Thursday, June 19, 2008

കേരളത്തില്‍ നിന്നും കൊണ്ടുവന്ന പേന - 2

കേളി- ത്രൈമാസികയുടെ ചര്‍ച്ചയുടെ രണ്ടാം ഭാഗം

5. യഥാര്‍ത്ഥ ഗള്‍ഫിനെ രേഖപ്പെടുത്തിയ രചനകള്‍ ഉണ്ടായിട്ടുണ്ടോ..? ഇല്ലെങ്കില്‍ എന്തുകൊണ്ട്‌..?
ഒരു കരാര്‍ തൊഴിലാളി എന്നതിനപ്പുറം അറബ്‌ സാംസ്കാരിക സമൂഹത്തില്‍ ഇടപെട്ടു ജീവിക്കുവാന്‍ ഒരുവിധത്തിലും നാം അനുവദിക്കപ്പെടുന്നില്ല. പഴയ അടിമവര്‍ഗ്ഗത്തിനു തുല്യമായെ നല്ലൊരു ശതമാനം അറബികളും നമ്മെ കാണുന്നുള്ളൂ. ഒരു അദൃശ്യമതിലിന്‌ അപ്പുറത്തും ഇപ്പുറത്തുമായാണ്‌ നമ്മുടെ ജീവിതങ്ങള്‍. മറ്റേതൊരു ആധുനിക കുടിയേറ്റ പ്രവാസത്തിലും കാണാത്ത പ്രത്യേകതയാണിത്‌. ഈ മതില്‍ മുറിച്ചുകടന്നു ചെന്ന് സാംസ്കാരിക വിനിമയം നടത്താനും കഥ എഴുതാനും നാം വിമുഖരാണ്‌ എന്നതുതന്നെ ഗള്‍ഫിനെ രേഖപ്പെടുത്തുന്ന കഥകള്‍ ഇല്ലാതെ പോകുന്നതിന്റെ കാരണം. അങ്ങനെയൊരു കഥയുണ്ടെങ്കില്‍ തന്നെ അതിലെ മുഖ്യകഥാപാത്രം മലയാളി ആയിരിക്കും എന്നതാണ്‌ തമാശ.
6.ലോകസാഹിത്യവായനയില്‍ മലയാളി പലപ്പോഴും മുന്നിലാണ്‌ എന്നാല്‍ അറബി സാഹിത്യം വായിക്കാന്‍ ഗള്‍ഫില്‍ കഴിയുന്ന മലയാളികള്‍ ഒട്ടും താത്‌പര്യം കാണിക്കുന്നില്ല. അറബി ഭാഷ നിര്‍ണ്ണയിക്കുന്ന ഒരിടത്ത്‌ ജീവിച്ചിട്ടും ഈ സാഹിത്യത്തിലേക്ക്‌ മലയാളി എത്താത്തതിന്റെ കാരണം എന്തായിരിക്കും..?
ഇതിനു പലകാരണങ്ങളുണ്ട്‌. ഒന്ന്, നാം അനുഭവിക്കുന്നതിന്റെ നേര്‍ചിത്രങ്ങള്‍ പ്രതീക്ഷിച്ച്‌ നമ്മെ പെട്ടെന്ന് ആകര്‍ഷിക്കാന്‍ ഇടയുള്ളത്‌ നമ്മള്‍ കുടിയേറിയിരിക്കുന്ന ജി.സി.സി. രാജ്യങ്ങളില്‍ നിന്നുള്ള സാഹിത്യമാണ്‌. എന്നാല്‍ അതിന്‌ അത്ര പുഷ്‌കല കാലമല്ല ഉള്ളത്‌. ഇറങ്ങുന്നവയുടെ തന്നെ ഇംഗ്ലീഷ്‌ തര്‍ജ്ജിമകള്‍ ഉണ്ടാവുന്നുണ്ടോ എന്ന് സംശയമാണ്‌. രണ്ട്‌, അറബി എന്ന ഭാഷയില്‍ എഴുതപ്പെടുന്നു എന്നതുകൊണ്ട്‌ നമ്മെ ഒരു കൃതി ആകര്‍ഷിക്കണം എന്നില്ല. സുഡാന്‍, ലിബിയ, അള്‍ജീരിയ എന്നിവിടങ്ങളില്‍ നിന്ന് ഇറങ്ങുന്ന സാഹിത്യകൃതികളെ അറബി സാഹിത്യം എന്ന നിലയില്‍ നാം കാണുന്നില്ല അത്‌ ആഫ്രിക്കന്‍ സാഹിത്യം എന്ന നിലയിലാണ്‌ അതില്‍ താത്പര്യമുള്ളവര്‍ വായിക്കുന്നത്‌. മൂന്ന്, പുസ്‌തകങ്ങളുടെ ലഭ്യത. ഗള്‍ഫിലെ മികച്ച പുസ്‌തകമേളകളില്‍പ്പോലും അറബ്‌ സാഹിത്യകൃതികളുടെ ഇംഗ്ലീഷ്‌ തര്‍ജ്ജിമകള്‍ കിട്ടാന്‍ പ്രയാസമാണ്‌. നാല്‌, ആഗോള വിതരണ ശൃംഖലയുള്ള പ്രസാധകരാല്‍ പ്രസിദ്ധീകരിക്കപ്പെട്ടു എന്നതാണ്‌ ഗബ്രിയേല്‍ മാര്‍ക്കേസ്‌ ഉള്‍പ്പെടെയുള്ള ലാറ്റിന്‍ അമേരിക്കന്‍ എഴുത്തുകാരുടെ ഭാഗ്യം അതുകൊണ്ടാണ്‌ അത്‌ നമ്മള്‍ വിവര്‍ത്തനം ചെയ്‌തത്‌. വായിച്ചത്‌. പല അറബ്‌ എഴുത്തുകാര്‍ക്കും ആ ഭാഗ്യമില്ല.
7. മലയാളം അന്നം തരാന്‍ കഴിവില്ലാത്ത ഭാഷയാണെന്ന് പലരും പറയാറുണ്ട്‌. ദിനേന മൈഗ്രന്റായി മാറുന്ന ഒരു സമൂഹമായി കേരളം മാറവെ നമ്മുടെ മാതൃഭാഷയുടെയും സാഹിത്യത്തിന്റെയും അതിജീവനം എങ്ങനെയായിരിക്കും..?
ഭാഷയുടെ അതിജീവനമൊക്കെ കാലം നിര്‍ണ്ണയിക്കേണ്ട കാര്യങ്ങളാണ്‌, അതേപ്പറ്റി നമ്മള്‍ ഇവിടെയിരുന്ന് പ്രവചനം നടത്തിയിട്ട്‌ കാര്യമൊന്നുമില്ല. പെട്ടെന്നുണ്ടാകുന്ന മാറ്റങ്ങള്‍, സാഹചര്യങ്ങള്‍, രാഷ്ട്രീയദിശാവ്യതിയാനങ്ങള്‍, സാങ്കേതിക മുന്നേറ്റങ്ങള്‍ ഒക്കെ ഭാഷയുടെ ഭാവിയെ നിര്‍ണ്ണയിച്ചേക്കാം. ഇന്റര്‍നെറ്റിന്റെ വരവോടെ ഭൂമിയില്‍ ഇംഗ്ലീഷ്‌ ഒഴികെ എല്ലാ ഭാഷകളും അപ്രത്യക്ഷമാകാന്‍ പോകുന്നു എന്ന് നമ്മള്‍ ഭയന്നിരുന്നു. എന്നാല്‍ ലോകത്തെമ്പാടുമുള്ള പ്രാദേശിക ഭാഷകള്‍ അതിന്റെ അതിജീവനത്തിനായി പോരാടുകയും സങ്കേതികത കൈവശപ്പെടുത്തി ഇന്റര്‍നെറ്റില്‍ കയറിക്കുടുകയും ചെയ്‌തു. അക്കൂട്ടത്തില്‍ മലയാളവും ഉണ്ടായിരുന്നു. ഇന്ന് നാം ആശങ്കപ്പെടാനില്ലാത്തവിധത്തില്‍ ഇന്റര്‍നെറ്റില്‍ മലയാളം ഉപയോഗിക്കുന്നു. ലോകത്താകമാനമുള്ള മലയാളികള്‍ പണ്ടില്ലാത്തവിധം മലയാളം ഉപയോഗിക്കുന്ന കാലമാണിത്‌. ഇതൊരു ഉദാഹരണം മാത്രമാണ്‌. അപ്പപ്പോഴുണ്ടാകുന്ന മാറ്റങ്ങള്‍ക്കനുസരിച്ച്‌ ഭാഷ അതിന്റെ വഴി കണ്ടെത്തിക്കൊള്ളും. പിന്നെ സിംഹവാലന്‍ കുരങ്ങനെപ്പോലെ സംരക്ഷിക്കേണ്ട ഒന്നല്ല നമ്മുടെ ഭാഷ. വെറും അഞ്ഞൂറുവര്‍ഷത്തെ പഴക്കമേ അതിനുള്ളൂ. അതുതന്നെ എത്രയധികം മാറ്റങ്ങളിലൂടെയാണ്‌ ഇവിടെ വരെയെത്തിയത്‌. പിന്നെങ്ങനെ ഇപ്പോഴത്തെ നിലയില്‍ അത്‌ തുടരണമെന്ന് നമുക്ക്‌ വാദിക്കാന്‍ കഴിയും..
പിന്നെ നമ്മുടെ സാഹിത്യം. ലോകത്തിലെ മികച്ച കൃതികള്‍ അപ്പപ്പോള്‍ വിവര്‍ത്തനം കെയ്‌തിറങ്ങുന്ന ഒരു ഭാഷയാണ്‌ നമ്മുടേത്‌. നമ്മുടെ വായനക്കാര്‍ക്ക്‌ അത്തരം കൃതികളോടുള്ള പരിചയം ഏറെയാണ്‌. അപ്പോള്‍ ലോകസാഹിത്യത്തിനോടാണ്‌ നമ്മുടെ ഓരോ എഴുത്തുകാരനും മത്സരിക്കാനുള്ളത്‌. അതിനുമാത്രം പ്രതിഭകൊണ്ടും കഠിനാധ്വാനംകൊണ്ടുമല്ലാതെ മലയാളസാഹിത്യത്തിന്‌ ഇനി പിടിച്ചുനില്‌ക്കാനാവില്ല.

7 comments:

ബെന്യാമിന്‍ said...

ഇന്റര്‍നെറ്റിന്റെ വരവോടെ ഭൂമിയില്‍ ഇംഗ്ലീഷ്‌ ഒഴികെ എല്ലാ ഭാഷകളും അപ്രത്യക്ഷമാകാന്‍ പോകുന്നു എന്ന് നമ്മള്‍ ഭയന്നിരുന്നു. എന്നാല്‍ ലോകത്തെമ്പാടുമുള്ള പ്രാദേശിക ഭാഷകള്‍ അതിന്റെ അതിജീവനത്തിനായി പോരാടുകയും സങ്കേതികത കൈവശപ്പെടുത്തി ഇന്റര്‍നെറ്റില്‍ കയറിക്കുടുകയും ചെയ്‌തു. അക്കൂട്ടത്തില്‍ മലയാളവും ഉണ്ടായിരുന്നു. ഇന്ന് നാം ആശങ്കപ്പെടാനില്ലാത്തവിധത്തില്‍ ഇന്റര്‍നെറ്റില്‍ മലയാളം ഉപയോഗിക്കുന്നു.

mehaboob said...

...പിന്നെ സിംഹവാലന്‍ കുരങ്ങനെപ്പോലെ സംരക്ഷിക്കേണ്ട ഒന്നല്ല നമ്മുടെ ഭാഷ....

ആര്‍ക്കാണ്‌ സാര്‍ ഇത്തരം ആശങ്കകള്‍ കൂടുതലായുള്ളത്‌ ?
ഗള്‍ഫിലെ കാര്യം എടുത്താല്‍, വീട്ടില്‍ പോലും സ്വന്തം കുട്ടികളെ മലയാളം സംസാരിക്കാന്‍ അനുവദിക്കാതെ ആഴ്ചയിലൊരിക്കല്‍ ഏതെങ്കിലും സമാജത്തിന്റെ വേദിയില്‍ 'മലയാലത്തെ' ഓര്‍ത്ത്‌ നെടുവീര്‍പ്പിടുന്ന സൂട്ടപ്പന്‍മാര്‍ക്കും 'മലയാലി' മങ്ക(ങ്കി)മാര്‍ക്കുമോ ?
ഞങളുടെ നാട്ടില്‍ ഒരുപാട്‌ ആംഗ്ളൊ ഇന്‍ഡ്യന്‍ കുടുംബങള്‍ ഉണ്ട്‌. അവരുടെ പുതിയ തലമുറ പോലും ഇപ്പോള്‍ മലയാളം ഐഛിക വിഷയമായെടുത്ത്‌ അദ്ധ്യാപക ജോലിയിലും മറ്റും ഏര്‍പ്പെടുന്നു.
കേരളവും മലയാളിയും ഭൂമിയില്‍ അവശേഷിക്കുന്നിടത്തോളം മലയാളവും നിലനില്‍ക്കുക തന്നെ ചെയ്യും.

ബെന്യാമിന്‍ said...

താങ്കള്‍ എടുത്തെഴുതിയതിന്റെ തൊട്ടുമുന്നിലുള്ള ഈ വരികൂടി പറയാതെ അതെങ്ങനെ പൂര്‍ത്തിയാവും:
ലോകത്താകമാനമുള്ള മലയാളികള്‍ പണ്ടില്ലാത്തവിധം മലയാളം ഉപയോഗിക്കുന്ന കാലമാണിത്‌. ഇതൊരു ഉദാഹരണം മാത്രമാണ്‌. അപ്പപ്പോഴുണ്ടാകുന്ന മാറ്റങ്ങള്‍ക്കനുസരിച്ച്‌ ഭാഷ അതിന്റെ വഴി കണ്ടെത്തിക്കൊള്ളും.
ഭാഷ വളരുന്നു. നിലനില്ക്കുന്നു എന്നുതന്നെയാണ് ഞാനും പറഞ്ഞത്.
പിന്നെ ഗള്‍ഫ് മലയാളികളെ സംബന്ധിച്ച പരാമര്‍ശം. അതൊരു പത്തുവര്‍ഷം മുന്‍പുവരെ ശരിയായിരുന്നു. എന്നാല്‍ ഇന്ന് നാട്ടിലെ കുട്ടികളെക്കാള്‍ നന്നായി മലയാളം സംസാരിക്കുന്നത് ഗള്‍ഫിലെ കുട്ടികളാണ്. അവരാണ് ഇപ്പോള്‍ മലയാളം നന്നായി പഠിക്കുന്നതും. മലയാളഭാഷ മരിക്കുന്നെങ്കില്‍ അത് കേരളത്തിലാവും, വിദേശമലയാളികളുടെ ഇടയില്‍ അത് ജീവിക്കുക തന്നെ ചെയ്യും.

കുട്ടനാടന്‍ said...

ബെന്നിയുടെ ആ വാദം ഏറെ ശരിയാണ്. ഗൾഫിൽ സന്ദർശനത്തിനു വരുന്ന നാട്ടിലെ വരേണ്യ സാഹിത്യകാരന്മാർ ഉപചാരം പറയുന്നതാണങ്കിലും ഇന്നത് സത്യമാണ് - കേരളത്തിനേക്കാൾ ഭാഷയെ സ്നേഹിക്കയും പരിപോഷിപ്പിക്കയും ചെയൂന്നത് ഇപ്പോൾ ഗൾഫിലാണ്- എന്നത്. ഇന്ന് ഗൾഫിലുള്ള ഭൂരിപക്ഷം ഇന്ത്യൻ സ്ക്കൂളുകളിലും മലയാളം പഠിപ്പിക്കുന്നു. ഇത്തവണ 10ലെ റിസൽട്ടിൽ മലയാളത്തിന് 99 മാർക്കു വാങ്ങിയ ഏറെ കുട്ടികളുണ്ട്. നാട്ടിൽ നടക്കുന്ന പല സംഭവങ്ങളും ഏറെ ആകുലതയോടെ നോക്കിക്കണുന്ന സമൂഹവും ഗൾഫ് മലയാളികൾ തന്നെയാണ്

വല്യമ്മായി said...

"ഗള്‍ഫിലെ കാര്യം എടുത്താല്‍, വീട്ടില്‍ പോലും സ്വന്തം കുട്ടികളെ മലയാളം സംസാരിക്കാന്‍ അനുവദിക്കാതെ ആഴ്ചയിലൊരിക്കല്‍ ഏതെങ്കിലും സമാജത്തിന്റെ വേദിയില്‍ 'മലയാലത്തെ' ഓര്‍ത്ത്‌ നെടുവീര്‍പ്പിടുന്ന സൂട്ടപ്പന്‍മാര്‍ക്കും 'മലയാലി' മങ്ക(ങ്കി)മാര്‍ക്കുമോ ?"

തനിക്ക് കഴിയാത്തത് തന്റെ മക്കളിലൂടെ നേടണം എന്ന് ആഗ്രഹിച്ചിരുന്ന ഒരു തലമുറയാണ് മക്കളെ ഇംഗ്ലീഷ് പറയാനും ഡോക്ടറും എന്‍‌ജിനീയറും ആകാനുമൊക്കെ നിര്‍ബന്ധിച്ചിരുന്നത്.ഇന്ന് സ്ഥിതിഗതികള്‍ കുറച്ചൊക്കെ മെച്ചപ്പെട്ടിട്ടുണ്ട്.എന്നാലും സ്കൂളിലും പുറത്തും മറ്റ് ഭാഷകളില്‍ ഇടപഴകുന്ന കുട്ടികള്‍ക്ക് മലയാളത്തോടുള്ള സ്നേഹം വീട്ടില്‍ നിന്ന് തന്നെയാണ് കിട്ടേണ്ടത്.

ബെന്യാമിന്‍ said...

തീര്‍ച്ചയായും. സ്‌കൂളുകളില്‍ മലയാള സാധ്യത കുറവാണ്. അത് നമ്മള്‍ വീട്ടില്‍ തന്നെയാണ് പരിഹരിക്കേണ്ടത്.

ഞാന്‍ ഇരിങ്ങല്‍ said...

ചോദ്യം 5 ന്‍റെ കമന്‍റ്: തീര്‍ച്ചയായും ഒരു കരാര്‍ തൊഴിലാളി എന്നതിലപ്പുറം അറബ് സമൂഹത്തില്‍ ഇടപെടാന്‍ അനുവദിക്കുന്നുമില്ല മാത്രവുമല്ല അതിന് സാഹചര്യവും നമുക്കില്ല. അടിമ - ഉടമ ബന്ധം തന്നെയാണ് എന്നും ഉണ്ടായിട്ടുള്ളത്.
കുടിയേറ്റം എന്ന് ഒരിക്കലും വിശേഷിക്കാന്‍ സാധിക്കാത്തതാണ് ഗള്‍ഫില്‍ ജീവിതം. ഗള്‍ഫില്‍ ജീവിക്കുമ്പോഴും മനസ്സും കണ്ണും കേരളത്തിലേക്ക് തന്നെയാണ്. ഗള്‍ഫില്‍ വീടുവയക്കാനല്ല അവന്‍ അധ്വാനിക്കുന്നത്.
ഗള്‍ഫില്‍ സുഖിക്കാനല്ല അവന്‍ വിയര്‍പ്പൊഴുക്കുന്നത്.
ഗള്‍ഫിലെ ബാങ്കില്‍ പണം നിക്ഷേപിക്കാനല്ല അവന്‍ ആഗ്രഹിക്കുന്നത്.
എല്ലാം നാട്ടില്‍ തന്നെ ചെയ്യുക തന്നെയാണ് ഒരു ഗള്‍ഫ് പ്രവാ‍സിയുടെ സ്വപ്നവും പ്രതീക്ഷയും.

ഗള്‍ഫ് സംസ്കാരത്തില്‍ കഥകള്‍ ഇല്ലാത്തതും ഒരു പക്ഷെ ഇതൊക്കെ കൊണ്ട് തന്നെയാണ്.

ചോദ്യം 6 ന്‍ റെ ഉത്തരത്തിനുള്ള കമന്‍ റ്:

പ്രധാനമായും ഭാഷാപരമായ ശേഷിക്കുറവ് തന്നെയാണ് അറബ് സാഹിത്യത്തില്‍ മലായാളിയെ എത്തിക്കാത്തത് എന്ന് സമ്മതിക്കുന്നതില്‍ തെറ്റില്ല. മാത്രവുമല്ല അത്തരം പ്രവര്‍ത്തനങ്ങളോട് സല്ലപിക്കാനുള്ള ഒരു മാനസീക അവസ്ഥയല്ല മലയാളികളായ അല്ലെങ്കില്‍ ഇന്ത്യന്‍ ഗള്‍ഫ് ജീവിതത്തിനുള്ളത് എന്ന് നമ്മള്‍ മനസ്സിലാക്കേണ്ടിയിരിക്കുന്നു. ഗള്‍ഫ് ജീവിതത്തില്‍ വൈറ്റ് കോളര്‍ ജീവിതം നയിക്കുന്ന ഇന്ത്യക്കാരുടെ ശത മാനം വളരെ കുറവാണ് എന്നതില്‍ നിന്ന് സാഹചര്യങ്ങളുടെ പ്രശ്നങ്ങള്‍ നമുക്ക് മനസ്സിലാക്കാവുന്നതാണ്.
അത്തരം നല്ല സാഹചര്യങ്ങള്‍ ഉണ്ടായിട്ടും പ്രവാസി അറബ് സാഹിത്യം വായിക്കാന്‍ താല്പര്യം കാണിക്കാത്തതിന്‍ റെ കാരണം താങ്കള്‍ പറഞ്ഞതു പോലെ ഇംഗ്ലീഷ് തര്‍ജ്ജിമകളോ എഴുത്തുകാരനെ ഇമ്പോസ്സ് ചെയ്യാനുള്ള പരസ്യ വേലകളൊ ഒന്നും തന്നെ അറബ് രാജ്യങ്ങള്‍ നടക്കുന്നില്ല. മാത്രവുമല്ല അവരുടെ ഇടയില്‍ തന്നെ നല്ല വായന നടക്കുന്നത് നല്ലൊരു ശതമാനവും ഇല്ല എന്നുതന്നെ പറയേണ്ടി വരും.

ചോദ്യം 7 അതിന്‍ റെ ഉത്തരങ്ങളോടുള്ള കമന്‍റ്:
ഭാഷയെ അങ്ങിനെ സംരക്ഷിച്ച് കെട്ടിയിട്ട് വളര്‍ത്തേണ്ട ഒന്നാണെന്ന് എനിക്കും തോന്നുന്നില്ല. അത് വളര്‍ന്നു തന്നെയിരിക്കും.
ഭാഷയുടെ മാറ്റം കാലത്തിനും ദേശത്തിനും അനുസരിച്ച് തന്നെയാണിരിക്കുന്നത്. കേരളത്തിലേക്കാളും ഏറ്റവും കൂടുതല്‍ മലയാള ഭാഷ ശുദ്ധീകരിച്ച് പഠിച്ച് മുന്നേറുന്നത് മറുനാടുകളില്‍ തന്നെയാണ് എന്നതില്‍ ഒരു തര്‍ക്കവുമില്ല.

ചര്‍ച്ച കുറച്ച് കൂടി വ്യാപിച്ചിരുന്നെങ്കില്‍ എന്ന് ആഗ്രഹിക്കുന്നു.

സ്നേഹപൂര്‍വ്വം
ഇരിങ്ങല്‍