Saturday, May 05, 2007

എങ്ങോട്ടാ..? പോട്ട വരെ...

എണുപതുകളുടെ ഒടുക്കത്തിലും തൊണ്ണൂറുകളുടെ തുടക്കത്തിലും കേരളത്തിലെ ഏത്‌ ക്രിസ്‌ത്യന്‍ യുവാവിനോടു ചോദിച്ചാലും കിട്ടുന്ന ഉത്തരമായിരുന്നു ഇത്‌. എന്തായിരുന്നു അന്നത്തെ ഒരു പുകില്‍. തലേന്നുവരെ ഒന്നിച്ചിരുന്ന് മദ്യപിച്ചവനെ പിറ്റേന്നു തൊട്ട്‌ കാണാനില്ല. ഒളിച്ചോട്ടത്തിന്‌ പത്രത്തില്‍ പരസ്യം കൊടുക്കണമോ എന്നാലോചിക്കുമ്പോള്‍ ടി വിദ്വാന്‍ നമ്മുടെ മുന്നില്‍ പ്രത്യക്ഷപ്പെടുന്നു. പോട്ടയുടെ മുരുങ്ങൂരിന്റെ രോഗശാന്തിശിശ്രൂഷയുടെ ഒടുങ്ങത്ത വാക്‌ധോരണിയുമായി. എത്ര പറഞ്ഞാലും അവന്‌ മതിയാവുന്നില്ല. വാചകമടിയില്‍ വീണുപോയ പലരും അവനെ അനുഗമിച്ച്‌ പോട്ടയുടെ ആരാധകരാകുന്നു. പിന്നെ വൈകിട്ടൊരു കൂടലിന്‌ ക്ഷണിച്ചാല്‍ ഞാനില്ലേ - പ്രാര്‍ത്ഥിക്കാനുണ്ട്‌ എന്നൊരു ആന്തലോടെ ടീ വിദ്വാന്‍ വീട്ടിലേക്കോടുന്നു.
ആരെന്തുപറഞ്ഞാലും - പ്രത്യേകിച്ച്‌ സുഹൃത്തുക്കള്‍ - വിശ്വസിക്കുന്ന പ്രായം - കൗമാരകാലത്തിലായിരുന്നിട്ടും എന്തോ എന്റെ ആന്തരിക ചോദന ഈ ആഘോഷപ്രാര്‍ത്ഥനകളില്‍ ഒരിക്കലും വിശ്വാസമര്‍പ്പിച്ചുമില്ല, വീണുപോയതുമില്ല.
പിന്നീട്‌ ഒരു പ്രലോഭനം വന്നത്‌ ഭാര്യയുടെ ഭാഗത്തുനിന്നാണ്‌. അക്കാലത്ത്‌ മിക്കവരും മധുവിധു ആഘോഷിക്കാന്‍ പോകുന്നതുവരെ പോട്ടയിലേക്കായിരുന്നു. ആദ്യനാളിലെ ആ പ്രലോഭനത്തിനും ഞാനേതായാലും വീണില്ല. പോട്ടയിലെ അച്ചന്മാര്‍ അലറിക്കൂവിത്തരുന്ന ആത്മീയത എനിക്കാവശ്യമില്ലെന്ന് പറയാന്‍ എനിക്കന്നും സാധിച്ചു. ഇത് വെറും ‘മാസ്‌ഹിസ്റ്റീരിയ’മാത്രമാണെന്ന് ഭാര്യയെ പറഞ്ഞുധരിപ്പിക്കാനും കഴിഞ്ഞു. അതുകൊണ്ട് ഞങ്ങളുടെ മധുവിധു പോട്ടയ്ക്കു പകരം കോവളത്തായിരുന്നു.
ദൈവം ഉണ്ടെങ്കിലും ഇല്ലെങ്കിലും രോഗികള്‍ സുഖം പ്രാപിക്കുന്നെങ്കിലും ഇല്ലെങ്കിലും പ്രാര്‍ത്ഥിക്കേണ്ടേതും ആത്മീയതയില്‍ നിറയേണ്ടതും ഇങ്ങനെയൊന്നുമല്ലെന്ന് ഒരു 'കോമണ്‍ സെന്‍സ്‌' അത്രമാത്രം. ഒരു ദിവസം പ്രാര്‍ത്ഥിച്ചതുകൊണ്ടോ കൈകൊട്ടിപാടിയതുകൊണ്ടോ മനസ്സില്‍ നിറയുന്നതാണോ ഈ ആത്മീയത എന്നൊരു തോന്നല്‍.
സംശയം സത്യമായിരുന്നു എന്ന് കാലം തെളിയിച്ചു. പോട്ടയുടെയും ദൈവീകതയുടെയും വചന ശിശ്രൂഷയുടെയും പ്രചാരകരായിരുന്നവരൊക്കെ പതിയെ തലയില്‍ മുണ്ടിട്ടുകൊണ്ട്‌ നാണത്തോടെ ഞങ്ങളുടെ മുന്നിലൂടെ ബാറിലേക്ക്‌ മടങ്ങി വരാന്‍ കാലം അധികം എടുത്തില്ല. ബാറ്‌ നല്ലതാണെന്നും പ്രാര്‍ത്ഥന മോശമാണെന്നുമല്ല പറഞ്ഞത്‌. ഒരാഴ്‌ചത്തെ പ്രാര്‍ത്ഥനകൊണ്ടും അനുഗ്രഹംകൊണ്ടുമൊന്നും ആരും അങ്ങനെയൊന്നും മാറില്ലെന്നു തന്നെ. അതിന്‌ മനസ്സുറച്ച കഠിനപ്രയത്നം തന്നെ വേണം. ധാരളം മനനങ്ങള്‍ വേണം. ആഴത്തില്‍ ഇറങ്ങിച്ചെന്നുള്ള പഠനങ്ങള്‍ വേണം. അങ്ങനെ ആ അനുഭവം സ്വയം ബോധ്യമാകണം. അല്ലാതെ ഇന്‍സ്‌റ്റന്റ്‌ പ്രാര്‍ത്ഥനകള്‍കൊണ്ട്‌ ലഭിക്കുന്നതല്ല ആ ആത്മീയത എന്നുതന്നെ.
ഇതുന്നുമല്ലാതെ ഇതിന്റെയൊക്കെ പിന്നില്‍ എന്തോ ഒരു നിഗൂഢത അന്നേ സംശയിച്ചിരുന്നു. വിദേശസഹായം തീര്‍ച്ചയായും ഉറപ്പായിരുന്നു. പക്ഷേ പറഞ്ഞപ്പോഴൊക്കെ ഇന്‍സ്‌റ്റന്റ്‌ വിശ്വാസികള്‍ എന്നെ പുച്‌ഛത്തോടെ തള്ളിക്കളന്നു. എല്ലാവര്‍ക്കും എല്ലാവരെയും എല്ലാ കാലത്തേക്കും പറ്റിക്കാന്‍ കഴിയില്ലെന്ന ആപ്‌തവാക്യം ഇതാ ശരിയായിവന്നിരിക്കുന്നു. ഈ റെയ്ഡുകള്‍ നേരത്തെ നടത്തേണ്ടതായിരുന്നു. ഈ കള്ളത്തരങ്ങള്‍ നേരത്തെ കണ്ടത്തേണ്ടതായിരുന്നു. പക്ഷേ ആര്‍ജ്ജവമില്ലാത്ത രാഷ്‌ട്രീയ പാര്‍ട്ടികള്‍ നാല്‌ വോട്ടിനു മുന്നില്‍ കഴ്‌ന്നു കിടന്നു നക്കുന്ന നേതാക്കള്‍ ഇതിനെയൊക്കെ മൂടിവയ്ക്കാനാണ്‌ ശ്രമിച്ചത്‌. ഒടുവില്‍ കോടതി വേണ്ടിവന്നു പൂച്ചയ്ക്ക്‌ മണികെട്ടാന്‍. പോട്ടപോലുള്ള ധ്യാനകേന്ദ്രങ്ങള്‍ അടച്ചുപൂട്ടണമെന്ന ഹിന്ദുസംഘടനകളുട ആവശ്യത്തിനോട്‌ ഞാനും യോജിക്കുന്നു, പക്ഷേ അതാവശ്യപ്പെടാന്‍ അവര്‍ക്കെന്തു യോഗ്യതയാണുള്ളത്‌..? ഇതിനേക്കള്‍ മാരകമായി വിഷം വമിക്കുന്ന അമൃതാന്ദമയീമഠത്തിന്റെ അരുമസന്താനങ്ങളല്ലേ അവര്‍. സ്വന്തംകണ്ണിലെ കോലെടുത്തിട്ട്‌ അന്യന്റെ കണ്ണിലെ കരടെടുക്കാന്‍ പറഞ്ഞത്‌ എത്ര സത്യം. അമൃതാന്ദമയി മഠത്തിലും ഇതുപോലെ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെടാന്‍ ധൈര്യമുള്ള എത്ര ഹിന്ദുക്കളുണ്ട്‌..? എത്ര രാഷ്ട്രീയ പാര്‍ട്ടികളുണ്ട്‌.

11 comments:

അഞ്ചല്‍ക്കാരന്‍ said...

ആള്‍ദൈവങ്ങള്‍ ആളുകളെ സുന്ദരമായി വിഴുങ്ങി കൊണ്ടിരിക്കുന്നു. പോട്ടയുടെയും വള്ളിക്കാവിന്റെം പുട്ടപര്‍ത്തിയുടേയും കാരന്തൂരിന്റേം പിന്നെ എണ്ണിയാലൊടുങ്ങാത്ത സേവനകേന്ദ്രങ്ങളുടെം ഒക്കെ പിന്നാമ്പുറങ്ങളില്‍ നടമാടുന്ന കാപട്യങ്ങള്‍ക്കും കറുത്തനാടകങ്ങള്‍ക്കും വിലപേശലുകള്‍ക്കും മന്ത്രി പുംഗവന്മാരും രാഷ്ട്രീയ നേതാക്കന്മാരും മുന്‍ നക്സ്ലൈറ്റുമാരുമൊക്കെ പിന്നണിപാടുമ്പൊള്‍ ഇതൊക്കെ ഇവിടെ തഴച്ചു വളരുക തന്നെ ചെയ്യും. എതിര്‍ക്കുന്നവന്‍ ഒടുവില്‍ ഒറ്റപ്പെടും. അവിടെ ആള്‍ ദൈവങ്ങളുടെ യൂണിയന്റെ നേത്രുത്വം സ്ഥലത്തെ പ്രഥാന ദിവ്യന്മാര്‍ക്കായിരിക്കും.

Satheesh said...

ഇപ്പോള്‍ ഈ നടക്കുന്ന അന്വേഷണവും വിവാദവും കുറച്ച് കാലം ഇങ്ങനെ അവിടെയും ഇവിടെയും കേള്‍ക്കാം. അതു കഴിഞ്ഞാല്‍ അതും കാണില്ല. നട്ടെല്ലില്ലാത്ത ഒരുപറ്റം രാഷ്ട്രീയക്കാര്‍ ഭരിക്കുന്ന നമ്മുടെ നാട്ടില്‍ നിന്ന് ഇതില്‍ നിന്ന് എന്ത് പ്രതീക്ഷിക്കാന്‍!?

ബെന്ന്യാമിന്‍, എന്നത്തെയും പോലെ നന്നായി എഴുതിയിരിക്കുന്നു.

ചില നേരത്ത്.. said...
This comment has been removed by the author.
അഭയാര്‍ത്ഥി said...

സുനാമിക്ക്‌ 100 കോടി രൂപ സംഭാവന്‍ ചെയ്യുക, അശരണരേയും, ആലംഭ ഹീനരേയും ശരണാലയ്ത്തില്‍ ആലംഭം കൊടുക്കുക, വൃദ്ധ ജനങ്ങളെ പരിപാലിക്കുക,സൗജന്ന്യ ഭക്ഷണ വിതരണം ചികില്‍സ, വസ്ത്രവിതരണം തുടങ്ങിയ കാര്യങ്ങള്‍ ചെയ്യുക, മാനസിക വിഭ്രാന്തിയുള്ളവര്‍ക്ക്‌ പ്രാര്‍ത്ഥനാസൗഖ്യം ഏകുക.

ദൈവചൈതന്യം ഇതിലൊക്കെ എനിക്കു കാണാന്‍ കഴിയുന്നു.

നിങ്ങളുടെ നീതിപ്പീഠങ്ങള്‍ക്കും
അധികാരത്തിന്നും ഇതിനെ നീചപ്രവര്‍ത്തിയെന്ന്‌ മുദ്രകുത്താം പക്ഷെ...



ഭാഷാവരം കിട്ടിയ കുറുമാന്റെ വേറൊരു പതിപ്പാണ്‌ ഞാന്‍.
ഇവരുടെ ഒരു വിധ റ്റെലിപ്പതിയിലും മായിക ദര്‍ശനമുണ്ടാകില്ല എനിക്ക്‌. ഇവരെ ആള്‍ ദൈവങ്ങളായി കാണാനും എനിക്കാകില്ല. അനുക്ഷണം ക്ഷയ ഗ്രസിതമായ ഗാത്രത്തോടെ, ക്ഷീണം ബാധിച്ച കണ്ണുകളാല്‍,പീളകെട്ടിയ കണ്ണുകളാല്‍, വേക്കുന്ന ശരീരത്തോടെ അനുഗ്രഹം ചൊരിയുന്ന അമ്മയും സായിഭാഭയും പോട്ടയിലെ അച്ചനുമെല്ലാം എനിക്ക്‌ കുറുമാനെപ്പോലെ ഭാഷാവരമേകുന്നു.

എന്നാല്‍ ഇവര്‍ ചെയ്യുന്ന സാമൂഹ്യ നന്മകള്‍ കണ്ടില്ലെന്ന്‌ നടിക്കുക വയ്യ.

ലക്ഷം നാവുകളിലൂടെ ഘോര ഘോരം ഇവര്‍ വ്യാജരാണെന്ന്‌ വിളിച്ചു പറയുന്നവരേക്കാള്‍ (അവരുടെ സമൂഹ നന്മകള്‍ സീറൊ)
പാവപ്പെട്ടവരെ തുണക്കുന്നതിവര്‍. നമ്മുടെ ഗവര്‍മെന്റുകളേക്കാള്‍ പാവപ്പെട്ടവരെ ഓര്‍ക്കുന്നതിവര്‍.

അതുകൊണ്ടൊക്കെത്തന്നെ ക്ഷീണിച്ച പീളകെട്ടിയ ചിലമ്പിച്ച വിറക്കുന്ന ഈ ആള്‍ ദൈവങ്ങളില്‍ ചിര്‍നതന്മൂര്‍ത്തിയുടെ
ദര്‍ശനമുണ്ടാകുന്നു എനിക്ക്‌. സമൂഹത്തിന്ന്‌ വേണ്ടി ഒന്നും ചെയ്യാനാകത്ത നിഷ്ക്രിയനായ എനിക്ക്‌.

ബെന്യാമിന്‍ said...

ഗന്ധര്‍വ്വന്‍ പറയുന്നതില്‍ ശരിയുണ്ടെന്ന് തോന്നും ആദ്യകേള്‍വിയില്‍. നിരവധി സഹായങ്ങള്‍. ആശുപത്രികള്‍, ശരണാലയം...
ബൈബിളില്‍ ഒരു ഉപമയുണ്ട്. സാധുവായ സ്‌ത്രീയുടെ വെള്ളിക്കാശിന്റെ ഉപമ. ദേവാലയത്തില്‍ കാഴ്ചകള്‍ അര്‍പ്പിക്കുവാന്‍ വന്നതായിരുന്നു അവര്‍. പണക്കാരായ പരിശപ്രമാണിമാര്‍ പണക്കിഴിക്കെട്ടുകള്‍ ദൈവത്തിനു സമര്‍പ്പിച്ചപ്പോള്‍ അവര്‍ക്കുണ്ടായിരുന്നത് ഒരു വെള്ളിക്കാശു മാത്രം. പക്ഷേ കിഴിക്കെട്ടിനേക്കാള്‍ ദൈവം സ്വീകരിച്ചത് ആ വെള്ളിക്കാശായിരുന്നു. കാ‍രണം പരീശന്മാര്‍ തങ്ങളുടെ സ്വത്തിന്റെ ഒരു ചെറിയ ശതമാനം മാത്രം കാഴ്ചയര്‍പ്പിച്ചപ്പോള്‍ - അതും നാട്ടുകാര്‍ കണാന്‍ വേണ്ടി - അവര്‍ തന്റെ സര്‍വ്വസ്വത്തുമാണ് ഈശ്വരനു സമര്‍പ്പിച്ചത്. അതുകൊണ്ട് മറ്റുള്ളവര്‍ കൊടുക്കുന്ന വലിയ സഹായങ്ങള്‍ കണ്ട് ഗന്ധര്‍വ്വനു കുറ്റബോധം തോന്നേണ്ടതില്ല. നിങ്ങളാല്‍ കഴിയുന്നത് മാത്രം ചെയ്യാം. അവര്‍ അവരുടെ വരുമാനത്തിന്റെ ഒരു ശതമാനം പോലും ഇതിനൊന്നുമായി ചിലവഴിക്കുന്നില്ല.
മറ്റൊരു കാര്യം കൂടി. നമ്മള്‍ കൊടുക്കുന്നത് നമ്മുടെ അധ്വാനത്തിന്റെ പങ്കാണ്. വിയര്‍പ്പിന്റെ പങ്ക്. അവര്‍ കൊടുക്കുന്നത് അന്യന്റെ വിയര്‍പ്പിന്റെ വില.

myexperimentsandme said...

നിയമാനുസൃതവും ന്യായമായ രീതിയിലും മനുഷ്യാവകാശങ്ങള്‍ ധ്വംസിക്കാത്ത രീതിയിലുമാണ് ഈ സ്ഥാപനങ്ങള്‍ നടന്നുപോകുന്നതെങ്കില്‍ അതില്‍ അപാകതയുണ്ടെന്ന് തോന്നുന്നില്ല. രോഗം വരുമ്പോള്‍ ആശുപത്രിയില്‍ പോകാതെ നേരേ ഇത്തരം സ്ഥാപനങ്ങളില്‍ പോകുന്ന അവസ്ഥ മാറണം. പക്ഷേ ആശുപത്രിക്കാരും കൈയ്യൊഴിഞ്ഞ രോഗികള്‍ക്ക് അല്പമെങ്കിലും ആശ്വാസം ഇവിടെനിന്നൊക്കെ കിട്ടുമെങ്കില്‍ അതില്‍ എന്തെങ്കിലും പ്രശ്‌നമുണ്ടോ?

ഇതിന്റെ അധികാരികള്‍ ചെയ്യേണ്ടത് ആര് വന്നാലും രണ്ടു കൈയ്യും നീട്ടി സ്വീകരിക്കുന്നതിനുപകരം (രോഗശാന്തിക്കായി), അവര്‍ക്ക് വിദഗ്ദ ചികിത്സ ആവശ്യമുണ്ടോ എന്ന് മനസ്സിലാക്കി, അങ്ങിനെയുണ്ടെങ്കില്‍ അവരെ ആശുപത്രികളിലേക്ക് പറഞ്ഞയക്കുക എന്നതാണ്. ഇത് ഒരു ബിസിനസ്സ് മാത്രമായി തരം താഴ്‌ത്തരുത്.

പിന്നെ തെറ്റായ ധാരണകളും കൊടുക്കരുത്. ഇവിടെ വന്നാല്‍ മാത്രമേ രോഗശാന്തി കിട്ടുകയുള്ളൂ എന്നൊക്കെയുള്ള രീതിയില്‍.

പോട്ടയില്‍ റെയ്ഡ് നടന്നു എന്നതുകൊണ്ട് മാത്രം അമൃതാനന്ദമയീമഠത്തിലും റെയ്ഡ് നടക്കണം എന്ന് പറയുന്നിടത്താണ് പ്രശ്‌നം. അമൃതാനന്ദമയീമഠത്തില്‍ എന്തെങ്കിലും നിയമവിരുദ്ധപ്രവര്‍ത്തനം നടക്കുന്നുണ്ടെങ്കില്‍ തീര്‍ച്ചയായും അവര്‍ക്കെതിരെയും നടപടിയെടുക്കണം. പക്ഷേ, അതിന് പോട്ട എന്തിന് കാരണമാവണം? എന്തുകൊണ്ട് അതിനു മുന്‍പേ ആയിക്കൂടാ? പോട്ടയില്‍ ഇങ്ങിനെയാണെങ്കില്‍ അമൃതാനന്ദമയീമഠത്തില്‍ ഇതിന്റെ ഇരട്ടിയല്ലേ വരൂ എന്നുള്ള കാഴ്ചപ്പാട് എന്ത് ലോജിക്കിന്റെ അടിസ്ഥാനത്തിലാണ്? രണ്ടിടത്തും നിയമവിധേയമായി മാത്രമേ കാര്യങ്ങള്‍ നടക്കാവൂ എന്നുള്ളത് തന്നെയാണ് എന്റെ അഭിപ്രായം. ഇപ്പുറത്ത് പോട്ടയെങ്കില്‍ അപ്പുറത്ത് മഠം എന്നുള്ള സംതുലനാവസ്ഥ പരിപാലിക്കാനുള്ള വ്യഗ്രത തന്നെയാണ് നമ്മുടെ നാടിന്റെ ഒരു പ്രശ്‌നം. അതിന്റെ മറുവശമാണ്, ഞങ്ങള്‍ പോട്ടയെപ്പറ്റി മിണ്ടുന്നില്ല, നിങ്ങള്‍ അമൃതാനന്ദമയീ മഠത്തെപ്പറ്റിയും മിണ്ടണ്ട എന്നുള്ള ഉടമ്പടിയും. പോട്ടയെ ന്യായീകരിക്കാന്‍ മഠവും മഠത്തിനെ ന്യായീകരിക്കാന്‍ പോട്ടയും ആകുന്ന സ്ഥിതിവിശേഷമാണ് പോട്ടയെക്കാലും മഠത്തെക്കാളും അപകടം.

പോട്ടയില്‍ നടന്ന എല്ല മരണങ്ങളും സ്വാഭാവിക മരണങ്ങള്‍ മാത്രമാവണേ എന്നുള്ളത് തന്നെയാണ് എന്റെ പ്രാര്‍ത്ഥന. കാരണം ഒരു മേല്‍ക്കൂരയ്ക്ക് കീഴില്‍ ആയിരത്തോളം പേര്‍ അസ്വാഭിവകമായി മരിച്ചെങ്കില്‍ അത് ഏത് രീതിയില്‍ നോക്കിയാലും നമുക്ക് ഒരു സന്തോഷവും നല്‍‌കില്ലല്ലോ. പോട്ടയില്‍ ഇങ്ങിനത്തെ സംഭവങ്ങള്‍ (യഥാര്‍ത്ഥത്തില്‍) നടന്നിട്ടുണ്ടെങ്കില്‍ മറ്റിടങ്ങളിലും നടക്കുന്നുണ്ടോ എന്നന്വേഷിക്കാം. പക്ഷേ പോട്ടയില്‍ ഇങ്ങിനെയാണെങ്കില്‍ (ആവാതിരിക്കട്ടെ), എല്ലായിടത്തും ഇങ്ങിനെ തന്നെ എന്നുള്ള വാദത്തോട് യോജിപ്പില്ല.

പോട്ടയില്‍ എന്തെങ്കിലും നിയമവിരുദ്ധപ്രവര്‍ത്തനങ്ങള്‍ നടന്നിട്ടുണ്ടെങ്കില്‍ അത് അടച്ചുപൂട്ടണമെന്ന് ഹിന്ദു സംഘടനകള്‍ പറയുന്നിടത്താണ് അടുത്ത പ്രശ്‌നവും. എന്തുകൊണ്ട് “ഹിന്ദു” സംഘടനകള്‍ മാത്രം? പോട്ടയിലെ നിയമവിരുദ്ധപ്രവര്‍ത്തനങ്ങള്‍ (ഉണ്ടെങ്കില്‍) നോക്കേണ്ടത് എന്തുകൊണ്ടാണ് ഹിന്ദുസംഘടനകളുടെ മാത്രം ആവശ്യമായത്? അങ്ങിനെയാണെങ്കില്‍ അമൃതാനന്ദമയീ മഠത്തില്‍ എന്തെങ്കിലും നിയമവിരുദ്ധപ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ടോ എന്ന് നോക്കേണ്ടത് കൃസ്ത്യന്‍ സംഘടനകളാണോ?

തോന്ന്യവാസങ്ങള്‍ ആരു നടത്തിയാലും എവിടെ നടത്തിയാലും ജാതിയും മതവും രാഷ്ട്രീയവും നോക്കാതെ, സംതുലിതാവസ്ഥ പാലിക്കാനുള്ള വ്യഗ്രതയ്ക്കപ്പുറം വിളിച്ചു പറയാനുള്ള തന്റേടം നമുക്കുണ്ടായെങ്കിലേ ഇത്തരം കാര്യങ്ങള്‍ നേരാംവണ്ണം നടക്കൂ.

ഞാനും കുറച്ച് സന്തുലിതാവസ്ഥ പാലിച്ചേക്കാം: രാഷ്ട്രീയ പാര്‍ട്ടികള്‍ നടത്തുന്ന കൊലപാതകങ്ങള്‍, വിദേശ സഹായം സ്വീകരിക്കല്‍, പാര്‍ട്ടി ക്ലാസ്സുകള്‍ വഴിയുള്ള മസ്തിഷ്ക പ്രഷാളനം, ഇവയ്ക്കൊക്കെ എതിരെ എങ്ങിനെ നടപടിയെടുക്കും?

Inji Pennu said...

പോട്ട ഒരു ചാരിറ്റി സ്ഥലമാണ് എന്ന് കരുതി അവിടെ നിയമങ്ങള്‍ക്കപ്പുറത്ത് എന്തെങ്കിലും നടക്കുന്നുണ്ടെങ്കില്‍ തീര്‍ച്ച്യായും അത് നിയമത്തിനു മുന്നില്‍ കൊണ്ട് വരണം. അതില്‍ ആരോപിക്കുന്നവര്‍ രാഷ്റ്റ്രീയക്കാരുണ്ടൊ ബി.ജെപിക്ക്കാരുണ്ടൊ അല്ലെങ്കില്‍ അവര്‍ ഇതിലും കൂടുതല്‍ എന്തെങ്കിലും ചെയ്തിട്ടുണ്ടൊ എന്നൊന്നും ഒരു വിഷയമേ അല്ല. മറ്റുള്ളവരേക്കാളും നന്നായി തന്നെ നടക്കണം ഈ സ്ഥാപനം എന്നു തന്നെയാണ് എന്റെ പ്രാര്‍ത്ഥന്‍. പോട്ടായില്‍ നിയമവിരുദ്ധമായി എന്തെങ്കിലും നടന്നിട്ടുണ്ടെങ്കില്‍ ഒരു മരണമെങ്കിലും അങ്ങിനെ നടന്നിട്ടുണ്ടെങ്കില്‍ അത് നൂറ് പേര്‍ അമൃദാന്ദമയീ ആശ്രമത്തില്‍ നടക്കുന്നതിനേക്കാളും ഗൌരവം വിശ്വാസി എന്ന നിലയില്‍ എനിക്കുണ്ട്.

അതേ വിശ്വാസി എന്ന നിലയില്‍ എനിക്ക് പറയാന്‍ സാധിക്കും,ആ‍ാരൊക്കെ കരിവാരിത്തേക്കാന്‍ ശ്രമിച്ചലും ഇല്ലെങ്കില്‍ സത്യം ഇന്നല്ലെങ്കില്‍ നാളെ പുറത്ത് വരും. അത് തീര്‍ച്ച.

ഈ കേസ് അന്വേഷിച്ച് സെബാസ്റ്റിന്‍ ഒരു അപ്പ് റൈറ്റ് ഓഫീസറാണ്, കത്തോലിക്കനുമാണ്. അതുകൊണ്ട് തന്നെ ഇതില്‍ കളി നടന്നിടുണ്ടോ എന്ന് എനിക്ക് അറിയില്ല.
ഇതുപോലെയൊരു സ്ഥാപനം നടത്തിക്കൊണ്ട് പോവാന്‍ വളരെ ബുദ്ധിമുട്ടാണ്. അവിടെ നടക്കുന്ന ചാരിറ്റിയും മറ്റും പറഞ്ഞാല്‍ തീരില്ല. അത്രക്കും അശരണര്‍ക്ക് അവിടെ സഹായങ്ങള്‍ ലഭിക്കുന്നുണ്ട്. അതില്‍ പ്രാര്‍ത്ഥനയും ഉണ്ടെങ്കില്‍ നല്ല്ലത്. പക്ഷെ എന്നും പറഞ്ഞ് ഒരു കുഞ്ഞിനെ പോലും ദ്രോഹിക്കാന്‍ ആര്‍ക്കും അവകാശമില്ല.
സത്യം എന്നായലും പുറത്ത് വരും! പക്ഷെ കുറേ ജീവിതങ്ങള്‍ അത് കാരണം പഴി കേക്കേണ്ടി വരും. അത് മാത്രമാണ് വേദനിപ്പിക്കുന്നത്.
പക്ഷെ ഒരു നല്ല ക്രിസ്ത്യാനിക്ക് ജീവിതം സഹനപൂര്‍ണ്ണമായിരിക്കണം. ആ സഹനം ദൈവം കൊടുക്കട്ടെ. അത് കൂടുതല്‍ ദൈവത്തിലേക്ക് അടുക്കാന്‍ ഇതില്‍ ആരോപണ വിധേയമാവര്‍ക്ക് സാധിക്കട്ടെ.

പണ്ട് വി. എസ്. സി ലേ തമ്പി സാറിനേ പറ്റിയും അവരുടെ കൂട്ടുകാരെപറ്റിയും ഇങ്ങിനെ വന്ന് വന്ന്, അവസാനം അദ്ദേഹത്തിന്റെ ഭാര്യ മൂന്ന് തവണ ആത്മഹത്യക്ക് ശ്രമിച്ചത് ഞാന്‍ ഇവിടെ വെറുതെ ഓര്‍ക്കുന്നു.

Anonymous said...

സഹോദരന്‍ ബെന്യാമിന്‍,

ഒരു വ്യക്തിയെ അല്ലെങ്കില്‍ ഒരു സ്ഥാപനത്തെ വിമര്‍ശിക്കുന്നതിനും കുറ്റം വിധിക്കുന്നതിനും മുമ്പ് സത്യാവസ്ഥ മനസ്സിലാക്കാന്‍ ശ്രമിക്കണം. താങ്കള്‍ പോട്ടയിലെ പ്രലോഭനങ്ങളില്‍ ഉള്‍പ്പെടാതെ കോവളത്ത് പോയി ഹണിമൂണ്‍ ആഘോഷിച്ചെങ്കില്‍ അത് താങ്കളുടെ വ്യക്തിപരമായ തീരുമാനമാണ്. കോവളത്തെ 'പ്ളെഷര്‍ ' ഒരിക്കലും പോട്ടയില്‍ കിട്ടില്ല എന്നറിയാവുന്ന ബുദ്ധിമാനാണു താങ്കള്‍.

FYI, ഒരു ദമ്പതികളും വിവാഹം കഴിഞ്ഞ ഉടനെ പോട്ടയിലേക്ക് ഓടുന്നില്ല. കുടുംബ ജീവിതത്തിനു കോവളത്തെ 'പ്ളെഷര്‍' കൂടാതെ
ആത്മീയതക്കും ഒരു സ്ഥാനം കൊടുക്കുന്നവര്‍ പോട്ടയിലും മറ്റു പുണ്യ സ്ഥലങ്ങളിലും പോകുന്നു.

കുറുമാന്റെ ഭാഷാവരം എന്ന പോസ്റ്റിനെ താങ്കള്‍ അങ്ങു പൊക്കി പിടിക്കാതെ. അതൊരു മഹല്‍ സ്രുഷ്ടി ഒന്നുമല്ല. അദ്ദേഹത്തിന്റെ ഉദ്ദേശ്യം എന്തായിരുന്നു എന്നു ആ പോസ്റ്റ് വായിച്ചാല്‍ സാമാന്യ വിവരമുള്ള ആര്‍ക്കും മനസ്സിലാവും.

പോട്ടയില്‍ മോശമായി എന്തെങ്കിലും നടന്നുവെങ്കില്‍ ഞാന്‍ അതിനെ സപ്പോര്‍ട്ടു ചെയ്യുകയല്ല ഞാന്‍. പക്ഷേ അവര്‍ ചെയ്തു വരുന്ന നല്ല കാര്യങ്ങള്‍ മറക്കരുതു. ബെന്യാമിനു പോട്ടയില്‍ പോയി അവിടുള്ള എയിഡ്സ് രോഗികളെ ഒരു ദിവസമെങ്കിലും ശുശ്രൂഷിക്കാന്‍ പറ്റുമോ?

കോവളത്തെ 'പ്ളെഷര്‍' മാത്രമറിയുന്ന പോട്ടയില്‍ ഒരിക്കലെങ്കിലും പോയി അവിടുത്തെ 'പ്ളെഷര്‍' മനസ്സിലാക്കാന്‍ മിനക്കെടാത്ത താങ്കള്‍ക്കു പോട്ടയെ എന്നല്ല ഒരു മത സ്ഥാപനത്തേയും വിധിക്കാന്‍ അര്‍ഹതയില്ല സഹോദരാ.

myexperimentsandme said...

ജാതിയ്ക്കും മതത്തിനും രാഷ്ട്രീയത്തിനും വിശ്വാസത്തിനും അതീതമായി നാടിനും നിയമത്തിനും വേണ്ടി പ്രവര്‍ത്തിക്കാന്‍ അന്വേഷിക്കുന്ന ഉദ്യോഗസ്ഥന്മാര്‍ക്കും സര്‍ക്കാരിനും സാധിക്കട്ടെ. അന്വേഷിക്കുന്ന ഉദ്യോഗസ്ഥന്റെ ജാതിയും മതവും നോക്കേണ്ട ഗതികേടും കൂടി നാടിനുണ്ടാവാതിരിക്കട്ടെ- പോട്ടയില്‍ മാത്രമല്ല, എവിടെയും.

Anonymous said...

ethupole veeravdam parayanallathe. ethenkilum oru sadhu vine samreshikkano, allankil orunerathe bhashanam kodukuvano thayyarallatha, mannyan mare kuttam parayathe , Ellavarum orupole allallo, bahujanam pala vidham ennalle.

Unknown said...

അമൃതാനന്ദമയി മഠത്തെക്കുറിച്ചും അന്വേഷണം നടത്തണമെന്ന് സുകുമാര്‍ അഴീക്കോട് അവശ്യപ്പെടുന്നത് ഇന്നലെ ടിവിയില്‍ കാണാന്‍ കഴിഞ്ഞു . ജനങ്ങള്‍ക്ക് പല സേവനങ്ങളും അതും സര്‍ക്കാറിന് പോലും ചെയ്യാന്‍ കഴിയാത്തത് ഇത്തരം അമ്മമാരും സ്വാമിമാരും ബാബമാരും ദിവ്യന്മാരും ധ്യാനകേന്ദ്രക്കാരും മറ്റും , അത് കൊണ്ട് എന്തിനിവരെ വിമര്‍ശിക്കണം ? എന്നാണ് പലരും ഒരേ സ്വരത്തില്‍ ചോദിക്കുന്നത് . ശരിയാണ് , എന്നാല്‍ ജനങ്ങള്‍ക്ക് സേവനവും സേവയും ചെയ്യാനാണെങ്കില്‍ ഈ ആത്മീയതയുടെയും ദിവ്യത്വത്തിന്റെയും പരിവേഷം എന്തിനാണ് . മദര്‍ തെരേസ ഒരു സാധാരണ മനുഷ്യസ്ത്രീ എന്ന നിലയില്‍ തന്നെ മഹത്തായ സേവനങ്ങളും ത്യാഗങ്ങളും ചെയ്തില്ലേ ? അങ്ങനെ എത്ര മഹാത്മാക്കളെ കാണാന്‍ കഴിയും . അപ്പോള്‍ ഈ സിദ്ധന്മാരായ സിദ്ധന്മാരൊക്കെ കിട്ടുന്നതിന്റെ ഒരു ചെറിയ ഭാഗം ജനങ്ങള്‍ക്ക് നല്‍കിക്കൊണ്ട് ഇതേ പോലെ ജനങ്ങളെക്കൊണ്ട് പറയിപ്പിക്കുകയാണ് . യഥാര്‍ത്ഥത്തില്‍ ഒരാള്‍ ജീവകാരുണ്യപ്രവര്‍ത്തനമാണ് ഉദ്ദേശിക്കുന്നതെങ്കില്‍ അയാള്‍ നിരുപാധികം അത് നിര്‍വ്വഹിക്കുകയാണ് വേണ്ടതാണ് . അല്ലാതെ ഒരു സുപ്രഭാതത്തില്‍ സ്വാമിയോ സന്ന്യാസിയോ തങ്ങളോ സുവിശേഷകനോ ആവുകയല്ല വേണ്ടത് . അത്തരക്കാരെയല്ല ജനങ്ങള്‍ അംഗീകരിക്കേണ്ടതും വിശ്വസിക്കേണ്ടതും .

ബെന്യാമിന്റെ ബ്ലോഗ് ഇന്നാണ് വായിക്കാന്‍ കഴിഞ്ഞത് . കൃതികളൊന്നും വയിക്കാന്‍ കഴിഞ്ഞിട്ടില്ല താനും .
സ്നേഹാദരങ്ങളോടെ,