Tuesday, June 24, 2008

കേരളത്തില്‍ നിന്നും കൊണ്ടുവന്ന പേന - 3

8. ഇവിടെ കേരളങ്ങളെ നിര്‍മ്മിക്കാന്‍ കഴിയുമെന്ന് തോന്നിയിട്ടുണ്ടോ..? ഗള്‍ഫിലെ പല തെരുവുകളിലും സൈന്‍ ബോര്‍ഡായും മറ്റും മലയാളം സ്ഥാനം പിടിച്ചിട്ടുണ്ടല്ലോ. ഇവിടുത്തെ ജീവിതം എഴുതാന്‍ അനുവദിക്കാത്ത ഘടകങ്ങള്‍ എന്തെങ്കിലും ഉണ്ടോ..?
അങ്ങനെയൊരു കേരളനിര്‍മ്മിതി തികഞ്ഞ മിഥ്യാധാരണയാണ്‌. ഭാഷ മാത്രമായാല്‍ കേരളമാവില്ലല്ലോ. നമ്മുടെ ഭൂപ്രകൃതി, കാലാവസ്ഥ, ജൈവവൈവിധ്യം, ഉത്സവങ്ങള്‍ ആഘോഷങ്ങള്‍, കലകള്‍, മതങ്ങള്‍ രാഷ്‌ട്രീയങ്ങള്‍ ചിന്താധാരകള്‍ ഇവയെല്ലാം ചേര്‍ന്നൊരു പുനര്‍നിര്‍മ്മിതി ചിന്തിക്കാനാവുന്നുണ്ടോ..?
ഇവിടുത്തെ ജീവിതത്തെ എഴുതാന്‍ ഭയപ്പെടുത്തുന്ന ഘടകമൊന്നും എനിക്കനുഭവപ്പെട്ടിട്ടില്ല. ജീവിതങ്ങള്‍ കണ്ടെത്തപ്പെടാതെ പോകുന്നതിന്റെ പരാധീനത മാത്രമേയുള്ളൂ.
9. പച്ചപ്പില്‍ നിന്ന് മരുഭൂമിയുടെ വരണ്ട നിറത്തിലേക്ക്‌ മാറിയത്‌ താങ്കളുടെ എഴുത്തിനെ ബാധിച്ചിട്ടുണ്ടോ..? പി. കുഞ്ഞിരാമന്‍ നായരെപ്പോലെ ഒരു കവിയ്ക്ക്‌ ഗള്‍ഫില്‍ വന്ന് എന്തെങ്കിലും എഴുതാന്‍ കഴിയുമോ എന്ന് ശങ്കിച്ചിട്ടുള്ളവരുണ്ട്‌..?
!മരുഭൂമിയുടെ വരള്‍ച്ച എഴുത്തിനെ കൂടുതല്‍ ഊര്‍ജ്ജസ്വലമാക്കുന്നു എന്നതാണ്‌ എന്റെ വ്യക്‌തിപരമായ അനുഭവം. എഴുത്തിനു പറ്റിയ സ്വാസ്ഥ്യം കൂടുതല്‍ ലഭിക്കുക ഈ അകന്നജീവിതത്തിലാണ്‌. പി. കുഞ്ഞിരാമന്‍ നായര്‍ ജീവിച്ച കാലഘട്ടത്തിലല്ലല്ലോ നാം ജീവിക്കുന്നത്‌.
10. ഗള്‍ഫിലേക്ക്‌ പ്രവാസിയുടെ ഒഴുക്ക്‌ ആരംഭിച്ചിട്ട്‌ അര നൂറ്റാണ്ടോളമായി ബാബു ഭരദ്വാജിന്റെ 'പ്രവാസിയുടെ കുറിപ്പുകള്‍' അല്ലാതെ ഗള്‍ഫിനെ അടയാളപ്പെടുത്തുന്ന കൃതികള്‍ അധികമൊന്നും വന്നിട്ടില്ല. ഹൃസ്വമായിരുന്നെങ്കിലും വൈലോപ്പിള്ളി ആസാം പണിക്കാരെക്കുറിച്ച്‌ എഴുതിയിരുന്നു..?
നേരത്തെ പറഞ്ഞ പല ഉത്തരങ്ങളിലായി ഇതിന്റെ ഉത്തരം ചിതറിക്കിടപ്പുണ്ട്‌. അങ്ങനെ അനുഭവവൈവിധ്യം നേടാനുള്ള തൊഴില്‍ പരിസരമല്ല ഇവിടെ പലര്‍ക്കും ഉള്ളത്‌. അനുഭവങ്ങള്‍ ഉള്ളവര്‍ക്ക്‌ എഴുതാനുള്ള പ്രാവീണ്യവും കാണില്ല. ഇതും രണ്ടും സംഗമിക്കുന്നിടത്താണ്‌ നല്ല കൃതികള്‍ ഉണ്ടാകുന്നത്‌. ഒരു ബാബു ഭരദ്വാജെങ്കിലും ഉണ്ടായത്‌ മഹാഭാഗ്യം. വൈലോപ്പിള്ളി ആസാം പണിക്കാരെക്കുറിച്ചെഴുതിയെങ്കില്‍ എത്രയോ ഇതര കുടിയേറ്റങ്ങളെക്കുറിച്ച്‌ ആരും എഴുതിയില്ല. ഗള്‍ഫ്‌ ചേക്കേറലിന്‌ അംഗബലം കൂടുതലുണ്ടെന്ന് ഒരു പ്രത്യേകതയെയുള്ളൂ. അതിന്‌ അനുഭവവൈവിധ്യം ഉണ്ടാകണമെന്നില്ല. ഒറ്റപ്പെട്ട അനുഭവപരമ്പരകളിലൂടെ കടന്നുപോയിട്ടുണ്ടായവര്‍ ഉണ്ട്‌. എഴുതാന്‍ പ്രാപ്‌തിയുള്ളവര്‍ അത്‌ കണ്ടെത്തി എഴുതട്ടെ. അത്തരത്തില്‍ ഒരു അന്വേഷണമനോഭാവമാണ്‌ ഗള്‍ഫ്‌ എഴുത്തുകര്‍ക്ക്‌ ഉണ്ടാകേണ്ടത്‌.

11. പ്രവാസസാഹിത്യമാണോ ഡയസ്‌പോറ സാഹിത്യമാണോ അതോ കുടിയേറ്റക്കാരന്റെ സാഹിത്യമാണോ ഗള്‍ഫുകാരന്‍ എഴുതിക്കൊണ്ടിരിക്കുന്നത്‌..?
സ്വന്തം ജീവിതം പ്രവാസമാണോ കുടിയേറ്റമാണോ എന്ന് നിര്‍ണ്ണയിക്കാന്‍ കഴിയാത്തവന്‍ എഴുതുന്ന സാഹിത്യത്തെ എങ്ങനെ നിര്‍വ്വചിക്കാന്‍ കഴിയും..? എന്തെങ്കിലുമൊക്കെ പേരുകളില്‍ എഴുതട്ടെ, അതില്‍ സ്പന്ദിക്കുന്ന ജീവിതമുണ്ടായാല്‍ മതി. അത്‌ വായിക്കാന്‍ കൊള്ളാവുന്നതായാല്‍ മതി.

2 comments:

ബെന്യാമിന്‍ said...

മരുഭൂമിയുടെ വരള്‍ച്ച എഴുത്തിനെ കൂടുതല്‍ ഊര്‍ജ്ജസ്വലമാക്കുന്നു എന്നതാണ്‌ എന്റെ വ്യക്‌തിപരമായ അനുഭവം.
ഗള്‍ഫ്‌ ചേക്കേറലിന്‌ അംഗബലം കൂടുതലുണ്ടെന്ന് ഒരു പ്രത്യേകതയെയുള്ളൂ. അതിന്‌ അനുഭവവൈവിധ്യം ഉണ്ടാകണമെന്നില്ല.
സ്വന്തം ജീവിതം പ്രവാസമാണോ കുടിയേറ്റമാണോ എന്ന് നിര്‍ണ്ണയിക്കാന്‍ കഴിയാത്തവന്‍ എഴുതുന്ന സാഹിത്യത്തെ എങ്ങനെ നിര്‍വ്വചിക്കാന്‍ കഴിയും..?

തറവാടി said...

രണ്ടാ ഭാഗത്തിനും മൂന്നാം ഭാഗത്തിനുമുള്ള എന്റെ ഉത്തരങ്ങള്‍ ,

ഇവിടെ

പോസ്റ്റായി ഇട്ടിട്ടുണ്ട്