ജെസിബി എന്ന ഓമനപ്പേരിലറിയപ്പെടുന്ന മണ്ണുമാന്തിയന്ത്രമാണ് കേരളത്തിന്റെ ഇപ്പോഴത്തെ സാംസ്കാരികചിഹ്നം എന്നു പറഞ്ഞത് നമ്മുടെ കവയത്രി സുഗതകുമാരിയാണ്. നേരത്തെ അത് തെങ്ങ് ആയിരുന്നു. പിന്നീടത് ആനയായി. ഇപ്പോള്‍ അത് മണ്ണുമാന്തിയന്ത്രവും. ടീച്ചറിന്റെ നല്ലൊരു നിരീക്ഷണവും സറ്റയറുമായിട്ടാണ് ഞാനതിനെ കാണുന്നത്.
ഒരു ദേശത്തിന്റെ തനിമയോട് അടുത്തു നില്ക്കുന്നതായിരിക്കണമല്ലോ അതിന്റെ ചിഹ്നം. ആ അര്‍ത്ഥത്തില്‍ നമ്മുടെ സമകാലിക ജീവിതത്തോടെ ഇന്ന് ഏറ്റവും ഒട്ടി നില്ക്കുന്നതും നമ്മുടെ ദേശത്തിന്റെ വര്‍ത്തമാനകാലത്തിന്റെ ശരിയായ പ്രതിബിംബവുമാകുന്നു അത്. കഴിഞ്ഞ കാലങ്ങളില്‍ കേരളത്തില്‍ തെങ്ങുണ്ടായിരുന്നതുപോലെ ആനയുണ്ടായിരുന്നതുപോലെ ഇന്ന് നമ്മുടെ റോഡുകളില്‍ പറമ്പുകളില്‍ ഈ ഒരു യന്ത്രം നിത്യക്കാഴ്ചയായി മാറിയിരിക്കുന്നു.
കഴിഞ്ഞ ഒരു ദശാബ്ദക്കാലംകൊണ്ട് ഈയൊരു യന്ത്രം നമ്മുടെ ദേശത്തിനുവരുത്തിയ മാറ്റങ്ങള്‍ വിവരിക്കാവുന്നതല്ല. നമ്മുടെ എത്ര മനോഹരകാഴ്ചകളെയാണ്, നമ്മുടെ എത്ര ലാന്റ്സ്കേപ്പുകളെയാണ് നമ്മുടെ എത്ര കുന്നുകളെയാണ് നമ്മുടെ എത്രയെത്ര സ്വപ്നങ്ങളെയാണ് അത് ഒരു ദിവസംകൊണ്ട് കോരി മാറ്റിക്കളഞ്ഞത്. നമ്മുടെ എത്ര കുളങ്ങളെയാണ് നീര്‍ത്തടങ്ങളെയാണ് തോടുകളെയാണ് കുന്നിന് ചരുവുകളെയാണ് അത് ഒരു രാത്രികൊണ്ട് മൂടിക്കളഞ്ഞത്. കഴിഞ്ഞ പത്തുവര്‍ഷംകൊണ്ട് നമ്മുടെ ഭൂപ്രകൃതിയ്ക്കുണ്ടായ മാറ്റം പഠിക്കുക ഭീകരമാവും.
കവി പി.പി, രാമചന്ദ്രന് പറഞ്ഞതാണ് ഓര്‍ക്കുന്നത് ' ഇന്ന് കുന്നുകളെക്കുറിച്ചും മലകളെക്കുറിച്ചും എങ്ങനെ കവിതയെഴുതും. നമ്മള് തലേന്നുവരെ കണ്ടുകൊണ്ടിരുന്ന ഒരു കുന്ന് പിറ്റേന്ന് നേരംവെളുക്കുമ്പോള്‍ നമ്മുടെ കാഴ്ചയില്‍ ഉണ്ടാകുമെന്നതിന് ഇന്ന് എന്താണുറപ്പുള്ളത്' ശരിയായിരുന്നില്ലേ ആ ചോദ്യം. നമ്മുടെ ഒക്കെ സ്വപ്നത്തിലേക്ക് ഒരു ഭീകരജീവിയുടെ നിഴല്‍പ്പാടോടെയാണ് ആ യന്ത്രം കടന്നുവന്നുകൊണ്ടിരുന്നത്. എപ്പോഴാണ് നമ്മുടെ സ്വപ്നങ്ങളെ തോണ്ടിയെടുക്കാന്‍ അതിന്റെ നീളന്‍ കൈകള്‍ നീണ്ടുവരുന്നതെന്ന ഭയത്തോടെ...
എന്നാല്‍ കേരളത്തിന്റെ ചരിത്രത്തിലാദ്യമായി, നമ്മുടെ പ്രകൃതിയെ നശിപ്പിക്കാനല്ലാതെ നമ്മുടെ പ്രകൃതിയെ സംരക്ഷിക്കാന്‍ നമ്മുടെ ദേശത്തിന്റെ അവശേഷിക്കുന്ന മനോഹാരിത അത്രയെങ്കിലും നിലനിര്‍ത്താനായി ആ യന്ത്രം തന്റെ കൈ നീട്ടുന്നത് നാം കഴിഞ്ഞ ദിവസങ്ങളില്‍ - അത്ഭുതത്തോടെ കുറേയൊക്കെ അതിശയത്തോടെ അതിലധികം അവിശ്വസനീയതയോടെ കണ്ടു. യന്ത്രത്തിന്റെ അങ്ങനെയൊരു രൂപമാറ്റം നാമാരും പ്രതീക്ഷിച്ചില്ല എന്നതാണ് ശരി. ഇന്നലെവരെ പ്രകൃതിക്കെതിരെ പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന യന്ത്രം പെട്ടെന്ന് കടകം തിരിഞ്ഞ് പ്രകൃതിയ്ക്കുവേണ്ടി പ്രവര്‍ത്തിക്കാന്‍ തുടങ്ങിയിരിക്കുന്നു. ആ മോണ്‍സ്ടറുടെ മനംമാറ്റം അപ്രതീക്ഷിതമായിരുന്നു. മനംമാറിയത് യന്ത്രത്തിന് അല്ല മനുഷ്യര്‍ക്കാണെന്ന് നമുക്കറിയാം. മനുഷ്യര്‍ക്ക് മനംമാറിയപ്പോള്‍ ഒരു യന്ത്രത്തിനുണ്ടായ രുപമാറ്റം അത്ഭുതാവഹമാണ്. ഇത്രകാലം ഭീതിയോടെ കണ്ടിരുന്ന ആ യന്ത്രത്തിനെ നാമിന്നെ സ്നേഹത്തോടെ നോക്കിക്കാണുന്നു. അതിന്റെ നീളന്‍തുമ്പിക്കൈയ്യിനെ നാം അഹ്ലാദപൂര്‍വ്വം സ്വപ്നം കാണുന്നു.
നമ്മുടെ അവശേഷിക്കുന്ന പ്രകൃതിയെയും ജൈവസമ്പത്തിനെയും സംരക്ഷിക്കാന്‍ മാത്രമാണ് ആ തുമ്പികൈ ഇനിമേലില്‍ നീളുന്നതെങ്കില്‍ അതിനെ നമ്മുടെ ദേശീയ ചിഹ്നമാക്കുന്നതില്‍ ഒരു തെറ്റുമില്ല എന്നാണ് എന്റെ പക്ഷം. അതേസമയം ഇനി ഒരിക്കലും ആ തുമ്പിക്കൈ പ്രകൃതി നാശത്തിനായി ഉയരില്ലെന്ന് ഉറപ്പാക്കേണ്ടത് നമ്മള് ഓരോ മലയാളിയുടെയും കടമയാണ്.
Wednesday, May 16, 2007
Subscribe to:
Post Comments (Atom)
6 comments:
കഴിഞ്ഞ ഒരു ദശാബ്ദക്കാലംകൊണ്ട് ഈയൊരു യന്ത്രം നമ്മുടെ ദേശത്തിനുവരുത്തിയ മാറ്റങ്ങള്‍ വിവരിക്കാവുന്നതല്ല. നമ്മുടെ എത്ര മനോഹരകാഴ്ചകളെയാണ്, നമ്മുടെ എത്ര ലാന്റ്സ്കേപ്പുകളെയാണ് നമ്മുടെ എത്ര കുന്നുകളെയാണ് നമ്മുടെ എത്രയെത്ര സ്വപ്നങ്ങളെയാണ് അത് ഒരു ദിവസംകൊണ്ട് കോരി മാറ്റിക്കളഞ്ഞത്....
ബെന്ന്യാമിന്,
ജെസിബി പേരു വിളിക്കുമ്പോള്‍ കുന്നുകള്‍ വരി വരിയായി അച്ചടക്കം ഉള്ള കുട്ടികളേപൊലെ ലോറിയില്‍ കയറുന്നത് വേദനിപ്പിക്കുന്ന കാഴ്ച തന്നെ.
ഒഫ്.ടൊ
ആഡിസ് അബബ കലക്കി കേട്ടോ. ഇപ്പോളാണ് പറയാനൊത്തത്
നല്ല പോസ്റ്റ്...
qw_er_ty
കുട്ടി.കോമില് ഒരു കുട്ടി എഴുതിയ കവിത:
ജെസിബി നാടു വാണീടും കാലം
കേരളമൊക്കെയും ഒന്നുപോലെ
കുന്നുകളുമില്ല; കുഴിയുമില്ല...
(ഓര്‍മയില്‍ നിന്ന്)
പോസ്റ്റും ഡിങ്കന്റെ കമന്റും നന്ന്.
അതു ശരിയാ.ബ്ലോഗുസാഹിത്യകാരന്മാരുടെ ഏഴയലത്തു വരുമോ ചുള്ളിക്കാടിനെപ്പോലുള്ള പൊട്ടക്കവികള്‍? ചുള്ളിക്കാടിനെയൊന്നും വെറുതെ വിടരുത്. തരത്തിനു കയ്യില്‍ കിട്ടുമ്പോള്‍ കൂവിയോടിക്കണം.പുള്ളിക്കാരന് നമ്മുടെ പേരു കേട്ടാല്‍ പേടിച്ചോടണം.ഏതു സിംഹമാ കഴുതപ്പുലികളെ പേടിക്കാത്തത്?
Benyamin,
Like most of your stories very much. Congrats.
Meera
Post a Comment