Friday, January 22, 2010

അവതാറിലെ അപ്പൂപ്പന്‍ താടികള്‍

ലോകത്തില്‍ ഇതേവരെ ഇറങ്ങിയിട്ടുള്ളതില്‍ വച്ച് ഏറ്റവും ചിലവുകൂടിയ സിനിമ ആയതുകൊണ്ടല്ല അവതാറിനെക്കുറിച്ച് ഒരു പോസ്റ്റ് ഇടണമെന്ന് ആഗ്രഹിച്ചത്. അതിലെ ചില ഇടങ്ങള്‍ വല്ലാതെ ആകര്‍ഷിച്ചതുകൊണ്ടാണ്. മനുഷ്യമനസ്സിന് സങ്കല്പിക്കാവുന്നതിനും അപ്പുറത്തെ പ്രകൃതിയുടെ ഗിരിമ ഈ ചിത്രം നമുക്ക് കാണിച്ചുതരുന്നു. സൌരയൂഥത്തിനും വെളിയിലുള്ള പാന്‍‌ഡോര എന്ന എന്ന (സങ്കല്പ)ഗ്രഹത്തിന്റെ സൌന്ദര്യമാണ് ജെയിംസ് കാമറൂണ്‍ നമുക്ക് മുന്നില്‍ വരച്ചിടുന്നത്. മനുഷ്യന്റെ ഇടപെടല്‍ മൂലം ഭൂമിയില്‍ നിന്ന് അന്യം നിന്നുകൊണ്ടിരിക്കുന്ന ജൈവബന്ധങ്ങളുടെ സൂക്ഷ്മാവസ്ഥ ഈ ഗ്രഹത്തിലുണ്ടെന്ന് കാമറൂണ്‍ നമ്മോടു പറയുന്നു. ജീവജാലങ്ങള്‍ തമ്മിലുള്ള ആത്മബന്ധം, അവിടുത്തെ മണ്ണും മനുഷ്യരും തമ്മിലുള്ള ജൈവബന്ധം, പ്രകൃതിയുടെ ഏറ്റവും പൌരാണികമായ താളം, പ്രകൃതിയില്‍ നിന്നു തന്നെ മനുഷ്യന്‍ നേരിട്ട് സ്വീകരിക്കുന്ന ഊര്‍ജ്ജം എന്നിവയൊക്കെ സങ്കല്പമാണെങ്കില്‍പ്പോലും ഭൂമിയില്‍ മനുഷ്യന്‍ ആയിരിക്കേണ്ട അവസ്ഥകളെക്കുറിച്ച് നമ്മെ ഓര്‍മ്മിപ്പിക്കുന്നുണ്ട്. ഭൂമിയിലെ മനുഷ്യനായ ജാക്കി സള്ളി അവിടെ ആദ്യമായി എത്തുമ്പോള്‍ അവനെ പ്രണയപൂര്‍വ്വം സ്വീകരിക്കുന്നത് അപ്പൂപ്പന്‍ താടികളാണ്. അവനെ പ്രകൃതി സ്വീകരിക്കുന്നു എന്നതുകൊണ്ടാണ് അവിടുത്തെ മനുഷ്യന്‍ അവനെ സ്വീകരിക്കാന്‍ തയ്യാറാവുന്നത്. അവിടുന്ന് അവന്‍ പാന്‍‌ഡോരയിലെ ജൈവീകതയും പ്രകൃതിയും ഓരോന്നായി അനുഭവിക്കുകയും പഠിക്കുകയുമാണ്. പ്രകൃതിയുമായിം ബന്ധം സ്ഥാപിക്കാതെയും ഇഴകിച്ചേരാതെയും അവിടെ തുടരാനാവില്ല എന്ന പാഠമാണ് അവന്‍ അവിടെ ആദ്യം പഠിക്കുന്നത്. ഓരോ ജീവജാലങ്ങളും പക്ഷിമൃഗാദികള്‍ക്കും അതിന്റേതായ ഭൂമികയുണ്ടെന്നും അതിലേക്കുള്ള കടന്നുകയറ്റങ്ങളെ അവ ചെറുക്കുമെന്ന, മനുഷ്യന്‍ പലപ്പോഴും മറന്നുപോകുന്ന പാഠമാണ് അവന്‍ പിന്നീട് പഠിക്കുന്നത് (സിനിമ നമ്മെ ഓര്‍മ്മിപ്പിക്കുന്നത്) ആദ്യം സൂചിപ്പിച്ചതുപോലെ മനുഷ്യസങ്കല്പത്തിനപ്പുറത്തുള്ള പ്രകൃതി ദൃശ്യങ്ങളാണ് പാന്‍‌ഡോരയില്‍ അവന്‍ കാണുന്നത്. അപാരമായ വടവൃക്ഷങ്ങള്‍, കിലോമീറ്ററുകളോളം നീളമുള്ള വൃക്ഷശാഖകള്‍, പേടിപ്പിക്കുന്ന കിഴുക്കാം തൂക്കുകള്‍, തൂങ്ങിക്കിടക്കുന്ന ദ്വീപുകള്‍, മഹാവെള്ളച്ചാട്ടങ്ങള്‍, അതിനിബിഡവനങ്ങള്‍, ഭീമാകാരങ്ങളായ ഡ്രാഗണ്‍ പക്ഷികള്‍, മൃഗങ്ങള്‍, ഉരഗങ്ങള്‍, പ്രകാശിക്കുന്ന ചെടികള്‍, ചേമ്പിലയോളം വലുപ്പമുള്ള തൊട്ടാവാടികള്‍ ചവിട്ടുമ്പോള്‍ പ്രകാശിക്കുന്ന ഭൂതലം, വൃക്ഷത്തിന്റെ ശിഖിരത്തില്‍ ഉറങ്ങുന്ന മനുഷ്യര്‍ (അങ്ങനെ വിളിക്കാമെങ്കില്‍ - ബ്ലൂ മങ്കീസ് എന്നാണ് സിനിമയില്‍ വിളിക്കുന്നത്) അങ്ങനെ ദൃശ്യത്തിലെ ഒരു പെരുമതന്നെ പാന്‍‌ഡോരയില്‍ നമുക്കായി കാത്തിരിക്കുന്നു. ഈ ജീവജാലങ്ങളുമായി അവിടുത്തെ മനുഷ്യര്‍ സൂക്ഷിക്കുന്ന ആത്മബന്ധമാണ് ഈ സിനിമയുടെ പരാമര്‍ശത്തിന് അര്‍ഹമായ ജൈവീകത. ഓരോ ജീവികളോടും ഒരു പ്രത്യേകതരത്തില്‍ ബന്ധം സ്ഥാപിച്ചുകൊണ്ട് ഒരേ മാനസിക വികാരമുള്ളവരായി മാറാം എന്നു ജെയിംസ് കാമറൂണ്‍ പറയുമ്പോള്‍ മനുഷ്യന്‍ പ്രകൃതിയോട് കൂടുതല്‍ ഇണങ്ങേണ്ടുന്നതിന്റെയും ഇഴകിച്ചേരേണ്ടതിന്റെയും പ്രകൃതിയെ തന്റെ തന്നെ ഭാഗമായി കാണേണ്ടതിന്റെയും ആവശ്യകതയാണ് തെളിഞ്ഞുവരുന്നത്. അധിനിവേശം ഈ ചിത്രത്തില്‍ ഒരു പ്രധാന ചര്‍ച്ചാവിഷയമാണ്. അധിനിവേശത്തില്‍ മനുഷ്യന്‍ പ്രകൃതിയോടും ആദിമമനുഷ്യരോടും കാണിക്കുന്ന ക്രൂരതയും ദയാരാഹിത്യവും ഈ ചിത്രം നമ്മെ കൃത്യമായി ഓര്‍മ്മിപ്പിക്കുന്നു. മനുഷ്യന്റെ എല്ലാ അധിനിവേശങ്ങളും കുടിയേറ്റങ്ങളും ഇതുപോലെ സര്‍വ്വജീവജാലങ്ങളെയും ആ ഭൂമിയുടെ യഥാര്‍ത്ഥ അവകാശികളെയും നശിപ്പിച്ചുകൊണ്ടായിരുന്നു എന്ന ഓറ്മ്മപ്പെടുത്തല്‍ പലരെയും അസ്വസ്ഥപ്പെടുത്തുന്നതുതന്നെ. അതുകൊണ്ടുതന്നെയാ‍വാം, ഇത് യൂറോപ്പിനെതിരെയുള്ള ചിത്രം എന്ന വിമര്‍ശനം ഇതിനോടകം തന്നെ ഉയര്‍ന്നുകഴിഞ്ഞിരിക്കുന്നത്. അധിനിവേശത്തിനു ശ്രമിക്കുന്ന മനുഷ്യന്‍ അവസാനം തോല്ക്കുന്ന ചിത്രം എന്ന നിലയിലും അവതാര്‍ ഒരു പുതിയ വീക്ഷണം നമുക്ക് മുന്നില്‍ വയ്ക്കുന്നുണ്ട്. പാന്‍ഡോരയിലേക്ക് കടന്നുകയറാന്‍ ശ്രമിച്ചവരില്‍, അവരില്‍ ഒരാളായി മാറുകയും അവരെ ഇഷ്ടപ്പെടുകയും ചെയ്‌ത നായകനു മാത്രമേ അവിടെ തുടരാന്‍ കഴിയുന്നൂള്ളു. ഇത് കുടിയേറ്റത്തിന് ഒരു പുതിയ വീക്ഷണം നല്കുന്നുണ്ട്. ഒരു സയന്‍സ് ഫിക്‌ഷന്റെ എല്ലാ മസാല ചേരുവകളും കൃത്യം പാകത്തില്‍ ചാലിച്ച ചിത്രമാണെങ്കിലും ഇങ്ങനെയൊക്കെ ചില പ്രത്യേകതകളാണ് ഇതിനെ പരമര്‍ശത്തിന് അര്‍ഹമാക്കുന്നത്. അതേപോലെതന്നെ ഇതിന്റെ ചിത്രീകരണത്തിന്റെ സമ്പന്നത, സൂക്ഷ്മത, ശബ്ദസന്നിവേശം, ഡിജിറ്റല്‍ ഇഫക്സ് എന്നിവയൊക്കെ സമാന്യചിന്തകള്‍ക്കപ്പുറത്തെ കൃത്യതയാണ് പ്രകടിപ്പിക്കുന്നത്. ഒരു സിനിമ എന്ന നിലയില്‍ തന്നെ അത് കണ്ടറിയേണ്ടതാണ്. അതുകൊണ്ടുതന്നെയാണ്‍് ഇത് ടൈറ്റാനിക്കിനോട് കിടപിടിക്കുന്ന, അല്ലെങ്കില്‍ അതിനേക്കാള്‍ മികച്ച ചിത്രമായി മാറുന്നത്. ജെയിംസ് കാമറൂണിന്റെ പതിനഞ്ചുവര്‍ഷത്തെ അധ്വാനം വെറുതെ ആയില്ല എന്നാശ്വസിക്കാം. ഈ ചിത്രം അതിന്റെ സമ്പൂര്‍ണ്ണതില്‍ ആസ്വദിക്കണമെങ്കില്‍ ത്രീഡിയില്‍ തന്നെ കാണണം എന്നുകൂടി പറയുവാനുണ്ട്.

26 comments:

സുനില്‍ ജി കൃഷ്ണന്‍ISunil G Krishnan said...

നന്ദി

പാമരന്‍ said...

i totally agree

Sanal Kumar Sasidharan said...

സത്യം.ഇതുവരെ കണ്ട ക്ലാസിക്കുകളെക്കാൾ ഈ കച്ചവട സിനിമ എന്നെ പുണർന്നു.

ഏറനാടന്‍ said...

നന്ദി, ബെന്യാമിന്‍. ഈ ചിത്രം 3ഡി-യില്‍ കാണുവാന്‍ സാധിച്ചില്ല. എങ്കിലും ദൃശ്യസമ്പന്നതയുള്ള ഒരു സിനിമ എന്റെ ഇക്കാലയളവില്‍ ആദ്യമായിട്ടാണ് ഞാന്‍ കാണുന്നത്!

മനുഷ്യസങ്കല്‍‌പത്തിലെ അന്യലോകം ഇങ്ങനെ ആകാമെങ്കില്‍ ഇതിലും മനോഹരമായ ഒരു യാഥാര്‍ത്ഥ്യ പ്രപഞ്ചം തന്നെ ഉണ്ടായിരിക്കാം എന്ന വിശ്വാസം ബലപ്പെടുന്ന ഒരു മാനസികാവസ്ഥയില്‍ നാം എത്തിച്ചേരുമെങ്കില്‍ അതില്‍ അല്‍ഭുതപ്പെടാനില്ല.

Anonymous said...

എമറാള്‍ഡ്‌ ഫോറെസ്റ്റ്‌ എന്ന പഴയ സിനിമ കണ്ടവറ്‍ക്കു ഈ അവതാര്‍ ഒരു ഗിമ്മിക്‌ സിനിമാ ആയി മാത്രമേ കാണാന്‍ കഴിയു അടിമുടി ക്ര്‍ത്രിമത്വം നിറഞ്ഞ ഒരു സിനിമായായിട്ടാണു എനിക്കു തോന്നിയത്‌ ത്രീ ഡിയുടെ പേരില്‍ ടിക്കറ്റ്‌ ചാര്‍ജിനു തുല്യമായ തുക തന്നെ ഒരു രൂപ പോലും വിലവരാത്ത ഒരു കണ്ണടയുടെ പേരില്‍ പിടിച്ചു പറിച്ചു അതിനെതിരെ ചോദിക്കാന്‍ ആരുമില്ല ക്ളീന്‍ റോബറി

കുട്ടികള്‍ പോലും കുറെ കഴിഞ്ഞു ബോറടിച്ചു ഈ ടൈപ്‌ എത്റയോ പടങ്ങള്‍ നമ്മള്‍ നേരത്തെ കണ്ടിട്ടുണ്ട്‌ ഇതിപ്പോള്‍ കുറെ നീല നിറവും ത്റീ ഡിയും ആയെന്നു മാത്റം ബാക്കി എല്ലാം ടിപ്പിക്കല്‍ ബോളിവുഡ്‌ ആക്‌ ഷന്‍

പ്റെഡിക്റ്റബിള്‍ മൂവ്‌ മെണ്റ്റ്സ്‌ ആണു ഫൈറ്റിങ്ങില്‍ ഒക്കെ

റെഡ്‌ ഇന്ത്യന്‍സിനെ കുടിയേറ്റക്കാറ്‍ ആക്റമിക്കുന്നതും നശിപ്പിക്കുന്നതുമായ ഒരു നൂറു സിനിമകള്‍ എങ്കിലും ഹോളിവുഡില്‍ ഞാന്‍ കണ്ടിട്ടുണ്ട്‌ രെഡ്‌ ഇന്ത്യന്‍സ്‌ ആകുമ്പോള്‍ വസ്ത്റം കുറയും എന്നതായിരുന്നു അന്നത്തെ ആകര്‍ഷണീയത

ആ കഥയൊക്കെ പുതിയ ടെക്നോളജി വച്ചു തട്ടിക്കൂട്ടി എന്നേയുള്ളു ഈ സിനിമ

ടൈറ്റാനിക്‌ കാണുമ്പോള്‍ അതില്‍ കുറെ മനുഷ്യ ബന്ധങ്ങള്‍ ക്റൈസിസില്‍ ആള്‍ക്കാറ്‍ എങ്ങിനെ സ്വാറ്‍ഥറ്‍ അല്ലെങ്കില്‍ ത്യാഗികള്‍ ആകുന്നു എന്നൊക്കെ കാണാം ഇതു അങ്ങിനെ ഒന്നും തോന്നിയില്ല

ഒരു കാറ്‍ട്ടൂണ്‍ പോലെ

Rubeel Nellikad said...

nalla cinema!!!!!!!!!!!

റോസി പൈലോക്കാരന്റെ നാട്ടുകാരന്‍ ...... said...

സിനിമ കണ്ടിരിക്കാന്‍ കൊള്ളാം. അതിന്റെ അപ്പുറത്തേക്ക് എനിക്കൊന്നും തോന്നിയില്ല. കാമറൂണിന്റെ സിനിമകളില്‍ പലരും പറയും പോലെ titanic അല്ല terminator ആണ് എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട സിനിമ.

nandakumar said...

പലതിനോടും യോജിക്കുന്നു.

നല്ലൊരു ദൃശ്യാനുഭവമായിരുന്നു അവതാര്‍. സിനിമക്കുള്ളില്‍/ദൃശ്യങ്ങള്‍ക്കുള്ളില്‍ നിന്ന് ചുറ്റും അനുഭവിക്കുന്ന പ്രതീതി. ഒരിക്കലും ഇത്തരമൊരു സിനിമ സ്വപ്നങ്ങളില്‍ പോലും ദൃശ്യവല്‍ക്കരിക്കാന്‍ കഴിയാത്ത മലയാളിക്ക് ഇതിനോട് പുശ്ചവും വെറുപ്പും തോന്നുന്നത് സ്വഭാവികം.

വിനൂപ്‌ കുമാർ said...

പോസ്റ്റിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങളോടു യോജിക്കുന്നു...
ജനിച്ചു വളർന്ന മണ്ണിനുവെണ്ടിയുള്ള പൊരാട്ടം, പ്രകൃതിയുമായുള്ള ജീവജാലങ്ങളുടെ ആഴത്തിലുള്ള ബന്ധം,പ്രപഞ്ചത്തിനും അപ്പുറം വളരുന്ന മനുഷ്യന്റെ അത്യാഗ്രഹം ഇതെല്ലാം അവതാറിൽ വളരെ നന്നായിട്ടാണു അവതരിപ്പിച്ചിരിക്കുന്നത്‌. ആദ്യം കുറച്ച്‌ സമയം ഗ്രാഫിക്സ്‌ ആണെന്നുള്ള തോന്നൽ ഉണ്ടായെങ്കിലും പൻഡൊരയിലെ മനോഹരമായ വനാന്തരങ്ങളിലേക്കുള്ള നായകന്റെ യാത്രയിൽ ഓരോ പ്രേക്ഷകനെയും പങ്കാളിയാക്കുന്നതിൽ സംവിധായകൻ വിജയിച്ചു എന്നു തന്നെ പറയേണ്ടിവരും. ഓരൊ ജീവജാലങ്ങളെയും വളരെ സൂക്ഷ്മമായിത്തന്നെയാണ്‌ 'ഡിസൈൻ' ചെയ്തിരിക്കുന്നത്‌. സിനിമാപ്രേമികൾ തീർച്ചയായും കണ്ടിരിക്കേണ്ട ഒരു ചിത്രം ആണ്‌ അവതാർ എന്നതിൽ സംശയം ഇല്ല.

നിരക്ഷരൻ said...

തീയറ്ററില്‍ പലപ്രാവശ്യം പോയി. ടിക്കറ്റ് കിട്ടിയില്ല. ഇനി 3ഡി ഇല്ലെങ്കിലും ഡിവീഡി ഇട്ട് കാണേണ്ടി വരും. എന്തായാലും ഇതുവരെ വായിച്ച റിവ്യൂകളൊക്കെ വെച്ച് നോക്കുമ്പോള്‍ കാണാതെ വിടില്ല.

പള്ളിക്കുളം.. said...

കണ്ടിട്ടുതന്നെ കാര്യം..
റിവ്യൂ വ്യത്യസ്തമായിരുന്നു..

പള്ളിക്കുളം.. said...

മനുഷ്യന്റെ ഇമാജിനേഷനുമാത്രമേ ഇപ്പോൾ ലിമിറ്റേഷൻ ഉള്ളൂ. അത് ആവിഷ്കരിക്കാൻ പ്രയാസമില്ലാത്തവിധം കമ്പ്യൂട്ടർ ഗ്രാഫിക്സ് വളർന്നു കഴിഞ്ഞു. ഭാവിയിലും പുതിയ ദൃശ്യാനുഭവങ്ങൾ ഉണ്ടാവും.

ചാണക്യന്‍ said...

വ്യത്യസ്ഥത പുലർത്തുന്ന റിവ്യൂ...നന്ദി..

Roby said...

അതുകൊണ്ടുതന്നെയാണ്‍് ഇത് ടൈറ്റാനിക്കിനോട് കിടപിടിക്കുന്ന, അല്ലെങ്കില്‍ അതിനേക്കാള്‍ മികച്ച ചിത്രമായി മാറുന്നത്.

സുബ്രമണ്യപുരത്തെക്കുറിച്ച് ഞാനാദ്യം വായിച്ചത് ഈ ബ്ലോഗിൽ നിന്നായിരുന്നു എന്നു ഓർമ്മ. അതേ ബ്ലോഗിൽ ഇതുപോലുള്ള വാചകങ്ങൾ വായിക്കേണ്ടി വരുന്നതിൽ ദുഖമുണ്ട്.

Anil cheleri kumaran said...

കേരള സാഹിത്യ അക്കാഡമി അവാര്‍ഡ് കിട്ടിയതില്‍ ആശംസകള്‍.!!!

പകല്‍കിനാവന്‍ | daYdreaMer said...

ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍ .

ഏറനാടന്‍ said...

ആദ്യമേ പ്രതീക്ഷിച്ചിരുന്നു. ആശംസകള്‍ നേരുന്നു.

പള്ളിക്കുളം.. said...

അഭിനന്ദനങ്ങൾ!!

എന്‍.ബി.സുരേഷ് said...

ഇ.എം.എസ്സും പെണ്‍കുട്ടിയും വായിച്ചിട്ടു ഞാന്‍ പലരോടും തിരക്കി. ഊന്നു മുട്ടാന്‍ ആരും വാതില്‍ ചൂണ്ടിക്കാണിച്ചില്ല.

മാണിക്യം said...

കേരള സാഹിത്യ അക്കാഡമി അവാര്‍ഡ് കിട്ടിയതില്‍ അഭിനന്ദനങ്ങള്‍ !!.!!!

ശ്രദ്ധേയന്‍ | shradheyan said...

അഭിനന്ദനങ്ങള്‍... ദോഹയില്‍ കഴിഞ്ഞ ആഴ്ച 'ആട് ജീവിതം' ഒരു നോവല്‍ ചര്‍ച്ചയില്‍ ഇടം പിടിച്ചിരുന്നു.

ജിപ്പൂസ് said...

അവാര്‍ഡ് കിട്ടിയപ്പോഴാണ് ഇങ്ങനൊരാളുള്ളത് അറിഞ്ഞത്.ആശംസകള്‍ ബെന്യാമിന്‍ ഭായ്...

പ്രദീപ്‌ പേരശ്ശന്നൂര്‍ said...

താങ്കളുടെ ബ്‌ളോഗില്‍ ഇന്നാണ്‌ ഞാന്‍ വരുന്നത്‌. അക്കാദമി അവാര്‍ഡ്‌ ലഭിച്ചതിന്‌ ഭാവുകങ്ങള്‍

കുഞ്ഞിക്കണ്ണന്‍ വാണിമേല്‍ said...

ബെന്യാമിന്‍, താങ്കളുടെ കഥകള്‍, നോവല്‍ ഇപ്പോള്‍ സിനിമാക്കുറിപ്പും വായിച്ചു. കാഴ്‌ചയുടെ അതിരുകള്‍ക്കിടയിലൂടെയുള്ള നുഴഞ്ഞുനടത്തം ശ്രദ്ധയം. ഇനിയും താങ്കളെ കൂടതല്‍ വായിക്കാന്‍ ശ്രമിക്കാം. സ്‌നേഹത്തോടെ
കുഞ്ഞിക്കണ്ണന്‍ വാണിമേല്‍

African Mallu said...

ആട് ജീവിതം വായിച്ചതു രണ്ടു വര്ഷം മുന്‍പാണ്‌ അന്ന് മുതല്‍ നിങ്ങളെ കുറിച്ച് കൂടുതല്‍ അറിയാന്‍ ആഗ്രഹിച്ചിരുന്നു വീടിലുല്ലവരെയും സുഹൃത്തുക്കളെയും ഒക്കെ വായിപ്പിച്ചു ...ഇപ്പോള്‍ ഈ ബ്ലോഗ്‌ കണ്ടത്തില്‍ സന്തോഷം...

Unknown said...

ഇപ്പോഴാണ്‌ വായിച്ചത്..
വളരെ നന്നായി എഴുതി താങ്കൾ..