Tuesday, August 11, 2009

മുരളി : ഓര്‍മ്മയും ചിന്തയും


മുരളി എന്ന അതുല്യനടന്റെ മരണം ഉയർത്തിയ ചില ചിന്തകളാണ്‌ ചുവടെ:

പ്രതിഭാധനരായ മിക്ക കലാകാരന്മാരുടെയും കഴിവ്‌ ഒരു പ്രത്യേക മേഖലയിലേക്കു മാത്രം ചുരുക്കപ്പെട്ടിരുന്നില്ല എന്നാണ്‌ മുരളിയുടെ ജീവിതത്തെ നോക്കിക്കാണുമ്പോൾ എനിക്കു തോന്നുന്നത്‌. അവരെ പ്രശസ്‌തരാക്കിയ ഒരു പ്രൈമറി ടാലന്റും അതിന്‌ അനുബന്ധമായി ഒന്നോ ചിലപ്പോൾ അതിലധികമോ സെക്കന്ററി ടാലന്റും അവർക്കുണ്ടായിരുന്നു എന്ന് കാണാൻ കഴിയും.

മുരളിയുടെ ജീവിതത്തിൽ തീർച്ചയായും അഭിനയം തന്നെയായിരുന്നു അദ്ദേഹത്തിന്റെ പ്രൈമറി ടാലന്റ്‌. എന്നാൽ അതിനൊപ്പം നില്‌ക്കുമായിരുന്നു അദ്ദേഹത്തിന്റെ സാഹിത്യനിരൂപണ പാടവം. മലയാളത്തിലെ ഇന്നത്തെ ഏതു മികച്ച നിരുപകനെക്കാളും മികച്ച പഠനമായിരുന്നു അദ്ദേഹത്തിന്റെ 'അഭിനയവും ആശാന്റെ കവിതകളും' എന്ന ലേഖനം. കവിതയോട്‌ അദ്ദേഹത്തിനുണ്ടായിരുന്ന തീക്‌ഷ്ണമായ കമ്പവും അതിലദ്ദേഹം ആർജ്ജിച്ച അറിവുമാണ്‌ ആ ഒരൊറ്റ ലേഖനത്തിലൂടെ പുറത്തുവന്നത്‌. കവിതയിലുള്ള അറിവ്‌ എന്നു പറയുന്നത്‌ ഏതെങ്കിലും നാലുവരിക്കവിതകൾ കാണാപ്പാഠം പഠിക്കുക എന്നതായിരുന്നില്ല. പകരം ആഴത്തിൽ ചെന്നുള്ള നിരീക്‌ഷ്ണങ്ങളായിരുന്നു. അഭിനയത്തിന്റെ കാര്യത്തിലും ഈ തിക്‌ഷ്ണത അദ്ദേഹം പുലർത്തിയിരുന്നു എന്നത്‌ കണ്ടറിയാനുള്ള ഒരു ഭാഗ്യം എനിക്കുണ്ടായിട്ടുണ്ട്‌. ഒരു സ്വകാര്യ സന്ദർശനത്തിന്‌ ബഹ്‌റൈനിൽ എത്തിയതായിരുന്നു മുരളി. ആരെയും കാണാതെ ആരെയും കൂട്ടാതെ ഒറ്റയ്ക്കു കഴിയാണ്‌ അദ്ദേഹം ഇവിടെ വന്നത്‌. എന്റെ ഏറ്റവും അടുത്ത സുഹൃത്തും ജേഷ്ഠസഹോദരനുമായ ശ്രീ. അടൂർ സുരേഷിന്റെ പ്രത്യേക താത്പര്യപ്രകാരം ഒരു രാത്രി ഒന്നിച്ചുകൂടാൻ എന്നെ അദ്ദേഹം അനുവദിച്ചു. ഷേക്‌സ്‌പിയർ നാടകങ്ങളോടുള്ള അദ്ദേഹത്തിന്റെ അടങ്ങാത്ത ആസക്‌തിയും അതിലുള്ള അഗാധമായ അറിവും ആ രാത്രി ഞാൻ തിരിച്ചറിഞ്ഞു. അദ്ദേഹത്തിന്റെ സ്വകാര്യ ഒരു ഡയറി മുഴുവൻ ആ നാടകങ്ങൾ സ്വന്തം കൈപ്പടയിൽ എഴുതി സൂക്‌ഷിച്ചിരിക്കുകയാണ്‌. യൂറോപ്യൻ നാടകവേദികളിൽ അവ അവതരിപ്പിക്കുന്നതിന്റെ സൗന്ദര്യം അദ്ദേഹം വിവരിക്കുകയും അതിന്റെ സിഡി ഇട്ട്‌ രാവ്‌ വെളുക്കുവോളം എന്നെ കേൾപ്പിക്കുകയും ചെയ്‌തു. ആ നാടകത്തിലെ സംഭാഷണങ്ങൾ അത്രയും അദ്ദേഹത്തിന്‌ മനപാഠമാണെന്ന് ഞാനന്ന് മനസിലാക്കി. രാവേറെ ചെല്ലുവോളം ആ നാടകത്തിലെ സംഭാഷണങ്ങള്‍ കാവ്യാത്മകമായി ചൊല്ലിയും അതിന്റെ അര്‍ത്ഥവും കഥാസന്ദര്‍ഭവും പറഞ്ഞതും ഓര്‍മ്മയാവുന്നു.

മുരളിയുടെ കവിതയോടുള്ള ആഭിമുഖ്യവും ആ രാത്രി ഞാൻ തിരിച്ചറിഞ്ഞിരുന്നു, അതിനുശേഷമാണ്‌ അദ്ദേഹം മുകളിൽ പറഞ്ഞ ലേഖനം എഴുതുന്നത്‌. അദ്ദേഹം സാഹിത്യത്തിൽ തുടർന്നെങ്കിൽ നമുക്ക്‌ നരേന്ദ്രപ്രസാദിനെപ്പോലെ മികച്ച ഒരു നിരൂപകനെ കിട്ടുമായിരുന്നു എന്ന് ആശിക്കാൻ വകയുണ്ടായിരുന്നു.

നമുക്ക്‌ ബഹുമുഖ പ്രതിഭയിലേക്കു വരാം. മുരളിയിൽ മാത്രമല്ല, എത്രയോ കലാകാരന്മാരിലാണ്‌ ഈ ദ്വന്തപ്രതിഭ കാണുന്നത്‌. മാധവിക്കുട്ടി എഴുത്തുകാരി മാത്രമായിരുന്നില്ല, ഒന്നാന്തരം ചിത്രകാരിയായിരുന്നു. നെടുമുടി ഒന്നാന്തരം മൃദംഗവാദ്യക്കാരനും മാള അരവിന്ദൻ തബലിസ്റ്റും ആയിരുന്നെന്ന് അറിയാമല്ലോ. മനോജ്‌ കെ ജയനും സായ്‌ കുമാറും സാമാന്യം നന്നായി പാടും. അങ്ങനെ എത്ര ഉദാഹരണങ്ങൾ വേണമെങ്കിലും പറയാം. പ്രത്യക്‌ഷപ്രതിഭയിലല്ലാതെ ഇവരൊക്കെ അവരുടെ രണ്ടാം പ്രതിഭയിലായിരുന്നു തങ്ങളുടെ ജീവിതം ഉഴിഞ്ഞുവച്ചതെങ്കിൽ കൂടുതൽ മെച്ചപ്പെട്ട കൃതികളോ രചനകളോ ഗാനങ്ങളോ നമുക്ക്‌ ലഭിക്കുമായിരുന്നു എന്ന് തോന്നുന്നുണ്ടോ..? അതോ തങ്ങളുടെ രണ്ടാം പ്രതിഭ വളരെ അപൂർവ്വം നിമിഷങ്ങളിൽ മാത്രമാണ്‌ പ്രകടിപ്പിച്ചത്‌ എന്നതുകൊണ്ട്‌ (മുരളിയുടെ കാര്യമെടുത്താൽ ഒരു ലേഖനത്തിൽ മാത്രം - ബാക്കി നാലു പുസ്‌തകങ്ങളെ വിട്ടേക്കുക) ആവുമോ അതിന്‌ അത്രയും ആർജ്ജവം ഉണ്ടായത്‌..? തിളക്കം വന്നത്‌..? നരേന്ദ്രപ്രസാദിന്റെയും ബാലചന്ദ്രൻ ചുള്ളിക്കാടിന്റെയും സിനിമ പ്രവേശനം അവരുടെ സാഹിത്യജീവിതത്തെ അന്യമാക്കുകയാണ്‌ ചെയ്‌തത്‌. അപ്പോൾ ഇവരുടെ ഏത്‌ കഴിവായിരുന്നു ഒന്നാം സ്ഥാനത്തുണ്ടായിരുന്നത്‌..? മുരളി നടൻ ആവണമായിരുന്നോ നിരൂപകൻ ആവണമായിരുന്നോ..?

ഒരു മരണം വേദനമാത്രമല്ല, ചില ചിന്തകളും, പ്രസക്‌തമായ ചില ചോദ്യങ്ങളും ഉയർത്തിവിടുന്നുണ്ട്‌

7 comments:

Jithendrakumar/ജിതേന്ദ്രകുമാര്‍ said...

വളരെ ശരിയാണ്‌. വളരെ ഗൌരവത്തോടെ യാണ്‌ അദ്ദേഹം സിനിമകള്‍ ചെയ്തിരുന്നത്‌. (അടിപ്പടങ്ങളിലെ സ്റ്റീരിയോ ടൈപ്പ്‌ വില്ലന്‍ വേഷങ്ങള്‍ ഒഴികെ). ആരും എവിടേയും പറയാതെ പോയ അഭിനയ മികവു കാണിക്കുന്ന ഒരു വില്ലന്‍ വേഷം (പോലീസുകാരന്‍) അദ്ദേഹം `അപ്പു' എന്നോ `അപ്പുണ്ണി' എന്നോ പേരുള്ള ഒരു ചിത്രത്തില്‍ ചെയ്തിട്ടുണ്ട്‌. (മോഹന്‍ലാല്‍, കവിയൂര്‍ പൊന്നമ്മ എന്നിവരാണ്‌ മറ്റു പ്രമുഖ വേഷങ്ങള്‍ ചെയ്ത്ട്ടുള്ളത്‌)

(ഒാ.ടോ. താങ്കളുടെ `ആടുജീവിതം' വായിച്ചു. ഏറെക്കാലത്തിനു ശേഷം നല്ലൊരു നോവല്‍വായിക്കാന്‍ അവസരം തന്നതിനു നന്ദി. ശരിക്കും ചുട്ടു പഴുത്ത നോവല്‍. അതൊരു യഥാര്‍ഥ ജീവിതത്തിന്‍റെ നേറ്‍പ്പകര്‍പ്പാണെന്നു അറിയുമ്പോള്‍ നീറ്റല്‍ ഏറുന്നു. അത്തരം ജീവിതങ്ങള്‍ ലോകത്തിനു കാണിച്ചു കൊടുത്തതു എന്തുകൊണ്ടും അഭിനന്ദനം അര്‍ഹിക്കുന്നു. )

SunilKumar Elamkulam Muthukurussi said...

"നെടുമുടി ഒന്നാന്തരം മദ്ദളവാദ്യക്കാരനും" മദ്ദളം അല്ല, മൃദംഗം വായിക്കുമെന്ന് കേട്ടിട്ടുണ്ട്‌.
“അഭിനേതാവും ആശാൻ കവിതയും” എന്ന പുസ്തകത്തിനല്ലേ സാഹിത്യ (അതോ ലളിതകലാ) അക്കാദമി അവാർഡ് കിട്ടിയത്? അതെ. എന്നെ ആശാൻ കവിതകൾ വേറൊരു രസത്തിൽ വായിക്കാൻ പ്രേരിപ്പിച്ച പുസ്തകം ആയിരുന്നു അത്.

അദ്ദേഹത്തിന്റെ ശബ്ദവിന്യാസമായിരുന്നു എനിക്ക് ഇഷ്ടപ്പെട്ടത്. നല്ല കണ്ട്രോൾ ആയിരുന്നു ശബ്ദത്തിന്. അതുകൊണ്ട്‌ തന്നെ റേഞ്ചും.

-സു-

SunilKumar Elamkulam Muthukurussi said...

"നെടുമുടി ഒന്നാന്തരം മദ്ദളവാദ്യക്കാരനും" മദ്ദളം അല്ല, മൃദംഗം വായിക്കുമെന്ന് കേട്ടിട്ടുണ്ട്‌.
“അഭിനേതാവും ആശാൻ കവിതയും” എന്ന പുസ്തകത്തിനല്ലേ സാഹിത്യ (അതോ ലളിതകലാ) അക്കാദമി അവാർഡ് കിട്ടിയത്? അതെ. എന്നെ ആശാൻ കവിതകൾ വേറൊരു രസത്തിൽ വായിക്കാൻ പ്രേരിപ്പിച്ച പുസ്തകം ആയിരുന്നു അത്.

അദ്ദേഹത്തിന്റെ ശബ്ദവിന്യാസമായിരുന്നു എനിക്ക് ഇഷ്ടപ്പെട്ടത്. നല്ല കണ്ട്രോൾ ആയിരുന്നു ശബ്ദത്തിന്. അതുകൊണ്ട്‌ തന്നെ റേഞ്ചും.

-സു-

വയനാടന്‍ said...

കുറിപ്പിനു നന്ദി. മുരളിയേക്കുറിച്ചു വായിച്ചറിഞ്ഞതിലും ഒരുപാട്‌ അറിയാനുണ്ടെന്നു തോന്നുന്നു

ബെന്യാമിന്‍ said...

ജി,
ആടുജീവിതത്തിന്റെ വായനയ്ക്ക് നന്ദി.
സു,
അതെ മൃദംഗം തന്നെയാണ്, എന്റെ അച്ചടിപ്പിശക്. അതെ ആ പുസ്‌തകത്തിനു തന്നെയായിരുന്നു അവാര്‍ഡ്.
വയനാടന്‍,
തീര്‍ച്ചയായും നമ്മള്‍ അദ്ദേഹത്തിന്റെ ഒരു മുഖം മാത്രമേ കണ്ടിട്ടുള്ളൂ.

Raman said...

Muraliyude abhinayam oro cinemayilum kadhapathrambolulla athile bhaavangalum ororuthareyum vismayippichittullathaanu. Dahsrathil Chandradasiloode Nissahayanaaya Bharthaavine vere ethu nadanaanu athrayum rasayi avatharippikkaan pattaa

സമാന്തരന്‍ said...

തീർച്ചയായും ,ഒരു മരണം വേദന മാത്രമല്ല. ചിലപ്പോൾ അത് ആഴത്തിലുള്ള ഒരു അവസാന ഓർമപ്പെടുത്തലാകാറുണ്ട്.
പ്രശസ്തരായ ശേഷം വഴിയരികിലോ മറ്റോ സ്വയം നഷ്ടപ്പെടേണ്ടിവന്നിട്ടുള്ള പ്രതിഭകൾ നമ്മോട് ചെയ്യുന്നത് അതാൺ