Saturday, September 30, 2006

വര്‍ഗ്ഗീയമായി ചേരിതിരിയുന്ന 'മണലെഴുത്ത്‌'

വിജയദശമി നാളില്‍ കുട്ടികളുടെ നവില്‍ ആദ്യാക്ഷരം കുറിയ്കുക എന്നത്‌ കാലങ്ങളായി നമ്മുടെ നാട്ടില്‍ നടന്നുകൊണ്ടിരിക്കുന്ന ഒരു പുണ്യകര്‍മ്മമാണ്‌. പണ്ടൊക്കെ ആ കര്‍മ്മം നിര്‍വ്വഹിച്ചിരുന്നത്‌ കുടിപ്പള്ളിക്കുടങ്ങളില്‍ എഴുത്താശാന്മാരായിരുന്നു. ഓലപ്പള്ളിക്കുടത്തില്‍ ആശാന്റെ മുന്നില്‍ ആദ്യാക്ഷരം കുറിക്കാന്‍ ഭീതിയോടെ ചമ്രം പൂട്ടിട്ട്‌ ഇരിക്കുന്നതും ആശാന്‍ എന്റെ കൈപിടിച്ച്‌ മണലില്‍ 'ഹരിശ്രീ ഗണപതായേ നമ' എന്ന് എഴുതിക്കുന്നതും ആശാന്‌ വെറ്റിലയില്‍ പൊതിഞ്ഞ ഒരു ചെറുനാണയം കൈനീട്ടമായി കൊടുക്കുന്നതും ഇന്നലെ എന്ന പോലെ എന്റെ മനസ്സില്‍ ഇപ്പോഴും ഉണ്ട്‌. അതെ. നിങ്ങളില്‍ പലര്‍ക്കുമെന്നപോലെ എന്റെയും ആദ്യ എഴുത്ത്‌ ആശാന്‍പള്ളിക്കുടത്തിലെ 'മണലെഴുത്ത്‌' തന്നെയായിരുന്നു!
കഴിഞ്ഞ പത്തുപതിഞ്ച്‌ വര്‍ഷങ്ങളേ ആയിട്ടുള്ളു, ഈ മണലെഴുത്ത്‌ ഒരു വലിയ ആഘോഷമായിത്തീര്‍ന്നിട്ട്‌. എഴുതിനിരുത്ത്‌ ഇന്ന് വലിയൊരു ചടങ്ങാണ്‌. ചോറൂണുപോലെ, ശുന്നത്തുകല്യാണം പോലെ, വിവാഹം പോലെ ഒരാഘോഷം! ആയിക്കോട്ടെ, എന്തിലും ഏതിലും ഒരു ആഘോഷം കണ്ടെത്താനും അതിനിത്തിരി പണം പൊടിക്കാനും കാത്തിരിക്കുന്ന മലയാളിയ്ക്ക്‌ വീണുകിട്ടിയ ഒരവസരം. എഴുത്തിനിരുത്ത്‌ പതിയെ കുടിപ്പള്ളിക്കുടത്തില്‍ നിന്നും പറിച്ചുനടപ്പെട്ടു. സാംസ്‌കാരിക കേന്ദ്രങ്ങളായി അതിനുള്ള വേദി. വലിയ വലിയ എഴുത്തുകാര്‍ അതിന്‌ നേതൃത്വംകൊടുക്കാന്‍ തുടങ്ങി. തങ്ങളുടെ കുട്ടികള്‍ക്ക്‌ ആദ്യാക്ഷരം കുറിച്ചുകൊടുക്കാന്‍ ഏറ്റവും വലിയ എഴുത്തുകാരെനെ തപ്പിനടക്കുന്നതും പിന്നെ അതൊരു മേനിയായി പറഞ്ഞുനടക്കുന്നതും മലയാളിയുടെ മറ്റൊരു ശീലമായിത്തീര്‍ന്നു. മലയാളമനോരമ വലിയ എഴുത്തുകാരെ സംഘടിപ്പിച്ച്‌ എഴുത്തിനിരുത്ത്‌ തുടങ്ങിയപ്പോള്‍ വിമര്‍ശിച്ച പലര്‍ക്കും മറ്റുപത്രങ്ങള്‍കൂടി അത്‌ തുടങ്ങി വച്ചപ്പോള്‍ നാവടക്കേണ്ടി വന്നു. അതിനിടെ പാവം എഴുത്താശാന്മാരും കുടിപ്പള്ളിക്കുടങ്ങളും നാട്ടില്‍ നിന്ന് അപ്രത്യക്ഷമാകുന്നത്‌ ആരും ശ്രദ്ധിച്ചില്ല. നമ്മുടെ കുട്ടികളുടെ പഠനം നേഴ്‌സറികളിലേക്ക്‌ പറിച്ചു നട്ടപ്പോള്‍ അന്നം നഷ്‌ടപ്പെട്ട എഴുത്താശാന്മാരുടെ ഏക ആശ്രയമായിരുന്നു വര്‍ഷം തോറുമുള്ള എഴുത്തിനിരുത്ത്‌. അതും നമ്മള്‍ അവരില്‍ നിന്നും തട്ടിപ്പറിച്ചു.
അടുത്തിടെയാണ്‌ അപകടകരമായ മറ്റൊരു പ്രവണത കണ്ടുതുടങ്ങിയത്‌. മണലെഴുത്തിലെ വര്‍ഗ്ഗീയവത്‌കരണം! ജാതി തിരിഞ്ഞും വര്‍ഗ്ഗം തിരിഞ്ഞും മതം തിരിഞ്ഞുമുള്ള മണലെഴുത്തുകള്‍! ഹരിശ്രീഗണ പതായേ എന്നെഴുതിയാല്‍ നമ്മുടെ വിശ്വാസങ്ങള്‍ ആകെ തകിടം മറിഞ്ഞുപോകുമെന്നും അതിനാല്‍ ആദ്യാക്ഷരം കുറിയ്ക്കേണ്ടത്‌ ക്രിസ്‌തുദേവാ നമ എന്നു വേണമെന്നും ശഠിക്കുന്ന പുരോഹിതന്മാര്‍. അള്ളാഹു അക്‌ബര്‍ എന്നു മാത്രമേ എഴുതാവൂ എന്ന് പറയുന്ന മുല്ലാമാര്‍. എഴുത്തിനിരുത്ത്‌ ഗുരുനാരായണ സന്നിധിയില്‍ മാത്രമേ ആകാവൂ എന്ന് ആഹ്വാനം ചെയ്യുന്ന ശ്രീനാരായണ ഭക്‌തര്‍. ഇപ്പറയുന്നവര്‍ ഒക്കെ അവരുടെ ചെറുപ്പകാലത്ത്‌ എന്തെഴുതിയാണ്‌ ആദ്യാക്ഷരം കുറിച്ചതെന്ന് ഓര്‍മ്മയുണ്ടാകുമോ ആവോ..? എന്നിട്ട്‌ അവരുടെ വിശ്വാസങ്ങള്‍ വല്ലതും ആരെങ്കിലും കവര്‍ന്നെടുക്കുകയോ നഷ്‌ടപ്പെടുകയോ ചെയ്യുകയുണ്ടായോ..?
കുടിപ്പള്ളിക്കുടങ്ങളിലും സാംസ്‌കാരിക സ്ഥപനങ്ങളിലും നടന്നിരുന്ന മണലെഴുത്ത്‌ ഇന്ന് എവിടേക്കെല്ലാം പറിച്ചു നടപ്പെട്ടിരിക്കുന്നു. എങ്ങനെ ഒന്നിക്കാം എന്നല്ല എങ്ങനെ ഭിന്നിക്കാം എന്നാണ്‌ നമ്മുടെ വിചാരമെന്ന് തോന്നുന്നു. ഇപ്പോള്‍ ഓരോ മത വര്‍ഗ്ഗീയ സ്ഥാപനങ്ങളും തങ്ങളുടെ മതസ്ഥനായ/ ജാതിയില്‍ പിറന്ന ഒരു എഴുത്തുകാരനെത്തിരഞ്ഞ്‌ നെട്ടോട്ടമാണ്‌.
എഴുത്തിനിരുത്ത്‌ എന്ന പുണ്യകര്‍മ്മത്തില്‍പ്പോലും ജാതിമത ചിന്തകള്‍ കയറ്റി നമ്മുടെ സമൂഹത്തെ ദുഷിപ്പിക്കുന്ന ഈ പ്രവണത അവസാനിപ്പിക്കാന്‍. അതിരുകളും മതിലുകളും ഇല്ലാതെ അനന്തതയിലേക്ക്‌ പടര്‍ന്നുകിടക്കുന്ന ബൂലോകമേ.. നമുക്ക്‌ എന്തു ചെയ്യാനാവുമെന്ന് മറ്റൊരു മണലെഴുത്തിന്റെ ആധിപൂണ്ട ചോദ്യം...

34 comments:

ബെന്യാമിന്‍ said...

വര്‍ഗ്ഗീയമായി ചേരിതിരിയുന്ന 'മണലെഴുത്ത്‌'

...ആയിക്കോട്ടെ, എന്തിലും ഏതിലും ഒരു ആഘോഷം കണ്ടെത്താനും അതിനിത്തിരി പണം പൊടിക്കാനും കാത്തിരിക്കുന്ന മലയാളിയ്ക്ക്‌ വീണുകിട്ടിയ ഒരവസരം...

ഞാന്‍ ഇരിങ്ങല്‍ said...

ഒരു കാലമുണ്ടായായിരുന്നു നമുക്ക് ജീ‍വിതം ആരംഭിക്കുന്നത് ഏറ്റവും പരിശുദ്ധമായ, പരിപാവനമായ ഇടത്തുനിന്നു തന്നെ വേണം എന്നും നല്ല കൈ കൊണ്ടു തന്നെ,ആവട്ടെ എന്നു ചിന്തിച്ച് നമ്മുടെ പൂര്‍വ്വികര് അമ്പലങ്ങളിലും ദൈവത്തിന്‍റെ മുമ്പിലുംവച്ച് നമ്മെ എഴുത്തിനിരുത്തി. എന്നാ‍ല്‍ ഇന്ന് ‘എഴുത്തിനിരുത്ത്’ വെറുമൊരു ‘പൊങ്ങച്ച ചടങ്ങ് മാത്രമായിരിക്കുന്നു. ഒരു പരസ്യതന്ത്രമെന്നനിലയില്‍ പത്രഭീകരന്‍മാരും അവര്‍ക്ക് കുടപിടിച്ച് നമ്മുടെ എഴുത്തുകാരും. പണ്ടോക്കെ കുട്ടികള്‍ ‘മണലെഴുത്ത്’ ആദ്യം ചെയ്തിരുന്നുവെങ്കില്‍ ഇന്നു അമ്മമാരും വീട്ടുകാരും മക്കളെ ‘ജീവിതത്തിന്‍റെ ആദ്യ ‘ഷൈനി’ങ്ങിന് തയ്യാറാക്കുന്നതിന്‍റെ ഭാഗമായി വീട്ടില്‍ നിന്ന് തയ്യാറാക്കി ജീ‍വിതത്തിന്‍റെ പൊങ്ങച്ചത്തിന് തുടക്കം മാത്രമാണ് എഴുത്തിനിരുത്ത് എന്നു പലപ്പോഴും തോന്നിയിട്ടുണ്ട്. മണലെഴുത്തിന്‍റെ പവിത്രത നമുക്കു നഷടപെട്ടിരിക്കുന്നു.

Kalesh Kumar said...

ബെന്യാമിന്‍, തികച്ചും കാലികപ്രസക്തിയുള്ള സൂപ്പര്‍ ലേഖനം!

എഴുത്തിനിരുത്ത് പത്രസ്ഥാ‍പനങ്ങളും അമ്പലങ്ങളും പള്ളികളും ഏറ്റെടുത്തുകഴിഞ്ഞു! കാലം മാറുകയല്ലേ? എന്തൊക്കെ കോലങ്ങള്‍ കാണണമിനി?

Anonymous said...

Uകീറിപ്പോവുകയാണ്‌ പൊതു ഇടങ്ങള്‍. മത ചിഹ്നങ്ങള്‍ പേറുന്നവന്‍ ആദരണീയനും ആചാരവടിവ് കുലമഹിമയുമാകുന്നു. ആനുകൂല്യങ്ങളുടെ മൊത്തക്കച്ചവടം മതസ്ഥാപങ്ങള്‍ക്കാവുമ്പോള്‍ നേട്ടത്തിനുള്ള പ്രീണിപ്പിക്കലും ഉണ്ടാവാതെ വയ്യല്ലോ. കുറെ വര്‍ഷങ്ങള്‍ക്കു മുമ്പ് ഈ സമൂഹം ഇതിനെയൊക്കെ പടിക്ക് പുറത്തു നിര്‍ത്താന്‍ ശ്രമിച്ചതും വേറോരു നേട്ടത്തിനായിട്ടായിരുന്നില്ലേ. ഉണങ്ങാതെ കിടക്കുന്നുണ്ടായിരുന്നു വേരുകള്‍ എന്നുകരുതാന്‍ ഇതൊക്കെ ധാരാളം
പൊതുവായ ഒന്നും ഇല്ലാതാവുന്നതില്‍ നല്ല അപകടകടങ്ങളുണ്ട്. അല്ലേ?

വാളൂരാന്‍ said...

ബെന്യാമിന്‍,
സ്വന്തം കുഞ്ഞുങ്ങളുടെ ഭാവിയെക്കുറിച്ച്‌ അനാവശ്യമായ ഉല്‍ഘണ്ഠയുള്ള കുറേയേറെ മാതാപിതാക്കളും ഈ പ്രദര്‍ശനത്തിന്‌ ഉത്തരവാദികളാണ്‌. ഇവര്‍ ആത്മാര്‍ത്ഥ്മായാണ്‌ ഈ പ്രദര്‍ശനാഘോഷങ്ങളില്‍ പങ്കെടുക്കുന്നതെങ്കിലും ഈ ആത്മാര്‍ത്ഥത കച്ചവടവല്‍ക്കരിക്കപ്പെടുന്നത്‌ അവരറിയുന്നില്ല. കാപട്യങ്ങളേറിയ സമൂഹത്തിന്റെ മറ്റൊരു പരിച്ഛേദം.

ഡാലി said...

ഇതൊക്കെ കാണുമ്പോള്‍ ഭീതി കലര്‍ന്ന ആശങ്കയാണ്. പള്ളികളും മറ്റും എഴുത്തിനിരുത്ത് തുടങ്ങിയപ്പോള്‍ നമ്മുടെ പൈതൃകം മതങ്ങള്‍ക്ക് അപ്പുറത്തേയ്ക്കും വ്യാപിപ്പിക്കുകയാണ് എന്ന് വെറുതെയെങ്കിലും ആശ്വസിക്കനായില്ല. കാരണം പള്ളികള്‍ തേടിയത് പുരോഹിതരെ ആയിരുന്നു എന്നതു കൊണ്ട് തന്നെ.

ഇതിലൊക്കെ വ്യസനിച്ച്, എന്റെ മകന്റെ ഞാന്‍ തന്നെ, എന്റെ മുറ്റത്തെ മണലില്‍ എഴുത്തിനിരുത്തും എന്നു പറയുന്ന അച്ഛനെ അവിശ്വസനീയതോടെ കണ്ടു നിന്ന ഒരു സമൂഹത്തേയും ഈ അടുത്ത് കാണേണ്ടി വന്നു. പക്ഷേ, അതു തന്നെയാവും പരിഹാരം എന്ന് മനസ്സ് പറയുന്നു.

ഉണങ്ങാത്ത വേരുകളെ കത്തിയ്ക്കാന്‍ സ്വന്തം മന‍സ്സിലെ, അടിയുറച്ച വിശ്വാസങ്ങളില്‍ കുരുത്ത തീനാളങ്ങള്‍ക്കേ ആവൂ എന്നത് മറന്ന് പോയ സത്യമാവാം.

Unknown said...

ഒരല്‍പ്പം സവര്‍ണ്ണ മേലാള ഹിന്ദു ബ്രാന്റ് മണല് കിട്ടുമോ? നാളെ ഒന്ന് എഴുത്തിനിരിക്കാനാ. 22 കൊല്ലമായി മുടക്കിയിട്ടില്ല്യേയ്.ഇനി ഇപ്പൊ കറക്റ്റ് ബ്രാന്റ് മണല് കിട്ടിയില്ലെങ്കില്‍.... :(

മുസാഫിര്‍ said...

ബെനയാമിന്‍,
വര്‍ത്തമാന കാലത്തിന്റെ മേളകളീലേക്കു ഒരെണ്ണം കുടി.പിന്നെ എല്ലാവരും കുടി ഒന്നിച്ചു നിന്നാല്‍ തൊഴില്‍ നഷ്ടപ്പെടുന്ന കുറെ രാഷ്ടിയ തൊഴിലാളികളും മത മേലദ്ധയ്കഷന്മാരും അതിനു സമ്മതിക്കും എന്നു തൊന്നുന്നില്ല.

ദേവന്‍ said...

പതിനഞ്ചു വര്‍ഷം മുന്നേയാണ്‌ ഞാന്‍ കോളെജ്‌ വിട്ടത്‌. ആ സമയത്ത്‌ എന്റെ കോളേജില്‍ കുറി തൊട്ടു വരുന്ന ഒറ്റ ആണ്‍കുട്ടി പോലും ഇല്ലായിരുന്നു . പര്‍ദ്ദയിട്ടു വരുന്ന ഒരു പെണ്‍കുട്ടിയും ഇല്ലായിരുന്നു. തൊപ്പി വച്ച പയ്യനും ഇല്ലായിരുന്നു. മതം ഗുഹ്യപ്രദേശം പോലെ സ്വകാര്യമായി സൂക്ഷിച്ചിരുന്നു എന്നതായിരുന്നു മറ്റു ദേശക്കാരെ അപേക്ഷിച്ച്‌ മലയാളിയുടെ പ്രത്യേകത. മതമൈത്രിയുടെയും കാരണം അതായിരുന്നു. ഇന്ന് ബജരംഗദള്‍ പ്രവര്‍ത്തകരെപ്പോലെ നീണ്ട കുറി തൊട്ട നെറ്റികളും പള്ളിയിലെ മുക്രിയെപ്പോലെ തൊപ്പിയിട്ട തലകളും നിറഞ്ഞ എന്റെ കോളേജു കാണുമ്പോള്‍ സങ്കടം തോന്നുന്നു. ആ മുറ്റത്തു നിന്നാണ്‌ " മതമല്ല മതമല്ല മതമല്ല പ്രശ്നം എരിയുന്ന വയറിന്റെ തീയാണു പ്രശ്നം" എന്നു ഞാന്‍ സാകഷരതാ മിഷനു മുദ്രാവാക്യം ചൊല്ലിക്കൊടുത്തത്‌...

ബെന്യാമിന്‍ പറഞ്ഞതു ശരിയാണ്‌. ഒരു 50 വര്‍ഷം പിറകോട്ടു പോയാല്‍ കല്യാണം പോലും വലിയൊരാഘോഷമായിരുന്നില്ല നാട്ടില്‍. ഇന്ന് പിറന്നാള്‍, എഴുത്തിരുത്ത്‌, ചാവടിയന്തിരം (ചത്തു കിടക്കുന്നതിന്റെ ഡി വി ഡി കവറേജ്‌ സഹിതം), ശ്രാദ്ധം, പത്താംക്ലാസ്സ്‌ പാസാകല്‍ ഒക്കെ ആര്‍മ്മാദിക്കാനുള്ള വേളകളായി, വന്‍ ചടങ്ങുകളായി. ചടങ്ങുകള്‍ നടത്താനാണല്ലോ പുരോഹിതന്‍ ഇരിക്കുന്നത്‌, മൂപ്പരന്മാര്‍ അതേല്‍ ചാടി വീണു ബിസിയായി.

എനിക്കു ചോറു തന്നത്‌ കെ ആര്‍ ഗൌരിയമ്മയാണ്‌.
അതൊരുചടങ്ങായിട്ടല്ല, "ഞാന്‍ ഇത്തിരി ഇവനു കൊടുക്കട്ടേ"ന്നു ചോദിക്കും വരെ ഞാന്‍ അവരുണ്ണുന്നതും നോക്കി വായയും പൊളിച്ച്‌ നീരൊലിപ്പിച്ചതുകൊണ്ടാണ്‌.

എന്റെ എഴുതിച്ചത്‌ അച്ഛനാണ്‌. ഒരു ഹരിയും ശ്രീയും എഴുതിയില്ല, എന്തോ ലേണിംഗ്‌ സ്കീമിന്റെ ഭാഗമായ പൂജ്യം വരക്കല്‍ ആണ്‌ ഞാന്‍ ആദ്യം പഠിച്ചത്‌. പഠിച്ചോ ഇല്ലയോ, എഴുത്തിനിരുത്താത്‌ ഒരു കുറവായി എനിക്കിന്നും തോന്നിയിട്ടില്ല.

ഞാന്‍ ഇന്നത്തെക്കാലത്ത്‌ എതു വീട്ടില്‍ ജനിച്ചാലും ഇതിനൊക്കെ തടസ്സം പറയാനും കുറ്റപ്പെടുത്താനും ആളുകള്‍ കൂടിയേണെ.

ആരും കൂടിയില്ലെങ്കില്‍ തന്നെ എന്തെങ്കിലും ചെയ്തില്ലെങ്കില്‍ മോശമാണെന്നു കരുതി ഇതെല്ലാം ചെയ്യിച്ചേനെ.
എം ഏ ബേബി പറഞ്ഞത്‌
"എന്റെ മകളുടെ ക്ലാസ്സില്‍ റ്റീച്ചര്‍ ഹിന്ദുസ്‌ സ്റ്റാന്‍ഡ്‌ അപ്പ്‌ എന്നു പറഞ്ഞു. കുറേ കുട്ടികള്‍ എഴുന്നേറ്റു നിന്നു. ക്രിസ്റ്റ്യന്‍സ്‌ സ്റ്റാന്‍ഡ്‌ അപ്പ്‌ എന്നു പറഞ്ഞു, കുറെപ്പേര്‍ എഴുന്നേറ്റു. മുസ്ലീംസ്‌ സ്റ്റാന്‍ഡ്‌ അപ്പ്‌ എന്നു പറഞ്ഞപ്പോല്‍ എഴുന്നേറ്റവരുടെ കൂടെ എന്റെ മോളും എഴുന്നേറ്റു. അവളുടെ കൂട്ടുകാരി എഴുന്നേറ്റത്‌ കണ്ടിട്ട്‌."

എത്ര നല്ല അദ്ധ്യാപകന്‍/പിക. കഷ്ടം

ഞാന്‍ ഇരിങ്ങല്‍ said...

നമ്മള്‍ പരിതപിച്ചിട്ടേന്തുകാര്യം കൂട്ടരെ.. മതമല്ല മതമല്ല മതമല്ല പ്രശ്നം എരിയുന്ന വയറിന്റെ തീ യാണു പ്രശ്നം എന്നുള്ളത് നമുക്ക് ഒരിക്കല്‍ കൂടി ഏറ്റെടുത്താല്‍ എന്താ പ്രശ്നം. പരിതപിക്കാന്‍ മാത്രമേ നമുക്ക് പറ്റൂ??
ഇത് ആചാരമല്ല പക്ഷെ നമ്മുടെ സംസ്കാരമാണ്. ഈ സംസ്കാരം പൊങ്ങച്ച സഞ്ചികളില്‍ നിന്നും കച്ചവടക്കരില്‍ നിന്നും മാധ്യമഭീകരന്മാരില്‍ നിന്നും എങ്ങിനെ വീണ്ടെടുക്കാം എന്നു നാം ചിന്തിക്കേണ്ടിയിരിക്കുന്നു.
ചിന്തിച്ചാല്‍ ഒരന്തവുമില്ല
ചിന്തിച്ചില്ലേല്‍ ഒരു കുന്തവുമില്ല.

Aravishiva said...

പണ്ട് നാട്ടു രാജ്യങ്ങളായി കിടന്ന തിരുവതാംകൂറും കൊച്ചിയും മലബാറും ചേര്‍ത്ത് ഭുമിയില്‍ കേരളമെന്ന ഒരു കൊച്ചു സ്വര്‍ഗ്ഗമുണ്ടാക്കി....സാംസ്കാരികമായി വളരെ ഉയര്‍ന്ന ആ ജനതയ മലയാളി എന്ന സ്വത്വത്തില്‍ ആനന്തം കണ്ടെത്തി...പരസ്പരം സ്നേഹിയ്ക്കുകയും മറ്റെല്ലാ വേര്‍തിരിവുകളേയും മറന്ന് ഒന്ന് എന്നൊരു ചിന്ത എല്ലാവരിലും പ്രകടമാകുകയും ചെയ്തു...ആ മണ്ണിലാണിപ്പോള്‍ കുത്തിത്തിരിപ്പിന്റെ ആശാന്മാരായ മത മേലാധികളുടെ കളി...അവരിതിനെ വീണ്ടും തുണ്ടുകളായി വേര്‍തിരിയ്ക്കുമോ?.മനസ്സുകളില്‍ അവര്‍ വിഷം പാകിത്തുടങ്ങി..ഒരു ശരാശരി മലയാളി എത്രനാള്‍ ചെറുത്തു നില്‍ക്കുന്നുവെന്ന് കണ്ടറിയാം.....ബെന്യാമിനേ ഉചിതമായ പോസ്റ്റ് ഉചിതമായ സമയത്തില്‍.....

Satheesh said...

ഒരു 50 കൊല്ലം കഴിഞ്ഞാല്‍ കേരളം സമാനതകളില്ലാത്ത ഒരു ഭ്രാന്തന്‍ നാടാവും എന്നുള്ളതിന്‍ ഒരു സംശയവുമില്ല! ദിശവും ബോധവും നഷ്ടപ്പെട്ട ഒരു സമൂഹവും, ഈ അവസ്ഥയില്‍ നിന്നെന്തെങ്കിലും മുതലെടുക്കാന്‍ പറ്റുമോ എന്നന്വേഷിച്ചു നടക്കുന്ന ഒരു പറ്റം രാഷ്ട്രീയക്കാരും...
ഇന്നു കേരളം ഭരിക്കുന്ന ഒരു പ്രധാന പാര്‍ട്ടിയുടെ സംസ്ഥാനതല നേതാവ് ഒരിക്കല്‍ എന്നോട് പറഞ്ഞു-‘ഏതു പ്രോബ്ലവും അല്പം വര്‍ഗീയം കലര്‍ത്തിയാല്‍ വെടിപ്പാവും! ഒന്നുകില്‍ അതു വേഗം തീര്‍ന്നുകിട്ടും. അല്ലെങ്കില്‍ കാലാകാലങ്ങളായിട്ട് ലോക്കല്‍ നേതാക്കന്മാര്‍ക്ക് കൊണ്ടുനടക്കാന്‍ ഒരു വിഷയം! അതെല്ലാം കൊണ്ട് പല പ്രശ്നത്തിലും മനപ്പൂര്‍വം ലേശം ‘മതം’ ചേര്‍ക്കാറുണ്ട്”!

paarppidam said...

എന്തിനെയൊക്കെ വര്‍ഗ്ഗീയമായി ചിത്രീകരിക്കമെന്നും വേര്‍തിരിക്കാമെന്നും മാത്രം ആലോചിച്ചുനടക്കുന്നവര്‍ക്കിടയിലാണ്‌ നാമെന്ന് ബെന്നിയുടെ വരികള്‍ ഓര്‍മ്മപ്പെടുത്തുന്നു. ചിലര്‍ എഴുത്തിനിരുത്തലിന്റെ കച്ചവട സാധ്യതകളും മുതലാക്കുന്നു.
തികച്ചും കാലികപ്രസക്ത മായ ലേഖനം.

ബെന്യാമിന്‍ said...

എല്ലാവരുടെയും ക്രിയാത്മക പ്രതികരണങ്ങള്‍ക്ക്‌ നന്ദി. അതിനിടയിലും ഒരു സന്ദേഹം. ഞനിവിടെ ഉന്നയിച്ച പ്രശ്‌നങ്ങളെ എല്ലാവരും ഗൗരവത്തോടെ കാണുന്നു, അത്‌ അപകടമാണെന്ന് തിരിച്ചറിയുന്നു എന്നിട്ടുമെന്തേ നമുക്കിടയില്‍ ഇങ്ങനെ വര്‍ഗ്ഗീയത പെരുകുന്നു..? ആരുടെ നിക്ഷ്‌പക്ഷതയെയും ഞാന്‍ ചോദ്യം ചെയ്യുകയാണെന്ന് ധരിക്കരുത്‌, കേരളത്തില്‍ ഏതൊരാളിനോടും നമ്മള്‍ ഒറ്റയ്‌ക്കൊറ്റയ്‌ക്ക്‌ ഇതേ സംബന്ധിച്ച്‌ അഭിപ്രായമാരാഞ്ഞാല്‍ നമ്മള്‍ നല്‌കിയ അതേ മറുപടിയാവും നല്‌കുക. അല്ലേ..? പിന്നെവിടെയാണ്‌ പിഴയ്‌ക്കുന്നത്‌..? എനിക്കു തോന്നുന്നത്‌ നമ്മള്‍ സംഘം ചേരുന്നിടത്താണ്‌ ഈ ധ്രുവീകരണം ഉണ്ടാകുന്നത്‌ എന്നാണ്‌, അതായത്‌ ഒരു ആള്‍ക്കൂട്ട മനസ്ഥിതി! എല്ലാവരും ചെയ്യുന്നതിന്റെ പിന്നാലെ പോകാനുള്ള പ്രവണത, സുഹൃത്തുക്കളുടെയോ ബന്ധുക്കളുടെയും പ്രേരണയ്‌ക്ക്‌ വഴങ്ങല്‍, ചില ഉപദേശങ്ങള്‍ അനുസരിക്കാതിരിക്കാനുള്ള മടി.. ഇതൊക്കെയാണെന്നു തോന്നുന്നു നമ്മെയും അറിയാതെ ഈ വര്‍ഗ്ഗീയരുടെ അടിമകളാക്കിത്തീര്‍ക്കുന്നത്‌. എന്താണ്‌ അതിനുള്ള പരിഹാരമാര്‍ഗ്ഗം..? പരമാവധി ഇത്തരം ഗ്രൂപ്പുകളോട്‌ ചേര്‍ന്നു പ്രവര്‍ത്തിക്കാതിരിക്കുന്ന അവരില്‍ നിന്ന് വിട്ടു നില്‌ക്കുക. മതനിരപേക്ഷതയുള്ള ഒരു നിലപാട്‌ കര്‍ശനമായി സ്വീകരിക്കുക. അഭിപ്രയങ്ങള്‍ വരട്ടെ..

വേണു venu said...

എന്തൊക്കെ കോലങ്ങള്‍ കാണണമിനി? കലേഷു ചോദിച്ചു.ഒത്തിരി കോലങ്ങള്‍ കണ്ടേ പറ്റൂ.ഞാനുള്‍പ്പെടെ ബെന്യമാന്‍ ഉള്‍പ്പെടെ കമ്മെന്‍റ്‍ ചെയ്തവരൊക്കെ മനസ്സാക്ഷിയോടു ചോദിക്കൂ.മണലെഴുത്തു പോട്ടേ,അവരവരുടെ കല്യാണം നടന്നതു് എന്തൊക്കെ കോലങള്‍?
ജീവിതം ഒരു പരസ്യമായി മാറിയിരിക്കുന്നു.ആ പരസ്യ കോലാഹലങ്ങളെ അവഗണിച്ച ഒന്നാം തരം ഉദാഹരണങള്‍ എന്‍റെ പക്കല്‍ ഉണ്ടു്.അകാലത്തു വയസ്സായി വെളിച്ചം നഷ്ടപ്പെട്ട കണ്ണുകളുമായി “നീ എന്നു വന്നു,ഇനി എന്നു പോകുന്നു“എന്നു ചൊദിച്ചിരിക്കുന്ന പച്ച മനുഷ്യര്‍.ജീവിതം ആഘോഷമായി മാറിയിരിക്കുന്നു.സുഹ്രുത്തേ ഞാന്‍ തെറ്റു പറഞ്ഞോ?

ഞാന്‍ ഇരിങ്ങല്‍ said...

ബെന്യാമിന്‍..,
ഒരു സമൂഹമെന്ന നിലയലില്‍ നമുക്കൊരിക്കലും ഒന്നില്‍ നിന്നും വിട്ടുനില്‍ക്കാന്‍ പറ്റുമെന്നു തോന്നുന്നില്ല. താങ്കള്‍ക്കറിയാമല്ലൊ നമ്മുടെ നാട്ടിലൊക്കെ ഇന്നുള്ള രാഷ്ട്രീയക്കാര്‍ രാഷ്ട്രീയമില്ലാത്തവരാണ്. നമ്മള്‍ സമൂഹത്തിന്‍റെ ഭാഗമാകുകയും സംഘടിക്കുകയും ചെയ്തില്ലെങ്കില്‍ ഇത്തരം അരാഷ്ട്രീയ വാദികളും വര്‍ഗ്ഗീയവാദികളും സംഘബലം നേടുകയും അവര്‍ നമുക്കു മേല്‍ ആധിപത്യം സ്ഥാപിക്കുകയും ചെയ്യും എന്ന് ഞാന്‍ വിശ്വാസിക്കുന്നു. കാരണം ഇന്നത്തെ വര്‍ഗ്ഗീയ വാദികള്‍ക്കറിയാം കൂട്ടം കൂടുകയും മത ചിഹ്നങ്ങള്‍ ഉപയോഗിക്കുകയും ചെയ്യുകയാണ് സമൂഹത്തിന്‍റെ മനസ്സ്, ചേതന കയ്യിലെടുക്കാനുള്ള ഏറ്റവും നല്ല ആയുധം എന്ന്. അതുകൊണ്ടാണ് മത ചിഹ്നങ്ങളും ആചാരങ്ങളും അവര്‍ യഥേഷടം എടുത്ത് ഉപയോഗിക്കുന്നത്. ഈ ആചാരങ്ങളൊക്കെയും നമ്മുടെ സംസ്കാരത്തിന്‍റെ ഭാഗമാണെന്ന് നാം തിരിച്ചറിയുകയും അവര്‍ക്കുമുമ്പേ നമ്മള്‍ പ്രതിരോധിക്കുകയും ചെയ്യേണ്ടിയിരിക്കുന്നു. അതൊനൊക്കെയും നമുക്കു ഒരു ആള്‍ക്കുട്ടത്തിന്‍റെ സ്വാധീനം ആവശ്യമായിത്തീരുന്നു.

ബെന്യാമിന്‍ said...

പുതിയ പ്രതികരണങ്ങള്‍ ഉണ്ടകുന്നുണ്ട്‌ എന്നതില്‍ സന്തോഷമുണ്ട്‌.
വേണു. വിവാഹമോ ചോറൂണോ മാമോദീസയോ അവരവരുടെ വിശ്വാസമനുസരിച്ച്‌ നടത്തുന്നതിനെ ഞാന്‍ ചോദ്യം ചെയ്‌തിട്ടില്ല. എന്നാല്‍ അതൊക്കെ നമ്മുടെ ധാരാളിത്തം കാണിക്കാനുള്ളവേദികളാക്കി മാറ്റുന്നതിനെയാണ്‌ ഞാന്‍ വിമര്‍ശിച്ചത്‌. ഇവിടുത്തെ വിഷയം അതല്ല. തികച്ചും മതനിരപേക്ഷമായി നടക്കേണ്ട ഒന്നല്ലേ എഴുത്തിനിരുത്ത്‌..? അതില്‍ വര്‍ഗ്ഗീയത കലര്‍ത്തേണ്ടതുണ്ടോ..? അടുത്തുള്ള പത്രസ്ഥാപനങ്ങളിലോ തുഞ്ചന്‍ പറമ്പിലോ കുടിപ്പള്ളിക്കുടത്തിലോ മറ്റേതെങ്കിലും സാംസ്കാരിക സ്ഥാപനങ്ങളിലോ പോയി എഴുത്തിനിരുത്തുന്നതിനെ ഞാന്‍ എതിര്‍ക്കുന്നുമില്ല. അവിടെയും 'ഞാന്‍ തുഞ്ചന്‍ പറമ്പില്‍പ്പോയി എം.ടിയെക്കൊണ്ടാണ്‌ എന്റെ മകനെ എഴുതിച്ചത്‌' എന്നു മേനി പറയുന്നിടത്താണ്‌ അപഹാസ്യത.
അതിലൊക്കെ ഉപരി മണര്‍കാട്‌ പള്ളിയിലും മൂകാംബികയെയിലും വാവരുപള്ളിയിലും പോയി എഴുത്തിനിരുത്തി വിദ്യാരംഭത്തില്‍ വര്‍ഗ്ഗീയ കലര്‍ത്തുന്നതാണ്‌ യഥാര്‍ത്ഥ അപകടം. അതിനെ തിരിച്ചറിയുക എന്നതാണ്‌ എന്റെ ലേഖനം ഉന്നം വയ്ക്കുന്ന ലക്ഷ്യം. ഓണത്തില്‍ വര്‍ഗ്ഗീയത കലരുന്നതിനെപ്പറ്റിയും ഇതേ ഉദ്ദേശ്യശുദ്ധിയോടെയാണ്‌ ഞാന്‍ സംസാരിച്ചത്‌. എന്റെ കാര്യത്തില്‍ മറ്റുപല സമ്മര്‍ദ്ദങ്ങള്‍ ഉണ്ടായിരുന്നിട്ടും തികച്ചും മതനിരപേക്ഷമായ ഒരു സ്ഥാപനത്തിലാണ്‌ എന്റെ കുട്ടിയെ ഞാന്‍ എഴുത്തിനിരുത്തിയത്‌. ആരോരും അറിഞ്ഞുമില്ല. പിന്നെ അതിന്റെ പേരില്‍ 'പിശുക്കന്‍' എന്ന് പഴികേട്ടു എന്നു മാത്രം. ചത്താലും ജീവിച്ചാലും സന്തോഷം വന്നാലും സങ്കടം വന്നാലും പ്രവാസിക്ക്‌ വേണ്ടത്‌ - പാര്‍ട്ടി!!
ഇരിങ്ങല്‍, സമൂഹത്തില്‍ നിന്ന് വിട്ടുനില്‌ക്കുക എന്നതുകൊണ്ട്‌ അര്‍ത്ഥമാക്കിയത്‌ ഇത്തരം സങ്കുചിത മനസ്ഥിതിയുള്ള സംഘങ്ങളില്‍ നിന്ന് എന്നാണ്‌. അല്ലാതെ എല്ലാം വിട്ട്‌ ഏകാന്തനാവുക എന്നല്ല. അത്തരം സംഘങ്ങളില്‍ ചെന്നുപെടുമ്പോഴാണ്‌ നമുക്ക്‌ പലപ്പോഴും പല സമ്മര്‍ദങ്ങള്‍ക്കും മനസ്സില്ലാതെ വഴങ്ങേണ്ടി വരുന്നത്‌. സമാന മനസ്‌കരുമായുള്ള സഹവാസം നമ്മെ ചില നേരങ്ങളില്‍ നല്ല നിലപാടുകള്‍ എടുക്കാന്‍ പ്രേരിപ്പിക്കും. അത്തരം ഒരു സംഘത്തിന്റെ അഭാവമാണ്‌ വിവാഹം പോലുള്ള കാര്യങ്ങളില്‍ എനിക്ക്‌ മതത്തിന്‌ വഴങ്ങേണ്ടി വന്നത്‌ എന്നു വിചാരിക്കുന്നു. ഒരു വിഷയം അവതരിപ്പിക്കുമ്പോള്‍ അതില്‍ നിന്ന് ഞാന്‍ പരിപൂര്‍ണ്ണ മുക്‌തനാണ്‌ എന്ന മിഥ്യാധാരണ ഒന്നും എനിക്കില്ല. എന്റെ പിഴവുകള്‍കൂടിയാവാം ഞാന്‍ വിഷയമാക്കുന്നത്‌. തെറ്റുകള്‍ ആവര്‍ത്തിക്കപ്പെടണം എന്നില്ലല്ലോ...

Kuttyedathi said...

ബെന്യാമിന്‍, “ ഹരിശ്രീഗണ പതായേ എന്നെഴുതിയാല്‍ നമ്മുടെ വിശ്വാസങ്ങള്‍ ആകെ തകിടം മറിഞ്ഞുപോകുമെന്നും അതിനാല്‍ ആദ്യാക്ഷരം കുറിയ്ക്കേണ്ടത്‌ ക്രിസ്‌തുദേവാ നമ എന്നു വേണമെന്നും ശഠിക്കുന്ന പുരോഹിതന്മാര്‍. അള്ളാഹു അക്‌ബര്‍ എന്നു മാത്രമേ എഴുതാവൂ എന്ന് പറയുന്ന മുല്ലാമാര്‍. “ എന്നെഴുതിയല്ലോ.

ഈ ഹരിശ്രീ ഗണപതായേ നമ, എന്നതിന്റെ അറ്ത്ഥം എന്താണെന്നെനിക്കറിയില്ല. (ആരെങ്കിലും അറിയുന്നവറ് പറഞ്ഞു തന്നിരുന്നെങ്കില്‍ ). പക്ഷേ, ആ വാക്കു കേട്ടിടത്തോളം, അതൊരു ക്രിസ്ത്യന്‍ കുട്ടിയുടെ ജീവിതത്തിലോ ഒരു മുസ്ലിം കുട്ടിയുടെ ജീവിതത്തിലോ പ്രത്യേകിച്ചു യാതൊരു അര്‍ത്ഥമോ പ്രസക്തിയോ ഇല്ലാത്ത ഒരു വാക്കാണെന്നു തോന്നുന്നു. ആദ്യാക്ഷരം എഴുതുമ്പോള്‍, തന്റെ ജീവിതത്തില്‍ യാതൊരു അര്‍ത്ഥവുമില്ലാത്ത ഒരു വരി എഴുതുന്നതിനെക്കാള്‍ നല്ലതല്ലേ, ചെറുപ്പം മുതല്‍, അല്ലാഹു അക്ബറ് എന്നമ്മ കാതില്‍ പറഞ്ഞു കൊടുത്തു കേട്ടു വളറ്ന്ന കുട്ടി, തനിക്കു പരിചയമുള്ള, എന്തോ ഒരു ശക്തിയാണെന്നു താന്‍ വിശ്വസിക്കുന്ന ആ വാക്ക് എഴുതുന്നത് ? ചെറുപ്പം മുതല്‍ പള്ളിയിലും വീട്ടിലും യേശുവിന്റെ രൂപം കണ്ടു വളറ്ന്ന കുട്ടി, യേശുവേ എന്നാദ്യക്ഷരം കുറിക്കുമ്പോളല്ലേ, ആ ചടങ്ങിന് എന്തെങ്കിലുമൊരു അറ്ത്ഥമുണ്ടാകുന്നുള്ളൂ ?

ഇങ്ങനെയൊരു ചടങ്ങിന്റെ തന്നെ ആവശ്യമെന്താണെന്നു മനസ്സിലാവുന്നേയില്ല. അവനവന്റെ കുഞ്ഞിനെ മടിയിലിരുത്തി, കുഞ്ഞിന്റെ അച്ഛനോ അമ്മയോ, മണലിലോ സ്ലെയിറ്റിലോ എവിടേയാണേന്നു വച്ചാല്‍ സൌകര്യം പോലെ, എഴുതിച്ചാല്‍ പോരേ ? എം ടി എഴുതിച്ചാല്‍ എന്റെ മകന്‍ എം ടി യെ പോലെ കഥകള്‍ എഴുതും എന്നാരിക്കുമോ അച്ഛനുമമ്മയും ആഗ്രഹിക്കുന്നത് ? ആണെന്നു തോന്നുന്നില്ല. അല്ലെങ്കില്‍ തന്നെ മകള്‍ കഥാകാരന്‍ ആകണം എന്നൊക്കെ ഇന്നത്തെ കാലത്ത് ഏതെങ്കിലും മാതാപിതാക്കള്‍ ആഗ്രഹിക്കുന്നുണ്ടാവുമോ ? വെര്‍തെ കഥാ പുസ്തകം വായിച്ചും എഴുതിയും നേരം കളയാതെ, വല്ലോം നാലക്ഷരം പഠിക്കൂ, എന്നു പറയുന്ന കാലം അല്ലേ ? അപ്പോള്‍ എനിക്കു തോന്നുന്നതു ചുമ്മാ ‘മുന്‍പേ ഗമിക്കുന്ന ഗോവിന്റെ പിന്‍പെ ഗമിക്കുന്ന ബഹുഗോക്കളാണിവരെല്ലാം എന്നാണ്‍്.

പക്ഷേ, ഏതെങ്കിലും പള്ളിയിലൊരു പുരോഹിതന്‍, ക്രിസ്ത്യാനികളാരും ഹരിശ്രീ എഴുതരുതെന്ന് ആവശ്യപ്പെടുന്നുണ്ടെങ്കില്‍, ക്രിസ്തു എന്നെഴുതണമെന്നു ശഠിക്കുന്നുണ്ടെങ്കില്‍, അപ്പോള്‍ മാത്രമേ ഇതില്‍ വറ്ഗീയത കലരുന്നുള്ളൂ എന്നെനിക്കു തോന്നുന്നു.

വളരെ നല്ല വിഷയം, വളരെ നല്ല സംവാദം.

ഹേമ said...

ബെന്യാമിന്‍,
താങ്കള്‍ ഒന്നു തീ പകര്‍ന്നപ്പോള്‍ ഒന്നു ഊതികത്തിക്കാന്‍ തന്നെയാണ് ഞാന്‍ തീരുമാനിച്ചത്. കൂട്ടത്തില്‍ എല്ലവരും നന്നായി സംവദിച്ചു. എങ്കിലും എനിക്ക് മതിയായില്ല. (എന്‍റെ അധിക പ്രസംഗം കൂടുന്നു വെങ്കില്‍ ക്ഷമിക്കുക)
താങ്കല്‍ പറഞ്ഞതു ‘ വിട്ടുനില്‍ക്കുക’ എന്നത് നല്ല അര്‍ത്ഥത്തില്‍ തന്നെ എന്നു എനിക്ക് മനസ്സിലായിരുന്നു. ഞാന്‍ ഒരു പടി കേറ്റി പ്പറഞ്ഞു എന്നു മാത്രം.
വര്‍ഗ്ഗീയ വാദികള്‍ നമ്മുടെ മത ചിഹ്നങ്ങളും ആചാരങ്ങലും പിടിച്ചെടുക്കുമ്പോള്‍ അവര്‍ക്കു മുമ്പേ നമ്മള്‍ പ്രതിരോധ സജ്ജരായിരിക്കുകയും നമ്മുടെ കുട്ടികളെ പുതിയ ദിശയിലേക്ക് നയിക്കുകയും ചെയ്യണം എന്നു തന്നെയാണ്.
എനിക്ക് ഞാന്‍ തെന്നെ ഒരു ഉദാഹരണമായിട്ടുണ്ട്.എങ്ങിനെ ശക്തമായി കുഞ്ഞുങ്ങള്‍ക്കു തന്നെ ഇത്തരം ശക്തികളെ തടയാം നമ്മള്‍ ആലോചിക്കേണ്ടിയിരിക്കുന്നു. നേരില്‍ കാണുമ്പോള്‍ പറയാം. (വര്‍ഗ്ഗീയ വാദി യാ‍യ സംഘടനയു ടെ പേര് പറയേണ്ടി വരുന്നതു കൊണ്ടാണ് നേരില്‍ പറയാം എന്നു പറയുന്നത്)
കുട്ടിയേടത്തിയുടെ കമന്‍റിന് ഒരു ചെറിയ വിയോജന കുറിപ്പ്.: ആര്‍ക്കു വേണമെങ്കിലും എഴുത്തിനിരുത്താം. അത് അച്ഛ്നായാലും അമ്മയായലും ആരും. നമ്മളെല്ലാവരും അപൂര്‍ണ്ണരാണെന്നും നമ്മെ കൂടാതെ ഏതോ ഒരു ശക്തി (ദൈവമാകാം..എന്തുമാകാം) ഉണ്ടെന്ന് ഇന്നും നമ്മള്‍ വിശ്വസിക്കുന്നു. നമ്മള്‍ ആഗ്രഹിക്കുന്നു എന്‍റെ മക്കള്‍ ഏറ്റവും നല്ലവരാകണമെന്ന് അതിന് അവനെ അക്ഷരം പ്രാപ്തമാക്കുമെന്ന്. അതിന് വേണ്ടി തുടക്കം ഏറ്റവും യോഗ്യമായ കൈകൊണ്ട് വേണം എന്ന് ആഗ്രഹിക്കുന്നതില്‍ തെറ്റുകാണാന്‍ വയ്യ. നാളെ അറിയാത്ത നമുക്ക് ഒരു വിശ്വാസം മാത്രമാണ്. അതു കൊണ്ടാണ് ഞാന്‍ പറഞ്ഞത് ഇത് നമ്മുടെ സംസ്കാരത്തിന്‍റെ ഭാഗമാണ്. മറ്റെവിടെ കാണാന്‍ കഴിയും ഇത്. നമുക്കു കുഞ്ഞുങ്ങളെ ‘ഹിന്ദുക്കുട്ടിയായും, മുസ്ലീം കുട്ടിയായും കാണാതെ നമ്മുടെ കുഞ്ഞുങ്ങളായി കാണാന്‍ സാധിക്കുന്ന ഒരു കാലം വരണം. അതു കൊണ്ടാണ് കുഞ്ഞുങ്ങള്‍ ദൈവങ്ങളുടെ പ്രതിരൂപങ്ങളെന്ന് പറയുന്നത്.

paarppidam said...

മതം വ്യക്തിയുടെ ഉള്ളില്‍ മാത്രം ഒതുങ്ങിയിരിക്കേണ്ട ഒന്നല്ലെ. പരിഷ്കൃമെന്ന് അവകാശപ്പെടുന്ന ഒരു സമൂഹത്തില്‍ മതചിഹ്നങ്ങളും ആഘോഷങ്ങളും ചേരിതിരിഞ്ഞു നടത്തപ്പെടുമ്പോള്‍ അത്‌ സ്വാഭാവികമായും ഓരൊ വ്യക്തിയിലും അവന്റെ മതത്തെക്കുറിച്ചുള്ള ചിന്ത ഉണര്‍ത്തും. എന്നാല്‍ ഇന്നു നിലനില്‍ക്കുന്ന രീതിയിലുള്ള ഒരു സംവിധാനത്തില്‍ ഇതെല്ലാം എടുത്തുമാറ്റുക എന്നതും സാധ്യമല്ല. ഇവിടെയാണ്‌ നാം ഒരു പരിഷ്കൃത സമൂഹത്തിലെ മനുഷ്യന്റെ തലത്തില്‍ ഉയര്‍ന്നു പ്രവര്‍ത്തിക്കേണ്ടത്‌.

മതത്തിനു വേണ്ടി പോരാടി അന്യന്റെമാത്രമല്ല സ്വന്തം ജീവിതവും നശിപ്പിക്കുവാനുള്ളതല്ലെന്നുംതനിക്കെന്നപോലെ മറ്റുള്ളവര്‍ക്കും ജീവിക്കാനും അവന്റെ വിശ്വാസങ്ങളെ പിന്തുടരാനും അവകശമുണ്ടെന്നും ഉള്ള ഒരു തിരിച്ചറിവ്‌ ഇതുണ്ടായാല്‍ മതി 80 ശതമാനം പ്രശ്നങ്ങള്‍ക്കും പരിഹാരമാകില്ലെ?

തികച്ചും വര്‍ഗ്ഗീയമായി വേര്‍തിരിക്കപ്പെട്ടുകൊണ്ടിരിക്കുന്ന ഒരു സമൂഹത്തില്‍ ഒറ്റതിരിഞ്ഞുള്ള പോരാട്ടങ്ങള്‍ വിജയം കണ്ടെത്തുക പ്രയാസമല്ലെ? അതിനായി മതേതരത്വം പ്രസംഗങ്ങളിലും പ്രസ്ഥാവനകളിലും ഒതുക്കാത്ത പുരോഗമനപ്രസ്ഥാനങ്ങള്‍ ഇനിയും ഉണ്ടാകേണ്ടിയിരിക്കുന്നു.
നിങ്ങളുടെ കുട്ടിയെമാത്രം പൊതു സമൂഹത്തിന്റെ ഒഴുക്കില്‍ നിന്നും മാറ്റിനിര്‍ത്തുക എന്നത്‌ സാധ്യമാണോ?

ബെന്യാമിന്‍ said...

ചില വിശദീകരണങ്ങള്‍ കൂടി ആവശ്യമാണെന്ന് തോന്നുന്നു.
ഏതെങ്കിലും ഒരാള്‍ സമൂഹത്തിന്റെ പൊതുധാരയില്‍ നിന്നോ പൊതു അനുഷ്ഠാനങ്ങളില്‍ നിന്നോ വിട്ടുനില്‌ക്കാന്‍ എന്റെ ലേഖനം ആവശ്യപ്പെടുന്നില്ല. വിശ്വാസത്തെയും വര്‍ഗ്ഗിയതയെയും കൂട്ടിക്കുഴച്ച്‌ ചിന്തിക്കുന്നതുകൊണ്ടാണ്‌ അങ്ങനെ തോന്നുന്നത്‌. ഒരാള്‍ ക്ഷേത്രത്തില്‍ തൊഴാന്‍ പോയെന്നു കരുതിയോ പള്ളിയില്‍ പ്രാര്‍ത്ഥിക്കാന്‍ പോയെന്നു കരുതിയോ വര്‍ഗ്ഗീയ വാദി ആകുന്നില്ല. പകരം അവന്‍ അത്തരം വിശ്വാസസ്ഥാപനങ്ങളുടെ പോഷക സംഘടനകളില്‍ അംഗമാകുന്നതോടെ അവന്‍ വര്‍ഗ്ഗീയമായി ചിന്തിക്കാന്‍ പ്രേരിതനാകുന്നു. മതങ്ങളല്ല, മതാനുബന്ധസംഘടനകളുമായുള്ള സഹവാസമാണ്‌ പ്രശ്‌നം. അവിടെയാണ്‌ ഹരിശ്രീ എന്നെഴുതിയാല്‍ യേശുക്രിസ്‌തുവിന്‌ കോപം വരും എന്ന ചിന്തകളിലേക്ക്‌ നയിക്കപ്പെടുന്നത്‌. അത്തരം പോഷകസംഘടനകളുടെ ചട്ടക്കൂട്ടില്‍ ചെന്നുപെടുന്നതോടെ ദൈവത്തെ സംബന്ധിച്ച്‌ നമുക്കുള്ള മാനവിക ദര്‍ശനം തന്നെ ഇല്ലാതായിപ്പോകുന്നുണ്ട്‌. പകരം അവനവന്റെ മാത്രം സ്വന്തം ദൈവം എന്ന കാഴ്ചപ്പാടിലേക്ക്‌ നാം ചുരുങ്ങിപ്പോകുന്നു. അതുകൊണ്ടാണ്‌ ഇത്തരം സംഘങ്ങളില്‍ നിന്ന് വിട്ടു നില്‌ക്കാന്‍ ഞാന്‍ ആവശ്യപ്പെട്ടത്‌. അത്‌ മതത്തില്‍ നിന്നോ സമൂഹത്തില്‍ നിന്നോ പൊതുധാരയില്‍ നിന്നോ ഉള്ള വിട്ടുനില്‌ക്കലായി വ്യാഖ്യാനിക്കാതിരിക്കാന്‍ ശ്രമിക്കുക!!

Anonymous said...

പാലുപിരിയുന്നതു പോലെ കേടാവുകയാണു് നമ്മുടെ സമൂഹം. ഈ പുളിച്ചതൈരായതിനു ശേഷം ഒരു തിരിച്ചുപോക്കിനെ കുറിച്ചു പ്രതീക്ഷയില്ല.

ഞാന്‍ ഇരിങ്ങല്‍ said...

എന്തോ പലര്‍ക്കും പ്രതീക്ഷ നഷ്ടപ്പെട്ടിരിക്കുന്നു. എന്തുകൊണ്ട്? ഒറ്റ ദിവസം കൊണ്ട് ഇല്ലാതാവുന്നതല്ല നമ്മുടെ നാട്, സംസ്കാരം. എല്ലാവരും പറയുന്നു നമ്മുടെ നാട് നശിച്ചു പോയി എന്ന്. അങ്ങിനെയൊന്നും എനിക്ക് ചിന്തിക്കാന്‍ കഴിയില്ല. ഒരു പാട് പ്രശ്നങ്ങള്‍ ഉണ്ട് എന്നാല്‍ ഒരിക്കലും ശരിയാക്കാന്‍ പറ്റാത്ത ഒന്നുമില്ലെന്ന് എല്ലാവര്‍ക്കുമെന്ന പോലെ നമുക്കും അറിയാം. പക്ഷെ നമ്മള്‍ കാഴ്ചക്കരായി നില്‍ക്കുകയും ചുമ്മാ പ്രതികരിച്ചുകൊണ്ടിരിക്കുകയും ചെയ്താല്‍ ഇതിങ്ങനെ പോയിക്കോണ്ടിരിക്കും. പത്തു പേരെങ്കില്‍ പത്ത് ഒന്നിച്ചു നിന്ന് ചെയ്യാന്‍ പറ്റുന്നത് ചെയ്യും തല ഉയര്‍ത്തിപ്പിടിച്ച്. അങ്ങിനെ ചെയ്യുകയാണെങ്കില്‍അത് തന്നെയാണ് സാസ്കാരിക വിപ്ലവം. ചോദ്യങ്ങള്‍ ചോദിക്കുന്നതിലൂടെ ഉത്തരം കണ്ടെത്താനുള്ള ഒരു ബാധ്യത നാം ഏറ്റെടുക്കേണ്ടിയിരിക്കുന്നു.
പാല് പിരിഞ്ഞാല്‍ അത് ഉറയൊഴിച്ചു വച്ച് മോര്, തൈര് ഉണ്ടാക്കന്‍ നാം ശ്രമിക്കേണ്ടിയിരിക്കുന്നു

ശാലിനി said...

ശരിയാണ് പല സ്വകാര്യ ചടങ്ങുകളും ഇപ്പോള്‍ ആഘോഷങ്ങളാണ്. അദ്ധ്യാപകരെ/നിലത്തെഴുത്ത് ആശാന്മാരെ കൊണ്ടായിരുന്നു ഞങ്ങളുടെ അവിടൊക്കെ എഴുത്തിനിരുത്ത്. ഇന്ന് അതും പൊങ്ങച്ചം കാട്ടാനുള്ള വേദിയായി.

ദേവന്‍ എഴുതിയതുപോലെ, ഞങ്ങളുടെ സ്ക്കൂളുലും കൊളേജിലുമൊന്നും ഈ വേര്‍തിരിവ് ഉണ്ടായിരുന്നില്ല. ഇന്ന് എല്‍ കെ ജി കാരന് അമ്പലവും, മൊസ്കും, പള്ളിയും തമ്മിലുള്ള വ്യത്യാസം എന്താണെന്ന് പറഞ്ഞുകൊടുക്കാന്‍ എനിക്കറിയില്ല.

രാജേഷ് ആർ. വർമ്മ said...

1. മനുഷ്യനു മനുഷ്യത്വം നഷ്ടപ്പെട്ടു പോവാതിരിക്കാന്‍ ധാരാളിത്തമുള്ള ആഘോഷങ്ങള്‍ ആവശ്യമാണെന്ന് മനശ്ശാസ്ത്രജ്ഞര്‍ക്ക്‌ അഭിപ്രായമുണ്ടെന്നു കേട്ടിട്ടുണ്ട്‌. സാഹിത്യവാരഫലത്തില്‍ വായിച്ചതാണ്‌.
2. ആരാധനാലയങ്ങളില്‍ നടക്കുന്നതിനെക്കാള്‍ മതനിരപേക്ഷമല്ലേ എഴുത്തിനിരുത്ത്‌ പത്രമോഫീസുകളില്‍ നടക്കുന്ന പുതിയ പ്രവണത?
3. 'നമോത്തു ജിനതേ' എന്ന് ബുദ്ധദേവനെ നമസ്കരിച്ചുകൊണ്ടാണ്‌ കേരളത്തില്‍ പണ്ട്‌ നിലത്തെഴുതിയിരുന്നതെന്ന് ഈയിടെ വായിച്ചു. അതിനെ ഉപേക്ഷിച്ച്‌ ഒരു കാലത്തു 'ഹരി ശ്രീ ഗണപതയേ നമ' ഉപയോഗിച്ചു തുടങ്ങിയതുപോലെ സ്വാഭാവികമല്ലേ മറ്റു ദൈവങ്ങളില്‍ വിശ്വസിക്കുന്നവര്‍ അവരവരുടെ ദൈവങ്ങളെ വന്ദിച്ചുകൊണ്ട്‌ വിദ്യാരംഭം നടത്തുന്നത്‌?
4. കുട്യേടത്തി, ബ്ലോഗിനു പേരിടുമ്പോള്‍ എം. ടി.യുടെ കഥാപാത്രത്തെ ഉപയോഗിക്കുന്നതുപോലെ തന്നെ ഒരഭിമാനമല്ലേ മക്കളെ എഴുത്തിനിരുത്തുമ്പോള്‍ ആ സാഹിത്യകാരനെക്കൊണ്ടു ചെയ്യിക്കുന്നത്‌?
:-)

nalan::നളന്‍ said...

എം ഏ ബേബി പറഞ്ഞത്‌
“എന്റെ മകളുടെ ക്ലാസ്സില്‍ റ്റീച്ചര്‍ ഹിന്ദുസ്‌ സ്റ്റാന്‍ഡ്‌ അപ്പ്‌ എന്നു പറഞ്ഞു. കുറേ കുട്ടികള്‍ എഴുന്നേറ്റു നിന്നു. ക്രിസ്റ്റ്യന്‍സ്‌ സ്റ്റാന്‍ഡ്‌ അപ്പ്‌ എന്നു പറഞ്ഞു, കുറെപ്പേര്‍ എഴുന്നേറ്റു. മുസ്ലീംസ്‌ സ്റ്റാന്‍ഡ്‌ അപ്പ്‌ എന്നു പറഞ്ഞപ്പോല്‍ എഴുന്നേറ്റവരുടെ കൂടെ എന്റെ മോളും എഴുന്നേറ്റു. അവളുടെ കൂട്ടുകാരി എഴുന്നേറ്റത്‌ കണ്ടിട്ട്‌."


ദേവാ,
ഇതെന്നെ കുട്ടിക്കാലത്തെ ഇതുപോലൊരു സംഭവം ഓര്‍മ്മിപ്പിച്ചു.
4 ലിലോ 5 ലോ പഠിക്കുന്ന കാലം, അന്നു പക്ഷെ ഹിന്ദുസ്‌ സ്റ്റാന്‍ഡ്‌ , ക്രിസ്റ്റ്യന്‍സ്‌ സ്റ്റാന്‍ഡ്‌ അപ്പ്‌ എന്നൊന്നുമല്ല, അമ്പലത്തില്‍ പോകുന്നതുകൊണ്ട് അക്കാര്യം അറിയാമായിരുന്നു. ജാതി തിരിച്ചുള്ള കണക്കെടുപ്പായിരുന്നു, ആദ്യ റൌണ്ടില്‍ ഞാനെഴുന്നേറ്റില്ല കാരണം ജാതിയേതെന്നറിയില്ലായിരുന്നു. കൂട്ടിനോക്കിയപ്പോള്‍ ഒന്നു കുറവുള്ളതുകണ്ട് ടീച്ചര്‍ രണ്ടാം വട്ടം കണക്കെടുത്തപ്പോള്‍ കൂടെയിരുന്നവന്റെ കൂടെ ഞാനുമെഴുന്നേറ്റു. അന്നാണിങ്ങനെയൊരു സംഭവമുണ്ടെന്നുതന്നെ അറിഞ്ഞത്.

ഹരിശ്രീ യില്‍ മതത്തിന്റെ ധ്വനി ഇപ്പോഴാ കണ്ടതുതന്നെ.(ഇതു നേരത്തേ ശ്രദ്ധിച്ചിരുന്നേല്‍ പകരം അ ആ ഇ ഈ എഴുതിച്ചേനെ) മതത്തിന്റെ ധ്വനി നിറഞ്ഞ വാക്കുകള്‍ തിരുകികയറ്റി പിഞ്ചുമനസ്സിലേ മനുഷ്യത്വത്തെ കൊല്ലുന്ന പ്രവണതകളോടു യോജിക്കാന്‍ വയ്യ. സ്വന്തം മതം കുട്ടിയെ അടിച്ചേല്‍പ്പിക്കുന്നതു തന്നെ അവനെ പകുതി കൊല്ലുന്നതിനു തുല്യമാണു.

പിന്നെ ആരെക്കൊണ്ടെഴുതിക്കണെമെന്നത്! അറിവല്ലല്ലോ ഇന്നു വേണ്ടത്, പരീക്ഷയ്ക്കു കിട്ടുന്ന മാര്‍ക്കല്ലേ.

രാജേഷ് ആർ. വർമ്മ said...

"സ്വന്തം മതം കുട്ടിയെ അടിച്ചേല്‍പ്പിക്കുന്നതു തന്നെ അവനെ പകുതി കൊല്ലുന്നതിനു തുല്യമാണു" എന്നു നളന്‍ പറഞ്ഞിരിക്കുന്നു.
പ്രായപൂര്‍ത്തിയാവാത്ത മക്കള്‍ക്കുവേണ്ടി ഉടുപ്പ്‌, ഭക്ഷണം, ഭാഷ, വായന, സൗഹൃദങ്ങള്‍, മൂല്യങ്ങള്‍ എന്നിവയിലൊക്കെ തീരുമാനങ്ങള്‍ എടുക്കുന്ന രക്ഷിതാക്കള്‍ മതവിശ്വാസത്തിന്റെ/ആത്മീയതയുടെ കാര്യത്തില്‍ മാത്രം അവരെ സ്വാധീനിക്കരുതെന്നു പറയുന്നതു ശരിയാണോ?

nalan::നളന്‍ said...

പ്രായപൂര്‍ത്തിയാവാത്ത മക്കള്‍ക്കുവേണ്ടി ഉടുപ്പ്‌, ഭക്ഷണം, ഭാഷ, വായന, സൗഹൃദങ്ങള്‍, മൂല്യങ്ങള്‍ എന്നിവയിലൊക്കെ തീരുമാനങ്ങള്‍ എടുക്കുന്ന രക്ഷിതാക്കള്‍ മതവിശ്വാസത്തിന്റെ/ആത്മീയതയുടെ കാര്യത്തില്‍ മാത്രം അവരെ സ്വാധീനിക്കരുതെന്നു പറയുന്നതു ശരിയാണോ?

നിസ്സാരമായ സ്വാധീനം എന്നു പറയുമ്പോള്‍ ലളിതമായി. അതിനൊരു ബ്രാന്റ് ഒട്ടിച്ചുകൂടെവയ്ക്കുമ്പോള്‍ കൊക്കകോളയുടേയും പെപ്സിയുടേയും പരസ്യം പോലെ തോന്നുന്നു.
അല്ലേല്‍ ‘ജനകോടികളുടെ വിശ്വസ്ത സ്ഥാപനം” :)
തന്റെ മതം മാത്രമാണു ശരിയെന്ന വികലമായ കാശ്ചപ്പാടില്‍ നിന്നും കുട്ടിക്കും പിന്നീടു മോചനം സാധ്യമാവുന്നില്ലെന്നുള്ളതല്ലേ സത്യം. ഉണ്ടെങ്കില്‍തന്നെയതെത്രപേര്‍ക്ക് ?

ഞാന്‍ ഇരിങ്ങല്‍ said...

എത്ര സുന്ദരമായ ചിന്ത. മതത്തില്‍ നിന്നുള്ള മോചനം.
ആര്‍ക്ക്? എന്തിന്? മതമെന്താ ആളുകളെ ദ്രോഹിക്കാന്‍ കച്ച കെട്ടിയിറങ്ങിയിരിക്കുകയാണൊ?
ഏതു മതമാണ് അക്രമത്തെ, വര്‍ഗ്ഗീയതയെ പ്രോത്സാഹിപ്പിക്കുന്നത്?
എല്ലാ മതങ്ങളും സ്നേഹത്തിനും വിശ്വാസത്തിനും വേണ്ടി ഉണ്ടക്കപ്പെട്ടവ തന്നെയാണ്.
ഒരു മതവും മനുഷ്യനെ ഉന്‍ മൂലനം ചെയ്യാന്‍ പറയുന്നില്ല. അപ്പോള്‍ മതത്തില്‍ നിന്നുള്ള വിമോചനം ആര്‍ക്കാണ് വേണ്ടത്?
ഞാന്‍ ജനിച്ച മതത്തില്‍ ജീ‍വിക്കുകയും മറ്റ് മതത്തില്‍ ജനിച്ച ആളുകളെ സ്നേഹിക്കുകയും ചെയ്യുകയല്ലേ നമ്മള്‍ ചെയ്യേണ്ടത്?
അല്ലാതെ സ്ത്രീ വിമോചനം പറയുന്നതു പോലെ പുരുഷന്‍ മാരില്‍ നിന്നുള്ള വിമോചനം എത്രമാത്രം സാധ്യമാണ്? ഒരു പുരുഷന് സ്ത്രീയെ കൂടാതെയൊ തിരിച്ചൊ ഉള്ള വിമോചനമാണൊ നമ്മള്‍ മുന്നോട്ട് വയ്ക്കുന്നത്?
ആദിയല്‍ ദൈവം ഉണ്ടായി. കാരണം മനുഷ്യന്‍ അഹങ്കാരികളാകതിരിക്കാന്‍ ഇടിയും മിന്നലും മഴയും ദൈവങ്ങളായി. കാലക്രമേണ ദൈവങ്ങളുടെ രൂപവും മാറി. അവ രാമനും ക്രിഷ്ണനും ക്രിസ്തുവും അള്ള വും ആയി. രൂപങ്ങളിലെ വ്യതിയാനം പെട്ടെന്നുണ്ടായ ഒരു പ്രതിഭാസമല്ല. അതു കൊണ്ടുതന്നെ ദൈവങ്ങളുംടെ രൂപവും ഭാവവും കാലത്തിനനുസരിച്ച് മാറിക്കൊണ്ടിരിക്കുന്നു എന്നു പറായാം. മാതയും, ബാബയും, വാഴ്ത്തപ്പെട്ടവരും, അങ്ങിനെ ഒട്ടനവധി മനുഷ്യ ദൈവങ്ങളും ഇന്നിന്‍റെ മാറ്റങ്ങള്‍ ആണ്.
ഇവയൊക്കെ ഉള്‍ക്കൊള്ളാന്‍ സമൂഹം നമ്മെ പ്രാപ്തനാകുകയും ചെയ്യുന്നു. എന്നാല്‍ മതത്തിന്‍റെ സ്നേഹ സന്ദേശത്തിന് പകരം വര്‍ഗ്ഗിയതയും പകയും വിതയ്ക്കുന്നതിനെ നമ്മള്‍ എതിര്‍ത്തു തോല്‍പ്പിക്കേണ്ടിയിരിക്കുന്നു.
മതങ്ങള്‍ ഇന്ന് പൊങ്ങച്ച വേദികളാകുന്നതിനെ നാം കയ്യും മെയ്യും മറന്ന് എതിര്‍ക്കേണ്ടിയിരിക്കുന്നു.
അല്ലാതെ മതത്തില്‍ നിന്നുള്ള വിമോചനം ഒരിക്കലും നമുക്കു സാധ്യമല്ല അതിന്‍റെ ആവശ്യവുമില്ലെന്ന് ഞാന്‍ വിശ്വസിക്കുന്നു.
സ്നേഹത്തോടെ
രാജു.

ബെന്യാമിന്‍ said...

എല്ലാവരുടെയും വാദങ്ങള്‍ സമ്മതിച്ചു. ഒരു ചോദ്യം കൂടി, ഹരിശ്രീ ഗണപതായേ നമ: എന്നെഴുതിയാല്‍ ഹൈന്ദവമായിപ്പോകും എന്ന് ചിന്തിക്കുന്ന, സ്വന്തം മതത്തില്‍ പെട്ട ദൈവത്തെ ഓര്‍ത്ത്‌ എഴുതട്ടെ എന്ന് വാദിക്കുന്നവര്‍ എന്തിനാണ്‌ ഈ ഹിന്ദുക്കളുടെ വിജയദശമി നാളില്‍തന്നെ എഴുത്തിനിരുത്തുന്നത്‌. പള്ളിയിലും മോസ്‌കിലും എല്ലാം എഴുത്തിനിരുത്ത്‌ നടക്കുന്നത്‌ അന്നാണ്‌. അതെന്താ ഹൈന്ദവവിശ്വാസത്തിന്റെ ഭാഗമാണെന്ന് ആര്‍ക്കും തോന്നിയില്ലേ..? ഇതാണ്‌ നമ്മള്‍ മുറുകെപ്പിടിക്കാന്‍ ശ്രമിക്കുന്ന ചില വിശ്വാസങ്ങളുടെ ഐറണി..?!!

Unknown said...

ജീവിതം ഇന്നൊരു ബിസിനസാണ്. സമൂഹമാണ് മാര്‍ക്കറ്റ്. നമ്മള്‍ ഓരോരുത്തരും ഓരോ ബ്രാന്റും. പരസ്യം ചെയ്യാതെ രക്ഷയില്ല എന്ന തോന്നലില്‍ നിന്ന് ആര്‍ഭാട ചടങ്ങുകളും മറ്റും ജനിക്കുന്നു. ഒറ്റയ്ക്ക് മാര്‍ക്കറ്റില്‍ പിടിച്ച് നില്‍ക്കണമെന്ന് മോഹമുണ്ടെങ്കിലും പ്രാക്റ്റിക്കല്‍ അല്ല. അതിനാല്‍ ഒരേ ഇന്‍ഡസ്റ്റ്രിയിലുള്ളവര്‍ ചേര്‍ന്ന് സഭകളും ദേവസ്വങ്ങളും രൂപീകരിക്കുന്നു. ഇവയ്ക്കുള്ളില്‍ തന്നെ കാര്‍ട്ടലുകള്‍ രൂപം കൊള്ളുന്നു. ഒന്നിലും വിശ്വസിക്കുന്നില്ല എങ്കിലും നിലനില്‍പ്പിനായി ഈവക ഏതെങ്കിലും ഒരു സംഘടനയില്‍ ചേരേണ്ടി വരുന്നു. ഇനി ഒന്നിലും ചേരാതെ മരണം വരെ പൊരുതാനാണ് തീരുമാനമെങ്കില്‍ മാര്‍ക്കറ്റ് തന്നെ ബ്രാന്റിനെ ലേബല്‍ ചെയ്യുന്നു.

ആള്‍ക്കൂട്ട മനോഭാവം തന്നെയാണ് ഇന്നത്തെ ഈ സാമൂഹിക അധ:പതനത്തിന് പിന്നില്‍. ഞാന്‍ ഇത് ചെയ്യാന്‍ ആഗ്രഹിക്കുന്നില്ല ഇന്ന കാരണങ്ങള്‍ കൊണ്ട് എന്ന് തുറന്ന് പറയുന്നതിന് പകരം കൂട്ടത്തില്‍ നടക്കാം ഒരു നഷ്ടവുമില്ലല്ലോ എന്ന ചിന്ത ഓരോ വ്യക്തിക്കും ഉണ്ടാകുന്നത് കൊണ്ട് സംഭവിച്ചത്. ഇതിനെതിരെ എന്ത് ചെയ്യാന്‍ കഴിയുമെന്ന് വ്യക്തി സ്വയം ആലോചിക്കണം.ഒരു കൂട്ടത്തിലെത്തിയാല്‍ നാവ് പൊന്താത്ത അവസ്ഥ പരിതാപകരം തന്നെ.

വേണു venu said...

ബെന്യാമിന്‍,
“ഹിന്ദുക്കളുടെ വിജയദശമി നാളില്‍തന്നെ എഴുത്തിനിരുത്തുന്നത്‌“ .
ഞാന്‍ മുന്‍പു് സൂചിപ്പിച്ചിരുന്നു.
ജീവിതം ഒരു പരസ്യമായി മാറിയിരിക്കുന്നു.ജീവിതം ആഘോഷമായി മാറിയിരിക്കുന്നു.ദില്‍ബാസുരന്‍ പറഞ്ഞതു പോലെ സമൂഹമാണ് മാര്‍ക്കറ്റ്.വിജയിദശമിനാള്‍ തന്നെ തെരഞ്ഞെടുക്കുന്നതിനു പിന്നിലും അതു തന്നല്ലേ.

ഞാന്‍ ഇരിങ്ങല്‍ said...

ബെന്യാമിന്‍,
ഇപ്പോള്‍ സന്തോഷമുണ്ട്. ഒതുങ്ങിനില്‍ക്കാതെ നമ്മുടെ കൂട്ടുകാര്‍ കമന്‍റുന്നു. ഇപ്പോള്‍ ആദ്യത്തേതില്‍ നിന്ന് പുതിയ ഒരു ചോദ്യം ഉയര്‍ന്നു വന്നിരിക്കുന്നു.
എന്തുകൊണ്ട് ‘ഹിന്ദുക്കളുടെ വിജയദശമി നാളില്‍ തന്നെ എല്ലാവരും എഴുത്തിരുത്തുന്നു?
ഒരനാവശ്യ ചോദ്യമെങ്കില്‍ കൂടി വളരെ പ്രാധാന്യമര്‍ഹിക്കുന്ന ഒന്നു തന്നെ യാണിത്.

1. ‘മണലെഴുത്ത് എന്‍റെ അറിവില്‍ പാശ്ചാത്യ രാജ്യങ്ങളില്‍ ഇല്ലാത്ത ഒരു ഏര്‍പ്പാടാണ്. അതു കൊണ്ട് തന്നെ അത് ഭാരത്തിന്‍റെ സംസ്കാരത്തിന്‍റെ ഭാഗമാണെന്ന് സമ്മതിക്കേണ്ടിയിരിക്കുന്നു.

പണ്ടു കാലത്ത് ജന്മി കുടുംബങ്ങളില്‍ മാത്രമുണ്ടായിരുന്ന ‘എഴുത്തിനിരുത്ത്’ പാണ്നും പറയനും , പുലയനും എഴുത്തു പഡിക്കാന്‍ തുടങ്ങിയപ്പോള്‍ ‘എഴുത്തിനിരുത്ത് ജനകീയ വല്‍ക്കരിക്കപ്പെട്ടു എന്നു പറയാം.
അമ്പലത്തില്‍ പോകാന്‍ തീണ്ട മുണ്ടായിരുന്ന അടിയാന്‍ പ്രാര്‍ത്ഥിക്കാന്‍ അവന്‍റെ ദൈവത്തെ കണ്ടെടുത്തു. അങ്ങിനെയാണ് ‘തെയ്യങ്ങള്‍’ നമ്മുടെ സംസ്കാരത്തിന്‍റെ ഭാഗമായത്. ഇത്തരം സാംസ്കാരിക വിപ്ലവങ്ങള്‍ ഏറ്റവും കൂടുതല്‍ നടന്നിരുന്നത് മലബാര്‍ ദേശത്തായിരുന്നു എന്ന് ചരിത്രം നമ്മെ പഡിപ്പിക്കുന്നു. അതുകൊണ്ടാണ് ഉത്തര കേരളത്തില്‍ തെയ്യങ്ങളുടെ ആസ്ഥാനമായത് എന്നു നമുക്കറിയാം. അതു പോലുള്ള സാംസ്കാരിക വിപ്ലവങ്ങള്‍ ഭാരതത്തിലെ വിവിധ ഇടങ്ങളില്‍ പല തരത്തില്‍ നടക്കുകയും അവര്‍ണ്ണര്‍ അവരുടെതായ ദൈവങ്ങളെ കണ്ടെത്തുകയും ചെയ്തു. എങ്കിലും അവരില്‍ സവര്‍ണ്ണ ദൈവങ്ങളെ പ്രാര്‍ത്ഥിക്കാനുള്ള ത്വര ആവേശിതമായതോടെ അവര്‍ക്ക് ക്ഷേത്രം നിര്‍മ്മിച്ചു നല്‍കി മറ്റൊരു നവോത്ഥാന ത്തിന് തുടക്കം കുറിച്ചു. സവര്‍ണ്ണരുടെ ‘ദൈവ’മായ പരമശിവന്‍, മഹാവിഷ്ണു അങ്ങിനെ എല്ലാ സവര്‍ണ്ണ ദൈവ്ങ്ങളും അവര്‍ണ്ണന്‍റെതുമായി.
അങ്ങിനെ നമ്മുടെ സംസ്കാരത്തിന്‍റെ ഭാഗമായ ‘എഴുത്തിനിരുത്ത്’ ഹിന്ദുക്കളൊടൊപ്പം മറ്റു മതങ്ങളും ഏറ്റെടുക്കുന്നതിനെ ‘നന്മെ യെ ഉള്‍ക്കൊള്ളാന്‍’ എല്ലാ മതങ്ങളും പഡിപ്പികുന്നതു കൊണ്ടാണ് എന്നു ഞാന്‍ വിശ്വസിക്കുന്നു.
നമ്മുടെ സംസ്കാരത്തിന്‍റെ ഭാഗമായ വിജയദശമി തുടങ്ങി വയ്ക്കുന്നതു സവര്‍ണ്ണ ഹിന്ദുക്കളും അവര്‍ക്കു ശേഷം അവര്‍ണ്ണരും ദാ ഇപ്പോള്‍ അഹിന്ദുക്കളും (ക്ഷമിക്കുക ഹിന്ദു മതത്തില്‍ അല്ലാത്തവരെ മാത്രമാണ് ഉദ്ദേശിച്ചത്) തുടരുന്നു പോകുന്നു. കാലത്തിനനുസരിച്ച് മാറ്റങ്ങള്‍ ആവാം എന്നുള്ളതു കോണ്ട് അവര്‍ ഹരിശ്രീ ഗണപതായേ നമ: എന്നൊ അവര്‍ക്ക് ഇഷ്ടമുള്ളതൊ എഴുതി തെളിയട്ടെ കാ‍രണം ഗീതയില്‍ വാസുദേവന്‍ പറയുന്നതും മൂലധനത്തില്‍ മാര്‍ക്സ് പറയുന്നതും ഒന്നു തന്നെ. കര്‍മ്മമാണ് പ്രധാനം. മാര്‍ഗ്ഗം ഏതായലും.
സ്നേഹത്തോടെ
രാജു.

ബെന്യാമിന്‍ said...

കഴിഞ്ഞ എട്ടുദിവസങ്ങളായി നിറഞ്ഞുനിന്ന ഈ സംവാദം ഇവിടെ അവസാനിപ്പിക്കാമെന്ന് തോന്നുന്നു. ഒരു അവസാന വാക്കിന്‌ ഞാന്‍ മുതിരുന്നില്ല. പങ്കെടുത്തുവരും വായിച്ചവരും അത്‌ സ്വയം തീരുമാനിക്കട്ടെ. നമ്മള്‍ നേരിട്ടുകൊണ്ടിരിക്കുന്ന ചില സാമൂഹികാവസ്ഥകളിലേക്ക്‌ ബ്ലോഗറുടെ മനസ്സ്‌ കൂര്‍പ്പിക്കാന്‍ കഴിഞ്ഞെങ്കില്‍ ഈ പോസ്റ്റ്‌ അര്‍ത്ഥവത്തായി എന്നു വിചാരിക്കുന്നു. സംവാദം അവസാനിക്കുമ്പോഴും ചിന്തകള്‍ അവസാനിക്കുന്നില്ല. എഴുത്തിനിരുത്തിന്റെ ചടങ്ങുകള്‍ അവസാനിച്ചതോടെ അത്‌ മറവിയില്‍ ആണ്ടുപോകാനുള്ളതല്ല. അതിന്‌ തുടര്‍ച്ചകള്‍ ഉണ്ടാവട്ടെ. യോജിച്ചും വിയോജിച്ചും കുറിപ്പുകള്‍ എഴുതിയും നിശബ്ദരായി ഈ ചര്‍ച്ച വായിച്ചും ഇതിനോട്‌ സഹകരിച്ച എല്ലാവര്‍ക്കും നന്ദി!