Monday, September 01, 2008

ആടുജീവിതം - ആമുഖം


ആടുജീവിതം

മുന്‍‌കഥ

ഒരു ദിവസം സുനില്‍ എന്ന സുഹൃത്താണ് വളരെ യാദൃശ്ചികമായി നജീബ് എന്നൊരാളെക്കുറിച്ച് എന്നോടാദ്യമായി പറയുന്നത്. നമ്മള്‍ എവിടെയൊക്കെയോ വിവിധ ഭാഷ്യങ്ങളോടെ കേട്ടിട്ടുള്ള ഒരു ഗള്‍ഫുകഥയുടെ തനിയാവര്‍ത്തനം എന്നേ എനിക്കന്നേരം തോന്നിയുള്ളൂ. ഞാനതത്ര ഗൌരവമായി എടുത്തില്ല. എന്നാല്‍ സുനില്‍ എന്നെ നിര്‍ബന്ധിച്ചുകൊണ്ടിരുന്നു. നീ പോയി നജീബിനെ കാണണം. അയാളോട് സംസാരിക്കണം. അയാള്‍ പറയുന്നത് കേള്‍ക്കണം. കഴിയുന്നെങ്കില്‍ എഴുതണം. ഒരു ചെറിയ പ്രശ്നം പോലും നേരിടാനാവാതെ കൂമ്പിപ്പോകുന്ന നമുക്കൊക്കെ അയാളൊരു അനുഭവമാണ്.

ഞാന്‍ പോയി. നജീബിനെക്കണ്ടു. വളരെ നിര്‍മ്മമനായ ഒരു മനുഷ്യന്‍ ‘അതൊക്കെ ഒത്തിരി പണ്ടു നടന്നതല്ലേ, ഞാനതൊക്കെ മറന്നുപോയി’ എന്നായിരുന്നു അതെപ്പറ്റി അന്വേഷിച്ചപ്പോള്‍ വളരെ സങ്കോചത്തോടെ ആദ്യം നജീബ് പറഞ്ഞത്.

എന്നാല്‍ ഏറെ നിര്‍ബന്ധിച്ചപ്പോള്‍ നജീബ് പതിയെ ആ ജീവിതം പറയാന്‍ തുടങ്ങി. അതുവരെ മറന്നെന്നു വിചാരിച്ചു കിടന്ന സംഭവങ്ങള്‍ ‍ ഓരോന്നായി നജീബിന്റെ കണ്ണില്‍ നിന്നും പുറത്തുവരാന്‍ തുടങ്ങി. അതിന്റെ തീക്ഷ്ണത എന്നെ ശരിക്കും അമ്പരപ്പിച്ചുകളഞ്ഞു.

പിന്നെ ഒരുപാടുതവണ ഞാന്‍ നജീബിനെക്കണ്ടു. അയാളെ മണിക്കൂറുകളോളം സംസാരിപ്പിച്ചു. ആ ജീവിതത്തിന്റെ ഓരോ സൂക്ഷ്മാംശങ്ങളും ചോദിച്ചറിഞ്ഞു. നമ്മള്‍ കേട്ടിട്ടുള്ള കഥകള്‍ പലതും എത്രയധികം അവ്യക്‌തവും ഉപരിപ്ലവവും അനുഭവരഹിതവുമാണെന്ന് എനിക്കന്നേരം മനസിലായി.

കേള്‍ക്കാന്‍ പോകുന്ന ജീവിതം ഒരു കഥയാക്കിയേക്കാം എന്ന ഉദ്ദേശ്യമൊന്നും നജീബിനെ ആദ്യം കാണാന്‍ പോകുമ്പോള്‍ എനിക്കില്ലായിരുന്നു. ജീവിതത്തില്‍ ഇങ്ങനെയും ചില അധ്യായങ്ങളിലൂടെ കടന്നുപോയിട്ടുള്ള ഒരാളെ പരിചയപ്പെട്ടിരിക്കുക എന്ന കൌതുകം മാത്രം.

എന്നാല്‍ കൂടുതല്‍ അറിഞ്ഞപ്പോള്‍ എനിക്കതേപ്പറ്റി എഴുതാതിരിക്കാ‍ന്‍ ആവില്ലായിരുന്നു. എത്രലക്ഷം മലയാളികള്‍ ഈ ഗള്‍ഫില്‍ ജീവിച്ചുകൊണ്ടിരിക്കുന്നു. എത്രലക്ഷം പേര്‍ ജീവിച്ച് തിരിച്ചുപോയിരിക്കുന്നു. അവരില്‍ എത്രപേര്‍ സത്യമായും മരുഭൂമിയുടെ തീക്ഷ്ണത അനുഭവിച്ചിട്ടുണ്ട്..?

നജീബിന്റെ ജീവിതത്തിനുമേല്‍ വായനക്കാരന്റെ രസത്തിനുവേണ്ടി കഥയുടെ അടുക്കുകളും തൊങ്ങലുകളും ഏറെയൊന്നും വച്ചുകെട്ടുവാന്‍ എനിക്കു തോന്നിയില്ല. അതില്ലാതെ തന്നെ നജീബിന്റെ ജീവിതം വായന അര്‍ഹിക്കുന്നുണ്ട്. ഇത് നജീബിന്റെ കഥയല്ല, ജീവിതമാണ് , ആടുജീവിതം!
(നോവലിന് എഴുതിയ ആമുഖം)

പ്രിയപ്പെട്ടവരെ, എന്റെ ആടുജീവിതം എന്ന നോവല്‍ - ഗ്രീന്‍ ബുക്‌സ് തൃശൂര്‍ പ്രസിദ്ധീകരിച്ചു. ഏവരുടെയും വായന ആഗ്രഹിക്കുന്നു.

14 comments:

ബെന്യാമിന്‍ said...

ആടുജീവിതം എന്ന നോവലിന്റെ ആമുഖം

Unknown said...

oru copy varuthanam. vayikkanam.

Unknown said...

ആശംസകള്‍ :)

ആമുഖം കൊള്ളാം... ബാക്കിയ് വയിക്കണമെന്നു തോന്നി

മയൂര said...

ആശംസകൾ...:)

വല്യമ്മായി said...

ഒരു പാട് കഥകള്‍ ഒരോ മണല്‍കാറ്റിലും ഇത് പോലെ മാഞ്ഞ് പോകുന്നുണ്ട്. നോവല്‍ വാങ്ങാം,വായിക്കാം.

Raziman T V said...

വായിച്ചു
വളരെ നന്നായിട്ടുണ്ട്
അഭിനന്ദനങ്ങള്‍

നിരക്ഷരൻ said...

വാങ്ങി,വായിച്ചു, കുറേ വൈകിയാണെങ്കിലും. നെഞ്ചിലേക്ക് ആ വരികള്‍ ഓരോന്നും പൊള്ളിപ്പടര്‍ന്നുപിടിക്കുകയും ചെയ്തു.

എന്നാലാവുന്നതുപോലെ ആ തീ കുറേ ഇവിടെ കുടഞ്ഞിടുകയും ചെയ്തു.

നന്ദി ബന്യാമിന്‍ , നന്ദി.

ചാണക്യന്‍ said...

പ്രിയ ബെന്യാമിൻ,

മുകളിൽ കമന്റിയ നിരക്ഷരന്റെ പോസ്റ്റ് പിന്തുടർന്നാണ് ഇവിടെ എത്തിയത്.....

ആടുജീവിതം വായിക്കാനുള്ള ത്വര ഉണർന്നു കഴിഞ്ഞു....

ആശംസകൾ സുഹൃത്തെ ഇനിയും കാണാം....

നന്ദകുമാര്‍ ഇളയത് സി പി said...

ഒരുപാടു വൈകിയാണിവിടെ വരുന്നത്.ഞാന്‍ ഒരു അധ്യാപകനാണ്. ഇപ്പോള്‍ ഈ പുസ്തകം കാലിക്കറ്റ് സര്‍വ്വകലാശാലയുടെ സെമസ്റ്റര്‍ ഡിഗ്രിയുടെ രണ്ടാംഭാഷ പഠനവിഷയമാണ്. ആ ആവശ്യത്തിലേയ്ക്ക് പുസ്തകം പുനര്‍വായന നടത്തുകയുണ്ടായി. നജീബിനെ കുറിച്ച് കൂടുതല്‍ അറിയാന്‍ താല്പര്യമുണ്ട്. എനിയ്ക്കും എന്‍റെ വിദ്യാര്‍ത്ഥികള്‍ക്കും

നിരക്ഷരൻ said...

ആടുജിവിതം വലിയൊരു കാന്‍വാസില്‍ ചലച്ചിത്രമാക്കാന്‍ ആഗ്രഹമുണ്ടെന്ന് സംവിധായകല്‍ ലാല്‍ ജോസ്. ആ ആഗ്രഹം സഫലമാകട്ടെ. അഭിനന്ദനങ്ങള്‍ ബന്യാമിന്‍ .

നിരക്ഷരൻ said...

കേരള സാഹിത്യ അക്കാഡമി അവാര്‍ഡിന് നേടിയ ആടുജീവിതത്തിന്റെ കഥാകാരന്‍ ബന്യാമിന് അഭിനന്ദനങ്ങള്‍.

ഒപ്പം നജീബിനും അഭിനന്ദനങ്ങള്‍.
3 കൊല്ലത്തിലധികം മരുഭൂമിയിലിട്ട് കഷ്ടപ്പെടുത്തിയതിന് പരമകാരുണികന്‍ ഇതാ പലിശയടക്കം തിരികെ തന്നിരിക്കുന്നു നജീബേ.

മത്താപ്പ് said...

അവാര്‍ഡ് വാര്‍ത്ത അറിഞ്ഞു ,
ആശംസകള്‍ .......

Bijimon Poomuttam said...

പ്രിയപ്പെട്ട ബെന്യാമിന്‍, അവാര്‍ഡ് വാര്‍ത്ത അറിഞ്ഞു. വളരെ സന്തോഷം. പരുമല സെമിനാരിയില്‍ നിന്ന് പ്രവര്‍ത്തിക്കുന്ന സഭയുടെ ഔദ്യോഗിക ന്യുസ് സൈറ്റായ കാതോലിക്കേറ്റ് ന്യുസില്‍ ഞാന്‍ അത് പബ്ലിഷ് ചെയ്തിട്ടുണ്ട്. ഫാ. എബ്രഹാം കോശി ആണ് എനിക്ക് ഈ ന്യൂസ്‌ അയച്ചു തന്നത്. എല്ലാ ആശംസകളും നേരുന്നു.. ബിജിമോന്‍ പരുമലസെമിനാരി

ഷൈജൻ കാക്കര said...

അഭിനന്ദനങ്ങൽ...

ഈ നോവലെങ്ങിലും വായിച്ച്‌ ഒരു ഭരണാധികാരിയെങ്ങിലും പ്രവാസികളെപറ്റി ഒരു നിമിക്ഷം ചിന്തിച്ചിരുന്നുവെങ്ങിൽ...