Friday, September 15, 2006

4 മിനിക്കഥകള്‍

പൂവ്‌

നഗരത്തില്‍ പുഷ്പോത്സവം!
കണ്ണുകളെ വിരുന്നൂട്ടാന്‍ ഞാനും പോയി.
നിരത്തിവച്ച വസന്തകാലം
വര്‍ണ്ണങ്ങളുടെ മലഞ്ചരിവുകള്‍
പൂക്കളുടെ പെരുമഴ
പൂക്കള്‍ക്കിടയില്‍ മനോഹരമായ
മറ്റൊരു പൂവ്‌! - ഒരു സൂര്യകാന്തിപ്പൂവ്‌!
അതെന്നെ മിഴിച്ചുനോക്കുന്നു...
അത്‌ അവളായിരുന്നു..!!

ലിഫ്‌റ്റ്‌

അവള്‍ വഴിവക്കില്‍ ഒരു 'ലിഫ്‌റ്റിനു' കാത്തുനില്‌ക്കുകയായിരുന്നു
ഞാന്‍ ഒരു യാത്രക്കാരനും!
എന്റെ കൂടെ പോരുന്നോ..? ഞാന്‍ ചോദിച്ചു
'ഏതാണ്‌ വാഹനം? കാറോ ബൈക്കോ..?'
അവളുടെ അന്വേഷണം.
'രണ്ടുമില്ല നടക്കാന്‍ കൈകോര്‍ത്ത്‌ നടക്കാന്‍..!'
അവള്‍ വന്നു
അവള്‍ എന്റെ ഭാര്യയായി..!!

ബോധിബുദ്ധന്‍

ഈ ജീവിതം മടുത്തു.
എനിക്ക്‌ മുക്‌തി നേടണം.
ഞാന്‍ ബുദ്ധനാവാന്‍ തീരുമാനിച്ചു.
ഭാര്യ കണ്ണീരോടെ എന്നെ യാത്രയാക്കി.
ഞാന്‍ ബോധി വൃക്ഷത്തിന്റെ തണലും
ബോധോദയത്തിന്റെ പുലര്‍ച്ചയും തേടി
അലന്‍ഞ്ഞുനടന്നു.
രാത്രി- കൂരിരുട്ട്‌ - നല്ല തണുപ്പ്‌!
ബോധോദയം - ഒറ്റ നടപ്പ്‌ - തിരിച്ച്‌!!
കിടക്ക വിരിച്ച്‌ ഭാര്യ കാത്തിരിപ്പുണ്ടായിരുന്നു.
സമൃദ്ധമായ ഒരു ഭോഗത്തിനുശേഷം
ഞങ്ങള്‍ സുഖമായി കിടന്നുറങ്ങി!!


വാന്‍ ഗോഖിന്റെ ചെവി

എനിക്ക്‌ വാന്‍ ഗോഖിന്റെ ഒരു ചിത്രം വേണം
സ്വീകരണ മുറി അലങ്കരിക്കാന്‍.
ഞാന്‍ അദ്ദേഹത്തിന്റെ വീടന്വേഷിച്ച്‌ പുറപ്പെട്ടു.
പഴയ വാന്‍ ഗോഗല്ല. ഏറെ മാറിപ്പോയിരിക്കുന്നു.
ആഹാരത്തിന്‌ വകയില്ലാതെ കഴിഞ്ഞ ആളാണ്‌
ഇപ്പോള്‍ പക്ഷേ ബഹുനില മന്ദിരം.
മുറ്റത്ത്‌ വിശാലമായ പുന്തോട്ടം, ജലധാര,
നിരത്തിയിട്ടിരിക്കുന്ന കാറുകള്‍ - മെര്‍സിഡസ്‌, ലക്‌സസ്‌, റോള്‍സ്‌ റോയ്‌സ്‌....
കോളിംഗ്‌ ബല്ലടിച്ച്‌ കാത്തിരുന്നു.
അല്‌പം കഴിഞ്ഞപ്പോള്‍ ഒരു പരിചാരകന്‍ വന്ന് കാരണമന്വേഷിച്ചു പോയി.
പിന്നെയും കാത്തിരുപ്പ്‌.
ഒടുവില്‍ അദ്ദേഹം - വാന്‍ ഗോഖ്‌!
ഉടയാത്ത മുഷിയാത്ത വസ്‌ത്രങ്ങളില്‍ പൊതിഞ്ഞ്‌!
'എനിക്കൊരു ചിത്രം വേണം' ഞാന്‍ വിക്കി.
'ആര്‍ക്കും സൗജന്യമായി ചിത്രങ്ങള്‍ കൊടുക്കാറില്ല. നിങ്ങളെനിക്കെന്തു പകരം തരും?'
പണം - ലക്ഷങ്ങള്‍, മുല്ല്യണ്‍, ബില്ല്യണ്‍.. എത്രവേണം?
വാന്‍ ഗോഖ്‌ പറഞ്ഞു: 'ഞാനിപ്പോള്‍ ആവശ്യത്തിലേറെ സമ്പന്നനാണ്‌. എനിക്ക്‌ നിങ്ങളൂടെ പണം വേണ്ട.'
'പിന്നെ?'
എനിക്ക്‌ നിങ്ങളുടെ ഒരു ചെവി വേണം..!!

15 comments:

Anonymous said...

നല്ല ചെറു മഞ്ചാടി മണികള്‍
സന്തോഷം, വായിക്കാനായതില്‍

രാജ് said...

വാന്‍ ഗോഖിന്റെ ചെവി ഇഷ്ടപ്പെട്ടു.

paarppidam said...

Its very nice. dont give your ear to vangog.

Abdu said...

നന്നായിരിക്കുന്നു,
നല്ല ശൈലി,
ബോധിബുദ്ധന്‍, വാന്‍ ഗോഖിന്റെ ചെവി, രണ്ടും നന്നായിരിക്കുന്നു,
തുടരുക

ചില നേരത്ത്.. said...

പൂവ്‌

നഗരത്തില്‍ പുഷ്പോത്സവം!
കണ്ണുകളെ വിരുന്നൂട്ടാന്‍ ഞാനും പോയി.

ബോധിബുദ്ധന്‍
ബോധോദയത്തിന്റെ പുലര്‍ച്ചയും തേടി
അലന്‍ഞ്ഞുനടന്നു.
രാത്രി- കൂരിരുട്ട്‌ - നല്ല തണുപ്പ്‌!
ബോധോദയം - ഒറ്റ നടപ്പ്‌ - തിരിച്ച്‌!!
കിടക്ക വിരിച്ച്‌ ഭാര്യ കാത്തിരിപ്പുണ്ടായിരുന്നു.


എല്ലാം മനോഹരമായ വരികള്‍!!

പ്രണയം പൈങ്കിളിയാണെന്ന് കരുതുന്നതിനാലാണെന്ന് തോന്നുന്നു ‘ലിഫ്റ്റ്’ എനിക്കിഷ്ടപ്പെടാതിരുന്നത്.

Unknown said...

ബുദ്ധനും വാന്‍ ഗോഖിന്റെ ചെവിയും ശരിക്കും ഇഷ്ടമായി. ഇവയുടെ പ്രഭയില്‍ ആദ്യത്തെ രണ്ടെണ്ണം മങ്ങിപ്പോകുന്നത് പോലെ.

Kalesh Kumar said...

വാക്കുകള്‍ കൊണ്ട് വയറിളക്കം കാണിക്കാ‍തെ - അളന്ന്കുറിച്ച്!
അതിമനോഹരം!

സു | Su said...

നന്നായിട്ടുണ്ട്.

റീനി said...

കഥകള്‍ വളെരെ ഇഷ്ടപ്പെട്ടു. "വാന്‍ ഗോഖിന്റെ ചെവി" അതിമനോഹരമായിരിക്കുന്നു.

ലിഡിയ said...

ബന്യാനീനെ യാക്കോബിന്റെ മക്കളില്‍ ഏറ്റവും ഇളയവനായ നീ നിന്റെ നിഷ്കളങ്കതയാലും എളിമയാലും പ്രീതിക്ക് പാത്രമായിരിക്കുന്നു..

നിന്റെ ഗോത്രം ഈ അവകാശഭൂമിയുടെ ഏറ്റവും പുഷ്ടിയുള്ള ഭാഗത്ത് തന്നെ കുടിപാര്‍ക്കട്ടെ..

(ഉത്പത്തിയുടെ പുസ്തകങ്ങളില്‍ നിന്ന്)

:-)

-പാര്‍വതി.

ബെന്യാമിന്‍ said...

സുനില്‍, പെരിങ്ങോടന്‍, കുമാര്‍, ഇടങ്ങള്‍, ചിലനേരത്ത്‌, ദില്‍ബാസുരന്‍, കലേഷ്‌, സൂ, റീനി...
എല്ലാവര്‍ക്കും ഹൃദയം നിറഞ്ഞ നന്ദി. നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങളും വിമര്‍ശനങ്ങളുമാണ്‌ എന്റെ എഴുത്തിലെ വഴിവിളക്കുകള്‍. വീണ്ടും അത്‌ തെളിച്ചുകൊണ്ടേയിരിക്കുക! നിങ്ങളുടെ അഭിനന്ദനങ്ങളാണ്‌ എന്റെ എഴുത്തിലെ പാഥേയം. വല്ലപ്പോഴും അതെനിക്കുനേരെ നീട്ടുക.
പാര്‍വ്വതി,
യാക്കോബിന്റെ ഈ ഇളയപുത്രന്‌ ദാനം നല്‌കിയ ഭൂമിയിലെ ആ ഇടം സ്നേഹപൂര്‍വ്വം കൈപ്പറ്റിക്കൊള്ളുന്നു.

വല്യമ്മായി said...

നന്നായിരിക്കുന്നു.

Jayesh/ജയേഷ് said...

ബോധിബുദ്ധന്‍ നന്നായിരുന്നു...

സുരേഷ് ഐക്കര said...

ബെന്യാമിന്‍,
ഇത് കവിതയോടു ചേര്‍ന്നുനില്‍ക്കുന്ന കഥകള്‍

സുരേഷ് ഐക്കര said...

ബെന്യാമിന്‍,
ഇത് കവിതയോടു ചേര്‍ന്നുനില്‍ക്കുന്ന കഥകള്‍.