിച്ചോ?).

ബെന്യാമിന്‍ said...

ഡിലൈല വീണ്ടും വിശദീകരണത്തിന് നന്ദി. വിശാഖിന്റെ ലിങ്ക് ഏറെ പ്രയോജനകരമായിരുന്നു. അതില്‍ നിന്നും നല്ലൊരു വിശദീകരണം കിട്ടി.
അനില്‍, deja vu എന്ന സ്പെല്ലിംഗ് തന്നു. അതുകൊണ്ട് നെറ്റില്‍ കൂടുതല്‍ പരതാന്‍ കഴിഞ്ഞു.
സാല്‍‌ജോ - തെറ്റു ചൂണ്ടിക്കാണിച്ചതിന് നന്ദി. തിരുത്തിയിട്ടുണ്ട്.

shiju said...

chithrathile kaaryam....nirangal nammodu kadha parayunnathu jeevidathil eppozhenkilum nam aa nirangaliloode kadannupoyathu kondanu.nammal kadannu poya vazhiyile niravum manavum sabdavum athinodu saamyamulla enthekilum anubhavathiloode kadannu pokumbol ithu njaan munp evideyo.........thonnippokum . ennenikku thonnunnu.