Sunday, October 29, 2006

പ്രവാസിയേ നിന്റെ പണം ഒഴുകുന്നതാര്‍ക്കുവേണ്ടി..?

ആദ്യം ഒരു ചെറിയ കണക്കു പറയാം. പത്തനംതിട്ട ജില്ലയിലെ കുളനട എന്ന എന്റെ സ്വന്തം ഗ്രാമത്തില്‍ നിന്നുള്ളതാണ്‌. ഈ ഗ്രാമത്തിലെ 60% നിവാസികളും 55 വയസ്സിനു മുകളില്‍ പ്രായമുള്ളവരാണ്‌. ഇരുപത്തഞ്ചില്‍ ഒരു വീട്‌ എന്ന കണക്കില്‍ ഏകദേശം 200 ഓളം വീടുകള്‍ ആള്‍പ്പാര്‍പ്പില്ലാതെ പൂട്ടിക്കിടക്കുന്നു. 39% കൃഷിയിടങ്ങളും ഉപയോഗ്യശൂന്യമായി കിടക്കുന്നു.
അവിടെനിന്നും വിദേശത്തേക്ക്‌ കുടിയേറിയിരിക്കുന്നത്‌ 2500 ആളുകളാണ്‌. അതിന്റെ ശതമാനക്കണക്കിങ്ങനെ. 39% അമേരിക്കയിലേക്ക്‌. 26.3% യു.എ.ഇ യിലേക്ക്‌. 11% ബഹ്‌റൈനില്‍. ബാക്കി രാജ്യങ്ങളിലേക്കെല്ലാം കൂടി ഏകദേശം 25%.
ഇവരെല്ലാം കൂടി ഈ ഗ്രമത്തിലേക്ക്‌ ഒരു വര്‍ഷം അയക്കുന്ന തുക 7കോടി രൂപ! മൂന്ന് പ്രമുഖ ബാങ്കുകളിലായി ഇവര്‍ നിക്ഷേപിച്ചിരിക്കുന്ന തുകയാകട്ടെ 158 കോടി രൂപ!!
ഇതില്‍നിന്നും ഗ്രാമത്തിലേക്ക്‌ ചിലവഴിക്കപ്പെടുന്ന തുക വെറും 7% മാത്രം. അതുതന്നെയാകട്ടെ കൈമാറ്റ വില്‌പന സാധ്യതയില്ലാത്ത കെട്ടിടനിര്‍മ്മാണം, തൊഴിലാളികള്‍ക്കുള്ള വേതനം എന്നിവയ്ക്കു വേണ്ടിയാണ്‌ ചെലവഴിക്കപ്പെടുന്നത്‌. കെട്ടിടനിര്‍മ്മാണം വളരെ ഊര്‍ജ്ജിതമായി നടക്കുന്നതിനാല്‍ ആ മേഖലയില്‍ നല്ല തൊഴില്‍ സാധ്യതയുണ്ടെങ്കിലും ആ അവസരങ്ങളെല്ലാം തമിഴ്‌നാട്ടില്‍ നിന്നുള്ള തൊഴിലാളികള്‍ പിടിച്ചെടുത്തതു കാരണം നാട്ടിലെ തൊഴിലില്ലായ്‌മ രൂക്ഷമാണ്‌!!
ഇത്‌ കുളനട എന്ന ഗ്രാമത്തിന്റെ ചിത്രം മാത്രമല്ല. ഇത്‌ കേരളത്തിലെ ഓരോ ഗ്രാമത്തിന്റെയും പരിശ്ചേതം തന്നെയാണ്‌. വിദേശത്തുള്ളവരുടെ ശതമാനക്കണക്കില്‍ ചെറിയ ഏറ്റക്കുറച്ചില്‍ വന്നേക്കാം എന്നു മാത്രം.
ഇക്കണക്കില്‍ ഇനി പറയാന്‍ പോകുന്നതാണ്‌ ഏറ്റവും പ്രാധാന്യം അര്‍ഹിക്കുന്ന വസ്‌തുത. കുളനട ഗ്രാമപഞ്ചായത്തിന്റെ ഒരു വര്‍ഷത്തെ ബജറ്റ്‌ തുക വെറും 7 ലക്ഷം രൂപ മാത്രമാണ്‌. എന്നാല്‍ കുളനടയില്‍ ഒരു ക്രിസ്‌തീയ ദേവാലയത്തിന്റെ മാത്രം ബജറ്റ്‌ 5 ലക്ഷം രൂപ. അങ്ങനെ ആറും ദേവാലയങ്ങളും മൂന്നോളം പെന്തിക്കോസ്‌തു ആരാധനാലയങ്ങളും ഈ ഗ്രാമത്തിലുണ്ട്‌. അവയ്ക്കെല്ലാം കൂടിയുള്ള ബജറ്റ്‌ കണക്കുകൂട്ടിയാല്‍ അത്‌ അന്‍പത്‌ ലക്ഷത്തോളം വരും!! കഴിഞ്ഞ വര്‍ഷം കുളനടയില്‍ ഒരു ക്രിസ്‌തീയ ദേവാലയം പണികഴിപ്പിച്ചത്‌ ഒന്നരക്കോടി രൂപ മുതല്‍ മുടക്കിയാണ്‌. (ഹൈന്ദവക്ഷേത്രങ്ങളുടെയും ഏക മുസ്ലീം പള്ളിയുടെയും ബജറ്റ്‌ കണക്ക്‌ ലഭ്യമല്ല. എന്തായാലും തീരെ മോശമാകാന്‍ വഴിയില്ല. കേട്ട്‌ നാം അമ്പരന്നില്ലങ്കിലേ അദ്ഭുതപ്പെടേണ്ടിവരൂ)
ഇനിയാണ്‌ എന്റെ പ്രസക്‌തമായ ചോദ്യത്തിലേക്ക്‌ ഞാന്‍ വരുന്നത്‌. നിവാസികളില്‍ അധികവും പെന്‍ഷന്‍ പറ്റിയവര്‍/ പ്രായമായവര്‍, കൃഷിയിടങ്ങള്‍ തരിശുകിടക്കുന്നു, വ്യവസായങ്ങള്‍ ഇല്ല. തൊഴിലില്ലായ്മ രൂക്ഷം. പിന്നെങ്ങനെ ഈ മതസ്ഥാപനങ്ങള്‍ക്ക്‌ ഇത്രയും അധികം പണം ക്രയവിക്രയം നടത്താന്‍ സാധിക്കുന്നു..? എടോ തിരുമണ്ടന്‍ പ്രവാസി, അത്‌ എന്റെയും നിന്റെയും വിയര്‍പ്പിന്റെ വിലയാണ്‌. അറേബ്യയിലെ കൊടുംചൂടിലും അമേരിക്കയിലെ അതിശൈത്യത്തിലും ബന്ദില്ലാതെ ഹര്‍ത്താലില്ലാതെ സമരങ്ങള്‍ ചെയ്യാതെ രാപകല്‍ മെടച്ചുണ്ടാക്കുന്ന തുക.
കേരളത്തിലെ ഏതു ഗ്രാമത്തിലും എന്തു പിരിവു നടന്നാലും ആദ്യ രസീതുകുറ്റി അയയ്ക്കുക ഗള്‍ഫിലേക്ക്‌ ആയിരിക്കും. അക്കാര്യത്തില്‍ യൂറോപ്പിലെയും അമേരിക്കയിലേയും പ്രവാസികള്‍ ഭാഗ്യവാന്മാരാണ്‌. നാട്ടില്‍ വരുമ്പോള്‍ നക്കാപ്പിച്ച ഡോളര്‍ സംഭാവനകൊടുത്ത്‌ ഒഴിയുന്നതല്ലാതെ മറ്റു പിരിവുകളൊന്നും അവര്‍ക്ക്‌ ബാധകമല്ലല്ലോ. നാട്ടില്‍ ഓണാഘോഷം നടത്തിയാലും, മീനഭരണി നടത്തിയാലും വെടിക്കെട്ടു നടത്തിയാലും പള്ളി പണിഞ്ഞാലും ചന്ദനക്കുടം നടത്തിയാലും നടു ഒടിയുന്നത്‌ പാവം ഗള്‍ഫ്‌ പ്രവാസികളുടേത്‌. അതൊന്നും പോരാഞ്ഞിട്ടാണ്‌ വണ്ടി കയറിവരുന്ന പിരിവുകള്‍. അതില്‍ രാഷ്ട്രീയക്കാരും സാമൂഹിക സേവകരും മതമേലാളന്മാരും എല്ലാം പെടും. ആര്‍ക്കെന്താവശ്യം വന്നാലും ഓടിച്ചെന്ന് പിഴിയാന്‍ ഒരു കറവപ്പശു ഇവിടെയുണ്ടല്ലോ. അടുത്തിടെ തന്നെ ബഹ്‌റൈനില്‍ നടന്ന രണ്ടു പിരിവുകളെപ്പറ്റി പറയം. രണ്ടും നാട്ടില്‍ മതമേലാളന്മാര്‍ക്ക്‌ വസിക്കാന്‍ മണിമാളികകള്‍ കെട്ടിപ്പൊക്കാനായിരുന്നു. ഒന്നിന്‌ 45 ലക്ഷം രൂപയും അടുത്തതിന്‌ 22 ലക്ഷം രൂപയുമാണ്‌ ഈ ചെറിയ ദ്വീപില്‍ നിന്ന് പിഴിഞ്ഞുകൊണ്ടുപോയത്‌. ഇതൊക്കെ അത്ര ചെറിയ തുകയാണോ..? അങ്ങനെ ഏതെല്ലാം ദേശത്ത്‌ ഏതെല്ലാം മതസ്ഥരുടെ പിരിവുകള്‍ നടന്നുകൊണ്ടിരിക്കുന്നു. നാടു പുരോഗമിക്കുന്നതിലല്ല, ഒരു വ്യവസായസ്ഥാപനം വരുന്നതിലല്ല, കൃഷി പ്രോത്സാഹിപ്പിക്കുന്നതിലല്ല, സാഹിത്യവും സംസ്‌കാരവും വളര്‍ത്തുന്നതിലല്ല ഇന്നത്തെ പ്രവാസി അഭിമാനിക്കുന്നത്‌. സ്വന്തം നാട്ടില്‍ സ്വന്തം മതത്തിന്റെ സ്വന്തം ജാതിയുടെ ഒരു കൂറ്റന്‍ മാളിക ഉയരുന്നതിലാണ്‌ അവന്റെ അഭിമാനമത്രയും കെട്ടിപ്പൊക്കുന്നത്‌.
ഇങ്ങനെ വല്ലതും ചോദിച്ചാല്‍ ഉടന്‍ പ്രവാസിയില്‍ നിന്നും വരുന്ന ഒരു മറുപടിയുണ്ട്‌. ദൈവത്തിന്‌ കൊടുക്കുന്നതല്ലേ. അതിന്‌ കണക്കു പറയാമോ..?
നിന്റെ വിശ്വാസ്യം നിന്നെ രക്ഷിക്കട്ടെ.
ഇതൊന്നും പിഴിയുന്നതല്ലല്ലോ മനസ്സോടെ കൊടുക്കുന്നതല്ലേ..?
അതില്‍ ഞാന്‍ വിയോജിക്കും. കാരണം ഇപ്പോള്‍ ഇവിടെ വീടുവീടാന്തരം കയറി പിഴിയുക തന്നെയാണ്‌. ദൈവത്തിന്റെ പേരു പറഞ്ഞ്‌.
സത്യം പറയട്ടെ, പാവപ്പെട്ട പ്രവാസി നീ ഈ വിശ്വാസത്തിന്റെ പേരില്‍ ഒഴുക്കിക്കൊടുക്കുന്ന പണം കൊണ്ടാണ്‌ നാട്ടിലെ മതമേലാളന്മാര്‍ ആരെയും കൂസാത്ത ധാര്‍ഷ്‌ടികളായി മാറുന്നതെന്ന്, മതതീവ്രവാദം കളിക്കുന്നതെന്ന് (മതതീവ്രവാദം പ്രോത്സാഹിപ്പിക്കുവാന്‍ വേണ്ടി ഒഴുകുന്നതില്‍ നല്ലൊരു ശതമാനം തുകയും പ്രവാസികള്‍ അവിഹിതമാര്‍ഗ്ഗത്തിലൂടെ സമ്പാദിച്ചതാണ്‌ എന്നത്‌ ഒരു സത്യം) , മതദ്വേഷം പടര്‍ത്തുന്നതെന്ന്, സ്വാശ്രയം പണിത്‌ പണക്കാരന്റെ മക്കളെ ഇഞ്ചിനിയറന്മാരും ഡോക്‌ടറുന്മാരും ആക്കുന്നതെന്ന്, നിങ്ങള്‍ അറിയുന്നില്ലേ..?
ഇനി നിന്റെ ഒരാവശ്യവുമായി നീ വരെ ഒന്നു സമീപിച്ചു നോക്കു. അപ്പോഴറിയാം വിവരം. നിന്റെ കുട്ടിയ്ക്ക്‌ ഒരഡ്‌മിഷന്‍ വേണമെങ്കില്‍ നീ എത്ര ക്യാപിറ്റേഷന്‍ കൊടുക്കേണ്ടി വരും..? നിന്റെ മകളുടെ വിവാഹം നടത്തുന്നതിന്‌ പള്ളിക്കെത്ര സംഭാവന കൊടുക്കേണ്ടി വരും..? നിന്റെ ഒരു ആത്മീയാവശ്യതിന്‌ പുരോഹിതനെ സമീപിച്ചാന്‍ കൊടുക്കേണ്ട കൈ മടക്ക്‌ എത്ര..?
അമേരിക്കയിലെയും യൂറോപ്പിലെയും പ്രവാസികള്‍ ഭാഗ്യവാന്മാര്‍ അവര്‍ക്ക്‌ തങ്ങളുടെ ശിഷ്ടകാലം അവിടെ സുഖമായി കഴിയാം. എന്നാല്‍ എന്റെ ഗള്‍ഫുകാരാ പ്രവാസം മതിയാക്കി നീ മടങ്ങിച്ചെല്ലുമ്പോള്‍ നിന്റെ ഈ സംഭാവനകൊണ്ട്‌ വളര്‍ത്തിയ മതസ്ഥാപനങ്ങള്‍ അവിടെ നിന്റെ പുനരധിവാസത്തിനായി എന്തു കുന്തമാണ്‌ ഒരുക്കി വച്ചിരിക്കുന്നത്‌..? അതിന്റെ പടി ചവുട്ടാന്‍ അവര്‍ നിന്നെ അനുവദിക്കുമോ..? അപ്പോഴും ഒന്നും സമ്പാദിക്കാതെ തിരികെച്ചെന്ന ധൂര്‍ത്തന്‍ എന്നല്ലേ വീട്ടുകാരും നാട്ടുകാരും മതവും നിന്നെ പഴിക്കുക..?!!
കണ്ണില്‍കൊള്ളുന്ന ചോദ്യങ്ങള്‍ക്ക്‌ നേരെനില്‌ക്കാന്‍ കെല്‌പുള്ളവര്‍ വരട്ടെ എനിക്കൊരുത്തരവുമായി...

30 comments:

ബെന്യാമിന്‍ said...

എന്നാല്‍ എന്റെ ഗള്‍ഫുകാരാ പ്രവാസം മതിയാക്കി നീ മടങ്ങിച്ചെല്ലുമ്പോള്‍ നിന്റെ ഈ സംഭാവനകൊണ്ട്‌ വളര്‍ത്തിയ മതസ്ഥാപനങ്ങള്‍ അവിടെ നിന്റെ പുനരധിവാസത്തിനായി എന്തു കുന്തമാണ്‌ ഒരുക്കി വച്ചിരിക്കുന്നത്‌..? അതിന്റെ പടി ചവുട്ടാന്‍ അവര്‍ നിന്നെ അനുവദിക്കുമോ..? അപ്പോഴും ഒന്നും സമ്പാദിക്കാതെ തിരികെച്ചെന്ന ധൂര്‍ത്തന്‍ എന്നല്ലേ വീട്ടുകാരും നാട്ടുകാരും മതവും നിന്നെ പഴിക്കുക..?!!

Kaippally said...

താങ്കളുടെ കാഴ്ചപാടിനോട് ഞാന്‍ 110% യോജിക്കുന്നു.
investment culture ഇല്ലാത്ത ഒരു കൂട്ടമാണല്ലോ നമ്മുടേത്. അതുണ്ടായിവരാന്‍ ഇനിയും നാളുകളെടുക്കും.

പ്രവാസികള്‍ക്ക് legislative representation ഇല്ലാത്തടത്തോളം കാലം പല പ്രശ്നങ്ങളും ബാക്കി നില്കും.

കാര്‍ പോകുന്ന പാത ഇല്ലാത്ത Railway Track ന്റെ മുന്നിലെ രണ്ടു കാരിടാനുള്ള ഗരാജ് ഉള്ള രണ്ടു നില്ല കെട്ടിടം നിര്‍മ്മിക്കുന്ന "ബുദ്ധിമാന്‍" ആണു പ്രവാസി മലബാറി. എന്തിനു കൂടുതല്‍ പറയണം.

Vssun said...

ബെന്യമിന്‍.. നല്ല ലേഖനം.

മതം എന്ന സ്ഥാപനത്തെയും ദൈവം എന്ന സങ്കല്‍പ്പത്തെയും വേര്‍തിരിച്ച്‌ കാണാന്‍ കഴിയാതെ വരുന്നതിന്റെ കുഴപ്പങ്ങള്‍ തന്നെ. കേരളത്തിലെ ബഹുഭൂരിപക്ഷം ജനങ്ങള്‍ക്കും മതം ഒരു ഒഴിച്ചു കൂടാന്‍ പറ്റാത്ത ഒരു പ്രസ്ഥാനം ആണ്‌.

ക്രിസ്തു മുസ്ലിം മതങ്ങളുടെ സംഘടിത പ്രവര്‍ത്തന പാത പിന്തുടര്‍ന്നുള്ള ഹിന്ദുമത സംഘടനപ്രവര്‍ത്തനങ്ങളും എല്ലാം നോക്കുമ്പോള്‍ കേരള സമൂഹത്തിന്റെ പോക്ക്‌ പുറകോട്ട്‌ തന്നെ എന്നു പറയാതെ വയ്യ.

ഇ.എം.എസോ മറ്റോ പറഞ്ഞ വാചകം ഉദ്ദരിക്കട്ടെ.. "മതം മനുഷ്യനെ മയക്കുന്ന കറുപ്പ്‌" തന്നെ..

കാളിയമ്പി said...

“കെട്ടിടനിര്‍മ്മാണം വളരെ ഊര്‍ജ്ജിതമായി നടക്കുന്നതിനാല്‍ ആ മേഖലയില്‍ നല്ല തൊഴില്‍ സാധ്യതയുണ്ടെങ്കിലും ആ അവസരങ്ങളെല്ലാം തമിഴ്‌നാട്ടില്‍ നിന്നുള്ള തൊഴിലാളികള്‍ പിടിച്ചെടുത്തതു കാരണം നാട്ടിലെ തൊഴിലില്ലായ്‌മ രൂക്ഷമാണ്‌!!"

എന്താണ് ശ്രീമാന്‍ ബന്യാമാ ..ആ പാവങ്ങളേയും ജീവിയ്ക്കാനനുവദിയ്ക്കില്ലേ..

(പണ്ട് സഖാവ് ഈ എം മതമൌലികവാദത്തിന് പുതിയ (പഴയ)അര്‍ഥം കണ്ടുപിടിച്ച പോലെ വല്ലതുമുണ്ടോ?"പിടിച്ചെടുത്തു" എന്നതിന്..? ആവോ?)

ആരും പിടിച്ചെടുത്തതല്ല.. ഈ നാട്ടിലെ ഞാനുമുള്‍പ്പെടെയുള്ള അനങ്ങാമടിയന്മാര്‍ക്ക് വെള്ളക്കോളറും ബ്ലൊഗ്ഗിങുമൊക്കെ ഫാഷനായപ്പോള്‍ ആ തമിഴന്മാര്‍ക്കിത് ഗള്‍ഫ്...

ദയവായി അവരെ വെറുതേ വിട്ടേക്കൂ...

മല്ലു ഫിലിംസ് said...

You thoughts are very reasonable.
This article is very nice.

സുല്‍ |Sul said...

ഇപ്പറഞ്ഞതെല്ലാം ശരിതന്നെയാണ്. ഇതെല്ലാം അറിഞ്ഞുകൊണ്ടും ഇതിനെല്ലാം പണമൊഴുക്കുന്നവറ് അതു തുടര്‍ന്നുകൊണ്ടിരിക്കും.
കേരളത്തിന്റെ ഈ ദയനീയാവസ്ഥ മാറിക്കിട്ടാന്‍ ഇനിയും കാലമെടുക്കും.

-സുല്‍

ഞാന്‍ ഇരിങ്ങല്‍ said...

ബന്യാമിന്‍,
ഇങ്ങനെയുള്ള ചൂടുള്ള ചിന്തയാണ് താങ്കളില്‍ നിന്ന് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ ലേഖനത്തില്‍ പലര്‍ക്കും മറുകുറി കൊടുത്തെങ്കിലും എനിക്ക് തന്നില്ല. എങ്കിലും താങ്കളെ ഞാന്‍ വായിക്കും. അഭിപ്രായം പറയാന്‍ അനുവദിച്ചാല്‍ പറയുകയും ചെയ്യാം.

പൊള്ളുന്ന പ്രവാസിയുടെ ഉരഞ്ഞു ചോരയിറ്റുന്ന അകിടു ചപ്പാന്‍ നാട്ടില്‍ ഒരു പറ്റം വേട്ടനായ്ക്കള്‍ കാത്തിരിക്കുന്നുവെന്ന് പറയാന്‍ ഞാനും താങ്കളും ഒരു പാട് വൈകി.
നിങ്ങള്‍ പറഞ്ഞത് ശരിയാണ്. ഒരു തിരിച്ചുപോക്കില്‍ മനോഹരമായ മതമാളിക കണ്ട് ഒന്നു നിന്നു പോയാല്‍ വടിയൊ വടിവാളൊ ഒന്നുമില്ലെങ്കില്‍ കരിങ്കല്ലൊ നമ്മില്‍ പതിച്ചേക്കാം. പിന്നല്ലെ ‘സഹായം’.

മതങ്ങള്‍ ബിസ്സിനസ്സാവുകയും മാര്‍ക്കറ്റിങ്ങ് ടെക്നിക്കുകള്‍ പ്രയോഗിക്കുകയും ചെയ്യുന്ന കാലഘട്ടത്തില്‍ നമുക്ക് വിശ്വാസത്തെ തിരികെ പിടിക്കേണ്ടിയിരിക്കുന്നു.

മത ബിസ്സിനസ്സുകാര്‍ക്ക് അറിയാം വിശ്വാസത്തെ എങ്ങിനെ ചാക്കിലാക്കി കൊണ്ടുപോകാം എന്ന്. അതു കൊണ്ടാണ് അവര് ആദ്യം വിശ്വാസവും പിന്നെ വിശ്വാസം വന്നു കഴിഞ്ഞാല്‍ പണത്തെക്കുറിച്ചും സംസാരിക്കുന്നത്.
വിശ്വാസികള്‍ക്ക് പ്രാര്‍ത്ഥിക്കാന്‍ ഏറ്റവും ഉയര്‍ന്ന കെട്ടിടവും ഹൈടെക് സമുച്ചയവും വേണമെന്നും മതബിസ്സിനസ്സുകാര്‍ നമ്മെ പറഞ്ഞു ബോദ്ധ്യപ്പെടുത്തുന്നു. ഇതിനൊക്കെ പുറമെ അടുത്ത മതത്തില്‍ പെട്ട ആളുകള്‍ കെട്ടിയ ബില്‍ഡിങ്ങിനേക്കാള്‍ ഉയരത്തില്‍ നമ്മുടെ കെട്ടിടം ഉയര്‍ന്നില്ലെങ്കില്‍ ഇവിടെ ഭൂകമ്പമുണ്ടാകുമെന്ന് പേടിപ്പിക്കാനും അവര്‍ക്ക് മടിയില്ല. ഇത് കൂട്ടായ ഒരു ഫാസിസ്റ്റ് തന്ത്രമാണ്. ഇത്തരം തന്ത്രങ്ങളില്‍ പാവം ഗള്‍ഫ് മലയാളിക വീണുപോവുകയും തനിക്കും തന്നെ പിരിഞ്ഞിരിക്കുന്ന കുടുംബത്തിനും പ്രാര്‍ത്ഥിക്കാന്‍ ഏറ്റവും വലിയ കെട്ടിടം വേണമെന്ന് മനസ്സുകൊണ്ട് ആഗ്രഹിക്കുകയും ചെയ്യുന്നു.
ഇതു മാത്രമല്ല ഗള്‍ഫ് മലയാളികള്‍ ചെയ്ത് കൂട്ടുന്നത്.
താന്‍ വളരെ വല്യ ആളാണെന്ന് മറ്റുള്ളവരെ ബോധ്യപ്പെടുത്താന്‍ എല്ലാ വഴികളും അവന്‍ നോക്കുന്നു. അതിന്‍ ഏറ്റവും എളുപ്പമുള്ള മാര്‍ഗ്ഗം വലിയ വീട് വയ്ക്കുക എന്നുള്ളതാണ്. അതിന്‍ ഇല്ലാത്ത കാശും ലോണും കടവും വാങ്ങാനും ഗള്‍ഫ് മലയാളികള്‍ തയ്യാറാണ്. ഇതിന് കാരണം ഗള്‍ഫ് മലയാളികളില്‍ വലിപ്പ ചെറുപ്പങ്ങളിലുള്ള ഒരു ധാരണാ പിശകാണെന്ന് ഞാന്‍ വിശ്വസിക്കുന്നു. അല്ലെങ്കില്‍ ഇതാണ് ഇന്നത്തെ ലോകം എന്നും അതിന് പിടിച്ചു നില്‍ക്കാന്‍ ഏറ്റവും വലിയ വീട് തന്നെ വേണമെന്ന് നിര്‍ബന്ധം പിടിക്കുകയും ചെയ്യുന്നു. അതു കൊണ്ടുതന്നെ ഇത്തരം സന്ദര്‍ഭങ്ങള്‍ മതങ്ങള്‍ മുതലെടുക്കുയും അവര്‍ ദൈവത്തിനു വേണ്ടി കൊട്ടാരങ്ങള്‍ പണിയുകയും ചെയ്യുന്നു.

ഇടിവാള്‍ said...

ബെന്യാമിന്‍,
നല്ല കാഴ്ചപ്പാടുകള്‍.താങ്കള്‍ നിരത്തിയ കണക്കുകള്‍ ആധികാരികമെന്നു വിശ്വ്വസിക്കുന്നു. ( 99.9% എന്ന ഒരു പഴയ കണക്കു പോലെയല്ലല്ലോ ;) )

മതാധിപത്യവും, മതഭ്രാന്തും, അഴിമതി രാഷ്ടീയവുമാണ് നമ്മുടെ നാടു നന്നാവാതിരിക്കാനുള്ള കാരണങ്ങള്‍.അതിനൊരു പരിധി വരെ വളം വച്ചു കൊടുക്കുന്നത് പ്രവാസിയുടെ ഉദാരമനസ്കതയൂം.

നമുക്കു നാം തന്നെ തോണ്ടുന്ന ഈ കുഴികള്‍ നാം കണ്ടറിയാന്‍ സാധ്യതയില്ല, മറിച്ച് കൊണ്ടേ അറിയൂ...

പട്ടേരി l Patteri said...

കണ്ണില്‍കൊള്ളുന്ന ചോദ്യങ്ങള്‍ തന്നെ....
നമുക്കു നേരെ നില്ക്കാന്‍ കഴിയില്ലേ...കഴിയും ...കഴിയണം ....
താങ്കളെ പോലെ എല്ലാവരും ചിന്തിച്ചിരുന്നെങ്കില്‍ എന്നു ഞാന്‍ ആശിച്ചു പോകുന്നു.....
എല്ലാവരും ഇല്ലെങ്കിലും നമുക്കു ചിലര്‍ക്കെങ്കിലും ഈ വിപത്തിനെ തിര്ച്ചറിയാം ..പ്രതികരിക്കാം ... സ്വ*(യം) പ്രവര്‍ത്തിയിലൂടെ...
നല്ല ലേഖനം ..എന്റെ ഉള്ളില്‍ ഉള്ള ചിന്തകള്‍ അങ്ങ് എഴുതിയപോലെ തോന്നി...
കീപ് റൈറ്റിങ്ങ്

സു | Su said...

നല്ല ലേഖനം.

പ്രവാസികള്‍ കഷ്ടപ്പെട്ടുണ്ടാക്കിയ സമ്പാദ്യവുമായി നാട്ടിലെത്തുമ്പോള്‍, ആദ്യം ബന്ധുക്കളെ സന്തോഷിപ്പിക്കണം. ഒരു ജോലിയും ചെയ്യാതെ തെക്കും വടക്കുമില്ലാതെ നടക്കുന്ന അവരോട്, നിങ്ങള്‍ക്കും ആരോഗ്യമില്ലേ, ജോലിയെടുത്ത് ജീവിച്ചുകൂടേ എന്ന് ചോദിക്കരുത്. ചോദിച്ചാല്‍ പ്രവാസി അഹങ്കാരി ആയി.

പിന്നെ രാഷ്ട്രീയക്കാരും, മതസ്ഥാപനക്കാരും. അവര്‍ ചോദിക്കുന്ന പണം, ചോദ്യം ചെയ്യാതെ കൊടുക്കാന്‍ അവര്‍ കണ്ടുപിടിച്ചിരിക്കുന്നത് പ്രവാസികളെയാണ്. നിങ്ങള്‍ക്ക് വേണ്ടി എന്ത് സഹായം ചെയ്യാന്‍ അവര്‍ക്ക് കഴിയും എന്ന് ചോദിക്കരുത്. ഉത്തരം നല്‍കാന്‍ അവര്‍ക്ക് വല്യ പ്രയാസമായിരിക്കും.

പിന്നെ വിദ്യാഭ്യാസസ്ഥാപനങ്ങള്‍. നിങ്ങള്‍ പ്രവാസികള്‍ ആയിരിക്കുന്നിടത്തോളം കാലം അവര്‍ വാതിലും തുറന്നിരിക്കും. പ്രവാസം മതിയാക്കി തിരിച്ചുപോന്നതാണെങ്കില്‍ നിങ്ങള്‍ക്ക് പല വാതിലും മുട്ടേണ്ടി വരും.

വീടുകള്‍. ഒരു പ്രവാസിയുടെ വീടിനു നിലയും വിലയുമൊക്കെ അധികം വേണ്ടേ. നോക്കി നടത്തി നിര്‍മ്മിക്കാന്‍ നിങ്ങളിവിടെ ഇല്ലാത്തിടത്തോളം കാലം, അതിന്റെ ചിലവ്, പ്രതീക്ഷിക്കുന്നതിലും ഇരട്ടിയാകും. അവിടെ നിങ്ങള്‍ ചോദ്യം ചെയ്താല്‍, നിങ്ങള്‍ പിശുക്കന്‍ ആകും. മണലില്‍ നിന്ന് കുഴിച്ചെടുക്കുന്ന കാശല്ലേ, പിന്നെ നിങ്ങള്‍ക്ക്, കല്ലിനും, മണ്ണിനും വേണ്ടി കുറച്ച് മുടക്കിയാല്‍ എന്താ?

പിന്നെ, മതം. അത് ആര്‍ഭാടമായി വളരുന്നത് പണം കൊണ്ട് മാത്രമാണ്. ഓരോ മതസ്ഥാപനങ്ങളും, കാശു പിരിച്ച്, ഞങ്ങള്‍ വലിയവര്‍, ഞങ്ങള്‍ വലിയവര്‍ എന്നും പറഞ്ഞ് അക്രമമുണ്ടാക്കുന്നു. കാശു കൊടുക്കുന്ന പാവങ്ങള്‍ വിഡ്ഡികള്‍ ആകുന്നു.

പ്രവാസികളുടെ കാര്യം തീരുമാനിക്കേണ്ടത് പ്രവാസികള്‍ തന്നെയാണ്. കഷ്ടപ്പെട്ടുണ്ടാക്കുന്ന പൈസ, ഹര്‍ത്താലും, ബന്ദും നടത്തി, അക്രമവും, കൊള്ളയും നടത്തി, മനുഷ്യരെ തമ്മിലടിപ്പിച്ച് മണിമാളികളില്‍ താമസിക്കുന്ന രാഷ്ട്രീയക്കാര്‍ക്കും, മതനേതാക്കള്‍ക്കും കൊടുക്കാന്‍ ഉള്ളതാണോ എന്ന് തീരുമാനിക്കുക. ഒന്നോര്‍ക്കുക. ഒരു പാര്‍ട്ടിയിലും, ഒരു മതസ്ഥാപനത്തിലും നിങ്ങള്‍ക്ക് സ്ഥാനമുണ്ടാവില്ല. നിങ്ങളുടെ പണം മാത്രമാണ് അവര്‍ക്കാവശ്യം . നിങ്ങളെയല്ല.

പട്ടേരി l Patteri said...

കണ്ണില്‍കൊള്ളുന്ന ചോദ്യങ്ങള്‍ എന്നതു
കണ്ണില് കുത്തുന്ന ചോദ്യങ്ങള്‍ എന്നോ ചങ്കില്‍ കൊള്ളുന്ന ചോദ്യങ്ങള്‍ എന്നോ വായിക്കാം
(അരിഗോണികളുടെ ചക്രവര്‍ത്തീ --നോട്ട് ദ പോയിന്റ്)
sorry for the off
qw_er_ty

Rasheed Chalil said...
This comment has been removed by a blog administrator.
Rasheed Chalil said...

ബിന്യാമീന്‍ താങ്കള്‍ പറഞ്ഞത് മുഴുവന്‍ ശരി.

മതസംഘടനകളും രാഷ്ട്രീയക്കരും തുല്ല്യരാണ്.
മുസ്‌ലിം സമുദായത്തില്‍ ഇപ്പോള്‍ ഉടലെടുത്ത പുതിയ പ്രവണത അറബികോളേജില്‍ നിന്ന് ഡിഗ്രിയെടുത്ത് ഇറങ്ങുന്നവരെല്ലാം സ്വന്തമായി ഒരു അറബി കോളേജും അതിനോടനുബന്ധിച്ച് ഒരു അനാഥ മന്ദിരവും (അവോ... ഇതില്‍ നന്നായി നടക്കുന്നവയും ഉണ്ട്. അതിന്റെ പ്രസക്തി ഞാന്‍ കുറച്ച് കാണുന്നില്ല) സ്ഥാപിക്കുന്നു. പിന്നെ അതിന്റെ പിരിവിനായി ഇങ്ങോട്ട് വരുന്നു. ഇതില്‍ നല്ലോരു ശതമാനവും അനാഥസ്നേഹമല്ല പകരം സ്വന്തം പോക്കറ്റിനോടുള്ള സ്നേഹം മാത്രം.

കഴിഞ്ഞ ദിവസം ഒരു അറബി സുഹൃത്തിനോട് സംസാരിക്കവേ അദ്ദേഹം പറഞ്ഞു. കേരളത്തിലെ ഒരു അനാഥമന്ദിരത്തിന് കൊടുത്ത സംഭാവനയെ കുറിച്ച്. പിന്നെ അറിഞ്ഞെത്രെ അങ്ങനെയൊരു സ്ഥലമേ ഇല്ലാ എന്ന്. മതം വില്‍പ്പന ചരക്കാവുന്ന ഇക്കാലത്ത് ഇതും പ്രതീക്ഷിക്കാം.

ഇങ്ങനെ പിരിവ് നടത്തിയ ഒരു രാഷ്ട്രീയ നേതാവിന് പ്രവാസി സംഘടന സമര്‍പ്പിച്ച നിവേദനം താമസിച്ചിരുന്ന സ്റ്റാര്‍ ഹോട്ടലിലേ ഓഫീസ്ബോയിയായ പാവം മലയാളി അവിടത്തേ ചവറ്റുകൊട്ടയില്‍ നിന്ന് കണ്ടെടുത്തത് മറ്റൊരു സത്യം.
എന്നാലും വരുന്നവരേ തലയിലേറ്റാന്‍ വിധിക്കപ്പെട്ട ഒരു വര്‍ഗ്ഗമായി മാറുകയാണോ പ്രവാസി.

Radheyan said...

നാമിങ്ങനെ സ്വന്തം മഠയത്തങ്ങളെ ആഘോഷിക്കേണ്ടതുണ്ടോ.ആത്മീയസുഖത്തിനു ശ്രമിക്കുന്നവര്‍ക്ക് ചെയ്യാന്‍ കഴിയുന്ന ഒരു ചെറിയ കാര്യം നമ്മുക്ക് നന്നായി അറിയാവുന്ന ഏതെങ്കിലും പാവം കുട്ടികളെ സ്പോണ്‍സര്‍ ചെയ്യുക എന്നതാണ്.അല്ലാതെ വലിയ പള്ളിക്കോ (വലിയ പാര്‍ടി ആപ്പിസിനോ) സംഭാവന ചെയ്യുകയല്ല.ചെയ്യുന്ന സല്‍കര്‍മ്മത്തിന്റെ ഫലം ഉദ്ദേശിച്ച ആളിലെത്തുന്നുണ്ടോ എന്ന് ചെയ്യുന്നയാള്‍ ഉറപ്പ് വരുത്തണം.
വ്യവസ്ഥാപിത മതങ്ങള്‍ വ്യവസായങ്ങള്‍ മാത്രമാണ് എന്നും ദൈവവുമായി അവയ്ക്കൊന്നും ഒരു ബന്ധവുമില്ല എന്നുമുള്ള തിരിച്ചറിവ് ഓരോ വിശ്വസിക്കും ഉണ്ടാവുന്ന കാലത്തെ ഇത്തരം ചൂഷണങ്ങള്‍ തീരൂ.കാര്യങ്ങള്‍ ഭേദമായിരുന്നു ഹിന്ദുമതത്തില്‍,കാരണം രണ്ടാണ്.മരണസമയത്ത് ശവം വെച്ച് വിലപറയുന്ന രീതി ഇല്ല എന്നത് ഒന്ന്,മറ്റൊന്ന് യുക്തി ചിന്തക്കുള്ള സ്പേസ് പണ്ടു മുതലേ ഉണ്ടായിരുന്നു(കപിലമഹര്‍ഷിയുടെ സാംഖ്യം ഉദാഹരണം).പക്ഷെ ഹിന്ദുവിനെ വിശ്വഹിന്ദു ആക്കാന്‍ ശ്രമിക്കുന്ന പരിവാര്‍ മുതല്‍ അനുസരണക്കേടിന് ഊരുവിലക്കുന്ന വെള്ളാപ്പള്ളീ വരെ ഈ ലിബറല്‍ വ്യവസ്ഥിതി തകര്‍ക്കാനാണ് ശ്രമിക്കുന്നത്.
പിന്നെ പണം അധ്വാനിച്ചുണ്ടാക്കിയതാണെന്നും കള്ളക്കടത്ത് നടത്തിയല്ല ഉണ്ടാക്കിയതെന്നും ബോധ്യമുള്ള ഒരുവനും അത് കണ്ടവന് ചാരിയിരുന്ന് തിന്നാന്‍ കൊടുത്തുകൂടാ.അങനെ ചെയ്യുന്നുണ്ടെങ്കില്‍ അത് കഴിവ്കേട് മാത്രമാണ്

Siju | സിജു said...

ബെന്യാമിന്റെ ഈ ലേഘനം കാര്യമാത്രപ്രസക്തമാണ്.
പക്ഷെ പ്രവാസി ഇന്ന് ഈ നിലയില്‍ എത്തിയിട്ടുണെങ്കില്‍ അതിനു പ്രധാന ഉത്തരവാദി അവന്‍ തന്നെയാണ്. ആഡംബര പ്രവണതയും ധൂര്‍ത്തും ഒഴിവാക്കി ഇത്തരം ദൈവത്തിന്റെ കാവല്‍ഭടന്‍‌മാരായി വരുന്നവരോട് ഇല്ല എന്നു മുഖത്തു നോക്കി പറയാന്‍ കഴിയണം.
അല്ലാതെ സ്വയം പരിതപിക്കുന്നതില്‍ കാര്യമില്ല.

മനോജ് കുമാർ വട്ടക്കാട്ട് said...

അമ്പലവും കുളവും പള്ളിയും നേര്‍ച്ചയും കൊയ്ത്ത്‌ കഴിഞ്ഞ പാടത്തെ ഫുട്ബാള്‍ കളിയും തുടങ്ങി എന്തിലും ഏതിലും ഗൃഹാതുരത്വം കാണുന്ന പ്രവാസിയെത്തേടി പലപേരുകളില്‍ പിരിക്കാനെത്തുന്നവര്‍ക്ക്‌ കയ്യയച്ച്‌ സഹായിക്കാന്‍ അവനെ പ്രേരിപ്പിക്കന്നത്‌ ഈ ഗൃഹാതുരത്വം തന്നെ. വല്ലപ്പോഴെങ്കിലും അവധിയ്ക്‌ നാട്ടിലെത്തുമ്പോള്‍ താന്‍കൂടെ സംഭാവന നല്‍കിയ ആരാധനാലയനത്തിന്റെയോ ലൈബ്രറിയുടെയോ ഫുട്ബാള്‍ ഗ്രൗണ്ടിന്റെയോ പുതിയ മുഖം കാണുന്നതില്‍ അവന്‍ ഗൂഡമായി ആനന്ദിക്കുന്നു.

paarppidam said...

ബെന്യാമീന്‍ തീര്‍ത്തും ചിന്തോദ്ദീപകമായ ഒരു പോസ്റ്റിനു നന്ദി.ഏതെല്ലാം വിധത്തില്‍ പ്രവാസികളെ ചൂഷണം ചെയ്യം എന്നതിനെ കുറിച്ച്‌ നാട്ടിലുള്ളവര്‍ക്ക്‌ വ്യക്തമായ ബോധമുണ്ട്‌. ഇവിടെ ഗൃഹാതുരത്വം മനസ്സില്‍ സൂക്ഷിച്ച്‌ കടിച്ചുപിടിച്ച്‌ ജീവിക്കുന്ന നമ്മള്‍ ഒടുവില്‍ നാട്ടിലെത്തുമ്പോള്‍ അവിടെയുള്ള ജീവിതസാഹചര്യങ്ങളുമായി ഒത്തുപോകാനാകാതെ അന്തം വിടും.

പ്രവാസികള്‍ ഇന്ന് റിയല്‍ എസ്റ്റേറ്റ്‌ പനിയുടെ പിടിയിലാണ്‌. അത്‌ എത്രത്തോളം എത്തും എന്ന് കണ്ടുകാണാം. കൂണുപോലെ പൊന്തിവരുന്ന ഫ്ലാറ്റുകളും വില്ലാപ്രോജക്ടുകളും പ്രവാസികളെ ഉദ്ദേശിച്ചല്ലെ എന്നും പണ്ടിതുപോലെ കുറേ ആട്‌,മാഞ്ചിയം, തേക്ക്‌ സ്കീമുകള്‍ വന്നത്‌ മറന്നുപോകരുതെന്നും ഓര്‍മ്മപ്പെടുത്തുന്നു.

paarppidam said...

ബെന്യാമീന്‍ തീര്‍ത്തും ചിന്തോദ്ദീപകമായ ഒരു പോസ്റ്റിനു നന്ദി.ഏതെല്ലാം വിധത്തില്‍ പ്രവാസികളെ ചൂഷണം ചെയ്യം എന്നതിനെ കുറിച്ച്‌ നാട്ടിലുള്ളവര്‍ക്ക്‌ വ്യക്തമായ ബോധമുണ്ട്‌. ഇവിടെ ഗൃഹാതുരത്വം മനസ്സില്‍ സൂക്ഷിച്ച്‌ കടിച്ചുപിടിച്ച്‌ ജീവിക്കുന്ന നമ്മള്‍ ഒടുവില്‍ നാട്ടിലെത്തുമ്പോള്‍ അവിടെയുള്ള ജീവിതസാഹചര്യങ്ങളുമായി ഒത്തുപോകാനാകാതെ അന്തം വിടും.

പ്രവാസികള്‍ ഇന്ന് റിയല്‍ എസ്റ്റേറ്റ്‌ പനിയുടെ പിടിയിലാണ്‌. അത്‌ എത്രത്തോളം എത്തും എന്ന് കണ്ടുകാണാം. കൂണുപോലെ പൊന്തിവരുന്ന ഫ്ലാറ്റുകളും വില്ലാപ്രോജക്ടുകളും പ്രവാസികളെ ഉദ്ദേശിച്ചല്ലെ എന്നും പണ്ടിതുപോലെ കുറേ ആട്‌,മാഞ്ചിയം, തേക്ക്‌ സ്കീമുകള്‍ വന്നത്‌ മറന്നുപോകരുതെന്നും ഓര്‍മ്മപ്പെടുത്തുന്നു.

ഇതേകുറിച്ച്‌ ഒരു കുറിപ്പ്‌ എന്റെ ബ്ലോഗ്ഗില്‍ കൊടുത്തിട്ടുണ്ട്‌.

chithrakaran ചിത്രകാരന്‍ said...

ഒരു ധനികനെ ചൂഷണം ചെയ്യുക എന്നതൊക്കെ ഒരു കഴിവായാണ്‌ മലയാളി കരുതിപ്പോരുന്നത്‌. ഒരു ഇരുപതു കൊല്ലം മുന്‍പുവരെ വലിയൊരു മതിലു കെട്ടി ഗള്‍ഫ്‌ മലയാളി ഈ ചൂഷണത്തെ പ്രതിരോധിക്കുന്നതായി കണ്ടിരുന്നു. അനുഭവത്തില്‍ നിന്നു പടിച്ച്‌ ബുദ്ധിപൂര്‍വമായ നിക്ഷേപ മാര്‍ഗ്ഗങ്ങള്‍ പ്രവാസി സ്വയം കണ്ടെത്തുക എന്ന വഴിയെ ഉള്ളു. രാഷ്ട്രീയക്കാരും ഭരണവും നന്നവുമെന്ന പൂതി വേണ്ട. അദ്ദ്വാനിച്ച പണം ആര്‍ക്കും സംഭാവന കൊടുക്കാനുള്ളതല്ല.ഇതൊക്കെ എഴുതാന്‍ ഈ ചിത്രകാരന്‍ ആര്‍ !!! പ്രവാസികള്‍ തന്നെ അനുഭവമുള്ളവര്‍. എങ്കിലും ഒരു മലയാളിയെന്ന നിലയില്‍ ചിത്രകാരനു എല്ലാ ഗുള്‍ഫ്‌ മലയാളികളോടും നന്ദിയുണ്ട്‌. കേരളത്തെ മൂന്നു നേരവും ഊട്ടിപ്പോറ്റുന്നത്‌ ഗള്‍ഫ്‌ മലയാളിയാണ്‌.

ബെന്യാമിന്‍ said...

ക്രിയാത്‌മകമായി പ്രതികരിക്കുന്ന എല്ലാവര്‍ക്കും നന്ദി.
നരന്‍, തമിഴ്‌ പാവങ്ങള്‍ കളിയാക്കാനല്ല, നമ്മെ ഒന്നു പരിഹസിക്കാന്‍ തന്നെയാണ്‌ ആ വാക്കുകള്‍ ഉപയോഗിച്ചത്‌.
ഇരിങ്ങല്‍, അര്‍ഹിക്കുന്ന കമന്റുകള്‍ക്ക്‌ ഞാന്‍ മറുപടി കൊടുകാറുണ്ട്‌, പോസ്റ്റു പിന്‍ വലിക്കണമെന്ന അഭിപ്രായത്തോട്‌ ഞാന്‍ വിയോജിച്ചിരുന്നു!
ഇടിവാള്‍, ഈ കണക്കുകള്‍ ഊഹാപോഹങ്ങളല്ല, നാട്ടില്‍ നടത്തില്‍ ആധികാരിക പഠനത്തില്‍ നിന്നും ഞാന്‍ 'ചൂണ്ടി'യതാണ്‌ ഇത്‌. അതിന്‌ ആധികാരികതയുണ്ട്‌. മറ്റു ഗ്രാമങ്ങളില്‍ നിന്ന് വ്യത്യസ്‌തമായി അമേരിക്കന്‍ പ്രവാസികള്‍ അല്‌പം കൂടുതല്‍ ഞങ്ങളുടെ നാട്ടിലുണ്ട്‌ എന്നൊരു വ്യത്യാസമേയുള്ളൂ. അത്‌ ക്രിസ്‌ത്യന്‍ മേഖലയുടെ പ്രത്യേകതയാവാം.
പട്ടേരി, തീര്‍ച്ചയായും കഴിയണം. ഇല്ലെങ്കില്‍ നാം ഒടുവില്‍ ഒരു വഞ്ചിക്കപ്പെട്ട ജനതയായിപ്പോകും. ബന്ധുക്കളാല്‍, സമൂഹത്താല്‍, മതങ്ങളാല്‍ വഞ്ചിക്കപ്പെട്ട ഒരു ജനത!
സൂ, വിടിന്റെ പേരിലാവും നാളത്തെ തലമുറ നമ്മെ പരിഹസിക്കുന്നത്‌. മറ്റൊന്നും പണിയാതെ വീടുമാത്രം പണിതുകൂട്ടിയ വിഡ്‌ഢികള്‍!
സിജു, ശരി. നമ്മുടെ പൊങ്ങച്ചം ഒരു വലിയ കാരണമാണ്‌. നാട്ടില്‍ നിന്ന് പിരിവിനെത്തുന്നവരോട്‌ നമ്മുടെ സത്യസ്ഥിതി പറയാന്‍ നമ്മുടെ അഹന്ത നമ്മെ അനുവദിക്കുന്നില്ല. നമ്മുടെ കാപട്യത്തെ അവര്‍ നന്നായി മുതലെടുക്കുകയും ചെയ്യുന്നു, ഊറിച്ചിരിച്ചുകൊണ്ട്‌!
പടിപ്പുര, ഗൃഹാതുരത്വം നമ്മുടെ മറ്റൊരു ഭ്രാന്ത്‌!
പാര്‍പ്പിടം, എന്നും കബളിപ്പിക്കപ്പെടാന്‍ നമ്മള്‍ മാത്രം. സ്വന്തം നിക്ഷേപമിറക്കാന്‍ മറ്റൊരു മാര്‍ഗ്ഗമില്ല എന്നതും ഈ വഞ്ചനകളില്‍ ചെന്നുവീഴുന്നതിനു കാരണമാകുന്നുണ്ട്‌.
പേരെടുത്തു പറയാത്തവരെ മറന്നതല്ല, നിങ്ങളുടെ അഭിപ്രായങ്ങള്‍ എല്ലാം അംഗീകരിച്ചിരിക്കുന്നു എന്നുസാരം!

ചില നേരത്ത്.. said...

പ്രിയ ബെന്യാമീന്‍.
വായിച്ചു. ഇതറിയാത്ത വസ്തുതയല്ല, പറയാത്തതല്ല, കേള്‍ക്കാത്തതല്ല. പക്ഷേ ബെന്യാമിന്‍ ഇതിന്റെ പരിഹാരമായിട്ട് എന്താണ് നിര്‍ദ്ദേശിക്കാനുള്ളത്? (മറുപടി അര്‍ഹിക്കുന്ന ചോദ്യമല്ലേ?)
കുളനട പഞ്ചായത്തിലെ ബജറ്റ് ഏഴ് ലക്ഷം രൂപ മാത്രമേയുള്ളൂ എന്നത് വിശ്വസിക്കാനാവുന്നില്ല. ഒരു പക്ഷേ തനത് ഫണ്ടാകാം.അതായത് പഞ്ചായത്തിന്‍ അതിലെ നികുതി വരുമാനത്തിലൂടെ ലഭിക്കുന്ന വരുമാനം.
അതാകാനേ തരമുള്ളൂ. അല്ലെങ്കില്‍ കെട്ടിടങ്ങള്‍ക്ക് വിസ്തീര്‍ണ്ണത്തിന്‍ ആനുപാതികമായി നിശ്ചയിച്ചിരിക്കുന്ന കരം ആയിരിക്കില്ല ഇട്ടിരിക്കുന്നത്.കാരണം കെട്ടിടങ്ങള്‍ ഒരു പാടുണ്ടെന്നല്ലേ പറഞ്ഞത്. പിന്നെ പരിച്ഛേദം അല്ലേ ശരിയായ വാക്ക്?.
നിങ്ങളുടേതായിരുന്നോ ‘ഗസാന്റെ കല്ലുകള്‍’ എന്ന മാതൃഭൂമി പ്രസിദ്ധീകരിച്ച കഥ?
എനിക്കിഷ്ടപ്പെട്ട കഥയാണത്.

ബെന്യാമിന്‍ said...

അറിയാവുന്ന വസ്‌തുതകള്‍ തന്നെ. ഒന്നുകൂടി ഓര്‍മ്മിപ്പിച്ചു എന്നുമാത്രം. അത്രയൊക്കെയേ ഒരു ലേഖനംകൊണ്ട് ഉദ്ദേശിക്കുന്നുള്ളൂ. പരിഹാരം, നാം സ്വയം പ്രതിരോധാത്തിലേക്ക് നിങ്ങുക എന്നതു മാത്രമാണ്. പിരുവുകാരെ യാതൊരു വിധത്തിലും പ്രോത്സാഹിപ്പിക്കാതിരിക്കുക. അവരുടെ മുഖത്തു നോക്കി, നിങ്ങള്‍ പകരം ഞങ്ങള്‍ക്ക് തരുന്നതെന്ത്‌ എന്നു ചോദിക്കുക.
‘ഗെസാന്റെ കല്ലുകള്‍’ എന്റെ കഥ തന്നെ. ഇഷ്ടപ്പെട്ടു എന്നറിഞ്ഞതില്‍ സന്തോഷം!

ചില നേരത്ത്.. said...

പ്രവാസി, കേരള സമൂഹത്തില്‍ സൃഷ്ടിക്കുന്ന ഒരു വിടവാണ് (എന്റെ പക്ഷം). ആ വിടവ് നികത്തുന്നത് പണമാണ്. പണം മാത്രം. പിരിവുകളോട് പുറം തിരിഞ്ഞ് നില്‍ക്കാനും മുഖത്ത് നോക്കി മറുപടി പറയാനും അയാള്‍ അശക്തനായത് കൊണ്ടല്ല. ഇത്തരം നിഷേധങ്ങള്‍ എളുപ്പത്തില്‍ സാധ്യമാവുന്ന ഒന്നല്ല. അനുഭവസ്ഥനാണ്‍.
ഇത്തരം നിഷേധങ്ങളുടെ ദൂരവ്യാപ്തി വലുതാണ്, നാട്ടിലെ സാഹചര്യങ്ങള്‍ക്ക് പ്രവാസികളുടെ മേല്‍ അധീശത്വമുണ്ടെന്നതാണ്‍ യാഥാര്‍ത്ഥ്യം. തിരിച്ചറിവ് തുടങ്ങേണ്ടതവിടെ നിന്ന് തന്നെ, അപ്പോള്‍ ചൂണ്ടപ്പെടുന്ന വിരല്‍ സ്വാഭാവികമായും ഗവണ്മെന്റ്, വ്യവസ്ഥാപിത സ്ഥാപനങ്ങള്‍ എന്നിങ്ങനെയുള്ള സ്ഥിരം പല്ലവികള്‍. പോര, പരിഹാരം ഇത് പോര.

Kuttyedathi said...

ബന്യാമിന്‍, എത്ര വലിയ സത്യമാണു താങ്കള്‍ ഉറക്കെ പറഞ്ഞത്. കൃസ്ത്യന്‍ പുരോഹിതന്മാരുടെയൊക്കെ കാര്യത്തിലാണെങ്കില്‍, എന്തോ കടം മേടിച്ച പൈസ തിരിച്ചു ചോദിക്കുന്ന അവകാശത്തിലാണവരു ചോദിക്കുന്നത്. കഴിഞ്ഞ ദിവസം വീട്ടില്‍ വിളിച്ചപ്പോള്‍ ' എടാ, പള്ളിയില്‍ ജനറേറ്റര്‍ മേടിക്കാന്‍ പോകുന്നു. ഒന്നര ലക്ഷമാണ് വില. അന്‍പതിനായിരം നിന്നോടയച്ചു കൊടുക്കാന്‍ അച്ഛന്‍ പറഞ്ഞു. ' ആഹാ... എത്ര ഉളുപ്പില്ലാതെയാണു പറയുന്നത്. ഇതേ വൈദികനാണു, ഞങ്ങളുടെ വിവാഹ ദിവസം, ഒഫീഷ്യല്‍ ഫോട്ടോഗ്രാഫറെ കൂടാതെ വേറെയും ആളുകളുടെ കയ്യില്‍ ക്യാമറ കണ്ടതിന്റെ പേരില്‍, കല്യാണം നടന്നു കൊണ്ടിരിക്കുന്നതിനിടയില്‍, ക്യാമറ ഉപയോഗിക്കുന്നവര്‍ പൈസ അടയ്ക്കണം എന്നനൌണ്‍സ് ചെയ്തതും, കാശു പിരിയ്ക്കാന്‍ കപ്യാരെ പറഞ്ഞു വിട്ടതും. ( പള്ളിയില്‍ വച്ചു വിവാഹം റെക്കോര്‍ഡ് ചെയ്യാന്‍ ക്യാമറ ഉപയോഗിക്കാനുള്ള ഫീസായ അഞ്ഞൂറു രൂപ നേരത്തെ അടച്ചിരുന്നു. പക്ഷെ വേറെയും ബന്ധുജനങ്ങള്‍ വീടിയോ ക്യാമറയുമായി വന്നപ്പോള്‍, ഓരോ ക്യാമറയ്ക്കും വേറെ വേറെ കാശടയ്ക്കണം എന്നച്ഛന്‍ വാശി പിടിച്ചു ).

ഇവിടെ ഓരോ ഞായറഴ്ച കുര്‍ബാനയിലും കാണും, നാട്ടില്‍ നിന്നുള്ള ഓരോ വൈദികര്‍. പിരിവിനു വേണ്ടി വന്നിരിക്കുന്നതാണ്. എത്രയോ ലക്ഷം രൂപയുമായിട്ടാണിവരു മടങ്ങി പോവുകയെന്നറിയാമോ ?

"കേരളത്തിലെ ഏതു ഗ്രാമത്തിലും എന്തു പിരിവു നടന്നാലും ആദ്യ രസീതുകുറ്റി അയയ്ക്കുക ഗള്‍ഫിലേക്ക്‌ ആയിരിക്കും. അക്കാര്യത്തില്‍ യൂറോപ്പിലെയും അമേരിക്കയിലേയും പ്രവാസികള്‍ ഭാഗ്യവാന്മാരാണ്‌. നാട്ടില്‍ വരുമ്പോള്‍ നക്കാപ്പിച്ച ഡോളര്‍ സംഭാവനകൊടുത്ത്‌ ഒഴിയുന്നതല്ലാതെ മറ്റു പിരിവുകളൊന്നും അവര്‍ക്ക്‌ ബാധകമല്ലല്ലോ. " അയ്യോ, അല്ലാ ബന്യാമിന്‍. കരിമണ്ണൂര്‍ എന്ന എന്റെ ഗ്രാമത്തിന്റെ കാര്യം തന്നെ പറയാം. പള്ളിയില്‍ പിരിവിന്റെ കാര്യം അനൌണ്‍സ് ചെയ്യുന്നതിനു മുന്‍പു തന്നെ, എല്ലാ അമേരിക്ക കാര്‍ക്കും, പള്ളിയില്‍ നിന്നും എഴുത്തയക്കും. കൂടാതെ അച്ചന്‍ വീട്ടില്‍ വന്നു, പന്ത്രണ്ടു മക്കളില്‍ പത്തു പേരും അമേരിക്കയിലുള്ള അമ്മയോട്, വിളിക്കുമ്പോള്‍ മകളോടു പ്രത്യെകം പറയണേ, എന്നു ശട്ടം കെട്ടും. ഇതൊക്കെ കൂടാതെയാണു, നാട്ടില്‍ വരുമ്പോള്‍ കൊന്നു കൊലവിളിയ്ക്കുന്നത്.

ദിവാസ്വപ്നം said...

ബന്യാമിന്റെ ഈ ഓര്‍മ്മപ്പെടുത്തല്‍ വളരെ ഇഷ്ടപ്പെട്ടു. കുട്ട്യേടത്തിയോടും 100% യോജിക്കുന്നു.

സത്യത്തില്‍, ഭീഷണിപ്പെടുത്തിയുള്ള ചൂഷണമെന്നോ ചിരിച്ചുകൊണ്ടുള്ള കഴുത്തറുക്കല്‍ എന്നോ പോലും ഇത്തരം പിരിവുകളെ വിശേഷിപ്പിച്ചാല്‍ തെറ്റില്ല.

തന്നെയുമല്ല, ഇതുപോലെ പണം കൊടുക്കുന്നവരില്‍ മുട്ടന്‍ സംഖ്യകള്‍ കൊടുക്കുന്നവര്‍ ആ സംരംഭത്തിന്റെ മുഴുവന്‍ ക്രെഡിറ്റും അടിച്ചെടുത്തുകൊണ്ട്‌ പോവുകയും ചെയ്യും. 1 മില്ലിയണ്‍ ഡോളറിന്റെ ഒരു സംരംഭത്തില്‍ 25000 ഡോളര്‍ കൊടുക്കുന്ന ഒരാള്‍ക്ക്‌ 5000 വീതം കൊടുത്ത നൂറുപേരേക്കാള്‍ പത്തിരട്ടി സ്റ്റാര്‍ വാല്യൂ !


****

ഇനി ഒരു ചെയിഞ്ചിന് വേണ്ടി ഞാന്‍ ഒരു എതിര്‍ വാദം ഉന്നയിക്കാം. ചര്‍ച്ച ചൂടായി നടന്നു പോകാന്‍ വേണ്ടി മാത്രം :)


1. ഒരു പ്രവാസി അയാളുടെ സേവിംഗിന്റെ എത്ര ശതമാനം ഇത്തരം പിരിവുകള്‍ക്ക്‌ കൊടുക്കുന്നുന്റാവും ? താരതമ്യേന ചെറിയ ഒരു ശതമാനമല്ലേ അത്‌ വരൂ

2. ഇങ്ങനെ സംഭാവനകള്‍ കൊണ്ട്‌ കെട്ടിപ്പൊക്കിയ സ്ഥാപനങ്ങള്‍ പള്ളികള്‍ മാത്രമല്ലല്ലോ. കുറേക്കാലം മുന്‍പെങ്കിലും സ്കൂളുകളും മറ്റും ഇതുപോലെ നിര്‍മ്മിച്ചിട്ടില്ലേ. പാവപ്പെട്ട വിദ്യാര്‍ഥികള്‍ക്ക്‌ അതുകൊണ്ട്‌ വലിയ പ്രയോജനവും ഉണ്ടായിട്ടുണ്ട്‌. കൂടാതെ സമുദായാംഗങ്ങളുടെ ഭൗതികമായ പുരോഗതിയ്ക്കും ഒരു വലിയ പരിധി വരെ ഈ മൂലധന-സ്വരുക്കൂട്ടല്‍ സഹായിച്ചിട്ടുണ്ട്‌.

ഇതിന് ധാരാളം ദോഷവശങ്ങള്‍ ഉണ്ടാകാം. മതാധികാരികള്‍ ഇതിന്റെ മുഴുവന്‍ അധികാരം കൈയടക്കി വയ്ക്കുന്നു... etc etc‌.

പക്ഷേ, നമ്മുടെ നാട്ടിലേയ്ക്ക്‌ ധാരാളം പണം വന്നെത്താന്‍ ഇതുമൂലം വഴിയൊരുങ്ങുന്നില്ലേ. ഇന്ന് നമ്മുടെ നാട്ടില്‍ കാണുന്ന ഭൗതികമായ പുരോഗതിയ്ക്ക്‌ ഏറ്റവും വലിയ കാരണം ഇത്തരം പണമൊഴുക്കലല്ലേ.


again‍, ഞാന്‍ പണപ്പിരിവിന് എതിരു തന്നെയാണ്. എന്നാലും, ithinu ഒരു മറുവശം ഉണ്ടോയെന്ന് ഉറക്കെ ചിന്തിച്ചുവെന്ന് മാത്രം. പ്രവാസിയ്ക്ക്‌ ഇതില്‍ നിന്ന് നേരിട്ട്‌ എന്തു പ്രയോജനം എന്ന് ചോദിച്ചാല്‍ എനിക്ക്‌ ഉത്തരമില്ല. പക്ഷേ, പണം uLLavan athu ചിലവാക്കിയില്ലെങ്കില്‍ അതു സമൂഹത്തിന് എങ്ങനെ ഉപകാരപ്പെടും.

:)

രാവുണ്ണി said...

വളരെ പ്രസക്തമായ വീക്ഷണങ്ങളും ശക്തമായ അവതരണവും. പ്രവാസിയുടെ അദ്ധ്വാനം മുഴുവന്‍ നിഷ്പ്രയോജനമാ‍യ ദുര്‍മേദസ്സാവുന്ന കാഴ്ച്ചയാണ് കേരളം വര്‍ഷങ്ങളായി കണ്ടുകൊണ്ടിരിക്കുന്നത്. ഇനി ഈ കോമാളിത്തങ്ങള്‍ക്കു കൂട്ടില്ലെന്ന് പ്രവാസികള്‍ തന്നെ തീരുമാനിക്കേണ്ട സമയമായി.

Vssun said...

ദിവാസ്വപ്നത്തിന്റെ മറുചിന്തകളും സുചിന്ത്യം തന്നെ

K.V Manikantan said...

പള്ളിയില്‍ വച്ചു വിവാഹം റെക്കോര്‍ഡ് ചെയ്യാന്‍ ക്യാമറ ഉപയോഗിക്കാനുള്ള ഫീസായ അഞ്ഞൂറു രൂപ നേരത്തെ അടച്ചിരുന്നു. പക്ഷെ വേറെയും ബന്ധുജനങ്ങള്‍ വീടിയോ ക്യാമറയുമായി വന്നപ്പോള്‍, ഓരോ ക്യാമറയ്ക്കും വേറെ വേറെ കാശടയ്ക്കണം എന്നച്ഛന്‍ വാശി പിടിച്ചു.....

കുട്ട്യേടത്തി....
നിങ്ങളുടെ നാട്ടിലെ ചെറുപ്പക്കാറ് എല്ലാവരും ഇതെല്ലാം അംഗീകരിക്കുന്നവരാണോ? (സമുദായത്തിലെ)
സക്കറിയ പറഞ്ഞത് എത്ര ശരി -ആദ്യം സ്വന്തം സമുദായത്തില്‍ കലാപം ഉണ്ടാക്കുക.

മാമോദീസ മുതല്‍ ശവമടക്ക് വരെ മതം നീരാളിപ്പിടുത്തം പിടിച്ചിരിക്കുന്നതല്ലേ ഇതിന്റെ കാരണം?

യോഗക്ഷേമ സഭയിലെ യുവാക്കള്‍ (വി.ടി, കെ.ആറ്.ബി, ഈയ്യെമെസ്സ് ഈട്ടിസ്സി)കുടുമ മുറിച്ച് കാറ്ന്നോമാറ്ക്ക് പാഴ്സല്‍ അയച്ചപോലെ, വിധവയെ പുനറ് വിവാഹം ചെയ്ത പോലെ, നിങ്ങളുടെ സമുദായത്തിലൊന്നും ആരും ഇല്ലേ????

Santhosh said...

അമ്പലത്തിനും ഉത്സവങ്ങള്‍ക്കും വന്‍ തുക സംഭാവന നല്‍കാത്തവന്‍ പെട്ടെന്ന് പിശുക്കനെന്ന് പേരെടുക്കും. “ഈ പണമെല്ലാം എന്തു ചെയ്യുന്നു” എന്നാണ് അടുത്തചോദ്യം. പണപ്പിരിവിനു വരുന്ന യുവകേസരിയോട്, കഴിഞ്ഞ വര്‍ഷം അയാളുടെ വരുമാനത്തിന്‍റെ ഒരു ചെറിയ പങ്കെങ്കിലും ആവശ്യക്കാരെ സഹായിക്കാന്‍ ചെലവഴിച്ചോ എന്ന് ചോദിച്ചു നോക്കൂ.

നമ്മെളെന്താണിങ്ങനെ? അയ്യായിരവും പതിനായിരവും അതില്‍ക്കൂടുതലും ധൂര്‍ത്തടിക്കാന്‍ ഒരു മടിയുമില്ല. ആയിരം രൂപ അഗതിമന്ദിരത്തിലേയ്ക്ക് നല്‍കാന്‍ എത്ര മടി!

എന്താണ് പരിഹാരം എന്ന് പലരും ചോദിച്ചു കണ്ടു. പരിഹാരം അവനവന്‍റെ കയ്യില്‍ത്തന്നെയാണ്. സൂ പറഞ്ഞത് രണ്ടാവൃത്തി വായിച്ചു നോക്കുക.

ബെന്യാമിന്‍ said...

ദിവാ,
മറുചോദ്യങ്ങള്‍ കൊള്ളാം. തീര്‍ച്ചയായും മറുവാദങ്ങള്‍ ഇല്ലെങ്കില്‍ ചര്‍ച്ച ഏകപക്ഷീയമായിപ്പോകും.
എന്റെ ഉത്തരങ്ങള്‍:
1. ശരി ചെറിയ ശതമാനം തന്നെ. എങ്കിലും പലതുള്ളി പെരുവെള്ളം. ചില പെരുമീനുകള്‍ തുള്ളിയല്ല, കുടം തന്നെ കമഴ്‌ത്തുന്നുണ്ട്‌. പള്ളിച്ചുമരില്‍ പേരെഴുതുമെങ്കില്‍ മാത്രം!

2.
പണ്ടത്തെ സഭകളെക്കുറിച്ച്‌ ആര്‍ക്കാണ്‌ പരാതി. ക്രിസ്‌തിയ സഭകള്‍ കേരളത്തില്‍ കൊണ്ടുവന്നിട്ടുള്ള വിദ്യാഭ്യസ പുരോഗതി ചരിത്രത്തിന്റെ ഭാഗമാണ്‌. പക്ഷേ അതേ സഭയുടെ പിന്മുറക്കാരാണ്‌ പണത്തിനുവേണ്ടി ആര്‍ത്തിപൂണ്ട്‌ പരക്കം പായുന്നതെന്നും സ്വാശ്രയം കളിക്കുന്നതെന്നും ഓര്‍ക്കുമ്പോള്‍ ലജ്ജ തോന്നുന്നു. (ഗുണ്ടര്‍ട്ട്‌ സായിപ്പ്‌ ഇന്നുണ്ടായിരുന്നെങ്കില്‍ തൂങ്ങിച്ചത്തേനേം)
സമുദായാംഗങ്ങളുടെ ഭൗതികപുരോഗതിയ്ക്ക്‌ സഭകള്‍ എന്നാണ്‌ കൂട്ടുനിന്നിട്ടുള്ളത്‌. ഉണ്ട്‌- മലങ്കര റീത്തുപോലെയുള്ള സഭകള്‍ അവരുടെ ആവിര്‍ഭാവകാലത്ത്‌ ഇടയജനങ്ങള്‍ കൂട്ടനായി കുറേ സ്‌കൂളുകള്‍ സ്ഥാപിക്കുകയും അവിടെ കുറേ അദ്ധ്യാപര്‍ക്ക്‌ ജോലി കൊടുക്കുകയും ചെയ്‌തിട്ടുണ്ട്‌. പക്ഷേ അവരാണിന്ന് പണം പിടുങ്ങാന്‍ കേമന്മാര്‍ (പുഷ്‌പഗിരി മെഡിക്കല്‍ കോളേജ്‌ അവരുടേതാണ്‌) മതപ്രചരണത്തിന്റെയും സഭാവികസനത്തിന്റെയും ഭാഗമായിരുന്നു ഈ വിദ്യാഭ്യാസസ്ഥപങ്ങളുടെ നിര്‍മ്മിതി എന്ന് നമുക്ക്‌ കാണാം. അതിനുള്ള സാധ്യത അടഞ്ഞതോടെ സഭകള്‍ തനി പണം പിടുങ്ങികളായി തരം താണു.
3. ഉള്ളവന്‍ മതങ്ങളിലേക്ക്‌ ഒഴുകുന്ന പണം ഏതുവിധത്തിലാണ്‌ സമൂഹത്തില്‍ എത്തുന്നത്‌..? എത്തുന്നെങ്കില്‍ ഈ പിരിവിനെ നാം അംഗീകരിക്കമായിരുന്നു. അത്‌ എങ്ങോട്ടും ഒഴുക്കാതെ കെട്ടിക്കിടക്കുന്ന പണമാണ്‌. മതമേതാളന്മാര്‍ക്ക്‌ അഹങ്കരിക്കാനുള്ള പണം.
4. ഇത്‌ പരിഹരിക്കാന്‍, നമ്മള്‍ സ്വയം നിയന്ത്രിക്കുക എന്നതാണ്‌ ആദ്യമാര്‍ഗ്ഗം. അഗതി മന്ദിരങ്ങള്‍ക്ക്‌ കൊടുക്കും കെട്ടിടം പണിയാന്‍ കൊടുക്കില്ലെന്ന് തീരുമാനിക്കുക. രണ്ടാമത്‌ ശക്‌തമായ ഒരു സര്‍ക്കാര്‍ ചെയ്യേണ്ടതാണ്‌. മതസ്ഥാപനങ്ങളൂടെ വരവുചിലവു കണക്കുകള്‍ കൃത്യമായി സര്‍ക്കാരിനെ ബോധ്യപ്പെടുത്താനുള്ള സംവിധാനം ഏര്‍പ്പെടുത്തുക, അവരുടെ വരുമാനങ്ങള്‍ക്ക്‌ ടാക്‌സ്‌ ഏര്‍പ്പെടുത്തുക. എങ്കിലേ ഈ പുരോഹിതവര്‍ഗ്ഗം ഇനിയൊന്ന് അടങ്ങൂ.