യാത്രകള്‍
കഴിഞ്ഞ നീണ്ട പ്രവാസവര്‍ഷങ്ങളിലൊക്കെ അവധിയ്ക്കു ചെല്ലുമ്പോള്‍ കാറുമായി എയര്‍പോര്‍ട്ടില്‍ വരാറുണ്ടായിരുന്നത് അച്ചാച്ചനായിരുന്നു. ഇത്തവണ ചെല്ലുന്നു എന്നു പറഞ്ഞപ്പോള്‍ എനിക്കു വയ്യ എന്നു പറഞ്ഞു. നീണ്ടയാത്രകള്‍ ചെയ്യാനാവാത്തവിധം പ്രിയപ്പെട്ടവര്‍ക്ക് പ്രായമാകുന്നു എന്ന് ആ വയ്യാഴ്കപറച്ചില്‍ എന്നെ ഓര്‍മ്മിപ്പിച്ചു. പ്രിയപ്പെട്ടവര്‍ക്കു മാത്രമല്ല എനിക്കും. നീണ്ട പതിനഞ്ചു വര്‍ഷങ്ങളാണ് പ്രവാസഭൂമിയില് പിന്നിട്ടുകഴിഞ്ഞത്. ഇന്നലത്തെപ്പോലെ അത്ര അടുത്ത്. മറ്റുപലരെയും പോലെ ഈ പ്രവാസം എന്നെ അത്രയ്ക്കൊന്നും മടുപ്പിച്ചിട്ടില്ല എന്നത് ഒരു സമസ്യയാവാം. വായന, എഴുത്ത്, സാഹിത്യപ്രവര്‍ത്തനങ്ങള്‍, നല്ല സൗഹൃദങ്ങള്‍ - നാട്ടില്‍ ആയിരുന്നെങ്കില്‍ ഉണ്ടാകുമായിരുന്നതിനേക്കാള്‍ കൂടുതല്‍ ഊര്‍ജ്ജം ഇക്കാര്യങ്ങളിലൂടെ എനിക്ക് നേടാനായിട്ടുണ്ടെന്ന് തോന്നുന്നു.
നമ്മള് നിരന്തരം നമ്മളെത്തന്നെ കണ്ടിരിക്കുന്നതിനാല്‍ പ്രായമേറുന്നത് അറിയുന്നതേയില്ല. മറ്റുള്ളവരുടെ മുഖത്തെ ചുളിവും കറുപ്പും കഷണ്ടിയും കിതപ്പുകളുമാണ് നമ്മെ നമ്മുടെ പ്രായം ഓര്‍മ്മിപ്പിക്കുന്നത്. പോരുമ്പോള്‍ നിക്കറിടാതെ നടന്ന കുട്ടികളൊക്കെ തലപൊക്കി നോക്കേണ്ട പരുവത്തിലേക്ക് നീണ്ടുവളര്‍ന്നിരിക്കുന്നു. കഴിഞ്ഞതവണ ചെന്നപ്പോള്‍ കൈപിടിച്ചിരുത്തി സ്നേഹാന്വേഷണങ്ങള്‍ ആരാഞ്ഞവരില്‍ പലരും ഇനിയൊരിക്കലും മടങ്ങി വരാത്ത ലോകത്തിലേക്ക് അപ്രത്യക്ഷരായിരിക്കുന്നു. ഒരു തലമുറ കൊഴിഞ്ഞുപോകുന്നത് നാം നമ്മുടെ കണ്മുന്നില് കാണുന്നു. അടുത്ത ഊഴം നമുക്കാണല്ലോ എന്ന് ഉള്ളിലൊരു കൊള്ളിയാന്‍ മിന്നുന്നു.
വിമാനമിറങ്ങി വീട്ടിലേക്കുള്ള നൂറു കിലോമീറ്റര്‍ യാത്രയില്‍ നാടിന്റെ അവസ്ഥ ഏതാണ്ട് നമുക്ക് പ്രത്യക്ഷപ്പെടുന്നു. പാതിവഴിക്ക് മലേഷ്യയിലെ പതിബെല്‍ കമ്പനി ഉപേക്ഷിച്ചുപോയ എം.സി. റോഡിലൂടെയുള്ള ആ യാത്ര സ്വര്‍ഗ്ഗത്തിലൂടെയും നരകത്തിലൂടെയും മാറിമാറിയുള്ള ഒരു യാത്രയായിരുന്നു. പിന്നെ നാട്ടില്‍ അങ്ങോളമിങ്ങോളം പല യാത്രകള്‍ നടത്തിയതില്‍ നിന്ന് മനസ്സിലായത്, പത്രങ്ങളും രാഷ്ട്രീയക്കാരും പറയുന്നതുപോലെ കേരളത്തിലെ എല്ലാ റോഡുകളും അത്ര മോശമല്ല എന്നാണ്. ചിലറോഡുകള്‍ ഇന്നും നശിക്കാതെ കിടക്കുന്നുണ്ട്. അവയെല്ലാംതന്നെ മേല്‍പ്പറഞ്ഞ പതിബെല്‍ പണിഞ്ഞതാണെന്ന് അറിയുമ്പോള്‍ ആഗോളവത്കരണ വിരുദ്ധനായ എനിക്കൊരു വൈക്ലബ്യം. എന്നാലും സത്യത്തിന്റെ നേര്‍ക്ക് കണ്ണടയ്ക്കാനാവില്ലല്ലോ.കോടതിയുടെ ഇടപെടല്‍ മൂലം റോഡുകള്‍ അടിയന്തരമായി റിപ്പയര്‍ ചെയ്യുന്ന കാലംകൂടിയായിരുന്നു അത്. ഈയം പൂശുന്നത്ര കനത്തിലാണ് കുഴികള്‍ മാത്രം അവശേഷിച്ച റോഡുകളില്‍ നമ്മുടെ നാട്ടുപണിക്കാര്‍ ടാറൊഴിക്കുന്നത്. അതൊക്കെ ഞാന്‍ തിരികെ പോരുന്നതിനു മുന്‍പേ ഇളകിത്തുടങ്ങിയിരുന്നു. നാടിന്റെ പണം ഒഴുകിപ്പോകുന്ന വഴികള്‍...
മതവും രാഷ്ട്രീയവും തമ്മില്‍ വലിയ സംവാദങ്ങള്‍ നടക്കുന്ന ഒരു കാലം കൂടിയായിരുന്നു അത്. പക്ഷേ അതിന് മുന്‍കാലങ്ങളില്‍ എഴുപതുകളിലോ എണ്പതുകളിലോ ഉണ്ടായിരുന്ന പ്രസക്തി ഉണ്ടെന്ന് എനിക്ക് തോന്നിയില്ല. മതവും രാഷ്ട്രീയവും അത്രയ്ക്ക് ഇഴപിരിഞ്ഞു കിടക്കുന്ന ഒരു സമൂഹമാണ് നമ്മുടേത്. രണ്ടും പ്രാമാണിക സ്ഥാനം ആവശ്യപ്പെടുന്നു എന്നു മാത്രം. മതത്തെ വളര്‍ത്താനും പരിപോഷിപ്പിക്കാനും എല്ലാ സര്‍ക്കാര്‍ സംവിധാനങ്ങളും ഒരുക്കിക്കൊടുത്തുകൊണ്ട് സ്യൂഡോസംവാദങ്ങള്‍ ഒരുക്കുന്നതിന്റെ കാപട്യമാണ് നാം കാണുന്നത്. രാവിലെ കേരളത്തിലെ നല്ലൊരു ശതമാനം സര്‍ക്കാര്‍ ബസ്സുകളും ഓടുന്നത് ഏതെങ്കിലും പള്ളിയുടെയോ അമ്പലത്തിന്റെയോ മുറ്റത്തേക്കാവും. തിരുവല്ല വരെ ഉണ്ടായിരുന്ന എല്ലാ ബസ്സുകളും ഇന്ന് ചക്കുളത്തുകാവ് വരെ പോകും. മാന്നാര്‍ വരെയുണ്ടായിരുന്നവ പരുമലപ്പള്ളി വരേക്കും. കൊട്ടാരക്കയില്‍ ഒരു ബസ് അതിന്റെ യാത്ര അവസാനിപ്പിക്കുന്നില്ല അത് ഭഗവതി ക്ഷേത്രം വരെപ്പോകും. ചാലക്കുടി വരെയല്ല പോട്ടവരെ. അങ്ങനെ കേരളത്തിലുടനീളം. അതിലൊക്കെ യാത്രക്കാരുണ്ടായിട്ടാണ് അവ പോകുന്നത്. മതത്തിനെ ആവശ്യമുള്ളവര്‍ ഇന്ന് വല്ലാതെ വര്‍ദ്ധിച്ചിരിക്കുന്നു. അതുകൊണ്ടുതന്നെ അതിന്റെ മേധാവികള്‍ പ്രാമാണികവും ആവശ്യപ്പെടുന്നു. മറ്റൊരു രസകരമായ ചിന്ത ഈ യാത്രകള്‍ക്കിടയില്‍ എനിക്കുണ്ടായി. ഗള്‍ഫുനാടുകളിലെ റോഡുകളില്‍ ഏറ്റവും അധികം പരിഗണന കൊടുക്കുന്നത് ഏതുതരം വാഹനങ്ങള്‍ക്കാണ്..? ആംബുലന്‍സ്, ഫയര്‍ സര്‍വ്വീസ്, പോലീസ്. ഇവ മൂന്നിന്റെയും കാര്യം കഴിഞ്ഞിട്ടേയുള്ളു ബാക്കി എന്തും. എന്നാല്‍ കേരളത്തിലെ കാര്യം എന്താണ്..? അവിടെ ഏറ്റവും പ്രാമുഖ്യം ആംബുലന്‍സിനും ഫയറിനും ഒന്നുമല്ല ജാഥകള്‍ക്കാണെന്നാണ് എനിക്കു തോന്നിയ കാര്യം. ഗതാഗതം മുഴുവന്‍ മണിക്കൂറുകളോളം സ്തംഭിപ്പിച്ച് പോലീസിന്റെ അകമ്പടിയോടെ ഏറ്റവും സുരക്ഷിതമായി ഏറ്റവും സംരക്ഷിക്കപ്പെട്ട് നടത്തുന്ന ജാഥകള്‍! അതു മുറിച്ചു കടക്കാന്‍ ഇന്ന് കേരളക്കരയില്‍ ഒരു ജീവിക്കും ധൈര്യമില്ല. അങ്ങനെ ശ്രമിക്കുന്നവന്റെ നടു ചവുട്ടിയൊടിക്കുന്ന കാഴ്ച നാം കണ്ടതാണല്ലോ. ജാഥകള്‍ നീണാള്‍ വാഴട്ടെ, മതരാഷ്ട്രീയ സംവാദം അന്യൂന്യം തുടരട്ടെ...
പുസ്തകപ്രദര്ശനം... പ്രകാശനം...
ഡി.സി. ബുക്സ് തിരുവനന്തപുരത്തും ദര്‍ശന കോട്ടയത്തും നടത്തിയ പുസ്തകമേളകളില്‍ പങ്കെടുക്കാന്‍ ഇത്തവണ കഴിഞ്ഞു. തിരക്കുകാരണം രണ്ടിടത്തും നേരേചൊവ്വേ പുസ്തകങ്ങള്‍ കാണാനോ തിരഞ്ഞെടുക്കാനോ കഴിഞ്ഞില്ല. കോടിക്കണക്കിന് രൂപയുടെ പുസ്തകങ്ങളാണ് ഓരോ പുസ്തകമേളകളിലും വിറ്റുപോകുന്നത് എന്നാണറിഞ്ഞത്. എന്നിട്ടും നമ്മുടെ വായനമാത്രം പുരോഗമിക്കുന്നില്ല. വായനയെ സംബന്ധിച്ച എന്റെ ഒരു പരികല്പന പുസ്തകങ്ങളുടെ ഒറ്റവായനകള്‍ നിരവധി നടക്കുന്നുണ്ട് എന്നാല്‍ പുസ്തകത്തെ വിവിധ തലങ്ങളില്‍ നിന്ന് വായിക്കാനും നോക്കിക്കാണാനും നിരീക്ഷിക്കാനുമുള്ള നമ്മുടെ കൗതുകം അസ്തമിച്ചിരിക്കുന്നു എന്നാണ്. അങ്ങനെ ഒരു പുസ്തകത്തിന്റെ പല വായനകള്‍ ഉണ്ടാകുമ്പോഴാണ് ആ പുസ്തകം നന്നായി വായിക്കപ്പെട്ടു എന്ന് വിലയിരുത്തേണ്ടത്. അങ്ങനെയാണ് നമ്മുടെ വായനകള്‍ അസ്തമിച്ചുകൊണ്ടിരിക്കുന്നു എന്ന് വിലയിരുത്തേണ്ടത്.
മൂന്ന് പുസ്തകപ്രകാശനച്ചടങ്ങുകളില്‍ പങ്കെടുക്കാനും ഇത്തവണ അവസരം ഉണ്ടായി. ചെങ്ങന്നൂരില്‍ നടന്ന ഒരു ചടങ്ങില്‍ വച്ച് യുവ എഴുത്തുകാരന് റെജിയുടെ 'കോള്‍മീ' എന്ന പുസ്തകം പ്രകാശനം ചെയ്തത് പ്രിയപ്പെട്ട കവി കടമ്മനിട്ട രാമകൃഷ്ണനാണ്. തന്റെ ആദ്യപുസ്തകം സ്വീകരിക്കുവാനായി റെജി കണ്ടെത്തിയത് തനിക്ക് ആദ്യാക്ഷരം പഠിപ്പിച്ചുകൊടുത്ത 'ആശാട്ടി' യെ ആയിരുന്നു എന്നത് ഏറ്റവും വലിയ ഗുരുപ്രണാമമായി മാറി. സാഹിത്യത്തിന്റെ വിവിധ തുറകളിലുള്ളവരെ പരിചയപ്പെടാം എന്നതാണ് ഇത്തരം ചടങ്ങുകളുടെ പ്രത്യേകത. ഏറെക്കാലമായി പരിചയമുണ്ടായിരുന്ന കവി കെ. രാജഗോപാലിനെയും കഥാകൃത്ത് സുരേഷ് ഐക്കരയെയും ഇവിടെവച്ച് ആദ്യമായി കാണാന്‍ കഴിഞ്ഞു.
അടുത്തത് കൊടുങ്ങല്ലൂരില്‍ വച്ച് നടന്ന വിപുലമായ ഒരു ചടങ്ങായിരുന്നു. പി. സുരേന്ദ്രന്റെ 'ചെ' എന്ന രാഷ്ട്രീയ കഥാസമാഹാരത്തിന്റെ പ്രകാശനം. സാറാ ജോസഫ്, കമല്‍, സി. ആര്. നീലകണ്ഠന്, വി.പി. നമ്പൂതിരി, ആസാദ്, എന്‍.എം. പിയേഴ്സണ്‍, അങ്ങനെ നിരവധി പേര്. ഗൗരവമേറിയ ചര്‍ച്ചകള്‍. സംവാദങ്ങള്‍. വിശകലനങ്ങള്‍.
അതിലും വിപുലമായ ഒരു വേദിയായിരുന്നു കോട്ടയത്ത് ഉണ്ടായിരുന്നത്. റെയ്ന്ബോ ബുക്സ് പ്രസിദ്ധീകരിച്ച 11 പുസ്തകങ്ങളുടെ പ്രകാശനമാണ് അവിടെ നടന്നത്. പ്രമുഖ തമിഴ് നോവലിസ്റ്റ് തോപ്പില്‍ മുഹമ്മദ് ബീരാനായിരുന്നുമുഖ്യാതിഥി. സി. ആര്. ഓമനക്കുട്ടന്, വി.സി. ഹാരിസ്, പി.കെ. രാജശേഖരന്, രാധിക നായര്‍, ശാരദക്കുട്ടി അങ്ങനെ നിരവധിപേര്‍. ഇച്ചടങ്ങില്‍ വച്ച് നമ്മുടെ ബൂലോകത്തിന് പ്രിയപ്പെട്ട കുറുമാന്റെ 'എന്റെ യൂറോപ്പ് സ്വപ്നങ്ങള്‍' എന്ന പുസ്തകം ഒരിക്കല്‍ക്കൂടി പ്രകാശനം ചെയ്യുകയുണ്ടായി.(അത്തരമൊരു ചടങ്ങ് മുന്‍പ് നടന്നു എന്നാണെന്റെ ഓര്‍മ്മ) എന്നുമാത്രമല്ല അവിടെ പി.കെ. രാജശേഖരന് ഈ പുസ്തകത്തെക്കുറിച്ചും ബൂലോക എഴുത്തിനെക്കുറിച്ചും വിശദമായി സംസാരിക്കുകയുണ്ടായി. ബുലോക എഴുത്തുകാര്‍ക്ക് അഭിമാനിക്കാവുന്ന ഒരു നിമിഷം.
ഈ ചടങ്ങുകളിലെല്ലാം വൃദ്ധന്മാരുടെയും തലനരച്ചവരുടെയും നിറഞ്ഞ സാന്നിദ്ധ്യമാണ് എന്നെ ആശങ്കപ്പെടുത്തിയത്. അല്ലെങ്കില്‍ യുവജനതയുടെ അഭാവമാണ് ആകുലപ്പെടുത്തിയത്. ഒരുകാലത്ത് സാഹിത്യത്തെ നെഞ്ചോടു ചേര്‍ത്തുപിടിച്ചുനടന്നിരുന്നത് കാമ്പസ് തലമുറയായിരുന്നു. അവരായിരുന്നു സാഹിത്യത്തിന്റെ ഊര്‍ജ്ജം. സംവാദങ്ങളിലെ ശക്തി. വിവാദങ്ങളിലെ ഉഷ്ണം. യുവജനങ്ങളെ ഇന്ന് സാഹിത്യസംബന്ധിയായ ചടുങ്ങുകളില്‍ ഇന്ന് കാണാന്‍ കിട്ടുക ഗള്‍ഫിലാണെന്ന് ഞാനൊരു വേദിയില്‍ പറയുക കൂടി ചെയ്തു. ആ കൊഴിഞ്ഞുപോക്കിന് രണ്ടു കാരണങ്ങള്‍ ഉണ്ടാകാം. ഒന്ന് നമ്മുടെ കാമ്പസുകളെ റിയാലിറ്റി ഷോകള്‍ തട്ടിക്കൊണ്ടുപോയത് രണ്ട്, ഇരുപതു കടന്ന യുവാക്കളൊന്നും നാട്ടിലില്ല അവര്‍ അന്യദേശങ്ങളിലാണുള്ളത് എന്ന സത്യം. റിയാലിറ്റിഷോകള്‍ അപഹരിച്ച നമ്മുടെ കാമ്പസിനെ സാഹിത്യം തിരിച്ചുപിടിക്കുന്ന ഒരു കാലത്തിനായി ആശിക്കാം.
എഴുത്തിന്റെ നാട്ടിലൂടെ ഒരു ത്രികോണയാത്ര
ത്രിശൂര്‍ - ഇടപ്പാള്‍ - കൊടുങ്ങല്ലൂര്‍ - ത്രിശൂര്‍ - ഇടപ്പാള്‍ ഇങ്ങനെയൊരു വിചിത്രമായ യാത്ര നടത്തേണ്ടിവന്നു അതിനിടെ. ബസ്യാത്രയിലെ ഏറ്റവും വലിയ കൗതുകം സ്ഥലപ്പേരുകള്‍ വായിക്കുകയാണ്. ഈ യാത്രയില്‍ ഞാന്‍ കണ്ട മിക്ക സ്ഥലപ്പേരുകളും എന്നെ ഓരോ സാഹിത്യകാരന്മാരെയും ഓര്‍മ്മിപ്പിച്ചു. അല്ലെങ്കില്‍ സാഹിത്യത്തിന്റെ ആ പുഷ്കലഭൂമിയിലെ ഓരോ ഗ്രാമത്തിലും ഓരോ എഴുത്തുകാരന് ഉണ്ടെന്നാതാണ് സത്യം. മേച്ചേരി, പെരുമ്പിലാവ്, കുണ്ടംകുളം, തൃപ്രയാര്‍, ഗുരുവായൂര്‍, വലപ്പാട്, മമ്മീയൂര്‍, ഒരുമനയൂര്‍ ഓര്‍ക്കുന്ന വളരെക്കുറച്ച് പേരുകളാണത്. ആ സ്ഥലങ്ങള്‍ പരിചയമുള്ളവര്‍ക്ക് കൂടുതല്‍ ഗ്രാമങ്ങളുടെ അവിടുത്തെ എഴുത്തുകാരുടെ പേരുകള്‍ ഓര്‍ക്കാന്‍ കഴിഞ്ഞേക്കാം. ആ ഗ്രാമങ്ങളിലൂടെ കടന്നുപോകുമ്പോള്‍ അപരിചിതത്വമല്ല സ്വന്തം ദേശത്തുകൂടി കടന്നുപോകുന്ന ഒരു പരിചയവും അടുപ്പവുമാണ് തോന്നിയത്. അതാണ് സാഹിത്യബന്ധങ്ങളുടെ തീവ്രത.
(തുടരും..)
Subscribe to:
Post Comments (Atom)
7 comments:
കുറിപ്പു നന്നായിരിക്കുന്നു. നിരീക്ഷണങ്ങളെല്ലാം വളരെ ശരിയാണ്. കഴിഞ്ഞ പത്തിരുപതു വര്‍ഷം മുമ്പേ ഉണ്ടായിരുന്നതിനേക്കാള്‍ മതത്തിന്റെ സ്വാധീനം കേരളീയ സമൂഹത്തില്‍ ഇന്നുണ്ട്. കേവലം മതത്തിനപ്പുറത്ത് ജാതിയടിസ്ഥാനത്തിലുള്ള പരിഗണനകള്‍ എല്ലാ മേഖലകളിലും കടന്നു വരുന്നു. നശിച്ചെന്നു കരുതിയ പലതും തിരിച്ചുവരുന്നു കൂടുതല്‍ ശക്തിയോടെ. പക്ഷെ ഈ പോക്ക് നല്ലതിനാണെന്നു തോന്നുന്നില്ല. പുസ്തകങ്ങള്‍ ചെലവാകുന്നതിലേറെയും വായനശാലകളിലേക്കും വിദ്യാലയങ്ങളിലേക്കുമാണ് പോകുന്നത്. അവ എത്രത്തോളം വായിക്കപ്പെടുന്നുണ്ടെന്നതാണ് അറിയേണ്ടത്. ആത്മാനുഭവങ്ങള്‍ ഹൃദ്യമായെഴുതിയതിനും പങ്കുവെച്ചതിനും നന്ദി. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.
പുസ്തകങ്ങള്‍ ഒരുപാട് ചിലവാകുന്നുണ്ടെങ്കിലും ഗൌരവവായന കുറുയുന്നുണ്ടാവണം. പക്ഷെ അതിനു പിന്നില്‍ മറ്റൊരു സംഗതിയുണ്ടെന്നു തോന്നുന്നു. ബെന്യാമിന് ശ്രദ്ധിച്ചിരിക്കും, ഇപ്പോള്‍ മലയാളത്തില്‍ വരുന്ന രചനകളില്‍ മള്‍ട്ടിപ്പിള്‍ റീഡിങ് ആവശ്യപ്പെടുന്ന രചനകള്‍ എത്രത്തോളമുണ്ട് ?പലപ്പോഴും കവിതകള്‍ ആദ്യവായന നല്കുന്ന കിക്കിനെ പിന്നീടുള്ള വായനകള്‍ക്ക് അതിജീവിക്കാനാവുന്നില്ല. തോന്നിയിട്ടുണ്ട്, രചനയുടെ മര്‍മ്മം തന്നെ പുനര്‍വായനയെ ചിലപ്പോഴൊക്കെ നിഷേധിക്കുന്നുവോ എന്ന്. നല്ല കൃതികള്‍ ഉണ്ടാവുന്നില്ലെന്നല്ല, ഉണ്ടാവുന്നവ ഗൌരവമായിത്തന്നെ വായിക്കപ്പെടുന്നുമുണ്ട്, പല തവണ, പല രീതിയില്‍. ചുരുങ്ങിയത് പല സുഹൃത് സംഭാഷണങ്ങളിലും അല്ലാതെയുള്ള വിലയിരുത്തലുകളിലും വെളിവാകുന്നത് അതാണ്. വല്ലാതെ നിരാശപ്പെടേണ്ടെന്നു വേണം കരുതാന്‍ ബെന്യാമന്.
കണ്ണൂരാന്റെയും പ്രശാന്തിന്റെയും അഭിപ്രായങ്ങള്‍ക്ക് നന്ദി. പുസ്തകങ്ങള്‍ പലപ്പോഴും ഇന്ന് അലങ്കാരവസ്തുക്കളുടെ സ്ഥനമാണ് ഏറ്റെടുത്തിരിക്കുന്നത്. ഒരിക്കലും വായിക്കപ്പെടാതെ ഷെല്ഫുകളില് ഒതുങ്ങിയിരിക്കാനാണ് അവകളുടെ വിധി. പണ്ടൊക്കെ ഒരു പുസ്തകം കണ്ടാല്‍ തന്നെ അതെത്ര കൈകളിലൂടെ കൈമാറി വന്നതാണെന്ന് ഊഹിക്കാന്‍ കഴിയും. ഇന്നൊരു ലൈബ്രറിയില്‍ പോയിനോക്കൂ, പുതുമണം മാറാത്ത പുസ്തകങ്ങളാണ് ഏറെയും.
പ്രശാന്ത് ,കഴിഞ്ഞ വര്‍ഷങ്ങളില്‍ ഇറങ്ങിയ മികച്ച മൂന്നു പുസ്തകങ്ങളുടെ കാര്യം പരിശോധിക്കാം. ചോര ശാസ്ത്രം, ചില വിശുദ്ധ ജന്മങ്ങളുടെ വിശേഷങ്ങള്‍, 2048 കി.മി. ഈ പുസ്തകങ്ങള്‍ എത്രത്തോളം വായനക്കാരുടെ ഇടയില്‍ ചര്‍ച്ചാവിഷയമായി? ഇവകള്‍ക്ക് എത്ര പുനര്‍വായനകള്‍ ഉണ്ടായി? ആധുനികതയുടെ കാലത്തായിരുന്നു ഇതേ പുസ്തകങ്ങള്‍ വന്നിരുന്നതെങ്കില്‍ അവ എത്രയധികം ചര്‍ച്ച ചെയ്യപ്പെടുമായിരുന്നു എന്നു ചിന്തിക്കുന്നിടത്താണ് ഇന്നത്തെ വായനയുടെ കുറവ് അനുഭവപ്പെടുന്നത്.
ബെന്യാമിന്, ആദ്യമേ മറുപടിയ്ക്ക് നന്ദി പറഞ്ഞുകൊള്ളട്ടെ.
:ആധുനികതയുടെ കാലത്തായിരുന്നു ഇതേ പുസ്തകങ്ങള്‍ വന്നിരുന്നതെങ്കില്‍ അവ എത്രയധികം ചര്‍ച്ച ചെയ്യപ്പെടുമായിരുന്നു: ഈ വാക്കുകള്‍ തെറ്റിദ്ധരിക്കപ്പെടില്ലെന്ന് കരുതട്ടെ. ഈ പുസ്തകങ്ങള്‍ ആധുനികതാകാലത്താണ് ഇറങ്ങേണ്ടിയിരുന്നതെന്ന് താങ്കള്‍ വിവക്ഷിച്ചില്ലെന്ന് ഞാന്‍ പറഞ്ഞാല്‍ അതാണ് ശരി, അല്ലേ ?
എനിക്കുതോന്നുന്നു 2048 അത്യാവശ്യം ചര്‍ച്ച ചെയ്യപ്പെട്ടിട്ടുണ്ടെന്ന് (യാദൃശ്ചികമായി, ഞാന്‍ മുന്‍പത്തെ കമന്റ് എഴുതിയപ്പോള്‍ ആ പുസ്തകമായിരുന്നു മനസ്സില്‍ !). വായിച്ച് ഇഷ്ടപ്പെട്ട പലരും അതിനെ പല രീതിയില്‍ ക്രോസ്സ് റീഡിംഗിന് വിധേയമാക്കിയിട്ടുണ്ട്. ഏറ്റവും പ്രധാനപ്പെട്ട കാര്യം, 2048 പുനര്വായകളില് വ്യത്യസ്ഥത് അനുഭവിപ്പിക്കാന്‍ പ്രാപ്തിയുള്ള ഒന്നാണെന്നാണ്. സ്ട്രക്ചറിനു പുറത്തും അകത്തുമായി വേറിട്ട വായനകള്‍. നിങ്ങള്‍ പറഞ്ഞവയില്‍ വിശുദ്ധജന്മങ്ങള്‍ അത്രത്തോളം മള്‍ട്ടിപ്പിള്‍ റീഡിങ് ആവശ്യപ്പെടുന്നുണ്ടോ എന്നു സംശയമാണ്. ചോരശാസ്ത്രം വായിച്ചിട്ടില്ല. ഇതു ബെന്യാമിന് ലിസ്റ്റ് ചെയ്തവയുമായി എന്റെ വായനാനുഭവങ്ങള്‍ എങ്ങനെയായിരുന്നു എന്നു പറഞ്ഞതാണ്. കൂടാതെ, നാട്ടിലും പുറത്തുമായി കഴിയുന്ന ചെറുതെങ്കിലും ഒരു വൃത്തത്തിലുള്ള സുഹൃത്തുക്കളുടെ ഇടയില്‍ നിത്യേനയെന്നോണം പങ്കു വയ്കപ്പെട്ടതും.
ആധുനികതയുടെയും അതിന്റെ മാറ്റൊലികളുടെയും കാലത്ത് മാധ്യമങ്ങള്‍ കൊടുത്തിരുന്ന കവറേജ് പ്രധാനമായിരുന്നില്ലെ ? ഇന്ന് 2048 പോലൊരു കൃതിയ്ക്ക് (എഴുത്തുകാരന്റെ ലേബലില്ല്ലാതെ) ഏതെങ്കിലും മുഖ്യധാരാ പ്രസിദ്ധീകരണത്തില്‍ (ആളുകള്‍ വായിക്കുന്നത് എന്നര്‍ത്ഥം) ഇടം കിട്ടുമോ ? വിശുദ്ധജന്മങ്ങള്‍ക്ക് നോവലിസ്റ്റിന്റെ ലേബല്‍ ഉണ്ടായിരുന്നു, മലയാളം വാരികയില്‍ അച്ചടിച്ചു വരാന്‍. ബ്ലോഗില്‍ ആക്ടീവായിരുന്ന ഒരാളുടെ മികച്ച ഒരു കഥ ഒരു പ്രധാന വാരികയ്ക്ക് അയച്ചുകൊടുക്കുകയുണ്ടായി, സ്ഥാപനത്തിനകത്ത് ആളുണ്ടായിരുന്നത് കൊണ്ട് മാത്രം. കാരണം പ്രസിദ്ധീകരിക്കാനല്ല, കഥയുടെ ഗുണനിലവാരം തീരുമാനിക്കുന്നവരെക്കൊണ്ട് ഒന്നു വായിപ്പിക്കാന്‍ ശ്രമിക്കാമല്ലൊ ആ വ്യക്തി മുഖേനെ എന്നതുകൊണ്ടുമാത്രം. വിശ്വാസമുണ്ടായിരുന്നു, ഒരിക്കല്‍ വായിച്ചാല്‍ നിഷേധിക്കാനാവില്ലെന്ന് ! അതു തെറ്റായിരുന്നു, പ്രസിദ്ധീകരണയോഗ്യമല്ലെന്ന് വ്യക്തമായ മറുപടി കിട്ടി. ആ സമീപസമയത്തും അതിനു ശേഷവും ആ ഴ്ചപ്പതിപ്പില്‍ വന്നിട്ടുള്ള കഥകളില്‍ രണ്ടോ മൂന്നോ മാത്രമാണ് അവരു തള്ളിക്കളഞ്ഞതിലും മികച്ചവയായി തോന്നിയത്. വായനക്കാര്‍ക്ക് പല മികച്ച (താരതമ്യെന പുതിയ) എഴുത്തുകാരെയും അറിയാതെ സാധിക്കാതെ പോവുന്നു.
ഇനി, നല്ലവയെപറ്റി (അവ എഴുതിയത് പുതിയവരാണെങ്കില്‍) ആരെങ്കിലും പറയേണ്ടെ ? ഏതെങ്കിലും എസ്റ്റാബ്ലീഷ്ഡ് ആയ നിരൂപകനോ മറ്റ് എഴുത്തുകാരോ ഈപ്പറഞ്ഞ പുസ്തകങ്ങളെപ്പറ്റി പരാമര്‍ശിച്ചിട്ടില്ലെന്നാണ് തോന്നുന്നത്. വായനക്കാര്‍ മുന്‍പരിചയം ഇല്ലാത്ത ഒരാളുടെ കൃതികളിലേയ്ക്ക് പെട്ടെന്ന് എത്തിപ്പെടാന്‍ ബുദ്ധിമുട്ടായിരിക്കും. വേണ്ടത്ര കവറേജ് ഇല്ലാതെ പോവുന്നത് തന്നെ പ്രധാനകാര്യം. ബെന്യാമിന് ആദ്യകാലത്ത് ഈ പ്രശ്നത്തെ എങ്ങനെ കണ്ടിരുന്നു എന്നറിയാന്‍ കൌതുകമുണ്ട്.
പുസ്തകങ്ങള്‍ വായനക്കാരിലേയ്ക്ക് വേണ്ടത്ര എത്തുന്നില്ല എന്നതും വായന കുറയാന്‍ കാരണമാവുന്നു എന്നു പറയാനാണ് മേല്‍ കമന്റ് മുഴുവനും എഴുതിയത് !
പ്രശാന്ത്, അവസാനത്തില്‍ നിന്ന് തുടങ്ങാം. എല്ലാ എഴുത്തുകാരും നേരിട്ടിട്ടുള്ള ഒരു പ്രശ്നമാണ് പത്രാധിപന്മാര് തള്ളിക്കളയുന്ന രചനകള്‍. അങ്ങനെയില്ലാത്ത ഒരു എഴുത്തുകാരന് ഉണ്ടാകുമെന്ന് തോന്നുന്നില്ല. നമ്മള് തുടരെ തുടരെ എഴുതുക. അയച്ചുകൊണ്ടിരിക്കുക. അതേസമയം തിരസ്കരിക്കപ്പെട്ട രചനയുടെ പോരായ്മ എന്തായിരുന്നു, എന്തുകൊണ്ട് ആ രചന പത്രാധിപര്‍ നിരസിച്ചു എന്ന് സ്വയം വിലയിരുത്താന്‍ ശ്രമിക്കുക. അതിനെ മറികടക്കുന്ന മറ്റൊരു രചനയില്‍ മുഴുകുക. പ്രസിദ്ധീകരിക്കാതിരിക്കാന്‍ പത്രാധിപര്‍ക്കു വരുന്ന ഒരു കാലം വരും. അതാണെന്റെ അനുഭവം.
2. തീര്‍ച്ചയായും ആ കൃതികള്‍ ആധുനിക കാലത്ത് വരേണ്ടവയല്ല എന്നു തന്നെയാണ് ഞാന്‍ ഉദ്ദേശിച്ചത് (എന്നെ തെറ്റിവായിക്കാതിരുന്നതിന് നന്ദി. സാധാരണ ഇത്തരം ഒരു വാചകം മതി ബ്ലോഗില്‍ ഗുസ്തി ആരംഭിക്കാന്‍ ) ഈ കൃതികള്‍ പ്രസിദ്ധീകരിക്കപ്പെട്ടത് അതുപോലെ ഒരു കാലത്തായിരുന്നെങ്കില്‍ നിരൂപകരും മാധ്യമങ്ങളും എത്രത്തോളം അവയെ കൊണ്ടാടും എന്നാണ് ഞാന്‍ ഉദ്ദേശിച്ചത്. പക്ഷേ അത്തരത്തില്‍ ഒരു ചലനവും ഇവിടെ ഉണ്ടായില്ല. അത് എന്തുകൊണ്ടാണ്..? ഒരു കൃതിയെപ്പറ്റി ഏതെങ്കിലും ഒരു നിരൂപകന് വായനക്കാരന് എന്തെങ്കിലും പറഞ്ഞേക്കാം. പക്ഷേ അദ്ദേഹം പറഞ്ഞതില്‍ നിന്ന് വ്യത്യസ്തമായ തലത്തില്‍ നിന്ന് മറ്റൊരു വീക്ഷണകോണിലൂടെ മറ്റൊരാള്‍ പറയുമ്പോഴാണ് അതിനൊരു രണ്ടാം വായന ഉണ്ടായതെന്ന് എനിക്ക് തോന്നുന്നത്. ഖസാക്ക് തന്നെ നോക്കൂ. എത്ര തരത്തിലാണ് ആ കൃതി വായിക്കപ്പെട്ടത്. എത്ര തരം വായനകള്‍. അതിന് ശക്തരായ നിരൂപകരുണ്ടാവണം. വ്യത്യസ്തമായി വായിക്കാന്‍ അറിയാവുന്ന വായനക്കാര്‍ ഉണ്ടാകണം. അപ്പോഴാണ് ഒരു കൃതിയുടെ പല വായനകള്‍ ഉണ്ടാകുന്നത്. നാം ഒരു കൃതി വായിച്ച് അതിഷ്ടപ്പെട്ട് ഒരു സുഹൃത്തിനോടു ചര്‍ച്ച ചെയ്യുമ്പോള്‍ അത്തരം വായന ഉണ്ടാകുന്നില്ല. അതാണ് ഇപ്പോഴത്തെ വായനയുടെ ദുരന്തം.
അടിക്കുറിപ്പ്: എന്റെ ചെറിയൊരു ആത്മാനുഭവക്കുറിപ്പിനെ ഇത്തരത്തില്‍ ഒരു സജീവമായ സാഹിത്യ ചര്‍ച്ചയാക്കി മാറ്റിയതില്‍ നന്ദി. ചോര ശാസ്ത്രം സമയം കിട്ടുമ്പോള്‍ വായിക്കണം.
ഈ പ്രവാസം എന്നെ അത്രയ്ക്കൊന്നും മടുപ്പിച്ചിട്ടില്ല എന്നത് ഒരു സമസ്യയാവാം. വായന, എഴുത്ത്, സാഹിത്യപ്രവര്‍ത്തനങ്ങള്‍, നല്ല സൗഹൃദങ്ങള്‍ - നാട്ടില്‍ ആയിരുന്നെങ്കില്‍ ഉണ്ടാകുമായിരുന്നതിനേക്കാള്‍ കൂടുതല്‍ ഊര്‍ജ്ജം ഇക്കാര്യങ്ങളിലൂടെ എനിക്ക് നേടാനായിട്ടുണ്ടെന്ന് തോന്നുന്നു.
കാപട്യത്തിന്റെ മുഖം മൂടികളില്‍ ഒളിപ്പിച്ചു, പ്രവാസ(ഗള്‍ഫ്) ജീവിതത്തിന്റെ എല്ലാ ജാടകളുടേയും കിരീടം ചൂടി ഞെളിഞ്ഞു നിന്ന് ഞാനിതൊക്കെ മതിയാക്കി ഉടനേ നാട്ടിലേക്കു മടങ്ങുമെന്ന് എല്ലാ വര്‍ഷവും മുറതെറ്റാതെ വീമ്പുന്ന കോമരങ്ങള്‍ ഇതൊന്നു വായിച്ചിരുന്നാല്‍ കൊള്ളാം
Post a Comment