Monday, January 12, 2009

പെരുമ്പടവം ശ്രീധരനുമായി അഭിമുഖം

പ്രശസ്‌ത സാഹിത്യകാരൻ ശ്രീ. പെരുമ്പടവം ശ്രീധരനുമായി നടത്തിയ ഒരു ചെറിയ അഭിമുഖം:
1. പെരുമ്പടവം എന്നു കേൾക്കുമ്പോൾ മലയാളിയുടെ മനസ്സിൽ ആദ്യം എത്തുന്നത്‌ സങ്കീർത്തനം പോലെ എന്ന നോവലാണ്‌. ഒരുപക്ഷേ ചിലപ്പോൾ അതുമാത്രം. ഈയൊരു നോവലിന്റെ അമിതവായനയിൽ മറ്റു നോവലുകൾ അവഗണിക്കപ്പെടുന്നു എന്ന് തോന്നിയിട്ടുണ്ടോ..?
ലോകത്തിലെ മിക്ക എഴുത്തുകാരും നേരിട്ടിട്ടുള്ള ഒരു പ്രശ്നമാണിത്‌. നമ്മുടെ ഇടയിൽ വിജയനും ഖസാക്കും ഒരു ഉദാഹരണമാണ്‌. ഒരു എഴുത്തുകാരനെ സംബന്ധിച്ചിടത്തോളം എഴുതപ്പെടുന്ന ഓരോ കൃതിയും അവന്‌ പ്രിയപ്പെട്ടതാണ്‌. തന്റെ മുൻപത്തെ നോവലിനെക്കാൾ മഹത്തായ ഒരു നോവൽ സൃഷ്ടിക്കാനാണ്‌ ഒരോ എഴുത്തുകാരനും ശ്രമിച്ചുകൊണ്ടിരിക്കുന്നതും. എന്റെ - അഭയം, സങ്കീർത്തനം പോലെ, അരൂപികളുടെ മൂന്നാം പ്രാവ്‌ ഒക്കെ എനിക്ക്‌ പ്രിയപ്പെട്ടതാണ്‌. പ്രശസ്‌ത നിരൂപകൻ നരേന്ദ്രപ്രസാദ്‌ പറഞ്ഞത്‌ സങ്കീർത്തനം അല്ല അരൂപികളുടെ മൂന്നാം പ്രാവാണ്‌ എന്റെ നല്ല കൃതി എന്നാണ്‌. പക്ഷേ വായനക്കാരുടെ ഇടയിൽ വരുമ്പോൾ കാര്യങ്ങൾ നേരെ തിരിയുന്നു. ഒരു തിരഞ്ഞെടുപ്പ്‌ ഉണ്ടാകുന്നു. അതെങ്ങനെയാണ്‌ നടക്കുന്നത്‌ എന്ന് ആർക്കും പറയാനാവില്ല. അവർ എഴുത്തുകാരന്റെ ഏതെങ്കിലും ഒരു കൃതി വല്ലാതെ ഇഷ്ടപ്പെടുന്നു. ആ ഇഷ്ടത്തിനിടയിൽ മറ്റു കൃതികൾക്ക്‌ പ്രാധാന്യം കുറഞ്ഞു എന്നുവരാം. എന്നാൽ വായിക്കപ്പെടാതിരിക്കുന്നില്ല.
2. എങ്ങനെയാണ്‌ ദസ്‌തയോവസ്‌കിയിൽ എത്തപ്പെടുന്നത്‌..?
എന്റെ പതിനാറാം വയസ്സിലാണ്‌ ഞാൻ ആദ്യമായി കുറ്റവും ശിക്ഷയും വായിക്കുന്നത്‌. ആ കൃതി എന്നിലുണ്ടാക്കിയ മാറ്റം എനിക്ക്‌ വിവരിക്കാനാവില്ല. സാഹിത്യത്തിലെ ഒരു വലിയ ചക്രവാളം ഞാനന്ന് കണ്ടെത്തുകയായിരുന്നു. പെരുമ്പടവം ഒരു ഓണം കേറാമൂലയാണ്‌. അവിടന്ന് ഒരു വായനശാല പോലുമില്ല. എന്നാലും അദ്ദേഹത്തിന്റെ കൃതികൾ ഞാൻ തേടിപ്പിടിച്ചു വായിച്ചു. പിന്നീട്‌ അദ്ദേഹത്തിന്റെ ജീവിതകഥ വായിച്ചു. ആന്ദ്രേജീതാണ്‌ ആദ്യമായി അദ്ദേഹത്തിന്റെ ജീവിത കഥ എഴുതുന്നത്‌. അതേ തുടർന്ന് പലരും എഴുതിയിട്ടുണ്ട്‌. അതിലെല്ലാം അദ്ദേഹത്തിനെ അരാജകവാദി, അപസ്മാര രോഗി, ആഭാസൻ, മദ്യപാനി, ചൂതുകളിക്കാരൻ എന്നൊക്കെയാണ്‌ വിശേഷിപ്പിച്ചിരിക്കുന്നത്‌. ഇരുണ്ട പ്രതിഭ എന്ന് ഗോർക്കിയും ഭ്രാന്താലയത്തിലെ ഷേക്സ്‌പിയർ എന്ന് ലെനിനും അദ്ദേഹത്തെ വിളിച്ചു. എന്നാൽ വായനയുടെ ഒരു ഘട്ടത്തിൽ ഈ ജീവിതകഥകളെയെല്ലാം ഞാൻ അവിശ്വസിക്കാൻ തുടങ്ങി. ഇതൊന്നുമല്ല യഥാർത്ഥ ദസ്‌തയോവസ്‌കി. ഒരു വിശുദ്ധമായ പർവ്വ്വതത്തിൽ നിന്നേ വിശുദ്ധമായ ഉറവ ഉണ്ടാവുകയുള്ളൂ. വേദപുസ്‌തകത്തിനു തുല്യമായ കൃതികൾ എഴുതിയ അദ്ദേഹം പ്രവാചകതുല്യനായ ഒരു മനുഷ്യനാണ്‌ എന്ന തോന്നൽ എനിക്കുണ്ടായി. അതിന്റെ ഫലമാണ്‌ ഒരു സങ്കീർത്തനം പോലെ.
3. എങ്ങനെയാണ്‌ സങ്കീർത്തനം പോലെ എന്ന പേര്‌ ആ നോവലിന്‌ ഉണ്ടാകുന്നത്‌..?
ദസ്‌തയോവ്സ്കിയുടെ കൃതികൾ സൂക്ഷ്‌മമായി പഠിച്ചാൽ ആ കൃതികളിലെല്ലാം കുറ്റബോധത്തിന്റെയും അനുതാപത്തിന്റെയും ഒരു വിലപസ്വരം നമുക്ക്‌ കണ്ടെത്താൻ കഴിയും. അതുപോലെയുള്ള ഒരു വിലാപമാണ്‌ ദാവീദിന്റെ സങ്കീർത്തനങ്ങൾ. ഞാൻ ഇവ തമ്മിൽ ഒരു സാമിയം കണ്ടെത്തുകയായിരുന്നു ആ പേരിലൂടെ.
4. ഏതു മഹാന്മാരായ എഴുത്തുകാരുടെ സാഹിത്യജീവിതം പരിശോധിച്ചാലും വളർച്ചയുടെ ഒരു വലിയ ഘട്ടം നമുക്ക്‌ കാണാൻ കഴിയും. എന്നാൽ എന്തുകൊണ്ടാണ്‌ മലയാള സാഹിത്യകാരന്മാരുടെ സർഗ്ഗാത്മകത ഒരൊറ്റ കൃതിയിൽ ഒതുങ്ങിപ്പോകുന്നത്‌..?
എല്ലാ എഴുത്തുകാരും സ്വയം നവീകരിക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുന്നവരാണ്‌. ഓരോ കൃതികൾ തമ്മിലും നവീകരണ ശ്രമഫലമായി ഉണ്ടാകുന്ന വ്യത്യസ്‌തത്ത നമുക്ക്‌ കണ്ടെത്താൻ കഴിയും. ഉദാഹരണത്തിന്‌ നമ്മുടെ എം.ടി. അദ്ദേഹത്തിനെപ്പറ്റിയുള്ള പൊതുവിലയിരുത്തൽ എന്താണ്‌.. ഫ്യുഡലിസ്റ്റ്‌ വ്യവസ്‌ഥിതിയുടെ തകർച്ചയെപ്പറ്റി എഴുതിയ ആൾ എന്നാണ്‌. എന്നാൽ സൂക്ഷ്‌മമായി പഠിച്ചു നോക്കൂ. നാലുകെട്ടിൽ നിന്ന് എത്ര വ്യത്യസ്‌തമാണ്‌ കാലം. അതിലും എത്രയോ വ്യത്യസ്‌തമാണ്‌ മഞ്ഞ്‌. ഇതിൽ നിന്നൊക്കെ ഒരു വലിയ വികാസമാണ്‌ നാം അസുരവിത്തിൽ എത്തുമ്പോൾ കാണുന്നത്‌. കഴിഞ്ഞ അൻപതു വർഷത്തെ ഏറ്റവും നല്ല മലയാള നോവൽ ഏതെന്ന് എന്നോടു ചോദിച്ചാൽ ഞാൻ അസുരവിത്ത്‌ എന്നു പറയും. പ്രത്യക്ഷത്തിൽ അതൊരു ഗ്രാമത്തിന്റെ കഥയാണെങ്കിലും ഇന്നത്തെ അവസ്ഥയിൽ അത്‌ മൊത്തം കേരളത്തിന്റെ കഥയാണ്‌ ഇന്ത്യയുടെ കഥയാണ്‌. ബഷീറിലേക്ക്‌ വരുക. ബാല്യകാലസഖിയിൽ നിന്നും മതിലുകളിലെത്തുമ്പോൾ വളർച്ചയുടെ ഒരു വലിയ പടവ്‌ അദ്ദേഹം പിന്നിടുന്നതായി നമുക്ക്‌ കാണാൻ കഴിയും.
5. താങ്കളുടെ കാഴ്ചപ്പാടിൽ എന്താണ്‌ സ്നേഹം..?
ഞാൻ എന്റെ കുട്ടികളെ ഭാര്യയെ സഹോദരങ്ങളെ കുടുംബത്തിനെ സ്നേഹിക്കുന്നത്‌ ഒരിക്കലും സ്നേഹമല്ല. അതിന്റെ പേര്‌ സ്വാർത്ഥത എന്നാണ്‌. പക്ഷേ പലപ്പോഴും സ്വാർത്ഥതയെയാണ്‌ നാം സ്നേഹം എന്ന് വിളിക്കുന്നത്‌. സ്നേഹിക്കയുണ്ണീ നീ നിന്നെ നോവിക്കുമാത്മാവിനെയും എന്നാണ്‌ കുമാരനാശാൻ പാടിയിരിക്കുന്നത്‌. അതാണ്‌ സ്നേഹം. നിന്നെ ദ്രോഹിക്കുന്നവരെ, നിന്നെ ദുഷിക്കുന്നവരെ, നിന്റെ ശത്രുവിനെ നിനക്ക്‌ സ്നേഹിക്കാൻ കഴിയുമെങ്കിൽ അതാണ്‌ സ്നേഹം.
6. പല ചരിത്ര വ്യക്‌തികളുടെയും ജീവിതം കഥയാക്കുന്ന ആൾ എന്നൊരു വിമർശനം ഉണ്ടായിട്ടുണ്ടല്ലോ. എന്താണ്‌ മറുപടി..?
എന്റെ മിക്ക നോവലുകളെക്കുറിച്ചും ഉള്ള ഒരു വിമർശനമാണത്‌. അഭയം - രാജലക്ഷ്‌മി, അരൂപികളുടെ മൂന്നാം പ്രാവ്‌ - ജോൺ ഏബ്രഹാം, പിന്നെ ദസ്‌തയോവസ്കി, കുമാരനാശാൻ , നാരായണ ഗുരു.. സത്യത്തിൽ ഇവരുടെയൊന്നും ജീവിതമല്ല ഞാൻ കഥകൾ ആക്കുന്നത്‌. പകരം ഇവരുടെ ജീവിത ദർശനങ്ങളാണ്‌. പിന്നെ അവർ ജീവിച്ചിരുന്നവരല്ല എന്റെ കഥാപാത്രങ്ങൾ മാത്രമാണ്‌. ഇവരുടെ ഒക്കെ ദർശങ്ങളിൽ മഹത്തായ ഒരു ജീവിതത്തിന്റെ സന്ദേശമുണ്ടായിരുന്നു എന്ന് നോവലിലൂടെ വരച്ചുകാട്ടുകയാണ്‌ ഞാൻ ചെയ്യുന്നത്‌.
7. എന്താണ്‌ താങ്കളുടെ സിനിമാജീവിതം..?
ഒരു തൊഴിൽ എന്ന നിലയിൽ ഞാൻ സിനിമയുമായി ബന്ധപ്പെട്ടിട്ടുണ്ട്‌. ആഹാരത്തിനുള്ള വക തേടൽ എന്ന നിലയിൽ. അങ്ങനെ പന്ത്രണ്ട്‌ സിനിമകൾക്ക്‌ ഞാൻ തിരക്കഥ എഴുതിയിട്ടുണ്ട്‌. മൂന്നെണ്ണത്തിന്‌ അവാർഡും കിട്ടിയിട്ടുണ്ട്‌. എന്റെ നോവലുകളിൽ ചിലത്‌ സിനിമ ആക്കിയിട്ടുണ്ട്‌. അഭയത്തിന്റെ സംവിധായകൻ രാമു കാര്യാട്ട്‌ ആയിരുന്നു. അവസാനം എന്റെ ഹൃദയത്തിന്റെ ഉടമ സംവിധാനം ചെയ്‌തു. ഇതൊക്കെയാണെങ്കിലും എന്റെ ആത്മാവ്‌ സാഹിത്യത്തിനൊപ്പമാണ്‌.
8. പുതിയ നോവലുകളെക്കുറിച്ച്‌..?
ഉടനെ പ്രസിദ്ധീകരിക്കാൻ പോകുന്ന എന്റെ നോവലിന്റെ പേര്‌ -ഒരു കീറ്‌ ആകാശം - എന്നാണ്‌. ഗുരുദേവനു ശേഷമുള്ള കേരളീയ സാംസ്കാരിക ജീവിതത്തിന്റെ ഒരു പരിച്ഛേദമാണ്‌ ഞാനതിൽ വരച്ചു കാണിക്കാൻ ശ്രമിക്കുന്നത്‌. ഗുരുദേവൻ, കുമാരനാശാൻ, കെ അയ്യപ്പൻ, കേസരി. എം. ഗോവിന്ദൻ, പി.കെ ബാലകൃഷ്ണൻ, ബഷീർ, സി.ജെ. തോമസ്‌... നമ്മുടെ സാംസ്കാരിക ജീവിതത്തിൽ അതൊരു സുവർണ്ണകാലമായിരുന്നു. ആ കാലത്തെപ്പറ്റിയുള്ള ഓർമ്മയാണ്‌ നോവൽ. ഇവരൊക്കെ പലരൂപത്തിൽ ഈ നോവലിൽ വന്നു നിറയുന്നുണ്ട്‌.
9. കുമാരനാശനെക്കുറിച്ച്‌ ഒരു നോവൽ എന്നു കേട്ടിരുന്നു...
അത്‌ സത്യത്തിൽ അഞ്ചാറു വർഷം മുൻപ്‌ എഴുതി കേരളകൗമുദിയിൽ പ്രസിദ്ധീകരിച്ചതാണ്‌. അതിന്റെ പേര്‌ - അവനി വാഴ്‌വ്‌ കിനാവ്‌ - എന്നായിരുന്നു. അത്‌ കുമാരനാശാന്റെ ഒരു വരിയാണ്‌. ജീവിതം ഒരു സ്വപ്‌നം എന്നാണ്‌ അതിന്റെ അർത്ഥം. ആ നോവലിന്‌ എന്തോ ഒരു അപുർണ്ണത തോന്നിയതിനാൽ ഇത്രകാലം അത്‌ പ്രസിദ്ധീകരിക്കാതെ വച്ചു. ഇപ്പോ അതിൽ കുറേക്കൂടി മാറ്റങ്ങൾ ഒക്കെ വരുത്തി എഴുതിക്കൊണ്ടിരിക്കുന്നു. കുമാരനാശാന്റെ ജീവിതദർശനവും കാവ്യദർശനവും കൂട്ടിവായിക്കുന്ന ഒരു കൃതിയായിരിക്കും അത്‌.
10. ആശ്രാമം ഭാസിയുമായുള്ള ബന്ധം എന്താണ്‌..?
ഒരു പ്രസാധകനും എഴുത്തുകാരനും തമ്മിലുള്ള ബന്ധമല്ല ഞങ്ങൾ തമ്മിലുള്ളത്‌. കഴിഞ്ഞ മുപ്പത്‌ വർഷത്തെ ബന്ധം ഞങ്ങൾ തമ്മിലുണ്ട്‌. എന്നെ തുടക്കത്തിൽ ഏറ്റവും അധികം പ്രോത്സാഹിപ്പിച്ചിരുന്ന ഒരാളായിരുന്നു കാമ്പിശ്ശേരി. അദ്ദേഹത്തിന്റെ ജനയുഗത്തിലാണ്‌ എന്റെ ആദ്യനോവൽ പ്രസിദ്ധീകരിക്കുന്നത്‌. അദ്ദേഹം വഴിയാണ്‌ ഭാസി എന്നോട്‌ ബന്ധപ്പെടുന്നത്‌. ആ ബന്ധം ഞങ്ങൾ ഇന്നും തുടരുന്നു. അദ്ദേഹം എന്റെ പ്രസാധകനാകുന്നത്‌ മറ്റൊരു സാഹചര്യത്തിലാണ്‌. സാഹിത്യപ്രവർത്തക സഹകരണസംഘത്തിൽ പബ്ലിക്കേഷന്റെ ചുമതല ഏറ്റെടുത്ത സമയത്ത്‌, ആ സ്ഥാനം ഒഴിയുന്നതുവരെ ഇനി എന്റെ ഒരു പുസ്‌തകവും സംഘത്തിലൂടെ പ്രസിദ്ധീകരിക്കില്ല എന്ന് ഞാനൊരു തീരുമാനമെടുത്തു. സ്വന്തം പുസ്‌തകങ്ങൾ പ്രസിദ്ധീകരിക്കുവാനാണ്‌ എഴുത്തുകാർ പബ്ലിക്കേഷൻ വിഭാഗത്തിൽ മത്സരിച്ചെത്തുന്നത്‌ എന്ന പരാതി ഒഴിവാക്കുവാനായിരുന്നു അത്‌. ആ സമയത്ത്‌ ഭാസി സ്വയം മുന്നോട്ടു വന്നാണ്‌ എന്റെ പ്രസാധകനാവുന്നത്‌.
11. താങ്കളെ സംബന്ധിച്ചിടത്തോളം എന്താണ്‌ എഴുത്ത്‌..?
മരണസദൃശ്യമായ ഒരു വേദനയാണ്‌ എഴുത്ത്‌. അതൊരു ആത്മബലിയിൽ കുറഞ്ഞ്‌ മറ്റൊന്നുമല്ല.

9 comments:

വല്യമ്മായി said...

വളരെ നല്ല ഇന്റര്വ്യൂ പങ്ക് വെച്ചതിനു നന്ദി.സ്നേഹത്തെ കുറിച്ചുള്ള ആ അഭിപ്രായത്തുനൊരു അടിവര :)
ഒരു സങ്കീര്‍ത്തനം പോലെ മാത്രമേ വായിച്ചിട്ടുള്ളു,മറ്റ് പുസ്തകങ്ങളും വായിക്കണം.

shams said...

വളരെ നന്നായിരിക്കുന്നു...ഇപ്പോയാണ് താങ്കളെ വായിക്കാന്‍ അവസരം കിട്ടിതുടെങ്ങിയത്

നസീര്‍ കടിക്കാട്‌ said...

എനിക്കിഷ്ടം ബെന്യാമിന്റെ എഴുത്ത്...
എനിക്കിഷ്ടമല്ല പെരുമ്പടവത്തിന്റെ എഴുത്ത്....

വികടശിരോമണി said...

ഒരു കൃതിയുടെ കുരുക്കിൽ കുടുങ്ങുക എന്നത് നമ്മുടെ സാഹിത്യത്തിലെ എന്നത്തേയും കെണിയാണ്.അരൂപികളുടെ മൂന്നാം പ്രാവ് സങ്കീർത്തനങ്ങളേക്കാൾ എത്രയോ മുകളിലാണ്,കാറ്റ് പറഞ്ഞ കഥ ഖസാക്കിനെക്കാൾ...അങ്ങനെ പലതും പറയാം.
നല്ല അഭിമുഖം,പങ്കുവെച്ചതിനു നന്ദി.

ബെന്യാമിന്‍ said...

അഭിപ്രായങ്ങള്‍ അറിയിച്ച എല്ലാവര്‍ക്കും നന്ദി.

MOHAN PUTHENCHIRA മോഹന്‍ പുത്തന്‍‌ചിറ said...

അഭിമുഖം മനോഹരമായി.
“മരണസദൃശ്യമായ ഒരു വേദനയാണ്‌ എഴുത്ത്‌. അതൊരു ആത്മബലിയിൽ കുറഞ്ഞ മറ്റൊന്നുമല്ല“
എന്ന വരികള്‍ പെരുമ്പടവത്തിന്റെ മനസ്സിന്റെ ആഴത്തിലേക്കിറങ്ങിച്ചെന്ന് ബെന്യാമിന്‍ കോരിയെടുക്കുമ്പോള്‍ നമ്മളും എഴുത്തുകാരന്റെ ഹൃദയത്തിലേക്കടുക്കുന്നു.

Sapna Anu B.George said...

നാളുകള്‍ക്കു ശേഷം ഒരു നല്ല അഭിമുഖം ബെന്യാമിന്‍, വളരെ അര്‍ത്ഥവത്തായ വരികളും വാക്കുകളും

കൃഷ്‌ണ.തൃഷ്‌ണ said...

Thank you for this post Benyamin

Dr.Kanam Sankara Pillai said...

good