Sunday, September 10, 2006

ആരുടെ ഓണം..?

സമകാലികലോകത്തില്‍ വളരെ പ്രസക്‌തമായ ഒരു ചോദ്യമാണിതെന്ന് ഞാന്‍ വിചാരിക്കുന്നു. കാരണം കേരളത്തിന്റെ നനാജതി മതസ്ഥര്‍ വര്‍ഗ്ഗവര്‍ണ്ണ വ്യതാസങ്ങളില്ലാതെ ആഘോഷിച്ചിരുന്ന ഈ ഉത്സവത്തെ ആരൊക്കെയോ ശക്‌തികള്‍ ഹൈജാക്ക്‌ ചെയ്യാന്‍ ശ്രമിക്കുന്ന ഒരു കേരളക്കാഴ്ച നാം സൂക്ഷ്മമായി നിരീക്ഷിക്കേണ്ടതുണ്ട്‌.

ഇതുപറയാന്‍ ഇപ്പോള്‍ ഒരു പ്രധാന കാരണമുണ്ട്‌. കഴിഞ്ഞ ദിവസം കണ്ട ഒരു വാര്‍ത്ത - ഓണത്തിന്‌ അവധി നല്‌കാത്തതിനാല്‍ കോളേജ്‌ വിദ്യാര്‍ത്ഥികള്‍ സമരത്തില്‍ - അവധി നല്‌കാന്‍ഞ്ഞതിന്‌ കോളേജ്‌ പ്രിന്‍സിപ്പലിന്റെ നീതീകരണം ഇങ്ങനെ - ഞങ്ങള്‍ മതാഘോഷങ്ങള്‍ക്ക്‌ അവധി നല്‌കാറില്ല.
ചോദ്യം ഒന്ന് - ഓണം ഒരു മതാഘോഷമാണെന്ന് ആ പ്രഫസറെ പഠിപ്പിച്ചതാര്‌. അദ്ദേഹത്തിന്റെ വാക്കുകള്‍ക്ക്‌ പിന്നില്‍ കേരളത്തില്‍ നാമൊക്കെ വിചാരിക്കുന്നതിലും അപ്പുറത്തുള്ള ഒരു മതവൈരവും മതവൈരുധ്യവും വളര്‍ന്നു വരുന്നുണ്ട്‌ എന്ന സൂചനയില്ലേ..?
ഒരു ഇരുപത്‌ വര്‍ഷമുന്‍പ്‌ കേരളത്തില്‍ ആരെങ്കിലും ഇങ്ങനെ ഓണത്തെപ്പറ്റി പറയാന്‍ പോയിട്ട്‌ ചിന്തിക്കാനെങ്കിലും തയ്യാറാവുമോ..?

ചോദ്യം രണ്ട്‌ - പ്രഫസറെ മാത്രം നമുക്ക്‌ കുറ്റം പറയാനാവുമോ...? അദ്ദേഹത്തിന്റെ വാക്കുകള്‍ക്ക്‌ പിന്നില്‍ തികഞ്ഞ മതാന്ധതയ്ക്കപ്പുറം മറ്റൊരു സത്യം ഒളിഞ്ഞുകിടപ്പില്ലേ.? അതായത്‌ ഓണത്തെ ഹൈജാക്കു ചെയ്യാന്‍ ഹൈന്ദവ ഫാസ്‌സിറ്റ്‌ കക്ഷികള്‍ ശ്രമിക്കുന്നതിന്റെ അത്‌ ഫലം കാണുന്നതിന്റെ ഒരു സൂചന..?!
ആരും പരിഭവിച്ചിട്ട്‌ കാര്യമൊന്നുമില്ല. ഓണം ഇന്ന് ആരുടെയൊക്കെയോ ശ്രമഫലമായി തികഞ്ഞ ഹൈന്ദവാഘോഷമായി തീര്‍ന്നുകൊണ്ടിരിക്കുന്നു. അതില്‍ എങ്ങനെയൊക്കെയോ ഹൈന്ദവദൈവങ്ങളെ കടത്തി വിടാനും ഹൈന്ദവബിംബങ്ങളെ ആഘോഷിക്കാനും ഒരു ശ്രമം നടക്കുന്നുണ്ട്‌. ഓണത്തിനോടനുബന്ധിച്ച ഘോഷയാത്രകളില്‍ തെയ്യം വെളിച്ചപ്പാട്‌, എന്നിവരുടെ ഒക്കെ കടന്നുകയറ്റം സ്വഭാവികമെന്ന് കരുതി അവഗണിച്ചുകൂടാ. തികഞ്ഞ ഹൈന്ദവബിംബസൂചനകള്‍ തന്നെയാണത്‌. അതേസമയം ഈ അഘോഷങ്ങളില്‍ മതനിരപേക്ഷതയുടെയോ ഹൈന്ദവബാഹ്യമായതോ ആയ യാതൊരു ബിംബങ്ങളോ സൂചനകളോ ഇല്ലതാനും. അപ്പോള്‍ ഒരാാള്‍ ഓണത്തിനെ മതാഘോഷം എന്ന് വിളിച്ചെങ്കില്‍ അതിനെ തള്ളിക്കളയാന്‍ ഒക്കുമോ..?

ഓണത്തിനെ ഹൈന്ദവം എന്ന് വിശേഷിപ്പിച്ച പ്രഫസറുടെ വാക്കുകള്‍ എത്രത്തോളം നമ്മുടെ മതനിരപേക്ഷതയ്ക്ക്‌ കളങ്കം ചാര്‍ത്തുന്നുവോ അത്രതന്നെ ഗൗരവമായ ഒരു കാര്യമാണ്‌ ഓണത്തിനിടയില്‍ കയറിക്കൂടുന്ന ഹൈന്ദവബിംബങ്ങളും.
രണ്ടുതരം വിഭാഗീയ ചിന്തകളെയും വര്‍ഗ്ഗീയ ചിന്തകളെയും നാം തിരിച്ചറിയേണ്ടതുണ്ട്‌. രണ്ടിനെയും ചെറുക്കേണ്ടതുമുണ്ട്‌. ഇല്ലെങ്കില്‍ അത്‌ കേരളത്തിന്റെ ഭാവിയെ ദോഷകരമായി ബാധിക്കും. ഓണത്തിന്റെ ഭാവിയെ അത്‌ ദോഷകരമായി ബാധിക്കും. സമത്വസുന്ദരമായ ഒരു ലോകം സ്വപ്നം കാണാന്‍ അവസരം തരുന്ന ഓണം ആരെങ്കിലുമൊക്കെ തത്‌പരകക്ഷികള്‍ അവരുടെ ഇഷ്ടത്തിലേക്ക്‌ ഹൈജാക്കു ചെയ്‌തുകൊണ്ടുപോയെന്നിരിക്കും. ജാഗ്രതേ..!!

11 comments:

രാജ് said...

തൃശൂര്‍ പോലെയുള്ള നഗരങ്ങളിലും മറ്റും ഓണം കുറേകൂടി ജനകീയമാണെന്നു തോന്നുന്നു. ഹൈന്ദവബിംബഭാവം ഓണത്തില്‍ നിന്നും എളുപ്പം എടുത്തു കളയാവുന്നതല്ലെന്നു തോന്നുന്നു, എന്നാല്‍ തന്നെയും പണ്ടത്തെ ഓണാഘോഷങ്ങള്‍ വിപുലമായതിനാല്‍ വിവിധമതസ്ഥര്‍ക്കു അവയിലെല്ലാം പങ്കെടുക്കുവാനും സാധിച്ചുപോന്നിരുന്നു. ഇന്നത്തെ ഓണാഘോഷങ്ങള്‍ ബോണസ്, ടിവീചാനല്‍, പൂക്കളമത്സരം എന്നിവയായതിനാല്‍ മിക്കവരും ഓണത്തെ കുറിച്ചു അറിഞ്ഞുപോകുന്നുവെങ്കിലും പങ്കാളിത്തം കുറവാണെന്നു തോന്നുന്നു. മുറ്റത്തു പൂക്കളമിട്ടും അകത്തൂണൊരുക്കിയും ഓണാഘോഷത്തിനെ ഹൈന്ദവസമൂഹം താന്തങ്ങളുടെ മതില്‍ക്കെട്ടിനകത്തു തളച്ചിട്ടതിനു ശേഷമല്ലേ ഓണാഘോഷങ്ങളില്‍ വെളിച്ചപ്പാടും, തെയ്യവും കയറി വന്നതു്?

ഓണത്തിനു പുറകില്‍ ഉത്സവവും ആചാരവുമുണ്ടു്, ആദ്യത്തേതു സമൂഹത്തില്‍ സംഭവിക്കേണ്ടതാണെങ്കില്‍ രണ്ടാമത്തേതു ചില പ്രത്യേക ‘ചട്ടക്കൂടുകളില്‍’ അനുഷ്ഠിച്ചുപോരുന്നതാണു്. ഓണമെന്ന ആചാരം എങ്ങിനെയെങ്കിലും ആയിക്കോട്ടെ, ഓണമെന്ന ഉത്സവത്തിനെ നേരത്തെ പറഞ്ഞ ബോണസ്, ടീവി/സിനിമ, ഷോപ്പിങ്, മദ്യപാനം, പൂക്കളമത്സരം ഇത്യാദികളില്‍ ഒതുക്കാതിരുന്നാല്‍ മതി-ഓണം അതിന്റെ യഥാര്‍ത്ഥ ഗുണങ്ങളോടെ എക്കാലവും നിലനില്‍ക്കും.

ബെന്യാമിന്‍ said...

പെരിങ്ങോടന്റെ ആദ്യ പ്രതികരണത്തിന്‌ നന്ദി. ഓണം എക്കാലത്തും ഹൈന്ദവമായിരുന്നു എന്ന വാദം അംഗീകരിക്കുന്നു. പണ്ട്‌ അതെല്ലാവര്‍ക്കും അറിയാമായിരുന്നുതാനും. ക്രിസ്‌ത്യാനിയും മുസ്ലീമും കമ്യൂണിസ്റ്റുകാരനും നിരീശ്വരവാദിയും അതറിഞ്ഞുകൊണ്ടുതന്നെയാണ്‌ ഓണത്തില്‍ സന്തോഷത്തോടെ പങ്കുചേര്‍ന്നിരുന്നതും. പക്ഷേ അന്ന് ഓണത്തെ ആരും തങ്ങളുടെ സ്ഥാപിത താത്‌പര്യങ്ങള്‍ക്കുവേണ്ടി വര്‍ഗ്ഗീയ വത്‌കരിക്കാന്‍ ശ്രമിച്ചിരുന്നില്ല. ഇന്ന് അതുപക്ഷേ മനഃപൂര്‍വ്വം സംഭവിക്കുന്നു എന്നിടത്താണ്‌ അപകടം. ദൗര്‍ഭാഗ്യവശാല്‍ പെരിങ്ങോടന്‍ സൂചിപ്പിച്ച ചില കാര്യങ്ങളില്‍ മാത്രമാണ്‌ ഇന്ന് ഓണത്തിന്റെ മതനിരപേക്ഷത നിലനില്‌ക്കുന്നത്‌.

Anonymous said...

സുഹൃത്തേ സ്വാഗതം! പുതിയ പുസ്തകം ഇറങിയോ?-സു-

കണ്ണൂരാന്‍ - KANNURAN said...

ഓണാഘോഷങ്ങളില്‍ ഹൈന്ദവ ബിംബങങള്‍ കടന്നു കൂടിയതാണെന്നു പറയുന്നതു വസ്തുകളുടെ തിരസ്കരണമാണ്. തെയ്യവും തിറയും ഓണം ഘോഷയാത്രയില്‍ ഉള്‍പ്പെടുത്തിയത് മാറി മാറി വന്ന സര്‍ക്കാറുകളാണ്. എന്നാല്‍ പതിറ്റാണ്ടുകള്‍ക്കു മുന്‍പെ തന്നെ വടക്കന്‍ മലബാറില്‍ ഓണതെയ്യവും ഓണപൊട്ടനുമൊക്കെ ഉണ്ടായിരുന്നു.....

Anonymous said...

ബെന്യാമീന്‍, സ്വാഗതം.

ഓണം കേരളത്തിന്റെതു മാത്രമായ ഒരു സാമൂഹ്യ പ്രസ്ഥാനമാണു്. അതു് ഹൈന്ദവേതരമതങ്ങള്‍ ഉത്ഭവിച്ചിടത്തു് ഉണ്ടായതല്ല. എന്നാല്‍ അതു് ഹിന്ദുമതത്തിന്റെ അവിഭാജ്യഘടകമാണെന്നും പറയാവതല്ല. അതു് കേരളത്തിന്റെ മാത്രം സ്വന്തം ഉത്സവമാണു്. അതില്‍ കേരളീയമായ പല ഹൈന്ദവബിംബങ്ങളും ഇഴപിരിക്കാനാവാത്ത വിധം ഇഴുകിച്ചേര്‍ന്നിരിക്കുന്നു. ഓണത്തിന്റെ ഐതിഹ്യം മാത്രം എടുത്തുനോക്കിയാല്‍ മതി. ചരിത്രപരമായി ഈ ഐതിഹ്യത്തിനു് എത്രത്തോളം പഴക്കമുണ്ടെന്നു് ആരെങ്കിലും കണ്ടുപിടിച്ചിട്ടുണ്ടോ എന്നറിയില്ല, എന്നിരുന്നാലും സ്വഭാവികമായി ഓണത്തിനു് ഒരു ഹൈന്ദവോത്സവത്തിന്റെ നിറമാണു്. അതു് നിഷേധിക്കാന്‍ സാധ്യമല്ല. എന്നാല്‍ കേരളത്തിന്റെ മാത്രം ദേശീയോത്സവമെന്ന നിലയില്‍ അതിനെ സ്വാംശീകരിയ്ക്കാനും സ്വന്തമെന്നു കരുതാനും കേരളത്തിലെ ഹൈന്ദവേതര മതങ്ങള്‍ തയ്യാറായിരുന്നു എന്നു ഞാന്‍ കരുതുന്നു. ചരിത്രത്തിലെ ഇത്തരം വസ്തുതകള്‍ ആര്‍ക്കെങ്കിലും വിശദമായി പ്രതിപാദിയ്ക്കാന്‍ കഴിയുമെന്നു വിശ്വസിക്കുന്നു. ഇന്നു് നിലവിളക്കിനെ തള്ളിപ്പറയുന്ന പുത്തന്‍ മുസ്ലീങ്ങളെപ്പോലെ, ഓണത്തെയും തങ്ങളുടെ ആഘോഷപ്പട്ടികയില്‍ നിന്നു് മറ്റുമതക്കാര്‍ പുറത്താക്കാന്‍ ഇത്തരം അതിഹൈന്ദവത ഒരു കാരണമായി മാറും. അതു് നിലനില്ക്കുന്ന സഹിഷ്ണുതയും പാരസ്പര്യവും നശിപ്പിക്കും.

ബെന്യാമിന്‍ said...

കണ്ണൂരാന്‍, കെവി നന്ദി. മിത്തുകളും ഐതീഹങ്ങളും കാലത്തിലൂടെ കടന്നുപോകുമ്പോള്‍ വിവിധ ഭൗതീക സാഹചര്യങ്ങള്‍ അവയില്‍ രൂപഭേദങ്ങള്‍ വരുത്തുന്നുണ്ടെന്ന് നമ്മള്‍ മനസ്സിലാക്കുന്നു. ഓണം ഹൈന്ദവമായതിനെക്കുറിച്ച്‌ ആലോചിക്കാം. സാധാരണ എല്ലാ അവതാരങ്ങളും ഉണ്ടാകുന്നത്‌ ലോകത്തില്‍ അനീതി നടമാടുമ്പോള്‍ നീതിയുടെ സംസ്ഥാപനത്തിനായിട്ടാണ്‌. എങ്കില്‍ വാമനാവതാരം എന്തിനായിരുന്നു..? അങ്ങേയറ്റം സാമൂഹികനീതി നടാപ്പാക്കിയ രാജാവായിരുന്നില്ലേ മഹാബലി..? ഓണത്തിനെ ഹൈന്ദവ മിത്തുമായി കൂട്ടിവായിക്കുമ്പോള്‍ നാമൊന്നും അത്രയൊന്നും പെട്ടെന്ന് ചിന്തിക്കാത്ത ഇത്തരമൊരു ഐറണി അതില്‍ ഒളിച്ചുകിടപ്പുണ്ട്‌ എന്നു കാണാം. അപ്പോള്‍ ശരിക്കും ഹൈന്ദവതയുടെ കേരളാഗമനത്തിനും മുന്‍പേ ഓണം എന്ന സമലോകസിദ്ധാന്തം ഇവിടെ നിലനിന്നിരുന്നു എന്നുകാണാം. നമ്മുടെ നാടന്‍ പാട്ടുകളില്‍ ഒക്കെ കാണുന്ന ഓണത്തില്‍ മഹാബലി എന്നൊരു രാജസങ്കല്‌പമേയില്ലെന്ന് നാടന്‍പാട്ടുകളുടെ ഉസ്‌താദ്‌ കുട്ടപ്പന്‍ പറയുകയുണ്ടായി.
ചരിത്രകാരന്മാര്‍ പറയുന്നത്‌ ഇങ്ങനെയാണ്‌, എ.ഡി. പത്താം നൂറ്റാണ്ടു വരേക്കും ഏഴുദിവസത്തെ ഓണം മധുരയില്‍ ആഘോഷിച്ചിരുന്നതായി മധുരൈക്കൊഞ്ചി എന്ന ഗ്രന്ഥത്തില്‍ കാണുന്നു. മഹാബലിയെ ജയിച്ച വാമനമൂര്‍ത്തിയുടെ ഓര്‍മ്മയ്ക്കായാണ്‌ അന്ന് ഓണം ആഘോഷിച്ചിരുന്നത്‌. ആ ഓണം തന്നെയാണ്‌ വൈഷ്ണവഭക്‌തി പ്രസ്ഥാനങ്ങള്‍ കേരളത്തിലും എത്തിച്ചത്‌. തൃക്കാക്കര ക്ഷേത്രത്തിന്റെ സ്ഥാപനം കേരളത്തിലെ ഓണാഘോഷത്തിന്‌ ആക്കം നല്‌കി. ഓണത്തിന്റെ യഥാര്‍ത്ഥ ഉത്ഭവം അസ്സീറിയയില്‍ നിന്നാണെന്ന് എന്‍.വി.കൃഷ്‌ണവാര്യര്‍ പറയുന്നു. മൂവായിരത്തിലേറെ കൊല്ലം മുന്‍പ്‌ അസ്സീറിയയിലെ നിനവേയില്‍ ഉണ്ടായിരുന്ന രാജാവോ രാജാക്കന്മാരോ ആണ്‌ നമ്മുടെ മാവേലി എന്ന് അദ്ദേഹം സമര്‍ത്ഥിക്കുന്നു. അസീറിയയിലെ നമ്മുടെ പൂര്‍വ്വിക പിതാക്കന്മാര്‍ അനുഷ്ഠിച്ചിരുന്ന ഓണമാണ്‌ നാമിന്നും അനുഷ്ഠിക്കുന്നതെന്നാണ്‌ എന്‍.വിയുടെ അഭിപ്രായം. ഈ നിഗമനം ശരിയായിരിക്കാന്‍ ഇടയുണ്ടെന്ന് പി.കെ. ഗോപാലകൃഷ്ണന്‍ അഭിപ്രായപ്പെടുന്നുണ്ട്‌. ദ്രാവിഡരുടെ മൂലവംശങ്ങളിലൊന്ന് അസ്സീറിയന്‍ മേഖലയില്‍ നിന്ന് കുടിയേറിപ്പാര്‍ത്തവരാണെന്നതാണ്‌ ഇതിന്‌ ഉപോദ്‌ബലകമായി അദ്ദേഹം പറയുന്നത്‌.
ഓണം ആര്യന്മാരുടേതല്ല, ദ്രാവിഡരുടേതാണ്‌. ഹൈജാക്ക്‌ ഇന്നും ഇന്നലെയും തുടങ്ങിയതല്ലെന്ന് സാരം. നമ്മുടെ ജനകീയ സര്‍ക്കാരുകള്‍ അതിനെ സര്‍വ്വരുടേതുമാക്കി മാറ്റിയെങ്കില്‍ ഒരു തിരിന്‍ഞ്ഞുനടപ്പിനാണ്‌ വര്‍ഗ്ഗീയ ശക്‌തികള്‍ ശ്രമിക്കുന്നത്‌.

സു | Su said...

മഹാബലി അസുരരാജാവ് ആയിരുന്നു.
മഹാബലി വല്യ രാജാവായി ഭരിച്ച് കയറി പ്രസിദ്ധിയാര്‍ജ്ജിച്ച് ദേവേന്ദ്രനേക്കാളും മുകളില്‍ സ്ഥാനം കിട്ടുന്നത് തടയാന്‍ വേണ്ടീട്ടാണ് വാമനന്‍ അവതരിച്ചത്.

ഓണത്തില്‍ എന്തു ഹിന്ദുത്വം? ഓണം എല്ലാ കേരളീയരുടേയും ഉത്സവം എന്നാണ് ഇതുവരെ പറഞ്ഞിട്ടുള്ളത്. അതിനെ ഒരു പ്രത്യേക മതത്തിന്റെ കൂട്ടില്‍ പിടിച്ചിടരുത്. കൂട്ടിലൊതുക്കാന്‍ അനുവദിക്കരുത്. പറഞ്ഞ് പറഞ്ഞ് ഒരു മതത്തിന്റെ ആഘോഷമാക്കിയെടുക്കുന്ന നിലപാടുണ്ടെങ്കില്‍ അത് ശരിയല്ല.

ഓണം മലയാളികളുടെ ഉത്സവം ആണ്. ഒരു മതത്തിന്റേയും ഉത്സവം അല്ല.

paarppidam said...

ഓണം ഹിന്ദുമിഥോളജിയുമായിബന്ധപ്പെട്ട്‌ വരുന്ന ഒരു ആഖോഷമാണെങ്കിലും നാളിതുവരെ അതിനെ ഒരു ഹിന്ദു ആഘോഷമായി ആരുംകരുതിയിരുന്നില്ല.(ചിലമതമൗലികവാദികളും പിന്നെ ചില പുരോഗമന ക്കാരും ഇതിനെ ഹിന്ദുക്കളുടെ ആചാരമായും സവര്‍ണ്ണരുടെ ആഘോഷമായും വ്യാക്യാനിക്കാറുണ്ടെന്നതൊഴിച്ചാല്‍ ആളുകള്‍ ഒരുമയോടെ ആഘോഷിച്ചുവന്ന ഓണത്തിന്റെ ഭംഗിയും സത്തയും കളയുവാന്‍ ഇത്തരം പ്രോഫസര്‍മാരും പിന്നെചില വര്‍ഗ്ഗീയവാദികളും നടത്തുന്ന ശ്രമങ്ങളെചെറുക്കേണ്ടതുണ്ട്‌. കെവിന്‍പറഞ്ഞതുപോലെ യാതൊരു മതപരമോ ഭാഷാപരമോ തുടങ്ങിയ വിവേചനം ഒരിക്കലുംതന്റെഭാഗത്തുനിന്നുമുണ്ടാവില്ലാന്ന് സത്യപ്രതിഞ്ഞചെയ്യുന്ന മന്ത്രിമാരില്‍ചിലര്‍പിന്നീട്‌ പ്രകാശത്തെ ഭയപ്പെട്ട്‌ വിളക്ക്‌ കത്തിക്കുവാന്‍ മടിക്കാറുണ്ട്‌.ഇതൊരര്‍ഥത്തില്‍ അവരുടെ ഉള്ളില്‍ ഉള്ള മതചിന്തയീല്ലെ വെളിവാക്കുന്നതെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.

എന്തിനേയും മതത്തിന്റെ കള്ളികളില്‍ തളച്ചിടുവാനും ഭാഗിച്ചെടുക്കുവാനും ഉള്ളവ്യഗ്രത മതത്തെ വിലപേശലിനുള്ള ആയുധമായി ഉപയോഗിക്കുന്നവര്‍ നിരന്തരം പ്രകടിപ്പിക്കാറുണ്ടെന്നത്‌ സത്യമാണ്‌.
ശ്രീ ബെന്യാമീന്‍ മനസ്സിലാക്കേണ്ട മറ്റൊരു വസ്തുത ഭാരതത്തില്‍നിലനിന്നിരുന്ന സംസ്കാരംഹിന്ദുസംസ്ക്കാരം ആയിരുന്നു എന്നുള്ളതാണ്‌.മറ്റുമതങ്ങളിവിടെ വന്നു അവരുടെ അനുയായികള്‍ ധാരാളമുണ്ടായി എന്നതുകോണ്ട്‌ ഇവിടെ നിലനിന്ന ആചാരാനുഷട്ടാനങ്ങളും സാംസ്ക്കാരികാടയാളങ്ങളും തുടച്ചുനീക്കണം എന്ന് ആവശ്യപ്പെടുന്നത്‌ ന്യായമല്ല. ഭാരത സംസ്ക്കാരത്തെ തുടാച്ചുനീക്കിമതേതരത്വ പ്രഖ്യാപനമ്നടത്തുക എന്നത്‌ അര്‍ഥശൂന്യമായകാര്യമാണ്‌.

ഹൈന്ദവബിംബങ്ങളെന്ന് പറഞ്ഞ്‌ തെയ്യവുംകഥകളിയുമെല്ലാം നിരോധിക്കണമെന്നും കലാമണ്ടലം അടച്ചുപൂട്ടണമെന്നും ആവശ്യപ്പെടുന്ന ഒരുതലമുറ വന്നുകൂടായ്കയില്ല. മാവേലിയുമായി ബന്തപ്പെട്ട മിഥോളജി ഇവിടെ പരാമര്‍ശിക്കേണ്ടതില്ലല്ലോ? വെളിച്ചപ്പാടിനെ ഓണാഘാഷത്തില്‍കടത്തിവിടുന്നതിനോടഭിപ്രായവ്യത്യാസമുണ്ട്‌.വെളിച്ചപ്പാടിനെ തുണിക്കടയുടെ പരസ്യത്തിലുപയോഗിക്കുന്നത്‌ ഹിന്ദുത്വംകൊണ്ടുവരുവാനാണെന്ന് പറയാനൊക്കുമോ?

ചാനലുകളിലെ കോമാളിവേഷങ്ങളിലേക്കുംതുണിക്കടകളുടെ പരസ്യമോഡലായുമാവേലിയെ അവഹേളിക്കുന്ന നമുക്ക്‌ എന്തവകാശമാണ്‌ ഓണത്തെക്കുറിച്ച്‌ വ്യാകുലപ്പെടുവാന്‍? ഓണത്തെയെങ്കിലും വര്‍ഗ്ഗീയവല്‍ക്കരണത്തില്‍നിന്നും മാറ്റിനിര്‍ത്തുവാന്‍ നാം ഓരൊരുത്തരും പ്രയത്നിച്ചേമതിയാകൂ.

ബെന്യാമിന്‍ said...

വിവിധ അഭിപ്രായങ്ങള്‍ക്ക്‌ നന്ദി. ഓണം പോലെയുള്ള ഒരാഘോഷത്തില്‍ തീര്‍ച്ചയായും വര്‍ഗ്ഗീയത കലരാന്‍ പാടില്ല എന്ന ഏക അഭിപ്രായത്തിലാണ്‌ എല്ലാവരും എന്നതില്‍ സന്തോഷത്തിന്‌ വകയുണ്ട്‌. ഇത്തരമൊരു ജാഗ്രത തന്നെയാണ്‌ ഞാന്‍ ഈ ലേഖനമെഴുതുമ്പോള്‍ ആഗ്രഹിച്ചതും. ചെറുപ്പക്കാരില്‍ നല്ലൊരു ശതമാനവും വര്‍ഗ്ഗീയാതീതരായി ചിന്തിക്കുന്നു എന്നത്‌ നല്ലതാണ്‌.

Kalesh Kumar said...

പ്രിയ ബെന്യാമീന്‍,
ബൂലോഗത്തേക്ക് ഒരു കുറിയാനപ്പള്ളിക്കാരന്റെ സ്വാഗതം!
ആള്‍ പുലിയാണെന്ന് മനസ്സിലായി!

Anonymous said...

ഓണം തികഞ്ഞ ഹൈന്ദവാഘോഷം തന്നെയായിരുന്നു അന്നും ഇന്നും വികാ‍രാവേശം മാറ്റിവച്ച് ഈ ലേഖനം വായിക്കുക